സജി മാർക്കോസ്
വിദ്യാഭ്യാസകാലത്ത് ഒരിക്കൽ കോതമംഗലത്തിനടുത്ത് ഒരു സ്നേഹിതന്റെ വീട്ടിൽ പോയി. വീട്ടുകാരെ പരിചയപ്പെട്ടുകൊണ്ടിരുന്നപ്പോൾ അകത്തു നിന്നും ഒരു വൃദ്ധനും വൃദ്ധയും ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു. തൊട്ടടുത്തു വന്നിരുന്നു വിശേഷങ്ങൾ ചോദിക്കുവാൻ തുടങ്ങി. പെട്ടെന്ന് എന്റെ കൂട്ടുകാരൻ ചെവിയിൽ വന്നു അടക്കം പറഞ്ഞു,"ഇപ്പോൾ പൊയ്ക്കോളും ഒത്തിരി മൈൻഡ് ചെയ്യാതിരുന്നാൽ മതി,. ഇനി ഒരു ഷിബുവും കൂടി ഉണ്ട് !". പറഞ്ഞു തീർന്നില്ല ഒരു വൃദ്ധനും കൂടി ഇറങ്ങി വന്നു. അവർക്കൊക്കെ കൊച്ചുമോന്റെ കൂട്ടുകാരനുമായി ചങ്ങാത്തം കൂടണം. ഞാൻ താപര്യത്തോടെ വർത്തമാനം തുടങ്ങിയപ്പോൾ സ്നേഹിതന്റെ മുഖം വാടി. പക്ഷേ, കൂട്ടുകാരന്റെ അച്ഛൻ കയറി വന്നപ്പോൾ ' ഷിബുമാരും ഷിബിയും' വർത്തമാനങ്ങളൊക്കെ പാതിവഴിയ്ക്കു നിർത്തി ധൃതിയിൽ ഉള്ളിലേയ്ക്കു വലിഞ്ഞു.
കുറച്ചു നാൾമുൻപ് യാത്രയ്ക്കിടയിൽ ജർമ്മനിയിലെ ഹാംബർഗിനടുത്ത ഒരു വൃദ്ധമന്ദിരത്തിൽ ഒരു രാത്രി താമസിക്കുവാൻ അവസരം ലഭിച്ചു. അവിടെ നേഴ്സുമാരായ മലയാളി കന്യാസ്ത്രീകളൊടൊപ്പം..
സിസ്റ്റർ സലോമിയോടൊപ്പം, സെന്റ്. അന്ന ഹൗസ്
അവിടത്തെ താമസക്കാർ എല്ലാവരും ഷിബുവും ഷിബിയും തന്നെ. പക്ഷേ, അതിഥികൾ വരുമ്പോൾ കണ്ണുരുട്ടി അകത്തേയ്ക്കു ഓടിക്കാൻ ആരുമില്ല . അകത്തും പുറത്തും, വെളിയിലെ പൂന്തോട്ടത്തിലും യഥേഷ്ടം സഞ്ചരിക്കാം. അതു അവരുടെ മാത്രം ലോകം. ചിരിയും പാട്ടും വ്യായാമവും ആയി സമയം കഴിക്കുന്നു. രോഗികൾക്കു കൃത്യസമയത്ത് മരുന്നും. താല്പര്യമുള്ളവർക്കു പ്രാർത്ഥനും ആവാം. ഒരു മുറിയ്ക്കും മരുന്നിന്റേയും കുഴമ്പിന്റേയും മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധവും ഇല്ല. വൈദ്യ സഹായം വേണ്ടവർക്ക് കൃമീകരണങ്ങൾ എല്ലാം ചെയ്തിരിക്കുന്നു. എല്ലാവരുടെയും മുഖത്തു തൃപ്തിയും സന്തോഷവും.
ജർമ്മനിയിൽ കനത്ത തുക നികുതിയായും ഇൻഷ്വറൻസ് ആയും ജോലി ചെയ്യുന്ന കാലത്ത് ഓരോ പൗരനും നൽകണം. അവനവന്റെ വരുമാനത്തിന്റെ ആനുപാതികമായാണ് നികുതി. സ്കൂൾ വിദ്യാഭ്യാസകാലത്തു മാത്രമേ കുട്ടികൾ മാതാ പിതാക്കളെ ആശ്രയിക്കാറുള്ളൂ. അതിനു ശേഷം സ്വന്തം കാലിൽ നിൽക്കാൻ ആയാൽ മുടക്കിയ തുക മാതാപിതാക്കൾക്കു തിരിച്ചു നൽകുന്നവരും കുറവല്ല. മക്കൾവേണ്ടി സമ്പാദിക്കുക, മക്കൾക്കു വേണ്ടി വീടു പണിയുക, ഇതൊന്നും അവിടെ പതിവില്ല. മിക്കവരും വാടക വീട്ടിലാണ് താമസം. വീട് വിലയ്ക്കു വാങ്ങിയാലും വൃദ്ധ മന്ദിരത്തിലേയ്ക്കു പോകുമ്പോൾ വീട് സർക്കാരിന്റെ ഉടമസ്ഥതയിൽ ആയിത്തീരും. സ്വന്തമായി വീട് ഉണ്ടെങ്കിൽ വൃദ്ധമന്ദിരത്തിൽ പോകുന്നതിന്റെ പത്തുവർഷത്തിനു മുൻപ് എങ്കിലും അനന്തരവാകാശികൾക്ക് കൊടുത്തിരിക്കണം. അല്ലെങ്കിൽ അത് സർക്കാരിനു നൽകേണ്ടി വരും.
"ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല" എന്ന് ഒരു പ്രയോഗം പഴയ നിയമത്തിൽ ഉണ്ട്. മോശയുടെ നേതൃത്വത്തിൽ യഹൂദന്മാർ ഈജിപ്റ്റിൽ നിന്നും പാലായനം ചെയ്യുമ്പോൾ ആഹാരമായ "മന്ന" സ്വർഗ്ഗത്തിൽ നിന്നും യഹോവ ഇട്ടുകൊടുക്കുകയായിരുന്നു. എന്നു രാവിലെ എല്ലാവരുടെയും കൂടാരത്തിന്റെ മുന്നിൽ മന്ന വീണുകിടക്കും. മണ്ടന്മാരും വിരുതന്മാരും തരാതരം പോലെ പെറുക്കി എടുക്കും. പക്ഷേ, കൂടാരത്തിനുള്ളിലെത്തി അളന്നു നോക്കുമ്പോൾ എല്ലാവർക്കും ഒരേ അളവു മന്ന മാത്രം! അതുതന്നെ അവിടുത്തേയും നിയമം. വലിയ ജോലികൾ ചെയ്ത് കൂടുതൽ തുക നികുതിയടച്ചവരായാലും ചെറിയ ജോലി ചെയ്തവരായാലും വൃദ്ധമന്ദിരങ്ങളിൽ ഒരേ പരിഗണനയാണ്. ജീവിതത്തിന്റെ അനിവാര്യമായ ഒരു ഘട്ടമെന്ന നിലയിൽ വാർദ്ധക്യത്തെ ഒരു ആഘോഷമാക്കിമാറ്റുകയാണ് ഈ വൃദ്ധ മന്ദിരങ്ങൾ. കടമയുടെയും കടപ്പാടിന്റേയും പേരിലല്ല, തികഞ്ഞ അഭിമാനത്തോടെ തന്നെ.
ഒറ്റമരത്തിൽ കുരങ്ങുകയറിയതുപോലെയാണ്, ഞാൻ കണ്ടിട്ടുള്ള മലയാളികുടുംബങ്ങളിലെ വൃദ്ധർ. (ഞാൻ കണ്ടിട്ടുതിൽ നമ്മുടെ കാർട്ടൂണിസ്റ്റ് സജ്ജീവേട്ടന്റെ അമ്മയാണ് അതിന് ഒരു അപവാദം) അവർക്കു ഒന്നും രണ്ടും പറഞ്ഞിരിക്കാൻ സമപ്രായക്കാരായ സ്നേഹിതന്മാരില്ല. മക്കളും മരുമക്കളും ആണ് ഏക ആശ്രയം. വയസ്സായ കാരണവർക്കു വീട്ടിൽ സ്ഥാനമുള്ള ഒരു കാലമുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. മക്കൾ അപ്പന്റെ ജോലി തന്നെ തുടർന്നു വന്ന തലമുറകളിൾ, വാർദ്ധിക്യമേറുന്തോറും അവരുടെ സ്വത്തും ജ്ഞാനവും കൂടുതൽ വിലയുള്ളതായിതീർന്നിരുന്നു, അതുകൊണ്ട് തന്നെ തറവാട്ടിൽ അവരുടെ സ്ഥാനവും.
അക്കാലമെല്ലാം പോയ്പ്പോയി. കാരവണവരുടെ 'വിലയേറിയ' ജ്ഞാനവും അനുഭവസമ്പത്തും കൊച്ചുമക്കൾക്കു പോലും ബോറൻ കഥകളാണ്. ബീ ബ്ലേഡിനേപ്പറ്റിയും, എക്സ് ബോക്സിനേയും ആൻഡ്രോയിഡിന്റെ പുതിയ ആപ്പിനേപ്പറ്റിയും കേട്ടിട്ട് വീട്ടിൽ വരുന്ന കൊച്ചുമക്കളുടെ ബല്യവർത്താനത്തിൽ പങ്കു ചേരാൻ ഗ്രാൻഡ്പാ യ്ക്കു കഴിയില്ല. മുത്തശ്ശി കഥകഥകൾ ഒരു പക്ഷേ ഇന്നും കുഞ്ഞുങ്ങൾ കേട്ടിരുന്നേക്കാം പക്ഷേ, നല്ല കഥ കേട്ടു വളർന്നിട്ടില്ലാത്തതുകൊണ്ടാവാം അക്കഥകൾ പറഞ്ഞുകൊടുക്കാൻ അറിയാവുന്നവരും ഇല്ലതന്നെ.
മാതാപിതാക്കളെ വാർദ്ധക്യത്തിൽ വീട്ടിൽ "വളർത്തുന്ന" ഒരു രീതിയാണ് ഇന്നുള്ളത്. അതും ഗതികേടു കൊണ്ട്. മതങ്ങളും ഗ്രഹാതുരത്വം പാകി മുളപ്പിക്കുന്ന സാഹിത്യകാരന്മാരും കാരണവർമാരെ മക്കളുടെ ആട്ടും തുപ്പും ഏൽക്കാൻ വീട്ടിൽ കെട്ടിയേ മതിയാകൂ എന്ന വാശിയിലാണ്. വൃദ്ധർ മക്കളുടെ കൂടെ കഴിഞ്ഞാൽ എല്ലാം പൂർത്തിയായി എന്നാണ് വയ്പ്പ്.
മാറിയ സഹചര്യത്തിൽ നമ്മുടെ നാട്ടിലും വൃദ്ധ സദനങ്ങൾ നല്ല ആശയമാണ്. സർക്കാർ മേഖലയിൽ ഗുണനിലവാരമുള്ള സ്ഥാപനങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണെന്നതാണ് വർഷങ്ങളായുള്ള നമ്മുടെ അനുഭവ പാഠം. സഹകരണ സംഘങ്ങളായോ. പബ്ലിക് പ്രൈവറ്റ് പാർട്ട്ണർ ഷിപ്പിലോ വൃദ്ധ സദനങ്ങൾ നിർമ്മിച്ച് നിലവാരമുള്ള സേവനം ഉറപ്പാക്കി വാർദ്ധക്യം സമപ്രായക്കരോടൊപ്പം ചിലവഴിക്കാൻ അവസരമുണ്ടാകണം. മക്കൾക്കു വേണ്ടി വഴിമാറിക്കൊടുക്കുവാനുതോ മക്കളുടെ വഴി മുടക്കികളായി നിക്കുവാനുള്ളതോ അല്ല പ്രായമായവരുടെ ജീവിതം. ജീവിച്ചു തീർക്കുവാനുള്ളതു തന്നെയാണ്.
ഒരുമിച്ച് കൂട്ടു കുടുംബമായി ജിവിക്കുവാൻ താല്പര്യവും കഴിവും ഉള്ളവർക്ക് അതിനുള്ള സ്വാതന്ത്ര്യം എന്നും ഉണ്ടല്ലോ! പക്ഷേ, വീടുകളിൽ കഴിയുന്ന വൃദ്ധരുടെ, ശാരീരികവും മാനസികവും വൈകാരികമായ ആവശ്യങ്ങൾ യഥായോഗ്യം നിറവേറ്റപ്പെടുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും വേണം.
ദുരഭിമാനത്തിന്റെ പേരിൽ ഇരു കൂട്ടരും സഹിക്കുന്നതിനേക്കാൾ നല്ലത് മാന്യമായി പ്രവർത്തിക്കുന്ന വൃദ്ധമന്ദിരങ്ങൾ തന്നെ.
മക്കൾക്കു വേണ്ടി വഴിമാറിക്കൊടുക്കുവാനുതോ മക്കളുടെ വഴി മുടക്കികളായി നിൽക്കുവാനുള്ളതോ അല്ല പ്രായമായവരുടെ ജീവിതം. ജീവിച്ചു തീർക്കുവാനുള്ളതു തന്നെയാണ്.
ReplyDeleteഗൌരവകരമായ ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട ഒരു വിഷയമാണ് ഈ പോസ്റ്റിന്റെ തലക്കെട്ട്...
ReplyDeleteഒരിക്കൽ ഒരു ചർച്ചയിൽ വൃദ്ധസദനങ്ങൾ കാലം ആവശ്മ്പ്പെടുന്ന ഒന്നാണെന്ന അഭിപ്രായം പറഞ്ഞതിനു എന്നെ എല്ലാവരും പൊരിച്ചെടുത്തു. വീട്ടിൽ ഒറ്റപ്പെടുന്നതിനേക്കാൾ എത്രയോ ഭേദമാണു ഒരു കൂട്ടം സമപ്രായക്കാരിടയിൽ ജീവിക്കുക എന്നതാണെനിക്ക് തോന്നുന്നത്. ഞാൻ സ്വയം താത്പര്യപ്പെആടുന്നതും അതു തന്നെയായിരിക്കും.
ReplyDeleteഅച്ചായാ നല്ല പോസ്റ്റ്..
ReplyDeleteനട്ട്സ് പറഞ്ഞത് ശെരിയാണ്..ചർച്ചകൾ പ്രതീക്ഷിക്കാം
വളരെ പ്രാധാന്യമുള്ള വിഷയം.. കൂടുതല്‍ ചര്‍ച്ചകള്‍ വരട്ടെ..
ReplyDeleteനമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം ഇപ്പോള്‍ മക്കള്‍ മാതാ പിതാക്കളെ നോക്കുന്നില്ല എന്നതല്ല. മറിച്ചു വീട്ടില്‍ നില്ക്കാന് മക്കള്‍ ഇല്ല എന്നതാണ്. (നോക്കാത്ത മക്കളും ഇല്ല എന്നല്ല).
ReplyDeleteവൃദ്ധ സദനങ്ങള്‍ മാത്രം പോരാ;പ്രായമായവരെ ജീവനോടെ കത്തിക്കാന്‍ പറ്റിയ ഇന്സിനരെറ്റര് കൂടെ വേണം നമുക്ക് ;ജര്‍മ്മനിയില്‍ അതൊക്കെ ഉണ്ടോ ആവോ?
ReplyDeleteസുഹൃത്തുക്കളെ (arround 60) കാണുമ്പോള്‍ ഈ വിഷയം പറയുമ്പോള്‍ പലര്‍ക്കും താത്പര്യം ഉണ്ട്. വേണ്ടത്ര സൌകര്യങ്ങള്‍ ഉള്ള സ്വാതന്ത്ര്യത്തിനു തടസ്സമില്ലാത്ത അത്തരം ഫസിലിറ്റി ലീസ് നോ അല്ലെങ്കില്‍ വിലക്കോ ലഭ്യമായിരുന്നെകില് കുറെ പേരൊക്കെ ഉപയോഗിച്ചേനെ സ്വന്തം ചിലവില്‍ തന്നെ. അത് പ്ലാന്‍ ചെയ്തു നടപ്പിലാക്കുന്നതിനാണ് വഴി കാണാത്തത്
ReplyDelete@ ജയ,
ReplyDelete+ ഈ പോസ്റ്റിനുള്ള കമെന്റ് ആയി അതുല്യാമ്മ എഴുതിയ കമെന്റ് ഇതാ.
atulya sharma - ബാങ്ക്ലൂരില്‍ ഒന്നുണ്ട്, ഒരു ഫാമിലി ക്ക് വേണ്ടീ ഞാന്‍ പോയി കണ്ടിരുന്നു പണ്ട്. സൂപ്പറാണു. അത് പോലെ കൊയമ്പത്തൂരുമുണ്ട്.
കൊഛിയില്, ശാരദാ മഠം നടത്തുന്നുണ്ട്, അത് പോലെ, 4 ലക്ഷം രൂപ കൊടുത്താല്‍ ഒരു മുറി കിട്ടും, ബൈ സ്റ്റാണ്ടേര്സ് നു വേറേ ഔര്‍ കൊച്ചു മുറി. റ്റി.വി., എ.സി ഒക്കെ ഇഷ്ടം പോലെ വയ്കാം. ഭജന്യ്ക്ക് വേണമെങ്കില്‍ പോവാം, വീട്ട് ആളുകളേ വന്ന് കാണാം. പക്ഷേ 4 ലക്ഷം രൂപ കൊടുത്താല്‍, ഓണര്‍ഷിപ്പ് നമ്മക്ക് കിട്ടില്ല, മരിയ്ക്കുന്നത് വരെ അവിടെ താമസിയ്ക്കാം എന്ന് മാത്രം.
മരിച്ചാല്‍, പിന്നെ അടുത്താള്‍ക്ക് അത് വില്‍ക്കും. നല്ല സെറ്റ് അപ്പ് ആണു, പൈസ ഉള്ളവര്‍ക്ക്. ഊണിനും മറ്റ് ചിലകുകള്ക്കുമായിട്ട് 3000 വെറേയും കൊടുക്കണം. രവിപുരത്താണു സ്ഥാപനം . ബുക്കിങ് റെക്കമെണ്ടെഷന് ഒക്കെ ഉണ്ട്.
atulya sharma - @banglore, http://www.suvidha.co.in/whysuvidha.html
പ്രദീപിന്റെ കമെന്റും കോപ്പി ചെയ്യുന്നു
ReplyDeletePradeep Pk - അതുല്യാമ്മേ...എറണാകുളത്തു കാക്കനാട്ട് സൈനിക് ആശ്രം എന്ന പേരില്‍ റിട്ടയേര്‍ഡ് സൈനികര്‍ക്കായി ഇതുപോലെ ക്യാഷ് വാങ്ങി രണ്ടുമുറി വീട് കൊടുത്തിട്ടുണ്ട്. ഒരിക്കല്‍ അവിടെ പോയവരെ ഒക്കെ കാണാന്‍ എനിക്ക് കഴിഞ്ഞു. മീന്‍ വളര്‍ത്തല്‍ തുടങ്ങിയ ചെറിയ പരുപാടികളുമായി മക്കളെ ബുദ്ധിമുട്ടിക്കാതെ അവര്‍ ശിഷ്ടജീവിതം അവിടെ ചിലവഴിക്കുന്നു.ഒരു ചെറിയ കോളനി പോലെ ഉണ്ടത്.
തീര്‍ച്ചയായും കാലത്തിന്റെ ആവിശ്യം തന്നെയാണത്. പുതു തലമുറയുടെ ചിന്താരീതികള്‍ കാരണവന്മാരുടെതുമായി പുലബന്ധം പോലും ഇല്ലാതിരിക്കുന്ന ഈ മോഡേണ്‍ യുഗത്തില്‍ അവര്‍ വീട്ടിലും സമൂഹത്തിലും ഒറ്റപ്പെട്ടു പോവുകയാണ്. സ്വത്തു ഭാഗം കിട്ടാന്‍ വേണ്ടി സഹിച്ചു സഹിച്ചു വളര്‍ത്തുന്ന മക്കളുടെ ഇടയില്‍ അവര്‍ വളരെ ചെറുതായിപ്പോകുന്നു.. ജരാനര ബാധിച്ചവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും കാര്യക്ഷമമായി പ്രവൃത്തിക്കുന്ന ഒരു സ്ഥാപനം എന്തായാലും കേരളത്തില്‍ പ്രതീക്ഷിക്കേണ്ട. അഥവാ ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുകയാണെങ്കില്‍ പോലും മെഡിക്കല്‍ മേഖലയെ പോലെ തന്നെ, ഭാവിയില്‍ അതൊരു ചൂഷണോപാധിയായി മാറുമെന്നതില്‍ സംശയമില്ല.
ReplyDeleteകുറച്ച് ഓൺലൈൻ സുഹൃത്തുക്കൾക്ക് ചേർന്ന് ഒരെണ്ണം കേരളത്തിൽ ഉണ്ടാക്കിയാലോ ? വയസ്സാൻ കാലത്ത് ബ്ലോഗ് മീറ്റിൽ പങ്കെടുക്കാനായി അധികം ദൂരമൊന്നും യാത്ര ചെയ്യാൻ ആയില്ലെങ്കിലോ ? :) ഇതാകുമ്പോൾ ഡെയ്ലി മീറ്റ് നടത്തുകയും ആവാം.
ReplyDeleteനാം പുരോഗമിക്കുന്നതോടൊപ്പം ജീവിതം സരളമാകുന്നതിനു പകരം ദുഷ്കരമാകുന്നതായാണ് കണ്ടു വരുന്നത്. വാര്‍ദ്ധക്യം ചിലവിടുവാന്‍ അത്യാവശ്യ സൌകര്യങ്ങളുള്ള സ്വന്തമായ സുരക്ഷിതമായ ഒരു വീടും ചുറ്റുപാടുകളും നമ്മളില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു. മക്കളോ ബന്ധുക്കളോ ശുശ്രൂഷിക്കുവാനോ സാന്ത്വനവാക്കുകള്‍ പറയാനോ ഇല്ലാത്ത അവസ്ഥ ഒരു യാഥാര്‍ത്ഥ്യമാണ്. ഇനി മക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ത്തന്നെ അവരുടെ കൂടെ ജീവിക്കുന്ന വൃദ്ധര്‍ അധികപ്പറ്റാകുന്നതും, അച്ഛനമ്മമാര്‍ വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നതും ഏറി വരുന്നു. വൃദ്ധസദനങ്ങള്‍ കൂണു പോലെ മുളച്ചു വളരുമ്പോള്‍ ഉണ്ടാകാവുന്ന ഒരു സാഹചര്യം - നമ്മുടെ ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലെ അവയും കാശിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അറവുശാലകളായി മാറുമെന്നുള്ളതാണ്. കൂടുതല്‍ കാശുള്ളവര്‍ക്ക് കൂടുതല്‍ സൌകര്യം. അതു തന്നെയുമല്ല വയസ്സുകാലത്ത് ഭക്തിയും ദൈവ വിചാരവുമെല്ലാം കൂടുമെന്നതിനാല്‍ മതവും, ജാതിയുമെല്ലാം തിരിച്ച് ലോബലൊട്ടിച്ച സ്ഥാപനങ്ങളാവും നമ്മുടെ നാട്ടില്‍ വര്‍ദ്ധിച്ചു വരിക. മാതാപിതാക്കളുടെ മരണവും, മരണാനന്തര ചടങ്ങുകളും ഓണ്‍ലൈനില്‍ മക്കള്‍ക്കും ബന്ധുക്കള്‍ക്കും കാണുകയുമാകാം. സര്ക്കാന് എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ കാര്യക്ഷമമല്ലാത്തത് എന്ന ബോധം നമ്മുടെ മനസ്സിലുണ്ട്. ഈ ബോധം സ്വകാര്യ കച്ചവട താല്പര്യങ്ങള്ക്ക് എന്നും ഊര്‍ജ്ജം പകര്‍ന്നു കൊണ്ടിരിക്കും. നമ്മള് ആഗ്രഹിച്ചാലുമില്ലെങ്കിലും വൃദ്ധസദനങ്ങള്‍ എന്ന വ്യാപാരസ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ സജീവമാകുക തന്നെ ചെയ്യും. പക്ഷേ ജര്‍മ്മനിയില്‍ നടക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ സ്വപ്നത്തിലേ നടക്കൂ.
ReplyDeleteനല്ല ഐഡിയയാ നീരൂ..ആദ്യത്തെ ബൂക്കിങ് ദേ ഇവിടെ:)
ReplyDeleteമക്കളെ പഠിപ്പിച്ച് , നല്ല പോലെ കാശ് സമ്പാദിക്കാന്‍ വേണ്ടി പുറത്തേക്ക് അയയ്ക്കാനാണ് കേരളത്തിലെ രക്ഷിതാക്കള്‍ ഇന്ന് ആഗ്രഹിക്കുന്നത്. ഇത് ഒരുതരം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏര്‍പ്പാടാണ്. കൂടുതല്‍ പണം സമ്പാദിക്കുന്നത്കൊണ്ട് ആ പണം അനാവശ്യമായ ധൂര്‍ത്തിനാണ് ഉപയോഗിക്കുന്നത്. അല്പം പണം കുറഞ്ഞാലും മക്കളും മക്കളുടെ മക്കളും ഒക്കെയായി നാട്ടില്‍ തന്നെ ലളിതജീവിതം നയിക്കുന്നതാണ് എല്ലാവര്ക്കും സംതൃപ്തിയും സന്തോഷവും നല്‍കുക. മലയാളികള്‍ പക്ഷെ ഇപ്പോള്‍ ജീവിയ്ക്കുന്നത് സ്വന്തം സംതൃപ്തി പരിഗണിച്ചല്ല. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ഒരു പവ്വറിനും വേണ്ടിയാണ്.
ReplyDeleteഞാന്‍ പറഞ്ഞത് ഓഫ് ടോപിക്ക് ആയിപ്പോയോ, എന്തോ ആകട്ടെ പറഞ്ഞത് പിന്‍വലിക്കുന്നില്ല.
ഇതും നോക്കണേ
ReplyDeleteഒരാള്‍ക്ക് എത്ര അമ്മമാരെ/ഉമ്മമാരെ വേണം
ReplyDeletehttp://marjaaran.blogspot.in/2011/08/blog-post.html
പാലക്കാട്ടേ റസിയാബാനുവിനെ കുറിച്ച്
മക്കള്‍ അവഗണിക്കുന്നതിലും ഭീകരമാണ് വൃദ്ധന്മാരുടെ നിലപാട്.മക്കള്‍ ചെയ്യുന്ന ഒന്നിനോടും അവര്‍ക്ക് യോജിപ്പില്ല എന്നു തന്നെയുമല്ല കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും.എപ്പോഴും പിറുപിറുപ്പും ചീത്തപറച്ചിലും മാത്രം.മക്കള്‍ സഹിച്ചല്ലെ പറ്റൂ, എന്നാല്‍ മരുമക്കള്‍ ഇതെത്ര സഹിക്കും?അപ്പോള്‍ സമപ്രായക്കാരും കൂട്ടുകാരും ഒക്കെയുള്ള - വൃദ്ധമന്ദ്ദിരത്തിലേക്ക് മക്കള്‍ തള്ളിയിട്ടു എന്നു തോന്നിപ്പിക്കാാത്ത മന്ദിരങ്ങള്‍ നല്ലതാണ്.പക്ഷെ നമ്മുടെ കേരളത്തില്‍ ബാക്കിയെല്ലാം കച്ചവടമാകുമ്പോള്‍ ഇതുമാത്രമാായീ എങ്ങനെ ഒഴിഞ്ഞു നില്ക്കും എന്നതാണ് പ്രശ്നം.
ReplyDeleteദിവാരേട്ടന് മക്കളോട് പറഞ്ഞു വച്ചിട്ടുണ്ട്, ലോണ്‍ എടുത്ത്തിട്ടായാലും എന്നെ ഏതെങ്കിലും വൃദ്ധസദനത്തില്‍ കൊണ്ടാക്കി തരണം എന്ന്.
ReplyDeleteസജീ....കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാനും ഇവരെ കാണുന്നു.......അന്തേവാസികളില്‍ 90 % നും ഇത് ഇവരുടെ ചോയ്സ് അല്ല...എത്രയോ പേര് ഒരു ദിവസം മക്കളുടെ കൂടെ താമസിക്കാന്‍ അനുവാദം ചോദിക്കുന്നതും
ReplyDeleteവളരെ ബഹുമാനത്തോടെ നോ പറയുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ നമ്മുടെ സംസ്കാരത്തോട് ബഹുമാനം തോന്നാറുണ്ട് ..ചുരുക്കമെങ്കിലും ചില സജീവേട്ടന്മാര് നമുക്കിടയില്‍ ഉണ്ടല്ലോ .
ഇവിടെ ഇത് സംസ്കാരത്തിന്റെ ഭാഗമായിക്കഴിഞ്ഞു...അതുപോട്ടെ നമുക്കൊന്നലോചിചാലോ ..ഒരു... homely atmospeare set up ...അച്ഛനമ്മമാരെ നോക്കുന്ന ഒരു തലമുറയെ വാര്തഎടുക്കനോക്കെ
ഇനി വലിയ പാടാ
...ഇങ്ങനെ ഒരെണ്ണം അങ്ങ് തുടഞ്ഞിയാല് ഒരു സേവനോം ആകും...ഒത്താല്‍ ഒരു തമ്പി ആന്റണി ആകാം ..lathish usa
വളരെ നന്നായി എഴുതി ഈ സമകാലിക സാഹചര്യത്തില്‍ ചര്‍ച്ചകള്‍ ചെയ്യപ്പെടേണ്ട വിഷയം തന്നെ
ReplyDeleteസ്വന്തം ഇഷ്ടപ്രകാരം വൃദ്ധ സദനത്തില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഒരമ്മയുടെ കഥ എഴുതിയപ്പോള്‍ എന്റെ നേരെ വാളോങ്ങിയതാണ് പലരും...
ReplyDeleteനിരക്ഷരന് പറഞ്ഞ ആശയത്തോട് യോജിക്കുന്നു. അതെപ്പറ്റി നമുക്ക് ആലോചിക്കാവുന്നതാണ്....
ഡിയര്‍ സജി
ReplyDeleteഎന്തായാലും ആശയം കൊള്ളാം... ?
നിരക്ഷരൻ പറഞ്ഞതിനെ അനുകൂലിക്കുന്നു, ഒരു സീറ്റ് എനിക്കായി ഞാൻ ഇപ്പൊഴെ ബുക്ക് ചെയ്യുന്നു.
ReplyDeleteജര്‍മ്മനിയില്‍ ആരാണ് വൃദ്ധസദനങ്ങള്‍ നടത്തുന്നത് എങ്ങനെയാണ് അത് നടന്നു പോകുന്നത് എന്നത് പ്രധാനം..നമ്മുടെ നാട്ടില്‍ ഇതിനൊക്കെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്..സമൂഹം നടന്നു തീര്‍ക്കേണ്ട വഴികളും..
ReplyDeleteവൃദ്ധസദനം എന്ന് കേള്‍ക്കുമ്പോഴേക്കും പലരും വാള് എടുക്കും.
ReplyDeleteപക്ഷെ,മക്കളുടെ ദുര്‍മുഖം കണ്ടു ജീവിക്കുന്നതിലും എത്രയോ ഭേദമല്ലേ അത് ?
ലഗേ രഹോ മുന്നാ ഭായിയിലെ 'ലാസ്റ്റ് ഇന്നിങ്ങ്സ് 'ഓര്‍ത്തുപോകുന്നു.
നിരക്ഷരന്, അങ്ങിനെ ഒരു initiative എടുക്കു. ഒന്നല്ല ഒരു ചെയിന്‍ .. ഒരു ജില്ലയില്‍ ഒന്നെങ്കിലും.അടുത്തടുത്തുള്ള നാലോ അഞ്ചോ വീടുകള്‍ ചേര്‍ത്ത് പോലും പറ്റിയാല്‍ ചെയ്യാമല്ലോ. ഒറ്റക്കും, ദമ്പതികള്‍ക്കും.
ReplyDeleteവളരെ നന്ദി സജി
ReplyDeleteThis comment has been removed by the author.
ReplyDeleteസ്വാമികളേ,
ReplyDeleteഎന്റെ അമ്മയെ പരാമർശിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ട്. ലേഖനം കോപ്പിയെടുത്തിട്ടുണ്ട്. ഇന്ന് അമ്മ പൊരിഞ്ഞ വായനയായിരിക്കും.
കഴിഞ്ഞ മാസം എറണാകുളത്ത് മഹാരാജാസ് കോളേജിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുപ്പിക്കാൻ 1942-47 BA(History) ബാച്ചുകാരി ഒരാൾ വീട്ടിലുണ്ടല്ലോ എന്നു ഞാനോർത്തില്ല എന്നത് എന്നെ സങ്കടപ്പെടുത്തിക്കൊണ്ടിരിക്കുമ്പഴാ സജിയുടെ ഇത്...
വയസ്സായവരെ എല്ലാരും പരിഹസിക്കുന്നു. ചേർത്ത് പിടിക്കേണ്ട കുഞ്ഞുങ്ങളാണവർ.. :(
വൃദ്ധ ജനങ്ങളെ എത്രത്തോളം വെറുക്കെണ്ടാതുണ്ടോ ? ഈ ചോദ്യം ഞാന്‍ പല വട്ടം ചോദിച്ചു .സ്വയം ...... വിദേശ രാജ്യങ്ങളിലെ സാമൂഹ്യ വ്യവസ്ഥിതിയാകാം വൃദ്ധസദനങ്ങള്‍ അവിടെ കൂടാന്‍ കാരണം .അത്തരം വിദേശ സന്ദര്‍ശന അനുഭവങ്ങള്‍ എനിക്കില്ല . പക്ഷെ നാല് പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങള്‍ എനിക്കുണ്ട് . അതിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ .....നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയില്‍ വൃദ്ധസടനങ്ങള്ക്ക് സ്ഥാനമില്ല . പണ്ടുള്ളവര്‍ പറയും " ജീവിതം കടം കൊടുക്കലും കടം വീട്ടലും ആണെന്ന് " കടം കൊടുക്കുന്നത് സ്വന്തം കുഞ്ഞുങ്ങളെ പോറ്റലാണ് . കടം വീട്ടുന്നത് വയസ്സായ മാതാ പിതാക്കളെ പോന്നു പോലെ നോക്കുന്നതാണ് . ആധുനിക ജീവിതത്തില്‍ ഈ കടം വീട്ടല്‍ മാത്രം നടക്കുന്നില്ല . ഇതിനു പല കാരണങ്ങള്‍ ഉണ്ട് ......
ReplyDeleteപണം സമ്പാദിക്കാനുള്ള ആര്ത്തിയ്ക്കിടയില് നമുക്ക് ഇതിനു സമയം തികയാറില്ല .
ആധുനികലോകത്ത്തിന്റെ സുഖലോലുപതയും കമ്പോള പൊങ്ങച്ചന് സംസ്ക്കാരവും മുതിര്‍ന്നവരെ അന്ഗീകരിക്കാന് പ്രേരിപ്പിക്കുന്നതല്ല .
ത്യാഗം ചെയ്യാനുള്ള മനസ്സ് ഇന്നത്തെ തലമുറയ്ക്ക് കൈമോശം വന്നിരിക്കുന്നു .
കുറച്ചു പണം കൂട്ടി വച്ച് നല്ല വൃത്തിയുള്ള സ്ഥലം കണ്ടെത്തി അവിടെ തള്ളിയാല്‍ തന്റെ കടമ കഴിഞ്ഞു , മുതിര്‍ന്നവര്‍ക്ക് അത് സന്തോഷമാകും എന്നാ മിഥ്യാ ധാരണ
സമൂഹത്തിനു നന്മ ചെയ്യാനുള്ള അവസരങ്ങളെ പ്രകടനപരമായ ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും ആയി നീക്കി വയ്ക്കുന്ന പ്രവണത .
സംശുദ്ധമായ മാതൃകകള്‍ ഇന്നു കുടുംബങ്ങളില്‍ നിന്നും പറിച്ചു മാറ്റപ്പെട്ട അവസ്ഥ
ഇനിയും കാരണങ്ങള്‍ ഏറെയുണ്ട് ....... ഇപ്പോഴത്തെ അനു കുടുംബത്തിന്റെ സ്ഥിതി പരിശോധിക്കാം . രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെ എത്ര വേഗം കൂടുതല്‍ പണം സമ്പാദിക്കാം എന്നാ ചിന്തയോടെയുള്ള ഓട്ടത്തിനിടയില്‍ സ്വന്തം കുട്ടിയോട് മനസ്സ് തുറന്നു സംസാരിക്കാന്‍ പോലും അച്ഛനമ്മമാര്‍ മറക്കുന്നു . ആകെ പറയുന്നത് പഠിക്കാനുള്ള ആക്രോശവും തന്റെ മനസ്സിലെ വമ്പന്‍ ലക്ഷ്യങ്ങള്‍ പറഞ്ഞുള്ള പഴി പറച്ചിലും ആണ് . മറ്റൊരു കൂട്ടര് ബോര്ടിഗ് സ്കൂളിലയച്ചു തങ്ങളുടെ കടമ തീര്‍ക്കുന്നു . പത്താം തരം കഴിഞ്ഞ കൂട്ടുകാര്‍ക്ക് വേണ്ടി തൃശൂരും പാലായിലും എല്ലാം ജയില്‍ സമാന എന്ടരന്സ് കോച്ചിംഗ് സെന്ററുകള്‍ കൊയ്ത്തു കൂട്ടുന്നത് കോടികളാണ് . ഇതു കേരളീയ മനസ്സിന്റെ യഥാര്‍ഥ ചിത്രമാണ് . കുട്ടികള്‍ പിറക്കുന്നത് പോലും തങ്ങളുടെ സ്വൈര വിഹാരത്തിന് തടസ്സമാകും ഇന്നു കരുതുന്ന മാതാപിതാക്കളും കുറവല്ല . ഇത്തരത്തിലുള്ള ഭ്വൌതിക ചിന്തകള്‍ മൂക്കുമ്പോള്‍ ആണ് ഹൈ ടെക്ക് വൃദ്ധ സദനങ്ങളെ കുറിച്ച് ചിന്ത വരുന്നത് .
പട്ടിയ്ക്കു കൂട് , പശുവിനു തൊഴുത്ത് , വൈകല്യമുള്ളവര്‍ക്ക് പ്രത്യേകം സ്ഥാപനങ്ങള്‍ , വൃദ്ധര്‍ക്ക് പ്രത്യേക വാസ സ്ഥലം ...ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ അവസാനം ഒരു കുറവും ഇല്ലാത്തവരെ തേടി അലയേണ്ടി വരും . ഇന്ത്യയുടെ സംസ്ക്കാരം ലോകത്തിനു മാതൃകയാണ് . അത് വിഷിഷ്ട്ട അമ്മമാര്‍ക്കും താടി വളര്‍ത്തി കച്ചവടം നടത്തുന്ന സന്യാസിമാര്‍ക്കും ഹൈ ടെക്ക് സ്ഥാപനങ്ങള്‍ കെട്ടി കച്ചവടം നടത്താനുള്ള മാര്‍ഗ്ഗമല്ല എന്ന് നാം തിരിച്ചറിഞ്ഞാല്‍ പ്രശ്നം തീര്‍ന്നു .
പണ്ട് എന്റെ നാട്ടില്‍ നെല്‍കൃഷി വ്യാപകമായിരുന്നു . ഒപ്പം ഓല കെട്ടിയ വീടുകളും ധാരാളം . മഴ പെട്ടന്ന് വന്നാല്‍ ഒന്ന് കൂക്കിയാല് മതി ..... നാട്ടുകാര്‍ ഓടിക്കൂടും, വൈക്കോല്‍ കൂട്ടാനും ഓല കെട്ടാനും . നിമിഷ നേരം കൊണ്ട് ആ കൂട്ടായ്മ പ്രകൃതിയെപ്പോലും തോല്‍പ്പിക്കും . വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും അന്ന് വലിയ ചിലവില്ല . അത് സമൂഹത്തിന്റെ ബാധ്യതയായി കാണുമായിരുന്നു . ആ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ഗുരു സ്വാമിമാരായി വൃദ്ധര്‍ എന്ന് ഇന്നു ആക്ഷേപിക്കപ്പെടുന്നവര് മുന്നില്‍ ഉണ്ടായിരുന്നു . വയസ്സായവരുടെ അനുഭവ പാഠങ്ങള്‍ നമ്മുടെ പുരോഗതിയുടെ ആണിക്കല്ല് ആകണം . ഫൈസ് ബുക്കും ഇന്റര്‍ നെറ്റും ഒക്കെ വന്നേയ്ക്കാം ....എന്നാലും അമ്മൂമ്മ കഥകളുടെ മാധൂര്യവും അപ്പൂപ്പന്മാരുടെ മനോധൈര്യവും മനശാസ്ത്രപരമായ ഇടപെടലുകള്‍ക്കും പകരം വയ്ക്കാനുള്ള കോപ്പുകള്‍ ഒന്നും ഒരു ആധുനിക സംകെദത്തിന്റെ കിരാതമായ തിരു ശേഷിപ്പുകളിലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല . ശാസ്ത്രം മനുഷ്യന്റെ പുരോഗതിയ്ക്ക് വേണ്ടിയുള്ളതാണ് . പ്രത്യേകിച്ച് മന സംസ്കരനത്ത്തിനു വേണ്ടിയുള്ളതാകണം . കൂടുതല്‍ അറിവ് നേടുന്നവനും ചിന്തിക്കുന്നവനും ആയി മാറുന്ന മനുഷ്യന് പക്വതയുള്ള മനസ്സിന്റെ ഉടമയാകാന്‍ കഴിയണം . ദൈന്യത നിറഞ്ഞ വയസ്സായ ജീവിതങ്ങള്‍ക്ക് കരുത്തു പകരാനും ആശ്വാസം നല്‍കാനും കഴിയുന്ന ഒരു സാമൂഹ്യ സൃഷ്ട്ടിയാണ് അനിവാര്യമായി വേണ്ടത് . പകരം അവഗണനയുടെ പ്രതീകമായ് അടച്ചിടുന്ന ഹൈ ടെക്ക് ജയിലുകളല്ല വേണ്ടത് .
പറഞ്ഞു തീര്‍ന്നില്ല .....പറയാനൊത്തിരി ബാക്കിയുണ്ട് . ചിന്തയ്ക്ക് വേദി മരുന്നിട്ട ബൂ ലോകത്തിനു നന്ദി
വൃദ്ധ ജനങ്ങളെ എത്രത്തോളം വെറുക്കെണ്ടാതുണ്ടോ ? ഈ ചോദ്യം ഞാന്‍ പല വട്ടം ചോദിച്ചു .സ്വയം ...... വിദേശ രാജ്യങ്ങളിലെ സാമൂഹ്യ വ്യവസ്ഥിതിയാകാം വൃദ്ധസദനങ്ങള്‍ അവിടെ കൂടാന്‍ കാരണം .അത്തരം വിദേശ സന്ദര്‍ശന അനുഭവങ്ങള്‍ എനിക്കില്ല . പക്ഷെ നാല് പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങള്‍ എനിക്കുണ്ട് . അതിന്റെ അടിസ്ഥാനത്തില്‍ പറയട്ടെ .....നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയില്‍ വൃദ്ധസടനങ്ങള്ക്ക് സ്ഥാനമില്ല . പണ്ടുള്ളവര്‍ പറയും " ജീവിതം കടം കൊടുക്കലും കടം വീട്ടലും ആണെന്ന് " കടം കൊടുക്കുന്നത് സ്വന്തം കുഞ്ഞുങ്ങളെ പോറ്റലാണ് . കടം വീട്ടുന്നത് വയസ്സായ മാതാ പിതാക്കളെ പോന്നു പോലെ നോക്കുന്നതാണ് . ആധുനിക ജീവിതത്തില്‍ ഈ കടം വീട്ടല്‍ മാത്രം നടക്കുന്നില്ല . ഇതിനു പല കാരണങ്ങള്‍ ഉണ്ട് ......
ReplyDeleteപണം സമ്പാദിക്കാനുള്ള ആര്ത്തിയ്ക്കിടയില് നമുക്ക് ഇതിനു സമയം തികയാറില്ല .
ആധുനികലോകത്ത്തിന്റെ സുഖലോലുപതയും കമ്പോള പൊങ്ങച്ചന് സംസ്ക്കാരവും മുതിര്‍ന്നവരെ അന്ഗീകരിക്കാന് പ്രേരിപ്പിക്കുന്നതല്ല .
ത്യാഗം ചെയ്യാനുള്ള മനസ്സ് ഇന്നത്തെ തലമുറയ്ക്ക് കൈമോശം വന്നിരിക്കുന്നു .
കുറച്ചു പണം കൂട്ടി വച്ച് നല്ല വൃത്തിയുള്ള സ്ഥലം കണ്ടെത്തി അവിടെ തള്ളിയാല്‍ തന്റെ കടമ കഴിഞ്ഞു , മുതിര്‍ന്നവര്‍ക്ക് അത് സന്തോഷമാകും എന്നാ മിഥ്യാ ധാരണ
സമൂഹത്തിനു നന്മ ചെയ്യാനുള്ള അവസരങ്ങളെ പ്രകടനപരമായ ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും ആയി നീക്കി വയ്ക്കുന്ന പ്രവണത .
സംശുദ്ധമായ മാതൃകകള്‍ ഇന്നു കുടുംബങ്ങളില്‍ നിന്നും പറിച്ചു മാറ്റപ്പെട്ട അവസ്ഥ
ഇനിയും കാരണങ്ങള്‍ ഏറെയുണ്ട് ....... ഇപ്പോഴത്തെ അനു കുടുംബത്തിന്റെ സ്ഥിതി പരിശോധിക്കാം . രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെ എത്ര വേഗം കൂടുതല്‍ പണം സമ്പാദിക്കാം എന്നാ ചിന്തയോടെയുള്ള ഓട്ടത്തിനിടയില്‍ സ്വന്തം കുട്ടിയോട് മനസ്സ് തുറന്നു സംസാരിക്കാന്‍ പോലും അച്ഛനമ്മമാര്‍ മറക്കുന്നു . ആകെ പറയുന്നത് പഠിക്കാനുള്ള ആക്രോശവും തന്റെ മനസ്സിലെ വമ്പന്‍ ലക്ഷ്യങ്ങള്‍ പറഞ്ഞുള്ള പഴി പറച്ചിലും ആണ് . മറ്റൊരു കൂട്ടര് ബോര്ടിഗ് സ്കൂളിലയച്ചു തങ്ങളുടെ കടമ തീര്‍ക്കുന്നു . പത്താം തരം കഴിഞ്ഞ കൂട്ടുകാര്‍ക്ക് വേണ്ടി തൃശൂരും പാലായിലും എല്ലാം ജയില്‍ സമാന എന്ടരന്സ് കോച്ചിംഗ് സെന്ററുകള്‍ കൊയ്ത്തു കൂട്ടുന്നത് കോടികളാണ് . ഇതു കേരളീയ മനസ്സിന്റെ യഥാര്‍ഥ ചിത്രമാണ് . കുട്ടികള്‍ പിറക്കുന്നത് പോലും തങ്ങളുടെ സ്വൈര വിഹാരത്തിന് തടസ്സമാകും ഇന്നു കരുതുന്ന മാതാപിതാക്കളും കുറവല്ല . ഇത്തരത്തിലുള്ള ഭ്വൌതിക ചിന്തകള്‍ മൂക്കുമ്പോള്‍ ആണ് ഹൈ ടെക്ക് വൃദ്ധ സദനങ്ങളെ കുറിച്ച് ചിന്ത വരുന്നത് .
പട്ടിയ്ക്കു കൂട് , പശുവിനു തൊഴുത്ത് , വൈകല്യമുള്ളവര്‍ക്ക് പ്രത്യേകം സ്ഥാപനങ്ങള്‍ , വൃദ്ധര്‍ക്ക് പ്രത്യേക വാസ സ്ഥലം ...ഇങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ അവസാനം ഒരു കുറവും ഇല്ലാത്തവരെ തേടി അലയേണ്ടി വരും . ഇന്ത്യയുടെ സംസ്ക്കാരം ലോകത്തിനു മാതൃകയാണ് . അത് വിഷിഷ്ട്ട അമ്മമാര്‍ക്കും താടി വളര്‍ത്തി കച്ചവടം നടത്തുന്ന സന്യാസിമാര്‍ക്കും ഹൈ ടെക്ക് സ്ഥാപനങ്ങള്‍ കെട്ടി കച്ചവടം നടത്താനുള്ള മാര്‍ഗ്ഗമല്ല എന്ന് നാം തിരിച്ചറിഞ്ഞാല്‍ പ്രശ്നം തീര്‍ന്നു .
പണ്ട് എന്റെ നാട്ടില്‍ നെല്‍കൃഷി വ്യാപകമായിരുന്നു . ഒപ്പം ഓല കെട്ടിയ വീടുകളും ധാരാളം . മഴ പെട്ടന്ന് വന്നാല്‍ ഒന്ന് കൂക്കിയാല് മതി ..... നാട്ടുകാര്‍ ഓടിക്കൂടും, വൈക്കോല്‍ കൂട്ടാനും ഓല കെട്ടാനും . നിമിഷ നേരം കൊണ്ട് ആ കൂട്ടായ്മ പ്രകൃതിയെപ്പോലും തോല്‍പ്പിക്കും . വിവാഹത്തിനും മരണാന്തര ചടങ്ങുകള്‍ക്കും അന്ന് വലിയ ചിലവില്ല . അത് സമൂഹത്തിന്റെ ബാധ്യതയായി കാണുമായിരുന്നു . ആ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ഗുരു സ്വാമിമാരായി വൃദ്ധര്‍ എന്ന് ഇന്നു ആക്ഷേപിക്കപ്പെടുന്നവര് മുന്നില്‍ ഉണ്ടായിരുന്നു . വയസ്സായവരുടെ അനുഭവ പാഠങ്ങള്‍ നമ്മുടെ പുരോഗതിയുടെ ആണിക്കല്ല് ആകണം . ഫൈസ് ബുക്കും ഇന്റര്‍ നെറ്റും ഒക്കെ വന്നേയ്ക്കാം ....എന്നാലും അമ്മൂമ്മ കഥകളുടെ മാധൂര്യവും അപ്പൂപ്പന്മാരുടെ മനോധൈര്യവും മനശാസ്ത്രപരമായ ഇടപെടലുകള്‍ക്കും പകരം വയ്ക്കാനുള്ള കോപ്പുകള്‍ ഒന്നും ഒരു ആധുനിക സംകെദത്തിന്റെ കിരാതമായ തിരു ശേഷിപ്പുകളിലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല . ശാസ്ത്രം മനുഷ്യന്റെ പുരോഗതിയ്ക്ക് വേണ്ടിയുള്ളതാണ് . പ്രത്യേകിച്ച് മന സംസ്കരനത്ത്തിനു വേണ്ടിയുള്ളതാകണം . കൂടുതല്‍ അറിവ് നേടുന്നവനും ചിന്തിക്കുന്നവനും ആയി മാറുന്ന മനുഷ്യന് പക്വതയുള്ള മനസ്സിന്റെ ഉടമയാകാന്‍ കഴിയണം . ദൈന്യത നിറഞ്ഞ വയസ്സായ ജീവിതങ്ങള്‍ക്ക് കരുത്തു പകരാനും ആശ്വാസം നല്‍കാനും കഴിയുന്ന ഒരു സാമൂഹ്യ സൃഷ്ട്ടിയാണ് അനിവാര്യമായി വേണ്ടത് . പകരം അവഗണനയുടെ പ്രതീകമായ് അടച്ചിടുന്ന ഹൈ ടെക്ക് ജയിലുകളല്ല വേണ്ടത് .
പറഞ്ഞു തീര്‍ന്നില്ല .....പറയാനൊത്തിരി ബാക്കിയുണ്ട് . ചിന്തയ്ക്ക് വേദി മരുന്നിട്ട ബൂ ലോകത്തിനു നന്ദി
അവിടത്തെ താമസക്കാർ എല്ലാവരും ഷിബുവും ഷിബിയും തന്നെ. പക്ഷേ, അതിഥികൾ വരുമ്പോൾ കണ്ണുരുട്ടി അകത്തേയ്ക്കു ഓടിക്കാൻ ആരുമില്ല . അകത്തും പുറത്തും, വെളിയിലെ പൂന്തോട്ടത്തിലും യഥേഷ്ടം സഞ്ചരിക്കാം. അതു അവരുടെ മാത്രം ലോകം. ചിരിയും പാട്ടും വ്യായാമവും ആയി സമയം കഴിക്കുന്നു. രോഗികൾക്കു കൃത്യസമയത്ത് മരുന്നും. താല്പര്യമുള്ളവർക്കു പ്രാർത്ഥനും ആവാം. ഒരു മുറിയ്ക്കും മരുന്നിന്റേയും കുഴമ്പിന്റേയും മനം മടുപ്പിക്കുന്ന രൂക്ഷ ഗന്ധവും ഇല്ല. വൈദ്യ സഹായം വേണ്ടവർക്ക് കൃമീകരണങ്ങൾ എല്ലാം ചെയ്തിരിക്കുന്നു. എല്ലാവരുടെയും മുഖത്തു തൃപ്തിയും സന്തോഷവും.
ReplyDeleteഅവിശ്വസനീയമായിരിക്കുന്നൂ ഇങ്ങനൊരു വൃദ്ധമന്ദിര വിശേഷം. നല്ല രീതിയിൽ നടക്കുന്ന ഒരു വൃദ്ധമന്ദിരത്തിന്റെ നല്ല വിശേഷങ്ങൾ പങ്ക് വച്ച നിങ്ങൾക്ക് ആശംസകൾ.
നിരക്ഷരന്റെ അഭിപ്രായത്തിനൊപ്പം തുല്ല്യം ചാർത്തുന്നൂ...
ReplyDelete