യു .എ. ഇ. ബൂലോകരുടെ സംഗമം ഹൃദ്യമായ അനുഭവമായി!

വാഴക്കോടൻ
ദുബായ്: സബീല്‍ പാര്‍ക്കില്‍ വെച്ച് നടന്ന യു എ ഇ ബ്ലോഗര്‍മാരുടെ കുടുംബ സംഗമം ലാളിത്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ഹൃദ്യമായ ഒരനുഭവമായി. സാധാരണ യു. എ. ഇ. മീറ്റ് സംഘടിപ്പിക്കാറുള്ള സ്ഥിരം സംഘാടകരില്‍ നിന്നും വ്യത്യസ്തമായി പുതുമുഖ ബ്ലോഗര്‍മാര്‍ ഈ പരിപാടി ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ട് വരുകയും, പരാതികള്‍ക്കിടവരുത്താത്ത രീതിയില്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തു എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച് വിജയിപ്പിക്കുന്നതില്‍ മീറ്റിന്റെ സംഘാടകര്‍ കാണിച്ച ഊജ്ജസ്വലതയും ആത്മാര്‍ത്ഥതയും അഭിനന്ദനമര്‍ഹിക്കുന്നു.

മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് എന്ന് ഫേസ് ബുക്ക് ഗ്രൂപ്പിലെ കൂടി അംഗങ്ങളായ ഇസ്മയില്‍ ചെമ്മാട്, ഷെബീര്‍-തിരിച്ചിലാന്‍, അനില്‍കുമാര്‍ സി പി, ശ്രീജിത്ത് കൊണ്ടോട്ടി, സുല്‍ഫിക്കര്‍ തുടങ്ങിയവര്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയും, അത് പിന്നീട് യു. എ. ഇ. യിലെ എല്ലാ ബ്ലോഗര്‍മാരേയും, ബസ്സര്‍മാരേയും, കൂട്ടം, ഫേസ്ബുക്ക് തുടങ്ങി സോഷ്യല്‍ നെറ്റ്‌വർക്കിങ്ങ് ഗ്രൂപ്പിലുള്ളവരേയും ഉള്‍പ്പെടുത്തി വിപുലമായ ഒരു സംഗമമായി രൂപപ്പെടുകയായിരുന്നു. ഇത്തരം ഒരു കൂടിച്ചേരലിന്റെ അവശ്യം മുന്നോട്ട് വന്നപ്പോള്‍ യുഎഇയിലെ ബൂലോകരുടെ സംഗമം എന്ന ബ്ലോഗില്‍ മീറ്റ് അറിയിച്ച് കൊണ്ട് പോസ്റ്റ് ഇടുകയും അതിന് അഭൂതപൂര്‍വ്വമായ പ്രതികരണം ഉണ്ടാവുകയും, പിന്നീട് സംഘാടനം കൊണ്ട് ശ്രദ്ധേയമാവുകയുമായിരുന്നു ഈ കുടുംബ സംഗമം.

ദുബൈയിലെ സബീല്‍ പാര്‍ക്കില്‍ രാവിലെ ഒന്‍പത് മണിക്ക് തന്നെ സംഘാടകര്‍ എത്തുകയും, കൂടിയിരിക്കാന്‍ സൗകര്യമുള്ള സ്ഥലം കണ്ടെത്തുകയും അവിടെ ബാനര്‍ കെട്ടി ഒരു വേദി ഒരുക്കുകയുമായിരുന്നു. പത്തരയോട് കൂടി ബ്ലോഗര്‍മാര്‍ ഏറെക്കുറെ എത്തുകയും യാതൊരു വിധ ഔപചാരികതയും ഇല്ലാതെ തന്നെ ബ്ലോഗ് മീറ്റ് ആരംഭിക്കുകയും ചെയ്തു. മരത്തണലില്‍ കൂടിയിരുന്നവര്‍ പരസ്പരം പരിചയപ്പെടുത്തിയും പരിചയപ്പെട്ടും സംഗമം ആരംഭിച്ചു.

മലയാള ബ്ലോഗിന്റെ ഗ്രാഫ് മുകളിലേക്ക് ഉയരുന്നില്ലെന്നും, ബ്ലോഗിനേക്കാല്‍ പ്രാധാന്യം ഫേസ്ബുക്കും ഗൂഗിള്‍ ബസ്സുകളും കയ്യടക്കുന്നു എന്നും ചര്‍ച്ചയില്‍ കൈപ്പള്ളി എന്ന ബ്ലോഗര്‍ ഉന്നയിക്കുകയുണ്ടായി.എങ്കിലും ഗൂഗിള്‍ ബസ്സിലോ ഫേസ്ബുക്കിലോ നടത്തുന്ന കാര്യമാത്ര പ്രസക്തമായ ചര്‍ച്ചകളും നോട്ടുകളുമെല്ലാം പിന്നീട് സെര്‍ച്ച് ചെയ്ത് കണ്ടെത്താനാവില്ല എന്ന ന്യൂനത മുന്നിര്‍ത്തി അത്തരം ലേഖനങ്ങള്‍ ബ്ലോഗില്‍ മാത്രം പ്രസിദ്ധീകരിക്കാനും, ബ്ലോഗ് ഫേസ്ബുക്ക് ഗൂഗിള്‍ ബസ് എന്നിവയുമായി കണക്റ്റ് ചെയ്ത് കൂടുതല്‍ വായനക്കാരില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കൈപ്പള്ളി അഭിപ്രായപ്പെട്ടു.

ബസ്സിന്റേയും ഫേസ് ബുക്കിന്റേയും ആരവത്തില്‍ മുങ്ങിപ്പോയ ബ്ലോഗിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുവാനും ബ്ലോഗിനെ പുനരുജ്ജീവിപ്പിക്കാനും എല്ലാ ബ്ലോഗര്‍മാരും പ്രയത്നിക്കണമെന്നും കിച്ചു ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ എഴുത്ത് നിര്‍ത്തിവെച്ചിരിക്കുന്ന എല്ലാരും തന്നെ താല്‍ക്കാലികമായ ഈ മാന്ദ്യം അവസാനിപ്പിച്ച് ഉണര്‍ന്നെണീക്കണമെന്നും അവര്‍ അപേക്ഷിക്കുകയുണ്ടായി

മലയാള ബ്ലോഗ് വളരുന്നില്ല എന്ന പരാതികള്‍ക്കിടയിലും ബ്ലോഗ് മീറ്റുകളിലെ വര്‍ദ്ധിച്ച പങ്കാളിത്വം ബ്ലോഗിങ്ങിന് ശുഭസൂചനയാണ് നല്‍കുന്നതെന്ന് തിരൂര്‍ തുഞ്ചന്‍ മീറ്റിലും യു എ ഇ മീറ്റിലും പങ്കെടുത്ത അനുഭവ സാക്ഷ്യവുമായി വാഴക്കോടന്‍ വെളിപ്പെടുത്തി. പുതിയ തലമുറ ബ്ലോഗിലേക്ക് കടന്ന് വരാന്‍ ഓരോരുത്തരും അവരാല്‍ കഴിയുന്നത് പോലെ പരിശ്രമിക്കണമെന്നും, പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കണമെന്നും വാഴക്കോടന്‍ അറിയിച്ചു. എന്നാല്‍ ചിലര്‍ നടത്തുന്ന അനാവശ്യ വിവാദങ്ങളെ നിസാരമായി കാണാനും, അത്തരം വിവാദങ്ങള്‍ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാവണമെന്നും അല്ലാതെ അതിന്റെ പേരില്‍ മുതലെടുപ്പുകള്‍ നടത്തുന്നത് നല്ല പ്രവണതയല്ല എന്നും വാഴക്കോടന്‍ കൂട്ടിച്ചേര്‍ത്തു. ഇറാഖില്‍ നിന്നും നാട്ടിലേക്ക് പോകുന്ന വഴി മീറ്റില്‍ പങ്കെടുത്ത ആചാര്യന്‍ എന്ന ഇംത്യാസ്, ബ്ലോഗും ഫേസ്ബുക്കുമെല്ലാം കൂടുതല്‍ ജനകീയമാവണമെന്നും, സമൂഹത്തിന് ഗുണപ്രദമാകുന്ന രീതിയില്‍ ഇവ മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും തന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

അനില്‍കുമാർ, ‍,ചന്ദ്രകാന്തം എന്നിവര്‍ ബ്ലോഗ് സുവനീര്‍ പുറത്തിറക്കുന്നതിനെ പറ്റി പ്രതിപാദിക്കുകയും, സുവനീര്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള വിലാസങ്ങള്‍ തയ്യാറാക്കുകയും ചെയ്തു.ഉമ്പാച്ചു എന്ന ബ്ലോഗറുടെ കവിതാ പുസ്തകങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനുള്ള സാഹചര്യവും ഒരുക്കിയിരുന്നു.

ആദ്യാക്ഷരി അപ്പുവും ഫോട്ടോഗ്രാഫര്‍ നൗഷാദും ചേര്‍ന്ന് ഫോട്ടോ ബ്ലോഗര്‍മാര്‍ക്ക് ഫോട്ടോ എടുക്കുന്നതിനെ കുറിച്ച് ആധികാരികമായി ചില ടിപ്സും,ഫോട്ടോയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിവരണം നല്‍കുകയുണ്ടായി.

ഇപ്പൊഴും ഭാവിയിലും വളരെയധികം ഉപകാരപ്രദമായേക്കാവുന്ന “ പദമുദ്ര” എന്ന പ്രോജക്റ്റിലേക്ക് കൂടുതല്‍ പദങ്ങളോടെ എല്ലാവരും സഹകരിക്കണമെന്ന് അതിന്റെ സാരഥിയായ സിദ്ധാര്‍ഥന്‍ അഭ്യര്‍ത്ഥിച്ചു.

ഭക്ഷണ ശേഷം പാട്ടും കളികളും ക്വിസ് മത്സരങ്ങളും, നര്‍മ്മ ക്വിസ് മത്സരങ്ങളും ആസ്വാദനത്തിന്റെ പുത്തന്‍ അനുഭവങ്ങളായി മാറി. കുറുമാന്റെ സാന്നിദ്ധ്യം സദസ്സിനെ ഏറെ ചിരിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്തു. വിശാലമനസ്ക്കൻ‍, തമനു, ഇത്തിരിവെട്ടം, സിദ്ധാര്‍ത്ഥന്‍, സുനിൽ‍, കനൽ‍, അഗ്രജന്‍, സുൽ‍, അലിയു, രഹ്‌ന, അപ്പു, ഷംസുക്ക ..........തുടങ്ങി ബ്ലോഗ് രംഗത്തേക്ക് ആദ്യം കടന്നെത്തിയ ഇവരുടെ സാന്നിദ്ധ്യം പുതിയ തലമുറക്ക് ആശ്ചര്യവും പ്രചോദനവുമായി. അവരെ പരിചയെപ്പെടാനും കൂടുതല്‍ അറിയാനും ഈ ബ്ലോഗ് മീറ്റ് വഴിയൊരുക്കിയതില്‍ എല്ലാവരും ഐക്യകണ്ഠേന സംഘാടകരെ അനുമോദിച്ചു. ഇനിയും ഇത്തരം ബ്ലോഗ് മീറ്റുകളില്‍ നിര്‍ബന്ധ സാന്നിദ്ധ്യമായിരിക്കുമെന്ന് ഓരോ ബ്ലോഗര്‍മാരും ആണയിട്ട് കൊണ്ടാണ് ഈ കുടുംബ സംഗമം അവസാനിപ്പിച്ച് എല്ലവരും അഞ്ച് മണിയോടെ പിരിഞ്ഞ് പോയത്.

ഓരോ ബ്ലോഗ് മീറ്റിലേയും പങ്കാളിത്തം മലയാള ബ്ലോഗിന് തീര്‍ച്ചയായും ഉയര്‍ച്ചയും ബ്ലോഗിങ്ങിന്റെ സ്വീകാര്യത കൂടുതല്‍ പേരില്‍ എത്തുന്നുണ്ട് എന്ന് തന്നെയാണ് ഇത്തരം ബ്ലോഗര്‍മാരുടെ സംഗമങ്ങളില്‍ നിന്നും ഉരുത്തിരിയുന്നത്. ഭാവിയിലും ഇത്തരം ബ്ലോഗ് മീറ്റുകള്‍ മലയാളം ബ്ലോഗിന്റെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്‍കുമെന്നും നിസ്സംശയം പറയാവുന്നതാണ്.

19 Responses to "യു .എ. ഇ. ബൂലോകരുടെ സംഗമം ഹൃദ്യമായ അനുഭവമായി!"

 1. എഴുത്തിന് താല്‍ക്കാലിക വിശ്രമം നല്‍കിയിരിക്കുന്ന പലരും പങ്കെടുത്തു എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം......

  ReplyDelete
 2. മീറ്റുകള്‍ നടത്തപ്പെടുന്നതും അതില്‍ അഭൂതപൂര്‍വ്വമായ സാന്നിദ്ധ്യമുണ്ടാവുമ്പോഴും ബ്ലോഗിലെ എഴുത്തും വായനയും കുറയുന്നു എന്നത് ഒരു പരിധിവരെ അംഗീകരിക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് കൈപ്പള്ളി മാഷ് പറഞ്ഞ കാര്യം പ്രസക്തമാവുന്നത്. ബസ്സ്, ഫെയ്സ് ബുക്ക് എന്നിവയിലൊന്നും നമ്മുടെ / ആരുടെയായാലും മികച്ച ലേഖനങ്ങളോ കുറിപ്പുകളോ സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കഴിയില്ല എന്നിരിക്കെ നേരമ്പോക്കിനായി അവ ഉപയോഗിക്കാമെന്നല്ലാതെ ബ്ലോഗില്‍ തന്നെ കൂടുതല്‍ ശ്രദ്ധ വക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന കൈപ്പള്ളീ മാഷുടെയും കിച്ചുവേച്ചിയുടേയും നിഗമനങ്ങള്‍ കാര്യഗൌരവമുള്ളത് തന്നെ. ബ്ലോഗ് മീറ്റുകളിലെ ഈ പങ്കാളിത്തം ബ്ലോഗ് പോസ്റ്റുകളായി കൂടെ മാറുകയാണെങ്കില്‍ തീര്‍ച്ചയായും മലയാളം ബ്ലോഗിങ് അതിന്റെ ഏറ്റവും നല്ല കാലഘട്ടത്തിലാവും ഇപ്പോള്‍. കാരണം പ്രതിഭയുള്ള ഒട്ടേറെ പേര്‍ ഇന്ന് മലയാളം ബ്ലോഗിലുണ്ട് എന്നത് തന്നെ.

  ഏതായാലും ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും നല്ല രീതിയില്‍ ബ്ലോഗ് മീറ്റ് സംഘടിപ്പിച്ചവര്‍ക്ക് അഭിനന്ദങ്ങള്‍.

  ReplyDelete
 3. ദുബ്ബായ് സംഗമത്തിന്റെ ഉള്ളടക്കം മുഴുവൻ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാ ബൂലോകർക്കും നല്ല ബോധവൽക്കരണം നൽകുന്ന ഹൃദ്യമായ അനുഭവ വിവരണങ്ങൾ....!

  ReplyDelete
 4. വാഴയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു....കഴിഞ്ഞ കൊല്ലത്തെ അത്രേം ആളുകള്‍ ഇപ്പോള്‍ ബ്ലോഗിങ്ങില്‍ ആക്ടീവ് അല്ല...

  പണ്ട് നൂറു പേരോളം കമന്റിയിരുന്നതാ ഞമ്മന്റെ പോസ്റ്റുകളില്‍...ഇപ്പോ അറുപതു പേരെ കമന്ടുന്നുള്ളൂ....ഞമ്മന്റെ എഴുത്ത് മോശമായത് കൊണ്ടല്ല കേട്ടോ...ബ്ലോഗിങ്ങില്‍ നിന്നും ആളുകള്‍ വിട്ടു നില്‍ക്കുന്നത് കൊണ്ടാ :-)

  ReplyDelete
 5. വാഴേ .......
  റിപ്പോര്‍ട്ട് അടിപൊളിയായിട്ടുണ്ട് .
  മികച്ച അവതരണ ശൈലിയോടെയുള്ള റിപ്പോര്‍ട്ട്‌.
  ആശംസകള്‍

  ReplyDelete
 6. >>>>>>>>മലയാള ബ്ലോഗിന്റെ ഗ്രാഫ് മുകളിലേക്ക് ഉയരുന്നില്ലെന്നും, ബ്ലോഗിനേക്കാല്‍ പ്രാധാന്യം ഫേസ്ബുക്കും ഗൂഗിള്‍ ബസ്സുകളും കയ്യടക്കുന്നു എന്നും ചര്‍ച്ചയില്‍ കൈപ്പള്ളി എന്ന ബ്ലോഗര്‍ ഉന്നയിക്കുകയുണ്ടായി.എങ്കിലും ഗൂഗിള്‍ ബസ്സിലോ ഫേസ്ബുക്കിലോ നടത്തുന്ന കാര്യമാത്ര പ്രസക്തമായ ചര്‍ച്ചകളും നോട്ടുകളുമെല്ലാം പിന്നീട് സെര്‍ച്ച് ചെയ്ത് കണ്ടെത്താനാവില്ല എന്ന ന്യൂനത മുന്നിര്‍ത്തി അത്തരം ലേഖനങ്ങള്‍ ബ്ലോഗില്‍ മാത്രം പ്രസിദ്ധീകരിക്കാനും, ബ്ലോഗ് ഫേസ്ബുക്ക് ഗൂഗിള്‍ ബസ് എന്നിവയുമായി കണക്റ്റ് ചെയ്ത് കൂടുതല്‍ വായനക്കാരില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും കൈപ്പള്ളി അഭിപ്രായപ്പെട്ടു.<<<<<

  that is the matter ...:)

  ReplyDelete
 7. ബ്ലോഗില്‍ ചര്‍ച്ചക്ക് വെച്ചാല്‍ ആളു വരാത്തത് കൊണ്ട് ഇപ്പോള്‍ ചര്‍ച്ച ഒന്നുകില്‍ 'ബസ്സില്‍' ,അല്ലെങ്കില്‍ 'ബുക്കി'ല്‍ .. ഈ അവസ്ഥ മാറിയില്ലെങ്കില്‍ ബ്ലോഗ്‌ ലോകം മരിക്കും യാതൊരു സംശയവും വേണ്ട ...ബ്ലോഗിലേക്ക് ആളു വന്നില്ലെങ്കില്‍ പിന്നെ സ്വന്തം കമ്പ്യൂട്ടറിന്റെ ഒരു ഫോല്ടെരില്‍ 'പോസ്റ്റ്‌' സൂക്ഷിച്ചാല്‍ മതിയല്ലോ ...:)

  ReplyDelete
 8. നല്ല അവതരണം...

  ReplyDelete
 9. മിസ്റ്റര്‍ വാഴക്കോടന്‍ .. കേള്‍ക്കുന്നുണ്ട്.. തുടര്‍ന്നൊളൂ... :) കിടിലന്‍ റിപ്പോര്‍ട്ട്..

  ReplyDelete
 10. http://vayyaveli.blogspot.com/2011/05/2011.html

  ഫോട്ടം അടക്കം ദാ ഇവിടെ

  ReplyDelete
 11. വായിച്ചു.
  മീറ്റ് സന്തോഷപ്രദം.. :)

  ReplyDelete
 12. വിവരണം നന്നായിട്ടുണ്ട്,,,,എന്‍റെ ആദ്യ മീറ്റ്,,,,,ഒരുപാട് പേരെ കാണാനും പരിചയപെടാനും സാധിച്ചു,,,,, ഇനിയും ഇതുപോലുള്ള സംഗമങ്ങള്‍ നടത്താന്‍ കഴിയട്ടെ,,,

  ReplyDelete
 13. കൊള്ളാം..

  മീറ്റ് സന്തോഷകരമാക്കിയതിന്‌ സംഘാടകരെ അനുമോദിക്കുന്നു.

  ReplyDelete
 14. അനുഭവങ്ങള്‍ പങ്കുവച്ചതിനു നന്ദിട്ടോ.....

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts