

മുല്ലപ്പെരിയാര്‍ കരാര്‍ : നമുക്ക് പിഴച്ചതെവിടെ ?

റ്റിജോ ജോര്‍ജ്
39 വര്‍ഷം മുമ്പ് നമ്മുടെ ഭരണാധികാരികള്‍ കാട്ടിയ രാഷ്ട്രീയ മണ്ടത്തരത്തിന്റെ വിലയാണിന്ന് നാം കൊടുത്തു കൊണ്ടിരിക്കുന്നത്. വിവേകമില്ലായ്മയും ബുദ്ധിശൂന്യതയും ഒത്തുചേര്‍ന്ന ആ വിവരക്കേടിന്റെ ഫലമായി നഷ്ടപ്പെട്ടത് ഒരു ജനതയുടെ മനസമാധാനമാണ്. ദാഹിച്ചവന് കരിക്ക് വെട്ടിക്കൊടുത്ത സന്മനസിനെ, കരിക്കിന്‍വെള്ളം കുടിച്ച ശേഷം തൊണ്ടുകൊണ്ട് എറിയുന്ന തരത്തിലുള്ള നന്ദികേടിന് പാത്രമായിരിക്കുന്നു നമ്മള്. കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയെന്ന് ചിലര്‍ വിശേഷിപ്പിക്കുന്ന സി. അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ രാഷ്ട്രീയാബദ്ധം നമുക്ക് പിണഞ്ഞതെന്ന് ഓര്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നു. സ്വതന്ത്രഭാരതത്തില്‍ റദ്ദാക്കപ്പെട്ട് പോയ ഒരു പഴങ്കരാറിന് 1970 മേയ് 29-ന് പുതുജീവന്‍ നല്‍കുകയാണ് അദ്ദേഹം ചെയ്തത്. മുന്‍ നോട്ടമില്ലാതെ തീര്‍ത്തും ലാഘവബുദ്ധിയോടെയുള്ള കേരളത്തിന്റെ ഒപ്പുവയ്ക്കലിലൂടെ തമിഴ്നാട് സമ്പാദിച്ചത് ഇരട്ടനേട്ടമാണ്.
ഒരല്പം കൂടി പിന്നോട്ട് സഞ്ചരിച്ചാല്‍ ഈ കരാറിന്റെ തുടക്കത്തിലെത്താം. സഹിക്കാനാകാത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ രാമവര്‍മ്മ മനസില്ലാ മനസോടെയാണ് മുല്ലപ്പെരിയാര്‍ ഡാം കരാറിന് അനുമതി നല്‍കിയത്. കരാറിന്റെ നേട്ടം തിരിച്ചറിഞ്ഞ മദ്രാസ് പ്രസിഡന്‍സി ഭരണാധികാരികള്‍ മഹാരാജാവിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയിട്ട് 24 വര്‍ഷമായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ തന്റെ ജനതയുടെ നന്മയെക്കരുതി വഴങ്ങാതെ പിടിച്ചു നിന്ന മഹാരാജാവിന് ഒടുവില്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ നയപരമായ ബലപ്രയോഗത്തെത്തുടര്‍ന്ന് വഴങ്ങേണ്ടി വന്നു. വിറയാര്‍ന്ന കൈകളോടെ ഒപ്പിടുമ്പോള്‍ മഹാരാജാവ് ഇങ്ങിനെ പറഞ്ഞത്രേ -"എന്റെ ഹൃദയരക്തം കൊണ്ടാണ് ഞാനീ കരാറിന് അനുമതി നല്‍കുന്നത്". ഈ കരാര്‍ എത്രമാത്രം തന്റെ പ്രജകളെ ദോഷകരമായി ബാധിക്കുമെന്ന് രാജാവിനറിയാമായിരുന്നെന്ന് വ്യക്തം.
1886 ഒക്ടോബര്‍ 29-ന് തിരുവിതാംകൂറിന് വേണ്ടി വി. രാമസ്വാമി അയ്യങ്കാരും മദ്രാസിന് വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ഹാനിംഗ്ടണുമാണ് കരാര്‍ നടപടികളില്‍ പ്രതിനിധികളായത്. പെരിയാറിന്റെ ഏറ്റവും ആഴം കൂടിയ അടിത്തട്ടില്‍ നിന്ന് 155 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളില്‍ വരെ ഉയരുന്ന വെള്ളം ഉപയോഗപ്പെടുത്താമെന്നായിരുന്നു കരാര്‍. ഈ വെള്ളം പ്രയോജനപ്പെടുത്താനുള്ള അണക്കെട്ട് നിര്‍മിക്കാന്‍ മദ്രാസ് ഗവണ്മെന്റിനെയാണ് ചുമതലപ്പെടുത്തിയത്. 155 അടി ഉയരത്തില്‍ സിഥിതി ചെയ്യുന്ന 8000 ഏക്കര്‍ സ്ഥലവും നിര്‍മ്മാണത്തിനായി 100 ഏക്കറുമാണ് പാട്ടമായി നല്‍കിയിരിക്കുന്നത്. 999 വര്‍ഷത്തിന് ശേഷം മദ്രാസ് സര്‍ക്കാര്‍ ആഗ്രഹിച്ചാല്‍ കരാര്‍ വീണ്ടും പുതുക്കേണ്ടി വരും. പാട്ടത്തുകയായി ഏക്കറിന് അഞ്ച് രൂപ നിരക്കില്‍ വര്‍ഷം 40,000 രൂപ തിരുവിതാംകൂറിന് ലഭിക്കും. മധുര, രാമനാഥപുരം ജില്ലകളിലെ ജലസേചനത്തിനായി ഈ വെള്ളം ഉപയോഗിക്കാമെന്നും കരാറില്‍ പറയുന്നു. മുല്ലയാറും പെരിയാറും ഒഴുകി തടഞ്ഞ് നിര്‍ത്തപ്പെടുന്ന മുല്ലപ്പെരിയാര്‍ ഡാം യാഥാര്‍ഥ്യമായത് 1896 ഫെബ്രുവരിയിലാണ്. നിര്‍മാണം തുടങ്ങിയത് 1887 സെപ്റ്റംബറിലും.
നാട്ടുരാജാക്കന്മാരും ഭരണാധികാരികളുമായുണ്ടാക്കിയ കരാറുകളെല്ലാം സ്വാതന്ത്ര്യലബ്ദിയോടെ അസാധുവായിരുന്നു. അങ്ങിനെ റദ്ദാക്കപ്പെട്ട പാട്ടക്കരാറാണ് 1970-ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന് പുതുജീവന്‍ നല്കി കൂടുതല്‍ കുടുക്കുകളും കെണികളും ഉള്‍പ്പെടുത്തി അംഗീകരിച്ചത്. ഈ പുതിയ കരാര്‍ സംബന്ധിച്ച വാര്‍ത്ത 1970 മേയ് 31-ലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ കരാര്‍ വഴിയുണ്ടാകുന്ന നേട്ടങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ച മുഖ്യമന്ത്രിയുടെ വാക്കുകള്‍ അന്നത്തെ 'ദീപിക'യിലുണ്ട്. ആ വാക്കുകള്‍ ശ്രദ്ധിക്കുക.
"ഈ പ്രോജക്ട് ഇന്റര്‍സ്റ്റേറ്റ് പ്രോജക്ടായതു കൊണ്ട് കേരളവും തമിഴ്നാടും ചേര്‍ന്ന് ഒരു ഇന്റര്‍സ്റ്റേറ്റ് റിവര്ബോര്ഡും രൂപീകരിക്കും. ബോര്‍ഡിന്റെ ചെയര്മാന് സ്ഥാനം കേരളവും തമിഴ്നാടും തവണ വച്ച് വഹിക്കും. 1970 ജൂണ്‍ ഒന്നിന് നിലവില്‍ വരുന്ന ബോര്‍ഡിന്റെ ആദ്യ ചെയര്മാന് കേരള ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ആയിരിക്കും" കരാര്‍ അനുസരിച്ച് കേരളത്തിന് ലഭിക്കുന്ന മറ്റൊരു ആനുകൂല്യവുമുണ്ട്. പെരിയാര്‍ നദീജലക്കരാര്‍ 999 വര്‍ഷത്തേക്കാണ് ആദ്യം ഉണ്ടാക്കിയത്. അത് അഞ്ച് കൊല്ലത്തിലൊരിക്കല് പുതുക്കണമെന്ന് ബോര്‍ഡ് തീരുമാനിച്ചു. ഇപ്പോള്‍ ഏക്കറിന് അഞ്ച് രൂപ എന്നുള്ള ലീസ് 30 രൂപയാക്കി വര്‍ധിപ്പിച്ചു. അതുപോലെ പെരിയാര്‍ നദീതടത്തില്‍ മത്സ്യബന്ധനത്തിനുള്ള അവകാശം കേരളത്തിന് ലഭിച്ചു".
999 വര്‍ഷമെന്ന കേട്ടുകേള്‍വി പോലുമില്ലാത്ത കരാര്‍കാലാവധിക്ക് ചിരപ്രതിഷ്ഠ നേടിക്കൊടുത്തെങ്കിലും അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ഇത് പുതുക്കപ്പെടണമെന്നല്ലേ മേല്‍സൂചിപ്പിച്ച പഴയ പ്രസ്താവന അര്‍ഥമാക്കുന്നത്? ഇക്കാര്യമെന്തേ ആരും ഇപ്പോള്‍ ശ്രദ്ധിക്കാത്തത്? പാട്ടക്കരാറുകളുടെ പരമാവധിയായ 99 വര്‍ഷം എന്നതിന് പിന്നില്‍ ഒരു ഒമ്പത് കൂടി ചേര്‍ത്ത് അത് 999 ആക്കിയതാരാണ്. അറിയില്ല. എന്നാല്‍ ഇതിന്റെ പേരില്‍ മനഃസമാധാനവും സ്വസ്ഥതയും നഷ്ടപ്പെട്ടിരിക്കുന്നത് നിഷ്കളങ്കരായ ഒരു ജനതയ്ക്കാണ്. 999 എന്ന കുബുദ്ധിസംഖ്യയ്ക്ക് ഒരിടത്തും നിയമപരിരക്ഷ ലഭിക്കില്ല എന്നത് മറക്കുന്നില്ല.
ലോകത്ത് ഇന്ന് നിലവിലുള്ള ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ ഡാം. നിര്‍മ്മാണ കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് എന്ന ബഹുമതിയും ഇതിനുണ്ടായിരുന്നത്രേ. ചുണ്ണാമ്പും സൂര്ക്കിയും ഉപയോഗിച്ച് നിര്‍മ്മിച്ച അണക്കെട്ടുകളില്‍ ലോകത്ത് നിലവിലുള്ള ഏക അണക്കെട്ടും ഇതു തന്നെ. ഇന്ന് ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് ഏതെന്ന് ചോദിച്ചാലും ഉത്തരം മുല്ലപ്പെരിയാര്‍ എന്നുതന്നെ. എന്നാല്‍ ഇവയൊക്കെ കേള്‍ക്കുമ്പോള്‍ അഭിമാനത്തേക്കാളുപരി ആശങ്കയുടെ നെഞ്ചിടിപ്പാണ് മലയാളിയില്‍ നിന്നുയരുന്നത്. 1902-ല്‍ നടത്തിയ പരിശോധനയില്‍ ഡാമിന്റെ പ്രധാന നിര്‍മ്മാണവസ്തുവായ ചുണ്ണാമ്പ് വര്‍ഷം 30.48 ടണ്‍ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും, ഇപ്പോഴത് അതിന്റെ പതിന്മടങ്ങായിരിക്കുമെന്നും കണക്കാക്കുന്നു.
ആശങ്കകള്‍ ദൂരീകരിക്കപ്പെടണമെങ്കില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടണം. അത് കളിയോ പിടിവാശിയോ അല്ല. ഒരു ജനതയെ കുത്തിയൊഴുകുന്ന ദുരന്തത്തിലേക്ക് തള്ളിവിടാതിരിക്കാനാണത്. അതിര്‍ത്തികളില്‍ നിന്ന് കൈയടിയ്ക്ക് വേണ്ടി ചന്ദ്രഹാസം മുഴക്കുന്ന വൈക്കോമാര്‍ ഇത് തിരിച്ചറിയട്ടെ.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ചിത്രം പാച്ചുവിന്റെ ബ്ലോഗില്‍ നിന്ന്.

ചെറായിയില്‍ അന്നൊരുനാള്‍.......

നരകത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍

ബിജുകുമാര്‍ ആലക്കോട്.

എനിയ്ക്കറിയാം, അത് ഇസ്മായിലിക്ക ആണ്. മലപ്പുറത്തെ ഒരു കുഗ്രാമത്തില്‍ നിന്നും, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ആണ്ടുപോയ സ്വന്തം കുടുംബത്തെ കരകേറ്റാനായി, പൊന്നു കായ്ക്കുന്ന അറബിനാട്ടില്‍ ഭാഗ്യം തേടി വന്ന നിര്ഭാഗ്യവാന് . ജോലിയ്ക്ക് ശേഷം എന്നും അദ്ദേഹം എന്റെ റൂമില്‍ വരും പത്രം വായിയ്ക്കാനും ടി.വി. കാണാനും. ഏകദേശം നാല്പത്തഞ്ച് വയസ്സ് പ്രായം. മലപ്പുറത്ത് പല പള്ളികളിലും മദ്രസ്സാധ്യാപകനായിരുന്നു. എന്നാല്‍ തുച്ഛമായ ആ വരുമാനം കൊണ്ട് കുടുംബത്തെ കരകയറ്റാനാവില്ല എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടപ്പോള്‍ സൌദിയിലേയ്ക്കുള്ള ഒരു വിസ സംഘടിപ്പിച്ചു. ഒരു ലക്ഷത്തി പതിനയ്യായിരം രുപയാണ് ഏജന്‍സി മേടിച്ചത്. തൊള്ളായിരം റിയാല്‍ ശമ്പളം. ഓവര്‍ടൈം. ഇക്കാമ ഫ്രീ, രണ്ടു വര്‍ഷത്തില്‍ ടിക്കറ്റ്. ഇതായിരുന്നു വാഗ്ദാനം. ഇവിടെ ആ മനുഷ്യന് ലഭിച്ചത് എഴുനൂറ് റിയാല്‍ ശമ്പളം മാത്രം. ബാക്കിയെല്ലാം ജലരേഖ .
വെളുപ്പിനെ അഞ്ചുമണിയ്ക്കാരംഭിയ്ക്കുന്ന ജോലി അവസാനിയ്ക്കുന്നത് ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്ക്. രാവിലെ ഒന്‍പതു മണിയ്ക്ക് പ്രാതല്‍ കഴിയ്ക്കാന്‍ കിട്ടുന്ന പതിനഞ്ചു മിനിട്ടാണ് ഇടവേള. കൊടും ചൂടും കൊടും തണുപ്പും പൊടിക്കാറ്റും ഒന്നും നിത്യജോലിയ്ക്ക് ബാധകമല്ല. ഇപ്പോള്‍ ആറു വര്‍ഷത്തിലധികമായി അവിടെ ജോലി ചെയ്യുന്നു. ഇതേ വരെ നാട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല! ഇളയകുട്ടിയ്ക്ക് ബുദ്ധിമാന്ദ്യമുണ്ട്. അതിനെക്കുറിച്ചോര്‍ത്ത് ആ മനുഷ്യന് ഇടയ്ക്കിടെ കണ്ണീര് വാര്‍ക്കും. ഇപ്പറഞ്ഞ ഇസ്മായിലിക്ക ലക്ഷക്കണക്കിന് ക്ലീനിങ്ങ് ലേബര്‍മാരില്‍ ഒരാള്‍ മാത്രമാണ്. ഗള്‍ഫില്‍ ജീവിതം ഹോമിയ്ക്കുന്ന “പ്രവാസി”യുടെ നേര് പരിച്ഛേദം.ഞാനിപ്പോള്‍ ഇതോര്മ്മിയ്ക്കാന് കാരണം ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ പ്രമുഖ റിക്രൂട്ടിങ്ങ് ഏജന്‍സിയുടെ വെബ്സൈറ്റില്‍ വന്ന തൊഴില്‍ പരസ്യമാണ്. അത് ഞാനിവിടെ കൊടുക്കുന്നു.
ക്ലീനിങ്ങ് ലേബറിന് നിശ്ചയിച്ചിരിയ്ക്കുന്ന ശമ്പളം “അറുനൂറ്“ റിയാലാണ്!!! തൊഴില്‍ സ്വഭാവം. ഏതു ക്ലീനിങ്ങ് ജോലിയും ചെയ്യാന്‍ തയ്യാറായിരിയ്ക്കണം!!
ഈ പച്ചയായ അനീതിയെ, അടിമക്കച്ചവടത്തെ ഞാനൊന്നു വിശകലനം ചെയ്യട്ടെ.
ഈ “വിസ”യ്ക്ക് ഏറ്റവും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ഏജന്‍സി ഈടാക്കും. മിക്കവാറും വീടോ കെട്ടുതാലിയോ പണയം വച്ച് അല്ലെങ്കില്‍ കടം വാങ്ങി ആകും ഈ തുക സംഘടിപ്പിയ്ക്കുക.
ഈ നിര്ഭാഗ്യവാന് കിട്ടുന്ന ശമ്പളം = അറുനൂറ് റിയാല്‍ (600)
ഭക്ഷണചിലവ് = ചുരുങ്ങിയത് ഇരുനൂറ് റിയാല്‍ (200)
മറ്റു ചില്ലറ ചിലവുകള്‍ + ടെലിഫോണ്‍ = നൂറ് റിയാല്‍ (100)- (പരമാവധി ചുരുക്കി ചെയ്താല്‍ . പുകവലിയോ മറ്റോ ഉണ്ടെങ്കില്‍ വീണ്ടും 100 കൂടി ചിലവാകും)
ഇക്കാമ ഫീസ് = 700 റിയാല്‍ / 12 മാസം = 58 റിയാല്‍ .(അപൂര്‍വം ചില കമ്പനികള്‍ ഇക്കാമ എടുത്തു കൊടുക്കും)
ആകെ ചിലവ് = 358/-
ബാക്കി = 242 റിയാല്‍ ! അതായത് 242 X 12.25 = 2,965 രൂപാ!!!!
ചുരുക്കം ചില കമ്പനികള്‍ ഓവര്‍ ടൈം കൊടുക്കുകയോ മറ്റോ ചെയ്താല്‍ തന്നെ ബാക്കി വരുന്നത് കൂടിയാല്‍ 500 റിയാലായിരിയ്ക്കും. അതായത് 6,125 രൂപ.
ഈ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ആനുകൂല്യം ഇല്ല. ഇന്‍ഷുറന്‍സ് ഇല്ല. അസുഖമോ അപകടമോ സംഭവിച്ചാല്‍ ആയുസിന്റെ ബലം പോലെയാകും ബാക്കി കാര്യം. നാട്ടില്‍ വിസയ്ക്കു മുടക്കിയ തുകയുടെ ബാങ്കു പലിശ (12%) മാത്രം പ്രതിമാസം ആയിരം രൂപ മിച്ചമാകും. കുടുംബത്തിന്റെ ചിലവുകള്‍ കഴിഞ്ഞാല്‍ എന്തായിരിയ്ക്കും ബാക്കിയുണ്ടാവുക? ചുരുക്കത്തില്‍ ആ മനുഷ്യന് ഒരിയ്ക്കലും തീരാത്ത കടക്കാരനായി മാറുന്നു.
ഇനി ഇതേ ആള് നാട്ടില്‍ പണിയെടുത്താലോ?
ഇന്ന് തൊഴിലാളിയുടെ ശരാശരി കൂലി “ ഭക്ഷണം + 300-350“ രൂപയാണ്. ജോലി സമയമോ 9.00 AM -5.00 PM വരെ മാത്രം. മാസത്തില്‍ 25 ദിവസം പണിയെടുക്കുന്ന തൊഴിലാളിയ്ക്ക് 8,750 രൂപയാണ് വരുമാനം. കൂടാതെ നാട്ടില്‍ സ്വന്തം കുടുംബത്തോടൊത്തു താമസിയ്ക്കാം.
ഗള്‍ഫിലെ ലേബര്‍ ക്യാമ്പുകള്‍ നിങ്ങള്‍ ജീവിതത്തിലൊരിയ്ക്കലെങ്കിലും കാണണം. കുതിരലായങ്ങള്‍ പോലെ അടുത്തടുത്ത റൂമുകള്‍ . അതിനുള്ളില്‍ രണ്ടും മൂന്നും അടുക്കായി എട്ടൊ പത്തോ മനുഷ്യ ജീവികള്‍. മര്യാദയ്ക്ക് രണ്ടു പേര്‍ക്ക് താമസിയ്ക്കാവുന്ന റൂമിന്റെ അവസ്ഥയാണിത്. എ.സി.യുണ്ടാവില്ല, മിക്കവാറും വാട്ടര്‍ കൂളറാവും വച്ചിരിയ്ക്കുക. ഇത്രയും മനുഷ്യരുടെ ഉച്ഛ്വാസവായുവും വസ്ത്രങ്ങളുടെ ദുര്‍ഗന്ധവുമെല്ലാം ചേര്‍ന്ന് മനംപിരട്ടലുണ്ടാക്കുന്ന അന്തരീക്ഷമാവും അതിനുള്ളിലുണ്ടാവുക. പല നാട്ടില്‍ നിന്നും വന്ന പല സംസ്കാരമുള്ള മനുഷ്യര്‍ . തടവറയിലെ കൂട്ടിലടച്ച കുറ്റവാളികളെ പോലെ ആ മനുഷ്യര്‍ അതില്‍ അന്തിയുറങ്ങും. കുടിയ്ക്കാനോ കുളിയ്ക്കാനോ ആവശ്യത്തിനു നല്ല വെള്ളമുണ്ടാവില്ല. പുറത്ത് ആവശ്യത്തിന് ടോയിലറ്റുണ്ടാവില്ല. ഉള്ളവ തന്നെ വൃത്തി ഹീനമായിരിയ്ക്കും. വെളുപ്പിന് ഏറെ നേരം മുന്‍പേ ക്യൂ നില്‍ക്കണം പ്രാഥമിക കൃത്യം എന്തെങ്കിലും നടത്തണമെങ്കില്‍ ..

ഇതിനെല്ലാം പുറമേയാണ് ഫോര്മാന്മാരുടെ പീഡനം. വണ്ടിക്കാളകളേക്കാള് മോശമായവയോടെന്നവണ്ണമാകും പെരുമാറ്റം. മനുഷ്യ ജീവി എന്ന യാതൊരു പരിഗണനയും ലഭിച്ചെന്നു വരില്ല. കൈയിലിരുന്ന കാശും കൊടുത്ത് അന്യ നാട്ടില്‍ വന്ന്, ഏതോ രാജ്യത്തു നിന്നും വന്നവന്റെ കീഴില്‍ ആട്ടും തുപ്പും കേട്ട് അടിമകളെപ്പോലെ പണിയെടുക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ ഒന്നാലോചിയ്ക്കൂ. ഇത്രയൊക്കെ ആയാലും കൃത്യമായി ശമ്പളം നല്കുന്ന കമ്പനികളും കുറവ്.
ഇതൊരു വശം. മറുവശത്ത് ഇവരുടെ നാട്ടിലുള്ള കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഒരാള്‍ ഗള്ഫുകാരന് എന്ന ലേബല്‍ സമ്പാദിയ്ക്കുന്നതോടെ കുടുംബത്തിന്റെ മൊത്തം ഭാരവും അവന്റെ തലയിലേയ്ക്ക് ഏറ്റപ്പെടുന്നു. കൂടാതെ ബന്ധുക്കള്‍ , രാഷ്ട്രീയ സാമുദായിക സംഘടനകള്‍ തുടങ്ങിയവര്‍ക്കെല്ലാം നല്ലൊരു ഇരയുമായി. എല്ലാവരെയും ബാലന്‍സ് ചെയ്യാന്‍ ഈ പാവം ഉഴവുകാള ബുദ്ധിമുട്ടും. പലപ്പോഴും തന്റെ യഥാര്‍ത്ഥ സ്ഥിതി “പ്രവാസി”യായ നേര്ച്ചമൃഗം വീട്ടുകാരെ അറിയിയ്ക്കില്ല. അതുകൊണ്ടു തന്നെ ചില കുടുംബങ്ങളിലെങ്കിലും ബഡ്ജറ്റ് പരിധിയ്കു മുകളിലാവും. തന്റെ കുടുംബം ബുദ്ധിമുട്ടേണ്ടല്ലോ എന്ന വിചാരത്തില്‍ കടം വാങ്ങി വരെ വീട്ടുകാര്ക്കയച്ചു കൊടുക്കും. മിക്കവരും ഒരു ചായ പോലും പുറത്തു നിന്നും കുടിയ്ക്കില്ല, അത്രയും ചിലവു ചുരുക്കാന്‍. അവസാനം എതെങ്കിലും കാര്യത്തിനു മുടക്കം വന്നാലോ പരിഭവമായി പരാതിയായി. നൂറു പ്രാവശ്യം ലഭിച്ചതെല്ലാം മറന്നിട്ട്, കിട്ടാതെപോയ ഒറ്റക്കാര്യം മാത്രം ബാക്കിയാവും.
കടം വാങ്ങിയ തുക തിരിച്ചു നല്കാനാവാതെ, നാട്ടില്‍ പോകാന്‍ കഴിയാത്ത എത്രയെത്ര മനുഷ്യ ജന്മങ്ങള്. അന്യനാട്ടില്‍ ഉരുകിത്തീരാനായി വിധിയ്ക്കപെട്ട ശാപജന്മങ്ങള് ! ഇരുപത്തൊന്നാം വയസ്സില്‍ ഗള്‍ഫില്‍ വന്നിട്ട് പതിനൊന്നു വര്‍ഷമായി നാട്ടില്‍ പോകാനാവാതിരുന്ന ഒരാളെ എനിയ്ക്കു നല്ല പരിചയമുണ്ട്. അനുജത്തിമാരുടെ വിവാഹം, വീടു പണി എല്ലാം ആ പാവത്തിന്റെ ബാധ്യതയായി തീര്‍ന്നു. അവസാനം ഗള്‍ഫു ജീവിതം ഉപേക്ഷിച്ച് പോയ ആ ഹതഭാഗ്യന് ആറാം മാസം വീണ്ടും കയറി വന്നു, മറ്റൊരു പാസ്പോര്ട്ടില്! നാട്ടില്‍ നിന്ന ആ ആറുമാസം ഇവിടെ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തേക്കാള്‍ ഭീകരമായിരുന്നു ആ മനുഷ്യന്.
നാട്ടിലെത്തുന്ന പ്രവാസി ആദ്യം നേരിടുന്ന ചോദ്യം.
"എന്നാ വന്നത് ?"
സന്തോഷത്തോടെ മറുപടി പറയുന്നു “ ഇന്നലെ..”
ഉടന്‍ അടുത്ത ചോദ്യം..
"എപ്പൊഴാ പോണത് ?"
"ഇനി പോണില്ലാ" എന്നു കേട്ടാല്‍ ചോദിച്ച ആളിന്റെ മുഖത്ത് ഒരു സംതൃപ്തിയും ഒപ്പം ഒരു പുച്ഛചിരിയും വിരിയും.
ഗള്ഫുപേക്ഷിച്ച് നാട്ടില്‍ വന്നവന്, കൈയിലൊന്നുമില്ലങ്കില് തെരുവുനായയുടെ വില പോലും ഉണ്ടാവില്ല. ഈ അനുഭവം നാട്ടുകാരില്‍ നിന്നുമാത്രമല്ല വീട്ടുകാരില്‍ നിന്നുകൂടി ഏറ്റുവാങ്ങേണ്ടി വരുന്നതോടെ നില്‍ക്കക്കള്ളിയില്ലാതാവുന്ന ആ പാവം എങ്ങിനെയെങ്കിലും തിരികെ പോകാന്‍ ശ്രമിയ്ക്കും. ഒടുക്കം, താനൊരിയ്ക്കല് മടുപ്പോടെ ഉപേക്ഷിച്ച മരുഭൂമിയുടെ ഒറ്റപ്പെടലിലേയ്ക്ക് വീണ്ടും സ്വയം എടുത്തെറിയും.
ഇതെല്ലാം അറിയുന്നവര്‍ തന്നെയാണ് ഈ പരസ്യം കൊടുക്കുന്ന ഏജന്‍സികള്‍. അവര്‍ ആളെപ്പിടിയ്ക്കാനായി ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്കുന്നു. ഗള്‍ഫെന്നാല്‍ സ്വര്‍ഗമെന്ന് തെറ്റിദ്ധരിച്ചവര്‍ കടം വാങ്ങി വിസ സമ്പാദിച്ച് മരുഭൂമിയിലേയ്ക്ക് ഈയാമ്പാറ്റകളെ പോലെ പെയ്തിറങ്ങുന്നു. ഒടുക്കം എല്ലാ സ്വപ്നങ്ങളും കരിഞ്ഞ്, ഒരിക്കലും തലയൂരിയെടുക്കാനാവാത്ത മരണക്കുടുക്കില്‍ പെടുന്നു. ഈ ഏജന്‍സികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇവിടെ ആരുമില്ലേ? വന്‍ തുക വാങ്ങി തങ്ങള്‍ കയറ്റി വിടുന്ന ഈ പാവങ്ങള്‍ക്ക് ആ തുകയെങ്കിലും തിരിച്ചുകിട്ടാന്‍ എത്രകാലം വേണമെന്ന് ഇവര്‍ക്കറിയില്ലേ?
ഇവിടെ പ്രവാസികാര്യ വകുപ്പുണ്ട്, മന്ത്രിയുണ്ട്, കാക്കത്തൊള്ളായിരം സംഘടനകളുണ്ട്. ഈ മൃഗീയ ചൂഷണത്തെക്കുറിച്ചിവര് എന്തുകൊണ്ടന്വേഷിയ്ക്കുന്നില്ല? ഈ പരസ്യങ്ങള്‍ നല്കുന്ന ഏജന്‍സികളോട് ഇവരന്വേഷിയ്ക്കേണ്ടതല്ലേ, നിങ്ങള്‍ കയറ്റി വിടുന്ന ഈ മനുഷ്യര്‍ ഈ ശമ്പളം കൊണ്ടെങ്ങനെ ജീവിയ്ക്കുമെന്ന്? ഈ വിധ ചൂഷണത്തെ കണ്ടില്ലെന്നു നടിയ്ക്കുന്ന സര്‍ക്കാരും ഇതില്‍ കുറ്റവാളികളാണ്. സ്വന്തം പൌരന്മാരെ അന്യരാജ്യത്ത് അടിമപ്പണിയ്ക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ ലോകത്ത് വേറെയുണ്ടോയെന്നു സംശയമാണ്.
ഗള്‍ഫിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയങ്ങളോളം ഉത്തരവാദിത്തമില്ലാത്തവ മറ്റൊരിടത്തുമില്ല. തങ്ങളുടെ പൌരന്മാരുടെ പ്രശ്നങ്ങളില്‍ യാതൊരു താല്പര്യവും കാണിയ്ക്കാത്ത ഉദ്യോഗസ്ഥവൃന്ദം എന്തിനാണ് ഈ പേരില്‍ ഇങ്ങനെ ഗള്‍ഫില്‍ ഓഫീസുമിട്ടിരിയ്ക്കുന്നത്? (ചില കര്‍ത്തവ്യബോധമുള്ള ഉദ്യോഗസ്ഥരെ വിസ്മരിയ്ക്കുന്നില്ല) ഇവരൊക്കെ ഫിലിപ്പൈന്‍സ് സര്‍ക്കാരിനെ കണ്ടു പഠിയ്ക്കണം. തങ്ങളുടെ ഒരു പൌരനെയും അവര്‍ ചൂഷണത്തിനു വിട്ടുകൊടുക്കില്ല. കൃത്യമായ തൊഴില്‍ കരാറും ശമ്പളവും ഉറപ്പാക്കും. ഒരു പ്രശ്നം വന്നാല്‍ ഉടന്‍ ഇടപെടും. അതു കൊണ്ട് തന്നെ ഫിലിപ്പീനികള്‍ക്ക് തൊഴില്‍ വിപണിയില്‍ മാന്യതയുണ്ട്.
എന്റെ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ, ഈ വായിയ്ക്കുന്ന നിങ്ങളാരെങ്കിലും ഗള്‍ഫ് മോഹവുമായി നടക്കുന്നവരാണെങ്കില്‍ , ഈ നീരാളിക്കുടുക്കില് തലവയ്ക്കും മുന്‍പ് ഒന്നാലോചിയ്ക്കുക. നല്ലൊരു ജോലിയ്ക്ക് വേണ്ട യോഗ്യത ഇല്ലാത്തയാളാണ് നിങ്ങളെങ്കില്‍ ഒരിയ്ക്കലും ഇതിനു തുനിയരുത്. ഉയര്‍ന്ന തുക വിസയ്ക്കു നല്കി ഒരിയ്ക്കലും ഗള്‍ഫില്‍ പോകരുത്. നല്ല കമ്പനികള്‍ ഒരിയ്ക്കലും വിസയ്ക്കോ ടിക്കറ്റിനോ തുക മേടിയ്ക്കുന്നില്ല. ഇനി സര്‍വീസ് ചാര്‍ജ് നല്കുകയാണെങ്കില് തന്നെ പരമാവധി നിങ്ങളുടെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുകയേ നല്‍കാവൂ. അതില്‍ കൂടുതല്‍ ആവശ്യപ്പെടുന്ന ജോലി വേണ്ടന്നു വയ്ക്കണം. സ്വന്തം നാട്ടിലെ അനവധി അവസരങ്ങള്‍ കാണാതെ അക്കരെപ്പച്ചയ്ക്കു പിന്നാലെ പോകുന്നവര്‍ സ്വന്തം ജീവിതമാണു കുരുതി കൊടുക്കുന്നതെന്നു മറക്കരുത്. ആത്മാര്‍ത്ഥതയുള്ള ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ ഇത്തരം റിക്രൂട്ട്മെന്റുകള്‍ നിരോധിയ്ക്കണം. ന്യായമായ ശമ്പളമില്ലാത്ത ജോലികളിലേയ്ക്കുള്ള പരസ്യങ്ങള്‍ അനുവദിയ്ക്കരുത്.
ഏജന്‍സി നടത്തിപ്പുകാരേ, നിങ്ങള്‍ക്കു ഹൃദയമുണ്ടോ? ഭീമമായ തുകവാങ്ങി ഈ മനുഷ്യരെ അറവുശാലയിലേയ്ക്ക് തള്ളിവിടുന്ന, മാട്ടിന് കൂട്ടത്തെപ്പോലെ അന്യരാജ്യത്തേയ്ക്കു കയറ്റിവിടുന്ന നിങ്ങള്‍ ചെയ്യുന്നത് മനുഷ്യത്വത്തോടുള്ള ക്രൂരതയാണ്. ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലിക്കാരോടു നിങ്ങള്‍ മേടിച്ചു കൊള്ളു. എന്നാല്‍ ഈ പാവങ്ങളെ അടിമപ്പണിയ്ക്കായി, അവരുടെ ജീവരക്തം ഊറ്റിയെടുത്തു കൂട്ടിക്കൊടുക്കുന്ന നിങ്ങള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്യുന്നത്. ഇങ്ങനെ സമ്പാദിയ്ക്കുന്ന പണത്തിന്റെ ശാപം നിങ്ങളുടെ തലമുറകളെ വരെ പിന്തുടരും.

ബൂലോക സഞ്ചാരം - 3

ബൂലോകസഞ്ചാരത്തിന്റെ ഒന്നും
ഈ അടുത്ത് മാതൃഭൂമി ഓൺലൈൻ എഡിഷനിൽ ബ്ലോഗിനെ കുറിച്ച് രണ്ട് ലേഖനങ്ങൾ വായിക്കാനിടയായി. ഒന്ന്
പക്ഷെ, ഇവിടെ നമ്മുടെ ഈ കൊച്ച് ബൂലോകം വ്യത്യസ്ഥമാകുന്നു. ബ്ലോഗർമാരെയും ബ്ലോഗിണികളെയും പോലെതന്നെ ബ്ലോഗുണ്ണികളും നമ്മുടെ ഈ കൊച്ചുലകത്തിൽ ഒട്ടേറെയുണ്ട്. ഒരു പക്ഷെ രാഷ്ട്രീയക്കാരന്റെ മക്കൾ രാഷ്ട്രീയക്കാരനും ഡോക്ടറുടെ മക്കൾ ഡോക്ടറും ആവണം എന്ന മലയാളിയുടെ ചിന്തയാവാം ഈ ബ്ലോഗുണ്ണികളുടെ മലയാളത്തിലെ വളർച്ചക്ക് കാരണം. പക്ഷെ, ഒന്ന് പറയാതെ വയ്യ, ഒരു പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കാനേ മാതാപിതാക്കൾക്ക് കഴിയു എന്നിരിക്കിലും ഇത്തരം ബ്ലോഗുണ്ണികൾ അവരുടെ കഴിവു കൊണ്ട് തന്നെ ഇവിടെ സ്ഥാനം ഉറപ്പിക്കുന്നു എന്ന് നിസ്സംശയം പറയാം. അത്തരത്തിൽ ജന്മനാ ലഭിച്ചിരിക്കുന്ന മൾട്ടി ടാലന്റ് ബ്ലോഗിലൂടെ നമുക്ക് മുൻപിൽ തുറക്കുന്ന ഇത്തരം കുട്ടികൾ തിർച്ചയായും പ്രശംസയും മുൻഗണനയും അർഹിക്കുന്നു . അതുകൊണ്ട് തന്നെ അത്തരം ഒരു ബ്ലോഗിലൂടെ ആവാം ഇത്തവണ നമ്മുടെ ആദ്യ സഞ്ചാരം.
രാധിക
ചുവരുകളിൽ കരികൊണ്ട് വരച്ചു തെളിഞ്ഞ പഴയ രവിവർമ്മ കാലഘട്ടമല്ല ഇതെന്നും, രാത്രിയിൽ ഉറക്കമുണർന്ന് ചായപെൻസിലുകളും ചായക്കൂട്ടുകളുമായി കിന്നാരം പറഞ്ഞ് ഏഴാം വയസ്സിൽ അഗാധമായ നിദ്രയെ പുല്കിയ ക്ലിന്റിന്റെയും കാലമല്ല ഇതെന്നും തീർച്ചയുണ്ട് അശ്വിന്. കൊച്ചുമനസ്സിലെ ഭാവനയിൽ വിരിഞ്ഞ മനോഹരമായ ചിത്രങ്ങൾ ഇന്റര്‍നെറ്റിന്റെ അനന്തസാദ്ധ്യതകളിലേക്ക് തുറന്നിട്ടിരിക്കുന്നു അശ്വിൻ. ഒരു നല്ല ചിത്രകാരന് വേണ്ട എല്ലാ ക്രാഫ്റ്റും ആ ചിത്രങ്ങളിൽ നമുക്ക് കാണാം. ഒരു പക്ഷെ, രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുമുള്ള നല്ല സപ്പോർട്ട് ഉണ്ടാകാം. ഇവിടെ രക്ഷിതാക്കളുടെ സപ്പോർട്ട് എന്ന പ്രയോഗം ഒരിക്കലും നെഗറ്റീവ് അർഥത്തിലല്ല എന്ന് പറയട്ടെ. കാരണം ചിത്രമെഴുത്ത്, പോഡ്കാസ്റ്റിങ്ങ്, വ്ളോഗിങ്ങ് അങ്ങിനെ ബ്ലോഗിലെ മിക്ക മേഖലകളിലൂടെയും സഞ്ചരിച്ച് ശരിക്കും അവിടെയെത്തുന്നവരെ ഒരു അത്ഭുതലോകത്തേക്ക് നയിക്കാൻ കഴിയുന്നുണ്ട് അശ്വിന്. വൈലോപ്പിള്ളിയുടെ പ്രശസ്തമായ മാമ്പഴം അശ്വിൻ ചൊല്ലിയിരിക്കുന്നത് കേട്ട് ഒരു നിമിഷം പഴയ സ്കൂൾ കാലത്തേക്ക് സഞ്ചരിച്ചു. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൌരന്മാരെന്ന ജവഹർലാൽ നെഹ്രുവിന്റെ വാക്കുകൾ കടമെടുത്ത് കൊണ്ട് പറയട്ടെ തീർച്ചയായും പരിഗണന അർഹിക്കുന്നു ഈ കുട്ടിബ്ലോഗർ.
കുട്ടികളെ കുറിച്ച് പറയുമ്പോൾ അതോടൊപ്പം നമ്മുടെ മനസ്സിലേക്ക് പെട്ടന്ന് കടന്ന് വരുന്നത് അദ്ധ്യാപകരാണ്. ഏതൊരു കുട്ടിയുടെയും വിജയത്തിനും പിന്നിൽ മാതാപിതാക്കളോളം അല്ലെങ്കിൽ അവരേക്കാൾ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്നു ഗുരുനാഥന്മാർക്ക്. ഇന്ന് മലയാള ബ്ലോഗുകളിൽ ഒട്ടേറെ അദ്ധ്യാപകർ നിറഞ്ഞ സാന്നിദ്ധ്യമാണ് എന്നതിൽ തർക്കമില്ല തന്നെ. എന്തിനേറെ പറയണം, ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന മലയാള ബ്ലോഗ് തന്നെ കേരളത്തിലെ ഗണിതശാസ്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ മാത്സ് ബ്ലോഗ്
പൊതുവെ ഭാഷാദ്ധ്യാപകരല്ലാത്തവരെ കുറിച്ചുള്ള ഒരു ആക്ഷേപമാണ് കഠിനഹൃദയരെന്നത്. തമാശകൾ ആസ്വദിക്കാത്ത, കാല്പനീകത ഇഷ്ടപ്പെടാത്ത ശാസ്ത്രകൌതുകങ്ങളിലും ചരിത്രഗവേഷണങ്ങളിലും മാത്രം മനസ്സ് ഉറപ്പിക്കുന്നവരാണ് ഇത്തരക്കാരെന്ന് പൊതുഭാഷ്യം. അതിൽ പ്രത്യേകസ്ഥാനം തന്നെയാണ് ജിവശാസ്ത്ര അദ്ധ്യാപകർക്ക് ഉള്ളത് എന്ന് പറയാതെ വയ്യ. ഇവിടെ അത്തരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുകയാണ്, മിനി
പക്ഷെ, എനിക്കേറെ ഇഷ്ടപ്പെട്ടത്, ടിച്ചറുടെ മിനി കഥകളിലെ ജീവസ്സുറ്റ കഥകളാണ്. ആശയങ്ങളുടെ തിവ്രതകൊണ്ട് ചിന്തായോഗ്യമായ ഒട്ടേറെ കഥകൾ ഉള്ള മിനികഥകൾ വായന അർഹിക്കുന്നവ തന്നെ. ഞാൻ ബ്ലോഗിൽ സജീവമായ കാലഘട്ടം മുതൽ ഇന്ന് വരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു ബ്ലോഗ് ആണ് മിനിക്കഥകൾ
ഒരു കാര്യം നിസ്സംശയം പറയാം. അപ്പുവിന്റെ അത്ഭുതലോകത്തിലൂടെയും മിനികഥകളിലൂടെയും ഒന്ന് സഞ്ചരിച്ചാൽ വീണ്ടും അവിടെ ഒരിക്കൽ കൂടി എത്തിനോക്കാനുള്ള ഒരു പ്രേരണ ഈ ബ്ലോഗുകൾ പ്രദാനം ചെയ്യുന്നുണ്ടെന്നത് വലിയ ഒരു കാര്യം തന്നെയാണ്. വായന അർഹിക്കുന്ന ഇത്തരം ബ്ലോഗുകളെ പ്രായഭേദമന്യേ, ലിംഗഭേദമന്യേ നമുക്ക് നെഞ്ചേറ്റാം.
മനോരാജ് തേജസ്
കലാ കൗമുദി വാരികയില്‍ ബ്ലോഗ്ഗര്‍ ജിതേന്ദ്രകുമാറിന്റെ നോവല്‍
ജിതേന്ദ്ര കുമാറിന്റെ ശിഖരവേരുകള്‍ എന്ന ബ്ലോഗ്, മലയാളത്തിലെ എണ്ണപ്പെട്ട കഥാ ബ്ലോഗുകളില്‍ ഒന്നാണ്. ആഖ്യാന ശൈലികൊണ്ടും, പ്രമേയത്തിന്റെ പുതുമകൊണ്ടും വായനയുടെ ഉയര്‍ന്ന തലത്തിലെത്തിക്കുന്ന ജിതേന്ദ്രന്റെ കഥകളെ സാഹിത്യ ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്.
നിരവധി പുരസ്ക്കാരങ്ങളും ജിതേന്ദ്രകുമാറിനെ ഇതിനോടകം തേടിയെത്തിയിട്ടുണ്ട്. 2008-ലെ മുബൈ - വസായി മലയാളി സമാജത്തിന്റെ ചെറുകഥയ്ക്കുള്ള ഒന്നാം സമ്മാനം, സമഷ്ടി മാഗസിന്റെ 2009 ലെ ചെറുകഥയ്ക്കുള്ള പുരസ്കാരം, മുംബൈ സ്മിതാ പബ്ലിക്കേഷന്റെ ജ്വാലാ പുരസ്കാരം തുടങ്ങിയവ അവയില്‍ ചിലതു മാത്രം.
ശിഖരവേരുകള്‍ എന്ന പേരില്‍ ഒരു കഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒന്നാം നിര സാഹിത്യകരന്മാരുടെ കൃതികള്‍ പ്രസിധീകരിക്കുന്ന കലാ കൗമുദി പോലുള്ള മാധ്യമത്തില്‍, ഒരു മുഴുനീള നോവല്‍ പ്രസിദ്ധീകൃതമാവുന്നു എന്നത് ഒരു ബ്ലോഗറെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നേട്ടം തന്നെ. ഒപ്പം മലയാളി ബ്ലോഗ്ഗര്‍മാര്‍ക്കും.
ശ്രീ ജിതേന്ദ്രകുമാറിന് നമ്മുടെ ബൂലോകം ടീമിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 13

സജി മാര്‍ക്കോസ്
പരുന്തിന്റെ തലയുള്ള ആകാശ ദേവനായിരുന്ന ഹോറസിന്റെ നാമധേത്തിലാണ് ഈ ക്ഷേത്രം. ഹോറസിന്റെ ഒരു കണ്ണു സൂര്യനും മറുകണ്ണ് ചന്ദ്രനും ആണെന്നായിരുന്നു വിശ്വാസം.

ഇസിസ് - ഓസിറിസ് ദൈവ ദമ്പതികളുടെ മകനായി ഹോറസ് ജനിച്ചു. ഓസിറിസ്, സ്വന്തം സഹോദരന് സേത്തിനാല് വധിക്കപ്പെടുകയും പിന്നീട് ഇസിസിന്റെ മാന്ത്രിക ശക്തിയാല്‍ പുനര്‍ജീവിപ്പിക്കപ്പെടുകയും ചെയ്തുവെന്നു ഈജിപ്ഷ്യന്‍ ഐതീഹ്യങ്ങള്‍ പറയുന്നു. രണ്ടാം പ്രാവശ്യം സേത്ത്, അംഗങ്ങളെ ഛേദിച്ചു ഓസിറിസിനെ കൊലപ്പടുത്തിയെങ്കിലും ഇസിസിന് പൂര്‍ണ്ണമായി ജീവിപ്പിക്കുവാന്‍ കഴിഞ്ഞില്ല.
ഹോറസ് പിതൃഘാതകനായ സേത്തിനോട് പ്രതികാരം ചെയ്യുകയും, പരലോകത്തിരുന്നുകൊണ്ട് ഓസിറിസ്, ഹോറസിലൂടെ ഭരണം തുടരുകയുമായിരുന്നു. പരലോകത്തെ ദേവനായിട്ടാണ് ഓസിറിസ് അറിയപ്പെടുന്നത്.
അതുപോലെ, ഭരണ കര്ത്താക്കളായിരുന്ന ഫറവോമാര്‍ ഹോറസിന്റെ ജഡാവതാരമാണ് എന്നും, പരലോകത്തിരുന്നു കൊണ്ട് ഫറവോമാരിലൂടെ ഹോറസ് ഈജിപ്റ്റ് ഭരിക്കുന്നു എന്നുമായിരുന്നു പ്രജകളെ വിശ്വസിപ്പിച്ചിരുന്നത്.
ഹോറസിന്റെ ഭാര്യയായ ഹാദര്‍ എല്ലാ വര്‍ഷവും ദെന്ദ്രാ ക്ഷേത്രത്തില്‍ നിന്നും ഹോറസിനെ കാണാന്‍ വരുമെന്നായിരുന്നു പുരാതന ഈജിപ്റ്റുകാരുടെ വിശ്വാസം. ഈ ദൈവ ദമ്പതികളുടെ കൂടിച്ചേരലിന്റെ ദിവസമായിരുന്നു ഇദ്ഫു ക്ഷേത്രത്തിലെ പ്രധാന ഉത്സവം.
ഇത്തരം നിരവധി ഐതിഹ്യങ്ങളുടെ കലവറയായ ഇദ്ഫു ക്ഷേത്രം കാണുവാന്‍ മറ്റു യാത്രക്കാരോടൊപ്പം ഞങ്ങളും വെളിയില്‍ ഇറങ്ങി.
ക്രൂസില്‍ നിന്നും വെളിയില്‍ കടന്ന ഞങ്ങള്‍ കണ്ടത് കുതിരലായം പോലെ നീണ്ട ഷെഡ്ഡും അതില്‍ നിറയെ കുതിരകളെയും ആയിരുന്നു. ക്ഷേത്രം വരെ പോയി തിരിച്ചു കൊണ്ടുവരുന്നതിനു 20 ഗിനിയാണ് ഈടാക്കുന്നത്. ഞങ്ങളുടെ ഗൈഡ് സയിദ് ഇതു വരെയും എത്തിയിട്ടില്ല. കാത്തു നില്ക്കുന്നതില് കാര്യമില്ലെന്നും ക്ഷേത്ര സന്ദര്‍ശനം കഴിയുമ്പോഴേയ്ക്കും സെയ്ദ് എത്തുമെന്നും അദ്ദേഹത്തിന്റെ സ്നേഹിതന് അറിയിച്ചു.
പിന്നെ താമസിച്ചില്ല, കണ്ടാല്‍ ഭംഗി തോന്നുന്ന ഒരു കുതിരവണ്ടി തിരഞ്ഞെടുത്തു.
ഏതാണ്ട് അരമണിക്കൂര്‍ യാത്രയുണ്ടായിരുന്നു. ഞങ്ങളെ ഇറക്കിയിട്ടു തിരികെ വരുമ്പോള്‍ കാണാമെന്നു പറഞ്ഞു കുതിരക്കാരന് അതിവേഗം ഓടിച്ചു പോയി. ഞങ്ങള്‍ മടങ്ങി വരുന്നതിനു മുന്‍പ് ഒന്നു രണ്ടു ട്രിപ്പു കൂടി അടിക്കാനുള ശ്രമത്തിലായിരുന്നു അയാള്‍.
ഈജിപ്റ്റിലെ ക്ഷേത്രങ്ങളില്‍ വച്ച് ഏറ്റവും വലിയ മുഖവാരം ഇദ്ഫു ക്ഷേത്രത്തിന്റേതാണ് . ഇരുവശങ്ങളിലും ഒരേ രൂപത്തിലും വലിപ്പത്തിലും പണിതിരിക്കുന്ന മുഖവാരത്തിന് 37 മീറ്റര്‍ ഉയരമുണ്ട്. ആകാശത്തിലേയ്ക്ക് ഉയര്‍ന്നു നില്ക്കുന്ന കനത്ത ചുവരില്‍ ധാരാളം ചിത്രങ്ങളും, ഹീരോഗ്ലിഫിക്സില്‍ ചരിത്രവും മറ്റും ആലേഖനം ചെയ്തിരിക്കുന്നു.
ക്ഷേത്രത്തിന്റെ കവാടത്തില്‍ ഇടതു വശത്തായി ഒറ്റക്കല്ലില്‍ കൊത്തിയുണ്ടാക്കിയ ഹോറസിന്റെ ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
പ്രധാന കവാടത്തില്‍ നിന്നും അകത്തേയ്ക്കു കടക്കുമ്പോള്‍ ഒരു വലിയ നടുത്തളം. ചുറ്റും ഭീമാകാരങ്ങളായ ഒട്ടനവധി തൂണുകള്‍. ഇവിടെയാണു ഭക്തമാര് ഹോറസിനു വേണ്ട നൈവേദ്യങ്ങള്‍ അര്‍പ്പിക്കുന്നത്.
തൂണുകളുടെ വലിപ്പവും അതിലെ ചിത്രപ്പണികളും ആരെയും അഭുതപ്പെടുത്താതിരിക്കില്ല. മൂന്നുനില കെട്ടിടം പണിയുന്നതിനുള്ള അത്രയും ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന തൂണുകളുടെ മുകളില്‍, ഭീമാകാരങ്ങളായ കല്ലുകൊണ്ടുള്ള തുലാം നിരത്തിയിരിക്കുന്നു. അന്നത്തെ ശില്പ്പികളുടെ കരവിരുതും ശില്‍പ്പങ്ങളുടെ ഗുണമേന്മയും പ്രശംസനീയം തന്നെ.
നടുത്തളത്തിന്റെ അപ്പുറം പുരോഹിതന്മാര് പൂജാദി കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു ചെറിയ മുറി. ജനാലകളൊന്നും ഇല്ലാത്ത ഇടുങ്ങിയ മുറിയില്‍ ഒരു ചെറിയ പേടകം. അതിനു വളരെ ചെറിയ ഒരു വാതില്‍. പേടകത്തിന്റെ വശങ്ങളിലും മുറിയിലും ധാരാളം ചിത്രങ്ങളും അക്ഷരങ്ങളും കൊത്തി വച്ചിരിക്കുനു. അതിന്റെ മുന്നില്‍ ചെറിയ മഞ്ചല് പോലെ തടികൊണ്ട് ഉണ്ടാക്കിയ മറ്റൊരു കൂട്. പ്രധാന പുരോഹിന്മാര്‍ ഇവിടെയാണ് മുഖ്യ പൂജകള്‍ ചെയ്തിരുന്നത്.
തിരികെ വന്നപ്പോള്‍ മുറ്റം നിറയെ കുതിര വണ്ടിക്കാര്. എല്ലാവരെയും കണ്ടാല്‍ ഏതാണ്ട് ഒരു പോലെ തന്നെയിരിക്കുന്നു. ആരാണ് ഞങ്ങളെ കൊണ്ടുവന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഞങ്ങള്‍ ശരിക്കും വിഷമിച്ചു. തലയില്‍ കെട്ടുള്ള ആളാണെന്ന് എഡ്വിന്, ഒരു വൃദ്ധനാണെന്നു സുനി. എനിക്കാണെങ്കില്‍ ഒന്നും ഓര്‍മ്മയില്ല.
ഞങ്ങള്‍ സംശയിച്ചു നില്ക്കുമ്പോള് ഒരു ചെറുപ്പക്കാരന് അടുക്കലേയ്ക്കു വന്നു, ഭയപ്പെടേണ്ട നിങ്ങളുടെ വണ്ടി ഉടനെ വരുമെന്നു പറഞ്ഞു. ഞങ്ങള്‍ അല്‍ഭുതപ്പെട്ടു പോയി. ആരെ ഏതൊക്കെ വണ്ടിക്കാണ് കൊണ്ടു വന്നത് എന്നൊക്കെ അവര്‍ക്കു നല്ല നിശ്ചയമായിരുന്നു. ഇങ്ങോട്ടു കൊണ്ടുവന്ന വണ്ടിയിലല്ലാതെ, പൊതുവേ ആരും തിരിച്ചു കൊണ്ടു പോകാറില്ലത്രേ! ജോലി ചെയ്യുന്നവര്‍ തമ്മില്‍ കാത്തു സൂക്ഷിക്കുന്ന ഒരു മാന്യമായ തൊഴില്‍ ബന്ധം അല്‍ഭുതപ്പെടുത്താതിരുന്നില്ല.
തിരികെ ക്രൂസില്‍ എത്തിയപ്പോള്‍ സയിദ് കാത്തു നില്ക്കുന്നുണ്ടായിരുന്നു. അന്നത്തെ സന്ദര്‍ശനങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ക്യാബിനിലും ഡോക്കിലുമായി ബാക്കി സമയം കഴിച്ചുകൂട്ടി. അത്താഴത്തിനു ശേഷം പതിവുപോലെ എല്ലാവരും പാര്‍ട്ടി ഹാളിലേയ്ക്കു നടന്നു തുടങ്ങി. ഏറ്റവും പുറകില്‍ ഞങ്ങളും.
ആദ്യം ഒരു ഈജിപ്റ്റ്ഷ്യന്‍ ഡാന്‍സറുടെ പ്രകടനമായിരുന്നു. മഞ്ഞയും കറുപ്പും ഇടകലര്‍ന്ന നീളമുള്ള തോപ് ( അറബികള്‍ ധരിക്കുന്ന നീളന്‍ കുപ്പായം ) ധരിച്ച്, കൈയ്യില്‍ വൃത്താകൃതിയിലുള്ള പാത്രങ്ങള്‍ പിടിച്ചുകൊണ്ട് അയാള്‍ കറങ്ങുവാന്‍ തുടങ്ങി. ഏതാണ്ട് അര മണിക്കൂര്‍ സമയം നില്‍ക്കാതെ അയാള്‍ കറങ്ങിക്കൊണ്ടിരുന്നു. അതിനിടയില്‍ കൈയ്യിലുള്ള പാത്രങ്ങള്‍ കൊണ്ട് പല അഭ്യാസങ്ങള്‍ കാണിക്കുകയും, പല അടുക്കുകളായി ഇട്ടിരുന്ന മേല്കുപ്പായങ്ങള് ഓരോന്നായി ഒരേ താളത്തില്‍ എടുത്തു മാറ്റുകയും ചെയ്തുകൊണ്ടിരുന്നു. സമയം കഴിയുന്തോറും ഞങ്ങളുടെ അല്‍ഭുതം കൂടിക്കൂടി വന്നു. ഒറ്റ പ്രാവശ്യം ചുറ്റുമ്പോഴേയ്ക്കും, തലകറങ്ങാറുള്ള എനിക്ക്, മിനിറ്റുകളോളം നടത്തുന്ന ഈ പ്രകടനം ഒരു കലാരൂപമെന്നതിലുപരി മെയ്വഴക്കമുള്ള ഒരു അഭ്യാസിയുടെ പ്രകടനമായി തോന്നി.
അറബി നര്ത്തകന് തന്റെ അരമണിക്കൂര്‍ നീണ്ട കറക്കം അവസാനിപ്പിച്ചു അണിയറയിലേയ്ക്കു പോയപ്പോഴേയ്ക്കും, അടുത്ത ഐറ്റംഡാന്സുകാരി രംഗം കീഴടക്കിക്കഴിഞ്ഞു. പ്രശസ്തമായ അറബിക് ബെല്ലി ഡാന്‍സ്. ബെല്ലി തുറന്നു കാണിക്കുന്നതായതുകൊണ്ടായിരിക്കാം ആ പേരുവന്നത്. അങ്ങിനെ നോക്കിയാല്‍ ഇക്കാലത്തെ തമിഴ് സിനിമാഡാന്സുകള് എല്ലാം ബെല്ലി ഡാന്‍സ് ആയി മാറിക്കഴിഞ്ഞു!
എന്തായാലും ബെല്ലി ഡാന്‍സു മുറുകിയപ്പോള്‍ കുടുംബം പരിവാരസമേതം എഴുന്നേറ്റു.
ഇപ്പോള്‍ പോകേണ്ട, വിവിധ സംസ്കാരങ്ങളേക്കുറിച്ച് പഠിക്കാമല്ലോ എന്ന എന്റെ നിര്‍ദ്ദേശം പകുതി വഴിയ്ക്കു തൊണ്ടയില്‍ തടഞ്ഞു.
പിന്നെ താമസിച്ചില്ല, ഞാനും എഴുന്നേറ്റു.
അടുത്ത ദിവസം രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു വെളിയില്‍ വന്നപ്പോള്‍ ക്രൂസ് നിര്‍ത്തിയിട്ടിരിക്കുന്നു. ചെറിയ ഗ്രാമത്തിനെ സമീപിച്ചതിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടായിരുന്നു. നദിക്കരയില്‍ ചെറിയ വീടുകളും ഒട്ടകങ്ങളേയും കാണാമായിരുനു.
"എസ്നയില് എത്തിയിരിക്കുന്നു. ഇനി ഒന്നു രണ്ടു മണിക്കൂര്‍ എങ്കിലും താമസിക്കും". സെയിദ് അറിയിച്ചു.
എസ്നയില് ഞങ്ങളുടെ ക്രൂസിനു സ്റ്റോപ്പ് ഉണ്ടായിരുന്നില്ലെങ്കിലും ലോക്ക് സംവിധാനത്തില്‍ നിന്നും പുറത്തു കടക്കുവാന്‍ താമസം നേരിട്ടു. എസ്നയില് കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടി നൈല്‍ നദിയ്ക്കു കുറുകെ ഡാം പണിത് ജല നിരപ്പ് ഉയര്‍ത്തിയിരിക്കുന്നു. അതിനു കുറുകെ ക്രൂസ് കടന്നു പോകുന്നതിന് ഉണ്ടാക്കിയിരിക്കുന്ന സംവിധാനമാണ് ലോക്ക്.
എസ്ന ലോക്ക്
വളരെ ലളിതമാണ് ലോക്കിന്റെ പ്രവര്‍ത്തനം. ലോക്ക് ശരിക്കും ഒരു ചെറിയ കനാല്‍ ആണ്. അതിന്റെ ഇരു വശത്തും വാട്ടര്‍ ടൈറ്റ് ആയ രണ്ടു ഗെയ്റ്റുകള്‍ ഉണ്ടായിരിക്കും. രണ്ടു ഗെയ്റ്റുകളുടെയും ഒരു വശത്ത് ഉയര്‍ന്ന ജലനിരപ്പും ഒരു വശത്ത് താഴ്ന്ന ജലനിരപ്പും ആയിരിക്കും.
ഞങ്ങളുടെ ക്രൂസിന് ഉയര്‍ന്ന ജലനിരപ്പില്‍ നിന്നും ഏതാണ്ട് 15 അടി താഴ്ന്ന ജലനിരപ്പിലേയ്ക്കാണ് പോകേണ്ടിയിരുന്നത്.
ആദ്യം താഴ്ന്ന ജലനിരപ്പിലേയ്ക്കുള്ള ഗെയ്റ്റ് പൂര്‍ണ്ണമായും അടച്ചതിനു ശേഷം ഉയര്‍ന്ന ജലനിരപ്പിലുള്ള കവാടം തുറക്കുന്നു. നിമിഷങ്ങള്‍ക്കകം ലോക്കിനുള്ളിലെ ജല നിരപ്പ് ഉയര്‍ന്ന ജലനിരപ്പിനു തുല്യമാകും. അപ്പോള്‍ ക്രൂസ് ലോക്കിനുള്ളിലേയ്ക്കു ഓടിച്ചു കയറ്റൂന്നു. അതിനു ശേഷം പ്രവേശനകവാടത്തിലെ ഗെയിറ്റ് അടക്കുകയും ലോക്കിനുള്ളില്‍ നിന്നും താഴ്ന്ന ജലനിരപ്പിലേയ്ക്കു ഒഴുകുവാന്‍ നിര്‍മ്മിച്ചിരിക്കുന്ന വാല്വുകല് തുറക്കുകയും ചെയ്യുന്നു . അപ്പോള്‍ ലോക്കില്‍ നിന്നും ജലം, ഒഴുകി താഴ്ന്ന ജല നിരപ്പിനു സമാനമാകുന്നു. ജല നിരപ്പു താഴുന്നതനുസരിച്ച് ക്രൂസും താണുകൊണ്ടിരിക്കും.
മുകളിലത്തെ ചിത്രത്തില്‍ ഉയര്‍ന്ന ജല നിരപ്പില്‍ തന്റെ ഊഴത്തിനായി കാത്തു കിടക്കുന്ന ക്രൂസും അവിടുത്തെ ഉയര്‍ന്ന ജല നിരപ്പും, ലോക്കിനുള്ളിലെ താഴ്ന്ന ജലനിരപ്പും കാണാം
ലോക്കിനുള്ളിലെ ജലനിരപ്പ് താഴ്വശത്തെ നിരപ്പിനു സമമാകുമ്പോള്‍ ലോക്കിന്റെ താഴ്വശത്തെ കവാടം തുറക്കുകയും ക്രൂസ് ഓടിച്ചു വെളിയില്‍ ഇറക്കുകയും ചെയ്യുന്നു.
ലോക്കിന്റെ പുറത്തുകടന്ന ക്രൂസില്‍ നിന്നും എടുത്ത ചിത്രമാണ് മുകളില്‍ കാണുന്നത്. ലോക്കിനുള്ളില്‍ നിന്നും ക്രൂസ് വെളിയില്‍ ഇറങ്ങിയാന്‍ അടുത്ത ക്രൂസിനു വേണ്ടി ഇരുകവാടങ്ങളും വീണ്ടും അടക്കപ്പെടുകയായി.
ലളിതമെങ്കിലും രസകരമായി തോന്നി ലോക്കിന്റെ പ്രവര്‍ത്തനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പല പ്രശസ്ത നദികളിലും കനാലുകളിലും ഇത്തരം സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സയിദ് പറഞ്ഞു.
എസ്നയില് കുറച്ചു സമയം താമസിച്ചുവെങ്കിലും വീണ്ടും ക്രൂസ് യാത്ര പുനരാരംഭിച്ചു.
ഇതു ക്രൂസിലെ അവാസനത്തെ ദിവസമാണ്. വൈകുന്നേരത്തോടെ ലുക്സറില്‍ എത്തിച്ചേരും. ലോകത്തിലെ ഏറ്റവും വലിയ പുരാതന ക്ഷേത്രമായ കര്‍ണ്ണാക് ക്ഷേത്രമാണ് ഇന്നു വൈകുന്നേരത്തെ അവസാന സന്ദര്‍ശന സ്ഥലം.
കര്‍ണ്ണാക് ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം രാത്രിയിലെ ലൈറ്റ് ആണ്ട് സൗണ്ട് ഷോയാണ്.കാഴ്ചക്കാരെ ചില മണിക്കൂറുകള്‍ പുരാതനലോകത്തിലേയ്ക്കു കൂട്ടികൊണ്ട് പോകുന്ന ഷോയേക്കുറിച്ച് സെയിദ് വിശദീകരിച്ചു.
സന്ധ്യായാകുവാന് ആകാംഷയോടെ ഞങ്ങള്‍ കാത്തിരുന്നു..
(അടുത്തയാഴ്ച ലുക്സര്‍ വിശേഷങ്ങള്‍..)


സമരമില്ലാത്ത കലാലയം പ്രതിഷേധമില്ലാത്ത സമൂഹം
പിന് വാതിലിലൂടെ ജനാധിപത്യത്തിന്റെ പദവികളില്‍ കയറിയിരിക്കുന്നവരെ മാറ്റിനിര്‍ത്തിയാല്‍ (ഇത്തരക്കാര്‍ക്ക് സാധാരണക്കരുള്പ്പെടുന്ന സമൂഹത്തോടുള്ള പ്രതിബദ്ധത തീരെ കുറവായിരിക്കും എന്ന് അനുഭവസാക്ഷ്യം) ഇന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും രാഷ്ടീയ സംഘടനകളുടേയും മുന്‍നിരയില്‍ ഉള്ള നേതാക്കന്മാരില് തൊണ്ണൂറു ശതമാനവും ഇത്തരത്തില്‍ കലാലയ രാഷ്ടീയത്തിന്റെ സംഭാവനയാണ്. പഴയ തലമുറയിലെ ആയാലും പുതിയ തലമുറയിലെ ആയാലും നിരവധി സാമാജികര്‍ ഇത്തരത്തില്‍ വിവിധ ക്യാമ്പസ്സുകളുടെ സംഭാവനയാണ്. വിദ്യാര്ഥിരാഷ്ടീയം വിദ്യാഭ്യാസത്തെ ഇല്ലാതാക്കും, ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിപ്പിക്കും എന്നൊക്കെ പലരും പറയുന്നത് കേള്‍ക്കാം. എന്നാല്‍ വിദ്യാര്‍ഥി രാഷ്ടീയം സജീവമായി ഉണ്ടായിരുന്ന ക്യാമ്പസ്സുകളുടെ സംഭാവനകള്‍ ഇന്നും ഇന്ത്യന്‍ രഷ്ടീയത്തിലും മറ്റും ഉന്നത പദവികള്‍ അലങ്കരിക്കുന്നു. മുന്‍ രാഷ്ട്രപതിയും, സുപ്രീം കോടതി ചീഫ് ജസ്റ്റിസും എല്ലാം ഇത്തരം കലാലായങ്ങളിലെ പഠിതാക്കള്‍ ആയിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിച്ചവരാണ് അന്നത്തെ വിദ്യാര്‍ഥിസമൂഹം. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ ഇന്ദിരാഗാന്ധി കൊണ്ടുവന്ന അടിയന്തിരാവസ്ഥയ്ക്കെതിരെ ഇന്ത്യയിലെ അങ്ങോളമിങ്ങോളമുള്ള ക്യാമ്പസ്സുകള്‍ ശക്തമയാണ് പ്രതികരിച്ചത്. കേരളത്തിലെ ക്യാമ്പസ്സുകള്‍ അടിയന്തിരാവസ്ഥയ്ക്കെതിരെ സക്രിയവും സജീവവുമായ ഇടപെടലാണ് നടത്തിയത്. അടിയന്തിരാവസ്ഥാവിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജന് രക്തസാക്ഷിയായി. ബെന്ഹര് ക്രൂരമായ പീഠനങ്ങള്‍ക്ക് ഇരയായി. എന്നാല്‍ അതൊക്കെ ഭരണകൂടഭീകരതയ്ക്കെതിരെ പ്രതികരിക്കുവാന്‍ യുവജനതയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുകയാണുണ്ടാത്. തുടര്‍ന്നും പോരാട്ടങ്ങളുടെ വലിയ ഒരു ചരിത്രമാണ് കേരളത്തിലെ ക്യാമ്പസ്സുകള്‍ക്ക് പറയുവാന്‍ ഉള്ളത്. ചരിത്രം എന്നാല്‍ വിദ്യാര്ഥിരാഷ്ടീയത്തിന്റെ ഘട്ടം ഘട്ടമായുള്ള വന്ധ്യം കരണം ആണ് ഇന്ന് കേരള സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പലപ്പൊഴും ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ വിദ്യാലയ രാഷ്ടീയത്തെ സംബന്ധിച്ച് കോടതികളുടെ ഇടപെടലും മറ്റും ഉണ്ടാകുകയും ചെയ്യുന്നു.
പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും സാമൂഹിക ക്രമങ്ങളും വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിച്ചു. ഇതിന്റെ ഭാഗമായി അവനവന്റെ സുഖസൌകര്യങ്ങളെ ഉറപ്പുവരുത്തുന്നതിലേക്ക് ചിന്തയെ ചുരുക്കുന്ന ഒരു രീതി യുവതലമുറയില്‍ ശക്തിപ്പെട്ടുവരുന്നു. വിദ്യാഭ്യാസത്തെ കേവലം ബിരുദ കടലാസുകള്‍ മാത്രമായി കാണുമ്പോല്‍ അത് വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വളരെ അകലെയാണെന്ന് തിരിച്ചറിയാതെ പോകുന്നു. പഠനമെന്നാല്‍ പാഠപുസ്തകത്തില്‍ നിന്നും ആര്‍ജ്ജിക്കുന്ന വിഞ്ജാനമാണെന്നും കൂടുതല്‍ മാര്‍ക്കും എന്‍ട്രന്‍സ് റാങ്കുമാണ് ലക്ഷ്യമിടേണ്ടതെന്നും ഓരോ വിദ്യാര്‍ഥിയേയും ഓര്‍മ്മിപ്പിക്കുവാന്‍ പലകോണുകളില്‍ നിന്നും ഉപദേശങ്ങള്‍ എത്തുന്നു. എന്നാല്‍ വിശാലമായ ലോകത്ത് ജീവിക്കുവാന്‍, കലാലയ ജീവിതം നല്‍കുന്നത് കേവലം ബിരുദങ്ങള്‍ മാത്രമല്ല പല തരത്തിലുള്ള അനുഭവങ്ങളും അതു നല്കുന്ന ജീവിത കാഴ്ചപ്പാടുമാണ്.
വിദ്യാഭ്യാസത്തെ കച്ചവടമാക്കിയവരെ സംബന്ധിച്ച് ലാഭം ഉണ്ടാക്കുക എന്നതു മാത്രമായിരിക്കും ഏക ലക്ഷ്യം. എന്നാല്‍ ഇത്തരം കച്ചവടതാല്പര്യങ്ങള്ക്ക് പലപ്പോഴും തടസ്സമാകുക വിദ്യാര്ഥിരാഷ്ടീയമായിരിക്കും. അതിനാല്‍ തന്നെ ആ “ശല്യത്തെ” ഒഴിവാക്കുവാന്‍ ഉള്ള “കരുക്കള്‍“ പല കോണുകളില്‍ നിന്നും അവര്‍ നീക്കിക്കൊണ്ടിരിക്കും. ചെറിയ സംഭവങ്ങള്‍ പോലും പ്രകോപനങ്ങളിലൂടെ പെരുപ്പിക്കും. വലിയ പ്രചാരണങ്ങള്‍ നടത്തും. വാര്‍ത്തകളെ വിറ്റും വ്യഭിചരിച്ചും കാശുണ്ടാക്കുവാന്‍ മത്സരിക്കുന്നവര്‍ ഇതിനെ വളച്ചൊടിച്ച് തെറ്റായ വ്യാഖ്യാനങ്ങളും ദു:സ്സൂചനകളും നല്കി അവതരിപ്പിക്കും. ഇത്തരക്കരുടെ വിജയമാണ് വിദ്യാര്ഥിരാഷ്ടീയത്തെ വിവിധ നിയമങ്ങളിലൂടെ നിയന്ത്രിക്കുന്നതിലൂടെ ആഘോഷിക്കപ്പെടുന്നത്. ഇവരുടെ തുടര്‍ച്ചയായുള്ള പ്രചാരണങ്ങളില്‍ പലപ്പോഴും സമൂഹത്തിലെ ഒരു വിഭാഗമെങ്കിലും വിശ്വസിച്ചുപോകും. എന്നാല്‍ വിദ്യാര്‍ഥി രാഷ്ടീയത്തെ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ ഒരു ആശ്വാസമായി കരുതാവുന്നതാണ്.
വിദ്യാര്‍ഥി സംഘടനകള്‍
കേരളത്തിലെ ഏതാണ്ട് എല്ലാ ക്യാമ്പസ്സുകളിലും സജീവമാണ് വിദ്യാര്‍ഥിസംഘടനകള്‍. കുപ്രചാരകര്‍ പറയുന്ന പോലെ കേവലം സമരങ്ങള്‍ നടത്തുവാന്‍ മാത്രം രൂപീകരിക്കപ്പെട്ടവയല്ല അവ. അവര്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കേരളത്തില്‍ ഏറ്റവും അധികം വിദ്യാര്‍ഥികള്‍ പിന്തുണക്കുന്ന, വിദ്യാര്‍ഥി പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനകള്‍ തീര്‍ച്ചയായും ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ആണ്. ഇക്കാര്യത്തില്‍ എന്നും എസ്.എഫ്.ഐ എന്ന സംഘടന മുന്‍ പന്തിയില്‍ ഉണ്ട്. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ്, കെ.എസ്.യു, കെ.വി.എസ് തുടങ്ങിയ മതേതര ജനാധിപത്യ കാഴ്ചപ്പാടുള്ള സംഘടനകളില്‍ നിന്നും വിഭിന്നമായി ചില വര്‍ഗ്ഗീയ വിദ്യാര്‍ഥിസംഘടനകളും ക്യാമ്പസ്സുകളില്‍ ഇടം പിടിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. വിദ്യാര്‍ഥി സംഘടനകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ തികച്ചും മതവിശ്വാസത്തില്‍ അതിഷ്ഠിതമായ ആശയങ്ങളുമായി പ്രവര്‍ത്തിക്കുന്ന /സങ്കുചിത മത ചിന്തകള്‍ മുദ്രാവാക്യമാക്കുന്ന സംഘങ്ങള്‍ പലപ്പോഴും അപകടകാരികളാണ്. ഇവര്‍ വിദ്യാര്‍ഥി സമൂഹത്തെ മതപരമായി വേര്‍തിരിക്കുകയും അവര്‍ക്കിടയില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുകള്‍ പാകുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇത്തരം സംഘടനകള്‍ ജനാധിപത്യപരവും സര്‍ഗ്ഗാത്മകവുമായ പ്രവര്‍ത്തനങ്ങളേക്കാള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള കാര്യങ്ങള്‍ക്കായിരിക്കും തീര്‍ച്ചയായും ഈ ആശയഗതികള്‍ വിശാലമായ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ കൊടിക്കീഴില്‍ നിന്നും, ഇടുങ്ങിയതും സാമുദായിക ചിന്തയുടെ ഇരുള് നിറഞ്ഞ ആശയങ്ങളുടെ ലോകത്തേക്ക് വിദ്യാര്‍ഥി സമൂഹത്തെ നയിക്കും. ഇത്തരം സംഘങ്ങള്‍ വളരുന്നത് ജനാധിപത്യമെന്ന വിശാലമായ കാഴ്ചപ്പാടിന് ഒരുനിലക്കും പ്രയോജനകരമാകില്ല.
സമൂഹത്തില്‍ നിന്നും സമുദായത്തിലേക്ക്
സമുദായത്തില്‍ നിന്നും സമൂഹത്തിലേക്ക് സേവനം വികസിപ്പിച്ച ഒരു തലമുറയുടെ പിന്‍ഗാമികള്‍ ഇന്നു സമൂഹത്തില്‍ നിന്നും സമുദായത്തിലേക്ക് ചുരുങ്ങുവാന്‍ നിര്‍ബന്ധിതരായിക്കൊണ്ടിരിക്കുന്നു. അതിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നു. സമുദായങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ അനുദിനം പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. കാരുണ്യവും ദയയും എല്ലാം പ്രസംഗത്തില്‍ ഒതുക്കി, വിദ്യാഭ്യാസത്തെയും ആതുരസേവനത്തേയും കച്ചവടവല്ക്കരിച്ചുകൊണ്ടിരിക്കുന്നു. സമുദായനാമത്തില് പലതും നേടിയെടുക്കുകയും കോഴപ്പണത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ വില്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതാതു സമുദായത്തില്‍ പെട്ടവര്‍ അവരുടെ സമുദായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെ പഠിക്കണം എന്ന് ഉപദേശങ്ങളും പ്രചാരണഘോഷങ്ങളും നടത്തുകയും ചെയ്യുന്നു. മക്കളുടെ “നല്ല ഭാവിയെ“ കരുതിയും മതപഠനത്തിനും മറ്റുമുള്ള സൌകര്യവും പരിഗണിച്ച് പലരും ഇത്തരം വിദ്യാലയങ്ങളില്‍ മക്കളെ ചേര്‍ക്കുന്നു. അന്യസമുദായക്കാരുമായുള്ള ഇടപെടലിനു സാധ്യമാകാതെ വളരുന്ന വിദ്യാര്‍ഥികള്‍ അവിടത്തെ ഇടുങ്ങിയ ചട്ടക്കൂടില്‍ നിന്നും ആര്‍ജ്ജിക്കുന്ന അറിവുമായിട്ടായിരിക്കും പുറത്തുവരിക. ഇതുമൂലം പലപ്പോഴും അവരുടെ മനസ്സില്‍ വിശാലമായ സാമൂഹിക കാഴ്ചപ്പാടിനു പകരം അന്യമത വിദ്വേഷത്തിന്റേയും സമുദായത്തെ മാത്രം മുന്നില്‍ കണ്ടുകൊണ്ടുമുള്ള ഒരു വീക്ഷണവും ആയിരിക്കും ഉണ്ടാകുക. രാജ്യത്തേക്കാള്‍ വലുതാണ് സമുദായം എന്ന സങ്കുചിത ചിന്ത വളരുവാന്‍ സാധ്യതയുള്ള അന്തരീക്ഷത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വരുന്ന സാധാരണ വിദ്യാര്‍ഥിയുടെ, ചിന്തയും ജനാധിപത്യ സങ്കല്പവും സങ്കുചിതമാകാനേ വഴിയുള്ളൂ. കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നതിന്റേയും കാശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് യുവാക്കളെ തീവ്രവാദത്തിനായി റിക്രൂട്ട്മെന്റ് നടത്തുന്നതിന്റേയും വാര്‍ത്തകള്‍ നമ്മെ അലോസരപ്പെടുത്തുന്നു. അരാഷ്ടീയമായ ക്യാമ്പസ്സുകള്‍ ഇത്തരക്കാര്‍ക്ക് വളരെ എളുപ്പം റിക്രൂട്മെന്റ്റ് കേന്ദ്രങ്ങളായി മാറ്റുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.
സ്വന്തം സമൂഹത്തിനും രാജ്യത്തിനും അസ്വസ്ഥതയും ദുരന്തവും നല്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ സമുദായത്തിനോ മതത്തിനോ എന്തു നേട്ടം എന്നു ചിന്തിക്കണമെങ്കില്‍ ഇത്തരക്കാരുടെ നീരാളിപ്പിടുത്തത്തില്‍ നിന്നും കുതറിമാറുവാന്‍ യുവതലമുറയ്ക്കാകണം. ഇന്ന മതത്തില്‍ / സമുദായത്തില്‍ പെടുന്നവന് എന്ന സങ്കുചിതമായ സ്വത്വബോധമല്ല, മറിച്ച് വിശാലമായ വര്‍ഗ്ഗബോധമാണ് യഥാര്‍ത്ഥ ജനാധിപത്യവിശ്വാസിക്ക് ഉണ്ടാകേണ്ടത് എന്നതുപോലെ സമുദായ ബോധമല്ല, മറിച്ച് ജനാധിപത്യ ബോധമാണ് ഒരു ജനാധിപത്യ സമൂഹത്തില്‍ വളര്‍ന്നു വളര്‍ന്നുവരുന്ന തലമുറക്ക് ഉണ്ടാകേണ്ടത്.
ജനവിരുദ്ധ സമരങ്ങള്‍
സമരങ്ങള്‍ക്ക് പൊതുജന പിന്തുണ നഷ്ടപ്പെടുന്നത് പലപ്പോഴും അതിന്റെ ലക്ഷ്യവും രീതിയും ശരിയായ രീതിയില്‍ ആകാതെ വരുമ്പോളാണ്. മനുഷ്യന്റെ സഞ്ചാരത്തിനും സ്വാതന്ത്രത്തിനും വിഘാതം സൃഷ്ടിക്കുകയും സ്വത്തുക്കള്‍ക്കും ജീവനും നാശം ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ അത് ജനവിരുദ്ധ സമരമായി മാറുന്നു. ഇത്തരം സമരങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നും എതിര്‍പ്പു വരിക സ്വാഭാവികമാണ്. അപ്രതീക്ഷിതമായ ബന്ദും ഹര്‍ത്താലും എല്ലാം ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. രാഷ്ടീയപാര്‍ട്ടികളുടെ ഗുണ്ടകള്‍ കൊല്ലപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബന്ദ് പോലെയല്ല രാജ്യത്തിന്റെ പരമാധികാരം സാമ്രാജ്യത്വത്തിനു മുമ്പില്‍ അടിയറ വെക്കുന്നതിന് എതിരായുള്ള സമരങ്ങള്‍. പലപ്പോഴും അത് തിരിച്ചറിയാതെ സമരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രാഷ്ടീയ പ്രസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഇതു തന്നെയാണ് വിദ്യാഭ്യാസ മേഖലയിലും സംഭവിക്കുന്നത്. വിദ്യാഭ്യാസ രംഗത്തെ ചൂഷണത്തിനെതിരെ ഉള്ള സമരം അനിവാര്യമാകുമ്പോള്‍ തന്നെ, കോപ്പിയടിച്ച നേതാവിനെതിരെ നടപടിയെടുക്കുന്ന സര്‍വ്വകലാശാലാ അധികൃതര്‍ക്കെതിരെ നടത്തുന്ന സമരം. ഈ അന്തരം ശരിയായ രീതിയില്‍ മനസ്സിലാക്കി ഔചിത്യപൂര്‍ണ്ണമായി പലപ്പോഴും കൈകാര്യം ചെയ്യപ്പെടാതെ പോകുന്നതും വിദ്യാര്‍ഥിസമരത്തിന്റെ പേരില്‍ വിദ്യാഭ്യാസ സ്ഥാപനത്തെ അടിച്ചുതകര്‍ക്കുന്നതും പലപ്പോഴും വിപരീത ഫലം സൃഷ്ടിക്കുന്നു. ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്ത് കൂടെ കൂടെ പ്രദര്‍ശിപ്പിക്കുകയും അത് ഒരു പരിധിവരെ നീതിന്യായ പീഠങ്ങളെ പോലും സ്വാധീനിക്കുവാന്‍ ഇടവരുത്തുകയും ചെയ്യുമ്പോള്‍, പരാജയപ്പെടുന്നത് ജനാധിപത്യവും വിജയിക്കുന്നത് മുതലാളിത്വവുമാണ്. അവര്‍ എറിഞ്ഞുകൊടുക്കുന്ന ചൂണ്ടക്കുരുക്കില്‍ കൊത്തി പിടയുന്നവരുടെ ദൃശ്യങ്ങളായും ഈ തച്ചുടക്കലുകളെ വ്യാഖ്യാനിക്കാം. അണികള്‍ക്ക് ആവേശം പകരാം, എന്നാല്‍ അവരെ നിയന്ത്രിക്കുവാനും പതിയിരിക്കുന്ന ചതികളെപറ്റിയും മുന്നറിയിപ്പുകൊടുത്ത് ശരിയായ പാതയിലൂടെ അവരെ നയിക്കുവാന്‍ ഇവിടത്തെ വിദ്യാര്‍ഥി / രാഷ്ടീയ നേതൃത്വത്തിനും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ഏതാനും ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ വിദ്യാര്ഥിരാഷ്ടീയത്തെ നിരോധിച്ചും പ്രവര്‍ത്തകരെ വിരട്ടിയും ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ ക്രിയാത്മകവും സര്‍ഗ്ഗാത്മകവും ആക്കി നിലനിര്‍ത്തുകയാണ് വേണ്ടത്. സമരമില്ലാത്ത കലാലയം പ്രതിഷേധമില്ലാത്ത സമൂഹം എന്നത് അരാഷ്ടീയതയിലേക്കാകും നമ്മെ കൊണ്ടെത്തിക്കുക. അതുകൊണ്ടുതന്നെ വിദ്യാര്‍ഥി രാഷ്ടീയത്തെ ഇല്ലാതാക്കണം എന്ന് പറയുമ്പോള്‍ ഒരുനിമിഷം ഓര്‍ക്കുക അരാഷ്ടീയമായ ഒരു സമൂഹം ഏകാതിപത്യത്തിന്റേയും അരാജകത്വത്തിന്റേയും വിളനിലമായിരിക്കും. അവ ഭീകരതയ്ക്ക് സര്‍വസ്വതന്ത്രമായി താണ്ഡവമാടുവാന്‍ ഉള്ള വേദിയുമാകും.

ഈ കൈവെട്ടല്‍ അര്‍ഹിക്കുന്നത് തന്നെ

ബിജുകുമാര്‍ ആലക്കോട്.
ചില സംഘടനകളെ പേരെടുത്തും അല്ലാതെയുമൊക്കെ നമുക്കു വിമര്ശിയ്ക്കാമെങ്കിലും യഥാര്‍ത്ഥ പ്രതികളെ മറന്നു കൊണ്ടൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ടെന്നു കരുതാനാവില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളെ, കൃത്യമായിപ്പറഞ്ഞാല്‍ കേരളീയ സമൂഹത്തില്‍ ദൃശ്യമാധ്യമങ്ങള്‍ സജീവമായി ഇടപെട്ടു തുടങ്ങിയ ശേഷമുള്ള കാലഘട്ടത്തെ ,സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്നവര്‍ക്ക് ഒരു കാര്യം ബോധ്യമാകും. നമ്മുടെ പൊതു സമൂഹത്തിന് അതേവരെയുണ്ടായിരുന്ന മൂല്യങ്ങള്‍ , സഹിഷ്ണുത ഇവയെല്ലാം ക്രമാനുഗതമായി കുറഞ്ഞു വരുന്നു. ഈ താഴോട്ടു പോകലിന് വെള്ളവും വളവും നല്കുന്ന ജോലിയാണ് സെന്‍സേഷണല്‍ ജേര്‍ണലിസത്തില്‍ മുഴുകിയ നമ്മുടെ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
കഴുത്തറപ്പന്‍ മത്സരത്തിനിടയില്‍ അപ്രധാനവും അനാവശ്യവുമായ പ്രാദേശിക സ്വഭാവം മാത്രമുള്ള വാര്‍ത്തകള്‍ പോലും ലോകമാകെ പ്രചരിപ്പിയ്ക്കപ്പെടുന്നു. തുടര്‍ന്ന് ന്യൂസ് റൂമില്‍ വിളിച്ചുള്ള തലനാരിഴ കീറി ചര്‍ച്ച, ഏതു പ്രതിലോമ ചിന്താഗതിക്കാര്‍ക്കും തങ്ങളുടെ ആശയങ്ങള്‍ സുഗമമായി പ്രചരിപ്പിയ്ക്കാനുള്ള അവസരമായി. ജനാധിപത്യമെന്നൊക്കെ പറഞ്ഞു ന്യായീകരിയ്ക്കാമെങ്കിലും, മാധ്യമസ്ഥാപനത്തിന്റെ നിക്ഷിപ്ത താല്പര്യ സംരക്ഷണം എന്നതില്‍ കവിഞ്ഞ യാതൊന്നും ഇതിനു പിന്നിലില്ല. പണ്ട് അച്ചടി മാധ്യമങ്ങളുടെ കാലത്ത്, പരിണിത പ്രജ്ഞരായ പത്രാധിപന്മാര് സമൂഹത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന ആശയങ്ങളെ ഫലപ്രദമായി എഡിറ്റു ചെയ്യുമായിരുന്നു. സാമൂഹ്യബോധമെന്ന അരിപ്പയിലൂടെ മാത്രമേ വാര്‍ത്തകള്‍ വെളിച്ചം കണ്ടിരുന്നുള്ളൂ. ഇന്നോ? യാതൊരു കാര്യവിവരവുമില്ലാത്ത “ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍“ ലൈവായി തങ്ങളുടെ അല്പജ്ഞാനം നമ്മളിലേയ്ക്ക് വിളമ്പിത്തരുന്നു. “ആരാദ്യം പറയും?” എന്നതുമാത്രമാണ് വാര്‍ത്തയുടെ ആധികാരികത എന്ന നില. ഇത്തരം സാഹചര്യത്തില്‍ സമൂഹത്തിലേയ്ക്കു പ്രസരിയ്ക്കുന്ന വാര്‍ത്ത ആളുകളില്‍ കടന്നുകൂടി വിശ്ലേഷണം ചെയ്യപ്പെട്ട്, സാമൂഹ്യബോധമില്ലായ്മയുടെ മേമ്പൊടി കൂടി ചേര്‍ത്ത് പ്രതിലോമകരമായി ഭവിയ്ക്കുന്നു.
ഛിന്ന ഭിന്നമായ മനുഷ്യ ശരീരം പൊതുവില്‍ ബീഭത്സവും ആള്‍ക്കാരില്‍ ഭയം ജനിപ്പിയ്ക്കുന്നതുമാണ്. സംസ്കാരമുള്ള മാധ്യമങ്ങള്‍ - വിദേശങ്ങളില്‍ പ്രത്യേകിച്ചും - ഇത്തരം ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കില്ല. അനിവാര്യമായ സാഹചര്യങ്ങളില്‍ അവ്യക്തമായി മാത്രമേ കാണിയ്ക്കൂ. എന്നാല്‍ നമ്മുടെ നാട്ടില്‍ അത്തരം ഔചിത്യം ഒരു മാധ്യമവും കാണിയ്ക്കില്ല. ദിനംപ്രതി ഇത്തരം ജഡങ്ങളുടെ വവര്ണ്ണ ചിത്രങ്ങള്‍ നമ്മുടെ കണ്ണുകളിലേയ്ക്ക് അവര്‍ തള്ളിക്കയറ്റുന്നു.മുങ്ങിമരിച്ച പെണ്‍കുട്ടിയുടെ നനഞ്ഞൊട്ടിയ മൃതശരീരം ക്ലോസപ്പില്‍ കാണിച്ച മാധ്യമങ്ങളാണിവിടെയുള്ളത്.
ഇത്തരം ഔചിത്യമില്ലായ്മയുടെ ഭാഗമായി മനുഷ്യരുടെ ചിന്താരീതിയില്‍ തന്നെ മാറ്റം വന്നിരിയ്ക്കുന്നു. രക്തത്തോടും ബീഭത്സതയോടുമുള്ള അറപ്പ് അപ്രത്യക്ഷമായിരിയ്ക്കുന്നു. റോഡരുകില്‍ അപകടത്തില്‍ പെട്ടു കിടക്കുന്ന സഹജീവിയെ രക്ഷിയ്ക്കുന്നതിനു പകരം ആ ഭീകരദൃശ്യം മൊബൈലില്‍ പകര്‍ത്തി പിന്നെത്തേയ്ക്കു കൂടി “സേവ്” ചെയ്തുവച്ചിട്ട് കടന്നു പോകുന്ന മാനസികാവസ്ഥയിലേയ്ക്ക് നാം പതിച്ചു കഴിഞ്ഞിരിയ്ക്കുന്നു. വെട്ടിമാറ്റപ്പെട്ട കൈയുടെ വിവിധ ആംഗിളിലുള്ള ക്ലോസപ്പുകള്‍ നാം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടു. ഈയൊരു ദൃശ്യം ആവര്‍ത്തിച്ചു കാണിയ്ക്കുന്നതിലൂടെ എന്താണ് സമൂഹത്തിലേയ്ക്കു അടിച്ചുകയറ്റുന്ന സന്ദേശം? ആഡംബരം അന്തസിന്റെ ലക്ഷണമായാണ് അവതരിപ്പിയ്ക്കപ്പെടുന്നത്. വീട്, വാഹനം, വസ്ത്രം, ആഭരണം, ഭക്ഷണം, അണിഞ്ഞൊരുങ്ങല് തുടങ്ങി എല്ലാം അത്യാവശ്യത്തിന് അല്ലെങ്കില്‍ ആവശ്യത്തിന് എന്ന രീതി മാറി ആഡംബരത്തിന് എന്ന അവസ്ഥയിലേയ്ക്ക് മാറാന്‍ മുഖ്യകാരണക്കാര്‍ ടെലിവിഷന്‍ ചാനലുകളാണ്. ഈ ഓരോ വിഷയത്തിലും വിവിധ ചാനലുകളുടെ പരിപാടി നിങ്ങള്‍ കണ്ടു നോക്കൂ.
ആര്‍ത്തി മുഴുത്ത മത്സരങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്ന രീതി മൂലം എല്ലാവരും വ്യക്തി സ്വത്വത്തിലേയ്ക്ക് ചുരുങ്ങുകയാണ്. തങ്ങള്‍ ജീവിയ്ക്കുന്നത് നേടാന്‍ മാത്രം, നല്കുവാനല്ല എന്ന ചിന്താഗതി രൂഡമൂലമായതോടെ സമൂഹം, ഞാന്‍ - എന്റെ കുടുംബം എന്ന സ്വത്വചിന്തയിലേയ്ക്ക് ഒതുങ്ങി. ഇത്തരം അവസ്ഥയുടെ കൂടപ്പിറപ്പാണ് അരക്ഷിതബോധം. സമൂഹത്തിന്റെ പൊതുബോധത്തില്‍ നിന്നും വ്യക്തി സ്വത്വത്തിലേയ്ക്ക് ചുരുങ്ങിയതോടെ ഉളവായ വിടവിലേയ്ക്കാണ് ജാതി മത ചിന്തകള്‍ പൂര്‍വാധികം ശക്തിയോടെ കയറിക്കൂടിയത്. വിടര്‍ന്നു തിങ്ങി നില്ക്കുന്ന പുഷ്പങ്ങള്‍ വാടി ചുരുണ്ടാല്‍ ഉണ്ടാകുന്ന വിടവിലേയ്ക്ക് ഇരുട്ടു കടന്നു വരുന്ന പോലെ.
സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന ആദര്‍ശ ചിന്തകള്‍ വലതായാലും ഇടതായാലും ഉടച്ചുകളയാന് പുത്തന്‍ മാധ്യമ സംസ്കാരം നല്കിയ സംഭാവന കനത്തതാണ്. ജാതി-മത സ്വത്വ ചിന്തകള്‍ സ്വാധീനിച്ച ഒരു സമൂഹം വര്‍ഗീയ ചിന്തയിലേയ്ക്ക് അടിതെറ്റി വീഴാന്‍ അധിക സമയം വേണ്ട. കേരളത്തെ സംബന്ധിച്ചിടത്തോളം ഈയവസ്ഥയ്ക്ക് അടുത്ത ഉത്തരവാദി ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികളാണ്. വോട്ടുബാങ്കു രാഷ്ട്രീയത്തിനായി വര്‍ഗീയശക്തികളെ പ്രോത്സാഹിപ്പിയ്ക്കാന്‍ രണ്ടു മുന്നണികളും മടിച്ചില്ല. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ഉന്നതിയ്ക്ക് കമ്യൂണിസ്റ്റ് പാര്ടികളോളം സംഭാവന നല്കിയ പ്രസ്ഥാനങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഇന്നത്തെ ഈ ദുരവസ്ഥയ്ക്കും അവരുടെ - വിശേഷിച്ച് സി.പി.എമ്മിന്റെ - സംഭാവന ചെറുതല്ല. മുസ്ലീം ലീഗിനെതിരെ മറ്റു ചില തീവ്ര സംഘടനകളെ ചില ഘട്ടത്തില്‍ പ്രോത്സാഹിപ്പിയ്ക്കാന്‍ ആ പാര്‍ട്ടി തയ്യാറായി. ഏതു പ്രതിലോമ സംഘടനയ്ക്കും ഇടതു പക്ഷ പിന്തുണ നിസ്സാരമല്ലാത്ത അംഗീകാരം നേടിക്കൊടുക്കും. അങ്ങനെ നേടിയ സ്വീകാര്യത ഇവിടെ പല തീവ്രവാദ സംഘടനകളുടെയും വളര്‍ച്ചയ്ക്ക് ഉപകരിച്ചിട്ടുണ്ട്. പാലസ്തീനും ഇറാക്കും കേരളത്തിലെ മുറുക്കാന്‍ കടകളില്‍ പോലും ചര്‍ച്ചാവിഷയമാക്കിയത് ഇടതു പക്ഷമാണ്. അതിന്റെ മാനവിക വശത്തിന്റെ ന്യായം അംഗീകരിയ്ക്കപ്പെടുമ്പോള്‍ തന്നെ, വര്‍ഗീയ മുതലെടുപ്പിന് ഉപയോഗിയ്ക്കാന്‍ ചിലര്‍ക്ക് അത് സാഹചര്യമൊരുക്കിക്കൊടുക്കുകയും ചെയ്തു. കോണ്‍ഗ്രസാകട്ടെ എല്ലാ വര്‍ഗീയതയെയും കൂട്ടുപിടിയ്ക്കാന്‍ മടിച്ചിട്ടില്ല. അനുകൂല പരിസരത്ത് വീഴുന്ന ഒരു തീപ്പൊരിയ്ക്ക് ക്രമേണ ആളി, വലിയ ഒരു തീപിടുത്തമായി മാറാന്‍ കഴിയുന്നപോലെയായി ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകള്‍ .
ഇവിടുത്തെ ജാതി-മത സ്ഥാപനങ്ങളുടെ പങ്കും ലഘൂകരിച്ചു കണ്ടു കൂടാ. സാമ്പത്തിക - രാഷ്ട്രീയ സ്വാധീനമുള്ള ജാതി മത സ്ഥാപനങ്ങള്‍, തങ്ങള്‍ക്കുണ്ട് എന്നവകാശപ്പെടുന്ന വോട്ട് ബാങ്ക് ഉയര്‍ത്തിപ്പിടിച്ചാണ് രാഷ്ട്രീയ പാര്‍ട്ടികളെ വരുതിയ്ക്കു നിര്‍ത്തുന്നത്. ഏതെങ്കിലും ജാതിയ്ക്കോ മതത്തിനോ (എന്നു വച്ചാല്‍ സംഘടനകള്‍ക്ക്) അനിഷ്ടകരമായ നിസ്സാരസംഭവം പോലും പര്‍വതീകരിച്ച് കൊട്ടിഘോഷിയ്ക്കാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ്. അതേ സമയം തന്നെ, രാഷ്ട്രീയ ബോധത്തെ പരിഹസിയ്ക്കാനും തരം താഴ്ത്താനും ഇതേ മാധ്യമങ്ങള്‍ മത്സരിയ്ക്കുന്നു. തല്‍ഫലമായി സാമൂഹ്യ ആദര്‍ശങ്ങള്‍ മോശമെന്നും ജാതി - മത സ്വത്വ ചിന്തകള്‍ കൊള്ളാമെന്നുമുള്ള അരാഷ്ട്രീയ പൊതു ബോധ്യനിര്മ്മാണമാണ് നടക്കുന്നത്.
നേരത്തെ പറഞ്ഞ വ്യക്തിസ്വത്വത്തിലേയ്ക്ക് ജാതി - മത സ്വത്വചിന്തകള്‍ കൂടി ഇഴചേര്ക്കപ്പെടുന്നതോടെ സമൂഹത്തിന്റെ വിഭജനം പൂര്‍ത്തിയാവുന്നു. ഇത്തരം ആപല്‍ക്കരമായ അവസ്ഥയിലെത്തിയ സമൂഹത്തെ ജാതി - മത ശക്തികള്‍ക്ക് വളരെ നിസ്സാരമായി നിയന്ത്രിയ്ക്കാവുന്നതേയുള്ളു. ഈ ജാതി-മത ശക്തികള്‍ മിക്കതിനും അന്താരാഷ്ട്ര പിന്തുണയുമുണ്ട്. ഇവിടെ വിപണനം ചെയ്യപ്പെടുന്ന ആശയങ്ങള്‍ പലതും ഇറക്കുമതിയാണ്. ആശയത്തോടൊപ്പം ആവശ്യത്തിനു പണവും എത്തുന്നു. മറ്റൊരു ദേശത്തിന്റെ അടയാളങ്ങളായ - കാലാവസ്ഥക്കനുസൃതമായ - വസ്ത്രധാരണ രീതിയും സംസ്കാരവും ഇവിടെ അടിച്ചേല്പ്പിയ്ക്കപ്പെടുന്നു.
ഇത് ഇന്ത്യയ്ക്കുള്ളിലും നടക്കുന്നുണ്ട്. നമുക്ക് ഇന്നലെ വരെ അപരിചിതങ്ങളായ ഉത്സവങ്ങള്‍, ആചാരങ്ങള്‍ ഇവയൊക്കെ ഇവിടേക്ക് വന്നുകൊണ്ടിരിയ്ക്കുന്നു. വിവിധ ജാതി - മതസ്ഥര്‍ ഒന്നു പോലെ കൊണ്ടാടിയിരുന്ന പ്രാദേശിക ആഘോഷങ്ങള്‍ അനാചാരങ്ങളും മത വിരുദ്ധവുമായി മുദ്രകുത്തപ്പെടുമ്പോള്‍ ഒരു സാമൂഹ്യ അപനിര്മ്മിതിയാണവിടെ സംഭവിയ്ക്കുന്നത്. ഒന്നായി ഇഴ ചേര്‍ന്നിരുന്ന മനസ്സുകളെ ഇഴപിരിയ്ക്കല് . എല്ലാവരും തങ്ങള്‍ ഇരകളാണെന്ന് അനുനായികളെ പഠിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. ന്യൂനപക്ഷം പറയുന്നു തങ്ങള്‍ ഭൂരിപക്ഷത്തിന്റെ ഇരകളാണെന്ന്. ഭൂരിപക്ഷം പറയുന്നു തങ്ങള്‍ ന്യൂനപക്ഷത്തിന്റെ ഇരകളാണെന്ന്. അളവറ്റ സമ്പത്തും സ്ഥാപനങ്ങളുമുള്ള മത സ്ഥാപനങ്ങള്‍ പറയുന്നു തങ്ങള്‍ ഭരണകൂടത്തിന്റെ ഇരകളാണെന്ന്. യഥാര്‍ത്ഥ ഇരകളായ പട്ടിണിപ്പാവങ്ങളുടെ രോദനം ആര് കേള്‍ക്കാന്‍ ?
പൊതുസമൂഹവസ്ത്രത്തില്‍ നിന്നും ഓരോ നിറമുള്ള നൂലുകളും വലിച്ചൂരിയെടുക്കുന്നതോടെ വസ്ത്രം ഇല്ലാതാവുന്നു. പിന്നെ ആ നൂലുകള്‍ കൂടിച്ചേര്‍ന്ന് തനതായ നിറമുള്ള കയറായി മാറുന്നു. എന്നിട്ടോരോ കയറും സമൂഹജീവിയായ സാധാരണ മനുഷ്യന്റെ കഴുത്തില്‍ ചുറ്റും. അവസാനം അവനിലെ സാമൂഹ്യബോധം ശ്വാസംമുട്ടി മരിയ്ക്കും. ഇങ്ങനെ മരിച്ച മനുഷ്യനാണ് അന്യമതത്തെ ദ്വേഷിച്ച് ചോദ്യം എഴുതി വിടുന്നതും അതിനു മറുപടിയായി അവന്റെ കൈവെട്ടിയെടുക്കുന്നതും.
ഈ കൈവെട്ടല്‍ നമ്മുടെ സമൂഹം അര്‍ഹിയ്ക്കുന്നുണ്ട്. ഇവിടെ നീതിമാന്മാര് ചമയുന്ന ആരും ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാകുന്നില്ല. ചെയ്തത് ഏതു സംഘടനയായാലും ഇവിടെയ്ക്കെത്തിച്ചതില് എല്ലാവരും കുറ്റവാളികളാണ്.
“സ്ഫടികം“ സിനിമയില്‍ ആടു തോമ അപ്പന്റെ കുപ്പായക്കൈ വെട്ടുന്നുണ്ട്. അവനെ ആ അവസ്ഥയിലെത്തിച്ചതില്‍ അപ്പന്റെ സ്ഥാനം ഒന്നാമതാണ്. ആ അപ്പനോട് അവന്റെ അധ്യാപകന് പറയുന്നു:- “ഇന്നവന് കൈവെട്ടി. നാളെ കഴുത്തു വെട്ടും. സൂക്ഷിച്ചൊ” എന്ന്. ഈ മുന്നറിയിപ്പ് ആരും മറക്കാതിരിയ്ക്കട്ടെ .
തിരികെ നടക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ല. പതിയ്ക്കാനിരിയ്ക്കുന്ന പടുകുഴിയുടെ ആഴം ഇപ്പോഴെങ്കിലും ബോധ്യമായിട്ടുണ്ടെങ്കില്‍ കേരളമേ നീ തിരികെപ്പോ!

നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 12

സജി മാര്‍ക്കോസ്

സോബക്ക് ദേവന്റെ ഉദയം അങ്ങിനെയാണ്. മനുഷ്യന്റെ ഉടലും ചീങ്കണ്ണിയുടെ തലയുമാണ് സോബെക്കിന്റേത്.
ഈ ക്ഷേത്രം പണികഴിപ്പിച്ചത്, തുത്തുമോസ് മൂന്നാമനാണെന്നു ചരിത്രം പറയുന്നു. ക്ഷേത്രത്തിന്റെ കിഴക്കു വശം സോബക്കിനും ഭാര്യ കാതറിനും വേണ്ടിയും പടിഞ്ഞാറു ഭാഗം ഹോറസ് ദേവനും പത്നി നിഫറത്തിനും വേണ്ടിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.
സോബക് എന്ന ചീങ്കണ്ണി ദേവന്റെ, ഏറ്റവും പ്രശ്സതമായ ക്ഷേത്രമാണ് കോംമംമ്പോയിലുള്ളത്. ചീങ്കണ്ണികളെ വളര്‍ത്തുന്നതിനു വിശാലമായ കുളങ്ങള്‍ സോബക് ക്ഷേത്രത്തിന്റെ അങ്കണത്തില്‍ പണിയാറുണ്ട്. ചത്തുപോയ ചീങ്കണ്ണികളെ മമ്മിഫിക്കേഷന് നടത്തി സൂക്ഷിക്കുന്നതും, പ്രത്യേകമായി തയ്യാറാക്കിയ സിമിത്തേരിയില്‍ അടക്കുന്നതും അക്കാലത്തെ ആചാരമായിരുന്നുവത്രേ! ചീങ്കണ്ണി മമ്മികള്‍ അടക്കം ചെയ്തിരുന്ന മണ്ശവപ്പെട്ടികള് ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്നു.

മറ്റു പുരാതന ഈജിപ്ഷ്യന്‍ ക്ഷേത്രങ്ങളുടേതുപോലെ വലിയ മതിലും വാതിലുകളും കൊമംബോ ക്ഷേത്രത്തിനുണ്ടായിരുന്നില്ല. കല്ലുപാകിയ മുറ്റം കടന്നു അകത്തേയ്ക്കു പ്രവേശിക്കുമ്പോള്‍ കല്ലില്‍ കൊത്തിയ പതിനഞ്ചു കൂറ്റന്‍ തൂണുകളാണ് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ ദൃശ്യമാവുന്നത്.

ഓരോ തൂണിന്റെ മുകളിലും താമരയിതള് പോലെയുള്ള ചില കൊത്തുപണികള്‍ നടത്തി മനോഹരമാക്കിയിരിക്കുന്നു. മാത്രമല്ല, ചുവരിലുകളിലും തൂണുകളിലുമെല്ലാം സോബക്കിന്റേയും മറ്റു ദേവന്മാരുടെയും ധാരാളം ചിത്രങ്ങളും കൊത്തി വച്ചിട്ടുണ്ടായിരുന്നു.
വലിയ തൂണുകളെ തമ്മില്‍, ഒറ്റക്കല്ലില്‍ കൊത്തിയ തുലാം കൊണ്ട് ബന്ധിച്ചിരുന്നു. ക്ഷേത്രത്തിന്റെ അകത്തേയ്ക്കു പ്രവേശിക്കുമ്പോള്‍ വിശാലമായ നടുത്തളവും ചുറ്റുമതിലും കാണാന്‍ കഴിയും. ക്ഷേത്രത്തിന്റെ മേല്‍ക്കൂര ഏതാണ്ടു പൂര്‍ണ്ണമായും നശിച്ചു പോയിരിക്കുന്നു.
എല്ലാം സാവധാനം ചുറ്റിനടന്നു കണ്ടു.
സയ്യിദിന്റെ കൂട്ടുകാരനായ ഗൈഡിനെ ബുദ്ധിമുട്ടിക്കാതെ കഴിയുന്നിടത്തോളം തനിയെ നടന്ന് കാര്യങ്ങള്‍ മനസിലാക്കി. അദ്ദേഹം, കൂടെയുണ്ടായിരുന്ന വലിയൊരു കൂട്ടം പോളണ്ടുകാരെ ചരിത്രവും കഥകളും പറഞ്ഞു മനസിലാക്കുന്നതിനുള്ള തിരക്കില്‍ ആയിരുന്നു.
സന്ദര്‍ശനം മതിയാക്കി തിരിച്ചു പോരുന്നതിനു മുന്‍പ് ചിത്രങ്ങള്‍ ഏടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ ക്യാമറയുടെ ഓട്ടോ ഫോക്കസ് സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. സാമാന്യം തരക്കേടില്ലാത്ത ഒരു ക്യാമറ കൈവശമുണ്ടെങ്കിലും അതു വേണ്ട വിധം ഉപയോഗിക്കുവാന്‍ ഇതു വരെ പഠിച്ചുരുന്നില്ല. എപ്പോഴും ആശ്രയിക്കുന്ന ഓട്ടോ ഫോക്കസ് പ്രവര്‍ത്തിക്കുന്നതുമില്ല. അറിയാവുന്ന ബട്ടണുകളൊക്കെ തിരിച്ചു നോക്കി.മറ്റു സന്ദര്‍ശകരൊക്കെ ചുറ്റി നടന്നു കാണുമ്പോള്‍ ഞാന്‍ ക്യാമറയുമായി മല്‍പ്പിടുത്തം തുടര്‍ന്നു കൊണ്ടിരുന്നു. ചിത്രങ്ങള്‍ ഒന്നും നന്നായി പതിയുന്നില്ല. ആകെ നിരാശനായി ചുറ്റും നോക്കുമ്പോള്‍ അതാ ഒരാളുടെ കൈയ്യില്‍ ഇതേ തരം ക്യാമറ. എന്തായാലും അദ്ദേഹം എന്നെപ്പോലെ ക്യാമറയുടെ ബാലപാഠം പോലും അറിയാത്തവനായിരിക്കില്ല. കണ്ടിട്ടു ജപ്പാന്‍കാരനാണെന്നു തോന്നുന്നു. സന്തോഷത്തോടെ അടുത്തു ചെന്നിട്ടു ലോഹ്യഭാവത്തില്‍ അഭിവാദ്യം ചെയ്തു.
"ഹല്ലോ ഗുഡ് മോര്‍ണിങ്"
"നോ ഇംഗ്ലിഷ്.., നോ ഇംഗ്ലിഷ്.."
വലിയ താല്പര്യമില്ലാതെ അദ്ദേഹത്തിന്റെ മറുപടി. ഇംഗ്ലീഷ് അറിയത്തില്ലത്രേ!
അദ്ദേഹത്തെ കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്ക്കൂളില്‍ കൊണ്ടെവിടണമെന്നു തോന്നി. ഇംഗ്ലീഷു പറയാത്തതുകൊണ്ട് തല മൊട്ടയടിച്ചു ഇമ്പോസിഷന്‍ എഴുതുന്ന ജപ്പാന്‍കാരന്റെ രൂപം മനസില്‍ സങ്കല്‍പ്പിച്ച് സമാധാനിച്ചു.
എങ്കിലും പിന്തിരിയാന് തയ്യാറല്ലായിരുന്നു. ആവുന്ന രീതിയില്‍ ആംഗ്യഭാഷയും മലയാളവും ഇംഗ്ലീഷും കൂട്ടിക്കുഴച്ച് കാര്യം മനസിലാക്കന്‍ ശ്രമിച്ചു നോക്കി. എന്തോ സഹായ അഭ്യര്ത്ഥനയാണെനു അദ്ദേഹത്തിനു മനസിലായി. അതുകൊണ്ടു തന്നെ ഏതു വിധേനയും എന്നെ ഒഴിവാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. അവസാനത്തെ ശ്രമമെന്ന നിലയില്‍ എന്റെ ക്യാമറ തൊട്ടു കാണിച്ചിട്ടു അദ്ദേഹത്തിന്റെ ക്യാമറയെ തോടാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം തന്റെ ക്യാമറ പുറകിലൊളിപ്പിച്ചു മാറിനിന്നു എന്നെ തുറിച്ചു നോക്കി.
കാര്യത്തിന്റെ പുരോഗതി അപകടത്തിലേക്കാണെന്നു മനസിലാക്കി ഞാന്‍ പതിയെ പിന്‍വലിഞ്ഞു. ക്യാമറ നന്നാക്കാന്‍ കഴിയാത്തിലുള്ള ദേഷ്യവും, അതിലുപരി തെറ്റുദ്ധരിക്കപ്പെട്ടതിലുള്ള വിഷമവും നിമിത്തം ദൂരെ മാറിനിന്നും അവസാനത്തെ ശ്രമം നടത്തി നോക്കി. ശരിയാവുന്നില്ല. ക്യാമറ അലക്ഷ്യമായി പിടിച്ചി തിരിച്ചു കേടുവരുത്തുന്ന നിലയിലേയ്ക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു.
അപ്പോള്‍ ആരോ പിന്നില്‍ നിന്നും തോണ്ടി വിളിക്കുന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ ആ ജപ്പാന്കാരന്. അദ്ദേഹം ദൂരെ നിന്നും ഞാന്‍ ചെയ്യുന്നതു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്യാമറയ്ക്കു കേടു പറ്റിയിരിക്കുന്നു എന്നു അദ്ദേഹത്തിനു മനസിലായി എന്നു തോന്നുന്നു. എന്നോടു ഒന്നും ചോദിച്ചിക്കാതെ ക്യാമറ വാങ്ങിച്ചു. ചോദിച്ചിട്ടും കാര്യമില്ല. ഇംഗ്ലീഷിലെ മെനു വായിക്കാനറിയാത്തതുകൊണ്ട്, ഓരോ സെറ്റിംഗും അദ്ദേഹത്തിന്റെ ക്യാമറയില്‍ ചെയ്തിട്ടു അതുപോലെ എന്റെ ക്യാമറയിലും ചെയ്തു നോക്കി. എന്തൊക്കെയോ ചെയ്തിട്ടും ശരിയാകുന്നില്ല. ഒരു നിമിഷം ആലോചിച്ചുനിന്നിട്ടു അദ്ദേഹം ക്യാമറയുടെ ലെന്‍സ് അഴിച്ചെടുത്തിട്ട് വീണ്ടും ഫിറ്റ് ചെയ്തു. ഫോട്ടോയെടുത്തു നോക്കി. ക്യാമറ ശരിയായിരിക്കുന്നു. സമാധാനമായി.
ചിരിച്ചു, നന്ദി പറഞ്ഞ് അദ്ദേഹത്തോട് യാത്ര പറഞ്ഞു പിരിഞ്ഞു. ക്യാമറയ്ക്കെന്തു പറ്റിയാലും ഉടന്‍ തന്നെ ലെന്‍സ് അഴിച്ചെടുക്കുന്ന ശീലം അന്നു തുടങ്ങിയതാണ്. ഇന്നും തുടരുന്നു.
നീലോമീറ്റര്‍
പുരാതന ഈജിപ്റ്റുകാരുടെ ജീവിതത്തില്‍ നൈല്‍ നദിയുടെ സ്ഥാനം വളരെ വലുതായിരുന്നു. നദിയിലെ വെള്ളപ്പൊക്കത്തില്‍ കരയിലടിയുന്ന എക്കല്‍ മണ്ണില്‍ വളരുന്ന കാര്‍ഷിക വിളകളായിരുന്നു അക്കാലത്തെ പ്രധാന ഭക്ഷണവും വരുമാന മാര്‍ഗ്ഗവും. അതുകൊണ്ടുതന്നെ നദിയിലെ വെള്ളപ്പൊക്കത്തിന്റെ തോത് നിശ്ചയിക്കുന്നതും അതു രേഖപ്പെടുത്തി വയ്ക്കേണ്ടതും അത്യാവശ്യമായിരുന്നു. മാത്രമല്ല, പുരാതന ഈജിപ്റ്റിലെ വര്‍ഷത്തിന്റെ ആദ്യ മാസം നൈലിലെ വെള്ളപ്പൊക്കത്തില്‍ നിന്നുമാണ് കണക്കു കൂട്ടിയിരുന്നത്. നദിയിലെ വെള്ളപ്പൊക്കത്തിന്റെ അളവു നിര്‍ണ്ണയിക്കുന്നതു പുരാതന ഈജിപ്റ്റുകാര്‍ ഉപയോഗിച്ചിരുന്ന സംവിധാനമാണ് നീലോമീറ്റര്‍.
പടികള്‍ കെട്ടിയ കിണറിന്റെ രൂപത്തിലൊ, ആഴത്തിലേയ്ക്കു തുരങ്കം പോലെയോ കുഴിച്ച്, അതിന്റെ വശങ്ങളില് ഓരോ ദിവസത്തേയും ജല നിരപ്പ് അടയാളപ്പെടുത്തി വയ്ക്കുമായിരുന്നു. കാര്‍ഷിക വിളയും അതു മൂലം ജനങ്ങളുടെ വരുമാനവും ജല നിരപ്പിനെ അടിസ്ഥാനപ്പെടുത്തി ആയിരുന്നതിനാല്‍ ഫറവോമാര്‍ നികുതി പിരിക്കുന്നതിനുള്ള സൂചകമായി ഉപയോഗിച്ചിരുന്നതും നീലോ മീറ്ററുകളെയാണ്. കൂടുതല്‍ മഴകിട്ടി വെള്ളം പൊങ്ങുന്ന വര്‍ഷം കൂടുതല്‍ നികുതി പിരിക്കുമായിരുന്നു പോലും.

കിണറിന്റെ രൂപത്തിലുള്ള ഒരു നീലോമീറ്റര്‍ കൊംമംബോ ക്ഷേത്രത്തിന്റെ മുറ്റത്ത് സ്ഥാപിച്ചിട്ടുണ്ട്
ഞങ്ങള്‍ ക്ഷേത്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തു കടന്നു. വെളിയില്‍ നല്ല സുഖമുള്ള ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ക്ഷേത്രം ഒരു ചെറിയ മലയുടെ മുകളിലാണ് പണിതിരിക്കുന്നത്. മലയുടെ വശങ്ങളിലൂടെ കരിങ്കല്‍ പാകിയ വഴിയിലൂടെ ഞങ്ങള്‍ നടന്നു. താഴെ നൈല്‍ നദിയില്‍ യാത്രക്കാര്‍ വന്ന നിരനധി ക്രൂസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ക്ഷേത്രത്തിന്റെ ചുറ്റും ആള്‍പ്പാര്‍പ്പില്ലാത്ത നിരന്ന മണല്‍ പരപ്പ്. മറ്റു ഈജിപ്ഷ്യന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളേക്കാള്‍ റോഡും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
ഏതൊക്കെയോ നാട്ടില്‍ നിന്നും വന്ന സഞ്ചാരികള്‍ വഴിയിലൂടെ നടക്കുന്നുണ്ടായിരുനു. എങ്കിലും മറ്റു സ്ഥലങ്ങിലേതുപോലെ, തിരക്കില്ലാത്ത ശാന്തമായ അന്തരീക്ഷം. ജനവാസം കുറഞ്ഞ പ്രദേശത്താണ് ക്ഷേത്രമെന്നു തോന്നുന്നു. ഞങ്ങള്‍ക്കു വിശന്നു തുടങ്ങി. ക്രൂസിലേയ്ക്കു തിരിച്ചു നടന്നു. റസ്റ്റോറന്റില്‍ തിരക്കു കുറഞ്ഞിരിക്കുന്നു.
പ്രഭാത ഭക്ഷണം കഴിഞ്ഞു പുറത്തു വന്നപ്പോഴേയ്ക്കും ക്രൂസ് പുറപ്പെടുന്ന സമയമായിരിക്കുന്നു.
ആദ്യമായി ഡെക്കിലേയ്ക്ക് ഒന്നു പോകാമെന്നു എഡ്വിന്റെ ആവശ്യം പരിഗണിച്ച് ഞങ്ങള്‍ മുകളിലേയ്ക്കള്ള പടികള്‍ കയറി.
മുകളില്‍ ചെന്നപ്പോള്‍ ആശ്ചര്യം തോന്നി. സ്വിമ്മിംഗ് പൂളും ചുറ്റുമുള്ള കസേരകളും ഇതിനകം നിറഞ്ഞു കഴിഞ്ഞിരുന്നു.
റബ്ബര്‍ ഷീറ്റു ഉണങ്ങാന്‍ ഇട്ടിരിക്കുന്നതുപോലെ മദാമ്മമാരെ വെയിലില്‍ ഉണങ്ങാന്‍ നിരത്തിയിട്ടിട്ടു സായിപ്പന്മാര് കള്ളുകുടിച്ചു രസിക്കുന്നു.
ഉറക്കെയുള്ള പൊട്ടിച്ചിരികളും വര്‍ത്തമാനവും. എങ്കിലും ആരും ആരേയും ശല്യപ്പെടുത്തുന്നില്ല. എല്ലാവരും രാവിലെ തന്നെ മദ്യപാനം ആരംഭിച്ചിരിക്കുന്നു. കൂട്ടത്തില്‍ മദ്യപിക്കുന്ന സ്ത്രീകളും കുറവല്ല. ഇത്രയും നമ്മുടെ നാട്ടുകാര്‍ ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ രംഗം ഇങ്ങനെ ആയിരിക്കുകയില്ലല്ലോ എന്നു ഓര്‍ക്കാതിരുന്നില്ല. ഒരു പക്ഷേ മദ്യം അകത്തു ചെന്നാല്‍ മലയാളിയോടും സായിപ്പിനോടും പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയില്‍ ആയിരിക്കും!!
ഞങ്ങള്‍ ഒരു കോണില്‍ സ്ഥാനം പിടിച്ചു. മദാമ്മമാരുടെ വസ്ത്രം കണ്ടപ്പോള്‍ ഐറിനും വാശി. അങ്ങിനെ തന്നെ വെയിലില്‍ കിടക്കണം. സ്കൂളില്‍ പോയിത്തുടങ്ങിയില്ലെങ്കിലും കിടന്നു കൊണ്ട് വായിക്കുകവാന് പുസ്തകവും വേണം. അനുസരിക്കുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു.
പൊതുവേ വായന പ്രിയനായിരുന്ന എഡ്വിന് ഒരു പുസ്തകവുമായി ഡോക്കില്‍ തണലുള്ള ഭാഗത്തു കൂടി.
ഞങ്ങള്‍ക്ക് തൊട്ടുപിന്നില്‍ മറ്റൊരു ക്രൂസും വരുന്നുണ്ടായിരുന്നു.
ചുറ്റുമുള്ള കാഴ്ചകള്‍ കണ്ടും നൈലിന്റെ സൗന്ദര്യം ആസ്വദിച്ചും സമയംപോകുന്നതറിഞ്ഞില്ല. ഉച്ചഭക്ഷണത്ത്നുള്ള ബെല്‍ അടിച്ചപ്പോഴാണ് സമയത്തേക്കുറിച്ച് ചിന്തിച്ചത്. ഭക്ഷണ ശേഷം ഞങ്ങള്‍ ക്യാംബിലേയ്ക്കു പോയി. വൈകുന്നേരത്തോടെ ഇദ്ഫു പട്ടണത്തില്‍ എത്തിച്ചേരും, അവിടെ മുതല്‍ സെയിദും ഞങ്ങളൊടൊപ്പം വീണ്ടും ചേരും എന്നു പറഞ്ഞിരിന്നു.
രാത്രിവരെയും പുറത്തു പോയി ഇദ്ഫു പട്ടണത്തിലൂടെ സഞ്ചരിക്കുവാന്‍ സാവകാശമുണ്ടെന്ന് സയിദിന്റെ സ്നേഹിതന് അറിയിച്ചു. രാത്രി താമസിച്ചു മാത്രമേ ഇദ്ഫുവില് നിന്നും ക്രൂസ് പുറപ്പെടുകയുള്ളൂ.
ഞങ്ങള്‍ ക്യാബിന്റെ കര്ട്ടന് നീക്കി പുറത്തേക്കു നോക്കി. മനുഷ്യവാസത്തിന്റെ ലക്ഷണമൊന്നും ഇല്ല. സാമാന്യം നല്ല വേഗതിയിലായിരുന്നു ക്രൂസിന്റെ സഞ്ചാരം. ഞങ്ങളുടെ ക്യാബിനിലെ ജനാലയ്ക്ക് ജല നിരപ്പില്‍ നിന്നും ഏതാണ്ട് മൂന്ന് അടിയില്‍ കൂടുതല്‍ ഉയരമില്ലായിരുന്നു. വശങ്ങളിലേയ്ക്കു വെള്ളം തെറിയ്ക്കുന്നതും നോക്കി അല്പ സമയം ഇരുന്നു.
ഈജിപ്റ്റിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകം അലക്സാണ്ഡ്രിയായില് നിന്നും വാങ്ങിയിരുന്നു. അടുത്ത പട്ടണത്തില്‍ എത്തുന്നതു വരെ അതുമായി കൂടുവാന്‍ തീരുമാനിച്ചു. ക്ഷീണിതരായ എഡ്വിനും ഐറിനും ഉറങ്ങിത്തുടങ്ങി.
(അടുത്ത ലക്കത്തില്‍ ഇദ്ഫു വിശേഷങ്ങള്‍......)
മുറികൂടാത്ത മുറിവുകള്‍
രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും സുഹൃത്തെഴുതുന്നു. “സുഗതകുമാരി ടീച്ചര്‍ സൂര്യ കൃഷ്ണമൂര്‍ത്തി സാറിന് കൊടുത്ത രണ്ടുപദേശങ്ങള്‍ . ഒന്ന് - ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ കരയരുത്. ദഹിപ്പിക്കുന്നിടത്ത് തീയും ജലവും ഒരുമിച്ച് വരരുത്. രണ്ട് - ചിതാഭസ്മം ഒഴുക്കുമ്പോളും കരയരുത്. ദേഹി പരലോകത്തേക്ക് യാത്രയാകുന്നത് ഓളങ്ങളില്ലാത്ത പരപ്പിലൂടെയാണ്. ഒരു തുള്ളി കണ്ണുനീര് മതിയാകും ഓളങ്ങളുണ്ടാക്കാന്‍ . ഓളങ്ങള്‍ ദേഹിയുടെ ദിശ തെറ്റിക്കും. ‘മുറിവുകള്‍ ‘ വായിക്കുന്നതൊക്കെ കൊള്ളാം. പക്ഷെ അത് വായിച്ചുകിടന്ന് ഉറങ്ങിപ്പോകരുത്. ഉറക്കം തൂങ്ങുമ്പോള് പുസ്തകം നെഞ്ചിലേക്ക് വീണാല്‍ അതിലെ പൊള്ളുന്ന അനുഭവങ്ങളുടെ / മുറിവുകളുടെ ഭാരം ചിലപ്പോള്‍ നെഞ്ചകം താങ്ങിയെന്ന് വരില്ല.“
വായിച്ച് കഴിഞ്ഞപ്പോഴേക്കും ഉഷ്ണിക്കുന്നതു പോലെ തോന്നി, ഇവിടെ ഏപ്രിലിലെ മഞ്ഞുകാലത്തും. പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥകളെ “എന്തോ പോലൊരു തോന്നൽ” എന്നാണ് ഞാൻ പറയുക. ഇതും അതുപോലൊന്നായിരുന്നു. സുഗതകുമാരി ടീച്ചറിന്റെ വാക്കുകൾ മനസ്സിൽ തിണർത്ത് തിണർത്ത് വരുന്നു. മായ്ക്കാൻ ശ്രമിക്കും തോറും തിണർപ്പുകളടർന്നുള്ള നീറ്റൽ. മുറിവുകൾ വായിക്കണമെന്ന് അപ്പോൾ തന്നെ തീരുമാനിച്ചുറച്ചു.
2. കുറച്ച് ദിവസങ്ങൾക്കു മുൻപാണ് സൂര്യ കൃഷ്ണമൂർത്തിയുടെ മുറിവുകൾ കൈയിൽ കിട്ടിയത്. ഒറ്റ ഇരുപ്പിലിരുന്ന് ഒന്നും വായിക്കുന്ന ശീലം പണ്ടേ ഇല്ല. പഠിക്കുവാനുള്ളതായാലും, കഥയായാലും, കവിതയായാലും നോവലായാലും എന്തും മെല്ലെ മെല്ലെ ഓരോ താളുകളായി വായിക്കലാണ് ശീലം. കണ്ണുണ്ടായാൽ പോര കാണണം, കണ്ടാൽ പോര കണ്ടതെന്തെന്ന് മനസ്സിലാക്കുവാൻ ഒരു വിഫലശ്രമമെങ്കിലും നടത്തണം എന്നൊരു കുഞ്ഞ് വാശി ഉള്ളിൽ ഉള്ളതിനാലാകണം. എന്നാലും മുറിവുകൾ ഒറ്റയിരുപ്പിൽ വായിച്ച് തീർക്കണമെന്നോർത്തു. പക്ഷേ കഴിഞ്ഞില്ല, ഒറ്റയിരുപ്പിലുള്ള വായനാശീലം ഇല്ലാത്തതിനാലായിരുന്നില്ല അത്...
ഓർമ്മകൾ ചികഞ്ഞു നോക്കുമ്പോൾ സൂര്യ കൃഷ്ണമൂർത്തിയെ കുറിച്ച് ആദ്യമായി വായിക്കുന്നത് സൂര്യ ഫെസ്റ്റിവലിനെ കുറിച്ചുള്ള പത്രവാർത്തകളിലായിരുന്നു. ആദ്യമായി കേൾക്കുന്നത് ദൂരദർശനിലെ മലയാളം വാർത്തയിൽ സൂര്യ ഫെസ്റ്റിവെൽ കവർ ചെയ്യുന്നത് കേട്ടപ്പോഴും. അന്ന് എട്ടോ ഒൻപതോ വയസ്സുണ്ടായിരുന്നിരിക്കണം. ഇന്നുവരെ ഒരിക്കല്‍പ്പോലും സൂര്യ ഫെസ്റ്റിവൽ നേരിട്ട് കണ്ടിട്ടില്ല, സൂര്യ കൃഷ്ണമൂർത്തി എഴുതി സംവിധാനം ചെയ്ത ദൃശ്യകാവ്യങ്ങളും.
ബുക്കിന്റെ സമർപ്പണം ആദ്യം ശ്രദ്ധയാകർഷിച്ചു. “ജീവിതത്തിന്റെ മുറിവുകൾ ഏറെ ഏറ്റുവാങ്ങിയിട്ടുള്ള ‘അഭയ’യിലെ അന്തേവാസികൾക്ക് ഈ ‘മുറിവുകളിൽ’ നിന്നുള്ള വരുമാനം ഞാൻ സമർപ്പിക്കുന്നു - സൂര്യ കൃഷ്ണമൂർത്തി”.
മുപ്പത്തിയഞ്ച് വർഷം മുൻപ് തുടക്കമിട്ട കലാസാംസ്കാരിക സംഘടനയാണ് ‘സൂര്യ‘ (ഇതിനു ശേഷമാണ് നടരാജ കൃഷ്ണമൂർത്തിയെന്ന ഐ.എസ്സ്.ആർ.ഒ ശാസ്ത്രജ്ഞന് നമുക്ക് സൂര്യ കൃഷ്ണമൂർത്തി ആകുന്നത്), ഇരുപത്തിരണ്ട് രാജ്യങ്ങളിലായി ചാപ്റ്ററുകളുള്ള ‘സൂര്യ‘. ഇരുപത്തിരണ്ട് രാജ്യങ്ങളിൽ ഒന്നിൽ പോലും സ്വന്തമായി ഒരോഫീസോ സ്ഥിരം ശമ്പളം പറ്റുന്ന ജീവനക്കാരോ ഇല്ലാത്ത ‘സൂര്യ’. ഒരു കാശുപോലും പ്രതിഫലമിച്ഛിക്കാതെ സ്വമനസ്സാലെ സേവനമനുഷ്ഠിക്കുന്ന, ഒരു പറ്റം കലാസ്നേഹികളാണ് ‘സൂര്യ’യെന്ന സംഘടനയെ സാധ്യമാക്കുന്നത്. അതിന്റെ അമരക്കാരനിൽ നിന്നും ഇങ്ങനെ ഒരു വരി വായിക്കുന്നതിൽ അൽഭുതപ്പെടാനൊന്നുമില്ലെന്ന് മനസ്സ് പറഞ്ഞു.
3. നമ്മളൊരോരുത്തരും ജീവിതത്തിൽ ചെറുതും വലുതുമായ പലതരം മുറിവുകൾ ഏറ്റുവാങ്ങിയവരാവാം. അതിൽ മിക്കവയും നമുക്ക് താങ്ങനാവുന്നതിലും അപ്പുറമാണെന്ന് നാമാദ്യം നിനയ്ക്കും. പക്ഷേ തകർന്നു പോകുമെന്ന് തോന്നുന്ന നിമിഷങ്ങളിൽ പലതും കാലക്രമേണ നമ്മൾ തരണം ചെയ്യുന്നു. ഓരോ മുറിവുകളും പല കാലയളവുകളിലാവും ഉണ്ടാവുന്നത്, പലയാഴങ്ങളിൽ. ഒന്നുണങ്ങുമ്പോളാവും മറ്റൊന്ന്. എല്ലാ മുറിവുകളും കൂടി ഒന്നിച്ച് ഒരാൾക്ക് ഏൽക്കേണ്ടി വന്നാൽ തന്നെ എത്ര മുറിവുകളാവും ഒന്നിച്ച് ഉണ്ടാകുക. അതിന്റെ പ്രോബബിൽറ്റി എത്രയാവും?
സൂര്യ കൃഷ്ണമൂർത്തിയുടെ ‘മുറിവുകൾ’ എന്ന പുസ്തകം ഒന്നിച്ചൊരു 26 മുറിവുകളുടെ കൂലംകുത്തി ഒഴുക്കിൽ നമ്മളെ നിലവെള്ളം ചവിട്ടാനനുവദിക്കാതെ മുക്കിക്കളയും. 26 അല്ല, 25 എന്ന് തിരുത്തി വായിക്കണം.
വീട്ടിൽ എനിക്ക് കിട്ടിയിരിക്കുന്ന വിശേഷണം ‘മുതലക്കണ്ണീർ പോലുമില്ലാത്ത ഭീകരി’യെന്നാണ്. കാരണം എന്ത് വന്നാലും കരയാറില്ല എന്നതു തന്നെ. പത്തുകൊല്ലം മുൻപ്, കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയപ്പോൾ കരഞ്ഞില്ല. “അവൾ ഭയങ്കരിയാണ്, ഇത്രയും നാൾ വളർത്തി വലുതാക്കിയവരെ വിട്ടു പോന്നിട്ടുമൊന്ന് കരഞ്ഞില്ലല്ലോ എന്ന് ഞാൻ കേട്ടിട്ടുണ്ട് ബന്ധുമിത്രാദികളയെല്ലാം വിട്ട് പ്രവാസത്തിലേക്ക് വന്നപ്പോഴും കരഞ്ഞില്ല. പിന്നെയും പലസന്ദർഭങ്ങൾ, രണ്ട് പ്രസവമുൾപ്പെടെ...ഒന്നിന്നും കരഞ്ഞില്ല. ശാരീരികവും മാനസികവുമായ വേദനകൾ ഉള്ളിൽ തന്നെ ഒതുക്കാൻ എന്തുകൊണ്ടോ കഴിഞ്ഞിരുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ തല പൊട്ടുന്ന വേദനയായിരിക്കും ചിലപ്പോൾ തോന്നുക, നെഞ്ചിൻ കൂട് ആരോ വെട്ടി പൊളിക്കുന്ന വേദനയായിരിക്കും മറ്റു ചിലപ്പോൾ...കഴുത്തുഞെരിച്ച് ശ്വാസം മുട്ടിക്കുന്ന പോലെ പിടഞ്ഞു പോകും മറ്റു ചിലയവസരങ്ങളിൽ എന്നിട്ടുമൊന്നും കരഞ്ഞിട്ടില്ല. എല്ലാം ഉള്ളിൽ ഒതുക്കി ആരോടും മിണ്ടാതെ ഇരിക്കുകയാണു അപ്പോഴെല്ലാം ചെയ്യുക. അടുത്തിടെ ഭർത്താവ് പറയുകയും ചെയ്തു. നീ കരയണം, ഒരിക്കലെങ്കിലും...ഞാൻ മരിക്കുമ്പോഴെങ്കിലും. നിന്റെയുള്ളിൽ അമർത്തി വച്ചിരിക്കുന്ന വേദനയെന്തെന്ന് മറ്റുള്ളവർക്ക് അറിയണമെങ്കിൽ നീ കരയണം...ഇല്ലെങ്കിൽ ഭർത്താവ് മരിച്ചിട്ട് പോലും കരഞ്ഞില്ലെന്ന പേരു ദോഷമുണ്ടാകുമെന്ന്.
“നമ്മൾ കരയുന്നതെന്തിനാണ്? മറ്റുള്ളവരെ കാണിക്കുവാനോ“ എന്ന് ഞാൻ ചോദിച്ചു. നമ്മൂടെ സമൂഹത്തെ ചിലതെല്ലാം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം! മുറിവുകൾ വായിച്ചപ്പോൾ എനിക്ക് മനസിലായി, നമ്മുടെ സമൂഹമെന്നത് എന്താണെന്ന്, എങ്ങിനെയുള്ളവരാണെന്ന്.
‘ശത്രു’വെന്ന മുറിവിൽ കൃഷ്ണമൂർത്തിയുടെ അച്ഛന്റെ മരണമേല്‍പ്പിച്ച ആഘാതത്തിൽ മരവിച്ചിരിക്കുന്ന അമ്മയെ ആശ്വസിപ്പിക്കാൻ വിളിപ്പിച്ച സ്ത്രീ, അമ്മയെ ആശ്വസിപ്പിക്കുന്നതിനു പകരം അമ്മയുടെ നെറ്റിയിലെ പൊട്ടും സിന്ദൂരവും മായ്ച്ചുകളയുകയാണു ചെയ്യുന്നത്. ഭർത്താവ് മരിച്ചൊരു സ്ത്രീയെ ആശ്വസിപ്പിക്കുന്നതിനു പകരം, വിധവയെന്ന മുദ്ര കുത്താനായിരുന്നു അവർക്ക് ധൃതി. ഇതാണ് നമ്മുടെ സമൂഹം!
‘തിരിച്ചറിവ്’ എന്നതിൽ പ്രശസ്തനായ ഒരു സാഹിത്യകാരൻ അന്തരിച്ചതറിഞ്ഞ് അവിടേക്കുള്ള യാത്രയിലായിരിക്കുമ്പോൾ മറ്റൊരു സാഹിത്യകാരൻ ഫോൺ ചെയ്ത് തനിക്ക് വേണ്ടി ഒരു റീത്ത് വാങ്ങി വണ്ടിയിൽ വയ്ക്കുവാൻ ആവശ്യപ്പെടുന്നു. കൊല്ലത്തുനിന്നും അദ്ദേഹം യാത്ര പുറപ്പെട്ടിട്ടുണ്ട്, എത്താൻ വൈകുമെന്ന കാരണത്താൽ. ആർക്കും റീത്ത് വച്ച് ശീലമില്ലാത്ത കൃഷ്ണമൂർത്തി, പാളയത്തുള്ള ഒരു കടയിലാണു ചെല്ലുന്നത്. റീത്ത് ചോദിച്ചപ്പോൾ കടക്കാരന്റെ മറുപടി “റീത്ത് വേണമെങ്കിൽ ഒരു ദിവസം മുൻപെങ്കിലും ഓർഡർ ചെയ്യണം“ എന്നതായിരുന്നു! ആരൊക്കെ മരിക്കുമെന്ന് മുൻ കൂട്ടി കണക്ക് കൂട്ടി റീത്ത് ഓർഡർചെയ്യുന്നവരാണ് നമ്മുടെ സമൂഹം?!
"Culture is the concern for others" എന്ന് ‘തുടക്ക’ത്തിൽ കൃഷ്ണമൂർത്തി എഴുതിയിട്ടുണ്ട്. അതില്ലാത്ത സമൂഹത്തെ ബോധിപ്പിക്കാൻ കരയണോ? ഞാൻ കരയുകയില്ല. എന്നാൽ ആ സമൂഹം വേദനിപ്പിച്ചവരുടെ മുറിവുകളെപറ്റി വായിച്ചപ്പോൾ കണ്ണുനിറഞ്ഞു.
4.1 ‘ഒരു കലാകാരൻ’, വാർദ്ധക്യവും ദാരിദ്ര്യവും കാരണം 2001 ജനുവരിയിൽ മരിച്ച അർജുനനൃത്ത കലാകാരൻ കുറിച്ചി പി.സ്. കുമാരന്റെ മരണത്തെ പറ്റിയാണ്. മരണാന്തര കർമ്മങ്ങൾക്ക് പണമുണ്ടാവില്ലെന്നും, അതിനൊന്നും ഒരു കുറവും വരരുതെന്നും ആഗ്രഹിച്ച് ടൈഫോയ്ഡ് പിടിപെട്ട് ആശുപ്രതിയിലായിരുന്നെങ്കിലും കൃഷ്ണമൂർത്തി പോകുന്നു. ഡോക്ടറിന്റെ നിർദ്ദേശപ്രകാരം കാറിന്റെ പിൻസീറ്റിൽ കിടന്നാണ് യാത്ര.
‘സൂര്യ’യുടെ ഗുരുപൂജ വഴി, ഗുരുദക്ഷിണയായി ഒരു ലക്ഷം രൂപയോളം സമാഹരിച്ച് ഒരിക്കൽ ഈ കലാകാരനു നൽകിയത് കൃഷ്ണമൂർത്തി ഓർമ്മിക്കുന്നു. ഇനിയുള്ള ജീവിതത്തിൽ ഭക്ഷണത്തിനും മരുന്നിനുമായി അദ്ദേഹത്തിനു വേണ്ടി അത്രയും തുക സ്വരൂപിച്ചതിൽ സന്തോഷവും ചാരിതാർത്ഥ്യവുമായിരുന്നെന്നും. കുറച്ചുമാസങ്ങൾക്കു ശേഷം ആ കലാകാരന്റെ ഗ്രാമത്തിൽ കൂടെയുള്ള യാത്രാമധ്യേ അദ്ദേഹത്തെ കണ്ട് വണങ്ങാൻ കൃഷ്ണമൂർത്തി ചെല്ലുന്നു. അവിടെ ചെന്നപ്പോഴാണറിയുന്നത്, തനിക്ക് കിട്ടിയ തുക ബാങ്കിൽ നിഷേപിക്കാതെ, ആ തുക കൊണ്ട് വീടിനോട് ചേർന്ന് ഗുരുകുലമുണ്ടാക്കി, അർജുനനൃത്തമെന്ന കല തന്റെ കാലശേഷം നിന്നു പോകാതെയിരിക്കാൻ പത്തു പേരെ പരിശീലിപ്പിക്കുകയായിരുന്നു അദ്ദേഹമെന്ന്!
മരണാന്തര ക്രിയകൾക്കുള്ള പണം ആ കലാകാരന്റെ മകനെ ഏല്‍പ്പിച്ച് മടങ്ങും വഴി കൃഷ്ണമൂർത്തി എല്ലാ പത്രമോഫീസുകളിലും കയറി കലാകാരന്റെ ഫോട്ടോയും, ചരിത്രവും, വിലപ്പെട്ട സംഭാവനകളുമൊക്കെ എഴുതി കൊടുത്തു. പിറ്റേന്ന് ഒറ്റ പത്രത്തിൽ പോലും വാർത്തയില്ല! ഒന്ന് രണ്ട് പത്രങ്ങൾ ചരമങ്ങളുടെ കൂട്ടത്തിൽ പേരു വച്ചു. അതേ സമയം ഈയിടെ മലയാളത്തിന്റെ പ്രമുഖപത്രത്തിൽ ക്രിക്കറ്റർ ധോണി തന്റെ മുടി ഒരിഞ്ച് നീളം കുറച്ചതിന്റെ പടവും വാർത്തയും ബോക്സിൽ! ആര് ആരോടാണ് മാപ്പു പറയുകയെന്ന് കൃഷ്ണമൂത്തി ചോദിക്കുന്നു.
ഇതാണ് നമ്മുടെ സമൂഹം! കുറച്ച് കാലം കൂടെ കഴിയുമ്പോൾ അന്യം നിന്നു പോയ കലാരൂപങ്ങളെ കുറച്ച് കലാസംസ്കാരിക രംഗത്തുള്ളവർ മുറവിളികൂട്ടും. മരിച്ചു പോയ കലാകാരന്മാരുടെ ചിത്രങ്ങൾ തേടിപ്പിടിച്ച് മാലയിടും, മരണാനന്തര ബഹുമതികൾ കൊടുക്കും, സ്മാരകങ്ങൾ പണിയും, മാധ്യമങ്ങളന്നേരം അതിനെല്ലാം നല്ല കവറേജ് കൊടുക്കും. എന്തിന്?
4.2 ‘ഒരു മഹാസ്വപ്ന’ത്തിൽ മലയാള സിനിമയുടെ ജൂബിലി വർഷം, ആദ്യകാല ചലച്ചിത്രപ്രവർത്തകരെ വായനക്കാർക്ക് പരിചയപ്പെടുത്താൻ ഒരു പ്രമുഖപത്രം തിരുമാനിക്കുന്നു. മലയാളത്തിലെ ആദ്യ ശബ്ദചിത്രം ബാലനിലെ നായികമാരിൽ ഒരാളുടെ വീട്ടിലേക്കാണ് കൃഷ്ണമൂർത്തിയുടെ ആദ്യയാത്ര. താമസിക്കുന്ന സ്ഥലത്തെ കുറിച്ച് ഏകദേശ രൂപമുണ്ടെങ്കിലും വിലാസമൊന്നും അറിയാതുള്ള തിരച്ചിൽ. ആർക്കും അറിയില്ല ‘ആദ്യത്തെ മലയാള സിനിമയിലെ നായികയെ’. അങ്ങിനെയൊരാൾ ഈ നാട്ടിലുണ്ടെങ്കിൽ നമ്മൾ അറിയേണ്ടതല്ലേ എന്ന് ആളുകൾ ചോദിക്കുന്നുണ്ട്. പോസ്റ്റുമാനു പോലും അങ്ങിനെ ഒരാളെ, അവരുടെ അഡ്രസ്സ് അറിയില്ല. ഒടുവിൽ ഒരു കൊച്ചുകുട്ടിയാണ് വീട് കാണിച്ച് കൊടുക്കുന്നത്.
പറമ്പിൽ ചുള്ളിക്കമ്പുകൾ പറുക്കികൊണ്ടിരിക്കുന്ന, എഴുപതിലേറെ പ്രായമുള്ള മലയാള സിനിമയിലെ ആദ്യനായിക. ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ ദാരിദ്ര്യം കാർന്നു തിന്നു കൊണ്ടിരിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നായിക. വർഷങ്ങളായി ഓലമേയാത്ത, ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ അവരുടെ കുടിലിൽ കൂടെ വന്ന കുട്ടി എവിടെന്നോ കൊണ്ട് വന്നൊരു സ്റ്റൂളിൽ അവർ കൃഷ്ണമൂർത്തിയെ ഇരുത്തി. അടുത്ത വീട്ടിൽ നിന്നും ഓലമതിലിന്റെ മുകളിലൂടെ കടം വാങ്ങിയ ഒരു സ്പൂൺ പഞ്ചസാരകൊണ്ട് എവിടെന്നോ കിട്ടിയ നാരങ്ങയാൽ നാരങ്ങാവെള്ളം ഉണ്ടാക്കി കൊടുത്തു. അവരുടെ വിസ്മൃതിയിലാണ്ടു പോയ കാര്യങ്ങൾ ചികഞ്ഞെടുത്തവർ കൃഷ്ണമൂർത്തിയോട് പങ്കു വച്ചു.
ദാരിദ്ര്യവും മഹാരോഗവും വേട്ടയാടുന്ന അവരോട് “നിങ്ങൾക്ക് സ്വപ്നം എന്നൊന്നുണ്ടോ...മഹാസ്വപ്നം എന്നൊന്നുണ്ടോ?” എന്ന് കൃഷണമൂർത്തി ചോദിക്കുന്നു. ചോദിക്കേണ്ടിയിരുന്നില്ലെന്ന് പിന്നീട്ട് കൃഷ്ണമൂർത്തി വിലപിക്കുന്നുണ്ടെങ്കിലും. ഉടനെ ഉത്തരം വന്നു “ മലയാളത്തിലെ ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് നൂറുരൂപയായിരുന്നു ശമ്പളം.. പിന്നെ മൂന്നുനേരം ഭക്ഷണം. ഇന്ന് എന്റെ മഹാസ്വപ്നം എന്നത്, മരണം വരെ മൂന്നുനേരം ഭക്ഷണം കഴിക്കുക എന്നതാണു”!!
ഇന്ന് മുക്കിന് മൂലയ്ക്ക് സംഘടനകളാണ്, എന്തിന്? തമ്മിൽ തൊഴിക്കാനും പാരവയ്ക്കാനും!
ഇതു പോലെ വിസ്മൃതിയിലാണ്ടു പോയ കലാകാരന്മാർ ഇനിയും ഉണ്ട് മുറിവുകളിൽ. ‘മറവിക്കപ്പുറം, ചില അപരാധങ്ങ’ളിൽ ശബ്ദ ലേഖനത്തിനുള്ള ഓസ്കാർ തേടിയെത്തിയ മലയാളിയായ റസ്സുൽ പൂക്കുട്ടിയെ നമ്മൾ ആഘോഷിക്കുന്നതിനോടൊപ്പം മലയാളത്തിലുണ്ടായ ആദ്യകാല സിനിമകൾക്ക് ശബ്ദലേഖനം ചെയ്ത ആളെ നമ്മളെല്ലാം മറന്നു പോയതിനെ കുറിച്ച് കൃഷ്ണമൂർത്തി എഴുതുന്നു. മലയാള സിനിമ ഡിജിറ്റലിലും ഹൈ ഡെഫനിഷനിലും വന്നു നിൽക്കുമ്പോൾ, ഏറ്റവും ആധുനികമായ യന്ത്രോപകരണങ്ങൾ ഉപയോഗിച്ച് മലയാള സിനിമയുടെ ശബ്ദലേഖനം മുന്നേറുമ്പോൾ, ഓസ്കാർ അവാർഡ് ഒരു മലയാളിക്ക് ലഭിക്കുമ്പോൾ, ഒരു മുളയുടെ അറ്റത്ത് മൈക്ക് കെട്ടിത്തൂക്കി അതിലൂടെ നമുക്ക് നന്മയുടെ ശബ്ദം കേൾപ്പിച്ചു തന്ന 'കൃഷ്ണ ഇളമൺ'എന്ന വലിയ കലാകാരനെ നാം മറന്നു എന്ന് കൃഷ്ണമൂർത്തി എഴുതുന്നു.
ഓസ്കാർ കിട്ടുന്നതിനു മുന്നേ റസൂൽ പൂക്കുട്ടിയെ നമ്മളിൽ എത്രപേർക്ക് അറിയാമായിരുന്നു? നമ്മൂടെ കലാകാരന്മാരെ വിദേശികളുടെ സർട്ടിഫിക്കറ്റുണ്ടെങ്കിലെ നമ്മൾ തിരിച്ചറിയുകയും, ആദരിക്കുകയും, ആഘോഷിക്കുകയുമുള്ളൂ എന്നോ?! കുറഞ്ഞത് ഒരു ലോക്കൽ സംഘടനയുടെ അവാഡെങ്കിലും വേണമെന്ന് വന്നിരിക്കുന്നു.!
“തുടക്ക"ത്തിൽ ഗുരുവായൂരമ്പലത്തിൽ രാവുപുലരുവോളം ആട്ടവിളക്കിനു മുന്നിൽ കൃഷ്ണനാട്ടം നടക്കുന്നു. കാണികളായി ആരും ഇല്ല. അരങ്ങിലാടുന്ന എട്ടുപത്തു കലാകാരന്മാരെ അത് ബാധിക്കുന്നതേയില്ല. അവർ ആടിയും പാടിയും തിമിർക്കുന്നു. നിർമ്മാല്യത്തിനായി മേൽശാന്തിയെത്തിയതോടെ കൃഷ്ണനാട്ടം കളി തീരുന്നു. മടിച്ചാണെങ്കിലും കളികഴിഞ്ഞ് അണിയറയിലേക്ക് പോകുന്നൊരു കലാകാരനോട് കൃഷ്ണമൂർത്തി ചോദിക്കുന്നു “നിങ്ങളാടുമ്പോൾ, നിങ്ങളുടെ മുന്നിൽ ഒരാൾ പോലും ഇല്ല എന്നത് കാണുമ്പോൾ വിഷമം തോന്നാറില്ലേ?” “ഞങ്ങൾ കല അഭ്യസിക്കുന്നത് മുന്നിലിരിക്കുന്ന കുറെ പേർക്ക് വേണ്ടിയല്ല. മറിച്ച് ഈ തെളിച്ചിരിക്കുന്ന ദീപത്തിനു വേണ്ടിയാണ്. ഈ ദീപം ബ്രഹ്മമാണ്, ഈ ദീപം ഈശ്വരനാണ്, ഈശ്വരനു വേണ്ടിയാണ് ഞങ്ങൾ കല അഭ്യസിക്കുന്നത്. ഒരു യഥാർത്ഥ കലാകാരൻ ഈശ്വരനുവേണ്ടിയാണ് കല അഭ്യസിക്കുന്നത്” എന്ന് ആ കലാകാരൻ ഒരു ചെറുപുഞ്ചിരിയോടെ മറുപടി നൽക്കി. “കല എന്നത് ഈശ്വരൻ തരുന്ന വരദാനമാണ്, അത് വിൽക്കാനുള്ളതല്ല.” എന്ന് ആ കലാകാരൻ കൂട്ടിച്ചേർത്തു.
ഈ വാക്കുകളിൽ നിന്നുള്ള കിട്ടുന്ന തിരിച്ചറിവ്, എത്ര അനുഭവങ്ങളിൽ കൂടെ കടന്നു പോയാലും ചിലപ്പോൾ കിട്ടിയെന്ന് വരില്ല.
5. മുറികൂടാത്ത മുറിവുകൾ.
പ്രശസ്തമായൊരു പുരസ്കാരത്തിന് അർഹനായെന്ന് ഡൽഹിയിൽ നിന്നുള്ള അറിയിപ്പിൽ സന്തോഷിക്കുകയും, പിറ്റേന്ന് പത്രങ്ങളിൽ മറ്റൊരാളുടെ പേർ കണ്ട് സങ്കടപ്പെടുകയും ചെയ്ത കൃഷ്ണമൂർത്തിക്ക് കൂട്ടുകാരി നൽകിയ തിരിച്ചറിവായിരുന്നു മദർ തെരേസ കോൺവെന്റിലെ സെഫിയെന്ന കൈക്കാലുകളില്ലാത്ത കുട്ടി. ഒരു പുരസ്ക്കാരം കിട്ടാതെ വന്നപ്പോൾ ജീവിതം വ്യർത്ഥമെന്ന് കരുതിയ താൻ ആ മുറിയിലിരുന്നൊരുപാട് കരഞ്ഞെന്ന് കൃഷ്ണമൂർത്തി എഴുതുന്നു.
തന്നെ പഠിപ്പിച്ച കുറെ അദ്ധ്യാപകർ പെൻഷൻ പറ്റിയതിനു ശേഷം, പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി നഗരത്തിലെ കുട്ടികൾക്കുള്ള സൗകര്യത്തോടെ ഗ്രാമത്തിൽ തുടങ്ങിയ സ്കൂളിന്റെ ഒന്നാം വാർഷികത്തിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യാൻ ക്ഷണിക്കപ്പെട്ടപ്പോഴുണ്ടായ അനുഭവം ‘ഒരു തേങ്ങലിൽ’ കൃഷ്ണമൂർത്തി പങ്കു വയ്ക്കുന്നു. എല്ലാകുട്ടികളും സമ്മാനം വാങ്ങി ഫോട്ടോഗ്രാഫറെ നോക്കി ചിരിക്കും. രക്ഷിതാക്കൾ മുന്‍കൂര്‍ പണമടച്ചിട്ടുണ്ട് അവർക്കെല്ലാം. അവരുടെയെല്ലാം നേർക്ക് ക്യാമറയുടെ ഫ്ലാഷടിക്കുന്നു. സമ്മാനം വാങ്ങിയ ഒരു ആൺകുട്ടി ഫോട്ടോഗ്രാഫറെ നോക്കി സമ്മാനം വാങ്ങുന്നതു പോലെ ഒരേ നില്‍പ്പാണ്, ക്യാമറയുടെ ഫ്ലാഷിനായി. ഫ്ലാഷ് വന്നില്ല. അവന്റെ രക്ഷിതാക്കൾക്ക് പതിനഞ്ചുരൂപ അടയ്ക്കുവാനുള്ള കഴിവില്ലായിരുന്നു. കൃഷ്ണമൂർത്തി കാശ്കൊടുക്കാമെന്ന് ഫോട്ടോഗ്രാഫറോട് പറയുമ്പോൾ, തന്റെ കൈയിൽ ഇനി ഫിലിമില്ലെന്ന നിസ്സഹായത ഫോട്ടോഗ്രാഫർ അറിയിക്കുന്നു. ആ കുട്ടി കൃഷ്ണമൂർത്തിയെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി കൈകൾ വലിച്ച് തലതാഴ്ത്തി നടന്നു പോയി.
അവന്റെ ഉള്ളിലെ മുറിവിന്റെ ആഴം ആർക്കാവും അളക്കുവാൻ കഴിയുക. ആ മുറികൂടുന്നതെന്നാവും?
‘സാക്ഷി‘ യിൽ വീട്ടിലെ പുറംജോലിക്കാരി തങ്കമ്മയെന്ന പണിക്കാരിയുടെ ദു:ഖത്തെ പറ്റി കൃഷ്ണമൂർത്തി എഴുതുന്നു. അതിന്റെ സാക്ഷിയാവേണ്ടിവന്നതിന്റെ മുറിവാണ് നമ്മോട് അദ്ദേഹം പങ്കു വയ്ക്കുന്നത്. നാലഞ്ച് വീടുകളിൽ ജോലിചെയ്യുന്ന തങ്കമ്മ. മുട്ടിലിഴയുന്ന കണ്ണനെന്ന തന്റെ കുട്ടി കുന്നിക്കുരു വിഴുങ്ങി മരിച്ചു പോകുന്നതും, വീണ്ടും ഗർഭിണിയാവുകവും, ഭർത്താവ് മരിക്കുകയും, ഒരു പെൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്യേണ്ടി വന്ന തങ്കമ്മ.
കുഞ്ഞിനെ വളർത്താൻ നാലഞ്ച് വീടുകളിലെന്നതിൽ നിന്നും, ആറേഴു വീടുകളിലായ് പണിയെടുക്കുന്ന തങ്കമ്മ. കുഞ്ഞു വളർന്നു കല്യാണപ്രായമായി. കല്യാണം ആലോചിച്ച് വരുന്നവർക്ക് ‘എത്ര തരും?‘ എന്നതായിരുന്നു ചോദ്യം. മകളുടെ വയസ്സ് കൂടുംതോറും, ചോദിക്കുന്ന തുകയുടെ വലിപ്പവും കൂടുന്നു. നിവൃത്തികേടിന്റെ കട്ടിപിടിച്ച നിശ്ശബ്ദതയിൽ മകളുടെ മുഖത്ത് നോക്കാത്ത അമ്മ ചോദിച്ചു. “ ആ കുന്നിക്കുരു നീ വായിലിട്ടാൻ മതിയായിരുന്നല്ലോ മോളേ...” മകൻ മരിച്ചതിലുള്ള ദുഖം, ഇപ്പോൾ മകൾ മരിക്കാത്തതിലുള്ള ദുഖം, രണ്ട് ദുര്യോഗങ്ങൾക്കും സാക്ഷിയായി കൃഷ്ണമൂർത്തി.
6. എം.ടിയുടെ ഓട്ടം
വായനയിലുടനീളം മുറിവുകളിൽ നിന്നും മുറിവുകളിലേക്ക് ഇടറിവീണപ്പോൾ ഒരിക്കൽ മാത്രം ചിരിച്ചു. നഗ്നസന്യാസിയെ കാണുവാനായിട്ട് എം.ടിയും കൃഷ്ണമൂർത്തിയും പോയ സന്ദർഭം. എം.ടിക്ക് നഗ്നസന്യാസിയുടെ ഫോട്ടോ എടുക്കണം. പക്ഷേ ചോദിക്കാൻ പേടി. കൃഷ്ണമൂർത്തി സന്യാസിയോട് സമ്മതം ചോദിച്ചു. സന്യാസി ചിരിച്ചു. മൗനാനുവാദം തന്നതു പോലെയായിരുന്നു ആ ചിരിയെന്ന് കൃഷണമൂർത്തി എഴുതുന്നു. എം.ടി ഇതു കണ്ടപാടെ തലങ്ങും വിലങ്ങും ഫോട്ടോ എടുക്കുന്നു. ഒടുവിൽ ദക്ഷിണ കൊടുക്കണ്ടേ എന്ന് എം.ടിക്ക് സംശയം. പോക്കറ്റിൽ കൈയിട്ട് ഇരുപത്തിയഞ്ച് രൂപയെടുത്തു. നഗ്നസന്യാസിമാർ എല്ലാം ഉപേക്ഷിച്ചവരാണ്. അങ്ങിനെ ഒരാൾക്ക് ദക്ഷിണകൊടുത്താൽ ദേഷ്യപ്പെടുമോ എന്ന് എം.ടി സംശയിക്കുന്നു. മടിച്ച് മടിച്ച് ഇരുപത്തിയഞ്ചു രൂപ കാൽക്കൽ വച്ച് നമസ്കരിച്ചു. പെട്ടന്നയാൾ എം.ടിയുടെ കൈയിൽ ദേഷ്യത്തോടെ കടന്നു പിടിച്ചു. നഗ്നസന്യാസി ദേഷ്യം കൊണ്ട് വിറയ്ക്കുകയാണ്. എന്നിട്ട് കോപത്തോടെ അലറി. ‘പച്ചാസ് റുപയ ദോ’ എന്ന്. എം.ടി ഓടുന്നത് അന്നാദ്യമായി കണ്ടെന്നും കൃഷ്ണമൂർത്തി പുറകെ ഓടിയെന്നും വായിച്ചപ്പോൾ ചിരിച്ചുപോയി, ആ ഓട്ടം സങ്കല്പ്പിച്ചിട്ട്. അതാണ് ആദ്യം 26 മുറിവുകൾ എന്നത് 25 എന്ന് തിരുത്തി വായിക്കണമെന്ന് എഴുതിയത്.
തിരിച്ചറിവ്
തന്റെ ജീവിതത്തിലെ ഓരോ മുറിവുകളും കൃഷ്ണമൂർത്തി എഴുതിയത് വായിച്ച് കഴിഞ്ഞപ്പോഴാണ് തിരിച്ചറിവുണ്ടായത്. ഇത്രയൊന്നും വേദനിപ്പിക്കുന്ന മുറിവുകൾ എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. വേദനിക്കുന്നുവെന്ന് തോന്നുമ്പോൾ ഓടി പോയി കള്ളിമുൾച്ചെടികൾക്കിടയിൽ ഒളിഞ്ഞിരിക്കുമ്പോഴുണ്ടാകുന്ന വെറും പോറലുകൾ മാത്രമായിരുന്നു അവയൊക്കെ എന്ന്.
‘മുറിവുകൾ’ ഓരോന്നും വായിച്ച് കണ്ണുകൾ പുകഞ്ഞു ഇടയ്ക്ക് നനഞ്ഞു. കഴുത്തിനു മുകളിൽ തലയ്ക്കു പകരം ഭാരമേറിയൊരു കരിങ്കല്ലാണെന്ന് തോന്നിപ്പിച്ചു വായനക്കിടയിൽ ഇടയ്ക്ക്. ഇടയ്ക്കെപ്പോഴോ അത് തൊണ്ടയിലേക്കിറങ്ങി ശ്വാസം മുട്ടിച്ചു. പിന്നെയും കുറെ കൂടെ താഴേയ്ക്കിറങ്ങി ചങ്കു ചതയ്ക്കാൻ തുടങ്ങിയപ്പോൾ എന്തെങ്കിലുമൊന്ന് എഴുതണമെന്ന് തോന്നി. അതുകൊണ്ട് മാത്രം ഇതെഴുതുന്നു.
സൂര്യ കൃഷണമൂർത്തീ സാർ, നന്ദി. വായനയിലൂടെ ഹൃദയം മുറിപ്പെടുത്തുക വഴി, താങ്കൾ അടഞ്ഞിരുൾപടർന്നു പന്തലിച്ചൊരു ഹൃദയത്തിലേക്ക് , ആ മുറിവുകളിലൂടെ പുതിയ പ്രകാശം കടത്തിവിടുകയായിരുന്നുവെന്ന പരമാർത്ഥം മനസിലാക്കുന്നുണ്ട്, ആ തിരിച്ചറിവിന്റെ വെളിച്ചം പകർന്നു തന്നതിനു നന്ദി.
Popular Posts
-
പ്രിയ വായനക്കാരെ, നമ്മുടെ ബൂലോകം ഇന്ന് മുതല്‍ സോള്‍വ് മുല്ലപ്പെരിയാര്‍ ഇഷ്യൂ സേവ് കേരള ...................... എന്ന ഇ പ്രചരണം തുടങ്ങുകയാണ്. ...
-
കണക്ക് പുസ്തകം എന്ന പുസ്തകം ഈ കുറുപ്പ് ഒരു സംഭവമാ.അദ്ദേഹത്തിന്റെ പ്രൊഫൈലില്‍ ഇങ്ങനെ കാണാം.. "ഇരുപത്തിഒന്പതു വര്‍ഷങ്ങള്‍ക്കു മുന്പ...
-
സുനില്‍ കൃഷ്ണന് But a man is not made for defeat. A man can be destroyed but not defeated. (Ernest Hemingway ; The Old Man and the Sea...
-
കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തൊഴിലും നൈപുണ്യവും വകുപ്പ് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വ...
-
കൊച്ചി: ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനായി സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ചര്‍ച്ച ഈ മാസം 14 ന് ര...
-
"വിവാദങ്ങള്‍ക്ക് ഒരു നേര്‍ക്കാഴ്ച "എന്ന പേരില്‍ ഒരു ബ്ലോഗ്ഗേഴ്സ് അഭിമുഖ പരമ്പര പ്രസിദ്ധീകരിക്കുന്നു എന്ന് ഞങ്ങള്‍ ഈ ബ്ലോഗിന്റെ ആര...
-
തെയ്യം ചുമർചിത്ര രചന പൂർത്തിയായി കാലടി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ആനന്ദ കാഴ്ചയൊരുക്കുകയാണ് വിഷ്ണുണുമ...