കഥകളിക്കായി ഇതാ ഒരു സൈറ്റ്

പ്രിയരേ,

കഥകളിയെ ഇഷ്ടപ്പെടുകയും, സൈബർ ലോകത്തിൽ കഥകളിസംബന്ധമായ ഇടപെടലുകൾ നടത്തുകയും ചെയ്യുന്നവരാണ്, ഈ ബൂലോകത്തുള്ള നമ്മളെല്ലാവരും. ഇന്റർനെറ്റുമായി ബന്ധമുള്ള കഥകളികലാകാരന്മാർ, കഥകളിയുടെ മനോഹരമായ ഫോട്ടോകൾ എടുത്തവർ, വീഡിയോകൾ ഷെയർ ചെയ്തവർ, ബ്ലോഗുകളിൽ തങ്ങൾ കണ്ട കഥകളിയെപ്പറ്റി റിപ്പോർട്ടുകൾ എഴുതിയവർ, ഗൗരവാവഹമായ പഠനങ്ങളും ലേഖനങ്ങളും എഴുതിയവർ. ഗ്രൂപ്പുകളിലും ചാറ്റ് റൂമുകളിലും മെയിൽ ത്രെഡുകളിലും മുതൽ ഫെയ്സ്‌ബുക്ക് പോലുള്ള സർവ്വ ആധുനിക സോഷ്യൻ നെറ്റ്‌വർക്ക് ഇടങ്ങളിൽ വരെ കഥകളിയുടെ സാന്നിദ്ധ്യം സൃഷ്ടിക്കുകയും കമന്റുകളെഴുതുകയും ചെയ്തവർ എന്നിങ്ങനെ പലരും ഈ കൂട്ടത്തിലുണ്ട്.

മറ്റു പല ക്ലാസിക്കൽ കലകളേയും അപേക്ഷിച്ചുനോക്കുമ്പോൾ, നമ്മുടെ എണ്ണം അൽപ്പം കൂടുതലാണ് എന്നത് അഭിമാനാർഹമാണ്. കളിക്കാഴ്ച്ചകളുടേയും കളിയനുഭവങ്ങളുടേയും നിരീക്ഷണങ്ങളുടെയും താരത‌മ്യേന വിപുലമായ പ്ലാറ്റ്ഫോം ഇന്റർനെറ്റിൽ നിലവിലുണ്ട്. എന്നാൽ, സമഗ്രമായി കഥകളിയെ പരിചയപ്പെടാനും, കഥകളിയുടെ സങ്കീർണ്ണമായ സങ്കേതശാസ്ത്രത്തെ മനസ്സിലാക്കാനും, ആവശ്യമായ കഥകളി റഫറൻസുകൾക്കായി സമീപിക്കാനും, കളിയരങ്ങിന്റെ സമഗ്രാനുഭവത്തെ പങ്കുവെയ്ക്കാനും ഉതകും വിധത്തിലുള്ള ഒരു വെബ്‌സെറ്റ് ഇന്നുവരെ രൂപം കൊണ്ടിട്ടില്ല. നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന, നമ്മിലോരോരുത്തരുടേയും പങ്കാളിത്തത്തോടെ വികസിക്കപ്പെടുന്ന അത്തരമൊരു വെബ് സെറ്റ് കഥകളിയും സൈബർ ലോകവും ആവശ്യപ്പെടുന്നുണ്ട്. പ്രാദേശികമോ സ്ഥാപനവൽകൃതമോ ആയ ഒരു വിധ പക്ഷപാതങ്ങളുമില്ലാതെ, കഥകളിയെ സമഗ്രമായി സമീപിക്കുന്ന ഒരു വിസ്തൃതകഥകളിവിജ്ഞാനശേഖരം ഉള്ളടങ്ങുന്ന ഒരു വെബ്സെറ്റ്.

അനിവാര്യമായ അത്തരമൊരു വെബ്സെറ്റിന്റെ നിർമ്മാണത്തിലേക്ക് കടക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കട്ടെ. കഥകളിയിലെ പുരോഗമനോന്മുഖമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റിന്റെ പേരിലാണ് വെബ്സെറ്റ് തയ്യാറാവുന്നത്. ഈ വരുന്ന മെയ്‌മാസം 7 ന് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ വെച്ച് പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ വെബ്സെറ്റ് ഉദ്ഘാടനം ചെയ്യുന്നു. തുടർന്ന് നളചരിതം ഒന്നാം ദിവസവും നിണത്തോടുകൂടിയുള്ള നരകാസുരവധവും നടക്കുന്നുണ്ട്. എല്ലാവരേയും ഉദ്ഘാടനത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.


എന്നാൽ, ഉദ്ഘാടനം ഒരു തുടക്കം മാത്രമാണ് എന്നതുകൂടി ഓർക്കുമല്ലോ. ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ വെബ്‌സെറ്റ്, നമ്മളോരോരുത്തരുടെയും നിസ്വാർത്ഥമായ പ്രവർത്തനങ്ങളിലൂടെ വേണം മുന്നേറാൻ. അക്കാര്യത്തിൽ എല്ലാ കഥകളിസ്നേഹികലുടേയും പങ്കാളിത്തം ആവശ്യമുണ്ട്. സഹകരിക്കുമല്ലോ.


ഉദ്ഘാടനപരിപാടിയുടെ ബ്രോഷർ, ചില പോസ്റ്ററുകൾ എന്നിവ കൂടെച്ചേർക്കുന്നു. ഫെയ്സ്‌ബുക്ക്, ഓർക്കൂട്ട്, ഗൂഗുൾ ബസ്സ് എന്നിവയിലെല്ലാം ഈ വെബ്സൈറ്റിന്റെ ഉദ്ഘാടനവാർത്തക്ക് നമ്മളോരോരുത്തരും പ്രചരണം നൽകണം എന്നഭ്യർത്ഥിക്കുന്നു. ബ്ലോഗർമാരായ കഥകളിപ്രേമികൾ തങ്ങളുടെ ബ്ലോഗുകളിൽ ഈ ബ്രോഷർ അടങ്ങുന്ന ഒരു പോസ്റ്റ് ചെയ്താൽ കൂടൂതൽ നല്ലത്. ഓരോരുത്തരും താന്താങ്ങൾക്ക് കഴിയുന്ന നിലയിൽ പ്രചരണം നൽകുക. ഈ സ്വതന്ത്രസംരംഭത്തിന്റെ വിജയവും ഭാവിയും ഓരോ കഥകളിപ്രേമിയുടേയും കൈകളിലാണ്. ഓരോരുത്തരുടേയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഴുതി അറിയിക്കുക. കലാസ്നേഹത്തിന്റെ പൊതുഭൂമിയിൽ, ദ്വേഷങ്ങളില്ലാതെ നമുക്ക് ഒന്നിച്ചുനീങ്ങാം.

സ്നേഹപൂർവ്വം,
ശ്രീചിത്രൻ എം. ജെ.(വികടശിരോമണി)
ബ്ലോഗ്: www.chengila.blogspot.com
 
* വെബ്സെറ്റിന്റെ സാങ്കേതികപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വെബ്സെറ്റിന്റെ വിവരങ്ങൾ www..kunchunairtrust.blogspot.com എന്ന വിലാസത്തിലുള്ള ബ്ലോഗിൽ ലഭ്യമാവും.

3 Responses to "കഥകളിക്കായി ഇതാ ഒരു സൈറ്റ്"

  1. നമ്മുടെ സാക്ഷാൽ കളിക്കും അങ്ങിനെ നല്ലൊരു സൈറ്റായി...!

    ReplyDelete
  2. കഥകളിയെ ഇന്നും നശിക്കാതെ നിലനിറുത്തുന്ന എല്ലാവർക്കും എന്റെ നമോവാകം. ഒപ്പം ഈ സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  3. നമ്മുടെ ചിത്രകാരന്‍ അറിയേണ്ട....

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts