ഗൃഹാതുരത്വം - മല്ലൂസ് അനാഥമാക്കിയ അധമവികാരം


ജി. മനു


വിശപ്പ്, ദാഹം, കാരുണ്യം, സ്നേഹം, പ്രണയം, കാമം, വേദന തുടങ്ങി എണ്ണിയാല്‍ തീരാത്ത വികാരങ്ങള്‍ കാലത്തേയും സംസ്കാരങ്ങളേയും അതിജീവിച്ച് ഇന്നും മനുഷ്യരില്‍ കുടികൊണ്ടുകിടക്കുന്നു. പുതിയ ചിന്തകള്‍ക്കും ടെക്നോളജിയില്‍ പടര്‍ന്നു പന്തലിക്കുന്ന ജീവിതരീതികള്‍ക്കും മാ‍റ്റിമറിക്കാനാവാതെ അവയൊക്കെ നമ്മളെ കീഴ്പ്പെടുത്തിയും നമ്മളാല്‍ കീഴടങ്ങിയും കഴിയുന്നു, പ്രത്യേകിച്ച് ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ലാതെ. 'എനിക്ക് നിന്നോട് പ്രണയമാണെ'ന്ന വാചകം പുതുമചോരാതെ ഇന്നും പാറി നടക്കുന്നു. ‘എന്റെ വേദന ഇനി എന്നു തീരും’ എന്ന വാചകവും ക്ലീഷേ അല്ലാതെ എവിടെയും സ്വീകരിക്കപ്പെടുന്നു. പറയുന്നവനും കേള്‍ക്കുന്നവനും യാതൊരു പുളിപ്പും അനുഭവപ്പെടാതെ വികാരങ്ങളുടെ അടയാളപ്പെടുത്തലുകള്‍ എല്ലായിടത്തും കോറിയിടപ്പെടുന്നു. വികാരവിചാരങ്ങളുടെ തീയില്‍നിന്നും മഴയില്‍നിന്നും മോചനമില്ലാതെ അവയെ സ്വീകരിച്ചുകൊണ്ട് നമ്മള്‍ നിമിഷങ്ങളിലൂടെ നടന്നുനീങ്ങുന്നു.

പ്രവാസങ്ങളുടെ പുതുയാനങ്ങള്‍ തഴച്ചുവളരാന്‍ തുടങ്ങിയ എഴുപത് - എണ്‍പത് കാലഘട്ടങ്ങളിലാണ് മലയാളിയുടെ നെഞ്ചില്‍ ഒരേസമയം തീയും മഴയുമായി ‘നൊസ്റ്റാള്‍ജിയ’ എന്ന വികാരം കുടിയേറ്റം നടത്തി പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങിയത്. ഓലപ്പുരയുടെ മുകളിലെ മഴയുടെ ചെണ്ടകൊട്ടും, വേലിപ്പടര്‍പ്പിലെ വെള്ളത്തുള്ളിയും, മതിലോടു ചേര്‍ന്നുനില്‍ക്കുന്ന മഷിത്തണ്ടും, ദാവണിക്കുള്ളില്‍ നാണംചൂടി നില്‍ക്കുന്ന നാടന്‍പെണ്ണും കാല്പനികയുടെ കസവുടുത്ത് അനുഭൂതിയുടെ ലഹരിയായി, ഗൃഹാതുരത്വമായി ഓരോ മലയാളിമനസിനേയും കീഴടക്കി വാണു. കവിതയിലും കഥയിലും അവന്‍/അവള്‍ നൊസ്റ്റാള്‍ജിയയുടെ മഷിപുരണ്ട വരികളെ തേടി നടന്നു. 'എന്നെ മറക്കുമോ ചോദ്യമിതാരുടേതെന്നറിയാനായ് തിരിഞ്ഞുനില്‍ക്കുന്നു ഞാന്‍' എന്ന ഒ.എന്‍.വി ചൊല്ലിനു കീഴ്പെട്ടു. അന്യദേശത്തെ തീപ്പൊള്ളലില്‍ കഴിയുന്ന അവന്‍, പൂര്‍വ്വവഴികളിലെ മണ്‍‌തരികളിലൂടെ ഓര്‍മ്മകളുടെ നഗ്നപാദങ്ങളുമായി നടന്നുരസിച്ചു. സുഖമെഴുംനൊമ്പരം അവനു ലഹരിയായി. നാട്ടില്‍ അവധിക്കുപോകുന്നവനോട് ഒരുകൈ മഴത്തുള്ളി കൊണ്ടുവരാന്‍ പറഞ്ഞുതുടങ്ങി. വി.സി.ആറിലെ പച്ചപ്പുകണ്ട് വേദനപുരണ്ട ആഹ്ലാദം മൊത്തിക്കുടിച്ചു. ആദ്യമഴയുടെ ഗന്ധം ഏതൊരാളിന്റേയും ആദ്യ ഇഷ്ടമായി. പ്രവാസി എഴുത്തുകാര്‍ നാടിന്റെ പച്ചപ്പിലേക്ക് പേനയിലൂടെ പ്രയാണം നടത്തി. ‘ഓണവും വിഷുവും തിരുവാതിരയും നിന്റെ നാണവും പൂവിട്ട നാടെ’ന്നൊക്കെ ഉത്തരേന്ത്യയിലെയും ഗള്‍ഫിലേയും ഒതുങ്ങിയ മുറികളിലിരുന്ന് അവന്‍ പാടി. അങ്ങനെ നൊസ്റ്റാള്‍ജിയ ഓരോ മനുഷ്യന്റേയും മനസിന്റെ ഉമ്മറത്തിണ്ണയില്‍ വളര്‍ത്തുമൃഗത്തെപ്പോലെ ലാളിക്കപ്പെട്ടു. ഷോക്കേസില്‍ കല്യാണഫോട്ടോയേക്കാള്‍ ആകര്‍ഷിക്കപ്പെട്ടു.

മക്കളുടെ പുതിയ പുസ്തകം രണ്ടായി പകുത്ത്, ആ മണത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുമ്പോഴും, കമ്യൂണിസ്റ്റ് ചെടിയില ഞെരടിമണപ്പിക്കുമ്പോഴും, ചീനിക്കായ വെറുതെ ഉരച്ചുകളഞ്ഞു പമ്പരസ്‌മൃതിയുടെ കറക്കങ്ങളില്‍ ഊളിയിടുമ്പോഴും, വയണയിലച്ചാറ് നുണഞ്ഞ് അഞ്ചാം ക്ലാസിലേക്ക് തിരികെ നടക്കുമ്പോഴും, റബറിന്‍ കായ ഉരച്ച ചൂടില്‍ ബാല്യത്തിന്റെ ദേഹം ഒന്നുകൂടി പൊള്ളിക്കുമ്പോഴും ഒക്കെ, നാട്ടിലുള്ള മലയാളിയും പറന്നുനടക്കുമായിരുന്നു, അനുഭൂതിയുടെ പഴയ ആകാശങ്ങളിലൂടെ. പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളില്‍ അങ്ങനെ ഗൃഹാതുരത്വം ഒന്നാമതെത്തി. ‘നൊസ്റ്റാള്‍ജിയ’ എന്ന പേരില്‍ മാസിക വരെ നമ്മൂടെ മുന്നിലെത്തി. ‘ഞാന്‍ നൊസ്റ്റാള്‍ജിക് ആകുന്നു’ എന്ന് സദസ്സില്‍ പറയുന്നതില്‍ നമ്മള്‍ പ്രത്യേകം അഭിമാനിച്ചു. ആത്മാഭിമാനത്തിന്റേയും മനുഷ്യത്വത്തിന്റേയും ദേശസ്നേഹത്തിന്റേയും അടരുകള്‍ ‘ഗൃഹാതുരത്വം’ എന്ന വാക്കില്‍ ലയിച്ചിരുന്നു. നിര്‍ദ്ദോഷ വികാരമായ നൊസ്റ്റാള്‍ജിയ അങ്ങനെ മലയാളിമനസിന്റെ വെള്ളിത്തിരയിലെ സൂപ്പര്‍ താരമായി.

ദൂരങ്ങളെ മൌസ്‌ക്ലിക്കിലേക്ക് ആവാഹിച്ചുകൊണ്ട് ആഗോളഗ്രാമസങ്കല്പം വിവരസാങ്കേതിക വിദ്യയുമായി സാധാ‍രണക്കാരന്റെ ജീവിതത്തിലേക്കെത്തിയത് രണ്ടായിരത്തിന്റെ തുടക്കത്തില്‍. കേബിള്‍ ടി.വിയിലെ ദൃശ്യവിരുന്ന് ഗൃഹാതുരത്വത്തിന്റെ ആവേഗം കൂട്ടിയിരുന്നെങ്കില്‍, കമ്പ്യൂട്ടര്‍ മോണിട്ടര്‍ ചെയ്തത് മറിച്ചായിരുന്നു. വീടും കൂടും കൂട്ടുകാരും ചാറ്റ്‌റൂമില്‍ തൊട്ടുരുമ്മിനിന്നപ്പോള്‍ ആതുരത ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പിന്‍സീറ്റിലേക്ക് മാറ്റിയിരുത്തപ്പെട്ടു. വര്‍ഷങ്ങള്‍ കഴിയുന്തോറൂം അവനു നൊസ്റ്റാള്‍ജിയയെക്കുറിച്ച് ഒന്നും പറയാനില്ലാതെയായി. മഴകാണാന്‍ വേണ്ടി മാ‍ത്രം ജൂണ്‍‌മാസത്തില്‍ നാട്ടിലെത്താറുണ്ടായിരുന്ന മറുനാടന്‍ മലയാളി ‘നശിച്ച മഴ, ഒരിടത്ത് പോകാനും പറ്റില്ല തുണി ഉണക്കാനും പറ്റില്ല’ എന്ന് പിറുപിറുത്തുതുടങ്ങി. ബന്ദും ഹര്‍ത്താലും അടഞ്ഞ വിദ്യാലയങ്ങളും മോണിട്ടറില്‍ കണ്ടപ്പോള്‍ മക്കളെ നാട്ടില്‍ പഠിപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിക്കാതെപോലുമായി.

രണ്ടായിരത്തിന്റെ പകുതിയായപ്പോള്‍ എഴുത്തിലും ചിന്തയിലും പുതിയ നിഗമനങ്ങള്‍ ചേക്കേറിത്തുടങ്ങി. ഗൃഹാതുരത്വം തട്ടിപ്പിന്റെ പര്യായമായ വികാരമായി അച്ചടിമഷിയില്‍ കുതിര്‍ന്നുവരണ്ടു. ‘കാളനും കാളയിറച്ചിയും’ വിളമ്പി പ്രത്യയശാസ്ത്രങ്ങള്‍ ഓണത്തെ ഉന്നതവര്‍ഗത്തിന്റെ അഹങ്കാരസ്‌മൃതികളുടെ അധോവായുവാക്കി. വിഷു, മേലാളന്റെ മുന്നില്‍ വിയര്‍പ്പിന്റെ വാഴക്കുല സമര്‍പ്പിക്കുന്ന അടിയാന്റെ വേദനയുടെ ഓര്‍മ്മകള്‍ മാത്രമായി. പിന്നോട്ട് തിരിഞ്ഞ് കുളിരുകോരുന്നവന്‍ സ്വാര്‍ഥനും വിവരദോഷിയുമായി മുദ്രകുത്തപ്പെട്ടു. പുതിയ സാഹിത്യ നിരൂപകര്‍, ഗൃഹാതുരത്വം കണ്ടാല്‍ ഉടന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. വല്ലതുമൊന്ന് കുത്തിക്കുറിക്കുന്നവന്‍ പോലും, മനസിന്റെ പുസ്തകം നിവര്‍ത്തിമണപ്പിക്കാന്‍ മടികാണിച്ചുതുടങ്ങി. ഗൃഹാതുരത്വമെന്ന തട്ടിപ്പിനെ പറ്റി കവിതകള്‍ പാറി നടന്നു. സിനിമയില്‍ അവ പ്രതിഫലിച്ചു (രഞ്ജിത്തിന്റെ ‘കേരള കഫേ’ ഓര്‍ക്കുക). ട്രെന്‍ഡുകള്‍ക്ക് പുറകേ പായാന്‍ ഒട്ടും മടികാണിക്കാത്ത മലയാളി അങ്ങനെ നൊസ്റ്റാള്‍ജിയയെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. മഴ കാണാന്‍ കൊതിക്കുന്നത് ഔട്ട്ഡേറ്റഡ് ഫാഷനായി. പുതുമണ്ണിന്റെ മണം ബാഗിപാന്റ്സുപോലെ ആര്‍ക്കും വേണ്ടാതായി. ഉമ്മറത്തിണ്ണയില്‍ കാല്‍ത്തളയിട്ട് കൊഞ്ചിക്കഴിഞ്ഞിരുന്ന ‘ഗൃഹാതുരത്വം’ ഗേറ്റിനു വെളിയില്‍ അനാഥബാലനെപ്പോലെ തലകുമ്പിട്ടു നില്‍ക്കുന്നു ഇപ്പോള്‍.....

വികാരങ്ങള്‍ക്കുമുണ്ട് ഓഹരിനിലവാരം. ഏറിയും കുറഞ്ഞും റിസഷനില്‍ തലപൊക്കാതെ ചത്തും അവയും കമ്പോളത്തിനനുസരിച്ച് നീങ്ങിത്തുടങ്ങിയിരിക്കുന്നു. അടുത്തത് ഇനി ഏതാണ്? പ്രേമം, കാമം, സ്നേഹം, കാരുണ്യം? എനി ഗസ്സ്???

Download this post in PDF format
©

16 Responses to "ഗൃഹാതുരത്വം - മല്ലൂസ് അനാഥമാക്കിയ അധമവികാരം"

 1. "ബന്ദും ഹര്‍ത്താലും അടഞ്ഞ വിദ്യാലയങ്ങളും മോണിട്ടറില്‍ കണ്ടപ്പോള്‍ മക്കളെ നാട്ടില്‍ പഠിപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിക്കാതെപോലുമായി".

  അതെ അത് തന്നെയാണ് "ഗൃഹാതുരത്വം" കുറച്ചെങ്കിലും ഉണ്ടെന്നു ഉള്ളിന്റെ ഉള്ളിലെന്കിലും കരുതുന്നവരെ പുറകിലേയ്ക്ക് പിടിച്ച് വലിക്കുന്നത്. ഇതാ ഇപ്പോള്‍ കോടതിയെന്കിലും നമുക്ക് കൂടെ ഉണ്ടാവും എന്ന് കരുതിയപ്പോള്‍, കോടതിയെയും പരസ്യമായി തെറി വിളിക്കാന്‍ തുടങ്ങി.

  പിന്നെ എന്ത് "ഗൃഹാതുരത്വം"? അതുണ്ടെങ്കില്‍ തന്നെ, ആ നെടുവീര്‍പ്പ് ഒന്ന് ആവര്‍ത്തിക്കാന്‍ കൊങ്കണിലേയ്ക്കും, ഗോവയിലേയ്ക്കും പോകണം.

  ReplyDelete
 2. ഗൃഹാതുരത്വം ഇല്ലെന്നു നടിയ്ക്കുന്നതേ ഉള്ളു. അത് പുതിയ മാനങ്ങൾ നേടിയിരിക്കുന്നു. ബ്ലോഗ് വഴി മലയാളത്തെ തിരിച്ചു പിടിച്ചതു തന്നെ ഉദാഹരണം. പിന്നെ കുടമ്പുളിയും പേപ്പർ വാഴയിലയും ഒക്കെ എല്ലാടത്തും കിട്ടിത്തുടങ്ങിയതിനാൽ തീവ്രത വേറ് പലതിലേക്കും മാറ്റപ്പെടുകയും ചെയ്തു. മാർകെറ്റിൽ ഇന്ന് ഇറങ്ങുന്ന സാരി ഓൺലൈൻ വഴി ഓറ്ഡർ ചെയ്ത് നാട്ടുകാരോട് മത്സരിക്കുക വരെ ചെയ്യുന്നു.മഴയുടെ സൌണ്ട് ട്രാക്ക് നെറ്റിൽ നിന്നും തപ്പിയെടുത്ത് കേൾക്കുന്നത് ആരും അറിയുന്നില്ലെന്നാണു പ്രവാസി മലയാളിയുടെ വിചാരം. അച്ഛൻ ഇവിടേം ഇല്ല പത്താഴത്തിലും ഇല്ല എന്നു തന്നെ പറയുന്ന മലയാളി.

  ReplyDelete
 3. ഒരു ഓടിച്ചുള്ള വായനയില്‍ ഒരു ഗൃഹാതുരത്വം ഒന്നും തോന്നിയില്ല,നോസ്റ്റാല്‍ജിയ അയല്‍ വക്കത്തു പോലും വന്നിട്ടില്ല.ആദ്യത്തെ വായനയില്‍ 'ഞമ്മക്ക് ഒന്നും പുടികിട്ടിയില്ല പുള്ളെ' വരന്നുന്നുണ്ട് ഞാന്‍ എന്‍റെ അഭിപ്രായവുമായി.....

  ReplyDelete
 4. വെറുതെ സ്റ്റാറ്റസ് സിംബല്‍ ആയി ഉപയോഗിക്കുന്ന വാക്കാണോ മനു ജി നൊസ്റ്റാള്‍ജിയ ...
  എനിക്കറിയില്ല അതൊരു വികരമാണോ എന്ന് BUT മലയാളി മറക്കാത്ത ഇടയ്ക്കു മനസ്സിനെ കുളിര്‍പ്പിക്കുന്ന ഓര്‍മ്മകള്‍ തന്നെ ആണു ഈ പറയുന്ന ഓരോന്നും ........."ഓലപ്പുരയുടെ മുകളിലെ മഴയുടെ ചെണ്ടകൊട്ടും, വേലിപ്പടര്‍പ്പിലെ വെള്ളത്തുള്ളിയും, മതിലോടു ചേര്‍ന്നുനില്‍ക്കുന്ന മഷിത്തണ്ടും, ദാവണിക്കുള്ളില്‍ നാണംചൂടി നില്‍ക്കുന്ന നാടന്‍പെണ്ണും"
  ഞാനീ പറഞ്ഞത് ഒരു സാധാരണക്കാരന്റെ മനസ്സിലെ വികാരമാണ് .....കേട്ടോ
  നന്നായി ഈ ഒരു വിഷയം എഴുതിയത് ഒന്ന് തുറന്നു ചിന്തിക്കാന്‍ വക നല്‍കുന്നുണ്ട് ഈ ലേഖനം

  ReplyDelete
 5. 70 കളുടെ ഗൃഹാതുരത്വം അല്ലല്ലോ ഇപ്പോള്‍ ഉണ്ടാവുക..മാറ്റങ്ങള്‍ ഉണ്ടാകാം
  എന്നാലും പഴയ മണത്തെപുല്‍കാന്‍ ആരും കൊതിക്കും, പറച്ചില്‍ മറ്റേതാണങ്കിലും!!!


  "ഉമ്മറത്തിണ്ണയില്‍ കാല്‍ത്തളയിട്ട് കൊഞ്ചിക്കഴിഞ്ഞിരുന്ന ‘ഗൃഹാതുരത്വം’ ഗേറ്റിനു വെളിയില്‍ അനാഥബാലനെപ്പോലെ തലകുമ്പിട്ടു നില്‍ക്കുന്നു ഇപ്പോള്‍"


  ..പറഞ്ഞപോലെ അച്ചടിമഷിയിലും മൈക്കിനു മുന്നിലും ആയിക്കോളൂ.
  അല്ലേലും നമ്മള്‍ മല്ലൂസ്സ് ആല്ലേ? ;)

  ReplyDelete
 6. ഗൃഹാതുരത്തെ തോട്ടു കളിക്കല്ലെ, മനു !!
  :)

  ഓര്‍മകള്‍ ഉള്ളിലുള്ളവനെ ഗൃഹാതുരത്വം ഉണ്ടാവൂ. മണവും നിറവും കാഴ്ചയും എല്ലാം ഓര്‍മയുടെ അടിത്തട്ടിലെ എതെങ്കിലും ഒന്ന് തോണ്ടി പുറത്തിടുന്നതാവണം, അവിടെയെ ഗൃഹാതുരത്വം പുറത്ത് വരൂ. ഓരോ ഓര്‍മകളും ഉറക്കം കെടുത്തുന്ന ദുഃസ്വപ്നങ്ങളായവന്‍ ഓര്‍മകളിഷ്ടമുണ്ടാവില്ല, എനിക്കും.

  ReplyDelete
 7. എന്നാലും ഒരെന്തോ എവിടെയോ ബാക്കിയാവുന്നില്ലേ...?

  ReplyDelete
 8. A classical Manu style article.

  ReplyDelete
 9. മനുജിയുടെ എഴുത്തിന്റെ വശ്യ ഭംഗി ലേഖനത്തിനും ഉണ്ടെങ്കിലും.... ഗൃഹാതുരത്വം ... അത് വെറുമൊരു ജാഡ അല്ല...

  ഞാനൊരു കുട്ടനാട്ടുകാരനാ....എന്തൊക്കെ കുറവ് ഉണ്ടെങ്കിലും...വെള്ളകുഴി എന്ന് പുറം നാട്ടുകാര്‍ വിളിക്കും എങ്കിലും...മഴയൊന്നു തകര്‍ത്തു പെയ്താല്‍ മനസ്സ് നേരെ എത്തുന്നത്...ഇടവപാതിയില്‍ മുങ്ങി കുളിക്കുന്ന ...ചെറുകരയിലെ മുണ്ടക പാടത്താ.........

  ReplyDelete
 10. മനൂ,

  ഗ്ര്‌ഹാതുരത്വം ഇല്ലെന്ന് മനു വിശ്വസിക്കുന്നുവോ?.

  അങ്ങനെയെങ്കിൽ എനിക്ക് ചുറ്റും ജീവിക്കുന്ന നൂറ്‌ശതമാനം ആളുകളെയും ചൂണ്ടികൊണ്ട് എനിക്ക് തറപ്പിച്ച് പറയാനാവും മനുവിന്റെ നിഗമനം തെറ്റാണെന്ന്.

  എതിരാൻ പറഞ്ഞത്പോലെ, ഇല്ലെന്ന് നടിക്കുന്ന മലയാളിയുടെ മനസ്സിലും, അതുണ്ടെന്നത് സത്യം.

  ഏത് നാട്ടിലാണെങ്കിലും, നശിച്ച മഴയത്ത് പുറത്തിറങ്ങുവാൻ കഴിയാത്ത, ബന്ദും ഹർത്താലും, അടഞ്ഞ വിദ്യാലയങ്ങളുമുള്ള എന്റെനാട്‌ തന്നെയാണ്, ഇന്നും പ്രിയപ്പെട്ടതെന്നും, അത് എന്റെ മനസ്സിൽ വിരിയിക്കുന്ന മാദകഗന്ധമാണെന്റെ ലഹരിയെന്നും ഞാൻ പറയുമ്പോൾ, അതല്ലേന്ന് മനുവിന് പറയാം. സത്യം അതല്ല.

  ഒരു സംശയം കൂടെ, നാട്ടുകാര് കാണിക്കുന്ന സംസ്കാരം, എന്റെ നോസ്റ്റാൾജിക്ക് ഫിലിങ്ങിനെ ബാധിക്കുമോ മനു?

  ഒരു ലേഖനമെന്ന രീതിയിൽ, മനുവിന്റെ നിഗമനങ്ങൾ തെറ്റാണ്. നൂറ്‌വട്ടം.

  നെഞ്ചിനുള്ളിൽ നിയാണ്.... എന്ന് മൂളി, ഓരോ പ്രഭാതത്തിനെയും വരവേൽക്കുന്ന പ്രവാസികളുടെ നാട്ടിൽനിന്നും, നോസ്റ്റാൾജിക്ക് പോയിട്ടില്ലെന്ന്, പോവില്ലെന്ന്, വേദനയോടെ മനുവിനെ ഓർമ്മപ്പെടുത്തുന്നു.

  ഒരു തലമുറയിലൂടെ കഴിയുമെന്ന് തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കുക. പുതുതലമുറ, അതിലെറെ നോസ്റ്റാൾജിക്കാണ്.

  സങ്കടത്തോടെതന്നെ എന്റെ പ്രതിഷേധം അറിയിക്കുന്നു.

  ReplyDelete
 11. ഗൃഹാതുരത്വം ഈയിടെ വല്ലാതെ കൂറഞ്ഞുവരികയാണ് കേട്ടൊ,കാരണം മറ്റൊന്നുമല്ല നമ്മുടെ ഇഷ്ട്ടപ്പെട്ട ബ്ലോഗ്ഗുകൾ തന്നെ....

  ReplyDelete
 12. ‘ഗൃഹാതുരത‘ തികച്ചും വ്യക്ത്യാധിഷ്ടിതമായ ഒരു വികാരമല്ലേ? മലയാളിയുടെ (‘മല്ലു’വിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്!)മാറിവരുന്ന ചിന്താരീതികള്‍ക്കിടയിലും, പുത്തന്‍ ആശയങ്ങള്‍ക്കൊപ്പവും, ആഗോളവല്‍ക്കരണ ചര്‍ച്ചകിള്‍ക്കിടയിലും പ്രവാസി അവന്റെ ഉള്ളിന്റെ ഉള്ളില്‍ സ്വകാര്യമായി കാത്തുവെക്കുന്നതാണ് ഗൃഹാതുരത. ‘മല്ലു’ വിന്റെ ജാടകള്‍ക്കൊപ്പം ആധുനികതയുടെ പൊയ്മുഖം അണിയാന്‍ ശ്രമിക്കുന്ന കുറേപ്പേര്‍ അത് ‘ഔട്ട് ഓഫ് ഫാഷന്‍’ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രം.

  ReplyDelete
 13. സുല്‍ത്താന്‍
  ഗൃഹാതുരത്വം ഇല്ലാ എന്നല്ല ഞാന്‍ പറഞ്ഞത്. ആ വികാരത്തെ ഒരു മഞ്ഞുതുള്ളിപോലെ കൊണ്ടുനടക്കാന്‍ ഇഷ്ടപെടുന്ന ഒരാളാണ് ഞാന്‍.
  പക്ഷേ, നൊസ്റ്റാള്‍ജിക് ആകുന്നത് അപരാധമോ സംസ്കാരശൂന്യതയോ ആണെന്ന് ഇവിടെ പറഞ്ഞു തുടങ്ങിയിരിക്കുന്നു.. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ..

  ReplyDelete
 14. കമ്യൂണിസ്റ്റ് ചെടിയില ഞെരടിമണപ്പിക്കുമ്പോഴും, ചീനിക്കായ വെറുതെ ഉരച്ചുകളഞ്ഞു പമ്പരസ്‌മൃതിയുടെ കറക്കങ്ങളില്‍ ഊളിയിടുമ്പോഴും, വയണയിലച്ചാറ് നുണഞ്ഞ് അഞ്ചാം ക്ലാസിലേക്ക് തിരികെ നടക്കുമ്പോഴും, റബറിന്‍ കായ ഉരച്ച ചൂടില്‍ ബാല്യത്തിന്റെ ദേഹം ഒന്നുകൂടി പൊള്ളിക്കുമ്പോഴും ഒക്കെ ബാല്യത്തെ ഓര്‍മ്മപ്പെടുത്തിയ വരികള്‍.

  ReplyDelete
 15. മക്കളുടെ പാഠപുസ്തകം എടുത്തുതുറന്നു അതില്‍ മുഖംഅമര്‍ത്തിപിടിച്ചുശ്വാസം അകത്തേക് വലിക്കും. എന്നിട്ട് കണ്ണടച്ച്പിടിക്കും അപ്പോള്‍ മുപ്പതുവര്ഷം മുന്‍പ് അഞ്ചാംക്ലാസ് ബി യിലെ രണ്ടാം നിരയിലെ ബെഞ്ചില്‍ ഇരിക്കുന്ന ഓര്മവരും ആസുഖംഒന്ന് വേറെതന്നെ

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts