ഓണം : തിരിഞ്ഞു നോക്കുമ്പോള്‍


ബിജുകുമാര്‍ ആലക്കോട്

അങ്ങനെ ഒരോണം കൂടി കടന്നു പോയി. ലോകമെങ്ങുമുള്ള മലയാളികള്‍ തങ്ങളുടെ സാഹചര്യങ്ങള്‍ അനുവദിയ്ക്കും വിധം ആഘോഷിച്ചു, കുറഞ്ഞ പക്ഷം മനസ്സിലെങ്കിലും. പൂര്‍വകാലത്തെ സമത്വ സുന്ദരമായൊരു വ്യവസ്ഥിതിയെയും അതിന്റെ പരിപാലകന്റെയും ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍ അത്യന്തം പ്രസക്തവും ഉചിതവുമാണ് ഓണാഘോഷം. അതിനെ മതപരമായ പരിവേഷം നല്‍കി "സവര്‍ണാഘോഷം" എന്ന വ്യഖ്യാനത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്നത് അപലപനീയം ആണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ വാദങ്ങള്‍ ഒക്കെ പലയിടങ്ങളിലും കണ്ടു... ഇന്നും ബഹുഭൂരിപക്ഷം കേരളീയരും ജാതി-മത ഭേദമെന്യേ ആണ് ഓണം ആഘോഷിയ്ക്കുന്നത്. പോയകാലത്തിന്റെ നന്മകള്‍ മനസ്സിലേയ്ക്ക് ഉള്‍ച്ചേര്‍ക്കുക എന്ന പ്രവൃത്തിയാണ് പൂക്കളം തീര്‍ക്കുന്നതിലൂടെ നാം ചെയ്യുന്നത്. തിന്മകളേശാത്ത മനസ്സുള്ള, കുട്ടികള്‍ ഇക്കാര്യത്തില്‍ ഉത്സാഹിയ്ക്കുന്നത് നമ്മുടെ പൈതൃക കണ്ണികളുടെ മുറുക്കത്തെയാവാം കാട്ടിത്തരുന്നത്.

നമ്മുടെ ഓണാഘോഷത്തിന്റെ ഇന്നത്തെ പ്രവണതകളെ വിലയിരുത്തിയാല്‍, മലയാളി എന്ന ജനസമൂഹത്തിന്റെ സമകാലികാവസ്ഥയുടെ നേര്‍ചിത്രം നമുക്കു ലഭിയ്ക്കും. പണ്ടു പ്രകൃതിയില്‍ നാം നേരിട്ടായിരുന്നു ആഘോഷം നടത്തിയിരുന്നതെങ്കില്‍ ഇന്നത് ടെലിവിഷന്‍ സ്ക്രീനിലേയ്ക്ക് മാറിപ്പോയി. നമ്മുടെ നിത്യജീവിതത്തെയാകെ സ്വാധീച്ചുകഴിഞ്ഞ ചാനല്‍ സംസ്കാരത്തിന്റെ കണ്ണുകളിലൂടെ ആണ് നാം ഓണത്തെ കാണുന്നത്. ആ കാഴ്ചകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണോ? അടച്ചിട്ട മുറിയ്ക്കുള്ളിലെ സ്ക്രീനില്‍ തെളിയുന്നതാണോ നമ്മുടെ ജീവിത പരിസരം?

അല്ല, തീര്‍ച്ചയായുമല്ല. കടും നിറക്കൂട്ടുകളുടെ കെട്ടുകാഴ്ചകള്‍ മാത്രം തെളിയുന്ന മിനിസ്ക്രീനില്‍ കാണവും ഓണവും ഇല്ലാത്ത മനുഷ്യജന്മങ്ങളുടെ മങ്ങിയ ചിത്രം തെളിയാറില്ല. നോക്കൂ, ആരാണ് നമ്മോട് ഓണ വിശേഷങ്ങള്‍ പങ്കു വെയ്ക്കാന്‍ വരുന്നത്?
സിനിമാതാരങ്ങള്‍ ! കുറെ മിമിക്രി കോമളി കൂട്ടങ്ങള്‍! ഇവരാണോ കേരളീയരുടെ നേര്‍ ചിത്രങ്ങള്‍? ഇവര്‍ വിളമ്പുന്നതാണൊ മലയാളിയുടെ ഓണ വിശേഷങ്ങള്‍? ചുണ്ടിലും മുഖത്തും ചായം തേച്ച്, ചുളിഞ്ഞ തൊലിയെ രാസപദാര്‍ത്ഥങ്ങളിലൂടെ നിവര്‍ത്തി, കൃത്രിമമുടികളുടെ വൈവിധ്യത്തില്‍ യൌവനം വച്ചു പിടിപ്പിച്ച്, തിളങ്ങുന്ന വസ്ത്രങ്ങളുമണിയിച്ച്, ഈ പേക്കോലങ്ങളെ നമ്മുടെ കണ്ണുകളിലേയ്ക്കും ചെവികളിലേയ്ക്കും അടിച്ചു കയറ്റുന്നതിന്റെ ലക്ഷ്യമെന്താണ്? ഇവരുടെ വായില്‍ നിന്നും വീഴുന്ന ഉച്ഛിഷ്ടത്തിനായി കാത്തുകെട്ടി കിടക്കുകയാണെന്ന് നാം മലയാളികളെന്ന് ഈ ചാനല്‍ ജംബുകന്മാരോട് ആരാണ് പറഞ്ഞത്?

കേരളത്തിലെ ഉപഭോക്തൃവിപണി ഏറ്റവും സജീവമാകുന്നത് ഓണക്കാലത്താണ്. പല കമ്പനികളുടെയും വാര്‍ഷിക വിറ്റുവരവിന്റെ ഭൂരിഭാഗവും ഈ സീസണിലാണ് ലഭിയ്ക്കുന്നത്. എന്തിനേറെ ഓണവിപണിയ്ക്കായി മാത്രം പ്രത്യേക ഉല്പാദനം തന്നെ നടത്തുന്നുണ്ട് ചില കമ്പനികള്‍. ഓഫറുകള്‍ നല്‍കാനായി ഗുണനിലവാരത്തില്‍ വെള്ളം ചേര്‍ക്കാനാണ് ഈ പ്രത്യേക ഉല്പാദനം. കണക്കില്ലാത്ത പണമാണ് ഇക്കാലത്തൊഴുകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായും മറ്റും കിട്ടുന്ന പണവും, എങ്ങനെയും ഓണമാഘോഷിയ്ക്കണമെന്ന സാധാരണക്കാരന്റെ ആഗ്രഹം മൂലം കടമായും അല്ലാതെയും ചേര്‍ത്തു വച്ച തുകയും ഒക്കെ ഒന്നായി ഒഴുകുന്നു. ഈ പണം നേടിയെടുക്കാനുള്ള തന്ത്രങ്ങളാണ് കമ്പനികളും ചാനലുകളും ചേര്‍ന്ന് നടപ്പാക്കുന്നത്. മനുഷ്യന്റെ ഉപഭോഗതൃഷ്ണ കൂടിയാലേ ഈ ഏര്‍പ്പാട് മുന്നോട്ട് പോകൂ. അതിനായി അവനില്‍ ആഡംബരവും അത്യാഗ്രഹവും കുത്തിച്ചെലുത്തണം. അത് അവതരിപ്പിച്ചു കാണിയ്ക്കാന്‍ ഏറ്റവും യോജിച്ചവരെന്ന നിലയ്ക്കാണ് "താര"ങ്ങള്‍ നമ്മുടെ മുന്നില്‍ മാരീചരായി എത്തുന്നത്.

ശരാശരി മലയാളിയുടെ അഭിരുചികള്‍ ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന വിപണി മൂല്യം, കൊതി തോന്നിപ്പിയ്ക്കും വിധം ഒരുക്കിയെടുത്ത സ്ത്രീ ശരീരത്തിനാണെന്ന് ഇപ്പോള്‍ ഏവരും അംഗീകരിയ്ക്കും. കണ്ടാല്‍ നുണയാന്‍ തോന്നുന്ന ചുണ്ടുകളും മുല്ലപ്പൂ പല്ലുകളും മിനു മിനാ മിനുങ്ങുന്ന തൊലിയും എല്ലാം "ഒപ്പിച്ചെടു"ക്കാനുള്ള ചായക്കൂട്ടുകള്‍ യഥേഷ്ടം ഉപയോഗിച്ചാണ് പെണ്ണിനെ അണിയിച്ചൊരുക്കുന്നത്. ഇതിലേറെ സങ്കടകരം കൊച്ചു പെണ്‍കുട്ടികളെ വരെ വെറുതെ വിടുന്നില്ല എന്നതാണ്. ഒരു ചാനലില്‍ നടത്തുന്ന ജൂനിയര്‍ പാട്ടു പരിപാടി നോക്കൂ. ബാല്യം മാറാത്ത കൊച്ചു കുഞ്ഞുങ്ങളെ എങ്ങനെയാണ് "സെക്സി"യാക്കി അവതരിപ്പിയ്ക്കേണ്ടതെന്ന് അവര്‍ കാണിച്ചു തരും. ഇതേ ചാനലില്‍ നേരത്തെ, ഇത്തിരിയില്ലാത്ത പെണ്‍കുഞ്ഞുങ്ങളെ വാട്ടര്‍ തീം പാര്‍ക്കില്‍ നനയിച്ച് "കാണിച്ചി"രുന്നു. നിഷ്കളങ്കരായ അവര്‍ അറിയുന്നില്ല തങ്ങളുടെ ശരീരത്തിലെ വളര്‍ച്ചകള്‍ നനഞ്ഞൊട്ടി കാഴ്ചക്കാരനെ രോമാഞ്ചമണിയിയ്ക്കുകയാണെന്ന്. ഫ്ലാറ്റും ലക്ഷങ്ങളും സ്വപ്നം കാണുന്ന തന്തയും തള്ളയും അതു കണ്ടില്ലെന്നു നടിയ്ക്കുകയും ചെയ്യുന്നു.

ഇങ്ങനെ മനുഷ്യരുടെ വന്യവികാരങ്ങള്‍ക്ക് തീപിടിപ്പിച്ച് ആണും പെണ്ണും ആത്മാവില്ലാത്ത വെറും ശരീരങ്ങളാണ് എന്ന സന്ദേശം നിശബ്ദമായി നമ്മുടെ സമൂഹത്തില്‍ പടര്‍ത്തിയിരിയ്ക്കുന്നു. ശരീരം ശരീരത്തെ ആകര്‍ഷിയ്ക്കാന്‍ വേഷം കെട്ടാന്‍ പ്രേരിപ്പിയ്ക്കപെടുന്നു. ഇതോടൊപ്പമാണ് വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിയുടെ കണക്കുകള്‍ കൂടി വായിയ്ക്കേണ്ടത്. ഈ ഓണക്കാലത്തിതേവരെ ഏകദേശം 180 കോടി രൂപയുടെ അംഗീകൃത മദ്യക്കച്ചവടമാണത്രേ നടന്നത്. ഇതില്‍ കുറെയൊക്കെ വ്യാജമദ്യം തടയുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതിനാലാവാം വര്‍ധിച്ചത്. എങ്കിലും ആസക്തി കൂടി വരുന്നു എന്നത് യാഥര്‍ത്ഥ്യമാണ്.

പണ്ട് മദ്യത്തിനുണ്ടായിരുന്ന അയിത്തം ഇന്നില്ല എന്നതാണ് സത്യം. നിഷിദ്ധയിടങ്ങളില്‍ പോലും മദ്യം അംഗീകരിയ്ക്കപെട്ടു കഴിഞ്ഞു. എല്ലാ ആഘോഷങ്ങളും, ആചരണങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും മദ്യത്തിന്റെ അകമ്പടിയോടെ മാത്രമായി മാറി. പണ്ട് മദ്യപനുണ്ടായിരുന്ന സ്ഥാനം ഇന്ന് മദ്യപിയ്ക്കാത്തവനാണ്. മദ്യപിയ്ക്കാത്തവനെ കൂടെ കൂട്ടാന്‍ മറ്റുള്ളവര്‍ മടിയ്ക്കുന്നു. എന്നെ ഏറ്റവും അല്‍ഭുതപ്പെടുത്തുന്നത് ഈ രംഗത്തെ സ്ത്രീകളുടെ "മുന്നേറ്റ"മാണ്. നെറ്റിലും മറ്റും പരിചയപെടാനിടയായ ചില സ്ത്രീകള്‍ മദ്യപാനത്തെ അനുകൂലിയ്ക്കുന്നതും തങ്ങള്‍ മദ്യപിയ്ക്കുമെന്നു കൂസലില്ലാതെ പറയുന്നതും കേട്ട് അമ്പരക്കാനെ കഴിഞ്ഞുള്ളു. എങ്ങനെയാണ് നമ്മുടെ സമൂഹം ഇങ്ങനെ മാറിയത്?

തന്റെ ചുറ്റുപാടുമുള്ള തിന്മകളില്‍ നിന്ന് ഒരാള്‍ വിട്ടു നില്‍കണമെങ്കില്‍ എന്തെങ്കിലും ഒരാദര്‍ശം അയാള്‍ക്കുണ്ടാവണം. അതിന്റെ ന്യായീകരണത്തിലാണ് അയാള്‍ പിടിച്ചു നില്‍ക്കാന്‍ മനോബലം നേടുന്നത്. എന്നാല്‍ ഇത്തരം എല്ലാ ആദര്‍ശങ്ങളെയും തല്ലിക്കെടുത്താന്‍ നമ്മുടെ മാധ്യമങ്ങള്‍ മുന്‍പില്‍ നില്‍ക്കുകയാണ്. ആദര്‍ശങ്ങളുടെ കെട്ടുകള്‍ ഇല്ലാതായതോടെ സ്വതന്ത്രമായ മനസ്സ് തിന്മകളിലേയ്ക്ക് പാറിപ്പോയി. ഒപ്പം സാമ്പത്തിക വരുമാനം കൂടിയതും ഒരു കാരണമായി. ഇന്ന് പലമേഖലയിലേയും കൂലി ഉയര്‍ന്നതാണ്. കൂലിയിലുണ്ടായത്ര വര്‍ധനവ് മദ്യവിലയിലുണ്ടായിട്ടില്ല. പണ്ട് താഴ്ന്ന ബ്രാന്‍ഡ് മേടിച്ചവര്‍ ഇപ്പോള്‍ കൂടിയ ബ്രാന്‍ഡ് മേടിയ്ക്കുന്നു. ആഘോഷമെന്നാല്‍ മദ്യമായതു കൊണ്ട് ഓണം നന്നായി ആഘോഷിയ്ക്കുന്നു.

പൊങ്ങച്ചങ്ങളില്‍ ജീവിയ്ക്കുന്ന ജനതയായതിനാല്‍, റിക്കാര്‍ഡ് ലക്ഷ്യമാക്കി 15 ടണ്‍ പൂക്കള്‍ കൊണ്ട് തീര്‍ത്ത, ആറു ലക്ഷം പൊടിച്ച പൂക്കളത്തെയും നാം ആഘോഷിച്ചു. സ്നേഹപൂക്കളം എന്നു പേരുമിട്ടു. കുറെപ്പേര്‍ വെള്ളിവെളിച്ചത്തില്‍ അതിനു ചുറ്റും നിന്ന് നമ്മെ ചിരിച്ചു കാണിച്ചു. എന്നിട്ട് മണിക്കൂറുകള്‍ക്കകം അടിച്ചു വാരി മാലിന്യകുപ്പയില്‍ തട്ടി. അപ്പോള്‍ അവിടെ നിന്നും അധികമകലെയല്ലാതെ, നാടോടി കുഞ്ഞുങ്ങള്‍ വിശപ്പു സഹിയ്ക്കാതെ കോഴിയുടെ, കുടലും പണ്ടവും വെട്ടിയ കാലും പുഴുങ്ങി തിന്നു! ഇടുക്കിയില്‍ ആദിവാസികള്‍ കാട്ടിറച്ചി ചുട്ട് ഓണസദ്യയുണ്ടു. പുറത്തറിയാത്ത, വിശന്നൊട്ടിയ വയറുകള്‍ എത്ര? ആ പാവങ്ങള്‍ക്ക് ഒരു നേരം വയറു നിറച്ച് ഭക്ഷണം നല്‍കിയാണ് ആ "സ്നേഹ സംഗമം" നടത്തിയിരുന്നെങ്കിലോ? എത്ര ഉന്നതമായ മാനവികത ആകുമായിരുന്നു. എന്നാല്‍ റിക്കാര്‍ഡൊന്നും കിട്ടില്ല എന്നതു സത്യമാണ്.

എന്നാല്‍ മാധ്യമങ്ങള്‍ അധികം ആഘോഷിക്കാത്ത ധാരാളം സല്‍‌പ്രവൃത്തികളും ഈ ഓണക്കാലത്തു നടന്നു .
ചില സുമനസ്സുകളെങ്കിലും അനാഥാലയങ്ങളിലും വൃദ്ധമന്ദിരങ്ങളിലും കഴിയുന്ന നിരാലംബരെ ഓര്‍ത്തു. അവരോടൊപ്പമാക്കി തങ്ങളുടെ ഓണം. ഇടുക്കിയില്‍ ഒരു അച്ഛനും അമ്മയും മകളുടെ കല്യാണ സദ്യ ഒഴിവാക്കി ആ തുക മൂന്നു രോഗികള്‍ക്ക് നല്‍കി ഈ ഓണക്കാലത്ത്. പിന്നെ ആരും അറിയാതെ മറ്റുള്ളവരെ സഹായിച്ച ധാരാളം പേരും കാണും. ഇതൊന്നും മാധ്യമക്കാഴ്ച ആകാതെ പോകുന്നതാണ് നമ്മുടെ ദുരന്തം.

ഗള്‍ഫിലും മറ്റുമുള്ള പ്രവാസികള്‍ പതിവു പോലെ ഗൃഹാതുരതയോടെ ഒരു നേരത്തെ സദ്യയില്‍ ഓണമാഘോഷിച്ചു. തങ്ങളുടെ പ്രിയപെട്ടവര്‍ കടലിനക്കരെ സന്തോഷമായി ഓണമുണ്ണുന്നുണ്ടാവും എന്ന ആത്മ സംതൃപ്തിയോടെ ഉണക്ക റൊട്ടിയിലും പച്ചവെള്ളത്തിലും ഓണസദ്യയുണ്ടവരുമുണ്ട്. അതിനു പോലുമാകാതെ പൊരി വെയിലില്‍ പാതി വയറോടെ വിയര്‍പ്പു ചിന്തിയവരും അനവധി.

ഈ ഓണത്തിന് ചുട്ടി കുത്തിയ മോന്തകള്‍ കണ്ടു വട്ടുപിടിച്ച് ചാനലുകളില്‍ അലഞ്ഞപ്പോള്‍, ഇന്ത്യാവിഷനില്‍ വ്യത്യസ്ഥമായ ഒരു പരിപാടി കണ്ടു. കുട്ടനാടിന്റെ ഗ്രാമ്യഭംഗികള്‍ ഒപ്പിയെടുത്ത, സാധാരണ മനുഷ്യരെയും അവരുടെ ഓണാഘോഷങ്ങളെയും പരിചയപെടുത്തിയ "കുട്ടനാടന്‍ ആരവങ്ങള്‍" എന്ന പരിപാടി. മനസ്സാകെ കുളിരണിഞ്ഞു ആ പരിപാടി കണ്ടപ്പോള്‍.

എന്നാണ് നമ്മുടെ ചാനലുകള്‍ ഇതേപോലെ പ്രകൃതിയിലേയ്ക്കിറങ്ങുക? സാധാരണക്കാരുടെ ജീവിതത്തിലേക്കിറങ്ങുക? ഓണമെന്നാല്‍ സിനിമാക്കാരുടെ മാത്രം ഓണമല്ലെന്നും സാധാരണക്കാരന്റെയും നാട്ടിന്‍പുറത്തിന്റെയും കൂടിയാണെന്നും എപ്പോഴാണ് മനസ്സിലാക്കുക? കുളിര്‍ മഴയില്‍ തഴച്ച ഹരിതഭംഗിയിലാണ് ഓണത്തിന്റെ ആത്മാവ്, അല്ലാതെ ചായം തേച്ച മോന്തകളിലല്ലെന്ന് ആരാണിവര്‍ക്കു പറഞ്ഞു കൊടുക്കുക?

Download This Post In PDF Format

22 Responses to "ഓണം : തിരിഞ്ഞു നോക്കുമ്പോള്‍"

 1. ningal paranjathu sheriyannu.puram loakavummayi valiya bandam onnum illathe jeevikunnavarannu innathe malayalikal. TV yum computerum matramanu palarudeyum lokam.

  ReplyDelete
 2. നാം നമ്മെ തന്നെ അറിയാതെ പൊകുമ്പോഴാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്.ഇന്ന് നമ്മുടെ ലോകം അവരവരുടെ കാര്യങ്ങളുമായി സ്വന്തം മാളങ്ങളിൽ ഒളിക്കുന്നു.പ്രജ്ഞ നശിച്ച സമൂഹമായി നാം തരം താണിരിക്കുന്നു.ഇതിനൊരു മാറ്റം അനിവാര്യമാണ്.നാം ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ.

  ReplyDelete
 3. പ്രിയപ്പെട്ട ബിജു..

  ബിജുവെഴുതുന്ന ലേഖനങ്ങള്‍ എല്ലാം കാ‍ലികപ്രസക്തവും, അതോടോപ്പം സമാനചിന്താഗതിക്കാരുടെ ഒരു പരിപ്രേഷ്യവൂമാണ്.

  ബിജുവിന്റെ എഴുത്തും, ഭാഷയും ഓരോ‍ ലേഖനത്തിലും മെച്ചപ്പെട്ടുവരുന്നുവെന്നതു സന്തോഷകരമാണ്.

  ReplyDelete
 4. സംസ്ക്കാരം സ്വന്തം വീട്ടില്‍ നിന്നാണ് തുടങ്ങുന്നത്
  എന്ന് ഇത് എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്തി.

  വല്യ നാട്യങ്ങളില്ലാത്തെ അസ്സല്‍ ലേഖനം.

  ReplyDelete
 5. മനസ്സാക്ഷിയെ ഉണർത്താൻ പോന്ന വാക്കുകൾ... ഒരു പാടു സത്യങ്ങൾ ഒന്നിച്ച് മുന്നിലെത്തി...

  ഉപഭോഗസംസ്ക്കാരത്തിന്റെ ബലിയടുകളാകുന്ന പുതു തലമുറ..കണ്ണു തുറന്നേ പറ്റൂ....കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോവും മുൻപ്.....

  ReplyDelete
 6. നല്ല ചിന്തകള്‍. തുടരു..

  ReplyDelete
 7. ശരിയാണ് ബിജൂ, ഈ സാംസ്കാരിക അധപഥനം കണ്ടില്ലെന്നു നടിക്കാന്‍ വയ്യ. തികച്ചും ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചകളും ശീലങ്ങളും അര്‍ഹിക്കുന്ന വിഷയം തന്നെ. ചര്‍ച്ച തുടരട്ടെ...All the best.

  ReplyDelete
 8. വിസ്മൃതിയിലാണ്ടു പോകുന്ന നന്മയുടെ ഏടുകള്‍ .. വര്‍ത്തമാനത്തില്‍ നമ്മളാടുന്ന ജീവിതത്തിന്റെ കണക്കു പുസ്തകങ്ങളില്‍
  സങ്കലങ്ങളും ഗുണനങ്ങളും കൊണ്ട് ഇതിഹാസങ്ങള്‍ രചിയ്ക്കുമ്പോള്‍ ന്യൂനത്തിന്റെയും ഭാഗത്തിന്റെയും ചിഹ്നങ്ങളില്‍ എന്തൊക്കെയോ വിങ്ങുന്നുണ്ട്. നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കമായ മണ്ണില്‍ നിന്നും വേരുകള്‍ പറിച്ചു നാം നഗങ്ങളില്‍ പാകുന്നു. കോണ്കീറ്റിനടിയില്‍ വിങ്ങിപ്പൊട്ടി നമ്മളെത്ര നാള്‍ ...? .ആഘോഷങ്ങളെ സവര്‍ണ്ണമെന്നും അവര്‍ണ്ണമെന്നും തരംതിരച്ചു ജാതിവെറിയുടെ വിത്തുകള്‍ പാകി ഇന്നിന്റെ 'രാക്ഷന്മാര്‍' വിലസുമ്പോള്‍ മഹാബലി പറയും രാക്ഷസന്മാര്‍ ഇങ്ങനെയല്ല ..അവര്‍ക്കുമൊരു നന്മയുണ്ടായിരുന്നെന്നു ...
  ഉപഭോഗസുഖങ്ങളോടെ 'സ്ക്രീനേജര്‍മാരായി' നമ്മള്‍ വീടുകളില്‍ ഉരുണ്ടുകൂടുമ്പോള്‍ ഒരു സാമൂഹികഘടനയുടെ താളം തെറ്റുന്നു .അപരിചിതരുടെ ലോകം വളരുന്നു .ഒരുവില്‍ ഒരു മതിലിനപ്പുറമിപ്പുറം പരസ്പരം കണ്ടാലറിയാതെ നമ്മള്‍ . ഇന്ദ്രിയങ്ങളുടെ മുറവിളികളെ
  അടക്കി നമ്മള്‍ വന്‍ സിദ്ധികള്‍ സമ്പാദിച്ചിരിയ്ക്കുന്നു . കേള്‍ക്കാതിരിയ്ക്കാനും കാണാതിരിയ്ക്കാനും പഠിച്ചു ..... ഇന്നത്തെ ലോകം നമ്മുടെതാണ്‌ നാളത്തെ നമ്മുടെ മക്കളുടെ . നമ്മള്‍ പഠിയ്ക്കുന്നതൊക്കെ അവരും പഠിയ്ക്കുന്നുണ്ട് . നാളെയൊരു ഉപദേശത്തിനു പോലും യോഗ്യതയില്ലാതവരായി നമ്മള്‍ മാറുമെന്നത് തീര്‍ച്ച ...........
  ഇത്തരമൊരു രചനയ്ക്ക് എന്റെ എല്ലാ വിധ ആശംസകളും.... ഇനിയും വായിക്കാന്‍ കാത്തിരിയ്ക്കുന്നു.....:സ്നേഹപൂര്‍വ്വം ശിവ ..

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. നല്ല പോസ്റ്റ്...എങ്ങോട്ടെന്നില്ലാത്ത വികസനപ്പാച്ചിലിന്റെ ബാക്കിപത്രങ്ങളാണ് ബിജുവിന്റെ പോസ്റ്റിൽ വിവരിച്ച വിശേഷങ്ങൾ...നാമൊക്കെത്തന്നെയാണ് ഇതിനുത്തരവാദികളും...

  ReplyDelete
 11. കുറേയേറെ അപ്രിയ സത്യങ്ങള്‍ നന്നായി പറഞ്ഞു ബിജു. പക്ഷേ, പൂച്ചക്കാര് മണികെട്ടും?

  ReplyDelete
 12. ഓണമെന്നാല്‍ സിനിമാക്കാരുടെ മാത്രം ഓണമല്ലെന്നും സാധാരണക്കാരന്റെയും നാട്ടിന്‍പുറത്തിന്റെയും കൂടിയാണെന്നും എപ്പോഴാണ് മനസ്സിലാക്കുക?

  മനസ്സിലാക്കും.
  എപ്പോഴെന്നോ? ഇതാ ഇപ്പോള്‍ ബിജു പറഞ്ഞില്ലേ അതു പോലെ നാട്യങ്ങളില്ലാത്ത സുമനുസ്സുകള്‍ സ്വന്തം അഭിപ്രായം ഉച്ചത്തില്‍ പറയുമ്പോള്‍."ഹേയ് ചാനലുകാരെ നിങ്ങളുടെ ഈ കോപ്രായം മഹാ ബോറ് ഇതല്ല കേരളത്തിന്റെ മലയാളിയുടെ ഓണം!" ....

  15 ടണ്‍ പൂക്കള്‍ കൊണ്ട് തീര്‍ത്ത, ആറു ലക്ഷം രൂപ ചിലവിട്ട പൂക്കളം മണിക്കൂറുകള്‍ക്കകം അടിച്ചു വാരി മാലിന്യകുപ്പയില്‍ തട്ടുന്നതല്ല ഓണപൂക്കളം. നിഷ്ക്കളങ്കതയോടെ ജാതി മത വിത്യസമില്ലാതെ വീട്ടിലും
  ചുറ്റുവട്ടത്തു നിന്നും നടന്ന് ശേഖരിച്ച പൂക്കള്‍ അവയ്ക്ക് സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ ഒത്തൊരുമയുടെ മണമുണ്ട് നിറമുണ്ട് അവ കൊണ്ടുള്ള പൂക്കളമാണ് ഓണത്തിന്റെ പൂക്കളം എന്ന് മടിച്ചു നില്ക്കാതെ ജനം ഏകസ്വരത്തില്‍ പറയണം.പൊങ്ങച്ചത്തിന്റെ ആഡംബരത്തിന്റെ നീരാളി പിടുത്തത്തില്‍ നിന്ന് മലയാളീ പുറത്ത് വരണം...
  ബിജുകുമാര്‍ ആലക്കോട് ശക്തമായ് എഴുതിയ പോസ്ട് അഭിവാദനങ്ങള്‍!

  ReplyDelete
 13. വളരെ നല്ല പോസ്റ്റ്‌ !!

  ReplyDelete
 14. ശക്തമായ ലേഖനം.

  മുൻപൊക്കെ ദിവസം 8 മണിക്കൂർ ടി.വി. കണ്ടിരുന്ന ഞാൻ ഇപ്പോൾ അത് അര മണിക്കൂറാക്കി കുറച്ചു. ആ സമയത്ത് വാർത്തകൾ മാത്രം നോക്കും. ഊണുകഴിക്കുന്ന സമയം വീട്ടുകാർ ഐഡിയ സ്റ്റാർ സിംഗർ കാണും. ഞാൻ കേൾക്കും!ടീവീക്ക് മൂടുതിരിഞ്ഞാണെന്റെ ഇരിപ്പ്!അത്ര തന്നെ.

  അത്യാഹിതമൊന്നും സംഭവിച്ചില്ലെങ്കിൽ 10 മണിക്കു തന്നെ ഉറങ്ങും.

  എനിക്കു ചെയ്യാവുന്നത് ഞാൻ ചെയ്യുന്നു. കഴിയുന്നത്ര സുഹൃത്തുക്കളോട് ടിവി കാണൽ കുറയ്ക്കാനും കഴിയുമെങ്കിൽ ആഴ്ചയിലൊരിക്കൽ നാട്ടിൽ ഇറങ്ങി നടക്കാനും ആഹ്വാനം ചെയ്യുന്നു!

  (സന്ധ്യയ്ക്കു ശേഷം ബന്ധു വീടുകളിൽ ചെല്ലരുത്, ടി.വി കാഴ്ച തടസപ്പെടുത്തിയതിൽ അവർ നിങ്ങളെ പ്‌രാകും!)

  ReplyDelete
 15. Dear Biju Kumar,
  "ബാല്യം മാറാത്ത ....പാര്‍ക്കില്‍ നനയിച്ച് "കാണിച്ചി"രുന്നു. നിഷ്കളങ്കരായ അവര്‍ അറിയുന്നില്ല തങ്ങളുടെ ശരീരത്തിലെ വളര്‍ച്ചകള്‍ നനഞ്ഞൊട്ടി കാഴ്ചക്കാരനെ രോമാഞ്ചമണിയിയ്ക്കുകയാണെന്ന്. ഫ്ലാറ്റും ലക്ഷങ്ങളും സ്വപ്നം കാണുന്ന തന്തയും തള്ളയും അതു കണ്ടില്ലെന്നു നടിയ്ക്കുകയും ചെയ്യുന്നു."

  Don't you think your view on this is a very subjective?
  Now do you suppose they should come on TV "top to bottom" covered so that "viewers" doesn't get their "hairs" "erect" ( pun intended).

  I also find that you have exclusively concentrated on "girl" child.
  If we extend your logic,the Female group of "കാഴ്ചക്കാരനെ" (viewers)should also get their "hairs" erect on seeing young boys in Wet dress?

  But I haven't seen you harping on "young boys".
  This is a clear indication of male chauvinism in the writer's thought process, which needs to be condemned.

  ReplyDelete
 16. @Sandeep: hi sir, this is a Malayalam portal and the post is in Malayalam language. If you would like to discuss somthing, then put it in same language. OK?

  ReplyDelete
 17. ഹ! ഹ!!

  സന്ദീപ് സാറിനോട് ബിജുകുമാർ പറഞ്ഞത് മോശം!

  സാറിന്റെ ഇംഗ്ലീഷ് കണ്ടു പഠിക്ക്!

  Don't you think your view on this is “a very subjective”?


  "viewers" doesn't ...!

  നല്ല ഗ്ലാമർ!
  സോറി ഗ്രാമർ!

  ReplyDelete
 18. @BijuKumar Sir,
  "vincitore117 said...
  ningal paranjathu sheriyannu.puram loakavummayi"
  "pravasi said...
  ശരിയാണ് ബിജൂ, ....All the best."

  I think it should be pretty clear that you are neither particular about the "language" nor the "script" used here.
  I guess it's my questions which got you cornered.


  Thanks to Jayan Sir for "graciously" pointing out my mistakes.

  ReplyDelete
 19. നല്ല വിലയിരത്തലുകൾ കേട്ടൊ ഭായ്

  ReplyDelete
 20. @ സന്ദീപ്: താങ്കള്‍ പല പോസ്റ്റുകളിലും മുട്ടന്‍ ആംഗലേയവുമായി ചാടി വീഴാറുണ്ട്. ഇവിടെ ചര്‍ച്ചിയ്ക്കുന്നത് പാവപ്പെട്ട മലയാളികളാണ്. അവര്‍ എല്ലാവരും സാറിന്റെയത്ര് ആംഗലേയ പണ്ഡിതരാവില്ല. പിന്നെ ഡിക്ഷണറി എപ്പോഴും കൈയില്‍ കിട്ടിയെന്നും വരില്ല.
  സാറിന് ഇംഗ്ലീഷ് ചര്‍ച്ചയാണ് പഥ്യമെങ്കില്‍ ഒരു ഇംഗ്ലീഷ് പൊസ്റ്റിട്. അവിടെ ചര്‍ച്ചിക്കാം.
  ഇവിടെ മലയാളികള്‍ അവരുടെ പാവം മലയാളത്തില്‍ ചര്‍ച്ചിച്ചോട്ടെ..
  പിന്നെ, ആദ്യകമന്റ് ഇംഗ്ലീഷല്ല, മംഗ്ലീഷാണെന്ന് ആര്‍ക്കും മനസ്സിലാകും. യൂണികോഡ് സൊഫ്റ്റ്‌വെയര്‍ ഇല്ലാത്ത ഒരാള്‍ അതു ചെയ്യുന്നതു മനസ്സിലാക്കാം. പക്ഷെ നിങ്ങളുടെ ഉദ്ദേശം വേറെയായതു കൊന്റാണ് പ്രതികരിയ്ക്കാത്തത്.ജാഡ പ്രകടത്തിനു കൊടിപിടിക്കാന്‍ സമയമില്ലാത്തതു കൊണ്ടാണ്, ക്ഷമിയ്ക്കണം.
  അപ്പോള്‍ വീണ്ടും കാണാം.:-)

  ReplyDelete
 21. @Biju Kumar Sir,
  "താങ്കള്‍ പല പോസ്റ്റുകളിലും മുട്ടന്‍ ആംഗലേയവുമായി ചാടി വീഴാറുണ്ട്";" ഇവിടെ ചര്‍ച്ചിയ്ക്കുന്നത് പാവപ്പെട്ട മലയാളികളാണ്. അവര്‍ എല്ലാവരും സാറിന്റെയത്ര് ആംഗലേയ പണ്ഡിതരാവില്ല.";"പക്ഷെ നിങ്ങളുടെ ഉദ്ദേശം വേറെയായതു കൊന്റാണ് പ്രതികരിയ്ക്കാത്തത്";
  "ജാഡ പ്രകടത്തിനു കൊടിപിടിക്കാന്‍ സമയമില്ലാത്തതു കൊണ്ടാണ്"

  Read these comments once more with a clear head Biju Kumar Sir. just look at the number of preconceptions and personal attacks you have made.

  And all these, because I dared to raise one critical remark.

  "ക്ഷമിയ്ക്കണം.
  അപ്പോള്‍ വീണ്ടും കാണാം.:-)"

  Sir, I have no problem in accepting your apology. Now if you please, I would like to know the real reasons behind your "hair raising" sentiments.

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts