ബൂലോകത്തിന്റെ സ്വന്തം റാംജി യോടൊപ്പം.....


ഴിഞ്ഞ നാല് വര്‍ഷങ്ങളായി ബ്ലോഗില്‍ എഴുത്ത് - വായന എന്നീ മേഖലകളില്‍ സജീവമായി നിലകൊള്ളുന്ന അപൂര്‍‌വ്വം ബ്ലോഗര്‍മാരില്‍ ഒരാളാണ് റാംജി. മറ്റ് സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം ബ്ലോഗിങിനെ ശക്തമായി പിന്നാക്കം വലിച്ചപ്പോഴും അതിലൊന്നും അത്രയധികം ആകൃഷ്ടനാവാതെ സ്വന്തം ബ്ലോഗിലൂടെ കഥകള്‍ പറഞ്ഞും മറ്റു ബ്ലോഗുകളിലെ കഥകളും കവിതകളും അനുഭവങ്ങളും ലേഖനങ്ങളും വായിച്ച് അതിനെ നല്ല രീതിയില്‍ വിലയിരുത്തുകയും ചെയ്യുന്ന ഒരാളാണ് താങ്കള്‍. ബ്ലോഗ് യുഗം കഴിയുന്നു എന്ന വാദങ്ങള്‍ക്കിടയിലും ശക്തമായി ഈ മാധ്യമത്തിന് വേണ്ടി നില്‍കൊള്ളുന്ന റാംജിക്ക് നമ്മുടെ ബൂലോകം ടീമിന്റെ അഭിനന്ദനങ്ങള്‍. ഒപ്പം ബ്ലോഗില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു ഉത്സാഹക്കുറവ് പരിഹരിക്കുന്നതിനെ ഭാഗമായി ബ്ലോഗര്‍മാര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഈ ഒരു അഭിമുഖപരമ്പരയില്‍ നമ്മുടെ ബൂലോകത്തോട് സഹകരിക്കാന്‍ കാട്ടിയ നല്ല മനസ്സിനും നന്ദി അറിയിക്കുന്നു.


റാംജിയുടെ ഒരു സെല്‍ഫ് പോര്‍ട്രയിറ്റ്


? മുന്‍‌ഗാമികളില്‍ ഭൂരിഭാഗവും സമകാലീനരില്‍ ഏറെക്കുറെയും ബ്ലോഗിങില്‍ നിന്നും അകന്നു നില്‍ക്കുമ്പോഴും ഇന്നും റാംജി കഥയെഴുത്തിന്റെയും ബ്ലോഗ് വായനയുടേയും ലോകത്ത് സജീവമായി നിലകൊള്ളുന്നു. എങ്ങിനെയാണ് ബ്ലോഗിങിലേക്ക് ആകൃഷ്ടനായത്?

= ബ്ലോഗിലേക്കു വന്നത് എന്റെ മകനുവേണ്ടി ഒരു കമ്പ്യുട്ടര്‍ വാങ്ങിയതിനാല്‍ മാത്രം. കമ്പ്യുട്ടര്‍ ഞെക്കി പഠിച്ചപ്പോള്‍ ബോഗറല്ലാത്ത ബ്ലോഗ്‌ എന്തെന്നറിയാത്ത എന്റെ സുഹൃത്ത്‌ സ്വന്തം ചിത്രങ്ങളും കഥകളും എഴുത്തുകളുമൊക്കെ പോസ്റ്റ്‌ ചെയ്യാന്‍ ഒരിടമുണ്ടെന്നു പറഞ്ഞു. അതുപ്രകാരം ഞങ്ങള്‍ തെരഞ്ഞു  കണ്ടെത്തി ഒന്ന് തയ്യാറാക്കുകയായിരുന്നു. പിന്നീട് അന്നത്തെ ആ ഉത്സാഹം
ഇന്നും തുടരുന്നു. ആര്‍ക്കും പങ്കുവെക്കേണ്ടാത്ത  ഒരു നിര്‍വൃതി  ഇവിടെ ലഭിക്കുന്നതിനാല്‍ ഓടിപ്പോകാന്‍ കഴിയുന്നില്ല

?ബ്ലോഗ് എന്ന ഈ മാധ്യമത്തെ കണ്ടെത്തിയതിന് ശേഷമാണോ കഥകള്‍ എഴുതുവാന്‍ തുടങ്ങിയത് ? അതോ വളരെ മുന്‍പേ തന്നെ എഴുതിയിരുന്നോ?

=ചെറുപ്പം മുതലേ കഥകള്‍ എഴുതുമായിരുന്നു. ഞാന്‍ മാത്രം വായിച്ച് ആരേയും കാണിക്കാതെ സൂക്ഷിച്ചു വെച്ചാണ് തുടക്കം. പിന്നീട് മാസികള്‍ക്ക് അയച്ചു കൊടുക്കുമായിരുന്നു. ഒന്നും വന്നില്ല കുറെ നാളുകള്‍. പിന്നെ ആദ്യമായി 'പൌരധ്വനി' എന്ന ആഴ്ചപ്പതിപ്പില്‍ വന്നു. അതിനുശേഷം അഞ്ചാറു കഥകള്‍ 'മംഗള'ത്തില്‍ വന്നിരുന്നു. 1990 കളില്‍ ആണെന്നു തോന്നുന്നു. കൊല്ലങ്ങള്‍ കൃത്യമായി ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല.

?പ്രവാസം നല്‍കുന്ന ഒറ്റപ്പെടലില്‍ നിന്നും വിരസതയില്‍ നിന്നും കരകയറുവാനുള്ള വെറുമൊരു നേരമ്പോക്കാണ് ബ്ലോഗിങ് എന്ന രീതിയില്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ബ്ലോഗിലൂടെ ഒട്ടേറെ നല്ല കഥകള്‍ വായനക്കാര്‍ക്ക് നല്‍കിയിട്ടുള്ള റാംജിയുടെ അഭിപ്രായം എന്താണ്?

=നേരമ്പോക്കായി എന്ന് പറയുന്നതില്‍ തെറ്റില്ലെന്നാണ് തോന്നിയിട്ടുള്ളത്‌. എന്നാല്‍ എല്ലാം അങ്ങിനെ അല്ല. ഞാന്‍ തുടങ്ങിയത്‌ നേരമ്പോക്ക് ആയല്ല. ഞാന്‍ ബ്ലോഗ്‌ തുടങ്ങിയ സമയത്ത്‌ പല ബ്ലോഗുകളിലും പോസ്റ്റുകള്‍ അത്തരം നേരമ്പോക്കുകള്‍ ആയാണ് തോന്നിയിരുന്നത്. ഒരു ഉദാഹരണം പറയാം; 'ഇന്ന് പരിപ്പുണ്ടാക്കി. ഇനി നാളെക്കാലത്തു തന്നെ എഴുന്നേല്‍ക്കണം. അതുകൊണ്ട് കിടക്കട്ടെ' ഇത്രയും മാത്രം ഒരു പോസ്ടിട്ടത്‌ ഒരിക്കല്‍ ഞാന്‍ വായിച്ചത് ഓര്‍ക്കുന്നു. പക്ഷെ നേരമ്പോക്കായി തുടങ്ങിയ പലരും ഇന്ന് നന്നായി എഴുതുന്നതും പോസ്റ്റുകള്‍ ചെയ്യുന്നതും സത്യമാണ്. അതൊരു കുഴപ്പമോ തെറ്റോ ആയി എനിക്ക് തോന്നിയിട്ടില്ല. നമ്മള്‍ പണ്ട് ചെയ്തതില്‍ പലതും ഇന്ന് തെറ്റായി തോന്നുന്നില്ലേ? അത്തരം തിരിച്ചറിവുകള്‍ ബ്ലോഗിലും സംഭവിക്കുന്നുണ്ട്.

?പല പ്രവാസി ബ്ലോഗേര്‍സും പ്രവാസം അവസാനിപ്പിച്ചു കഴിഞ്ഞാല്‍ ബ്ലോഗ് തന്നെ ഉപേക്ഷിക്കുന്ന അവസ്ഥ കണ്ടിട്ടുണ്ട്. അതുപോലെ പലരും പേര്‍സണല്‍ ലൈഫിനെ ബാധിക്കുന്നു എന്ന കാരണവും ബ്ലോഗിങില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുള്ള കാരണമായി സൂചിപ്പിച്ച് കാണാറുണ്ട്. കുടുംബത്തില്‍ നിന്നും റാംജിക്ക് എഴുത്തിന് ലഭിക്കുന്ന പിന്തുണ എങ്ങിനെയാണ്? ഭാര്യ , കുട്ടികള്‍ ഇവരുടെ പ്രോത്സാഹനം ഇക്കാര്യങ്ങളില്‍ ഉണ്ടോ?

= ശരിയാണ്. സമയം എന്നത് തന്നെയാണ് ഇവിടെ പ്രധാനം. ഗള്‍ഫില്‍ ജീവിക്കാത്തവര്‍ക്ക് ഗള്‍ഫിലെ ചില വ്യത്യാസങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയില്ല. അതിലൊന്നാണ് സമയം. മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും ഏറെ വ്യത്യാസമുണ്ട് ഞാന്‍ താസിക്കുന്ന സൗദിക്ക്. പൊതുവില്‍ മരുഭൂമികളും കെട്ടിടങ്ങളും മാത്രമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു വ്യക്തിയെ സ്വാധീനിക്കുന്ന സുന്ദരക്കാഴ്ചകള്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ അത്തരം കാഴ്ചകളിലൂടെ നടക്കേണ്ടി വരുന്നില്ല. 90%വും കുടുംബമില്ലാതെ ഇവിടെ താമസിക്കുന്നതിനാല്‍ വീടുമായി ഒരു കാര്യത്തിനും ഒരു മിനിറ്റ്‌ സമയം പോലും വേണ്ട. സൌദിയിലാകുമ്പോള്‍ സിനിമാ തിയ്യേറ്ററുകളോ മറ്റ് വിനോദ കേന്ദ്രങ്ങളോ ഇല്ല. അവിടെയും സമയം ലാഭം. ചുരുക്കത്തില്‍ ജോലി സമയം കഴിച്ചാല്‍ ബാക്കി വരുന്ന സമയം ധാരാളമാണ് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ. ലീവിനു പോകുന്ന സമയം പ്രവാസികള്‍ എന്തുകൊണ്ട് സജീവമാകുന്നില്ല എന്ന് ചിന്തിച്ചു നോക്ക്. പലപ്പോഴും മടിയല്ല അതിനു കാരണം. ആഗ്രഹമുനടെങ്കിലും കഴിയാതെ വരുന്നതാണ്. പുതുമ തേടി പോകുക എന്നത് ഒരു സ്വഭാവമാണ്. അത് ബ്ലോഗില്‍ മാത്രമല്ല, എല്ലായിടത്തും സംഭവിക്കുന്നതാണ്. പുതുമ നശിക്കുമ്പോള്‍ പഴയതില്‍ തൃപ്തിയുള്ളിടത്ത് തിരിച്ചെത്തും. എന്റെ വീട്ടുകാരില്‍ ആള്‍ക്കും സാഹിത്യമോ കലയോ ആയി സ്നേഹം പോലും ഇല്ല. കുട്ടികള്‍ക്ക് കഴിവില്ലെങ്കിലും എല്ലാം ഇഷ്ടമാണ്. എങ്കിലും എതിര്‍പ്പൊന്നും ഇല്ല ആര്‍ക്കും.

? ബ്ലോഗില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം എന്താണ്? ഉദാ : എഴുതുവാന്‍ ഉള്ള കരുത്ത് ? സൌഹൃദങ്ങള്‍ ? വായന? പ്രശസ്തി?

= പ്രതീക്ഷിക്കാതെ ലഭിക്കുന്ന സ്നേഹവും സന്തോഷവും നല്‍കുന്ന സംതൃപ്തി. ഇവിടെ നിന്ന് ലഭിക്കുന്ന സൌഹൃദവും വായനയും എഴുതുവാന്‍ ഉള്ള കരുത്തും വിശ്വാസവും വളരെയധികം കൂട്ടുന്നുണ്ട് എന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അനുഭവമുള്ള കാര്യമായിരിക്കും. പിന്നെ പ്രശസ്തിയെക്കുറിച്ച് ആലോചിക്കാറെ ഇല്ല. കഥകള്‍ കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കണം എന്നാഗ്രഹിക്കാറുണ്ട്.

?ബ്ലോഗ് എഴുത്തിനേക്കാള്‍ സൂക്ഷ്മമായി ചെയ്യേണ്ടുന്ന ഒന്നാണ് ബ്ലോഗ് വായന. പലരും ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ ബ്ലോഗ് വായന പരിമിതപ്പെടുത്തുകയും ആശംസകള്‍ എന്ന കമന്റുകളില്‍ ഞാന്‍ അവിടെ വന്നിരുന്നു എന്ന് അറിയിച്ച് തിരിച്ചു പോകുകയും ചെയ്യുന്ന പ്രവണത ബ്ലോഗിങില്‍ ഉണ്ട്. ഇവിടെയാണ് പോസ്റ്റുകളെ നല്ല രീതിയില്‍ വായിച്ച് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുന്ന അപൂര്‍‌വ്വം വായനക്കാരുടെ ഗണത്തില്‍ റാംജിയെപ്പോലുള്ളവര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. കഴിഞ്ഞ നാലോളം വര്‍ഷങ്ങളായി ഇത് തുടരുകയും ചെയ്യുന്നുണ്ട്. എങ്ങിനെ ഇതിന് സാധിക്കുന്നു ?

=സമയം തന്നെയാണ് മുഖ്യ ഘടകം. പിന്നെ താല്പര്യം . നമ്മള്‍ പുസ്തക വായന നടത്തുന്നത് നമുക്കിഷ്ടമുള്ള പുസ്തകങ്ങള്‍ മാത്രം തെരഞ്ഞെടുത്തായിരിക്കും. ഇവിടെ നമ്മള്‍ എല്ലാം വായിക്കേണ്ടി വരുന്നുണ്ട്. അതിനൊരു കാരണം ബ്ലോഗിലൂടെ സംഭവിക്കുന്ന സൌഹൃദങ്ങള്‍ കൊണ്ടാണ്. സൌഹൃദവും വായനയും തമ്മിലുള്ള ഒരു കൂടിച്ചേരല്‍. വായനയില്‍ ഇഷ്ടമില്ലാത്ത വിഷയം വായിക്കുമ്പോള്‍ ആശംസകള്‍ എന്നെഴുതി പോകുന്നത് നല്ലത് തന്നെയാണ്. അവിടെ വന്നു എന്നും വായിച്ചു എന്നും മാത്രം അതിന്റെ ഉടമസ്ഥന് മനസ്സിലാക്കാന്‍ കഴിയുന്നത് സന്തോഷം നല്‍കുന്നതാണ്. ബ്ലോഗര്‍ക്ക് പ്രചോദനം ആകുന്നുണ്ട്. അത്തരത്തിലുള്ള ബോധപൂര്‍വ്വമായ അഭിപ്രായങ്ങള്‍ ബ്ലോഗേഴ്സിനെ തുടര്‍ന്നു പോകാന്‍ സഹായിക്കുന്നുണ്ട്.  വായിക്കുന്ന വിഷയത്തിന്റെ താല്പര്യവും സമയത്തിന്റെ ലഭ്യതയും അനുസരിച്ച് അഭിപ്രായങ്ങള്‍ എഴുതാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പറ്റാവുന്നിടത്തോളം തുടരാനും ആഗ്രഹിക്കുന്നു.

?സ്വയം പ്രസാധനം ചെയ്യാം എന്നത് മാത്രമാണ് ബ്ലോഗിങിന്റെ ഗുണം എന്നും അതുകൊണ്ട് തന്നെ എന്തും എഴുതിയിടുന്ന പ്രവണത ബ്ലോഗിങിനെ നശിപ്പിക്കുന്നു എന്നുമുള്ള വാദത്തോട് റാംജിയുടെ പ്രതികരണം?

=നശിപ്പിക്കുന്നു എന്നത് അത്ര ശരിയാണ് എന്ന് തോന്നുന്നില്ല. നല്ലതും ചീത്തയും എല്ലായിടത്തുമുണ്ട്. സ്വയം പ്രസാധനം ചെയ്യാം എന്നത് നമുക്ക്‌ ലഭിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യമാണ്. അത് മാത്രമാണ് ബ്ലോഗിങ്ങിന്റെ ഗുണം എന്നഭിപ്രായമില്ല. ആദ്യമൊക്കെ എഡിറ്റ്‌ ചെയ്യാതെ സ്വയം പോസ്റ്റ്‌ ചെയ്യുന്നെങ്കിലും പിന്നീട് അത് മാറും എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്. ഞാന്‍ പലപ്പോഴും മറ്റുള്ള സുഹൃത്തുക്കളുടെ അഭിപ്രായത്തിനു ശേഷം പോസ്റ്റ്‌ ചെയ്യുന്ന രീതി സ്വീകരിക്കാറുണ്ട്. എന്റടുത്തും ചില സുഹൃത്തുക്കള്‍ അഭിപ്രായം തേടി പോസ്റ്റ്‌ ചെയ്യുന്നത് അനുഭവമുണ്ട്. അതുകൊണ്ട് എല്ലാം ഇങ്ങിനെയാണ് എന്നതിനോട് യോജിക്കാന്‍ കഴിയില്ല. പുതിയ ഒരു മേഖലയിലേക്ക്‌ കടന്നു വരുമ്പോള്‍ ആദ്യം തോന്നുന്ന അറിവില്ലായ്മയും മനസ്സിലാക്കലും ആശയക്കുഴപ്പം അല്പം കഴിയുന്നതോടെ മാറുന്നുണ്ട്. പക്ഷെ പിന്നെയും പുതിയവര്‍ കടന്നു വരുന്നു എന്നും കാണണം. ആദ്യം കടന്നുവന്നവര്‍ തികച്ചും ഒരു പുതിയ മേഖലയിലേക്കാണ് എത്തിപ്പെട്ടത്. അപ്പോള്‍ എല്ലാം അജ്ഞാതമായിരുന്നു, ആരൊക്കെ വായിക്കും ആരൊക്കെ കാണും അഭിപ്രായം തുടങ്ങിയ നിരവധി അജ്ഞതകള്‍. ഇപ്പോള്‍ അതെല്ലാം മാറിയത്‌, പഴയതുപോലുള്ള(കാമ്പില്ലാത്ത പോസ്റ്റുകള്‍) പോസ്റ്റുകളുടെ തോത് കുറച്ചതായി നമുക്ക്‌ കാണാമല്ലോ.

?റാംജിയുടെ കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകം വായനക്കാര്‍ക്ക് പ്രതീക്ഷിക്കാമോ?

=ആഗ്രഹം ഇല്ലാതില്ല. ആഗ്രഹമല്ലല്ലോ പുസ്തകമാക്കാന്‍ ആവശ്യമായത്‌ :)

?ബ്ലോഗ് കൂട്ടായ്മകള്‍ , ബ്ലോഗ് മീറ്റുകള്‍ ഇവയെക്കുറിച്ച് അഭിപ്രായം ? അത്തരത്തില്‍ എന്തിലെങ്കിലും ഭാഗമായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അനുഭവം എന്താണ്?

= ബ്ലോഗ്‌ കൂട്ടായ്മകള്‍ സഹൃദസംഗമം എന്ന നിലയിലേ കൂടാന്‍ കഴിയു എന്ന് തോന്നുന്നു. കാര്യമായ ചര്‍ച്ചകള്‍ നടത്തണമെങ്കില്‍ സ്ഥിരമായി കൂടുന്ന ഒരു രൂപം ഉണ്ടാവേണ്ടിയിരിക്കുന്നു. നാല് ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാം മറന്ന് സൌഹൃദത്തിന്റെ ഒരു പുതിയ മായാലോകത്തില്‍ എത്തിപ്പെട്ട അനുഭൂതി ലഭിച്ചു എന്നേ പറയാനുള്ളൂ.

?വായന നഷ്ടപ്പെടുന്നു എന്നും ബ്ലോഗിങില്‍ നിന്നും നല്ല എഴുത്തുകാരും സൃഷ്ടികളും ഉണ്ടാവുന്നില്ലെന്നും വിമര്‍ശനം കേള്‍ക്കാറുണ്ട്. ബ്ലോഗിലെ രചനകളിലൂടെ സൂക്ഷ്മമായി കടന്നുപോകുന്ന ഒരു എഴുത്തുകാരനായും വായനക്കാരനായും റാംജിയുടെ അഭിപ്രായം എന്താണ് ?

=വായന ഇടയ്ക്കുവെച്ച് ഒന്ന് തളര്‍ന്നിരുന്നു എന്നത് ശരിയായിരിക്കാം. നഷ്ടപ്പെട്ടു എന്ന് തോന്നുന്നില്ല. പഴയതും പുതിയതും ആയി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ വായന കുറവാണ് എന്ന് തോന്നാം. മനുഷ്യന്റെ അഭിരുചികളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു എന്ന് കാണാതിരിക്കാനും കഴിയില്ല. നല്ല സൃഷ്ടികള്‍ ഉണ്ടാകുന്നില്ല എന്ന വിമര്‍ശനം വിമര്‍ശിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്ത സൃഷ്ടികള്‍ എന്നേ പറയാനാകു. എഴുത്തുകൊണ്ട് ജീവിക്കുന്നവര്‍ ബ്ലോഗില്‍ നില്‍ക്കണം എന്ന് പറയുന്നത് ന്യായമല്ല.

?ബ്ലോഗിങില്‍ ഇപ്പോള്‍ ഒരു മാന്ദ്യം ഉണ്ട് എന്ന കാര്യം എല്ലാവരും ഒരു പോലെ സമ്മതിക്കുന്ന ഒന്നാണ്. സജീവമായി നിലകൊള്ളുന്ന ആളെന്ന നിലയില്‍ ബ്ലോഗില്‍ നിന്നും മാറി നില്‍ക്കുന്ന മുന്‍‌ഗാമികളെയും സമകാലീന ബ്ലോഗര്‍മാരെയും തിരികെകൊണ്ടുവരുവാന്‍ റാംജിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ? അതുപോലെ പുതിയ ബ്ലോഗേര്‍സിന് നല്‍കുവാന്‍ എന്തെന്തിലും ടിപ്സ്? ബ്ലോഗിങിനെ വീണ്ടും സജീവമാക്കുവാന്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ ?

= പുതിയവര്‍ വരികയും പഴയവര്‍ പോകുകയും ചെയ്യും. അതൊരു പ്രക്രിയയാണ്. സമയവും സൌകര്യവും പോലെ പലരും തിരിച്ച് വരികയും ചെയ്യും. അതങ്ങിനെ കണ്ടാല്‍ പോരെ? ഇവിടെ നല്ല പോസ്റ്റുകളും ചര്‍ച്ചകളും ആയി സജീവമായി തുടരട്ടെ. കൂടുതല്‍ വായനയും അഭിപ്രായങ്ങളും സൌഹൃദങ്ങളുമായി മുന്നോട്ട് പോകട്ടെ. ബ്ലോഗ്‌ സജീവം തന്നെയാണ്.

?സ്വന്തം കഥകള്‍ക്ക് ചിത്രങ്ങള്‍ കൂടെ വരക്കാറുണ്ട് റാംജി. ചിത്രരചന അഭ്യസിച്ചിട്ടുണ്ടോ?

=ചിത്രംവര പഠിച്ചിട്ടില്ല. ചിത്രം വരക്കാന്‍ തുടങ്ങിയതിനു ശേഷമാണ് കഥകള്‍ എഴുതാന്‍ തുടങ്ങിയത്.

?ജോലി? കുടുംബം?

=ഭാര്യ വത്സല , രണ്ട് കുട്ടികള്‍.  വിഷ്ണു +2 വിന് പഠിക്കുന്നു. വീണ 8 ല്‍.  ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി സൗദി അറേബ്യയില്‍ 'ബിന്‍ലാദിന്‍ ഗ്രൂപ്പ്‌' കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ സ്റ്റോര്‍ കീപ്പര്‍

ഇഷ്ടങ്ങള്‍

പ്രവൃത്തി : ഒറ്റയ്ക്ക് പഴയ കാഴ്ചകള്‍ ഓര്‍ത്തിരിക്കനാണ് കൂടുതല്‍ ഇഷ്ടം.
ബ്ലോഗര്‍മാര്‍ : ബ്ലോഗര്‍മാര്‍ കുറെ ഉണ്ട്. പേര് പറയുന്നില്ല.
ബ്ലോഗുകള്‍ : ചിത്ര ബ്ലോഗുകളാണ് കൂടുതല്‍ സമയം നോക്കിയിരിക്കുക. പ്രതേകിച്ചും പാച്ചുവിന്റെ ബ്ലോഗ്‌.
പാട്ടുകള്‍ : ആദ്യം പാട്ടുകള്‍ ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് പുള്ളുവന്‍ പാട്ടുകളും സര്‍പ്പപ്പാട്ടുകളും പോലുള്ളവ. പാട്ടിന്റെ രീതിയെയാണ് കൂടുതല്‍ ഇഷ്ടം.
പുസ്തകങ്ങള്‍ : പഴയ ചില പുസ്തകങ്ങളെ ഓര്‍മ്മയില്‍ ഉള്ളു. മലയാറ്റൂരിന്റെ യന്ത്രവും മാക്സിം ഗോര്‍ക്കിയുടെ അമ്മ പോലുള്ളവ.
എഴുത്തുകാര്‍ : ടി വി കൊച്ചുബാവയുടെ എഴുത്തുകള്‍ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
ഭക്ഷണം : ഭക്ഷണത്തിനു പ്രത്യേക ഇഷ്ടങ്ങള്‍ ഇല്ല.
സിനിമകള്‍ : സിനിമകള്‍ പഴയതാണ്. ബക്കറിന്റെ കബനി നദി ചുവന്നപ്പോള്‍, കെജി ജോര്‍ജിന്റെ സ്വപ്നാടനം,കൊടിയേറ്റം അങ്ങിനെയാണ് സിനിമയോടുള്ള ആദ്യ ഇഷ്ടങ്ങള്‍.
സംവിധായകര്‍ : മുകളില്‍ സൂചിപ്പിച്ചവരും പിന്നീട് ഭരതനും പത്മരാജനും മോഹനും ഒക്കെയായിരുന്നു. ഇപ്പോള്‍ ആഷിക് അബുവില്‍ എത്തി നില്‍ക്കുന്നു. 
നടീ നടന്മാര്‍ : സത്യനും തിലകനും മഞ്ചു വാര്യരും. നമ്മുടെ ബൂലോകത്തിന് വേണ്ടി അഭിമുഖം നടത്തിയത്  : മനോരാജ്


14 Responses to "ബൂലോകത്തിന്റെ സ്വന്തം റാംജി യോടൊപ്പം....."

 1. ബ്ലോഗില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു ഉത്സാഹക്കുറവ് പരിഹരിക്കുന്നതിനെ ഭാഗമായി ബ്ലോഗര്‍മാര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഈ ഒരു അഭിമുഖപരമ്പരയില്‍ നമ്മുടെ ബൂലോകത്തോട് സഹകരിച്ച ശ്രീ റാംജി ക്ക് നന്ദി

  ReplyDelete

 2. ഞാന്‍ മലയാളം ബ്ലോഗിലെത്തിയ കാലം മുതല്‍ ഈ കഥാ കാരനുമായി പരിചയം ഉണ്ട് ഇപ്പോള്‍ ഈ അഭിമുഖത്തിലൂടെ അദ്ധെഹതെപ്പറ്റി കൂടുതല്‍ അറിവാനും കഴിഞ്ഞു. നല്ല ഒരു അഭിമുഖം ഇവിടെ കാഴ്ച വെച്ച മനോരജിനും ബൂലോകതിനും നന്ദി
  ഇനിയും ബ്ലോലോകത്തിലെ ബഹുമുഖ പ്രതിഭകളെ കണ്ടെത്തി ഇത്തരം അഭിമുഖങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു
  നന്ദി നമസ്കാരം
  ബ്ലോഗ്ഗര്‍ ഫിലിപ്പ് ഏരിയല്‍

  ReplyDelete
 3. ബ്ലോഗിനെ ഗൌരവമായി സമീപിച്ച ഒരു അക്ഷരസ്നേഹി ..
  കൂടുതല്‍ എഴുതാന്‍ അദ്ദേഹത്തിന് കഴിയട്ടെ !

  ReplyDelete
 4. ഒരു പ്രത്യേകഗ്രൂപ്പിലും മാത്രം
  കാലിട്ട് നിൽക്കാതെ ബൂലോഗെത്തെല്ലായിടത്തും പരിലസിച്ചുനിൽക്കുന്ന റാംജിയെ തന്നെ ഈ പരമ്പരയിലെ പ്രഥമാഭിമുഖത്തിൽ പങ്കെടുപ്പിച്ചതിൽ മനോരാജിനും , ബൂലോകത്തിനും ഒരു പ്രത്യേക കയ്യടി കേട്ടൊ ...

  പിന്നെ വളരെ സൌമ്യനും,
  ബൂലോഗത്തെ സ്നേഹസമ്പന്നനും ,
  കഥകളിലും ,വരയിലും സ്വന്തമായ ഒരു കൈയ്യൊപ്പ് പ്രദർശിപ്പിക്കാറുള്ള എന്റെ മിത്രത്തിന്റെ , ഈ ‘റാംജി റാവു സ്പീക്കിങ്ങ്’എത്ര മധുര തരം അല്ലേ...

  ReplyDelete
 5. ബ്ലോഗിൽ എന്നും കാണാൻ കഴിയുന്ന ഒരു സുഹൃത്തിനെ പരിചയപ്പെടുത്തിയതിന് ബൂലോകത്തോട് നന്ദി പറയുന്നു. റാംജിക്ക് ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ,,,

  ReplyDelete
 6. റാംജിയെട്ടന്റെ കഥകള്‍ ആദ്യമായി ബ്ലോഗില്‍ വായിച്ച അതെ അത്ഭുതത്തോടും ഇഷ്ടത്തോടും കൂടിത്തന്നെയാണ് ഇന്നും വായിക്കാറ്. നല്ല രചനകള്‍ ഇഷ്ടപ്പെടുന്ന ഒരുപാടു പുതുമുഖ ബ്ലോഗ്ഗെര്സിന് ഒരു പാഠശാലയും പ്രോത്സാഹനവുമാണ് അദ്ദേഹം.

  നല്ല ചോദ്യങ്ങളും മികച്ച ഉത്തരങ്ങളും.

  ReplyDelete
 7. ബുലോഗത്തിൽ എവിടെച്ചെന്നാലും കാണാൻ കഴിയുന്ന ഒരു ബ്ലോഗറായ റാംജിയെ ആദ്യമായി പരിചയപ്പെടുത്തിയത് ഉചിതമായി.
  റാംജിക്ക് ഇനിയുമിനിയും ധാരാളം കഥകളെഴുതാൻ
  ദൈവം അനുഗ്രഹിക്കട്ടെ.

  ReplyDelete
 8. ഒരുപാട് നല്ല വയന നല്‍കിയ കഥാകാരന്‍ .
  കുറെ സംസാരിച്ചിട്ടില്ലെങ്കിലും എപ്പോഴും അടുത്ത സുഹൃത്ത്‌ എന്ന് തോന്നിയ വ്യക്തിത്വം .
  കൂടുതല്‍ അറിയാന്‍ പറ്റിയ അഭിമുഖത്തിനു നന്ദി.
  റാംജി ഭായിക്ക് സ്നേഹാശംസകള്‍

  ReplyDelete
 9. ബ്ലോഗ്‌ എഴുതുന്നവരില്‍ റാംജിയെ അറിയാത്തവര്‍ ആരുണ്ട്‌. ആശംസകള്‍.

  ReplyDelete
 10. എല്ലാ ബ്ലോഗിലും കമെന്റുകളുമായി കാണുന്ന ചുരുക്കം ചിലരിൽ ഒരാളാണ് റാംജി...

  ബ്ലോഗ് രംഗത്തെ സജീവമായി നില നിർത്തുന്നതിൽ അദ്ധേഹത്തിന് പങ്കുണ്ട്.

  അദ്ധേഹത്തിന്റെ കഥകളെല്ലാം ലളിതവും എന്നാൽ നല്ല കാമ്പുള്ളവയുമാകയാൽ മിനിമം ഗ്യാരണ്ടിയുള്ള ഒരു എഴുത്തുകാരനാണ് റാംജി

  ഈ ഇന്റർവ്യൂവിന് നമ്മുടെ ബൂലോകം ടീമിനും മനോരാജിനും അഭിനന്ദനങ്ങൾ

  ആശംസകൾ

  ReplyDelete
 11. നേരിട്ടു കണ്ടിട്ടില്ലെങ്കിലും സ്വന്തം ഒരാളെന്ന തോന്നലാണ് റാംജിയെക്കുറിച്ച്!

  (ഇടയ്ക്ക് എന്റെ ഒരു ചിത്രവും കമ്പ്യൂട്ടറിൽ പണിഞ്ഞ് അയച്ചു തന്നു.)

  എഴുത്ത് കൂറ്റുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ!

  ബ്ലോഗർമാർ പരസ്പരം പ്രചോദനമാകട്ടെ!

  ReplyDelete
 12. ആദരണീയ റാംജീ ...
  ഒത്തിരി സന്തോഷം ഇവിടേം കണ്ടപ്പോ.
  പുസ്തകത്തിനായി കാത്തിരിക്കുന്നു.
  നന്മകള്‍......! ആശംസിക്കുന്നു.
  ( അഭിമുഖം ശ്രദ്ധേയമായിട്ടോ മനോ )

  ReplyDelete
 13. എന്റെ പ്രിയ സുഹൃത്ത് റാംജിയെ ഇവിടെ കണ്ടത്തില്‍ അതിയായ സന്തോഷം.
  എഴുത്തില്‍ നല്ലൊരു ഭാവി അദ്ദേഹത്തെ കാത്തിരിക്കുന്നു.
  എല്ലാവിധ ആശംസകളും പ്രാര്ത്ഥനയും

  ReplyDelete
 14. എവിടെ ബ്ലോഗുണ്ടോ അവിടെ റാംജിസാബ് ഉണ്ട് .എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാണ് ഇത് -നല്ലൊരു അഭിമുഖം - ആശംസകള്‍

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts