
ബിജുകുമാര്‍ ആലക്കോട്
ഏതൊരു മാധ്യമ ഗവേഷക വിദ്യാര്‍ത്ഥിയും അത്യന്തം ശ്രദ്ധാപൂര്‍വം പഠിയ്ക്കേണ്ട ഏതാനും നാളുകളാണ് ഈയിടെയായി കേരളത്തില്‍ കഴിഞ്ഞു പോയത്. നമ്മുടെ രാഷ്ട്രീയ-സാംസ്കാരിക ബോധമണ്ഡലത്തിലേയ്ക്ക് ഏതു തരത്തിലുള്ള “ബോധ്യ”മാണ് ഇവിടുത്തെ മാധ്യമങ്ങള്‍ അടിച്ചു കയറ്റാന്‍ ശ്രമിയ്ക്കുന്നതെന്നറിയുന്നത് കൌതുകകരമായിരിയ്ക്കുമെങ്കിലും അതിന്റെ ഫലം നമ്മെ ഇരുത്തിചിന്തിപ്പിയ്ക്കേണ്ടതാണ്.
പണ്ടൊക്കെ നാം നാട്ടിലിറങ്ങി, കണ്ടും കേട്ടും കാര്യങ്ങള്‍ അറിഞ്ഞിരുന്നു. നാല്‍ക്കവലയിലിരുന്ന് ചര്‍ച്ച ചെയ്ത് അവയെ നെല്ലും പതിരും വേര്‍തിരിച്ചിരുന്നു. അതു കൊണ്ട് തന്നെ മിക്കവാറും യാഥാര്‍ത്ഥ്യങ്ങളോട് വളരെ അടുത്ത ഒരു “സാമൂഹ്യബോധ്യ”മാണ് നമുക്കുണ്ടായിരുന്നത്. മുഖ്യമായും ഉണ്ടായിരുന്ന അച്ചടി മാധ്യമങ്ങള്‍ ഓരോ വാര്‍ത്തയും സാമൂഹ്യപ്രതിബദ്ധത എന്ന അരിപ്പയിലൂടെ അരിച്ചാണ് ജനങ്ങളിലേയ്ക്ക് നല്‍കിയിരുന്നത്. പരിണതപ്രജ്ഞരായ പത്രാധിന്മാരായിരുന്നു ഓരോ പത്രത്തെയും നിയന്ത്രിച്ചിരുന്നത്. മുതലാളി പത്രവാര്‍ത്തകള്‍ക്കിടയില്‍ നുഴഞ്ഞുകയറുന്നത് അപൂര്‍വവുമായിരുന്നു.
കാലം പോകെ എല്ലാം മാറി. സ്വകാര്യ ദൃശ്യമാധ്യമങ്ങളുടെ വരവോടെ എല്ലാം മാറി മറിഞ്ഞു. തുടക്കകാലത്ത് അവയില്‍ മിക്കവയും പാലിച്ചിരുന്ന സംയമനവും പ്രതിബദ്ധതയുമെല്ലാം വലിച്ചെറിഞ്ഞ് നിക്ഷിപ്ത താല്പര്യ സംരക്ഷണം എന്ന ഒരൊറ്റ അജണ്ടയിലേയ്ക്ക് ഇപ്പോള്‍ കേന്ദ്രീകരിച്ചിരിയ്ക്കുന്നു. തങ്ങള്‍ കാണുന്നതെല്ലാം “യാഥാര്‍ത്ഥ്യ“മെന്ന് പ്രേക്ഷകനെ വിദഗ്ധമായി ബോധ്യപ്പെടുത്താന്‍ ഇന്ന് അവര്‍ക്കൊരു പ്രയാസവുമില്ല.
ഇന്ന് എല്ലാവരും തങ്ങളുടെ സ്വീകരണമുറിയിലെ “കാഴ്ചപെട്ടി“യിലൂടെയാണ് തൊട്ടപ്പുറത്തു നടക്കുന്ന സംഭവങ്ങള്‍ പോലും അറിയുന്നത്. “വായില്‍ വരുന്നത് കോതയ്ക്ക് പാട്ട്“ നിലവാരമുള്ള “റിപ്പോര്‍ട്ടര്‍”മാരാണ് നമ്മുടെ സാമൂഹ്യബോധത്തെ നിര്‍ണയിയ്ക്കുന്നത്. സാമാന്യ ലോകവിജ്ഞാനം പോയിട്ട് നേരെ ചൊവ്വെ മലയാളം ഉച്ചരിയ്ക്കാന്‍ പോലും അറിയാത്ത ഈ പുങ്കന്മാരിലൂടെ സൃഷ്ടിയ്ക്കപെടുന്ന അവബോധം ഏതു നിലവാരത്തിലുള്ളതായിരിയ്ക്കും?
കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ സമയവും സ്ഥലവും ചിലവഴിച്ച വാര്‍ത്ത ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. “ലാവലിന്‍ കേസ്”. എത്രയോ വര്‍ഷങ്ങളായി അതിങ്ങനെ കൂടിയും കുറഞ്ഞും പല “വേവ് ലെങ്തി“ല്‍ നമ്മുടെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രസരിച്ചു കൊണ്ടിരിയ്ക്കുന്നു. ഇവിടെ നമ്മുടെ മാധ്യമങ്ങള്‍ പറയുന്ന ന്യായം, തങ്ങള്‍ അഴിമതിയ്ക്കെതിരെ “കുരിശു യുദ്ധം“ നയിയ്ക്കുന്നു എന്നാണ്. ആദ്യം 370 കോടി രൂപയില്‍ തുടങ്ങിയ വിവാദം ഇപ്പോള്‍, മുഖ്യ പ്രതിയായി അവതരിപ്പിച്ച രാഷ്ട്രീയ നേതാവ് കൈക്കൂലിയൊന്നും മേടിച്ചതായി തെളിവില്ല എന്നു സി.ബി.ഐ. കോടതിയില്‍ പറയുന്നിടം വരെയെത്തി. എന്നിട്ടും വിവാദം തീരാതെ, പുതിയ “സാക്ഷി”കള്‍ വരുന്നു; പലതും “വെളിപ്പെടുത്തു”ന്നു.
എന്തിന്, കേസിനോടനുബന്ധിച്ച് ഒരു കൊലപാതകം വരെ നടന്നതായി “വെളിപ്പെടുത്ത”ലുണ്ടായി. എന്നാല്‍ ആര്, എവിടെ, എപ്പോള്‍, എന്തിന്, എങ്ങനെ എന്നീ അടിസ്ഥാനകാര്യങ്ങളൊന്നും “സാക്ഷി” വെളിപ്പെടുത്തിയിട്ടുമില്ല. നാട്ടിന്‍പുറങ്ങളില്‍ എന്നോ നടന്ന കൊല്ലക്കേസുകള് വരെ “അന്വേഷിച്ച്” പലപേരുകളില്‍ രാത്രിസമയത്ത് വിളമ്പിത്തരുന്ന ഒരൊറ്റ ചാനലും ഇതേ പറ്റി അന്വേഷിയ്ക്കുകയോ കമാന്നൊരക്ഷരം മിണ്ടുകയോ ഉണ്ടായില്ല. എന്തുകൊണ്ട്? ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയ്ക്കെതിരെയോ അതിന്റെ നേതാവിനെതിരെയോ ഉള്ള ആരോപണം എന്നും സജീവമായി നിലനിര്‍ത്തുക എന്ന ഗൂഡലക്ഷ്യമല്ലേ ഈ വാര്‍ത്തകള്‍ക്കെല്ലാം പിന്നിലുള്ളത് ?
ശരി, അതവിടെ നില്ക്കട്ടെ. നമുക്ക് സമീപകാലത്തേയ്ക്ക് വരാം. ഈയടുത്ത കാലത്തെ ഏറ്റവും വലിയ വാര്‍ത്ത 2G സ്പെക്ട്രം അഴിമതിയാണല്ലൊ. ഏതാണ്ട് 1,70,000 കോടിയിലധികം രൂപയുടെ അഴിമതിയാണ് നടന്നതെന്ന് സി.എ.ജി. പറയുന്നു..! സാധാരണക്കാരന് പെട്ടെന്നുള്‍ക്കൊള്ളാനാവാത്ത വലിയൊരു സംഖ്യ. (ഏതാണ്ട് രണ്ടു വര്‍ഷം മുന്‍പേ പ്രമുഖ ഇടതുപക്ഷ നേതാക്കള്‍ ഈ ആരോപണം ഉന്നയിച്ചെങ്കിലും നമ്മുടെ മാധ്യമങ്ങളോ കേന്ദ്രസര്‍ക്കാരോ അതു കേട്ടതായിപോലും നടിച്ചില്ല.)
370 കോടി രൂപയുടെ “അഴിമതി” ആരോപണത്തിന് ഉണ്ടായ വിവാദം കണക്കിലേടുക്കുമ്പോള് ഒന്നേമുക്കാല്‍ ലക്ഷം കോടിയ്ക്ക് എത്രയിരട്ടി വിവാദമാണ് ഉണ്ടാകേണ്ടത് ? 1700000000000 / 370 = 459,45,94,595 ഏതാണ്ട് നാനൂറ്ററുപത് കോടി ഇരട്ടി..!! അതായത് ലാവലിന്‍ വിവാദത്തിന് ആകെ ഒരു മണിക്കൂറെങ്കിലും ചിലവഴിച്ച മാധ്യമങ്ങള്‍ തുല്യത പാലിയ്ക്കണമെങ്കില് സ്പെക്ട്രം വിവാദത്തിന് 1,914,41,441 ദിവസങ്ങള്‍ അഥവാ 5,24,497 (അഞ്ചേകാല്‍ ലക്ഷം) വര്‍ഷങ്ങള്‍ ചിലവഴിയ്ക്കേണ്ടി വരും !!!
സ്പെക്ട്രം വിവാദത്തിന് നമ്മുടെ മാധ്യമങ്ങളില്‍ ഇപ്പോഴുള്ള അവസ്ഥ കൂടി ഒന്നു നോക്കൂ. ന്യൂസ് അവര്‍ ചര്‍ച്ചകളിലോ പത്രങ്ങളുടെ മുന്പേജുകളിലോ ആ വാര്‍ത്തയുണ്ടോ? അഴിമതിയ്ക്കെതിരെയുള്ള “കുരിശുയുദ്ധ”ക്കാര് എവിടെ പോയി? ഇനി ഇതിന്റെ അനുബന്ധ വിവാദംകൂടി നോക്കുക. നീരാ റാഡിയ വിവാദം ആണത്. പ്രമുഖ പത്രങ്ങളിലെ വാര്‍ത്തകളും വിശകലനങ്ങളും ഇന്ത്യയുടെ വമ്പന്‍ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ താല്പര്യത്തിനനുസരിച്ച് “ഉണ്ടാക്കി“യെടുക്കുക, അവയിലൂടെ സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് നേട്ടം ഉണ്ടാക്കുക. ഇതിന് കോര്‍പറേറ്റുകളെ സഹായിയ്ക്കാനുള്ള ഒരു സ്ഥാപന നടത്തിപ്പുകാരിയാണ് നീര റാഡിയ. അവരുടെ പറ്റുകാരാണ് പല മാധ്യമ ശിങ്കങ്ങളുമെന്നത് ഞെട്ടിപ്പിയ്ക്കേണ്ട ഒരു വാര്‍ത്തയായിരുന്നു. പക്ഷേ കുല്‍ദീപ് നയ്യാരെ പോലുള്ള ഏതാനും പഴമക്കാരല്ലാതെ ആരും ഞെട്ടിയില്ല. കേരളത്തിലെ “കുരിശുയുദ്ധ“ക്കാര് പേരിന് വാര്‍ത്ത നല്കി തടിതപ്പി. ആര്‍ക്കറിയാം ഇവരിലെത്ര പേര് നീരയെ പോലുള്ള ആരുടെയെല്ലാം പറ്റുകാരാണെന്ന്..! സ്പെക്ട്രം അഴിമതിയുടെ നടത്തിപ്പുകാരനായ രാജയെ ടെലിക്കോം മന്ത്രിയാക്കിയതില്‍ നീരയ്ക്കും പങ്കുണ്ടെന്ന സൂചനകള്‍ കൂടി ആവുമ്പോള്‍ ചിത്രം വ്യക്തമാണ്.
നീരയും ഒരു കോളമെഴുത്തുകാരനും കൂടിയുള്ള ടെലിഫോണ്‍ സംഭാഷണം ചോര്‍ന്നതാണ് ഇക്കാര്യങ്ങളെല്ലാം പുറത്തറിയാന്‍ കാരണം. ഏതായാലും നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. സമയം കളയാതെ വാര്‍ത്ത ചോര്‍ത്തിയതിനെതിരെ കേസെടുത്തു! വാര്‍ത്തയ്ക്കു കാരണമായ സംഭവം കണ്ടില്ലെന്നും നടിച്ചു !!ഇതിനിടയില്‍ കേരളത്തിലെ ഒരു “ബല്യ”പത്രം വേറൊരു വെടി പൊട്ടിയ്ക്കാനും മറന്നില്ല. നീരയ്ക്ക് ഇടതുപക്ഷക്കാരുമായും ബന്ധമുണ്ടെന്ന് ഏതോ ഒരു ഇംഗ്ലീഷ് പത്രം ആരോപിച്ചത്രേ..! മുന്‍പേജില്‍ രണ്ടു മൂന്നു ദിവസം തുടര്‍ച്ചയായി അതാഘോഷിച്ചെങ്കിലും അത്ര ക്ലച്ചു പിടിച്ചില്ല. മറ്റൊരു ബല്യപത്രം ഇപ്പൊഴും ലോട്ടറിയിലാണ് തൂങ്ങുന്നത്. ഇവരാരും പര്‍വതാകാരം പൂണ്ട “സ്പെക്ട്ര“ത്തെയോ “നീര”യോ കണ്ടതായിപോലും ഭാവിയ്ക്കുന്നില്ല.
മാധ്യമ സഹായത്തോടെ ജനങ്ങളുടെ കണ്ണില്‍ നിന്നും മറച്ചുപിടിച്ചു കൊണ്ട് ഭരണകേന്ദ്രങ്ങളില്‍ എന്തെല്ലാം നടക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഇങ്ങനെ മറയ്ക്കപെട്ട വിവരങ്ങള്‍ വെളിയില്‍ വന്നാല്‍ എന്തൊക്കെ പ്രത്യാഘാതം ഉണ്ടാകാം എന്നതിന്റെ തെളിവാണ് “വിക്കിലീക്സ്” സംഭവം. ഒപ്പം നില്‍ക്കുന്നവരെ പറ്റിപോലും തങ്ങള്‍ക്കുള്ള അഭിപ്രായം എന്തെന്ന് ലോകസമക്ഷം വെളിവാക്കപ്പെട്ടപ്പോള്‍ ലോകശക്തിയായ അമേരിയ്ക്ക ലജ്ജിച്ചു തലതാഴ്ത്തേണ്ടി വന്നു. ഇങ്ങനെ മറയ്ക്കപെടുന്ന വിവരങ്ങള്‍ വെളിയില്‍ കൊണ്ടു വരാന്‍ ബദല്‍ മാധ്യമങ്ങള്‍ക്കേ താല്പര്യമുണ്ടാകൂ. വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്ക് തങ്ങളുടെ നിക്ഷിപ്ത താല്പര്യത്തില് കവിഞ്ഞ് മറ്റൊരു പ്രതിബദ്ധതയുമില്ല. നാമൊക്കെ എന്നും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ മറ്റാര്‍ക്കോ വേണ്ടി പടച്ചുണ്ടാക്കപെട്ടതാണോ എന്ന സംശയിക്കേണ്ട കാലമാണിത്.
ഇവിടെയാണ് വാര്ത്താപോര്ട്ടലുകളുടെയും (തെഹെല്ക്ക പോലെ) ബ്ലോഗുകളുടെയും പ്രസക്തി. പ്രതിബദ്ധതയുള്ള ബ്ലോഗര്‍മാര്‍ക്ക് വെളിച്ചത്തു കൊണ്ടുവരാന്‍ എന്തെല്ലാം കിടക്കുന്നു നമ്മുടെ നാട്ടില്‍. വായിയ്ക്കുന്നവര്‍ക്ക്, വാര്‍ത്തയില്‍ കലര്‍പ്പുണ്ടെങ്കില്‍ പ്രതികരിയ്ക്കാന്‍ കഴിയുമെന്നത് ബ്ലോഗുകളെ വേറിട്ടു നിര്‍ത്തുന്നു. ഈ രംഗത്തേയ്ക്ക് സത്യസന്ധരും അന്വേഷണത്വരയുമുള്ളവരും കടന്നു ചെന്നാല്‍ ഇവിടുത്തെ നിക്ഷിപ്ത താല്പര്യക്കാരായ മാധ്യമങ്ങള്‍ക്കു മൂക്കുകയറിടാനാവും. ഇതിനൊരുദാഹരണമാണ് ഈയിടെ “നമ്മുടെ ബൂലോകം” പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഈയിടെ പുറത്തുകൊണ്ടു വന്ന തട്ടിപ്പ്. ഐ.എ.എസ്. കാരനെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ഒരു വ്യക്തിയെ എല്ലാവിധ തെളിവുകളോടും കൂടി തുറന്നു കാണിയ്ക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഈ വ്യക്തിയെ പുകഴ്ത്തിയും ഉയര്‍ത്തിക്കാട്ടിയും ഫീച്ചറുകളെഴുതിയ വമ്പന്‍ പത്രത്തിന് അതു തിരുത്തേണ്ടതായും വന്നു. ഇത് ബദല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ആനുകാലികപ്രസക്തിയ്ക്ക് അടിവരയിടുന്നു. ഇനിയും നമ്മുടെ ബ്ലോഗര്‍മാര്‍ക്ക് ഈ രംഗത്ത് മുന്നേറാന്‍ കഴിയട്ടെ എന്ന് പ്രത്യാശിയ്ക്കുകയും ചെയ്യുന്നു.
ബിജു അഭിനന്ദനങ്ങള്‍...
ReplyDeleteതലക്കെട്ടിന്റെ അത്ര ഗരിമ റിപ്പോര്‍ട്ടിന് വന്നില്ല. എന്നിരുന്നാലും ഈ പോസ്റ്റിന് വളരെയധികം കാലികപ്രസക്തിയുണ്ട്.
ഒന്നുകൂടി വിശദമായി പഠിക്കുകയും, ഗവേഷണം നടത്തുകയും ചെയ്താല്‍ ഈ വിഷയത്തെപ്പറ്റി വളരെ മനോഹരമായി ബിജുവിന് എഴുതാന്‍ കഴിയും.
സ്നേഹത്തോടെ.......
നമ്മള് എന്തു ചിന്തിക്കണമെന്നു ഇന്നു തീരുമാനിക്കുന്നത് ഒരു പറ്റം മാധ്യമങ്ങളാണ്. അവരുടെ വൃത്തികെട്ട മനസ്സിന്റെ ജല്പനങ്ങളെ ചിലര്‍ അതേപടി വിഴുങ്ങുന്നു.
ReplyDeleteവളരെ കാലികമായ വിഷയം തന്നെ ഇത്. കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടട്ടെ. കുടിലബുദ്ധിയോടെ, വ്യക്തമായ അജണ്ടയുമായി 'മുക്കിയധാരാ മാധ്യമങ്ങള്‍ ' വെണ്ടക്കയായി നിരത്തുന്ന ചെറ്റത്തരങ്ങളെ അതേപടി വിശ്വസിക്കുന്ന നിഷ്കളങ്കകുങ്കന്മാര് തിരിച്ചറിയട്ടെ ഇവരുടെ തനിനിറം.
അഭിനന്ദനങ്ങള്‍ ...
ശ്രീ ബിജുകുമാര്‍,
ReplyDeleteസമയോചിതമായ ലേഖനം.
"ഏതൊരു മാധ്യമ ഗവേഷക വിദ്യാര്‍ത്ഥിയും അത്യന്തം ശ്രദ്ധാപൂര്‍വം പഠിയ്ക്കേണ്ട ഏതാനും നാളുകളാണ് ഈയിടെയായി കേരളത്തില്‍ കഴിഞ്ഞു പോയത്"
കേരളത്തില്‍ മാത്രമല്ലാ, ഭാരത്ത്തിലും ഇയിടെയായി മാധ്യമ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
IBN- fake twitter episode - http://dalalmedia.posterous.com/36632972
TimesNow - twitter twisting episode -http://swathipradeepworld.wordpress.com/2010/12/20/times-now-twists-tweets/
മേല്‍ പറഞ് സംഭവങ്ങള്‍ രണ്ടിലും ബ്ളോഗ്ഗര്‍മാര്‍ സതുത്യര്‍ഹമായ പ്രവര്‍ത്തനം കായ്ച വെച്ചു.