മീറ്റുകൾക്കപ്പുറം.....

കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി മലയാളം ബൂലോകത്തെ സുഹൃത്തുക്കൾ ഇടയ്ക്കിടെ ഒത്തുകൂടുകയും പരിചയപ്പെടുകയും, സൌഹൃദം പുതുക്കുകയും ചെയ്യുന്നുണ്ട്. മീറ്റുകളുടെ പൊതുവായ ഉദ്ദേശം സൌഹൃദം പങ്കിടൽ ആയതുകൊണ്ട് ഗൌരവമായ ചർച്ചകളും തീരുമാനങ്ങളും അവയിൽ ഉണ്ടാവാറില്ല. തമ്മിൽ കൂടുതൽ ചർച്ചനടന്നത് കൊച്ചിയിലെ കായൽ മീറ്റിൽ ആണെന്നു തോന്നുന്നു. 

ബ്ലോഗർമാരുടെ വിഹാരരംഗം ബൂലോകമായതിനാൽ ചർച്ചകൾ അവിടെത്തന്നെ നടക്കുന്നതാണ് നല്ലതെങ്കിലും നേരിൽ കണ്ട് സംസാരിച്ചുറപ്പിച്ച് നടത്തേണ്ട പല കാര്യങ്ങളുമുണ്ട്.

1. മലയാളം വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുക
2. പുതിയ തലമുറയെ മലയാളം ബൂലോകത്തേക്ക് ആകർഷിക്കുക
3. സാ‍ഹിത്യ കലാ രംഗങ്ങളിൽ ഒരു പുതുശക്തിയായി വളരുക
4. ഒരു ബദൽ മാധ്യമം എന്ന നിലയിൽ സമൂഹത്തിൽ ഇടപെടുക

ഇവ അവയിൽ ചിലതാണ്.

എന്നാൽ വിവിധരാജ്യങ്ങളിൽ നിന്ന് , പരിമിതമായ സമയം സുഹൃത്തുക്കൾക്കൊപ്പം ചിലവിടാൻ വരുന്ന ബ്ലോഗർമാർക്ക് ഇത്തരം കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാൻ സമയം കിട്ടിയെന്നു വരില്ല.

അതുകൊണ്ട്, ഈ വിഷയങ്ങളിൽ പ്രാഥമിക ചർച്ചകൾ ബൂലോകത്തു തന്നെ നടത്തി, അവ നടപ്പാക്കാൻ താല്പര്യമുള്ള ആളുകളെ കണ്ടെത്തി, സൌഹൃദമീറ്റുകൾ പോലെ തന്നെ, ഗൌരവമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് ചർച്ച ചെയ്യാനും, സമൂഹത്തിൽ ചലനമുണ്ടാക്കുന്ന രീതിയിൽ അവതരിപ്പിക്കാനും നമ്മൾ പ്രത്യേകം സംഗമങ്ങൾ നടത്തേണ്ടിയിരിക്കുന്നു.

ആരെങ്കിലും ഈ ദിശയിൽ ഉദ്യമങ്ങൾ തുടങ്ങിയാൽ  അവർക്കൊപ്പം കൂടാൻ ഞാൻ തയ്യാറാണെന്ന് അറിയിക്കട്ടെ. ഇപ്പോൾത്തന്നെ‘മീറ്റ് ബാധ’ നിരന്തരം ഏൽക്കുന്ന ഒരാളായതിനാൽ അതിൽ നിന്നൊരു വ്യതിയാനം ഞാനും ആഗ്രഹിക്കുന്നു എന്നതുകൊണ്ടാണ് മറ്റാരെങ്കിലും മുൻ കൈ എടുത്താൽ ഒപ്പം കൂടാം എന്നു പറഞ്ഞത്.

വളരെയധികം സാധ്യതകളുള്ള ഈ മാധ്യമം നിലനിർത്താനും, വികസിപ്പിക്കാനും ഉള്ള ബാധ്യത നമ്മൾ ഏറ്റെടുക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. തിരുവനന്തപുരത്ത് നമുക്കൊരു ആസ്ഥാനം വരുന്നു എന്നുള്ളതു സന്തോഷകരമാണ്. അതേപോലെ കൊച്ചിയിലും, കോഴിക്കോട്ടും ഓരോന്നുണ്ടായാൽ വളരെ നല്ലത്.

ഒരു നിർദേശം മാത്രം മുന്നോട്ടു വയ്ക്കട്ടെ....

കേരളത്തിലെ പ്രൊഫഷനൽ കോളേജുകളിലെ കുട്ടികളെ ബ്ലോഗിംഗ് രംഗത്തേക്കാകർഷിക്കാൻ നമുക്കു കഴിഞ്ഞാൽ അത് ഭാഷയ്ക്കും, സമൂഹത്തിനും നൽകാവുന്ന ഏറ്റവും വലിയ സംഘാവന ആയിരിക്കും. ടെക്നോളജിയുമായി ഏറ്റവും അടുത്തു നിൽക്കുന്നവരാകയാൽ, ഇന്റർനെറ്റും, ബ്ലോഗുമായി ഒത്തുപോകാൻ ഏറ്റവും എളുപ്പം അവർക്കാണ്.

എൻ ജിനീയറിംഗ്, മെഡിക്കൽ, അഗ്രി - വെറ്റിനറി വിഭാഗത്തിലെ കോളേജുകൾ നമുക്ക് ഒരു ജില്ലയിൽ ഒന്നെന്ന ക്രമത്തിൽ ടാർജറ്റ് ചെയ്യുകയും, അവിടുത്തെ സാഹിത്യ-കലാ തൽ‌പ്പരരായ അധ്യാപകരുടെ കൂടി സഹായത്തോടെയോ, കോളേജ് യൂണിയനുകൾ വഴിയോ ബ്ലോഗിംഗിന്റെ പ്രാഥമിക പാഠങ്ങൾ, ബ്ലോഗിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രതിസന്ധികൾ, പരിഹാരമാർഗങ്ങൾ എന്നിവയൊക്കെ കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്താൽ നിരവധി പുതുബ്ലോഗർമാരെ നമുക്ക് സൃഷ്ടിക്കാൻ കഴിയും.

ക്യാമ്പസുകളിൽ പ്രതിഭകളുണ്ട്. നമ്മൾ അവസരങ്ങൽ ഒരുക്കിയാൽ മാത്രം മതി.

വസന്തം വന്നു വിളിച്ചാൽ പൂമൊട്ടുകൾക്ക് വിരിയാതിരിക്കാൻ ആവില്ല തന്നെ!

7 Responses to "മീറ്റുകൾക്കപ്പുറം....."

 1. പെട്ടെന്ന് മനസ്സിൽ തോന്നിയത് എഴുതി പോസ്റ്റ് ചെയ്തതാണ്.

  പുതുമയുള്ള ആശയങ്ങൾ ഉള്ളവർ ഇവിടെ പങ്കുവയ്ക്കുമല്ലോ...

  ReplyDelete
 2. ബ്ലോഗ്‌ മീറ്റുകള്‍ ഇപ്പോള്‍ നടക്കുന്നത് ഒരു സൌഹൃദ സംഗമം എന്ന നിലയിലാണ്.
  ലോകത്തിന്ന്റെ പലകോണുകളില്‍ ഇരുന്നു അക്ഷരങ്ങളുമായി സംവദിക്കുന്നവര്‍ക്ക് നേരില്‍ കാണാന്‍ ഒരു അവസരം എന്ന നിലയിലാണ് എല്ലാരും അതിനെ നോക്കിക്കാണുന്നത്. അത് അങ്ങിനെ തന്നെ നടക്കട്ടെ എന്നാണു എന്റെ അഭിപ്രായം.
  ആദ്യ കാലങ്ങളില്‍ ബ്ലോഗ്‌ അക്കാദമിയുടെ നേതൃത്വത്തില്‍ പലയിടങ്ങളിലും ബ്ലോഗ്‌ സാക്ഷരതാ പരിപാടികള്‍ നടന്നിരുന്നു, ഇപ്പോള്‍ അത് കാണാനില്ല.
  വീണ്ടും അത് ആക്ടീവ് ആക്കി കൊണ്ട് വരിക തന്നെ വേണം.
  ബ്ലോഗിനെ ഒരു പബ്ലിഷിംഗ് മീഡിയ എന്ന നിലയില്‍ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുന്ന കാലം അതി വിദൂരമല്ല.
  പബ്ലിഷ്ഡ് ആര്‍ട്ടിക്കിള്‍സ് എന്ന ഗണത്തില്‍ ബ്ലോഗ്‌ രചനകളെ പരിഗണിക്കാന്‍ തുടങ്ങിയാല്‍ വിദ്യാര്തികളും ഗവേഷകരും ഈ മേഖലയിലേക്ക് കൂടുതല്‍ വരിക തന്നെ ചെയ്യും.
  ഡോക്ടര്‍ സൂരജ് ഒക്കെ എഴുതുന്നത്‌ പോലെ റഫറന്‍സ് ഒക്കെ കൊടുത്തു ഒരു പ്രബന്ധം എന്ന നിലയില്‍ ബ്ലോഗ്‌ എഴുതുന്ന രീതിയും വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ വേര് പിടിപ്പിക്കാവുന്നതാണ്.

  ReplyDelete
 3. അണ്ണാറകണ്ണനും തന്നാലായതുപോലെ ഞങ്ങൾ ബിലാത്തി ബൂലോഗർ ഇതിനുവേണ്ടിയൊക്കെ അല്ലറചില്ലറ പ്രവർത്തനങ്ങളൊക്കെ ഇവിടെനിന്നും ആരംഭിച്ചിട്ടുണ്ട് കേട്ടൊ

  ReplyDelete
 4. നല്ല നീർദ്ദേശങ്ങളാണ് ചർച്ചയ്ക്കായി വച്ചിരിക്കുന്നത്.

  ബ്ലോഗ് മീറ്റിനെല്ലാം ഒരു ഏകീകൃത സ്വഭാവം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നു തോന്നുന്നു. അതിൽ ചർച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളും ഉരുത്തിരിയുന്ന വിഷയങ്ങളും മറ്റു ബ്ലോഗ് കൂട്ടായ്മകളിൽ ചർച്ചക്കു വരികയും... അങ്ങനെ... അങ്ങനെ...

  സംഘടനാരീതിയിലുള്ള ഒരു ചട്ടക്കൂട് അത്യാവശ്യമാണ്. ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും അഖിലേന്ത്യാ തലത്തിലും അന്താരാഷ്ട്രാ തലത്തിലും മറ്റും ഇത്തരം കൂട്ടായ്മകളും അതിന് ഓഫീസ്സുകളൂം സാദ്ധ്യമാകണം.

  ചർച്ച നടക്കട്ടെ...
  ആശയങ്ങൾ ഉരുത്തിരിയട്ടെ....
  നല്ല നാളെ നമ്മുടേതായിരിക്കട്ടെ...
  ആശംസകൾ...

  ReplyDelete
 5. അതെ,

  മീറ്റിന്റെയും എഴുത്തിന്റെയും ലോകത്തു നിന്ന് പ്രായോഗികതയുടെ ലോകത്തേക്ക് കാല് വച്ചുയരാന്‍ നമ്മള്‍ വിസമ്മതിക്കരുത്.

  പക്ഷെ ഒന്നു തുടങ്ങിക്കഴിഞ്ഞാന്‍, സഹകരണം ഉണ്ടാകണം. അതില്ലെങ്കില്‍ തുടങ്ങുന്നവര്‍ക്ക് സമയം നഷ്ടമായോ എന്നു തോന്നും.

  ഞാന്‍ അവേര്‍നെസ്സ് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. http://goweri2.blogspot.com/2011/07/awareness-initiative.html#comments

  അത്യാവശ്യമായ തീരുമാനങ്ങള്‍ ബ്ലോഗേഴ്സ് എടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ആളുകള്‍ കൂടൂതല്‍ ചര്‍ച്ചയിലേക്ക് വരേണ്ടിയിരിക്കുന്നു.

  ReplyDelete
 6. കോളേജുകളിൽ മാസത്തിലൊരിക്കൽ ബ്ലോഗിംഗ്‌ നെ കുറിച്ച്‌ ഒരു ശിൽപ്പശാല, സെമിനാർ എന്നിവ സംഘടിക്കുകയാണ്‌ ഒരു മാർഗ്ഗം.
  കോവളത്തിൽ തുടങ്ങിയ ബ്ലോഗേർസ്‌ ഓഫീസിലുള്ളവരുമായി ഇതുമായി ബന്ധപ്പെട്ടാൽ, അവർക്ക്‌ ക്രിയാസ്ത്മകമായി എന്തെങ്കിലും ചെയ്യാൻ കഴിയും.

  ReplyDelete
 7. നല്ല നിര്‍ദേശം,,,, നടപ്പാക്കാന്‍ കഴിഞ്ഞാല്‍ വളരെ നല്ലത്,,, പരസ്പര സഹകരണത്തോടെ നടപ്പാക്കാന്‍ കഴിയാത്തതായി ഒന്നുമില്ല,,, എല്ലാവരും സഹകരിക്കണം,,,

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts