കുറച്ച് ബ്ലോഗേഴ്സ് വയനാടന്‍ കാട്ടിലേക്ക്....

യനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്ക് അടുത്തുള്ള ചെതലയം ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ രാവിലെ 9:30 മണിയോടെ മുന്‍‌കൂട്ടി പറഞ്ഞിരുന്നതുപ്രകാരം ഞങ്ങള്‍ ഒത്തുകൂടി. ഞങ്ങളെന്ന് പറഞ്ഞാല്‍.. ചെതലയം സ്വദേശിയും വയനാട്ടിലെ ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷങ്ങളായി ഒറ്റയാള്‍പ്പട നയിക്കുന്ന കുഞ്ഞഹമ്മദിക്ക, മൈന ഉമൈബാന്‍, സുനില്‍ ഫൈസല്‍, ആഷ്‌ലി (ക്യാപറ്റന്‍ ഹാഡോക്ക്) അദ്ദേഹത്തിന്റെ ഭാര്യ മമത, അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ ഫിലോമിന, ഈയുള്ളവനും ഭാര്യ മുഴങ്ങോടിക്കാരിയും, മകള്‍ 9 വയസ്സുകാരി നേഹയും.

ഒറ്റയാള്‍പ്പട്ടാളം കുഞ്ഞഹമ്മദിക്ക

ഉള്‍ക്കാടുകളില്‍ താമസിക്കുന്ന ആദിവാസികളിള്‍ പലര്‍ക്കും മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാത്ത ദുരവസ്ഥയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കാന്‍ കുറച്ച് വസ്ത്രങ്ങള്‍ ശേഖരിച്ച് വിതരണം ചെയ്യാനാകുമോ എന്ന ആശയം മുന്നോട്ട് വെച്ചത് മൈന ഉമൈബാന്‍ ആണ്. പിന്നീട് ആഷ്‌ലി തന്റെ ഗൂഗിള്‍ ബസ്സ് വഴി ബാംഗ്ലൂര് നിന്ന് നല്ലൊരു വസ്ത്രശേഖരം ഉണ്ടാക്കി. ഇതിന് പുറമെ ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന്‍ ശേഖരിക്കാനായ തുണിത്തരങ്ങളും കുറച്ച് പുതിയ കമ്പിളികളും, പായകളും മുണ്ടുകളുമൊക്കെ രണ്ട് വാഹനങ്ങളിലായി കുത്തിനിറച്ചാണ് ഞങ്ങള്‍ ചെതലയത്ത് എത്തിയത്.

ഉള്‍ക്കാടുകളിലെ ചില ആദിവാസി കോളനികളിലേക്ക് സാധാരണ വാഹനങ്ങള്‍ പോകില്ലെന്നുള്ളതുകൊണ്ട് ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പ് ഒരെണ്ണം വാടകയ്ക്ക് എടുത്ത് അതില്‍ക്കയറി സ്ത്രീജനങ്ങളും കുറച്ച് പുരുഷപ്രജകളും കാട്ടിലേക്ക് കടന്നു. ജീപ്പിലെ സ്ഥലപരിമിതികാരണം കൂടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശ്രീ. സദാനന്ദന്‍, ശ്രീ. സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കുറച്ചുപേര്‍ മുഴുവന്‍ ദൂരവും കാട്ടിലേക്ക് നടന്ന് കയറി.

ഇവിടെ വരെ ജീപ്പ്, ഇനി നടത്തം

മഴ പെയ്ത് ചെളിപിടിച്ച് കിടക്കുന്നതുകൊണ്ടും കൃത്യമായ ഒരു റോഡ് കാട്ടിലേക്ക് ഇല്ലാത്തതുകൊണ്ടും പലയിടത്തും ജീപ്പ് ചെളിയില്‍ പുതഞ്ഞുപോകുന്ന അവസ്ഥയായിരുന്നു. അത്തരം ചില ഘട്ടങ്ങളില്‍(മടക്കയാത്രയില്‍) കുറച്ച് പേര് വെളിയിലിറങ്ങി ജീപ്പ് തള്ളിനീക്കേണ്ടി വന്നു. എന്നിട്ടും കൊമ്മഞ്ചേരി കോളനി വരെ ജീപ്പ് ചെന്നെത്തിയില്ല. വീണ്ടും അരകിലോമീറ്ററോളം ചെളിപിടിച്ച് കിടക്കുന്ന വഴിയിലൂടെ, അട്ടകള്‍ നിറയെയുള്ള, കടുവകള്‍ വിഹരിക്കുന്ന, ആനകള്‍ യഥേഷ്ടം ഇറങ്ങിനടക്കുന്ന വഴികളിലൂടെ ഞങ്ങള്‍ കോളനിയിലെത്തി.

കുഞ്ഞഹമ്മദിക്കയുടെ ഡയറിയില്‍ എല്ലാ കോളനിയിലും ഉള്ളവരുടെ പേരും വയസ്സുമൊക്കെയുള്ള ലിസ്റ്റ് ഉണ്ട്. കുടികളില്‍ എല്ലാത്തിലുമായി 6 കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടക്കം 15 ഓളം പേര്‍. വയസ്സായ 3 പേരും അക്കൂട്ടത്തിലുണ്ട്. അതില്‍ നിന്ന് മാരന്‍ മുത്തന്‍ എന്നൊരാളെ രോഗം മൂര്‍ച്ഛിച്ചതുകാരണം തലേന്ന് കാട്ടില്‍ നിന്ന് ചുമന്ന് കൊണ്ടുപോയി അല്‍പ്പം കൂടെ വാഹന സൌകര്യമുള്ള മറ്റൊരു കോളനിയില്‍ ആക്കിയത് കുഞ്ഞഹമ്മദിക്ക തന്നെയാണ്.

സുഖമില്ലാതിരിക്കുന്ന മാരന്‍ മുത്തന്റെ ലോകം ഇക്കാണുന്നതാണ്.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതുകൊണ്ട് മാത്രമായിരിക്കണം മറ്റുള്ളവരും രോഗമൊന്നും പിടിപെടാതെ ഇവിടെ ജീവിക്കുന്നത്. പരിതാപകരമാണ് കാട്ടിലെ അവരുടെ അവസ്ഥ. തൊട്ടടുത്തുള്ള കിണറാണോ കുളമാണോ എന്ന് തീര്‍ത്ത് പറയാന്‍ പറ്റാത്ത ഒരു വെള്ളക്കുഴി മാത്രമാണ് ഒരു ‘ആര്‍ഭാടം‘ എന്ന് പറയാവുന്ന സംഭവം.

കൊമ്മഞ്ചേരി കോളനിയിലെ ഒരു ആദിവാസി കുടി

സദാനന്ദന്‍ സാറും സുരേന്ദ്രന്‍ സാറും അദിവാസികള്‍ക്കൊപ്പം

കാട്ടിലെ ഈ കോളനിയോട് ചേര്‍ന്ന്‍ വെട്ടിത്തെളിച്ചുണ്ടാക്കിയ കൃഷിയിടങ്ങളില്‍ ജോലിക്കായി ചെട്ടിയാന്മാര്‍ കൊണ്ടുവന്നതാണ് ഈ ആദിവാസികളെ. ചെട്ടിയാന്മാര്‍ കൃഷി നിര്‍ത്തിയതുകൊണ്ട് അവിടിപ്പോള്‍ ഇവര്‍ക്ക് ജോലിയൊന്നുമില്ല. കൃഷിഭൂമി ഇപ്പോള്‍ വനം വകുപ്പിന്റെ കീഴിലാണ്. മൂന്ന് തലമുറയായി കഴിയുന്നവരായതുകൊണ്ട് പണിയൊന്നും ഇല്ലാതായിട്ടും അവിടം വിട്ട് പോകാന്‍ കാടിന്റെ മക്കള്‍ തയ്യാറുമല്ല. തങ്ങളുടെ ദൈവം അവിടാണ് കുടിയിരിക്കുന്നതെന്ന് അവര്‍ വിശ്വസിക്കുന്നു.

ഫലമെന്താണെന്ന് ഊഹിക്കാമല്ലോ ? റേഷന്‍ കാര്‍ഡില്ല, കൂട്ടത്തിലുള്ള കുട്ടികള്‍ അടക്കമുള്ള ഒരാള്‍ പോലും സ്കൂളിന്റെ പടിപോലും കണ്ടിട്ടില്ല, പട്ടിണിയും പരിവട്ടവും തന്നെ ആകെത്തുക. തല ചായ്ക്കുന്ന കൂരയ്ക്ക്, നാട്ടിന്‍പുറത്തൊക്കെ നമ്മള്‍ കാണുന്ന ഓലകെട്ടിയുണ്ടാക്കിയ കുളിപ്പുരകളുടെ സുരക്ഷിതത്വം പോലുമില്ല. മുളപ്പാളികള്‍ കുത്തിനിര്‍ത്തി ഉണ്ടാക്കിയ ചുമരും ചെളിമേഞ്ഞ തറയും ചേര്‍ന്ന് 10 x 10 അടി വിസ്തീര്‍ണ്ണം മാത്രമുള്ള ഒറ്റമുറിക്കൂരയില്‍ തണുപ്പും മഴയുമെല്ലാം നിര്‍ലോഭം അടിച്ച് കയറുമെന്ന് ഉറപ്പ്. ആനയും കടുവയുമൊക്കെയുള്ള കാടായതുകൊണ്ട് അത്തരം ഭീഷണികള്‍ വേറെയും.

നമ്മളൊക്കെ ശരിക്കും പുണ്യം ചെയ്ത ജന്മങ്ങളാണ്. റേഷന്‍ കാര്‍ഡില്ലാത്തതുകൊണ്ട് സര്‍ക്കാറിന്റെ ഓണക്കിറ്റ് പോലും കിട്ടാതെ ഓണമാഘോഷിച്ച ഇക്കൂട്ടര്‍ക്ക് ആരെങ്കിലും വഴി വല്ലപ്പോഴും ഇതുപോലെ കുറച്ച് തുണികള്‍ കിട്ടുന്ന ദിവസം ഓണമായിരിക്കാം. എനിക്കെന്തായാലും ഇക്കൊല്ലത്തെ ഓണം 29 ആഗസ്റ്റ് 2010 എന്ന ഈ ദിവസമായിരുന്നു.

കുഞ്ഞഹമ്മദിക്ക ലിസ്റ്റനുസരിച്ച് ഓരോരുത്തരുടേയും പ്രായമനുസരിച്ച് തുണികളും കമ്പളികളും പായകളുമൊക്കെ വിതരണം ചെയ്തു. സ്ത്രീകളില്‍ ചിലരെ ഒഴിച്ച് 9 വയസ്സുകാരി നേഹയെ വരെ അട്ട കടിച്ചിരിക്കുന്നു. കൈയ്യിലും കാലിലുമൊക്കെ കടിച്ച അട്ടകളെ പിഴുതുകളഞ്ഞ് ചോരയൊഴുകുന്നത് തടയാന്‍ മുറിവില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തന്ന പത്രക്കടലാസ് ഒട്ടിച്ചുവെച്ച് ഞങ്ങള്‍ വീണ്ടും കാട്ടുവഴിയിലേക്ക് കടന്ന് ജീപ്പ് തള്ളിയും ജീപ്പില്‍ കയറിയും പ്രധാന പാതയിലെത്തി.

മറ്റൊരു കോളനിയില്‍

തുടര്‍ന്ന് ജീപ്പ് പോകുന്ന വഴികളുള്ള മറ്റ് രണ്ട് കോളനികളിലും കൂടെ തുണിവിതരണം. അവിടത്തെ ജീവിതമൊക്കെ കൊമ്മഞ്ചേരിയിലെ ജീവിതത്തേക്കാള്‍ ഭേദമാണ്. സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തിട്ടുള്ള കൊച്ചുകൂരകള്‍ ഉണ്ട് അവിടെ പലര്‍ക്കും. കുട്ടികളില്‍ പലരും സ്കൂളില്‍ പോകുന്നുമുണ്ട്.

നേഹ, മമത, ആഷ്‌ലി, കുഞ്ഞഹമ്മദിക്ക, ഡ്രൈവര്‍ സലീം, ആഷ്‌ലിയുടെ പിതാവ്, മുഴങ്ങോടിക്കാരി.

സമയം ഉച്ചയ്ക്ക് 2 മണി ആയത് പെട്ടെന്നായിരുന്നു. അതിനിടയ്ക്ക് ഇടക്കാല ആശ്വാസമെന്ന നിലയ്ക്ക് റോഡരുകിലുള്ള ചായക്കടയില്‍ നിന്ന് ഉള്ളിവടയും, നെയ്യപ്പവും കട്ടന്‍ ചായയും. മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ സിനിമയില്‍ അഭിനയിച്ച് അവാര്‍ഡ് വാങ്ങിയ കൊച്ചുമിടുക്കന്‍ മണി താമസിക്കുന്ന കോളനി അടക്കമുള്ള മറ്റ് കോളനികളില്‍ നേരിട്ട് പോയി വസ്ത്രങ്ങള്‍ വിതരണം ചെയ്യണമെങ്കില്‍ 2 ദിവസം കൂടെ ചെതലയത്ത് തങ്ങേണ്ടി വരും. ആഷ്‌ലിക്ക് ബാംഗ്ലൂരെത്തണം, മൈനയ്ക്കും സുനിലിനും കോഴിക്കോട്, ഞങ്ങള്‍ നിരക്ഷരകുടുംബത്തിന് എറണാകുളം.

നേരിട്ട് കോടുക്കാനാകാതെ കുഞ്ഞഹമ്മദിക്കയെ ഏല്‍പ്പിച്ചത്.

ബാക്കിയുള്ള തുണികള്‍ എല്ലാം കുഞ്ഞഹമ്മദിക്കയുടെ വീട്ടില്‍ കൊണ്ടുപോയി കൂട്ടിയിട്ട് വിതരണത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തെത്തന്നെ ഏല്‍പ്പിച്ച് ഞങ്ങള്‍ മടങ്ങി. കേട്ടറിഞ്ഞ് ബാക്കിയുള്ളവര്‍ വീട്ടില്‍ വന്ന് തുണികള്‍ കൈപ്പറ്റിക്കോളുമെന്ന് കുഞ്ഞഹമ്മദിക്കയ്ക്ക് ഉറപ്പാണ്. പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. ഞങ്ങള്‍ കോഴിക്കോടെത്തുന്നതിന് മുന്നേ കുഞ്ഞഹമ്മദിക്ക വിളിച്ചു. ബാക്കി കോളനികളില്‍ ഉള്ളവര്‍ വീട്ടില്‍ച്ചെന്ന് തുണികള്‍ വാങ്ങിപ്പോയിരിക്കുന്നു. മാത്രമല്ല പത്ത് പതിനാല് പേര്‍ക്ക് തുണികള്‍ കിട്ടിയിട്ടുമില്ല.

തുണികള്‍ ഇനിയും വേണ്ടിവരും. എത്രകിട്ടിയാലും തന്റെ കൊച്ചുവീട്ടില്‍ ശേഖരിച്ച് വിതരണം ചെയ്യാന്‍ ആദിവാസികള്‍ക്ക് വേണ്ടിയും സ്വന്തം ഗ്രാമത്തിന് വേണ്ടിയും ജീവിതം ഉഴിഞ്ഞ് വെച്ചിരിക്കുന്ന കുഞ്ഞഹമ്മദിക്ക തയ്യാറാണ്.(അദ്ദേഹത്തെപ്പറ്റി വിശദമായ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.) സ്വന്തം വീട് പോലും മറന്ന് അദ്ദേഹം നടത്തുന്ന സേവനത്തിന്റെ കഥകള്‍ വിവരിക്കാന്‍ ഒരു ബ്ലോഗ് പോസ്റ്റിലെ ഇടം അപര്യാപ്തമാണ്. തുണികള്‍ ഇനിയും ശേഖരിച്ചോളൂ ബൂ/ഭൂലോകകരേ. കൂട്ടത്തില്‍ പത്തോ ഇരുപതോ രൂപ കൂടെ കിട്ടിയാല്‍ കുറച്ച് പായകളും കമ്പളികളും കൂടെ വാങ്ങാന്‍ ഉപകരിക്കും.

“ ഈ ഉടുപ്പ് മോള്‍ക്ക് പാകമാണല്ലോ ? “ - ആഷ്‌ലിയുടെ അമ്മ ശ്രീമതി ഫിലോമിന

ആഷ്‌ലിയൂടെ അച്ഛന്‍ ശ്രീ. കുഞ്ഞിക്കണ്ണന്‍ കുട്ടികളുമായി നര്‍മ്മസംഭാഷണത്തില്‍

വാല്‍ക്കഷ്ണം:- കുഞ്ഞഹമ്മദിക്ക കഴിഞ്ഞാല്‍ വസ്ത്രവിതരണപരിപാടിയിലെ ഹീറോ ആഷ്‌ലിയും കുടുംബവും തന്നെ. ബാംഗ്ലൂര്‍ മുഴുവന്‍ കറങ്ങിനടന്ന് തുണികള്‍ ശേഖരിച്ചതുകൊണ്ടുമാത്രമല്ല ഹീറോപ്പട്ടം ആഷ്‌ലിക്കുടുബം നേടുന്നത്. വസ്ത്രങ്ങള്‍ നിറയ്ക്കാനുള്ള മൈതച്ചാക്കുകള്‍, നനഞ്ഞ തുണിവെച്ച് തുടച്ച് വൃത്തിയാക്കിയെടുത്ത അമ്മ, കുട്ടികള്‍ക്ക് പാകമുള്ള ഉടുപ്പുകള്‍ അവരെക്കൊണ്ട് ഇടീച്ച് നോക്കി ഈ കര്‍മ്മത്തില്‍ അവര്‍ നല്‍കിയ പങ്കാളിത്തം, കുട്ടികളോട് പാട്ട് പാടുമോ ഡാന്‍സ് അറിയുമോന്നൊക്കെ കുശലം ചോദിച്ച് മുഴുവന്‍ നേരവും തുണിക്കെട്ടുകളുമായി കൂടെയുണ്ടായിരുന്ന അച്ഛന്‍, തുണിച്ചാക്കുകള്‍ക്കൊപ്പം ഞെരുങ്ങിക്കൂടി കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നതിന് പുറമേ ആഷ്‌ലിയുടെ കമന്റുകള്‍ മുഴുവന്‍ സഹിച്ച ഭാര്യ മമത. എല്ലാത്തിനുമുപരി ഇന്റര്‍നെറ്റ്, മെയില്‍, ബ്ലോഗ് എന്നതൊക്കെപ്പോലെ തന്നെ ഗൂഗിള്‍ ബസ്സും മറ്റുള്ള സഹജീവികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ ഉപയോഗിക്കാമെന്ന് തെളിയിച്ചതിന്.
വയനാട്ടില്‍ വസ്ത്ര വിതരണം ഇന്ന്..

വയനാട്ടില്‍ വസ്ത്ര വിതരണം ഇന്ന്..

ന്ന്, 2010 ആഗസ്റ്റ് 29ന് ഞായറാഴ്ച്ച രാവിലെ 9 മണിമുതല്‍, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വിവിധ ആദിവാസി കോളനികളിലായി 70 ല്‍പ്പരം വരുന്ന ആദിവാസി കുടുംബങ്ങള്‍ക്ക്, ഗ്രൂപ്പ് മെയിലുകളിലൂടെയും, ഗൂഗിള്‍ ബസ്സിലൂടെയും, മാതൃഭൂമി ഓണ്‍ലൈനിലൂടെയൊക്കെയുമായി വന്ന വാര്‍ത്തകളിലൂടെയും ചര്‍ച്ചകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും, ലോകത്തിന്റെ പല ഭാഗത്ത് ജീവിക്കുന്ന ഇന്നുവരെ കാണാത്ത മലയാളി സുഹൃത്തുക്കള്‍ ചേര്‍ന്ന് ശേഖരിച്ചെടുത്ത വസ്ത്രങ്ങള്‍, വിതരണം ചെയ്യപ്പെടുകയാണ്.

ആഷ്‌ലിയും (ക്യാപ്റ്റന്‍ ഹാഡോക്ക്) കുടുംബവും, മൈന ഉമൈബാന്‍, സുനില്‍, നിരക്ഷരനും കുടുബവും എന്നിവര്‍ക്ക് പുറമേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുറേ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന വയനാട് സ്വദേശിയായ കുഞ്ഞഹമ്മദിക്കയും പങ്കെടുക്കുന്നു. അധികം ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങള്‍ക്ക് പുറമേ പുതിയ വസ്ത്രങ്ങളും കമ്പിളികളും പായകളും കളിപ്പാട്ടങ്ങളുമാണ് ബൂലോകരായ നമ്മള്‍ സഹജീവികള്‍ക്കായ വയനാട്ടിലെ ആദിവാസികള്‍ക്ക് നല്‍കുന്നത്.

എല്ലാ ബൂലോക ഇന്റര്‍നെറ്റ് സുഹൃത്തുക്കള്‍ക്കും അഭിമാനിക്കാം. ലോകത്തിന്റെ പലഭാഗത്തിരുന്ന് പരസ്പരം സംവദിച്ച് ഇത്തരം നല്ല പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുകയും സഹായഹസ്തങ്ങള്‍ നീട്ടുകയും ചെയ്ത എല്ലാ നല്ല മനസ്സുകള്‍ക്കും നമ്മുടെ ബൂലോകം ടീമിന്റെ അഭിനന്ദനങ്ങള്‍..ആശംസകള്‍.

ഓണം : തിരിഞ്ഞു നോക്കുമ്പോള്‍


ബിജുകുമാര്‍ ആലക്കോട്

അങ്ങനെ ഒരോണം കൂടി കടന്നു പോയി. ലോകമെങ്ങുമുള്ള മലയാളികള്‍ തങ്ങളുടെ സാഹചര്യങ്ങള്‍ അനുവദിയ്ക്കും വിധം ആഘോഷിച്ചു, കുറഞ്ഞ പക്ഷം മനസ്സിലെങ്കിലും. പൂര്‍വകാലത്തെ സമത്വ സുന്ദരമായൊരു വ്യവസ്ഥിതിയെയും അതിന്റെ പരിപാലകന്റെയും ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍ അത്യന്തം പ്രസക്തവും ഉചിതവുമാണ് ഓണാഘോഷം. അതിനെ മതപരമായ പരിവേഷം നല്‍കി "സവര്‍ണാഘോഷം" എന്ന വ്യഖ്യാനത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുന്നത് അപലപനീയം ആണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ വാദങ്ങള്‍ ഒക്കെ പലയിടങ്ങളിലും കണ്ടു... ഇന്നും ബഹുഭൂരിപക്ഷം കേരളീയരും ജാതി-മത ഭേദമെന്യേ ആണ് ഓണം ആഘോഷിയ്ക്കുന്നത്. പോയകാലത്തിന്റെ നന്മകള്‍ മനസ്സിലേയ്ക്ക് ഉള്‍ച്ചേര്‍ക്കുക എന്ന പ്രവൃത്തിയാണ് പൂക്കളം തീര്‍ക്കുന്നതിലൂടെ നാം ചെയ്യുന്നത്. തിന്മകളേശാത്ത മനസ്സുള്ള, കുട്ടികള്‍ ഇക്കാര്യത്തില്‍ ഉത്സാഹിയ്ക്കുന്നത് നമ്മുടെ പൈതൃക കണ്ണികളുടെ മുറുക്കത്തെയാവാം കാട്ടിത്തരുന്നത്.

നമ്മുടെ ഓണാഘോഷത്തിന്റെ ഇന്നത്തെ പ്രവണതകളെ വിലയിരുത്തിയാല്‍, മലയാളി എന്ന ജനസമൂഹത്തിന്റെ സമകാലികാവസ്ഥയുടെ നേര്‍ചിത്രം നമുക്കു ലഭിയ്ക്കും. പണ്ടു പ്രകൃതിയില്‍ നാം നേരിട്ടായിരുന്നു ആഘോഷം നടത്തിയിരുന്നതെങ്കില്‍ ഇന്നത് ടെലിവിഷന്‍ സ്ക്രീനിലേയ്ക്ക് മാറിപ്പോയി. നമ്മുടെ നിത്യജീവിതത്തെയാകെ സ്വാധീച്ചുകഴിഞ്ഞ ചാനല്‍ സംസ്കാരത്തിന്റെ കണ്ണുകളിലൂടെ ആണ് നാം ഓണത്തെ കാണുന്നത്. ആ കാഴ്ചകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതാണോ? അടച്ചിട്ട മുറിയ്ക്കുള്ളിലെ സ്ക്രീനില്‍ തെളിയുന്നതാണോ നമ്മുടെ ജീവിത പരിസരം?

അല്ല, തീര്‍ച്ചയായുമല്ല. കടും നിറക്കൂട്ടുകളുടെ കെട്ടുകാഴ്ചകള്‍ മാത്രം തെളിയുന്ന മിനിസ്ക്രീനില്‍ കാണവും ഓണവും ഇല്ലാത്ത മനുഷ്യജന്മങ്ങളുടെ മങ്ങിയ ചിത്രം തെളിയാറില്ല. നോക്കൂ, ആരാണ് നമ്മോട് ഓണ വിശേഷങ്ങള്‍ പങ്കു വെയ്ക്കാന്‍ വരുന്നത്?
സിനിമാതാരങ്ങള്‍ ! കുറെ മിമിക്രി കോമളി കൂട്ടങ്ങള്‍! ഇവരാണോ കേരളീയരുടെ നേര്‍ ചിത്രങ്ങള്‍? ഇവര്‍ വിളമ്പുന്നതാണൊ മലയാളിയുടെ ഓണ വിശേഷങ്ങള്‍? ചുണ്ടിലും മുഖത്തും ചായം തേച്ച്, ചുളിഞ്ഞ തൊലിയെ രാസപദാര്‍ത്ഥങ്ങളിലൂടെ നിവര്‍ത്തി, കൃത്രിമമുടികളുടെ വൈവിധ്യത്തില്‍ യൌവനം വച്ചു പിടിപ്പിച്ച്, തിളങ്ങുന്ന വസ്ത്രങ്ങളുമണിയിച്ച്, ഈ പേക്കോലങ്ങളെ നമ്മുടെ കണ്ണുകളിലേയ്ക്കും ചെവികളിലേയ്ക്കും അടിച്ചു കയറ്റുന്നതിന്റെ ലക്ഷ്യമെന്താണ്? ഇവരുടെ വായില്‍ നിന്നും വീഴുന്ന ഉച്ഛിഷ്ടത്തിനായി കാത്തുകെട്ടി കിടക്കുകയാണെന്ന് നാം മലയാളികളെന്ന് ഈ ചാനല്‍ ജംബുകന്മാരോട് ആരാണ് പറഞ്ഞത്?

കേരളത്തിലെ ഉപഭോക്തൃവിപണി ഏറ്റവും സജീവമാകുന്നത് ഓണക്കാലത്താണ്. പല കമ്പനികളുടെയും വാര്‍ഷിക വിറ്റുവരവിന്റെ ഭൂരിഭാഗവും ഈ സീസണിലാണ് ലഭിയ്ക്കുന്നത്. എന്തിനേറെ ഓണവിപണിയ്ക്കായി മാത്രം പ്രത്യേക ഉല്പാദനം തന്നെ നടത്തുന്നുണ്ട് ചില കമ്പനികള്‍. ഓഫറുകള്‍ നല്‍കാനായി ഗുണനിലവാരത്തില്‍ വെള്ളം ചേര്‍ക്കാനാണ് ഈ പ്രത്യേക ഉല്പാദനം. കണക്കില്ലാത്ത പണമാണ് ഇക്കാലത്തൊഴുകുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസായും മറ്റും കിട്ടുന്ന പണവും, എങ്ങനെയും ഓണമാഘോഷിയ്ക്കണമെന്ന സാധാരണക്കാരന്റെ ആഗ്രഹം മൂലം കടമായും അല്ലാതെയും ചേര്‍ത്തു വച്ച തുകയും ഒക്കെ ഒന്നായി ഒഴുകുന്നു. ഈ പണം നേടിയെടുക്കാനുള്ള തന്ത്രങ്ങളാണ് കമ്പനികളും ചാനലുകളും ചേര്‍ന്ന് നടപ്പാക്കുന്നത്. മനുഷ്യന്റെ ഉപഭോഗതൃഷ്ണ കൂടിയാലേ ഈ ഏര്‍പ്പാട് മുന്നോട്ട് പോകൂ. അതിനായി അവനില്‍ ആഡംബരവും അത്യാഗ്രഹവും കുത്തിച്ചെലുത്തണം. അത് അവതരിപ്പിച്ചു കാണിയ്ക്കാന്‍ ഏറ്റവും യോജിച്ചവരെന്ന നിലയ്ക്കാണ് "താര"ങ്ങള്‍ നമ്മുടെ മുന്നില്‍ മാരീചരായി എത്തുന്നത്.

ശരാശരി മലയാളിയുടെ അഭിരുചികള്‍ ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന വിപണി മൂല്യം, കൊതി തോന്നിപ്പിയ്ക്കും വിധം ഒരുക്കിയെടുത്ത സ്ത്രീ ശരീരത്തിനാണെന്ന് ഇപ്പോള്‍ ഏവരും അംഗീകരിയ്ക്കും. കണ്ടാല്‍ നുണയാന്‍ തോന്നുന്ന ചുണ്ടുകളും മുല്ലപ്പൂ പല്ലുകളും മിനു മിനാ മിനുങ്ങുന്ന തൊലിയും എല്ലാം "ഒപ്പിച്ചെടു"ക്കാനുള്ള ചായക്കൂട്ടുകള്‍ യഥേഷ്ടം ഉപയോഗിച്ചാണ് പെണ്ണിനെ അണിയിച്ചൊരുക്കുന്നത്. ഇതിലേറെ സങ്കടകരം കൊച്ചു പെണ്‍കുട്ടികളെ വരെ വെറുതെ വിടുന്നില്ല എന്നതാണ്. ഒരു ചാനലില്‍ നടത്തുന്ന ജൂനിയര്‍ പാട്ടു പരിപാടി നോക്കൂ. ബാല്യം മാറാത്ത കൊച്ചു കുഞ്ഞുങ്ങളെ എങ്ങനെയാണ് "സെക്സി"യാക്കി അവതരിപ്പിയ്ക്കേണ്ടതെന്ന് അവര്‍ കാണിച്ചു തരും. ഇതേ ചാനലില്‍ നേരത്തെ, ഇത്തിരിയില്ലാത്ത പെണ്‍കുഞ്ഞുങ്ങളെ വാട്ടര്‍ തീം പാര്‍ക്കില്‍ നനയിച്ച് "കാണിച്ചി"രുന്നു. നിഷ്കളങ്കരായ അവര്‍ അറിയുന്നില്ല തങ്ങളുടെ ശരീരത്തിലെ വളര്‍ച്ചകള്‍ നനഞ്ഞൊട്ടി കാഴ്ചക്കാരനെ രോമാഞ്ചമണിയിയ്ക്കുകയാണെന്ന്. ഫ്ലാറ്റും ലക്ഷങ്ങളും സ്വപ്നം കാണുന്ന തന്തയും തള്ളയും അതു കണ്ടില്ലെന്നു നടിയ്ക്കുകയും ചെയ്യുന്നു.

ഇങ്ങനെ മനുഷ്യരുടെ വന്യവികാരങ്ങള്‍ക്ക് തീപിടിപ്പിച്ച് ആണും പെണ്ണും ആത്മാവില്ലാത്ത വെറും ശരീരങ്ങളാണ് എന്ന സന്ദേശം നിശബ്ദമായി നമ്മുടെ സമൂഹത്തില്‍ പടര്‍ത്തിയിരിയ്ക്കുന്നു. ശരീരം ശരീരത്തെ ആകര്‍ഷിയ്ക്കാന്‍ വേഷം കെട്ടാന്‍ പ്രേരിപ്പിയ്ക്കപെടുന്നു. ഇതോടൊപ്പമാണ് വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തിയുടെ കണക്കുകള്‍ കൂടി വായിയ്ക്കേണ്ടത്. ഈ ഓണക്കാലത്തിതേവരെ ഏകദേശം 180 കോടി രൂപയുടെ അംഗീകൃത മദ്യക്കച്ചവടമാണത്രേ നടന്നത്. ഇതില്‍ കുറെയൊക്കെ വ്യാജമദ്യം തടയുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചതിനാലാവാം വര്‍ധിച്ചത്. എങ്കിലും ആസക്തി കൂടി വരുന്നു എന്നത് യാഥര്‍ത്ഥ്യമാണ്.

പണ്ട് മദ്യത്തിനുണ്ടായിരുന്ന അയിത്തം ഇന്നില്ല എന്നതാണ് സത്യം. നിഷിദ്ധയിടങ്ങളില്‍ പോലും മദ്യം അംഗീകരിയ്ക്കപെട്ടു കഴിഞ്ഞു. എല്ലാ ആഘോഷങ്ങളും, ആചരണങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും മദ്യത്തിന്റെ അകമ്പടിയോടെ മാത്രമായി മാറി. പണ്ട് മദ്യപനുണ്ടായിരുന്ന സ്ഥാനം ഇന്ന് മദ്യപിയ്ക്കാത്തവനാണ്. മദ്യപിയ്ക്കാത്തവനെ കൂടെ കൂട്ടാന്‍ മറ്റുള്ളവര്‍ മടിയ്ക്കുന്നു. എന്നെ ഏറ്റവും അല്‍ഭുതപ്പെടുത്തുന്നത് ഈ രംഗത്തെ സ്ത്രീകളുടെ "മുന്നേറ്റ"മാണ്. നെറ്റിലും മറ്റും പരിചയപെടാനിടയായ ചില സ്ത്രീകള്‍ മദ്യപാനത്തെ അനുകൂലിയ്ക്കുന്നതും തങ്ങള്‍ മദ്യപിയ്ക്കുമെന്നു കൂസലില്ലാതെ പറയുന്നതും കേട്ട് അമ്പരക്കാനെ കഴിഞ്ഞുള്ളു. എങ്ങനെയാണ് നമ്മുടെ സമൂഹം ഇങ്ങനെ മാറിയത്?

തന്റെ ചുറ്റുപാടുമുള്ള തിന്മകളില്‍ നിന്ന് ഒരാള്‍ വിട്ടു നില്‍കണമെങ്കില്‍ എന്തെങ്കിലും ഒരാദര്‍ശം അയാള്‍ക്കുണ്ടാവണം. അതിന്റെ ന്യായീകരണത്തിലാണ് അയാള്‍ പിടിച്ചു നില്‍ക്കാന്‍ മനോബലം നേടുന്നത്. എന്നാല്‍ ഇത്തരം എല്ലാ ആദര്‍ശങ്ങളെയും തല്ലിക്കെടുത്താന്‍ നമ്മുടെ മാധ്യമങ്ങള്‍ മുന്‍പില്‍ നില്‍ക്കുകയാണ്. ആദര്‍ശങ്ങളുടെ കെട്ടുകള്‍ ഇല്ലാതായതോടെ സ്വതന്ത്രമായ മനസ്സ് തിന്മകളിലേയ്ക്ക് പാറിപ്പോയി. ഒപ്പം സാമ്പത്തിക വരുമാനം കൂടിയതും ഒരു കാരണമായി. ഇന്ന് പലമേഖലയിലേയും കൂലി ഉയര്‍ന്നതാണ്. കൂലിയിലുണ്ടായത്ര വര്‍ധനവ് മദ്യവിലയിലുണ്ടായിട്ടില്ല. പണ്ട് താഴ്ന്ന ബ്രാന്‍ഡ് മേടിച്ചവര്‍ ഇപ്പോള്‍ കൂടിയ ബ്രാന്‍ഡ് മേടിയ്ക്കുന്നു. ആഘോഷമെന്നാല്‍ മദ്യമായതു കൊണ്ട് ഓണം നന്നായി ആഘോഷിയ്ക്കുന്നു.

പൊങ്ങച്ചങ്ങളില്‍ ജീവിയ്ക്കുന്ന ജനതയായതിനാല്‍, റിക്കാര്‍ഡ് ലക്ഷ്യമാക്കി 15 ടണ്‍ പൂക്കള്‍ കൊണ്ട് തീര്‍ത്ത, ആറു ലക്ഷം പൊടിച്ച പൂക്കളത്തെയും നാം ആഘോഷിച്ചു. സ്നേഹപൂക്കളം എന്നു പേരുമിട്ടു. കുറെപ്പേര്‍ വെള്ളിവെളിച്ചത്തില്‍ അതിനു ചുറ്റും നിന്ന് നമ്മെ ചിരിച്ചു കാണിച്ചു. എന്നിട്ട് മണിക്കൂറുകള്‍ക്കകം അടിച്ചു വാരി മാലിന്യകുപ്പയില്‍ തട്ടി. അപ്പോള്‍ അവിടെ നിന്നും അധികമകലെയല്ലാതെ, നാടോടി കുഞ്ഞുങ്ങള്‍ വിശപ്പു സഹിയ്ക്കാതെ കോഴിയുടെ, കുടലും പണ്ടവും വെട്ടിയ കാലും പുഴുങ്ങി തിന്നു! ഇടുക്കിയില്‍ ആദിവാസികള്‍ കാട്ടിറച്ചി ചുട്ട് ഓണസദ്യയുണ്ടു. പുറത്തറിയാത്ത, വിശന്നൊട്ടിയ വയറുകള്‍ എത്ര? ആ പാവങ്ങള്‍ക്ക് ഒരു നേരം വയറു നിറച്ച് ഭക്ഷണം നല്‍കിയാണ് ആ "സ്നേഹ സംഗമം" നടത്തിയിരുന്നെങ്കിലോ? എത്ര ഉന്നതമായ മാനവികത ആകുമായിരുന്നു. എന്നാല്‍ റിക്കാര്‍ഡൊന്നും കിട്ടില്ല എന്നതു സത്യമാണ്.

എന്നാല്‍ മാധ്യമങ്ങള്‍ അധികം ആഘോഷിക്കാത്ത ധാരാളം സല്‍‌പ്രവൃത്തികളും ഈ ഓണക്കാലത്തു നടന്നു .
ചില സുമനസ്സുകളെങ്കിലും അനാഥാലയങ്ങളിലും വൃദ്ധമന്ദിരങ്ങളിലും കഴിയുന്ന നിരാലംബരെ ഓര്‍ത്തു. അവരോടൊപ്പമാക്കി തങ്ങളുടെ ഓണം. ഇടുക്കിയില്‍ ഒരു അച്ഛനും അമ്മയും മകളുടെ കല്യാണ സദ്യ ഒഴിവാക്കി ആ തുക മൂന്നു രോഗികള്‍ക്ക് നല്‍കി ഈ ഓണക്കാലത്ത്. പിന്നെ ആരും അറിയാതെ മറ്റുള്ളവരെ സഹായിച്ച ധാരാളം പേരും കാണും. ഇതൊന്നും മാധ്യമക്കാഴ്ച ആകാതെ പോകുന്നതാണ് നമ്മുടെ ദുരന്തം.

ഗള്‍ഫിലും മറ്റുമുള്ള പ്രവാസികള്‍ പതിവു പോലെ ഗൃഹാതുരതയോടെ ഒരു നേരത്തെ സദ്യയില്‍ ഓണമാഘോഷിച്ചു. തങ്ങളുടെ പ്രിയപെട്ടവര്‍ കടലിനക്കരെ സന്തോഷമായി ഓണമുണ്ണുന്നുണ്ടാവും എന്ന ആത്മ സംതൃപ്തിയോടെ ഉണക്ക റൊട്ടിയിലും പച്ചവെള്ളത്തിലും ഓണസദ്യയുണ്ടവരുമുണ്ട്. അതിനു പോലുമാകാതെ പൊരി വെയിലില്‍ പാതി വയറോടെ വിയര്‍പ്പു ചിന്തിയവരും അനവധി.

ഈ ഓണത്തിന് ചുട്ടി കുത്തിയ മോന്തകള്‍ കണ്ടു വട്ടുപിടിച്ച് ചാനലുകളില്‍ അലഞ്ഞപ്പോള്‍, ഇന്ത്യാവിഷനില്‍ വ്യത്യസ്ഥമായ ഒരു പരിപാടി കണ്ടു. കുട്ടനാടിന്റെ ഗ്രാമ്യഭംഗികള്‍ ഒപ്പിയെടുത്ത, സാധാരണ മനുഷ്യരെയും അവരുടെ ഓണാഘോഷങ്ങളെയും പരിചയപെടുത്തിയ "കുട്ടനാടന്‍ ആരവങ്ങള്‍" എന്ന പരിപാടി. മനസ്സാകെ കുളിരണിഞ്ഞു ആ പരിപാടി കണ്ടപ്പോള്‍.

എന്നാണ് നമ്മുടെ ചാനലുകള്‍ ഇതേപോലെ പ്രകൃതിയിലേയ്ക്കിറങ്ങുക? സാധാരണക്കാരുടെ ജീവിതത്തിലേക്കിറങ്ങുക? ഓണമെന്നാല്‍ സിനിമാക്കാരുടെ മാത്രം ഓണമല്ലെന്നും സാധാരണക്കാരന്റെയും നാട്ടിന്‍പുറത്തിന്റെയും കൂടിയാണെന്നും എപ്പോഴാണ് മനസ്സിലാക്കുക? കുളിര്‍ മഴയില്‍ തഴച്ച ഹരിതഭംഗിയിലാണ് ഓണത്തിന്റെ ആത്മാവ്, അല്ലാതെ ചായം തേച്ച മോന്തകളിലല്ലെന്ന് ആരാണിവര്‍ക്കു പറഞ്ഞു കൊടുക്കുക?

Download This Post In PDF Format

ബൂലോക സഞ്ചാരം - 4

ഓണം എന്നും മലയാളിക്ക് പൂക്കളുടെ ഉത്സവമാണ്‌. പല നിറത്തിലും തരത്തിലും ഗന്ധത്തിലുമുള്ള പൂക്കളുടെ ഉത്സവം. തുമ്പ, മുക്കൂറ്റി, വാടാമല്ലി.. എത്രയെത്ര പൂക്കളാണ്‌ ആ നാളുകളില്‍ നമ്മുടെ മുറ്റങ്ങളെ അലങ്കരിക്കുന്നത്. അങ്ങിനെയുള്ള ഈ ഓണക്കാലത്ത് , പൂക്കളൂടെ ഈ വസന്തകാലത്ത് ഒരു പൂവിനെ പറ്റി പറഞ്ഞ് തന്നെ നമുക്കീ സഞ്ചാരം തുടങ്ങാം. മലയാളി എന്നും ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒന്നാണ്‌ റോസാപ്പൂവ്. പനിനീര്‍ പുഷ്പത്തിന്റെ സുഗന്ധം ഇഷ്ടപ്പെടാത്തവരില്ല തന്നെ. അതേ പോലെ ഒരു റോസാപുഷ്പത്തിന്റെ സുഗന്ധം ആണ്‌ റോസാപ്പൂക്കളുടെ കഥകളില്‍ ഉള്ളത്. മലയാളിത്തം ഉള്ള കഥകള്‍ എഴുതുന്ന ഒട്ടേറെ കഥാകൃത്തുക്കള്‍ക്കിടയില്‍ ഉത്തരേന്ത്യന്‍ പശ്ചാത്തലങ്ങളില്‍ തികച്ചും വ്യത്യസ്തമായി കഥ പറയുന്ന റോസാപ്പൂക്കള്‍ മലയാള ബ്ലോഗില്‍ കഥകള്‍ക്ക് നൂതനമായ ഭാവതീവ്രത പകര്‍ന്നു തരുന്നുണ്ട്. കഥകളുടെ ക്രാഫ്റ്റിലും എഴുതുവാന്‍ സ്വീകരിക്കുന്ന പ്രമേയങ്ങളിലും എല്ലാം ഒരു നല്ല എഴുത്തുകാരിയെ - ജമ്മു- കാശ്മീരില്‍ താമസിക്കുന്ന, റോസിലി ജോയ് എന്ന , വായന ഇഷ്ടപ്പെടുന്ന, എഴുത്തിന്റെ ലോകത്ത് പുതുമുഖം എന്ന് സ്വയം പറയുന്ന - നമുക്ക് ദര്‍ശിക്കാം.

താജ്‌മഹല്‍
എന്ന കഥ വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ഷാജഹാന്റെയും മുംതാസ് മഹലിന്റെയും പ്രണയത്തിനപ്പുറം ആ മഹാ വിസ്മയം പടുത്തുയര്‍ത്തിയവരുടെ കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ്‌. സ്വന്തം പ്രിയതമനെ ഒരു നോക്ക് കാണുവാന്‍ വേണ്ടി പണിനടന്നുകൊണ്ടിരിക്കുന്ന താജ്‌മഹലിന്റെ ഓരത്ത് കാലങ്ങളോളം ഇരുന്ന ഹസീനയെന്ന നായിക, അവളുടെ ഹൃദയേശ്വരനായ , ചക്രവര്‍ത്തിയുടെ അനിഷ്ടത്തിന്‌ പാത്രമായ സുള്‍ഫിക്കര്‍ എന്ന നായകന്‍ , ഇവരൊക്കെ ഒരു തിരശ്ശീലയില്‍ എന്ന പോലെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തീരെ മുഷിപ്പിക്കാതെ, വളരെ ഒതുക്കി എന്നാല്‍ ഒരു കഥയുടെ ചട്ടക്കൂടില്‍ വരേണ്ട എല്ലാം ചേര്‍ത്ത് റോസിലി അത് ഭംഗിയാക്കിയിരിക്കുന്നു.

റോസാപ്പൂക്കളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍, ഒരു ഓണക്കാലത്ത് അത്തം മുതല്‍ തിരുവോണം വരെ നാം അണിയിച്ചൊരുക്കുന്ന വ്യത്യസ്തങ്ങളായ പൂക്കളങ്ങള്‍ ദര്‍ശിച്ച ഒരു പ്രതീതി കിട്ടും എന്ന് ഉറപ്പുണ്ട്. നിവേദിതയുടെ സ്വപ്നങ്ങള്‍, മെഹക്ക്, നിയോഗം, ഊര്‍മ്മിള എല്ലാം എല്ലാം മനോഹരമായി തന്നെ റോസാപ്പൂക്കളില്‍ പറഞ്ഞിരിക്കുന്നു. വളരെയധികം രചനകള്‍ ഒന്നും ഇല്ലെങ്കിലും ഉള്ളവ മിക്കതും കാമ്പുള്ളവ തന്നെ. അതുകൊണ്ട് തന്നെ റോസാപ്പൂക്കളുടെ വായന നമുക്ക് ഒരു സുഗന്ധം തന്നെ പ്രദാനം ചെയ്യുന്നുണ്ട്. എഴുതിയവയിലെ ആ ഒരു മനോഹാരിത കൊണ്ട് വായനയും തുടര്‍‌വ്വായനയും അര്‍ഹിക്കുന്നു റോസാപ്പൂക്കള്‍ എന്ന ബ്ലോഗ് എന്നാണ്‌ എനിക്ക് തോന്നുന്നത്.

പഴയ തലമുറ ഓണത്തെ അറിഞ്ഞിരുന്ന പൂക്കളിലൂടെ ആയിരുന്നെങ്കില്‍ ഇന്ന് ഓണക്കാലം പുത്തന്‍ തലമുറക്ക് ചാനലുകളിലെയും തീയറ്ററുകളിലെ വലിയ സ്ക്രീനുകളുടെയും മായിക വലയമാണ്‌. അതുകൊണ്ട് തന്നെ ഈ ബൂലോകസഞ്ചാരത്തില്‍ അടുത്തതായി ചലചിത്രങ്ങളെ പ്രതിപാദിക്കുന്ന ഒരു കൊച്ച് ബ്ലോഗിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

വര്‍ഷങ്ങളായി ബ്ലോഗില്‍ ഉള്ള ഒരാളെ പരിചയപ്പെടുത്തുന്നതില്‍ അംഭംഗിയുണ്ടോ എന്നൊരു ചോദ്യം ഇവിടെ ഉദിക്കാം. ദയവ് ചെയ്ത് ക്ഷമിക്കുക. ഒരു പക്ഷെ അറിയാത്തവര്‍ ഇനിയുമുണ്ടെങ്കില്‍ അറിയേണ്ട ഒരു ബ്ലോഗായി തോന്നിയതിനാലാണ്‌ ഈ ഒരു ശ്രമം എന്ന് മാത്രം കരുതുക. ഇക്കഴിഞ്ഞ ഇടപ്പള്ളി ബ്ലോഗ് മീറ്റില്‍ പരസ്പരം കണ്ടു എങ്കിലും എന്ത് കൊണ്ടോ നേരത്തെ അറിയില്ലായിരുന്നതിനാല്‍ വിശദമായി പരിചയപ്പെടാന്‍ എനിക്ക് കഴിയാതിരുന്ന ഈ ചിത്രനിരീക്ഷകനിലേക്ക്
എന്റെ ശ്രദ്ധ എത്തിച്ചത് നന്ദപര്‍‌വ്വം നന്ദന്റെ ഇടപ്പള്ളി മീറ്റ് പോസ്റ്റാണ്‌
. അല്ലെങ്കില്‍ ഒരു പക്ഷെ ഈ ചിത്രനിരീക്ഷണം എന്റെ കണ്ണില്‍ പെടില്ലായിരുന്നു. അത് പോലെ ഈ നിരീക്ഷണങ്ങള്‍ ഇനിയും കണ്ടിട്ടില്ലാത്തവര്‍ക്ക് ഉപയോഗപ്പെടട്ടെ എന്ന ചിന്തയില്‍ നിന്നാണ്‌ ഈ സഞ്ചാരം.

ചലചിത്രങ്ങള്‍ മൂന്ന് തരം : കണ്ടിരിക്കേണ്ടത്, കാണാന്‍ കൊള്ളാവുന്നത്, കാണരുതാത്തത്. എന്നതാണ്‌ ചിത്രനിരീക്ഷണം
എന്ന ബ്ലോഗ് എഴുതുന്ന ഷാജിയുടെ കാഴ്ചപ്പാട്. സമീപഭാവിയില്‍ സിനിമയിലേക്ക് പൂര്‍ണ്ണമായും പറിച്ച് നടണം എന്ന മോഹമുള്ള ഷാജിയുടെ ചിത്ര നിരീക്ഷണങ്ങള്‍ വളരെ ആഴത്തില്‍ തന്നെയുള്ളതാണെന്ന് വെറും ഒരു ചലചിത്രാസ്വാദകനായ എന്റെ തോന്നല്‍. രാവണന്‍ എന്ന മണിരത്നം ചിത്രത്തിന്റെയും ലാല്‍ ചിത്രമായ ഇന്‍ ഗോസ്റ്റ് ഇന്‍ എന്നിവയുടെയെല്ലാം വിശേഷങ്ങള്‍ നിറഞ്ഞിരിക്കുന്നു ചിത്രനിരീക്ഷണത്തില്‍. ചിത്രനിരീക്ഷണം എന്ന ബ്ലോഗ് പരിപൂര്‍ണ്ണമായും ചലചിത്രങ്ങള്‍ക്കായി ഷാജി മാറ്റിവച്ചിരിക്കുന്നു. വസ്തു നിഷ്ഠമായ വിശകലനങ്ങളിലൂടെ അതും സിനിമ ഒരു പ്രൊഫഷന്‍ ആയി സ്വപ്നം കണ്ട് നടക്കുന്ന ഒരു വ്യക്തിയിലൂടെ പറയുമ്പോള്‍ അത് വായിക്കപെടേണ്ടതാണെന്ന് എനിക്ക് തോന്നുന്നു. കഥപ്പെട്ടി, ബ്രോണ്‍സ് സ്ക്രീന്‍
എന്ന മറ്റൊരു ബ്ലോഗും ഷാജിക്ക് സ്വന്തം. "പച്ചപരിഷ്‌ക്കാരികളും തേക്കുപാട്ടുകാരും ഉള്ള തൃശ്ശൂരിലെ ഒരു സങ്കരയിനം ഗ്രാമമാണ്‌ അഷ്‌ടമിച്ചിറ, എന്റെ നാട്‌. കഴിഞ്ഞ 6-7 വര്‍ഷമായി ഇന്റര്‍നെറ്റ് എന്ന വലിയ വലയില്‍ ചില ചെറിയ കണ്ണികള്‍ കുരുക്കിക്കൊണ്ടിരിക്കുന്നു. എഴുത്തും ചലച്ചിത്രവും പുതിയ മേച്ചില്‍പ്പുറങ്ങള്‍" ഇത് ബ്ലോഗറുടെ തന്നെ ആത്മഗതം.

"മൂന്ന് മാസം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹൃസ്വചിത്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ഒരു കൊച്ചു (അനിമേഷന്‍) ചിത്രത്തിന്റെ തിരക്കഥാകൃത്തും പങ്കാളിയുമാണ്. ഇക്കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വെച്ച് മാതൃഭൂമി നടത്തിയ തിരക്കഥാശില്‍പ്പശാലയില്‍ പങ്കെടുത്ത 60 പേരില്‍ നിന്ന് തിരക്കഥയെഴുത്തില്‍ തിരഞ്ഞെടുത്ത അഞ്ചുപേരിലൊരാളാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ വരും നാളുകളില്‍ ഈ ചെറുപ്പക്കാരന്റെ പേര് വെള്ളിത്തിരയില്‍ നമുക്ക് വായിച്ചെടുക്കാം." എന്ന് നന്ദപര്‍‌വ്വത്തിലെ പോസ്റ്റില്‍ നന്ദന്‍
പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവട്ടെ എന്ന് നമുക്ക് ആശിക്കാം. അതിലൂടെ സിനിമയുടെ ഉള്ളുകള്ളികളിലൂടെ സഞ്ചരിക്കുന്ന ഒരു ബ്ലോഗറെയും നമുക്ക് കിട്ടുമല്ലോ?

മനോരാജ്

കുറച്ചു സമയം ഒത്തിരി കാര്യംസപ്ന അനു . ബി. ജോര്‍ജ്

Part - 1

Part - 2

Part - 3

Part - 4

Part - 5

Part - 6

"ഉത്രാടപ്പാച്ചില്‍ "

ശ്രീ സജീവ്‌ ബാലകൃഷ്ണന്‍ ഉത്രാടം നാളില്‍ തൃക്കാകര ക്ഷേത്ര മുറ്റത്ത് നടത്തിയ മാരത്തോണ്‍ കാരിക്കേച്ചര്‍ വരയുടെ ഫോട്ടോ - വീഡിയോ റിപ്പോര്‍ട്ട്‌

രകളില്‍ ചിരി വിരിയിച്ചു കൊണ്ട് ബൂലോകത്തിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റ് ശ്രീ സജീവ്‌ ബാലകൃഷ്ണന്‍ ഒരുക്കിയ "ഉത്രാടപ്പാച്ചില്‍ " തൃക്കാക്കരയപ്പന്റെ സന്നിധിയില്‍ എത്തിയവര്‍ക്ക് വിസ്മയക്കാഴ്ചയായി. ഇന്‍കം ടാക്സ് വകുപ്പ് കൊച്ചി യൂണിറ്റില്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയ സജീവ്‌ ബാലകൃഷ്ണന്‍ പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് വരച്ചു തീര്‍ത്തത് 651 കാരിക്കേച്ചറുകള്‍. മേളയില്‍ പൊതു ജനങ്ങള്‍ക്കൊപ്പം മോഡല്‍ ആകാന്‍ എത്തിയത് സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖരും.
രാവിലെ ഏഴിന് സജീവും കാര്‍ട്ടൂണ്‍ അക്കാദമി - ക്ഷേത്ര ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉത്രാടപ്പാച്ചില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് , തൃക്കാകര ക്ഷേത്രോത്സവ കമ്മിറ്റി ഒരുക്കിയ വേദിയില്‍ രാവിലെ ഏഴു നാല്‍പ്പതു മുതല്‍ മകന്‍ സിദ്ധാര്‍ത്തിന്‍റെ കാരിക്കേച്ചര്‍ വരച്ചു ഉത്രാടപ്പാചിലിനു തുടക്കമിട്ടു. സജീവിന്‍റെ സഹധര്‍മ്മിണിയും പിന്നണി ഗായികയുമായ ലേഖാ സജീവിന്‍റെ കീര്‍ത്തന ആലാപനം ഈ സമയം പിന്നണിയായി ഉണ്ടായിരുന്നു.
സജീവ്‌ വര തുടരുന്നതിനിടയില്‍ വിവിധ ഓണപ്പാട്ടുകള്‍ ആലപിച്ചു "ലേഖ" പരിപാടിക്ക് കൊഴുപ്പ് കൂട്ടി. . തുടര്‍ന്ന് രാത്രിഏഴു നാല്‍പ്പതു വരെ അദ്ദേഹം 651 കാരിക്കേച്ചറുകള്‍ വരച്ചു. രാഷ്ട്രീയ പ്രമുഖരായ ബെന്നി ബഹന്നാന്‍ , കെ.ബാബു എം എല്‍ എ , സിനിമാ താരങ്ങളായ ജനാര്‍ദ്ധനന്‍ , പൊന്നമ്മ ബാബു, വിനു മോഹന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ആയ എം.എം മോനായി, ടോംസ് ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ കെ.മാധവന്‍ നായര്‍ തുടങ്ങിയവര്‍ കാരിക്കേച്ചര്‍ വരയ്ക്കാനായി സജീവിന് മുന്നില്‍ ഇരുന്നു. കഴിഞ്ഞ വര്ഷം ചെറായിയില്‍ നടന്ന ബ്ലോഗ്ഗേഴ്സ് മീറ്റില്‍ ആറു മണിക്കൂര്‍ കൊണ്ട് 118 കാരിക്കേച്ചറുകള്‍ തുടര്‍ച്ചയായി അദ്ദേഹം വരച്ചിരുന്നു.

കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ പരിപാടി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ആണ് സ്പോന്‍സര്‍ ചെയ്തത്. കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട് , സെക്രട്ടറി സുധീര്‍ നാഥ് , ബാലു, ഇ.പി. പീറ്റര്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

ശ്രീ സജീവിന് നമ്മുടെ ബൂലോകം ടീമിന്റെയും വായനക്കാരുടെയും അഭിനന്ദനങ്ങളും ആശംസകളും.
സഘാടകരോടൊപ്പം സജീവ്‌ ബാലകൃഷ്ണന്‍

ഭദ്രദീപം കൊളുത്തി തുടക്കം


ഒരുനാള്‍ ഞാനും .......

അമ്പട ഞാനേ..........

സ്റ്റേജില്‍ ഓണപ്പാട്ടുകള്‍ ആലപിക്കുന്ന പിന്നണി ഗായികയും
ശ്രീ. സജീവിന്‍റെ സഹധര്‍മ്മിണി യുമായ ലേഖ സജീവ്‌വീഡിയോ

Photos By : SURESH,Income Tax Dept.
Video By : JOEFor more Pictures about the event please visitസമത്വത്തിന്റെ ഗൃഹാതുരസ്മൃതികളുടെ ഒരുണര്‍ത്തു കൂടി....

സമത്വത്തിന്റെ ഗൃഹാതുരസ്മൃതികളുടെ ഒരുണര്‍ത്തു കൂടി....

ഇന്ന് തിരുവോണം. സമത്വത്തിന്റെ ഗൃഹാതുരസ്മൃതികളുടെ ഒരുണര്‍ത്തു കൂടി....
ചാനലുകളില്‍ ആഘോഷം കൂത്താട്ടമായി കെട്ടിയാടുന്നു.
സമ്പന്നര്‍ വിപണിയിലെ ഓഫറുകളെ കൂട്ടിക്കിഴിച്ച് പുത്തന്‍ ട്രെന്‍ഡുകള്‍ തേടുന്നു.
നമുക്കു പൂക്കളമൊരുക്കാന്‍ ഇത്തവണയും തോവാളയില്‍ നിന്നും പാണ്ടി ലോറികള്‍ ചുരം കയറിയിറങ്ങി.
എല്ലാവരും ആഘോഷതിമിര്‍പ്പിലാണ്.

പണ്ടൊക്കെ ഇല്ലായ്മയുടെയും വറുതിയുടെയും നീണ്ട മാസങ്ങള്‍ക്കു ശേഷം വന്നെത്തുന്ന ഓണത്തിന് അതിമധുരമായിരുന്നു.
വിശപ്പോടെ കഞ്ഞി കുടിച്ചാലും അമൃതായി മാറുന്ന അനുഭൂതി.

എന്നും ഓണമാകുന്ന ഇക്കാലത്ത് ജിലേബി തിന്നവന്‍ ചായയ്ക്ക് മധുരമില്ലെന്നു പറയുന്ന സ്ഥിതിയായി ഓണത്തിന്.
ഒരു നേരമെങ്കിലും നിറച്ചുണ്ണാന്‍ ഗതിയില്ലാത്ത ആയിരങ്ങളെ നമ്മുടെ കണ്മുന്നില്‍ കാണാം.
മക്കള്‍ ഉപേക്ഷിച്ച വൃദ്ധര്‍. അനാഥത്വത്തിന്റെ പടുകുഴിയിലേയ്ക്ക് വലിച്ചെറിയപ്പെട്ട പിഞ്ചുമക്കള്‍.
തീരാകടത്തിന്റെ ഊരാകുടുക്കില്‍ പെട്ടവര്‍. തെരുവോരങ്ങളില്‍ അന്തിയുറങ്ങേണ്ടി വരുന്നവര്‍.
മുനിസിപ്പാലിറ്റിയുടെ മാലിന്ന്യ കൊട്ടയില്‍ തള്ളിയ കേടായ പച്ചക്കറികളില്‍ നിന്നും നല്ലത് തിരഞ്ഞെടുക്കുന്ന, ഒക്കത്ത് ഒരു രണ്ടുവയസ്സുകാരിയെയും പേറി, മുഷിഞ്ഞ ചേല ചുറ്റിയ, ഒരു പ്രജയേയും കണ്ടു ഇന്നലെ, ഉത്രാട നാളില്‍..
അവരെ കാണാത്ത കണ്ണുകളാണ് പതിനഞ്ച് ടണ്‍ പൂക്കളുടെ പൂക്കളത്തിനെ അഭിമാനമായി കാണുന്നത്. കോടികള്‍ പൊടിയുന്ന ഓണാഘോഷത്തെ കൊട്ടിഘോഷിക്കുന്നത്.

നാം നമ്മുടെ സാഹോദര്യം തിരിച്ചു പിടിയ്ക്കുമ്പോഴാണ് ഓണത്തിന്റെ സമത്വ സന്ദേശം അര്‍ത്ഥപൂര്‍ണമാകുന്നത്.
അതു കൊണ്ട് ഈ ഓണം നിങ്ങളുണ്ണുമ്പോള്‍, അതിനു വഴിയില്ലാത്ത ഒരാളുടെയെങ്കിലും വിശപ്പുമാറ്റാന്‍ ശ്രമിക്കുക.
അപ്പോള്‍ തീര്‍ച്ചയായും മാവേലി നിങ്ങളുടെ വീട്ടിലെത്തിയിട്ടുണ്ടാവും, നിങ്ങളുടെ മനസ്സിലൂടെ...!

അമ്പട ഓണമേ !

അരുണ്‍ കായംകുളം


ണം എന്ന് കേട്ടാല്‍ മനസിലേക്ക് ഓടിയെത്തുന്ന ചിന്തകള്‍ അനവധിയാണ്.പുലികളി, പടക്കം പൊട്ടിക്കുക, മാവേലി, അത്തപ്പൂ, ആര്‍പ്പ്‌വിളി, വള്ളംകളി, ഓണസദ്യ....

എന്‍റെ
കുട്ടിക്കാലത്ത് ഇവയില്‍ പലതും എനിക്ക് ഞെട്ടിക്കുന്ന ഓര്‍മ്മകളായിരുന്നു.

പുലികളി:
ചെണ്ട കൊട്ടിക്കോണ്ട് ചേട്ടന്‍മാര്‍ വരികയായി..
"ജിലം ഡം ഡം, ജിലം ഡം ഡം...
ജിലം ഡം ഡം, ഡഡം ഡം ഡം"
അതാ ഒരു പുലി എങ്ങ് നിന്നോ ചാടി വന്നിരിക്കുന്നു, തുടര്‍ന്നന്‍ പുലിയുടെ കുറേ കൊപ്രായങ്ങള്‍.അച്ഛന്‍റെ തോളില്‍ കയറി അതും കണ്ടിരിക്കേ തോക്കും പിടിച്ച് കരിവീട്ടിയില്‍ കുമ്മായം പൂശിയ ഒരു രൂപം പ്രത്യക്ഷമായി.
"ആരാ അച്ഛാ അത്?"
"അതാ മോനേ സായിപ്പ്"
ഓഹോ, ഇതാണോ സായിപ്പ്??
സായിപ്പിന്‍റെ കസര്‍ത്തൊക്കെ കിടിലമായിരുന്നു, പക്ഷേ അവസാനം ഇവന്‍മാര്‍ കാട്ടുന്ന ഒരു തമാശയുണ്ട്, പുലികളി കണ്ട് രസിച്ച് നില്‍ക്കുന്ന ഏതെങ്കിലും പയ്യന്‍മാരുടെ നിക്കറില്‍ പിടിച്ചാ ഇവര്‍ തോക്കിലേക്ക് ഉണ്ട നിറയ്ക്കുന്നത്, ബ്ലഡി സായിപ്പ്!!
അന്ന് ഇരയായ ചേട്ടന്‍ കരഞ്ഞോണ്ട് ഓടിയപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, തല്ലി കൊന്നാലും എന്നെ പിടിച്ച് ഉണ്ട നിറയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞു..
ഞാനും നിലത്ത് നിന്ന് പുലികളി കാണുന്ന പയ്യനായി.ഇക്കുറി സായിപ്പിന്‍റെ ഉദ്ദേശം ഞാനാണ്, എന്നെ പിടിച്ച് ഉണ്ട നിറയ്ക്കണം, എഗൈന്‍ ബ്ലഡി സായിപ്പ്!!

കളി അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലായി, സായിപ്പ് എന്‍റെ അടുത്തേക്ക് വരാന്‍ തയ്യാറാവുന്നു.ഒട്ടും അമാന്തിച്ചില്ല, അടുത്ത് കിടന്ന് കരിങ്കല്ലെടുത്ത് പുലിയുടെ തല ലക്ഷ്യമാക്കി ആഞ്ഞ് എറിഞ്ഞു.എന്‍റെ ഉദ്ദേശം പച്ചവെള്ളം പോലെ ശുദ്ധമായിരുന്നു, ഏറ്‌ കൊണ്ട് പുലി ചത്താല്‍ പിന്നെ ഉണ്ട നിറയ്ക്കേണ്ട കാര്യമില്ലല്ലോ.എന്തായാലും ഏറ്‌ കുറിക്ക് കൊണ്ടു, പുലികളിക്കാര്‍ക്ക് അഞ്ച് രൂപ കൊടുക്കാന്‍ തയ്യാറായി നിന്ന അച്ഛന്‍ അഞ്ഞൂറ്‌ രൂപ കൊടുത്താ ആ പ്രശ്നം ഒതുക്കിയത്.എന്‍റെ ആ സാഹസം കൊണ്ട് രക്ഷപെട്ടത് നാട്ടിലെ പയ്യന്‍മാരാ, അതില്‍ പിന്നെ ഒരു സായിപ്പിനും പയ്യന്‍മാരുടെ ഉണ്ട വേണ്ടാ.അത് മാത്രമല്ല പയ്യന്‍മാരോട് പുലികള്‍ക്കും ചെറിയ ബഹുമാനം ഒക്കെ വന്നു, സായിപ്പ് വെടിവയ്ക്കാന്‍ കാത്ത് നില്‍ക്കാതെ ആരെങ്കിലും 'ഠോ'ന്ന് പറഞ്ഞാല്‍ കൂടി അവ ചത്ത് വീഴാന്‍ തയ്യാറായി.

ഓണസദ്യ:
നല്ല കുത്തരി ചോറും, പരിപ്പും പപ്പടവും, കൂടെ കാളന്‍, കൂളന്‍, അവിയല്, പായസം, ഹായ്, ഹായ്, എന്താ ടേസ്റ്റ്.പക്ഷേ എന്‍റെ കുടുംബത്തിലെ കുട്ടികള്‍ക്ക് തിരുവോണത്തിനു വീട്ടില്‍ വച്ച് ഉള്ള സദ്യയെക്കാള്‍ പഥ്യം അവിട്ടത്തിന്‍റെ അന്ന് തറവാട്ടില്‍ വച്ച് നടത്തുന്ന സദ്യയാണ്.
അതിനു കാരണമുണ്ട്.
അന്നത്തെ സദ്യക്ക് എല്ലാവരും കാണും, മാത്രമല്ല പച്ചക്കറി വിഭവങ്ങള്‍ കൂടാതെ അന്നത്തെ കാലത്ത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കോഴിക്കറിയും കാണും.അല്ലേല്‍ തന്നെ സദ്യ ഒരുക്കുമ്പോള്‍ അമ്മാവന്‍ പൈസ നോക്കാറില്ല...
അമ്പത് പേര്‍ക്ക് രണ്ട് കിലോ കോഴിയങ്ങ് വാങ്ങും!!
പിന്നെ ഒരു എട്ട് കിലോ ഉരുളന്‍ കിഴങ്ങ് കൂടി ഇട്ട് അത് പത്ത് കിലോ ആക്കി വിളമ്പും.കറിയ്ക്ക് അകത്ത് കിട്ടുന്ന കഷ്ണങ്ങള്‍ എല്ലാം ഉരുളന്‍ കിഴങ്ങ് ആണെങ്കില്‍ അതിനെ ഉരുളന്‍കിഴങ്ങ് കറിയെന്നും, ഒരു കോഴി പീസ് എങ്കിലും ഉണ്ടെങ്കില്‍ അതിനെ കോഴിക്കറിയെന്നും ഞാന്‍ വിശേഷിപ്പിക്കും.അങ്ങനെ സദ്യ ഞങ്ങള്‍ക്ക് മുന്നില്‍ നിരന്നു...

എനിക്ക് ഒരു കുഴപ്പമുണ്ട്.
എത്ര നല്ല സദ്യ ആണെങ്കിലും ഞാന്‍ ഒരോ കറി വീതമേ കൂട്ടി തീര്‍ക്കുമയുള്ളു.അതായത് ഒട്ടും ഇഷ്ടമില്ലാത്ത നാരങ്ങാ അച്ചാറ്‌ ആദ്യം തീര്‍ക്കും, പിന്നെ കാളന്‍, അവിയല്‌, അങ്ങനെ പോയി അവസാനം ചിക്കന്‍കറി കൂട്ടി ആസ്വദിച്ച് തിന്ന് സദ്യ അവസാനിപ്പിക്കും.
അന്ന് അവിട്ടത്തിന്‍റെ സദ്യക്കും ഞാന്‍ ഇത് തന്നെ ആവര്‍ത്തിച്ചു.ആദ്യം നാരങ്ങാ അച്ചാറ്‌ കൂട്ടി ചോറ്‌ ഉണ്ടു.അച്ചാറ്‌ തീര്‍ന്നപ്പോള്‍ അടുത്ത കൂട്ടാന്‍ കൂട്ടാം എന്ന് മനസില്‍ കരുതിയപ്പോള്‍ വല്യമ്മ വന്ന് സ്വല്പം അച്ചാറും കൂടി ഇലയിലിട്ടു.
ശെടാ!!!
ഇനി എന്തോ ചെയ്യും??
നല്ല ഒന്നാന്തം കോഴി ഇറച്ചി ഒരു സൈഡില്‍ ഇരിക്കുന്നുണ്ട്, അപ്പോഴാ ദേ വീണ്ടും അച്ചാറ്.പക്ഷേ ശീലം മാറ്റാന്‍ ഞാന്‍ തയ്യാറായിരുന്നില്ല, ഒരിക്കല്‍ കൂടി അച്ചാറ്‌ തീര്‍ത്തു.വല്യമ്മ അത് തന്നെ നോക്കി ഇരിക്കുവാണെന്ന് തോന്നുന്നു, തീര്‍ന്നപ്പോള്‍ വീണ്ടും അച്ചാറ്‌ കൊണ്ടിട്ട്, എന്നിട്ട് സ്നേഹത്തോടെ ഒരു ഉപദേശവും:
"മോന്‍ ആവശ്യത്തിനു കഴിച്ചോ!"
കരിമുട്ടത്തമ്മേ, കുരിശായല്ലോ!!
എന്തിനു ഏറെ പറയുന്നു, അന്ന് ആ നാരങ്ങാ അച്ചാറ്‌ മാത്രം കൂട്ടി ഞാന്‍ സദ്യ ഉണ്ടു.എല്ലാം കഴിഞ്ഞ് കഴിക്കാന്‍ പറ്റാത്ത് കോഴിക്കറി ഓര്‍ത്ത് കൈ കഴുകിയപ്പോള്‍ പിന്നില്‍ നിന്ന് വല്യമ്മയുടെ ആത്മഗതം കേട്ടു:
"അരുണിനു അച്ചാറങ്ങ് പിടിച്ച് പോയെന്ന് തോന്നുന്നു. നോക്കിയേ, കോഴിക്കറി പോലും അവന്‍ തൊട്ടില്ല"
എന്നാലും എന്‍റെ വല്യമ്മേ.
കര്‍ത്താവേ, എനിക്ക് കണ്ട്രോള്‍ നല്‍കൂ!!!

മാവേലി:
പണ്ട് ദാനശീലനായ മഹാബലി എന്നൊരു ചക്രവര്‍ത്തി ഉണ്ടായിരുന്നെന്നും, വാമനന്‍ അദ്ദേഹത്തെ പറ്റിച്ച് പാതാളത്തില്‍ ആക്കിയെന്നും, ആണ്ടുതോറും അതിയാന്‍ നാട് കാണാന്‍ വരുന്നതാണ്‌ ഓണമെന്നും ഏവര്‍ക്കും അറിയാമെന്ന് വിശ്വസിക്കുന്നു.എനിക്കും ഇത് അറിയാമായിരുന്നു, പക്ഷേ മൂന്നാം ക്ലാസില്‍ വച്ച് മലയാളം പഠിപ്പിക്കുന്ന ഗോപാലന്‍ മാഷ് ഈ ചോദ്യം ചോദിച്ചപ്പോള്‍ എന്‍റെ അതി വിവരം എന്നെ ചതിച്ചു, ആ ചോദ്യം ഇങ്ങനെ ആയിരുന്നു..

"ആണ്ടു തോറും ഓലക്കുടയും ചൂടി ഓണത്തിനു നാട് കാണാന്‍ വരുന്നത് ആരാ?"
ആരാ??
'ഓണത്തിനിടക്ക് പുട്ട് കച്ചവടം' എന്ന കാസറ്റ് കേട്ടിട്ടുള്ള എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല:
"ഇന്നസെന്‍റ്‌"
ഗോപാലന്‍ മാഷിന്‍റെ കണ്ണ്‌ തള്ളി.
"ഇന്നസെന്‍റോ?"
"ഇന്നസെന്‍റ്‌ മാത്രമല്ല ജഗതിയുമുണ്ട്" വിശദമായ ഉത്തരം.
ഉത്തരം കേട്ട് സന്തോഷവാനായ ഗോപാലന്‍ മാഷ് മറ്റ് കുട്ടികള്‍ക്ക് മുമ്പില്‍ വച്ച് എന്നെ ഒന്ന് പൊക്കി.
"നീ ആ ബെഞ്ചേലോട്ട് കേറി നിന്നേ"
അങ്ങനെ മറ്റുള്ളവരെക്കള്‍ ഒരടി മുകളിലായി എന്‍റെ സ്ഥാനം.കൂടെ സാറ്‌ ശാപമോഷവും തന്നു:
"ശരി ഉത്തരം പറഞ്ഞിട്ട് ഇനി ഇരുന്നാല്‍ മതി"
ഏറ്റു!!
പക്ഷേ എന്തുവാ ശരി ഉത്തരം??

ഉച്ച ഊണിന്‍റെ ഇടവേള സമയത്ത് സഹപാഠി വിഷ്ണുവാ ആ സത്യം എന്നെ ബോധിപ്പിച്ചത്.
"അരുണേ, അത് ഇന്നസെന്‍റും ജഗതിയും ഒന്നുമല്ല, അവരുടെ ഡ്യൂപ്പാ.നിനക്ക് ആണ്ടു തോറും വരുന്നത് മാവേലി ആണെന്ന് പറഞ്ഞാല്‍ പോരായിരുന്നോ?"
സ്വര്‍ഗ്ഗം കിട്ടിയ സന്തോഷം, മാഷിന്‍റെ ചോദ്യത്തിനു ഉത്തരം കിട്ടിയിരിക്കുന്നു.നേരെ സ്റ്റാഫ് റൂമിലേക്ക് ഓടി.
"എന്താടാ?"
"ക്ഷമിക്കണം സാര്‍, ഇന്നസെന്‍റും ജഗതിയും ഒന്നുമല്ല ആണ്ട് തോറും വരുന്നത്"
അത് കേട്ടതും സാറിന്‍റെ ദേഷ്യമെല്ലാം അലിഞ്ഞ് പോയി, മുഖത്ത് ഒരു ചിരി വരുത്തി അദ്ദേഹം ചോദിച്ചു:
"മിടുക്കന്‍, പിന്നെ ആരാ ആണ്ട് തോറും വരുന്നത്?"
"അത് അവരുടെ ഡ്യൂപ്പാ!!"
ഓടടാ!!!
ഓടി.

ഇങ്ങനെ കൊച്ച് കൊച്ച് നൊമ്പരങ്ങളും തമാശകളും കലര്‍ന്ന് എത്രയോ ഓണങ്ങള്‍.ഓര്‍ത്ത് വയ്ക്കാനും, ഊറിചിരിക്കാനുമുള്ള സന്ദര്‍ഭങ്ങള്‍ സമ്മാനിക്കാനായി ഇതാ വീണ്ടും ഒരു ഓണം കൂടി വരുന്നു..
നമ്മുടെ ബൂലോകത്തിനും, പ്രിയപ്പെട്ട വായനക്കാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!

അരുണ്‍ കായംകുളം

ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചത്.
കടപ്പാട് : മലയാളം ഫണ്‍ . കോം

മാതൃകയായി ഒരു വിവാഹം

എസ്. കുമാര്‍
ണ്ടു ശീലിച്ച പല മന്ത്രി പുത്ര/പുത്രി വിവാഹങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഒരു വിവ്ഹത്തിനു മലയാളി സാക്ഷിയാവുകയുണ്ടായി. വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വത്തിന്റേയും ഭാര്യ ഷൈലാ ജോർജ്ജിന്റേയും മകൾ രശ്മിയും മലപ്പുറം സ്വദേശി ഷംസുദ്ദീനും തമ്മിൽ ഉള്ള വിവാഹം. വളരെ ലളിതമായ ഒരു ചടങ്ങിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം തിരുവനന്ദപുരത്തെ ഒരു റജിസ്റ്റാർ ഓഫീ‍സിൽ ആയിരുന്നു വിവാഹം. വധൂ വരന്മാരെ ആശീർവദിക്കുവാൻ അടുത്ത ബന്ധുക്കളും ചില സുഹൃത്തുക്കളും എത്തിയിരുന്നു. പ്രായപൂർത്തിയാകും മുമ്പെ മകളെ വിവാഹം കഴിപ്പിച്ച മന്ത്രിയും, മുൻ കേന്ദ്ര മന്ത്രി തന്റെ മകളുടെ വിവാഹത്തിനു പന്തലിനു മുമ്പിൽ ആനയെ നിർത്തുകയും ഒടുവിൽ അത് ഇടഞ്ഞ് പ്രശനമുണ്ടായതും അദിഥികളിൽ ചിലർക്ക് പരിക്കേറ്റതും ഒക്കെ നമ്മുക്ക് അറിവുള്ളതാണ്. മക്കളുടെ വിവാഹത്തിനായി കോടികൾ തന്നെ ചിലവിടുന്ന രാഷ്ടീയക്കാരിൽ ആദർശത്തിന്റെയും മനുഷ്വത്വത്തിന്റേയും കണിക തീർത്തും നഷ്ടപ്പെട്ടിട്ടില്ല എന്ന് സ്വന്തം മകളുടെ വിവാഹത്തിലൂടെ അദ്ദേഹം തെളിയിച്ചു. മറ്റൊന്നു കൂടിയുണ്ട്. മന്ത്രി ബിനോയ് വിശ്വം മിശ്രവിവാഹിതനാണ്. മകളുടെ വിവാഹവും മിശ്രവിവാഹം ആയി.
മനുഷ്യത്വം എന്ന വാക്ക് പറയുവാൻ രണ്ട് കാരണം ഉണ്ട്. ഒന്ന് പരസ്പരം ഇഷ്ടപ്പെടുന്നവരെ ജാതിയുടേയും മതത്തിന്റേയും പേരിൽ ഒന്നിക്കുവാൻ അനുവദിക്കാത്ത വിധം ജാതിക്കോമരങ്ങൾ പിടിമുറുക്കിയിരിക്കുന്നു. എന്നാൽ ജാതിക്കും മതത്തിനും അപ്പുറം പങ്കാളികൾ തമ്മിൽ ഉള്ള പൊരുത്തത്തിനാണ് പ്രാധാന്യം എന്ന് ഇതിലൂടെ വ്യക്തമാക്കി. ക‌മ്യൂണിസ്റ്റു പ്രത്യയശാത്രത്തിന്റെ അപ്പോസ്ഥലന്മാർ വരെ ഇന്ന് മക്കളെ സ്വന്തം ജാതിയിൽ ഉള്ളവർക്കാണ് കെട്ടിച്ചുകൊടുക്കുന്നതും കൊണ്ടുവരുന്നതും. സമൂഹത്തിലെ സങ്കുചിത്വമാർന്ന ജാതി, മത കാഴ്ചപ്പാടുകൾക്ക് എതിരെ പോരാടിയവരുടെ പിന്മുറക്കാർ എവിടെ നിൽക്കുന്നു എന്ന് പരിശോധിച്ചാൽ മനസ്സിലാകും. ക‌മ്യൂണിസ്റ്റുകാരനു/മാർക്കിസ്റ്റുകാരനു മതവും ജാതിയും സമൂഹത്തിലെ പദവികളോ സ്വത്തോ ഒന്നും ഒരു വിവേചനത്തിനായുള്ള ഉപാധിയല്ലെന്ന് പറയുമ്പോളും കൂട്ടത്തിലെ പല യുവ രക്തങ്ങൾ പോലും സ്ത്രീധനം(വിവാഹ സമയത്ത് പെണ്ണിന്റെ വീട്ടുകാർ നൽകുന്ന ആഭരണം എന്നു കരുതുക) വാങ്ങിയാണ് വിവാഹം കഴിക്കുന്നതെന്ന് കാണുവാനാകും.

കല്യാണത്തിനു എന്തിനു സ്വർണ്ണം?

വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യങ്ങളിൽ ഒന്നാണ് വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുകൂടി ആശീർവദിക്കുന്നതും അവർക്ക് ചെറിയ സൽക്കാരം നൽകുന്നതും സന്തോഷകരം തന്നെ. എന്നാൽ സ്വന്തം ഇണയെ തിരഞ്ഞെടുക്കുന്നതിനും അവൾക്കൊപ്പം ജീവിക്കുന്നതിനും എന്തിനാണ് സ്വർണ്ണവും പണവും? സ്നേഹിക്കുവാനും, സ്നേഹിക്കപ്പെടുവാനും, പരസ്പരം പങ്കുവെക്കുവാനും വേണ്ടി തിരഞ്ഞെടുക്കുന്നിടത്ത് സ്വർണ്ണത്തിനും പണത്തിനും എന്ത് പ്രാധാന്യമാണുള്ളത്? ഇത്തരം ചോദ്യങ്ങൾ സമൂഹത്തിൽ ഉയർന്നുവരേണ്ടത് അനിവാര്യമാണ്.

മകളുടെ ഭാവി ഭദ്രമാക്കുവാനാണ് സ്വർണ്ണം/പണം/ഫ്ലാറ്റ് നൽകുന്നതെന്ന് പലറും പറയാറുണ്ട്. എന്നാൽ സ്വന്തം ഇണയെ നോക്കുവാൻ കഴിവില്ലാത്തവൻ ആണോ നിങ്ങളുടെ മരുമകൻ എന്ന് ഒരു ചോദ്യം ഇവിടെ ഉയരുന്നു. ഒരു സ്ത്രെയെ പോറ്റുവാൻ കഴിവില്ലാത്തവനു നിങ്ങൾ മകൾക്കൊപ്പം അവൾക്ക് ജീവിക്കുവാൻ ഉള്ള വക കൂടെ നൽകുന്നത് എത്രമാത്രം വിഡ്ഡിത്തമാണ്. ഒന്നോ രണ്ടോ പെൺ മക്കൾ ഉള്ള മാതാപിതാക്കൾ മക്കളുടെ വിവാഹത്തിനു സ്വർണ്ണം വാങ്ങുവാനായി തങ്ങളുടെ സ്വന്തം ജീവിതം ഹോമിക്കുന്നു. എന്തുമാത്രം ക്രൂരതയാണിതെന്ന് ഒരു നിമിഷം ചിന്തിച്ചാൽ അതിനെ ശരിയാം വണ്ണം ഉൾക്കൊള്ളുവാൻ കഴിഞ്ഞാൽ സ്തീധനം എന്നതിനോട് മനുഷ്യത്വം ഉള്ളവർക്ക് യോജിക്കുവാൻ ആകില്ല.

സ്വർണ്ണം കാറ് എന്നിവയ്ക്കൊപ്പം വിവാഹശേഷം മക്കൾക്ക് ഭർത്താവിനൊപ്പം താമസിക്കുവാൻ ഫ്ലാറ്റ്/വില്ല നൽകുന്നത് ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുന്നു. ഇത് മറ്റൊരു വിപൽക്കരമായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. ഇതുമൂലം മകളുടെ ഭർത്താവിന്റെ കുടുമ്പത്തോടൊപ്പം അവൾക്ക് താമസിക്കുവാൻ കഴിയാതെ വരുന്നു. സ്വാഭാവികമായും ഇത് അവർക്കിടയിൽ ഉണ്ടാകേണ്ട ഒരു സ്നേഹത്തിന്റെയും സഹകരണത്തിന്റേയും സാധ്യതയെ ചുരുക്കുന്നു. ഇതിലൂടെ അവൾക്ക് ലഭിക്കാവുന്ന പല അറിവുകളും അനുഭവങ്ങളും നിഷേധിക്കുകയാണ് അമ്മായിയമ്മയുടെ മൂക്കും മോറും കാണണ്ട മകൾക്ക് സ്വസ്ഥമായി ജീവിക്കാൻ ഉള്ളത് ഞാൻ നൽകി എന്ന് ചാരിദാർഥ്യം അടയുന്ന രക്ഷിതാക്കൾ ചെയ്യുന്നത്. ജോലിയില്ലാത്തവരെ സംബന്ധിച്ച് ടി.വിയും ഇന്റർനെറ്റും മൊബൈൽ ഫോണും മാത്രമായി “ഒറ്റപ്പെടലിന്റെ“ മറ്റൊരു ലോകത്തേക്ക് തള്ളിവിടുവാൻ ഇത് വഴിയൊരുക്കുകയും ചെയ്യും.

വിവാഹം അനുദിനം ചിലവേറിയ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ആർഭാടങ്ങൾക്ക് അതിരുകൾ ഇല്ലാതായിരിക്കുന്നു. വസ്ത്രത്തിന്റേയും സ്വർണ്ണത്തിന്റെയും കാര്യത്തിൽ മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും ഇന്നു വലിയ തുകയാണ് മലയാളി ചിലവിടുന്നത്. പ്ലേറ്റിനു 400-600 രൂപ വരെ ചിലവിടുന്ന വിവാഹ സൽക്കാരങ്ങൾ ഇന്നു സാധാരണമായിക്കൊണ്ടിരിക്കുന്നു. വിവാഹത്തിന്റെ തലേ ദിവസത്തെ മദ്യസൽക്കാരത്തിന്റെ ചിലവു വേറെ. ഇതെല്ലാം സമൂഹത്തിലെ ഒരു സമ്പ്രദായമായി മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ പലപ്പോഴും സാധാരണക്കാർ നിർബന്ധിതരാക്കപ്പെടുന്നു. മറ്റുള്ളവർക്ക് മുമ്പിൽ “മാനക്കേട്” ഉണ്ടാകും എന്ന് കരുതി പലരും ഇതിനൊക്കെ വലിയ തുക ഉയർന്ന പലിശക്ക് കടം വാങ്ങിയും കുടുമ്പം പണയപ്പെടുത്തിയും കണ്ടെത്തുന്നു. വിവാഹം കഴിഞ്ഞാലും തീരുന്നില്ല. വിവിധ പേരിൽ ഉള്ള സൽക്കാരങ്ങളുടേയും സമ്മാനങ്ങളുടേയും പേരിൽ ഉള്ള മറ്റു ചിലവുകൾ.

ഇത്തരം ആർഭാടങ്ങൾക്ക് വകയില്ലാതെ വരുന്നതിന്റെ പേരിൽ മംഗല്യയോഗം നിഷേധിക്കപ്പെടുന്ന പെൺകുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസീക പീഠനം എത്രയോ വലുതാണ്. അവരെപോലുള്ളവർ മനുഷ്യത്വം അർഹിക്കുന്നു എന്ന് സമൂഹത്തിനു ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ്. ഇത്തരം ഓർമ്മപ്പെടുത്തലുകളാണ് സ്ത്രീധനമില്ലാത്ത ആർഭാടമില്ലാത്ത ലളിതമായ ഓരോ വിവാഹങ്ങളും. രാഷ്ടീയ സാമൂഹിക പ്രവർത്തകർ അതിനായി മുന്നോട്ട് വരെണ്ടതുണ്ട്. ആദർശം പ്രസംഗത്തിൽ നിന്നും പ്രവർത്തിയിലേക്ക് വരുമ്പോളേ അത് പൂർണ്ണമാകൂ. ബിനോയ് വിശ്വത്തെ പോലുള്ളവരിൽ നിന്നും ഉള്ള ഇത്തരം ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
ഡ്രീംഹോം

ഡ്രീംഹോം

നമ്മുടെബൂലോകത്തിന്റെ അഭ്യുദയകാംക്ഷികളായ കുറച്ചു സുഹൃത്തുക്കളുടെ ഒരു സംരംഭത്തെ പരിചയപ്പെടുത്തുന്ന ഒരു പോസ്ടാണിത്...

വീ­ടെ­ന്നാല്‍ കു­ടും­ബ­ത്തോ­ടൊ­പ്പം തല­ചാ­യ്ക്കാ­നൊ­രി­ടം മാ­ത്ര­മ­ല്ല, ഇന്ന്. ഓരോ വീ­ട്ടി­ലും പ്ര­തി­ഫ­ലി­ക്കു­ന്ന­ത്, ആ കു­ടും­ബ­ത്തി­ന്റെ സം­സ്കാ­ര­വും സങ്കല്‍­പ്പ­ങ്ങ­ളു­മാ­ണ്. അടു­ക്ക­ള­മു­തല്‍ സ്വീ­ക­ര­ണ­മു­റി­യി­ലും കി­ട­ക്ക­റ­യി­ലും പൂ­ജാ­മു­റി­യി­ലും വരെ ഓരോ­രു­ത്ത­രു­ടെ­യും ഇഷ്ട­ങ്ങള്‍ വി­ഭി­ന്ന­വും വ്യ­ത്യ­സ്ത­വു­മാ­ണ്. ആവ­ശ്യ­ത്തി­ലു­മ­ധി­കം പണ­വും സമ­യ­വും ചെ­ല­വാ­ക്കി­യി­ട്ടും നി­രാ­ശ­പ്പെ­ടേ­ണ്ടി വരു­ന്ന­വര്‍ നമു­ക്കി­ട­യില്‍ ധാ­രാ­ള­മു­ണ്ട്. വര്‍­ദ്ധി­ച്ചു­വ­രു­ന്ന നിര്‍­മ്മാ­ണ­ച്ചെ­ല­വും അശാ­സ്ത്രീ­യ­മായ പ്ലാ­നു­മാ­ണ് നമ്മെ അബ­ദ്ധ­ത്തി­ലാ­ക്കു­ന്ന­ത്.

ഇത്ത­രം പ്ര­ശ്ന­ങ്ങള്‍­ക്ക് ശാ­ശ്വത പരി­ഹാ­രം തേ­ടു­ക­യാ­ണ്, തി­രു­വ­ന­ന്ത­പു­രം കേ­ന്ദ്ര­മാ­ക്കി പ്ര­വര്‍­ത്തി­ക്കു­ന്ന യുവ എഞ്ചി­നീ­യര്‍­മാ­രു­ടെ കൂ­ട്ടാ­യ്മ­യായ സങ്കേ­ത് എന്ന സന്ന­ദ്ധ­സം­ഘ­ട­ന. മന­സ്സി­നി­ണ­ങ്ങി­യ­തും ബജ­റ്റി­ലൊ­തു­ങ്ങു­ന്ന­തു­മായ ഒരു വീ­ട് സ്വ­ന്ത­മാ­ക്കാന്‍ ഇവര്‍ അവ­സ­ര­മൊ­രു­ക്കു­ന്നു. കേ­ര­ള­ത്തി­ന­ക­ത്തും പു­റ­ത്തു­മു­ള്ള മുന്‍­നിര ബില്‍­ഡേ­ഴ്സി­നെ­യും ഇന്റീ­രി­യര്‍ ഡി­സൈ­നേ­ഴ്സി­നെ­യും സം­യോ­ജി­പ്പി­ച്ചു­കൊ­ണ്ട്, മൂ­ന്നു­ദി­വ­സം നീ­ണ്ടു­നില്‍­ക്കു­ന്ന ഒരു പ്ര­ദര്‍­ശ­ന­മേ­ള­യാ­ണ് സങ്കേ­ത് തി­രു­വ­ന­ന്ത­പു­രം സെ­ന്റ് ജോ­സ­ഫ്സ് ഹയര്‍ സെ­ക്ക­ണ്ട­റി സ്കൂള്‍ ഓഡി­റ്റോ­റി­യ­ത്തില്‍ ഒരു­ക്കു­ന്ന­ത്.

ഓഗ­സ്റ്റ് 25­ന് ആരം­ഭി­ക്കു­ന്ന പ്ര­ദര്‍­ശ­ന­മേ­ള­യില്‍ കെ­ട്ടി­ട­നിര്‍­മ്മാ­ണ­ത്തി­ന്റെ വി­വിധ മേ­ഖ­ല­ക­ളി­ലു­ള്ള ഉത്പ­ന്ന­ങ്ങ­ളും ഉത്പാ­ദ­ക­രും പങ്കെ­ടു­ക്കു­ന്നു. ഇട­നി­ല­ക്കാ­രി­ല്ലാ­തെ­ത­ന്നെ കെ­ട്ടി­ട­നിര്‍­മ്മാ­താ­ക്ക­ളും ഉപ­ഭോ­ക്താ­ക്ക­ളും തമ്മില്‍ നേ­രി­ട്ടു­ള്ള ആശ­യ­വി­നി­മ­യ­വും ഈ മേ­ള­കൊ­ണ്ട് സം­ഘാ­ട­കര്‍ ലക്ഷ്യ­മി­ടു­ന്നു.

സ്വ­ന്തം ബജ­റ്റി­ലൊ­തു­ങ്ങു­ന്ന­തും മന­സ്സി­നി­ണ­ങ്ങി­യ­തു­മായ ഒരു വീ­ട് സ്വ­ന്ത­മാ­ക്കാ­നു­ള്ള അവ­സ­രം ഒരു­ക്കു­ക­യാ­ണ് ഡ്രീം­ഹോം 2010 എന്നു പേ­രി­ട്ടി­രി­ക്കു­ന്ന ഈ മേ­ള­കൊ­ണ്ട് ഉദ്ദേ­ശി­ക്കു­ന്ന­ത്. ഈ മേ­ള­യില്‍ ഗൃ­ഹ­നിര്‍­മ്മാ­ണ­രം­ഗ­ത്തെ പ്ര­മു­ഖ­രോ­ടൊ­പ്പം ബില്‍­ഡി­ങ് മെ­റ്റീ­രി­യല്‍­സ്, ആര്‍­ട്ട് ആന്‍­ഡ് ഇന്റീ­രി­യേ­ഴ്സ്, മോ­ഡു­ലാര്‍ കി­ച്ചണ്‍­സ്, പെ­യി­ന്റി­ങ്സ്, ഫര്‍­ണി­ച്ചര്‍, ഇല­ക്ട്രി­ക്കല്‍ ഫി­റ്റി­ങ്സ്, കൂ­ടാ­തെ ബാ­ങ്കി­ങ് മേ­ഖ­ല­യി­ലെ പ്ര­മു­ഖ­രും പങ്കെ­ടു­ക്കു­ന്നു.

ഗൃ­ഹ­നിര്‍­മ്മാണ രം­ഗ­ത്തെ വി­വി­ധ­മേ­ഖ­ല­ക­ളില്‍ പെ­ടു­ന്ന നൂ­റോ­ളം സ്റ്റോ­ളു­കള്‍ മേ­ള­യില്‍ സജ്ജ­മാ­ക്കി­യി­ട്ടു­ണ്ട്. ഉപ­ഭോ­ക്താ­ക്കള്‍­ക്കു­ള്ള ഉത്സ­വ­സ­മ്മാ­ന­മാ­യി ആകര്‍­ഷ­ക­മായ പാ­ക്കേ­ജു­കള്‍ ലഭ്യ­മാ­ണ്. ഈ ഓണ­ക്കാ­ല­ത്തെ പ്ര­ദര്‍­ശ­ന­മേള നിര്‍­മ്മാ­ണ­രം­ഗ­ത്തെ പ്ര­മു­ഖര്‍­ക്കും മന­സ്സി­നി­ണ­ങ്ങിയ വീ­ട് സ്വ­ന്ത­മാ­ക്കാന്‍ ആഗ്ര­ഹി­ക്കു­ന്ന­വര്‍­ക്കും ഒരു­പോ­ലെ പ്ര­യോ­ജ­ന­പ്പെ­ടു­മെ­ന്നാ­ണ് സങ്കേ­തി­ന്റെ പ്ര­വര്‍­ത്ത­കര്‍ പ്ര­ത്യാ­ശി­ക്കു­ന്ന­ത്. കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍­ക്കാ­യി താ­ഴെ­പ്പ­റ­യു­ന്ന വെ­ബ് പേ­ജ് സന്ദര്‍­ശി­ക്കു­ക. http://sanketsolutions.org

ഹിമാലയ യാത്രാ വിവരണംബ്ലോഗര്‍ സജി മാര്‍ക്കോസിന്റെ ഹിമാലയ യാത്ര. ഫോട്ടോ ഫീച്ചര്‍ സീരീസ്
 • ഹിമാലയ യാത്ര - 1

 • ഹിമാലയ യാത്ര - 2

 • ഹിമാലയ യാത്ര - 3

 • ഹിമാലയ യാത്ര - 4

 • ഹിമാലയ യാത്ര - 5

 • ഹിമാലയ യാത്ര - 6

 • ഹിമാലയ യാത്ര - 7

 • ഹിമാലയ യാത്ര - 8

 • ഹിമാലയ യാത്ര - 9

 • ഹിമാലയ യാത്ര - 10

 • ഹിമാലയ യാത്ര - 11

 • ഹിമാലയ യാത്ര - 12
 • കൊടുങ്ങല്ലൂര്‍ ഭരണി


  രഞ്ചി ബഹറിന്‍

  നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് കൊടുങ്ങല്ലൂരിലേത്. ക്രിസ്തുവിനു രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള റോമന്‍ സംസ്ക്കാരത്തിന്റെയും പുരാതന പശ്ചിമേഷ്യന്‍, ചൈനീസ് സംസ്കാരങ്ങളുടെയും ശേഷിപ്പുകള്‍ അടുത്ത കാലത്ത് ഇവിടെ നടന്ന പര്യവേക്ഷണങ്ങളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിദേശകാര്യവകുപ്പില്‍ u .k യില്‍ റിസര്‍ച്ച് ചെയ്യുന്ന ആര്‍ക്കിയോളൊജിസ്റ്റ് ഡോ.k .p.ഷാജന്റെ നേതൃത്ത്വത്തിലാണ് കൊടുങ്ങല്ലുരിനു 10 കിലോമീറ്റര്‍ അകലെയുള്ള പറവൂരിലെ 'പട്ടണം' എന്ന പ്രദേശത്ത്‌ പഠനങ്ങള്‍ നടക്കുന്നത്. കാര്‍ബണ്‍ ഡേറ്റിങ്ങിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ള ചില വസ്തുതകള്‍ 3000 വര്‍ഷങ്ങള്‍ക്കു മുന്‍പേ പെരിയാറിന്റെ തീരത്ത്‌ രൂപപ്പെട്ടിരുന്ന ഒരു സംസ്കാരത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മണ്‍മറഞ്ഞു കിടക്കുന്ന നമ്മുടെ പൈതൃകത്തിന്റെ ആ തിരുശേഷിപ്പുകള്‍ക്കായി ഇവിടെ കുഴിക്കുക.

  രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണേന്ത്യയിലെ പ്രധാന തുറമുഖ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. മധ്യപൂര്‍വേഷ്യയില്‍ ആവിര്‍ഭവിച്ച ക്രിസ്ത്യന്‍, മുസ്ലിം, ജൂതമതങ്ങ ളെല്ലാം ഇന്ത്യയില്‍ പ്രചരിച്ചത് ഈ തുറമുഖം വഴിയാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ് ഇവിടെയാണ്‌. കേരളീയ-റോമന്‍ വാസ്തു വിദ്യയില്‍ പണിത ഈ പള്ളി പിന്നീട് ഇസ്ലാമികരീതിയില്‍ പുതുക്കിപ്പണിതു. ക്രിസ്തു ശിഷ്യന്‍ തോമാശ്ലീഹ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി മാര്‍ത്തോമാ പള്ളിയും കൊടുങ്ങല്ലുരിലാണ്. മട്ടാന്ചേരിയിലെ ആദ്യത്തെ ജൂതപ്പള്ളിയും പുരാതനകാലത്ത് 'മുസിരിസ്' എന്നറിയപ്പെട്ടിരുന്ന ഈ തുറമുഖനഗരത്തിന്റെ ഭാഗമായിരുന്നു.
  പതിനാലാം നൂറ്റാണ്ടിലുണ്ടായ ഒരു പ്രളയത്തിന്റെ ഫലമായി വൈപ്പിന്‍കര ദ്വീപു ഉയര്‍ന്നു വന്നുവെന്നും അതിനു ശേഷം കൊച്ചി തുറമുഖനഗരമായി വികസിച്ചതോടെ കൊടുങ്ങല്ലൂരിന്റെ പ്രാധാന്യം കുറഞ്ഞുവെന്നും വിശ്വസിക്കപ്പെടുന്നു.

  ചരിത്രത്തിന്റെയും പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും കടുംവര്‍ണ്ണമാര്‍ന്ന നൂലുകള്‍ കൊണ്ട് നെയ്തെടുത്തതാണ് ഇവിടുത്തെ ഭഗവതി ക്ഷേത്ത്രത്തിന്റെ ചരിത്രം. ഇത് ഇഴപിരിച്ചെടുക്കുക എളുപ്പമല്ല.


  കോപാക്രാന്തയായി പാണ്ട്യരാജാവിന്റെ മഥുരാപുരി മുഴുവന്‍ നശിപ്പിച്ചു കേരളത്തിലെ കൊടുങ്ങല്ലൂരില്‍ വന്നു ഭക്തരെ അനുഗ്രഹിച്ച സ്ത്രീശക്തിയുടെ പ്രതീകം ചിലപ്പതികാരത്തിലെ കണ്ണകിയാണ് കൊടുങ്ങല്ലൂരമ്മയെന്നു വിശ്വസിക്കപ്പെടുന്നു. ദക്ഷിണേന്ത്യ ഭരിച്ചിരുന്ന പാണ്ട്യ-ചേരരാജവംശങ്ങളുടെ ചരിത്രരേഖകളില്‍ ക്ഷേത്രത്തെ പറ്റി പരാമര്‍ശമുണ്ട്. കേരളം എന്ന് ഇന്ന് വിളിക്കപ്പെടുന്ന ഭൂവിഭാഗങ്ങളുടെ അധിപനായിരുന്ന ചേരരാജാവ് ചേരന്‍ ചെങ്കുട്ടുവന്‍ നിര്‍മ്മിച്ചതാണ് ക്ഷേത്രമെന്നു ചരിത്രരേഖകള്‍ പറയുന്നു. ഏഴാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്ന അവസാന ചേര രാജാവ് ചേരമാന്‍ പെരുമാളിന്റെ തലസ്ഥാന നഗരിയായിരുന്നു കൊടുങ്ങല്ലൂര്‍ (അന്നത്തെ മുസിരിപ്പട്ടണം).


  മഹാമാരികളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ഭാര്‍ഘവ രാമന്‍ കേരളത്തിന്റെ നാലതിരുകളില്‍ പണിത ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് പുരാണങ്ങളില്‍ പറയുന്നു.

  2008 ഏപ്രിലിലെ വേനലവധിക്കാലത്താണ് ഞാന്‍ നാട്ടിലെത്തുനത്. ആ തവണത്തെ വെകേഷന്‍‍ ചാര്‍ട്ടില്‍ തൃശ്ശൂര്‍ പൂരവും കൊടുങ്ങല്ലൂര്‍ ഭരണിയും സൈലന്റ് വാലി യാത്രയും ഉള്‍പ്പെട്ടിരുന്നു. തൃശ്ശൂര്‍ പൂരം അതിന്റെ സമഗ്രതയില്‍ ബ്ലോഗാനുള്ള ധൈര്യം എനിക്കിനിയുമായിട്ടില്ല.

  അമ്മാവന്റെ വീട് കൊടുങ്ങല്ലുരാണ്. അമ്മയുടെ തറവാട് കൊടുങ്ങല്ലൂരിനു 4 കിലോമീറ്റര്‍ അകലെ പെരിയാറിന്റെ കൈവഴി കോട്ടപ്പുറം വഴി വന്നു അറബിക്കടലില്‍ സംഗമിക്കുന്ന അഴീക്കോടും. ചെറുപ്പത്തില്‍ അവിടെ നിന്നാണ് ഞാന്‍ പഠിച്ചത്. മതിലകം പാലം വന്നതോടെ എന്റെ വീട്ടില്‍ നിന്ന് മതിലകം വഴി ദേശീയപാത 17ഇല്‍ കയറിയാല്‍ [കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍ റൂട്ട്] കൊടുങ്ങല്ലുര്‍ക്ക് 12 കിലോമീറ്റര്‍ മാത്രം! എന്നിട്ടും ആദ്യമായാണ്‌ കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോകുന്നത്; താലപ്പൊലിക്ക് പല തവണ പോയിട്ടുണ്ടെങ്കിലും..
  അവിടെ ക്ഷേത്രാചാരമായി നിലനില്‍ക്കുന്ന തെറിപ്പാട്ട് തന്നെയാവാം ഇതിന്റെ മൂലകാരണം. ഭരണിക്ക് പോകുന്നത് അത്ര നല്ല ഏര്‍പ്പാടല്ല എന്നൊരു ചിന്ത നാട്ടില് ‍നിലനില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അടിച്ചു പിപ്പിരിയായി കാലുറക്കാത്തവരല്ലാതെ ലോക്കല്‍സ് ആരെയും ഭരണിക്ക് അധികം കാണില്ല.

  നൂറ്റാണ്ടുകള്‍ക്കു മുന്‍പേ താഴ്ന്ന ജാതിക്കാര്‍ എന്ന് കരുതപ്പെട്ടവര്‍ക്ക് തൊട്ടു തീണ്ടാന്‍ അനുമതിയുണ്ടായിരുന്ന ക്ഷേത്രം എന്ന നിലക്കാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിനു ചരിത്രത്തിലുള്ള പ്രാധാന്യം. ഇന്ന് ഇതൊരു സാധാരണ കാര്യമായി തോന്നാമെങ്കിലും ബ്രാഹ്മണമേധാവിത്വം നില നിന്നിരുന്ന ഒരു സമൂഹത്തില്‍, മറ്റു ക്ഷേത്രങ്ങളിലെല്ലാം നൂറ്റാണ്ടുകളോളം തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന ഒരു ജനതയ്ക്ക് ക്ഷേത്രപ്രവേശനത്തിന് അനുമതി കിട്ടിയിരുന്നത് ഈ ക്ഷേത്രത്തില്‍ മാത്രമാണ്. ഗാന്ധിജി പങ്കെടുത്ത 1924ലെ വൈക്കം സത്യാഗ്രഹം നടന്നത് ക്ഷേത്രത്തിനു സമീപത്തു കൂടെയുള്ള വഴി ഉപയോഗിക്കാനുള്ള താഴ്ന്ന ജാതിയില്‍ പെട്ടവര്‍ എന്ന് മുദ്ര കുത്തപെട്ടവരുടെ അവകാശം നേടിയെടുക്കുന്നതിനായിരുന്നു എന്നോര്‍ക്കുക. അതിലും കുറച്ചു വര്‍ഷങ്ങള്‍ മാത്രം മുന്‍പാണ് താഴ്ന്ന ജാതിക്കാരന് അവന്റെ ക്ഷേത്രം എന്ന പ്രഖ്യാപനത്തോടെ ഗുരുദേവന്‍ കേരളത്തില്‍ സാമൂഹ്യപരിഷ്ക്കരണത്തിനു തുടക്കം കുറിക്കുന്നത്.

  പണ്ടുകാലത്ത് നാട്ടിലാകെ പടര്‍ന്നു പിടിച്ചിരുന്ന വസൂരിയെ [സ്മോള്‍ പോക്സ്] നിയന്ത്രിക്കുനത് കൊടുങ്ങല്ലുരമ്മയാണെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. വസൂരിക്ക് 'കുരിപ്പ്' എന്നൊരു പ്രയോഗം നിലനില്‍ക്കുന്നുണ്ട്. കൊടുങ്ങല്ലൂരമ്മക്ക് 'ശ്രീ കുരുംബ' എന്നൊരു പേര് വരാന്‍ കാരണമിതാണ്.


  മീനഭരണി ദിവസം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാവും കാവ്. തലേ ദിവസം അശ്വതി നാളിലാണ് പ്രധാന ചടങ്ങായ 'കാവുതീണ്ടല്‍' നടക്കുന്നത്. ഈ രണ്ടു ദിവസങ്ങളില്‍ നാട്ടുകാരായ സ്ത്രീകളാരും കാവിന്റെ നാലയലത്തു വരില്ല.അശ്വതി നാളില്‍ രാവിലെ മുതല്‍ കാവും കൊടുങ്ങല്ലൂര്‍ നഗരം തന്നെയും കോമരങ്ങള്‍ കീഴടക്കിയിരിക്കും.


  പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്(വടകര)ജില്ലകളില്‍ നിന്നും പിന്നെ തമിഴ്നാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുമാണ് കോമരങ്ങള്‍ കൂടുതലായി എത്തുന്നത്. പ്രായ-ലിംഗഭേദമില്ലാതെ കുട്ടികളും യുവാക്കളും യുവതികളും വൃദ്ധരുമൊക്കെ ഈ കൂട്ടത്തിലുണ്ടാകും.  പരമ്പരാഗതമായി പള്ളിവാളും ചിലമ്പും കൈമാറി പൂജിച്ചു കൊടുങ്ങലൂരമ്മയെ ഉപാസിച്ചു വര്‍ഷത്തിലൊരിക്കല്‍ ഭരണി നാളില്‍ ആണ്ടിലെ മുഴുവന്‍ സമ്പാദ്യവും കാണിക്കയര്‍പ്പിച്ചു ദേവിയെ വണങ്ങാനെത്തുന്ന കോമരങ്ങളും ധാരാളം!


  ഭരണി പാട്ടുകളുടെ [തെറിപ്പാട്ട്, പൂരപ്പാട്ട് എന്നും പറയാറുണ്ട്‌] ചരിത്രം, അത് തുടങ്ങാനിടയായ സാമൂഹ്യ സാഹചര്യം, അതിന്റെ മനശ്ശാസ്ത്രം, മനുഷ്യാവകാശങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം ആഴത്തില്‍ പഠനങ്ങളും സംവാദങ്ങളും നടന്നിട്ടുണ്ട്. ഒരു പതിനഞ്ചു വര്‍ഷം മുന്‍പ് കാവില്‍ ഭരണിപ്പാട്ട് നിരോധിച്ചു കര്‍ശനമായി ഉത്തരവിറങ്ങിയിരുന്നു. ഭാരനിക്കാവില്‍ ഉടനീളം ഇതറിയിച്ചു കൊണ്ടുള്ള ബോര്‍ഡുകളും ഒരുപാട് പൊലിസുകാരും നിലയുറപ്പിച്ചിരുന്നു. ഇന്ന് നിയന്ത്രണങ്ങളൊന്നുമില്ലാതെ എല്ലാം പഴയ പടി തുടരുന്നു.


  പഠിക്കുന്ന കാലത്ത് 'ഭരണിപ്പാട്ടുകളെ' അടുത്ത് പരിചയപ്പെടാന്‍ ധാരാളം അവസരങ്ങള്‍ കിട്ടിയിട്ടുണ്ട്.
  ജില്ലയിലെ പ്രൊഫെഷണല്‍ കോളേജുകളിലെല്ലാം റാഗിങ്ങിന് ചില സ്ഥിരം ഐറ്റം നമ്പറുകളുണ്ട്. കൊടുങ്ങല്ലൂരിനു അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നാണ് വരവെന്നറിഞ്ഞാല്‍ ചേട്ടന്മാര്‍ ആദ്യം പറയുന്നത് ഭരണിപ്പാട്ട് സാധകം ചെയ്യാനായിരിക്കും. അറിയില്ലെന്ന് പറഞ്ഞാലും രക്ഷയില്ല. 100 തവണയൊക്കെ ഇമ്പോസിഷന്‍ എഴുതിയാല്‍ ആരായാലും പഠിക്കും!

  പരമ്പരാഗതമായി പ്രചരിച്ചു വന്നിട്ടുള്ള ലിറിക്സിനാണ് ഇപ്പോഴും പ്രാമുഖ്യമെങ്കിലും കൊടുങ്ങല്ലൂര്‍ k.k.t.m കോളേജ് വഴി ഇതിന്റെ പല റീ-മിക്സ് വെര്‍ഷന്സും കാലാകാലങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
  നമ്മുടെ സംസ്കാരവും നാടന്‍ കലകളും അന്യം നിന്ന് പോവാതെ പലരീതിയില്‍ റിനൊവേറ്റ് ചെയ്ത് വാമൊഴിയായി അടുത്ത തലമുറയ്ക്ക് കൈമാറുന്നതില്‍ ജില്ലയിലെ കോളേജുകള്‍ വഹിക്കുന്ന പങ്കു ശ്രദ്ധേയമാണ്.

  കോമരങ്ങളില്‍ പുരുഷന്മാര്‍ മദ്യപിക്കാറുണ്ട്. മറ്റു ലഹരികള്‍ ഉപയോഗിക്കുന്നവരുമുണ്ട്. എങ്കിലും മദ്യപിക്കാത്ത സ്ത്രീകളുടെയും ഇവരുടെയും മാനസികവ്യാപാരം ഒരേ ആവൃത്തിയില്‍ സമരസപ്പെട്ടിരിക്കുന്നത് കാണാം. ഭക്തിയുടെ പാരമ്യത്തിലെ ഒരുതരം ഉന്മാദാവസ്ഥ!

  കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ക്ഷേത്രത്തിനു തനതായ പ്രത്യേകതകള്‍ ഏറെയുണ്ട്.
  മറ്റു ക്ഷേത്രങ്ങളിലെ പോലെ ഇവിടെ കൊടിമരമില്ല എന്നത് ശ്രദ്ധേയമാണ്. പകരം കൊടിമരത്തോളം ഉയരമുള്ള കല്‍വിളക്ക്‌..!


  ഇത്രയധികം ആല്‍ത്തറകളുള്ള ഒരു ക്ഷേത്രം കേരളത്തില്‍ വേറെയില്ല. ആളും തിരക്കുമൊഴിഞ്ഞ വൈകുന്നേരങ്ങളില്‍ ശുദ്ധവായു ശ്വസിച്ച് എത്ര സമയം വേണമെങ്കിലും ഇവിടെ ഒറ്റക്കിരിക്കാം...

  ഇതൊരു ദ്രാവിഡീയ ക്ഷേത്രം ആണെന്ന് തെളിയിക്കുന്ന ധാരാളം തെളിവുകള്‍ ചരിത്രത്തിലുണ്ട്.
  മറ്റു ക്ഷേത്രങ്ങളിലെ പോലെ ബ്രാഹ്മണരല്ല ഇവിടെ നിത്യപൂജ നടത്തുന്നത്.

  മീനത്തിലെ തിരുവോണം നാളിലെ കോഴിക്കല്ല് മൂടല്‍ എന്ന ചടങ്ങോടെയാണ് ഭരണി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. വടക്കേ നടയിലെ 2 കല്ലുകള്‍ക്കിടയില്‍ ചെമ്പട്ടില്‍ പൊതിഞ്ഞ കോഴിയെ ബലി നല്‍കുന്നതാണ് ചടങ്ങ്. കൊടുങ്ങല്ലൂര്‍ കോവിലകത്തെ അംഗങ്ങള്‍ക്കാണ് ചടങ്ങ് നടത്താനുള്ള അവകാശം. ഇതിനു വേണ്ടി കോഴിയെ നേദിക്കുന്നത് വടകരയിലെ തച്ചോളി ഒതേനന്റെ കുടുംബത്തിന്റെ പിന്‍തുടര്ച്ചക്കാരാണ്. കാളിയും അസുരന്മാരും തമ്മില്‍ നടക്കാന്‍ പോകുന്ന യുദ്ധത്തിന്റെ ഒരു പ്രതീകാത്മക അവതരണമാണിത്.


  അതിനു ശേഷം കാവിന്റെ വടക്ക് കിഴക്കേ മൂലയിലുള്ള വലിയ ആലില്‍ എടമുക്ക് മൂപ്പന്‍ വേണാടിന്റെ കൊടി നാട്ടുന്നു. കൊടുങ്ങല്ലൂരമ്മയും വേണാടും തമ്മില്‍ പ്രാചീന കാലം മുതല്‍ നിലനില്‍ക്കുന്ന ബന്ധത്തിന്റെ സൂചകമാണ് ഇത്.


  വേണാട് കുടുംബാംഗങ്ങളുടെ 'നിലപാട് തറ'യാണിത്‌. ഇത്പോലെ വടക്കന്‍ കേരളത്തിലെ പല കുടുംബങ്ങളുടെയും അവകാശത്തറകളാണ് കാവിലെ പല ആല്‍ത്തറകളും.
  അതുകൊണ്ട് കാവ്തീണ്ടലിന്റെ നല്ലൊരു വ്യൂ കിട്ടുന്നതിനായി ആല്‍ത്തറകളില്‍ പിടിച്ചു കയറുന്നത് സൂക്ഷിച്ചു വേണം. കാവ്തീണ്ടലിന് തൊട്ടു മുന്‍പ് ആര്‍ത്തലച്ചു വരുന്ന കോമരങ്ങളുടെയും ദേശക്കാരുടെയും ആവേശത്തില്‍ നിങ്ങള്‍ തെറിച്ചു പോയേക്കാം. [ഞാന്‍ തെറിച്ചു പോയി.. :)]


  ഇത് കൂടാതെ മാധ്യമക്കാരുടെ ചില നിലപാട് തറകളും അടുത്ത കാലത്ത് കാവില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതില്‍ പിടിച്ചു കയറാന്‍ പറ്റിയാലും നല്ല 'വ്യൂ' കിട്ടും.


  മുറിവുണക്കാനും രക്തം പെട്ടെന്ന് ക്ലോട്ട് ചെയ്യാനുമുള്ള മഞ്ഞളിന്റെ കഴിവ് കൊണ്ടാവാം മഞ്ഞള്‍ ആണിവിടുത്തെ പ്രധാന വഴിപാട്. ഭരണി കഴിഞ്ഞു ഒന്ന് രണ്ടാഴ്ച കൊടുങ്ങല്ലൂര്‍കാരും എറണാകുളം മുതല്‍ ഗുരുവായൂര്‍ വരെയുള്ള ബസ്‌ കണ്ടക്ടര്‍മാരും ക്രയവിക്രയം ചെയ്യുന്ന മഞ്ഞനോട്ടുകള്‍ ഒരു നല്ല കാഴ്ചയാണ്.

  മൂപ്പന്മാര്‍ കോമരങ്ങളെ അനുഗ്രഹിച്ചു വാളും ചിലമ്പും നല്‍കി കാവുതീണ്ടലിനു അനുമതി നല്‍കുന്നു.


  ദേവീചൈതന്യം ആവാഹിച്ച് രൗദ്രതാളത്തില്‍ ചുവടു വെക്കുന്ന കോമരങ്ങളുടെ നിസ്സഹായതയുടെ ദൈന്യചിത്രങ്ങള്‍..
  ദേവിയല്ലാതെ ഇക്കൂട്ടര്‍ക്ക് മറ്റു ആശ്രയമില്ല.  ഒരു തലമുറയുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും മാറാപ്പുമായാണ് കോമരങ്ങള്‍ ഓരോ ഭരണി ഉത്സവത്തിനും കൊടുങ്ങല്ലൂരെത്തുന്നത്!

  കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഇപ്പോഴത്തെ രാജാവ് ഗോദവര്‍മരാജയാണ് കാവ് തീണ്ടല്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

  പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഡച്ചുകാരെ തോല്‍പ്പിച്ച് ടിപ്പു സുല്‍ത്താന്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭൂവിഭാഗങ്ങള്‍ കൈക്കലാക്കി. [ഗുരുവായൂരിനടുത്തുള്ള ചേറ്റുവ മുതല്‍ കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം വരെ ദേശീയപാത 17നു സമാന്തരമായി കാനോലി കനാലിന്റെ പടിഞ്ഞാറ് വശത്ത്‌ കൂടെ ടിപ്പു സുല്‍ത്താന്‍ പടയോട്ടം നടത്തിയ 'ടിപ്പു സുല്‍ത്താന്‍ റോഡ്‌' കാണാം!]
  ടിപ്പു സുല്‍ത്താന്റെ മരണശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ കീഴിലായി ഈ ദേശം. സ്വതന്ത്രാധികാരങ്ങളോടെ കൊച്ചി രാജവംശത്തിന്റെ ഭാഗമായ 'പെരുമ്പടപ്പ്‌ സ്വരൂപ'ത്തിന്റെ കീഴിലായിരുന്നു കൊടുങ്ങല്ലൂര്‍, 1947ഇല്‍ സ്വാതന്ത്ര്യം കിട്ടുന്നത് വരെ.

  ഉച്ചക്ക് 2 മണിക്ക് ശേഷം കിഴക്കേ നടയില്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന നിലപാട് തറയില്‍ പല്ലക്കില്‍ രാജാവ് വന്നിറങ്ങുന്നു. ചുവന്ന പട്ടുകുട ഉയര്‍ത്തിയാണ് അദ്ദേഹം കാവ് തീണ്ടലിന് അനുമതി നല്‍കുന്നത്.


  ഭരണി ചിലങ്ക കെട്ടിയ താളത്തിന്റെയും ആസുരമായ ആവേഗത്തിന്റെയും ഉത്സവമാണ്.
  കോമരങ്ങളുടെ വന്യമായ അരമണി കിലുക്കവും ചിലങ്കയുടെ താളവും ഇപ്പോഴും കാതില്‍ മുഴങ്ങുന്നു..  ശക്തമായ ബ്രാഹ്മണ മേധാവിത്വം നിലനിന്നിരുന്ന ഒരു സമൂഹത്തിലെ കീഴാളരുടെ ഉയിര്‍ത്തെഴുല്‍പ്പിന്റെ വിപ്ലവസമരമാവാം ആദ്യത്തെ കാവുതീണ്ടല്‍..


  ഇന്ന് അശ്വതി കാവുതീണ്ടലിനു സാക്ഷിയായി ഈ കാവില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു വൈബ്രഷന്‍ അത് തന്നെയാണ്.
  കോമരങ്ങളുടെ വന്യമായ അലര്‍ച്ചകള്‍..
  പ്രതിഷേധ പ്രകടനങ്ങള്‍..
  നീണ്ട മുളവടികള്‍ ചെമ്പുതകിടുകള്‍ പാകിയ ചുറ്റുമതിലില്‍ ആഞ്ഞടിച്ചുണ്ടാകുന്ന ശബ്ദങ്ങളും കോമരങ്ങളുടെ അട്ടഹാസങ്ങളും..
  കോഴികളെ തലയറുത്ത് ചുറ്റുമതിലിനു മുകളിലൂടെ ക്ഷേത്രത്തിനകത്തേക്ക് എറിഞ്ഞു കൊണ്ടുള്ള കാവിന്റെ സമ്പൂര്‍ണ്ണ അശുദ്ധീകരണം..
  കാവുതീണ്ടല്‍ കീഴാളരുടെ ക്ഷേത്രം പിടിച്ചടക്കല്‍ ആയിരുന്നെന്നു കരുതാന്‍ ന്യായങ്ങള്‍ ഏറെയാണ്‌.

  ദാരികവധത്തിനു ശേഷം കലിയടങ്ങാത്ത കാളിക്ക് ചുറ്റും നിന്ന് ഭൂതഗണങ്ങള്‍ കാളീപ്രീതിക്ക് വേണ്ടി നടത്തിയ പാട്ടിനെയും നൃത്തത്തെയും അനുസ്മരിച്ചാണ് ഇവിടെ ഭരണിപ്പാട്ടും പള്ളിവാളും ചിലമ്പുമണിഞ്ഞുള്ള കോമരങ്ങളുടെ കാവ് തീണ്ടലുമെന്നു ഐതിഹ്യം!

  മതവും വിശ്വാസങ്ങളും അങ്ങനെയാണ്..
  ചോദ്യം ചെയ്യാനാവില്ല.
  അല്ലെങ്കില്‍ പാടില്ല.

  ഒരുവന്‍ ആര്‍ജ്ജിച്ച ചരിത്രബോധവും യുക്തിചിന്തയും ശാസ്ത്രജ്ഞാനവുമൊന്നും അവിടെ വിലപ്പോവില്ല.
  വേറൊരു വിധത്തില്‍ പറഞ്ഞാല്‍ വിശ്വാസങ്ങളെ വിശ്വാസങ്ങളായി തന്നെ കാണാനാണ് നമുക്കിഷ്ടം. ശാസ്ത്രബോധവും വിശ്വാസങ്ങളും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരരേഖകളായി സഞ്ചരിക്കുന്നു..

  ജയിക്കുന്നവന്‍ എഴുതുന്നതാണ് ചരിത്രം!
  ജനകീയജനാധിപത്യത്തില്‍ പോലും അങ്ങനെയാണ്.
  അപ്പോള്‍ പിന്നെ നൂറ്റാണ്ടുകള്‍ക്കു മുന്‍പത്തെ രാജഭരണകാലത്തെക്കുറിച്ച് പറയാനുണ്ടോ?!


  ക്യാമറ: പാനസോണിക് ലുമിക്സ് DMC-LZ2

  Popular Posts