മഞ്ഞവെയില്‍ മരണങ്ങള്‍ക്ക് ശേഷം

ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ മനോഹരമായ ഒരു നോവലാണ് മഞ്ഞവെയില്‍ മരണങ്ങള്‍. പുസ്തകത്തെ കുറിച്ചുള്ള ഒട്ടേറെ അവലോകനങ്ങളും നോവലിസ്റ്റുമായി മനോരാജ് നടത്തിയ അഭിമുഖവും അതുപോലെ നോവലിലെ ജീവിച്ചിരിക്കുന്ന ചില കഥാപാത്രങ്ങളുമായി (നട്ടപ്പിരാന്തന്‍, അനില്‍ വെങ്കോട്) നിരക്ഷരന്‍ നടത്തിയ അഭിമുഖവും എല്ലാം കഴിഞ്ഞ വര്‍ഷം ഈ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്.

ഫെയ്സ്ബുക്കിലെയും മറ്റും പല മികച്ച കൂട്ടായ്മകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ വ്യത്യസ്തമായ വായനാനുഭവങ്ങള്‍ ഒട്ടേറെ പേര്‍ക്ക് പ്രസ്തുത പുസ്തകം നല്‍കി എന്ന് നമ്മുടെ ബൂലോകം മനസ്സിലാക്കുന്നു. പുസ്തകം വായിച്ചവരില്‍ പലരില്‍ നിന്നും മഞ്ഞവെയില്‍ മരണങ്ങള്‍ക്കൊടുവില്‍ എന്ത് സംഭവിച്ചു എന്നൊരു ചോദ്യം ഉയര്‍ന്നും കേട്ടിരുന്നു. ഇവിടെ "മഞ്ഞവെയില്‍ മരണങ്ങള്‍ക്ക് ശേഷം" എന്നതിലേക്ക് ഒരു എത്തിനോട്ടത്തിന് ശ്രമിക്കുകയാണ് നമ്മുടെ ബൂലോകം.

മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന നോവല്‍ വായനക്കൊടുവില്‍ പുസ്തകത്തിന്റെ ചെറു കുറിപ്പും നോവലിസ്റ്റുമായി അഭിമുഖവും ഈ ലോകത്തിന് സംഭാവന നല്‍കിയ മനോരാജ് മഞ്ഞവെയില്‍ മരണങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയ തോന്നലുകള്‍ / നിഗമനങ്ങള്‍ നമ്മുടെ ബൂലോകത്തിന്റെ വായനക്കാര്‍ക്കായി പങ്കുവെക്കുന്നു.
                                                                      *************

അന്ത്രപ്പേരിനെന്ത് സംഭവിച്ചു??

നോവലിന്റെ ആദ്യ ഭാഗത്ത് തന്നെ പറയുന്നുണ്ട് പ്രത്യേകിച്ച് ഒരു പ്രദേശത്തെ മാനസീകമായി സ്നേഹിക്കുന്നു എന്നതിനേക്കാള്‍ ജീവിക്കുന്ന പ്രദേശം വരുതിയിലാക്കണം എന്ന് വിശ്വസിക്കുന്നവരാണ് അന്ത്രപ്പേര്‍ കുടുംബം എന്നത്. അങ്ങിനെ വരുമ്പോള്‍ നോവലിന്റെ അവസാനം അന്ത്രപ്പേരിന് സംഭവിക്കാവുന്ന നാല് കാര്യങ്ങള്‍ ഉണ്ട്. അതില്‍ എന്റെ തോന്നലുകളുടെ ഓര്‍ഡറില്‍ തന്നെ പറയട്ടെ.

1. അന്ത്രപ്പേര്‍ മരിച്ചിട്ടില്ല. മറിച്ച് നോവലിസ്റ്റ് കഥക്കൊടുവില്‍ കൂട്ടിചേര്‍ക്കുന്ന അനുബന്ധത്തില്‍ സൂചിപ്പിക്കുന്ന ജീവിത കഥയുടെ ഒന്‍പതാമത്തെതെന്ന് നമുക്ക് പറയാവുന്ന ഏതോ ഭാഗത്തിന്റെ ചില പേജുകള്‍ എന്ന നിലയില്‍ വരുന്ന ഭാഗത്ത് ഒരു ലീനയെ കുറിച്ച് സൂചിപ്പിക്കുന്നു. അവള്‍ അന്ത്രപ്പേരിനോട് അനിതയെ പറ്റിയും അനിതക്ക് അവനോട് നീരസമാണെന്നും നീ കൈക്ക് പിടിക്കുന്നതൊന്നും അവള്‍ക്കിഷ്ടമല്ലെന്നും എനിക്കങ്ങിനെയല്ലയെന്നും മറ്റുമുള്ള രീതിയില്‍ ഒരു സംഭാഷണമുണ്ട്. (കൃത്യമായ പദങ്ങള്‍ അല്ല ഇത്.) ലിന യു.എന്‍. കൌണ്‍സിലിലെ സ്റ്റാഫ് ആയിരിക്കുന്നിടത്തോളം ഗാര്‍ഷ്യയിലെ പോലീസിന്റെ കണ്ണുവെട്ടിച്ച് അന്ത്രപ്പേരിനെ രക്ഷിക്കുവാന്‍ അവള്‍ക്ക് കഴിയുമെന്നും അതുകൊണ്ട് അന്ത്രപ്പേര്‍ അവളോടൊപ്പം ഉണ്ടെന്നും തന്നെ ഞാന്‍ വിശ്വസിക്കുന്നു :)

2. രണ്ടാമത്തെ വിശ്വാസം :) തന്റെ ആത്മകഥയുടെ ആദ്യ ഭാഗം ബെന്യാമിന്‍ എന്ന നോവലിസ്റ്റിനും രണ്ടം ഭാഗം ബിലാലിനും അയച്ചുകൊടുത്തു എന്ന് എട്ടാമദ്ധ്യായത്തില്‍ അന്ത്രപ്പേര്‍ പറയുന്നുണ്ട്. രണ്ടാം ഭാഗം ബെന്യാമിന് അല്ലെങ്കില്‍ വ്യാഴചന്തകള്‍ക്ക് ലഭിക്കുന്നത് ഒരു ഡിസ്പോസിബിള്‍ ഇമെയില്‍ വിലാസത്തില്‍ നിന്നും 'അവന്‍ പറഞ്ഞിട്ട് നിങ്ങള്‍ക്കയക്കുന്നു' എന്ന മുഖവുരയോടെയാണ്. അത് മുഖവിലക്കെടുത്താല്‍ അന്ത്രപ്പേര്‍ ബിലാലിനൊപ്പം ഫ്രാന്‍സില്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു.

3. നോവലിന്റെ അവസാനപേജില്‍ മനോരമ വാര്‍ത്ത എന്ന നിലയില്‍ എത്യോപ്യയിലെ ഗോറില്‍ നിന്നും ജെഫ്രി അന്ത്രപ്പേര്‍ ഒരു പത്രസമ്മെളനം നടത്തുന്നുണ്ട്. ഇനി അന്ത്രപ്പേര്‍ ഫാമിലിയുടെ ആസ്ഥാനം അവിടമാണെന്ന് സൂചിപ്പിച്ച്.. അത് മുഖവിലക്കെടുത്താല്‍ ക്രിസ്റ്റി ഗോറിലുണ്ടെന്ന് കരുതാം.

4. ഒരു ശുഭാപ്തി വിശ്വാസക്കാരനായത് കൊണ്ട് ഞാന്‍ ഒട്ടും വിശ്വസിക്കാനാഗ്രഹിക്കാത്ത ഒരു നിഗമനവും വേണമെങ്കില്‍ അന്ത്രപ്പേരിനെ പറ്റി വരാം. അതായത് സത്യവാങ്മുലത്തില്‍ ക്രിസ്റ്റിയുടെ അമ്മ പറയും പോലെ അവന്‍ ആത്മഹത്യ ചെയ്തതാവാന്‍ വഴിയുണ്ടെന്ന്.. പക്ഷെ അത് വിശ്വസിക്കുവാന്‍ എനിക്ക് തോന്നുന്നില്ല..

ഇതൊന്നുമാവില്ല ചിലപ്പോള്‍ മറ്റൊരാള്‍ക്ക് തോന്നുന്നത്. എങ്കിലും എന്റെ നിരീക്ഷണത്തില്‍ ആദ്യത്തെതിന് (ഒന്നാമത്തേതിന്) കൂടുതല്‍ ചാന്‍സ് കൊടുക്കുന്നു :)

സെന്തിലിന്റെ മരണം ? 

അതുപോലെ സെന്തിലിനെ വധിച്ചത് അന്ത്രപ്പേരിന്റെ പപ്പയല്ല എന്ന് ജസിന്ത പറയുന്നുണ്ടെങ്കില്‍ പോലും സെന്തിലിന്റെ മരണവും ഇത് പോലെ വ്യാഖ്യാനിക്കപ്പെടാം. ഒന്ന് അരവിന്ദന്റെ കത്തില്‍ പറയും പ്രകാരം അവന്‍ പോണോഗ്രാഫി സൈറ്റുകള്‍ ഉപയോഗിച്ചിരുന്നത് ഒരിക്കലും സെക്സ് അഡിറ്റ് ആയതിനാലല്ല മറിച്ച് തീവ്രവാദത്തിനാണ് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നാല്‍, ഉദിയന്‍ ചേരല്‍ തമിഴ് കഴകത്തിന്റെ ആദ്യ രൂപത്തെ പറ്റിയുള്ള ഷണ്മുഖത്തിന്റെ വിവരണത്തില്‍ നിന്നും അവര്‍ ഒരു തമിഴ് അധിനിവേശരാജ്യം സ്വപ്നം കാണുന്നു എന്നതിലേക്ക് വരുമ്പോള്‍ എല്ലാം എവിടെയും രാജാക്കന്മാരായി ജീവിക്കുവാനുള്ള ത്വരയോടെ നടക്കുന്ന ക്രിസ്റ്റിയുടെ പിതാവിന് സെന്തിലിന്റെ മരണത്തില്‍ പങ്കുണ്ട് എന്ന തോന്നല്‍ ഉണ്ടാക്കുന്നു. അതല്ലെങ്കില്‍ പിന്നെ ക്രിസ്റ്റിയുടെ പിതാവിനെ കുടുക്കുവാന്‍ സി.ഐ ചെയ്യിക്കുന്നതാവാം.. അതുമല്ലെങ്കില്‍ സെക്സ് റാക്കറ്റിന്റെയും കള്ളക്കടത്തിന്റെയും ഒപ്പം നടന്നതിനാലുള്ള വൈരാഗ്യത്തില്‍ ആരെങ്കിലും ചെയ്തതാവാം.  പക്ഷെ ഞാന്‍ ആദ്യത്തെത് വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്നു.

മെല്‍‌വിന്റെ മരണം ?

മെല്‍‌വിന്റെ മരണത്തിനും അത്തരം ഒരു മുഖം ഉണ്ട്. സ്വന്തം മകന്‍ മറ്റൊരു തറവാട്ടിലേക്ക് പോകേണ്ടി വരുന്നത് കൊണ്ട് അപ്പ ചെയ്യുന്നതാവാം. പക്ഷെ കഥയിലൊരിടത്തും അത്തരം ഒരു സൂചന (അപ്പക്ക് മെല്‍‌വിന്റെ വീടിനെപറ്റി അറിയാമെന്ന സൂചന) ഇല്ലാത്തത് കൊണ്ട് ജെസീന്ത പറഞ്ഞുവെക്കുന്ന മകന്റെ കാമുകി അപ്പയുടെ കീപ്പ് എന്ന ധ്വനിയും അവിടെ സജീവമാണ്. പക്ഷെ ഇവ രണ്ടുമല്ലാതെ സെന്തിലിന്റെ മരണമന്വേഷിക്കുന്നതില്‍ നിന്നും അല്ലെങ്കില്‍ അതില്‍ ഏതാണ്ട് അയാള്‍ വിജയിക്കുമെന്ന് തോന്നുന്നതിനാല്‍ ക്രിസ്റ്റിയുടെ ശ്രദ്ധ തിരിക്കുവാനായി സെന്തിലിന്റെ കൊലപാതകികള്‍ (അത് ആരുമാവാം) ചെയ്യുന്നതാവാം മെല്‍‌വിന്റെ കൊലപാതകം എന്ന എന്റെ മൂന്നാമത്തെ നിഗമനത്തില്‍ തന്നെ ഞാന്‍ വിശ്വസിക്കുന്നു.
                                                                       *********

വായനക്കാര്‍ക്ക് നിങ്ങളുടെ മഞ്ഞവെയില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കാം. നമ്മുടെ ബൂലോകത്തിലേക്ക് അയച്ചു നല്‍കുന്ന മഞ്ഞവെയില്‍ അനുഭവങ്ങള്‍ ഇവിടെ ഈ പംക്തിയുടെ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യുന്നതാണ്.

9 Responses to "മഞ്ഞവെയില്‍ മരണങ്ങള്‍ക്ക് ശേഷം"

 1. വായനക്കാര്‍ക്ക് നിങ്ങളുടെ മഞ്ഞവെയില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കാം. നമ്മുടെ ബൂലോകത്തിലേക്ക് അയച്ചു നല്‍കുന്ന മഞ്ഞവെയില്‍ അനുഭവങ്ങള്‍ ഇവിടെ ഈ പംക്തിയുടെ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യുന്നതാണ്.

  ReplyDelete
 2. മഞ്ഞവെയില്‍ മരണങ്ങള്‍ വായിച്ചിട്ടില്ല ഇതുവരെ. ഇനി വായിയ്ക്കണം

  ReplyDelete
 3. ഈ പുസ്തകം വായിച്ചിട്ടില്ല..
  പിന്നെ ഇത് വായിച്ച നിലക്ക് ഇനിയിപ്പോ ഇപ്പുസ്തകം തേടിപ്പിടിച്ച് വായിക്കണം..

  ReplyDelete
 4. സ്നേഹാശംസകള്‍ ..... പുണ്യവാളന്‍

  ReplyDelete
 5. വർഷങ്ങളായി അമേരിക്കൻ സൈന്യം മാത്രം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഡീഗോ ഗാർഷ്യ ദ്വീപിൽ കഥയെ ജനിപ്പിച്ചതു വഴി വായനക്കാരനെ തുടക്കം മുതൽ തന്നെ ആശയക്കുഴപ്പത്തിന്റെ ദ്വീപിലേക്കാണ് കഥാകാരൻ കൊണ്ടുപോയത്. ആലപ്പുഴയിൽ ഇന്നും അന്ത്രപ്പേർ കുടുംബവും അവരുടെ തറവാടും നിലനിൽക്കുക,ചില ആഫ്രിക്കൻ രാജ്യങ്ങളിൽ അന്ത്രപ്പേർ എന്ന പേരിൽ ബിസിനസ്സുകൾ ഇന്നും നിലനിൽക്കുക, തുടങ്ങിയ യാഥാർത്ഥ്യങ്ങൾ മുന്നിൽ തെളിഞ്ഞുനിൽക്കുമ്പോൾ നോവലിലെ കഥാപാത്രങ്ങളും കൽപ്പനകളും കൂടിക്കുഴഞ്ഞതുപോലെ ആസ്വാദകന്റെ അനുമാനങ്ങളും കൂടിക്കുഴഞ്ഞ് തന്നെ അവസാനമില്ലാതെ ഒരു വലിയ ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

  അതിമനോഹരമായി ക്രാഫ്റ്റ് ചെയ്യപ്പെട്ട ഒരു മികച്ച നോവലാണ് മഞ്ഞവയിൽ മരണങ്ങൾ. പക്ഷേ ഗൗരവപൂർണ്ണമായ വായനയെയും വായനക്കാരന്റെ അന്വേഷാണാത്മക കൗതുകത്തെയും ഒട്ടും ഗൗനിക്കാതെയുള്ള ഒരു അപൂർണ്ണമായ അന്ത്യമാണ് ബെന്യാമിൻ നൽകിയിരിക്കുന്നതെന്ന അഭിപ്രായക്കാരനാണ് ഞാൻ. അല്ലെങ്കിൽ, കുഴഞ്ഞുമറിഞ്ഞ ഈ കേസുകെട്ട് എങ്ങിനെയെങ്കിലും അവസാനിപ്പിച്ചുകിട്ടിയാൽ മതിയെന്ന ഒരു സമീപനം എഴുത്തുകാരനിൽ നിന്നുണ്ടായതായി വായനക്കാർക്ക് തോന്നിയെങ്കിൽ കുറ്റപ്പെടുത്താൻ കഴിയില്ല.

  ക്രിസ്റ്റിയും ജസീന്തയുമൊക്കെ ഇപ്പോഴും മനോരാജിന്റെ മനസ്സിൽ ഉത്തരം കിട്ടാതെ ചോദ്യങ്ങളായി അവശേഷിക്കുന്നുവെങ്കിൽ അത് ബെന്യാമിൻ വയനക്കാർക്കിട്ടു തന്ന സ്വാതന്ത്ര്യമായോ അസ്വസ്ഥതയായോ വ്യാഖ്യാനിക്കാം.

  ReplyDelete
 6. ഞാൻ വായിച്ചില്ല .....
  ഇനി വേണം വായിക്കാൻ......

  ReplyDelete
 7. പുതിയ മെമ്പര്‍ ആയ എനിക്കും മനോഹരമായ ഈ സൃഷ്ട്ടികള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ലാ .
  ഇതൊരു തുടക്കം ആവട്ടെ .

  ReplyDelete
 8. ഞ്ഞവെയില്‍ മരണങ്ങള്‍ വായിക്കാന്‍ ആരംഭിച്ചതിനു ശേഷം ഏതൊരാളിനെയുംപോലെ ഞാനും ആദ്യം ചെയ്തത് 'Diego Garcia' എന്ന് ഗൂഗിളില്‍ search ചെയ്യുകയാണ്. അതിനു ശേഷം ഏതാണ് യാഥാര്‍ത്ഥ്യം ഏതാണ് സാങ്കല്പികം എന്ന് തിരിച്ചറിയാനാവാത്ത വിധം നോവലിനെ ഇഷ്ടപ്പെട്ടു തുടങ്ങി… എങ്കിലും 351 പേജുള്ള ഈ നോവലില്‍ 349 പേജിലും റിയാലിറ്റിയേയും ഫിക്ഷനേയും തിരിച്ചറിയാനാവാത്ത വിധം മിക്സ്‌ ചെയ്തുവെങ്കിലും അവസാന രണ്ടു പേജില്‍ ആ സുഖം നഷ്ടപ്പെടുത്തിയെന്നു എനിക്ക് തോന്നുന്നു. (ഒരു പക്ഷെ എന്റെ മാത്രം തോന്നലായിരിക്കാം).

  ഇനി മുകളില്‍ ഉന്നയിച്ച ചില സംശയങ്ങളിലേക്ക് അല്ലെങ്കില്‍ ചോദ്യങ്ങളിലേക്കു വരാം….

  എന്റെ നിഗമനങ്ങള്‍ ഇവയാണ്…

  1. സെന്തിലിനെ കൊന്നത് തീര്‍ച്ചയായും മാത്യു അന്ത്രപ്പേര്‍ അല്ല. ജെസ്സിന്തയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കാം. കാരണം അവള്‍ ഏതു തരക്കാരിയാണെങ്കിലും കഥയില്‍ ഒരിടത്തും അവള്‍ കള്ളം പറയുന്നില്ല (മറിച്ച് ചില സന്ദര്‍ഭങ്ങളില്‍ അവള്‍ സത്യം ഒളിച്ചുവെക്കുന്നു!!). ഇവിടെ അവള്‍ വ്യക്തമായി പറയുന്നു ഈ മരണത്തിനു മാത്യു അന്ത്രപ്പേരുമായി ബന്ധമില്ല എന്നു. മാത്രമല്ല ബെന്യാമിന്‍ ഡല്‍ഹിയില്‍ വെച്ച് കണ്ടുമുട്ടുന്ന ഷണ്മുഖം പറയുന്നുണ്ട് ഉതിയന്‍ ചേരല്‍ തമിഴ് കഴകം ഒരു തീവ്രവാദി സംഘടനയാണെന്ന്. അരവിന്ദിന്റെ facebook കമന്റില്‍ പറയുന്നു അശ്ലീല ചിത്രങ്ങളും സൈറ്റുകളും മറ്റും തീവ്രവാദ സംഘടനകള്‍ ഫലപ്രദമായി ഉപയോഗിക്കാരുന്ടെന്നു. പോണ്ടിച്ചേരിയില്‍ ബെന്യാമിന്‍ കണ്ടെത്തുന്ന ആള്‍ വെളിപ്പെടുത്തുന്നുണ്ട് സെന്തില്‍ മേല്പറഞ്ഞ സംഘടനയുടെ ആവശ്യങ്ങള്‍ക്കാണ് വന്നിരുന്നതെന്ന്. തന്നെയുമല്ല സെന്തിലിന്റെ USB യില്‍ ഉള്ള 'തരംതാണ അശ്ലീല ഗോസ്സിപ്പുകളില്‍' എല്ലാം തന്നെ ചെന്നൈയിലെ Hotel പാര്‍ക്ക്‌ പ്ലാസയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. തീര്‍ച്ചയായും അത് എന്തെങ്കിലും തീവ്രവാദ സന്ദേശങ്ങള്‍ ആയിരുന്നിരിക്കാം. ആ സംഘടനയിലെ ചില പ്രശ്നങ്ങള്‍, ഉരസലുകള്‍ അല്ലെങ്കില്‍ വാക്ക് തര്‍ക്കങ്ങള്‍ ഇവയാകാം ഒരുപക്ഷെ സെന്തിലിനെ കൊലപ്പെടുത്താന്‍ ആ വാടക കൊലയാളിയെ നിയോഗിക്കാന്‍ ഇടയാക്കിയത്. ആ കൊലയാളി ആകട്ടെ മാത്യു അന്ത്രപ്പെരിന്റെ സംഘത്തിലുള്ളവനും. അങ്ങനെ അയാള്‍ സ്റ്റീഫന്‍ അന്ത്രപ്പേര്‍ വഴിയും മല്ലികാരത്നം വഴിയും കേസ് ഒതുക്കുന്നു…. എന്റെ മനസ്സ് പറയുന്നു ആ കൊലയാളി തീര്‍ച്ചയായും സെയ്ഫു തന്നെയാണ് എന്ന്. (പഴയ ക്ലാസ്സ്‌ ഫോട്ടോയില്‍ ബിലാലിന്റെ വലത്ത് വശത്ത് നിന്നിരുന്ന അതേ സെയ്ഫു!!! ). അന്പ് പറയുന്നുണ്ട് അവളുടെ ഫോണിലെ വീഡിയോയില്‍ ഉള്ളത് സെന്തിലിന്റെ സുഹൃത്താണെന്ന്..

  മാത്യു അന്ത്രപ്പേര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് കള്ളക്കടത്തിനോ കൊലപതകത്തിനോ അല്ല.. രാജ്യ ദ്രോഹ കുറ്റത്തിനാണ്… മല്ലികാരത്നം സസ്പെന്ഡ് ചെയ്യപ്പെടുന്നത് സെന്തിലിന്റെ കേസ് ഒതുക്കിയതിനും… ഒരുപക്ഷെ സെന്തിലിന്റെ കേസിലും അന്ത്രപ്പെരിനെ കുടുക്കിയാല്‍ അത് തന്നെയും ബാധിക്കും എന്ന ചിന്ത മൂലമാകാം സ്റ്റീഫന്‍ അന്ത്രപ്പേര്‍ ആ കേസില്‍ അന്ത്രപ്പെരിനെ ഒഴിവാക്കിയത്. മാത്രമല്ല അറസ്റ്റ് ചെയ്യാന്‍ മാത്രം സ്ട്രോങ്ങ്‌ ആയ മറ്റു കാരണങ്ങള്‍ വേറെയുമുണ്ടുതാനും …

  2. Dr. ഇക്ബാലും മേല്‍വിനും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. Dr. ഇക്ബാല്‍ ആകട്ടെ മാത്യു അന്ത്രപ്പെരിന്റെ വിശ്വസ്തനും... ഒരുപക്ഷെ സെന്തിലിന്റെ മരണത്തെക്കുറിച്ചുള്ള മേല്‍വിന്റെ (ഇക്ബാലിനോടുള്ള) ചില ചോദ്യങ്ങള്‍ അല്ലെങ്കില്‍ സംശയങ്ങള്‍ ആകാം അവളുടെ കൊലപതകത്തിലേക്കു നയിച്ചത്. ഒരുപക്ഷെ അതും ചെയ്തത് സെയ്ഫു തന്നെ ആകുമോ?? [Diego യില്‍ പോയ സലിം അകാരണമായി സെയ്ഫുവിനെക്കുറിച്ച് പലവട്ടം പരാമര്‍ശിക്കുന്നുണ്ട്.]

  3. ക്രിസ്റ്റി അന്ത്രപ്പേര്‍ ജീവനോടെ ഉണ്ടെങ്കില്‍ അവന്‍ തീര്‍ച്ചയായും ലിസ്ബണില്‍ (Portugal) ഉണ്ട് എന്ന് വിശ്വസിക്കാനാണെനിക്കിഷ്ട്ടം. പിതാക്കന്മാരുടെ മറ്റൊരു ദേശത്തിലേക്കുള്ള മറ്റൊരു യാത്ര!!!!.

  ReplyDelete
 9. നോവല്‍ സത്യത്തില്‍ വിരല്‍ ചുണ്ടുന്നതു് അന്ത്രപ്പേറിലേയ്ക്കല്ല. ഉദയംപേരൂരിലെ വലിയേടത്തുവീട്ടിലേയ്ക്കാണു്. അതിനുള്ള വഴി മാത്രമാണു് അന്ത്രപ്പേര്‍. ചെറിയ തുമ്പില്‍നിന്നുപോലും കഥയുണ്ടാക്കാന്‍ കഴിയുന്ന വ്യക്തിയാണു് ബെന്യാമിന്‍. 'അബീശഗിന്‍' അതിനു തെളിവാണു്.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts