കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പ് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലേബര്‍ കമ്മിഷണര്‍ എ അലക്സാണ്ടര്‍. നിര്‍മാണതൊഴിലാളി ക്ഷേനിധി സെസ് നിയമത്തിലെ 2017ലെ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 100 ചതുരശ്ര മീറ്റര്‍ താഴെ ( 1076 Square feet ) വിസ്തീര്‍ണമുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്ക് സെസ് നല്‍കേണ്ടതില്ല. 1995 നവംബര്‍ മൂന്നിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളെയും പത്ത് ലക്ഷത്തില്‍ താഴെ നിര്‍മാണ ചെലവുള്ള ഗാര്‍ഹിക കെട്ടിടങ്ങളെയും സെസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ് ആക്ട് പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച ഗാര്‍ഹിക വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചെലവിന്റെ ഒന്നു മുതല്‍ രണ്ടു ശതമാനം വരെ ഒറ്റത്തവണ കെട്ടിടസെസ് ഈടാക്കാമെന്നിരിക്കെ സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് സെസായി ഈടാക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.
പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ പ്രത്യേക മാനദണ്ഡങ്ങളും കാലപ്പഴക്കവും അനുസരിച്ചാണ് കെട്ടിടങ്ങളുടെ സെസ് നിര്‍ണയിക്കുക. . നിലവില്‍ കെട്ടിടം നിര്‍മിച്ച വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ 1995-1999, 2000-2004, 2005-2009, 2010-2014, 2015 എന്നും പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ 100 ചതുരശ്ര മീറ്റര്‍വരെ 400 ചതുരശ്ര മീറ്ററിനു മുകളില്‍ എന്ന അടിസ്ഥാനത്തിലും അഞ്ച് സ്ലാബുകളായി കെട്ടിടങ്ങളെ തരം തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് 1995 - 1999 കാലയളവില്‍ പണികഴിപ്പിച്ച ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള 200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കും, 2000-2004ല്‍185 ചതുരശ്ര മീറ്റര്‍ , 2005-2009ല്‍ 154 ചതുരശ്ര മീറ്റര്‍, 2010-2014ല്‍ 128 ചതുരശ്ര മീറ്റര്‍, 2015 നു ശേഷം നിര്‍മിച്ച 106 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണവുമുള്ള ഗാര്‍ഹിക കെട്ടിടങ്ങള്‍ക്കും സെസ് നല്‍കേണ്ടതില്ല. അല്ലാത്തവയ്ക്ക് ചതുരശ്ര മീറ്ററിന് കാലപ്പഴക്കത്തിന്റെയും പ്ലിന്ത് ഏരിയയുടെയും അടിസ്ഥാനത്തില്‍ നിര്‍ണയിച്ചിട്ടുള്ള നിര്‍മാണ ചെലവിന്റെ നിരക്ക് പ്രകാരം സെസ് നല്‍കേണ്ടിവരും. ഓരോ അഞ്ചുവര്‍ഷത്തിലും സെസ് നിര്ണയിക്കുന്നതുനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.
കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ഷെഡുകള്‍, റൂഫിംഗ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച ഗോഡൗണുകള്‍ ,വര്‍ക്ക് ഷെഡുകള്‍ ഫാമുകള്‍ എന്നിവയ്ക്ക് പ്രത്യേക നിരക്കാണ് ഈടാക്കുക. ചതുരശ്ര മീറ്ററിന് സ്ലാബനുസരിച്ച് 3400 -7075 രൂപയാണ് നിരക്ക്. ഫ്ളാറ്റ് ,ബഹുനില വാണിജ്യ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് മേല്‍ നിരക്കുകള്‍ക്ക് പുറമേ 10 ശതമാനം അധിക നിരക്കു കൂടി കൂട്ടി നിര്‍മ്മാണ ചെലവ് കണക്കാക്കും. തടി ഉപയോഗിച്ചുള്ള ചുമര് പാനലിംഗിന് 1995ല്‍ നിര്‍മ്മിച്ച കെട്ടിടത്തിന് ചതുരശ്രമീറ്ററിന് 1075 രൂപയും തുടര്‍ന്നുള്ള ഓരോ സ്ലാബിലും വരുന്ന നിര്‍മാണങ്ങള്‍ക്ക് 20 ശതമാനം വീതം വര്‍ധനവും കണക്കാക്കും. പാനലിംഗ് നടത്തിയിട്ടുള്ള ഏരിയയ്ക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക.ഇങ്ങനെ കണക്കാക്കുന്ന നിര്‍മ്മാണചെലവ് 10 ലക്ഷം രൂപയില്‍ താഴെ ആണെങ്കില്‍ ഉടമ കെട്ടിട സെസ് നല്‍കേണ്ടതില്ല. സെസ് ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് സെക്രട്ടറിയുടെ പേരിലുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റായി വേണം അടക്കേണ്ടത്. ഇതു സംബന്ധിച്ച് കൃത്യമായ മാനദ്ണ്ഡങ്ങള്‍ തൊഴിലും നൈപുണ്യവും വകുപ്പ് 2017 ജൂലൈമാസത്തില്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിട സെസ് സംബന്ധമായ ആക്ഷേപങ്ങള്‍ അപ്പീല്‍ അധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കാവുന്നതാണന്നും അദ്ദേഹം പറഞ്ഞു.
0 Response to "പ്രചാരണം അടിസ്ഥാനരഹിതം; 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് സെസ് ഇല്ല"
Post a Comment
നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....