ആന - ഉത്സവം - മലയാളി

എസ്.കുമാര്‍


സാധാരണ മലയാളിയെ സംബന്ധിച്ച് കണ്ടാലും കേട്ടാലും കൌതുകം തീരാത്തതാണ് കരയിലെ ഏറ്റവും വലിയ ജീവിയായ ആനയും അതിനെ പറ്റിയുള്ള കാര്യങ്ങളും. പുരാണങ്ങളില്‍ ആരംഭിച്ച് ചരിത്രം / നാടോടികഥകള്‍ വഴി സമകാലിക ജീവിതത്തില്‍ എത്തിനില്‍ക്കുമ്പോളും ആന എന്ന ജീവി ഭൂമിയില്‍ ഉള്ള മറ്റേതൊരു ജീവിയേക്കാളും വിസ്മയമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.

ആനയും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം, ചരിത്രാതീത കാലം മുതലേ ഉള്ളതാണെന്ന് സത്യം. മറ്റേതൊരു സമൂഹവുമായും താരതമ്യപ്പെടുത്തിയാല്‍ മലയാളിയുടെ ആനക്കമ്പം ഒരു പിടി മുകളില്‍ നില്‍ക്കും. ആഘോഷങ്ങളുടേയും,ആചാരങ്ങളുടേയും, ടൂറിസം-തടിപ്പണി തുടങ്ങിയവയുമായും ഉള്ള പങ്കാളിത്തത്തിലൂടെ മലയാളി ജീവിതവുമായി ഇഴപിരിക്കുവാന്‍ ആകാത്ത വിധം ഈ ജീവി ബന്ധപ്പെട്ടു കിടക്കുന്നു. ആനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മലയാളിക്കിടയില്‍ നല്ല “ഡിമാന്റ്” ഉണ്ടാകുന്നതും ഇതുകൊണ്ടു തന്നെ.

നാട്ടാനയുടെയായാലും കാട്ടാനയുടെ ആയാലും കണക്കെടുത്താല്‍ വളരെ വലിയ ഒരു ഗജസമ്പത്താണ് കേരളത്തിനുള്ളത്. ഔദ്യോഗിക കണക്കനുസരിച്ച് 702 ഉം അനൌദ്യോഗികമായി ഉള്ള ആനകളേയും ചേര്‍ത്താല്‍ ഏകദേശം ആയിരത്തില്‍ അധികം നാട്ടാനകള്‍ കേരളത്തില്‍ ഉണ്ട്. ഇന്ന് കേരളത്തില്‍ ഏറ്റവും ഉയരം കൂടിയ നാട്ടാന തെച്ചിക്കോട്ടുകാവ് ദേവസ്വം വക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ്. പ്രായത്തിലും വലിപ്പത്തിലും ഏറ്റവും കുഞ്ഞ്യേ ആന പുത്തന്‍ കുളം ലക്ഷ്മി എന്ന നാട്ടാന പ്രസവിച്ച പുത്തന്‍ കുളം ശിവന്‍ എന്ന ആനക്കുട്ടിയും.

ആന - മലയാളി - ഉത്സവവം എന്ന വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് പോകും മുന്‍പ് ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയായ ആനയെകുറിച്ച് അല്പം ചില കാര്യങ്ങള്‍ പറയുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. പ്രോബോസിഡിയ എന്ന സസ്തനികുടുമ്പത്തില്‍ ഉള്‍പെടുന്ന ജീ‍വിയാണ് ആന. ആനകളെ ആഫ്രിക്കന്‍-ഏഷ്യന്‍ എന്നിങ്ങനെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു, ആഫ്രിക്കന്‍ ആനകള്‍ ഏഷ്യന്‍ ആനകളേക്കാള്‍ ആകാരത്തിലും കാഴ്ചയിലും വ്യത്യസ്ഥരാണ്. വലിപ്പം കൂടുതലാണ് എന്നതാണ് ഒറ്റനോട്ടത്തില്‍ ഉള്ള പ്രത്യേകത. കൂടാതെ ഇവയുടെ ശരീരത്തിന്റെ നടുഭാഗം കുഴിഞ്ഞും തുമ്പിയുടെ അഗ്രഭാഗം പിളര്‍ന്നും ആയിരിക്കും. കൊമ്പനും പിടിക്കും വലിയ കൊമ്പുകള്‍ ഉണ്ടായിരിക്കും. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത, മനുഷ്യരുമായി എളുപ്പത്തില്‍ ഇണങ്ങില്ല,

Elephas Maximus എന്ന ശാത്ര നാമത്തില്‍ അറിയപ്പെടുന്ന ഏഷ്യന്‍/ഇന്ത്യന്‍ ആനകള്‍ കാഴ്ചക്ക് ചെറുതും ഭംഗിയുള്ളവയുമാണ്. പിടിയാനകള്‍ക്ക് കൊമ്പ് ഉണ്ടാകില്ല, തേറ്റയെന്ന ചെറിയ“കൊമ്പുകള്‍” മാത്രമേ ഉണ്ടാകൂ. ഇവയുടെ നട്ടെല്ലിന്റെ ഭാഗം ഉയര്‍ന്നും വളഞ്ഞും ഇരിക്കും. ശരീരത്തില്‍ ധാരാളം മഞ്ഞ പുള്ളികള്‍, പ്രത്യേകിച്ച് നെറ്റി, തുമ്പി, ചെവികള്‍, താട എന്നിടങ്ങളില്‍ ഉണ്ടായിരിക്കും. ഇവ മനുഷ്യരുമായി എളുപ്പത്തില്‍ ഇണങ്ങുകയും ചെയ്യും. ഏഷ്യന്‍ ആനകളില്‍ തന്നെ തായ്ലന്റ്, ഇന്ത്യ, ശ്രീലങ്ക എന്നിവടങ്ങളിലെ ആനകളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. ശ്രീലങ്കന്‍ ആനകള്‍ക്ക് ഇന്ത്യന്‍ ആനകളേക്കാള്‍ വലിപ്പം കൂടുതലാണ്. മറ്റൊരു പ്രത്യേകത ഇവയ്കിടയില്‍ പിടിയാനക്ക് മാത്രമല്ല ഭൂരിപക്ഷം കൊമ്പന്മാര്‍ക്കും കൊമ്പ് ഉണ്ടാകാറില്ല.

ഉത്തരേന്ത്യന്‍ ആനകളെന്നും ദക്ഷിണേന്ത്യന്‍ ആനകളെന്നും തരം തിരിവുണ്ട്. ബീഹാര്‍, ആസ്സാം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള “ഉത്തരേന്ത്യന്‍” ആനകള്‍ക്ക് ഉയരം കൂടുതല്‍ ആണ്. ഇവയുടെ തലയ്ക്ക് വലിപ്പം കുറവായിരിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാട്ടാനയായിരുന്ന കണ്ടമ്പുള്ളി ബാലനാരായണന്‍ ഉത്തരേന്ത്യയില്‍ നിന്നും കേരളത്തില്‍ എത്തിയതാണ്. ഉയരം കൂടുതലാണെങ്കിലും, സ്ഥൂല ശരീരികളും ആനയെ പറ്റിയുള്ള അഴകളവുകളുടെ മാനദണ്ഡങ്ങള്‍ വച്ച് നോക്കുമ്പോള്‍ തീരെ പുറകിലും ആയിരിക്കും ഇവ. എന്നാല്‍ ഉയരത്തിലും തലയെടുപ്പിലും ഒന്നാം സ്ഥാനക്കാരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, കേരളത്തിലെ തന്നെ ഏറ്റവും ഭാരമുള്ള ആനയായ നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ഇതിനൊരു അപവാദമാണ്. ദക്ഷിണേന്ത്യന്‍ ആനകള്‍ക്കാണ് കൂടുതല്‍ ഭംഗി. കേരള കര്‍ണ്ണാടക തമിഴ്നാട് അതിര്‍ത്തിയില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വനമേഖലയില്‍ ജീവിക്കുന്ന ആനകളാണ് പൊതുവില്‍ ദക്ഷിണേന്ത്യന്‍ ആനകള്‍ എന്ന് അറിയപ്പെടുന്നത്. കേരളത്തില്‍ തേക്കടി, വയനാട്, ചാലക്കുടി, അഗസ്ത്യകൂടം വനമേഖലകളിലാണ്‌ പൊതുവില്‍ ആനകളെ കൂടുതലായി കണ്ടുവരുന്നത്.

ആനകള്‍ ചെറിയ സമൂഹങ്ങളായിട്ടാണ് കാട്ടില്‍ വസിക്കുന്നത്. പുല്ല്, ഇലകള്‍, ഈറ്റ, മുള എന്നിവയാണ് പ്രധാന ഭക്ഷണം. ഏകദേശം പതിനാറു മണിക്കൂര്‍ വരെ ഇവ ഭക്ഷണം കഴിക്കുവാനായി വിനിയോഗിക്കുന്നു. വനത്തില്‍ ഓരൊ ആനക്കൂട്ടത്തിനും അവയുടേതായ സഞ്ചാര പഥങ്ങളും (ആനത്താര) “നിയമങ്ങളും” ഉണ്ട്. പിടിയാനകള്‍ക്കാണ് കൂട്ടത്തിന്റെ ചുമതല. കൌമാരദശയില്‍ കൊമ്പന്മാര്‍ ചിലപ്പോള്‍ വേറിട്ട് പോകാറുണ്ട്. എന്നാല്‍ അവയ്ക്ക് കൂട്ടവുമായി ശത്രുത ഉണ്ടാകില്ല. മറ്റു കാരണങ്ങളാല്‍ കൂട്ടത്തില്‍ നിന്നും വേര്‍പെടുന്നവര്‍ “പുറത്താക്കപ്പെടുന്നവര്‍” ഒറ്റയാന്മാര്‍ എന്നറിയപ്പെടുന്നു. ഇവര്‍ പൊതുവില്‍ അപകടകരി. കൂട്ടമായി കാട്ടില്‍ മേയുന്ന ആനകള്‍ പൊതുവില്‍ മനുഷ്യരെ ആക്രമിക്കുകയില്ല. എന്നാല്‍ ഒറ്റയാന്മാര്‍ മനുഷ്യരെ ആക്രമിക്കുവാന്‍ മടികാണിക്കില്ല. മറ്റാനകളില്‍ നിന്നും വ്യത്യസ്ഥമായി ഇവ കാടിനുള്ളില്‍ മനുഷ്യസഞ്ചാരമുള്ള മേഖലകളില്‍ കൂടുതല്‍ വിരാജിക്കുന്നതും വാഹനങ്ങള്‍ക്ക് പുറകെ ഓടിവരുന്നതും പലപ്പോഴും റിപ്പോര്‍ടു ചെയ്യപ്പെടാറുണ്ട്.

കൊമ്പന്‍, പിടി, മോഴ എന്നിങ്ങനെ ആനകളെ തരം തിരിക്കാം. കൊമ്പന്മാര്‍ക്കാണ് വലിപ്പവും അഴകും കൂടുതല്‍. കൊമ്പിന്റെ വലിപ്പം നീളം എന്നിവ ആനയുടെ അഴകിനെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്. വണ്ണം കുറഞ്ഞ് നീളമുള്ള കൊമ്പോടുകൂടിയ ആനകളെ ചുള്ളിക്കൊമ്പന്മാര്‍ എന്നും വിളിക്കാറുണ്ട്. ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ എന്ന ആന ഈ വിഭാഗത്തില്‍പ്പെടുത്താവുന്ന ആനയാ‍ണ്.

കൊമ്പില്ലാത്ത ആണ്‍ ആനകളെയാണ് മോഴ എന്ന് പറയുക. കൊമ്പില്ലെങ്കിലും പൌരുഷത്തില്‍ ഒട്ടും കുറവില്ലാത്ത, ചിലപ്പോള്‍ അല്പം കൂടുതല്‍ ശൌര്യമുള്ള ഇവ പൊതുവില്‍ ആനക്കൂട്ടങ്ങളില്‍ നിന്നും വേറിട്ടാണ് ജീവിക്കുക, ഒറ്റനോട്ടത്തില്‍ ഇവയെ പെണ്ണാനയെന്നേ തോന്നൂ. ഒരു കാലത്ത് കേരള തമിഴ്നാട് കര്‍ണ്ണാടക വനമേഖലകളില്‍ ഇരുപതിലധികം ആളുകളെ വകവരുത്തിയ 'മുതുമല മൂര്‍ത്തിയെന്ന' ആന പ്രസിദ്ധനായ ഒരു മോഴയാനയാണ്. എന്നാല്‍ ഇന്നവന്‍ തമിഴ്നാട്ടിലെ മുതുമല ആനക്യാമ്പിലെ നല്ലൊരു താപ്പാനയാണ്. പെണ്ണാനകളെയാണ് പിടിയാന എന്ന് പറയുന്നത്. പൂര്‍ണ്ണമായും കൊമ്പില്ലാത്തതോ കൊമ്പിനു പകരം ചെറിയ തേറ്റകളൊ ഉള്ളവയാണ് പിടിയാനകള്‍. ആനക്കൂട്ടങ്ങളുടെ ചുമതല ഇവയ്ക്കായിരിക്കും. പിടിയാനകളെയാണ് ദക്ഷിണേന്ത്യന്‍ വനങ്ങളില്‍ കൂടുതലായി കണ്ടുവരുന്നത്. പതിനൊന്നു വയസ്സ് ആകുന്നതോടെ പിടിയാനകള്‍ക്ക് പ്രായപൂര്‍ത്തിയാകും. സാധാരണയായി ഇവ ഇണചേരുവാന്‍, പ്രായം കൂടിയതും (45-50 വയസ്സ്) കരുത്തന്മാരുമായ ആനകളെയാണ് ഇണകളായി തിരഞ്ഞെടുക്കുക. 22 മാസക്കാലം ആണ് ആനയുടെ ഗര്‍ഭകാലം. ഏകദേശം അഞ്ചുമിനിറ്റു മുതല്‍ അറുപത് മണിക്കൂര്‍ വരെ ആനപ്രസവം നീണ്ടു നില്‍ക്കും. പ്രസവാനന്തരം ആനക്കുട്ടി അര മണിക്കൂറിനുള്ളില്‍ എഴുന്നേറ്റ് നിന്ന് പാലുകുടിക്കുവാന്‍ തുടങ്ങും. (കേരളത്തില്‍ ഇത്തരത്തില്‍ പ്രസവിച്ച അവസാനത്തെ നാട്ടാന പുത്തന്‍ കുളം ലക്ഷ്മി ആണ്.) ഏകദേശം നാലു വര്‍ഷത്തോളം ആനക്കുട്ടികള്‍ പാലുകുടി തുടരും.

ഇതു കൂടാതെ കല്ലാന എന്നൊരു അത്യപൂര്‍വ്വ ഇനം ആന കൂടിയുണ്ട്. ഇത് ആനകള്‍ക്കിടയിലെ കുള്ളന്മാര്‍ (ബോണ്‍സയ്!!) ആണ്. കേരളത്തില്‍ അഗസ്ത്യകൂടം വനമേഘലയുടെ ഭാഗമായുള്ള പേപ്പാറ വനമേഖലയില്‍ അടുത്തിടെ ഇത്തരത്തില്‍ ഒരു കല്ലാനയെ കണ്ടതിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു. കല്ലാനയെ തുമ്പിയാനയെന്നും പറയാറുണ്ട്. ഒരു കുഞ്ഞു ശില്പം പോലെ അനങ്ങാതെ കല്ലുപോലെ നില്‍ക്കുന്നതിനാല്‍ കല്ലാനയെന്നും മലകളും കുന്നുകളും അനായാസം കയറുന്നതിനാല്‍ അഥവാ “തുമ്പിയെ“ പോലെ സഞ്ചരിക്കുന്നതിനാല്‍ ഇവയെ തുമ്പിയാന എന്നും പറയുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരാനയുടെ എല്ലാ ലക്ഷണങ്ങളും ഉള്ള ഇവയ്ക്ക് ഒന്നര മീറ്ററില്‍ (അഞ്ചടി) കൂടുതല്‍ ഉയരം വരാറില്ല. അസാധാരണമാം വിധം ശരീരത്തില്‍ ചുളിവുകളും നീളം കൂടിയ രോമാവൃതമായ വാലും ഇവയുടെ പ്രത്യേകതയാണ്.


(തുടരും)

6 Responses to "ആന - ഉത്സവം - മലയാളി"

 1. വളരെ നല്ല ഒരു ലേഖനം. പഠിച്ചു എഴുതിയതാണെന്ന് വായനയില്‍ വ്യക്തമാകുന്നുണ്ട്. അഭിനന്ദനങ്ങള്‍. കല്ലാനയെപറ്റി കൂടുതല്‍ അറിയുവാന്‍ ആഗ്രഹമുണ്ട്.

  ReplyDelete
 2. എനിക്കു നല്ല കൌതുകം തൊന്നിയ സംഗതിയാണ് കല്ലാന എന്നാൽ ഇതേ പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ അറിയ്‌വാൻ ആയിട്ടില്ല. ഒരിക്കൽ വയനാട്ടിൽ വച്ച് കാട്ടിലൂടെ പോകുമ്പോൾ ഞങ്ങളിൽ നിന്നും അല്പം അകലെ നിന്നിരുന്ന ഒരു ആനയെ കാട്ടി അത് കല്ലാനയാണെന്ന് ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. എന്നാൽ കൂടെ ഉള്ള സുഹൃത്ത് (അവൻ തിരുനെല്ലി കാട്ടിനുള്ളീൽ എന്ന് പറയാവുന്ന ഒരിടത്താണ് താമസം) അതല്ല കല്ലാന.ഇത് ഒരു കുട്യാനയാണ് എന്ന് തിരുത്തി. വയനാടൻ കാട്ടിൽ കല്ലാന ഇല്ലെന്നും ആ സുഹൃത്ത് പറഞ്ഞു.

  അഗസ്ത്യാർ കൂടത്തിൽ ആണ് ഏകദേശാം രണ്ടു വർഷത്തെ ഗ്യാപിൽ രണ്ടുതവണ കല്ലാനയെ കണ്ടതായി പറയുന്നത് ,അതിന്റെ ഫോട്ടോസ് മാധ്യമങ്ങലിൽ വന്നിരുന്നു. അതു രണ്ടും ഒരു ആന തന്നെ ആണോ എന്ന് അറിയില്ല. മാത്രമല്ല ഇത് പ്രത്യേക സ്പീഷീസ് ആണെന്നും അല്ലെന്നും പല വിദഗ്ദർക്കിടയിലും ചർച്ചയുണ്ടെന്നും അറിയുന്നു.

  കല്ലാന പൊതുവിൽ ക്യാമറയ്ക്കും മുൻപിൽ അങ്ങീനെ അധികം പ്രത്യക്ഷപ്പെടാറില്ല. എന്തായാലും വല്ല ഡിസ്കവറി
  ചാനലുകാരും അറിഞ്ഞു വന്ന് കൂടുതൽ റിപ്പോർട് ഉണ്ടാക്കിയാൽ നമുക്ക് മനസ്സിലാക്കാം. ഇതു തന്നെ ചില മലയാളി ഫൊട്ടോഗ്രഫർ മാരുടെയും മല്ലൻ കാണിയുടേയും ശ്രമഫലമായി കിട്ടിയ വിവരങ്ങൾ. വനം വകുപ്പിനു
  ആനയും കല്ലാനയും തിരിച്ചറിഞ്ഞു റിപ്പൊർട് ഉണ്ടാക്കാൻ ഉള്ള താല്പര്യം ഒന്നു ഉണ്ടെന്ന് തോന്നുന്നില്ല.

  നാട്ടാനകളെ പറ്റി തന്നെ അവർക്ക് ശരിക്ക് അറിയില്ല. ഇഷ്ടമതിരി പെർമിറ്റില്ലാത്ത ആനക ഉത്സവത്തിനു ചയമയം കെട്ടി അണിനിരക്കുന്നു. ഒടുവിൽ ഉടമയും പാപ്പാന്മാരും തല്ലിക്കൊല്ലുമ്പൊൾ ആണ് ലൈസൻസില്ലായിരുന്നു എന്ന് ഈ “പാവം” ഡി.എഫ്.ഓ മാർ അറിയുന്നെ. കാട്ടിലെ തടി തേവരുടെ ആന/നാട്ടിലെ പൂരം ഉടമയുടെ ആന.

  ReplyDelete
 3. ആനവിഷയത്തിൽ ഉള്ള താല്പര്യം വ്യക്തം. എന്നാൽ ഒരു ചോദ്യം തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടുമുതൽ അയൽ രാജ്യമായ ശ്രീലങ്ക, അല്പം ദൂരെയുള്ള തായ്‌ലന്റ് ഇവിടെ ഒക്കെ ആനയെ ആനയെ ശാസ്ത്രീയമായി പരിചരിക്കുവാൻ ഉള്ള സംവിധാനം ഉണ്ട്.എന്തേ കേരളത്തിൽ സംവിധാനം ഇല്ലാതെ പോയി?

  മലയാളിയുടെ ആന സ്നേഹം കപടമാണ്. അതുതന്നെ ആണ് പരിസ്ഥിതി പ്രേമവും. കുറേ പ്രസംഗിക്കും പ്രവർത്തിക്കില്ല.


  എന്തായാലും ആനകളെ പറ്റി അതിന്റെ കാണാപ്പുറങ്ങളെ പറ്റി കൂടുതൽ എഴുതുക.

  ReplyDelete
 4. വെള്ളാനയെന്ന് കേട്ടാല്‍ ആദ്യം ഉയരുന്ന ചോദ്യം അത് കേരളത്തിലെ കെ.എസ്.ആര്‍.ടി.സിയെ പറ്റിയാണോ എന്നാകും. എന്നാല്‍ ജീവനുള്ള വെള്ളാനകളും ഉണ്ട് ആനകളുടെ കൂട്ടത്തില്‍.
  മ്യാന്മര്‍,തായ്ലന്റ് തുടങ്ങിയ ചില ഏഷ്യന്‍ രാജ്യങ്ങളില്‍ അപൂര്‍വ്വമായി വെള്ളാനകളെ കണ്ടുവരാറുണ്ട്.
  ഒരു വാര്‍ത്ത ഇവിടെ പേസ്റ്റ് ചെയ്യുന്നു.
  http://epathram.com/world-2010/06/30/005130-white-elephant-in-myanmar.html
  അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന വെള്ള ആനയെ മ്യാന്മാറില്‍ കണ്ടെത്തി എന്ന് പട്ടാള ഭരണകൂടം അവകാശപ്പെട്ടു. മ്യാന്മാറിലെ പടിഞ്ഞാറന്‍ തീര ദേശ സംസ്ഥാനമായ റാഖിനിലാണ് ഈ വെളുത്ത പിടിയാനയെ കണ്ടെത്തിയത്. ഇതിനെ അധികൃതര്‍ കീഴ്പ്പെടുത്തിയതായ്‌ മ്യാന്മാറില്‍ നിന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴടി രണ്ടിഞ്ച് പൊക്കമുള്ള ആനയ്ക്ക് ഏതാണ്ട് 38 വയസു പ്രായം കണക്കാക്കുന്നു.

  വെള്ളാന രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള മൃഗമാണ് മ്യാന്മാറില്‍. വെള്ളാനയുടെ പ്രത്യക്ഷപ്പെടല്‍ വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തെ സൂചിപ്പിക്കുന്നു എന്നാണു ഇവിടത്തെ വിശ്വാസം. കഴിഞ്ഞ 48 വര്‍ഷമായി പട്ടാള ഭരണത്തിന് കീഴിലുള്ള ഇവിടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് എന്ന് നടക്കും എന്ന് ഇനിയും തീരുമാനമായിട്ടില്ല.

  അധികാരത്തിന്റെയും നീതിപൂര്‍വമായ ഭരണത്തിന്റെയും പ്രതീകമാണ് വെള്ളാന എന്ന വിശ്വാസം നിലവിലുള്ള മ്യാന്‍മറില്‍ വെള്ളാനയെ കണ്ടെത്തിയതായി പട്ടാള ഭരണകൂടം അവകാശപ്പെടുന്നത് തങ്ങളുടെ ഭരണത്തിന് പിന്തുണ ലഭിക്കാന്‍ വേണ്ടിയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇതിനു മുന്‍പ് 2001 ലും 2002 ലും ഇത് പോലെ വെള്ളാനയെ കണ്ടെത്തിയതായി പട്ടാളം അവകാശപ്പെട്ടിരുന്നു.
  pachyderm എന്ന ഈ വെള്ളാനകളെ albino elephant എന്നും വിളിക്കുന്നു. ഔദ്യോഗികമായി മൂന്നു വെള്ളാനകളാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. ഒരു കൊമ്പനും രണ്ടു പിടിയാനകളും. 18 വയസ്സുകാരനായ കൊമ്പന്റെ പേര്‍ യസ ഗഹ തിരി പിസ്സായ ഗസ യസ എന്നും 32 കാരിയായ പിടിയാനയുടെ പേര്‍ തീങ്കി മാല എന്നും 15 കാരിയായ പിടിയാനയുടെ പേര്‍ യതി മാല എന്നുമാണ്.നേരത്തെ ഭരണത്തില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രി ജനറല്‍ ഖിന്‍ ന്യൂണ്ടിന്റെ കാലത്ത്‌ ഈ വെള്ളാനകള്‍ക്ക്‌ നല്ല പരിചരണം ലഭിച്ചിരുന്നു. മാത്രമല്ല നല്ല ശകുനമായി ഇവയെ കണ്ട് പുണ്യാഹം തളിച്ചു ഇവയെ പൂജിക്കുന്ന പതിവും അന്നുണ്ടായിരുന്നു. പലപ്പോഴും പ്രധാന മന്ത്രി നേരിട്ട് തന്നെ പരിവാര സമേതം ഈ പൂജകള്‍ നടത്താന്‍ വെള്ളാനകളെ സൂക്ഷിക്കുന്ന റോയല്‍ വൈറ്റ്‌ എലിഫന്റ് ഗാര്‍ഡനില്‍ എത്താറുണ്ടായിരുന്നു.എന്നാല്‍ ഭരണം മാറിയതോടെ ആരും ഇവിടേയ്ക്ക്‌ തിരിഞ്ഞു നോക്കാതായി. അടുത്തയിടെ മുന്‍ പ്രധാനമന്തി വെള്ളാനകളെ പുണ്യാഹം തളിക്കുന്ന ഫോട്ടോകള്‍ ഇവിടെ നിന്നും നീക്കം ചെയ്യുകയുമുണ്ടായി. പകരം ഇപ്പോഴത്തെ പട്ടാള മേധാവിയുടെ ഭാര്യ വെള്ളാനകളെ അനുഗ്രഹിക്കുന്ന ഒരു ഫോട്ടോ ഇവിടെ പ്രതിഷ്ടിച്ചു. കൂടെ ഒരു കുറിപ്പും – “ഒരു മഹാനായ ഭരണാധികാരിയുടെ കാലത്ത് മാത്രമാണ് വെള്ളാനകള്‍ കാണപ്പെടുന്നത്. രാജ്യത്തിന്റെ സമ്പല്‍ സമൃദ്ധിയുടെ പ്രതീകമാണ് വെള്ളാനകള്‍.”

  ReplyDelete
 5. എഴുതിയത് കുമാറല്ലേ. അതിശയിക്കാനില്ല. ആനയെപറ്റി ഇതും ഇതിനപ്പുറവും അദ്ദേഹത്തിനു കാണാപാഠമാണു. ശ്രീമതി കുമാറിനെ സമ്മതിക്കണം!!!!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts