മീറ്റുകൾക്കപ്പുറം.....

മീറ്റുകൾക്കപ്പുറം.....

കഴിഞ്ഞ രണ്ടു മൂന്നു കൊല്ലമായി മലയാളം ബൂലോകത്തെ സുഹൃത്തുക്കൾ ഇടയ്ക്കിടെ ഒത്തുകൂടുകയും പരിചയപ്പെടുകയും, സൌഹൃദം പുതുക്കുകയും ചെയ്യുന്നുണ്ട്. മീറ്റുകളുടെ പൊതുവായ ഉദ്ദേശം സൌഹൃദം പങ്കിടൽ ആയതുകൊണ്ട് ഗൌരവമായ ചർച്ചകളും തീരുമാനങ്ങളും അവയിൽ ഉണ്ടാവാറില്ല. തമ്മിൽ കൂടുതൽ ചർച്ചനടന്നത് കൊച്ചിയിലെ കായൽ മീറ്റിൽ ആണെന്നു തോന്നുന്നു. 

ബ്ലോഗർമാരുടെ വിഹാരരംഗം ബൂലോകമായതിനാൽ ചർച്ചകൾ അവിടെത്തന്നെ നടക്കുന്നതാണ് നല്ലതെങ്കിലും നേരിൽ കണ്ട് സംസാരിച്ചുറപ്പിച്ച് നടത്തേണ്ട പല കാര്യങ്ങളുമുണ്ട്.

1. മലയാളം വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുക
2. പുതിയ തലമുറയെ മലയാളം ബൂലോകത്തേക്ക് ആകർഷിക്കുക
3. സാ‍ഹിത്യ കലാ രംഗങ്ങളിൽ ഒരു പുതുശക്തിയായി വളരുക
4. ഒരു ബദൽ മാധ്യമം എന്ന നിലയിൽ സമൂഹത്തിൽ ഇടപെടുക

ഇവ അവയിൽ ചിലതാണ്.

എന്നാൽ വിവിധരാജ്യങ്ങളിൽ നിന്ന് , പരിമിതമായ സമയം സുഹൃത്തുക്കൾക്കൊപ്പം ചിലവിടാൻ വരുന്ന ബ്ലോഗർമാർക്ക് ഇത്തരം കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാൻ സമയം കിട്ടിയെന്നു വരില്ല.

അതുകൊണ്ട്, ഈ വിഷയങ്ങളിൽ പ്രാഥമിക ചർച്ചകൾ ബൂലോകത്തു തന്നെ നടത്തി, അവ നടപ്പാക്കാൻ താല്പര്യമുള്ള ആളുകളെ കണ്ടെത്തി, സൌഹൃദമീറ്റുകൾ പോലെ തന്നെ, ഗൌരവമുള്ള വിഷയങ്ങൾ തെരഞ്ഞെടുത്ത് ചർച്ച ചെയ്യാനും, സമൂഹത്തിൽ ചലനമുണ്ടാക്കുന്ന രീതിയിൽ അവതരിപ്പിക്കാനും നമ്മൾ പ്രത്യേകം സംഗമങ്ങൾ നടത്തേണ്ടിയിരിക്കുന്നു.

ആരെങ്കിലും ഈ ദിശയിൽ ഉദ്യമങ്ങൾ തുടങ്ങിയാൽ  അവർക്കൊപ്പം കൂടാൻ ഞാൻ തയ്യാറാണെന്ന് അറിയിക്കട്ടെ. ഇപ്പോൾത്തന്നെ‘മീറ്റ് ബാധ’ നിരന്തരം ഏൽക്കുന്ന ഒരാളായതിനാൽ അതിൽ നിന്നൊരു വ്യതിയാനം ഞാനും ആഗ്രഹിക്കുന്നു എന്നതുകൊണ്ടാണ് മറ്റാരെങ്കിലും മുൻ കൈ എടുത്താൽ ഒപ്പം കൂടാം എന്നു പറഞ്ഞത്.

വളരെയധികം സാധ്യതകളുള്ള ഈ മാധ്യമം നിലനിർത്താനും, വികസിപ്പിക്കാനും ഉള്ള ബാധ്യത നമ്മൾ ഏറ്റെടുക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. തിരുവനന്തപുരത്ത് നമുക്കൊരു ആസ്ഥാനം വരുന്നു എന്നുള്ളതു സന്തോഷകരമാണ്. അതേപോലെ കൊച്ചിയിലും, കോഴിക്കോട്ടും ഓരോന്നുണ്ടായാൽ വളരെ നല്ലത്.

ഒരു നിർദേശം മാത്രം മുന്നോട്ടു വയ്ക്കട്ടെ....

കേരളത്തിലെ പ്രൊഫഷനൽ കോളേജുകളിലെ കുട്ടികളെ ബ്ലോഗിംഗ് രംഗത്തേക്കാകർഷിക്കാൻ നമുക്കു കഴിഞ്ഞാൽ അത് ഭാഷയ്ക്കും, സമൂഹത്തിനും നൽകാവുന്ന ഏറ്റവും വലിയ സംഘാവന ആയിരിക്കും. ടെക്നോളജിയുമായി ഏറ്റവും അടുത്തു നിൽക്കുന്നവരാകയാൽ, ഇന്റർനെറ്റും, ബ്ലോഗുമായി ഒത്തുപോകാൻ ഏറ്റവും എളുപ്പം അവർക്കാണ്.

എൻ ജിനീയറിംഗ്, മെഡിക്കൽ, അഗ്രി - വെറ്റിനറി വിഭാഗത്തിലെ കോളേജുകൾ നമുക്ക് ഒരു ജില്ലയിൽ ഒന്നെന്ന ക്രമത്തിൽ ടാർജറ്റ് ചെയ്യുകയും, അവിടുത്തെ സാഹിത്യ-കലാ തൽ‌പ്പരരായ അധ്യാപകരുടെ കൂടി സഹായത്തോടെയോ, കോളേജ് യൂണിയനുകൾ വഴിയോ ബ്ലോഗിംഗിന്റെ പ്രാഥമിക പാഠങ്ങൾ, ബ്ലോഗിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രതിസന്ധികൾ, പരിഹാരമാർഗങ്ങൾ എന്നിവയൊക്കെ കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്താൽ നിരവധി പുതുബ്ലോഗർമാരെ നമുക്ക് സൃഷ്ടിക്കാൻ കഴിയും.

ക്യാമ്പസുകളിൽ പ്രതിഭകളുണ്ട്. നമ്മൾ അവസരങ്ങൽ ഒരുക്കിയാൽ മാത്രം മതി.

വസന്തം വന്നു വിളിച്ചാൽ പൂമൊട്ടുകൾക്ക് വിരിയാതിരിക്കാൻ ആവില്ല തന്നെ!
ബൂലോകം ബ്ലോഗ്‌ സെന്റര്‍

ബൂലോകം ബ്ലോഗ്‌ സെന്റര്‍

ബൂലോകത്തിന് കേരളത്തില്‍ ഒരു ആസ്ഥാന മന്ദിരം - ബൂലോകം ബ്ലോഗ്‌ സെന്റര്‍. തിരുവനന്തുപുരത്തെ കോവളം ജംഗ്ഷനില്‍ കാനറാ ബാങ്കിന് താഴെയാണ് ബൂലോകം ബ്ലോഗ്‌ സെന്റര്‍. 2011 ജൂലൈ 1 നു വൈകിട്ട് അഞ്ചു മണിക്ക് ബ്ലോഗ്‌ സെന്റര്‍ ഉദ്ഘാടനം ചെയ്യപ്പെടും. ബൂലോകര്‍ക്ക് ഏറെ പരിചിതനായ ബ്ലോഗ്ഗര്‍ നിരക്ഷരന്‍ ആണ് ബ്ലോഗ്‌ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നത്. ഈ ധന്യ മുഹൂര്‍ത്തത്തിലേക്ക് എല്ലാ ബ്ലോഗര്‍മാരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. 

ബൂലോകത്ത് ഇറങ്ങിയിട്ടുള്ള, ലഭ്യമായ എല്ലാ പുസ്തകങ്ങളും ഈ ബ്ലോഗ്‌ സെന്ററില്‍ നിന്നും വാങ്ങാനുള്ള സൗകര്യം ഒരുക്കുന്നുണ്ട്‌ . പുതുതായി ബ്ലോഗ്‌ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആവശ്യമുള്ള സഹായങ്ങള്‍ ഈ ബ്ലോഗ്‌ സെന്റര്‍ വഴി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത് . എല്ലാ നല്ലവരായ ബൂലോകരുടെയും സഹായ സഹകരണങ്ങളും നിര്‍ദ്ദേശങ്ങളും ഈ ബ്ലോഗ്‌ സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രതീക്ഷിക്കുന്നു. 


ഒരിക്കല്‍ക്കൂടെ എല്ലാവരെയും സ്നേഹത്തോടെ ക്ഷണിച്ചു കൊണ്ട്....

ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ്

കൊച്ചി മീറ്റ്‌ : അപ്ഡേറ്റ്

കൊച്ചി മീറ്റില്‍ ഫോട്ടോ പ്രദര്‍ശനവും അവാര്‍ഡു ദാനവും.

Sample image for news purpose.Actual prize model may vary.


ബ്ലോഗ്ഗര്‍മാരില്‍ നിന്നും ഫോട്ടോകള്‍ ക്ഷണിക്കുന്നു. 12x8 ഇഞ്ച്‌ വലുപ്പത്തിലും 200 പിക്സല്‍ റെസലൂഷനിലും ഉള്ള ഫോട്ടോകളുടെ ജെ പി ഇ ജി ഫയലുകള്‍ ആണ് ഇ മെയില്‍ അയക്കേണ്ടത്. ( അങ്ങനെ ചെയ്യാന്‍ സൗകര്യം ഇല്ലാത്തവര്‍ എടുത്ത ഫോട്ടോയുടെ ഫയല്‍ അയച്ചാലും മതി ) മറ്റുള്ള മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ മത്സരത്തിനു പ്രത്യേക വിഷയം ഇല്ല. പ്രദര്‍ശന യോഗ്യമായ ഫോട്ടോകള്‍ എന്നത് മാത്രമാണ് മാനദണ്ഡം. ലഭിക്കുന്ന എന്ട്രികളില്‍ നിന്നും തിരഞ്ഞെടുക്കുന്ന നാല്‍പ്പതു ഫോട്ടോകള്‍ പ്രിന്റ്‌ ചെയ്ത് മീറ്റില്‍ പ്രദര്‍ശിപ്പിക്കും. മീറ്റില്‍ രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്ന ഫോട്ടോകളില്‍ വോട്ട് ചെയ്യാം. വോട്ടിംഗ് സ്ലിപ് രെജിസ്ട്രേഷന്‍ സമയത്ത് തന്നെ ലഭിക്കുന്നതായിരിക്കും. പ്രഗത്ഭരായ മൂന്നു ജഡ്ജിമാര്‍ ഓരോ ഫോട്ടോകള്‍ക്കും നേരത്തെമാര്‍ക്ക് നല്കിയിട്ടുണ്ടാകും. ബ്ലോഗര്‍മാര്‍ നല്‍കുന്ന വോട്ടും ജഡ്ജിമാരുടെ ഗ്രേസ് മാര്‍ക്കും തമ്മില്‍ കൂട്ടിയിട്ടായിരിക്കും വിജയിയെ നിശ്ചയിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി വരെ വോട്ട് ചെയ്യാം. കൊച്ചി മീറ്റ്‌ നടക്കുന്ന ജൂലൈ ഒന്‍പതാം തീയതി ഉച്ച തിരിഞ്ഞു രണ്ടരയ്ക്ക് വിജയിയെ പ്രഖ്യാപിക്കും. വിജയിക്ക് പ്രശസ്തി പത്രവും മീറ്റ്‌ ലോഗോ രേഖപ്പെടുത്തിയിട്ടുള്ള ശിലാ ഫലകവും നല്‍കുന്നതായിരിക്കും. ഇത് നേരിട്ട് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് നാട്ടിലുള്ള വിലാസത്തില്‍ കൊറിയര്‍ അയച്ചു നല്‍കുന്നതായിരിക്കും. ഈ മത്സരവും സമ്മാനങ്ങളും സ്പോണ്‍സര്‍ ചെയ്യുന്നത് ബ്ലോഗ്‌ പോര്‍ട്ടലുകളായ ബൂലോകം ഓണ്‍ ലൈനും, നമ്മുടെ ബൂലോകവും ചേര്‍ന്നാണ്. മത്സരത്തിലേക്കുള്ള ഫോട്ടോ എന്‍ട്രികള്‍ bloggercompetition @gmail .com എന്ന മെയിലിലേക്ക് അയക്കാം. ഫോട്ടോകളില്‍ വാട്ടര്‍മാര്‍ക്കോ ഫോട്ടോഗ്രാഫറെ തിരിച്ചറിയുന്ന അടയാളങ്ങളോ പാടില്ല. മീറ്റ്‌ പ്രദര്‍ശനത്തിനു ശേഷം ഈ ചിത്രങ്ങള്‍ ബൂലോകം ഓണ്‍ ലൈനിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന തിരുവനന്തുപുരം ബ്ലോഗ്‌ സെന്ററില്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കും. ബ്ലോഗര്‍ നെയിം, ബ്ലോഗ്‌ യു ആര്‍ എല്‍ എന്നിവ ഫോട്ടോ അയക്കുന്ന മെയിലില്‍ ഉള്‍പ്പെടുത്തണം. വിജയികളാകുന്ന ബ്ലോഗര്‍മാര്‍ യഥാര്‍ത്ഥ പേരും വിലാസവും നല്‍കിയാല്‍ സമ്മാനം ഇന്ത്യയിലെ ആ വിലാസത്തില്‍ എത്തിച്ചു കൊടുക്കുന്നതായിരിക്കും. സൃഷ്ടികള്‍ സ്വന്തമായി എടുത്തതായിരിക്കണം .ഒരാള്‍ക്ക്‌ പരമാവധി മൂന്നു എന്‍ട്രികള്‍ അയക്കാം .
ഫോട്ടോകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 2011 ജൂലൈ 3

കോ ഓര്‍ഡിനേറ്റര്‍

കൊച്ചിയിലെ ഒത്തു ചേരല്‍


ങ്ങനെ ചെറായി, ഇടപ്പള്ളി മീറ്റുകള്‍ക്ക് ശേഷം വീണ്ടുമൊരു സുഹൃദ് സംഗമം എറണാകുളത്തു നടക്കുകയാണ്.
ഡോക്ടര്‍ ജയന്‍ എവൂരിന്റെ നേതൃത്വത്തില്‍ കൊച്ചി മീറ്റ്‌ ഗംഭീരം ആക്കുന്നതിനുള്ള ഒരുക്കങ്ങള്‍ എല്ലാം തന്നെ നടത്തിക്കഴിഞ്ഞു. കൊച്ചി നഗരത്തിന്റെ ഹൃദയ ഭാഗത്ത് , കച്ചേരിപ്പടി ജംഗ്ഷനില്‍ പ്രധാന റോഡിനോടു ചേര്‍ന്ന് തന്നെയുള്ള ഹോട്ടല്‍ മയൂരാ പാര്‍ക്കിന്റെ റൂഫ് ടോപ്‌ (ആറാം നില) ഹാള്‍ ആണ് ബ്ലോഗ്ഗേഴ്സ് ഒത്തു ചേരലിനായി തയ്യാറാക്കിയിരിക്കുന്നത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാല് മിനിട്ട് നടപ്പ് ദൂരം മാത്രമാണ് ഹോട്ടല്‍ മയൂരാ പാര്‍ക്കിലേക്ക്. ജൂലൈ ഒന്‍പതാം തീയ്യതി രണ്ടാം ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടര മണി വരെ ആണ് ഒത്തു ചേരല്‍ സമയം കണക്കാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് വെജിറ്റെറിയന്‍ ,നോണ്‍ വെജിറ്റെറിയന്‍ എന്നിങ്ങനെ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഇരുന്നൂറു രൂപയാണ് ഒരാളില്‍ നിന്നും രജിസ്ട്രെഷന്‍ തുകയായി വാങ്ങുവാന്‍ ഉദ്ദേശിക്കുന്നത് . ആളുകള്‍ അധികം ഉണ്ടാവുകയാണെങ്കില്‍ ഈ തുകയില്‍ ഇളവു വരുത്തുന്നതിനും ആലോചനകള്‍ ഉണ്ടെങ്കിലും വ്യക്തമായ ചിത്രം മീറ്റ്‌ ദിവസമേ ലഭ്യമാകുകയുള്ളൂ. സ്പോന്‍സര്‍ഷിപ്പ് ലഭ്യമാകുകയാണെങ്കില്‍ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാം തന്നെ ഓരോ മൊമന്റോ നല്‍കുന്ന കാര്യവും സംഘാടക സമിതിയുടെ പരിഗണയില്‍ ഉണ്ട്.

മീറ്റ്‌ ദിവസം ദൂര സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ എത്തുന്നവര്‍ക്ക് തയ്യാറാവുന്നതിനായി ഹോട്ടലില്‍ തന്നെ ഒരു ഡബിള്‍ റൂം കൂടി ബുക്ക്‌ ചെയ്തിട്ടുണ്ട്. മീറ്റ്‌ ദിവസം രാവിലെ നാല് മണി മുതല്‍ ഈ റൂം ലഭ്യമായിരിക്കും. ഇതിന്റെ റൂം നമ്പര്‍ പിന്നീട് അറിയിക്കുന്നതായിരിക്കും. മൂന്നു മണിക്ക് മീറ്റ്‌ അവസാനിച്ചാല്‍ പിന്നെ, എറണാകുളം മറൈന്‍ ഡ്രൈവില്‍ ബോട്ടിംഗ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായിയുള്ള സൗകര്യം വേണമെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍ സംഘാടക സമിതി ചെയ്തു നല്‍കുന്നതായിരിക്കും. പന്ത്രണ്ടു പേരുള്ള ഒരു ടീമിന് ഒരു മണിക്കൂര്‍ ബോട്ട് യാത്രാ ചെലവ് അറുന്നൂറു രൂപ ആയിരിക്കും. ഈ തുക യാത്രയില്‍ പങ്കെടുക്കുന്നവര്‍ തമ്മില്‍ സഹകരിച്ചു നല്‍കേണ്ടതാണ്.

ബ്ലോഗിനെ പരിചയപ്പെടാനും ബ്ലോഗര്‍ ആകുവാനും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള സൌകര്യങ്ങളും ഒരുക്കുന്നുണ്ട്‌. എന്നാല്‍ ഇത് ഒത്തുചേരലിനെ തടസ്സപ്പെടുത്താത്ത വിധത്തിലായിരിക്കും ക്രമീകരിക്കുക. ബൂലോകത്തെ ബ്ലോഗ്‌ പോര്‍ട്ടലുകള്‍ ആയ ബൂലോകം ഓണ്‍ ലൈന്‍ , നമ്മുടെ ബൂലോകം എന്നിവയിലൂടെ മീറ്റ്‌ ദൃശ്യങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങളും ചെയ്യുന്നുണ്ട്. മീറ്റിനു വേണ്ടിയുള്ള ഫ്ലെക്സ്, പ്രിന്റിംഗ്, എന്ട്രി ടാഗ് തുടങ്ങിയവ സ്പോണ്സര്‍ ചെയ്തിരിക്കുന്നത് മേല്‍പ്പറഞ്ഞ ബ്ലോഗ്‌ പോര്‍ട്ടലുകള്‍ ചേര്‍ന്നാണ്.

പ്രശസ്ത ബ്ലോഗ്ഗര്‍ നന്ദപര്‍വ്വം നന്ദന്‍ തയ്യാറാക്കിയ മീറ്റ്‌ ലോഗോ ഈ പോസ്റ്റ്‌ വഴി ഔദ്യോഗികമായി പുറത്തിറക്കുകയാണ്. ഇതിന്റെ എച് ടി എം എല്‍ കോഡും നല്‍കുന്നു. എല്ലാ ബ്ലോഗ്ഗേഴ്സും ഇതിന്റെ കോഡ് അവരവരുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചു ഈ മീറ്റ്‌ വന്‍ വിജയമാക്കുവാന്‍ സഹകരിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.

മീറ്റ്‌ സംഘാടക സമിതിക്കുവേണ്ടി,

ഡോക്ടര്‍ ജയന്‍ ഏവൂര്‍.


ബൂലോക കാരുണ്യം - യൂണിഫോം വിതരണം.


ങ്ങനെ, ഒരു വലിയ ബൂലോഗകാരുണ്യം  പ്രോജക്റ്റ്‌ നല്ല രീതിയില്‍ തീര്‍ന്നു.  വയനാട്ടിലെ, മുന്നൂറ്റി അന്‍പതില്‍ കൂടുതല്‍ വരുന്ന കുട്ടികള്‍ക്ക്‌, ഈ വിദ്യാഭ്യാസവഷം പുതിയ യൂണിഫോം കൊടുക്കാന്‍ ഉള്ള പ്ലാന്‍ കുറച്ചു മാസം മുന്നേ തുടങ്ങിയത് ആയിരുന്നു.

ഇരുളം സൂപ്പര്‍ സ്റ്റാര്‍ കുഞ്ഞു അഹമ്മദ്ക്ക യുടെ സഹായത്തോടെ വയനാട്ടിലെ ആദിവാസികള്‍ക് ഡ്രസ്സ് എത്തിച്ചു കൊടുത്തിരുന്നു.  അത് അറിഞ്ഞപ്പോ,  ഇരുളത്തില്‍ ഉള്ള സാമുവല്‍ സാര്‍, കുഞ്ഞു അഹമ്മദ്ക്കയുടെയടുത്ത്, സാമുവല്‍ സാറിന്റെ തിരുനെല്ലിയില്‍ ഉള്ള സ്കൂള്‍ കുട്ടികൾക്ക് യൂണിഫോം കൊടുക്കാന്‍ പറ്റുമോ എന്ന് ചോദിച്ചു.  എല്ലാ കുട്ടികള്‍ക്കും കൊടുക്കാന്‍ പറ്റും എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു.  പക്ഷെ, നല്ല മനസുള്ള ഒരു കൂട്ടം ആള്കാരുടെ സഹായത്താല്‍, നമുക്ക് അവിടെ ഉള്ള എല്ലാ കുട്ടികൾക്കും, അത് കൂടാതെ, ഇരുളത്ത് തന്നെയുള്ള ഒരംഗഗനവാടിയിലെ 15 കുഞ്ഞുങ്ങള്‍ക്കും പുത്തന്‍ ഉടുപ്പ് എത്തിയ്കാന്‍ പറ്റി.

മുന്നേ സ്കെച് ഇട്ടപോലെ, ഞായര്‍ വൈകുന്നേരം നമ്മുടെ അതുല്യചേച്ചി സുല്‍ത്താന്‍ബത്തേരിയില്‍ ലാന്‍ഡ്‌ ചെയ്തു. (ബത്തേരികാര്‍ ആരും പേടിയ്ക്കണ്ട, ചേച്ചി അവിടെ നിന്ന് തിരിച്ചു പോയി കഴിഞ്ഞു.)  തിങ്കൾക്കാലം, രാവിലെ ഞാനും, വീട്ടിലെ പടയും കൂടെ ചേച്ചിയെ താമസസ്ഥലത്ത് നിന്ന് കിഡ്നാപ്പ് ചെയ്തു. പാവം, ബ്രേക്ക്‌ഫാസ്റ്റ്‌ കഴിച്ചോണ്ടിരിയ്ക്കുകയായിരുന്നു, ടൈം ആയി..ലേറ്റ് ആയി  എന്നും പറഞ്ഞു ഫുള്‍ കഴിയ്ക്കാന്‍ വിടാതെ, തൂക്കി എടുത്തു (ക്രെയിൻ വെച്ച്) വണ്ടിയില്‍ ഇട്ടു.  ശേഷം ബത്തേരിയിലെ മിന്റ് ഫ്ലവര്‍ ഹോട്ടലിന്റെ മുന്നില്‍ എത്തി.  അപ്പൊ, ദാ...കാ കീ ക്ലൂ ക്ലൂ എന്നൊരു സൗണ്ട് ...തിരിഞ്ഞു നോക്കിയപ്പോ, ദേ ഒരു മൈന.....നമ്മുടെ മൈന.


കിറുകൃത്യം 8:30 നു അവിടെ എത്താം എന്ന് പറഞ്ഞ ടാക്സി സാരഥി അനൂപ്‌ ടൈമില്‍ എത്തിയില്ല.  സൊ, ഇച്ചിരി ലേറ്റ് ആയി.  പിന്നെ വന്നപ്പോ, ആ പച്ച കോളിസ് വണ്ടിയില്‍ സ്ത്രീജനങ്ങളെ ഇരുത്തി, രണ്ടു വണ്ടിയും കൂടെ നേരെ ഇരുളം ലക്ഷ്യമിട്ട് മിന്നൽപ്പിണർ പോലെ പാഞ്ഞു (ഹമ്മേ... സ്പീഡ് കൂടി പോയി, ഇച്ചിരി സ്പീഡ് കുറച്ചോ., എഴുതി വന്നപ്പോ ഓവറായി പോയതാ.)

നേരെ യൂണിഫോം തൈയ്ക്കുന്ന മനോജിന്റെ കടയില്‍ പോയി.  അവിടെ നിന്ന് അംഗനവാടിയിലേയ്ക് ഉള്ള 15 കുട്ടിക്കുപ്പായവും കൊണ്ട്, നേരെ അങ്ങോട്ട് വിട്ടു.  റോഡില്‍ നിന്ന് നോക്കിയാ, അംഗന്‍വാടിയിലേക്കുള്ള വഴി കാണില്ല.
 
ദേ...മുകളില്‍ കാണുന്നില്ലേ, അതാണ് വഴി ! അങ്ങോട്ട്‌ പോയപ്പോൾ, അടുത്ത തോട്ടത്തിലൂടെ ചാടി കേറിയാണ് പോയത് പക്ഷെ, തിരിച്ച് വന്നപ്പോൾ, ഈ വഴി തന്നെ വന്നു.

ദേ..ഇരിയ്ക്കുന്നു നമ്മടെ അംഗനവാടി...


ആന്റി മഴ സിസ്റ്റം ആണ് മുകളില്‍ കാണുന്നത്.
അങ്ങെനെ, അവിടെയുള്ള കുട്ടികള്‍ക്ക്‌ ഉടുപ്പും, മിട്ടായിയും കൊടുത്തു, അവരുടെ പ്രാര്‍ത്ഥനയില്‍ കൂടി (നല്ല പാട്ട് ആയിരന്നു.  അതുല്യചേച്ചിയോട് ചോദിച്ചു ആ പാട്ട് മൊത്തം ഒന്ന് സംഘടിപ്പിയ്ക്കണം.) 

അതു കഴിഞ്ഞു കുഞ്ഞു അഹമ്മദ്ക്കയുടെ കൈ കൊണ്ട് അവിടെ യൂണിഫോം വിതരണം തുടങ്ങി വെച്ചു. (താഴത്തെ പടം ബൈ അതുല്യചേച്ചി. ഹും..ഞാന്‍ എടുത്ത പടം ആണേല്‍ ഇങ്ങനെ ആണോ, നല്ല കിടിലം ആയിരിക്കില്ലേ?)

ഇപ്പോൾ ഈ അംഗനവാടി നിലനിൽക്കുന്നത് സ്വന്തം സ്ഥലത്തല്ല. ഒരു ആദിവാസിയ്ക്ക് കിട്ടിയ വീട്, അവര്‍ മരിച്ചു പോയപ്പോ, തല്‍കാലം വേറെ ഉടമസ്ഥന്‍ ഇല്ലാത്തത് കൊണ്ട്,
അംഗനവാടിയായി ഉപയോഗിയ്ക്കുന്നതാണ്.  ഇതിന്റെ ഉടമസ്ഥന്‍ (മരിച്ച ആളുടെ ബന്ധുകള്‍)  ആരേലും വന്നാൽ, ഇത് പൂട്ടും.  അപ്പോൾ , വേറെ സ്ഥലം നോക്കേണ്ടി വരും.
എടുത്തു പറയേണ്ട സംഭവം, അവിടെയുള്ള പഠിപ്പിയ്ക്കുന്ന ആൾക്കാരുടെ ആത്മാർത്ഥതയാണ്, പിന്നെ ആ നാട്ടുകാരുടെ സപ്പോര്‍ട്ട് - ഇത് രണ്ടും ആണ്. കുറേ  നല്ല മനസുകളെ ഒരുമിച്ചു ഹോള്‍സെയിലായി കണ്ട ഒരു എഫ്ഫക്റ്റ്‌ ആയിരുന്നു.
ശോ..മറന്നു പോയി..ആ അംഗന്‍വാടിടെ ഉള്‍വശം കണ്ടില്ലല്ലോ ?  ഇതാ പിടിച്ചോ


ഇത്രേം സ്ഥലമേ ഉള്ളൂ എങ്കിലും, അവർ അവരുടെ കഴിവനുസരിച്ച് മാക്സിമം നീറ്റായി പരിപാടികള്‍ നടത്തുന്നു എന്ന് ഈ സെറ്റപ്പ് കാണുമ്പോ അറിയാം, ല്ലേ?

ങാ....ഇനി കുഞ്ഞു പിള്ളാരെ  വിട്ടു, ചേട്ടന്‍ ആന്‍ഡ്‌ ചേച്ചിമാര്‍ക്ക്‌ യൂണിഫോം കൊടുക്കാന്‍ പോകാം...

ഇരുളത്തില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെയാണ് തിരുനെല്ലി.  മിക്കസ്ഥലതും റോഡു വലിയ കുഴപ്പം ഇല്ല. എങ്ങിലും ബുദ്ധിമുട്ടിയ സ്ഥലങ്ങളും ഉണ്ടായിരുന്നു.

ദേ..ഇപ്പൊ നമ്മള്‍ തിരുനെല്ലി എത്തും.  (ആ വകുപ്പിലെ എന്റെ തൊപ്പി ഫോര്‍ പീപ്പിള്‍സിനെ കാണിയ്ക്കട്ടെ.)

കാറ്റാടി, പി എസ് എല്‍ വി റോക്കറ്റ് (ഒരെണ്ണം മുഴുവന്‍)..എല്ലാം ആയി ഫുള്‍ സെറ്റപ്പ് സ്കൂള്‍ ആണ്.  പോരാത്തതിന്...ഹോ...പ്രകൃതി ഇങ്ങനേ..ഇങ്ങനേ...നിറകവിഞ്ഞു ഒഴുകുന്ന  ലോക്കേഷൻ.
താഴെയുള്ള പടം, നമ്മടെ സ്കൂളിന്റെ തൊട്ടുപ്പിറകലുള്ള പുഴയാണ്.കാട് ...മല..മഞ്ഞു.. പുഴ...  കിടിലം. (ദാണ്ടെ കിടക്കുന്നു...പറഞ്ഞു പറഞ്ഞു ഞാന്‍ കാടു കേറി ! :) )
തയിച്ചു കിട്ടിയ യൂണിഫോം എല്ലാം അവിടെ ഇറക്കിവെച്ചു
അണ്‍ ലോഡ്‌ ചെയ്യുന്ന ഫോട്ടോ, അതുല്യചേച്ചി എടുത്തത്, ദോ..ഇവിടെ.
അങനെ എല്ലാം ഇറക്കി കഴിഞ്ഞു, കുഞ്ഞു അഹമ്മദ്കായ്ടെ കൈ കൊണ്ട്, യൂണിഫോം വിതരണം തുടങ്ങി വെ

ആ നീല ഷര്‍ട്ട്‌ ആണ്, ഹെഡ് മാസ്റ്റര്‍ രമേശ്‌.  കുഞ്ഞു അഹമ്മദ്ക്കയുടെ അടുത്ത് നിൽക്കുന്നത് സാമുവല്‍ സാര്‍, അതിനും പുറകില്‍ ഉള്ളതാണ് എന്റെ അച്ഛന്‍.

ആകെ മൊത്തം നല്ല ഒരു പരിപാടി ആയിരുന്നു.  ഇങ്ങനെയൊരു സംഭവം എന്ന് ഓണ്‍ലൈന്‍ വഴി അറിഞ്ഞു സഹായിച്ച പേര് അറിയാവുന്ന കൈപ്പള്ളി മുതലായ കൊറേ ആള്‍കാര്‍, അറിയാത്ത കൊറേ ആള്‍കാര്‍, പേര് പറയണ്ടാ എന്ന് പറഞ്ഞ കൊറേ പേര്‍....അങനെ കൊറേ..കൊറേ ആള്‍കാര്‍.. ഉണ്ട്.  ഞാന്‍ നന്ദി പറയാന്‍ പോയാ, അത് വലിയ റോള്‍ കളിആയിപ്പോവും.  


ഇനിയും, ഇതേ പോലെ അനേകം പരിപാടികള്‍ നടത്താന്‍ നമുക്ക് സാധിയ്ക്കട്ടെ.  
ഈ പ്രൊജക്റ്റ്‌ന്റെ  ബൂലോഗ കാരുണ്യം പോസ്റ്റ്‌. 
(ശു..ശൂ..എന്ന് വെച്ചാ, ഞാന്‍ ഈ മണിപ്രവാളം പോലെ എഴുതി വെച്ചത് കണ്ടിട്ട്, എന്തൂട്ടാ ഇത് എന്ന് അന്തം വിട്ടു പോയവര്‍ക് വേണ്ടി, അതുല്യചേച്ചി മണി മണിയായി എഴുതിയ പോസ്റ്റ്‌)

ഇപ്പൊ കിട്ടിയ അപ്ഡേറ്റ് :  നമ്മള്‍ പണ്ട് കൊറേ തുണി ശേഖരിച്ചു കൊടുത്തില്ലേ ?  അതിന്റെ തുടർച്ചയായി, ഇന്നലെ കുവയിറ്റില്‍ ‍ നിന്ന് അയച്ച 250 കിലോ തുണി, ഇന്നലെ ഇരുളത് എത്തി.  ഇന്ന് അത് അവിടെ വിതരണം ചെയ്യും.

ബൂലോകസഞ്ചാരം -9

വീണ്ടും ഒരു വായനാദിനം കൂടെ. കഴിഞ്ഞ വര്‍ഷം വായനാദിനത്തിലായിരുന്നു നമ്മുടെ ബൂലോകവുമായി ചേര്‍ന്ന് ബൂലോകസഞ്ചാരം എന്ന ഒരു പംക്തി ആരംഭിച്ചത്. അതുകൊണ്ട് തന്നെ ഇതിനെ ഒരു വാര്‍ഷീക പോസ്റ്റായി കണക്കാക്കാം.

ചെറുപ്പകാലത്ത് പൂമ്പാറ്റയിലെ കപീഷും ബാലരമയിലെ മായാവിയും ബാലമംഗളത്തിലെ ഡിങ്കനും അമര്‍ചിത്രകഥകളിലൂടെ കേട്ടറിഞ്ഞ റൊബിന്‍‌സണ്‍ ക്രൂസോയും മൊബിഡിക്കും എല്ലാം ചേര്‍ത്ത് സമ്പുഷ്ടമായ ഒരു വായനക്കാലം ഉണ്ടായിരുന്നു എനിക്കും നമ്മില്‍ പലര്‍ക്കും. പക്ഷെ ഇന്നത്തെ കുട്ടികള്‍ക്കോ? എന്റെ വീട്ടില്‍ ദേ രാവിലെ മുതല്‍ 4 വയസ്സുകാരന്‍ ബെന്‍‌ടെനും ഹീമാനും ടോം & ജെറിയും കണ്ടുകൊണ്ടിരിക്കുകയാണ്‌. ഒരു നാലു വയസ്സുകാരനോട് പോയിരുന്ന് വായിക്കെടാ എന്ന് പറയാനും കഴിയില്ല. അതിനേക്കാളേറെ ഞാനുള്‍പ്പെടെ നമ്മളാരും അവര്‍ക്ക് വേണ്ടി കളിക്കുടുക്കയോ മാജിക് ലാമ്പോ വായിച്ച് കൊടുക്കുവാന്‍ സമയം കണ്ടെത്തുകയും ചെയ്യുന്നുമില്ല. പിന്നെ ചിലപ്പോഴൊക്കെ അതിനു തുനിഞ്ഞാലും ദൊപ്പുവിന്റെയും മരം‌വെട്ടുകാരന്റെയും കൂട്ടൂസന്റെയും ഡാകിനിയുടേയും കഥകള്‍ ഒക്കെ ഇന്നത്തെ കുട്ടികളെ രസം‌പിടിപ്പിക്കുന്നുമില്ലെന്ന് മാത്രമല്ല അയ്യേ എന്നൊരു മനോഭാവം അവരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്തിനേറേ സ്ഥിരമായി ഹാരിപോര്‍ട്ടര്‍ സിനിമകള്‍ കാണുകയും അതിലെ നായകനെയും സിനിമയുടെ ടൈറ്റില്‍ കാര്‍ഡുള്‍പ്പെട്ടെ വെട്ടി ഒട്ടിച്ച് ഒരു ഡയറിയില്‍ ഹാരിപ്പോര്‍ട്ടര്‍ ആല്‍‌ബം തന്നെ ഉണ്ടാക്കിയിരിക്കുന്ന എന്റെ ഒരു റിലേറ്റീവായ കുട്ടിക്ക് ഒരു ബര്‍ത്ത്‌ഡേക്ക് 'നിഗൂഢനിലവറ' എന്ന ഹാരിപോര്‍ട്ടര്‍ സീരിസിലെ ഒരേഒരു മലയാളം പുസ്തകം വാങ്ങിക്കൊടുത്തു. സന്തോഷമായിക്കാണും എന്ന് വിചാരിച്ചു. പക്ഷെ , കാര്യം ഹാരിപ്പോര്‍ട്ടറാണെങ്കിലും ഇത് വായിച്ച് മെനക്കെടാന്‍ ഞാനില്ല. സിനിമ മൂന്ന് വട്ടം കണ്ടതാ.. ഇനിയും പോഗോ ചാനലില്‍ വരുമ്പോള്‍ കാണാം എന്ന് പറയുന്ന ഒരു തലമുറയാണ്‌ വളര്‍ന്ന് വരുന്നത്. അപകടകരമാണ്‌ സിറ്റുവേഷന്‍ എന്നത് അറിയാതെയല്ല. പക്ഷെ ഒരു പരിധി വരെ കമ്പ്യൂട്ടര്‍ വിപ്ലവം കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നത് സത്യം. നാട്ടിലുള്ള കുട്ടികള്‍ അത്രയേറെ കീഴ്പ്പെട്ടിട്ടില്ലെങ്കില്‍ പോലും പ്രവാസികളായ കുട്ടികള്‍ ഏറെയും കമ്പ്യൂട്ടറുകളില്‍ ഗെയിമുകള്‍ കളിച്ചും ഫാം വില്ലകള്‍ തീര്‍ത്തും മുന്നോട്ട് കൊണ്ടുപോകുന്നു.

എന്തിനു ബൂലോകസഞ്ചാരത്തിന് ഇത്രയും വലിയ ഒരു മുഖവുര എന്നൊരു തോന്നല്‍ ഉണ്ടായേക്കാം. ഇന്ന് വളരെ യാദൃശ്ചികമായി ഒരു ബ്ലോഗ് കണ്ടെപ്പോള്‍ തികച്ചും ഇതൊക്കെ ഓര്‍ത്ത് പോയി. പാല്‍ നിലാവ് എന്ന ബ്ലോഗ് വായിച്ചപ്പോള്‍ ഒരു പുതുമ ഫീല്‍ ചെയ്തു. വലിയ നാട്യങ്ങളൊന്നുമില്ലാതെ ഒരു ബ്ലോഗ്. പഞ്ചതന്ത്രം കഥകളിലും ഈസോപ്പ് കഥകളിലും നമ്മള്‍ കണ്ട കൊച്ചു കൊച്ചു കഥകള്‍ പോലെ തോന്നുന്നവ കോറിയിട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഒരു പക്ഷെ നമുക്ക് പഴമയിലേക്ക് മടങ്ങുവാനും നമ്മുടെ കുട്ടികള്‍ക്ക് - ബാലരമയും പൂമ്പാറ്റയും വായിക്കാന്‍ ഇഷ്ടപ്പെടാത്ത നമ്മുടെ കുട്ടികള്‍ക്ക് - ഒരു പക്ഷെ ഇഷ്ടമായേക്കും ഈ ബ്ലോഗ് എന്ന് തോന്നിയതിനാല്‍ ബൂലോകസഞ്ചാരത്തിന്റെ ഒന്‍പതാം ഭാഗം ബാലസാഹിത്യം എന്ന വിഭാഗത്തെ പ്രതിനിധീകരിക്കട്ടെ എന്ന് കരുതി.

ഒരിക്കല്‍ ഒരിടത്ത്..... ഒരു കാലത്ത് മാവിന്‍ ചുവട്ടിലും വീടിന്റെ ഉമ്മറക്കോലായിലും മുത്തശ്ശിമാരുടെ കഥകള്‍ക്ക് ചെവിവട്ടം പിടിച്ചിരുന്നിരുന്നപ്പോള്‍ കേട്ടിരുന്ന ഒരു ചൊല്ലാണ് ഇത്. ഒരിടത്ത് ഒരിടത്ത്.. പണ്ട് പണ്ട് പണ്ട് വളരെ പണ്ട്.. ഇതാണ്‌ മുത്തശ്ശികഥകളുടെ ഒരു സ്റ്റൈല്‍. ആ സ്റ്റൈലില്‍ തന്നെ തികച്ചും ആ പഴയ കാലത്തിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന രീതിയില്‍ തന്നെ കഥകള്‍ പറയുന്നു റിന്‍ഷ ഷെറിന്‍ പാല്‍നിലാവ് എന്ന തന്റെ ബ്ലോഗിലൂടെ. മൂന്നോ നാലോ പോസ്റ്റുകളേ പാല്‍നിലാവില്‍ ഉള്ളൂ എങ്കിലും ഒരു പക്ഷെ വായനക്കാരെ കിട്ടാതെ വരുന്നത് കൊണ്ട് നിറുത്തിക്കളയരുതെന്ന് കരുതി ബൂലോകസഞ്ചാരത്തില്‍ പരിചയപ്പെടുത്തുന്നു. "സ്വപ്നങ്ങളുടെ അനന്ഥമായ ആകാശത്ത് പറന്നുനടക്കുന്ന, നേര്‍ത്ത നിലാവില്‍ മുങ്ങി നില്‍ക്കുന്ന താഴ്വരയിലെ കുഞ്ഞു നക്ഷത്രം പോലെ ഒരു പാവം രാജകുമാരി ഇങ്ങിനെയാണ് റിന്‍ഷ സ്വയം സാക്ഷ്യപ്പെടുത്തുന്നത്. അത്ര മനോഹരമായ ഒരു ഭാഷയോ ശൈലിയോ എഴുത്തോ ഒന്നുമല്ല ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. അത്തരത്തില്‍ ഒന്നും തന്നെ ഈ ബ്ലോഗില്‍ ഇല്ലതാനും. മറിച്ച് ബ്ലോഗില്‍ ഒരു പക്ഷെ അധികം ആരും കൈകടത്താന്‍ മടിക്കുന്ന ഒരു മേഖലയില്‍ എന്തെങ്കിലും ചെയ്യുന്നു എന്നത് തന്നെ ഈ ബ്ലോഗിനെ വ്യത്യസ്തമാക്കുന്നത്. മുന്‍പൊരിക്കല്‍, ഏതോ ഒരു ചര്‍ച്ചയില്‍ വെച്ച് നമ്മുടെയെല്ലാം മനുജി (ബ്രിജ്‌വിഹാരം) പറഞ്ഞതോര്‍ക്കുന്നു. ബ്ലോഗില്‍ മികച്ച രീതിയില്‍ ബാലസാഹിത്യം ആരും കൈകാര്യം ചെയ്യുന്നില്ല എന്ന്. ഒരു കാലത്ത് ഒട്ടേറെ പേര്‍ സ്ഥിരമായി വായിച്ചിരുന്ന കല്ലുപെന്‍‌സിലില്‍ ഇന്ന് അദ്ദേഹം എഴുതാതായി. അപ്പു(ആദ്യാക്ഷരി) ഊഞ്ഞാല്‍ എന്ന ബ്ലോഗിലും ഇപ്പോള്‍ എഴുതുന്നില്ല. (ഇവരൊക്കെ ആ ബ്ലോഗുകള്‍ തുടരണം എന്നത് തന്നെ ആഗ്രഹം) ഇന്ന് ഒരു കിലുക്കാം‌പെട്ടിയിലും ഖാദര്‍ പട്ടേപ്പാടത്തിന്റെ നിലാവെളിച്ചം എന്ന ബ്ലോഗിലും വരുന്ന നുറുങ്ങു ബാലസാഹിത്യം മാത്രമാണ്‌ ബ്ലോഗില്‍ കുട്ടികള്‍ക്കായുള്ള രചനകള്‍ എന്ന ലേബലില്‍ വരുന്നത്. ചിരുതകുട്ടിയെയും രാധികയെയും അപ്പുവിനെയും (അശ്വിന്‍) ഒന്നും വിസ്മരിച്ചുക്കൊണ്ട് പറയുകയല്ല. മറിച്ച് അവര്‍ കുട്ടികള്‍ക്കായി എഴുതുന്നു എന്നതിനേക്കാള്‍ കുട്ടികളായി എഴുതുന്നു എന്ന രീതിയില്‍ കാണൂമ്പോള്‍ കുട്ടികള്‍ക്കായി എഴുതുന്ന അല്ലെങ്കില്‍ ബാലസാഹിത്യത്തിന്റെ രീതികളില്‍ എഴുതുന്ന പുതിയ ബ്ലോഗുകളുടെ കൂട്ടത്തില്‍ ഈ പാല്‍നിലാവ് കുഴപ്പമില്ല എന്ന് തോന്നി. പോസ്റ്റുകളെ വിശദമായി പ്രതിപാദിക്കാന്‍ മാത്രമുള്ളത്ര രചനകള്‍ ഒന്നും ബ്ലോഗില്‍ ആയിട്ടില്ലെങ്കില്‍ പോലും വായനയോട് അലംഭാവം കാട്ടുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ച് പ്രവാസികളായ കുട്ടികള്‍ക്ക് ഒരു പക്ഷെ പഴയ മുത്തശ്ശി കാലത്തിലേക്ക് തിരികെ പോവാന്‍ ഈ ബ്ലോഗ് സഹായിച്ചേക്കും എന്ന് തോന്നി. ബുദ്ധിമാനായ കര്‍ഷകനും അമ്മുമുയലും പഴയ മുത്തശ്ശികഥകളിലേക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ട് പോയി.

ഇനിയും നല്ല ബ്ലോഗുകളുമായി അതല്ലെങ്കില്‍ വ്യത്യസ്തമായ ബ്ലോഗുകളുമായി ബൂലോകസഞ്ചാരത്തിലൂടെ കണ്ടുമുട്ടാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് , എല്ലാ വായനക്കാര്‍ക്കും ഒരു നല്ല വായനദിനവും വായനാവാരവും ആശംസിച്ചുകൊണ്ട് ബൂലോകസഞ്ചാരത്തിന്റെ ഒന്‍പതാം ഭാഗം സമര്‍പ്പിക്കുന്നു.മനോരാജ്
തേജസ്
ബ്ലോഗ്‌ - വീഡിയോ മത്സരങ്ങള്‍ .

ബ്ലോഗ്‌ - വീഡിയോ മത്സരങ്ങള്‍ .ചെന്നൈ ആസ്ഥാനമാക്കിയുള്ള യു എസ് കോണ്‍സുലേറ്റ് ബ്ലോഗ്‌ വീഡിയോ മത്സരങ്ങള്‍ നടത്തുന്നു."പരിസ്ഥിതി" യാണ് പ്രധാന വിഷയം.

“Get Set Green: My Message to World Leaders.” എന്നതാണ് ബ്ലോഗ്‌ മത്സരത്തിന്റെ ടൈറ്റില്‍ . “Acts of Green.” ഗ്രീന്‍ എന്നതാണ് വീഡിയോ മത്സരത്തിന്റെ ടൈറ്റില്‍.


ബ്ലോഗ്‌ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ലോഗ്‌ പോസ്റ്റിന്റെ (ഇംഗ്ലീഷ് ) യു ആര്‍ എല്‍ അടക്കം യഥാര്‍ത്ഥ പേരും , വയസ്സും ,ഇ മെയില്‍ വിലാസവും പോസ്റ്റല്‍ വിലാസവും മൊബൈല്‍ - ടെലഫോണ്‍ നമ്പരും അടക്കം

usconsulatechennaiblogcontest@gmail.com എന്ന ഇ മെയിലിലേക്ക് വിവരങ്ങള്‍ അയച്ചു കൊടുക്കണം.

വീഡിയോ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മൂന്നു മിനിറ്റില്‍ താഴെയുള്ള എന്‍ട്രികള്‍ http://chennai.usconsulate.gov/actsofgreenvideocontest.html
എന്ന ലിങ്കില്‍ ചെന്ന് അപ്‌ലോഡ്‌ ചെയ്തതിനു ശേഷം യഥാര്‍ത്ഥ പേരും , വയസ്സും ,ഇ മെയില്‍ വിലാസവും പോസ്റ്റല്‍ വിലാസവും മൊബൈല്‍ - ടെലഫോണ്‍ നമ്പരും അടക്കം usconsulatechennaiblogcontest@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് വിശദാംശങ്ങള്‍ അയക്കുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക .
http://chennai.usconsulate.gov/


അവസാന തീയതി 2011 ജൂലൈ 10

Popular Posts