കാക്കനാട്: അതിര്‍ത്തി കാക്കുന്ന സൈനികനും അന്നമൊരുക്കുന്ന കര്‍ഷകനുമാണ് ഇന്ത്യയുടെ കരുത്തെന്നും അവര്‍ ആദരിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും കെ.വി തോമസ് എം.പി അഭിപ്രായപ്പെട്ടു. സായുധസേനാ പതാക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വിശാലമായ അതിര്‍ത്തിയാണുള്ളത്. ദുര്‍ഘടമായ മലമ്പ്രദേശങ്ങളും വിശാലമായ കടല്‍ത്തീരവും കരയുമെല്ലാം സൈനികരുടെ കാവലിലാണുള്ളത്. രാജ്യത്ത് പ്രളയമടക്കമുള്ള വിവിധ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ അവിടെയും കര-നാവിക-വ്യോമ സേനകള്‍ നിസ്തുലസേവനം ഉറപ്പുതരുന്നു. നമ്മുടെ സ്വസ്ഥമായ ജീവിതത്തിന് കാവല്‍ നില്ക്കുന്ന സൈനികരോട് ഓരോരുത്തര്‍ക്കും കടപ്പാടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇരുപതിനായിരത്തോളം സൈനികരുടെ ജീവന് നാടിന് നഷ്ടമായി. സൈനികരോടും വിമുക്തഭടന്മാരോടും അവരുടെ കുടുംബാംഗങ്ങളോടുള്ള പ്രതിബദ്ധത കാണിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. പതാകനിധിയുടെ സമാഹരണോദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
കാര്‍ ഫ്ലാഗുകളുടെയും ടോക്കണ്‍ ഫ്ലാഗുകളുടെയുംവില്പനയിലൂടെ സമാഹരിക്കുന്ന തുക വിമുക്തഭടന്മാര്, സൈനികരുടെ വിധവകള്‍, മക്കള്‍ എന്നിവര്‍ക്ക് സാമ്പത്തികസഹായം നല്‍കാനാണ് വിനിയോഗിക്കുക. പതാകനിധി സമാഹരണത്തില്‍ ജില്ലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായ പതാകദിന ഫണ്ട് സമിതി റോളിങ് ട്രോഫികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്ന ജില്ല, വിദ്യാഭ്യാസ സ്ഥാപനം, എന്‍.സി.സി ബറ്റാലിയന് എന്നിവയ്ക്ക് റോളിംഗ് ട്രോഫികള്‍ നല്‍കും.
ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വ്വീസ് പഠനകാലത്ത് രജൗറി ജില്ലയില്‍ കരസേനയോടൊപ്പം ഏഴു ദിവസം താമസിച്ച ഓര്‍മ്മ അദ്ദേഹം പങ്കുവെച്ചു. സൈനികര്‍ നേരിടുന്ന ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ സാധാരണക്കാരുടെ ചിന്തയ്ക്ക് അതീതമാണെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം എം.കെ കബീര്‍, ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡണ്ട് കേണല്‍ എം.ഒ ഡാനിയേല്‍, എന്‍. ഇ.എക്സ്.സി.സി ജില്ലാ പ്രസിഡണ്ട് എം.എന്‍ അപ്പുക്കുട്ടന്, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ടി.എം സജീവന്, ടി.കെ ഷിബു എന്നിവര്‍ പ്രസംഗിച്ചു. വിമുക്തഭടന്മാര് സൈനികരുടെ കുടുംബാംഗങ്ങള്‍ എന്‍.സി.സി കേഡറ്റുകള്‍, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പതാക വിതരണവും പതാകനിധി സമാഹരണവും നടന്നു.
0 Response to "സൈനികനും കര്‍ഷകനും രാജ്യത്തിന്റെ കരുത്ത്: കെ. വി തോമസ് എം. പി"
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....