മലയാളിയും "സ്വത്വകക്ഷിരാഷ്ട്രീയവും"

കാക്കര


.എം.എസ്സിനും വിജയൻ മാഷിനും ശേഷം പ്രത്യേയശാസ്ത്രസംവാദങ്ങൾ കുറ്റിയറ്റുപോകുമോയെന്ന ശങ്കയെ ശമിപ്പിച്ചുകൊണ്ടാണ്‌ സ്വത്വബോധം മലയാളമണ്ണിൽ കളം നിറഞ്ഞുകളിക്കുന്നത്‌. പി.കെ പോക്കർ, കെ.ഇ.എൻ, ടി.പി.രാജിവ്‌, എം.എ.ബേബി, പിണറായി തുടങ്ങി സകലരും സ്വത്വബോധത്തിന്റെയും സ്വത്വരാഷ്ട്രീയത്തിന്റേയും സത്തയെടുക്കുന്ന തിരക്കിലാണ്‌. ഓരോ ജനതയിലും ഏറിയും കുറഞ്ഞും സ്വത്വബോധം നിലനിൽക്കുന്നുണ്ടെന്ന സത്യം മാത്രം അവശേഷിക്കുന്നു. ഈ സ്വത്വബോധത്തിൽ നിന്നാണല്ലോ സ്വത്വരാഷ്ട്രീയം ഉടലെടുക്കുന്നത്‌? അതിവിടെ നിൽക്കട്ടെ... നമുക്ക്‌ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കാം...

രാഷ്ട്രീയപ്രബുദ്ധതയുടെ പര്യായമാണ്‌ കേരളം. നേതാക്കളുടെ വ്യക്തിപ്രഭാവത്തേക്കാൾ ജനാധിപത്യ-സോഷ്യലിസ്റ്റ്‌-മതേതര മൂല്യങ്ങളടങ്ങിയ രാഷ്ട്രീയചിന്തകൾക്ക്‌ തന്നെയാണ്‌ മലയാളനാട്ടിൽ മുൻതൂക്കം. കുറ്റിച്ചൂലുകളും പടിക്ക്‌ പുറത്ത്‌! ഇന്ത്യയിൽ പലയിടത്തും സാരിക്കും കള്ളിനും വോട്ട്‌ പിടിക്കാനുള്ള മാസ്മരിക ശക്തിയുണ്ടായിട്ടും കേരളത്തിൽ അത്തരം പരീക്ഷണം നടത്തുവാൻപോലും ആരും മുതിരാരില്ല. വെള്ളിത്തിരയിലെ ആരാധനപാത്രങ്ങൾ ഇതരസംസ്ഥാനങ്ങളിൽ രാഷ്ട്രീയം കയ്യടക്കുമ്പോഴും കേരളം വളരെ വിഭിന്നമായി നിൽക്കുന്നതിന്റെ പ്രധാനകാരണം നമ്മുടെ ഉയർന്ന രാഷ്ട്രീയബോധമാണ്‌. നമുക്കഭിമാനിക്കാം.

ഒരു ശരാശരി മലയാളിയുടെ ജീവിതത്തിൽ രാഷ്ട്രീയ ചർച്ച നടക്കാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ലായെന്ന്‌ നിസംശയം പറയാം... മരണവീടുകളിൽപോലും അൽപം മാറി നിന്ന്‌ രാഷ്ട്രീയം ചർച്ച ചെയ്യുന്ന മലയാളികൾ... നമ്മുടെ സിരകളിൽ ജാതി-മത-ഗോത്ര-വർഗ്ഗ-ഭാഷ സ്വത്വബോധം പറ്റിപിടിച്ചിരിക്കുന്നുണ്ടെങ്ങിലും രാഷ്ട്രീയബോധം തന്നെയല്ലേ നമ്മുടെ ചിന്താധാരയെ സ്വാധിനിക്കുന്നതിൽ മുഖ്യഘടകം. ഒരു മലയാളിക്ക്‌ മറ്റെല്ലാ സ്വത്വബോധവും രാഷ്ട്രീയബോധത്തിന്‌ താഴെയല്ലേ?

മത-സാംസ്കാരിക ചിഹ്നങ്ങൾ കേരളീയസമൂഹത്തിലും സ്വാധിനം ചെലുത്തുന്നൂണ്ടെന്നത്‌ സത്യമാണെങ്ങിലും രാഷ്ട്രീയബോധം വരച്ചിരിക്കുന്ന അതിർവ്വരമ്പുകൾ തെളിഞ്ഞ്‌കാണുന്നില്ലേ? ഈ രാഷ്ട്രീയബോധമല്ലേ മലയാളിയുടെ സ്വകാര്യജീവിതത്തിൽ ജാതി-മത പ്രസ്ഥാനങ്ങളുടെ വേരുകൾ ആഴ്‌ന്നിറങ്ങിയിട്ടും സ്വത്വരാഷ്ട്രീയം അപകടകരമായ വിധത്തിൽ കേരളത്തിൽ വളരാത്തത്‌? ഈ സംഘടനകൾ ഇപ്പോൾ അവകാശപ്പെടുന്ന വിലപേശൽ ശക്തിപോലും ഒരളവുവരെ രാഷ്ട്രീയനേതൃത്വത്തിന്റെ ശക്തികുറവാണ്‌ വെളിവാക്കുന്നത്‌.

നമ്മളിലെല്ലാവരിലുമുള്ള സ്വതബോധം അതിരുകടക്കുമ്പോൾ എങ്ങനെയാണ്‌ സമൂഹം വിഭജിക്കപ്പെടുന്നത്‌ അതേ ദിശയിൽ തന്നെയല്ലേ രാഷ്ട്രീയബോധം വഴിമാഴി കക്ഷിരാഷ്ട്രീയബോധം എന്ന നിലയിലേക്ക്‌ കൂപ്പുകുത്തുമ്പോൾ നമുക്കും സംഭവിക്കുന്നതും. ജാതി-മത-വംശീയ വർഗീയത ലോകമെങ്ങും ചോരയിലൂടെ കണക്കുകൾ തീർക്കുമ്പോൾ ചെറിയളവിലെങ്ങിലും കക്ഷിരാഷ്ട്രീയ കണക്കുകൾ കേരളത്തിലും എഴുതപ്പെടുന്നു. ജാതി-മത-ഗോത്ര ഗ്രാമങ്ങളെപറ്റി കേട്ടറിവ്‌ മാത്രമുള്ള മലയാളി എങ്ങനെയാണ്‌ പാർട്ടിഗ്രാമങ്ങളെ സൃഷ്ടിക്കുന്നത്‌?

ഇത്തരത്തിൽ എഴുതപ്പെടുന്ന ചരിത്രത്തേക്കാൽ വളരെ വലിയ ഒരു വിടവ്‌ കക്ഷിരാഷ്ട്രീയമായി കേരളത്തിൽ നിലനിൽക്കുന്നുണ്ട്‌ എന്നതാണ്‌ നമ്മുടെ രാഷ്ട്രീയ ബോധത്തിന്റെ പോരായ്മ... സമൂഹത്തിന്റെ ഏറ്റവും താഴെതട്ടിലുള്ള ആദിവാസികളുടെ ജീവമരണപോരാട്ടം മുതൽ കുത്തകമുതലാളികളുടെ കുതന്ത്രങ്ങളിൽ വരെ ബഹുഭൂരിപക്ഷം വരുന്ന മലയാളികൾ കക്ഷിരാഷ്ട്രീയം മാത്രം ലാക്കാക്കി അഭിപ്രായരൂപികരണം നടത്തി ചാവേറുകളെപോലെ പെരുമാറുന്നു. ഇന്നത്തെ ഇരയുടെ സ്ഥാനത്ത്‌ ഒരു നിമിക്ഷമിരുന്നാൽ മനസ്സിലാകുന്ന "വിശപ്പിന്റെ" കാഠിന്യംപോലും പാർട്ടിനിലപാടുകൾക്കനുസരിച്ച്‌ വളച്ചൊടിക്കുന്നത്‌ നമ്മുടെ രാഷ്ട്രീയബോധമാണോ അതോ രാഷ്ട്രീയ അടിമത്വമാണോ? എന്തും ഏതും കക്ഷിരാഷ്ട്രീയ കോണിലൂടെ മാത്രം കാണുന്ന മലയാളിതന്നെയല്ലേ മലയാളിയുടെ ശത്രു? മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിൽ സമൂഹത്തെ വിഭജിച്ച്‌ ഭരിക്കുന്നതുപോലെ അപകടകരമായ അവസ്ഥയാണ്‌ കേരളീയസമൂഹത്തിൽ നിലനിൽക്കുന്നത്‌!

ജാതി-മത-ഗോത്ര-വർഗ്ഗ-ഭാഷ ചിന്തകൾക്കുപരിയായി ഒരു പക്ഷെ കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമാണ്‌ "സ്വത്വകക്ഷിരാഷ്ട്രീയബോധം". രാഷ്ട്രീയമെന്നാൽ കക്ഷിരാഷ്ട്രീയം "മാത്രമാകുന്ന" പ്രതിഭാസത്തേയാണ്‌ കാക്കര സ്വത്വകക്ഷിരാഷ്ട്രീയബോധമെന്ന്‌ വിളിക്കുന്നത്‌. നമ്മുടെ ചിന്തകൾക്കും ആശയങ്ങൾക്കനുസരിച്ച്‌ ഏതെങ്ങിലും ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ അല്ലെങ്ങിൽ നയങ്ങളെ പിൻതുണക്കുന്ന രാഷ്ട്രീയബോധത്തെ ബഹുമാനിക്കുന്നു, പക്ഷെ സ്വന്തം പാർട്ടി പരസ്യമായി "വ്യഭിചരിച്ചാൽപോലും" അതിന്‌ ന്യായികരണങ്ങൾ തിരയുന്ന പാർട്ടി അണികളും അനുഭാവികളും സ്വത്വബോധവും കടന്ന്‌ സ്വത്വകക്ഷിരാഷ്ട്രീയക്കാരായിരിക്കുന്നു. ഇത്‌ എതിർക്കപ്പടേണ്ടതാണ്‌.

പണ്ട്‌ പത്രവായനയും രാഷ്ട്രീയചർച്ചയും നടന്നിരുന്ന ചായക്കടകളിൽ ഇന്ന്‌ "രാഷ്ട്രീയം ചർച്ച ചെയ്യരുത്‌" എന്ന്‌ എഴുതി വെയ്ക്കേണ്ട അവസ്ഥയിലേക്ക്‌ കക്ഷിരാഷ്ട്രീയം സങ്കുചിതമായിരിക്കുന്നു, പ്രതിപക്ഷബഹുമാനം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ചായക്കടകളിൽ വായിക്കേണ്ടിവരുന്ന ഈ ചുമരെഴുത്ത്‌ നമ്മെ പുനർവ്വിചിന്തനത്തിലേക്ക്‌ നയിക്കേണ്ടതാണ്‌. നിർഭാഗ്യവശാൽ മാറ്റത്തിന്റെ കാറ്റ്‌ വീശിയടിക്കേണ്ട നമ്മുടെ മാധ്യമങ്ങളൂം നമ്മെ കക്ഷിരാഷ്ട്രീയമായി മാത്രമേ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നുള്ളു.

മാധ്യമങ്ങളുടെ പക്ഷപാതിത്വത്തിനും വാർത്ത തമസ്കരണത്തിനുമെതിരെ പോസ്റ്റുകളും കമന്റുകളും പടച്ചുവിടുന്ന ബ്ലോഗ്ഗേർസ്സ്പോലും ഒരു പ്രതിമാധ്യമം എന്ന നിലയിൽ ബ്ലോഗിനെ ഉപയോഗിക്കാതെ സ്വത്വകക്ഷിരാഷ്ട്രീയക്കാരായി തരം താഴുന്നു... പേനയുന്തികളായി സമയത്തെ കൊല്ലുന്നു. നമുക്കെല്ലാവർക്കും രാഷ്ട്രീയവുമുണ്ട്‌, ഉണ്ടാകണം പക്ഷെ അതിരുവിടുന്ന കക്ഷിരാഷ്ട്രീയം നമ്മുടെ തന്നെ ശവക്കുഴി തോണ്ടുന്നു... ഇരകൾ പോലും സത്യം തിരിച്ചറിയുന്നുണ്ടോ? അതിനൊരു മാറ്റം കാക്കര ആഗ്രഹിക്കുന്നു...

വാൽകക്ഷണം...
സ്വത്വകക്ഷിരാഷ്ട്രീയംകൊണ്ട്‌ പൊറുതിമുട്ടിയ മലയാളിയെ സ്വത്വഗ്രൂപ്പ്‌രാഷ്ട്രീയം കൊല്ലാകൊല ചെയ്യുകയാണിപ്പോൾ!

13 Responses to "മലയാളിയും "സ്വത്വകക്ഷിരാഷ്ട്രീയവും""

 1. സ്വത്വകക്ഷിരാഷ്ട്രീയംകൊണ്ട്‌ പൊറുതിമുട്ടിയ മലയാളിയെ സ്വത്വഗ്രൂപ്പ്‌രാഷ്ട്രീയം കൊല്ലാകൊല ചെയ്യുകയാണിപ്പോൾ!

  ReplyDelete
 2. നമുക്കെല്ലാവർക്കും രാഷ്ട്രീയവുമുണ്ട്‌, ഉണ്ടാകണം പക്ഷെ അതിരുവിടുന്ന കക്ഷിരാഷ്ട്രീയം നമ്മുടെ തന്നെ ശവക്കുഴി തോണ്ടുന്നു...

  ഇത് മാത്രമെ എനിക്കും പറയാനുള്ളൂ.

  ReplyDelete
 3. സ്വന്തം പാർട്ടി പരസ്യമായി "വ്യഭിചരിച്ചാൽപോലും" അതിന്‌ ന്യായികരണങ്ങൾ തിരയുന്ന പാർട്ടി അണികള്‍

  പത്രങ്ങളുടെ ചരമ, കായിക പേജുകള്‍ മാത്രം വായിക്കുകയും എന്നാല്‍ ഘോര-ഘോരം കഴമ്പില്ലാത്ത വിമര്‍ശനങ്ങള്‍ എഴുന്നള്ളിക്കുകയും ചെയ്യുന്ന അരാഷ്ട്രീയവാദികള്‍

  ഈ രണ്ടു ധ്രുവങ്ങളുടെയും മധ്യരേഖയില്‍ ആവണം പ്രബുദ്ധ കേരളത്തിലെ ശരാശരി മലയാളി.

  ReplyDelete
 4. ലേഖനം പ്രസ്സിദ്ധിപ്പെടുത്തിയ “നമ്മുടെ ബൂലോകത്തിന്‌” നന്ദി...

  പേരുരാൻ... പട്ടേപാടം റാംജി... ഉമേഷ്... അഭിപ്രായങ്ങൾക്ക്‌ നന്ദി...

  ഷാ... താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നതോടൊപ്പം അരാഷ്ട്രീയക്കാരെ സ്രിഷ്ടിക്കുന്നതിൽ കക്ഷിരാഷ്ട്രീയകാർക്കും മാധ്യമങ്ങൾക്കുമുള്ള പങ്കും കാണേണ്ടതാണ്‌... രാഷ്ട്രീയ വാർത്തകളായി മുൻപേജിൽ ഇടം പിടിക്കുന്നതിൽ മുഖ്യപങ്കും കക്ഷിരാഷ്ട്രീയവും ഗ്രൂപ്പ്‌ രാഷ്ട്രിയവുമാണ്‌, കൂടെ കുറെ അടിച്ചുതകർക്കലുകളും...

  ----

  സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾപോലും കക്ഷിരാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്നില്ല അല്ലെങ്ങിൽ അപ്പകക്ഷണങ്ങൾ അയവിറക്കി പാർട്ടിദൈവങ്ങളെ പ്രീതിപ്പെടുത്തുന്നു.

  ഒരു മതവിശ്വാസിയുടെ ജനനം മുതൽ മരണംവരെ മതങ്ങൾ ഇടപെടുന്നു... ഇതിനോട്‌ തുല്യമായ രീതിയിൽതന്നെയാണ്‌ മലയാളിയുടെ ജീവിതത്തിൽ രാഷ്ട്രീയം ഇടപെടുന്നത്‌... പോലീസ്‌സ്റ്റേഷനിൽ പോകുമ്പോൾപോലും രാഷ്ട്രീയക്കാരനെ കൂടെ കൊണ്ടുപോകേണ്ട അവസ്ഥ!!!

  ReplyDelete
 5. Politics is an inevitable part of modern men's life!!!

  ReplyDelete
 6. നമുക്ക് വേണ്ട്യല്ലാതെ,രാജ്യത്തിനു വേണ്ട്യല്ലാതെ പാർട്ടികൾക്കുവേണ്ടി,മതത്തിനുവേണ്ടി അതിരുകവിഞ്ഞ് രാഷ്ട്രീയം പ്രവർത്തനത്തിലും ,മതപ്രവർത്തനത്തിലും ഇടപെടുന്നത് തന്നെയാണ് നമ്മുടെ ഇപ്പോഴുള്ള ഏറ്റവും വലിയ ഡ്രോബാക്സ്...

  ReplyDelete
 7. സ്വത്വവാദികൾ ഉന്നം വെക്കുന്നത് തീർച്ചയായും ജനതയെ ജാതീയ സ്വത്വങ്ങളായുള്ള വിഭജനം തന്നെ ആയിരിക്കണം. ഒരുവനെ താൻ ഇന്നസമുദായത്തിൽ പെടുന്നു എന്ന സ്വത്വബോധം സദാ നിലനിർത്തുവാൻ ഉള്ള
  ശ്രമങ്ങൾ ജാതിനേതൃത്വം ഏറ്റെടുക്കുമല്ലോ? ഇവിടെ ചില പക്ഷപാത നിലപാടെടുക്കുന്ന ബുജികളുടെ/സാംസ്കാരികപ്രവർത്തകരുടെ അജണ്ട തിരിച്ചറിയാതെ വയ്യ. വർഗ്ഗബോധത്തിനു പകരം വർഗ്ഗീയബോധം ഉണർത്തുന്ന ചിന്തകൾ അപകടകരം ആണ്. ജാതീയമായുള്ള സ്വത്വ വിവേചനത്തിലൂടെ അത്യന്തികമായി വർഗ്ഗീയതയും അസ്വസ്ഥതകളും ആണ് സൃഷ്ടിക്കപ്പെടുക. ഗുജറാത്ത് സംഭവങ്ങളെ തുടർന്ന് ഇരവാദികൾ ദാ ന്യൂനപക്ഷങൾ ആകെ അപകടത്തിലാണെന്ന് കേരളത്തിൽ കുപ്രചരണം നടത്തി. കേരളത്തിൽ ഏതുന്യൂനപക്ഷത്തിനാണ് ആക്രമണം നേരിടേണ്ടി വന്നത്? കേരളത്തിൽ ഗുജറാത്തിലേയോ ഒറീസ്സയിലെയൊ പോലെ ഒരു അന്തരീക്ഷമല്ല. ഇത് കുപ്രചരണം നടത്തുന്നവർക്കും അവരുടെ “മാധ്യമങ്ങൾക്കും” അറിയാഞ്ഞിട്ടല്ല. ഇത്തരക്കാർ കൂടെ നൽകുന്ന ഊർജ്ജത്തിൽ നിന്നും ആണ് സ്വത്വബോധം ഉണർന്ന് യുവാക്കൾ തീവ്രവാദത്തിലേക്ക് വഴിതിരിയുന്നതെന്ന് ഭയപ്പെടാതിർക്കുവാൻ ന്യായങ്ങൾ ഇല്ല.

  സാംസ്കാരിക കൂട്ടിക്കൊടുപ്പുകാർ പലതും പറയും,അത്തരം കുബുദ്ധിജീവികളെ നാം തള്ളിക്കളയുകതന്നെ വെണം. വർഗ്ഗീയ സ്വത്വബോധം മാത്രം കൈമുതലായുള്ള അന്യസമുദായക്കാരെ ശത്രുവായി കാണുന്ന സങ്കുചിത ബോധം ഉള്ള ഒരുതലമുറയല്ല നമുക്ക് ആവശ്യം.

  ReplyDelete
 8. പാവം - ഞാൻ... നമ്മുടെ ജീവിതത്തിൽ രാഷ്ട്രീയം ഒഴിച്ചുകുടാനാവാത്തതാണ്‌ പക്ഷെ കേരളത്തിൽ കക്ഷിരാഷ്ട്രീയം എല്ലാ പരിധിയും ലംഘിച്ച്‌ മുന്നേറുന്നു. ഇതാണ്‌ ഇവിടെ വിമർശനവിധേയം...

  ബിലാത്തിപട്ടണം... രാഷ്ട്രീയം രാഷ്ട്രത്തിന്‌വേണ്ടിയാണ്‌ നമ്മുടെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമാണ്‌... രാഷ്ട്രീയബോധമില്ലാത്ത കക്ഷിരാഷ്ട്രീയക്കാർ രാഷ്ട്രീയബോധവും ജാനാധിപത്യബോധവുമുള്ളവരെ അരാഷ്ട്രീയക്കാർ എന്ന്‌ ചാപ്പ കുത്തുന്നതാണ്‌ ഏറെ രസകരം...

  പാർപ്പിടം... സ്വത്വബോധത്തിന്റെയും ഇരവാദത്തിന്റെയും കാര്യത്തിൽ താങ്ങൾ പറഞ്ഞതിനോട്‌ യോജിക്കുന്നു. താങ്ങൾ പറയാതെപോയത് “മനുഷ്യവർഗ്ഗ” ബോധത്തേക്കാൽ കേരളത്തിൽ നടമാടുന്നത്‌ സ്വത്വകക്ഷിരാഷ്ട്രീയമാണ്‌... സ്ത്രീയുടെ മാനം പോലും പാർട്ടിയുടെ ലാഭത്തിന്‌ വേണ്ടി ചവിട്ടിമെതിക്കുന്നു...

  ReplyDelete
 9. സ്വത രാഷ്ട്രീയമൊന്നും ഇവിടെയില്ല. ഇപ്പൊ സ്വത്തു രാഷ്ട്രീയമാണ് നടക്കുന്നത്. പിന്നെ എന്തെങ്കിലും അധര വ്യായാമം വേണ്ടേ.

  ReplyDelete
 10. എന്ന് നമ്മള്‍ ഓരോരുത്തര്‍ ക്കും രാഷ്ട്രീയം വിട്ടു രാഷ്ട്ര ബോധം ഉണ്ടാകുന്നോ , അന്ന് നമ്മുടെ നാട് രക്ഷപെടും.
  നമ്മുടെ ഭാഗ്യം കൊണ്ടോ , നിര്‍ ഭാഗ്യം കൊണ്ടോ ഹിന്ദു /മുസ്ലിം/ ക്രിസ്ത്യന്‍/ .../.../...എന്നൊക്കെ ആരോക്കയോ നമ്മളെ വിളിക്കാന്‍ പടിപിച്ചു, പക്ഷെ നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ്.
  """ഓര്‍ക്കുക വല്ലപ്പോഴും"""

  ഇതിനെല്ലാം അപ്പുറം നമ്മളെല്ലാവരും മനുഷ്യരാണ് .......

  ReplyDelete
 11. >>പണ്ട്‌ പത്രവായനയും രാഷ്ട്രീയചർച്ചയും നടന്നിരുന്ന ചായക്കടകളിൽ ഇന്ന്‌ "രാഷ്ട്രീയം ചർച്ച ചെയ്യരുത്‌" എന്ന്‌ എഴുതി വെയ്ക്കേണ്ട അവസ്ഥയിലേക്ക്‌ കക്ഷിരാഷ്ട്രീയം സങ്കുചിതമായിരിക്കുന്നു<<

  സത്യം :
  വിചിന്തനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു

  ReplyDelete
 12. അക്ബർ... നമ്മുടെ നാട്ടിൽ രാഷ്ട്രീയം തന്നെയില്ല... ആകെയുള്ളത്‌ കക്ഷിരാഷ്ട്രീയവും താങ്ങൾ പറഞ്ഞതുപോലെ സ്വത്ത്‌രാഷ്ട്രീയവും...

  നെൽസൺ... രാഷ്ട്രീയമല്ല ഉപേക്ഷിക്കേണ്ടത് “സ്വത്വകക്ഷിരാഷ്ട്രിയമാണ്‌”. രാഷ്ട്രീയമെന്നാൽ രാഷ്ട്രബോധം തന്നെയാണ്‌, രാഷ്ട്രീയമുള്ളവർക്ക്‌ എല്ലാവരും ഇന്ത്യക്കാർ ആണെന്ന ബോധവുമുണ്ടാകും...

  ബഷീർ... താങ്ങൾ പറഞ്ഞതുപോലെ വിചിന്തനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു... പക്ഷെ ആ ചുമരെഴുത്തും മലയാളി വായിക്കുന്നില്ല...

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts