സ്വാതന്ത്ര്യദിന ചിന്തകള്‍

കണ്ണനുണ്ണി

ബൂലോകത്ത് വന്നു എല്ലാവരുടെയും ഒപ്പം നടന്ന ഒന്നരകൊല്ലം തീര്‍ച്ചയായും വിലപ്പെട്ട അനുഭവം തന്നെയാണ് സമ്മാനിച്ചിട്ടുള്ളത്. എന്റെ തന്നെ ഞാന്‍ അറിഞ്ഞിട്ടില്ലാത്ത വശങ്ങള്‍, ചിന്തകള്‍ ഒക്കെ കണ്ടെത്താന്‍ കഴിഞ്ഞതിനുപരി, ഒരുപാട് ആരോഗ്യകരമായ സുഹൃത്ത് ബന്ധങ്ങള്‍ ബൂലോകം സമ്മാനിച്ചിട്ടുണ്ട്. പക്ഷെ കുറെ നാളായി ഉള്ള ബൂലോകത്തിന്റെ പൊതുവായ ഗതി കാണുമ്പോള്‍ മറ്റു പലരെയുമെന്ന പോലെ എന്നെയും അലട്ടുന്ന ഒരു ചിന്തയുണ്ട്. തുറന്നു പറഞ്ഞാല്‍ പോലും ഒരുപാട് ശത്രുക്കളെ അത് സമ്പാദിച്ചു തരും എന്ന് കരുതി, എന്നെ പോലെ ഒരുപാട് പേര്‍ അത് ഉള്ളില്‍ തന്നെ അടക്കാറും ഉണ്ടെന്നറിയാം. എങ്കിലും ഇന്നത്തെ ഈ ദിവസം, മനസ്സിലുള്ളത് വിളിച്ചു പറയുവാന്‍ കൂടി, എന്‍റെ ആ ആശങ്ക ഞാന്‍ ഒന്ന് പങ്കു വയ്ക്കാന്‍ കൂടി, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ വാര്‍ഷികം ആഘോഷിക്കുന്ന ഈ ദിവസം ഞാന്‍ ഉപയോഗിക്കട്ടെ.

സ്വതന്ത്ര മാധ്യമമെന്ന നിലയില്‍ കൂടുതല്‍ പ്രചാരം കിട്ടി വരുന്നതിനോപ്പം തന്നെ, വര്‍ഗീയതയുടെയും, ചേരി തിരിവിന്റെയും വിഷ വിത്തുകള്‍ പാകി മുളപ്പിക്കാന്‍ നമ്മുടെ ഈ കൊച്ചു ബൂലോകം കാരണമാവുന്നുണ്ടോ? ചിന്തയിലും ജാലകത്തിലും ലിസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ അവഗണിക്കാനാവാത്ത വിധം എണ്ണം പോസ്റ്റുകള്‍ നിത്യവും, പ്രത്യക്ഷമായോ പരോക്ഷമായോ അങ്ങനെ ഒരു അവസ്ഥയിലേക്ക് ആണ് ബൂലോകത്തെ കൊണ്ട് പോവുന്നതെന്ന് തോനുന്നത് എനിക്ക് മാത്രമാണോ?

മതം എന്നത് മനുഷ്യനെ ചേര്‍ത്ത് നിര്‍ത്താനും, നന്മ നിറഞ്ഞ ഒരു ജീവിത വീഥിയിലൂടെ കൈ പിടിച്ചു നടത്താനും, അങ്ങനെ ശാശ്വതമായ സമാധാനത്തിലേക്ക് അവനെ ഉയര്‍ത്താനും ഉള്ള ഒരു മാര്‍ഗ്ഗം എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ എല്ലാ മതങ്ങളും കേവലം വിത്യസ്തമായ പാതകള്‍ മാത്രമാണെന്നും അന്തിമ ലക്‌ഷ്യം ഒന്ന് തന്നെ ആണെന്നും മനസ്സിലാക്കാം.

അപ്പോള്‍ പിന്നെ ഈ പാതയാണ് നല്ലത്, മറ്റേ പാതയില്‍ യാത്ര പൂര്‍ണ്ണമാവില്ല, അല്ലെങ്കില്‍ ഈ പാത തിരഞ്ഞെടുക്കാത്തവര്‍ ഒക്കെയും അവിശ്വാസികളാണ് തുടങ്ങിയ ചിന്തകള്‍ കേവലം അജ്ഞത കൊണ്ട് ഉണ്ടാകുന്ന തെറ്റിധാരണകള്‍ മാത്രമല്ലേ ?

മതത്തെ ചൊല്ലി വളരെയധികം ചൂട് പിടിച്ച ചര്‍ച്ചകളും വാഗ്വാധങ്ങളും, പലപ്പോഴും ചേരി തിരിഞ്ഞുള്ള അസഭ്യം പറച്ചിലുകളും കമന്റ്‌ യുദ്ധങ്ങളും മുന്‍പില്ലാത്തവിധം കൂടിയിട്ടുണ്ട് ഇന്ന് ബൂലോകത്തില്‍ എന്ന് കാണാനാവുന്നുണ്ട്. പ്രിയ സുഹൃത്ത്‌ നട്ടപിരാന്തന്‍ ഇതേ ആശങ്ക പങ്കു വെച്ച് എഴുതിയ ഒരു പോസ്റ്റില്‍ നിന്ന് ഏതാനം വരികള്‍ ഇവിടെ എടുത്ത് എഴുതട്ടെ.

"ഒരു തര്‍ക്കം വിജയിക്കുമ്പോള്‍ ഒരു എതിരാളി (ശത്രു ) സൃഷ്ടിക്കപ്പെടുന്നു. അല്ലാതെ പരാജയപ്പെട്ടന്‍, വിജയിച്ചവന്റെ തത്വശാസ്ത്രത്തെ പിന്തുടരാറില്ല. ആ നിലയില്‍, സത്യ പ്രചരണമാണ് ഉദ്ദേശമെങ്കില്‍, സംവാദം പരാജയപ്പെട്ട ഒരു ഉപാധിയാണെന്നു സത്യം എന്റെ പ്രിയപ്പെട്ട സംവാദകര്‍ മറന്നു പോകുന്നു."

നൂറല്ല നൂറ്റി പത്തു ശതമാനവും ഇതിനോട് ഞാന്‍ യോജിക്കുന്നു. സ്വന്തം മന:സ്സുഖത്തിന് വേണ്ടി മാത്രമല്ലേ ഈ വാഗ്വാദങ്ങള്‍ ഒക്കെയും. അല്ലാതെ ഒരാളെ പരാജയപ്പെടുത്തി അയാളുടെ വിശ്വാസങ്ങള്‍ മാറ്റി മറിച്ചതായി ബൂലോകത്ത് എവിടെയും കണ്ടിട്ടില്ല. തങ്ങളുടെ പാതയാണ് ശ്രേഷ്ടമെന്നു മെന്നു വാദിക്കുന്നവര്‍ ഒന്ന് ഓര്‍ക്കാതതെന്തേ.. എല്ലാ പാതകളും അവസാനിക്കുന്നത് പരമമായതെന്നു നമ്മളെല്ലാം വിശ്വസിക്കുന്ന ഒരു സത്യത്തിലാണ്. അതിനപ്പുറം ഒരു അടി പോലും മുന്‍പോട്ടു ഒരുപാതയും ആരെയും കൊണ്ട് എത്തിക്കുന്നില്ല പിന്നെന്തിനു നിരര്‍ത്ഥകമായ ഈ വാഗ്വാദങ്ങള്‍?.

പിന്നെ സ്വന്തം മന:സ്സമാധാനത്തിനു വേണ്ടിയാണെങ്കില്‍ ആയിക്കോളൂ എത്ര വേണമെങ്കിലും. പക്ഷെ ഇത്തരം വാഗ്വാദങ്ങളും, പോസ്റ്റുകളും കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് മാത്രം. പൊതുവില്‍ ബൂലോകത്തില്‍ ഒരു ചേരി തിരിവുണ്ടാക്കുന്നതില്‍ വലിയൊരളവു വരെ ഇത് പങ്കു വഹിക്കുന്നുണ്ട് . ഒപ്പം മതപരമോ വര്‍ഗീയമോ ആയി ഒരു ചായ്‌വും ഇല്ലാതെ ഇരുന്ന വ്യക്തികള്‍ കൂടി മറിച്ചു ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനൊന്നും അക്കമിട്ടു ഉദാഹരണങ്ങള്‍ എഴുതേണ്ടതില്ല. ഈ ബൂലോകത്തെ,ഒരു മാസമെങ്കിലും അടുത്ത് നിരീക്ഷിച്ചാല്‍ തന്നെ അത് മനസ്സിലാക്കാവുന്നതെ ഉള്ളു.

ഇത്തരം ചേരിതിരിവുകള്‍ നമ്മുടെ സമൂഹത്തിന്റെ, കേരള നാടിന്റെ, ഈ മഹാരാജ്യത്തിന്റെ തന്നെ അഖണ്ഡതയ്ക്ക് അല്‍പ്പമെങ്കിലും കോട്ടം വരുത്തുന്നുണ്ടെങ്കില്‍, പ്രിയ സുഹൃത്തുക്കളെ നമ്മള്‍ വളരെയധികം സൂക്ഷിക്കുക തന്നെ വേണം. മതവും വര്‍ഗീയതയും, ഉണ്ടാക്കിയ ചേരി തിരിവ്, പല രാജ്യങ്ങളുടെയും ജനപദങ്ങളുടെയും പതനത്തിനും, പിളര്‍പ്പിനും കാരണമാവുന്നത് ഈ നൂറ്റാണ്ടില്‍ തന്നെ നമ്മള്‍ കണ്ടതാണ്. അങ്ങനെ തകര്‍ന്ന സമൂഹത്തില്‍, ഒരു വ്യക്തിയുടെ സ്വത്തിനും ജീവനും ഒരു പുല്‍ക്കൊടിയുടെ വില പോലും ലഭിക്കാറും ഇല്ല.

അത് കൊണ്ട് തന്നെ ഇത്തരം ചേരി തിരിവുകള്‍ക്ക്‌ അതീതമായി ഭാരതീയന്‍ എന്ന പൊതുവായ വികാരത്തില്‍ സ്വന്തം സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുവാന്‍ നമുക്ക് മനസ്സുണ്ടാവണം. എന്തൊക്കെ കുറവുണ്ടെങ്കിലും ഇന്നും സുരക്ഷിതമായ ഒരു സമൂഹം നമുക്കുണ്ടെങ്കില്‍ അത് നാം ജീവിക്കുന്നത് കെട്ടുറപ്പുള്ള വ്യവസ്ഥിതിയുള്ള ഒരു രാജ്യത്തായത് കൊണ്ടാണെന്ന് ചിന്തയുണ്ടാവണം.

അഴിമതിയുടെയും പക്ഷപാതത്തിന്റെയും, ഇല്ലായ്മകളുടെയും പേരില്‍ ഈ രാജ്യത്തെ കൈ ചൂണ്ടി പരിഹസിക്കുന്നവര്‍ ഒന്നോര്‍ക്കണം, ഞാനും നിങ്ങളും അടങ്ങുന്ന നമ്മള്‍ തന്നെയാണ് അതിനെല്ലാം കാരണം. ഈ നമ്മളില്‍ ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യാനിയും ഉണ്ട്. ഞാന്‍ നന്നായാല്‍, അത്രെയും കൂടി എന്‍റെ രാജ്യം നന്നായി. മത ചിന്തകള്‍ക്കും, വര്‍ഗീയതയ്ക്കും, അതെ ചൊല്ലിയുള്ള നിരര്തകമായ ചര്‍ച്ചകള്‍ക്കും അതീതമായി സമാധാനവും സാഹോദര്യ മനോഭാവവും ഉള്ള സമൂഹമായി, രാജ്യത്തിന് തന്നെ മാതൃകയായി ഈ ബൂലോകത്തെ മാറ്റുവാന്‍ കഴിഞ്ഞിരുന്നെകില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു.

ചിരിച്ചു കാട്ടി വഞ്ചിക്കുന്ന രാഷ്ട്രീയ കോമരങ്ങളെയും, പാവങ്ങളുടെ പാത്രത്തിലെ അപ്പ കഷ്ണത്തിന് വില പറയുന്ന മൂല്യ ബോധം നഷ്ട പെട്ട ഉദ്യോഗസ്ഥ വൃന്ദത്തേയും, മതങ്ങളുടേയും കണ്ടിട്ടില്ലാത്ത ദൈവങ്ങളുടെയും പേരില്‍ കണ്മുന്നിലുള്ള സ്വന്തം അയല്‍ക്കാരന്റെ നെഞ്ചില്‍ കത്തി ആഴ്ത്തുന്ന ഭ്രാന്തു പിടിച്ച ജന്മങ്ങളെയും ഒക്കെ സഹിച്ചും ക്ഷമിച്ചും... ഇന്നും മൂവര്‍ണ്ണ കൊടിയെ, ഈ മാതൃ രാജ്യത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ... എനിക്ക്... പ്രണാമം..
ഒപ്പം എന്നെ പോലെയുള്ള അനേക ലക്ഷം സഹോദരീ സഹോദരന്മാര്‍ക്കും....
നമ്മളാണ് ഭാരതത്തിന്റെ ശക്തി...
എന്നും നമ്മള്‍ ആയിരിക്കണം ആ ശക്തി.

വന്ദേ മാതരം ...

ബൂലോകത്തെ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും, സ്വാതന്ത്ര്യദിന ആശംസകള്‍.

സസ്നേഹം,
കണ്ണനുണ്ണി...

20 Responses to "സ്വാതന്ത്ര്യദിന ചിന്തകള്‍"

 1. സ്വാതന്ത്ര്യദിനാശംസകൾ

  ReplyDelete
 2. ഇന്നേക്ക് എന്ത് കൊണ്ടും ഫിറ്റായ
  ചിന്തകള്‍...
  സ്വാതന്ത്ര്യദിനാശംസകൾ !

  ReplyDelete
 3. സ്വാതന്ത്ര്യദിനാശംസകള്‍.. ഭാരതത്തിന്റെ അഖണ്ഢതക്കായി നമുക്ക് പടപൊരുതാം.. മത-രാഷ്ട്രീയ കോമരങ്ങളെ തച്ച് തകര്‍ക്കാം..

  ReplyDelete
 4. “സ്വതന്ത്ര മാധ്യമമെന്ന നിലയില്‍ കൂടുതല്‍ പ്രചാരം കിട്ടി വരുന്നതിനോപ്പം തന്നെ, വര്‍ഗീയതയുടെയും , ചേരി തിരിവിന്റെയും വിഷ വിത്തുകള്‍ പാകി മുളപ്പിക്കാന്‍ നമ്മുടെ ഈ കൊച്ചു ബൂലോകം കാരണമാവുന്നുണ്ടോ? ചിന്തയിലും ജാലകത്തിലും ലിസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ എണ്ണത്തില്‍ അവഗണിക്കാനാവാത്ത വിധം എണ്ണം പോസ്റ്റുകള്‍ നിത്യവും, പ്രത്യക്ഷമായോ പരോക്ഷമായോ അങ്ങനെ ഒരു അവസ്ഥയിലേക്ക് ആണ് ബൂലോകത്തെ കൊണ്ട് പോവുന്നതെന്ന് തോനുന്നത് എനിക്ക് മാത്രമാണോ? “

  അതെ, ഇത് തന്നെ മറ്റുള്ളവർക്കും തോന്നുന്നത്.
  ഇപ്പോൾ ബൂലോകത്തിലെ ലിസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ കൂടുതലും മതപരവും രാഷ്ട്രീയപരവും ആണ്. തർക്കിക്കാനും ശത്രുത പരത്താനും ഇത് കാരണമാവുന്നുണ്ട് എന്ന് തള്ളിക്കളയാനാവുമോ?

  ബൂലോകം കുറെയൊക്കെ മടുത്തുതുടങ്ങിയിരിക്കുന്നു.

  എല്ലാവർക്കും ദിനാശംസകൾ!
  ജയ് ഹിന്ദ്!

  ReplyDelete
 5. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

  ReplyDelete
 6. സ്വാതന്ത്ര്യദിനാശംസകൾ !

