ഗൃഹാതുരത്വം - മല്ലൂസ് അനാഥമാക്കിയ അധമവികാരം


ജി. മനു


വിശപ്പ്, ദാഹം, കാരുണ്യം, സ്നേഹം, പ്രണയം, കാമം, വേദന തുടങ്ങി എണ്ണിയാല്‍ തീരാത്ത വികാരങ്ങള്‍ കാലത്തേയും സംസ്കാരങ്ങളേയും അതിജീവിച്ച് ഇന്നും മനുഷ്യരില്‍ കുടികൊണ്ടുകിടക്കുന്നു. പുതിയ ചിന്തകള്‍ക്കും ടെക്നോളജിയില്‍ പടര്‍ന്നു പന്തലിക്കുന്ന ജീവിതരീതികള്‍ക്കും മാ‍റ്റിമറിക്കാനാവാതെ അവയൊക്കെ നമ്മളെ കീഴ്പ്പെടുത്തിയും നമ്മളാല്‍ കീഴടങ്ങിയും കഴിയുന്നു, പ്രത്യേകിച്ച് ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ലാതെ. 'എനിക്ക് നിന്നോട് പ്രണയമാണെ'ന്ന വാചകം പുതുമചോരാതെ ഇന്നും പാറി നടക്കുന്നു. ‘എന്റെ വേദന ഇനി എന്നു തീരും’ എന്ന വാചകവും ക്ലീഷേ അല്ലാതെ എവിടെയും സ്വീകരിക്കപ്പെടുന്നു. പറയുന്നവനും കേള്‍ക്കുന്നവനും യാതൊരു പുളിപ്പും അനുഭവപ്പെടാതെ വികാരങ്ങളുടെ അടയാളപ്പെടുത്തലുകള്‍ എല്ലായിടത്തും കോറിയിടപ്പെടുന്നു. വികാരവിചാരങ്ങളുടെ തീയില്‍നിന്നും മഴയില്‍നിന്നും മോചനമില്ലാതെ അവയെ സ്വീകരിച്ചുകൊണ്ട് നമ്മള്‍ നിമിഷങ്ങളിലൂടെ നടന്നുനീങ്ങുന്നു.

പ്രവാസങ്ങളുടെ പുതുയാനങ്ങള്‍ തഴച്ചുവളരാന്‍ തുടങ്ങിയ എഴുപത് - എണ്‍പത് കാലഘട്ടങ്ങളിലാണ് മലയാളിയുടെ നെഞ്ചില്‍ ഒരേസമയം തീയും മഴയുമായി ‘നൊസ്റ്റാള്‍ജിയ’ എന്ന വികാരം കുടിയേറ്റം നടത്തി പടര്‍ന്നു പന്തലിക്കാന്‍ തുടങ്ങിയത്. ഓലപ്പുരയുടെ മുകളിലെ മഴയുടെ ചെണ്ടകൊട്ടും, വേലിപ്പടര്‍പ്പിലെ വെള്ളത്തുള്ളിയും, മതിലോടു ചേര്‍ന്നുനില്‍ക്കുന്ന മഷിത്തണ്ടും, ദാവണിക്കുള്ളില്‍ നാണംചൂടി നില്‍ക്കുന്ന നാടന്‍പെണ്ണും കാല്പനികയുടെ കസവുടുത്ത് അനുഭൂതിയുടെ ലഹരിയായി, ഗൃഹാതുരത്വമായി ഓരോ മലയാളിമനസിനേയും കീഴടക്കി വാണു. കവിതയിലും കഥയിലും അവന്‍/അവള്‍ നൊസ്റ്റാള്‍ജിയയുടെ മഷിപുരണ്ട വരികളെ തേടി നടന്നു. 'എന്നെ മറക്കുമോ ചോദ്യമിതാരുടേതെന്നറിയാനായ് തിരിഞ്ഞുനില്‍ക്കുന്നു ഞാന്‍' എന്ന ഒ.എന്‍.വി ചൊല്ലിനു കീഴ്പെട്ടു. അന്യദേശത്തെ തീപ്പൊള്ളലില്‍ കഴിയുന്ന അവന്‍, പൂര്‍വ്വവഴികളിലെ മണ്‍‌തരികളിലൂടെ ഓര്‍മ്മകളുടെ നഗ്നപാദങ്ങളുമായി നടന്നുരസിച്ചു. സുഖമെഴുംനൊമ്പരം അവനു ലഹരിയായി. നാട്ടില്‍ അവധിക്കുപോകുന്നവനോട് ഒരുകൈ മഴത്തുള്ളി കൊണ്ടുവരാന്‍ പറഞ്ഞുതുടങ്ങി. വി.സി.ആറിലെ പച്ചപ്പുകണ്ട് വേദനപുരണ്ട ആഹ്ലാദം മൊത്തിക്കുടിച്ചു. ആദ്യമഴയുടെ ഗന്ധം ഏതൊരാളിന്റേയും ആദ്യ ഇഷ്ടമായി. പ്രവാസി എഴുത്തുകാര്‍ നാടിന്റെ പച്ചപ്പിലേക്ക് പേനയിലൂടെ പ്രയാണം നടത്തി. ‘ഓണവും വിഷുവും തിരുവാതിരയും നിന്റെ നാണവും പൂവിട്ട നാടെ’ന്നൊക്കെ ഉത്തരേന്ത്യയിലെയും ഗള്‍ഫിലേയും ഒതുങ്ങിയ മുറികളിലിരുന്ന് അവന്‍ പാടി. അങ്ങനെ നൊസ്റ്റാള്‍ജിയ ഓരോ മനുഷ്യന്റേയും മനസിന്റെ ഉമ്മറത്തിണ്ണയില്‍ വളര്‍ത്തുമൃഗത്തെപ്പോലെ ലാളിക്കപ്പെട്ടു. ഷോക്കേസില്‍ കല്യാണഫോട്ടോയേക്കാള്‍ ആകര്‍ഷിക്കപ്പെട്ടു.

മക്കളുടെ പുതിയ പുസ്തകം രണ്ടായി പകുത്ത്, ആ മണത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുമ്പോഴും, കമ്യൂണിസ്റ്റ് ചെടിയില ഞെരടിമണപ്പിക്കുമ്പോഴും, ചീനിക്കായ വെറുതെ ഉരച്ചുകളഞ്ഞു പമ്പരസ്‌മൃതിയുടെ കറക്കങ്ങളില്‍ ഊളിയിടുമ്പോഴും, വയണയിലച്ചാറ് നുണഞ്ഞ് അഞ്ചാം ക്ലാസിലേക്ക് തിരികെ നടക്കുമ്പോഴും, റബറിന്‍ കായ ഉരച്ച ചൂടില്‍ ബാല്യത്തിന്റെ ദേഹം ഒന്നുകൂടി പൊള്ളിക്കുമ്പോഴും ഒക്കെ, നാട്ടിലുള്ള മലയാളിയും പറന്നുനടക്കുമായിരുന്നു, അനുഭൂതിയുടെ പഴയ ആകാശങ്ങളിലൂടെ. പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളില്‍ അങ്ങനെ ഗൃഹാതുരത്വം ഒന്നാമതെത്തി. ‘നൊസ്റ്റാള്‍ജിയ’ എന്ന പേരില്‍ മാസിക വരെ നമ്മൂടെ മുന്നിലെത്തി. ‘ഞാന്‍ നൊസ്റ്റാള്‍ജിക് ആകുന്നു’ എന്ന് സദസ്സില്‍ പറയുന്നതില്‍ നമ്മള്‍ പ്രത്യേകം അഭിമാനിച്ചു. ആത്മാഭിമാനത്തിന്റേയും മനുഷ്യത്വത്തിന്റേയും ദേശസ്നേഹത്തിന്റേയും അടരുകള്‍ ‘ഗൃഹാതുരത്വം’ എന്ന വാക്കില്‍ ലയിച്ചിരുന്നു. നിര്‍ദ്ദോഷ വികാരമായ നൊസ്റ്റാള്‍ജിയ അങ്ങനെ മലയാളിമനസിന്റെ വെള്ളിത്തിരയിലെ സൂപ്പര്‍ താരമായി.

ദൂരങ്ങളെ മൌസ്‌ക്ലിക്കിലേക്ക് ആവാഹിച്ചുകൊണ്ട് ആഗോളഗ്രാമസങ്കല്പം വിവരസാങ്കേതിക വിദ്യയുമായി സാധാ‍രണക്കാരന്റെ ജീവിതത്തിലേക്കെത്തിയത് രണ്ടായിരത്തിന്റെ തുടക്കത്തില്‍. കേബിള്‍ ടി.വിയിലെ ദൃശ്യവിരുന്ന് ഗൃഹാതുരത്വത്തിന്റെ ആവേഗം കൂട്ടിയിരുന്നെങ്കില്‍, കമ്പ്യൂട്ടര്‍ മോണിട്ടര്‍ ചെയ്തത് മറിച്ചായിരുന്നു. വീടും കൂടും കൂട്ടുകാരും ചാറ്റ്‌റൂമില്‍ തൊട്ടുരുമ്മിനിന്നപ്പോള്‍ ആതുരത ഡ്രൈവിംഗ് സീറ്റില്‍ നിന്ന് പിന്‍സീറ്റിലേക്ക് മാറ്റിയിരുത്തപ്പെട്ടു. വര്‍ഷങ്ങള്‍ കഴിയുന്തോറൂം അവനു നൊസ്റ്റാള്‍ജിയയെക്കുറിച്ച് ഒന്നും പറയാനില്ലാതെയായി. മഴകാണാന്‍ വേണ്ടി മാ‍ത്രം ജൂണ്‍‌മാസത്തില്‍ നാട്ടിലെത്താറുണ്ടായിരുന്ന മറുനാടന്‍ മലയാളി ‘നശിച്ച മഴ, ഒരിടത്ത് പോകാനും പറ്റില്ല തുണി ഉണക്കാനും പറ്റില്ല’ എന്ന് പിറുപിറുത്തുതുടങ്ങി. ബന്ദും ഹര്‍ത്താലും അടഞ്ഞ വിദ്യാലയങ്ങളും മോണിട്ടറില്‍ കണ്ടപ്പോള്‍ മക്കളെ നാട്ടില്‍ പഠിപ്പിക്കുന്നതിനേക്കുറിച്ച് ചിന്തിക്കാതെപോലുമായി.

രണ്ടായിരത്തിന്റെ പകുതിയായപ്പോള്‍ എഴുത്തിലും ചിന്തയിലും പുതിയ നിഗമനങ്ങള്‍ ചേക്കേറിത്തുടങ്ങി. ഗൃഹാതുരത്വം തട്ടിപ്പിന്റെ പര്യായമായ വികാരമായി അച്ചടിമഷിയില്‍ കുതിര്‍ന്നുവരണ്ടു. ‘കാളനും കാളയിറച്ചിയും’ വിളമ്പി പ്രത്യയശാസ്ത്രങ്ങള്‍ ഓണത്തെ ഉന്നതവര്‍ഗത്തിന്റെ അഹങ്കാരസ്‌മൃതികളുടെ അധോവായുവാക്കി. വിഷു, മേലാളന്റെ മുന്നില്‍ വിയര്‍പ്പിന്റെ വാഴക്കുല സമര്‍പ്പിക്കുന്ന അടിയാന്റെ വേദനയുടെ ഓര്‍മ്മകള്‍ മാത്രമായി. പിന്നോട്ട് തിരിഞ്ഞ് കുളിരുകോരുന്നവന്‍ സ്വാര്‍ഥനും വിവരദോഷിയുമായി മുദ്രകുത്തപ്പെട്ടു. പുതിയ സാഹിത്യ നിരൂപകര്‍, ഗൃഹാതുരത്വം കണ്ടാല്‍ ഉടന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. വല്ലതുമൊന്ന് കുത്തിക്കുറിക്കുന്നവന്‍ പോലും, മനസിന്റെ പുസ്തകം നിവര്‍ത്തിമണപ്പിക്കാന്‍ മടികാണിച്ചുതുടങ്ങി. ഗൃഹാതുരത്വമെന്ന തട്ടിപ്പിനെ പറ്റി കവിതകള്‍ പാറി നടന്നു. സിനിമയില്‍ അവ പ്രതിഫലിച്ചു (രഞ്ജിത്തിന്റെ ‘കേരള കഫേ’ ഓര്‍ക്കുക). ട്രെന്‍ഡുകള്‍ക്ക് പുറകേ പായാന്‍ ഒട്ടും മടികാണിക്കാത്ത മലയാളി അങ്ങനെ നൊസ്റ്റാള്‍ജിയയെ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. മഴ കാണാന്‍ കൊതിക്കുന്നത് ഔട്ട്ഡേറ്റഡ് ഫാഷനായി. പുതുമണ്ണിന്റെ മണം ബാഗിപാന്റ്സുപോലെ ആര്‍ക്കും വേണ്ടാതായി. ഉമ്മറത്തിണ്ണയില്‍ കാല്‍ത്തളയിട്ട് കൊഞ്ചിക്കഴിഞ്ഞിരുന്ന ‘ഗൃഹാതുരത്വം’ ഗേറ്റിനു വെളിയില്‍ അനാഥബാലനെപ്പോലെ തലകുമ്പിട്ടു നില്‍ക്കുന്നു ഇപ്പോള്‍.....

വികാരങ്ങള്‍ക്കുമുണ്ട് ഓഹരിനിലവാരം. ഏറിയും കുറഞ്ഞും റിസഷനില്‍ തലപൊക്കാതെ ചത്തും അവയും കമ്പോളത്തിനനുസരിച്ച് നീങ്ങിത്തുടങ്ങിയിരിക്കുന്നു. അടുത്തത് ഇനി ഏതാണ്? പ്രേമം, കാമം, സ്നേഹം, കാരുണ്യം? എനി ഗസ്സ്???

Download this post in PDF format
©

ബഹറിന്‍ കേരളീയ സമാജം ഫോട്ടോഗ്രഫി ക്ലബ്‌ ഉദ്ഘാടനം

കഴിഞ്ഞ ജൂണ്‍ 25 വെള്ളിയാഴ്ച ബഹറിനില്‍ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്ന മലയാളികളുടെ ഒരു കൂട്ടായ്മയുടെ ഉദ്ഘാടനം, അതോടൊപ്പം തന്നെ ഈ കൂട്ടായ്മയിലെ 40 ഓളം വരുന്ന അംഗങ്ങള്‍ എടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനവും ബഹറിന്‍ കേരളീയ സമാജം ഹാളില്‍ നടന്നു. പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് സമാജത്തിന്റെ അംഗമായ ലിനു തയ്യാറാക്കിയ വിവരണം...


നിലവിളക്ക് കൊളുത്തി ഖലീഫ ഷഹീന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ചുറ്റും നില്‍ക്കുന്നത് സമാജം ഭാരവാഹികള്‍.
ഈ കൂട്ടായ്മയുടെ ഉത്ഘാടനം നിര്‍വഹിച്ചത് ബഹറിനിലെ പ്രശസ്ത ചലച്ചിത്രകാരന്‍ ഖലീഫ ഷഹീന്‍ ആയിരുന്നു. മലയാളത്തില്‍ സദസ്സിനു നമസ്കാരം പറഞ്ഞുകൊണ്ടാണ് ഉദ്ഘാടകന്‍ പ്രസംഗം ആരംഭിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, ഒരു പാട് തവണ സന്ദര്‍ശിച്ച അദ്ദേഹത്തിനു നമ്മുടെ നാട്ടിനെ പറ്റി പറയാന്‍ ഒരു നൂറു കാര്യങ്ങള്‍ ഉണ്ടായിരുന്നു, ഈ കാണുന്ന ഗള്‍ഫ്‌ എന്നത് നമ്മെ പോലെ ഓരോ പ്രവാസിയുടെയും പ്രയത്ന ഫലമാണെന്ന് അദ്ദേഹം പ്രത്യകം സൂചിപ്പിച്ചു,അതിനുള്ള നന്ദിയും പ്രകാശിപ്പിക്കാന്‍ ആ വലിയ മനുഷ്യന്‍ മടി കാണിച്ചില്ല. ഫൂട്ടൂഗ്രഫി ക്ലബ്ബിന്റെ ഉത്ഘാടനത്തിനു ശേഷം ഫോട്ടോ പ്രദര്‍ശനവും അദ്ദേഹം നാട മുറിച്ചു ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ അദ്ദേഹത്തിന്‍റെ കുറച്ചു ഫോട്ടോകളും ഉണ്ടായിരുന്നു, ഒക്കെ ഇന്ത്യയും ബഹറിനും തമ്മിലുള്ള സൌഹൃദത്തിന്റെ പടങ്ങള്‍, നമ്മുടെ മുന്‍ പ്രധാന മന്ത്രിമാരായ നെഹ്‌റുവും, ഇന്ദിരാഗാന്ധിയുമൊക്കെ ഇവിടെ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത പടങ്ങള്‍, മുന്‍ പ്രസിഡണ്ട്‌ ഗ്യാനി സെയില്‍ സിംഗിന്റെ പടം,ഇവിടുത്തെ പഴയ ഭരണാധികാരികള്‍ ഒക്കെ ആ പടങ്ങളില്‍ ഉണ്ട്. ഈ ഓരോ പടങ്ങളും വിശദീകരിക്കാനും ഖലീഫ ഷഹീന്‍ സന്മനസ്സു കാണിച്ചു. ഫോട്ടോഗ്രഫിയെ പറ്റി നല്ലൊരു പ്രഭാഷണവും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയിരുന്നു, അദ്ദേഹത്തിന്‍റെ വാക്കുകളില്‍ ഫോട്ടോഗ്രഫി എന്നത് 'Reflections' ആണ്. അത് കാലങ്ങളുടെയോ, പ്രകൃതിയുടെയോ, വ്യക്തികളുടെയോ എന്തുമാകാം...

ഖലീഫ ഷഹീന്‍

പ്രശസ്ത പ്രവാസസാഹിത്യകാരന്‍ ശ്രീ. ബാജി ഓടംവേലി ഒരു വാക്ക് സദസ്സിനോട്...

ബാജി ഞങ്ങളെ വിളിക്കുന്നത്‌ 'ഫോട്ടോഗ്രഫി ഭ്രാന്തന്‍മാര്‍'എന്നാ... ഞങ്ങളുടെ 'ഭ്രാന്തിനേക്കാള്‍ ഭ്രാന്തമായ' ആവേശത്തോടെയാണ് ബാജി ഓടിനടന്നു 20 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഒരു കൂട്ടായ്മ രൂപീകരിച്ചു, ഉദ്ഘാടനവും, പ്രദര്‍ശനവുമൊക്കെ സംഘടിപ്പിച്ചത്. ഈ വലിയ ഭ്രാന്തനോടുള്ള നന്ദി വാക്കുകള്‍ കൊണ്ട് പ്രകാശിപിച്ചാല്‍ തീരുന്നതല്ല.

ടീന സൂസന്‍ ഫിലിപ്പ്, അവതാരക.

ഫോട്ടോഗ്രഫി ക്ലബ്‌ കണ്‍വീനെര്‍ ശ്രീ മാത്യൂസ്‌ കെ. ഡി. യുടെ സ്വാഗതപ്രസംഗം.

കാതോര്‍ത്തിരിക്കുന്ന സദസ്സ്.

സമാജം പ്രസിഡണ്ട്‌ ശ്രീ പി. വി. രാധാകൃഷ്ണ പിള്ളയുടെ ആദ്യക്ഷ പ്രസംഗം.

മുഖ്യ പ്രഭാഷണം ശ്രീ. ഷീന്‍ ജോണ്സണ്‍

സമാജം സെക്രട്ടറി എന്‍. കെ. വീരമണിയുടെ ആശംസാ പ്രസംഗം.

ഖലീഫ ഷാഹീന് സമാജത്തിന്‍റെ ഒരു സ്നേഹോപഹാരം.

ഫോട്ടോഗ്രാഫി ഭ്രാന്തന്‍മാരിലെ ഒരു പ്രധാനിയായ അഡ്വകേറ്റ് അബ്ദുല്‍ ജലീലിന്റെ നന്ദി പ്രകാശനം

ഫോട്ടോ പ്രദര്‍ശനം ഖലീഫ ഷഹീന്‍ നാട മുറിച്ചു തുറന്നു കൊടുക്കുന്നു.

പഴയ ഇന്ത്യ - ബഹറിന്‍ ബന്ധങ്ങളെ സൂചിപ്പിക്കുന്ന പടങ്ങള്‍, ഒക്കെ ഖലീഫ ഷഹീലിന്റെ ശേഖരത്തില്‍ നിന്നും. ഇതൊരു ചരിത്ര രേഖയാണ്....
ഖലീഫ പറഞ്ഞതുപോലെ ചരിത്രത്തിന്റെ പ്രതിബിംബങ്ങള്‍....

ഇതാ നില്‍ക്കുന്നു ഇന്ദിരാഗാന്ധി

ഈ കുരുന്നുകളോടൊക്കെ അന്ന് ഖലീഫ ചോദിച്ചിരുന്നു,
നിങ്ങള്‍ക്കും ഫോട്ടോഗ്രാഫെര്‍ ആകെണ്ടേ എന്ന്...പ്രദര്‍ശനം കാണാന്‍ എത്തിയവര്‍.

മുക്കണ്ണന്‍മാരും , മുക്കണ്ണികളും... (ഒരേ തൂവല്‍ പക്ഷികള്‍...)
വരും ദിവസങ്ങളില്‍ ഫോട്ടോ ഗ്രാഫി യുമായി ബന്ധപെട്ട വിവിധ പരിപാടികള്‍ ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കും, ഫോട്ടോഗ്രഫി യില്‍ താല്പ്പര്യ മുളളവര്‍ക്കായി എല്ലാ മാസവും പരിശീലന ക്ലാസ്സുകള്‍ ഉണ്ടാകും, കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനമുണ്ട്. ഈ മേഘലയിലേക്ക് പുതുതായി വരുന്ന ആളുകള്‍ക്ക് പരിചയപ്പെടാന്‍ വേണ്ടി വിവിധ ഇനം ക്യാമറകളുടെയും, അനുബന്ധ ഉപകരണ ങ്ങളുടെയും പ്രദര്‍ശനവും സജ്ജീകരിക്കുന്നുണ്ട്. ഫോട്ടോഗ്രഫെര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആയി ഒരു ടെക്കനിക്കല്‍ സപ്പോര്‍ടിംഗ് ടീം ഉണ്ടായിരിക്കും.

ഔട്ട്‌ ഡോര്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുകയും, എടുക്കുന്ന ഫോട്ടോകളെ കുറിച്ചുള്ള അവലോകനങ്ങള്‍ നടത്തുകയും ചെയ്യും, സമാജത്തിന്‍റെ സാഹിത്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ക്ലബ്‌ പ്രവര്‍ത്തിക്കുന്നത്. മാത്യൂസ്‌ കെ. ഡി. കണ്‍വീനെറും, ലിനു, റെജി പുന്നോളി എന്നിവര്‍ ജോ. കണ്‍വീനെര്‍മാരുമായുള്ള കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാഹിത്യ വിഭാഗം സെക്രട്ടറി ബിജു. എം. സതീഷ്‌ ആണ് കോ-ഓര്‍ഡിനേട്ടര്‍ നിങ്ങള്‍ ഫോട്ടോഗ്രഫിയെ ഇഷ്ടപെടുന്ന ഒരു ബഹറിന്‍ നിവാസി ആണെങ്കില്‍, വരണം ഈ കൂട്ടായ്മയിലേക്ക്... നമുക്ക് പഠിച്ചും, പഠിപ്പിച്ചും മുന്നേറാം..... ഇതാ കുറച്ചു അണിയറയിലെ കാഴ്ചകള്‍... ഉത്ഘാടനത്തിന്റെ തലേ ദിവസം രാത്രി ഒരു പാട് വൈകിയും ഞങ്ങള്‍ അവിടെ അടുത്ത ദിവസത്തേക്കുള്ള ഒരുക്കങ്ങളില്‍ ആയിരുന്നു, നാട്ടില്‍ ഒരു കല്യാണ വീട്ടില്‍ ഒത്തു കൂടുന്നത് പോലെ.... എല്ലാവരും അവരവരെ കൊണ്ട് ചെയ്യാവുന്ന കാര്യങ്ങളില്‍ മുഴുകി...

ഫോട്ടോകള്‍ തരം തിരിച്ചു കഴിഞ്ഞു...
പ്രദര്‍ശനത്തിനുവന്ന എല്ലാ ഫോട്ടോസും തരം തിരിക്കലായിരുന്നു ആദ്യത്തെ പണി..പിന്നെ എല്ലാ ഫോട്ടോകള്‍ക്കും ആവശ്യമായ മൌണ്ട് ഒട്ടിക്കല്‍...

ഫോട്ടോകള്‍ക്ക് ആവശ്യമായ മൌണ്ട് തയാറാക്കുന്നു....
അതിനു ശേഷം ഓരോരുത്തരുടെയും ഫോട്ടോസ് പ്രത്യേകം ചേര്‍ത്തുവെക്കല്‍...അത് കഴിയുമ്പോഴേക്കും അര്‍ദ്ധരാത്രി രണ്ടു മണി ആകാറായി....പിന്നെ അടുത്ത ദിവസം ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങളെ പറ്റി ഒരു ചെറിയ വിവരണം....

കാലത്ത് വന്നാല്‍ബോര്‍ഡില്‍ പതിക്കാനുള്ള ക്രമത്തില്‍ ഫോട്ടോകള്‍ അടുക്കി വെക്കുന്നു...

ഇടക്കൊരു ചെറിയ തീറ്റ മത്സരം... നിരന്നു നിന്ന് കൊണ്ട്.....
പിറ്റേന്ന് വെള്ളിയാഴ്ച.. ഒരു ഗള്‍ഫ്‌കാരന് ഒന്ന് സ്വസ്ഥമായി ഉറങ്ങാനുള്ള ഒരേ ഒരു ദിവസം... അതൊക്കെ മാറ്റി വച്ചു എല്ലാവരും കൃത്യ സമയത്ത് തന്നെ ഹാജര്‍.... പിന്നെ ഫോട്ടോസ് ബോര്‍ഡില്‍ പതിക്കല്‍... അതോടൊപ്പം തന്നെ ആവശ്യമായ അടിക്കുറിപ്പുകളും, ഫോട്ടോ തന്നവരുടെ പേരുകള്‍ എഴുതി ചേര്‍ക്കല്‍.... പിന്നെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ യഥാ സ്ഥാനത്തു സ്ഥാപിക്കല്‍... ഇത് കഴിയുമ്പോഴേക്കും വൈകീട്ട് മൂന്നേ മുപ്പതു... പിന്നെയും ഒരു മണിക്കൂര്‍ ബാക്കി....
ഫോട്ടോകള്‍ ബോര്‍ഡില്‍ പതിക്കുന്നു....

ബോര്‍ഡുകള്‍ യഥാസ്ഥാനത്തേക്ക്.... ഒരു ഗ്യാലെരി ആക്കിമാറ്റുന്നു...

അവസാന മിനുക്ക്‌ പണികള്‍....

ഫോട്ടോകള്‍ സന്ദര്‍ശകരെയും കാത്തു.....


അതെ ഞങ്ങള്‍ ഇത്രത്തോളം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ നടത്തിയത്. ഇതിനു പ്രത്യേകം നന്ദി ഓരോ അംഗങ്ങളോട് പറയേണ്ടതുണ്ട്. പിന്നെ വലിയ നന്ദി അറിയിക്കേണ്ടത് ഇപ്പോഴത്തെ സമാജം കമ്മിറ്റി അംഗങ്ങലോടാണ്. ഇത്രയും പേര്‍ക്ക് ഒത്തുകൂടാന്‍ ഇത് പോലൊരു വേദി ഒരുക്കി തന്നതിന്.... ഓണ്‍ലൈനില്‍ മാത്രം കണ്ട പല മുഖങ്ങളെയും നേരില്‍ കാണാന്‍ കിട്ടിയ ഒരവസരം കൂടെ ആയിരുന്നു ആ വെള്ളിയാഴ്ച, ആദ്യമായി കാണുകയാണെന്ന ഒരു അപരിചിതത്വവുമില്ലാതെ എന്നും കാണുന്ന ഒരു കുടുംബാങ്ങതോടെന്നപോലുള്ള കുശലം പറച്ചിലുകള്‍.... എല്ലാം കൊണ്ട് ഗംഭീരമായിരുന്നു അന്നത്തെ ആ സന്ധ്യ... എല്ലാവര്‍ക്കും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു നല്ല ദിനം.... നന്ദി ഒരിക്കല്‍ കൂടെ, ഈ ക്ലബ്ബിന്റെ പേരിലും, പിന്നെ എന്റെ വ്യക്തിപരമായ പേരിലും നേരില്‍ വന്നും അല്ലാതെയും സഹകരിച്ച എല്ലാവരോടും.....
സ്നേഹപൂര്‍വ്വം ലിനു

പ്രാണനില്‍ വിരിയുന്ന വര്‍ണ്ണഗീതം

കുറച്ചു സമയം ഒത്തിരി കാര്യം Part - 1 Part - 2 Part - 3 Part - 4 Part - 5 Part - 6പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ, വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക്‌ തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍ഥങ്ങള്‍ കല്‍പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണമായി കൊടുക്കുന്ന, അര്‍പ്പിക്കുന്ന ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്.... പ്രണയം സ്നേഹമാണ്.... പ്രണയം പ്രാര്‍ഥനയാണ്. നിര്‍വ്വചനങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത സ്നേഹം. അനര്‍ഗളമായി ജീവിതത്തില്‍ ഒരിക്കലെങ്കിലും എല്ലാവരും അനുഭവിച്ചറിഞ്ഞ അല്ലെങ്കില്‍ അനുഭവിച്ചറിയേണ്ട പ്രതിഭാസം.

പ്രണയത്തിന്റെ രസതന്ത്രം
തലച്ചോറില്‍ ഉണ്ടാകുന്ന ഫിരമോണുകള്‍, ഡോപമിനുകള്‍, സെറാടോണിന്‍ ഹോര്‍മോണുകള്‍ എന്നിവ തലച്ചോറിനെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു. അതിന്റെ ഫലമായി ശാസ്ത്രജ്ഞന്മാരുടെ ഇക്വേഷനുകള്‍ എല്ലാം തന്നെ ഇവിടെ പൂര്‍ണ്ണതയില്‍ എത്തുന്നു.

എന്തിന്, ആരോട്
"ആത്മാര്‍ത്ഥ പ്രണയം ഒരാളോട് മാത്രമേ ഉണ്ടാവൂ, പിന്നീടുള്ള പ്രണയങ്ങളില്‍ എല്ലാം തേടുന്നത് പഴയ ആളിനെ തന്നെയാണ്" ......... എവിടുന്നോ ആരുടെയോ വാക്കുകള്‍ ആണിവ. എന്നിരുന്നാലും എത്രമാത്രം സത്യം ഇതില്‍ ഒളിഞ്ഞുകിടക്കുന്നു. അത് മറ്റൊരാളായിരിക്കണം എന്നില്ല, പ്രണയത്തിനു ആരാധനയുടെ, അഭിമാനത്തിന്റെ, സ്നേഹത്തിന്റെ, കരുതലിന്‍റെയൊക്കെ മുഖഭാവങ്ങളുണ്ട്. മാതാപിതാക്കള്‍‍, കൂടപ്പിറപ്പുകള്‍, അദ്ധ്യാപകര്‍, ആരാധാനപാത്രങ്ങള്‍ എന്നിങ്ങനെ ആരും തന്നെ ആകാം. രൂപത്തിലും ഭാവത്തിലും സാദൃശ്യം തോന്നുന്ന ആരും തന്നെ ആകാം. മനസ്സില്‍ പതിയുന്ന മുഖങ്ങള്‍ പ്രണയത്തിന്‍റെ തായി മാറുന്നു. എന്നാല്‍ നൈരാശ്യങ്ങളും ഇല്ലാതില്ല. എവിടെയും വീണ്ടും പ്രണയം പ്രണയത്തെ കണ്ടെത്തുന്നു. ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, പ്രണയം തിരിച്ചറിയുന്നു, മുഖങ്ങളെ, ഭാവങ്ങളെ, മനസ്സുകളെ. തീര്‍ത്തും നിസ്വാര്‍ത്ഥമായ പ്രണയം, മനസ്സുകളെ സ്വാധീനിക്കുന്നതും, കഠിനമായ പരീക്ഷകളെ അതിജീവിക്കാന്‍ പോന്ന ശക്തിയുടെ ഭാവം ഉള്‍ക്കൊള്ളുന്നതുമാണ്. ഐതീഹ്യങ്ങളില്‍ ദൈവീക ഗ്രന്ഥങ്ങളില്‍ എന്നു വേണ്ട എവിടെയും കഥയും അവയുടെ മൂലകാരണങ്ങളും ഏതെങ്കിലും ഒരു പ്രണയവും അതിന്‍റെ പരിണീതഫലങ്ങളും ആയിരിക്കും.

എവിടെ?
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയം അനുഭച്ചിട്ടില്ലാത്തവര്‍ ഇല്ല എന്നു തന്നെ നമുക്കു തീര്‍ത്തും പറയാന്‍ സാധിക്കും.പറഞ്ഞു മനസ്സിലാക്കിയിട്ടില്ലെങ്കിലും മനസ്സുകൊണ്ട് പ്രണയം എല്ലാവരും അനുഭവിച്ചിരിക്കും ജീവിതത്തില്‍, തീര്‍ച്ച. മനസ്സിലെ മയില്‍പ്പീലിയില്‍ എഴുതിത്തീര്‍ക്കാത്ത പല കദനകഥകള്‍ ഹൃദയത്തിന്‍റെ ഏതോ താളുകളില്‍ എഴുതി അമൂല്യമായ നിധി പോലെ കൊണ്ടുനടക്കുന്നവരും ഇല്ലാതില്ല. പ്രണയത്തിന്‍റെ വിജയത്തിനായി നാടിനോടും വീടിനോടും ജീവിതത്തിനോടും, സ്വന്തം കുടുംബത്തോടും പൊരുതി ജയച്ചവര്‍ ധാരാളം. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്ത മനസ്സുകളും, നഷ്ടബോധങ്ങളും നഷ്ടങ്ങളും പ്രതികാരഭാവത്തോടെ വീണ്ടും പ്രണയം അനുഭവിക്കുന്നവരും ഇല്ലാതില്ല.

തിരിച്ചറിയാത്ത സ്നേഹം
മനസ്സിലെ വിങ്ങലായി പ്രണയത്തെ കൊണ്ടു നടക്കുന്നവര്‍ ധാരാളം ഉണ്ട്. പ്രണയം പറഞ്ഞറിയിക്കാതെ മനസ്സില്‍ വര്‍ഷങ്ങളോളം പേറിനടക്കുന്നവരും ഒരിക്കലും പ്രകടിപ്പിക്കാന്‍ സാധിക്കാത്തവരും എത്രയേറെ? കത്തുകളുമായി എത്തുന്ന പോസ്റ്റുമാന്മാരെ കാത്തു കാത്തിരുന്നവര്‍ എത്രയേറെ! കത്തുകളുടെ മാധുര്യവും , വീണ്ടും വീണ്ടും വായിക്കുന്നതിന്‍റെ ചേതോവികാരങ്ങളും പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വര്‍ഷങ്ങളോളം പ്രണയത്തെ ഒരു നോട്ടുബുക്കിന്‍റെ പൂര്‍ണ്ണതയില്‍ എത്തിച്ചവരും ധാരാളം. ഇക്കാലത്തെ ഇന്‍റെര്‍നെറ്റിലെ പ്രണയം വളരെ എളുപ്പം.... ആര്‍ക്കും ആരെയും പ്രണയിക്കാം, പ്രായവും, ദിവസവും, നാടും, അകലവും ഒരു പ്രശ്നമേയല്ല. എന്നാല്‍ ആത്മാര്‍ത്ഥമായ പ്രണയവും ഇവിടെ ഉണ്ട്.

അപാകതകളും നിങ്ങളും
സൂക്ഷിച്ചില്ലെങ്കില്‍ അബദ്ധമായി തീരുകയും അവസാനിക്കുകയും ചെയ്യുമെന്ന് മാത്രം. പങ്കാളിക്ക് എന്താണ് വേണ്ടതെന്നും എങ്ങനെ അവരെ സന്തോഷിപ്പിക്കാമെന്നും ആലോചിക്കുക. തിരക്ക് പിടിച്ച നിങ്ങളുടെ ജീവിതത്തില്‍ ഇതിനുള്ള പട്ടികകള്‍ തയ്യാറാക്കുക തന്നെ വേണം. പണവും ജോലിയും മാത്രമല്ല ജീവിതം. അതിനൊപ്പം തന്നെ പ്രാധാന്യമുണ്ട് ബന്ധങ്ങള്‍ക്കും. നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാവേണ്ട ഒന്നായി പങ്കാളിയെ അംഗീകരിക്കുന്നതാണ് സ്നേഹം. സാഹചര്യങ്ങള്‍ വ്യത്യസ്തമായാലും. പുസ്തകത്താളിനുള്ളില്‍ ഒളിപ്പിച്ചുവെച്ച മയില്‍‌പ്പീലികളില്‍ ഹൃദയം കൈമാറിയവര്‍ ഇന്ന് നെഞ്ചോട് ചേര്‍ക്കുന്നത് മൊബൈല്‍ ഫോണുകളാണ്. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കാനിടുന്ന കൃത്രിമപ്പാലമാണ് മൊബൈലെന്ന് ചിലര്‍ പറയും.എസ്സ് എം എസ്സ്, മിസ്സ്ഡ് കോളുകള്‍ എന്നു വേണ്ട കാലത്തിനൊത്ത് പ്രണയവും വളര്‍ന്നു എന്നതിനപ്പുറം അത് കാലത്തിനൊപ്പം നമ്മോടൊപ്പം ഇഴുകിച്ചേര്‍ന്നിരിക്കുന്നു...

പ്രണയം എത്ര സുഖകരമായ അനുഭവം.. നഷ്ട്ടപ്പെട്ടുപോയ പ്രണയത്തിന്റെ ഓര്‍മ്മകള്‍‍ പോലും എന്നും നമ്മള്‍ അയവിറക്കുന്നു. നിലയ്ക്കാത്ത പ്രണയത്തിന്‍റെ വറ്റാത്തെ അരുവികള്‍ നമ്മുടെ മനസ്സില്‍ മരണംവരെ ഒഴുകുന്നു...

ബൂലോക സഞ്ചാരംവായന മരിക്കുന്നു എന്ന മുറവിളികള്‍ക്കിടയില്‍ വീണ്ടും ഒരു വായാനാ ദിനം കൂടി.. സത്യത്തില്‍ വായന മരിക്കുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. വായന ഒരു പരിധി വരെ ഇപ്പോളും ഉണ്ട് എന്ന് തന്നെ വിശ്വാസം. ചിലപ്പോള്‍ അതിന്റെ രീതികളില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ടാവാം. പണ്ട് പബ്ലിക്ക് ലൈബ്രറികളിലേയും വായനശാലയിലേയും അടിവരയിട്ടും കമന്റുകള്‍ എഴുതിയും ഏടുകള്‍ കീറിപ്പോയതുമായ പുസ്തകങ്ങള്‍ വായിക്കുന്ന ഒരു സുഖം പ്രദാനം ചെയ്യില്ലെങ്കില്‍ കൂടി ഇന്നത്തെ പുത്തന്‍ വായന രീതികളെ നമുക്ക് തള്ളികളയാന്‍ കഴിയില്ല. - വായനയില്‍ നിന്നും സുഖം കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു നമ്മുടെ തിരക്കുപിടിച്ച പുതു സമൂഹം. ഫാസ്റ്റ് ഫുഡ് പോലെ തന്നെ നമ്മെ ഇന്ന് വല്ലാതെ ഭ്രമിപ്പിക്കുന്നു ഫാസ്റ്റ് റീഡിങ്ങും. ഒപ്പം എഴുത്തുകാരനോട് കൂടുതല്‍ സംവേദിക്കാന്‍ കഴിയുന്നു എന്നതിനാലും ബ്ലോഗ് എന്ന മാധ്യമത്തിന്‌ ഇന്ന് ശരാശരിക്കാരന്റെ വായനയില്‍ വലിയ സ്ഥാനം ലഭിച്ചു തുടങ്ങിയിരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇനി എഴുത്തുകളെല്ലാം - ലിപികളിലേയുള്ളു എന്ന്‍ സി.രാധാകൃഷ്ണന്‍ പറഞ്ഞപ്പോള്‍ നെറ്റിചുളിച്ച പലരും ഇന്ന് ബ്ലോഗെഴുത്തിലും വായനയിലും സജീവമാണെന്ന് പറയുമ്പോള്‍ അറിയാം എത്രത്തോളം മാധ്യമം നമ്മെ സ്വാധീനിച്ചിരിക്കുന്നു എന്ന്. പക്ഷെ, നേരത്തെ സൂചിപ്പിച്ച പോലെ തിരക്കിട്ട ഓട്ടത്തിനിടയില്‍ പലപ്പോഴും സാന്‍ വിച്ചിലേക്കും ബെര്‍ഗറിലേക്കും ഷവര്‍മ്മയിലേക്കും മറ്റും നമ്മുടെ ഭക്ഷണ അഭിരുചികളെ നമ്മള്‍ മാറ്റി ശീലിപ്പിച്ചപ്പോഴും പഴയ തട്ട് ദോശകള്‍ കിട്ടുന്ന കടകള്‍ കണ്ടാല്‍ മലയാളി വണ്ടി ഒതുക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ അത് തേടി നടന്ന് നമ്മുടെ വിലപ്പെട്ട സമയം കളയാന്‍ പലപ്പോഴും നമ്മള്‍ മടികാണിക്കുന്നു എന്നതാണ്‌ വാസ്തവം. അതുകൊണ്ട് അത്തരം ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളിലേക്ക് നിങ്ങളെ എത്തിക്കാനുള്ള ഒരു ചെറിയ ശ്രമമാണ്‌ ഇവിടെ നടത്തുന്നത്. കൃത്യമായ ഒരു ഇടവേളയില്‍ ഇത് വരുമെന്ന് ഒരു ഉറപ്പും എനിക്ക് തരാന്‍ കഴിയില്ല. നല്ലത് കണ്ടാല്‍ അവിടെ നമുക്ക് വീണ്ടും കാണാം എന്ന് മാത്രം ഉറപ്പ് തന്ന് കൊണ്ട് രണ്ട് കുഞ്ഞ് ബ്ലോഗുകളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തട്ടെ..
മനോരാജ് തേജസ്


സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം എന്നും നമ്മുടെ സ്വപ്നങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ്‌. സ്വര്‍ഗ്ഗത്തിന്റെ കവാടം തുറക്കാനായിട്ട് നമ്മള്‍ മുട്ടാത്ത വാതിലുകളോ കയറിയിറങ്ങാത്ത ആരാധനാലയങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ സ്വര്‍ഗ്ഗത്തില്‍ നിന്നും തന്നെ നമുക്ക് യാത്ര തുടങ്ങാം. ജാലകത്തിലൂടെയുള്ള ഒരു സഞ്ചാരത്തിനിടയില്‍ എപ്പോഴോ പോസ്റ്റ് ചെയ്തത് 'ആളവന്‍ താന്‍' എന്ന് കണ്ടപ്പോള്‍ ഏതോ ഒരു തമിഴ് ചുവയുള്ള ബ്ലോഗ് ആവും എന്ന് കരുതി വെറുതെ എത്തിനോക്കിയതാണീ സ്വര്‍ഗ്ഗത്തിലേക്ക്. ഹൃദയത്തില്‍ കൈകള്‍ ചേര്‍ത്ത് മനോഹരമായി മലയാളം പറഞ്ഞ് ചിരിച്ചു നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെ പെട്ടന്ന് വിട്ട് പോരാന്‍ നമുക്ക് ആവില്ല.

"എഴുത്ത് ഒപ്പമുണ്ടായിരുന്നു എന്നും. ഡയറിക്കുറിപ്പുകളായും ചെറുകടലാസു തുണ്ടുകളായുമൊക്കെ.. ആരുമറിയാതെ ആരെയുമറിയിക്കാതെ നിശബ്ദമായി ഞാന്‍ ഒപ്പം കൂട്ടിയ എഴുത്ത്. വിരസമായ ഏകാന്തതയെ പതിയെ ഞാന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത് അങ്ങിനെയായിരുന്നു. പരന്ന വായനയുടെ കുറവ് നന്നായി പ്രതിഫലിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും എഴുത്ത് എന്ന ഭ്രാന്ത് എന്നെ കൊണ്ട് വീണ്ടും വീണ്ടും അത് ചെയ്യിച്ചുകൊണ്ടിരുന്നു. എനിക്കറിയാവുന്ന,എനിക്കു വഴങ്ങുന്ന, വളരെ സാധാരണമായ, എന്റെ ഭാഷയില്‍ , ശൈലിയില്‍ , ഡയറികളുടെ താളുകള്‍ക്കിടയില്‍ ശ്വാസം മുട്ടിയ അക്ഷരകൂട്ടങ്ങള്‍ ബ്ലോഗിലേക്ക് കുടിയേറിയത് അറിഞ്ഞപ്പോള്‍ , വൈകിയാണെങ്കിലും ഞാനും സഞ്ചരിക്കുന്നു അവയ്ക്കൊപ്പം. നിങ്ങളേയും ക്ഷണിക്കുന്നു എന്റെ സഞ്ചാരത്തിലേക്ക്.. സ്വാഗതം ചെയ്യുന്നു എന്റെ സ്വര്‍ഗ്ഗത്തിലേക്ക്.. " എന്ന ബ്ലോഗറുടെ വാക്കുകളേക്കാള്‍ മറ്റൊന്നും കൂടുതലായി പറയാന്‍ എനിക്ക് കിട്ടുന്നില്ല.

പോസ്റ്റുകളിലൂടെ പോയപ്പോള്‍ ഒരു പ്രത്യേക വിഷയത്തില്‍ തളക്കപ്പെടാതെ പലതും കൈകാര്യം ചെയ്തിരിക്കുന്നു ആളവന്‍ താന്‍ എന്ന വിമല്‍ .എം.നായര്‍. 'ഹര്‍ത്താല്‍' എന്ന കവിതയിലൂടെ ആക്ഷേപഹാസ്യവും 'മരണപക്ഷി' എന്ന പോസ്റ്റിലൂടെ സമകാലീക വിഷയത്തിലൂടെയും 'അച്ചായചരിതം - ഒരു ചെളികഥ'യിലൂടെ നര്‍മ്മവും തനിക്ക് വഴങ്ങുമെന്ന് ജോര്‍ദ്ദാനില്‍ ഒരു കമ്പനിയില്‍ സുരക്ഷാ ഉപദേഷ്ടാവായി ജോലി നോക്കുന്ന , തിരുവനന്തപുരം ചിറയന്‍ കീഴ് സ്വദേശിയായ ചെറുപ്പക്കാരന്‍ തെളിയിക്കുന്നു. വിമലിന്റെ കൊതുകുവല എന്ന കഥ വല്ലാത്ത ഒരു വായനാ സുഖം പകര്‍ന്നു നല്‍ക്കുന്നു. ചില സമയങ്ങളില്‍ ഒരു തിരക്കഥാരന്‍ കഥ പറയുന്ന പോലെ ഒരു ഫീല്‍ ഉണ്ടാക്കാന്‍ കൊതുകുവലയിലൂടെ വിമലിന്‌ കഴിഞ്ഞു. ഓര്‍മ്മകളുടെ, അനുഭവങ്ങളുടെ സ്വര്‍ഗ്ഗത്തിലേക്ക് ഒരിക്കലെങ്കിലും എത്തിനോക്കിയാല്‍, എനിക്ക് തോന്നുന്നു നല്ലൊരു വായനാനുഭവം അവിടെ നമുക്ക് ലഭിക്കുമെന്ന്..

ചാമ്പല്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും എന്തിനേയും ചാമ്പലാക്കാന്‍ കഴിവുള്ള തീക്ഷ്ണമായ ഭാഷ സ്വായത്തമ്മാക്കിയ ഒരു ചെറുപ്പക്കാരിയിലേക്ക് നിങ്ങളെ നയിക്കട്ടെ. കഥകളുടെ വസന്തമായ ഋതുവില്‍ വല്ലാതെ മനസ്സിനെ ആകര്‍ഷിച്ച 'ഗ്രീഷ്മം തണുക്കുമ്പോള്‍' എന്ന കഥയിലൂടെയാണ്‌ അഞ്ജു നായരുടെ ചാമ്പലിലേക്ക് കടന്നുചെന്നത്. (കനല്‍ എന്ന മറ്റൊരു ബ്ലോഗ് കൂടി അഞ്ജുവിന്‌ സ്വന്തം).

രാമനുപേക്ഷിച്ച സീതയെ വാല്‍മീകിയുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ വനവീഥികളിലൂടെ സീതയുടെ കൈപിടിച്ചുകൊണ്ട് ശൂര്‍പ്പണഖ!! ഒരു നിമിഷം എം.ടിയുടെ രണ്ടാമൂഴക്കാരനെ ഓര്‍ത്തു. പിന്നീട് അഞ്ജുവിനോട് സംസാരിച്ചപ്പോള്‍ മനസ്സിലായി രണ്ടാമൂഴക്കാരനെ 25 ഓളം വട്ടം ഒരു ഭ്രാന്ത് പോലെ വായിച്ചിട്ടുണ്ടെന്ന്. സത്യത്തില്‍ ഒരു ഒറ്റ കഥ മതിയായിരുന്നു അഞ്ജുവിലെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍. വായിച്ചിട്ടുള്ളവര്‍ സാക്ഷ്യം!!

ചാമ്പലില്‍ കണ്ടതും വായിച്ചതും മുഴുവന്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍. അച്ചനും, കഥയില്ലായ്മയും, പിറക്കാതെ പോയ മകളും, കൃഷ്ണാ നീയും എല്ലാം.. എല്ലാം. കരുണം, അവ്യക്തം, കാല്പനീകം, സുതാര്യം, അനുഭവം, മരണം പോസ്റ്റുകളുടെ ലേബലില്‍ പോലുമുണ്ടാ തീക്ഷ്ണത.. പലതും നേരിട്ട് ചോദിച്ചറിഞ്ഞ ഞാന്‍, ഇത്ര ചെറുപ്രായത്തിലേ ഒത്തിരി ജീവിതാനുഭവങ്ങള്‍ ഉള്ള ഒരു കുട്ടിയെ കണ്ട് വല്ലാതെ പകച്ചുപോയി. ഒരു പക്ഷെ ജീവിതാനുഭവങ്ങളാവാം അഞ്ജു നായര്‍ എന്ന "അപ്പൂപ്പന്റെ കഥകളി പദങ്ങളും കവിതയും പഴം കഥകളും കേട്ട് വളര്‍ന്ന ബാലികക്ക്.. കറുത്ത കുപ്പിവളകളിഷ്ടപ്പെടുന്ന, വെള്ളിക്കൊലുസിന്റെ കിലുക്കം നടപ്പില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിക്ക്.. ഭഗവാന്‍ കൃഷ്ണന്റെ ആരാധികക്ക് .. പ്രകടിപ്പിക്കാത്ത സ്നേഹം ഒരു പാട് മനസ്സില്‍ സൂക്ഷിച്ച ഒരമ്മയുടെ ഏകമകള്‍ക്ക് .. ഗുരുക്കന്മാരുടെ സ്നേഹം മനസ്സില്‍ കെടാവിളക്ക് പോലെ സൂക്ഷിക്കുന്ന ശിക്ഷ്യക്ക്.." ഇത്ര മനോഹമയായി എഴുതാന്‍ കഴിയുന്നത്. രണ്ടു പുഴകള്‍ക്കിടയില്‍ തേജസ്വിനി എന്ന കെട്ടിടത്തിലെ വൈഗ എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ സബ് എഡിറ്ററുടെ ജോലിയും ചാമ്പലും കനലും ഋതുവുമായി ശാന്തം , സുന്ദരം, ജീവിതം എന്ന് പറയുമ്പോളും തീക്ഷ്ണമായ വാക്കുകള്‍ നമ്മോട് പറയുന്നു ഇവള്‍ നാളെയുടെ കഥാകാരി..

അല്പം നീണ്ടു എന്നറിയാം . പക്ഷെ വായനാ ദിനത്തില്‍ ഇത്രയും ചെയ്തപ്പോള്‍ ചെറിയൊരു ചാരിതാര്‍ത്ഥ്യം. തങ്ങളുടെ സ്വന്തമായ കഴിവുകള്‍കൊണ്ട് അനുഗ്രഹീതരായ ഇവരിലേക്കെത്താന്‍ ഞാന്‍ ഒരു നിമിത്തമായെങ്കില്‍ അത് ഒരു പക്ഷെ എന്റെ നിയോഗം. തിരക്കിട്ട നമ്മുടെ ജീവിത പാച്ചിലിനിടയില്‍ ഒരു നിമിഷം നമുക്ക് പഴമയിലേക്ക് പോകാന്‍, മലയാളത്തിന്റെ അക്ഷര സുഗന്ധം നുകരാന്‍, അത് കൈമോശം വന്നിട്ടില്ല എന്ന് സ്വയം ഊറ്റം കൊള്ളാന്‍ സ്വര്‍ഗ്ഗവും ചാമ്പലും നിങ്ങളെ സഹായിക്കുമെന്ന പ്രത്യാശയോടെ..

© മനോരാജ് തേജസ്

ആന - ഉത്സവം - മലയാളി

എസ്.കുമാര്‍


സാധാരണ മലയാളിയെ സംബന്ധിച്ച് കണ്ടാലും കേട്ടാലും കൌതുകം തീരാത്തതാണ് കരയിലെ ഏറ്റവും വലിയ ജീവിയായ ആനയും അതിനെ പറ്റിയുള്ള കാര്യങ്ങളും. പുരാണങ്ങളില്‍ ആരംഭിച്ച് ചരിത്രം / നാടോടികഥകള്‍ വഴി സമകാലിക ജീവിതത്തില്‍ എത്തിനില്‍ക്കുമ്പോളും ആന എന്ന ജീവി ഭൂമിയില്‍ ഉള്ള മറ്റേതൊരു ജീവിയേക്കാളും വിസ്മയമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു.

ആനയും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം, ചരിത്രാതീത കാലം മുതലേ ഉള്ളതാണെന്ന് സത്യം. മറ്റേതൊരു സമൂഹവുമായും താരതമ്യപ്പെടുത്തിയാല്‍ മലയാളിയുടെ ആനക്കമ്പം ഒരു പിടി മുകളില്‍ നില്‍ക്കും. ആഘോഷങ്ങളുടേയും,ആചാരങ്ങളുടേയും, ടൂറിസം-തടിപ്പണി തുടങ്ങിയവയുമായും ഉള്ള പങ്കാളിത്തത്തിലൂടെ മലയാളി ജീവിതവുമായി ഇഴപിരിക്കുവാന്‍ ആകാത്ത വിധം ഈ ജീവി ബന്ധപ്പെട്ടു കിടക്കുന്നു. ആനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മലയാളിക്കിടയില്‍ നല്ല “ഡിമാന്റ്” ഉണ്ടാകുന്നതും ഇതുകൊണ്ടു തന്നെ.

നാട്ടാനയുടെയായാലും കാട്ടാനയുടെ ആയാലും കണക്കെടുത്താല്‍ വളരെ വലിയ ഒരു ഗജസമ്പത്താണ് കേരളത്തിനുള്ളത്. ഔദ്യോഗിക കണക്കനുസരിച്ച് 702 ഉം അനൌദ്യോഗികമായി ഉള്ള ആനകളേയും ചേര്‍ത്താല്‍ ഏകദേശം ആയിരത്തില്‍ അധികം നാട്ടാനകള്‍ കേരളത്തില്‍ ഉണ്ട്. ഇന്ന് കേരളത്തില്‍ ഏറ്റവും ഉയരം കൂടിയ നാട്ടാന തെച്ചിക്കോട്ടുകാവ് ദേവസ്വം വക തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ്. പ്രായത്തിലും വലിപ്പത്തിലും ഏറ്റവും കുഞ്ഞ്യേ ആന പുത്തന്‍ കുളം ലക്ഷ്മി എന്ന നാട്ടാന പ്രസവിച്ച പുത്തന്‍ കുളം ശിവന്‍ എന്ന ആനക്കുട്ടിയും.

ആന - മലയാളി - ഉത്സവവം എന്ന വിഷയത്തിന്റെ വിശദാംശങ്ങളിലേക്ക് പോകും മുന്‍പ് ഭൂമുഖത്തെ ഏറ്റവും വലിയ ജീവിയായ ആനയെകുറിച്ച് അല്പം ചില കാര്യങ്ങള്‍ പറയുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. പ്രോബോസിഡിയ എന്ന സസ്തനികുടുമ്പത്തില്‍ ഉള്‍പെടുന്ന ജീ‍വിയാണ് ആന. ആനകളെ ആഫ്രിക്കന്‍-ഏഷ്യന്‍ എന്നിങ്ങനെ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു, ആഫ്രിക്കന്‍ ആനകള്‍ ഏഷ്യന്‍ ആനകളേക്കാള്‍ ആകാരത്തിലും കാഴ്ചയിലും വ്യത്യസ്ഥരാണ്. വലിപ്പം കൂടുതലാണ് എന്നതാണ് ഒറ്റനോട്ടത്തില്‍ ഉള്ള പ്രത്യേകത. കൂടാതെ ഇവയുടെ ശരീരത്തിന്റെ നടുഭാഗം കുഴിഞ്ഞും തുമ്പിയുടെ അഗ്രഭാഗം പിളര്‍ന്നും ആയിരിക്കും. കൊമ്പനും പിടിക്കും വലിയ കൊമ്പുകള്‍ ഉണ്ടായിരിക്കും. എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത, മനുഷ്യരുമായി എളുപ്പത്തില്‍ ഇണങ്ങില്ല,

Elephas Maximus എന്ന ശാത്ര നാമത്തില്‍ അറിയപ്പെടുന്ന ഏഷ്യന്‍/ഇന്ത്യന്‍ ആനകള്‍ കാഴ്ചക്ക് ചെറുതും ഭംഗിയുള്ളവയുമാണ്. പിടിയാനകള്‍ക്ക് കൊമ്പ് ഉണ്ടാകില്ല, തേറ്റയെന്ന ചെറിയ“കൊമ്പുകള്‍” മാത്രമേ ഉണ്ടാകൂ. ഇവയുടെ നട്ടെല്ലിന്റെ ഭാഗം ഉയര്‍ന്നും വളഞ്ഞും ഇരിക്കും. ശരീരത്തില്‍ ധാരാളം മഞ്ഞ പുള്ളികള്‍, പ്രത്യേകിച്ച് നെറ്റി, തുമ്പി, ചെവികള്‍, താട എന്നിടങ്ങളില്‍ ഉണ്ടായിരിക്കും. ഇവ മനുഷ്യരുമായി എളുപ്പത്തില്‍ ഇണങ്ങുകയും ചെയ്യും. ഏഷ്യന്‍ ആനകളില്‍ തന്നെ തായ്ലന്റ്, ഇന്ത്യ, ശ്രീലങ്ക എന്നിവടങ്ങളിലെ ആനകളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ട്. ശ്രീലങ്കന്‍ ആനകള്‍ക്ക് ഇന്ത്യന്‍ ആനകളേക്കാള്‍ വലിപ്പം കൂടുതലാണ്. മറ്റൊരു പ്രത്യേകത ഇവയ്കിടയില്‍ പിടിയാനക്ക് മാത്രമല്ല ഭൂരിപക്ഷം കൊമ്പന്മാര്‍ക്കും കൊമ്പ് ഉണ്ടാകാറില്ല.

ഉത്തരേന്ത്യന്‍ ആനകളെന്നും ദക്ഷിണേന്ത്യന്‍ ആനകളെന്നും തരം തിരിവുണ്ട്. ബീഹാര്‍, ആസ്സാം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള “ഉത്തരേന്ത്യന്‍” ആനകള്‍ക്ക് ഉയരം കൂടുതല്‍ ആണ്. ഇവയുടെ തലയ്ക്ക് വലിപ്പം കുറവായിരിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാട്ടാനയായിരുന്ന കണ്ടമ്പുള്ളി ബാലനാരായണന്‍ ഉത്തരേന്ത്യയില്‍ നിന്നും കേരളത്തില്‍ എത്തിയതാണ്. ഉയരം കൂടുതലാണെങ്കിലും, സ്ഥൂല ശരീരികളും ആനയെ പറ്റിയുള്ള അഴകളവുകളുടെ മാനദണ്ഡങ്ങള്‍ വച്ച് നോക്കുമ്പോള്‍ തീരെ പുറകിലും ആയിരിക്കും ഇവ. എന്നാല്‍ ഉയരത്തിലും തലയെടുപ്പിലും ഒന്നാം സ്ഥാനക്കാരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും, കേരളത്തിലെ തന്നെ ഏറ്റവും ഭാരമുള്ള ആനയായ നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ഇതിനൊരു അപവാദമാണ്. ദക്ഷിണേന്ത്യന്‍ ആനകള്‍ക്കാണ് കൂടുതല്‍ ഭംഗി. കേരള കര്‍ണ്ണാടക തമിഴ്നാട് അതിര്‍ത്തിയില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന വനമേഖലയില്‍ ജീവിക്കുന്ന ആനകളാണ് പൊതുവില്‍ ദക്ഷിണേന്ത്യന്‍ ആനകള്‍ എന്ന് അറിയപ്പെടുന്നത്. കേരളത്തില്‍ തേക്കടി, വയനാട്, ചാലക്കുടി, അഗസ്ത്യകൂടം വനമേഖലകളിലാണ്‌ പൊതുവില്‍ ആനകളെ കൂടുതലായി കണ്ടുവരുന്നത്.

ആനകള്‍ ചെറിയ സമൂഹങ്ങളായിട്ടാണ് കാട്ടില്‍ വസിക്കുന്നത്. പുല്ല്, ഇലകള്‍, ഈറ്റ, മുള എന്നിവയാണ് പ്രധാന ഭക്ഷണം. ഏകദേശം പതിനാറു മണിക്കൂര്‍ വരെ ഇവ ഭക്ഷണം കഴിക്കുവാനായി വിനിയോഗിക്കുന്നു. വനത്തില്‍ ഓരൊ ആനക്കൂട്ടത്തിനും അവയുടേതായ സഞ്ചാര പഥങ്ങളും (ആനത്താര) “നിയമങ്ങളും” ഉണ്ട്. പിടിയാനകള്‍ക്കാണ് കൂട്ടത്തിന്റെ ചുമതല. കൌമാരദശയില്‍ കൊമ്പന്മാര്‍ ചിലപ്പോള്‍ വേറിട്ട് പോകാറുണ്ട്. എന്നാല്‍ അവയ്ക്ക് കൂട്ടവുമായി ശത്രുത ഉണ്ടാകില്ല. മറ്റു കാരണങ്ങളാല്‍ കൂട്ടത്തില്‍ നിന്നും വേര്‍പെടുന്നവര്‍ “പുറത്താക്കപ്പെടുന്നവര്‍” ഒറ്റയാന്മാര്‍ എന്നറിയപ്പെടുന്നു. ഇവര്‍ പൊതുവില്‍ അപകടകരി. കൂട്ടമായി കാട്ടില്‍ മേയുന്ന ആനകള്‍ പൊതുവില്‍ മനുഷ്യരെ ആക്രമിക്കുകയില്ല. എന്നാല്‍ ഒറ്റയാന്മാര്‍ മനുഷ്യരെ ആക്രമിക്കുവാന്‍ മടികാണിക്കില്ല. മറ്റാനകളില്‍ നിന്നും വ്യത്യസ്ഥമായി ഇവ കാടിനുള്ളില്‍ മനുഷ്യസഞ്ചാരമുള്ള മേഖലകളില്‍ കൂടുതല്‍ വിരാജിക്കുന്നതും വാഹനങ്ങള്‍ക്ക് പുറകെ ഓടിവരുന്നതും പലപ്പോഴും റിപ്പോര്‍ടു ചെയ്യപ്പെടാറുണ്ട്.

കൊമ്പന്‍, പിടി, മോഴ എന്നിങ്ങനെ ആനകളെ തരം തിരിക്കാം. കൊമ്പന്മാര്‍ക്കാണ് വലിപ്പവും അഴകും കൂടുതല്‍. കൊമ്പിന്റെ വലിപ്പം നീളം എന്നിവ ആനയുടെ അഴകിനെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്. വണ്ണം കുറഞ്ഞ് നീളമുള്ള കൊമ്പോടുകൂടിയ ആനകളെ ചുള്ളിക്കൊമ്പന്മാര്‍ എന്നും വിളിക്കാറുണ്ട്. ചെര്‍പ്ലശ്ശേരി പാര്‍ഥന്‍ എന്ന ആന ഈ വിഭാഗത്തില്‍പ്പെടുത്താവുന്ന ആനയാ‍ണ്.

കൊമ്പില്ലാത്ത ആണ്‍ ആനകളെയാണ് മോഴ എന്ന് പറയുക. കൊമ്പില്ലെങ്കിലും പൌരുഷത്തില്‍ ഒട്ടും കുറവില്ലാത്ത, ചിലപ്പോള്‍ അല്പം കൂടുതല്‍ ശൌര്യമുള്ള ഇവ പൊതുവില്‍ ആനക്കൂട്ടങ്ങളില്‍ നിന്നും വേറിട്ടാണ് ജീവിക്കുക, ഒറ്റനോട്ടത്തില്‍ ഇവയെ പെണ്ണാനയെന്നേ തോന്നൂ. ഒരു കാലത്ത് കേരള തമിഴ്നാട് കര്‍ണ്ണാടക വനമേഖലകളില്‍ ഇരുപതിലധികം ആളുകളെ വകവരുത്തിയ 'മുതുമല മൂര്‍ത്തിയെന്ന' ആന പ്രസിദ്ധനായ ഒരു മോഴയാനയാണ്. എന്നാല്‍ ഇന്നവന്‍ തമിഴ്നാട്ടിലെ മുതുമല ആനക്യാമ്പിലെ നല്ലൊരു താപ്പാനയാണ്. പെണ്ണാനകളെയാണ് പിടിയാന എന്ന് പറയുന്നത്. പൂര്‍ണ്ണമായും കൊമ്പില്ലാത്തതോ കൊമ്പിനു പകരം ചെറിയ തേറ്റകളൊ ഉള്ളവയാണ് പിടിയാനകള്‍. ആനക്കൂട്ടങ്ങളുടെ ചുമതല ഇവയ്ക്കായിരിക്കും. പിടിയാനകളെയാണ് ദക്ഷിണേന്ത്യന്‍ വനങ്ങളില്‍ കൂടുതലായി കണ്ടുവരുന്നത്. പതിനൊന്നു വയസ്സ് ആകുന്നതോടെ പിടിയാനകള്‍ക്ക് പ്രായപൂര്‍ത്തിയാകും. സാധാരണയായി ഇവ ഇണചേരുവാന്‍, പ്രായം കൂടിയതും (45-50 വയസ്സ്) കരുത്തന്മാരുമായ ആനകളെയാണ് ഇണകളായി തിരഞ്ഞെടുക്കുക. 22 മാസക്കാലം ആണ് ആനയുടെ ഗര്‍ഭകാലം. ഏകദേശം അഞ്ചുമിനിറ്റു മുതല്‍ അറുപത് മണിക്കൂര്‍ വരെ ആനപ്രസവം നീണ്ടു നില്‍ക്കും. പ്രസവാനന്തരം ആനക്കുട്ടി അര മണിക്കൂറിനുള്ളില്‍ എഴുന്നേറ്റ് നിന്ന് പാലുകുടിക്കുവാന്‍ തുടങ്ങും. (കേരളത്തില്‍ ഇത്തരത്തില്‍ പ്രസവിച്ച അവസാനത്തെ നാട്ടാന പുത്തന്‍ കുളം ലക്ഷ്മി ആണ്.) ഏകദേശം നാലു വര്‍ഷത്തോളം ആനക്കുട്ടികള്‍ പാലുകുടി തുടരും.

ഇതു കൂടാതെ കല്ലാന എന്നൊരു അത്യപൂര്‍വ്വ ഇനം ആന കൂടിയുണ്ട്. ഇത് ആനകള്‍ക്കിടയിലെ കുള്ളന്മാര്‍ (ബോണ്‍സയ്!!) ആണ്. കേരളത്തില്‍ അഗസ്ത്യകൂടം വനമേഘലയുടെ ഭാഗമായുള്ള പേപ്പാറ വനമേഖലയില്‍ അടുത്തിടെ ഇത്തരത്തില്‍ ഒരു കല്ലാനയെ കണ്ടതിന്റെ ചിത്രം മാധ്യമങ്ങളില്‍ വന്നിരുന്നു. കല്ലാനയെ തുമ്പിയാനയെന്നും പറയാറുണ്ട്. ഒരു കുഞ്ഞു ശില്പം പോലെ അനങ്ങാതെ കല്ലുപോലെ നില്‍ക്കുന്നതിനാല്‍ കല്ലാനയെന്നും മലകളും കുന്നുകളും അനായാസം കയറുന്നതിനാല്‍ അഥവാ “തുമ്പിയെ“ പോലെ സഞ്ചരിക്കുന്നതിനാല്‍ ഇവയെ തുമ്പിയാന എന്നും പറയുന്നത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരാനയുടെ എല്ലാ ലക്ഷണങ്ങളും ഉള്ള ഇവയ്ക്ക് ഒന്നര മീറ്ററില്‍ (അഞ്ചടി) കൂടുതല്‍ ഉയരം വരാറില്ല. അസാധാരണമാം വിധം ശരീരത്തില്‍ ചുളിവുകളും നീളം കൂടിയ രോമാവൃതമായ വാലും ഇവയുടെ പ്രത്യേകതയാണ്.


(തുടരും)

നൈലിന്റെ തീരങ്ങളിലൂടെ - ഭാഗം 10

Part - 1, Part - 2, Part - 3, Part - 4, Part - 5, Part - 6, Part - 7, Part - 6, Part - 8, Part - 9


സജി മാര്‍ക്കോസ് ( ബഹറിന്‍ )

നൂബി ഗ്രാമത്തിലേയ്ക്ക്

ജിപ്റ്റിലെ അസ്വാന്‍ ഹൈ ഡാം സന്ദര്‍ശിച്ചു തിരിച്ചു പോകുമ്പോഴാണ് ഞങ്ങളുടെ ഡ്രൈവറിനെ ശ്രദ്ധിച്ചത്. അന്നാട്ടില്‍ വളരെ അപൂര്‍‌വ്വമായി കാണുന്ന കറുത്ത വര്‍ഗ്ഗക്കാരനായിരുന്നു അദ്ദേഹം. നൂബി എന്ന പുരാതന (ആദിവാസി) വംശത്തില്‍ പെട്ടവരാണ് ഈജിപ്റ്റിലെ കറുത്ത വര്‍ഗ്ഗക്കാരെന്നും ആധുനിക ലോകത്തെ പുരോഗമനം കാര്യമായി കടന്നു ചെല്ലാത്ത നുബിയാന്‍ ഗ്രാമങ്ങളിലാണ് അവരുടെ താമസം എന്നുമുള്ള വിവരങ്ങള്‍ കൗതുകം ജനിപ്പിച്ചു. വ്യത്യസ്തമായ ആചാരങ്ങളും സംസ്കാരവും കാത്തു സൂക്ഷിക്കുന്ന നൂബികളുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ ഭാഷയാണ്. ലിപിയില്ലാത്ത സങ്കീര്‍ണ്ണമായ നുബിയാന്‍ ഭാഷ സാധാരണ അവര്‍ മറ്റാരേയും പഠിപ്പിക്കാറില്ല. അതുകൊണ്ട് ഈജിപ്റ്റിലെ യുദ്ധകാലത്ത് രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നതിനും, വയര്‍ലെസ്സ് സന്ദേശങ്ങള്‍ അയക്കുന്നതിനും നുബിയാന്‍ ഭാഷ ഉപയോഗിച്ചിരുന്നുവത്രേ. നുബിയാന്‍ ഗ്രാമം സന്ദശിക്കണന്നു തോന്നാന്‍ ഈ കാരണങ്ങളൊക്കെതന്നെ ധാരാളമായിരുന്നു.

ഞങ്ങളുടെ ഈജിപ്റ്റ് സന്ദര്‍ശനത്തിലെ അടുത്ത പ്രോഗ്രാം ആയ അസ്വാനില്‍ നിന്നും ലുക്സറിലേക്കുള്ള നൈല്‍ ക്രൂസ് ഷിപ്പ് അടുത്ത ദിവസം ഉച്ച തിരിഞ്ഞ് ആണ് പുറപ്പെടുന്നത്. ആ സമയത്തിനുള്ളില്‍ ഡ്രൈവര്‍ അയ്മന്റെ ഗ്രാമവും വീടും സന്ദശിക്കുവാനുള്ള ഞങ്ങളുടെ ആഗ്രഹം അദ്ദേഹം സന്തോഷപൂര്‍‌വ്വം സ്വീകരിച്ചു. ഏതാണ്ട് ഒന്നരമണിക്കൂര്‍ നൈല്‍ നദിയിലൂടെ ബോട്ടില്‍ സഞ്ചരിച്ചാല്‍ നൂബി ഗ്രാമത്തില്‍ എത്താമെന്നും നാളത്തെ ഉച്ച ഭക്ഷണം നൂബി ശൈലിയില്‍ വീട്ടില്‍ നിന്നും ആകാം എന്നും അയ്മന്‍ പറഞ്ഞപ്പോള്‍‍ ഏറെ സന്തോഷമായി. എങ്കിലും ഈ ഇരുണ്ട ഭൂഘണ്ഡത്തില്‍, അറിയുന്ന ആരോരുമില്ലാത്ത നാട്ടില്‍, ഭാഷ അറിയാത്ത ഒരു കുഗ്രാമത്തില്‍ കുടുംബമായി ചെന്നുപ്പെടുന്നതില്‍ അല്പം പന്തികേട് ഉണ്ടെന്നു പിന്നീട് തോന്നാതിരുന്നില്ല. എങ്കിലും പാശ്ചാത്യര്‍ നൂബി സംസ്ക്കാരം പഠിക്കാന്‍ ഇത്തരം ഗ്രാമങ്ങളില്‍ പോകാറുണ്ടെന്നും പൊതുവേ സാധുക്കളും സത്യസന്ധരുമായ നൂബികളെ സംശയിക്കേണ്ടതില്ലെന്നും അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു. എന്തായാലും പുറപ്പെടുക തന്നെ.

അതിരാവിലെ അയ്മന്‍ കൂട്ടുകാരന്റെ ചെറിയ ബോട്ടുമായി എത്തി. വിനോദ സഞ്ചാരികള്‍ക്കു വേണ്ടിയുള്ള ബോട്ട് ആയിരുന്നതുകൊണ്ട് പ്രകൃതി ഭംഗി ആസ്വദിക്കുവാന്‍ മുകള്‍ തട്ടില്‍ കസേരകള്‍ ക്രമീകരിച്ചിരുന്നു. ഞങ്ങള്‍ യാത്ര തിരിച്ചു.

പ്രഭാതത്തിലെ നൈല്‍ നദിയുടെ ദൃശ്യം അതിമനോഹരമായിരുന്നു. നിശ്ചലമായ ജലപ്പരപ്പില്‍ വിനോദ സഞ്ചാരികളുമായി പായ് വഞ്ചികള്‍ ഒഴുകി നടക്കുന്നു. മോട്ടോറിന്റെ ശബ്ദകോലാഹലമില്ലാതെ സ്വച്ഛമായ ജലപ്പരപ്പിലൂടെ ഒഴുകി നടക്കുന്ന ഫുലൂക്ക എന്ന പായ്‌വഞ്ചികളാണ് പൊതുവെ സഞ്ചാരികള്‍ ഉപയോഗിക്കുന്നത്. ഇരു കരകളിലും നദിയോട് ചേര്‍ന്നു മരങ്ങളും പച്ചപ്പും ഉണ്ടെങ്കിലും, പിന്നില്‍ കണ്ണെത്താത്ത ദൂരത്തില്‍ മണലാരുണ്യം. അതിന്റെ മദ്ധ്യത്തില്‍ മണല്‍ കൂനകള്‍ പോലെ ചെറിയ കുന്നുകള്‍. നടുവിലൂടെ ശാന്തമായി ഒഴുകുന്ന നൈല്‍.


അങ്ങു ദൂരെ ഒട്ടകങ്ങളുമായി ഒരു കൂട്ടം ഗ്രാമീണര്‍. എങ്ങോട്ടോ ഉള്ള യാത്രയില്‍ വഴിമധ്യേ വിശ്രമിക്കുവാനും ഒട്ടകത്തിനു വെള്ളം കൊടുക്കുവാനുമായി നദി കരയില്‍ തമ്പടിച്ചതായിരിക്കണം


അല്പം കൂടി യാത്ര ചെയ്തപ്പോള്‍ ഒരു ഗ്രാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. നൂബിക്കുട്ടികള്‍ പ്രാകൃതമായ ചെറിയ കളിയോടത്തില്‍ നദിയിലൂടെ തുഴഞ്ഞു നടക്കുന്നു.


ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നൈലിന്റെ വീതി കുറഞ്ഞ ഒരു ചെറിയ കൈവഴിയിലേക്കു ഞങ്ങള്‍ കടന്നു. മുന്‍പോട്ടു പോകുന്തോറും നദിയിടെ വീതി കുറഞ്ഞു കഷ്ടിച്ച് ഒരു ചെറിയ ബോട്ടിനു മാത്രം പോകാവുന്ന വിധത്തില്‍ ഇടുങ്ങിയതായിരുന്നു.


ഭാഷ അറിയില്ലാത്ത ഒരു കുഗ്രാമത്തിലേക്കു അപരിചിതരുടെ കൂടെയുള്ള യാത്ര. അല്പാല്പമായി ഭയം തോന്നിത്തുടങ്ങി. എന്നാല്‍ തിരിച്ചു പോകാന്‍ മനസ് വരുന്നതും ഇല്ല.

ഏതാണ്ട് ഒന്നരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴേയ്ക്കും ഞങ്ങള്‍ അയ്മന്റെ വീട് സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ എത്തി. ബോട്ടില്‍ നിന്നും ഇറങ്ങി, ഒരു ചെറിയ കുന്ന് നടന്നുകയറി. ടാറിടാത്തെ റോഡിന് ഇരുവശവും ഒറ്റനില മണ്‍‌വീടുകള്‍. റോഡില്‍ മെലിഞ്ഞ വൃത്തിയില്ലാത്ത ഒട്ടകങ്ങള്‍ കിടക്കുന്നു. വൈദ്യുതി അല്ലാതെ മറ്റു സൌകര്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തം. മറ്റ് ഗ്രാമങ്ങളുമായി കാര്യമായ വ്യാപാര ബന്ധങ്ങളില്ലാത്തതുകൊണ്ട് റോഡുകളുടെ ആവശ്യം ഇല്ല. ഉപജീവനത്തിനുള്ള വക നൈല്‍ നദിയില്‍ നിന്നു ലഭിക്കും. എന്നാല്‍ അടുത്ത കാലത്ത് പലരും ജോലി തേടി കെയിറോയിലും അലക്സാന്‍ഡ്രിയായിലും പോകാറുണ്ടത്രേ.


രണ്ടു ചെറിയ കെട്ടിടകളുടെ ഇടയിലൂടെ അയ്മന്‍ ഞങ്ങളെ വീട്ടിനകത്തേയ്ക്കു നയിച്ചു. കടും നിറത്തിലുള്ള ചായം തേച്ച ഭിത്തികള്‍.


ഞങ്ങള്‍ അകത്തു കയറി. ഇടതു വശത്ത് വലിയ ഹാള്‍. അറബികളുടെ വീടിനു സമാനമായി ചുമരിനോടു ചേര്‍ന്ന് ഹാളിനു ചുറ്റും ഇരിപ്പിടങ്ങള്‍ കൃമീകരിച്ചിരിക്കുന്നു. ചൂരല്‍ പോലെയുള്ള എന്തോ ചെടിയുടെ തണ്ടുകൊണ്ട് ഉണ്ടാക്കിയ കസേരകളും നടുക്ക് ഒരു ടീപ്പോയും.


ഹാളിന്റെ മേല്‍കൂരയില്‍ നൈല്‍ നദിയുടെ ചതുപ്പില്‍ വളരുന്ന ഒരു തരം ഞാങ്ങണയുടെ തണ്ട് നിരത്തിയിട്ടിരിക്കുന്നു. അതിനിടയിലൂടെ സൂര്യപ്രകാരം സ്വീകരണമുറിയിലെ ചരള്‍ വിരിച്ച തറയില്‍ വീഴുന്നു.

അയ്മന്റെ ഭാര്യ പെട്ടെന്നു അടുക്കളയില്‍ നിന്നും ഓടിവന്നു. ഒരു നല്ല കുടുംബിനിയേപോലെ ഹാളിന്റെ വശത്തെ ബഡ് റൂമില്‍ ചിതറിക്കിടന്ന തുണികള്‍ അടുക്കി വച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും നേരത്തെ ചെന്നതുപോലെ തോന്നുന്നു.


എല്ലാം കഴിഞ്ഞു വളരെ വൈമുഖ്യത്തോടെ സുനിയുടെ അടുക്കലേക്കു ചെന്നു. ഏതോ ഉപഗ്രഹ ജീവികളെയെന്നപോലെ ഐമന്റെ ഭാര്യ ഞങ്ങളെ നോക്കി. ഭാഷ പരസ്പരം മനസിലാകുന്നില്ല എങ്കിലും പകുതി ആംഗ്യമായി പറഞ്ഞു കൊണ്ട്, രണ്ടു പേരും അടുക്കളയിലേയ്ക്കു നടന്നു.

രണ്ടു കിടക്ക മുറികളാണ് ഉണ്ടായിരുന്നത്. അയ്മന്‍ ഞങ്ങളെ മുറിക്കുള്ളിലേക്കു ക്ഷണിച്ചു. ചുമര്‍ പണിതിരിക്കുന്ന ഇഷ്ടികകള്‍ ചരിച്ചു പണിത് കമാന ആകൃതിയില്‍ തമ്മില്‍ കൂട്ടി യോചിപ്പിച്ച മേല്‍ക്കൂരയായിരുന്നു മുറിയുടേത്. പകുതി മുറിച്ച കോഴിമുട്ടയുടെ ആകൃതിയായിരുന്നു മുറിയുടെ ഉള്‍വശത്തിന്. ചുവരില്‍ വളരെ ചെറിയ ജനാലകള്‍. ജനാല തുറന്നാല്‍, താഴെ നൈല്‍ നദി ഒഴുകുന്നതു കാണാം. രാത്രിയില്‍ നദിയില്‍ നിന്നെത്തുന്ന കുളിര്‍കാറ്റ് ഏതു ചൂടു കാലാവസ്ഥയിലും ലഭിക്കുമെന്നു അയ്മന്‍ പറഞ്ഞു.

ഈജിപ്റ്റിലെ വടക്കു ഭാഗത്തെ നൈല്‍ നദിയുടെ കരയിലും സുഡാന്റെ തെക്കു ഭാഗത്തും നൂബി ഗ്രാമങ്ങള്‍ ഉണ്ട്. നൂബികള്‍ ഭൂമുഖത്തെ ഏറ്റവും ആദ്യത്തെ മനുഷ്യവംശമായി കരുതപ്പെടുന്നു. ബൈബിളില്‍ കൂശ് (ഉല്‍പ്പത്തി പുസ്തകത്തില്‍ ഏദന്‍ തോട്ടത്തിലെ നദികളേപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ എഴുതിയിരിക്കുന്ന കൂശ് അല്ല) എന്ന പേരില്‍ വിളിക്കുന്നത് നൂബി ഗ്രാമങ്ങളെയാണ്. പക്ഷേ, കൂശിന്റെ പേര് എത്യോപ്യ എന്നാണ് പല ബൈബിള്‍ വിവര്‍ത്തനങ്ങളിലും കാണുന്നത്.ഒന്നാം നൂടാണ്ടില്‍ ക്രിസ്തു ശിഷ്യനായിരുന്ന ഫീലിപ്പോസ് വഴി, കൂശ് രാജ്ഞിയുടെ ധനകാര്യ മന്ത്രി ക്രിസ്ത്യാനിത്വം സ്വീകരിച്ചതായി ബൈബിള്‍ പറയുന്നു. (പ്രവര്‍ത്തികള്‍ 8:27). ഇസ്ലാമിന്റെ വരവുവരെ നൂബികള്‍ ക്രൈസ്തവര്‍ ആയിരുന്നതായി ചരിത്രം പറയുന്നു.

സ്വര്‍ണ്ണ ഘനികള്‍ നിറഞ്ഞ നൂബി ഗ്രാമങ്ങള്‍ക്ക് അതി സമ്പന്നമായ ഒരു ഭൂതകാലം ഉണ്ടായിരുന്നുവെങ്കിലും ഒത്തിരി പീഡനങ്ങളും അവഗണനയും സഹിച്ച ആദി മനുഷ്യ വംശത്തില്‍‍പ്പെട്ടവരാണ് നൂബികള്‍. അസ്വാന്‍ ഹൈ ഡാമിന്റെ പണി പൂര്‍ത്തിയായപ്പോള്‍, ഈജിപ്റ്റിലെ നൂബി ഗ്രാമങ്ങള്‍ മിക്കതും വെള്ളത്തിനടിയില്‍ ആകുകയും, നിസ്സഹായരായ നൂബികള്‍ നൈലിന്റെ മറ്റു കരകളിലേയ്ക്ക് പറിച്ചു നടപ്പെടുകയും ചെയ്തു. അത്തരം ഒരു ഗ്രാമത്തിലാണ് ഞങ്ങള്‍ ചെന്നിരിക്കുന്നത്.

അയ്മന്റെ ഭാര്യ ഞങ്ങള്‍ക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുന്ന തിരക്കില്‍ ആയിരുന്നു. സ്വീകരണമുറിയുടെ പുറത്തെ ചുവരിനോട് ചേര്‍ന്ന് മുകളിലേയ്ക്കു കയറിപ്പോകുവാന്‍ നടകള്‍ കെട്ടിയിരുന്നു.


ഞങ്ങള്‍ മുകളില്‍ കയറിയപ്പോള്‍ അവിടെ പഴയ രണ്ടു കസേരകള്‍ ഇട്ടിരിക്കുന്നു. രാത്രിയില്‍ കുളില്‍ കാറ്റും കൊണ്ട് ഇരിക്കുവാന്‍ ഇതു നല്ല സ്ഥലമാണെന്ന് ഐമന്‍ പറഞ്ഞു. നിലാവുള്ള ദിവസമാണെങ്കില്‍ നൈലില്‍ പ്രതി ബിംബിക്കുന്ന ചന്ദ്രനേയും കാണാം. മാത്രമല്ല ഗ്രാമത്തെ മുഴുവനും അവിടെ നിന്നാല്‍ കാണാം. അടുപ്പിച്ച് പണിതിരിക്കുന്ന കൊച്ചു വീടുകള്‍.

ഞങ്ങള്‍ താഴെ ഇറങ്ങി. എഡ്വിന്‍ ചുവരിലെ ചിത്രങ്ങള്‍ കണ്ടു നടക്കുക്കയായിരുന്നു, പെട്ടെന്ന്,

“ദേ പപ്പ ക്രോക്കോഡൈല്‍”- എഡ്വിന്‍ വിളിച്ചു പറഞ്ഞു.

സ്വീകരണ മുറിയുടെ മദ്ധ്യത്തില്‍ ചുവരിനോടു ചേര്‍ന്നു ഇഷ്ടികകൊണ്ട് അരയ്ക്കൊപ്പം ഉയരത്തില്‍ ഒരു കൂടു പോലെ എന്തോ പണിത് വച്ചിരിക്കുന്നു. അത് ഇതുവരേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.


അല്പം ഭയത്തോടെ ഓടിച്ചെന്നപ്പോള്‍, രണ്ടു മുതലകള്‍! കൂടിന്റെ മുകളില്‍ ‍ഞാങ്ങണ കമ്പുകള്‍ ഒരു വല പോലെ കെട്ടിവച്ചിരിക്കുന്നു. തൊട്ടാല്‍ ഒടിഞ്ഞുപോകുന്ന ആ ഗ്രില്ലിന്റെ മൂടിയുള്ള കൂട്ടില്‍ കിടക്കുന്ന മുതലകള്‍ ഞങ്ങളെകണ്ട് മുകളിലേയ്ക്കു നോക്കി അനങ്ങാതെയിരിക്കുന്നു. ഒരു വശത്ത് ഒരു പഴയ പാത്രത്തില്‍ കുറ വെള്ളം, കൊത്തിനുറുക്കിയ പച്ച മീന്‍ കഷണങ്ങല്‍ തറയില്‍ കിടക്കുന്നു. ആകെ വൃത്തിഹീനമായ ചുറ്റുപാടുകള്‍!


ഐമന്‍ ചിരിച്ചുകൊണ്ട് കൂടിനടുത്തേയ്ക്കു വന്നു.

"ലേശ് ഹോഫ്" എന്തിന് ഭയക്കുന്നു?.

നൂബികള്‍ മറ്റുള്ളവരുമായി സംസാരിക്കുന്നത് അറബിയില്‍ ആയിരുന്നുവെങ്കിലും മദ്ധ്യ-പൂര്‍വ്വ ദേശങ്ങളിലെ ഭാഷയുമായി വളരെയേറെ വ്യത്യാസം ഉണ്ടായിരുന്നു. എഡ്വിന്റെ ഭയം മാറിയിരുന്നില്ല.

നമ്മള്‍ നായെ വളര്‍ത്തുന്നതുപോലെ എല്ലാ നൂബി വീടുകളിലും മുതലയെ വളര്‍ത്താറുണ്ടത്രെ! വളരെ ചെറിയ കുഞ്ഞുങ്ങളെ നൈലില്‍ നിന്നും പിടിച്ച് കൂടുകളില്‍ വളര്‍ത്തുന്നു. സന്ദര്‍ശനമുറി രൂപകല്പന ചെയ്യുമ്പോള്‍ തന്നെ ഒരു മുതലകൂടും അതില്‍ ഉള്‍പ്പെടുത്താറുണ്ട് എന്ന് ഐമന്‍ പറഞ്ഞത് കൌതുകമുണര്‍ത്തി.

ഏഷ്യയിലെ ഏറ്റവും വലിയ മുതല വളര്‍ത്തല്‍ കേന്ദ്രം അമരാവതിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്.മൂന്നാറില്‍ നിന്നും മറയൂര്‍ വഴി ഉദുമല്‍പ്പേട്ടിനു പോകുന്ന വഴി, തമിഴ്നാട് അതിര്‍ത്തി കടന്നാല്‍ ആദ്യത്തെ കൊച്ചു പട്ടണമാണ് അമരാവതി. ഒരു വലിയ ഡാമും അതിന്റെ ജലാശയവും ഉള്ളതുകൊണ്ടാവും അവിടം മുതല വളര്‍ത്തല്‍ കേന്ദ്രമായി തിരഞ്ഞെടുത്തത്. കെട്ടുപിണഞ്ഞ് കിടക്കുന്ന അനവധി കൂറ്റന്‍ മുതലകളെ കണ്ടാല്‍ ആരും ഭയപ്പെട്ടു പോകും. ഉണ്ടകണ്ണുകള്‍ മാത്രം വെള്ളത്തിനു മുകളില്‍ വച്ച് പാത്തു പതുങ്ങുക്കിടക്കുന്ന മുതലകള്‍ ഭീകര ജീവികള്‍ തന്നെ. എങ്കിലും കരയില്‍ അവയെ ഭയപ്പെടെണ്ടതില്ല എന്ന് അവരാവതിയിലെ ജീവനക്കാര്‍ പറഞ്ഞത് ഒരു പുതിയ അറിവായിരുന്നു. വെള്ളത്തില്‍ വച്ച് മുതലയില്‍ നിന്നു നീന്തി രക്ഷപ്പെടാന്‍ കഴിയില്ലെങ്കിലും കരയില്‍ കയറിയാല്‍ മനുഷ്യന്‍ നടക്കുന്ന വേഗതയില്‍പ്പോലും അതിനു സഞ്ചരിക്കാന്‍ കഴിയില്ലത്രേ!

എങ്കിലും കുഞ്ഞുകുട്ടികളും മറ്റും ഉള്ള വീട്ടില്‍ അപകടകാരികളായ മുതലയെ വളര്‍ത്തുന്നതിന്റെ സാംഗത്യം ഞങ്ങള്‍ക്കു മനസിലായില്ല.

ഭക്ഷണം തയാറായിരിക്കുന്നു എന്ന് ഐമന്റെ ഭാര്യ അറിയിച്ചു. നൂബി ഭാഷ അല്ലാതെ അവര്‍ക്ക് അറബി അറിയില്ല.
വലിയ ഒരു പാത്രത്തില്‍ കുറെ ആഹാര പദാര്‍ത്ഥങ്ങള്‍ എത്തി. ഞങ്ങള്‍ എല്ലാവരും അതിന്റെ ചുറ്റും ഇരുന്നു. ഗള്‍ഫില്‍ വന്ന കാലം മുതലേ എന്റെ ഇഷ്ട ഭക്ഷണമായ താമിയ (ഫലാഫില്‍) പാത്രത്തില്‍ വച്ചിരിക്കുന്നു. അറബികള്‍ സസ്യാഹാരികളല്ലെങ്കിലും താമിയ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത് ഒരു യഥാര്‍ത്ഥ നൂബി ഭക്ഷണമാണ് എന്ന് പറഞ്ഞത് അല്‍ഭുതമുണര്‍ത്തി. താമിയ ഉണ്ടാക്കുന്ന ഏതോ ഒരു ധാന്യത്തിന്റെ പേര്‍ അവര്‍ പറഞ്ഞെങ്കിലും, പക്ഷേ അതു മനസിലായില്ല.


സൂപ്പ് പോലെ എന്തോ കുടിക്കാന്‍ തന്നു. വൃത്തിയുള്ള ആഹാരമായിരുന്നെങ്കിലും മുതല കിടക്കുന്ന അതേ മുറിയില്‍ തന്നെയിരിക്കുന്നതുകൊണ്ടാവാം, കുടിക്കുവാനും കഴിക്കുവാനും തോന്നിയില്ല. കനലില്‍ ചുട്ടെടുത്ത റൊട്ടിയും എന്തോ പയര്‍ കൊണ്ട് ഉണ്ടാക്കിയ കറിയും അല്പം കഴിച്ചു ഞങ്ങള്‍ മതിയാക്കി.


ആഹാരത്തിന് ശേഷം അറിയാവുന്ന ഭാഷയില്‍ അല്പനേരം കൂടി കുശലം പറഞ്ഞ് അവിടെയിരുന്നു. യാത്ര തിരിക്കുന്നതിനു മുന്‍പു നാന ഇലയിട്ടു തിളപ്പിച്ച് സുലൈമാനി തന്നു സത്ക്കരിക്കുവാന്‍ അവര്‍ മറന്നില്ല. ഏറ്റവും പുരാതന മനുഷ്യ വംശമെന്നു ചരിത്രകാരന്മാര്‍ കരുതുന്ന നുബിയാന്‍ ഇന്നു വികസനത്തിന്റെ ഇരകളാണ്. തമുറകളായി പാര്‍ത്തിരുന്ന ഗ്രാമവും സംസ്കാരവും കൈവിട്ടു പോകുന്നുവെങ്കിലും രണ്ടു കാര്യങ്ങളാണ് നൂബികള്‍ക്ക് ഇന്നും സ്വന്തമായി അവശേഷിക്കുന്നത്. മറ്റാര്‍ക്കും അധിനിവേശം നടത്താന്‍ അനുവദിക്കാത്ത അത്യന്തം ദുര്‍ഗ്രഹമായ നുബിയാന്‍ ഭാഷയും, ഏതു വറുതിയിലും അന്നം തരുന്ന നൈലിന്റെ സംരക്ഷണവും.

തിരിച്ചു പോകേണ്ടസമയം ആയി. ഇനിയും താമസിച്ചാല്‍ ഞങ്ങളെ കൂടാതെ നൈല്‍ ക്രൂസ് അസ്വാനില്‍ നിന്നും ലുക്സറിലേയ്ക്കു യാത്ര തിരിക്കും. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ഐമന്റെ ഭാര്യ അറിയാത്ത നാട്ടില്‍ നിന്നും വന്ന വിരുന്നുകാരെ യാത്രയാക്കാന്‍ വഴിയില്‍ വരെ ഞങ്ങളൊടൊപ്പം വന്നു.


തിരികെ യാത്ര ചെയ്യുമ്പോഴാണ് എത്ര ഇടുങ്ങിയ പുഴയിലൂടെയാണ് ഞങ്ങള്‍ അവിടെ വരെ എത്തിയത് എന്നു ശ്രദ്ധിച്ചത്. മടക്ക യാത്രയില്‍ എല്ലാവരും മൌനമായിരുന്നു. പരിഷ്കാരികളല്ലെങ്കിലും അവരുടെ ആതിഥ്യ മര്യാദ ഞങ്ങളുടെ മനസില്‍ നല്ല ഒരോര്‍മ്മയായി അവശേഷിച്ചു.

Popular Posts