സത്യം ചൂണ്ടിക്കാണിച്ചാല്‍ ഇന്ന് ദേശദ്രോഹമാകും: റിട്ട. ജസ്റ്റിസ് കമാല്‍ പാഷ


അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുള്ള പ്രശ്‌നം തീര്‍ന്നു - ഇനി കോടതി വാര്‍ത്തകള്‍ തമസ്‌കരിക്കരുത്





കൊച്ചി: സത്യം ചൂണ്ടിക്കാണിച്ചാല്‍ ഇന്ന് ദേശദ്രോഹക്കുറ്റമാകുമെന്ന് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ. ചവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസ്‌നേഹവും ദേശദ്രോഹവും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഭരണാധികാരികളെങ്കില്‍ ഇതാണ് സ്ഥിതി. ഭരണകര്‍ത്താക്കളെ വിമര്‍ശിക്കാന്‍ ഇന്ന് മാധ്യമങ്ങള്‍ക്ക് ഭയമാണ്. ജനാധിപത്യ സംവിധാനത്തില്‍ ഇന്ന് ഏറ്റവും ശക്തമാണ് മാധ്യമങ്ങള്‍. എന്നാല്‍ സത്യം ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങളെ ഭയപ്പെടുത്തുന്ന സമീപനമാണ് ഇന്നുള്ളത്.

കോടതി വാര്‍ത്തകള്‍ തമസ്‌ക്കരിക്കുന്ന സമീപനം മാധ്യമങ്ങള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുണ്ടായ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചതാണ്. നീതി ന്യായവ്യവസ്ഥ നടപ്പാക്കിയാല്‍ മാത്രം പോര അത് ജനങ്ങള്‍ മനസിലാക്കുന്നതിന് മാധ്യമങ്ങള്‍ അനിവാര്യമാണ്. കോടതിയുടെ ശ്രദ്ധയില്‍ പ്രശ്‌നങ്ങള്‍ എത്തിക്കേണ്ടവരാണ് അഭിഭാഷകര്‍. അത്തരം വിവരങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നത് മാധ്യമങ്ങളില്‍ നിന്നാണ്. അതുകൊണ്ട് മാധ്യമങ്ങളും അഭിഭാഷകരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ത്താലുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണ് ഹര്‍ത്താലുകള്‍ നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു. കുലീനതയും മാന്യതയുമുള്ള ധാര്‍മ്മികരോഷമെന്ന നിലയിലാണ് ഗാന്ധിജി സമരമാര്‍ഗം ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് അക്രമമാണ് ഹര്‍ത്താലിന്റെ പേരില്‍ നടക്കുന്നത്. അക്രമങ്ങളുടെ പിന്നില്‍ ആരെന്നറിയാതിരിക്കാന്‍ മാധ്യമങ്ങളെയും അക്രമിക്കുന്നു.

വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ഇന്ന് നടക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്തകള്‍ കണ്ടെത്തുകയും പുറത്തേക്ക് കൊണ്ടുവരികയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് സിറ്റി സൈബര്‍ സെല്ലിലെ വൈ.ടി. പ്രമോദും ശിശു സംരക്ഷണ നിയമങ്ങളെക്കുറിച്ച് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി. സൈനയും സെമിനാര്‍ നയിച്ചു. ക്ഷേമനിധി വിതരണോദ്ഘാടനം ചവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ നിര്‍വഹിച്ചു. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ദേശീയ പുരസ്‌കാര ജേതാവ് അഡ്വ. ഡോ. എബ്രഹാം പി. മേച്ചിങ്കരയെ ആദരിച്ചു. 

കെ. ആര്‍.എം.യു ജില്ലാ പ്രസിഡന്റ് സി.ഡി. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ആര്‍.എം.യു സംസ്ഥാന പ്രസിഡന്റ് മനു ഭരത്, ജനറല്‍ സെക്രട്ടറി വി. സെയ്ദ്, ജില്ലാ സെക്രട്ടറി ജോ ജോഹര്‍, വൈസ് പ്രസിഡന്റ് ജോസഫ് മാര്‍ട്ടിന്‍, സംസ്ഥാന മീഡിയ കണ്‍വീനര്‍ രഗീഷ് രാജ, ജില്ല ട്രഷറര്‍ പി. വിഷ്ണു പ്രസാദ്, വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ കെ.കെ. ഇബ്രാഹിംകുട്ടി, കെ.എന്‍. ഗോപി, രഘുനാഥ് പനവേലി, പ്രേംചന്ദ് കാട്ടാക്കട, ടി.പി. ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



ഹർത്താൽ - ഈ നാട് എങ്ങനെ പുരോഗതി പ്രാപിക്കും..


 ബന്ദ് നിരോധിച്ച ശേഷം കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ അതിക്രമങ്ങളാണ് ഇന്നത്തേത്. ബന്ദ് നിലവിലുണ്ടായിരുന്ന സമയത്ത് വേണ്ടപ്പെട്ട ആരെങ്കിലും മരണപ്പെട്ടാൽ നടത്തുന്ന ദുഃഖാചരണം മാത്രമായിരുന്നു ഹർത്താലെങ്കിൽ ഇന്ന് അന്നത്തെ ബന്ദിനെക്കാളും മാരകമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. ഈ വിധത്തിൽ ഹർത്താലിനെ മാറ്റിയതിൽ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും ഒരുപോലെ പങ്കുണ്ട്. ഫലത്തിൽ ബന്ദ് എന്ന വാക്കുമാത്രമാണു നിരോധിക്കപ്പെട്ടത്, പ്രവൃത്തിയല്ല. ബന്ദു നിരോധിക്കപ്പെട്ടപ്പോൾ അന്നു നടത്തിയിരുന്ന പ്രവൃത്തികളും എല്ലാരും ആ വാക്കിനൊപ്പം നിർത്തിയിരുന്നങ്കിൽ “നിരോധിച്ചു“ എന്ന് പറയാമായിരുന്നു.

 ഇന്നത്തെ സാഹചര്യത്തിൽ ഭക്തിയോ ആരാധനയോ പ്രതിഷേധമോ ഒന്നുമല്ല ഹർത്താൽ അക്രമങ്ങൾക്ക് കാരണമെന്നു നിസ്സംശയം പറയാം. ഏതുവിധേനയും ഈ സംസ്ഥാനത്തെ ജനജീവിതം അസ്വസ്ഥത നിറഞ്ഞതാക്കണം എന്നതു മാത്രമാണു ലക്ഷ്യം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിതച്ചു വിളവെടുത്ത അതേ വിത്തുകൾ തന്നെയാണ് കേരളത്തിലും വിതക്കുന്നത്. ഈ അസ്വസ്ഥതയിൽ നിന്ന് സ്ഥാനമോഹികളായ നേതാക്കന്മാരും ഒപ്പം അവരുടെ അണികളും തങ്ങളുടെ ചേരിയിൽ എത്തുമെന്ന് സംഘപരിവാർ ബിജെപി സഖ്യം പ്രതീക്ഷിക്കുന്നു. ആ ലഷ്യത്തിന് കേരളത്തിൽ നിന്നു അനുകൂല പ്രതികരണങ്ങൾ ഉണ്ടായിത്തുടങ്ങി എന്ന് സമീപകാലത്ത് രാഷ്ട്രീയ സിനിമാതലങ്ങളിൽ നിന്നും ഉദ്യോഗസ്ഥ തലങ്ങളിൽ നിന്നുമുള്ള പ്രതികരണങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.

 സാമൂഹ്യബോധവും സഹവർത്തിത്വവും വച്ചുപുലർത്തുന്ന നല്ലൊരു വിഭാഗം ജനസമൂഹം ഇപ്പോഴും എല്ലാ പാർട്ടിയിലും അവശേഷിക്കുന്നതുകൊണ്ടു മാത്രമാണ് അതിക്രമങ്ങൾക്ക് ഇത്രയെങ്കിലും കുറവുള്ളത്. അതുപക്ഷേ അവരുടെ രാഷ്ട്രീയ നേതാക്കളുടെ കഴിവായി കണക്കാക്കേണ്ടതില്ല. പുര വേവുമ്പോൾ വാഴവെട്ടാൻ കൂട്ടാക്കി നിൽക്കുന്ന നേതാക്കൾ ഒരിക്കലും ഈ വിഭാഗം ജനങ്ങളുടെ നേതാക്കളോ മാതൃകകളോ ആകുന്നില്ല. നേതാക്കളെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടരും മറ്റൊരവസരത്തിൽ അക്രമത്തിനു കുടപിടിക്കുന്നുണ്ട് എന്നതുതന്നെയാണ് ഇങ്ങനെ ചിന്തിക്കാൻ കാരണം.

 ഹർത്താലിൽ ധനനഷ്ടമുണ്ടാക്കുന്നവർക്കുമേൽ കർശനമായ കോടതിനടപടികൾ നടപ്പിലാക്കാൻ ആർക്കും തന്നെ താല്പര്യമില്ല. സാധുക്കളായ ബഹുഭൂരിപക്ഷത്തിന്റെ ഉപജീവനമാർഗ്ഗം തടയുകമാത്രമല്ല എന്നേക്കുമായി അവസാനിപ്പിക്കാനാണ് ഹർത്താൽ അനുകൂലികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് നഷ്ടമുണ്ടാക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനോടൊപ്പം അക്രമത്തിന് ആഹ്വാനം ചെയ്യുന്നവരെക്കൂടി ബാധിക്കുന്ന വിധത്തിൽ നിയമനടപടികൾ ഉണ്ടായാലേ ഭാവിയിലെങ്കിലും അതിക്രമങ്ങൾ അവസാനിക്കൂ.

 ഓരോ പോലീസ് സ്റ്റേഷനിലും അക്രമികളായ പ്രവർത്തകരുടേയും അതിന് ആഹ്വാനം ചെയ്യുന്ന നേതാക്കന്മാരുടേയും പേരിൽ മിനിമം പത്തുവീതം പരാതികൾ കൊടുക്കാൻ അക്രമത്തെ എതിർക്കുന്നവർ, അല്ലെങ്കിൽ അനുകൂലിക്കാത്ത ഹർത്താലിന്റെ ഇരകളായവർ തയ്യാറായാൽ, ആ നടപടികളുമായി മുന്നോട്ടുപോകാൻ നിയമസംവിധാനം തയ്യാറായാൽ നിസ്സാരമായി അവസാനിപ്പിക്കാവുന്നതേയുള്ളൂ ഈ അതിക്രമങ്ങൾ. പക്ഷേ അക്രമികൾക്കും അതിക്രമങ്ങൾക്കും കൂട്ടുപിടിക്കുന്ന നേതാക്കൾ അതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിന് അതീതമായി സമാധാനമാഗ്രഹിക്കുന്ന ജനങ്ങൾ മുന്നിട്ടിറങ്ങി പ്രവർത്തനങ്ങൾ തുടങ്ങേണ്ടതുണ്ട്. ഒപ്പം ഇനി അക്രമികൾക്കുവേണ്ടി വാർത്ത കൊടുക്കില്ലെന്ന് വാർത്താമാധ്യമങ്ങളും കൂടി തീരുമാനിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ഈ ഹർത്താലിൽ ജനങ്ങളിലുടലെടുത്ത മനോഭാവം അതിന് തുടക്കം കുറിക്കുമെന്നു പ്രത്യാശിക്കാം.

Popular Posts