ഭൂമി പൊട്ടിച്ച് മുളച്ച് കൈനീട്ടുന്ന കഥാപാത്രങ്ങൾ.

അനിൽ വേങ്കോട്

രു ദിവസം അപ്പുക്കിളിയും കുഞ്ഞാമിനയും വന്ന് നിങ്ങളെ പരിചയപ്പെട്ടിട്ട് ഇങ്ങനെ പറയുന്നുവെന്നിരിക്കട്ടെ,
ഞങ്ങൾ ഖസാക്കിൽ നിന്നു വരുന്നു, ഇവിടെ അടുത്ത് ഒരു കല്യാണത്തിനു വന്നതാണ്”  എന്ന്.

എപ്പോഴെങ്കിലും നിങ്ങൾ ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അത്ഭുതം കൊണ്ട് കണ്ണ് മിഴിക്കും. ഇങ്ങനെ എഴുപതുകളിൽ മയ്യഴിയിൽ മുകുന്ദന്റെയോ, പാലക്കാടൻ ഗ്രാമങ്ങളിൽ ഒ. വി. വിജയന്റേയോ കഥാപാത്രങ്ങളെ പരതി നടന്ന ഒരു തലമുറ ഇന്ന് വാർദ്ധക്യത്തോടടുത്തിരിക്കുന്നു.  

ഈ അടുത്തിടെ ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിന്റെ പ്രകാശനത്തിനായി ബഹ്റൈനിൽ എത്തിയ സന്തോഷ് ഏച്ചിക്കാനം ബഹ്റൈനിലെ റോഡ് വക്കിലും പാർക്കിലും കണ്ടു മുട്ടിയ ഈ നോവലിലെ കഥാപാത്രങ്ങളെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി. ‘ഭൂമി പൊട്ടിച്ച് മുളച്ച് കൈനീട്ടുന്നു സ്ത്രീകഥാപാത്രംഎന്നൊരു വരി കുരീപ്പുഴയുടെ കവിതയിലുണ്ട്. ഇങ്ങനെ റോഡിലോ സൂപ്പർ മാർക്കറ്റിലോ മുളച്ച്  നിങ്ങൾക്ക്  നേരെ കൈനീട്ടുന്ന കഥാപാത്രങ്ങൾ പ്രത്യക്ഷത്തിലും പരോക്ഷത്തിലും മഞ്ഞവെയിൽ മരണങ്ങളിൽ ധാരാളം കാണാൻ കഴിയും. പ്രത്യേകിച്ച് ബഹ്റൈനിൽ ജീവിക്കുന്ന ഒരാൾക്ക് തന്റെ ജീവിതത്തിനോട്  ചേർന്ന് സമാന്തരമായി ഒഴുകുന്ന ഒന്നായി ഈ കഥാഗതികൾ അനുഭവപ്പെടാതിരിക്കില്ല.  

ആദ്യവായന നൽകിയ ഈ സ്പർശത്തിൽ നിന്നാണ് ബഹ്റൈനിലെ ബ്ലോഗർമാരും എഴുത്തുകാരും അടങ്ങുന്ന ഒരു ചെറുസംഘം കഴിഞ്ഞ വ്യാഴാഴ്ച( 17/11/11) ബുഅലി റെസ്റ്റോറന്റിൽ ഒത്തുകൂടിയത്മഞ്ഞവെയിൽ മരണങ്ങളിൽ ബെന്യാമിൻ വിവരിക്കുന്നവ്യാഴചന്തയുടെ ഒരു വിപുലീകരിച്ച പതിപ്പ് പുനഃസൃഷ്ടിക്കുകയയിരുന്നു ലക്ഷ്യം. ഓരോ വായനക്കാരനും ഓരോ തരത്തിലാണ് മഞ്ഞവെയിൽ മരണങ്ങളെ വായിച്ചത്- അത്തരം  വായനകൾക്കു  സാധ്യതയുണ്ട് എന്നത്  ഈ നോവലിന്റെ ഒരു  വലിയ പ്രത്യേകതയാണ്.
നോവലിസ്റ്റിനു ലഭിക്കുന്ന ഒരു ഈ മെയിൽ സന്ദേശത്തെ തുടർന്ന് ക്രിസ്റ്റി ആന്ത്രപ്പേർ എന്നൊരാളിന്റെ ആത്മകഥയിലേയ്ക്ക് നോവലിസ്റ്റും സുഹൃത്തുക്കളും ചേർന്നു നടത്തുന്ന അന്വേഷണമാണ്മഞ്ഞവെയിൽ മരണങ്ങളുടെഇതിവൃത്തം. ലോകത്തിന്റെ പലകോണുകളിലേയ്ക്ക് ചിതറിപ്പോകുന്ന ഒരു ആത്മകഥയെ അന്വേഷിച്ചുള്ള യാത്രയിൽ വെളിപ്പെടുന്ന ചരിത്രങ്ങളുടേയും സംഭവങ്ങളുടേയും സൂക്ഷ്മഖനികളാണ് ഈ നോവലിനെ ഒരേസമയം ഒരു കുറ്റാന്വേഷണ നോവലിന്റെ പിരിമുറുക്കത്തിലും ഒരു ഉത്തരാധുനികാനന്തര കൃതിയുടെ രാഷ്ട്രീയ ഭൂപടത്തിലേയ്ക്കും കൊണ്ടുചെന്നെത്തിക്കുന്നത്
ഒരു സാഹിത്യകാരൻ ഭാഷയ്ക്ക് നൽകുന്ന സംഭാവനകളിൽ ഏറ്റവും പ്രധാനമായ ഒന്ന് വാക്കുകളേയും ,പ്രയോഗങ്ങളേയും  അത് നേരത്തേ ചെന്നെത്താത്ത അതിരുകളിൽ ചെന്ന് മുട്ടി  വലുതാക്കുകയെന്നതാണ്.

അങ്ങനെയാണ് അതുവരെ വെളിപ്പെടാനാകാതെ നിന്ന അനുഭവങ്ങളൂം ലോകങ്ങളും സാഹിത്യത്തിൽ പരിചിതമാകുന്നത്. ഈ നിലയ്ക്ക് ബെന്യാമിൻ ഉപയോഗിച്ച ആടുജീവിതം എന്ന പ്രയോഗം പുതിയ അർത്ഥവ്യാപ്തിയുള്ള ഒരു പ്രയോഗമായി ഇന്ന് പരക്കെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. 
പുതിയ നോവലിലെ ‘ മഞ്ഞ വെയിൽ മരണങ്ങൾ’ എന്ന പ്രയോഗവും താമസിയാതെ അത്തരത്തിൽ ഒന്നായി തീരും. അലസമായി നാം നമ്മുടെ സ്വീകരണമുറികളിലിരുന്ന് നുണയുന്ന വാർത്തകൾ മാത്രമായ നൂറുക്കണക്കിനു നിഷ്ടൂര  കൊലപാതകങ്ങളെയാണ് നാം നിത്യം മറികടന്നു പോകുന്നത്. ഈ മാഞ്ഞുപോകലുകളെ നാളെ മലയാളം ഈ പ്രയോഗംകൊണ്ട് അടയാളപ്പെടുത്താതിരിക്കില്ല. ഇങ്ങനെ ഇളം വെയിലിൽ നമ്മെ ഒട്ടും അലോരസപ്പെടുത്താതെ കടന്നുപോകുന്ന ഇരകളുടെ അവസ്ഥ ചിത്രീകരിക്കുകയാണ് ഒരർത്ഥത്തിൽ ബെന്യാമിൻ ഈ നോവലിൽ ചെയ്യുന്നത്.  

 ബെന്യാമിൻ തന്നെ ഈ കൂട്ടായ്മയിൽ പറഞ്ഞതുപോലെ തന്റെ അടുത്തകാലത്ത് വന്നകഥകൾ എല്ലാം തന്നെ നൂനപക്ഷ ജനതയുടെ വിശ്വാസങ്ങളെയും പീഡനങ്ങളെയും സംബന്ധിക്കുന്നതായിരുന്നു. ഈ നോവലിലും അത്തരം ഒരു കാഴ്ചപാടിൽ നിന്നുള്ള ചിത്രീകരണം ദർശിക്കാവുന്നതാണ്.
          നടപ്പുകാലത്തെ ചിത്രീകരിക്കുന്നതിന്റെ വെല്ലുവിളി ഈ നോവൽ സമർത്ഥമായി ഏറ്റെടുത്തുണ്ട്. പുതിയ മാധ്യമ സാധ്യതകൾ, അതുവഴി രൂപപെട്ട കമ്മ്യൂണിറ്റികൾ ഇതെല്ലാം ഈ നോവലിൽ കഥയിൽ അലിഞ്ഞുതന്നെ വരുന്നു. ഫെയിസ് ബുക്കും ബ്ലോഗും ഇ –മെയിൽ സാധ്യതകളും ഉപയോഗിക്കുന്നുവെന്നു മാത്രമല്ല,ഒരു ഡിജിറ്റൽ ലോകത്തിന്റെ വിർച്വൽ യാഥാർത്ഥ്യം പോലെ നിരവധി വിർച്വലുകൾ സൃഷ്ടിക്കുന്ന പുതിയ വ്യക്തിത്വക്കൂടി ഈ നോവൽ പ്രമേയമാക്കൂന്നു. ക്രിസ്റ്റി ആന്ത്രപ്പേർ എന്ന പ്രധാന  കഥാപാത്രത്തെക്കുറിച്ച് ഈ നിരവധി വിർച്വലുകൾ സൃഷ്ടിക്കാൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളിലും ഈ ശ്രമം വിജയം കണ്ടിട്ടുണ്ട്.
ഭരണകൂടകേന്ദ്രീകൃതമായ ഒരു അധികാര കേന്ദ്രത്തിൽ നിന്ന് അധികാരം വികേന്ദ്രീകൃതമായി കൂടുതൽ ശക്തിപ്പെടുന്ന ഒരു രാഷ്ടീയ സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ നമ്മുടെ നിഴലുപോലും നമുക്ക് മേൽ അധികാരപ്രയോഗത്തിന്റെ രൂപമായി വരുന്ന സാഹചര്യമുണ്ട്. കൺ‌ട്രോൾഡ് സൊസൈറ്റികളിൽ എങ്ങനെയാണ് മനുഷ്യനെ ഞെരുക്കുകയും മെരുക്കുകയും എലിമിനേറ്റ് ചെയ്യുകയും ചെയ്യുന്നത് എന്ന് ഈ നോവൽ നമ്മളോട് സംസാരിക്കുന്നു. ഈ നിലയിലാണ് നോവലിസ്റ്റ്  ജീവിക്കുന്ന ബഹ്‌റൈൻ പോലുള്ള ഒരു സ്ഥലത്തെ പ്രവാസക്കൂട്ടായ്മയിൽ കാണുന്ന ആഴത്തിലുള്ള വേരുകളുടേയും വിശ്വാസത്തിന്റേയും എന്നതു പോലെ ഏറ്റവും പുതിയ രാഷ്ട്രീയ രൂപപ്പെടലിന്റെ കഥപറയുന്ന നോവൽ കൂടിയാവുന്നത്.
ഉത്തരാധുനിക എഴുത്തുകാർ പിന്തുടർന്ന ചിലശൈലികൾ ഈ നോവൽ പിൻപറ്റുന്നുവെന്ന ആരോപണം ഈ കൂട്ടായ്മയിൽ ഉയർന്നുവരുകയുണ്ടായി. ഡാൻ ബ്രൌണിന്റെയൊക്കെ ചില രീതികൾ ഈ നോവൽ പിന്തുടരുന്നുണ്ടോ? 

ചില വസ്തുതകളുടെ ചരിത്രത്തിൽ ആഴത്തിൽ കടന്നുചെന്ന് സൂക്ഷമതലത്തിൽ വിവരിച്ചിറങ്ങുന്ന രീതിയാണ് ഇത്തരത്തിലൊരു സന്ദേഹത്തിനു വഴിവച്ചത്. 

ടി.ഡി രാമകൃഷ്ണന്റെ‘ ഫ്രാൻസിസ് ഇട്ടിക്കോര’ യിൽ ഇത് ഒരു പടികൂടികടന്ന് വിക്കിപ്പീഡിയാ വിവരണത്തിന്റെ അരുകോളം എത്തിയന്നും ആ വഴിയുള്ള സഞ്ചാരം ഒഴിവാക്കാമായിരുന്നില്ലേയെന്ന് ചോദ്യമുയർന്നു. 

ബെന്യാമിൻ ഇതേപ്പറ്റി പറഞ്ഞത് ഞാൻ ഇട്ടിക്കോരയിൽ വായിച്ച നോവൽ നിങ്ങൾ പറഞ്ഞനിലയിലൊന്നായിരുന്നില്ല. ചരിത്രവസ്തുതകളെ വിവരിക്കുന്നതാണ് പ്രശ്നമെങ്കിൽ ഈ പ്രശ്നം ‘മാർത്താണ്ഡവർമ്മ‘യിലും ‘ധർമ്മരാജ‘യിലും ഉണ്ടായിരുന്നു. സിവിയിൽ നിന്ന് താൻ വരെയുള്ള നോവലിസ്റ്റ്കളിൽ രൂപത്തിൽ ചില തുടർച്ചകളുണ്ട്. ഇത് നിങ്ങൾക്ക് ഡാൻ ബ്രൌണിലും കാണാം. അതറിയാനായി ഉമ്പർട്ടോ എക്കോയെ വായിച്ചാൽ മതിയാകും.
കൃസ്തീയ തിയോളജിയിൽ ബെന്യാമിനുള്ള ആഴത്തിലുള്ള അറിവാണ് എടുത്തു പറയേണ്ട മറ്റൊരു വസ്തുത. പൌരസ്ത്യ സഭാ സവിശേഷതകളേയും അത് ചരിത്രത്തിൽ പലതായി വഴിതിരിയുന്ന ഘട്ടങ്ങളേയും അതിനു ഉപോൽബലകമായി വർത്തിക്കുന്ന സങ്കല്പങ്ങളേയും അസാധാരണ പാടവത്തോടെയാണ് അദ്ദേഹം വിവരിക്കുന്നത്. ക്രിസ്തുമതത്തിലെ  മൌലികവാദപരമായ  ടോട്ടലൈസിംഗ് ചിന്തകളെ നൂറ്റാണ്ടുകളായി ചെറുത്ത് തോൽ‌പ്പിക്കുന്നത് മഞ്ഞവെയിൽ മരണങ്ങളിൽ വിവരിക്കുന്നതുപോലുള്ള നൂനപക്ഷ ഗ്രൂപ്പുകളാണ്.
          ഈ നോവലിന്റെ രചനയിൽ രസതന്ത്രത്തിൽ‘ സിന്തസിസ്’  എന്ന് പറയുന്നതു പോലുള്ള ഒരു മികച്ച കലർത്തൽ നടന്നിട്ടുണ്ട്.   പലപ്പോഴും ഒർജിനലിനെ തോൽ‌പ്പിക്കുന്ന കൃത്രിമം എന്ന് പറയുന്ന പോലെയാണ് യാഥാർത്ഥ്യത്തേയും കല്പനയേയും കൂട്ടികലർത്തിയിരിക്കുന്നത്. അതിനായി തന്നോടൊപ്പം ജീവിച്ചിരിക്കുന്ന ചില സുഹൃത്ത്ക്കളെക്കൂടി അദ്ദേഹം ഇതിൽ ഉപയോഗ്ഗിച്ചിട്ടുണ്ട്.  മലയാള സാഹിത്യത്തെ അതിനു നേരത്തേ പരിചയമില്ലാത്ത ജീവിത സാഹചര്യങ്ങളിലേയ്ക്ക് കൂട്ടികൊണ്ട് പോവുകയും വേഗത്തിൽ ഒഴുകുന്ന ഒരു ജനതയിൽ വേരാഴ്ന്നുകിടക്കുന്ന  വിശ്വാസങ്ങളേയും ചരിത്രങ്ങളേയും അനാവരണം ചെയ്യുകയും ചെയ്തതിനു ബെന്യാമിൻ അഭിനന്ദനം അർഹിക്കുന്നു.

ഒരു ബഹുസ്വരമായ സമൂഹത്തിൽ ജീവിക്കുന്ന മലയാളിക്ക് തന്റെ അനുഭവങ്ങളിൽ നിന്നു ബെന്യാമിന്റെ ഫിക്ഷനിലേയ്ക്ക് ഒരു നെടുവീർപ്പിന്റെ അകലമേയുള്ളൂ. ഫികസ്ഷനും യാദാർത്ഥ്യവും തമ്മിൽ  ഏറ്റ്വും അധികം ഇണക്കി ചേർത്തത് ആടു ജീവിതത്തിലായിരുന്നു. മഞ്ഞവെയിലിൽ  പരാമർശിക്കുന്ന ചരിത്രം സത്യമായിരിക്കുമ്പോഴും  അതിനുള്ളിൽ വികസിക്കുന്ന കഥ ഫിക്ഷൻ തന്നെയാണ്. അതേസമയം ജീവിച്ചിരിക്കുന്ന യഥാർത്ഥ വ്യക്തികൾ കഥയിൽ ഇടപെടുകയും ചെയ്യുന്നു.  ബന്യാമിൻ പറയുന്നു. ഇതാണ് നോവലിന്റെ ഘടന. ആ ഘടനയിൽ പല നോവലുകൾ വന്നിട്ടുണ്ടാവാം.അതുകൊണ്ട് നോവൽ ഘടന മാറ്റേണ്ടതില്ല, മാറ്റാൻ കഴിയില്ല.വ്യാഴ്ചന്തയിൽ പങ്കെടുത്തവർ:
ബന്യാമിൻ, അനിൽ വേങ്കോട് (ലേഖകൻ) . സാജു (നട്ടപ്പിരാന്തൻ) , സുധീഷ് മാഷും കുടുംബവും, ബിജു, (നചികേതസ്), ബാജി ഓടംവേലി, രാജു ഇരിങ്ങലും കുടുംബവും,കുഞ്ഞൻ,  മിനേഷ്, രാമുവും കുടുംബവും,വികെ, ലിറിൽ, മനു, സജി മർക്കോസ്,ഷംസ് ബാലുശ്ശേരി, പ്രശാന്ത് (ആക്ടർ, നിലാവ്). 

വ്യാഴചന്താ ചിത്രങ്ങൾ: 
 

6 Responses to "ഭൂമി പൊട്ടിച്ച് മുളച്ച് കൈനീട്ടുന്ന കഥാപാത്രങ്ങൾ."

 1. ഒരു വ്യാഴചന്തയുടെ ഓർമ്മ!!

  ReplyDelete
 2. മനോഹരമായ പരിചയപ്പെടുത്തല്‍. അതിനേക്കാളാറെ വ്യാഴചന്തയുടെ അന്തരീക്ഷം പങ്കുവെച്ചതിന് നന്ദി.

  ReplyDelete
 3. അങ്ങനെ ഞാനും ഒരു വ്യാഴചന്തയിൽ പങ്കെടുത്തു...
  ഈ വ്യാഴച്ചന്ത എന്ന സാഹിത്യ സദസ്സ് എല്ലാ വ്യാഴാഴ്ച വൈകുന്നേരങ്ങളിലും കൂടിയാലോ...?
  ‘അന്താലൂസ് ഗാർഡനിൽ..’

  ReplyDelete
 4. ഈ പങ്കുവെക്കല്‍ നന്നായി... നന്ദി.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts