നൈലിന്റെ തീരങ്ങളിലൂടെ - Part 2


സജി ബഹറിന്‍
ങ്ങള്‍ക്കായി ഒരുക്കിയിരുന്ന ഗിസേപട്ടണത്തിലെ ബാര്‍സിലോ ഹോട്ടലില്‍ പ്രതീക്ഷിച്ചതിലും നേരത്തേ തന്നെ എത്തി. കയിറോ പട്ടണത്തിന്റെ തുടര്‍ച്ച തന്നെയാണ് ഗിസേ പട്ടണവും. നേരത്തേ എത്തിയതുകൊണ്ട് റൂം റെഡി ആയിരുന്നില്ല. ലോബിയില്‍ ഞങ്ങള്‍ കാത്തിരുന്നു. റിസപ്ഷന്‍ കൌണ്ടറിനു ചുറ്റും വിവിധ രാജ്യക്കാരായ ധാരാളം വിനോദ സഞ്ചാരികള്‍ ഉണ്ടായിരുന്നു. അഷറഫ് ആ സമയം പാഴാക്കാതെ ഇന്നത്തെ യാത്രയുടെ എകദേശ ചിത്രം പറഞ്ഞു തന്നു. പത്തു മണിയോടെ ഞങ്ങളുടെ ഗൈഡ് വരും. രാവിലെതന്നെ പിരമിഡുകള്‍, പിന്നെ ഗിസേയില്‍ തന്നെയുള്ള ഫറവോ രാജാക്കന്മാരുടെ ശക്തിയുടെ പ്രതീകമായ സ്ഫിന്‍ക്സ് എന്ന കൂറ്റന്‍ പ്രതിമ, പാപ്പിറസ് മൂസിയം, ഗിസേ മാര്‍ക്കറ്റ്, സന്ധ്യയ്ക്ക് തിരിച്ച് ഹോട്ടലിലേക്ക്, ഇതാണ് ഇന്നത്തെ പരിപാടികള്‍. അടുത്ത ദിവസം ഈജിപ്റ്റിലെ രണ്ടാമത്തെ പട്ടണമായ അലക്സാന്ട്രിയായിലേക്ക്. ഉദ്ദേശം 4 മണിക്കൂര്‍ കാറില്‍ യാത്ര ചെയ്യണം.

റോമിങ്ങ് മൊബൈല്‍ ലാഭകരമല്ലെന്നും, ഈജിപ്റ്റിലെ സിം കാര്‍ഡിന് വെറും 5 ഗിനി (ഈജിപ്ഷ്യന്‍ പൌണ്ട്) മാത്രമേ വിലയുള്ളൂ എന്നും അഷറഫ് അറിയിച്ചു. ഞങ്ങള്‍ സിം കാര്‍ഡ് വാങ്ങുവാന്‍ പുറത്തേക്കിറങ്ങുമ്പോള്‍, റൂം റെഡി ആയിരിക്കുന്നു എന്ന് റിസപ്ഷനിസ്റ്റ് അറിയിച്ചു. നാലാം നിലയിലെ വിശാലവും ആര്‍ഭാടവുമായ മുറി.
എല്ലാവരേയും റൂമിലാക്കി ഞാന്‍ വെളിയില്‍ ഇറങ്ങി. ഹോട്ടലിനു മുന്‍പില്‍ നിരനിരയായി ടൂറിസ്റ്റ് ബസുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. റിസപ്ഷന്‍ കൌണ്ടറിനു മുന്‍പില്‍ ഇപ്പോഴും വലിയ തിരക്കു തന്നെ. വിവിധ രാജ്യങ്ങളില്‍ നിന്നും ധാരാളം സഞ്ചാരികള്‍ എത്തിയിരിക്കുന്നു. ഈജിപ്റ്റിന്റെ പ്രധാന വരുമാനം ടൂറിസമാണെന്നും, ടൂറിസ്റ്റുകള്‍ക്കു വേണ്ട എല്ലാ സൌകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അഷറഫ് അറിയിച്ചു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. അടുത്തകാലത്തായി ചൈനയില്‍ നിന്നും ധാരാളം വിനോദസഞ്ചാരിളെ എല്ലായിടത്തും കാണാം. അവിടുത്തെ സാമ്പത്തിക വളര്‍ച്ച ആയിരിക്കാം കാരണം. മലേഷ്യയില്‍ നിന്നും, മറ്റു ഫാര്‍ ഈസ്റ്റു രാജ്യങ്ങളില്‍ നിന്നും സഞ്ചാരികള്‍ കുറവല്ല. എന്നാല്‍ ഒരൊറ്റ ഇന്‍ഡ്യക്കാരനേയും കാണാന്‍ കഴിഞ്ഞില്ല.

രസകരമായ ഒരു വ്യത്യാസം, പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വന്നിരിക്കുന്നവര്‍ എല്ലാവരും പടു വൃദ്ധന്മാരും വൃദ്ധകളും ആയിരുന്നു. എന്നാല്‍ പൂര്‍വ്വദേശക്കാരില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ ഉണ്ടായിരുന്നു. നാല്പതിനു ശേഷമാണ് പാശ്ചാത്യര്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങുന്നത് എന്ന് നിരക്ഷരന്‍ പറഞ്ഞത് ഓര്‍മ്മ വന്നു.

ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ കറുത്ത യൂണിഫോം അണിഞ്ഞ പോലീസുകാരന്‍ ഇരിക്കുന്നു. ഇവിടുത്തെ എല്ലാ ഹോട്ടലിന്റെ മുന്നിലും ടൂറിസ്റ്റു പോലീസ് ഡ്യൂട്ടിയിലുണ്ടാവുമത്രേ! മാത്രമല്ല എല്ലാ ഹോട്ടലിലും സെക്യൂരിറ്റി പരിശോധന നിര്‍ബന്ധമാണ്. ലഗ്ഗേജുകള്‍ എയര്‍പോര്‍ട്ടിലേതു പോലെ എക്സ് - റേ ചെയ്തിട്ടേ കടത്തി വിടുകയുള്ളൂ. സന്ദര്‍ശകരുടെ സുരക്ഷിതത്തിനു സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നു അഷറഫ് പറഞ്ഞു.

ഞങ്ങള്‍ ഹോട്ടലിനു വെളിയില്‍ കടന്നു. നേരിയ കുളിര്‍ കാറ്റ് അടിച്ചുകൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ അത്യുഷ്ണം ആരംഭിച്ചു തുടങ്ങിയിരുന്നതിനാല്‍, ഞങ്ങള്‍ തണുപ്പ് പ്രധിരോധിക്കുന്നതിനുള്ള വസ്ത്രങ്ങള്‍ കരുതിയിരുന്നില്ല. രാവിലെ ആയതുകൊണ്ടാവണം തണുപ്പ് അല്പം അസഹനീയമായി തോന്നി. ഞാനും അഷറഫും ഒരുമിച്ചു നടന്നു. രാവിലെ എട്ടുമണി കഴിഞ്ഞു. പക്ഷേ, കടകള്‍ എല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്ക് ആരംഭിച്ചിട്ടില്ല. എങ്കിലും ഫുട്പാത്തില്‍ ധാരാളം വിദ്യാര്‍ഥികളെ കാണാമായിരുന്നു. ബസ്സുകളേക്കാള്‍ പ്രൈവറ്റ് വാന്‍ സര്‍വീസുകള്‍ ആയിരുന്നു കൂടുതല്‍. വാനിന്റെ ഡോറുകള്‍ തുറന്നു വച്ച് അതിവേഗതയില്‍ ഒടിച്ചു പോകുന്നത് രസകരമായി തോന്നി.
കുറെ ദൂരം നടന്നിട്ടും കടകള്‍ ഒന്നും തുറന്ന് കാണാഞ്ഞതിനാല്‍ ഞങ്ങള്‍ തിരിച്ചു നടന്നു. പ്രഭാത ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ലോബിയില്‍ എത്തി ഗൈഡിനായി കാത്തിരുന്നു. കൃത്യസമയത്ത് തന്നെ അഷറഫിന്റെ മെസേജ് വന്നു, ഡ്രൈവര്‍ പുറത്തു കാത്തു നില്ക്കുന്നു. എയര്‍പോര്‍ട്ടില്‍ വന്ന അതേ ഡ്രൈവര്‍ തന്നെയായിരുന്നതിനാല്‍ കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. മുന്‍ സീറ്റില്‍ നിന്നും, സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു.

“ഐ ആം അഹമ്മദ്. യുവര്‍ ഗൈഡ്” ശുദ്ധമായ ഇംഗ്ളീഷില്‍, ഹസ്ത ദാനം ചെയ്തുകൊണ്ട് അയാള്‍ പറഞ്ഞു. ഗള്‍ഫില്‍ വച്ച് പരിചയപ്പെട്ടിട്ടുള്ള ഈജിപ്റ്റുകാര്‍ പൊതുവേ, വളരെ വികലമായ ഇംഗ്ളീഷ് ഉച്ചാരണമുള്ളവരാണ്.

“വി വില്‍ ഗോ റ്റു പിരമിഡ്സ് ഫസ്റ്റ്”
“ഒകെ” ഞങ്ങള്‍ക്ക് എല്ലാം സമ്മതം
“കാന്‍ യൌ ഷോ മി യുവര്‍ ഇറ്റെനറരി?”

“യേസ്.” ബാഗു തുറന്നു യാത്രാ വിവരങ്ങള്‍ അടങ്ങിയ ചാര്‍ട്ട് എടുത്തു കൊടുത്തു. ഞങ്ങള്‍ക്ക് പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് വിശദമായി അതില്‍ ഉണ്ടായിരുന്നു. അതുമായി, അഹമ്മദ് ഡ്രൈവറുമായി എന്തൊക്കെയോ ചര്‍ച്ച ചെയ്തിട്ടു തിരികെ തന്നു.

വാഹനം പട്ടണത്തിനുവെളിയില്‍ മരുഭൂമിയിലേക്കു കടന്നു. മുന്നിലും പിന്നിലും ടൂറിസ്റ്റ് ബസ്സുകള്‍. ചുറ്റും മരങ്ങളോ കെട്ടിടങ്ങളോ ഇല്ല.

“ദേ പപ്പ പിരമിഡ് ..” എഡ്വിന്‍ വിളിച്ചു കൂവുകയായിരുന്നു.
അവന്‍ ഇരുന്ന വശത്തേക്കു നോക്കിയപ്പോള്‍ അങ്ങു ദൂരെ ഒരു വന്‍ കല്‍കൂമ്പാരം പോലെ ചക്രവാളത്തെ ഭേദിച്ച് ആകാശത്തിലേയ്ക്ക് ഉയര്‍ന്നു നില്ക്കുന്ന, പിരമിഡ്! പ്രാചീന സപ്താത്ഭുതങ്ങളില്‍ അവശേഷിക്കുന്ന എക മനുഷ്യ നിര്‍മ്മിത കൂറ്റന്‍ സ്മാരകം.
നാലായിരത്തി അറുന്നൂറു വര്‍ഷം പഴക്കമുള്ള കരിങ്കല്‍ സൗധമാണ് മുന്നില്‍ കാണുന്നത്. അത്രയും പഴക്കമുള്ള ഒന്നും തന്നെ തന്നെ ലോകത്ത് അവശേഷിക്കുന്നില്ല. കാലത്തിന്റേയും, മനുഷ്യന്റേയും കരങ്ങളില്‍ സകലതും തകര്‍ത്തെറിയപ്പെട്ടപ്പോളും സകലതിനേയും വെല്ലുവിളിച്ചുകൊണ്ട് പിരമിഡുകള്‍ ഇന്നും നിലകൊള്ളുന്നു. 'ലോകത്തിലുള്ള സകലതും കാലത്തെ ഭയപ്പെടുന്നു, എന്നാല്‍ കാലം പിരമിഡുകളെ ഭയപ്പെടുന്നു' എന്ന ഹെറോഡോട്ടസിന്റെ വാക്കുകളെ ഓര്‍ത്തുപോയി.
എറ്റവും വലിയ പിരമിഡിനു (Great Pyramid) മുന്നിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നൂറുകണക്കിനു ടൂറിസ്റ്റുബസ്സുകള്‍ വരിവരിയായി നിറുത്തിയിട്ടിരിക്കുന്നു. ഞങ്ങള്‍ അവയെല്ലാം കടന്നു മുന്നോട്ടു പോയി. വഴിയില്‍ പലരും കൈകാട്ടി, പക്ഷേ ഡ്രൈവര്‍ അവിടെയെങ്ങും നിര്‍ത്തിയില്ല. ഞങ്ങള്‍ എല്ലാവരും പുറത്ത് ഇറങ്ങുന്നതുവരെ അഹമ്മദ് കാത്തു നിന്നു. പിന്നെ ഐറിന്റെ കൈ പിടിച്ചു നടന്നു. സംസാരത്തിലും പെരുമാറ്റത്തിലും നല്ല കുലീനതയും മാന്യമായ ഔപചാരികതയും സൂക്ഷിക്കുന്ന ചെറുപ്പക്കാരന്‍. ഈജിപ്റ്റിലെ എല്ലാ യൂണിവേര്‍സിറ്റികളിലും ടൂറിസം ഒരു പ്രധാന പഠന വിഷയമാണെന്നും, ഈ വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കു മാത്രമേ അംഗീകൃത ഗൈഡ് ആയി ജോലി നോക്കുവാന്‍ കഴിയുകയുള്ളൂ എന്നും അഷറഫില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.

പിരമുഡുകളെപറ്റി പ്രാഥമികമായി ചില വിവരങ്ങള്‍ അഹമ്മദ് വിശദീകരിച്ചു തന്നു. ഏതാണ്ട് 138 പിരമിഡുകള്‍ ആണ് ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. അവയില്‍ ഭൂരിപക്ഷവും തകര്‍ന്ന്, ഇന്ന് വെറും കല്‍ക്കൂമ്പാരങ്ങളായി തീര്‍ന്നിരിക്കുന്നു. പൂര്‍ണ്ണരൂപത്തില്‍ അവശേഷിക്കുന്ന 3 പിരമിഡുകളില്‍ എറ്റവും വലുതാണ് ഞങ്ങളുടെ കണ്മുന്‍പില്‍ കാണുന്നത്. പുരാതന ഈജിപ്റ്റിലെ നാലാം തലമുറയിലെ ഫറവോ കുഫു നിര്‍മ്മിച്ചതാണ് 157 മീറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍ പിരമിഡ്. ഏതാണ്ട് ഇരുന്നൂറ്റി മുപ്പതു ലക്ഷം ചുണ്ണാമ്പു കല്ലുകളും ഗ്രാനൈറ്റും ഉപയോഗിച്ചു 20 വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയായത്.
'ഗ്രേറ്റ് പിരമിഡ്' എന്നറിയപ്പെടുന്ന ഈ ശവകുടീരം 3800 വര്‍ഷത്തോളം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത സൗധമായിരുന്നുവത്രേ. ഗ്രേറ്റ് പിരമിഡിന്റെ നിര്‍മ്മാണത്തിനായി 25 മുതല്‍ 80 ടണ്‍ വരെ തൂക്കം വരുന്ന കല്ലുകള്‍, ഗിസേയില്‍ നിന്നും അഞ്ഞൂറു മൈല്‍ ദൂരെയുള്ള അസ്വാനില്‍ നിന്നും കൊണ്ടുവരപ്പെട്ടവയാണ്. നൈല്‍ നദിയുടെ പടിഞ്ഞാറേക്കരയിലാണ് പിരമിഡുകള്‍ സ്ഥിതിചെയ്യുന്നത്. പതിനായിരക്കണക്കിനു തൊഴിലാളികളുടെ അദ്ധ്വാനഫലമായിട്ടാണ് ഈ പടുകൂറ്റന്‍ കല്ലുകളത്രയും നൈല്‍ നദിയിലൂടെ വലിയ ചങ്ങാടങ്ങളിലാക്കി അസ്വാനില്‍ നിന്നും ഗിസേയില്‍ എത്തിച്ചത്.

ഗ്രേറ്റ് പിരമിഡിനോട് ചേര്‍ന്നു അല്പം ചെറിയ മറ്റു രണ്ടു പിരമിഡുകള്‍ കൂടി കാണാം. അതില്‍ നടുവിലെ പിരമിഡിനു മുകളില്‍ മാത്രം തിളങ്ങുന്ന മറ്റെന്തോ കൊണ്ട് പൊതിഞ്ഞിരിക്കുന്നതു പോലെ കാണാം.
അഹമ്മദ് അതു എന്താണെന്നു ഞങ്ങള്‍ക്ക് വിശദികരിച്ചു തന്നു. ഗ്രാനൈറ്റ് കൊണ്ട് പണിതിരിക്കുന്ന പിരമിഡുകളിടെ പുറത്തു ചുണ്ണാമ്പ് കല്ലുകൊണ്ട് (ലൈം സ്റ്റോണ്‍) കട്ടിയുള്ള ഒരു ആവരണം പ്ലാസ്റ്റര്‍ ചെയ്യുന്നതുപോലെ വച്ചു പിടിപ്പിക്കാറുണ്ട്. എല്ലാ പിരമിഡും ഇങ്ങനെ പൊതിയാറുണ്ടായിരുന്നെങ്കിലും, വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈജിപ്റ്റുകാര്‍ അവ ഇളക്കിയെടുത്ത് വീട് പണിയുമായിരുന്നു. അങ്ങിനെ ലൈം സ്റ്റോണ്‍ ഏതാണ്ട് പൂര്‍ണ്ണമായി ഇന്നു നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. ചൂടില്‍ നിന്നും വെളിച്ചത്തില്‍ നിന്നും, മറ്റു പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നും പിരമിഡുകള്‍ക്കുള്ള സം‌രക്ഷണമായിരുന്നു ഈ ആവരണം.


അടുത്ത ആഴ്ച പിരമിഡിനുള്ളിലേക്ക്..

25 Responses to "നൈലിന്റെ തീരങ്ങളിലൂടെ - Part 2"

 1. യാത്ര മനോഹരം ആകുന്നു .....

  ReplyDelete
 2. അച്ചായാ.. ഞാൻ ഇതാ പഴയ സ്കൂൾ വിദ്യാർത്ഥിയായിട്ടോ.. വിജ്ഞാനപ്രദം .. അല്ലാതെന്ത് പറയാൻ..

  ReplyDelete
 3. eagerly waqiting to enter pyramid........

  ReplyDelete
 4. വിജ്ഞാനപ്രദം......

  ReplyDelete
 5. വളരെ മനോഹരം..
  ഈ യാത്രയില്‍ ഞാനുമുണ്ട് കൂടെ...

  ReplyDelete
 6. യാത്ര തുടരട്ടെ ....സ്കൂളില്‍ വച്ച് വെറുതെ തള്ളി കളഞ്ഞ വിഷയം ഇവിടെ കാര്യമായി ഒരു വരിയും വിടാതെ വായിക്കുന്നു ..!!!!.ലൈം സ്റ്റോണ്‍ ആളുകള്‍ കൊണ്ട് പോയി തീരുന്നതിനു മുന്‍പ് ഇതെല്ലം പോയി കാണണം എന്ന് ചുരുക്കം .

  ReplyDelete
 7. അകത്തു കയറാന്‍ ഒരാഴ്ച സമയം കാത്തിരിക്കണം എന്നതു വലിയൊരു ശിക്ഷ തന്നെയാണ്.
  കാത്തിരുപ്പ് ഒട്ടും പറ്റുന്നില്ല.

  ReplyDelete
 8. ഭാഗ്യവാന്‍....കാലത്തിനും ചരിത്രത്തിനും സാക്ഷിയായി, മനുഷ്യന്റെ കരുത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന പിരമിഡുകളെക്കുറിച്ചുള്ള വിവരണം അസലായി.കണ്മുന്നില്‍ കണ്ടപോലെ

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  ആശംസകള്‍!

  ReplyDelete
 9. അടുത്തത് ഉടനെ പ്രതീക്ഷിക്കുന്നു..

  ReplyDelete
 10. ഷാന്‍, മനോരാജ്,ജയലക്ഷ്മി,വേദവ്യാസന്‍, ഷാ,വിനീത് , സിയ നാട്ടുകാരന്‍, സുനില്‍ കൃഷ്ണന്‍, കൃഷ്ണകുമാര്‍... എല്ലാവര്‍ക്കും നന്ദി.

  യാത്രയിലായിരുന്നതുകൊണ്ട്, കാര്യമായി ഒന്നും എഴുതാന്‍ കഴിഞ്ഞില്ല.

  വിശദമായി അടുത്ത അഴ്ച!
  സജി

  ReplyDelete
 11. നിരക്ഷരന്റെ യാത്രാവിവരണങ്ങള്‍ക്ക് ശേഷം ബൂലോകത്തിനു കിട്ടിയ വലിയ സമ്മാ‍നമാണ് അച്ചായന്റെ യാ‍ത്രാവിവരണങ്ങള്‍.

  കൂട്ടുകാരന്‍ ജയ്സന്‍ ഇല്ല്ലാത്തതിന്റെ കുറവ് യാത്രാവിവരണത്തില്‍ കാണാനുണ്ട്, ഉണ്ടായിരുന്നെങ്കില്‍ പഴയ പല കഥകളും, പുട്ടിനു തേങ്ങയിടുന്നതുപോലെ ഈ യാത്രാവിവരണത്തില്‍ വായിക്കാന്‍ കഴിയുമായിരുന്നു.

  സ്നേഹത്തോടെ.....

  ReplyDelete
 12. സജിഅച്ചായാ, നല്ല വിവരണം. എങ്കിലും പിരമിഡുകളുടെ നിർമ്മാണത്തെപ്പറ്റി കുറച്ചൂ കാര്യങ്ങൾ കൂടി പറയാനുണ്ട്. അച്ചായൻ പറഞ്ഞ ലൈം സ്റ്റോൺ ആവരണം എല്ലാ പിരമിഡുകൾക്കും ഉണ്ടായിരുന്നതാണ്. അവയുടെ നിർമ്മാണം പൂർത്തികരിച്ചു കഴിഞ്ഞ കാലഘട്ടത്തിൽ അവയുടെ പുറംചട്ട ഇന്നുകാണുന്നതുപോലെ കൽക്കൂമ്പാരം ആയിരുന്നില്ല. പകരം നല്ല ഫിനിഷിങ്ങോടുകൂടിയ “സ്മൂത്ത്” പ്രതലം ആയിരുന്നു എന്നാണ് വായിച്ചിട്ടുള്ളത്. പക്ഷേ ഈ ലൈം സ്റ്റോൺ ആവരണത്തിനു ഇത്രയും കാലം കാലാവസ്ഥയെ അതിജീവിച്ചു നിൽക്കാനാവാത്തതിനാൽ നശിച്ചു. കുറേയധികം കല്ലുകൾ ഈജിപ്റ്റുകാർ ഇളക്കിക്കൊണ്ടുപോയി വീടുനിർമ്മാണത്തിനും ഉപയോഗിച്ചത്രേ.

  ReplyDelete
 13. അച്ചായൊ...

  നല്ലൊരു കാഴ്ചക്കാരനായി ഞാനിവിടെയിരിപ്പുണ്ട് മൂളുകയും തലയാട്ടുകയും ചെയ്യുന്നുണ്ട്.

  ReplyDelete
 14. കൊള്ളാം. അഭിനന്ദനങ്ങള്‍...

  ReplyDelete
 15. നട്ട്സ്,
  സത്യം. ജെയ്സണ്ടെ കുറവ് നിശ്ചയമായും ഉണ്ടായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദൂര യാത്രകള്‍ ഞങ്ങള്‍ ഒരുമിച്ചു തന്നെ!

  അപ്പൂസ്,
  വിട്ടുപോയത് പൂരിപ്പച്ചതിനു നന്ദി. അപ്പോള്‍ കാര്യങ്ങള്‍ വിശദമായി പഠിച്ചവര്‍ ബുലോകത്തില്‍ല്‍ ഉണ്ടല്ലേ..(പുളുവടിച്ചു രക്ഷപ്പെടാന്‍ പറ്റില്ലെന്നു സാരം.)

  കുഞ്ഞന്‍സ്,
  മൂളുന്നത് എനിക്ക് ഇവിടെ കേള്‍ക്കാം...തലയാട്ടുന്നത് കാണുകയും ചെയ്യാം.

  ആത്മന്‍...
  അഭിപ്രായത്തിനു നന്ദി.

  ReplyDelete
 16. great info. Thanks for these unknown facts

  ReplyDelete
 17. ആള്‍ത്തിരക്കൊഴിയുമ്പോള്‍ യാത്ര ചെയ്യുന്നതാണ് എന്റെ ശീലം. പിരമിഡിന്റടുത്തെ തിരക്കൊഴിയാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഒരിക്കല്‍ ഈജിപ്റ്റിലേക്ക് ഭാണ്ഡമൊരുക്കാന്‍ ഈ മനോഹര യാത്രാവിവരണം പ്രേരിപ്പിക്കുന്നുണ്ട്. ങാ...നടക്കുമായിരിക്കും.

  യൂറോപ്പില്‍ ഒരു യാത്ര പോയപ്പോഴും ചൈനക്കാരെ ധാരാളം കണ്ടിരുന്നു. ചൈനയുടെ ഇപ്പോഴത്തെ സാമ്പത്തിക ഉന്നതി തന്നെയാകാം കാരണം.

  ഡോര്‍ തുറന്നിട്ട് വണ്ടിയോടിക്കുന്നത് യമനികളുടേയും ഒരു ശീലമാണ്. ഇതേപോലുള്ള വണ്ടികള്‍ തന്നെയാണ് അവിടേയും തുറന്നിട്ട് ഓടിക്കുന്നത്.

  ഇനി പിരമിഡിന് അകത്തേക്ക് കടക്കട്ടെ.

  ReplyDelete
 18. പിരമിഡിനകത്തോട്ട് കയറണ്ട നീരൂ. അവിടെ അച്ചായന്‍ ആള്‍റെഡി ബുക്ക് ചെയ്തു കഴിഞ്ഞു. പോട്ടവും പിടിച്ചു. :) :)

  ReplyDelete
 19. ലൈംസ്‌റ്റോണ്‍ എല്ലാം പോയതുകൊണ്ട് ഇനി പിരമിഡുകളുടെ ആയുസ്സ് കുറയുമോ? അതിന് മുന്‍പ് പോയിക്കാണണം. :)

  ReplyDelete
 20. അത്ഭുതകരം അച്ചായാ..!!

  പിന്നെ ഭാഗ്യവാനും..
  പിരമിടിന്റെ മുൻപിൽ ചെന്ന് വായിനോക്കിനിന്നു കണ്ട് വാപൊളിച്ചു നിൽക്കാനുള്ള ഭാഗ്യം ഒത്തല്ലോ..

  നൈസ്..

  ReplyDelete
 21. മനോഹരമായ വിവരണം

  ReplyDelete
 22. "Pothuve egypt kar vikalamya english upayokikunnavarane" thudangiya afiprayankal oru sanchari enna nilayil shariyayilla,Nannayi English samsarikkunna kuttikal Keralathe kattilum evide unde enne ente 5 varshathe eviduthe jeevithathil ninuum manasillakkan kazhinju..

  ReplyDelete
 23. Naseer,

  Point noted & corrected.

  Thanks
  Saji

  ReplyDelete
 24. "പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വന്നിരിക്കുന്നവര്‍ എല്ലാവരും പടു വൃദ്ധന്മാരും വൃദ്ധകളും ആയിരുന്നു. എന്നാല്‍ പൂര്‍വ്വദേശക്കാരില്‍ ചെറുപ്പക്കാര്‍ കൂടുതല്‍ ഉണ്ടായിരുന്നു. നാല്പതിനു ശേഷമാണ് പാശ്ചാത്യര്‍ ജീവിതം ആസ്വദിക്കാന്‍ തുടങ്ങുന്നത്"

  തികച്ചും പ്രസക്തമായ നിരീക്ഷണം !

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts