
സപ്ന അനു. ബി. ജോര്‍ജ്
ക്ഷമയുടെ പ്രതീകം, അനുകമ്പയുടെ തീര്‍ത്ഥം, സ്നേഹത്തിന്റെ പാരാവാരം..... എഴുതിത്തീരാത്ത വിഷയം. ആര്‍ക്കും പൂര്‍ണ്ണ അര്‍ത്ഥം മനസ്സിലാക്കാന്‍ ഇടം കൊടുത്തിട്ടില്ലാത്ത, ആരും തന്നെ നിര്‍വ്വചനം എഴുതിച്ചേര്‍ത്തിട്ടില്ലാത്ത സ്നേഹപര്വ്വം, അമ്മ.
എന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന, ജീവിതത്തില്‍ ശക്തമായി സ്വാധീനിച്ചിരുന്ന, ഒപ്പം ഒരു സുഹൃത്തിന്റെ സ്നേഹത്തോടെ എന്നും എന്നെ മനസ്സിലാക്കിയിരുന്ന, എന്നും എപ്പോഴും എനിക്ക് അഭയമായിരുന്ന എന്റെ അമ്മ. ജീവിതത്തിന്റെ ഓര്‍മ്മകളുടെ ഇടയില്‍ എഴുതിരിയിട്ട നിലവിളക്ക് പോലെ നിറഞ്ഞു കത്തുന്ന മുഖം. ഏതൊരു പ്രശ്നങ്ങളുടെ ഇടയിലും മനസ്സില്‍ ഓര്‍ക്കുമ്പോള്‍ത്തന്നെ എല്ലാറ്റിനും പരിഹാരങ്ങളും ഉത്തരങ്ങളും ക്ഷാമമില്ലാതെ പ്രവഹിക്കുന്നു. എന്റെ ചോദ്യങ്ങള്‍ തീരുന്നതിനു മുന്‍പ്, മറുചോദ്യങ്ങള്‍ എത്തുന്നു. അവയിലൂടെ എന്റെ ഉത്തരങ്ങളിലേക്ക് എന്നെത്തന്നെ എത്തിക്കുന്നു. ആ ഉത്തരങ്ങള്‍ എന്റെ മനസ്സില്‍ നിന്നു വരുന്നതായതുകൊണ്ട് ഞാനുമായി പൂര്‍ണ്ണമായി പൊരുത്തപ്പെടുന്നു.

നമ്മുടെ ജീവിതത്തിലെ പല ഏടുകളും എടുത്തു നോക്കുമ്പോള്‍ ജീവിതത്തിന്റെ പ്രത്യക്ഷമായ ഒരു വലിയ ഭാഗം അമ്മയോട് ചേര്‍ന്നിരിക്കുന്നു. കുടുംബനാഥന് എന്ന അച്ഛന്റെ പ്രതിച്ഛായ ഒരു കരുതല്‍ എന്നിരുന്നാലും, എല്ലാ തീരുമാനങ്ങള്‍ക്കും ഒടുവില്‍ ഒരു ചിരി, മുഖഭാവം, മൂളല്‍ എന്നിവയാല്‍ അവസാന സമ്മതം എന്നും അമ്മയില്‍ നിന്നു തന്നെയാണ് വരുന്നത്. എങ്കിലും, അതീവ ശ്രദ്ധയോടുകൂടി ജാഗ്രതയോടുംകൂടി എല്ലാ തീരുമാനങ്ങളും അച്ഛന് ഏടുത്തു എന്നു തന്നെയാണ് അമ്മയുടെ പെരുമാറ്റത്തില്‍ സ്ഥിരീകരിക്കപ്പെടുന്നത്. അമ്മയുടെ ശരീരത്തിന്റെ - മനസ്സിന്റെ ഭാഗമായ സ്വന്തം മക്കളുടെ, കഴിവും പരിമിതികളും എത്രടം വരെ ചെന്നെത്തും എന്ന് അവരോളം മനസ്സിലാക്കാന്‍ അമ്മക്ക് കഴിയുന്നു.
'സ്വന്തം, സ്വാര്‍ഥത' എന്നീ രണ്ടുവാക്കുകള്‍ ജീവിതത്തില്‍ നിന്നും മനസ്സില്‍ നിന്നും പ്രവര്‍ത്തിയില്‍ നിന്നും എടുത്തു കളഞ്ഞ എന്റെ അമ്മ. പുതിയ ഉടുപ്പും ബുക്കും വെള്ള നിറത്തിലുള്ള റിബണും പച്ച പിനോഫോം യൂണിഫോമുവായി ഞാന്‍ സ്കൂളിന്റെ പടിവാതിലുകള്‍ അമ്മയുടെ കൈ പിടിച്ചു കയറി ചെന്നത്. സ്കൂള്‍ റ്റീച്ചര്‍ കൂടിയായ അമ്മയുടെ പിച്ചും, നുള്ളും എന്റെ സ്കൂള്‍ ജീവിതവും പഠനവും ഏറെ ലളിതമാക്കി. കൂട്ടുകാരും ദിവസങ്ങളും ഓടി മറഞ്ഞുകൊണ്ടേയിരുന്നു. വളര്‍ന്നു വരുന്ന എന്നെ, സ്ത്രീത്വത്തിന്റെ കൈപിടിച്ചുയര്‍ത്തുമ്പോള്‍, അമ്മയുടെ തലോടലിന്റെ ചെറുചൂടില്‍ - കരുതലില്‍ ഞാന്‍ എന്റെ പരിഭ്രാന്തികള്‍ മറന്നു.
കൂട്ടുകാരും, സുഹൃത്തുക്കളും എല്ലാം ഒത്തിണങ്ങിയ എന്റെ കോളേജ് ജീവിതത്തില്‍ ഒന്നിനും തന്നെ എനിക്കു അമ്മ തടസ്സം നിന്നില്ല. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. അത്, എവിടെ എപ്പോ എങ്ങിനെ എന്നു പറഞ്ഞുതന്നു. മനസ്സിന്റെ വിലക്കുകള്‍ തീരുമാനിക്കാനുള്ള പരിധിയും ഉപദേശിച്ചു തന്നു. തീരുമാനം സ്വന്തമായിരിക്കും, അതു തീരുമാനിക്കാനുള്ള മനസിന്റെ പക്വത എന്റെ അമ്മ എന്നെ പഠിപ്പിച്ചു. എന്റെ ആദ്യാനുരാഗങ്ങള്‍ അമ്മയുടെ ചൂരലിന്റെ ചൂടറിഞ്ഞു. എന്നാല്‍ ജീവിതത്തിന്റെ അര്‍ത്ഥം കോര്‍ത്തിണക്കപ്പെടേണ്ട മുഖത്തിനു നേരെ അമ്മ പുഞ്ചിരിച്ചു. ധൈര്യം വാരിക്കോരിത്തന്ന ആ മുഖത്തെ ചിരി എനിക്ക് അച്ഛന്റെ മുന്നില്‍ അവതരിപ്പിച്ചനുവാദം വാങ്ങാനുള്ള ധൈര്യം തന്നു.
വീട്, വീട്ടുകാര്‍, സ്വന്തം, ബന്ധം ഇവക്കെല്ലാം അര്‍ത്ഥങ്ങള്‍..... മറ്റാരേക്കാളും, ജീവിതത്തില്‍ ഇവയുടെയൊക്കെ ആവശ്യകത മനസ്സിലാക്കിത്തന്നു. വാക്കുകളെക്കാളേറെ പെരുമാറ്റത്തിലൂടെ ബന്ധങ്ങളുടെ കെട്ടുറപ്പുകള്‍ അമ്മയെന്നെ പഠിപ്പിച്ചു. സ്വയം ക്ഷമയുടെ പാരാവാരമായി മാറുന്ന അമ്മ. ഇല്ലാതെ ജീവിക്കാന്‍, എല്ലാം പൊട്ടിച്ചെറിയാന്‍ എല്ലാവര്ക്കും സാധിക്കും.
എന്നാല്‍ എല്ലാ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ എല്ലാവര്ക്കും സാധിക്കില്ല ' .ഞാന്‍ ഇന്നു ചെയ്യുന്ന കാര്യങ്ങള്‍ നീ നിന്റെ കുട്ടികള്‍ക്കു പറഞ്ഞു കൊടുക്കുമ്പോള്‍, ഇന്ന് അമ്മ പറയുന്നത് അന്നു നീ മനസ്സിലാക്കും". ശരിയാണ്, വയ്കിപ്പോയെങ്കിലും ഇന്ന് എന്റെ 3 മക്കള്‍ക്ക് ഞാനൊരമ്മയായപ്പോള്‍ എന്റെ അമ്മയുടെ ക്ഷമയും എന്റെ അക്ഷമയും ഞാന്‍ മനസ്സിലാക്കുന്നു. ഒടുക്കം, എന്റെ തീരുമാനങ്ങളെയും സ്നേഹത്തെയും മറികടന്ന്, എന്റെ അമ്മ 2002 ല്‍,ക്യാന്‍സറിന്റെ പിടിയില്‍ എന്നെ വിട്ടു പിരിഞ്ഞു. ആരുടെയും സ്വാന്തനങ്ങള്‍ എന്റെ മനസ്സില്‍ നിറഞ്ഞില്ല. ഒരിക്കലും തിരുച്ചു കിട്ടാത്ത എന്റെ അമ്മയുടെ സ്നേഹത്തിനായി ഞാനിന്നും കാത്തിരിക്കുന്നു.
ഒരായുസ്സുമുഴുവന്‍ മനസ്സറിഞ്ഞു സ്നേഹം നല്‍കിയിട്ടും തെരുവില്‍ ഇറക്കിവിടപ്പെടുന്ന - വൃദ്ധ സദനങ്ങളില്‍ തളയ്ക്കപ്പെടുന്ന അമ്മമാരുടെ കഥകള്‍ നമുക്ക് മുന്നില്‍ നിറയുന്ന ഈ ആസുര കാലത്തും, ഈ മാതൃ ദിനത്തില്‍, മനസ്സില്‍ സ്നേഹം നിറച്ചു മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന എല്ലാ അമ്മ മാര്‍ക്കും മക്കളുടെ സ്നേഹവും മനസമാധാനവും ശാന്തിയും ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
അമ്മ - അര്‍ത്ഥം പറയാന്‍ ആവില്ല അതൊരു അനുഭവമാണ് .എന്റെ അമ്മ ഒരു ഉരുക്കുകോട്ട ആണെനിക്ക് എന്തു വന്നാലും കുലുങ്ങാതെ കാലിടറാതെ സ്വന്തം അഭിപ്രായത്തില്‍ ഉറച്ച് നില്ക്കാന് പഠിപ്പിച്ചത് അമ്മയാണ്. കേള്ക്കുന്നതിനെല്ലാം ഉത്തരം പറയണ്ട .പറയണം എന്ന് പത്തു തവണ തോന്നിയാല്‍ അതൊരു മൂളലില്‍ ഒതുക്കും... മക്കളെ തന്റേടവും ആത്മാഭിമാനവും ഉള്‍കരുത്തും മനോധൈര്യവും ഉള്ളവരായി വളര്‍ത്തിയെടുക്കുന്നത് അമ്മയുടെ മാത്രം കഴിവ് ആണ്. തെറ്റ് കണ്ടാല്‍ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ശിക്ഷിച്ചിരുന്നു ..പില്ക്കാലത്ത് അതുകൊണ്ട് തന്നെ ശരി ഏത് തെറ്റ് ഏത് എന്ന് വേര്തിരിച്ചേടുക്കനും പക്ഷാഭേതമില്ലാതെ തീരുമാനം എടുക്കാനും ഉള്ള പക്വത ഉണ്ടാക്കി തന്നത് അമ്മയാണ്... അമ്മയെ ഓര്‍ക്കാതെ അച്ഛനെ പറ്റിയും പറയാനാവില്ല. അച്ഛന് വളരെ നല്ലവനാ എന്ന് എല്ലാവരും പറയുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു അച്ചന്റെ പിന്നില്‍ നിന്ന എന്റെ അമ്മയെന്ന ഉരുക്കുകോട്ടയെ....
ReplyDeleteഎല്ലാ അമ്മമാരേയും സസ്നേഹം ഓര്‍ക്കുന്നു....
മാതൃത്വത്തിന്റെ മഹത്വം സ്വന്തം അമ്മയിലൂടെയുള്ള അനുഭവം കൊണ്ട്, വായനക്കാരനെ ഉള്ളില്‍ തട്ടും വിധം വളരെ ശാന്തവും,ലളിതവുമായി വിവരിച്ചിരിക്കുന്നു.
ReplyDeleteഅച്ഛനമ്മമാര്‍ പ്രായമാകുന്നതോടെ നായകൂട്ടിലും,ആട്ടിന്‍കൂട്ടിലും കൊട്ണ്ടിടുന്ന മക്കള്‍ ,അതും പെണ്മക്കള് ,നാം പത്രങ്ങളില്‍ വായിക്കനിടവന്ന സംഭവങ്ങളാണ്.
വൃദ്ധ സദനത്തിലും,ഫൂട്ട്പാത്തിലും അഭയം തെടെണ്ടിവരുന്ന വരുമുണ്ട് .
പരിഷ്കൃത ലോകത്തിന്റെ അച്ഛനമ്മമാരോടുള്ള സമീപനം, നാളെ അവരുടെ മക്കള്‍ ആളാകുമ്പോള്‍ ഇവര്‍ ഏതുവിധം, ആ മക്കളുടെ ക്രൂര ചെയ്തികള്‍ അനുഭവിക്കേണ്ടി വരുമെന്ന്
ഒരു നിമിഷ മെങ്കിലും ചിന്തിക്കാന്‍,അമ്മ മക്കള്‍ തമ്മിലുള്ള ആത്മ ബന്ധത്തിന്റെ അനുഭവം പറയുന്ന "കാത്തു കാത്തിരിക്കുന്ന അമ്മ " ഈ മാതൃദിനത്തിന്റെ സന്ദേശമായി നമുക്ക് സ്വീകരിക്കാം
ലെഖികക്ക് അഭിനന്ദനങ്ങള്‍
--- ഫാരിസ്
അമ്മ!
ReplyDeleteനിര്ചനങ്ങള്ക്കപ്പുറം..
സ്നേഹത്തിന്റെ ഒരു തുരുത്ത്..
അമ്മദിനമില്ലെങ്കിലും
അമ്മ ദിനമായില്ലെങ്കിലും
എന്നും എപ്പോഴും
ആ ഗര്‍ഭപാത്രത്തിലെ ചൂട്
അമ്മിഞ്ഞപ്പാലിന്റെ മണം...
എല്ലാ അമ്മമാര്‍ക്കും എന്നും ഹാപ്പിയായിരിക്കട്ടെ..
എനിക്കെന്റെ അമ്മയെ ഓര്‍ക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവ്ശ്യകത ഒട്ടും വേണ്ട..എന്നെ സംബന്ധിച്ചിടത്തോളാം എന്നും “അമ്മദിവസ“മാണ്.എന്റെ അമ്മ എന്നും എന്നിലുണ്ടു.എങ്കിലും ഈ ദിനത്തിലെ ഈ ചിന്തകള്‍ നല്ലതു തന്നെ.
ReplyDeleteസപ്ന ,ഇത് വായിച്ചു കഴിഞ്ഞു എന്റെ മനസിലൂടെ കടന്നു പോയത് ഒരുപാടു ആണ് . ,കാരണം .സപ്ന എഴുതിയ പലതും ഞാനും, ഇതുപോലെ നടന്നു വന്ന വഴികള്‍ ,ആണല്ലോ ?ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മ ആയ ഞാന്‍ ഇതില്‍ കുറച്ചു എങ്കിലും അവര്‍ക്ക് വേണ്ടി ചെയുന്നുവോ എന്നുള്ള ചോദ്യവുമായി ഇരിക്കുന്നു .അമ്മ മാരെ ഓര്‍ക്കാന്‍ ഒരുദിവസം വേണം എന്ന് ആരും പറയില്ല .എന്നാലും ലോകം മുഴുവനും ഒരു അമ്മക്ക് കൊടുക്കുന്ന ദിവസം' MOTHERS DAY '.അത് സന്തോഷമായി ,ഒരു പരിഭവവും ഇല്ലാതെ നമുക്കും കൊണ്ടാടാമല്ലോ ?നല്ല പോസ്റ്റ് സപ്ന .
ReplyDelete