
രഞ്ചി ബഹറിന്‍
ദക്ഷിണേന്ത്യയിലെ ക്ഷേത്രനഗരങ്ങളിലൂടെയുള്ള ഒരു പ്രദക്ഷിണം കുറെ കാലമായുള്ള ഒരു ആഗ്രഹമായിരുന്നു. പാണ്ട്യ-ചോള രാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന മധുര, തഞ്ചാവൂര്‍, മഹാബലിപുരം, കാഞ്ചീപുരം തുടങ്ങിയ പ്രധാനപ്പെട്ട ചില നഗരങ്ങളുടെ ചരിത്രപ്രാധാന്യമുള്ള പുരാതനജനപഥങ്ങളിലൂടെ ഒരു യാത്ര..
ഇതില്‍ മധുര-തഞ്ചാവൂര്‍ നഗരങ്ങളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം സാദ്ധ്യമായി; 2007 ലെ അവധിക്കാലത്ത്..
സംഗകാലത്തിനു മുന്‍പ്, ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മധുരാപുരിയുടെ ചരിത്രം ആരംഭിക്കുന്നു. 2500 വര്‍ഷത്തെ പഴക്കം ഈ നഗരത്തിനുണ്ടെന്നു ചരിത്രകാരന്മാര് കണക്കാക്കുന്നു. ഇത്രയും പഴക്കമുള്ള പല നഗരങ്ങളും നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും മധുര ഇന്നും ദക്ഷിണേന്ത്യയിലെ ഒരു പ്രധാനനഗരമായി അവശേഷിക്കുന്നു.
തമിഴ് സാഹിത്യത്തിലെ സുവര്‍ണ്ണ കാലഘട്ടമായാണ് സംഗകാലം [300BC-300-AD] അറിയപ്പെടുന്നത്. സംഗകാലത്തെ തമിഴ് അക്കാദമിക് വിദ്യാപീഡത്തിന്റെ ആസ്ഥാനമായിരുന്നു മധുര.
മധുര, തഞ്ചാവൂര്‍ നഗരങ്ങളിലേക്ക് ഒരു 3 ദിവസത്തെ ട്രിപ്പാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. തൃശ്ശൂര്‍ നിന്നും രാത്രി പുറപ്പെടുന്ന ഒരു പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ എയര്‍ബസിലായിരുന്നു യാത്ര. നേരം പുലരുന്നതിനു മുന്‍പ് മധുരയിലെ 'മാട്ടുത്താവണി' ബസ് സ്റ്റാന്ടിലെത്തി. ഇത് കൂടാതെ മധുരയില്‍ മറ്റു 4 ബസ് സ്റ്റാന്ടുകള്‍ കൂടെയുണ്ട്.
ദൂരെ മധുരമീനാക്ഷി ക്ഷേത്ത്രത്തിന്റെ 50 മീറ്ററിലേറെ ഉയരമുള്ള ഗോപുരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം.
റൂം എടുത്ത് ഫ്രെഷായി പെട്ടെന്ന് തന്നെ നഗരം കാണാനിറങ്ങി.
കടും വര്‍ണമാര്‍ന്ന സാരികളും അതെ കളര്‍ പുള്ളിബ്ലൌസുമിട്ട പെണ്‍കുട്ടികള്‍ റോഡിന്റെ വീതി അളന്നു കൊണ്ടു കലപില കൂട്ടി പോകുന്നു..
നാഷണല്‍ ഹൈവേ തങ്ങള്‍ക്കു കൂടി അവകാശപ്പെട്ടതാണെന്ന ഭാവത്തില്‍ കന്നുകാലികള്‍ അവിടവിടെ മേയുന്നു..
കോര്‍പ്പറേഷന്റെ ജോലിക്കാരും വണ്ടികളും പല ഭാഗങ്ങളിലായി നിരത്ത് വൃത്തിയാക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
അന്തരീക്ഷത്തില്‍ മല്ലിപൂക്കളുടെയും കുതിരച്ചാണകത്തിന്റെയും സമ്മിശ്രഗന്ധം..
നഗരം ഉണര്‍ന്നു തുടങ്ങുന്നതെയുള്ളൂ..
ഇത്തരം യാത്രകളില്‍ ക്യാമറ ഹാരമായി ഉപയോഗിക്കുന്ന പതിവ് അന്ന് ഇല്ലാത്തതിനാല്‍ ചിത്രങ്ങള്‍ പലതും ഈ സ്പേസില്‍ മിസ് ചെയ്യുന്നുണ്ട്.
ഇന്നത്തെ പല കോസ്മോപൊളിറ്റന്‍ നഗരങ്ങളുടെയും മാതൃകയില്‍ വളരെ ആസൂത്രിതമായാണ് മധുരമീനാക്ഷി അമ്മന്‍ കോവിലിനു ചുറ്റുമായി നഗരം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റുമായി ചതുരാകൃതിയിലുള്ള തെരുവുകളും അവയ്ക്ക് ചുറ്റും ഇന്റര്‍ കണക്റ്റടായ വീഥികളും ഉള്‍പ്പെടുത്തി പണി കഴിപ്പിച്ച നഗരമാണിത്. [താമരയുടെ ആകൃതിയിലാണ് നഗരനിര്‍മ്മാണം].'a planned city' എന്ന് പറയാം. നഗരത്തിലെ റോഡുകളിലെ ട്രാഫിക് കുറക്കാന്‍ ഈ രീതിയിലുള്ള നിര്‍മ്മാണം കുറച്ചൊന്നുമല്ല സഹായകമായിട്ടുള്ളത്. [ചിത്രം നോക്കുക]

വഴികളുടെ ഐഡിയ ശരിക്ക് പിടികിട്ടാത്തവര്‍ക്ക് ക്ഷേത്ത്രത്തിനു ചുറ്റും കിടന്നു കറങ്ങുകയുമാവാം. കുറച്ചു കൂടി വട്ടത്തിലൊരു പ്രദക്ഷിണം.. ഏത് വഴിയിലൂടെ പോയാലും ക്ഷേത്ത്രത്തിന്റെ ഒരു ഗോപുരകവാടത്തിന്റെ മുന്നിലെത്തും. പ്രധാനകവാടത്തിലൂടെ അകത്തു പ്രവേശിക്കാം എന്ന് കരുതി ഞാന്‍ അവിടമൊക്കെ ചുറ്റി നടന്നു കാണാന്‍ തീരുമാനിച്ചു.
വിദേശികളടക്കം ടൂര്‍ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ടു ദൂരദിക്കുകളില്‍ നിന്ന് വന്നവര്‍, ദിവസേന ക്ഷേത്രദര്‍ശനം നടത്തുന്നവര്‍, പരീക്ഷക്കാലമായത് കൊണ്ടു മാത്രം മീനാക്ഷി അമ്മന്റെ കോവിലില്‍ ദര്‍ശനം നടത്തുന്ന 'സീസണല്‍ ഭക്തരായ' തിരക്കിട്ട് ഓടുന്ന പെണ്കിടാങ്ങള്, കനകാംബരവും മല്ലിപ്പൂവും [നമ്മുടെ മുല്ലപ്പൂ] കോര്‍ത്തുകെട്ടി മാലയുണ്ടാക്കി കൂടകളില്‍ കൊണ്ടുനടന്നു വില്‍ക്കുന്ന കുട്ടികള്‍, പരാശ്രയമില്ലാതെ ജീവിതത്തിന്റെ സായംസന്ധ്യയില്‍ ആത്മീയതയില്‍ അഭയം പ്രാപിക്കുന്ന വൃദ്ധര്‍.. എല്ലാ തരം മനുഷ്യരെയും ഈ വീഥികളില്‍ കാണാം.
ഒരു ഭാഗത്ത് ക്ഷേത്ത്രത്തിനു പുറത്തു കെട്ടിയുണ്ടാക്കിയ 'കുളിപ്പുരകള്‍' കാണാം. ദൂരദിക്കുകളില്‍ നിന്നും വന്നവര്‍ക്ക് പ്രഭാതകര്‍മ്മങ്ങള്‍ ചുരുങ്ങിയ ചിലവില്‍ നിര്‍വഹിക്കാന്‍ കെട്ടിയുണ്ടാക്കിയ കെട്ടിടമാണ് ഇത്. റോഡിനു ഇരുഭാഗത്തുമായി നീളത്തില്‍ കിടക്കുന്ന ഈ കെട്ടിടത്തില്‍ നിന്നും ആളുകള്‍ തിരക്കിട്ട് ക്ഷേത്രദര്‍ശനത്തിനു വരുന്നു.
മധുര മീനാക്ഷിക്ഷേത്രത്തിന്റെ പ്രധാനകവാടത്തിലേക്ക് നയിക്കുന്ന കരിങ്കല്‍പാത മുന്നില്‍ കാണാം. കേരളത്തിലെ പലക്ഷേത്രങ്ങളിലെയും പോലെ പാതയ്ക്ക് ഇരുവശവുമായി കച്ചവടക്കാരുടെ പന്തലുകള്‍ നീളത്തില്‍ കാണാം. അതിനിടെ ഒരു ഹോട്ടേലുമുണ്ട്. പ്രഭാതഭക്ഷണത്തിനു ഹോട്ടേലിലേക്ക്..
വിദേശികളുടെ ഒരു ഗ്രൂപ്പ് വന്നു ദോശയും ചട്നിയും ഓര്‍ഡര്‍ ചെയ്തു പരസ്പരം സഹായിച്ചു കൊണ്ടു കഴിക്കുന്ന ആ കാഴ്ച മനസ്സില്‍ ഇപ്പോഴും തങ്ങിനില്ക്കുന്നു. [ഉഡുപ്പി സ്റ്റൈല്‍ ആയതു കൊണ്ടു മറ്റു വിഭവങ്ങളൊന്നും ഇവിടെ രാവിലെ കിട്ടില്ല]
ഉടുപ്പി ദോശയും ചട്നിയും കഴിച്ചു പ്രവേശനകവാടമായ കിഴക്കേ ഗോപുരനടയിലേക്ക്..
തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തിലെ ഗോപുരത്തെ അനുസ്മരിപ്പിക്കുന്ന കിഴക്കേഗോപുരം തലയെടുപ്പോടെ ഉയര്‍ന്നു നില്ക്കുന്നു.
കിഴക്കേ ഗോപുരം: 161 അടിയിലേറെ ഉയരമുണ്ട് ഈ ഗോപുരത്തിന്. 1011 കഥാസന്ദര്‍ഭങ്ങള്‍ [കഥൈ ഉരുവങ്കള്‍] ഈ ഗോപുരത്തില്‍ കൊത്തിയിരിക്കുന്നു. മാരവര്മ്മന് സുന്ദരപാണ്ട്യന്റെ കാലത്ത് [1216-1238AD] പണിയാരംഭിച്ച് ജാതവര്‍മ്മന്‍ സുന്ദരപാണ്ട്യന്റെ കാലത്ത് [1251-1268AD] അവസാനിച്ചു. ഏറ്റവും പഴക്കമുള്ള ഗോപുരം!
മധുരമീനാക്ഷി ക്ഷേത്രത്തില്‍ 4 പ്രവേശനകവാടങ്ങളാണുള്ളത്. കിഴക്കേ, പടിഞ്ഞാറേ, തെക്കേ, വടക്കേഗോപുരങ്ങള്‍ [outer towers]. എല്ലാം 50 മീറ്ററിലേറെ ഉയരമുള്ളവ! ഏറ്റവും വലിയ തെക്കേഗോപുരകവാടത്തിന്റെ ഉയരം 170.5 അടിയാണ്. ഇത് കൂടാതെ 8 ചെറിയ ഗോപുരങ്ങള്‍ കൂടിയുണ്ട്. അകത്ത് പ്രധാനകോവിലുകളുടെ പ്രവേശനകവാടങ്ങളാണിത്. ആകെ 12 ഗോപുരങ്ങള്‍!
ഒന്നുകൂടി ശ്രദ്ധിച്ചു നോക്കു..
ഗോപുരം മുഴുവന്‍ കരിങ്കല്ലില്‍ കൊത്തിയ പുരാണകഥാപാത്രങ്ങളും വ്യാളീമുഖങ്ങളുമാണ്.
നഗ്നനേത്രങ്ങള്‍ കൊണ്ട് ശില്പ്പങ്ങള് തിരിച്ചറിയാനാവില്ല. ഒരു ബൈനോക്കുലറിലൂടെയോ സൂം ലെന്സിലൂടെയോ രൂപങ്ങള്‍ തിരിച്ചറിയാം! അജന്ത-എല്ലോറ മാതൃകയില്‍ ചില രതിശില്‍പ്പങ്ങളും ഈ കൂട്ടത്തിലുണ്ട്.
തിരുമല നായ്ക്കരുടെ കാലത്താണ് ഈ ഗോപുരങ്ങള്‍ കൊത്തുപണികളാല്‍ മോഡി പിടിപ്പിച്ചതും ആദ്യമായി പെയിന്റ് ചെയ്തതും. ഇപ്പോള്‍ എല്ലാ 12 വര്‍ഷത്തിലുമൊരിക്കല്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുകയും പെയിന്റ് ചെയ്യുകയും ചെയ്യാറുണ്ട്.
പാണ്ട്യരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മധുര. പാണ്ട്യരാജാവായിരുന്ന കുലശേഖരപാണ്ട്യനാണ് മധുരൈ മീനാക്ഷി ക്ഷേത്രം നിര്‍മ്മിച്ചത്. അതിനുശേഷം പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഡല്‍ഹി രാജാക്കന്മാരുടെ അധിനിവേശത്തിനു ശേഷം തുഗ്ലക്ക് വംശത്തിന്റെ കീഴിലായി മധുര. 1371ഇല് വിജയനഗരസാമ്രാജ്യം മധുര കീഴടക്കുകയും സാമ്രാജ്യത്തിന്റെ കാര്യക്ഷമമായ ഭരണനിര്‍വഹണത്തിന്റെ ഭാഗമായി 'നായക്'[നായിക്കര്‍] എന്ന ഗവര്‍ണര്‍മാരെ മധുരയുടെ ഭരണ നിര്‍വഹണത്തിന് ഉപയോഗിച്ച് പോന്നു. 1530ഇല് കൃഷ്ണദേവരായരുടെ മരണശേഷം 'നായ്ക്കര്‍' സ്വതന്ത്രാധികാരത്തോടെ മധുരയുടെ ഭരണകര്‍ത്താക്കളായി. പതിനാറാം നൂറ്റാണ്ടു മുന്തല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ മധുര ഭരിച്ച നായ്ക്കര്‍ രാജവംശമാണ് മധുരയുടെ പ്രതാപം ആഗോളതലത്തില്‍ വിളംബരം ചെയ്തത്. മധുരമീനാക്ഷി ക്ഷേത്രത്തെ കേന്ദ്രമാക്കി ഒരു പാട് നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ഈ കാലഘട്ടത്തില്‍ പൂര്‍ത്തിയായി.
നായ്ക്കര്‍ രാജാക്കളില്‍ പ്രസിദ്ധനായിരുന്നു 'തിരുമല നായ്ക്കര്‍' [1623 -1659].
മുഗള്‍രാജവംശത്തിന്റെ ചരിത്രത്തില്‍ ഷാജഹാനുള്ള സ്ഥാനമാണ് മധുരാപുരിയുടെ ചരിതത്തില്‍ തിരുമല നായ്കര്‍ക്കുള്ളത്. ആദ്യകാലത്ത് പ്രധാനകോവിലുകള്‍ മാത്രമുണ്ടായിരുന്ന മധുരമീനാക്ഷി ക്ഷേത്രം ഇന്ന് കാണുന്ന രീതിയില്‍ ശില്പ്പകലയുടെ ശ്രീകോവിലാക്കിയത് ഈ ഭരണാധികാരിയാണ്.
മധുരമീനാക്ഷി ക്ഷേത്രത്തിലെ രാജമണ്ഡപം, പുതുമണ്ഡപം, തിരുമല നായ്ക്കാരുടെ പാലസ്, കൂടാതെ നഗരത്തിലെ പല നിര്‍മ്മിതികളും തിരുമല നായ്ക്കരുടെ ശില്പ്പകലയോടുള്ള അഭിനിവേശത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി നിലകൊള്ളുന്നു.
തിരുമല നായ്ക്കരുടെ കൊട്ടാരത്തിന്റെ ചില ദൃശ്യങ്ങള്‍..
'കോള'ങ്ങളുടെ വലിപ്പം നോക്കു; എത്ര പേര് കൈചുറ്റിപ്പിടിച്ചാല്‍ വട്ടമെത്തും?!
മധുര മീനാക്ഷി ക്ഷേത്രത്തില്‍ നിന്നും 5 മിനുട്ട് തെക്കോട്ട് നടന്നാല്‍ [ഏകദേശം അര കിലോമീറ്റര്‍] തിരുമല നായ്ക്കരുടെ ഈ പാലസില്‍ എത്തും. ഇന്ന് ഇതൊരു മ്യൂസിയമാണ്.
ക്ഷേത്രത്തിലേക്ക് തിരിച്ചു വരാം. കിഴക്കേഗോപുരം വഴി കടക്കുന്നത് അഷ്ടശക്തി മണ്ടപത്തിലേക്കാണ്. തിരുമല നായ്ക്കരുടെ പത്നി രുദ്രാപതി അമ്മാള്‍ പണി കഴിപ്പിച്ചതാണിത്. ഇവിടെ പ്രസാദമൂട്ട് നടക്കാറുണ്ട്.
പ്രധാനദിവസങ്ങളില്‍ 1008 തിരിയിട്ടു കത്തിക്കുന്ന വലിയ കല്‍വിളക്ക് ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.
അഷ്ടശക്തി മണ്ടപത്തിനു അടുത്ത് മീനാക്ഷി നായ്ക്കര്‍ മണ്ഡപം. വിവിധരൂപങ്ങളിലുള്ള വ്യാളീമുഖങ്ങള്‍ കൊത്തിയ 110 കല്‍ത്തൂണുകള്‍ ഈ മണ്ഡപത്തില്‍ക്കാണാം. നടക്കാം..
കാലം ഒരുപാട് പുറകോട്ടു പോകുന്ന ഒരു അനുഭവം.. സൂര്യപ്രകാശം അരിച്ചെത്തുന്ന വിശാലമായ അകത്തളങ്ങള്‍, വ്യാളീ-ഗജ മുഖാങ്കിതങ്ങളായ ഒറ്റക്കല്‍ കരിങ്കല്‍ തൂണുകള്‍ താങ്ങി നിര്‍ത്തുന്ന മണ്ഡപങ്ങള്‍, പുരാണകഥകള്‍ ആലേഖനം ചെയ്ത കരിങ്കല്‍ പാളികളും തൂണുകളും, ദേവീദേവന്മാരുടെയും ഗജങ്ങളുടെയും വ്യാളികളുടെയും കുതിരകളുടെയും മുഖങ്ങള്‍ കൊത്തിയ ശില്പ്പങ്ങള്..
എവിടെ നോക്കിയാലും കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയങ്ങള്‍..
അകത്തളങ്ങളില്‍ നിന്നും കോവിലിനു നടുവിലായി നീളത്തില്‍ കിടക്കുന്ന പ്രകാരങ്ങളിലെക്കാണ് [corridors] വാതിലുകള്‍ തുറക്കുന്നത്. ഒറ്റക്കല്ലില്‍ കൊത്തിയ, കൊത്തുപണികളോടു കൂടിയ 24 കല്തൂണുകള് ഓരോ വശങ്ങളിലുമുള്ള ചതുരാകൃതിയിലുള്ള പ്രകാരങ്ങളിലുണ്ട്. ഇതിന്റെ നാല് വശത്ത് നിന്നും പടികളിറങ്ങി ചെല്ലുന്നതാണ് മധുരമീനാക്ഷി ക്ഷേത്രത്തിലെ പ്രധാനആകര്‍ഷണമായ സ്വര്‍ണ്ണത്താമരക്കുളം. [golden lotus tank - തമിഴില്‍ 'പൊട്രാമരയ്ക്കുളം']. ഈ കല്പ്പടവുകളില് നിന്നുള്ള കോവിലിന്റെ ഗോപുരങ്ങളുടെ കാഴ്ച മനോഹരമാണ്. ഇവിടെ ഇതു ദിശയില്‍ നിന്ന് നോക്കിയാലും 4 ഗോപുരങ്ങളോട് കൂടിയ താമരക്കുളത്തിന്റെ വ്യൂ കിട്ടും. മധുരമീനാക്ഷി ക്ഷേത്രത്തിന്റെ ഐകണ്‍ പിക്ചര്‍ ആയി അറിയപ്പെടുന്ന ആ വ്യൂ ചുവടെ.
പുരാതന കാലം മുതല്‍ ഭക്തര്‍ സ്നാനം ചെയ്തിരുന്ന കുളമാണ് ഇത്. ഇവിടെ വെള്ളം നിറഞ്ഞു സ്വര്‍ണ്ണകമലത്തിന്റെ ദളങ്ങള്‍ വരെ മുങ്ങാറുണ്ട്. ഇപ്പോള്‍ ചുറ്റിലും ചെടികള്‍ വെച്ച് പിടിപ്പിച് അലങ്കരിച്ചിരിക്കുന്നു. കുളത്തിന്റെ മധ്യത്തില്‍ സ്വര്‍ണ്ണകൊടിമരം കാണാം.
സംഗകാലകവികള്‍ ഒത്തു ചേര്‍ന്ന് സാഹിത്യസംവാദങ്ങളും കവിസമ്മേളനങ്ങളും നടത്തിയിരുന്നത് ഈ കുളത്തിന്റെ പരിസരങ്ങളിലാണ്. സംഗകാലത്തെ സാഹിത്യ-സാംസ്കാരിക കേന്ദ്രം എന്ന മധുരയുടെ സ്ഥാനത്തിനു ഇന്നും കോട്ടം തട്ടിയിട്ടില്ല.
തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനമാണ് മധുര.
ഈ കുളത്തെപ്പറ്റി പ്രചരിച്ചിട്ടുള്ള ഒരു കഥയുണ്ട്.
അന്നത്തെ സാഹിത്യചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പ് കൃതികള്‍ മുഴുവന്‍ പെറുക്കിക്കൂട്ടി കുളത്തില്‍ എറിഞ്ഞിരുന്നത്രേ. ഒരു തരം സ്ക്രീനിംഗ്. കാമ്പുള്ള കൃതികളാണെങ്കില്‍ വെള്ളത്തില്‍ താണുപോവില്ലെന്നായിരുന്നു വിശ്വാസം! സമയം ലാഭിക്കാന്‍ ഏതോ വിദ്വാന് കണ്ടു പിടിച്ച വേലയാവും. അന്നത്തെ നവസാഹിത്യമുകുളങ്ങളുടെ ഒരുപാട് സൃഷ്ടികള്‍- ഒരുപക്ഷെ തിരുക്കുറലിനോളം പോന്നവ-ഈ കുളത്തില്‍ വീണു കൂമ്പടഞ്ഞു പോയിരിക്കാം..
സ്വര്‍ണ്ണത്താമാരക്കുളത്തിന്റെ പടിഞ്ഞാറ് വശത്താണ് ഊഞ്ഞാല് മണ്ഡപവും [swing mandapa] കിളിക്കൂട് മണ്ഡപവും [parrot cage]. എല്ലാ വെള്ളിയാഴ്ചകളിലും മീനാക്ഷിയുടെയും [പാര്‍വതി] സുന്ദരെശ്വരന്റെയും [ശിവന് മീനാക്ഷി അമ്മന്‍ കോവിലില്‍ ഇങ്ങനെ അറിയപ്പെടുന്നു] സുവര്‍ണ്ണശില്‍പ്പങ്ങള്‍ ഈ മണ്ഡപത്തിലെ ഊഞ്ഞാലില്‍ വെച്ച് ആട്ടുന്നു. ഈ സമയം ഭക്തര്‍ ശിവസ്തുതികള്‍ ആലപിക്കുന്നു. ശനിയാഴ്ച രാവിലെയായത് കൊണ്ട് അവിടവിടെ പുഷ്പവൃഷ്ടിയുടെ അടയാളങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു. കിളിക്കൂട് മണ്ഡപത്തിലെ തത്തകളെ മീനാക്ഷിനാമം ഉരുവിടാന്‍ പരിശീലിപ്പിച്ചിരിക്കുന്നു. മനോഹരമായ ദ്രാവിഡിയന്‍ കൊത്തുപണികളാല്‍ അലംകൃതമാണ് ഊഞ്ഞാല് മണ്ഡപത്തിലെ 28 കല്‍ത്തൂണുകള്‍..
കൈലാസനാഥനായ ശിവന് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നു. ക്ഷേത്രത്തില്‍ സുന്ദരെശ്വരനും [ശിവന്] മീനാക്ഷിക്കും [പാര്‍വതി] പ്രത്യേകം കോവിലുകലുണ്ട്. ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് മീനാക്ഷി അമ്മന്‍ കോവിലും വടക്ക് പടിഞ്ഞാറ് ഭാഗത്ത് സുന്ദരെശ്വരന്റെ കോവിലും സ്ഥിതി ചെയ്യുന്നു. അങ്ങോട്ട് നടക്കാം..
നൂറ്റാണ്ടുകളുടെ ഇരുട്ട് കട്ട പിടിച്ചു നില്ക്കുന്ന ഇടനാഴികള്‍.. അങ്ങിങ്ങ് ചില കല്‍മണ്ടപങ്ങളില്‍ കത്തിച്ചു വെച്ചിരിക്കുന്ന ദീപപ്രഭയില്‍ മുന്നിലേക്കുള്ള വഴി തെളിയുന്നു. എണ്ണവിളക്കുകളും നെയ്യും കര്‍പ്പൂരവും കത്തുന്ന പഴമയുടെ ഗന്ധമാണ് ചുറ്റും.. കരിങ്കല്ല് പാകിയ നടപ്പാതയുടെ തണുപ്പ് കാലില്‍ ഇക്കിളിയിടുന്നു..
ഈ വഴിയിലെ ഒരു മണ്ഡപത്തില്‍ ഗണപതിയുടെ ഒരു കൂറ്റന്‍ വിഗ്രഹം കണ്ടു. മുന്നില്‍ കത്തിച്ചു വെച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള, ഒരുപാട് തിരിയിട്ടു കത്തിച്ചു വെച്ച വിളക്കിന്റെ പ്രകാശം മണ്ഡപം മുഴുവന്‍ വെളിച്ചം പരത്തുന്നുണ്ട്. തിരുമല നായ്ക്കന്റെ കാലത്ത് മധുരയിലെ ഒരു ക്ഷേത്രക്കുളത്തില്‍ നിന്ന് കുഴിച്ചെടുത്തു കോവിലില്‍ പ്രതിഷ്ഠിച്ചതാണ് ഈ ഗണപതി വിഗ്രഹം.
തമിഴ്നാട്ടിലെ പല ക്ഷേത്രങ്ങളെയും പോലെ മീനാക്ഷി അമ്മന്‍ കോവിലും ആരാധനാലയമായും മ്യൂസിയമായും കച്ചവടകേന്ദ്രമായും പ്രവര്‍ത്തിക്കുന്നു. മീനാക്ഷി കോവിലിനു മുന്നിലെത്തിയപ്പോള്‍ യൂണിഫോമിട്ട പാറാവുകാരന്റെ ചോദ്യം: "VIP ക്യൂവില്‍ വാങ്കോ, 50 രൂപ മട്ടും".
ശ്രീകോവിലിനു സമാന്തരമായി അല്പം അകലെ നീളത്തില്‍ കൈവരി പിടിപ്പിച്ച് അതിനു മുന്നിലൂടെയാണ് സാധാരണ ക്യൂ. തിരക്കില്‍ നിന്നൊഴിഞ്ഞു അടുത്തു നിന്ന് തൊഴണമെങ്കില്‍ കൈക്കൂലി കൊടുത്താല്‍ മതി. VIP ക്യൂവില്‍ സ്ഥാനം കിട്ടും. ഇങ്ങനെയുള്ള ചില 'നെഗറ്റിവ് എനര്‍ജി'യും ഈ ക്ഷേത്രത്തില്‍ നിന്ന് എനിക്കനുഭവപ്പെട്ടു! വിഗ്രഹങ്ങള്‍ ഫോട്ടോ എടുക്കുന്നതിനു വിലക്കൊന്നുമില്ലെങ്കിലും [പാസ് എടുത്താല്‍ മതി] എനിക്കവിടെ പ്രാര്‍ഥനാപൂര്‍വ്വം നീങ്ങുന്ന ജനങ്ങളുടെ ശ്രദ്ധ തെറ്റിക്കാന്‍ തോന്നിയില്ല. ഫ്ലാഷ് ഇടാതെ കോവിലിന്റെ ഈ ഭാഗത്ത് ചിത്രങ്ങള്‍ കിട്ടില്ല.
മീനാക്ഷി കോവിലിനു വലതുഭാഗത്ത് ഒരു ടിക്കറ്റ് കൌണ്ടെര്. മധുരമീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതമായ 'ആയിരം കല്‍മണ്ടപ'ത്തിലേക്കുള്ള [thousand pillar mandapa] പ്രവേശനകവാടമാണിത്.
കൊത്തുപണികളോട് കൂടിയ കല്‍പ്പടവുകള്‍ ചവിട്ടി തറനിരപ്പില്‍ നിന്ന് ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ മണ്ഡപത്തിലേക്ക്..
സമചതുരാകൃതിയിലുള്ള മധുരമീനാക്ഷി അമ്മന്‍ കോവിലിന്റെ വടക്ക് കിഴക്കേ മൂലയിലാണ് 'ആയിരം കല്‍മണ്ഡപം'. കോവിലിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ ഏകദേശം നാലിലോന്നോളം സ്ഥലത്ത് ഈ മണ്ഡപം വ്യാപിച്ചു കിടക്കുന്നു. വിശാലമായ ഈ മണ്ഡപത്തില്‍ കൊത്തുപണികളോട് കൂടിയ 985 കല്‍തൂണുകളുണ്ട് [ആയിരം തികച്ചില്ല]. തികച്ചും അവിശ്വസനീയമായ കാഴ്ച! എത്രമാത്രം മനുഷ്യദിനങ്ങള്‍ ഈ മാരത്തോണ്‍ പ്രവര്‍ത്തനത്തിന് വേണ്ടി ചിലവഴിച്ചിരിക്കുമെന്നു പ്രവചിക്കാന്‍ വയ്യ. ദ്രാവിഡിയന്‍ ശില്പ്പകലയുടെ മകുടോദാഹരണമാണ് ഈ കല്‍മണ്ഡപം.
ആയിരം കല്‍മണ്ടപങ്ങളുടെ ഹാളിന്റെ ഒരു ഭാഗത്ത് 1200 വര്‍ഷത്തെ മധുരാപുരിയുടെ ചരിത്രം വിളംബരം ചെയ്യുന്ന ഒരു ആര്‍ട്ട് ഗാലറിയുണ്ട്. അമൂല്യമായ ചിഹ്നങ്ങളുടെയും കൊത്തുപണികളുടെയും ചുവര്‍ചിത്രങ്ങളുടെയും വലിയൊരു ശേഖരമാണ് ഇത്.
ഈ മണ്ടപത്തിനു പുറത്തു പടിഞ്ഞാറ് വശത്താണ് സപ്തസ്വരങ്ങളില്‍ സംഗീതം പുറപ്പെടുവിക്കുന്ന 7 കല്‍ത്തൂണുകള്‍. കല്ലില്‍ തട്ടുമ്പോള്‍ 7 തരത്തിലുള്ള 'മ്യൂസിക്കല്‍ നോട്സ്' കേള്‍ക്കാം. ചെറിയ മരദണ്ട് കൊണ്ട് മൃദുവായി ഈ കല്ലുകളില്‍ തട്ടിയാണ് ഇത് ശ്രവിക്കുന്നത്. കാലപ്പഴക്കവും കല്‍തൂണുകളില്‍ അമിതഭാരവും വന്നിട്ടാവണം മ്യൂസിക്കല്‍ നോട്സ് ശരിയായ പിച്ചിലല്ല ഇപ്പോള്‍ കേള്‍ക്കുന്നത്.
'ആയിരം കല്‍മണ്ടപ'ഹാളിനു തെക്ക് വശത്താണ് കല്യാണമണ്ഡപം. ഏപ്രില്‍ മാസത്തിലെ ചിത്തിര മഹോത്സവത്തില്‍ 'കല്യാണ മണ്ടപ'ത്തില്‍ വെച്ച് എല്ലാ വര്‍ഷവും ശിവന്റെയും പാര്‍വതിയുടെയും വിവാഹം ഇവിടെ ആഘോഷിക്കപ്പെടുന്നു.
ഇനി പറയു..
മധുരമീനാക്ഷിക്ഷേത്രത്തെ ലോകത്തെ ആധുനികകാലത്തെ സപ്താത്ഭുതങ്ങളില്‍പ്പെടുത്താന്‍ നാമനിര്‍ദേശം ചെയ്യുന്നതില്‍ തെറ്റുണ്ടോ?
[camera: canon s2is]
Nerkkazchayude madhuram...!
ReplyDeleteManoharaam, Ashamsakal...!!!
Very nice.......
ReplyDeleteReally informative post about Mathura Meenakshi Temple.
very nice,good pictures
ReplyDeleteനല്ല വിവരണം . ചിത്രങ്ങളും മനോഹരമായിരിക്കുന്നു
ReplyDeleteനന്ദി രണ്‍ജി
i will also visit madhura and thanjavur
ReplyDeleteനേരിട്ട് പോയ പ്രതീതി . അഭിനന്ദനങ്ങള്‍ !
ReplyDeleteവിശദമായി എഴുതിയിരിക്കുന്നു.. ആയിരം കല്‍മണ്ഡപം അല്ല, ആയിരം കാല് മണ്ഡപം ആണ് അത്, കല്ല് കൊണ്ട് ഉണ്ടാക്കിയത് ആണെങ്കിലും. തിരുത്തുമല്ലോ..ആശംസകള്‍.
ReplyDeleteതെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി 'ഞാന്‍'. എന്റെ ധാരണ തിരുത്തി.
ReplyDeleteരഞ്ജി...മനോഹരമായി എഴുതി. നല്ല വിശദമായ വിവരണം.നല്ലചിത്രങ്ങളും. എല്ലാം കൊണ്ടും ഗംഭീരമായി.....സസ്നേഹം
ReplyDeleteവളരെ ഉപകാരപ്രദമായ പോസ്റ്റ്. നന്ദി.
ReplyDeleteവളരെ നല്ല പോസ്റ്റ്.. ചിത്രങ്ങള്‍ സൂപ്പര്‍
ReplyDelete