  ReplyDelete
 7. വര്‍ഗ്ഗീയ വിഷം വമിപ്പിക്കുന്നതും സ്പര്‍ധ വളര്‍ത്തുന്നതുമായ പോസ്റ്റുകള്‍ അഗ്രിയില്‍ നിന്നും നീക്കം ചെയ്യാന്‍ "ജാലകം" ടീം നേരത്തെ ശ്രമം നടത്തിയതായി അറിഞ്ഞു. ഓട്ടോ അപ്ഡേറ്റ് ഉള്ളത് കാരണം എല്ലായ്പോഴും ഇത് ഫലപ്രദമാകാറില്ലല്ലോ. അങ്ങനെയെങ്കില്‍ അത്തരം ബ്ലോഗുകളെ ബ്ലാക്ക്‌ ലിസ്റ്റു ചെയ്തു അഗ്രിയില്‍ വരാതെയും അങ്ങനെ ബൂലോകത്തെ വിഷ വിമുക്തമാക്കുകയും ചെയ്യാന്‍ എല്ലാ അഗ്രി അട്മിനിമാരും തുനിഞ്ഞെങ്കില്‍ തീരാവുന്ന പ്രശ്നമേയുള്ളൂ...

  ReplyDelete
 8. @ കണ്ണനുണ്ണീ - പറഞ്ഞതിന് എല്ലാത്തിന്റേയും അടിയില്‍ ഓരോ കൈയ്യൊപ്പ്. കൂടുതല്‍ ചിലത് പറയണമെന്നുണ്ട് ഈ വിഷയത്തില്‍. പക്ഷെ രാഷ്ട്രീയം മതപരവുമായ കാര്യങ്ങളില്‍ അഭിപ്രായം പറയുകയില്ല, അതിന്റെ പേരില്‍ കൂടുതല്‍ ശത്രുക്കളെ സമ്പാദിക്കുകയില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തല്‍ക്കാലം മൌനം പാലിക്കുന്നു. നിവൃത്തിയില്ലാത്ത ഒരു അവസ്ഥ ഉണ്ടാകുമ്പോള്‍ ചിലപ്പോള്‍ കീബോര്‍ഡ് ചലിപ്പിച്ചെന്ന് വരാം.

  നട്ടപ്രാന്തന്‍ പറഞ്ഞതുകൂടാതെ നട്ട്സുമായുള്ള അഭിമുഖത്തില്‍ സജി മാര്‍ക്കോസ് പറഞ്ഞ ചില വാചകങ്ങള്‍ ഇതാ...

  ഇനിയെത്ര വര്‍ഷം ഉണ്ട് മുന്‍പില്‍? ഒരു മനുഷ്യനോടും പിണങ്ങാനും പ്രതികാ‍രം ചെയ്യാനും സമയമില്ല. ചെയ്യേണ്ട അത്യാവശ്യം കാര്യങ്ങള്‍ ചെയ്യാന്‍ പോലും സമയമില്ല.

  അതുപോലെ ഒരു ചിന്തയ്ക്ക് ആരെങ്കിലും തയ്യാറാണോ ? അതുപോലെ ഒരു പ്രവര്‍ത്തിയെപ്പറ്റി എല്ലാവര്‍ക്കും ഒന്നാലോചിക്കരുതോ ?

  അന്ന്... അന്ന് മാത്രമേ ദൈവരാജ്യം വരൂ.

  വന്ദേ മാതരം.

  ReplyDelete
 9. എല്ലാ പാതകളും അവസാനിക്കുന്നത് പരമമായതെന്നു നമ്മളെല്ലാം വിശ്വസിക്കുന്ന ഒരു സത്യത്തിലാണ്.

  ''എന്‍റെ തന്നെ ഞാന്‍ അറിഞ്ഞിട്ടില്ലാത്ത വശങ്ങള്‍, ചിന്തകള്‍ ഒക്കെ കണ്ടെത്താന്‍ കഴിഞ്ഞതിനുപരി, ഒരുപാട് ആരോഗ്യകരമായ സുഹൃത്ത് ബന്ധങ്ങള്‍ ബൂലോകം സമ്മാനിച്ചിട്ടുണ്ട്''

  എല്ലാവര്ക്കും എന്‍റെ സ്വാതന്ത്ര്യദിനാശംസകൾ !

  ReplyDelete
 10. ബ്ലോഗ് വായിക്കുമ്പോഴാണ് ജാതിയും മതവും വര്‍ഗ്ഗീയതയും തൊട്ടുകൂടായ്മയും അയിത്തവും ഒക്കെ പണ്ടെത്തക്കാളും രൂക്ഷമായി ഇവിടെയുണ്ടെന്ന് തോന്നുന്നത്. ഒരു ദിവസം ബ്ലോഗ് വായിക്കാതെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ വായിക്കുമ്പോള്‍ ഈ പ്രശ്നമില്ല. ഇന്നലെ യാദൃച്ഛികമായി ഹാരൂണ്‍ക്ക,കൊട്ടോട്ടിക്കാരന്‍, ഇസ്മൈല്‍, വിനീത്,വിജയകുമാര്‍ ബ്ലാത്തൂര്‍, കുമാരന്‍,ചിത്രകാരന്‍ തുടങ്ങിയ ബ്ലോഗര്‍മാരെയും പിന്നെയും കുറെ പേരെയും കണ്ടുമുട്ടാനും സംസാരിക്കാനും ഇടയായി. അപ്പോള്‍ ഈ ലോകത്ത് ജാതിയും മതവും ഉണ്ടെന്ന് എനിക്ക് തോന്നിയതേയില്ല. കണ്ടുമുട്ടിയ എല്ലാവരും ഒന്നാംതരം മനുഷ്യര്‍. ബ്ലോഗ് വായിക്കുമ്പോള്‍ ഒരു ഫില്‍‌ട്ടര്‍ നല്ലതാണ്.

  ReplyDelete
 11. പ്രസക്തമായ ചിന്തകകൾ.

  നമുക്ക് മറ്റൊരാളെ നന്നാക്കാൻ കഴിഞ്ഞെന്നു വരില്ല; എന്നാൽ ഒരാളെ തീർച്ചയായും കഴിയും - അവനവനെ!

  എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!

  ReplyDelete
 12. സ്വയം ഒരു വിമര്‍ശനംമാകും നല്ലതെന്ന് എനിക്ക് തോന്നുന്നു.
  അതാകട്ടെ ഈ സ്വാതന്ത്ര്യദിനത്തില്‍ നമുക്ക് കൈവരിക്കുവാന്‍ കഴിയുന്നതും.
  എല്ലാ സുഹൃത്തുക്കൾക്കും എന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍
  സ്വാതന്ത്ര്യദിന ചിന്തകള്‍

  ReplyDelete
 13. ഇന്ന് പങ്ക് വയ്ക്കാവുന്ന ഏറ്റവും നല്ല ചിന്തകള്‍, നന്നായി കണ്ണനുണ്ണി

  ReplyDelete
 14. എല്ലാവര്‍ക്കും എന്റെ വകയും സ്വാതന്ത്ര്യദിനാശംസകള്‍... എന്റെ സ്വാതന്ത്ര്യദിന ചിന്തകള്‍ ഇവിടെയുണ്ട്‌...

  ReplyDelete
 15. "അഴിമതിയുടെയും പക്ഷപാതത്തിന്റെയും, ഇല്ലായ്മകളുടെയും പേരില്‍ ഈ രാജ്യത്തെ കൈ ചൂണ്ടി പരിഹസിക്കുന്നവര്‍ ഒന്നോര്‍ക്കണം, ഞാനും നിങ്ങളും അടങ്ങുന്ന നമ്മള്‍ തന്നെയാണ് അതിനെല്ലാം കാരണം."

  ReplyDelete
 16. സ്വാതന്ത്ര്യദിനാശംസകൾ !

  ReplyDelete
 17. കണ്ണാ വൈകിയാണ് ഇവിടെ എത്തിയത്. എന്നാലും ഇവിടെ ഉന്നയിച്ച ആശങ്കകൾ ഒരിക്കലും തള്ളിക്കളയാവുന്നതല്ല. മതവും രാഷ്ട്രീയവുമായ ചേരിതിരിവുകൾ ഇന്ന് അപകടകരമായ വിധത്തിൽ സമൂഹത്തിൽ കൂടി വരുകയാണെന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. സ്വാതന്ത്ര്യദിനത്തിന് ചേർന്ന ചിന്തകൾ തന്നെ. ആശംസകൾ.

  ReplyDelete
 18. Indian EVM researcher arrested.
  http://www.straight.com/article-339751/vancouver/indian-researcher-hari-prasad-arrested-after-exposing-flaws-electronic-voting-machines

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts