ആകാശത്തിന് നിറം കൊടുക്കുമ്പോൾ


ലേഖകൻ :- ഫൈസൽ പൊയ്‌ലിൽ

സാക്കിന്റെ സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് എന്‍. എഎസ്. മാധവന്റെ ഒരു പഠനം വായിച്ചതോര്‍ക്കുന്നു. വളരെ വ്യക്തമായും  ദാരിദ്ര്യത്തിന്റെ ചിതലടയാളങ്ങള്‍ പേറി നില്‍ക്കുന്ന ഖസാക്കിലെ ഭുരിപക്ഷം വരുന്ന ദരിദ്ര ജന്മങ്ങളുടെയും ദൈനംദിന ക്രയവിക്രയങ്ങള്‍ക്കാവശ്യമായ പണത്തിന്റെ സ്രോതസ്സിനെ തമസ്കരിച്ചു കൊണ്ടുള്ള കഥപറച്ചില്‍, 'ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ ശില്പ ഭദ്രതയെ എവ്വിധം ബാധിക്കുന്നു എന്നായിരുന്നു മാധവന്റെ അന്വേഷണം!

സമാനമായ ഒരു സംശയം, 'ആകാശത്തിന്റെ നിറങ്ങള്‍' എന്ന സിനിമയും നമ്മുടെ സിനിമാനന്തര ചിന്തകളില്‍ അവശേഷിപ്പിക്കുന്നുണ്ട്. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ക്ക് കിഴ്പെട്ടു തുടങ്ങിയ ഒരു വൃദ്ധന്, ശില്പങ്ങള്‍ വിറ്റ്‌ കിട്ടുന്ന തുഛ്മായ  വരുമാനം കൊണ്ട് പരിപാലിച്ചു  കൊണ്ടുപോവാന്‍ പറ്റുന്നതാണോ, പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത ആ ദ്വീപും അതിലെ അന്തേവാസികളും? ആ വൃദ്ധന് മറ്റെന്തെങ്കിലും വരുമാന സ്രോതസ് ഉള്ളതായി സിനിമ നമ്മോട് പറയുന്നേയില്ല.

ഇനി മറ്റു യാതൊരു അവകാശികളും ഇല്ലാത്ത ആ ദ്വീപ്‌, അതും മഹാനഗരത്തില്‍ നിന്നും ഒരു കൊച്ചു ബോട്ടോടിച്ചു വരാന്‍ മാത്രമുള്ള അകലത്തില്‍, സ്വന്തമായി ഉണ്ടാവണമെങ്കില്‍ ആ വൃദ്ധന്‍ എന്ത് മാത്രം സമ്പന്നനായിരിക്കണം! ഫാന്റസിയുടെ നേര്‍ത്ത നൂലിഴകള്‍ കൊരുത്ത് നെയ്തെടുത്ത ആ കഥാപാത്രം, പക്ഷെ, അത്തരമൊരു മനസ്സിലാക്കലിന്റെ സാധ്യതകള്‍ പാടേ നിരാകരിക്കുന്നു. ഇനി അതല്ലെങ്കില്‍ ആ ദ്വീപ് അയാള്‍ കയ്യേറിയാതായിരിക്കണം. അങ്ങിനെയൊരു വായനയാവട്ടെ, ആ കഥാപാത്രം ഊന്നി നില്‍ക്കുന്ന മൂല്യങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരായി നില്‍ക്കുകയും ചെയ്യും. ചുരുക്കത്തില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്ക് പോലെ അയഥാര്‍ഥമായ ചില ഊഹാപോഹങ്ങള്‍ പ്രേക്ഷകനില്‍ നിന്നും ആവശ്യപെടുന്ന വിധത്തില്‍ ദുര്‍ബലമായി പോവുന്നു ഈ കേന്ദ്രപാത്ര സൃഷ്ടി.

കഥാകഥനത്തിന്റെ പശ്ചാത്തലത്തില്‍ നിന്നും, കാലഗണനയില്‍ നിന്നു തന്നെയും വേര്പെടുത്തിയെടുക്കപ്പെട്ട്, തികച്ചും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഈ കഥാപാത്ര സൃഷ്ടി വളരെ ബോധപൂര്‍വ്വം സംഭവിക്കുന്ന ഒന്നാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മിത്തുകളുടെ ലോകത്ത് നിന്നും ഇറങ്ങി വന്ന പോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിഗൂഢമായ എന്തോ ഒന്ന്‍ സിനിമയിലുണ്ട് എന്ന്‍ ധ്വനിപ്പിക്കാനുള്ള ബോധ പൂര്‍വമായ ഒരു ശ്രമം! (“ആകാശത്ത്തിന്റെ നിറമെന്താ”? എന്ന ചോദ്യതിലാരംഭിക്കുന്ന ഓപണിംഗ് സീന്‍ എത്ര മനോഹരമായാണ് ഇതിന് ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്ന് നോക്കുക. )

അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളില്‍ ഈ ദ്വീപിലകപ്പെട്ട് പോകുന്ന ഒരു തട്ടിപ്പറിക്കാരന്‍.., അവിടെ അയാള്‍ക്ക് ഇടപഴകേണ്ടി വരുന്ന കുറച്ചാളുകള്‍, ഇവരുടെ ജീവിതവും ആ സവിശേഷ പ്രകൃതിയും ചേര്‍ന്ന് അയാളില്‍ വരുത്തുന്ന മാറ്റങ്ങള്‍; ഇത്രയുമാണ് ഈ സിനിമയുടെ ആകെത്തുക. ഈ പറയുന്നത്ര ലളിതമായി ആവിഷ്കരിക്കാന്‍ സാധ്യമല്ലെങ്കിലും, ഈ കഥാതന്തു ആവശ്യപ്പെടുന്നതിലും കൂടുതല്‍ വലിച്ചിഴ്യ്ക്കപ്പെടുന്നുണ്ട്, ഈ സിനിമ. നിശബ്ദതയുടെ ഇടവേളകള്‍ ദീര്‍ഘിപ്പിക്കുന്ന മുഷിപ്പന്‍ സീക്വന്‍സുകള്‍ എമ്പാടും ചേര്‍ത്ത് പാകപ്പെടുത്തിയാലേ, സാദാ വാണിജ്യ സിനിമയുടെ മുഖ്യധാരയില്‍ നിന്നും വഴിമാറി നടക്കുന്ന ഒരു ബുദ്ധിജീവി സിനിമയുടെ പരിവേഷം ലഭിക്കൂ എന്ന മൂഢവിശ്വാസം ഡോ. ബിജുവിനും ഉണ്ടെന്നു അടിവരയിടുന്നു ഈ സിനിമയുടെ ആദ്യപകുതിയും രണ്ടാം പകുതിയുടെ പകുതിയും!

കാഴ്ചയുടെ കലയാണ്‌ സിനിമ എന്ന് സമ്മതിക്കുമ്പോള്‍ തന്നെയും, സ്വാഭാവികമായ  സംഭാഷണങ്ങള്‍ക്ക് സിനിമയിലുള്ള പ്രാധാന്യം വിസ്മരിക്കപ്പെട്ടുകുടാ. പക്ഷെ അത്തരം ആശയവിനിമയത്തിന്റെ സാധ്യതകളെ തീര്ത്തും നിരാകരിക്കുന്നുണ്ട് ഈ സിനിമ. വാക്കുകളില്‍ പിശുക്കിന്റെ അപ്പോസ്തലനായ വൃദ്ധന് കൂട്ടായി ദ്വീപിലുള്ളത്, ഊമയും ബധിരയും ആയ ഒരു പെണ്‍കുട്ടിയും, വിക്കനായ ഒരു സഹായിയും പിന്നെ ഒരു കൊച്ചു കുട്ടിയും! നിസ്സഹായനായ തട്ടിപ്പറിക്കാരന്റെ – നാം പ്രേക്ഷകരുടെയും- ചോദ്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ മുന്‍ കുട്ടി പ്ലാന്‍ ചെയ്ത ഒരു പ്രതിരോധമായി മാത്രമാണ് അതനുഭവപ്പെടുന്നത്. ഒരു പക്ഷേ, കഥാപാത്രങ്ങളെ സംസാരിക്കാന്‍ വിട്ടാല്‍, വിജനമായ ദ്വീപും അതില്‍ ഒരവധുതനെ പോലെ അവരോധിച്ച വൃദ്ധനും, തികച്ചും മാനുഷികമാല്ലാത്ത ചില നിറങ്ങള്‍ ചാലിച്ച് മെനഞ്ഞ അതിലെ മറ്റു കഥാപാത്രങ്ങളുമൊക്കെ   ചേര്‍ത്ത് സൃഷ്ടിക്കാനുദേശിച്ച ആ നിഗൂഡത പുറത്തായിപ്പോകുമെന്ന്‍ സംവിധായകന്‍ പേടിച്ചിരിക്കണം! ദ്വീപിന്റെ വേറേതോ ഭാഗത്തേക്ക് ഇടയ്ക്കിടെ നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രകളും, ശവപ്പെട്ടി കൊണ്ടു വരുന്നതുമൊക്കെ കാണിക്കുമ്പോള്‍ അതൊക്കെ എപ്പഴേ പ്രേക്ഷകന്‍ ഊഹിച്ചിരിക്കും എന്ന്‍ സംവിധായകന്‍ മാത്രം, പക്ഷെ, ഊഹിച്ചിട്ടുണ്ടാവില്ല! 

തികച്ചും അസ്വാഭാവികമായി വിഭാവനം ചെയ്ത ഈ കഥാപശ്ചാത്തലം, അത് കൊണ്ടു തന്നെ സിനിമയില്‍ കൃത്വിമവും, വളരെ അരോചകവുമായ ഒരേച്ചുകെട്ടലായി  അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. വിജനമായ കടലോരത്ത് ഇപ്പോഴുണ്ടാക്കിയെന്ന വണ്ണം പുത്തന്‍ മോടിയില്‍ നില്‍ക്കുന്ന ആ വീടു പോലെ!

താപ്പാന പോലുള്ള സിനിമകളില്‍, കഴുത്തിനു താഴോട്ട് ഇരുമ്പ് കൊണ്ടുണ്ടാക്കിയ പെണ്ണിനെ കണ്ടാലും നാം സഹിക്കും. (അത് കൊണ്ടായിരിക്കുമല്ലോ, അതി വേഗതയില്‍ വന്ന ജീപ്പ്‌ ഇടിച്ച്, ആ ജീപ്പിനു മുകളിലൂടെ പറന്ന്‍ റോഡില്‍ അലച്ചു വീണിട്ടും, തലയില്‍ ഒരു കുഞ്ഞി മുറിവ് മാത്രം ഉണ്ടാവുന്നത്!). കാരണം ഇത്തരം സിനിമകള്‍ കാണാനിരിക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും നാം പ്രതീക്ഷിക്കുന്നില്ല തന്നെ. പക്ഷെ സിനിമയെ ഗൌരവ പൂര്‍വ്വം സമീപിക്കുന്നു എന്ന അവകാശ വാദവുമായി വരുന്ന സിനിമകളില്‍ ഇമ്മാതിരി ഗിമ്മിക്കുകള്‍ കാണുമ്പോള്‍, പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയെ വിലയിരുത്തുന്നതില്‍ ജോണി ആന്റണിമാരും, സന്ധ്യാ മോഹന്‍ മാരും കാണിക്കുന്ന നിലവാരത്തില്‍ നിന്നും ഉയര്‍ന്നു ചിന്തിക്കാന്‍ ഈ സംവിധായകര്‍ക്കും കഴിയുന്നില്ലല്ലോ എന്ന സഹതപിക്കുകയേ നിവൃത്തിയുള്ളൂ!

4 Responses to "ആകാശത്തിന് നിറം കൊടുക്കുമ്പോൾ"

 1. സിനിമ ഞാനും കണ്ടു, സീഡിയിട്ട്. അവലോകനത്തിൽ ഫൈസൽ പറഞ്ഞിരിക്കുന്നത് വളരെ ശരിയാണ്. ബുദ്ധിജീവി സിനിമയാണെന്ന് ധാരണ പരത്തുന്നുണ്ട്. പക്ഷെ താപ്പാന നിലവാരത്തിലും അത്തിയില്ല, ബുദ്ധിജീവി ഇനത്തിലും എത്തിയില്ല. നന്നായിട്ട് ഉറക്കം വരുകയും ചെയ്തു.

  ReplyDelete
 2. സിനിമ കാണാത്തത് കൊണ്ട് കൂടുതല്‍ അഭിപ്രായം പറയുവാന്‍ കഴിയുന്നില്ല.. പക്ഷെ , അവലോകനം വായിക്കുമ്പോള്‍ സിനിമ കാണുവാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

  ReplyDelete
 3. അതെ . കാണണം എന്നൊരു തോന്നൽ.

  രസകരമായ അവലോകനം, ഫൈസൽ

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts