മുല്ലപ്പെരിയാർ പ്രക്ഷോഭം - ബൈക്ക് റാലി

മുല്ലപ്പെരിയാർ വിഷയത്തിൽ മുൻ‌കൂട്ടി പരിപാടി ഇട്ടിരുന്നത് പോലെ, ഡിസംബർ 04ന് എറണാകുളം ബൈപ്പാസിലുള്ള ഒബ്‌റോൺ മാളിൽ നിന്ന് ആരംഭിച്ച് മറൈൺ ഡ്രൈവ് വരെയുള്ള ബൈക്ക് റാലി നടന്നു. പ്രശസ്ത മലയാളം സിനിമാ സംവിധായകരായ ആഷിൿ അബു(സോൾട്ട് & പെപ്പർ ഫെയിം) അമൽ നീരദ് (ബിഗ് ബി ഫെയിം) എന്നിവർ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു.


ആഷിക് അബു, അമൽ നീരദ്, രാജു പി.നായർ, നിരക്ഷരൻ, ലക്ഷ്മി അതുൽ, ഷോൺ എന്നിവർ...
തെരുവിൽ എവിടെ വേണമെങ്കിലും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ സജ്ജരായി മെഗാഫോൺ പോലുള്ള സംവിധാനങ്ങളുമായാണ് പ്രവർത്തകർ ഹാജരായിരുന്നത്. എല്ലാവരേയും അഭിസംബോധന ചെയ്തുകൊണ്ട് ആഷിക്ക് അബുവും അമൽ നീദരും സംസാരിച്ചു. വെറുതെ കമന്റൊക്കെ ഇട്ട് ഇരിക്കാമെന്നല്ലാതെ ഓൺലൈനുകാരെക്കൊണ്ട് മറ്റ് പ്രയോജനമൊന്നും ഇല്ലെന്ന് തന്നോട് പറഞ്ഞ സിനിമാ സുഹൃത്തിന്റെ അഭിപ്രായത്തിന് കടകവിരുദ്ധമായാണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഓൺലൈൻ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ കാണിക്കുന്നതെന്ന് ശ്രീ ആഷിക്ക് അബു പ്രത്യേകം പരാമർശിച്ചു.
ഒബ്‌റോൺ മാൾ പരിസരത്തുനിന്ന് തുടങ്ങിയ റാലിയിൽ 40ന് അടുക്കെ ഇരുചക്രവാഹനങ്ങളുമായി എൺപതോളം ഓൺലൈൻ സുഹൃത്തുക്കൾ പങ്കെടുത്തു. വൈറ്റില, എം.ജി.റോഡ്, സുഭാഷ് പാർക്ക് വഴി മറൈൻ ഡ്രൈവിലെത്തിയ റാലിയിൽ, ബൈക്കുകളുമായി റോഡിൽ പോകുന്ന ചിലരെങ്കിലും സ്വയം പങ്കാളികളാകുന്ന കാഴ്ച്ച കൌതുകമുണർത്തി. ഹെഡ് ലൈറ്റുകൾ പ്രകാശിപ്പിച്ച്, ഹോൺ അടിച്ച് ‘മുല്ലപ്പെരിയാർ പൊട്ടിയെന്നാൽ, പിന്നെയീ കൊച്ചി ഇല്ലേയില്ല’ ‘ഉണരൂ ഉണരൂ നാട്ടാരേ‘ ... എന്നിങ്ങനെ മുദ്രാവാക്യകൾ വിളിച്ചുകൊണ്ടായിരുന്നു റാലി പുരോഗമിച്ചത്.

മറൈൻ ഡ്രൈവിൽ സമാപിച്ച റാലിയിൽ സംഘാടകരായ ഷോൺ, രാജു പി. നായർ, നിരക്ഷരൻ തുടങ്ങിയവർ സംസാരിച്ചു. മുല്ലപ്പെരിയാർ കേസിന്റെ ഗതി തന്നെ മാറ്റാൻ പോന്ന തരത്തിലുള്ള പ്രസ്ഥാവനകൾ കോടതിയിൽ നടത്തിയ എ.ജി. യെ തൽ‌സ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണെന്നും, അതിനുശേഷം മാത്രമേ കൂടുതൽ ബോധവൽക്കരണപരിപാടികളുമായി മുന്നോട്ട് പോകൂ എന്നും അതിന്റെയൊക്കെ വിശദവിവരങ്ങൾ സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിലൂടെത്തന്നെ അറിയിക്കുമെന്നും തീരുമാനിച്ചശേഷം സമ്മേളനം പിരിഞ്ഞു.


മുല്ലപ്പെരിയാർ വിഷയത്തിൽ നവംബർ 25, 28, ഡിസംബർ 02, 04 എന്നീ തീയതികളിലായി അരഡസണിൽ അധികം പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളുമാണ് ഓൺലൈൻ സുഹൃത്തുക്കളുടെ കൂട്ടായ്മയിലൂടെ എറണാകുളം ജില്ലയിൽ മാത്രമായി നടത്തപ്പെട്ടത്. മുഹമ്മദ് ഹസ്സൻ തയ്യാറാക്കിയ വീഡിയോ ഈ ലിങ്ക് വഴി പോയാൽ കാണാം.

ചിത്രങ്ങൾ:- മുഹമ്മദ് ഹസ്സൻ, വേദവ്യാസൻ, പോൾ മാത്യു.

4 Responses to "മുല്ലപ്പെരിയാർ പ്രക്ഷോഭം - ബൈക്ക് റാലി"

 1. ‘മുല്ലപ്പെരിയാര്‍ പൊട്ടിയെന്നാല്‍, പിന്നെയീ കൊച്ചി ഇല്ലേയില്ല’ ‘ഉണരൂ ഉണരൂ നാട്ടാരേ‘

  കത്തിപ്പടരട്ടെ പ്രക്ഷോഭം :)

  ReplyDelete
 2. അതെയതെ.. പ്രക്ഷോഭങ്ങള്‍ കത്തിപ്പടര്‍ന്നാലേ അധികാരികളുടെ കണ്ണൂതുറക്കുകയുള്ളൂവെന്ന് തോന്നുന്നു.

  ReplyDelete
 3. അഭിനന്ദനങ്ങൾ. അങ്ങിനെ കത്തിപ്പടരട്ടെ പ്രതിഷേധങ്ങളും പ്രക്ഷോപങ്ങളും. അധികാരികളുടെ കണ്ണു തുറക്കാൻ അതേ ഒരു മാർഗ്ഗമുള്ളു.

  ReplyDelete
 4. മുല്ലപ്പെരിയാറിനെ സംരക്ഷിക്കാനും കേരളത്തിലെ ലക്ഷങ്ങളുടെ ജീവിതം രക്ഷിക്കാനുമുള്ള എല്ലാ പ്രവർത്തനങ്ങൾക്കും എന്റെ പിന്തുണയും ആശംസകളും.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts