ഇടുക്കി അണക്കെട്ട് : മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള ത്വരിത നടപടികള്‍ അവലോകനം ചെയ്യുകയും മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ചെയ്തുടുക്കി ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ സര്‍വെയുടെ റിപ്പോര്‍ട്ട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. ഡാമിലെ വെള്ളം തുറന്നുവിടേണ്ടിവരുന്ന ഘട്ടത്തില്‍ നാലുപഞ്ചായത്തുകളിലായി വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ 200 കെട്ടിടങ്ങളെയാണ് ബാധിക്കുകയെന്ന് ജില്ലാ കളക്ടര്‍ ജീവന്‍ ബാബൂ.കെ വ്യക്തമാക്കി. വെള്ളം തുറന്നു വിടുന്ന ഘട്ടത്തില്‍ പുഴയുടെ തീരത്തിനടുത്തുള്ള 40 വീടുകളെയാണ് പെട്ടെന്ന്് ബാധിക്കുക. ഈ വീടുകള്‍ ഉള്‍പ്പെടെ ഡാം തുറക്കുകയാണെങ്കില്‍ ബാധിക്കുന്ന സ്ഥലത്തെ സ്ഥാപനങ്ങളിലും വീടുകളിലും ഉദ്യോഗസ്ഥരെത്തി ബോധവല്‍ക്കരണ നോട്ടീസുകളും നിര്‍ദേശങ്ങളും നല്‍കി. നിലിവലുള്ള സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാം ട്രയല്‍ റണ്‍ നടത്തുന്ന ദിവസവും സമയവും ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇത്തരമൊരു തീരുമാനം ഉണ്ടാകുന്ന ഘട്ടത്തില്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്നും പന്ത്രണ്ട് മണിക്കൂര്‍ മുന്‍പായി അറിയിപ്പ് നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ഇടുക്കിയില്‍ മാത്രമല്ല എറണാകുളം ജില്ലയിലും ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള സ്റ്റാന്റേര്‍ഡ് ഓപ്പറേഷന്‍ പ്രാക്ടീസാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത് ഒരറിയിപ്പ് മാത്രമാണെന്നും അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു. ആ സമയത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട ആവശ്യമില്ല. മാറ്റിപാര്‍പ്പിക്കേണ്ട ഘട്ടത്തില്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലായി നാലു ക്യാമ്പുകള്‍ മാത്രമേ തുറക്കേണ്ടതുള്ളൂ എന്നാണ് വിലയിരുത്തല്‍. വാഴത്തോപ്പ് പഞ്ചായത്തില്‍ 22 കുടുംബങ്ങളെയാണ് ബാധിക്കുക. നാലു പഞ്ചായത്തുകളിലായി 40 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരിക. ക്യാമ്പുകളിലേക്ക് വരാതെ ബന്ധുവീടുകളില്‍ താമസിക്കാന്‍ താല്‍പര്യമുള്ളവരുമുണ്ട്്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന്് റോഷി അഗസ്റ്റിന്‍ എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. ഡാം തുറക്കുന്ന സമയത്ത് നദിയിലെ ചപ്പാത്തുകളിലൂടെ ഗതാഗതം നിരോധിക്കും. ചപ്പാത്തുകളിലും പാലങ്ങളിലും വെള്ളമൊഴുകുന്നതിന് തടസമുണ്ടാക്കുന്ന മരങ്ങള്‍ മാത്രമേ മുറിച്ചുമാറ്റേണ്ടതുള്ളൂ. ഷട്ടര്‍ തുറക്കുന്ന സമയത്ത് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. എ.റ്റി.എമ്മുകളില്‍ നിന്നും ബാങ്കുകള്‍ പണം എടുത്തുമാറ്റിയെന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് തെറ്റിദ്ധാരണമൂലം സംഭവിച്ചതാകാമെന്നും തിരിച്ച് പണമിടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, എ.ഡി.എം പി.ജി രാധാകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്റ്റി അഴകത്ത് ജനപ്രതിനിധികളായ ഡോളി ജോസ്, ഷീബ ജയന്‍, ലിസമ്മസാജന്‍, ഷിജോ തടത്തില്‍ വിവിധ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുന്നൊരുക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി


ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടും കൂടുതല്‍ ശക്തമാക്കി. വാഴത്തോപ്പ് പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇതേവരെയുള്ള ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ. അവലോകനം ചെയ്തു. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, പഞ്ചായത്ത് അംഗങ്ങള്‍, എ.ഡി.എം പി.ജി രാധാകൃഷ്ണന്‍, , വിവിധ വകുപ്പ് തലവ•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വെള്ളം ഒഴുകിപ്പോകുന്ന ചെറുതോണി ഡാം മുതല്‍് പനങ്കുട്ടി വരെയുള്ള പ്രദേശങ്ങള്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടെയും കളക്ടറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു. തടിയന്‍പാട്, കരിമ്പന്‍ ചപ്പാത്തുകള്‍, പനങ്കുട്ടി പാലം, പെരിയാര്‍ വാലി, പാംബ്ല അണക്കെട്ട് തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും ഡാം തുറക്കേണ്ടിവരികയാണെങ്കില്‍ അതിനാവശ്യമാ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സാധാരണഗതിയില്‍ വെള്ളം കയറാത്ത സ്ഥലമാണെങ്കിലും ദുരന്തനിവാരണ സേനയുടെ വിലയിരുത്തലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷിത സ്ഥാലത്തേക്ക് മാറുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ തയ്യാറാകണം എന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍. എ അഭിപ്രായപ്പെട്ടു. മുന്നോരുക്കത്തിന്റെ ഭാഗമായിട്ടാണ് ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിരിക്കുന്നതെന്നും കിംവദന്തികളും പൊതുജനങ്ങളില്‍ ആശങ്കയും പടരാതിരിക്കാന്‍ ജനപ്രതിനിധികള്‍ മുന്നിട്ടിങ്ങണമെന്നും കളക്ടര്‍ കെ.ജീവന്‍ബാബു പറഞ്ഞു. മതിയായ മുന്നറിയിപ്പുകള്‍ നല്‍കിയശേഷമേ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുകുയുള്ളൂ എന്നും വെള്ളം ഒഴുകുന്നതിന്റെ പരിസരത്തുള്ള വീട്ടില്‍ നിന്ന് മാറേണ്ട സാഹചര്യം ഉണ്ടായാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ നടത്തണം എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകളും വിലപിടിപ്പുള്ള വസ്തുക്കളും പണവും നനയാത്ത വിധം കവറിനുള്ളില്‍ സൂക്ഷിക്കണം. വെള്ളം ഒഴുകുന്ന വഴികളിലുള്ള ചപ്പാത്തുകള്‍, പാലങ്ങള്‍ എന്നിവിടങ്ങിളില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താനോ അപകടകരമായ രീതിയില്‍ സെല്‍ഫി എടുക്കാനോ അനുവദിക്കില്ല. ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിവിടുന്ന സമയത്ത് മീന്‍ പിടുത്തം യാതൊരു തരത്തിലും അനുവദിക്കില്ലെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


എറണാകുളം : ഭയക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍

കാക്കനാട്:  ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഭയക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ്,  മഴയുടെ തോത്, ജലനിരപ്പ് ഉയരുകയോ താഴുകയോ ചെയ്യുന്നതിനെടുക്കുന്ന സമയം, താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.  മൂന്നു മുന്നറിയിപ്പുകള്‍ നല്‍കിയതിനുശേഷമേ അണക്കെട്ടുകള്‍ തുറക്കൂ.  ഇവ രണ്ടും സംബന്ധിച്ച് ആദ്യ മുന്നറിയിപ്പു മാത്രമേ ലഭിച്ചിട്ടുള്ളൂ.  മൂന്നാം മുന്നറിയിപ്പു കഴിഞ്ഞ് 24 മണിക്കൂറിനുശേഷമേ ഷട്ടറുകള്‍ തുറക്കൂ എന്നതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സമയം ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

  ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.  ഇത് 167 മീറ്ററാകുമ്പോള്‍ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോള്‍  മൂന്നാം മുന്നറിയിപ്പും നല്‍കും.  ഇടുക്കിയില്‍ 2390 അടി പിന്നിട്ടപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്.  ജലനിരപ്പ് 2395 അടിയാകുമ്പോള്‍ രണ്ടാമത്തെയും 2399 അടിയാകുമ്പോള്‍ മൂന്നാമത്തെയും മുന്നറിയിപ്പ് നല്‍കും.  തുടര്‍ന്ന് 24 മണിക്കൂറിനു ശേഷമേ ഷട്ടറുകള്‍ തുറക്കൂ.  നിലവിലെ  കാലാവസ്ഥയില്‍ ഇടുക്കി അണക്കെട്ടില്‍ ഒരടിയും ഇടമലയാറില്‍ 50 സെന്റീമീറ്ററും വീതമാണ് പ്രതിദിനം ജലനിരപ്പുയരുന്നത്.  ജില്ലയെ സംബന്ധിച്ചിടത്തോളം ഇടമലയാറിലെ ജലനിരപ്പ് സുപ്രധാനമാണെന്നും ഇതു സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. 
ഭൂതത്താന്‍കെട്ടിലെ 15 ഷട്ടറുകളില്‍ 13 എണ്ണം തുറന്നിട്ടുണ്ട്.  34.95 മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ 29 മീറ്ററോളം വെള്ളമാണ് ഇപ്പോഴുള്ളത്.  ഇടുക്കിയില്‍ വൈദ്യുതോല്‍പ്പാദനം പൂര്‍ണ്ണതോതില്‍ നടത്തുന്നതിനാല്‍ മൂവാറ്റുപുഴയാറില്‍ നീരൊഴുക്ക് കൂടാന്‍ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യത്തില്‍ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനുള്ള സ്‌കൂള്‍, കോളേജ് തുടങ്ങിയവ കണ്ടെത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  രണ്ടാം മുന്നറിയിപ്പ് നല്‍കേണ്ടതായി വന്നാല്‍ തുടര്‍ന്ന് വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.  മുന്നറിയിപ്പ് നല്‍കുന്നതും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയും ഔദ്യോഗിക നടപടിക്രമങ്ങള്‍ മാത്രമാണെന്നും ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.  ഇതേ കാലാവസ്ഥ തുടര്‍ന്നാല്‍ 10 ദിവസങ്ങള്‍കൊണ്ടേ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുള്ളൂ.  ഇതിനിടയില്‍ മഴ കുറയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ദുരന്തനിവാരണ കേന്ദ്രത്തിലേക്ക് ബന്ധപ്പെടാനുള്ള. നമ്പർ 1077. മൊബൈലിൽ നിന്നും ലാൻഡ് ലൈനിൽ നിന്നും ഈ നമ്പറിലേക്ക് വിളിക്കാം. എസ് ടി ഡി ചേർക്കേണ്ടതില്ല


0 Response to "ഇടുക്കി അണക്കെട്ട് : മാറ്റിപ്പാര്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള ത്വരിത നടപടികള്‍ അവലോകനം ചെയ്യുകയും മുന്നൊരുക്കങ്ങൾ ശക്തമാക്കുകയും ചെയ്തു "

Post a Comment

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts