ആയുര്‍വ്വേദ കോളേജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി.

റ്റാരെക്കാളും ആയുര്‍വ്വേദ വിദ്യാര്‍ത്ഥികള്‍ തന്നെ ആയിരിക്കണം ഇതുപോലെയുള്ള  ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കേണ്ടത്. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ആദിവാസികളെപ്പോലെ, പ്രകൃതിയുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന ചികിത്സാസമ്പദായങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന വൈദ്യശാസ്ത്രവിഭാഗമാണ് നിങ്ങളുടേത്. അത് ഉള്‍ക്കൊണ്ട് നന്മനിറഞ്ഞ മനസ്സോടെ ജീവിതം മുന്നോട്ട് നയിക്കാന്‍ നിങ്ങള്‍ക്കോരുത്തര്‍ക്കും കഴിയണം. സമൂഹവുമായി ഇതുപോലുള്ള ഇടപെടലുകള്‍ എന്നുമുണ്ടാകണം. ഞാനിത് നിങ്ങളോട് എന്നും പറയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.

പ്രിന്‍സിപ്പാളിന്റെ പ്രസംഗം 3 മിനിറ്റിലധികം നീണ്ടുപോയില്ല. ഒരുപാട് തിരക്കുകള്‍ക്കിടയില്‍ നിന്നാണ് ഈ മീറ്റിങ്ങിനായി അദ്ദേഹം സമയം കണ്ടെത്തി വന്നത്. പക്ഷെ കുറഞ്ഞ സമയത്തിനുള്ളില്‍ അദ്ദേഹം പറഞ്ഞത് വസ്തുനിഷ്ടമായ കാര്യങ്ങളായിരുന്നു.

തൃപ്പൂണിത്തുറ ആയുര്‍വ്വേദ കോളേജിന്റെ മൂന്നാം നിലയിലെ ഓഡിറ്റോറിയത്തില്‍ നടന്ന എന്‍.എസ്.എസ്. ന്റെ ഒരു ജീവകാരുണ്യ പ്രവര്‍ത്തന ചടങ്ങിലാണ് പ്രിന്‍സിപ്പാള്‍ ഡോ:നളിനാക്ഷന്‍ സാര്‍ തന്റെ വിദ്യാര്‍ത്ഥികളെ ചികിത്സാ  ജീവനത്തിനപ്പുറത്തുള്ള സാമൂഹ്യജീവിതത്തിന്റേയും ഇടപഴകലിന്റേയുമൊക്കെ ആവശ്യകതകളെപ്പറ്റി ഉത്ബോധിപ്പിച്ചത്.

ഇങ്ങനൊരു ചടങ്ങില്‍ പങ്കെടുക്കാനായത് ഒരു ഭാഗ്യമായിട്ടുതന്നെ എനിക്കനുഭവപ്പെട്ടു.  അതിനവസരമുണ്ടാക്കിയ കോളേജിലെ അദ്ധ്യാപകനും നമുക്കെല്ലാം സുപരിചിതനുമായ ബ്ലോഗര്‍ ഡോ:ജയന്‍ ഏവൂരിനോട് എത്ര നന്ദി പറഞ്ഞാലും അധികമാവുകയില്ല.

വയനാട്ടില്‍ ആദിവാസി സഹോദരങ്ങള്‍ക്കായി മൈനാ ഉമൈബാന്റേയും, ആഷ്‌ലിയുടേയും നേതൃത്വത്തില്‍, കുഞ്ഞഹമ്മദിക്കയുടെ സഹകരണത്തോടെ നടത്തിയ വസ്ത്രശേഖരണവും വിതരണവുമൊക്കെ ബൂലോകത്തെല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ആദ്യവട്ടം എല്ലാ കുടികളിലും തുണികള്‍ എത്തിക്കാന്‍ നമുക്കായില്ല. അടുത്ത 2 മാസത്തിനുള്ളില്‍ ബാക്കിയുള്ളവര്‍ക്ക് കൂടെ ആവശ്യമായ തുണികള്‍ എത്തിക്കാമെന്ന് അന്നുതന്നെ നമ്മള്‍ വാഗ്ദാനം ചെയ്തിരുന്നു. ആ അവശ്യത്തിലേക്കായി തുണികള്‍ ശേഖരിക്കുന്ന അവസരത്തിലാണ് ഡോ:ജയന്‍ ഏവൂരിന്റെ വിളി വരുന്നത്. 26ന് വൈകീട്ട് കോളേജില്‍ വന്നാല്‍ കുറച്ച് തുണികള്‍ കൊണ്ടുപോകാം എന്നായിരുന്നു അറിയിച്ചത്. കോളേജില്‍ എത്തിയപ്പോള്‍ ശരിക്കും മനസ്സ് നിറഞ്ഞു. കുട്ടികള്‍ മനസ്സ് നിറച്ചു എന്ന് പറയുന്നതാകും ശരി. എന്‍.എസ്.എസ്.ന്റെ കീഴില്‍ ഔദ്യോഗികമായി ഒരു ചടങ്ങ് തന്നെ സംഘടിപ്പിച്ചിരിക്കുന്നു കോളേജില്‍. അത്രയും വിപുലമായ ഒരു ചടങ്ങ് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒരുപാട് പേര്‍ വൈക്കത്ത് നടക്കുന്ന മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നെങ്കിലും ഹാള്‍ നിറയെ കുട്ടികളുണ്ടായിരുന്നു. സ്വാഗതം പറഞ്ഞത് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനസ്. അദ്ധ്യക്ഷന്‍ ഡോ:ജയന്‍ ഏവൂര്‍, കുട്ടികള്‍ ഇന്റര്‍നെറ്റ് വഴി പുറം ലോകവുമായി സംവദിക്കേണ്ടതിന്റേയും ബ്ലോഗ് പോലുള്ള മാദ്ധ്യമങ്ങളിലൂടെ ചികിത്സകള്‍ വരെ നടത്താനുള്ള സാദ്ധ്യതകള്‍ സ്വായത്തമാക്കേണ്ടതിന്റേയും ആവശ്യകതയെപ്പറ്റി വിശദീകരിച്ചു. ചടങ്ങ് ഉത്ഘാടനം ചെയ്ത് തുണികള്‍ കൈമാറിയത് പ്രിന്‍സിപ്പാള്‍. കൃതഞ്ജത രേഖപ്പെടുത്തിയത് ഡോ:ജയപ്രകാശ്.

ആദിവാസി സഹോദരങ്ങളുടെ പേരില്‍ കുട്ടികള്‍ക്ക് നന്ദി പറഞ്ഞ് പിരിഞ്ഞപ്പോള്‍ ഒരു കുന്ന് തുണികളാണ് കുട്ടികള്‍ എന്റെ വാഹനത്തിലേക്ക് കൊണ്ടുവന്ന് വെച്ചത്. ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ തങ്ങളെ ഭാഗഭാക്കാക്കണമെന്നും ബുദ്ധിമുട്ട് അനുഭവിക്കുന്ന ആദിവാസികളുടെ കോളനികള്‍ നേരില്‍ കാണാന്‍ തങ്ങള്‍ക്കും അവസരമുണ്ടാക്കിത്തരണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു.

ഈ കുട്ടികള്‍ മുക്തകണ്ഡം പ്രശംസ അര്‍ഹിക്കുന്നു. ഇവര്‍ എന്തുകൊണ്ടും ആതുരസേവനരംഗത്ത് എന്നപോലെ സമൂഹത്തിലേയും പുതു പ്രതീക്ഷകള്‍ തന്നെയാണ്. എല്ലാവര്‍ക്കും എന്റെ ആശംസകള്‍. അതോടൊപ്പം ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പസ് ഒരു അരങ്ങാക്കി മാറ്റി കുട്ടികള്‍ക്ക്  കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഡോ:ജയന്‍ ഏവൂരിനും അഭിനന്ദനങ്ങള്‍, ആശംസകള്‍. 


ചടങ്ങിന്റെ ചില ദൃശ്യങ്ങള്‍ ഇതാ...
വേദിയുടേയും സദസ്സിന്റേയും ഒരു ദൃശ്യം. വേദിയില്‍ ഇടത്തുനിന്ന് - അന്‍സ്, ഡോ:ജയപ്രകാശ്, ഡോ.നളിനാക്ഷന്‍, നിരക്ഷരന്‍, ഡോ:ജയന്‍ ഏവൂര്‍
വസ്ത്രപ്പൊതി കൈമാറി പ്രിന്‍സിപ്പാള്‍ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നു.
സദസ്സിന്റെ മറ്റൊരു ദൃശ്യം.
കുട്ടികള്‍ ശേഖരിച്ച് തന്ന വസ്ത്രങ്ങളുടെ കൂമ്പാരം.
വസ്ത്രവിതരണവുമായി ബന്ധപ്പെട്ട് ഒരു അപ്‌ഡേറ്റ് കൂടെ ഈ അവസരത്തില്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

1. ആദ്യത്തെ വസ്ത്രവിതരണപ്രവര്‍ത്തനങ്ങള്‍ക്ക് നമുക്കൊപ്പം നിന്ന നിര്‍ദ്ധനനായ കുഞ്ഞഹമ്മദിക്കയെപ്പറ്റിയുള്ള ബ്ലോഗ് വായിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ മകളെ സഹായിക്കാന്‍ ഒരുപാട് പേര്‍ മുന്നോട്ട് വന്നു. ദിവസം 40 രൂപ വാടക കൊടുത്ത് തുന്നല്‍ ജോലി ചെയ്യുകയായിരുന്ന ആ കുട്ടിക്ക് ഒരു പുതിയ തയ്യല്‍ മെഷീനും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കൊടുത്താണ് എല്ലാവരും കൂടെ അദ്ദേഹത്തെ സഹായിച്ചത്. രണ്ട് തയ്യല്‍ മെഷീനുകള്‍ കൂടെ കൊടുക്കാന്‍ തയ്യാറായി ചിലര്‍ വന്നിട്ടുണ്ട്. അത് ഗുണകരമായ രീതിയില്‍ ചെയ്യാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

2. കുഞ്ഞഹമ്മദിക്കയെപ്പറ്റിയുള്ളതും നമ്മള്‍ ചെയ്തതുമായ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ പത്രമാദ്ധ്യമങ്ങളില്‍ വന്നതനുസരിച്ച്, തീരെ അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്ന കൊമ്മഞ്ചേരി കോളനിയിലേക്ക് വയനാട് ജില്ലയിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചെന്നെത്തുകയും, അവരുടെ സംസ്ഥാന നേതൃത്വത്തിലേക്ക് കോളനിയിലെ വിവരങ്ങള്‍ അറിയിക്കുകയും ചെയ്തതനുസരിച്ച് കൊമ്മഞ്ചേരി കോളനിയില്‍ ഉള്ളവരെ കുറേക്കൂടെ മനുഷ്യവാസം ഉള്ള സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആലോചനകളും നടക്കുന്നുണ്ട്. അതെല്ലാം നല്ല രീതിയില്‍ അവസാനിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

3. മുന്‍പറഞ്ഞ പത്രവാര്‍ത്തകള്‍ വായിച്ച് വയനാട്ടിലെ തിരുനെല്ലിയിലെ ഒരു ആദിവാസി സ്കൂളിലെ സാമുവല്‍ എന്ന അദ്ധ്യാപകന്‍ കുഞ്ഞഹമ്മദിക്കയുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ സ്ക്കൂളിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്കായി ഒരു ജോഡി യൂണിഫോം സംഘടിപ്പിച്ച് കൊടുക്കാനാവുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. ആ ആവശ്യം ബൂലോക കാരുണ്യം ഏറ്റെടുത്തു, അതിനെപ്പറ്റിയുള്ള പോസ്റ്റ് ഇടുകയും ചെയ്തു. 321 കുട്ടികള്‍ക്കായുള്ള യൂണിഫോം തുക പിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടന്നുകൊണ്ടിര്‍ക്കുകയാണ്. 2 മാസത്തിനകം കുറ്റങ്ങളും കുറവുകളും ഇല്ലാതെ നല്ല രീതിയില്‍ ആ പ്രവര്‍ത്തനം മുഴുമിപ്പിക്കാന്‍ നമുക്കാവും എന്ന് പ്രതീക്ഷിക്കുന്നു.

4. രണ്ടാം ഘട്ടവസ്ത്രശേഖരണത്തിന്റെ ഭാഗമായി എറണാകുളം റോട്ടറി ക്ലബ്ബിലെ ഭാരവാഹികളും അംഗങ്ങളും തുണികള്‍ തരാമെന്ന് ഏറ്റിട്ടുണ്ട്. എറണാകുളത്ത് നടക്കുന്ന പുസ്തകോത്സവത്തിലെ എന്‍.ബി.പബ്ലിക്കേഷന്റെ 124 -)ം നമ്പര്‍ കൌണ്ടറില്‍ ആര്‍ക്ക് വേണമെങ്കിലും തുണികള്‍ ഏല്‍പ്പിക്കാവുന്നതാണ്. ആദ്യത്തെ പ്രാവശ്യത്തേത് പോലെ ആഷ്‌ലിയുടെ നേതൃത്വത്തില്‍ ബാംഗ്ലൂരും തുണികള്‍ ശേഖരിക്കപ്പെടുന്നുണ്ട്. ബാംഗ്ലൂര്‍ ഉള്ളവര്‍ക്ക് എല്ലാവര്‍ക്കും ആ വഴി സഹകരിക്കാം. ഖത്തറില്‍ നിന്ന് നമ്മളുമായി സഹകരിക്കുന്ന സുഹൃത്തുക്കള്‍ പാഴ്‌സല്‍ ആയി തുണികള്‍ അയച്ചുകഴിഞ്ഞു. എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തട്ടെ. നിലവില്‍ കൈവശം കിട്ടിയിട്ടുള്ള തുണികള്‍ എല്ലാം ഈ മാസം 30ന് വയനാട്ടില്‍ എത്തി കുഞ്ഞഹമ്മദിക്ക വഴി ആദിവാസി സഹോദരങ്ങള്‍ക്ക് കൈമാറുന്നതാണ്.

5. ഇതിനൊക്കെ പുറമേ ബ്ലോഗര്‍ ഡോ:നാസും  ഭര്‍ത്താവ് ഡോ:കുട്ടിയും വയനാട്ടിലെ ചെതലയം ആദിവാസി കോളനികളില്‍ മറ്റ് സഹ ഡോക്‍ടര്‍മാരോടൊപ്പം ചേര്‍ന്ന് സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്താന്‍ സന്നദ്ധരായി വന്നിട്ടുണ്ട്. അതിന്റെ ചര്‍ച്ചകള്‍ കുഞ്ഞഹമ്മദിക്കയുമായി നടന്നു വരുന്നു.

ഇങ്ങനെയൊക്കെ ബൂലോകരുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഒന്നിന് പുറമേ ഒന്നായി നല്ല രീതിയില്‍ തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗത്ത് ജീവിക്കുന്ന, പരസ്പരം കണ്ടിട്ട് പോലും ഇല്ലെങ്കിലും പണത്തിന് പണവും വസ്ത്രത്തിന് വസ്ത്രവുമൊക്കെ തന്ന് സഹായിക്കുന്ന നല്ല മനസ്സുകള്‍ വിചാരിച്ചാല്‍ സമൂഹത്തിന് ഉപകാരപ്പെടുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും എന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണ് ഇവിടെ.

ലോകമെങ്ങും നടമാടുന്ന വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും പകയുടേയും പ്രതികാരത്തിന്റേയുമൊക്കെ തീരെ ഗുണകരമല്ലാത്ത പ്രവണതകള്‍ക്കിടയില്‍ നിന്നുകൊണ്ട് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഇത്തരം ചെറിയ ചെറിയ നല്ല കാര്യങ്ങള്‍ക്ക് തുടര്‍ന്നും എല്ലാവരുടേയും സഹകരണവും സഹായങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.

-നിരക്ഷരന്‍
(അന്നും, ഇന്നും എപ്പോഴും)

26 Responses to "ആയുര്‍വ്വേദ കോളേജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി."

 1. ഈ കുട്ടികള്‍ മുക്തകണ്ഡം പ്രശംസ അര്‍ഹിക്കുന്നു. ഇവര്‍ എന്തുകൊണ്ടും ആതുരസേവനരംഗത്ത് എന്നപോലെ സമൂഹത്തിലേയും പുതു പ്രതീക്ഷകള്‍ തന്നെയാണ്. എല്ലാവര്‍ക്കും എന്റെ ആശംസകള്‍. അതോടൊപ്പം ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പസ് ഒരു അരങ്ങാക്കി മാറ്റി കുട്ടികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഡോ:ജയന്‍ ഏവൂരിനും അഭിനന്ദനങ്ങള്‍, ആശംസകള്‍.

  ReplyDelete
 2. പ്രശംസനീയം.
  ഡോ. ജയന്‍ ഏവൂരിനും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികള്‍ക്കും കോളേജിനും നന്ദി.

  എറണാകുളത്തും പരിസരത്തുമുള്ളവര്‍ക്ക് ഡിസം.6 വരെ എറണാകുളത്തപ്പന്‍ ഗ്രൌണ്ടിലുള്ള എന്‍. ബി പബ്ലിക്കേഷന്റെ 124-ആം നമ്പര്‍ സ്റ്റാളില്‍ ഏല്‍പ്പിക്കാം.

  ReplyDelete
 3. ഈ കുട്ടികള്‍ക്കും അതിനവര്‍ക്ക് പ്രേരകരായ അദ്ധ്യാപകര്‍ക്കും..പ്രത്യേകിച്ച് ഡോ.ജയനും ആശംസകള്‍.. ഇവര്‍ ഒരു മാതൃകയാകട്ടെ.
  കൂട്ടത്തില്‍ ഇതിനായി തന്നെ വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന നിരക്ഷരനും ബാക്കി എല്ലാ കൂട്ടുകാര്‍ക്കും എല്ലാ ഭാവുകങ്ങളും.

  ReplyDelete
 4. പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍....

  ഈ സന്മനസ്സിന്റെ ഉടമകളായ എല്ലാവര്‍ക്കും എന്റെ ആശംസകള്‍ ...

  ReplyDelete
 5. മാതൃകാപരം!! ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ തികച്ചും ബ്ലോഗിന്റേയും ബ്ലോഗിനു പുറത്തുള്ളവരുടേയും നന്ദിയും അഭിനന്ദനങ്ങളും അര്‍ഹിക്കുന്നു. “ആശംസകള്‍“ എന്ന സെല്ഫ് പ്രൊമോഷന്‍ വാചകങ്ങള്‍ ബ്ലോഗിലും മറ്റു ഓണ്‍ലൈനിന്‍ ഇടങ്ങളിലും വിസ്സര്‍ജ്ജിച്ചു വെക്കുന്നവര്‍ക്കിടയില്‍ നിന്നും ഈ ആയുര്‍വേദ കോളേജും ഡോ ജയനും മറ്റു പ്രവര്‍ത്തകരും വേറിട്ടുനില്‍ക്കുന്നു.. അഭിനന്ദനങ്ങള്‍.

  ഓഫ്:: ആര്‍ക്കാണാവോ ഈ ആളുകള്‍ ആശംസകള്‍ നേരുന്നത്...എന്തിനാണാവോ!!??

  ReplyDelete
 6. മറ്റോന്നും പറയാനില്ല......

  നിങ്ങളെപ്പോലുള്ളവരെ സുഹൃത്തുക്കളായി കിട്ടിയതാണ് ഞാന്‍ പുണ്യമായി കരുതുന്നത്.

  ReplyDelete
 7. വളരെ നല്ല കാര്യം കഴിയാവുന്ന സഹായവുമായി ഞാനും കൂടെയുണ്ട്...

  ReplyDelete
 8. ബ്ലോഗില്‍ നിന്ന് പുറത്തുകടന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹം തന്നെ... എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. @ |santhosh|സന്തോഷ്-സുഹൃത്തേ താങ്കള്‍ പറഞ്ഞ "അഭിനന്ദനങ്ങള്‍" എന്തിനാണോ അതെ രീതിയില്‍ തന്നെയാണ് "ആശംസകള്‍" പറഞ്ഞിരിക്കുന്നത് . ഇത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സംരംഭം ആണ് ,വീണ്ടും ഇതുപോലുള്ള നല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നതിനാല്‍ ആണ് ആശംസകള്‍ നേര്‍ന്നത് .കൂടുതല്‍ വിവാദങ്ങള്‍ക്ക് താല്പര്യം ഇല്ലാത്തതിനാല്‍ നിര്ത്തുന്നു .

  ReplyDelete
 11. ബൂലോഗർ ഇതുപോലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ഏവരിൽ നിന്നും പ്രശംസകൾ പിടിച്ചുപറ്റി എല്ലാ മലയാളികൾക്കും ഇതുപോലുള്ള കാരുണ്യപ്രവർത്തനങ്ങൾക്ക് ഒരു വഴികാട്ടിയായി തീരട്ടേ...
  എല്ലാവിധ ആശംസകളും നേരുന്നു ...

  ReplyDelete
 12. ബ്ലോഗ് എന്ന മീഡിയയുടെ ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ സത്യത്തില്‍ അഭിമാനം തോന്നുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണുമ്പോഴാണ്. നട്ട്സ് പറഞ്ഞപോലെ നിങ്ങളെയൊക്കെ അല്ലായിരുന്നെങ്കില്‍ ഒരിക്കലും അറിയില്ലായിരുന്നു. സ്വന്തം തിരക്കുകള്‍ക്കിടയിലും ഇതിനൊക്കെ സമയം കണ്ടെത്താന്‍ കഴിയുന്ന എല്ലാവര്‍ക്കും സല്യൂട്ട്. ആദ്യ സല്യൂട്ട് വയനാട്ടിലെ കുഞ്ഞഹമ്മദിക്ക എന്ന വലിയ മനുഷ്യന് തന്നെ നല്‍കട്ടെ. ഇനിയും ഇതിലേക്ക് കൂടുതല്‍ സംഭാവനകള്‍ എത്തിച്ചേരുമെന്ന് കരുതാം. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലേക്ക് മറ്റുള്ളവര്‍ക്കുള്ള ഒരു ചൂണ്ടുപലകയാവട്ടെ ആയുര്‍വേദകോളേജിലെ വിദ്യാര്‍ത്ഥികളുടെ ഈ പ്രവര്‍ത്തനങ്ങള്‍.

  ReplyDelete
 13. നല്ല മനസ്സുകള്‍ക്ക് പ്രാര്‍ത്ഥനാപൂര്വ്വം

  ReplyDelete
 14. :) ഡോ. ജയന്‍ ഏവൂരിനും കുട്ടികള്‍ക്കും നല്ലത് മാത്രം സംഭവിയ്കട്ടെ.

  ReplyDelete
 15. @ Renjith
  താങ്കളെ വ്യക്തിപരമായി ഇവിടെ പരാമര്‍ശിച്ചില്ല. താങ്കള്‍ ഇതില്‍ ഭാഗഭാക്കാണോ അല്ലയോ എന്നെനിക്കറിയില്ല്ല. അന്വേഷിക്കാനും പോകുന്നില്ല. പൊതുവില്‍ ബ്ലോഗില്‍ കാണുന്ന ഒരു കമന്റ് പ്രളയത്തെ ഞാന്‍ പരാമര്‍ശിച്ചു എന്ന് മാത്രം. പലയിടത്തും ബ്ലോഗര്‍മാര്‍ എവിടെയാണ് ആശംസകള്‍, എവിടേയാണ് അഭിനന്ദനങ്ങള്‍ എന്നു പറയേണ്ടത് എന്നറിയാതെ മുന്‍ കമന്റ് കോപ്പി ചെയ്യുകയോ പോസ്റ്റ് വായിക്കാതെ കമന്റ് എടൂത്തെഴുതുകയോ ചെയ്യുന്നത് ഈയിടെ കാണാറുണ്ട്. അത് പരാമര്‍ശിച്ചു എന്ന് മാത്രം.

  ഈ സംരംഭത്തില്‍ സഹായിച്ചവരേയും പങ്കെടുത്തുവരോടും എല്ലാ നിലക്കും ബഹുമാനവും ആദരവും മാത്രമേയുള്ളൂ എന്നു കൂടി പറയട്ടെ.

  ReplyDelete
 16. അക്ഷരങ്ങളിലൂടെ അടുത്തവരാണ് ബൂലോകര്‍.
  അന്യോന്യം കാണാതെ കേള്‍ക്കാതെ അനേകം നല്ല പ്രവര്‍ത്തികള്‍ സഹായങ്ങള്‍ 'ബ്ലോഗേഴ്സ്' എന്ന നിലയില്‍ ചെയ്യുവാന്‍ സാധിച്ചു.
  ഈ വക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സുമനസ്സുകളെ അഭിനന്ദിക്കുന്നു മേലിലും ഈ നല്ല പ്രവര്‍ത്തികളുടെ ഫലം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചേരട്ടെ.

  തന്റെ വിദ്യാര്‍ത്ഥികളെ ഒരു സല്‍കര്‍മ്മത്തിന് പങ്കാളികളാക്കാന്‍ പ്രചോദനവും മാര്‍ഗനിര്‍ദേശവും കൊടുത്ത ഡോ:ജയനും എല്ലാ തിരക്കുകള്‍ക്കിടയിലും മനുഷ്യരെ സഹായിക്കാന്‍ മുന്‍കൈയെടുക്കുന്ന നിരക്ഷരനും, ഈ സംരംഭത്തില്‍ പങ്കുചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്റേല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അതെ നിങ്ങളെ ഒക്കെ നേരില്‍ പരിചയപ്പെട്ടത് എന്റെ പുണ്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
  ഏവര്‍ക്കും നന്മകള്‍ നേരുന്നു...

  ReplyDelete
 17. “എല്ലാവരും എല്ലാവർക്കും വേണ്ടി..”
  എന്ന ചിന്തയിലേക്ക് നമുക്കെല്ലാവർക്കും സഞ്ചരിക്കാം.

  ഈ പോസ്റ്റിന്റെ കാര്യം കുട്ടികളെ ഞാൻ അറിയിക്കാം.
  (പരീക്ഷത്തെരക്കിൽ പെട്ടുപൊയി)

  ഈ പ്രവർത്തനത്തിനു മുൻ കൈ എടുത്ത നിരക്ഷരനും മറ്റെല്ലാ ബൂലോക വാസികൾക്കും നന്ദി!

  ReplyDelete
 18. ഡോകടറുടെ പുതിയമുഖം
  വളരെ നല്ലത്.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts