അറബിക്കടലിന്റെ റാണിയെ പ്രകമ്പനം കൊള്ളിച്ചു സൈബര്‍ കൂട്ടായ്മയുടെ ശബ്ദം :
സൈബര്‍ യുവത്വത്തിന്റെ ശബ്ദം അറബിക്കടലിന്റെ തിരമാലകളെ പ്രകമ്പനം കൊള്ളിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്ന ആവശ്യവുമായാണ് ബ്ലോഗ് ,ഫേസ് ബുക്ക് , ഗൂഗിള്‍ ബസ്സ് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ യുവാക്കള്‍ ഭൂലോകത്തിലേക്കിറങ്ങി പ്രതികരിച്ചത്. നവംബര്‍ 25 നു വൈകിട്ട് ആറുമണിക്ക് അറബിക്കടലിന്റെ മടിത്തട്ടായ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഒത്തു ചേര്‍ന്ന അറുന്നൂറോളം പേര് യുവാക്കള്‍ കായലോളങ്ങളെ പ്രകമ്പനം കൊള്ളിച്ചു. അവര്‍ ഒത്തൊരുമയോടെ കത്തിച്ച മെഴുകുതിരി വെട്ടത്തിലൂടെ ഉറക്കം നടിക്കുന്ന അധികാര - നീതി ന്യായ മേലാളന്മാരുടെ മനസ്സിലേക്ക് ഒരു തരി വെളിച്ചം പകരുകയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.


മറൈന്‍ ഡ്രൈവ് വാക് വേ തുടങ്ങുന്നിടത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയിലാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ ,ബഹുമാനപ്പെട്ട എറണാകുളം എം എല്‍ എ ഹൈബി ഈഡെന്‍ , സിനിമാതാരം റിമ കല്ലുങ്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ച യോഗത്തിന് സ്വാഗതം പറഞ്ഞത് സൈബര്‍ കൂട്ടായ്മയിലൂടെ ഉണ്ടായ സംഘാടക സമിതിയിലെ ശ്രീ രാജു നായര്‍ ആയിരുന്നു. രണ്ടു വര്‍ഷം മുന്‍പുതന്നെ 'മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍' എന്ന ലേഖനം എഴുതി നമ്മുടെ ബൂലോകം ബ്ലോഗ് പോര്‍ട്ടലിലൂടെ സൈബര്‍ പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച നിരക്ഷരന് എന്ന മനോജ് രവീന്ദ്രന് യോഗത്തിന്റെ അധ്യക്ഷ പദം അലങ്കരിച്ചു . ജസ്റ്റിസ് ശ്രീ വി ആര് കൃഷ്ണയ്യര്‍ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊണ്ണൂറ്റി ഏഴാം വയസ്സിലും ചെറുപ്പത്തിന്റെ ഊര്‍ജ്ജസ്വലതയോടെയാണ് ശ്രീ കൃഷ്ണയ്യര്‍ യുവാക്കളുടെ ഈ സംരംഭത്തോട് പ്രതികരിച്ചത്. തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എറണാകുളം എം എല്‍ എ ശ്രീ ഹൈബി ഈഡെന്‍ , അഭിനേത്രി റീമാ കല്ലുങ്കല്‍ അഡ്വക്കേറ്റ് ശ്രീ മജ്നു കോമത്ത് എന്നിവര്‍ സംസാരിച്ചു. ശ്രീ കൃഷ്ണയ്യര്‍ റീമ കല്ലുങ്കലിനും ഹൈബി ഈഡനുമായി പകര്‍ന്നു കൊടുത്ത വെളിച്ചം ആയിരത്തോളം വരുന്ന യുവാക്കള്‍ ഹൃദയത്തോട് ചേര്‍ത്ത് ഏറ്റുവാങ്ങികൊണ്ട് മറൈന്‍ ഡ്രൈവ് വാക്ക് വെയില് അണിനിരന്നു . വീ വാണ്ട് ന്യൂ ഡാം എന്ന മുദ്രാവാക്യം യുവാക്കളുടെ ആവേശമായി മാറി. തുടര്‍ന്ന് ജാഥയായി നീങ്ങിയ യുവാക്കള്‍ മഴവില്‍ പാലത്തില്‍ ഒത്തു കൂടി തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ജീവന് ഹാനി ആയേക്കാവുന്ന മുല്ലപ്പെരുയാര് ഡാം പുനര്‍നിര്‍മ്മിക്കണമെന്ന് ഉറക്കെ ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ജി സി ഡി എ ഷോപ്പിങ് കോമ്പ്ലെക്സ് വഴി ഷണ്മുഖം റോഡിലൂടെ നടന്ന ജാഥ വീണ്ടും സമ്മേളന സ്ഥലത്ത് ഒത്തു കൂടി സമാപന സമ്മേളനത്തോടെ പിരിഞ്ഞു. സംഘാടക സമിതിയിലെ ഷോണ്‍, ലക്ഷ്മി എന്നിവര്‍ സിങ്കിങ് കേരള മൂവ്മെന്റിന് സഹായം നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് യോഗനടപടികള്‍ അവസാനിപ്പിച്ചു. ഈ കൂട്ടായ്മയുടെ അടുത്ത പരിപാടി ഡിസംബര്‍ നാലിന് പാലാരിവട്ടം ബൈ പാസ്സില്‍ നിന്നും എറണാകുളം മറൈന്‍ ഡ്രൈവ് വരെ നൂറു കണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടക്കും എന്ന് സംഘാടക സമിതി അറിയിച്ചു.
വെറും മൂന്നു ദിവസത്തെ തയ്യാറെടുപ്പ് കൊണ്ടാണ് ഈ പദ്ധതി വന്‍ വിജയമാക്കി തീര്‍ത്തത് . അതിനായി പ്രവര്‍ത്തിച്ച സുമനസ്സുകലായ ലക്ഷ്മി അതുല്‍, ചന്ദ്ര ലേഖ ,സന്ധ്യ, ജയേഷ്, ഷോണ്‍, രാജു നായര്‍ , ദിലീപ് വേണുഗോപാല്‍, സിന്സിയര് എന്നിവര്‍ക്ക് അകമഴിഞ്ഞ നന്ദി സൈബര്‍ ലോകത്തിനു വേണ്ടി നമ്മുടെ ബൂലോകം അര്‍പ്പിക്കുന്നു.


രണ്ടു വര്‍ഷം മുന്‍പ് 2009 ല്‍ ആണ് നമ്മുടെ ബൂലോകം ബ്ലോഗ് പോര്‍ട്ടലിന്റെ ബാനറില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ശ്രീ നിരക്ഷരന്റെ നേതൃത്വത്തില്‍ സേവ് മുല്ലപ്പെരിയാര്‍ കാമ്പെയിന് ആരംഭിച്ചത്. 'മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍' എന്ന ലേഖനത്തില്‍ ഉപയോഗപ്പെടുത്തിയ ബ്ലോഗര്‍ പാച്ചു സാഹസികമായി എടുത്ത മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭിത്തികളുടെ ഫോട്ടോകളിലൂടെയാണ് സൈബര്‍ ലോകം ആ ഭീകരതയെ ആദ്യമായി അടുത്തറിയുന്നത്. തുടര്‍ന്ന് ഇംഗ്ലീഷിലേക്ക് ഈ ലേഖനം പരിഭാഷപ്പെടുത്തുകയും മെയില്‍ ഫോര്‍വേര്‍ഡുകളായി അയക്കപ്പെടുകയും ചെയ്തു. കാമ്പെയിന് സജീവമായി തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് നമ്മുടെ ബൂലോകത്തിന്റെ നേതൃത്വത്തില്‍ നിരക്ഷരന് എഡിറ്റര്‍ ആയി റീ ബില്‍ഡ് ഡാം എന്ന മറ്റൊരു ബ്ലോഗ് തുടങ്ങിയത്. മുല്ലപ്പെരിയാറിനെ സംബന്ധിച്ച എല്ലാ വാര്‍ത്തകളും നല്‍കുക എന്നതിനപ്പുറം ഒരു വാര്‍ത്താ ആര്‍ക്കൈവ് ആയും ഈ ബ്ലോഗ് ഉപയോഗപ്പെടുത്തുകയും നാള് ഇതുവരെ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ പ്രചാരണത്തിന്റെ ഭാഗമായി പ്രമുഖ ബ്ലോഗര്‍ നന്ദന് ഡിസൈന്‍ ചെയ്ത ലോഗോ ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും തങ്ങളുടെ ബ്ലോഗുകളില്‍ അവ പ്രദര്‍ശിപ്പിച്ചു ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു . റീ ബില്‍ഡ് ഡാം ബ്ലോഗിന്റെ ഹെഡര്‍ ഡിസൈന്‍ ചെയ്തു തന്നത് പകല്‍കിനാവന്‍ എന്ന ഷിജു ബഷീര്‍ ആണ് . ഏവരെയും നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കട്ടെ. കാമ്പെയ്നിങ്ങിന്റെ ഭാഗമായി നിരക്ഷരനോടൊപ്പം നമ്മുടെ

ബൂലോകം പബ്ലിഷേര്‍ ജോ ജോഹര്‍, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ഹരീഷ് , വിനോദ് എന്നിവര്‍ ചേര്‍ന്നു വര്‍ഷങ്ങളായി ഈ ആവശ്യത്തിനു വേണ്ടി സമരം നടത്തിവരുന്ന ചാപ്പാത്തു ഗ്രാമത്തില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു പന്തലില്‍ ഇരിക്കുകയും അവിടെ ഈ ലോഗോ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ലോഗോ തന്നെ അല്‍പ്പം രൂപ മാറ്റം വരുത്തിയാണ് സൈബര്‍ പ്രചാരണ പരിപാടിക്ക് ഉപയോഗിച്ചിരിക്കുന്നത്.
നാളുകള്‍ കഴിഞ്ഞു. ബ്ലോഗ് സജീവമാല്ലാതാകുകയും ഫേസ് ബുക്കിലേക്ക് ആളുകള്‍ ചേക്കേറുകയും ചെയ്തപ്പോള്‍ ഈ സമര പരിപാടിയോട് വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞു സൈബര്‍ മലയാളികള്‍ പ്രതികരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നിരക്ഷരന്റെ നേതൃത്വത്തില്‍ ഈ കൂട്ടായ്മകളെ ഒരു കുടക്കീഴിലാക്കി ഏകോപിപ്പിച്ചു ഭൂലോകത്തിലെക്കിറങ്ങി പ്രതികരിക്കുകയാണ് ചെയ്തത്. വളരെ വലിയ ഒരു മാധ്യമ ശ്രദ്ധ ഈ അവസരത്തില്‍ ഈ പരിപാടിക്ക് ലഭിച്ചു എന്നത് എടുത്തു പറയേണ്ടുന്ന ഒരു കാര്യമാണ്.
ഈ പരിപാടിയോട് സഹകരിച്ച ഏവര്‍ക്കും നമ്മുടെ ബൂലോകം ടീമിന്റെ നന്ദി.
ജീവിക്കുവാനുള്ള തത്രപ്പാടിനിടയില്‍, ഒഴുക്കില്‍ പെട്ടുപോയേക്കാവുന്ന സ്വജീവിതവും സഹജീവിതങ്ങളും രക്ഷപ്പെടണമെന്ന ആഗ്രഹവുമായി തൊഴിലിടങ്ങളില്‍ നിന്നും ബാഗുകളും തൂക്കി മറൈന്‍ ഡ്രൈവില്‍ ഒത്തുകൂടിയ ഈ തലമുറയുടെ പ്രതിനിധികളേ.. നിങ്ങളാണ് ശരി..!! നിങ്ങള്‍ തെളിയിച്ച ഈ മെഴുകിതിരി വെട്ടം കേരളത്തിലെ ജനങ്ങള്‍ നാളെയേറ്റെടുത്തേക്കും.. ഒരു ഡാമിന്റെ പേരില്‍.. ഒരു നാട്ടിലെ ജനതയുടെ പേരില്‍ ഇത് വരെ കാണാത്ത വെര്‍ച്ചല്‍ സൌഹൃദങ്ങള്‍ ഒരുമിച്ചു ചേര്‍ന്നെങ്കില്‍ - തീര്‍ച്ചയായും തൊട്ടപ്പുറത്തെ വീട്ടിലെ സുഖമില്ലാത്ത ചേട്ടനെ തിരിഞ്ഞു നോക്കാത്തവരെന്നും പട്ടിണി പാവങ്ങളോട് മുഖം തിരിച്ചിട്ട് അവരുടെ ഫോട്ടോകളില്‍ ലൈക്ക് അടിക്കുകയും കമന്റിടുകയും ചെയ്യുന്നവരെന്നുമുള്ള - അറിവില്ലായ്മയുടെ ജല്പനങ്ങള് പുലമ്പുന്നവര്‍ക്ക് നേരെ നിങ്ങള്‍ക്കിനി ശക്തമായി പ്രതികരിക്കാം. “
35 ലക്ഷത്തിനു മേല്‍ ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ഒരു കൈത്തിരി വെട്ടമെങ്കിലും കത്തിച്ചു. ആ കൈത്തിരി വെട്ടത്തിന്റെ പ്രകാശം കെടാതെ സൂക്ഷിക്കുവാനുള്ള ഊര്‍ജ്ജം ഞങ്ങളില്‍ നിന്നും കെടുത്താതെ നോക്കുക. ഒരു പക്ഷെ ഇനിയും നാളെകളില്‍ നിങ്ങളുടെ വീരസാഹികതകള്‍ , കവലപ്രസംഗങ്ങള്‍, ഭാവനാസൃഷ്ടികള്‍, പരിസ്ഥിതി വാദങ്ങള്‍ ഒക്കെ ശ്രവിക്കാന്‍ ഇവിടെ ഈ മണ്ണില്‍ ആള് വാസമുണ്ടാവണമെങ്കില്‍ ഒന്നുകില്‍ ഞങ്ങളോടൊത്ത് അണിചേരൂ.. അതല്ലെങ്കില്‍ ദയവ് ചെയ്ത് ഞങ്ങളെ തളര്‍ത്താന്‍ ശ്രമിക്കാതിരിക്കുക ”
സത്യത്തില്‍ ഈ വെര്‍ച്ചല്‍ മീഡിയയുടെ ഒരു ഭാഗമായതില്‍ ഒട്ടേറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു ഇന്ന് വൈകുന്നേരം 5.30 മണിമുതല്‍ 8 മണിവരെ. അത്രയേറെ ആസ്വദിച്ചായിരുന്നു എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ തടിച്ചു കൂടിയ സൈബര്‍ എഴുത്തിടങ്ങളില്‍ തളക്കപ്പെട്ട യുവജനതയുടെ ആവേശം. ഞങ്ങള്‍ ആവേശം കൊണ്ടത് പരസ്പരമുള്ള പുകഴ്തലുകളിലെ ലൈകുകളിലോ കമന്റുകളിലോ ചിറ്റ്ചാറ്റിലോ ആയിരുന്നില്ല. മറിച്ച് ഒരു ജനതയെ ഉണര്‍ത്തുവാനുള്ള ഈ ശ്രമത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞത് ഓര്‍ത്തായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബ്ലോഗ്, ബസ്സ്, ഫെയ്ബുക്ക് എന്നിവിടങ്ങളിലായി ചര്‍ച്ചകളിലൂടെ രൂപപ്പെട്ട് വന്ന Save Sinking Kerala എന്ന മൂവ്മെന്റിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടന്ന കാന്‍ഡില്‍ ലൈറ്റ് വിജിലില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞു. ഇത് വരെ കാണാത്തവര്‍ വീ വാന്‍ഡ് ന്യൂ ഡാം എന്ന മുദ്രാവാക്യത്തിനു പിന്നില്‍ (അതോ മുറവിളിയോ) അണിനിരന്നതില്‍ നിന്നും ചില നിമിഷങ്ങള്‍ ഇവിടെ പങ്കുവെക്കട്ടെ.
പ്രമുഖരുടെ പ്രസംഗങ്ങളില്‍ നിന്നും :
സംഘാടക സമിതി അംഗം : രാജു നായര്‍

ഇത് മരണത്തിനു മുന്നിലുള്ള അവസാനത്തെ കരച്ചില് ആണ്. മലയാളികളുടെ ജീവിക്കാന്‍ വേണ്ടിയുള്ള വികാരം സര്‍ക്കാരും തമിഴ്നാടും കേള്‍ക്കുന്നില്ല. സൈബര്‍ കൂട്ടായ്മയുടെ ശബ്ദം വിര്‍ച്വല്‍ ലോകത്ത് നിന്നും തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. അടിയന്തിരമായി അധികാര വര്‍ഗ്ഗം ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. തമിഴര്‍ക്കു വെള്ളം കൊടുത്തോട്ടെ, പക്ഷെ പുതിയ ഡാം വേണം എന്ന് തന്നെയാണ് നമ്മുടെ ആവാശ്യം. ഈ ആവശ്യംമാത്രം മുന്‍ നിര്‍ത്തിയാണ് ഇന്ന് ഇവിടെ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അദ്ധ്യക്ഷന്‍ : മനോജ് രവീന്ദ്രന് ( നിരക്ഷരന് )
ഓണ്‍ ലൈന്‍ മീഡിയകള്‍ ആണ് മുല്ലപ്പെരിയാര്‍ വിഷയത്തെക്കുറിച്ച് അത്യധികം വ്യാകുലപ്പെടുന്നുള്ളൂ. മ

റ്റു ചെറിയ ചെറിയ വിഷയങ്ങള്‍ക്ക് പോലും റോഡിലിറങ്ങുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകന്മാരും പക്ഷിക്കും മൃഗങ്ങള്‍ക്കും മരത്തിനും മണലിനും വേണ്ടി ഘോരാഘോരം പ്രസംഗിക്കുമ്പോളും ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല. ഇവിടെ മനുഷ്യ ജീവിതങ്ങള്‍ക്ക് അധികാര വര്‍ഗ്ഗവും നീതിന്യായ വ്യവസ്ഥയും ഒട്ടും വില കല്‍പ്പിക്കുന്നില്ല . തമിഴ് നാടിനു വെള്ളം കൊടുക്കേണ്ട എന്ന് കേരളം പറയുന്നില്ല. മറിച്ച് നമുക്ക് ജീവിക്കണം എന്നേ പറയുന്നുള്ളൂ. ഇത് കോടതിക്ക് പുറത്തു രമ്യമായി തീര്‍ക്കുക. ഈ പ്രതികരണത്തിലൂടെ ഈ ഒരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് നമ്മുടെ ലക്ഷ്യം .
ഉദ്ഘാടകന്‍ : ജസ്റിസ് വി ആര് കൃഷ്ണയ്യര്‍ :
കേരളം നശിക്കുകയാണ്. നമ്മെ രക്ഷിക്കുവാന്‍ ഡല്‍ഹി വരില്ല. അതിനു നാം തന്നെ തുനിഞ്ഞിറങ്ങണം. എനിക്ക് 97 വയസ്

സായി എന്നെക്കാള്‍ പ്രായമുള്ള; അരക്ഷിതാവസ്തയിലുള്ള ഡാം ആണിത്. കേരള ജനങ്ങളെ നിങ്ങള്‍ ഉണരുക. ധീരമായി മുന്നോട്ടു പോകുക. റിയോ കരാര്‍ പ്രകാരം, 116 കൊല്ലം പഴക്കമുള്ള ഈ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഉണരൂ പ്രധാന മന്ത്രി ഉണരൂ...ഇവിടെ കത്തിക്കുന്ന ഈ തിരികളിലൂടെ നിങ്ങളുടെ മനസ്സിലുകളിലും ജനങ്ങളുടെ മനസ്സിലും ഈ വിഷയത്തിന്റെ ഭീകരതയെക്കുറിച്ച് വെളിച്ചം വിതറാന്‍ യുവാക്കളുടെ സംരംഭം കാരണമാകട്ടെ. ശക്തമായി തന്നെ പ്രതികരിക്കൂ.
ആശംസകള്‍ : ഹൈബി ഈഡെന്‍

സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ നിന്നുമുണ്ടായ ഈ കൂട്ടായ്മ തികച്ചു വലിയ ഒരു സംരംഭം തന്നെയാണ് . യുവാക്കള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ക്ക് അടിമകളാണെന്നും അവര്‍ ഒന്നിനോടും പ്രതികരിക്കുന്നില്ലെന്നും വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് നിങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍. ഈ വിഷയത്തില്‍ രാഷ്ട്രീയഭേദമില്ലാതെ നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ട് പോകാം. ഇതില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു.
ആശംസകള്‍ : അഡ്വക്കേറ്റ് മജ്നു കോമത്ത്
ഇന്ത്യ എന്ന വികാരമാണ് നമ്മുടേത് . അല്ലാതെ തമിഴര്‍ കേരളീയര്‍ എന്നല്ല. 32 വര്‍ഷം ഗോശ്രീ പാ

ലങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ എളിയ സംഭാവനകള്‍ ചെയ്യുവാന്‍ എനിക്ക് കഴിഞ്ഞു. ആ പാലങ്ങള്‍ 2006 ഇല് യാദാര്‍ത്ഥ്യമായി. അതേ 2006 ല്‍ തന്നെയാണ് സുനാമി വന്നത്. അന്ന് പാലം ഉണ്ടായത് കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് രക്ഷപെട്ടത്. അപകടം ഏതു നിമിഷവും സംഭവിക്കാം. അതിന് ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ശ്രമിക്കണം. ഈ മൂവ്മെന്റ് വഴി ഒന്നും രണ്ടുമല്ല, 35 ലക്ഷം ജീവനുകള്‍ക്ക് വേണ്ടിയാണ് സൈബര്‍ ലോകത്തെ ഈ കൂട്ടായ്മ ഇന്നിവിടെ പ്രതികരിച്ചിരിക്കുന്നത്. എല്ലാ പിന്തുണയും നല്കുന്നു.
ആശംസകള്‍ : റിമ കല്ലുങ്കല്‍

ട്വിറ്റര്‍, ഫേയ്സ്ബുക്ക് , മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ ഒരു ജനതയുടെ ജീവിതം രക്ഷിക്കാന്‍ ഇവിടെ കൂടിയ ഏവര്‍ക്കും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. നമ്മെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പ്രതികരിക്കേണ്ടാതും അവര്‍ക്ക് വിവരം പകര്‍ന്നു നല്‍കേണ്ടതും നാം യുവാക്കളാണ്. ഈ മൂവ്മെന്റിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരു സിനി ആക്ട്രസെന്ന നിലയില്‍ എനിക്ക് ഈ വിഷയത്തില്‍ ചെയ്യാവുന്ന എല്ലാ സഹായങ്ങളും ഭാവിയിലേക്കും ഞാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ചടങ്ങുകള്‍ക്ക് ഷോണ്‍ നന്ദി പറഞ്ഞതോടെ മറൈന്‍ ഡ്രൈവ് വാക്വേയിലൂടെ ഒരു നാടിന്റെ രക്ഷക്കായി കേണുകൊണ്ട് ഒരു യുവത മെഴുകുതിരികളും പ്ലക്കാര്‍ഡുകളുമായി അണിനിരന്നു.
ബൂലോകത്തെ പ്രതിനിധീകരിച്ച് നിരക്ഷരന്, ജോഹര്‍, ഡോക്ടര്‍ ജയന് ഏവൂര്‍, കാര്‍ട്ടൂണിസ്റ്റ് സജീവ്, മത്താപ്പ്, പാക്കരന്, കോവാലന്, വേദവ്യാസന്, മണികണ്ഠന്, ദിമിത്രേവ്, അനൂപ് മോഹന്‍ എന്നിവരോടൊപ്പം ഞാനും ഈ കൂട്ടായ്മയില്‍ പങ്കെടുത്തു. നന്ദി.. ഇതിന്റെ സംഘാടകര്‍ക്ക്..


റിപ്പോര്‍ട്ട് : മനോരാജ്
ഫോട്ടോ : ജോ ജോഹര്‍