അരുണാചലിലെ എലിഭക്ഷണം


സജി മാര്‍ക്കോസ്

സാമിന്റെ തലസ്ഥാനമായ ഗുവാഹട്ടിയിൽ നിന്നും ഏകദേശം 12 മണിക്കൂർ ബസിൽ യാത്ര ചെയ്താൽ ആസാമിന്റേയും അരുണാചൽ പ്രദേശിന്റേയും അതിർത്തിയിലുള്ള ലക്കിൻപൂരിൽ എത്തിച്ചേരാം. അവിടെ നിന്നും ഉദ്ദേശം മൂന്നു മണിക്കൂർ ടിബറ്റ് അതിർത്തിയിലേയ്ക്കു വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ചാൽ അരുണാചലിലെ ലോവർ സുബാസൻസുരി ജില്ലയുടെ തലസ്ഥാനമായ സീറോയിൽ എത്തും. ലക്കിൻപൂരിൽ നിന്നും സീറോയിലേയ്ക്കുള്ള ദുർഘടമായ മലമ്പാതയിലെ സഞ്ചാരത്തിനു ടാറ്റാ സുമോയാണ് പ്രധാന ആശ്രയം. സമയ നിഷ്ഠയില്ലാതെ വല്ലപ്പോഴും എത്തുന്ന സ്റ്റേറ്റ് ട്രാസ്പോർട്ട് വാഹനം സന്ദർശകർക്കു പറ്റിയതല്ല.

സമുദ്രനിരപ്പിൽ നിന്നും ഉദ്ദേശം 5800 അടി ഉയരത്തിലുള്ള സീറോ ഗ്രാമത്തിൽ വർഷത്തിൽ ഭൂരിപക്ഷം മാസങ്ങളിലും അതി ശൈത്യമായിരിക്കും. ഭാരതത്തിൽ ആദ്യ സൂര്യകിരണങ്ങൾ എത്തുന്നത് അരുണാചൽ പ്രദേശിലാണ്. അതുകൊണ്ട് രാവിലെ നാലുമണിയാകുമ്പോഴേയ്ക്കും നന്നായി വെളിച്ചം വരികയും വൈകുന്നേരം അഞ്ചുമണിയോടെ ഇരുൾ വീണു തുടങ്ങുകയും ചെയ്യും. മലനിരകൾക്കിടയിൽ നിരന്നു കിടക്കുന്ന നെല്പാടങ്ങളാണ് സീറോ ജില്ലയുടെ പ്രത്യേകത. കേരളീയർക്കു തെങ്ങ് എന്നതുപോലെയാണ് അരുണാചൽ പ്രദേശിലുള്ളവർക്കു മുള. മുള ഉണക്കി പൊളിച്ച്നിരത്തി വീടിന്റെ ഭിത്തികൾ നെയ്ത് ഉണ്ടാക്കുന്നു, മിച്ചം വരുന്നവ വിറകായി ഉപയോഗിക്കും. മുളയുടെ മുളച്ചു വരുന്ന വെളുത്ത നിറത്തിലുള്ള മുളങ്കൂമ്പ് (ബാംബൂ ഷൂട്ട്) അരുണാചൽ വാസികളുടെ ഒരു പ്രധാന ആഹാരമാണ്. അരുണാചൽ പ്രദേശിലെ മുഴുവൻ ജനങ്ങളും പട്ടിക വർഗ്ഗമായിട്ടാണ് സർക്കാർ പരിഗണിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവൻ ഭൂമിയും പട്ടികവർഗ്ഗക്കാരുടെ ഉടമസ്ഥയിലായതുകൊണ്ട്, മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർക്ക് അരുണാചലിൽ സ്ഥലം വാങ്ങുവാനോ കെട്ടിടങ്ങൾ സ്വന്തമാക്കാനോ കഴിയില്ല.

മാത്രമല്ല, രാജ്യത്തിന്റെ അതിർത്തിയിലുള്ള സംസ്ഥാനമായതുകൊണ്ട്, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ അരുണാചല്പ്രദേശിൽ പ്രവേശിക്കണമെങ്കിൽ മുങ്കൂർ ആയി അനുമതി പത്രം (Innerline Permit )വാങ്ങേണ്ടതുണ്ട്. ചുരുക്കത്തിൽ കേരളത്തിലെ പട്ടിക ജാതി -ഗിരിവർഗ്ഗ സംരക്ഷണ നിയമങ്ങൾ പോലെ വെറും നോക്കുകുത്തി നിയമങ്ങളല്ല, അരുണാചപ്രദേശിലേത് എന്നു സാരം.

അപ്പത്താനി എന്ന ഗിരിവർഗ്ഗ സമൂഹത്തിന്റെ ആസ്ഥാനമാണ് സീറോ എന്നു പറയാം. ആദി, നിഷി, ഹിൽസ്മിരി തുടങ്ങിയ വിഭാഗങ്ങളും ഇവിടെ വസിക്കുന്നു. സ്ത്രീകൾ പൊതുവെ കഠിനാധ്വാനികളും പുരുഷന്മാർ അലസന്മാരുമാണ് എന്നതാണ് അപ്പത്താനിവർഗ്ഗത്തിന്റെ പൊതു സ്വഭാവം. സ്ത്രീകൾ അധ്വാനികളായതുകൊണ്ടും, സുന്ദരികളായതുനിമിത്തവും, ബ്രിട്ടീഷുകാർ സീറോയിലെ സ്ത്രീകളെ വീട്ടു ജോലിക്കും ലൈംഗിക ചൂഷണങ്ങൾക്കുമായി പിടിച്ചുകൊണ്ട് പോകുമായിരുന്നുവത്രേ!


ദുഷ്ടന്മാരായ വെള്ളക്കാരിൽ നിന്നും രക്ഷനേടുന്നതിനു വേണ്ടി സ്തീകൾ പച്ച കുത്തി മുഖം വികൃതമാക്കുകയും, തടിക്കഷ്ണം കൊണ്ട് ഉണ്ടാക്കിയ വലിയ മൂക്കൂത്തി ധരിക്കയും ചെയ്യുമായിരുന്നു.

മറ്റു പല ആചാരങ്ങളുംഎന്നപോലെ, ബ്രിട്ടീഷുകാർ നാടു വിട്ടിട്ടും, അപ്പത്താനി സ്ത്രീകൾ ഇന്നും മൂക്കൂത്തിയും മുഖത്തെ പച്ചകുത്തലും തുടർന്നു പോരുന്നു.

നിലത്തു നിന്നും അല്പം ഉയരത്തിൽ മുളയും കാട്ടു കമ്പുകളും ഉപയോഗിച്ച് തട്ടുകൾ പണിത് അതിന്റെ മുകളിലാണ് അപ്പത്താനികൾ വീട് പണിയുന്നത്.


തട്ടിനു താഴെ പന്നിവളർത്തുന്ന കൂട് ആയി ഉപയോഗിക്കുന്നു. അതുകൊണ്ട് അപ്പത്താനികൾക്ക് കക്കൂസ് പണിയേണ്ടി വരാറില്ല. വീടുകൾ ഒന്നിനോട് ഒന്നു ചേർത്ത് പണിത് വലിയ കോളനികളായിട്ടാണ് ആരുണാചൽകാർ വസിക്കുന്നത്.

അപ്പത്താനിയാണ് പ്രധാന ഭാഷ എങ്കിലും, ഹിന്ദിയും ഇംഗ്ലീഷും പുതിയ തലമുറക്കാർ നന്നായി ഉപയോഗിക്കുന്നു. സൂര്യ-ചന്ദ്രന്മാരെ ആരാധിക്കുന്ന ഡോണി- പോളോ മതവിശ്വാസികളാണ് അപ്പത്താനികൾ ഭൂരിപക്ഷവും . 30 ശതമാനത്തോളം ബാപ്റ്റിസ്റ്റ് ക്രിസ്ത്യാനികളും, നാമമാത്രമായി ഹിന്ദുക്കളും ബുദ്ധമതക്കാരും അപ്പത്താനികൾക്കിടയിലുണ്ട്.

ഗവേഷണത്തിനുവേണ്ടി വന്നുതാമസിക്കുന്ന സർവ്വകലശാല വിദ്യാർത്ഥികളും പട്ടാളക്കാരും അല്ലാതെ പുറത്തു നിന്നും ആരും തന്നെ വരാറില്ലാത്തതുകൊണ്ട്, സീറോയിൽ നല്ല ഹോട്ടലുകളോ, ഭക്ഷണശാലകളൊ ഇല്ലെന്നു തന്നെ പറയാം. എത്തിച്ചേരുവാനുള്ള ബുദ്ധിമുട്ടുകൊണ്ടും, പുറത്തുള്ളവരിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കാൻ കഴിയാത്തതുകൊണ്ടും, മനോഹരമായ ഈ പ്രദേശം ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടില്ല. ഇല്ലെങ്കിൽ സ്വദേശികളായ ഗിരിവർഗ്ഗക്കാർ എന്നേ ആട്ടിപ്പായിക്കപെടുമായിരുന്നു!

അരിയാഹാരമാണ് മുഖ്യമെങ്കിലും മാംസഭുക്കുകളായ അപ്പത്താനികൾ എല്ലാത്തരം ജീവികളേയും ഭക്ഷിക്കും. പട്ടിയും, പാമ്പും, എലിയും തേനീച്ചമുട്ടയും അവരുടെ ഇഷ്ട വിഭവങ്ങൾ തന്നെ. ചന്തയിൽ ഉണക്കിയ എലിയെ നിരത്തി വച്ചിക്കുന്നതുകണ്ടപ്പോൾ കൗതുകം തോന്നി.

ഇതിനോടകം പരിചയപ്പെട്ട അപ്പത്താനി ചെറുപ്പക്കാരായ തച്ചോയോടും ലാസയോടും എലിയെ പാകം ചെയ്യുന്ന വിധം വിശദമായി ചോദിച്ചറിഞ്ഞു.

പാചക വിധി വിശദമായി പ്രതിപാദിച്ച തച്ചോ വൈകുന്നേരം എലിയെ പാകം ചെയ്തു ഭക്ഷിച്ചാലോ എന്ന് ചോദിച്ചപ്പോൽ, ശർദ്ദിക്കാൻ തോന്നിയെങ്കിലും കാണാനുള്ള കൗതുകം നിമിത്തം സമ്മതിച്ചു.

ഉടൻ തന്നെ തച്ചോയോടൊപ്പം ചന്തയിൽ ചെന്നു ഉണക്കി വച്ചിരുന്ന നാലു എലികളെ 100 രൂപയ്ക്കു വാങ്ങി.എലികളുടെ പച്ചയിറച്ചി പ്രഭാതത്തിൽ തന്നെ വിറ്റു തീരും. അത്രയ്ക്കും ഡിമാന്റ് ആണ്. പിന്നെ ഉണക്കിറച്ചിയെ ആശ്രയിക്കുകയേ വഴിയുള്ളൂ. മാത്രമല്ല, പച്ച എലികളെ പരസ്യമായി ചന്തയിൽ വിൽക്കുവാനും പാടില്ലത്രേ. എലി പിടുത്തം വനം വകുപ്പ് നിരോധിച്ചിട്ടുണ്ട്.


ചന്തയിൽ കച്ചവടം നടത്തുന്നവർ എല്ലാവരും സ്ത്രീകളാണ്. കുഞ്ഞുങ്ങളെ തുണിയിൽ ശരീരത്തോട് ചേർത്തു കെട്ടിവച്ചു ജോലിയിൽ വ്യാപൃതരായിരിക്കുന്ന അമ്മമാർ.


രണ്ടു പച്ച മുളയുടെ കുറ്റിയും 20 രൂപയ്ക്ക് ഷോഡ എന്ന കറുത്ത ഒരു ദ്രാവകവും അവർ വാങ്ങിച്ചു. മുള ചുട്ട ചാരം അരിച്ചു വെളളത്തിൽ കലക്കിയതാണത്രേ ഷോഡ. എലിയുടെ ശരീരത്തിൽ എന്തെങ്കിലും വിഷാംശങ്ങൾ ഉണ്ടെങ്കിൽ ഷോഡ അതിനെ നീക്കം ചെയ്തുകൊള്ളും എന്നു തച്ചോ പറഞ്ഞു.

എലിയുമായി എത്തിയപോഴേയ്ക്കു ലാസയ്ക്കും ആവേശമായി. അല്പം മുളകു പൊടിയും ഉപ്പുമായി എത്തിയ ലാസ, ഉണങ്ങിയ മുളങ്കമ്പുകൾ കൂട്ടിയിട്ടു തീ കത്തിച്ചു.


രണ്ടാളും ചേർന്നു എലി നാലിനേയും ഓരോ കൂർത്ത കമ്പിൽ കുത്തി തീയ്ക്കു മുകളിൽ പിടിച്ചു.ചൂടു തട്ടിയപ്പോഴേയ്ക്കും പുറത്തെടുത്ത് എലിയുടെ കാലുകളിലേയും , മുഖത്തെയും തൊലി പൊളിച്ചു കളഞ്ഞു.
വൃത്തിയാക്കിയ എലിയോ പച്ചവെള്ളത്തിൽ നന്നായി കഴുകി ചെറിയ കഷണങ്ങളായി മുറിച്ചു.


ശരിയായ പാചകം ആരംഭിക്കുന്നതേയുള്ളൂ. മുളംകമ്പിനുള്ളിൽ മുറിച്ച എലി ഇറച്ചി നിക്ഷേപിക്കുന്നതാണ് അടുത്ത പടി.


പുട്ടു കുറ്റിയ്ക്കകതു പൊടിയിടുന്നതുപോലെ അവർ എലിക്കഷണങ്ങൾ ഇട്ട്, മുകളിൽ അല്പം മുളകുപൊടിയും ഉപ്പും നിക്ഷേപിച്ച ശേഷം, അല്പം ഷോഡയും ഒഴിച്ചു.
അപ്പോഴേയ്ക്കും ലാസ ഏതോ ഒരു ചെടിയുടെ ഇലകൾ പറിച്ച് ചുരുട്ടി മുളങ്കുറ്റി അടച്ചു ഭദ്രമാക്കി.


എലിയേ വേവിക്കുന്നതിനുള്ള പരിപാടികൾ ആരംഭിച്ചു. കുറച്ചുകൂടി ഉണക്ക മുളകൾ തീയിലിട്ടു ആളി കത്തിച്ച ശേഷം ഒരു വിറകു കൊള്ളി കുത്തി നിറുത്തി അതിൽ തീയ്ക്കുള്ളിൽ മുളങ്കുറ്റി ചാരി വച്ചു.

തീയാളി കത്തിക്കൊണ്ടിരുന്നു. ലാസയും തച്ചോയും, എലിയുടെ പോഷക ഗുണങ്ങളേപ്പറ്റി നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഏതാണ്ട് അര മണിക്കൊർ ആയപ്പോഴേക്കും എലിയിറച്ച നിറച്ച പച്ച മുളങ്കുറ്റിയുടെ പുറം കത്തി കരിഞ്ഞു തുടങ്ങി.


തീയിൽ നിന്നും വെളിയിൽ എടുത്ത കുറ്റി അല്പ സമയം തണുക്കുവാൻ വച്ചു.കരണ്ടു തിന്നുന്ന പാവങ്ങൾ മുളന്തണ്ടിനകത്ത് കരിഞ്ഞിരിക്കുന്നുണ്ടാവും!!പക്ഷേ, കൂടുതൽ സമയം തണുക്കുവാൻ അനുവദിച്ചില്ല.അപ്പത്താനികൾ എപ്പോഴും കൊണ്ടുനടക്കുന്ന പരമ്പതാഗമായ വലിയ കത്തി കൊണ്ട് സാവധാനം മുളങ്കുറ്റി പൊട്ടിച്ചു.വെന്തു പാകമായിരിക്കുന്ന എലിയിറച്ചി ഒരു പാത്രത്തിലേയ്ക്ക് ഇട്ടു.അല്പം കരിഞ്ഞിട്ടുണ്ടെങ്കിലും കണ്ടാൽ കുഴപ്പമില്ലാത്ത വിധം വെന്തു പാകമായിരിക്കുന്നു


എന്തോ ഒരു തരം ഗന്ധം അന്തരീക്ഷത്തിൽ പടർന്നു, അസഹ്യമായി തോന്നിയെങ്കിലും ആ ചെറുപ്പക്കാർ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു- അപ്പത്താനി ഭാഷയിൽ അവർ തമ്മിൽ എന്തൊക്കെയോ പറഞ്ഞു- എന്നിട്ടു സന്തോഷത്തോടെ പറഞ്ഞു, "ബഹുത് അച്ഛാ ഹൈ, ബഹുത് അച്ഛ,.."
മുളങ്കുറ്റിയുടെ ചുവട്ടിൽ ഉണ്ടായിരുന്ന ഷോഡയുടെ അവസാനത്തുളിയും ഊറ്റിയെടുത്ത ശേഷം കുറ്റി തീയിലേയ്ക്ക് വലിച്ചെറിഞ്ഞു-
"സബ് റെഡി ഹൈ, ഖാവോ ഭായി "


ഞാനും കൂടെ കഴിച്ചുകൊള്ളാമെന്നു പറഞ്ഞാണ് ഇതെല്ലാം ചെയ്തത്. ഇനിയിപ്പോൾ എന്തു പറഞ്ഞു രക്ഷപ്പെടും എന്നു വിചാരിച്ചിരിക്കുമ്പോൽ ലാസ മുളങ്കുറ്റി അടത്തു വച്ച പച്ചിലചുരുട്ടിയത് എടുത്ത് ചവയ്ക്കാൻ തുടങ്ങി.തച്ചോ ഒരു എലിയുടെ തലെയെടുത്തു കാണിച്ചിട്ട് ഇതിനാണ് ഏറ്റവും രുചിയെന്നു പറഞ്ഞു പ്രലോഭിപ്പിക്കാൻ ശ്രമിച്ചു.അപ്പോഴേയുക്കു മണം കിട്ടിയതുകൊണ്ടാകണം അവരുടെ ഒരു സുഹൃത്തും എത്തിച്ചേർന്നു.


എല്ലാവരും ആസ്വദിച്ചു എലിത്തല കടിച്ചു പൊട്ടിച്ച് ക്ർ ക്ർ എന്നു ചവക്കുമ്പോൽ ശർദ്ദിക്കാതിരിക്കാൻ ഞാൻ ഒരല്പം ദൂരേയ്ക്കു മാറി നിന്നു.തീറ്റയുടെ രസം പിടിച്ചപ്പോൽ ഞാൻ കഴിയ്ക്കാത്തത് അവർ ശ്രദ്ധിച്ചതേയില്ല- തമാശപറഞ്ഞും, ചിരിച്ചും എലിയിറച്ചിയുടെ പൊട്ടും പൊടിയും വരെ അവർ അകത്താക്കി, മുളങ്കുറ്റി അടച്ചു വച്ച പച്ചിലയും മുഴുവൻ തിന്നു തീർത്തു.

അല്പം വെറുപ്പും അറപ്പും തോന്നതിരുന്നില്ല. പശുവിന്റെയും പോത്തിന്റെയും ഇറച്ചി തിന്നുന്ന ദക്ഷിണേന്ത്യക്കാരെ ഉത്തരേന്ത്യക്കാർ ഇതിലും അവജ്ഞയോടെയാണല്ലോ കാണുന്നത് എന്നോർത്തപ്പോൾ ഇതിൽ അൽഭുതപ്പെടാനില്ല എന്നു തോന്നിതച്ചോയുടെ കുടുംബത്തോടൊപ്പം

41 Responses to "അരുണാചലിലെ എലിഭക്ഷണം"

 1. എലിപാചകം കലക്കി. പക്ഷേ, എന്നോട് പറഞ്ഞതിൽ നിന്നും വ്യത്യസ്തമാണല്ലോ അവസാനവരികൾ. സാരമില്ല, ഞാനൊന്നും പറയുന്നില്ലേ. :)
  അടുത്തത് പാമ്പ്/പട്ടിയിറച്ചി പാചകം പോരട്ടെ.

  ReplyDelete
 2. സജി മാർക്കോസ് എന്ന് പേരുള്ള ഒരു അച്ചായനെ എനിക്കറിയാമായിരുന്നു. ഞങ്ങളൊരുമിച്ച് ഒന്നുരണ്ട് കുന്നുമ്പുറങ്ങളിലും മനകളിലുമൊക്കെ കയറി ഇറങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷെ ദാ ഇന്ന്, ഇപ്പോ മുതൽ.... ഈ അപ്പത്താനി അച്ചായനെ എനിക്കറിയില്ല. :):)

  കേരളത്തിലെ ബ്ലോഗർന്മാർക്ക് ആ‍ർക്കെങ്കിലും എലിപ്പനി, പന്നിപ്പനി മുതലായ രോഗങ്ങൾ പടർന്ന് പിടിച്ചാൽ, അതിന്റെ പേരിൽ പ്രത്യേകിച്ച് ജ്യൂഡീഷൽ അന്വേഷണമൊന്നും നടത്തേണ്ട കാര്യമില്ലെന്നും മനസ്സിലാക്കിക്കോണം :)

  ഞാനൊന്ന് തൊള്ളേൽ കൈയ്യിട്ട് നന്നായി ഛർദ്ദിച്ചിട്ട് വരാം.

  ReplyDelete
 3. ഇയ്യാളെ ഞാനും ഡൈവോഴ്‌സ് ചെയ്തു !.. ഹും ! എലിഭോജി !

  ReplyDelete
 4. എന്നാലും റ്റേസ്റ്റ് നോക്കാതിരുന്നത് ഒട്ടും ശരിയായില്ല അച്ചായാ :)

  മലയാളികള്‍ ഞണ്ടും , കണവയും, കക്കയും, ആമയും, തവളയുമൊക്കെ തിന്നുന്നില്ലേ..
  അവര്‍ക്കു കിട്ടുന്നത് പട്ടിയും എലിയും പാമ്പുമൊക്കെ..

  പോസ്റ്റ് കലക്കീട്ടാ..

  ReplyDelete
 5. ഈ തച്ചോയേയും കൂട്ടുകാരേയും നാട്ടിലെത്തിക്കുന്നതിനേ പറ്റി ഒന്ന് ആലോചിക്കൂ.. ഭയങ്കര എലി ശല്യം. :)

  ReplyDelete
 6. എന്നാലുമെന്റെ സജി മാര്‍ക്കോസേ!!
  എലിയെ ചുട്ടുതിന്നുക അല്ലതെ നല്ല വെടലതേങ്ങയും കൊത്തിയിട്ട് കുരുമുളകും മഞ്ഞളും ഇഞ്ചിയും വെളുത്തുളളിയും പച്ചമുളകും ചുവന്നുളളിയും കരിവേപ്പിലയും ചേര്‍ത്ത് നല്ല വെളിച്ചെണ്ണയില്‍ ഉലര്‍ത്തി എടുത്താലെങ്ങനെയുണ്ടാവും?
  സൈടായിട്ട് മുളങ്കുറ്റിയില്‍ അരിപ്പൂട്ട് പുഴുങ്ങി ഒരു പൂശങ്ങ്പൂശാം

  അപ്പത്താനി വായും തുറന്ന് പിറകെ വരും.....

  ReplyDelete
 7. സജിച്ചായോ, കുറച്ചൂടെ ഡീറ്റൈലായിട്ടെഴുത്.. പണ്ടത്തെ ഹിമാലയൻ-ഈജിപ്ഷ്യൻ വിവരണങ്ങൾ പോലെ ഒരു ഗുമ്മു വരുന്നില്ല, അച്ചായൻ തിരക്കിട്ട് തട്ടിക്കൂട്ടി എഴുതിയപോലെ.. പിന്നെ, അച്ചായൻ ചുട്ട എലിനെ തിന്നില്ലന്ന് മാത്രം പറയല്ല്.. ;) ബാക്കി കുറച്ചൂടെ വിശദമായി പോരട്ടെ..

  ReplyDelete
 8. അച്ചായാ മനോഹരമായി വിവരണം.....ഏതൊരു ഭക്ഷണവും കഴിക്കുന്നവന്റെ ആഗ്രഹനിവാരണമാണ്....അതിലപ്പുറം ഒന്നുമില്ല...അത് എലിയായാലും പൂച്ചയായാലും പാമ്പായാലും പട്ടിയോ പന്നിയോ ഒക്കെതന്നെ ആയാലും....അത് നമ്മുടേ ഭക്ഷണസംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.....വെറും സസ്യാഹാരിയായ ഒരാൾക്ക് മാംസം കരിയുന്ന ഗന്ധം എത്രത്തോളം അസഹ്യത നൽകുന്നുവോ അതുപോലെതന്നെയാണ് നാം അറപ്പോടേ വീക്ഷിക്കുന്ന ജന്തുജാലങ്ങളേ ഭക്ഷിക്കുക എന്ന ചിന്തയിൽ നമുക്കുണ്ടാകുന്ന അസ്വസ്ഥതയും......എന്തായാലും വിവരണം അസ്സലായി അഭിനന്ദനങ്ങൾ.....!!!

  ReplyDelete
 9. അച്ചായോ...പോസ്റ്റ് കലക്കി....പിന്നെ ഈ മുളംകുറ്റിയിൽ ഇറച്ചി ചുട്ടുതിന്നുന്ന രീതി നമ്മുടെ നാട്ടിലും ഉണ്ട് കേട്ടോ....ചില ആദിവാസികളും കാട്ടിൽ വേട്ടയ്ക്ക് പോകുന്നവരും ഈ രീതിയിൽ ഇറച്ചി ചുട്ടെടുക്കാറുണ്ട്.അതിന്റെ ടേസ്റ്റ് പറഞ്ഞറിയിക്കാൻ പറ്റില്ല. ഇപ്പോൾ ചില റിസോർട്ടുകാർ വിനോദസഞ്ചാരികളെ ആകർഷിക്കാൻ (പറ്റിക്കാൻ) ഈ രീതി ഉപയോഗിക്കുന്നുണ്ട്...പക്ഷെ കാട്ടിൽ ചുട്ടെടുക്കുന്നതിന്റെ രുചിയുമായി താരതമ്യം ചെയ്യുമ്പോൾ 'കടലും കടലാടിയും'പോലുള്ള വ്യത്യാസം....കാർന്നോർ പറഞ്ഞ അഭിപ്രായം എനിക്കുമുണ്ട്..എലിശല്യം കുറഞ്ഞുകിട്ടുമല്ലോ....:)..:)

  ReplyDelete
 10. അരുണാചൽ പ്രദേശിനെപ്പറ്റിയുള്ള വിവരണം,ഇതൊരു പുതിയ അറിവാണെനിക്ക്. അപ്പത്താനി സ്ത്രീകളുടെ മുഖം വികൃതമാക്കുന്നതിന്റെ കഥ പെണ്ണിന്റെ വിധിയുടെ നേർ ചിത്രമായിത്തീരുന്നു. അച്ചായന്റെ ശൈലി വച്ചു നോക്കിയാൽ ഈ പോസ്റ്റ് തിടുക്കപ്പെട്ട് തീർത്തതുപോലെ... എലി ഭക്ഷണത്തിനെപ്പറ്റിയുള്ള കാര്യങ്ങൾ കൌതുകത്തോടെ വായിച്ചറിഞ്ഞു. ഈ എലികളെ നിരത്തിൽ നിന്നും പിടിക്കുന്നതാണോ, അതൊ ഇതിനു വേണ്ടി വളർത്തുന്നതാണോ.? എന്തായാലും അവരുടെ ശരികേട് നമുക്ക് ശരിയും അവരുടെ ശരി നമുക്ക് ശരികേടും ആയിത്തീരുന്നു.

  ReplyDelete
 11. അച്ചായന്‍ തിന്നെന്ന് ഉറപ്പാ. നമ്മുടെ നാട്ടിലും എലിയെ തിന്നാറുണ്ട്. പന്നിയെലി എന്ന് പറയുന്ന സാധനത്തെ.യാത്രാനുഭവങ്ങളുടെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.......സസ്നേഹം

  ReplyDelete
 12. എലിയിറച്ചിയുടെ രുചി നാവിലുണ്ടെന്ന് എഴുതീതു വായിച്ചാൽ അറിയാം. :)

  ReplyDelete
 13. അച്ചായനെ ഇനി ഞങ്ങൾ എല്ലായിടത്തേക്കും പറഞ്ഞയക്കും. എന്നാൽ നന്നായി വായിക്കാമല്ലോ-:)

  ReplyDelete
 14. അച്ചായാ... നാട്ടിലോട്ടൊനും ഉടനേ പോകണ്ട കേട്ടോ... എലിപ്പനി പടരുന്നേനു ഒരു കാരണം കണ്ട് പിടിക്കാന്‍ നോക്കിയിരിക്കുവാ ആരോഗ്യ മന്ത്രി, അങ്ങോട്ട് ചെന്നാല്‍ ഉടനേ പിടിച്ച് അകത്തിടും.

  പിന്നെ അച്ചായന്‍ ഒരു നീളന്‍ കമ്പിയുമായി ബഹറിനിലെ ചില വേര്‍ഹൗസുകളില്‍ എലിയേ തപ്പി കയറി ഇറങ്ങുന്നുണ്ടെന്ന് ഒരു കരക്കമ്പി കേട്ടല്ലോ നേരാണോ?

  ReplyDelete
 15. അവരോട് കേരളത്തില്‍ വരാന്‍ പറയൂ അച്ചായാ..ഇഷ്ടമ്പോലെ എലി ബോണസ്സായി എലിപ്പനിയും കിട്ടും.
  സംഗതി എലിപാചകത്തോടൊപ്പം യാത്രാനുഭവം ഉഷാറായിട്ടുണ്ട് കേട്ടോ..

  ReplyDelete
 16. അച്ചായനുമായുള്ള കൂട്ട് വെട്ടി. അയ്യേ.. അയ്യേ.. അയ്യേ..

  നല്ല വിവരണം അച്ചായാ

  ReplyDelete
 17. വായിച്ചു. എഴുത്ത്,അനുഭവങ്ങളൊഴിച്ചാല്‍ അത്ര രസകരമായി തോന്നിയില്ല. അരുണാചല്‍ സ്ത്രീകള്‍ മുഖം വികൃതമാക്കുന്നതിനെപ്പറ്റിയുള്ള മറ്റൊരു കഥ രവീന്ദന്‍ എഴുതിയിട്ടുണ്ട്, അതനുസരിച്ച് ഇവരീ ഏര്‍പാട് തുടങ്ങിയത് സുന്ദരികളില്‍ കമ്പമുണ്ടായിരുന്ന ഒരു രാജാവില്‍ നിന്നും രക്ഷപ്പെടാനായിരുന്നത്രെ.രാജാവ് പോയി സായിപ്പ് വന്നിട്ടും അവരത് തുടര്‍ന്നു എന്നു മാത്രം

  ReplyDelete
 18. ദേശാഭിമാനി വാരികയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ചുള്ള യാത്ര വിവരണം ഉണ്ടായിരുന്നു. കുറച്ചു പംക്തികള്‍ വായിച്ചിരുന്നത് കൊണ്ട് അച്ചായന്റെ എലി ഭക്ഷണം ഞെട്ടിച്ചില്ല . സ്നേഹത്തോടെ മനേഷ് പുല്ലുവഴി

  ReplyDelete
 19. ദേശാഭിമാനി വാരികയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ചുള്ള യാത്ര വിവരണം ഉണ്ടായിരുന്നു. കുറച്ചു പംക്തികള്‍ വായിച്ചിരുന്നത് കൊണ്ട് അച്ചായന്റെ എലി ഭക്ഷണം ഞെട്ടിച്ചില്ല . സ്നേഹത്തോടെ മനേഷ് പുല്ലുവഴി

  ReplyDelete
 20. ഹ..ഹ..രസകരമായി അച്ചായാ എലിപ്പാചക വിശേഷങ്ങൾ...
  അച്ചായൻ കഴിക്കാഞ്ഞത് അവർ ശ്രദ്ധിക്കാതിരുന്നത് ഭാഗ്യമായി. അല്ലെങ്കിൽ എന്തായേനേ അവസ്ഥ അല്ലേ..? :)

  ReplyDelete
 21. @ ബിന്ദു കെ.പി. - അച്ചായൻ പറഞ്ഞത് മൊത്തം ബിന്ദു വിശ്വസിച്ചോ ? എലി ഡിഷ് മൂക്കറ്റം അടിച്ച് കേറ്റിയശേഷം കൈകൊണ്ട് മുളങ്കുറ്റി വടിച്ച് നക്കി ഒരു ഏമ്പക്കവും വിട്ടാണ് അച്ചായൻ സ്ഥലം കാലിയാക്കിയത്. പോരുമ്പോൾ നാട്ടിൽ കൊണ്ടുവന്ന് ചുട്ട് തിന്നാനായി 100 രൂപയ്ക്ക് 4 എലിയെക്കൂടി വാങ്ങിയെന്നും അത് എയർപ്പോർട്ടിൽ സെക്യൂരിറ്റി ചെക്കിങ്ങ് സമയത്ത് പിടികൂടി എന്ന് പോലും കരക്കമ്പിയുണ്ട് :)

  ReplyDelete
 22. അവസാനം നിരക്ഷരൻ എന്നേക്കൊണ്ട് സത്യം പറയിപ്പിക്കും
  ബിന്ദു സത്യത്തിന്റെ വളരെ അടുത്തു വരെ എത്തി-
  "അച്ചായൻ കഴിക്കാഞ്ഞത് അവർ ശ്രദ്ധിക്കാതിരുന്നത് ഭാഗ്യമായി."

  അങ്ങിനെയല്ല

  അച്ചായൻ കഴിച്ചത് ഞങ്ങൾ ശ്രദ്ധിക്കാതിരുന്നത് ഭാഗ്യമായി.

  എന്നാണ്.

  ReplyDelete
 23. ക്രിഷ്,
  എലിയെ ചുട്ട്ന്ന വിവരം അന്നു ഇറ്റാ നഗറിൽ വന്നപോൾ പറയാതിരുന്നതിനു സോറി. പറഞ്ഞാൽ ക്രിഷിനും ഒന്നു രുചി നോക്കിയാൽ കൊള്ളാം എന്നു പറഞ്ഞാൽ കുടുങ്ങിപ്പോകുമാലോ എന്ന്തുകൊണ്ട് മാത്രമാണ്.

  ReplyDelete
 24. കൽപൂസ്,
  കിച്ചു,
  നട്സ്
  അനിൽ ഭായി
  കാർന്നോർ
  മാണിക്യാമ്മ,
  സിജോ
  മയിൽപ്പീലി
  ഷിബു
  കുഞ്ഞൻ
  യാത്രികൻ
  കിനാവ്
  കാട്ടിപരുത്തി,
  തോമാ
  പാർപ്പിടം,
  അപ്പു

  നന്ദി..വായിച്ചതിനു അഭിപ്രായിച്ചതിനും. ഇതിൽ പലരും എലി ഫ്രൈ റിസിപ്പി ഫോൺ വിളിച്ചും മെയിലു വഴിയും വിശദമായി തിരക്കിയ വിവരം ഞാൻ പുറത്തു പറയില്ല്- നിങ്ങളാരും പേടിക്കേണ്ട കേട്ടോ.

  ReplyDelete
 25. അരുൺ ഭാസകരൻ: അനുഭവങ്ങളല്ലാതെ മറ്റൊന്നും ചങ്ങാതി ഇല്ലല്ലോ ഇതിൽ!
  ഭിപ്രായത്തിനു നന്ദി.

  വിനയ സർ- താങ്ക്സ്.
  മനേഷ്,
  ദേശാഭിമാനി വായിക്കരുതെന്നു പലവട്ടം പറഞ്ഞട്ടുണ്ട്. ങാ..

  ReplyDelete
 26. മർക്കോസ് ഉവാച:

  ഇദി മൂഷികഭോജനപുരാണം സമാപ്തം:

  ReplyDelete
 27. അച്ചായോ, പോസ്റ്റിനു ടൈറ്റില്‍ "മൂഷിക ഭോജനം " എന്നല്ലേ നല്ലത് ?

  ReplyDelete
 28. ഇങ്ങേരെ വിശ്വസിക്കാന്‍ പറ്റില്ലല്ലോ ഇനിയെങ്ങാനും ഇദി അമീന്റെ നാട്ടിലേക്ക് ഒരു യാത്ര പ്ലാനിട്ടാല്‍ ഹോ ആലോചിക്കാന്‍ വയ്യ .. (ബാകി അരുണാചല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു )

  ReplyDelete
 29. സജി ഇപ്രാവശ്യം ഒറ്റക്കാണൊ പോയത്?.യാത്രകള് ഒരു പുസ്തകമാക്കാന് ഒന്നു ചിന്തിചുകൂടെ…?

  ReplyDelete
 30. ചേരയെ തിന്നുന്ന നാട്ടിൽ പോയാൽ നടുതുണ്ടം തിന്നണം എന്നല്ലേ ..? ആ ചൊല്ല് അച്ചായാൻ പ്രാവർത്തികമാക്കി.. എലിയെ തിന്നുന്ന നാട്ടിൽ ചെന്നാൽ അതിന്റെ തല തന്നെ തിന്നണം എന്ന പാഠം പഠിപ്പിച്ച്..അച്ചായനു ഇനിയും യാത്ര തുടരാം ..കാർത്താവേ..
  ഈ ഇടയനു എലിപനി ഒന്നും വരുത്തരുതേ..ആമേൻ

  ReplyDelete
 31. This comment has been removed by the author.

  ReplyDelete
 32. ഹ..ഹ..ഹ...എലി ഭോജി അച്ചായന്‍....!!!!!

  ReplyDelete
 33. എലിയിറച്ചി ഗംഭീരന്‍.,. ഇനിയും കിടിലന്‍ ഐറ്റംസ് പ്രതീക്ഷിയ്ക്കുന്നു. പഴയ കുറിപ്പുകള്‍ ഇതിനെക്കാളും മികച്ചതാ എന്നൊരഭിപ്രായം കൂടി ഉണ്ട്.

  ശ്ശോ ഇത്രേം വൃത്തിയായിട്ട് തിന്നിട്ടും അതങ്ങോട്ട് സമ്മതിയ്ക്കാന്‍ തോന്നുന്നില്ല ല്ലേ?

  ReplyDelete
 34. എലി പാചകം കൊള്ളാം ....

  ReplyDelete
 35. സ്ത്രീകൾ പൊതുവെ കഠിനാധ്വാനികളും പുരുഷന്മാർ അലസന്മാരുമാണ് എന്നതാണ് അപ്പത്താനിവർഗ്ഗത്തിന്റെ പൊതു സ്വഭാവം....അപ്പൊ ഞാനും അപ്പതാനി വര്‍ഗത്തില്‍ പെട്ടതാ.:)

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts