സജി മർക്കോസ്
ഉച്ച തിരിഞ്ഞ് രണ്ടു മണി കഴിഞ്ഞപ്പോഴാണ് ഫിന്‍ലന്‍ഡിന്റെ വടക്കേയറ്റത്തുള്ള റൊവാനിമിയില്‍ വിമാനമിറങ്ങിയത്. ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നിന്നും റൊവാനിമിയിലേയ്ക്ക് ഒന്നരമണിക്കൂര്‍ യാത്രയുണ്ട്..
- 26 ഡിഗ്രിയാണ് താപനില എന്ന് പൈലറ്റ് വിമാനം ഇറങ്ങുതിനു മുന്‍പുള്ള അറിയിപ്പില്‍ പറഞ്ഞിരിന്നു. റണ്‍വേയും വിമാനത്താവളവും പൂര്‍ണ്ണമായും മഞ്ഞ് മൂടി കിടന്നിരുന്നു. എവിടെ നോക്കിയാലുംതൂവെള്ള നിറം മാത്രം. അവിടവിടയായി ഒറ്റപ്പെട്ട വീടുകൾ കാണാം. കടും നിറത്തിലുള്ള ചുവരുകളും കൂർത്ത മേൽക്കൂരയും മഞ്ഞിൽ കുളിച്ച മരങ്ങളും മനോഹരമായ ചിത്രം പോലെ തോന്നിച്ചു
മഞ്ഞുമൂടിയ വഴികളിലൂടെ വണ്ടി ഓടിക്കണമെന്ന് ആഗ്രഹം നിമിത്തം യാത്ര തിരിയ്ക്കും മുൻപേ ഇന്റെര്‍ നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് സംഘടിപ്പിച്ചിരുന്നു.
വളരെ ചെറിയ എയര്‍പ്പോര്‍ട്ട് .ഓരോ വിമാനം എത്തുമ്പോഴും എയർപ്പോർട്ടിലെ ചെറിയ കടകൾ സജീവമാകും. ശൈത്യ കാലത്തെ രീതികൾ അങ്ങിനെയാണ്. മൂന്നു റെന്റ്-എ കാർ കമ്പനിയുടെ ഓഫീസ്കൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നിൽ മാത്രമേ കാർ ഉണ്ടായിരുന്നുള്ളൂ. അതും ഒരേയൊരു കാർ. എന്തായാലും വണ്ടി വാടകയ്ക്ക് എടുത്തു. ഇന്റെർനാഷ്നൽ ഡ്രൈവിങ് ലൈസൻസ് എടുത്തു നൽകിയെങ്കിലും അതിന്റെ ഒന്നും ആവശ്യമില്ല , ഏതെങ്കിലും രാജ്യത്തെ ലൈസൻസ് ഉണ്ടെങ്കിൽ മതിയെന്നായി ജീവനക്കാരൻ. പേപ്പറുകളിലൊക്കെ ഒപ്പിട്ടു വാങ്ങി അയാൾ നിമിഷങ്ങൾക്കുള്ളിൽ കാറുമായി എത്തി.
വെളിയിലിറങ്ങി ചുറ്റും നോക്കിയപ്പോൾ അതുവരെയുണ്ടായിരുന്ന ധൈര്യം ചോർന്നു പോയി. കണ്ണെത്തുന്ന ദൂരമെല്ലാം വെളുത്ത നിറം മാത്രം. വണ്ടിയുടെ മുകൾ ഭാഗം നിറയെ പൊടി മഞ്ഞ്. റോഡ് കാണാനില്ല. അല്പം ദൂരെ ഒരു ഷവൽ കൊണ്ട് മഞ്ഞു കോരി നീക്കുന്നുണ്ടായിരുന്നു. പാർക്കിംഗിൽ കിടക്കുന്ന വണ്ടികൾ പൂർണ്ണമായും മൂടിപ്പോയിരിക്കുന്നു . വണ്ടിയുടെ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വണ്ടിയിൽ കയറിയിരുന്നെങ്കിലും റോഡ് തിരിച്ചറിയാനാകത്തതുകൊണ്ട് വീണ്ടും പുറത്ത് ഇറങ്ങി. ഈ സമയം ജെയ്സൺ ഞങ്ങൾക്കു താമസിക്കുവാനുള്ള ഹോട്ടലിന്റെ അഡ്രസ്സ് ജി.പി. എസ്സിൽ തിരയുകയായിരുന്നു.
എയർപ്പോർട്ടിൽ ഞങ്ങളെക്കൂടാതെ മൂന്നു യാത്രക്കാർ മാത്രം ശേഷിച്ചു.. അവർ ടാക്സിയെപറ്റി പറയുന്നതുകേട്ടപ്പോൽ പെട്ടെന്നു ഒരാശയം തോന്നി
"ജെയ്സാ ഇവർ ഒരു ടാക്സിക്കു വേണ്ടി അന്വേഷിക്കുകയാണ്. നമുക്കാണെങ്കിൽ പ്രത്യേകിച്ച്എങ്ങോട്ടും പോകാനും ഇല്ല. ഇവർക്ക് ഒരു ഫ്രീ ലിഫ്റ്റ് ഓഫർ ചെയ്താലോ? ഇവർക്കു ചിലപ്പോൾ പുറത്തുകടക്കാനുള്ള വഴി അറിയാമെങ്കിൽ നമുക്ക് അതു ഉപകാരവും ആകും . അഥവാ എന്തെങ്കിലും സംഭവിച്ചാൽ സഹായത്തിനു ഒന്നു രണ്ടു പേർ കൂടി ഉണ്ടാവുമല്ലോ?"
"ഒകെ , പോയി ചോദിക്കൂ" എന്നായി ജയ്സൺ.
ആദ്യം അവർക്കും നല്ല ആശയമായി തോന്നിയിരിക്കണം- ഇതാ രണ്ടു അപരിചിതർ അവരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാമെന്നു പറയുന്നു.
സമ്മതിച്ചു പുറത്തേയ്ക്കു വന്നപ്പോഴായിരുന്നു, വിനയപുരസരമുള്ള എന്റെ വെളിപ്പെടുത്തൽ:
"യൂ നീഡ് നൊട്ട് പെ അസ് "
"വൈ?" എന്നായി സായിപ്പ്.
ഞാനൊന്നു പരുങ്ങി, അവരുടെ മുഖം ചുളിഞ്ഞു.
വെറുങ്ങലിക്കുന്ന തണുപ്പത്ത് ഒരു മുൻപരിചയവുമില്ലാത്ത അന്യ നാട്ടുകാരായ രണ്ടു ചെറുപ്പക്കാർ എവിടെ വെണമെങ്കിലും കൊണ്ടുപോകാമെന്നു പറഞ്ഞു നിർബന്ധിച്ചുകാറിൽ കയറ്റാൽ ശ്രമിക്കുന്നു.
അതു സൗജന്യമായിട്ടാണു പോലും.
ചുറ്റും ഒരു മനുഷ്യനും ഇല്ല,
കുറ്റകൃത്യങ്ങൾ ഇല്ലാത്ത നാടാണെങ്കിലും സാഹചര്യമാണല്ലോ കുറ്റവാളികളെ സൃഷ്ടിക്കുന്നത്.
ഞങ്ങൾക്കറിയാത്ത ഏതൊ ഭാഷയിൽ അവർ അടക്കംപറയുന്നതു കേട്ടപ്പോൾ പണി പാളി എന്നു മാത്രം മനസിലായി. ലോകത്തിലെ ഏറ്റവും കൂടുതൽ കൂലി കിട്ടുന്ന ഒരു രാജ്യത്തിലാണ്ഞങ്ങൾ എത്തിയിരിക്കുന്നത്. അവിടെ സൗജന്യം എന്നൊരു വാക്ക് ഇല്ല. എന്തിനും ഏതിനും സഹായിക്കാൻ ഇവിടെ ആളുകളെ നിർത്തിയിട്ടില്ല. . എല്ലായിടത്തും വേണ്ട നിർദ്ദേശങ്ങൾ സ്ഥാപിച്ച ബോർഡുകൾ, പണം കൊടുക്കുവനും ബാക്കി ചില്ലറ തിരികെ തരാനും മനുഷ്യരില്ല, കഴിയാവുന്നിടത്തു നിന്നെല്ലാം മനുഷ്യനും പകരം യന്ത്രങ്ങൾ മാത്രം. അങ്ങിനെയുള്ള രാജ്യത്ത് രണ്ടുപേർ എവിടെകൊണ്ടുപോയി വേണമെങ്കിലും വിടാമെന്നു പറഞ്ഞപ്പോൾ, സംശയം തോന്നിയതിൽ അൽഭുതമില്ല.
എന്തയാലും വളരെ തന്ത്രപൂർവ്വം അവർ ഒഴിവായി.
ഞാനും ജയ്സണും കാറിൽ കയറി ഇരിപ്പായി. ഏതെങ്കിലും വണ്ടി വരാതിരിക്കില്ല. ആ വണ്ടി എങ്ങോട്ടു പോയാലും അതിനെ പിന്തുടരുക തന്നെ. അല്പം മുന്നിൽ ഇലെക്ട്രിൿ പോസ്റ്റുകൾ തല ഉയർത്തി നിൽക്കുന്നുണ്ട്. പക്ഷേ, അതു റോഡിന്റെ ഇടതു വശത്താണോ, വലതു വശത്താണോ,അതോ റോഡിന്റെ നടുക്കാണോ - ഒന്നും മനസിലാകുന്നില്ല. എന്തായാലും കാത്തു കിടക്കുക തന്നെ.
ചുറ്റും മഞ്ഞു വീണുകൊണ്ടിരിന്നു. കുറച്ചു സമയം കഴിഞ്ഞാൽ ഞങ്ങളുടെ വണ്ടിയും മൂടിപ്പോകും. ഉള്ളിലെ ആവേശമൊക്കെ തണുത്തു തുടങ്ങി. അതി ശൈത്യത്തിൽ യൂറോപ്പിൽ മരണം നൂറായി എന്നു രാവിലെ വാർത്ത കണ്ടിരുന്നു. നാളെ അതു നൂറ്റി രണ്ടായി എന്നു കേൾക്കേടി വരുമോ എന്നു ജയ്സൺ തമാശയായി പറഞ്ഞു. അവന്റെ ഇത്തരം പല തമാശകളും പിന്നീട് സത്യമായീട്ടുണ്ടെന്നും അതുകൊണ്ട് ആ വിശുദ്ധ നാക്ക് ഇനി വളയ്ക്കരുതെന്നു മുന്നറിയിപ്പു നൽകി ഞങ്ങൾ കുത്തിയിരിപ്പ് തുടർന്നു.
പ്രതീക്ഷിച്ചതുപോലെ പിന്നിൽ നിന്നും ഒരു വണ്ടി വരുന്നു..
ഞാനും പതിയെ മുന്നോട്ടു എടുത്തു. എന്നെ ഓവർട്ടേയ്ക്കു ചെയ്ത വണ്ടി ഒരു ശരം വിട്ടതുപോലെ പറന്നു പോയി. മരുഭൂമിയിലെ മണൽക്കാറ്റിൽ പെട്ടതുപോലെയായി. ഒന്നും കാണാനില്ല, അന്തരീക്ഷം മുഴുവൻ മഞ്ഞു ധൂളികൾ. "ദ്രോഹി....."പിന്നേയും ചില വാക്കുകൾ..
വണ്ടി നിർത്തിയിട്ടു. അഞ്ചു മിനിറ്റു കഴിഞ്ഞു പൊടി അടങ്ങിയപ്പോൽ മഞ്ഞിൽ ആ വണ്ടിപോയ ചാലുകൾ കണ്ടു. ഇനി നിൽക്കുന്നതിൽ കഥയില്ലെന്നു മനസിലായി . ധൈര്യപൂർവ്വം മുന്നോട്ടു തന്നെ. അപ്പോൽഴേയ്ക്ക്കും ജി,പി എസ്സിൽ റോഡു തെളിഞ്ഞ് വന്നു.
"ജെയ്സാ നിനക്കു പേടിയുണ്ടോ?"
" എന്താടാ ഈ പേടിയെന്നു പറഞ്ഞാൽ? " ഞാൻ ആ ഉത്തരം പ്രതീക്ഷിച്ചു.
1995-ൽ ആദ്യമായി ഡ്രൈവിങ് സീറ്റിലിരിക്കുമ്പോൾ ജയ്സണായിരുന്നു ഇടതു വശത്ത്. പലവട്ടം വണ്ടി നിന്നുപോയെങ്കിലും ഒരു പ്രാവശ്യം പോലും സ്റ്റീറിങിൽ കയറിപ്പിടിക്കുകയോ, ഒന്നു ഉപദേശിക്കുകപോലും ചെയ്തില്ല. മിണ്ടാതിരുന്നു. 5 മിനിറ്റിനുള്ളിൽ ബോംബെയിലെ ബോറിവ്ലിയിലെ എം.എച്.പി. കോളനിയിലെ റോഡിലൂടെ ഞാൻ തനിയെ ആദ്യമായി വണ്ടി ഓടിച്ചു, അന്നും പേടി അവനില്ലായിരുന്നു. പിന്നീട് എട്ടോളം രാജ്യങ്ങളിൽ ഞങ്ങളൊരുമിച്ച് വണ്ടി ഓടിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് സ്വിറ്റ്സർലാൻഡിൽ വച്ചും വണ്ടി ഓടിച്ചിരുന്നു,
ജയ്സണോടൊപ്പം
പക്ഷേ അതിനേക്കാളും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഈ യാത്ര. വഴിയും കുഴിയും ഒരുപോലെ പഞ്ഞിപോലുള്ള മഞ്ഞിൽ പുതച്ചു കിടക്കുന്നു.
എങ്ങിനെയൊക്കെയോ, പ്രധാന നിരത്തിലെത്തി. ഇടയ്ക്കിടയ്ക്ക് ചില വാഹനങ്ങൾ വരുന്നുണ്ട്, അതു കടന്നുപോകുമ്പോൾ ചുറ്റും മഞ്ഞു പൊടികൾ ഉയരും, അല്പ സമയം നിർത്തിയിട്ടിട്ട് വീണ്ടും തുടരും, ദുഷ്കരമായ യാത്ര.
എങ്കിലും , അല്പാല്പമായി ആസ്വദിച്ചു തുടങ്ങി. വഴികൾ കാണാവുന്ന രീതിയിൽ ആയിത്തുടങ്ങി. ഇന്നത്തെ പ്രധാന സന്ദർശന സ്ഥലം സാന്റാക്ലൊസ് വില്ലേജ് ആണ്. അവസരം കിട്ടിയാൽ സാന്റാ അപ്പൂപ്പനേയും നേരിൽ കാണണം. റെയിൻഡീർ വലിയ്ക്കുന്ന വണ്ടിയിൽ കുട്ടികൾക്കു സമാനപ്പൊതികളുമായി മഞ്ഞു വീണ വീഥികളിലൂടെ ജിങ്കൾ ബെൽ പാടി വരുന്ന സാന്റാ ക്ലൊസ്സ്. സാന്താ ക്ലൊസ് വില്ലേജ് ഉത്തര ധ്രുവത്തിലാണ്. ആർട്ടിക് ലൈൻ എന്ന സാങ്കല്പിക രേഖ കുറുകെ കടന്നു വേണം അവിടെ എത്തുവാൻ. ധ്രുവ രേഖ കുറുകെ കടന്നാൽ നമ്മുടെ പാസ്പ്പോർട്ടിൽ ഒരു സീൽ അടിച്ചു നൽകും. സഞ്ചാരികൾക്കു അത് ഒരു വലിയ ബഹുമതിയാണ്.
നീല ബൾബ് ആണ് ആർട്ടിക് ലൈൻ
സാന്താക്ലൊസിനെ പറ്റി ഒട്ടേറെ ഐതീഹ്യങ്ങളും കെട്ടുകഥകളും ഉണ്ട്.
ഉത്തര ധ്രുവത്തിലിരുന്നുകൊണ്ട് ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത നിശ്ചയിക്കുന്നത് സാന്റായാണത്രേ. ഭ്രമണത്തെ നിയന്ത്രിക്കുന്ന ഒരു കൂറ്റൻ ഘടികാരവും മരം കൊണ്ടുള്ള ഭീമാകാരമായ പൽചക്രവവും ഏകദേശം 5 മീറ്റർ നീളമുള്ള ഒരു പെൻഡുലവും സാന്റായുടെ സിംഹാസനത്തിന്റെ സമീപത്ത് സ്ഥാപിച്ചിരിക്കുന്നു. അതിന്റെ താക്കോലാണ് സാന്റായുടെ കൈയ്യിൽ കാണുന്നത്.
ജി.പി.എസ്സിന്റെ സഹായത്താൽ ഞങ്ങൾ സാന്റാ വില്ലേജിൽ എത്തിചേർന്നു. ചുറ്റും വാഹനങ്ങൾ ഒന്നും ഇല്ല. സാന്റാ ക്ലൊസ് വില്ലേജിലെ ഹോട്ടലുകളിൽ താമസിക്കുന്ന ചിലർ പുറത്ത് ഇറങ്ങി നടക്കുന്നുണ്ട്.
നന്നായി വിശന്നു തുടങ്ങി. വില്ലേജിൽ ഒരേയൊരു റെസ്റ്റോറന്റു മാത്രം ശൈത്യകാലത്തു തുറന്നു പ്രവർത്തിക്കുന്നു. അഹാരം കഴിഞ്ഞു റെയിൻഡീർ വലിക്കുന്ന വണ്ടിയിൽ കയറുവാനുള്ള പാസും വാങ്ങി ഞങ്ങൾ പുറത്തു കടന്നു.
അതിശൈത്യത്തിൽ കഴിയുവാനുള്ള വസ്ത്രങ്ങൾ വാങ്ങുവാൻ ഉപദേശിച്ച സുഹൃത്തിനോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ മുട്ടൊപ്പം മഞ്ഞിൽ നടന്നു. വാട്ടർപ്രൂഫ് ഷൂസ്, ഗ്ലൗസ്, മഫ്ലർ, തൊപ്പികൾ തുരുങ്ങിയത് മൂന്നു ലെയർ വസ്ത്രങ്ങൾ ഇതു ഞങ്ങൾ യാത്ര തിരിക്കും മുൻപ് കരുതിയിരുന്നു. എത്ര കട്ടിയുള്ള കോട്ട് ധരിച്ചാലും -26 ഡിഗ്രീ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ല. അതിനു അടുക്കുകളായി വസ്ത്രം ധരിക്കുക തന്നെ വേണം. എത്ര ഡിഗ്രി വരെ സരംക്ഷണം നൽകും എന്ന കാണിച്ച സാക്ഷ്യപ്പെടുത്തിയ വസ്ത്രങ്ങൾ വാങ്ങാൻ ലഭിക്കും.
എല്ലാ വസ്ത്രവും ധരിച്ചുകഴിഞ്ഞാൽ മൂക്കും കണ്ണും മാത്രമേ വെളിയിൽ കാണുകയുള്ളൂ.
മൂക്കു മരവിച്ചു ഒരു തടിക്കഷണം പോലെയായി.
"നിന്റെ മൂക്കിന് എന്തെങ്കിലും പ്രശ്നമുണ്ടോ?" ജയ്സണ്‍
"ഹോ വല്ലാത്ത അസ്വസ്ഥത" ഗ്ലൗസ് ഇട്ട കൈകൊണ്ട് മൂക്കു തൊട്ടു നോക്കി ഒന്നും അറിയുന്നില്ല. " നിനക്കോ?"
ഉത്തരം പെട്ടെന്ന് ആയിരുന്നു
" എനിക്കു അല്പം അസ്വസ്ഥമാത്രമേയുള്ളൂ. മൂക്ക് അവിടെയില്ല"
46 ഡിഗ്രീ ചൂടുള്ള മരുഭൂമിയിൽ കഴിയുന്ന ഞങ്ങൾക്ക് -26 ഡിഗ്രീ യുലെ മനുഷ്യരുടെ ജീവിത രീതികളൊക്കെ പുതിയ അറിവുകളായിരുന്നു. ചില കാര്യങ്ങൾ അറിയാതിരിക്കുന്നത് ചിലപ്പോൾ പ്രശ്നത്തിലേയ്ക്കു നയിച്ചേക്കാം. വണ്ടി രാത്രിയിൽ പാർക്കു ചെയ്യാൻ സൗകര്യമുള്ള ഇടങ്ങളിലെല്ലാം രാവിലെ എഞ്ചിൻ ചൂടാക്കാൻ വേണ്ട സംവിധാനവും അതിനുള്ള കേബിളും വച്ചിട്ടുണ്ടായിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം കണ്ടുപിടിച്ച് മനസിലാക്കുന്നതിൽ ജെയ്സൺ ഒരു വിരുതനായിരുന്നു. പക്ഷേ, ഗൾഫിലെ രീതി അനുസരിച്ച് രാവിലെ ഓടിച്ചു കൊണ്ടുപോരുവാൻ എളുപ്പത്തിനെവേണ്ടി വണ്ടി തിരിച്ച് നിർത്തിയതുകൊണ്ട്, എഞ്ചിനു പകരം ഡിക്കി യാണ് ഹീറ്റിം ഗ് പോയിൻറ്റിങിനു അടുത്ത് വന്നത്!
പക്ഷേ, ഭാഗ്യത്തിനു വണ്ടി മറ്റു സഹായങ്ങളില്ലാതെ സ്റ്റാർട്ട് ആയതുകൊട് രാവിലത്തെ ചില കഷ്ടപ്പാടുകൾ ഒഴിഞ്ഞു കിട്ടി.
ഇത്തരം ചില നുള്ളു നുറുങ്ങു വിവരങ്ങൾ അറിയുന്നത് യാത്രയെ അനായാസകരമാക്കും-
റെയിൻ ഡീർ യാത്ര ആരംഭിക്കുന്ന സ്ഥലത്ത് എത്ത് . ഒരു സുന്ദരിയും അവളുടെ അച്ഛനും മാത്രം . ഇത്ര തണുപ്പത്ത സന്ദർശകർ ആരും വരാറില്ലത്രേ!.
തുറന്ന പല്ലക്കുപോലെയുള്ള വാഹനത്തിൽ ഞങ്ങളെ ഇരുത്തി.. റെയി ഡീറിന്റെ തന്നെ തുകൽകൊണ്ടുള്ള ഒരു പുതപ്പ് ഇട്ടു മൂടി. ഒരു വണ്ടിയിൽ ഒരാൾ മാത്രം. ഏറ്റവും മുന്നിൽ റെയിൻ ഡീർ എന്നു വിളിക്കുന്ന നമ്മുറെ ഇടത്തരം പശുവിന്റെ വലിപ്പം വരുന്ന , ശിഖരങ്ങളുള്ള കൊമ്പുകളുള്ള മാൻ.
അതിന്റെ പിന്നിൽ എന്റെ വണ്ടി. അതിൽ കൊളുത്തിയിരിക്കുന്ന ജൈസന്റെ മയിൽ വാഹനം. രണ്ടിന്റേയും ഇടയിൽ പെൺകുട്ടി റെയിൻ ഡീയറിനെ തെളിച്ചുകൊണ്ട് യാത്ര തുടങ്ങി. പെൺകുട്ടിയുടെ സംസാരം കേട്ടപ്പോൾ അൽഭുതം തോന്നി. ഇൻഡ്യയിലെ വിശേഷങ്ങൾ, ഫിൻ ലൻഡിലെ തണുപ്പിനേപ്പറ്റി, സാന്റായുടെ ഇഷ്ട റെയിൻ ഡിറിനെപറ്റി, ഒക്കെ നിർത്താതെ സംസാരിക്കുന്നു. യൂറോപ്പിലെ ഏറ്റവും ലാളിത്യമുള്ളവരും വിനയമുള്ളവരും സഹായമനസ്ഥിതിയുഌഅവരും സ്കാൻഡിനേവ്യൻ രാജ്യങ്ങളിൽ ഉള്ളവരാണ്. ആരോടെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാൽ കൃത്യമായി അതു ചെയ്യുകയോ, അല്ലെങ്കിൽ ആ സഹായം ചെയ്യാൻ കഴിയുന്നവരുടെ അടുത്ത് എത്തിയ്ക്കുകയോ ചെയ്യും.
എന്നാൽ ഏറ്റവും മോശമായ അനുഭവങ്ങൾ ജർമ്മാൻകാരിൽ നിന്നുമാണ് ഉണ്ടായത്. കുറച്ചു ദിവസം മുനപ്, ജർമ്മനനിയിലെ കൈസർസ്ലാട്ടേൺ എന്ന കൊച്ചു പട്ടണത്തിൽ ഞങ്ങൾ വഴിയറിയാതെ നിൽക്കുകയായിരുന്നു. ഒരു മദ്ധ്യ വയസ്ക്കൻ ഒരു വലിയ പട്ടിയുമായി നടന്നു വരുന്നു,
" എക്സ്ക്യൂസ് മി- റെയിൽവേസ്റ്റേഷൻ "എന്നു തുടങ്ങിയപ്പോഴേ അദ്ദേഹം എന്തോ ആംഗ്യം കാണിച്ചു നടന്നു പോയി. അയാളുടെ കൈ നീണ്ട ഭാഗത്തേയ്ക്കു ഞങ്ങൾ നടന്നു, അല്പം കഴിഞ്ഞ് മറ്റൊരാളോടും ഇതേ ചോദ്യം ആവർത്തിച്ചു.
അതേ ആംഗ്യം അയാളും കാണിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത് " വിട്ടു പോടെ..." എന്നായിരുന്നു ആ ആംഗ്യത്തിന്റെ അർത്ഥം!
അവർക്ക് അപരിചിതരോട് സംസാരിക്കൻ താല്പര്യമില്ലത്രേ!
പക്ഷേ, ഈ പെൺകുട്ടി കിട്ടിയ സമയം കൊണ്ട് അവിടുത്തെ വിദ്യഭാസ സമ്പ്രദായവും ജീവിത രീതികളും വിശദീകരിച്ചു. ഈ വർഷം അവളുടെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു എന്നും ഇനി തുടർന്നു പഠിക്കണമോ എന്നു തീരുമാനിച്ചിട്ടില്ലെന്നും പറഞ്ഞപ്പോൽ അൽഭുതം തോന്നി.
കാരണമായി പറഞ്ഞത്, " ഐ ലൈക് ദിസ് ജോബ്" എന്നാണ്.
"ഐ മെ നോട്ട് കണ്ടിന്യൂ മൈ എജ്യൂക്കേഷൻ......ഐ ഡോണ്ട് നോ"
ഭാവിയെക്കുറിച്ച് ഒരു അങ്കലാപ്പും ഇല്ല. വെട്ടിപിടിക്കാൻ ആകാശങ്ങളില്ല. അവൾ ജീവിക്കുകയാണ്.
സ്കൂൾ വിദ്യാഭ്യാസം കഴിയുമ്പോൾ എന്റെ മോൾ ഇനി പഠിക്കണോ എന്നു തീരുമാനിച്ചിട്ടില്ലെന്നു പറഞ്ഞാൻ എന്തായിരിക്കും അവസ്ഥ? എനിയക്ക് കാളവണ്ടി ഓടിക്കാനാണ് ഇഷ്ടം എന്നു കൂടി പറഞ്ഞാലോ?
ഇന്നു അഞ്ച് വയസ്സുള്ള അവൾ ഒരു കാലത്ത് ഓടിക്കുന്ന മുന്തിയ ഇനം വണ്ടിയുടെ പിൻസീറ്റിൽ ചാരിയിരിക്കുന്ന സ്വപ്നം ഞാൻ എന്നേ കണ്ടു തുടങ്ങി. എന്റെ സ്വപ്നം പൂർത്തിയാക്കുവാൻ ഞാനൊരുക്കുന്ന വൻപദ്ധതികൾക്കിടയിൽ അവളുടെ കുഞ്ഞു സ്വപ്നങ്ങൾക്ക് എന്തു വില?
ആ പെൺകുട്ടി പറയുന്ന വാക്കുകൾ ഞാൻ വീഡിയോയിൽ പിടിച്ചു," ഐ ലൈക് ദിസ് ജോബ്"
ഞങ്ങളുടെ പല്ലക്ക് പഞ്ഞിക്കെട്ടുപോലെയുള്ള കുളിർ മഞ്ഞിന്റെ മുകളിലൂടെ ഒഴുകി നീങ്ങുകയാണ്. കമ്പളി പുതപ്പിന്റെ സുഖമുള്ള ചൂട്. ചുറ്റും നിശ്ചലമായി ഉറങ്ങുന്ന മരങ്ങൾ. മഞ്ഞു പെയ്തുകൊണ്ടിരിക്കുന്നു.
ഒരു സ്വപ്നയാത്ര.
(തുടരും)