അ വായനയും ഇ വായനയും!

രണ്ടാഴ്ചമുൻപു മാത്രമാണ് ‘അ’ വായനയെന്നും ‘ഇ’ വായനയെന്നും രണ്ടായാണ് വായനയെ സമകാലിക ലോകം കാണുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്.

വായനാവാരാചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കണം എന്ന് പ്രശസ്ത ബ്ലോഗറും, ഇ - എഴുത്തുകാരിയുമായ  മൈന ഉമൈബാൻ വിളിച്ചു പറഞ്ഞു. 23 നാണ് ചടങ്ങു നടത്താൻ ആഗ്രഹം എന്ന് മൈന പറഞ്ഞെങ്കിലും അന്ന് അസൌകര്യമുള്ളതിനാൽ അത് ഒരു ദിവസം മുന്നേ ആക്കുകയായിരുന്നു.  (ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.)

പിന്നാലെ ബ്ലോഗെഴുതാൻ ആവേശത്തോടെ കോളേജ് വിദ്യാർത്ഥികൾ... എന്ന എന്റെ പോസ്റ്റിലേക്ക് താഴെക്കാണുന്ന വാർത്തയുടെ ലിങ്ക് നിരക്ഷരൻ അയച്ചു തരികയുണ്ടായി.

അതിനുശേഷം ഇ എഴുത്തുകാരായ മൈന ഉമൈബാൻ, സുനിത ടി.വി, നിരക്ഷരൻ, മനോരാജ്, സജി മാർക്കോസ്, ജയൻ എവൂർഎന്നിവർ പലദിവസങ്ങളിലായി നടത്തിയ ഓൺലൈൻ ചർച്ചകളിലൂടെ ആശയസമാഹരണം നടത്തി. അതിൻ പ്രകാരം ഇ - വായന ശക്തിയും ദൌർബല്യവും എന്ന വിഷയത്തിൽ ക്ലാസും ചർച്ചയും നടത്താൻ തീരുമാനമായി. വിഷയാവതരണം ശ്രീമതി.സുനിത.ടി.വി.യും, ശക്തിദൌർബല്യങ്ങൾ നിരക്ഷരനും ജയൻ ഏവൂരും അവതരിപ്പിക്കാനും, മൈന ഉമൈബാൻ മോഡറേറ്റർ ആകാനുമാണ് ധാരണയായത്.

ഇ മെയിലുകൾ വഴിയുള്ള ചർച്ചകൾക്കുശേഷം ജൂൺ 22 നു രാവിലെ 11 മണിക്ക് നിരക്ഷരനും ഞാനും എറണാകുളത്തു നിന്ന് കാറിൽ യാത്ര തിരിച്ചു. കൊടുങ്ങല്ലൂർ വഴി പോയാൽ ചമ്രവട്ടം എന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച ഒരു പാലം പ്രത്യക്ഷപ്പെടുമെന്നും അതിലൂടെ സഞ്ചരിച്ചാൽ 35 കിലോമീറ്റർ ലാഭിക്കാം എന്നും നിരക്ഷരൻ ഉദ്ബോധിച്ചു. പരീക്ഷ നടത്തി അര മണിക്കൂർ വൈകിയാണ് ഞാൻ എത്തിയത് എന്നതിനാൽ ഈ നിർദേശം ഞാൻ ആശ്വാസത്തോടെ സ്വീകരിച്ചു. സമയത്തിനു മുൻപു തന്നെ  കോഴിക്കോട്ടെത്താമല്ലോ!

ചമ്രവട്ടം പാലത്തിലൂടെ യാത്ര ചെയ്തെങ്കിലും അതിനു ശേഷമുള്ള ഒരു കുഞ്ഞു പാലം പൊളിഞ്ഞതുകാരണം റോഡ് വഴിതിരിച്ചുവിട്ടതു കാരണം പിന്നീടുള്ള യാത്ര ഇടവഴികൾ വഴിയായി. ഇതിന്റെ വിശദവിവരം നിരക്ഷരൻ ‘യാത്രകൾ.കോം’ വഴി നൽകും എന്നതുകൊണ്ട് യാത്രാവിവരണം ഒഴിവാക്കുന്നു!

സംഗതി ശകുനപ്പിഴയാണല്ലോ എന്നു കരുതി, ചടങ്ങിന് ആളു കുറയുമോ എന്ന ആശങ്ക വിക്കിപീഡിയ ക്ലാസുകൾക്കു പോയ അനുഭവം വച്ച് നിരക്ഷരൻ സൂചിപ്പിച്ചു. എന്നാൽ, 15 ആളുള്ള സ്ഥലത്തായാലും ഫലപ്രദമായി ക്ലാസ് സംഘടിപ്പിക്കാം എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ആഹ്ലാദത്തോടെ ഞാൻ ശരി വച്ചു. മറ്റെന്തു വഴി!

കിലോമീറ്റർ ലാഭിക്കാം എന്നുകേട്ട് ഇനി ചമ്രവട്ടം വഴി പോകേണ്ടതില്ല എന്ന് എനിക്കു ബോധ്യപ്പെട്ടു!

എന്തായാലും നിരക്ഷരന്റെ സഞ്ചാരവിജ്ഞാനവും, ഡ്രൈവിംഗ് മിടുക്കും സമന്വയിച്ചതുകൊണ്ട് വൈകുന്നേരം മൂന്നേ മുക്കാലോടെ ക്കോഴിക്കോട്ടെത്തി. മാനാഞ്ചിറയിലുള്ള സ്പോർട്ട്സ് കൌൺസിൽ ഹാളിലാണ് ചടങ്ങ്.

മൈന വ്യക്തമായി വഴി പറഞ്ഞു തന്നതുകൊണ്ട് മാനാഞ്ചിറയ്ക്ക് നാലു വലം വച്ചു. ഒന്നു കറങ്ങും, മൈനയെ ഫോണിൽ വിളിക്കും. അല്പം ഡ്രൈവ് ചെയ്യും, വീണ്ടും വിളിക്കും.

ഒടുവിൽ “അയ്യോ! നിങ്ങൾ എന്തിനാ ആ വഴി പോയത്!? വഴി തെറ്റിയല്ലോ!!” എന്ന് മൈന പറയുന്നത് ഫോണിലൂടെ കേൾക്കാനും, മൈന റോഡരികിൽ നിന്ന് ഞങ്ങളോട് ഫോണിൽ സംസാരിക്കുന്നത് കാറിലിരുന്നു കാണാനും ഞങ്ങൾക്കു കഴിഞ്ഞപ്പോൾ കാർ നിർത്തി! അല്പം അകലെയായി വണ്ടി പാർക്ക് ചെയ്ത് വേദിയിലെത്തി.

പത്തു നാല്പതാളുണ്ട്. സന്തോഷം!

നിരക്ഷരൻ സംഘാടകരും


ചടങ്ങിന് ശ്രീ. ഖാദർ പാലാഴി സ്വാഗതം പറഞ്ഞു.

എഴുത്തിന്റെയും വായനയുടെയും പുതിയ ഇടം എന്ന നിലയിൽ ഇ മാധ്യമത്തെ ഗൌരവപൂർവം പരിഗണിച്ചുകൊണ്ട് സർക്കാർ തലത്തിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ ചടങ്ങെന്ന നിലയിൽ ഇതിന് അത്യധികം പ്രാധാന്യം ഉണ്ടെന്ന് മോഡറേറ്റർ മൈന ഉമൈബാൻ പറഞ്ഞു.
ഇ വായന എന്നാൽ ഇന്റർനെറ്റ് വായന അല്ല ഇലക്ട്രോണിക് വായനയെന്നാണർത്ഥം എന്ന്  സുനിത.റ്റി.വി. പറഞ്ഞു. അതിന് ഇന്റർനെറ്റ് വേണമെന്നു പോലുമില്ല. നാരായവും താളിയോലയും എഴുത്തുപകരണങ്ങളായിരുന്ന കാലത്തു നിന്ന് എഴുത്ത് എത്രയോ പുരോഗമിച്ചു. പിൽക്കാലത്ത് കമ്പ്യൂട്ടർ വന്നു. ലാപ് ടോപ്പും, നോട്ട് ബുക്കും, ഐ പാഡും വന്നു. ഇന്ന് മൊബൈൽ ഫോൺ വരെ വായനയ്ക്കുള്ള മാധ്യമമായി. ഇനി വായന വലിയതോതിൽ നടക്കാൻ പോകുന്നത് ഇ ബുക്ക് റീഡറുകൾ വഴി ആയിരിക്കും. വിങ്കും, ആമസോൺ കിൻഡിലും ഒക്കെ അതിനു നാന്ദി കുറിച്ചു കഴിഞ്ഞു. ഇ വായനയിൽ നിന്ന് ഇനി നമുക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല.


തുടർന്ന് ഇ എഴുത്തിന്റെ ശക്തിയെക്കുറിച്ച് മനോജ് രവീന്ദ്രൻ (നിരക്ഷരൻ) സംസാരിച്ചു. വിവിധതരം ഇ വായനകളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. അവയുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. ധാരാളം ഇ ബുക്കുകൾ ഇപ്പോൾ സൌജന്യമായി ലഭ്യമാണെന്ന് പറയുകയും അന്നു രാവിലെ താൻ സൌജന്യമായി ഡൌൺ ലോഡ് ചെയ്തെടുത്ത വിവിധ പുസ്തകങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതു കൂടാതെയാണ് ബ്ലോഗ്, വിക്കിപീഡിയ, സോഷ്യൽ മീഡിയ തുടങ്ങിയവ. എഡിറ്റർ ഇല്ലാത്ത മാധ്യമം എന്ന നിലയിൽ ബ്ലോഗുകൾ നൽകുന്ന സ്വാതന്ത്ര്യം പ്രിന്റ് മീഡിയത്തിൽ ആലോചിക്കാനേ കഴിയില്ല. സാഹിത്യം, സംസ്കാരം, ശാസ്ത്രം, യാത്രാവിവരണം തുടങ്ങി കച്ചവടം വരെയുള്ള മേഖലകൾക്ക് ആശയാവിഷ്കാരത്തിനുള്ള മെഖലയാണിത്. അഗ്രഗേറ്ററുകൾ വഴി ഇവ വായനക്കാരന് തെരഞ്ഞെടുക്കാം.

എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദത്തിനുള്ള സാഹചര്യമാണ് ബ്ലോഗിനെ സവിശേഷമാക്കുന്നത്. ഒരു രചന നന്നെങ്കിൽ അതും, ചവറെങ്കിൽ അതും വെളിപ്പെടുന്ന മേഖലയാണിത്.അതേ സമയം ലോകമെമ്പാടുമുള്ള മലയാളികൾക്ക്  തങ്ങളുടെ മാതൃഭാഷയുമായുള്ള ജൈവബന്ധം നിലനിർത്താനും, സർഗശേഷി പ്രകടിപ്പിക്കാനും ബ്ലോഗുകൾ നൽകുന്ന സഹായം അതുല്യമാണ്.

സി.രാധാകൃഷ്ണനെപ്പോലെയുള്ള സാഹിത്യകാരന്മാർ ആണ് ഇ രചന്യ്ക്കു തുടക്കം കുറിച്ചത്. തുടർന്ന് ഒ സാഹിത്യ (ഓഡിയോ - സാഹിത്യകാരൻ തന്നെ തന്റെ രചന വായിച്ചു കേൾപ്പിക്കൽ)വും ഉണ്ടാകാനുള്ള ശ്രമം ആരംഭിച്ചു. സാങ്കേതിക വിദ്യയുടെ പുരോഗതി നമ്മുടെ വായനയെ പോസിറ്റീവായിസ്വാധീനിക്കട്ടെ എന്നാശിക്കാം.


വിക്കിപീഡിയ വഴി വിജ്ഞാനത്തിന്റെ മഹാസാഗരം തന്നെയാണ് മാലോകർക്കു മുന്നിൽ തെളിഞ്ഞത്.  ഇന്ന് ഇൻഡ്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ പേജുകളുള്ളത് മലയാളം വിക്കിപീഡിയയ്ക്കാണ്. ഒപ്പം വിക്കി ഗ്രന്ഥശാലയുമുണ്ട്. ഇതിൽ നിന്നും ഗ്രന്ഥങ്ങൾ സൌജന്യമായി ഡൌൺ ലോഡ് ചെയ്യാം.

ഇവയ്ക്കു പുറമേയാണ് ഫെയ്സ് ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ. എഴുത്തും വായനയും ഇതിലൂറ്റെയും നടക്കുന്നു.  ലോകത്തെ തന്നെ ഏറ്റവും വലിയ പ്രാദേശിക സൊഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റാണ് മലയാളത്തിലുള്ള ‘കൂട്ടം’. സൌഹൃദവും സാഹിത്യവും രാഷ്ട്രീയവുമൊക്കെ ഇവിടെ കൈകോർക്കുന്നു.
തുടർന്ന് ഇ വായനയുടെ ദൌർബല്യങ്ങൾ ജയൻ ഏവൂർ വിശദീകരിച്ചു. (ചിത്രം എടുക്കാൻ കഴിഞ്ഞില്ല)

ഇ ബുക്ക് റീഡർ വഴി വായിക്കണം എങ്കിൽ ഒരാൾ പണം നൽകി ആ ഉപകരണം വാങ്ങിക്കേണ്ടതുണ്ട്. മാത്രവുമല്ല അത് കേടാകാനുള്ള സാധ്യതയും ഉണ്ട്.  എല്ലാ എഴുത്തുകാരുടെയും രചനകൾ കിട്ടില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതിനു സബ്സ്ക്രിപ്ഷനും പണവും നൽകേണ്ടി വരും. എന്നാൽ അതുണ്ടെങ്കിൽ മാത്രമെ ഇ വായന നടക്കൂ എന്നില്ല. ബഹു ഭൂരിപക്ഷം ആളുകളും ബ്ലോഗും, ഇ മാഗസിനുകളും, ഓൺലൈൻ പത്രങ്ങളുമാണ് ഇ വായനയായി കാണുന്നത് എന്നതാണ് സത്യം.

നിരന്തരം കമ്പ്യൂട്ടറിന്റെ മുന്നിൽ കുത്തിയിരുന്നു വായിക്കുന്ന ഒരാൾക്ക് കണ്ണു വേദനയും നടുവേദനയും മുതൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. ഒപ്പം സമൂഹവുമായി അധികം ബന്ധപ്പെടാതെ നെറ്റിൽ മാത്രം ആക്ടിവിസം കാണിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ ഉണ്ടായെന്നും വരാം. പല ഓൺലൈൻ പുലികളും സമൂഹത്തിൽ എലികളേക്കാൾ നിഷ്ക്രിയരാണ്!

ബ്ലോഗ്  എഡിറ്റർ ഇല്ലാത്തമാധ്യമമായതുകൊണ്ട് ആർക്ക് എന്തും പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവുകയും അത് ചവറുകളുടെ എണ്ണം കൂട്ടുന്നതിനു കാരണമാവുകയും ചെയ്യുന്നുണ്ട്. ബ്ലോഗർമാർ തമ്മിലുള്ള പുറം ചൊറിയലും, വാഗ്വാദങ്ങളും സംഭവിക്കുന്നുമുണ്ട്.

ബ്ലോഗ് മോഷണമാണ് മറ്റൊരു ന്യൂനത. പലപ്പോഴും പെട്ടെന്നു പ്രശസ്തരാകാനാഗ്രഹിക്കുന്നയാളുകൾ മറ്റുള്ളവരുടെ രചനകൾ മോഷ്ടിക്കുന്ന പ്രവണത നിലനിൽക്കുന്നു.

സാമ്പ്രദായിക സാഹിത്യത്തെ അതിശയിക്കുന്ന രചനകൾ സംഭാവന ചെയ്യാൻ ബ്ലോഗുകൾക്ക് ഇനിയുമായിട്ടില്ല എന്നത് സത്യമാണ്. എങ്കിലും വൈവിധ്യമേറിയ ഇ രചനാ/വായനാരംഗത്ത് ഇന്നും ഏറ്റവും വലിയ ശക്തി ബ്ലോഗുകൾ തന്നെയാണ്.ഇ വായനയുടെ ശക്തിയും ദൌർബല്യങ്ങളും എന്ന വിഷയത്തെ അധികരിച്ചായിരുന്നു ഞങ്ങൾ സംസാരിച്ചത്. എന്നാൽ ഇ - സാഹിത്യത്തെക്കുറിച്ചോ, അതിന്റെ സവിശേഷതകളെക്കുറിച്ചോ ഒരു അവലോകനമോ, നന്മതിന്മകളെക്കുറിച്ചുള്ള ചർച്ചയോ ഉണ്ടായില്ല്ല എന്ന് സദസിൽ നിന്നൊരാൾ വിമർശനമുന്നയിച്ചു.

പ്രഭാഷണങ്ങളുടെ ഉദ്ദേശം അതായിരുന്നില്ല എന്ന് ഞങ്ങൾ മൂന്നാളും വിശദീകരിച്ചെങ്കിലും അദ്ദേഹത്തിനു തൃപ്തിയായില്ല. പിന്നീടാണ് ഞാൻ വേദിയിലെ ബാനർ ശ്രദ്ധിച്ചത്. അതിൽ “ഇ എഴുത്തുകാരുടേയും വായനക്കാരുടേയും സംഗമവും സംവാദവും” എന്നാണെഴുതിയിരുന്നത്! അപ്പോൾ സംഗതി അതാവും. അവിടെ ഇ എഴുത്തുകാരുടെ സംഗമമോ, സാഹിത്യസംവാദമോ ഉണ്ടായില്ല! സംഘാടകരും വിഷയാവതാരകരും തമ്മിൽ എവിടെയോ വന്ന ആശയവിനിമയത്തിലെ പിശകാവാമിത്. അതുകൊണ്ടു തന്നെ ആ വിമർശനം ഞങ്ങൾ പോസിറ്റീവായെടുക്കുന്നു.

നമ്മൾ ഉദ്ദേശിച്ചത് കൂടുതൽ ആൾക്കാരെ ഇ വായനയിലേക്ക് ആകർഷിക്കുക എന്നതായിരുന്നു. പലതരം ഇ വായനകളിൽ ഒന്നു മാത്രമായാണ് ബ്ലോഗിനെ പരാമർശിച്ചത്. എന്നാൽ ചടങ്ങിൽ പങ്കെടുത്ത് ഭൂരിഭാഗം ആൾക്കാരും ഇ വായനയെന്നാൽ ബ്ലോഗ് വായനയോ, ഇ പത്രം/ജേണൽ വായനയോ ആയിട്ടാണ് അതിനെ കണ്ടത്.

ഒരു തരത്തിൽ ഇത് ബ്ലോഗിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യം തന്നെ. പണം കൊടുത്ത് ഇ ബുക്ക് റീഡർ വാങ്ങി പുസ്തകം വായിക്കുന്നതിനേക്കാൾ എളുപ്പം ബ്ലോഗ് വായന തന്നെ.അ വായനയും ഇ വായനയും കടന്ന് ഒ വായനയിലേക്കും കാലം നമ്മെ എത്തിച്ചേക്കാം!


മലയാളം പത്രമാധ്യമം ഇ വായനയ്ക്ക് വളരെ നല്ല പിന്തുണയാണ് നൽകി വരുന്നത്.
ദാ നോക്കൂ....


....... വായന അപാരതയുടെ ‘ഇ ലോകത്തെത്തി’ നിൽക്കുന്നു. ഇത് മരണമല്ല, വായനയുടെ വിസ്ഫോടനമാണ്.
(ചുവന്ന വരയിട്ട ഭാഗം വായിച്ചു നോക്കൂ.... )


ഇ മലയാളത്തെക്കുറിച്ച് സിന്ധു.കെ.വി. എഴുതിയ കുറിപ്പ്.

ഇ മലയാളത്തെക്കുറിച്ച് സിന്ധു.കെ.വി. 
(വായനാ വാരത്തിൽ ദേശാഭിമാനി പ്രസിദ്ധീകരിച്ച വിശദമായ ലേഖനം.)
ബ്ലോഗുകൾ ജനകീയമാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് പരാമർശം......


നോക്കൂ, ഇ വായനയ്ക്ക് പത്രങ്ങൾ തരുന്ന ബഹുമാനം, അംഗീകാരം...!

അത് നമ്മൾ അവർക്കും തിരിച്ചു നൽകണം.

തമ്മിൽ പടവെട്ടിയല്ല, പരസ്പരം സഹകരിച്ചാണ് ഫോർത്ത് എസ്റ്റെറ്റിനപ്പുറം ഫിഫ്ത്ത് എസ്റ്റേറ്റായി നമ്മൾ വളരേണ്ടത്.

ടെലിവിഷൻ തത്സമയ വാർത്തകൾ വരുന്നതോടെ പത്രങ്ങൾ പൂട്ടിപ്പോകുമെന്നു പറഞ്ഞവരുണ്ട്. എന്നാൽ വാർത്താപ്രളയവും, ക്രിക്കറ്റ് ലൈവും, ചാനലുകൾ തോറും സിനിമകളും വന്നിട്ടും പത്രങ്ങൾ ക്ഷയിച്ചില്ല. ഇ - മാധ്യമം വളർന്നാലും അതിനു മാറ്റമൊന്നുമുണ്ടാവില്ല. പുതിയ ഈ മാധ്യമം വളരും എന്നു മാത്രം.

ഒരുമിച്ചു വളരാം, ഒരുമിച്ചു നിലനിൽക്കാം, നമുക്ക് ! അല്ലേ!?


അടിക്കുറിപ്പ്: 1996 മുതൽ കേരള സർക്കാർ ജൂൺ 19 വായനാ ദിനമായി ആചരിക്കുന്നു. ഇപ്പോൾ ജൂൺ 19 മുതൽ 25 വരെ വായനാവാരമായും ഇപ്പോൾ ആചരിക്കുന്നു. മലയാളിയുടെ വായനാശീലം വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും, കേരളത്തിൽ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും ചെയ്ത ശ്രീ.പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19.

4 Responses to "അ വായനയും ഇ വായനയും!"

 1. എല്ലാ വായനകളും വളരട്ടെ..അതിലൂടെ വ്യക്തികളും..അതിലൂടെ സമൂഹവും വളരട്ടെ..
  ആശംസകള്‍

  ReplyDelete
 2. മാറ്റങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്ന മാറ്റങ്ങളിലെ നന്മകള്‍ തെരഞ്ഞെടുക്കുമ്പോള്‍ നല്ലൊരു വായന സംഭവിക്കും എന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
  ചിത്രങ്ങളും വിവരണവും നന്നാക്കി ഒരു ചര്‍ച്ചാവേദി നല്‍കിയിരിക്കുന്നു.

  ReplyDelete
 3. നല്ല ലേഖനം വളരട്ടെ മലയാളം ,വിവരണം നന്നായിട്ടോ ആശംസകള്‍

  ReplyDelete
 4. ഇതു വായിച്ചിരുന്നു. നന്നായി ഇവിടെയും കണ്ടതില്‍.
  ചിത്രങ്ങള്‍ മനോഹരമായി ഒപ്പിയെടുത്തു, ഒപ്പം ഒരു
  ചെറിയ നിര്‍ദ്ദേശം ഉണ്ട് ചിത്രങ്ങള്‍ക്ക് താഴെ ഒരു
  ചെറിയ കുറിപ്പു ആരു? എന്ത്? etc എന്ന് കൊടുത്താല്‍
  ഇവിടെ പുതു വായനക്കാര്‍ക്ക് ഒരു ഏകദേശ വിവരം കിട്ടുമല്ലോ? നന്ദി.
  ആശംസകള്‍
  ഫിലിപ്പ് ഏരിയല്‍

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts