ബൂലോക സഞ്ചാരംവായന മരിക്കുന്നു എന്ന മുറവിളികള്‍ക്കിടയില്‍ വീണ്ടും ഒരു വായാനാ ദിനം കൂടി.. സത്യത്തില്‍ വായന മരിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. വായന ഒരു പരിധി വരെ ഇപ്പോളും ഉണ്ട് എന്ന് തന്നെ വിശ്വാസം. ചിലപ്പോള്‍ അതിന്റെ രീതികളില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ടാവാം. പണ്ട് പബ്ലിക്ക് ലൈബ്രറികളിലേയും വായനശാലയിലേയും അടിവരയിട്ടും കമന്റുകള്‍ എഴുതിയും ഏടുകള്‍ കീറിപ്പോയതുമായ പുസ്തകങ്ങള്‍ വായിക്കുന്ന ഒരു സുഖം പ്രദാനം ചെയ്യില്ലെങ്കില്‍ കൂടി ഇന്നത്തെ പുത്തന്‍ വായന രീതികളെ നമുക്ക് തള്ളികളയാന്‍ കഴിയില്ല. - വായനയില്‍ നിന്നും സുഖം കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു നമ്മുടെ തിരക്കുപിടിച്ച പുതു സമൂഹം. ഫാസ്റ്റ് ഫുഡ് പോലെ തന്നെ നമ്മെ ഇന്ന് വല്ലാതെ ഭ്രമിപ്പിക്കുന്നു ഫാസ്റ്റ് റീഡിങ്ങും. ഒപ്പം എഴുത്തുകാരനോട് കൂടുതല്‍ സംവേദിക്കാന്‍ കഴിയുന്നു എന്നതിനാലും ബ്ലോഗ് എന്ന മാധ്യമത്തിന്‌ ഇന്ന് ശരാശരിക്കാരന്റെ വായനയില്‍ വലിയ സ്ഥാനം ലഭിച്ചു തുടങ്ങിയിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇനി എഴുത്തുകളെല്ലാം - ലിപികളിലേയുള്ളു എന്ന്‍ സി.രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ നെറ്റിചുളിച്ച പലരും ഇന്ന് ബ്ലോഗെഴുത്തിലും വായനയിലും സജീവമാണെന്ന് പറയുമ്പോള്‍ അറിയാം എത്രത്തോളം മാധ്യമം നമ്മെ സ്വാധീനിച്ചിരിക്കുന്നു എന്ന്. പക്ഷെ, നേരത്തെ സൂചിപ്പിച്ച പോലെ തിരക്കിട്ട ഓട്ടത്തിനിടയില്‍ പലപ്പോഴും സാന്‍ വിച്ചിലേക്കും ബെര്‍ഗറിലേക്കും ഷവര്‍മ്മയിലേക്കും മറ്റും നമ്മുടെ ഭക്ഷണ അഭിരുചികളെ നമ്മള്‍ മാറ്റി ശീലിപ്പിച്ചപ്പോഴും പഴയ തട്ട് ദോശകള്‍ കിട്ടുന്ന കടകള്‍ കണ്ടാല്‍ മലയാളി വണ്ടി ഒതുക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ അത് തേടി നടന്ന് നമ്മുടെ വിലപ്പെട്ട സമയം കളയാന്‍ പലപ്പോഴും നമ്മള്‍ മടികാണിക്കുന്നു എന്നതാണ്‌ വാസ്തവം. അതുകൊണ്ട് അത്തരം ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളിലേക്ക് നിങ്ങളെ എത്തിക്കാനുള്ള ഒരു ചെറിയ ശ്രമമാണ്‌ ഇവിടെ നടത്തുന്നത്. കൃത്യമായ ഒരു ഇടവേളയില്‍ ഇത് വരുമെന്ന് ഒരു ഉറപ്പും എനിക്ക് തരാന്‍ കഴിയില്ല. നല്ലത് കണ്ടാല്‍ അവിടെ നമുക്ക് വീണ്ടും കാണാം എന്ന് മാത്രം ഉറപ്പ് തന്ന് കൊണ്ട് രണ്ട് കുഞ്ഞ് ബ്ലോഗുകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ..
മനോരാജ് തേജസ്


സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം എന്നും നമ്മുടെ സ്വപ്നങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ്‌. സ്വര്‍ഗ്ഗത്തിന്റെ കവാടം തുറക്കാനായിട്ട് നമ്മള്‍ മുട്ടാത്ത വാതിലുകളോ കയറിയിറങ്ങാത്ത ആരാധനാലയങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നും തന്നെ നമുക്ക് യാത്ര തുടങ്ങാം. ജാലകത്തിലൂടെയുള്ള ഒരു സഞ്ചാരത്തിനിടയില്‍ എപ്പോഴോ പോസ്റ്റ് ചെയ്തത് 'ആളവന്‍ താന്‍' എന്ന് കണ്ടപ്പോള്‍ ഏതോ ഒരു തമിഴ് ചുവയുള്ള ബ്ലോഗ് ആവും എന്ന് കരുതി വെറുതെ എത്തിനോക്കിയതാണീ സ്വര്‍ഗ്ഗത്തിലേക്ക്. ഹൃദയത്തില്‍ കൈകള്‍ ചേര്‍ത്ത് മനോഹരമായി മലയാളം പറഞ്ഞ് ചിരിച്ചു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ പെട്ടന്ന് വിട്ട് പോരാന്‍ നമുക്ക് ആവില്ല.

"എഴുത്ത് ഒപ്പമുണ്ടായിരുന്നു എന്നും. ഡയറിക്കുറിപ്പുകളായും ചെറുകടലാസു തുണ്ടുകളായുമൊക്കെ.. ആരുമറിയാതെ ആരെയുമറിയിക്കാതെ നിശബ്ദമായി ഞാന്‍ ഒപ്പം കൂട്ടിയ എഴുത്ത്. വിരസമായ ഏകാന്തതയെ പതിയെ ഞാന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് അങ്ങിനെയായിരുന്നു. പരന്ന വായനയുടെ കുറവ് നന്നായി പ്രതിഫലിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും എഴുത്ത് എന്ന ഭ്രാന്ത് എന്നെ കൊണ്ട് വീണ്ടും വീണ്ടും അത് ചെയ്യിച്ചുകൊണ്ടിരുന്നു. എനിക്കറിയാവുന്ന,എനിക്കു വഴങ്ങുന്ന, വളരെ സാധാരണമായ, എന്റെ ഭാഷയില്‍ , ശൈലിയില്‍ , ഡയറികളുടെ താളുകള്‍ക്കിടയില്‍ ശ്വാസം മുട്ടിയ അക്ഷരകൂട്ടങ്ങള്‍ ബ്ലോഗിലേക്ക് കുടിയേറിയത് അറിഞ്ഞപ്പോള്‍ , വൈകിയാണെങ്കിലും ഞാനും സഞ്ചരിക്കുന്നു അവയ്ക്കൊപ്പം. നിങ്ങളേയും ക്ഷണിക്കുന്നു എന്റെ സഞ്ചാരത്തിലേക്ക്.. സ്വാഗതം ചെയ്യുന്നു എന്റെ സ്വര്‍ഗ്ഗത്തിലേക്ക്.. " എന്ന ബ്ലോഗറുടെ വാക്കുകളേക്കാള്‍ മറ്റൊന്നും കൂടുതലായി പറയാന്‍ എനിക്ക് കിട്ടുന്നില്ല.

പോസ്റ്റുകളിലൂടെ പോയപ്പോള്‍ ഒരു പ്രത്യേക വിഷയത്തില്‍ തളക്കപ്പെടാതെ പലതും കൈകാര്യം ചെയ്തിരിക്കുന്നു ആളവന്‍ താന്‍ എന്ന വിമല്‍ .എം.നായര്‍. 'ഹര്‍ത്താല്‍' എന്ന കവിതയിലൂടെ ആക്ഷേപഹാസ്യവും 'മരണപക്ഷി' എന്ന പോസ്റ്റിലൂടെ സമകാലീക വിഷയത്തിലൂടെയും 'അച്ചായചരിതം - ഒരു ചെളികഥ'യിലൂടെ നര്‍മ്മവും തനിക്ക് വഴങ്ങുമെന്ന് ജോര്‍ദ്ദാനില്‍ ഒരു കമ്പനിയില്‍ സുരക്ഷാ ഉപദേഷ്ടാവായി ജോലി നോക്കുന്ന , തിരുവനന്തപുരം ചിറയന്‍ കീഴ് സ്വദേശിയായ ചെറുപ്പക്കാരന്‍ തെളിയിക്കുന്നു. വിമലിന്റെ കൊതുകുവല എന്ന കഥ വല്ലാത്ത ഒരു വായനാ സുഖം പകര്‍ന്നു നല്‍ക്കുന്നു. ചില സമയങ്ങളില്‍ ഒരു തിരക്കഥാരന്‍ കഥ പറയുന്ന പോലെ ഒരു ഫീല്‍ ഉണ്ടാക്കാന്‍ കൊതുകുവലയിലൂടെ വിമലിന്‌ കഴിഞ്ഞു. ഓര്‍മ്മകളുടെ, അനുഭവങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്ക് ഒരിക്കലെങ്കിലും എത്തിനോക്കിയാല്‍, എനിക്ക് തോന്നുന്നു നല്ലൊരു വായനാനുഭവം അവിടെ നമുക്ക് ലഭിക്കുമെന്ന്..

ചാമ്പല്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും എന്തിനേയും ചാമ്പലാക്കാന്‍ കഴിവുള്ള തീക്ഷ്ണമായ ഭാഷ സ്വായത്തമ്മാക്കിയ ഒരു ചെറുപ്പക്കാരിയിലേക്ക് നിങ്ങളെ നയിക്കട്ടെ. കഥകളുടെ വസന്തമായ ഋതുവില്‍ വല്ലാതെ മനസ്സിനെ ആകര്‍ഷിച്ച 'ഗ്രീഷ്മം തണുക്കുമ്പോള്‍' എന്ന കഥയിലൂടെയാണ്‌ അഞ്ജു നായരുടെ ചാമ്പലിലേക്ക് കടന്നുചെന്നത്. (കനല്‍ എന്ന മറ്റൊരു ബ്ലോഗ് കൂടി അഞ്ജുവിന്‌ സ്വന്തം).

രാമനുപേക്ഷിച്ച സീതയെ വാല്‍മീകിയുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ വനവീഥികളിലൂടെ സീതയുടെ കൈപിടിച്ചുകൊണ്ട് ശൂര്‍പ്പണഖ!! ഒരു നിമിഷം എം.ടിയുടെ രണ്ടാമൂഴക്കാരനെ ഓര്‍ത്തു. പിന്നീട് അഞ്ജുവിനോട് സംസാരിച്ചപ്പോള്‍ മനസ്സിലായി രണ്ടാമൂഴക്കാരനെ 25 ഓളം വട്ടം ഒരു ഭ്രാന്ത് പോലെ വായിച്ചിട്ടുണ്ടെന്ന്. സത്യത്തില്‍ ഒരു ഒറ്റ കഥ മതിയായിരുന്നു അഞ്ജുവിലെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍. വായിച്ചിട്ടുള്ളവര്‍ സാക്ഷ്യം!!

ചാമ്പലില്‍ കണ്ടതും വായിച്ചതും മുഴുവന്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍. അച്ചനും, കഥയില്ലായ്മയും, പിറക്കാതെ പോയ മകളും, കൃഷ്ണാ നീയും എല്ലാം.. എല്ലാം. കരുണം, അവ്യക്തം, കാല്പനീകം, സുതാര്യം, അനുഭവം, മരണം പോസ്റ്റുകളുടെ ലേബലില്‍ പോലുമുണ്ടാ തീക്ഷ്ണത.. പലതും നേരിട്ട് ചോദിച്ചറിഞ്ഞ ഞാന്‍, ഇത്ര ചെറുപ്രായത്തിലേ ഒത്തിരി ജീവിതാനുഭവങ്ങള്‍ ഉള്ള ഒരു കുട്ടിയെ കണ്ട് വല്ലാതെ പകച്ചുപോയി. ഒരു പക്ഷെ ജീവിതാനുഭവങ്ങളാവാം അഞ്ജു നായര്‍ എന്ന "അപ്പൂപ്പന്റെ കഥകളി പദങ്ങളും കവിതയും പഴം കഥകളും കേട്ട് വളര്‍ന്ന ബാലികക്ക്.. കറുത്ത കുപ്പിവളകളിഷ്ടപ്പെടുന്ന, വെള്ളിക്കൊലുസിന്റെ കിലുക്കം നടപ്പില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിക്ക്.. ഭഗവാന്‍ കൃഷ്ണന്റെ ആരാധികക്ക് .. പ്രകടിപ്പിക്കാത്ത സ്നേഹം ഒരു പാട് മനസ്സില്‍ സൂക്ഷിച്ച ഒരമ്മയുടെ ഏകമകള്‍ക്ക് .. ഗുരുക്കന്മാരുടെ സ്നേഹം മനസ്സില്‍ കെടാവിളക്ക് പോലെ സൂക്ഷിക്കുന്ന ശിക്ഷ്യക്ക്.." ഇത്ര മനോഹമയായി എഴുതാന്‍ കഴിയുന്നത്. രണ്ടു പുഴകള്‍ക്കിടയില്‍ തേജസ്വിനി എന്ന കെട്ടിടത്തിലെ വൈഗ എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ സബ് എഡിറ്ററുടെ ജോലിയും ചാമ്പലും കനലും ഋതുവുമായി ശാന്തം , സുന്ദരം, ജീവിതം എന്ന് പറയുമ്പോളും തീക്ഷ്ണമായ വാക്കുകള്‍ നമ്മോട് പറയുന്നു ഇവള്‍ നാളെയുടെ കഥാകാരി..

അല്പം നീണ്ടു എന്നറിയാം . പക്ഷെ വായനാ ദിനത്തില്‍ ഇത്രയും ചെയ്തപ്പോള്‍ ചെറിയൊരു ചാരിതാര്‍ത്ഥ്യം. തങ്ങളുടെ സ്വന്തമായ കഴിവുകള്‍കൊണ്ട് അനുഗ്രഹീതരായ ഇവരിലേക്കെത്താന്‍ ഞാന്‍ ഒരു നിമിത്തമായെങ്കില്‍ അത് ഒരു പക്ഷെ എന്റെ നിയോഗം. തിരക്കിട്ട നമ്മുടെ ജീവിത പാച്ചിലിനിടയില്‍ ഒരു നിമിഷം നമുക്ക് പഴമയിലേക്ക് പോകാന്‍, മലയാളത്തിന്റെ അക്ഷര സുഗന്ധം നുകരാന്‍, അത് കൈമോശം വന്നിട്ടില്ല എന്ന് സ്വയം ഊറ്റം കൊള്ളാന്‍ സ്വര്‍ഗ്ഗവും ചാമ്പലും നിങ്ങളെ സഹായിക്കുമെന്ന പ്രത്യാശയോടെ..

© മനോരാജ് തേജസ്

35 Responses to "ബൂലോക സഞ്ചാരം"

 1. ചില ഏറ്റക്കുറച്ചിലുകള്‍ സംഭാവിച്ചിട്ടുങ്കിലും മനു പറഞ്ഞത് പോലെ വായന മരിച്ചിട്ടില്ല. അതിന്റെ ഒരു പുത്തന്‍ രൂപം ബ്ലോഗ്‌ വഴി എത്തപ്പെട്ടു എന്നതും ആശ്വാസം തന്നെ.

  പിരിചയപ്പെടുത്തിയ പുതിയ ബ്ലോഗുകളില്‍ ഞാന്‍ എത്തപ്പെട്ടിട്ടില്ല. ഇതുവഴി അവിടം സന്ദര്‍ശിക്കാന്‍ സഹായിച്ചതിന് നന്ദി.

  ReplyDelete
 2. വായന മരിച്ചിട്ടില്ല.
  ഒരു പക്ഷെ പരിചയപ്പെടാതെ പോകുമായിരുന്ന 2 ബ്ലോഗുകളാണിവ... നന്ദി :)

  ReplyDelete
 3. മനോരാജ്, അഭിനന്ദനങ്ങള്‍, രണ്ടു പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു....
  അക്ഷരങ്ങള്‍ക്ക് പകരം വെക്കാന്‍ ഒന്നുമില്ല. അക്ഷരങ്ങളുടെ സൌന്ദര്യം കാണാന്‍ തുടങ്ങിയതോടെ ഏകാന്തതയെ ഇഷ്ടപ്പെട്ടു തുടങ്ങി.അതിന്റെ ഭംഗി ആസ്വദിക്കാന്‍ തുടങ്ങി..
  കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വായനാ ശൈലി മാറിയെന്നു മാത്രം.അത് അനിവാര്യം .പക്ഷെ അക്ഷരങ്ങളെ തൊട്ടു വായിക്കാന്‍ പറ്റുന്നില്ല എന്നൊരു വിഷമം ഉണ്ട് ഈ മാറ്റങ്ങളില്‍ .....

  ReplyDelete
 4. ബൂലോക സഞ്ചാരം എന്നൊരു തലക്കെട്ട് ചിന്തയില്‍ കണ്ടപ്പോള്‍ ഒരു ബ്ലോഗ് പരിചയപ്പെടുത്തലാണെന്ന് അറിഞ്ഞില്ല.തുറന്ന് നോക്കിയപ്പോ മനോരാജിന്‍റെ ലേഖനം.ആ ബ്ലോഗുകള്‍ വായിച്ച് കൊണ്ടിരിക്കുകയാ, ഈ ശ്രമത്തിനു നന്ദി

  ReplyDelete
 5. അഞ്ജു എന്ന കഥകാരിയും ചമ്പല്‍ എന്ന ബ്ലോഗും പരിചയപ്പെടുത്തിയതിനു നന്ദി.
  മനുവേട്ട, വേറിട്ട്‌ നില്‍ക്കുന്നു ഈ പോസ്റ്റ്‌ !

  ReplyDelete
 6. പുതിയ ബ്ലോഗ്‌ അറിയാന്‍ സാധിച്ചതില്‍ സന്തോഷം

  ReplyDelete
 7. mano..good effort..keep going..

  ReplyDelete
 8. ഇവരെ രണ്ടു പേരെയും പരിജയപെട്ടിരുന്നു ...മനോ പറഞ്ഞ പോലെ വായന മരിച്ചിട്ടില്ല ,മരിക്കുകയും ഇല്ല ...എന്തായാലും ഇതുവഴി അവരെ പരിജപെടുതിയത് നന്നായി ...

  ReplyDelete
 9. അനൂപിന്റെ കമന്റിനോട് യോജിക്കുന്നു ...
  "അക്ഷരങ്ങള്‍ക്ക് പകരം വെക്കാന്‍ ഒന്നുമില്ല. അക്ഷരങ്ങളുടെ സൌന്ദര്യം കാണാന്‍ തുടങ്ങിയതോടെ ഏകാന്തതയെ ഇഷ്ടപ്പെട്ടു തുടങ്ങി.അതിന്റെ ഭംഗി ആസ്വദിക്കാന്‍ തുടങ്ങി..
  കാലത്തിന്റെ മാറ്റത്തിനനുസരിച്ച് വായനാ ശൈലി മാറിയെന്നു മാത്രം.അത് അനിവാര്യം .പക്ഷെ അക്ഷരങ്ങളെ തൊട്ടു വായിക്കാന്‍ പറ്റുന്നില്ല എന്നൊരു വിഷമം ഉണ്ട് ഈ മാറ്റങ്ങളില്‍ ...."

  ReplyDelete
 10. ഈയിടെ ലോകസാഹിത്യ വേദിയില്‍ നടത്തിയ ഒരു പഠനം
  വിശദീകരിക്കുന്നതിങ്ങനെയാണ് ...
  മുപ്പതുവര്‍ഷത്തില്‍ ഏറെയായി ലോകത്തിലെ എല്ലാഭാഷകളിലും
  സംഭവിച്ച് കൊണ്ടിരുന്ന വായനയുടെ വല്ലാത്ത കുറവുകള്‍ , ഇപ്പോള്‍
  മൂന്നാല്കൊല്ലമായി ക്രമാധീതമായി ഉയര്‍ത്ത് എഴുനേറ്റുപോലും. ഒപ്പം എഴുത്തും !

  കാരണം ബ്ലോഗ്‌ എന്ന പുതിയമാധ്യമം ആണത്രേ ........


  കഴിഞ്ഞ മൂന്നുവർഷമായി ലോകത്തിലെ എല്ലാഭാഷകളിലും വായന
  ഇരട്ടിയിൽ അധികമായെന്നാണ് മുന്‍പറഞ്ഞ ആ പഠനങ്ങള്‍ വ്യക്തമാക്കുന്നത്..
  സംഭവം ബ്ലോഗ് എഴുത്ത് തന്നെ !!!
  എന്തുകൊണ്ടെന്നാൽ പോസ്റ്റിടുന്നവരും ,വായനക്കാരും ഇപ്പോൾ
  ധാരാളം വായിച്ചുകൊണ്ടിരിക്കുന്നു..
  ഇതിന്റെയെല്ലാം മാറ്റൊലികള്‍ നമ്മുടെ മലയാളത്തിലും അലയടിച്ചു കേട്ടോ....
  അടുത്ത കാലത്ത് മലയാളത്തിൽ തന്നെ ,ബ്ലോഗുലകത്തില്‍ നിന്നും പുസ്തകലോകത്ത് കടന്നുവന്നവർ എത്രയെത്രപേർ !
  ഇത്തരം പരിചയപ്പെടുത്തലുകൾക്ക് മനോരാജ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു...കേട്ടോ

  ReplyDelete
 11. നാമറിയാത്ത ബ്ലോഗുകളെ പരിചയപ്പെടുതികൊണ്ടുള്ള ബൂലോക സഞ്ചാരം എന്ന മനോരാജിന്റെ പുതിയ ആശയം
  ബ്ലോഗ്‌ എഴുത്തുകാരിലും,വായനക്കാരിലും നല്ലൊരു വഴിത്തിരിവാകുമെന്ന് ഞാന്‍ കരതുന്നു.
  ബ്ലോഗെഴുത്ത് വെറുതെ ഒരു സമയം പോക്കെന്നതാവരുത്.ആരോഗ്യകരമായ വിമര്‍ശനങ്ങളിലൂടെ വളര്‍ന്നു വരുന്ന എഴുത്തുകാരനെ,സ്വയം,വിമര്‍ശിക്കപ്പെടുന്ന, ചര്‍ച്ചചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് അവനെ സ്വാധീനിക്കത്തക്ക വിധം ആരോഗ്യകരമായ വിമര്‍ശനങ്ങളുടെ അഭാവം പൊതുവായി ഈ ബൂലോകത്തുണ്ട് . ഒരു ബ്ലോഗെഴുത്ത് നിരൂപണം ചെയ്യപ്പെടാനൊരു വേദി.അതിനു തുടക്കമായി ത്തീരട്ടെ മനോരാജിന്റെ ഈ ബൂലോക സഞ്ചാരം

  ആശംസകളോടെ,
  ---ഫാരിസ്‌

  ReplyDelete
 12. പുതിയ ബ്ലോഗുകളിലേക്ക് രണ്ടു വാതിലുകള്‍ കൂടി തുറന്നു തന്നതിന് മനോരാജിനു എന്റെ സ്പെഷല്‍ താങ്ക്സ്.
  പ്രത്യേകിച്ച് ആ ലിങ്ക് ഇമെയില്‍ ആയി അയച്ചു ആത്മാര്‍ഥമായി വഴി കാണിച്ചു തന്നതിന്.
  വായന മരിക്കുന്നു എന്നതല്ല, ബ്ലോഗു വായനക്ക് സമയം തികയാത്തതാ ഇപ്പോഴത്തെ പ്രശ്നം
  നൂറു രൂപാ മാത്രം കയ്യിലുള്ളവന് എത്ര വലിയ ഹൈപര്‍ മാര്‍ക്കറ്റില്‍ കയറിയാലും നൂറു രൂപക്കുള്ള സാദനമല്ലേ വാങ്ങാന്‍ പറ്റൂ.
  വേറൊരു കാര്യം, പുസ്തകം വായിക്കുന്ന സുഖം ഒരിക്കലും ഇന്റര്‍നെറ്റില്‍ വായിക്കുമ്പോള്‍ കിട്ടില്ല
  ഉദാഹരണത്തിന് പ്രശസ്ഥ ജനപ്രിയ ബ്ലോഗ്‌ "കൊടകരപുരാണം" ഞാന്‍ വായിച്ചത് അതു പുസ്തകമായി ഇറങ്ങിയപ്പോഴാണ്
  പുസ്തകം വായിക്കുന്ന സുഖം അതെ ബ്ലോഗ്‌ കമ്പ്യൂട്ടറില്‍ വായിക്കുമ്പോള്‍ കിട്ടുന്നില്ല
  എന്റെ ഒരു അപേക്ഷ, മനോരാജിനെ പോലെ ബ്ലോഗും സാഹിത്യവും തമ്മില്‍ ഒരു ലിങ്ക് ഉണ്ടാക്കാന്‍ പരിശ്രമിക്കുന്ന
  സുഹൃത്തുക്കള്‍ ബ്ലോഗ്‌ എന്ന സമുദ്രത്തില്‍ നിന്നും മാസാന്തം ഓരോ കൈ നിറയെ മത്തുകള്‍ പുസ്തക രൂപത്തില്‍
  ഇറക്കിയാല്‍ അതു മലയാളത്തിനു ഒരു മുതല്‍ക്കൂട്ടാവും എന്ന് തന്നെയാണ്
  ആശംസകള്‍
  വഴിപോക്കന്‍

  ReplyDelete
 13. മനോരാജ്,ഈ പരിചയപ്പെടുത്തല്‍ ഒരു ബ്ലോഗ്
  ധര്‍മമാവും ! ഏറെ നന്ദിയുണ്ട് നിങ്ങളോടെനീക്ക്
  ആ സന്തോഷം പങ്ക് വെക്കുന്നുവുടെ...

  ReplyDelete
 14. വളരെ നന്ദി ഈ ബ്ലോഗുകളെ പരിചയപ്പെടുത്തിയതിനു. ഇനി അവ ഒന്ന് നോക്കട്ടെ.

  ReplyDelete
 15. വായന മരിച്ചിട്ടില്ല.
  വായനയുടെ രൂപവും ഭാവവും മാറിയെന്നതാണ് ശരി.
  ഗൗരവമുള്ള വായനകള്‍ കുറഞ്ഞു എന്നതു നേരാണ്.

  ReplyDelete
 16. മനോ രാജ്,
  നല്ല ഉദ്യമം!
  “ചാമ്പല്‍“ എന്ന് പേരിന് എന്തോ കുഴപ്പമുണ്ടല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു..
  ബട്ട്, പോസ്റ്റുകള്‍ക്കു ഒരു കുഴപ്പവുമില്ല.!

  സ്വര്‍ഗ്ഗവും നല്ലത്..(സ്വര്‍ഗ്ഗം മോശമാവില്ലല്ലോ?)

  എന്തായാലും, മനോരാജ് അഭിനന്ദനങ്ങള്‍!

  ReplyDelete
 17. This comment has been removed by the author.

  ReplyDelete
 18. വായന മരിച്ചിട്ടില്ല വായനയുടെ രൂപവും, എഴുത്തിന്‍റെ രീതിയും മാറിയത് സ്വാഭാവികം. കാലത്തിനോടൊപ്പം സഞ്ചരിക്കുമ്പോള്‍ മാറ്റങ്ങള്‍ അറിയാതെ നമ്മില്‍ വന്നുചേരും .
  നന്നായി മനോരാജ് കാണാതെ പോവുന്ന നല്ല ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന ഈ ലേഖനം പരമ്പരയായി തുടര്‍ന്ന് പോവും എന്ന് വിശ്വസിക്കുന്നു.
  ആശംസകള്‍ :)

  ReplyDelete
 19. വായന മരിക്കില്ല മനോരാജ്‌. ഇപ്പോൾ ബ്ലോഗിലും അതു സജീവമാണല്ലോ. ആശങ്കപ്പെടാനില്ല.
  അതുകൊണ്ട്‌ നല്ല എഴുത്തുകാരെ പ്രോൽസാഹിപ്പിക്കാനുള്ള സംരംഭം പ്രശംശയർഹിക്കുന്നു. ഇനിയും തുടരുക. മലയാളഭാഷയുടെ സത്ത സൂക്ഷിക്കുന്ന ഒരു പുതിയ തലമുറ ഉണ്ട്‌ എന്നുള്ളത്‌ ആശ്വാസകരം തന്നെ.

  ReplyDelete
 20. എന്റെ ചാമ്പലിനെ പരിചയപെടുത്തിയ മനോരാജേട്ടനും വായിക്കാന്‍ സന്മനസ് കാണിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.......

  ReplyDelete
 21. നല്ല ഉദ്യമം മനോരാജ്.
  സ്വർഗവും ചാമ്പലും വായിച്ചിട്ടുണ്ട്.
  രണ്ടിന്റെയും ഉടമകൾക്ക് ആശംസകൾ!

  ReplyDelete
 22. അഞ്ചു വരട്ടെ ആദ്യം എന്ന് വെയ്റ്റ് ചെയ്യുവായിരുന്നു. എന്തായാലും അഞ്ചു വന്നു, ഇനി ഞാനും വരാം.
  എനിക്കൊരു ഷോക്ക് ആയിരുന്നു, സത്യത്തില്‍ ഈ പോസ്റ്റ്‌. ഞാന്‍ ഒരു കാര്യം മനസ്സിലാക്കുന്നു, മനുവേട്ടന്‍ ഇതിലൂടെ എനിക്ക് തന്നത് വലിയ ഒരു ആത്മവിശ്വാസവും അതിനേക്കാള്‍ വലിയ ഒരു ഉത്തരവാദിത്വവും ആണെന്ന്. എന്തായാലും എന്‍റെ കഴിവിനനുസരിച്ച് ഞാനും ശ്രമിക്കാം. ഇത് വായിച്ചും അല്ലാതെയും, സ്വര്‍ഗത്തിലെത്തുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാരോടും എന്‍റെ സന്തോഷം ഞാന്‍ പങ്ക് വയ്ക്കുന്നു.
  പിന്നെ മനുവേട്ടാ...... അല്ലെങ്കില്‍ വേണ്ട. ഞാന്‍ പറയുന്നില്ല......

  ReplyDelete
 23. ഈ പരിചയപ്പെടുതലിനു നന്ദി

  ReplyDelete
 24. ിമനു ,വായന ഒരിക്കലും മരിക്കുകയില്ല .ബ്ലോഗ് എഴുത്തില് വായനക്കാരനുമായി സംവദിക്കാം,പ്രതികരണങ്ങള് ഉടനെ അറിയാം എന്നൊരു ഗുണവുമുണ്ട്.അത് യഥാര്തത്തില്
  ഒരു നാടകാഭിനയതിന്റെ എഫ്ഫക്റ്റ് തരുന്നുണ്ട്.പിന്നെ ഇപ്പോള് ആളുകള് ടെലിവിഷന് സ്വാധീനത്തില് നിന്നും പുറത്തുകടന്നു,വായനയിലെക്കും മറ്റു സര്ഗാത്മകപ്രവൃതികളിലെക്കും
  ശ്രദ്ധ ചെലുത്തുന്നുണ്ട് .രണ്ടു ബ്ലോഗുകളും നന്നായി.നന്ദി

  ReplyDelete
 25. വായന മരിച്ചിട്ടില്ല. അത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍. ബ്ലോഗ്‌ എന്ന വായനാമാധ്യമം വന്നത് വഴി ഒരു ക്ലിക്കില്‍ അല്ലെങ്കില്‍ ഗൂഗിളില്‍ കൂടിയുള്ള ഒരു അന്വേഷണം വഴി അതിന്റെ ആധികാരികത മനസിലാക്കുവാനും, ആ ചര്‍ച്ചയില്‍ സജീവമാകുവാനും സാധിക്കും. എന്നാല്‍ പുസ്തകവായനയില്‍ അങ്ങിനെ ഒരു സാധ്യത ഉണ്ടെന്നു തോന്നുന്നില്ല. എഴുതി വച്ചിരിക്കുന്നത് വിഴുങ്ങുക. അത്ര തന്നെ. പിന്നെ എത്രയോ കാലം കഴിഞ്ഞിട്ടാവും അതിന്റെ ശരിയായ ഒരു വിശകലനം കാണുവാന്‍ സാധിക്കുക. സത്യമല്ലേ?

  ReplyDelete
 26. വലിയ വലിയ എഴുത്തുകാർ ഒക്കെ ഇപ്പോൾ കഥയും,കവിതയും,നോവലും എഴുത്തു നിർത്തി അനുഭവക്കുറിപ്പുകളീലേക്ക് ചേക്കേറിയിരിക്കുന്നു. അതാകുമ്പോൾ പ്രതിഭ വറ്റിയ കാര്യം ഒളിച്ചു വെക്കുവാൻ സൌകര്യം ഉണ്ടല്ലോ?

  വായിക്കുവാനായി ഒരു പുസ്ത്കം വാങ്ങുക പ്രവാസികളെ സംബന്ധിച്ച് ഒരു പാട് ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.എന്നാൽ ബ്ലോഗ്ഗുപോലെ ഉള്ള സംവിധാനങ്ങൾ നെറ്റിൽ വന്നതോടെ പുതിയ എഴുത്തുകാർക്കും വായനക്കാർക്കും ഇത് സൌകര്യമായി.

  ഡിൽഡോ എന്ന ദേവദാസിന്റെ നോവൽ ലഭിക്കുവാൻ ഞാൻ എത്രയോ നാളായി ശ്രമിക്കുന്നു. അത് ഒരു നല്ല പ്രസാധകർ ആണ് പുറത്തിറക്കിയിരുന്നതെങ്കിൽ എത്ര നന്നായേനെ. വിതരണത്തിനു കഴിവില്ലാത്തവർ പ്രസിദ്ധീകരണം നടത്തിയാൽ പല നല്ല രചനകളും പുറം ലോകം കാണാതെ പോകും.

  ReplyDelete
 27. ഒരു ബ്ലൊഗ്ഗു തുടങ്ങുവാൻ ആരെങ്കിലും സഹായിക്കാമോ?

  sweetyjacobs@gmail.com

  ReplyDelete
 28. മനോ രാജ്,
  നല്ല ഉദ്യമം!
  ആശംസകള്‍

  ReplyDelete
 29. ബ്ലോഗ്ഗിന്റെ ലോകത്ത് ഒരു വര്ഷം തികക്കുന്ന മനോരജിനു തന്റെ കഴിവുകള്‍ വേണ്ടുന്നപോലെ ഉപയോഗിക്കാന്‍ കഴിയട്ടെ

  ReplyDelete
 30. @പട്ടേപ്പാടം റാംജി : ഇവരിലേക്കെത്താൻ സഹായകമായെങ്കിൽ സന്തോഷം.
  @വേദ വ്യാസന്‍ : ഇപ്പോൾ പരിചയപ്പെട്ടല്ലോ..
  @Anoop :പറഞ്ഞത് സത്യം. അക്ഷരങ്ങളെ തൊട്ട് വായിക്കാൻ പറ്റുന്നില്ല എന്നത് സങ്കടം തന്നെ. പക്ഷെ ഒന്നുമില്ലാത്തതിലും എത്രയോ വലുതാണ് അല്പമെങ്കിലും. ശരിയല്ലേ?
  @അരുണ്‍ കായംകുളം : നന്ദി.
  @Minesh R Menon : അഞ്ജുവിന്റെ ചാമ്പലിനോടൊപ്പം തന്നെ ആളവൻതാന്റെ സ്വർഗ്ഗവും വായിക്കൂ മിനീഷേ..
  @pournami : സന്തോഷം.
  @junaith : ഈ എഫ്ഫർട്ട് പൂർണ്ണമാകണമെങ്കിൽ ആ ബ്ലോഗുകളിലേക്ക് വായന എത്തണം ജുനൈദേ.. നന്ദി കേട്ടോ.
  @ഉമേഷ്‌ പിലിക്കൊട് : നന്ദി
  @Aadhila : നന്ദി.
  @ബിലാത്തിപട്ടണം / BILATTHIPATTANAM : ശരിയാണ് മാഷേ പുസ്തകങ്ങൾ തരുന്ന സുഖം ഇല്ലെങ്കിലും ബ്ലോഗ് ഒരു പരിധിവരെ നമ്മുടെ വായനയെ തിരികെ കൊണ്ട് വരാൻ സഹായിക്കുന്നുണ്ട്. നന്ദി
  @F A R I Z :നന്ദി. ബ്ലോഗെഴുത്ത് നിരൂപണം ചെയ്യാൻ ഞാൻ ആളല്ല. അതിനൊക്കെ കഴിവുള്ള ഒട്ടേറെ പേർ എനിക്ക് മുൻപേ ഇവിടെ സജീവം. പക്ഷെ പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില നല്ല ബ്ലോഗുകളിലേക്ക് ശ്രദ്ധ എത്തിക്കുക എന്നതാണ് എന്റെ ശ്രമം. ശ്രമമാണ് വിജയമാകുമോ എന്ന് കാത്തിരുന്നു കാണാം.

  ReplyDelete
 31. @വഴിപോക്കന്‍ : പുസ്തകപ്രസാധനമെന്നത് ഒട്ടേറെ ചിലവേറിയ ഒരു കാര്യമാണ്. പിന്നെ ബൂലോകത്ത് അത് ചെയ്യുന്നവരും ഉണ്ടെന്ന വസ്തുത നമ്മൾ മറക്കരുത്. സീയെല്ലെസ്, ബുക്ക് റിപ്പബ്ലിക്ക് എന്നിവരെല്ലാം ഇത്തരം ശ്രമങ്ങളുമായി രംഗത്തുള്ളവർ തന്നെ.
  @ഒരു നുറുങ്ങ് : മാഷേ, മാഷിന്റെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു.
  @അപ്പു : തീർച്ചയായും അവ നോക്കണം.
  @»¦മുഖ്‌താര്‍¦udarampoyil¦« : തിരികെ കൊണ്ട് വരാൻ ഒരു എളിയ ശ്രമമായി കണ്ടാൽ മതി.
  @സജി : അല്ലെങ്കിലും ഒരു പേരിലൊക്കെ എന്തിരിക്കുന്നു അച്ചായാ. സജി അച്ചായനായാലും ഹിമാലയച്ചായൻ ആയാലും നൈൽ അച്ചായനായാലും പോസ്റ്റുകൾ സൂപ്പറായാൽ പോരെ..:)
  @ഹംസ : തീർച്ചയായും അതാണ് ഉദ്ദേശം. പിന്നെ എല്ലാം വായനക്കാരുടെ കൈയിൽ.
  @ചിതല്‍/chithal : ആ സത്ത സൂക്ഷിക്കുന്ന പുതിയ തലമുറയിലാണ് പ്രതീക്ഷ.

  ReplyDelete
 32. @anju nair : അഞ്ജുവിലേക്ക് എത്താൻ ഞാൻ ഒരു നിയോഗമായെങ്കിൽ ചാരിതാത്ഥ്യമുണ്ട്.
  @jayanEvoor : നന്ദി.
  @ആളവന്‍താന്‍ : ഇത് പ്രചോദനമെന്നതിനേക്കാൾ ഉത്തരവാദിത്തം കൂട്ടി എന്ന തോന്നൽ നല്ലത് തന്നെ. ഞങ്ങളെപോലുള്ള വായനക്കാർക്ക് കൂടുതൽ മെച്ചപ്പെട്ടത് പ്രതീക്ഷിക്കാമല്ലോ.
  @അഭി : വായനക്ക് നന്ദി.
  @chithrangada : ആ ഒരു ജനാധിപത്യ രീതിയാണ് ബ്ലോഗിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതും ചിത്ര. സന്തോഷം.
  @Justin : പറഞ്ഞതിൽ സത്യമില്ലാതില്ല. പക്ഷെ പുസ്തക വായനയുടെ സുഖം അതിൽ നിന്നും മാത്രമേ ലഭിക്കൂ സുഹൃത്തേ.
  @sweety : വിതരണത്തിന് കഴിവില്ലാത്തവർ പ്രസാധനം നടത്തരുത് എന്ന വാദത്തോട് പൂർണ്ണമായും യോജിപ്പില്ല. എല്ലാ പുസ്തകങ്ങളും ഡി.സി.ബുക്സ് തന്നെ പബ്ലിഷ് ചെയ്യണമെന്ന മനോഭാവമാണ് ഒരു പരിധി വരെ വായനയെ ഈ പീഢാവസ്ഥയിലേക്ക് എത്തിച്ചത്. നേരത്തെ പറഞ്ഞ ഡിൽഡോ പ്രസിദ്ധീകരിച്ചത് ബുക്ക് റിപ്പബ്ലിക്ക് എന്ന ഒരു കൂട്ടം ബ്ലോഗേർസിന്റെ കൂട്ടായ്മയാണെന്നാണ് എന്റെ ഓർമ്മ. ഒരു പക്ഷെ, അവർ അതിന് തുനിഞ്ഞില്ലെങ്കിൽ ഒരിക്കലും ഡിൽഡോ വെളിച്ചം കണ്ടേക്കില്ല. കാരണം ദേവദാസ് എന്ന എഴുത്തുകാരനെ, കഴിവുണ്ടെങ്കിലും മാർക്കറ്റ് ചെയ്യാൻ പ്രസാധനത്തെ കർമ്മമെന്ന നിലയിൽ നിന്നും ബിസിനസായി കാണുന്ന പുതിയ പ്രസാധക മേലാളന്മാർക്ക് കഴിയണമെന്നില്ല. അപ്പോൾ പുത്തൻ ആളൂകൾ വരട്ടെ സ്വിറ്റി. കുറച്ച് നാൾ നമ്മൾ കഷ്ടപ്പെടാൻ തയ്യാറായാൽ ഒരു പക്ഷെ തുറന്ന് കിട്ടുന്നത് ഒട്ടേറെ സാദ്ധ്യതകളാവും.
  @lekshmi. lachu : നന്ദി ലെചൂ.
  @പാവപ്പെട്ടവന്‍ : മാഷേ. അനുഗ്രഹമായി തന്നെ കാണട്ടെ! നന്ദി

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts