പുണ്ണെഴുത്തുകൾഎച്മുകുട്ടി എന്ന പേരില്‍ ബ്ലോഗ്‌ എഴുതുന്ന 
കല. സി  എഴുതിയ കഥ.


ചുമലിൽ ചൂടുള്ള കൈപ്പടം പതിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ആരെങ്കിലും സ്നേഹത്തോടെ സ്പർശിച്ചിട്ട് എത്രയോ കാലമായിരിയ്ക്കുന്നു. തണുപ്പു കാലത്തെ മൃദുലമായ വെയിൽ പോലെ, ഒരു പൂവിതൾ താഴെ വീഴും പോലെ ഒരാൾ തൊടുന്നത് എങ്ങനെയായിരിയ്ക്കുമെന്ന് മറന്നേ കഴിഞ്ഞ ഈ വേളയിൽ…….
ഇതാരാണിത്?
കഴുത്തും തലയും പണിപ്പെട്ട്, സമയമെടുത്ത് ഇടത്തോട്ട് തിരിച്ച് നോക്കി. നരച്ച താടി മാത്രമേ ആദ്യം ദൃശ്യമായുള്ളൂ. സ്കാർഫു കൊണ്ട് മുഖത്തിന്റെ വലതു ഭാഗം മറഞ്ഞിട്ടുണ്ടെന്നുറപ്പു വരുത്തി, ശരീരം പൂർണമായും തിരിച്ച് താടിയുടെ ഉടമയെ അഭിമുഖീകരിച്ചു.
മാഷാണല്ലോ, ഇത്.
അദ്ദേഹം ഞടുങ്ങിയോ?
മാഷിവിടെ?‘
കർച്ചീഫിൽ മുഖം തുടച്ചുകൊണ്ട് മാഷ്, തികച്ചും സാധാരണമായി പറഞ്ഞു.
വിജുവിനെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
എന്തു പറ്റി?‘
അവന്റെ ദുബായ് ലൈഫുണ്ടാക്കിയ തകരാറ്. കിഡ്നിയ്ക്ക് എപ്പോഴും ഓരോരൊ കുഴപ്പങ്ങളാണ്.
മാഷ് ക്ഷീണിച്ചിരിയ്ക്കുന്നു. ആകെ നരച്ചു. കണ്ണടയ്ക്ക് പുറകിൽ, മിഴികളിലെ തിളക്കം മാത്രം അല്പം ബാക്കിയുണ്ട്. അവയിൽ കർച്ചീഫിലൊതുങ്ങാത്ത നനവിന്റെ ഈറൻന്നും കണ്ടില്ലെന്നു നടിച്ചു. മനസ്സിന്റെ സ്ഥാനത്ത് വലിയ കരിമ്പാറക്കെട്ടായിട്ടും അതു അലമുറയിടുന്നുവല്ലോ……
തിരക്കില്ലെങ്കിൽ ഇവിടെ ഇരിയ്ക്കാം. എനിയ്ക്ക് അധിക നേരം നിൽക്കാൻ വയ്യ. ഇടതു കാലിന് ബലക്കുറവുണ്ട്.മാഷിന്‍റെ  ശബ്ദത്തിനും ഇടർച്ചയുണ്ടായിട്ടുണ്ടെന്ന് മനസ്സിലായി.
കാലം അങ്ങനെയൊക്കെയാണല്ലോ നമ്മളോട് ചെയ്യുക. ലോബിയിലിട്ടിരുന്ന സോഫയിൽ ഒപ്പം ഇരുന്നു.
മാഷ് തനിച്ചാണോ?‘
അല്ല, കുട്ടീ. അജി ഇവിടെ ഡോക്ടറാണ്. അത് ഒരു വലിയ സമാധാനം. അല്ലെങ്കിൽ ഇത്ര വലിയ ആസ്പത്രിയിൽ ഞാൻ ചുറ്റിപ്പോകുമായിരുന്നു.
സ്കാർഫിന്റെ സ്ഥാനം മാറാതിരിയ്ക്കാൻ പണിപ്പെട്ട് മാഷിന്‍റെ  വാക്കുകൾ കേട്ടുകൊണ്ടിരുന്നു. ഞാനും അജിയും ശോഭയും ഒന്നിച്ചാണ് പഠിച്ചത്. അതേതു കാലമായിരുന്നു? കഴിഞ്ഞ യുഗങ്ങൾ പോലെ, അതി വിദൂരമായ ഭൂതകാലത്തിലെവിടേയോ ഞങ്ങൾ സഹപാഠികളായിരുന്നു.
അജി ഡോക്ടറായി ജോലി ചെയ്യുന്ന ആശുപത്രിയിൽ സ്ഥിരമായി ചികിത്സയ്ക്ക് ചെല്ലുകയാണ് വർത്തമാനകാലത്തിലെ ഞാൻ. ഇവിടെ വച്ച് ഞങ്ങളൊരിയ്ക്കലും തമ്മിൽ കണ്ടിട്ടില്ല. ഈ രൂപത്തിൽ, ഉണങ്ങാപ്പുണ്ണുകളുടെ അടിമയായി കണ്ടിരുന്നുവെങ്കിൽ അയാൾ തിരിച്ചറിയുമായിരുന്നുവോ എന്ന് നിശ്ചയമില്ല. അറിഞ്ഞാലും അതു ഭാവിയ്ക്കുമായിരുന്നുവോ എന്നും അറിയില്ല.
പക്ഷെ, മാഷ് കണ്ടു പിടിച്ചുവല്ലോ.
കള്ളപ്പേരും മുഖത്തിന്റെ ഇടതു വശം മാത്രം വെളിപ്പെടുത്തുന്ന വസ്ത്രധാരണവും ഇടയ്ക്കിടെയുള്ള വീടുമാറ്റങ്ങളും ഒരു നാണവുമില്ലാതെ പറയുന്ന നുണകളുമായാൽ ഈ ജീവിതമായി. സ്വയം മെനയുന്ന കള്ളക്കഥകൾ…… എന്റേതെന്നും എനിയ്ക്കുണ്ടെന്നും പറഞ്ഞു ഫലിപ്പിയ്ക്കുന്ന ബന്ധങ്ങൾ………….. എന്റെ സമാന്തര ജീവിതം.
! ഇറ്റ് വാസ് എ ട്രാജഡി, ഒരു കിച്ചൻ ആക്സിഡന്റ്സാരമില്ല. ഞാൻ റെക്കവർ ചെയ്തു. യാ! ഐ ഗോട്ട് മൈ ഹസ്ബൻഡ്സ് ഫുൾ സപ്പോർട്ട്. ദാ ഇപ്പോ ഇവിടെ വിട്ടിട്ട് പോയതേയുള്ളൂ. ഉടനെ വരും പിക് ചെയ്യാൻ.“.
ങ്ങനെയൊക്കെ മാഷോട് പറയുവാൻ കഴിയുമോ?.
ല്ലെങ്കിൽ എല്ലാം വെളിപ്പെടുത്തിക്കൊണ്ട് തൊലിയടർത്തി എറിയപ്പെട്ട ഈ ജീവിതത്തിന്റെ രക്തമൊലിയ്ക്കുന്ന അകക്കാമ്പ് പ്രദർശിപ്പിയ്ക്കാനാകുമോ? വേണ്ട.
അജിയും ശോഭയും പഠിയ്ക്കുമ്പോഴേ ഒന്നിച്ച് ജീവിയ്ക്കാൻ ആഗ്രഹിച്ചിരുന്നു. അവരുടെ വിവാഹം ആർഭാടത്തോടെ നടക്കുകയും ചെയ്തു.
അജിയ്ക്കും ശോഭയ്ക്കും സുഖം തന്നെയല്ലേ ?’ മാഷ് ചിരിച്ചു. ആ ചിരിയിൽ ഒരുപാട് വേദനകൾ ഒളിഞ്ഞിരിയ്ക്കുന്നതായി തോന്നി.
സുഖമാവണം. അവൻ സങ്കടം പറയാറില്ല. രോഗികളും ആശുപത്രിയുമായി കഴിയുന്നു.
എന്തു പറ്റി മാഷെ?…………‘
അവർ പിരിഞ്ഞു. മകൾ ശോഭയ്ക്കൊപ്പമാണ്.
അതു സങ്കടമായല്ലോ.
നന്നായിയെന്നേ ഞാൻ പറയൂ. ഒരുമിച്ച് സന്തോഷമായി ജീവിയ്ക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ‘……..മാഷ് നിറുത്തി.
അവർ വലിയ അടുപ്പത്തിലായിരുന്നുവല്ലോ…………’
ആയിരുന്നിരിയ്ക്കില്ല, കുട്ടീ. അടുപ്പം പോലെ തോന്നിപ്പിച്ച എന്തോ ഒന്നാവണം അന്നുണ്ടായത്. അവർക്കും മറ്റുള്ളവർക്കും ഈ എനിയ്ക്കു പോലും അത് മനസ്സിലായില്ല. അജിയുമായി പിരിഞ്ഞെങ്കിലും ശോഭ മോളെയും കൂട്ടി എന്നെയും ടീച്ചറെയും കാണാൻ വരാറുണ്ട്. വീട്ടിൽ കുറച്ച് ദിവസം താമസിയ്ക്കുകയും ചെയ്യാറുണ്ട്.
അജിയുടെ അച്ഛനായിട്ടും മാഷ്………… ശോഭയെ ഇപ്പോഴും ……….‘
ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം വെറുക്കാം, ചീത്ത വിളിയ്ക്കാം, തല തല്ലിപ്പൊട്ടിയ്ക്കാം, പിരിയാം……. എനിയ്ക്ക്……….. എന്റെ സ്റ്റുഡന്റ്സിനെ ഏതു കടലാസ്സിൽ ഒപ്പിട്ടാണ് ഞാൻ പിരിയുക?‘
മാഷ്ടെ വാക്കുകളിൽ ദയനീയമായ ഒരു കിതപ്പുണ്ടായിരുന്നു.
നമുക്ക് കഫറ്റേരിയയിൽ പോയി ഒരു കപ്പ് കാപ്പി കുടിയ്ക്കാം. വല്ലാത്ത ക്ഷീണം തോന്നുന്നു.ഘന ഗംഭീരമായിരുന്ന ആ പഴയ ശബ്ദം ഇപ്പോൾ തളർന്നിരിയ്ക്കുന്നു.
കഫറ്റേരിയയിലേയ്ക്ക് അധികമില്ല. ഭാഗ്യം, ഇരിപ്പിടമുണ്ട്. അല്ലെങ്കിൽ ബുദ്ധിമുട്ടായിപ്പോയേനെ.
ഒരു മിക്സഡ് ജൂസ് മതി.വെയിറ്റർ അടുത്ത് വന്നപ്പോഴേയ്ക്കും ഞാൻ വിളിച്ചു പറഞ്ഞു. സ്കാർഫ് നീങ്ങിപ്പോയ മുഖം കണ്ട് വെയിറ്റർ ഭയന്ന് വിറയ്ക്കുമെന്നെനിയ്ക്കുറപ്പായിരുന്നു. തിടുക്കത്തിൽ ആ തുണിക്കഷണം ശരിപ്പെടുത്തുമ്പോൾ ഞാൻ മാഷുടെ മുഖത്ത് നോക്കാൻ മടിച്ചു .
മാഷ് കാപ്പിയും ഒരു സ്ക്രാംബ്ല്ഡ് എഗ്ഗും ഓർഡർ ചെയ്തു. ആ മുട്ട വിഭവം എന്നെ.. ആക്രമിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. തകർത്തെറിയുകയായിരുന്നു. പിച്ചിക്കീറുകയായിരുന്നു.
സിൽക്ക് കർട്ടനുകളുള്ള മനോഹരമായി അലങ്കരിച്ച ഡൈനിംഗ് റൂമിൽ, കുലീനയായ ഭാര്യയ്ക്ക് ചേരുന്ന വേഷവിതാനങ്ങളുമായി ഓർമ്മയുടെ, വേവുന്ന കാലങ്ങളിൽ……… പിഞ്ഞാണത്തിലെ വെണ്മയിൽ മൊരിഞ്ഞ മുത്തുകൾ പോലെ തുറിച്ചു നോക്കുന്ന ആ വിഭവം. ചില്ലു ഗ്ലാസുകളിൽ സൂര്യനലിഞ്ഞു ചേർന്ന് സ്വർണ വർണമായ ദ്രാവകം, അത് കൃത്യമായ ഇടവേളകളിൽ എരിവോടെ തൊണ്ടയിലൂടൊഴുകുമ്പോൾ.
ആദ്യം മടിയുണ്ടായിരുന്നു. ഒരു ഹിസ്റ്റീരിയക്കാരിയെപ്പോലെ ബഹളം വെച്ചിരുന്നു. ഒച്ചയുയരുമ്പോൾ, കൈകളുയരുമ്പോൾ മടിയും ഹിസ്റ്റീരിയയും കുറഞ്ഞു വന്നു. എന്നിട്ടും താടി വെച്ച ഒരു ബിസിനസ് പാർട്ണർ കോണിപ്പടിയിൽ വെച്ച് ചുണ്ടുകൾ കടിച്ചെടുത്ത ദിവസം ആവശ്യമില്ലാതെ കണ്ണീരൊഴുക്കുകയും ഡെറ്റോൾ കൊണ്ട് അനവധി പ്രാവശ്യം ചുണ്ടുകൾ കഴുകുകയും ചെയ്തു. അതൊക്കെ ഒരു പരിശീലനമായിരുന്നെന്ന് വെളിപ്പെട്ടത് ഭർത്താവ് വേറൊരാളെ മുറിയിൽ മറന്നു വെച്ചു പോയ രാത്രിയിലാണ്.
സ്വർണ നിറമുള്ള ദ്രാവകത്തിന് എല്ലാ പ്രതിഷേധത്തെയും തണുപ്പിയ്ക്കാൻ കഴിയുമായിരുന്നു. കൂർത്തു മൂർത്ത ചിന്തകളുടേയും പ്രതിഷേധത്തിന്റേയും ചോദ്യങ്ങളെ അലിയിപ്പിച്ചു കളയാനാകുമായിരുന്നു. എല്ലാം അനുസരിയ്ക്കുന്ന ഭാര്യയെ വേണ്ടാത്ത ഭർത്താവ് ഈ ലോകത്തിലില്ലെന്നതു പോലെ, വേറെയും പരമമാ‍യ സത്യങ്ങളുണ്ടെന്ന് ഞാൻ പതുക്കെപ്പതുക്കെ മനസ്സിലാക്കി.
സോപ്പു തേച്ചുള്ള ഒരു നല്ല കുളിയ്ക്കോ ആശുപത്രി ടേബിളിലെ കാലുകളുയർത്തിവെച്ചുള്ള നാണം കെട്ട കിടപ്പിനോ മാറ്റാൻ പറ്റാത്ത ഒരു അഴുക്കും പുരുഷന് പെണ്ണിൽ ഏൽ‌പ്പിയ്ക്കാൻ കഴിയില്ലെന്ന തിരിച്ചറിവായിരുന്നു ഞാൻ കണ്ടുപിടിച്ച ഏറ്റവും വലിയ സത്യം. അതറിഞ്ഞപ്പോൾ മുതൽ ഞാൻ ദാഹാർത്തയായി കാത്തിരുന്നു. സ്വർണ നിറമുള്ളതും കാപ്പിയുടെ നിറമുള്ളതും ഒരു നിറവുമില്ലാത്തതുമായ അനവധി ദ്രാവകങ്ങൾ കോരിയൊഴിച്ചിട്ടും എന്റെ ദാഹം ശമിച്ചില്ല. പുരുഷന്മാരുടെ ഗന്ധവും ഒരു ദിവസം വളർച്ചയെത്തിയ താടിരോമങ്ങളും എന്നെ മത്തുപിടിപ്പിയ്ക്കുകയും ഇക്കിളിപ്പെടുത്തുകയും ചെയ്തു. പലപ്പോഴും എനിയ്ക്ക് വലിച്ചെടുക്കാൻ മാത്രം ഒന്നുമില്ല പുരുഷനിലെന്നറിഞ്ഞ്, വലിയ ചട്ടക്കൂടിൽ കാണപ്പെടുന്ന ആ പഴന്തുണിക്കഷണങ്ങളോട് സഹതപിച്ചു. നീ എന്റെയൊരു വെറും കളിപ്പാട്ടമാണെന്ന് പറഞ്ഞും പറയാതെയും, പല ശരീരങ്ങളുമായി കൌശലക്കാരിയായ ഒരു മന്ത്രവാദിനിയായി കളിച്ചു രസിച്ചു.
ആ അറിവുകൾക്കൊപ്പം കണ്ണു കുത്തിത്തുരന്ന് ഞാൻ കണ്ണീരിനെ വറ്റിച്ചു കളഞ്ഞു. കണ്ണ് ചുവക്കുവോളവും ശ്വാസം മുട്ടുവോളവും മൂത്രം കിനിയുവോളവും പൊട്ടിച്ചിരിയ്ക്കാൻ പഠിച്ചു. മനസ്സെന്ന വാക്കിന്റെ അർത്ഥം കരിമ്പാറക്കെട്ടെന്നായിത്തീർന്നു
എന്റെ മാറ്റം കണ്ട് അദ്ദേഹം അമ്പരന്നു പോയി. പലപ്പോഴും മിടുക്കി, മിടുക്കിഎന്ന് അഭിനന്ദിച്ചു. ജീവിതവും മാറുകയായിരുന്നു. അദ്ദേഹം ആശിച്ച പ്രോജക്ടുകളും പിന്നെ പണവും പ്രതാപവും അതിന്റെ സർവ പ്രൌഡിയോടും കൂടി ജീവിതത്തെ ആശ്ലേഷിച്ചു.
മനസ്സിന്റെ തഴുതിട്ട ഉരുക്കു വാതിൽ ഇടിച്ചു തകർത്തത്, കരിമ്പാറക്കെട്ടിലെ നീരുറവയെ ചാലിട്ടൊഴുക്കിയത് മനോജായിരുന്നു. സത്യത്തിൽ അയാൾ മാത്രമാണ് ഞാൻ അതി കഠിനമായി സ്നേഹിയ്ക്കുകയും നെഞ്ചിൽ തലവെച്ചുറങ്ങാൻ ആഗ്രഹിയ്ക്കുകയും ചിലപ്പോഴെങ്കിലും വെറുക്കുകയും ശപിയ്ക്കുകയും ചെയ്തിട്ടുള്ള ഒരേയൊരു പുരുഷൻ.
എന്നെ നിസ്സഹായയാക്കിയവൻ. എന്നാലും മൃദുലമായി സ്നേഹത്തോടെ അലിവോടെ കരുണയോടെ കണ്ണുകൾകൊണ്ട് തലോടിയവൻ.
അയാൾ വിളിച്ചിരുന്നെങ്കിൽ കൂടെപ്പോകുമായിരുന്നുവോ എന്ന് പിന്നീട് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്.
തണുത്തുറഞ്ഞ ഒരു രാത്രിയിൽ ഗ്ലാസ്സിലുരുകിയൊഴുകിയ സ്വർണം മുഴുവൻ വലിച്ചു കുടിച്ച ശേഷം, അയാൾ എന്റെ ഭർത്താവിന്റെ കരണത്തടിച്ചു.. “നാണം കെട്ടവനെ, കൂട്ടിക്കൊടുപ്പുകാരാ’“ എന്നലറി. ആ നിമിഷത്തിൽ ഞാൻ തളർന്നു പോയി. എന്റെ അഹന്ത അസ്തമിച്ചു. ഞാൻ എന്നെ വിളിയ്ക്കാൻ ഭയപ്പെടുന്ന ആ വാക്ക് എന്റെ വായിൽ വഴുവഴുപ്പോടെ ഇഴഞ്ഞു. ഭീമാകാരം പൂണ്ട ഒരു സർപ്പമായി അതെന്നെ ആഞ്ഞുകൊത്തി, ആ വിഷത്തീന്റെ കാളിമയിൽ ഞാൻ നീലിച്ചു.
ഞാനോടിച്ചെന്ന് മനോജിന്റെ കാൽക്കൽ ഒരു പട്ടിയെപ്പോലെ ചുരുണ്ടു കിടന്നു ഉച്ചത്തിൽ മോങ്ങി…“എന്നെ കൊണ്ടു പോകൂ”“ എന്ന് ആ കാലുകളെ കെട്ടിപ്പിടിച്ച് യാചിച്ചു.
അയാൾ ചീറി. “നിന്നെ വിറ്റ് മതിയായില്ല, ഇനിയും സാമ്രാജ്യം വളർത്താനുണ്ട്, നിന്റെ ഭർത്താവിന്. നിനക്ക് പോയി ചത്തു കൂടെ പിശാചേ?” “
ഞാൻ നിവർന്നിരുന്നു. അപ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അയാൾ എന്നെ നോക്കി,. ഈ ഭൂലോകത്തിൽ ഇതുവരെ രൂപമെടുത്തിട്ടുള്ള സമസ്ത സ്നേഹവും അതിരുകളില്ലാത്ത അലിവും മാത്രമായിരുന്നു അവയിൽ. അതിനു ശേഷമാവണം ഈ ലോകത്താർക്കും അലിവും സ്നേഹവും ലഭ്യമല്ലാതാ‍യിത്തീർന്നത്. കാരണം അതു മുഴുവൻ മനോജിന്റെ ഒഴുകുന്ന ആ കണ്ണുകളിലുണ്ടായിരുന്നുവല്ലൊ. എന്റെ ഭർത്താവ് ഒരു കൊടുങ്കാറ്റു പോലെ അതിവേഗം മുറി വിട്ടു പോയപ്പോൾ മനോജും അദ്ദേഹത്തെ പിന്തുടർന്നു.
പിറ്റേന്ന് രാവിലെ മുഷിഞ്ഞ വസ്ത്രങ്ങളോടെയും കലങ്ങിയ കണ്ണുകളോടെയും ഞാൻ മനോജിന്റെ ഫ്ലാറ്റിൽ പോയി അയാളെ കാണാൻ ശ്രമിച്ചു. നഗരത്തിലെ സാമാന്യം ഭേദപ്പെട്ട ഒരു തെരുവിലായിരുന്നു അയാൾ താമസിച്ചിരുന്നത്. ഒരു ഭ്രാന്തിയെപ്പോലെ ആ വാതിലിൽ ഇടിച്ചു നിലവിളിച്ചിട്ടും അയാൾ വാതിൽ തുറന്നതേയില്ല. അയൽ‌പ്പക്കക്കാർ ശ്രദ്ധിയ്ക്കുന്നതു വരെയും, എന്റെ ഭർത്താവ് കഠിനമായ കോപത്തോടെ വന്നെത്തുന്നതു വരെയും ഞാനവിടെ കുത്തിയിരുന്നുവെങ്കിലും അയാൾ പുറത്തു വരാൻ കൂട്ടാക്കിയില്ല.
പുരുഷന്മാർ ഇങ്ങനെയാണ്. ആരാണവരെ സ്നേഹിയ്ക്കുന്നതെന്ന് അവർക്കറിയാൻ കഴിയുകയില്ല. കത്തുന്നതും നീറിപ്പിടിയ്ക്കുന്നതുമായ സ്നേഹം അവരെ ഭയപ്പെടുത്തും. അപ്പോൾ അവർ ജാതി, മതം, കുടുംബ മഹിമ, ചാരിത്ര്യം, പണം, വിദ്യാഭ്യാസം, ജോലി, നിറം, മുടി, അമ്മ, പെങ്ങൾ എന്നു തുടങ്ങിയ കാക്കത്തൊള്ളായിരം പരിചകൾകൊണ്ട് സ്നേഹത്തെ പ്രതിരോധിയ്ക്കും. പിന്നീട് പരിചകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുമ്പോഴാവട്ടെ കത്തുന്ന ആ സ്നേഹത്തെ തിരഞ്ഞ് ഒരു ജന്മം മുഴുവൻ ഇരുട്ടിൽ പരതി നടക്കും. ലോകത്തോടു മുഴുവൻ പല പല കാരണങ്ങൾ നിരത്തി പരാതിപ്പെടും.
തിരുമ്മിത്തിരുമ്മി പിഞ്ഞി മുഷിഞ്ഞ ഒരു കോട്ടൺ സാരിയും ധരിച്ച് അയാൾക്കൊപ്പം ഏതു ചെളിയിലും ഞാൻ ആഹ്ലാദത്തോടെ ജീവിയ്ക്കുമായിരുന്നു.
മനോജിന്റെ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ നിന്ന് എന്നെ നിർബന്ധിച്ച് കാറിൽ കയറ്റിയപ്പോൾ കോപം കൊണ്ട് അദ്ദേഹം ഒരു ഭ്രാന്തനായിത്തീർന്നിരുന്നു. എനിയ്ക്കപ്പോൾ അലറിച്ചിരിയ്ക്കാൻ കഴിഞ്ഞു. എന്നിൽ ഒന്നുമില്ലാതിരുന്നിട്ടും അദ്ദേഹം എന്റെ മുൻപിൽ ഒരു പുഴുവിനെപ്പോലെ നിസ്സാരനായിത്തീർന്നുവെന്ന് എനിയ്ക്ക് തോന്നി.
വീട്ടിൽച്ചെന്ന് ഞാനൊരു ഡ്രിങ്ക് ഫിക്സ് ചെയ്യുമ്പോഴായിരുന്നു, അദ്ദേഹം എന്നോട് ചർച്ച ചെയ്യാൻ മുതിർന്നത്. എന്നെ കുറ്റപ്പെടുത്താൻ ശ്രമിച്ചത്, നിലയും വിലയും മറന്ന് പെരുമാറരുതെന്ന് ഉപദേശിച്ചത്. ഡ്രിങ്കിനൊപ്പമുള്ള സ്ക്രാംബ്ൾഡ് എഗ്ഗെന്ന ഉപദംശമായി മാറാൻ ഞാൻ കോഴിമുട്ടകളെ ഒന്നൊന്നായി പാനിലേയ്ക്ക് പൊട്ടിച്ചൊഴിച്ചു പൊള്ളിച്ചുകൊണ്ടിരുന്നു.
തർക്കമൊഴിവാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും എനിയ്ക്ക് സഹിയ്ക്കാൻ കഴിഞ്ഞില്ല. മനോഹരമായി വസ്ത്രം ധരിച്ച, വിലകൂടിയ സിഗരറ്റ് പുകയ്ക്കുന്ന ആ പുരുഷ ശരീരത്തെ ഒരു യക്ഷിയെപ്പോലെ വലിച്ചു കുടിയ്ക്കണമെന്നും എല്ലുകൾ കടിച്ചു പൊട്ടിയ്ക്കണമെന്നും ഞാൻ ആഗ്രഹിച്ചു. ആ രക്തം കൊണ്ട് കുതിർന്ന എന്റെ ചുണ്ടുകളുടെ മോഹിപ്പിയ്ക്കുന്ന വർണ്ണം ലോകത്തൊരു ലിപ്സ്റ്റിക്കിനും ലഭിയ്ക്കുകയില്ല.
എനിയ്ക്ക് രാക്ഷസീയമായ കരുത്തുണ്ടായി. പക്ഷെ, അടുത്ത നിമിഷം അടുപ്പിൽ നിന്നും പറന്നുയർന്ന പാതി വെന്ത കോഴിമുട്ടകൾ എന്റെ കണ്ണിലമർന്നു. തൊലി കരിയുമ്പോഴുള്ള ചെടിപ്പിയ്ക്കുന്ന മണം എല്ലായിടത്തും വ്യാപിച്ചു. കവിളിലെ പച്ച മാംസത്തിൽ ചുട്ടു പഴുത്തൊരു പാത്രം അമർന്നാലെങ്ങനെയിരിയ്ക്കുമന്നറിയാമോ?
ആ വേദനയും പിടച്ചിലും…………. തൊണ്ട പൊട്ടുന്ന കരച്ചിൽ………… ശരീരമാകെ ആളിപ്പടരുന്ന കഠിന വേദനയുടെ കൈകൾ……….. കത്തുന്ന സിഗരറ്റിന്റെ കഷ്ണം മുടിയിഴകളിൽ പരതിയപ്പോൾ പൂമണമുള്ള കറുത്ത പട്ടു നാരുകൾ വെന്തടർന്നു. തീയ്ക്കെന്തൊരു ചൂടും നീറ്റവുമാണെന്നോ! ആ ചൂടിൽ തലച്ചോറും നെഞ്ചിൻ കൂടും ലക്ഷം നുറുങ്ങുകളായി പൊട്ടിത്തകരും.
അദ്ദേഹത്തിനു വിവാഹമോചനം അനുവദിച്ച ന്യായാധിപൻ ഈ മുഖം കണ്ട് ഭയന്നു വിളറി. ആത്മഹത്യാ പ്രവണതയുള്ള സ്ത്രീയ്ക്കൊപ്പം കഴിയാനാവില്ലെന്ന് അദ്ദേഹം വാദിച്ചപ്പോൾ, എന്റെ മുഖത്ത് നോക്കി തരിച്ചിരുന്ന ന്യായാധിപന് സമ്മതിയ്ക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. ന്യായാധിപന്മാർ ഒരിയ്ക്കലും സാക്ഷികളായ സൂര്യന്മാരാകുന്നില്ല, അവരെന്നും കേൾപ്പിയ്ക്കുന്നത് കേൾക്കുന്നവരും കാണിയ്ക്കുന്നതു കാണുന്നവരും മാത്രമാകുന്നു.
റെയിൽപ്പാളത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയെന്ന് അറിയിച്ച അദ്ദേഹത്തിന്റെ പുരുഷ സുഹൃത്തിനോട് കോടതി ഒരു വിശദീകരണവും ആവശ്യപ്പെട്ടില്ല. ഡിസൈനർ സാരികൾ ധരിച്ച് സുഗന്ധം പുരട്ടിയ സ്ത്രീ സുഹൃത്തുക്കൾ സഹതാപവും സ്നേഹവും നിറച്ച മിഴികളാൽ അദ്ദേഹത്തിനെ തലോടിക്കൊണ്ട് കോടതി മുറിയിൽ നിശബ്ദരായി നിന്നു.
വിധിയ്ക്ക് ശേഷം എന്റെയരികിൽ വന്ന് ഇടിമിന്നൽ പോലെ പുഞ്ചിരിച്ചുകൊണ്ട്, അവസാനമായി കാതിൽ ഈയം ഉരുക്കിയൊഴിയ്ക്കുവാൻ അദ്ദേഹം മറന്നില്ല. നീ പൂപ്പൽ പിടിച്ച് ഒടുങ്ങും. ഒരു മനുഷ്യജീവിയും നിന്നെ ഇനി തൊടുകയില്ല. നിന്റെ നോജു പോലും. ഇതാണെന്റെ പ്രതികാരം. ആൾ ദ ബെസ്റ്റ്
വർഷങ്ങൾ കടന്നു പോയിരിയ്ക്കുന്നു.
കരിഞ്ഞടർന്ന മുഖവും തുറിച്ചുന്തി വികൃതമായ കാഴ്ചയില്ലാത്ത വലതു കണ്ണും പറ്റേ വെട്ടിയ തലമുടിയുമായി ഒരു സ്കാർഫിന്റെ തണലിലൊതുങ്ങിയ എന്റെ ജീവിതം………….. ങ്കിലും അദ്ദേഹത്തിന്റെ ആ കണക്കുകൂട്ടൽ ഓരോ തവണ തെറ്റിയ്ക്കാൻ കഴിഞ്ഞപ്പോഴും, ഞാൻ സമനില മറന്നവളെപ്പോലെ മനോജിനായി ദാഹിച്ചു.
കരിഞ്ഞ മുഖത്ത് ഒരു കഷ്ണം തുണിയിട്ടു കഴിഞ്ഞാൽ , “വാട്ടീസ് ബ്യൂട്ടി വെൻ ദ ലൈറ്റ് ഈസ് പുട്ട് ഓഫ്എന്ന് പുലമ്പുന്ന കവിയും, ഭാര്യ ഉപേക്ഷിച്ചു പോയ ഭർത്താവും, വിവാഹത്തിനു മുൻപ് കാമശാസ്ത്രം പഠിയ്ക്കാൻ വന്ന വരനും, “എന്റെ ഒരു കുഞ്ഞിനെ പെറ്റു താ’ “ എന്ന് കേഴുന്ന എഴുപതുകാരനും..എല്ലാവരും ചില കാര്യങ്ങളിൽ ഒരു പോലെ പെരുമാറുമെന്ന് എനിയ്ക്ക് മനസ്സിലായി. ഒരു പേരോ മുഖമോ തലമുടിയോ മേൽ വിലാസമോ ഒന്നും പെണ്ണിന് ആവശ്യമില്ലെന്നും ഞാൻ കണ്ടുപിടിച്ചു.
മനോജ് എന്നെങ്കിലുമൊരിയ്ക്കൽ എന്നെ കാണുവാൻ വരുമെന്ന് ഞാൻ കുറെക്കാലം വിചാരിച്ചുകൊണ്ടിരുന്നു. ആ നിറഞ്ഞൊഴുകുന്ന കണ്ണുകളെ മാത്രം ധ്യാനിച്ചുകൊണ്ട്.. ആ ധ്യാനം അയാളെ എന്നിലെത്തിയ്ക്കുമെന്ന്……..പിന്നെപ്പിന്നെ നീറുന്ന പുണ്ണുകളുടെ വേദന താങ്ങാനാവാതെയായപ്പോൾ അയാളെ ഞാൻ മറന്നു തുടങ്ങി.
 ‘ജൂസ് കുടിയ്ക്കുന്നില്ലേ? ഞാൻ കഴിച്ചു തീർത്തുമാഷ്ടെ ശബ്ദം എന്നെ കഫറ്റേരിയയിലേ ബഹളത്തിലേയ്ക്ക് തിരിച്ച് കൊണ്ടു വന്നു.
വലതു ചുണ്ടിലെ കരിവാളിപ്പിനും വൈകൃതത്തിനുമിടയിലൂടെ ജൂസ് കവിഞ്ഞൊഴുകാതിരിയ്ക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ ഗ്ലാസ് ചുണ്ടോട് ചേർത്തു.
ബില്ല് കൊടുത്ത് എണീറ്റപ്പോൾ മാഷ് എന്റെ ചുമലിൽ ആ കൈ വെച്ചു.
അക്ഷരങ്ങളുടെ അനുഗ്രഹത്തെ മറന്നു കളയരുത്. കുട്ടിയറിഞ്ഞത്രയും പുണ്ണുകളുടെ നീറ്റൽ അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. ഇനി ബാക്കിയുള്ള കുറച്ചു സമയം ഈ ലോകത്തോട് സംസാരിയ്ക്കൂ. ഇത്രയും അനുഭവിച്ച ശേഷം ഈ ലോകത്തെ തരിമ്പും ഭയപ്പെടരുത്.
തുറിച്ചുന്തി വികൃതമായ കണ്ണിലും അപ്പോൾ നനവു പൊടിഞ്ഞു.

ഇതാണ് എന്റെ പുസ്തകം…“പുണ്ണെഴുത്തുകൾ. പല തരം മനുഷ്യ ജീവിതങ്ങൾ ഒരു പെണ്ണിനു നൽകിയ നീറുന്ന പുണ്ണുകളുടെ ഓർമ്മപ്പുസ്തകം. എങ്കിലും തുടയിടുക്കുകളേയും മുലമൊട്ടുകളെയും കാണുവാൻ മാത്രമായി ആരും ഈ പേജുകൾ മറിയ്ക്കരുത്.
ഒരേ സൂര്യന്റെ വെളിച്ചവും ചൂടും അനുഭവിയ്ക്കുന്ന ഒരു പെണ്ണും നിങ്ങളും തമ്മിലെ അന്തരമാണിതിലെ അക്ഷരങ്ങൾ. ഒരേ മഴ പെയ്യുന്ന വീട്ടു മുറ്റങ്ങളിലെ അകൽച്ചയാണിതിലെ വാക്കുകൾ. ഒരേ കാറ്റു വീശുന്ന കടൽക്കരകളിലെ ഉഷ്ണമാണിതിലെ തലക്കെട്ടുകൾ. ഒരേ പൂക്കൾ വിരിയുന്ന പൂന്തോട്ടങ്ങളിലെ നിറവ്യത്യാസമാണിതിലെ അധ്യായങ്ങൾ.എച്മുകുട്ടി
*******************


വാലുകള്‍ ....

പ്രിയ വായനക്കാരെ, ബ്ലോഗേഴുത്തിനെ ആകര്ഷിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ബൂലോകത്തില്‍ പോസ്റ്റ്‌ ചെയ്യാന്‍ താല്പ്പര്യമുള്ളവരുടെ രചനകള്‍ അയച്ചു തരാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നതനുസരിച്ചു ആദ്യം ലഭിച്ചത് സംഗീതാ അരവിന്ദ് എഴുതിയ വാലുകള്‍ എന്ന കൊച്ചു കവിതയാണ്. പ്രഖ്യാപിച്ചിരുന്നത് പോലെ  സംഗീതാ അരവിന്ദിന് ബ്ലോഗ്ഗേഴ്സ് സോവനീര്‍ ആയ ഈയെഴുത്ത് , എന്‍ ബി പബ്ലിക്കേഷന്‍ പ്രസിദ്ധീ കരണങ്ങള്‍ ആയ കലിയുഗ വരദന്‍, കായംകുളം സൂപ്പര്‍ ഫാസ്റ്റ് എന്നീ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കുന്നു. ഈ കൊച്ചു കവിതയെക്കുറിച്ചുള്ള വിലയിരുത്തലുകളും വായനക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നു.വാല് മുറിഞ്ഞ പല്ലികളും
നിറം മാറിയ ഓന്തുകളും  
ഇന്നലെ മച്ചിന്‍ പുറത്ത്
ഏറ്റുമുട്ടി..
വിപ്ലവം...
കെണിയില്‍ കുടുങ്ങിയ
പെരുച്ചാഴി ജീവന്‍
മറന്ന് വിപ്ലവത്തെ
പിന്താങ്ങി...
തുടിപ്പ് വിട്ടു മാറാത്ത
വാലുകള്‍ തേടി
നരിച്ചീറുകള്‍ വന്നിരുന്നത്രെ..
പക്ഷെ നിഴല്‍
ചിത്രങ്ങള്‍ മുഴുവന്‍
ഓന്തുകളുടെ വര്‍ണ
മഴ നനഞ്ഞു കുതിര്‍ന്നു..
പിടച്ചില്‍ മാറിയ
വാലുകള്‍ ഇന്നും
കുടം കുളത്തെ
മച്ചിന്‍ പുറത്തു
ബാക്കി നില്‍ക്കുന്നു...
ചിലത് വേദനയില്‍
പിടഞ്ഞു കൊണ്ടിരിക്കുന്നു...
***********************
സംഗീത അരവിന്ദിന്റെ മഴ എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. 
(ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചു  വ്യതിയാനം വരുത്തിയത്. )


വോൾഗാ തരംഗങ്ങൾ


പുസ്തകാവലോകനം - വോൾഗാ തരംഗങ്ങൾ
ലേഖകൻ - നിരക്ഷരൻ
“എന്റെ കുട്ടിക്കാലത്ത് ഏറ്റെടുത്ത റഷ്യൻ അനുഭൂതികളുണ്ട്. ഈ സഞ്ചാരകൃതിയിൽ അതിന്റെ പരാമർശങ്ങൾ എനിക്കൊഴിവാക്കാനാവില്ല.“ എന്നു പറഞ്ഞാണ് ലേഖകൻ തന്റെ റഷ്യൻ യാത്രാവിവരണം ആരംഭിക്കുന്നത്. അദ്ദേഹത്തിന് മാത്രമല്ല, വായനക്കാരിൽ ബഹുഭൂരിപക്ഷത്തിനും ഉണ്ടാകും ഇപ്പറഞ്ഞ കുട്ടിക്കാലത്തെ റഷ്യൻ അനുഭൂതികൾ. ടി.എൻ.ഗോപകുമാറിന്റെ വോൾഗാ തരംഗങ്ങൾ എന്ന റഷ്യൻ യാത്രാവിവരണത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.

സോവിയറ്റ് യൂണിയൻ തകരാനുള്ള കാരണമെന്താണ് ? സഞ്ചാരത്തിനിടയിലെ പ്രധാന അന്വേഷണമതാണ്. റഷ്യയിൽ കമ്മ്യൂണിസം അവസാനിച്ചെന്ന് പറയുന്നവർക്ക് തെറ്റുപറ്റി എന്നാണ് ഗോപകുമാർ അഭിപ്രായപ്പെടുന്നത്. അതിന് അദ്ദേഹത്തിന്റേതായ വിശദീകരണവും ഉണ്ട്. റഷ്യയിൽ ഇംഗ്ലീഷ് അറിയുന്നവർ വളരെക്കുറവാണ്, അറിയാമെങ്കിൽത്തന്നെ സംസാരിക്കുന്നവർ വിരളം. ക്രിയാപദം ഒഴിവാക്കി തട്ടിയും മുട്ടിയുമൊക്കെ സംസാരിക്കാൻ മനസ്സുകാണിക്കുന്ന ഓരോരുത്തരോടും സോവിയറ്റ് യൂണിയന്റെ തകർച്ചയെപ്പറ്റിയും അതിന്റെ കാരണത്തെപ്പറ്റിയും ലേഖകൻ തിരക്കുന്നുണ്ട്. പാർട്ടിയോ, കമ്മ്യൂണിസ്റ്റ് ആശയമോ അല്ല പ്രശ്നമുണ്ടാക്കിയത്, ലെനിൻ അടക്കമുള്ള ചില മനുഷ്യരാണ് കാരണമെന്നാണ് പുതിയ റഷ്യൻ നേതൃത്വം പറയാതെ പറയുന്നത്. ഭാഷയടക്കം പലതും അടിച്ചേൽ‌പ്പിച്ചത് കാരണമായിട്ടില്ലേ ? പലതും തുറന്ന് പറയാൻ ജനങ്ങൾ മടിക്കുന്നു. അവർ ഭരണകൂടത്തിന്റെ ആൾക്കാരെ അക്ഷരാർത്ഥത്തിൽ പേടിക്കുന്നുണ്ട്. ആട്ടവും പാട്ടുമൊക്കെയായി ഒരു ഒത്തുചേരൽ വീണ്ടും ഉണ്ടാകുമെന്നും ‘ചരിത്രപരമായ തെറ്റ് ‘ തിരുത്തപ്പെടുമെന്നും കാത്തിരിക്കുന്നു അവർ. Why Russia ? നിങ്ങളെന്തിനാണ് റഷ്യപോലുള്ള ഒരു രാജ്യത്ത് വന്നതെന്ന് ചോദ്യം ലേഖകൻ നേരിടുന്നുണ്ട് ഒരിടത്ത്. Why not Russia ? I love Russia എന്ന് പറഞ്ഞാണ് രക്ഷപ്പെടുന്നത്.

ലെനിന്റെ ഇനിയും സംസ്ക്കരിക്കാത്ത ഭൌതികശരീരം കാണാൻ മുസോളിയത്തിൽ പോകുമ്പോൾ, എന്തിനീ ശരീരമിങ്ങനെ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന ചിന്ത, അങ്ങനൊരു കാര്യം അറിയുന്ന ഒരുപാട് പേരെപ്പോലെ തന്നെ അദ്ദേഹത്തിനുമുണ്ട്. ഉത്തരം പുസ്തകം തരുന്നുമുണ്ട്.

നമ്മൾ വിഡ്ഢികൾ, ഗാന്ധിജിയുടെ ശരീരം ലെനിന്റേത് പോലെ സൂക്ഷിച്ചിരുന്നെങ്കിൽ ടാജ് മഹാളിനേക്കാൾ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാമായിരുന്നെന്ന് പറയുന്നത് പരിഹാസത്തോടെ തന്നെയാണ്. ‘ലെനിനെ കാണാൻ മുസോളിയത്തിൽ എത്തുന്നവരേക്കാൾ കൂടുതൽ ആൾക്കാരുണ്ട് റെഡ് സ്ക്വയറിലെ ബസിലിക്കയിൽ. റെഡ് സ്ക്വയറിൽ കൃസ്‌തു വാഴുന്നു. കമ്മ്യൂണിസവും ക്രൈസ്തവതയും ഒന്നാണെന്ന് പറഞ്ഞവർക്ക് സ്തുതി.‘ നർമ്മബോധത്തോടെയാണ് പരുക്കനായ നേർക്കാഴ്ച്ചകളെ വരച്ചുകാട്ടിയിരിക്കുന്നതെന്ന് അവതാരികയിൽ പി.ഗോവിന്ദപ്പിള്ള രേഖപ്പെടുത്തിയിരിക്കുന്നത് എത്രയോ ശരി.

തകർന്ന സോവിയറ്റ് യൂണിയനിൽ നിന്ന്, വയറ്റിപ്പിഴപ്പിനായി മറ്റ് രാജ്യങ്ങളിലേക്ക് മാംസവിൽ‌ക്കാൻ ചേക്കേറേണ്ട ഗതികേടുണ്ടായിട്ടുണ്ട് അന്നാട്ടിലെ പെൺകൊടികൾക്ക്. പക്ഷെ റഷ്യയിൽ എല്ലാ നൈറ്റ് ക്ലബ്ബുകളിലും കാണുന്ന നർത്തകികൾ അഭിസാരികൾ ആണെന്ന് ധരിക്കരുത്. മോസ്ക്കോ പോലുള്ള പ്രധാന നഗരങ്ങളിലെ ബാലെ സംഘങ്ങളിലെ നർത്തകികൾ പലരും ഒരു എക്സ്ട്രാ വരുമാനത്തിനായി നൈറ്റ് ക്ലബ്ബുകളിൽ ജോലി ചെയ്യുന്നെന്ന് മാത്രം. ബാലെ സംഘത്തിലെ നർത്തകികൾ ഭൂരിപക്ഷവും ബാലെയിൽത്തന്നെ നല്ലൊരു ഭാവിയ്ക്കായി കൊതിക്കുന്നു, കാത്തിരിക്കുന്നു. അവർക്ക് അതാണ് പ്രധാനം. അതിനായി അവർ ഹോളിവുഡ്ഡിൽ നിന്നുള്ള ക്ഷണങ്ങൾ പോലും നിരസിക്കുന്നു. തകർച്ചയുടെ അടിത്തട്ടിലെത്തി നിൽക്കുമ്പോളും സ്വന്തം നാടിന്റെ സംസ്ക്കാരം അടിയറവ് പറയാത്ത നല്ലൊരു കൂട്ടം ജനങ്ങളെ ഇന്നും കാണാനാകും റഷ്യയിൽ.

ഭാഷകൊണ്ട് അകന്നുനിൽക്കുന്നെങ്കിലും അമേരിക്കയേക്കാൾ ഭേദം റഷ്യതന്നെയാണെന്ന് വേണം മനസ്സിലാക്കാൻ. ഭൂപടത്തിൽ ഇന്ത്യ എവിടെയെന്ന് കാണിച്ചുതരാൻ റഷ്യക്കാർക്ക് പറ്റിയെന്ന് വരും. അമേരിക്കക്കാർക്ക് അതിനാകുമെന്ന് ഉറപ്പൊന്നുമില്ല.

റഷ്യൻ വിവാഹത്തിന്റെ ചില രസകരമായ മുഹൂർത്തങ്ങൾ, അത് കണ്ടിട്ട് അത്തരത്തിലാണെങ്കിൽ കല്യാണം തന്നെ കഴിക്കാതിരിക്കുന്നതാണ് ഭേദമെന്ന് അഭിപ്രായപ്പെടുന്ന സഹസഞ്ചാരികളായ നികേഷും(റിപ്പോർട്ടർ-നികേഷ് കുമാർ തന്നെയാകണം) സന്തോഷ് ജോർജ്ജും(കുളങ്ങര തന്നെ), സംഗീതത്തേയും കലാരൂപങ്ങളേയും ചെസ്സ് കളിയേയും സ്നേഹിക്കുന്ന ജനങ്ങൾ, എപ്പോഴും ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന റഷ്യൻ പെണ്ണുങ്ങൾ, മദ്യപിക്കുന്ന സമയത്തല്ലാതെ ഒരാവശ്യം ഉണ്ടെങ്കിൽ കൂടെ മന്ദഹസിക്കാത്ത പുരുഷന്മാർ, പീറ്റർ ചക്രവർത്തിയുടെ ദീർഘവീക്ഷണം ഇന്നത്തെ റഷ്യയ്ക്ക് നൽകിയിരിക്കുന്ന ഗുണഗണങ്ങൾ, പെട്രോഗ്രാഡ് ലെനിൻ‌ഗ്രാഡ് എന്നിങ്ങനെയൊക്കെ പലവട്ടം പേര് മാറ്റപ്പെട്ട സെന്റ് പീറ്റേർസ്‌ബർഗ്ഗിനെപ്പറ്റി നാട്ടുകാർ പറയുന്ന തമാശകൾ, എന്നിങ്ങനെ ഒരുപാട് വ്യത്യസ്തമായ വിശേഷങ്ങളുണ്ട് 14 അദ്ധ്യായങ്ങളിലായി. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച 95 പേജുള്ള ഈ സഞ്ചാര സാഹിത്യകൃതി 2011ലെ മികച്ച യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാഡമി അവാർഡും നേടിയിട്ടുണ്ട്. 

റഷ്യയിൽ ജനസംഖ്യ വല്ലാതെ കുറഞ്ഞുവരുന്നതുകൊണ്ട് രണ്ടിലധികം കുട്ടികളുള്ളവർക്ക് ഭരണകൂടത്തിന്റെ വക ഒരുപാട് പ്രത്യേക ആനുകൂല്യങ്ങളുണ്ട്. റോഡിലൂടെ മൂന്ന് കുട്ടികളുമായി പോകുന്ന ദമ്പതികളെ അസൂയയോടെയാണ് മറ്റുള്ളവർ നോക്കുന്നത്. അച്ഛനമ്മമാർ പാർട്ടിക്കാരാണെങ്കിൽ ആനുകൂല്യങ്ങളുടെ കാര്യം കുറേക്കൂടെ കേമമാണത്രേ! പോളണ്ടിലാകട്ടെ മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിക്കഴിഞ്ഞാൽ പിന്നെ അച്ഛനമ്മമാർ രണ്ട് കൊല്ലം ജോലി ചെയ്യണ്ട. ചിലവെല്ലാം സർക്കാരിന്റെ വക !!

ഗ്ലാസ്‌നോസ്റ്റ് എന്നാൽ 30 എം.എൽ, പെരിസ്‌ട്രോയിക്ക എന്നാൽ 60 എം.എൽ. എന്നിങ്ങനെയുള്ള ചില മദ്യപാന തമാശകളും, റഷ്യക്കാർ ഭയങ്കര മദ്യപാനികളാണെന്ന കിംവദന്തി പൊളിച്ചടുക്കുന്ന കണക്കുകളും യാഥാർത്ഥ്യങ്ങളുമൊക്കെ പുസ്തകം പങ്കുവെക്കുന്നുണ്ട്. റഷ്യക്കാർ എല്ലായ്പ്പോഴും വോഡ്‌ക്ക വാങ്ങാനായി ക്യൂ നിൽക്കുകയാണെന്നതാണ് കിംവദന്തി. കേരളത്തിലെ ബിവറേജസ് ഔട്ട്‌ലറ്റുകൾക്ക് മുന്നിലുള്ള നീണ്ടനിരകളും, ഓരോ പ്രാദേശീയ ആഘോഷങ്ങൾ കഴിയുമ്പോളും പുറത്തുവരുന്ന കോടികളുടെ കണക്കുകളും, ലോകമെമ്പാടും എത്തരത്തിലാണാവോ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ?!

യാത്രാന്ത്യത്തിൽ അധികം സഞ്ചാരികൾക്കൊന്നും ഉണ്ടാകാത്ത ഒരു ചിന്ത ഉത്ഭവിക്കുന്നുണ്ട് ലേഖകനിൽ. “ഈ യാത്രയിൽ എന്തുനൽകി ? എന്തുനേടി ?“ എസ്‌ക്കലേറ്ററിൽ സഞ്ചരിക്കുമ്പോൾ തൊട്ടടുത്ത് നിന്ന യുവതിക്ക് പരുക്കുപറ്റാൻ കാരണക്കാരനായതിൽ വീണ്ടും വീണ്ടും ദുഃഖിക്കുന്നു യാത്രികൻ. പരസ്പരം സ്നേഹം കൈമാറാനുള്ള അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തി എന്നത് തന്നെയാണ് നേട്ടം. ഏതൊരു സഞ്ചാരിയും അനുകരിക്കേണ്ട കാര്യമാണത്.

റഷ്യയെപ്പറ്റി കുറേനാൾ മുൻപ് വായിച്ച ബോബി അലോഷ്യസിന്റെ ‘സ്വപ്നം നിലച്ച റഷ്യയിൽ‘എന്ന പുസ്തകത്തിലെ പല രംഗങ്ങളും വോൾഗാ തരംഗങ്ങൾ വായിച്ചപ്പോൾ മുന്നിലോടിയെത്തി. ബോബിയുടേത് ഒരു അത്‌ലറ്റ് എന്ന നിലയ്ക്കുള്ള അനുഭവങ്ങൾ കൂടെ പങ്കുവെക്കുന്ന പുസ്തകമായിരുന്നു. ഇനിയൊരു റഷ്യൻ സഞ്ചാരസാഹിത്യം വായിക്കുന്നുണ്ടെങ്കിൽ അത് ‘ഫിനിക്സ് പക്ഷിയായി സോവിയറ്റ് യൂണിയൻ‘ എന്ന തലക്കെട്ടുള്ള ഒന്നാകണമെന്ന് ഞാനാഗ്രഹിക്കുന്നു. കാരണം, ശ്രീ.ഗോപകുമാറിന് കിട്ടിയിരുന്നത് പോലെതന്നെ സൌജന്യമായി വായിക്കാൻ കിട്ടിയിരുന്ന സോവിയറ്റ് യൂണിയൻ, സ്പുട്ട്‌നിക്ക് എന്നീ പുസ്തകങ്ങളോടുള്ള മമതയും അത് എത്തിച്ചുതന്നിരുന്ന ആ രാഷ്ട്രത്തോളുള്ള സ്നേഹവും തന്നെ.

വാൽക്കഷണം:‌- റഷ്യൻ നാടോടിക്കഥകൾ എന്ന തടിയൻ ബൈന്റുള്ള പുസ്തകം കൈമോശം വന്നിട്ട് നാളേറെയായി. പക്ഷെ, അതിൽ നിറഞ്ഞുനിന്നിരുന്ന ഇവാൻ എന്ന യുവാവിന്റെ കഥകൾ നിറം മങ്ങാതെ മനസ്സിലിപ്പോഴുമുണ്ട്. എന്നാലും അതൊന്നുകൂടെ വായിക്കണമെന്ന് തോന്നുന്നു ഇപ്പോൾ.

ബൂലോകത്തിന്റെ സ്വന്തം റാംജി യോടൊപ്പം.....


ഴിഞ്ഞ നാല് വര്‍ഷങ്ങളായി ബ്ലോഗില്‍ എഴുത്ത് - വായന എന്നീ മേഖലകളില്‍ സജീവമായി നിലകൊള്ളുന്ന അപൂര്‍‌വ്വം ബ്ലോഗര്‍മാരില്‍ ഒരാളാണ് റാംജി. മറ്റ് സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റം ബ്ലോഗിങിനെ ശക്തമായി പിന്നാക്കം വലിച്ചപ്പോഴും അതിലൊന്നും അത്രയധികം ആകൃഷ്ടനാവാതെ സ്വന്തം ബ്ലോഗിലൂടെ കഥകള്‍ പറഞ്ഞും മറ്റു ബ്ലോഗുകളിലെ കഥകളും കവിതകളും അനുഭവങ്ങളും ലേഖനങ്ങളും വായിച്ച് അതിനെ നല്ല രീതിയില്‍ വിലയിരുത്തുകയും ചെയ്യുന്ന ഒരാളാണ് താങ്കള്‍. ബ്ലോഗ് യുഗം കഴിയുന്നു എന്ന വാദങ്ങള്‍ക്കിടയിലും ശക്തമായി ഈ മാധ്യമത്തിന് വേണ്ടി നില്‍കൊള്ളുന്ന റാംജിക്ക് നമ്മുടെ ബൂലോകം ടീമിന്റെ അഭിനന്ദനങ്ങള്‍. ഒപ്പം ബ്ലോഗില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഒരു ഉത്സാഹക്കുറവ് പരിഹരിക്കുന്നതിനെ ഭാഗമായി ബ്ലോഗര്‍മാര്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഈ ഒരു അഭിമുഖപരമ്പരയില്‍ നമ്മുടെ ബൂലോകത്തോട് സഹകരിക്കാന്‍ കാട്ടിയ നല്ല മനസ്സിനും നന്ദി അറിയിക്കുന്നു.


റാംജിയുടെ ഒരു സെല്‍ഫ് പോര്‍ട്രയിറ്റ്


? മുന്‍‌ഗാമികളില്‍ ഭൂരിഭാഗവും സമകാലീനരില്‍ ഏറെക്കുറെയും ബ്ലോഗിങില്‍ നിന്നും അകന്നു നില്‍ക്കുമ്പോഴും ഇന്നും റാംജി കഥയെഴുത്തിന്റെയും ബ്ലോഗ് വായനയുടേയും ലോകത്ത് സജീവമായി നിലകൊള്ളുന്നു. എങ്ങിനെയാണ് ബ്ലോഗിങിലേക്ക് ആകൃഷ്ടനായത്?

= ബ്ലോഗിലേക്കു വന്നത് എന്റെ മകനുവേണ്ടി ഒരു കമ്പ്യുട്ടര്‍ വാങ്ങിയതിനാല്‍ മാത്രം. കമ്പ്യുട്ടര്‍ ഞെക്കി പഠിച്ചപ്പോള്‍ ബോഗറല്ലാത്ത ബ്ലോഗ്‌ എന്തെന്നറിയാത്ത എന്റെ സുഹൃത്ത്‌ സ്വന്തം ചിത്രങ്ങളും കഥകളും എഴുത്തുകളുമൊക്കെ പോസ്റ്റ്‌ ചെയ്യാന്‍ ഒരിടമുണ്ടെന്നു പറഞ്ഞു. അതുപ്രകാരം ഞങ്ങള്‍ തെരഞ്ഞു  കണ്ടെത്തി ഒന്ന് തയ്യാറാക്കുകയായിരുന്നു. പിന്നീട് അന്നത്തെ ആ ഉത്സാഹം
ഇന്നും തുടരുന്നു. ആര്‍ക്കും പങ്കുവെക്കേണ്ടാത്ത  ഒരു നിര്‍വൃതി  ഇവിടെ ലഭിക്കുന്നതിനാല്‍ ഓടിപ്പോകാന്‍ കഴിയുന്നില്ല

?ബ്ലോഗ് എന്ന ഈ മാധ്യമത്തെ കണ്ടെത്തിയതിന് ശേഷമാണോ കഥകള്‍ എഴുതുവാന്‍ തുടങ്ങിയത് ? അതോ വളരെ മുന്‍പേ തന്നെ എഴുതിയിരുന്നോ?

=ചെറുപ്പം മുതലേ കഥകള്‍ എഴുതുമായിരുന്നു. ഞാന്‍ മാത്രം വായിച്ച് ആരേയും കാണിക്കാതെ സൂക്ഷിച്ചു വെച്ചാണ് തുടക്കം. പിന്നീട് മാസികള്‍ക്ക് അയച്ചു കൊടുക്കുമായിരുന്നു. ഒന്നും വന്നില്ല കുറെ നാളുകള്‍. പിന്നെ ആദ്യമായി 'പൌരധ്വനി' എന്ന ആഴ്ചപ്പതിപ്പില്‍ വന്നു. അതിനുശേഷം അഞ്ചാറു കഥകള്‍ 'മംഗള'ത്തില്‍ വന്നിരുന്നു. 1990 കളില്‍ ആണെന്നു തോന്നുന്നു. കൊല്ലങ്ങള്‍ കൃത്യമായി ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല.

?പ്രവാസം നല്‍കുന്ന ഒറ്റപ്പെടലില്‍ നിന്നും വിരസതയില്‍ നിന്നും കരകയറുവാനുള്ള വെറുമൊരു നേരമ്പോക്കാണ് ബ്ലോഗിങ് എന്ന രീതിയില്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ബ്ലോഗിലൂടെ ഒട്ടേറെ നല്ല കഥകള്‍ വായനക്കാര്‍ക്ക് നല്‍കിയിട്ടുള്ള റാംജിയുടെ അഭിപ്രായം എന്താണ്?

=നേരമ്പോക്കായി എന്ന് പറയുന്നതില്‍ തെറ്റില്ലെന്നാണ് തോന്നിയിട്ടുള്ളത്‌. എന്നാല്‍ എല്ലാം അങ്ങിനെ അല്ല. ഞാന്‍ തുടങ്ങിയത്‌ നേരമ്പോക്ക് ആയല്ല. ഞാന്‍ ബ്ലോഗ്‌ തുടങ്ങിയ സമയത്ത്‌ പല ബ്ലോഗുകളിലും പോസ്റ്റുകള്‍ അത്തരം നേരമ്പോക്കുകള്‍ ആയാണ് തോന്നിയിരുന്നത്. ഒരു ഉദാഹരണം പറയാം; 'ഇന്ന് പരിപ്പുണ്ടാക്കി. ഇനി നാളെക്കാലത്തു തന്നെ എഴുന്നേല്‍ക്കണം. അതുകൊണ്ട് കിടക്കട്ടെ' ഇത്രയും മാത്രം ഒരു പോസ്ടിട്ടത്‌ ഒരിക്കല്‍ ഞാന്‍ വായിച്ചത് ഓര്‍ക്കുന്നു. പക്ഷെ നേരമ്പോക്കായി തുടങ്ങിയ പലരും ഇന്ന് നന്നായി എഴുതുന്നതും പോസ്റ്റുകള്‍ ചെയ്യുന്നതും സത്യമാണ്. അതൊരു കുഴപ്പമോ തെറ്റോ ആയി എനിക്ക് തോന്നിയിട്ടില്ല. നമ്മള്‍ പണ്ട് ചെയ്തതില്‍ പലതും ഇന്ന് തെറ്റായി തോന്നുന്നില്ലേ? അത്തരം തിരിച്ചറിവുകള്‍ ബ്ലോഗിലും സംഭവിക്കുന്നുണ്ട്.

?പല പ്രവാസി ബ്ലോഗേര്‍സും പ്രവാസം അവസാനിപ്പിച്ചു കഴിഞ്ഞാല്‍ ബ്ലോഗ് തന്നെ ഉപേക്ഷിക്കുന്ന അവസ്ഥ കണ്ടിട്ടുണ്ട്. അതുപോലെ പലരും പേര്‍സണല്‍ ലൈഫിനെ ബാധിക്കുന്നു എന്ന കാരണവും ബ്ലോഗിങില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുള്ള കാരണമായി സൂചിപ്പിച്ച് കാണാറുണ്ട്. കുടുംബത്തില്‍ നിന്നും റാംജിക്ക് എഴുത്തിന് ലഭിക്കുന്ന പിന്തുണ എങ്ങിനെയാണ്? ഭാര്യ , കുട്ടികള്‍ ഇവരുടെ പ്രോത്സാഹനം ഇക്കാര്യങ്ങളില്‍ ഉണ്ടോ?

= ശരിയാണ്. സമയം എന്നത് തന്നെയാണ് ഇവിടെ പ്രധാനം. ഗള്‍ഫില്‍ ജീവിക്കാത്തവര്‍ക്ക് ഗള്‍ഫിലെ ചില വ്യത്യാസങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിയില്ല. അതിലൊന്നാണ് സമയം. മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും ഏറെ വ്യത്യാസമുണ്ട് ഞാന്‍ താസിക്കുന്ന സൗദിക്ക്. പൊതുവില്‍ മരുഭൂമികളും കെട്ടിടങ്ങളും മാത്രമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു വ്യക്തിയെ സ്വാധീനിക്കുന്ന സുന്ദരക്കാഴ്ചകള്‍ ലഭ്യമല്ല. അതുകൊണ്ട് തന്നെ അത്തരം കാഴ്ചകളിലൂടെ നടക്കേണ്ടി വരുന്നില്ല. 90%വും കുടുംബമില്ലാതെ ഇവിടെ താമസിക്കുന്നതിനാല്‍ വീടുമായി ഒരു കാര്യത്തിനും ഒരു മിനിറ്റ്‌ സമയം പോലും വേണ്ട. സൌദിയിലാകുമ്പോള്‍ സിനിമാ തിയ്യേറ്ററുകളോ മറ്റ് വിനോദ കേന്ദ്രങ്ങളോ ഇല്ല. അവിടെയും സമയം ലാഭം. ചുരുക്കത്തില്‍ ജോലി സമയം കഴിച്ചാല്‍ ബാക്കി വരുന്ന സമയം ധാരാളമാണ് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ. ലീവിനു പോകുന്ന സമയം പ്രവാസികള്‍ എന്തുകൊണ്ട് സജീവമാകുന്നില്ല എന്ന് ചിന്തിച്ചു നോക്ക്. പലപ്പോഴും മടിയല്ല അതിനു കാരണം. ആഗ്രഹമുനടെങ്കിലും കഴിയാതെ വരുന്നതാണ്. പുതുമ തേടി പോകുക എന്നത് ഒരു സ്വഭാവമാണ്. അത് ബ്ലോഗില്‍ മാത്രമല്ല, എല്ലായിടത്തും സംഭവിക്കുന്നതാണ്. പുതുമ നശിക്കുമ്പോള്‍ പഴയതില്‍ തൃപ്തിയുള്ളിടത്ത് തിരിച്ചെത്തും. എന്റെ വീട്ടുകാരില്‍ ആള്‍ക്കും സാഹിത്യമോ കലയോ ആയി സ്നേഹം പോലും ഇല്ല. കുട്ടികള്‍ക്ക് കഴിവില്ലെങ്കിലും എല്ലാം ഇഷ്ടമാണ്. എങ്കിലും എതിര്‍പ്പൊന്നും ഇല്ല ആര്‍ക്കും.

? ബ്ലോഗില്‍ നിന്നും കിട്ടിയ ഏറ്റവും വലിയ സമ്പാദ്യം എന്താണ്? ഉദാ : എഴുതുവാന്‍ ഉള്ള കരുത്ത് ? സൌഹൃദങ്ങള്‍ ? വായന? പ്രശസ്തി?

= പ്രതീക്ഷിക്കാതെ ലഭിക്കുന്ന സ്നേഹവും സന്തോഷവും നല്‍കുന്ന സംതൃപ്തി. ഇവിടെ നിന്ന് ലഭിക്കുന്ന സൌഹൃദവും വായനയും എഴുതുവാന്‍ ഉള്ള കരുത്തും വിശ്വാസവും വളരെയധികം കൂട്ടുന്നുണ്ട് എന്ന് ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കും അനുഭവമുള്ള കാര്യമായിരിക്കും. പിന്നെ പ്രശസ്തിയെക്കുറിച്ച് ആലോചിക്കാറെ ഇല്ല. കഥകള്‍ കൂടുതല്‍ സുഹൃത്തുക്കള്‍ വായിക്കണം എന്നാഗ്രഹിക്കാറുണ്ട്.

?ബ്ലോഗ് എഴുത്തിനേക്കാള്‍ സൂക്ഷ്മമായി ചെയ്യേണ്ടുന്ന ഒന്നാണ് ബ്ലോഗ് വായന. പലരും ഏതെങ്കിലും ഒരു പ്രത്യേക മേഖലയില്‍ ബ്ലോഗ് വായന പരിമിതപ്പെടുത്തുകയും ആശംസകള്‍ എന്ന കമന്റുകളില്‍ ഞാന്‍ അവിടെ വന്നിരുന്നു എന്ന് അറിയിച്ച് തിരിച്ചു പോകുകയും ചെയ്യുന്ന പ്രവണത ബ്ലോഗിങില്‍ ഉണ്ട്. ഇവിടെയാണ് പോസ്റ്റുകളെ നല്ല രീതിയില്‍ വായിച്ച് വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുന്ന അപൂര്‍‌വ്വം വായനക്കാരുടെ ഗണത്തില്‍ റാംജിയെപ്പോലുള്ളവര്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. കഴിഞ്ഞ നാലോളം വര്‍ഷങ്ങളായി ഇത് തുടരുകയും ചെയ്യുന്നുണ്ട്. എങ്ങിനെ ഇതിന് സാധിക്കുന്നു ?

=സമയം തന്നെയാണ് മുഖ്യ ഘടകം. പിന്നെ താല്പര്യം . നമ്മള്‍ പുസ്തക വായന നടത്തുന്നത് നമുക്കിഷ്ടമുള്ള പുസ്തകങ്ങള്‍ മാത്രം തെരഞ്ഞെടുത്തായിരിക്കും. ഇവിടെ നമ്മള്‍ എല്ലാം വായിക്കേണ്ടി വരുന്നുണ്ട്. അതിനൊരു കാരണം ബ്ലോഗിലൂടെ സംഭവിക്കുന്ന സൌഹൃദങ്ങള്‍ കൊണ്ടാണ്. സൌഹൃദവും വായനയും തമ്മിലുള്ള ഒരു കൂടിച്ചേരല്‍. വായനയില്‍ ഇഷ്ടമില്ലാത്ത വിഷയം വായിക്കുമ്പോള്‍ ആശംസകള്‍ എന്നെഴുതി പോകുന്നത് നല്ലത് തന്നെയാണ്. അവിടെ വന്നു എന്നും വായിച്ചു എന്നും മാത്രം അതിന്റെ ഉടമസ്ഥന് മനസ്സിലാക്കാന്‍ കഴിയുന്നത് സന്തോഷം നല്‍കുന്നതാണ്. ബ്ലോഗര്‍ക്ക് പ്രചോദനം ആകുന്നുണ്ട്. അത്തരത്തിലുള്ള ബോധപൂര്‍വ്വമായ അഭിപ്രായങ്ങള്‍ ബ്ലോഗേഴ്സിനെ തുടര്‍ന്നു പോകാന്‍ സഹായിക്കുന്നുണ്ട്.  വായിക്കുന്ന വിഷയത്തിന്റെ താല്പര്യവും സമയത്തിന്റെ ലഭ്യതയും അനുസരിച്ച് അഭിപ്രായങ്ങള്‍ എഴുതാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പറ്റാവുന്നിടത്തോളം തുടരാനും ആഗ്രഹിക്കുന്നു.

?സ്വയം പ്രസാധനം ചെയ്യാം എന്നത് മാത്രമാണ് ബ്ലോഗിങിന്റെ ഗുണം എന്നും അതുകൊണ്ട് തന്നെ എന്തും എഴുതിയിടുന്ന പ്രവണത ബ്ലോഗിങിനെ നശിപ്പിക്കുന്നു എന്നുമുള്ള വാദത്തോട് റാംജിയുടെ പ്രതികരണം?

=നശിപ്പിക്കുന്നു എന്നത് അത്ര ശരിയാണ് എന്ന് തോന്നുന്നില്ല. നല്ലതും ചീത്തയും എല്ലായിടത്തുമുണ്ട്. സ്വയം പ്രസാധനം ചെയ്യാം എന്നത് നമുക്ക്‌ ലഭിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യമാണ്. അത് മാത്രമാണ് ബ്ലോഗിങ്ങിന്റെ ഗുണം എന്നഭിപ്രായമില്ല. ആദ്യമൊക്കെ എഡിറ്റ്‌ ചെയ്യാതെ സ്വയം പോസ്റ്റ്‌ ചെയ്യുന്നെങ്കിലും പിന്നീട് അത് മാറും എന്നാണു എനിക്ക് മനസ്സിലായിട്ടുള്ളത്. ഞാന്‍ പലപ്പോഴും മറ്റുള്ള സുഹൃത്തുക്കളുടെ അഭിപ്രായത്തിനു ശേഷം പോസ്റ്റ്‌ ചെയ്യുന്ന രീതി സ്വീകരിക്കാറുണ്ട്. എന്റടുത്തും ചില സുഹൃത്തുക്കള്‍ അഭിപ്രായം തേടി പോസ്റ്റ്‌ ചെയ്യുന്നത് അനുഭവമുണ്ട്. അതുകൊണ്ട് എല്ലാം ഇങ്ങിനെയാണ് എന്നതിനോട് യോജിക്കാന്‍ കഴിയില്ല. പുതിയ ഒരു മേഖലയിലേക്ക്‌ കടന്നു വരുമ്പോള്‍ ആദ്യം തോന്നുന്ന അറിവില്ലായ്മയും മനസ്സിലാക്കലും ആശയക്കുഴപ്പം അല്പം കഴിയുന്നതോടെ മാറുന്നുണ്ട്. പക്ഷെ പിന്നെയും പുതിയവര്‍ കടന്നു വരുന്നു എന്നും കാണണം. ആദ്യം കടന്നുവന്നവര്‍ തികച്ചും ഒരു പുതിയ മേഖലയിലേക്കാണ് എത്തിപ്പെട്ടത്. അപ്പോള്‍ എല്ലാം അജ്ഞാതമായിരുന്നു, ആരൊക്കെ വായിക്കും ആരൊക്കെ കാണും അഭിപ്രായം തുടങ്ങിയ നിരവധി അജ്ഞതകള്‍. ഇപ്പോള്‍ അതെല്ലാം മാറിയത്‌, പഴയതുപോലുള്ള(കാമ്പില്ലാത്ത പോസ്റ്റുകള്‍) പോസ്റ്റുകളുടെ തോത് കുറച്ചതായി നമുക്ക്‌ കാണാമല്ലോ.

?റാംജിയുടെ കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകം വായനക്കാര്‍ക്ക് പ്രതീക്ഷിക്കാമോ?

=ആഗ്രഹം ഇല്ലാതില്ല. ആഗ്രഹമല്ലല്ലോ പുസ്തകമാക്കാന്‍ ആവശ്യമായത്‌ :)

?ബ്ലോഗ് കൂട്ടായ്മകള്‍ , ബ്ലോഗ് മീറ്റുകള്‍ ഇവയെക്കുറിച്ച് അഭിപ്രായം ? അത്തരത്തില്‍ എന്തിലെങ്കിലും ഭാഗമായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അനുഭവം എന്താണ്?

= ബ്ലോഗ്‌ കൂട്ടായ്മകള്‍ സഹൃദസംഗമം എന്ന നിലയിലേ കൂടാന്‍ കഴിയു എന്ന് തോന്നുന്നു. കാര്യമായ ചര്‍ച്ചകള്‍ നടത്തണമെങ്കില്‍ സ്ഥിരമായി കൂടുന്ന ഒരു രൂപം ഉണ്ടാവേണ്ടിയിരിക്കുന്നു. നാല് ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എല്ലാം മറന്ന് സൌഹൃദത്തിന്റെ ഒരു പുതിയ മായാലോകത്തില്‍ എത്തിപ്പെട്ട അനുഭൂതി ലഭിച്ചു എന്നേ പറയാനുള്ളൂ.

?വായന നഷ്ടപ്പെടുന്നു എന്നും ബ്ലോഗിങില്‍ നിന്നും നല്ല എഴുത്തുകാരും സൃഷ്ടികളും ഉണ്ടാവുന്നില്ലെന്നും വിമര്‍ശനം കേള്‍ക്കാറുണ്ട്. ബ്ലോഗിലെ രചനകളിലൂടെ സൂക്ഷ്മമായി കടന്നുപോകുന്ന ഒരു എഴുത്തുകാരനായും വായനക്കാരനായും റാംജിയുടെ അഭിപ്രായം എന്താണ് ?

=വായന ഇടയ്ക്കുവെച്ച് ഒന്ന് തളര്‍ന്നിരുന്നു എന്നത് ശരിയായിരിക്കാം. നഷ്ടപ്പെട്ടു എന്ന് തോന്നുന്നില്ല. പഴയതും പുതിയതും ആയി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ വായന കുറവാണ് എന്ന് തോന്നാം. മനുഷ്യന്റെ അഭിരുചികളില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു എന്ന് കാണാതിരിക്കാനും കഴിയില്ല. നല്ല സൃഷ്ടികള്‍ ഉണ്ടാകുന്നില്ല എന്ന വിമര്‍ശനം വിമര്‍ശിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്ത സൃഷ്ടികള്‍ എന്നേ പറയാനാകു. എഴുത്തുകൊണ്ട് ജീവിക്കുന്നവര്‍ ബ്ലോഗില്‍ നില്‍ക്കണം എന്ന് പറയുന്നത് ന്യായമല്ല.

?ബ്ലോഗിങില്‍ ഇപ്പോള്‍ ഒരു മാന്ദ്യം ഉണ്ട് എന്ന കാര്യം എല്ലാവരും ഒരു പോലെ സമ്മതിക്കുന്ന ഒന്നാണ്. സജീവമായി നിലകൊള്ളുന്ന ആളെന്ന നിലയില്‍ ബ്ലോഗില്‍ നിന്നും മാറി നില്‍ക്കുന്ന മുന്‍‌ഗാമികളെയും സമകാലീന ബ്ലോഗര്‍മാരെയും തിരികെകൊണ്ടുവരുവാന്‍ റാംജിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നുണ്ടോ? അതുപോലെ പുതിയ ബ്ലോഗേര്‍സിന് നല്‍കുവാന്‍ എന്തെന്തിലും ടിപ്സ്? ബ്ലോഗിങിനെ വീണ്ടും സജീവമാക്കുവാന്‍ എന്തെങ്കിലും നിര്‍ദേശങ്ങള്‍ ?

= പുതിയവര്‍ വരികയും പഴയവര്‍ പോകുകയും ചെയ്യും. അതൊരു പ്രക്രിയയാണ്. സമയവും സൌകര്യവും പോലെ പലരും തിരിച്ച് വരികയും ചെയ്യും. അതങ്ങിനെ കണ്ടാല്‍ പോരെ? ഇവിടെ നല്ല പോസ്റ്റുകളും ചര്‍ച്ചകളും ആയി സജീവമായി തുടരട്ടെ. കൂടുതല്‍ വായനയും അഭിപ്രായങ്ങളും സൌഹൃദങ്ങളുമായി മുന്നോട്ട് പോകട്ടെ. ബ്ലോഗ്‌ സജീവം തന്നെയാണ്.

?സ്വന്തം കഥകള്‍ക്ക് ചിത്രങ്ങള്‍ കൂടെ വരക്കാറുണ്ട് റാംജി. ചിത്രരചന അഭ്യസിച്ചിട്ടുണ്ടോ?

=ചിത്രംവര പഠിച്ചിട്ടില്ല. ചിത്രം വരക്കാന്‍ തുടങ്ങിയതിനു ശേഷമാണ് കഥകള്‍ എഴുതാന്‍ തുടങ്ങിയത്.

?ജോലി? കുടുംബം?

=ഭാര്യ വത്സല , രണ്ട് കുട്ടികള്‍.  വിഷ്ണു +2 വിന് പഠിക്കുന്നു. വീണ 8 ല്‍.  ഞാന്‍ കഴിഞ്ഞ 20 വര്‍ഷമായി സൗദി അറേബ്യയില്‍ 'ബിന്‍ലാദിന്‍ ഗ്രൂപ്പ്‌' കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ സ്റ്റോര്‍ കീപ്പര്‍

ഇഷ്ടങ്ങള്‍

പ്രവൃത്തി : ഒറ്റയ്ക്ക് പഴയ കാഴ്ചകള്‍ ഓര്‍ത്തിരിക്കനാണ് കൂടുതല്‍ ഇഷ്ടം.
ബ്ലോഗര്‍മാര്‍ : ബ്ലോഗര്‍മാര്‍ കുറെ ഉണ്ട്. പേര് പറയുന്നില്ല.
ബ്ലോഗുകള്‍ : ചിത്ര ബ്ലോഗുകളാണ് കൂടുതല്‍ സമയം നോക്കിയിരിക്കുക. പ്രതേകിച്ചും പാച്ചുവിന്റെ ബ്ലോഗ്‌.
പാട്ടുകള്‍ : ആദ്യം പാട്ടുകള്‍ ഇഷ്ടമായിരുന്നില്ല. ഇപ്പോള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് പുള്ളുവന്‍ പാട്ടുകളും സര്‍പ്പപ്പാട്ടുകളും പോലുള്ളവ. പാട്ടിന്റെ രീതിയെയാണ് കൂടുതല്‍ ഇഷ്ടം.
പുസ്തകങ്ങള്‍ : പഴയ ചില പുസ്തകങ്ങളെ ഓര്‍മ്മയില്‍ ഉള്ളു. മലയാറ്റൂരിന്റെ യന്ത്രവും മാക്സിം ഗോര്‍ക്കിയുടെ അമ്മ പോലുള്ളവ.
എഴുത്തുകാര്‍ : ടി വി കൊച്ചുബാവയുടെ എഴുത്തുകള്‍ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
ഭക്ഷണം : ഭക്ഷണത്തിനു പ്രത്യേക ഇഷ്ടങ്ങള്‍ ഇല്ല.
സിനിമകള്‍ : സിനിമകള്‍ പഴയതാണ്. ബക്കറിന്റെ കബനി നദി ചുവന്നപ്പോള്‍, കെജി ജോര്‍ജിന്റെ സ്വപ്നാടനം,കൊടിയേറ്റം അങ്ങിനെയാണ് സിനിമയോടുള്ള ആദ്യ ഇഷ്ടങ്ങള്‍.
സംവിധായകര്‍ : മുകളില്‍ സൂചിപ്പിച്ചവരും പിന്നീട് ഭരതനും പത്മരാജനും മോഹനും ഒക്കെയായിരുന്നു. ഇപ്പോള്‍ ആഷിക് അബുവില്‍ എത്തി നില്‍ക്കുന്നു. 
നടീ നടന്മാര്‍ : സത്യനും തിലകനും മഞ്ചു വാര്യരും. നമ്മുടെ ബൂലോകത്തിന് വേണ്ടി അഭിമുഖം നടത്തിയത്  : മനോരാജ്


Popular Posts