ആദിവാസി വിഭാഗത്തിനായി നെൽ കൃഷിയുമായി പട്ടികവർഗ്ഗ വികസന വകുപ്പ്

കൊച്ചി: ആദിവാസി വിഭാഗത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നെൽ കൃഷിയുമായി പട്ടികവർഗ്ഗ വികസന വകുപ്പ്.നേര്യമംഗലം ആദിവാസി കോളനിയിലെ ആറേക്കർ സ്ഥലത്താണ് പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ ധനസഹായത്തോടെ നെൽ കൃഷി നടത്തുന്നത്. മുപ്പത്തഞ്ച് വർഷത്തോളം തരിശായി കിടന്നിടത്താണ്  ഇപ്പോൾ കൃഷിയിറക്കിയിരിക്കുന്നത്.


സ്വന്തമായി കൃഷി ഭൂമിയില്ലാത്ത എറണാകുളം ജില്ലയിലെ ആദിവാസി വിഭാഗത്തിനെ പുനരധിവസിപ്പിക്കാനായി നേര്യമംഗലം ജില്ല കൃഷിത്തോട്ടത്തിന് സമീപം 42 ഏക്കർ ഭൂമി സർക്കാർ വിട്ട് നൽകിയിരുന്നു.96 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നെങ്കിലും 36 കുടുംബങ്ങളാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്.ഇവരുടെ നേതൃത്വത്തിലാണ് നെൽകൃഷി നടക്കുന്നത്.


2017-18 സാമ്പത്തിക വർഷത്തെ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ പെടുത്തി ജില്ലാതല വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതിയോടെയാണ് കൃഷി നടത്തുന്നതെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ആർ. നാരായണൻകുട്ടി പറഞ്ഞു. പതിമൂന്ന് ലക്ഷം രൂപയാണ് കൃഷിക്കായി അനുവദിച്ചിരിക്കുന്നത്. നെൽ കൃഷിക്ക് പുറമെ കൊക്കോ, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യുന്നതിനും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നത്.ഇതിൽ നെൽ കൃഷി മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. ജില്ലാ ഫാം സൂപ്രണ്ടിന്റെ പ്രൊപ്പോസൽ അനുസരിച്ചാണ് കൃഷി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടര ലക്ഷത്തോളം രൂപ നെൽ കൃഷിക്ക് മാത്രമായി ഇതുവരെ ചിലവായി. വർഷങ്ങളോളം തരിശ് കിടന്ന ഭൂമിയായതിനാൽ കൃഷിക്ക് പാകമാക്കിയെടുക്കാൻ തന്നെ വളരെയധികം പ്രയത്നമായിരുന്നു വേണ്ടി വന്നിരുന്നത്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി കൃഷിയിടത്തിന് ചുറ്റും നാലടി വീതിയിലും രണ്ടടി താഴ്ചയിലും കാന കീറി. ആദിവാസി കുടുംബങ്ങളുടെ പിന്തുണയോട് കൂടിയാണ് എല്ലാ ജോലികളും ചെയ്ത് തീർത്തത്.  ഇതിനായി 500 രൂപ വച്ച് ദിവസക്കൂലിയും ഇവർക്ക് നൽകി.


ശ്രേയസ്സ് ഇനത്തിൽ പെടുന്ന 250 കിലോ നെൽ വിത്താണ് വിതച്ചത്. വിളകൾക്ക് ആവശ്യമായ കീടനാശിനികളും വളങ്ങളും ജില്ലാ കൃഷിത്തോട്ടത്തിന്റെ നേതൃത്വത്തിൽ എത്തിച്ച് നൽകി. കഴിഞ്ഞ മാസം ആദ്യത്തോടെയാണ് ഇവിടെ കൃഷിയിറക്കിയത്. നെൽകൃഷി വിജയകരമായതോടെ ഇതിനോടനുബന്ധിച്ച് പച്ചക്കറി കൃഷിയും നടത്താനൊരുങ്ങുകയാണ് ആദിവാസി കുടുംബങ്ങൾ.പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ നേര്യമംഗലം ആദിവാസി കോളനിയിൽ നെൽവിത്ത് വിതയ്ക്കുന്നു.

0 Response to "ആദിവാസി വിഭാഗത്തിനായി നെൽ കൃഷിയുമായി പട്ടികവർഗ്ഗ വികസന വകുപ്പ്"

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts