ഗ്രാമമല്ലാത്ത എന്റെ ഗ്രാമം

കുറച്ചു സമയം ഒത്തിരി കാര്യം Part - 1 Part - 2 Part - 3

സപ്ന അനു. ബി. ജോര്‍ജ്
കോട്ടയം പട്ടണത്തിന്റെ കോണില്‍ ഗ്രാമത്തിന്റെ എല്ലാ ഊഷ്മളതയും എല്ലാസ്വഭാവ - വിശേഷണവുമുള്ള എന്റെ ഗ്രാമം. പാടവും വയലും, തൊടിയും കുളവും, ആറും തോടും, കൊയ്ത്തും കൊയ്ത്തുപാട്ടും ഉള്ള, എന്റെ ‘ദേവലോകം’. ഗ്രാമത്തിന്റെ ഒത്ത നടുക്ക് അങ്ങ് ദൂരെ ദൂരെ നിന്നു പോലും കാണാവുന്ന പാത്രിയാര്‍കീസ് അരമനയുടെ പള്ളിക്കുരിശ്. പഴയ ക്രിസ്തീയ തറവാടുകളുടെ ഒരു വലിയ ശേഖരം, ഉറച്ച കരിങ്കല്‍ മതിലു പോലെ എന്റെ ഗ്രാമത്തിനുറപ്പേകുന്നു. മാധ്യമലോകത്തില്‍ അതിസജീവമായ ഒരു കുടുംബം, ആയുര്‍വേദത്തിന്റെ ഏടുകള്‍ അതീവ ശ്രദ്ധയോടെ ഉരിത്തിരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റൊരു കുടുംബം. പിന്നീട് ഇടത്തും വലത്തുമായി, കുടുംബ പാരമ്പര്യത്തിന്റെ മുത്തുക്കുടകള്‍ ഉള്ള പലവീടുകളും ഉണ്ട്. ഇതിനൊക്കെ ഇടയ്ക്ക്, തെളിഞ്ഞ അതിരാവിലെകളില്‍, അങ്ങു ദൂരെ പീരുമേടിന്റെ മലനിരകള്‍ കാണാം.അങ്ങു താഴെ കൊല്ലാടു ഭാഗത്തെ വയലുക‍ളും കൊടൂരാറും മുട്ടിയുരുമ്മിക്കിടക്കുന്നു. യാക്കോബാപ്പള്ളിയുടെ ഇടതുവശത്തായി N.G.O ക്വാര്‍ട്ടേഴ്സിന്റെ നിര നിരയായ വീടുകളും, ഇന്ദിരാനഗറിന്റെ ഒരേനിരകെട്ടിടങ്ങളും, ഒരുമിച്ചു കൈകോര്‍ത്തുപിടിച്ച് ചെറിയ മല‍ഞ്ചരുവില്‍ ചാരിക്കിടക്കുന്നു. ഇതിനിടെ ഗവണ്മെന്റ് സ്കൂളിന്റെ മണിയടി ശബ്ദവും, ദേവലോകം പ‍ള്ളിയുടെ കയറ്റം കയറിവരുന്ന ട്രാന്‍സ്‍പോര്‍ട്ട് ബസ്സിന്റെ ഏക്കം വലി ശബ്ദവും, ദേവലോകത്തെ ഗ്രാമമല്ലാതാക്കുന്നു. പള്ളി ബസ്സ്റ്റോപ്പിന്റെ മുന്‍പിലുള്ള കൃഷ്ണന്റെ ചായക്കടയും, അവിടുത്തെ റേഡിയോയിലെ ആകാശവാണിയും, കുന്തക്കാലില്‍ ഇരുന്നു പത്രം വായിക്കുന്ന പത്രോസുചേട്ടനും, ബീഡീ‍ വലിച്ചു തള്ളുന്ന കരണച്ചേട്ടനും.....‍. ഇതെല്ലാം കൂടിച്ചേര്‍ന്ന്, ഒരു ഗ്രാമത്തിന്റെ എല്ലാ സ‍ൗന്ദര്യവും എന്റെ ഗ്രാമത്തിനുണ്ട്.വയലും കുളവും ഇന്നത്തെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുന്നുണ്ട്. ഇവക്കിടയില്‍ പഴയ പുരാതനമായ അരയും നിരയും മച്ചും ഉള്ള വീടുകള്‍ ധാരാളമാണ്. കൂടെ, ഓരം ചാരി, വീടിന്റെ ഒരു ‘extra'മുറി പിടിക്കുന്നതിന്റെ കൂട്ടത്തില്‍ വന്ന ‘ബേക്കര്‍ കണ്‍സട്രക്ഷന്‍‘ ഏച്ചു കെട്ടുള്ളവയുമുണ്ട്. സാത്വിക സൌന്ദര്യത്തിന്റെ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞ എന്റെ കൊച്ചു വലിയ ഗ്രാമം. ‍
http://2.bp.blogspot.com/_nNO2FQD5ESQ/SnV_nSN90QI/AAAAAAAABFU/yihqLCHpFhg/s400/Picture+009.jpg
ഈ വഴിയിലൂടെ നടക്കുംമ്പോള്‍‍ ഇന്നും, എനിക്ക് നഷ്ടങ്ങള്‍ മാത്രം നല്‍കി കടന്നുപോയ ഈ ഗ്രമത്തെ, വേദനയോടെ ഞാന്‍ ആശ്ലേഷിക്കാറുണ്ട്.,...എന്റെ മന‍സ്സുകൊണ്ട്.മഴതോര്‍ന്ന പല സന്ധ്യകളിലും സ്വപ്നത്തിന്റെ തണുപ്പില്‍; സ്നേഹത്തിന്റെ ആര്‍ദ്രതയില്‍, ഞാന്‍ ഓര്‍ക്കാറുണ്ട്.എന്റെ വേദനകളെ മനസ്സിലേക്ക്‌ ഒപ്പിയെടുത്ത കൈകളേയും തട്ടിയകറ്റി, തേങ്ങുന്ന മനസ്സുമായി ഞാന്‍ നടന്നകന്നു, പലപ്പോഴും. നഷ്ടപ്പെടലുകളുടെ ആ കഥകള്‍ എനിക്കിനിയും ഓര്‍ക്കാന്‍ വയ്യ. പക്ഷെ വീണ്ടും... തനിച്ചാകുമ്പോള്‍ എന്തൊയ്ക്കെയോ ആരോടൊയ്ക്കെയോ പറയാന്‍ വല്ലാതെ തിങ്ങുന്നുണ്ടു മനസ്സില്‍. എന്തെന്നറിയില്ല, ആരോടെന്നറിയില്ല... ഇപ്പോള്‍ ഈ കഥ പറയാന്‍ വാക്കുകള്‍ക്കായി ഒരുപാടു തിരയേണ്ടി വരുന്നു. ഒരു പക്ഷേ പറയാതെ ഇരുന്നു ദ്രവിച്ച്, എന്റെ വാക്കുകളും എനിക്കു നഷ്ടപ്പെടുകയായിരിയ്ക്കാം...

അര്‍ദ്ധോക്തിയില്‍ നിര്‍ത്തിപ്പോയ ഗ്രാമവര്‍ണന... സ്വപ്നഭൂമിയെക്കുറിച്ചു തുടര്‍ന്നെഴുന്നു. ഒരുമാതിരി എല്ലാ ഗ്രാമങ്ങളും ഇതുപോലെയൊക്കെയല്ലേ? ഗ്രാമങ്ങളുടെ മുഖഛായ മാറി മറിയുകയാ‍ണ്!നാട്ടിലേക്കുള്ള ഓരോ യാത്രയിലും അത് വേദനയോടെ മനസ്സിലാവുന്നു! വികസനമല്ല - വികസനമെന്നും പറഞ്ഞ് കാണിച്ചുകൂട്ടുന്ന കോപ്രായങ്ങള്‍, എങ്കിലും എന്റേതെന്നു വിശേഷിപ്പിക്കവുന്ന, ഞാന്‍ മാത്രം, മനസ്സിലാക്കിയ എന്റെ, ഗ്രമമല്ലാത്ത, കൊച്ചു വലിയ ഗ്രാമം.

പൊള്ളുന്ന ഭൂലോകം !

ലോക കാലാവസ്ഥാ ദിനം പ്രമാണിച്ച് ' നമ്മുടെ ബൂലോകം ' എഡിറ്റോറിയല്‍ ബോര്‍ഡ് തയ്യാറാക്കിയ ലേഖനം.

മാര്‍ച്ച് മാസം പകുതിയായില്ല, അതിനു മുമ്പ് തന്നെ കേരളത്തില്‍ വരള്‍ച്ചതുടങ്ങിയെന്നും പല ജില്ലകളിലും കുടിവെള്ളം പോലും കിട്ടാനില്ലെന്നും പരാതി ഉയരാന്‍ തുടങ്ങിക്കഴിഞ്ഞു. പാലക്കാട് ജില്ലയില്‍ പകല്‍ സമയം 45 ഡിഗ്രിവരെ ചൂടു ഉയരുന്നുവെന്നും സൂര്യാഘാതം മൂലം പതിനഞ്ചോളം ആളുകള്‍ക്ക് പരിക്ക് പറ്റിയെന്നും പ്രധാനവാര്‍ത്ത. നാല്‍പ്പതിനാലു നദികളുള്ളതും വര്‍ഷത്തില്‍ രണ്ടുതവണ മുടങ്ങാതെ കാലവര്‍ഷം ലഭിക്കുന്ന ഒരു സംസ്ഥാനം ഈ രീതിയിലായി മാറാന്‍ എന്താണ് കാരണം? പ്രകൃതിയെ മറന്നുള്ള മലയാളിയുടെ പോക്കോ? അതോ ആഗോള താപനമോ? അതോ ഈശ്വരകോപമോ? ഒരു ഇരുപതു വർഷം പിന്നോട്ട് നോക്കിയാൽ എത്ര സുഖകരമായിരുന്നു നമ്മുടെ കേരളത്തിലെ കാലാവസ്ഥ! ഡിസംബര്‍ പിറക്കുന്നതോട് കൂടി തണുപ്പ് കടന്നു വരികയായി. ഫെബ്രുവരി അവസാനം വരെ നീണ്ടു നില്‍ക്കുന്ന തണുത്ത കാലാവസ്ഥ. വേനല്‍ക്കാലമായാല്‍ പോലും മിതമായ ചൂട് മാത്രം. മെയ്‌ മാസം പാതിയോടെ തുടങ്ങി ജൂണില്‍ ശക്തി പ്രാപിക്കുന്ന കാലവര്‍ഷം. അതൊക്കെ നമുക്ക് നഷ്ടമാവുകയാണിന്ന്. ഡിസംബറിലെ കുളിരും തകര്‍ത്തു പെയ്യ്ന്ന കാലവര്‍ഷവും പതിയെ പതിയെ ഓര്‍മ്മയിലേക്ക് മാത്രമായി ചുരുങ്ങുന്നു.. വേനല്‍ക്കാലത്തെ ചൂട് അസഹ്യമായി തീരുന്നു. വീടിനു വെളിയിൽ പോലും കഴിയാനാവാത്ത അവസ്ഥ. കാരണം എന്തുതന്നെയായാലും അതിനെ തടയാനുള്ള പോംവഴികള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് സംശയലേശമെന്യേ പറയാം..

ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്ന ജലദൌര്‍ലഭ്യവും കാലാവസ്ഥയിലെ ഉഷ്ണവര്‍ദ്ധനവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും അവ രണ്ടും രണ്ടുവ്യത്യസ്തകാരണങ്ങള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. ഒരു പ്രദേശത്തിന്റെ കാലാവസ്ഥ നിര്‍ണ്ണയിക്കുന്ന പ്രധാനഘടകം കാറ്റിന്റെ ഗതിയും അന്തരീക്ഷത്തിലെ മര്‍ദ്ദമേഖലകളുടെ മാറ്റങ്ങളുമാണ്. ഗ്ലോബല്‍ വാമിംഗ് എന്ന ആഗോള പ്രശ്നം ഇപ്പോള്‍ വളരെയധികം രൂക്ഷമായിരിക്കുന്നതിനു കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡ്, മീതൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ അളവ് ഈ കഴിഞ്ഞ കുറേ ദശകങ്ങളായി വളരെ വര്‍ദ്ധിച്ചതാണ്. ഇവയെ ഗ്രീന്‍ഹൌസ് ഗ്യാസുകൾ എന്നുവിളിക്കുന്നു. പകല്‍ സമയത്ത് സൂര്യപ്രകാശത്തില്‍ നിന്നും ഭൂമിയില്‍ ആഗിരണം ചെയ്യപ്പെടുന്ന ചൂട്, ഇന്‍ഫ്രാ റെഡ് വികിരണങ്ങളായി തിരികെ അന്തരീക്ഷത്തിലേക്ക് മൂലം പോകുന്നതിനുപകരം, കാര്‍ബണ്‍ ഡയോക്സൈഡ് രൂപപ്പെടുത്തിയിരിക്കുന്ന പാളിയില്‍ തട്ടി (അന്തരീക്ഷത്തിലെ വര്‍ദ്ധിച്ച ഗ്രീന്‍ ഹൌസ് ഗാസുകളാല്‍ റീഡയറക്റ്റ് ചെയ്ത് ) ഭൂമിയിലേക്കുതന്നെ തിരികെ എത്തുന്നു. ഇതാണ് ഗ്രീന്‍ ഹൌസ് എഫക്റ്റ് എന്ന പ്രതിഭാസം. അന്തരീക്ഷത്തിലെ താപനില ഉയരുന്നു എന്നതാണ് ഇതിന്റെ സൈഡ് എഫക്റ്റ്. ആഗോള താപനം ഇതിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ഇതിന്റെ അനുരണനങ്ങള്‍ ലോകമെമ്പാടും കാലാവസ്ഥാവ്യതിയാനങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ അഗോള താപനിലയില്‍ 1.2 ഡിഗ്രി സെല്‍ഷ്യസ് മാത്രം വര്‍ദ്ധനയാണ് ഉണ്ടായതെങ്കില്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ 2100 മാണ്ട് ആകുമ്പോഴേക്ക് 5.8 ഡിഗ്രി വര്‍ദ്ധനയാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഗ്ലോബല്‍ വാമിങ് ഈ പറയുന്ന അക്കത്തിലേക്ക് എത്തും എന്നുള്ളത് ഒരു സങ്കല്‍പ്പം മാത്രമാണെന്ന് വാദിക്കുന്ന ശാസ്ത്രജ്ഞരും ഉണ്ട്. എന്തു തന്നെയായാലും ആഗോള താപനിലയില്‍ വര്‍ദ്ധനവ് വരുന്നുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമായി തുടരുന്നു.

ഇപ്പോൾ കേരളത്തിൽ വേനൽക്കാലം നേരത്തെ എത്തിയിരിക്കുന്നു. ദക്ഷിണാർത്ഥഗോളത്തിൽ നിന്നും ഉത്തരാർത്ഥ ഗോളത്തിലേക്ക് സൂര്യന്റെ പ്രയാണം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തില്‍ പതിക്കുന്ന സൂര്യരശ്മിയുടെ താപന ശക്തി വര്‍ദ്ധിക്കുകയും ചെയ്തു . കുത്തനെ പതിക്കുന്ന രശ്മികള്‍, അള്‍ട്രാ വയലറ്റ് രശ്മികളുടെ പതനം എന്നിവയുടെ ഫലമായാണിത് ഉണ്ടാകുന്നത്. ഇതേ സമയം കേരളത്തില്‍ അനുഭവപ്പെടുന്ന ജലക്ഷാമം മനുഷ്യന്റെ അത്യാഗ്രഹം മൂലം വന്നുഭവിച്ച മറ്റൊരു ദുരന്തമാണെന്നതില്‍ സംശയം വേണ്ടാ. യാതൊരു നിയന്ത്രണവുമില്ലാതെ മണ്ണെടുത്ത് വയലുകളും താഴ്ന്ന സ്ഥലങ്ങളും നികത്തി. അതിന്റെ ഫലമായ പ്രകൃത്യാ ഉള്ള നീരൊഴുകുകള്‍ തടസ്സപ്പെട്ടു. കൃഷി പാടേ അപ്രത്യക്ഷമായതിനാല്‍ സ്വാഭാവികമായി ഉണ്ടായിരുന്ന ജലസ്രോതസ്സുകളും ജലസംഭരണികളായി വർത്തിച്ചിരുന്ന വയലുകളും ഇല്ലാതായി.

പരമ്പരാഗത നെല്‍ കൃഷി നശിച്ചതോടെ ജലം സംഭരണികളായി പ്രവര്‍ത്തിച്ചിരുന്ന നെല്‍പ്പാടങ്ങള്‍ വരണ്ടുണങ്ങി.
നെല്പാടങ്ങള്‍ നാണ്യവിളകള്‍ കൃഷിചെയ്യാനാരംഭിച്ചതോടെ സംജാതമായ, പാടത്തിനും ജലസേചനം നടത്തേണ്ട അവസ്ഥ, ഇരട്ട നാശമാണ് വിതക്കുന്നത്. നെല്‍കൃഷി പുനരുദ്ധരിക്കുകയാണ് വരൾച്ച നേരിടാനുള്ള ഒരു പോംവഴി. നദികളില്‍ നിന്ന് ക്രമാതീതമായി മണല്‍ കോരി എടുത്തതുകാരണം നദീതടങ്ങളുടെ ആഴം കൂടി, തിട്ടകള്‍ ഇടിഞ്ഞ് നദികള്‍ വെറും പ്രേതങ്ങളായി മാറി. മണലെടുത്ത് ചളിക്കുഴികളായ നദികള്‍ക്ക് ജലത്തെ ഭൂഗര്‍ഭത്തിലേക്ക് സംഭരിക്കാനാവാതായി, ഫലമോ മഴക്കാലത്ത് പെയ്യുന്ന വെള്ളം കുത്തിയൊലിച്ച് കടലിലേക്കെത്തുന്നു. മണല്‍ വാരല്‍ നിയന്ത്രിച്ചും തടയണകള്‍ നിര്‍മ്മിച്ചും ഇതിനു പരിഹാരം കാണാന്‍ ശ്രമിക്കാം എന്നു പറയാൻപറ്റും എന്നല്ലാതെ പ്രായോഗികമായി അത് നടപ്പിലാക്കാനുള്ള ഇഛാശക്തി ആർക്കുണ്ട്! ഭൂമിയിൽ നീരൊഴുക്ക് കുറഞ്ഞു. ഭൂമിയിലെ ജലവിതാനം താണു. ഇന്ത്യയില്‍ ഭൂഗര്‍ഭ ജലം ക്രമാതീതമായി കുറഞ്ഞു വരികയാണെന്ന് 'നാസ' മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

അതോടൊപ്പം വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യയും, ഓരോ കുടുംബത്തിനും ഓരോ വീട് എന്ന കേരളീയ സങ്കല്‍പ്പവും പ്രകൃതിയുടെ വാസവ്യവസ്ഥതന്നെ പാടെ തകിടം മറിച്ചു. കേരളത്തെപ്പോലെ ജനസാന്ദ്രമായ ഒരു പ്രദേശത്ത് പ്രകൃതിക്ക് അത്രയധികം കോട്ടംവരുത്താതെ എന്നേ സ്വീകരിക്കപ്പെടേണ്ട ഒന്നായിരുന്നില്ലേ ഫ്ലാറ്റ് സിസ്റ്റം? പക്ഷേ ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തില്‍ വളര്‍ന്നുവന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരെല്ലാവരും ഒരു ഫ്ലാറ്റ് എന്നാല്‍ അതേ വിസ്തീര്‍ണ്ണത്തിലുള്ള ഒരു വീടിനേക്കാള്‍ ചെലവേറിയ ഒന്നാക്കി മാറ്റി മധ്യവര്‍ഗ്ഗത്തെ അതില്‍ നിന്ന് അകറ്റുകയാണു ചെയ്തത്.... അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ ഓരോ ജോഡി ആളുകള്‍ക്കും ഓരോ വീടും ഓരോ കിണറും എന്ന രീതിയില്‍ കേരളം മാറി. കാശുള്ളവര്‍ കുഴല്‍ക്കിണറുകള്‍ ഇറകി ഭൂഗര്‍ഭജലവും ഊറ്റുന്നു.നഗരങ്ങളില്‍ സ്ഥലപരിമിതികാരണം ഫ്ലാസ്റ്റ് സിസ്റ്റത്തിലേക്ക് പോകാതെ തരമില്ല. പക്ഷെ സ്ഥലത്തിന്റെ വിലയിലുള്ള വര്‍ദ്ധനവ് കാരണം ഇപ്പറഞ്ഞ ഫ്ലാറ്റുകള്‍ക്കൊക്കെ വീടിനേക്കാള്‍ വിലകൂടുതലായതും അത് സാധാരണക്കാരന് അപ്രാപ്യമായതിലും അതിശയപ്പെടാനില്ല.

ഗ്രാമപ്രദേശങ്ങളില്‍ ഫ്ലാസ്റ്റ് സിസ്റ്റം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ , സാധാരണക്കാരന് ഒതുങ്ങുന്ന വിലയില്‍ ഫ്ലാറ്റുകള്‍ ഉണ്ടാക്കാന്‍ പറ്റുകയും ഒരു കുടുംബത്തിന് ഒരു വീട് എന്ന നിലയില്‍ത്തന്നെ പ്രകൃതിയുമായി ഇണങ്ങിനിന്നുകൊണ്ട് ഒരു വാസവ്യവസ്ഥിതി ഉണ്ടാക്കാനും സാധിക്കും. പുതുതായി നിര്‍മ്മിക്കപ്പെടുന്ന വീടുകള്‍ക്ക് റെയിന്‍ വാട്ടര്‍ ഹാര്‍വെസ്റ്റ് സിസ്റ്റം ഇല്ലെങ്കില്‍ വീടിന്റെ പ്ലാന്‍ അനുവദിക്കപ്പെടുന്നില്ല എന്നത് നല്ല കാര്യം തന്നെ. പക്ഷെ പഴയ വീടുകളുടെ കാര്യമോ ? നിലവിലുള്ള എല്ലാ വീടുകള്‍ക്കും മഴവെള്ളസംഭരണികള്‍ ഉണ്ടാക്കണമെന്ന നിയമം കൊണ്ടുവരുകയും നിശ്ചിത സമയത്തിനകം അത് നടപ്പിലാക്കുകയും ചെയ്യാനായാല്‍ ഒരു പരിധിവരെ വിജയിച്ചു എന്നുതന്നെ കരുതാം . ഫ്ലാറ്റ് സിസ്റ്റം ഉണ്ടാക്കാന്‍ പറ്റില്ല എന്നുള്ളയിടത്ത് അല്ലെങ്കില്‍ ജനങ്ങള്‍ അത് സ്വീകരിക്കില്ല എന്നുള്ളയിടത്ത് ചിലവുകുറഞ്ഞ സെമി ഡിറ്റാച്ച്ഡ് (അതോ അറ്റാച്ച്‌ഡോ) വീടുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കണം. ചൂട് ഏറ്റവും കൂടുതലായി ഉണ്ടെന്ന് പറയുന്ന പാലക്കാട് ജില്ലകളിലെ പഴയകാലത്ത് നിര്‍മ്മിച്ച അഗ്രഹാരങ്ങള്‍ തന്നെയാണ് ഇത്തരം സെമി ഡിറ്റാച്ച്ഡ് വീടുകള്‍ക്ക് ഏറ്റവും വലിയ ഉദാഹരണം,

ഇതോടോപ്പം തന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യമാണ് കൃഷി എന്ന ഒരു കാര്യം മലയാളി പാടേ മറന്നത്. പണ്ടത്തെ കൃഷി രീതികള്‍ ഇപ്പോള്‍ വേണമെന്നോ എലലവരും പാടത്തേക്ക് ഇറങ്ങണമെനോ പറയുന്നില്ല. ഒന്നോ രണ്ടോ പയറ്, ഒരു മൂട് പാവല്‍, ഒന്നോരണ്ടോ വാഴകള്‍, ഒരല്‍പ്പം ചീര, ഇതൊക്കെ ഏതു സ്ഥലമില്ലാത്ത വീട്ടിലും നടാവുന്നതല്ലേയുള്ളൂ? ഒരല്പം വെള്ളം മാത്രം കൊടുത്താല്‍ അവ തനിയെ വളരുകയും ചെയ്യും. ഇതുപോലും ചെയ്യാതെ എന്തു വേണമെങ്കിലും കടയിലേക്ക് ഓടാനും, അന്യസംസ്ഥാനങ്ങള്‍ മാത്രം ആശ്രയിച്ച് ജീവിക്കാനും നാം പഠിച്ചു.റബ്ബര്‍ തോട്ടങ്ങള്‍ വച്ചു പിടിപ്പിച്ച കേരളം നിത്യ ഹരിതം എന്നു നമുക്ക് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും അത് ഒട്ടും ശരിയല്ല. റബ്ബര്‍ മരങ്ങള്‍ നില്‍ക്കുന്ന പ്രകൃതിയില്‍ ഒരു പുല്ലുപോലും വളരുവാന്‍ അവ അനുവദിക്കില്ല. സ്വാഭാവികമായ ഹരിതവനങ്ങളും, ചെടികളും തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും നശിച്ചു പോകാന്‍ കാരണവും റബ്ബറിന്റെ വരവുതന്നെ.

പുല്ലുവളരാത്ത ഭൂമി മഴവെള്ളത്തെ തടഞ്ഞൂനിര്‍ത്തുകയോ അതിനെ മണ്ണിലേക്ക് താഴ്ത്തുകയോ ചെയ്യുന്നതെങ്ങനെ? മരം വെച്ചുപിടിപ്പിക്കാന്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നത് ഇതിന്റെ അന്തിമ ഫലം നമുക്ക് കിട്ടില്ലല്ലോ എന്ന ചിന്തയില്‍ നിന്നാകാം. അതേ സമയം സ്വന്തം വീട് നിര്‍മ്മിക്കുന്ന കാര്യം വരുമ്പോള്‍ ആവശ്യമുള്ളയിടത്തും അല്ലാത്തയിടത്തും മരം അവര്‍ക്ക് ഉപയോഗിച്ചേ പറ്റൂ. ആ ചിന്തയ്ക്ക് അറുതി വരണം. വീട്ടുവളപ്പില്‍ നിന്നായാലും ഒരു മരം മുറിക്കുമ്പോള്‍ 10 മരമെങ്കിലും വെച്ച്പിടിപ്പിക്കുകയും അത് വളര്‍ത്തിയെടുക്കുകയും ചെയ്യണം. നാളികേരത്തിന്റെ വിലയിടിവും കേരവൃക്ഷങ്ങളില്‍ നിന്ന് ഫലമെടുക്കുന്ന ജോലിക്ക് ആളെ കിട്ടാനുള്ള ദൌര്‍ഫല്യവും കാരണം കേരളത്തിലെവിടെയെങ്കിലും തെങ്ങ് നട്ടുപിടിപ്പിക്കുന്നുണ്ടോ ഇക്കാലത്തെന്ന് സംശയമാണ്. അങ്ങനാണെങ്കില്‍ കേരമരങ്ങളുടെ അളം കേരളം എന്ന പേരുകൂടെ അധികം നാള്‍ കഴിയുന്നതിന് മുന്നേ നമുക്ക് നഷ്ടപ്പെടും. തെങ്ങല്ലെങ്കില്‍ മറ്റേതെങ്കിലും മരമെങ്കിലും നട്ടുപിടിപ്പിക്കാന്‍ മലയാളി മനസ്സുവെച്ചേ പറ്റൂ. മഴവെള്ളം സംഭരിക്കാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തുക. പറ്റാവുന്നിടത്തോളം മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും, നിലവിലുള്ള കാടുകള്‍ സംരക്ഷിക്കുകയും ചെയ്യുക. ഇതെല്ലാം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മനസ്സുവച്ചാൽ നടക്കാവുന്ന കാര്യമേയുള്ളൂ.

ഉഷ്ണം ഉഷ്ണേന ശാന്തി എന്ന് പഴമക്കാര്‍ പറയാറുണ്ട്. ശാസ്ത്രീയമായി നോക്കിയാലും വളരെ അര്‍ത്ഥവത്തായ ഒരു ചൊല്ലാണത്. ചൂടുള്ള ഒരു വസ്തുവിലേക്ക് തണുത്തവെള്ളം ഒഴിക്കുമ്പോള്‍ അത് കാച്ചിയെടുക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. ചൂടിനെ നേരിടാന്‍ തണുത്തവെള്ളം കുടിക്കുന്ന പതിവ് അതുകൊണ്ടുതന്നെ കുറയ്ക്കണം. ശരീരത്തിന് അത് നന്നല്ല എന്ന് മാത്രമല്ല വിചാരിക്കുന്നതിനേക്കാള്‍ എളുപ്പം നമ്മള്‍ ക്ഷീണിതരാകുകയും ചെയ്യുന്നു. തണ്ണിമത്തന്‍, പൊട്ടുവെള്ളരി പോലുള്ള പാനീയങ്ങള്‍ ചൂടാക്കി കുടിക്കുന്നത് നടക്കുന്ന കാര്യമല്ലെന്നറിയാം. പക്ഷെ അത് തണുപ്പിച്ച് കുടിക്കാതിരിക്കാനാവുമല്ലോ ? സ്വാഭാവികമായ ചൂടില്‍ത്തന്നെ അത്തരം പാനീയങ്ങള്‍ കുടിക്കാന്‍ ശ്രമിക്കുക എന്നതാണ് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം. ചൂടിനെപ്പറ്റി ചർച്ചചെയ്യുമ്പോൾ അവശ്യം എല്ലാവരും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വൈദ്യുതിയുടെ ഉപയോഗം. വൈദ്യുതിയുടെ ക്രമാതീതമായ ഉപയോഗം ഫലത്തിൽ അന്തരീക്ഷത്തിൽ കാർബൺ ഡയോക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുകയും തന്മൂലം ഗ്ലോബൽ വാമിങ്ങിന്റെ വേഗതവർദ്ധിപ്പിക്കുകയും ചെയ്യുന്നു.

നമുക്ക് നാമേ പണിവതു നരകം....എന്ന് പറയാതെ വയ്യ..


By Nammude Boolokam Editorial Board
Image By : കൌശിക് ചന്ദ്ര
മികച്ച ചിത്രം

മികച്ച ചിത്രം

പ്പിള്‍ എ ഡേ ബെസ്റ്റ് ബ്ലോഗ്‌ ഫോട്ടോ അവാര്‍ഡ് മത്സര ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ആകെ ലഭിച്ച 49 എന്ട്രികളില്‍ നിന്നും 32 എണ്ണം തിരഞ്ഞെടുത്തു മത്സരത്തിനായി തയ്യാറാക്കിയിട്ടുള്ള ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വായനക്കാര്‍ക്ക് മികച്ച ചിത്രം തിരഞ്ഞെടുക്കാം. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു ചിത്രത്തിന്റെ നമ്പര്‍ കമന്റായി രേഖപ്പെടുത്താം. കമന്റു മോഡറെറ്റു ചെയ്യപ്പെടുന്നതിനാല്‍ ഫല പ്രഖ്യാപനം വരെ മല്സര ഫലം രഹസ്യ സ്വഭാവം കൈവരിക്കും. വോട്ടെടുപ്പ് തികച്ചും കുറ്റമറ്റതായിരിക്കുവാന്‍ വേണ്ട മുന്‍കരുതലുകള്‍ ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.


ആർക്കൊക്കെ വോട്ട് ചെയ്യാം? സ്വന്തമായ ബ്ലോഗ് (ബ്ലോഗർ, വേഡ്പ്രസ്) പ്രൊഫൈൽ ഐ.ഡി ഉള്ളവർക്ക് മാത്രമാണ് വോട്ടുകള്‍ കമന്റായി രേഖപ്പെടുത്താനുള്ള അവകാശം. ഈ ഐ.ഡി യുമായി ബന്ധപ്പെട്ട ഒരു ബ്ലോഗും ഉണ്ടാവണം. ഈ കമന്റുകൾ മോഡറേഷനിൽ വയ്ക്കുകയും ഫലപ്രഖ്യാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. പ്രൊഫൈൽ ഇല്ലാത്ത ഐ.ഡികളിൽനിന്നുള്ള കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. വായനക്കാർക്ക് ഫോട്ടോകളെപ്പറ്റിയുള്ള അഭിപ്രായങ്ങളുണ്ടെങ്കിൽ അവയും കമന്റുകളായി രേഖപ്പെടുത്താവുന്നതാണ്.


ഫോട്ടോഗ്രാഫറുടെ പേര് തൽക്കാലം വെളിപ്പെടുത്തുന്നില്ല. മാർച്ച് 30 ന് ഫലപ്രഖ്യാപനം നടത്തുമ്പോൾ ഫോട്ടോഗ്രാഫർമാരെ പരിചയപ്പെടുത്തുന്നതായിരിക്കും.

വെബ് പോൾ രീതിയിലുള്ള വോട്ടിംഗ് ഉണ്ടായിരിക്കുന്നതല്ല; കമന്റുകൾ മാത്രമാണ് വോട്ടായി പരിഗണിക്കുന്നത്. ഒന്നിലേറെത്തവണ ഒരു വ്യക്തി കമന്റ് രേഖപ്പെടുത്തിയാലും ഏറ്റവും ആദ്യത്തെ കമന്റിൽ പറഞ്ഞ ഫോട്ടോയെ ആയിരിക്കും വോട്ടിൽ പരിഗണിക്കുന്നത്.മലയാളം ബൂലോകത്തിലെ ആക്റ്റീവായ പല ഫോട്ടോഗ്രാഫർമാരും പങ്കെടുക്കാൻ എന്തുകൊണ്ടോ അത്ര താല്പര്യം കാണിക്കാതിരുന്ന ഈ മത്സരത്തിൽ വളരെ ഉത്സാഹത്തോടെ കൂടുതലും മുമ്പോട്ട് വന്നത് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോക്താക്കളായ ഫോട്ടോഗ്രാഫർമാരാണ്. മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ചെടുത്ത എൻ‌ട്രികളും ലഭിക്കുകയുണ്ടായി.
മത്സര ഫലം 2010 മാര്‍ച്ച്‌ 30 നു പ്രസിദ്ധീകരിക്കും എന്നതിനാല്‍ ഉടന്‍ തന്നെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.

സ്നേഹത്തിന്റെ കുളിരുള്ള ഡിസംബര്‍

കുറച്ചു സമയം ഒത്തിരി കാര്യം Part - 1 Part - 2
സപ്ന അനു. ബി. ജോര്‍ജ്
ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന്ന ക്രിസ്തുമസ്‌, ആഘോഷങ്ങളുടെയും, സമ്മാനങ്ങളുടെയും,ഒരു പുതു പുത്തന്‍ അനുഭവങ്ങളുടെ കാലമാണ്‌. മനുഷ്യ കുലത്തിനു ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍. ഈ സദ്‌ വാര്‍ത്ത "ലോകസമാധാനത്തിന്റെ മിശ്ശിഹായുടെ ജനനം" ലോകത്തെ അറിയിക്കാന്‍ ചുമതലപ്പെട്ടവരാണ്‌ നമ്മള്‍. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദീപശിഖയുമേന്തി ദൈവത്തിന്റെ ദൂതനായി നാം , സ്വയം വരിക്കപ്പെടുന്നു. ലോകസമാധാനത്തിനായി, തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിനു സമ്മാനിച്ച ത്രീയേക ദൈവം. ആ ജനനത്തിന്റെ ഓര്‍മ്മ.

ഈ ഭൂമിയിലെ പ്രവാസിയായ നമ്മെ, ഈ ജീവിതത്തില്‍ നിന്നും നമ്മെ നാട്ടിലേക്കു വിളിക്കുന്ന ഒരു പ്രചോദനം ആകുന്നു, നമ്മെ നയിക്കുന്ന ഭൂജാതനവന്റെ ഓര്‍മ്മ ബന്ധങ്ങള്‍ പുതുക്കാന്‍ സഹായിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ക്രിസ്തുമസിന് ,നാട്ടില്‍ എത്തി, ബന്ധുക്കളെയും, കൂട്ടുകാരെയും വീട്ടുകാരെയെയും, കണ്ടു കേട്ട്‌, അവര്‍ക്കുള്ള, ഉപഹാരങ്ങളും നല്‍കി, ഒരു വര്‍ഷത്തെ , സ്നേഹം മുഴുവല്‍ കോരിനിറച്ച മനസ്സുമായി, തിരിച്ചു പോരാന്‍ വിധിക്കപ്പെട്ട പ്രവാസി. ഇതിനിടയില്‍ നഷ്ടപ്പെടുന്ന ഒരു പിടി ബന്ധങ്ങള്‍ കോര്‍ത്തിണക്കി, സാഹോദര്യത്തിന്റെയും, സമാധാനത്തിന്റെയും സമയം നമ്മള്‍ നേടിയെടുക്കുന്നു. ക്രിസ്സ്തുമസ്‌ ആഘോഷത്തിനു മധുരം പകരനായി ഒരു മാസത്തിനു മുന്‍പേ തയ്യാറാക്കപ്പെടുന്ന, ക്രിസ്തുമസ്‌ കേക്കുകള്‍. ഉണക്കമുന്തിരിയും, പറങ്കിയണ്ടിയും, എല്ലാം കുതിര്‍ത്തുവെച്ച്‌, വല്ല്യമ്മച്ചിയുടെ, ആ പഴയ കീറിപ്പറിഞ്ഞ പുസ്തകത്താളുകളില്‍ നിന്ന്, ഈന്നും നാം വായിച്ചു ഉണ്ടാക്കുന്ന, 'ഞങ്ങടെ വല്യമ്മച്ചിയുടെ' കൈയിക്കിന്റെ, മധുരം ഇന്നും നാവില്‍ തുമ്പില്‍ മായാതെ നില്‍ക്കുന്നു. പിന്നെ വീഞ്ഞ്‌, ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക്‌ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വിഭവമാണ്‌ , വീര്യം കുറഞ്ഞ, മുന്തിരിച്ചാറില്‍ നിന്നും മാത്രം ഉണ്ടാക്ക്യിയെടുക്കുന്ന ഈ വീഞ്ഞ്‌. പണ്ട്‌ ഒക്റ്റൊബര്‍ മാസത്തില്‍, മണ്‍ഭരണികളില്‍, ചേരുവകള്‍ എല്ലാം ചേര്‍ത്ത്‌ ഭരണി മൂടിക്കെട്ടി വയ്ക്കുന്നു. ഡിസംബര്‍ ആദ്യ ദിവസങ്ങളില്‍ ഊറ്റിയെടുത്ത്‌, കുപ്പികളിലാക്കുന്ന വീഞ്ഞ്‌, ക്രിസ്തുമസ്‌ രാത്രിയില്‍ മാത്രമെ തുറക്കുകയുള്ളു. പിന്നെ കുരുമുളകു തേച്ചു പൊള്ളിച്ച താറാവിറച്ചി.നല്ല കുത്തരിയിട്ടു കുതിര്‍ത്ത് പച്ചത്തേങ്ങായും ഈസ്റ്റും ചേര്‍ത്തരച്ചുണ്ടാക്കുന്ന, പാലപ്പം. നമ്മുടെ നാട്ടിന്‍പുറത്തെ പറമ്പുകളില്‍ ഉണ്ടാകുന്ന നല്ല കൈതച്ചക്ക വിളയിച്ചതും, അങ്ങനെ, വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെ കാണും.
http://nanobugle.files.wordpress.com/2008/12/90_03_36-christmas-decorations_web1.jpg
രാത്രിയിലെ പള്ളികുര്‍ബാനയും കഴിഞ്ഞെത്തുന്ന ബന്ധുക്കള്‍ എല്ലവരുംകൂടി ഒത്തുചേര്‍ന്ന്, കേക്കും വീഞ്ഞും, ഒരു പോലെ പകര്‍ന്നെടുത്ത്‌, എല്ലാ ബന്ധുക്കളും, ഒത്തൊരുമിച്ച്‌, ക്രിസ്തുമസ്‌ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നു. അന്ന് എല്ലാ വീട്ടുകാരും, ബന്ധു വീടുകള്‍ സന്ദര്‍ശിക്കുകയും, എല്ലാ പിണക്കങ്ങളും, വിദ്വേഷങ്ങളും മറന്ന്, ഒത്തുചേരുന്നു. സന്ദര്‍ശ്ശകരായി എത്തുന്ന എല്ലാവര്‍ക്കും തന്നെ കേക്കും വീഞ്ഞും നല്‍കണം എന്നത്‌, ഒരു ആചാര രീതി തന്നെയാണ്‌. എത്രയോ നൂറ്റാണ്ടുകളായി, ഇന്നും, ഒരു സ്നേഹത്തിനെയും സമാധാനത്തിന്റെയും, ഒരു സവിശേഷമായ ഒരു സമയമാണ്‌ ഡിസംബര്‍ മാസം.

നാട്ടിലെ പള്ളിയുടെ പ്രതിഛായയില്‍ ഇവിടെ നാം കെട്ടിപ്പെടുത്ത ആരാധനാലയങ്ങളില്‍ തരുന്ന, സമാധനത്തിന്റെയും, ത്യാഗത്തിന്റെയും സന്ദേശങ്ങള്‍. സഹാനുഭൂതിയുടെയും, സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍. മനുഷ്യന്‍ മനുഷ്യനെ,സ്നേഹിക്കാനും, സഹായിക്കാനും, പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍. ഈ മണലാരാരണ്യത്തില്‍ കുറെ നഷ്ടങ്ങളുടെയും തെറ്റിപ്പോയ മനക്കോട്ടകളുടെയും കണക്കു കൂട്ടലുകളുടെയും ഇടയില്‍ തിങ്ങി ഞെരുങ്ങി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരാള്‍ മറ്റൊരാളുടെ നൊമ്പരങ്ങള്‍ക്ക്‌ പരിഹാരങ്ങളും പഴുതുകളൂം തേടുന്ന ഈ ദേശത്ത്‌, വരും കാലങ്ങളിലും, ക്രിസ്തുവിന്റെ ഓര്‍മ്മകള്‍ നിറയുന്ന സ്നേഹസമ്പൂര്‍ണ്ണമായ ഈ ദിവസങ്ങള്‍, നമ്മുടെ ജീവിതത്തില്‍ ഉടനീളം സ്നേഹത്തിന്റെ കുളിര്‍മഴ പെയ്യിക്കട്ടെ,
രണ്ടു വാര്‍ത്തകള്‍  !

രണ്ടു വാര്‍ത്തകള്‍ !


ബഹറിന്‍ ബൂലോകര്‍ ജയ് ഹിന്ദ്‌ ടി വി യില്‍

വരുന്ന വള്ളിയാഴ്ച (19 മാര്‍ച്ച്) ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് ജയ്ഹിന്ദ് ടിവിയില്‍ ബഹ്റൈന്‍ ബുലോകത്തെ അംഗങ്ങളുമായി ബ്ലോഗര്‍ അനില്‍ വേങ്കോട് നടത്തുന്ന ചര്‍ച്ച പ്രക്ഷേപണം ചെയ്യുന്നു. പ്രസ്തുത പരിപാടിയുടെ പുനഃപ്രക്ഷേപണം ഞായറാഴ്ച് (21 മാര്‍ച്ച് ) രാത്രി 12 മണിക്കും ഉണ്ടായിരിക്കുന്നതാണ്.

പ്രശസ്ത ബ്ലോഗര്‍മാരായ സാജു (നട്ടപ്പിരാന്തന്‍) രാജു (ഇരിങ്ങന്‍), സജി (അച്ചായന്‍), ബിജു (നചികേതസ്സ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

ബ്ലൊഗുകളുടെ പ്രസക്തി, ബ്ലോഗ് അനുഭവങ്ങള്‍, ഇതര മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിന്റെ വ്യത്യാസങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു..

ബ്ലോഗ് സുഹൃത്തുക്കള്‍ കാണാന്‍ മറക്കല്ലേ...മരക്കാര്‍ കവിതകള്‍ പുസ്തകമാകുന്നു.


മരക്കാരിസം എന്ന ബ്ലോഗില്‍ കവിതകള്‍ എഴുതിയിരുന്ന കക്കാട്ടിരി തടത്തിപ്പറമ്പില്‍ മരക്കാറിന്റെ കവിതകള്‍ പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. "പൊട്ടിചൂടിന്റെ തീനാളം " എന്ന് പേരിട്ട കവിതാ സമാഹാരം ഈ വരുന്ന ഞായറാഴ്ച ഉച്ച തിരിഞ്ഞു മൂന്നു മണിക്ക് മരക്കാറിന്റെ ഗൃഹാങ്കണത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ച് മഹാകവി അക്കിത്തം പ്രകാശനം ചെയ്യുന്നു.

KSSPU പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ ഓ.പി ഉണ്ണി മേനോന്റെ അധ്യക്ഷത യില്‍ ചേരുന്ന യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ ശ്രീ ഇ. ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. ശ്രീ.പി രാമന്‍, ശ്രീ വി.ടി.വാസുദേവന്‍ , ശ്രീ ടി.പി. മരക്കാര്‍ എന്നിവര്‍ പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും. തുടര്‍ന്ന് ,
തൃത്താല ഹൈ സ്കൂള്‍ റിട്ട .ഹെഡ് മാസ്റ്റെര്‍ ശ്രീ . കെ.വി.കൃഷ്ണന്‍ മാസ്റ്റര്‍ക്ക് പുസ്തകം നല്‍കിക്കൊണ്ട് മഹാകവി അക്കിത്തം പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും .

ശ്രീ മരക്കാര്‍ക്ക് നമ്മുടെ ബൂലോകം ടീമിന്റെ ആശംസകള്‍
മാമലനാട്ടിലെ രുചിയുടെ മാലപ്പടക്കം

സപ്ന അനു ബി ജോര്‍ജ്
ച്ചിലകളുടെതണലും,പച്ചപുതച്ചു നിലക്കുന്ന വലിയ മലനിരകളും അവക്കിടയിൽ ഒതുങ്ങി പറ്റിച്ചേർന്നു കിടക്കുന്ന,ലോകപ്രസിദ്ധമായ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉണ്ട് ഒമാനിൽ.പല ഡിസ്ട്രിക്റ്റുകളായി വ്യാപിച്ചു കിടക്കുന്ന ഈ രാജ്യത്തിന്റെ കയ്യൊപ്പിന്റെ തന്നെ പ്രധാനഭാഗമാണ് ഇവിടുത്തെ വൈവിധ്യമാർന്ന,അതിവിശിഷ്ടമായ ഭക്ഷണരീതിയും ആതിഥേയത്വവും.കഴിഞ്ഞ 8 വർഷമായി ലോകത്തെ ഏറ്റവും നല്ല ഹോട്ടലിനുള്ള Worlds Best Hotelഅവർഡ് കിട്ടുന്നത്, മസ്കറ്റിലുള്ള ബാർ അൽ ജൈസ ഹോട്ടലിനാണ്. അത്യാധുനികതയിൽ,അടങ്ങിയ ഈ ഹോട്ടലിൽ ഇൻഡ്യൻ ഭക്ഷണം ഒരു പ്രത്യേക വിഭാഗം തന്നെയാണ്. അൽ ബുസ്താൻ പാലസ് നിർമ്മിച്ചതു തന്നെ ജി സി സി,മീറ്റിംഗിനു വേണ്ടിയാണ്,സകലവിധ സുരക്ഷാ സന്നാഹങ്ങളോടും കൂടി GCC മീറ്റിംഗിനു വേണ്ടി 200 ഏക്കറിനുള്ളിൽ നിർമ്മിക്കപ്പെട്ടതാണ് ഈ ഹോട്ടൽ.250 മുറികളടങ്ങുന്ന ഈ ഹോട്ടലിലെ ഇൻഡ്യൻ ബുഫെ,അതിവിഷിഷ്ടമാണ്.

ഏറ്റവുമധികം അനൌപചാരികതയും,ഔപചാരികമായും ഉള്ള എല്ലാത്തരം മീറ്റിംഗ് വിരുന്നുകളും മറ്റും നടക്കുന്ന, ഇൻഡ്യൻ മാനേജ്മെന്റിന്റെ കീഴിൻ നടക്കുന്ന റെസ്റ്റോറന്റാണ് മുംതാസ്സ് മഹാൾ. എല്ലാ നല്ല കംബനികളുടെയും ബിസിനസ്സ് മീറ്റിംഗുകളും, വിരുന്നുകൾക്കും എല്ലാവരുടെ ആദ്യത്തെ റെസ്റ്റോറന്റിന്റെ പേരു പറയുന്നത് എപ്പോഴും മുംതാസ് മഹാളിന്റെ തന്നെയാണ്.കഴിഞ്ഞ 5 വർഷം ആയി, മസ്കറ്റിലെ ഏറ്റവും ബെസ്റ്റ് റെസ്റ്റോറെൻഡ് അവാർഡ് കരസ്ഥമാക്കുന്ന, മനോഹരമായ കുന്നിൻ ചെരുവിൽ നീലാകാശത്തിന്റെ നീലിമയിൽ മുങ്ങിക്കിടക്കുന്ന മുംതാസ്സ് മഹാൾ. ഇൻഡ്യക്കാരും മലയാളികളും വെയിറ്റർമാരായും,മാനേജ്മെന്റ് ലെവലിലും ഉള്ള ആൾക്കാരുടെ താത്പര്യവും ആദിത്യമര്യാദയുടെ കീഴ്വഴക്കങ്ങളും വളരെ നല്ല രീതിയിൽ നമുക്കിവിടെ കാണാം.

ജീൻസ് ഗ്രിൽ-സുൽത്താൻ സെന്റർ പ്രത്യേകത മിഡിൽ ഈസ്റ്റേൺ ഏഷ്യൻ ആഹാരത്തിന്റെ ഒരു ഫ്യൂഷൻ ഇവിടെ ലഭ്യമാണ്.എല്ലാ വെള്ളിയാഴ്ചയും,ദോശ,ഇഡ്ഡലി,പലതരം ഓം പ്ലേറ്റ്,എല്ലാത്തരം നോർത്ത് ഇൻഡ്യൻ ആഹാരങ്ങൾ,കൂടെ എല്ലാത്തരം,ഇംഗ്ലീഷ് ആഹാരങ്ങളും ചൂടായി ബുഫേ സ്റ്റൈലായി ഒരുക്കിവെച്ചിരിക്കും.ഓം ലെറ്റ്,ഗീ റോസ്റ്റ് ദോശ എന്നിവ,അപ്പോൾ തന്നെ തവയിൽ നമ്മുടെ മുന്നിൽത്തന്നെ ഉണ്ടാക്കിക്കൊടുക്കുന്നു.എല്ലാത്തരം ഇൻഡ്യാക്കാർക്കൊപ്പം തന്നെ,എല്ലാ ജാതിമതസ്ഥരും, രാജ്യക്കാരും പതിവായി ബ്രഞ്ച് നായി,വെള്ളീയാഴ്ച രാവിലെ പതിവായി എത്തുന്ന സ്ഥലമാണിത്.

സ്പൈസി വില്ലേജ് ഇവിടുത്തെ ഏറ്റവും പഴയത് എന്നു വിശേഷിപ്പിക്കാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ്.ഒമാനിൽ എല്ലാ വില്ലേജുകളിലും ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.വലിയ ഓഫ്ഫിസുകൾക്ക് മെസ്സുകൾ,സ്ഥിരമായി വരുന്ന മീറ്റിംഗുകൾ,ബെർത്ത് ഡേ ആഘോഷങ്ങൾ എന്നിങ്ങനെ,പല തരം പാർട്ടികൾക്ക് എന്നും വേദിയാവുന്ന റെസ്റ്റോറന്റുകളിൽ ഒന്നാണ് സ്പൈസി വില്ലേജ്.

റൂവിയുലുള്ള വുഡ്ലാൻഡ്സ് എന്ന റെസ്റ്റോറന്റ് എല്ലാ രാജ്യക്കാരുടെയും പ്രിയപ്പെട്ട ഒരു സ്ഥലം ആണ്. ഇൻഡ്യയിലെ എല്ലാത്തരം വിഭവങ്ങളും ഇവിടെ കിട്ടും എന്നുള്ളത് ഒരു പ്രത്യേകത തന്നെയാണ്.ബുക്കിംഗ് ഇല്ലാതെ ഇവിടെ റ്റേബിൾ കിട്ടാൻ പ്രയാസം ആണ്.ഒമാൻ കാണാനെത്തുന്നു വിരുന്നുകാർക്കും മറ്റും മിക്ക ഹോട്ടലുകാരുടെയും വിസിറ്റേഴ്സ് മെനുവിൽ പ്രത്യേകമായി നിർദ്ദേശിച്ചിരുക്കുന്ന പേരുകളിൽ ഒന്നാണ് വുഡ്ലാൻഡ്സ്.ഇവിടുത്തെ ചിക്കൻ ചെട്ടിനാട് കറി,ചില പ്രത്യേക കേരള വിഭവങ്ങൾ വളരെ പ്രസിദ്ധമാണ്.പ്രത്യേകമായി,കേരളം തമിഴ്നാട്,എന്നി വേണ്ടി മാത്രം ഇവിടെ ആഹാരത്തിനു വരുന്നവർ ഉണ്ട്.

അപ്പ്റ്റൌൺ സമ്മർകണ്ഡ്,ഗുജറാത്ത് ഭോജൻ ശാലയിൽ ഗുജറത്തി സ്റ്റൈലിലുള്ള എല്ലാത്തരം വിഭവങ്ങളും സുലഭമാണ്. വളരെ ലളിതവും എന്നാൽ രുചിയുടെ കാര്യത്തിൽ അങ്ങേയറ്റം സുഷ്മതയും,കൃത്യമായ രുചി വൈദധ്യവും പാലിക്കപ്പെടുന്നു. മസ്കറ്റിന്റെ ഒരു ഷോപ്പിങ് സ്ഥാപനങ്ങളുടെ അരികിലായിട്ടാണ് അപ്പ് റ്റൌൺ എന്നത് ,ഇവിടെക്ക് ആഹാരത്തിനായി എത്തിന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുന്നു എന്നത് ഒരു ശ്രദ്ധേയമായ കാര്യമാണ്.

വീനസ് റെസ്റ്റോറന്റ് എല്ലാവരുടെയും ഏറ്റവും ഇഷ്ടമുള്ള സ്ഥലം എന്നു വിളിക്കാവുന്ന,ചെറിയ ഭക്ഷണ ശാലയാണ്.എല്ലാത്തരം ദോശ,ഇഡ്ഡലി,ഉപ്പുമാവ്,പാവ് ബാജി,പൂരി മസാല എന്നു വേണ്ട എല്ലാത്തരം സൌത്ത് ഇൻഡ്യൻ ഭക്ഷണം ലഭിക്കുന്നതിനാൽ എല്ലാവരുടെയും,വെള്ളിയാഴ്ച കാലത്തെ പ്രഭാതം മിക്കാപ്പോഴും ഇവിടെത്തന്നെയാണ്.ഉച്ചയൂണിനും,ാലി മീത്സിനും ആയി ധാരാളം പേർ സ്ഥിരമായി ഇവിടെ എത്താറുണ്ട്.ഇവിടെ അമ്പലത്തിൽ പോയി വരുന്ന എല്ലാ ചൊവ്വാഴ്ചകളിലും,വെജിറ്റേറിയൻ ഭക്ഷണത്തിനായി എത്തുന്ന വിജേഷും ഷബ്നവും,മകനും,ഒരു ദിവസം പോലും മറ്റൊരു റെസ്റ്റോറന്റിനെപ്പറ്റി ആലോചിക്കാറെ ഇല്ല.തനിയെ താമസിക്കുന്നവരും, പ്രത്യേകിച്ച് ബാച്ചിലർമാരും അത്യധികം ഇഷ്ടപ്പെടുന്ന ഒരു റെസ്റ്റോറെന്റ് ആണ് വീനസ്. സന്ധ്യക്കു ശേഷം മാത്രം തുറന്നു പ്രവർത്തിക്കുന്ന കബാബുകൾക്കായി ഒരു പ്രത്യേക വിഭാഗം തന്നെയുണ്ട്.

ശരവണഭവൻ വാക്കുകൊണ്ടും,ആഹാരം കൊണ്ടും തനി തമിഴ് ഭക്ഷണങ്ങൾ മാത്രം ഉള്ള വെജിറ്റേറിയൻ റെസ്റ്റോറന്റ് ആണിത്.മസ്കറ്റിലെ റൂവിയിൽ,ഇൻഡ്യാക്കാർ തിങ്ങിപ്പാർക്കുന്ന ഏരിയായിലാണ് ശരവണഭവൻ.ഗൾഫിൽ മാത്രമല്ല, അമേരിക്ക,ഇംഗ്ലൺഡ് എന്നിവിടങ്ങളിൽ ഇതിന്റെ ബ്രാഞ്ചുകൾ ഉണ്ട്.റൂവിലെ ഒട്ടുമുക്കാൽ ജനങ്ങളുടെയും ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്,6 മണിക്കുള്ള ഭക്ഷണം,ഡിന്നർ എന്നിവക്ക്,ഇത്തിരി ദൂരെ നിന്നും പോലും ഇവിടെ എത്തുന്നവർ ധാരാളം ആണ്. ഓഫീസ്സ് വിട്ട് വീട്ടിലേക്കു പോകും വഴി ഒരു സ്നാക്ക് എന്ന പേരിൽ,പൂരി/മസാല, ബട്ടൂര/ചെന,ദോശ വട എന്നീ വിഭവങ്ങൾക്കായി ഇവിടെത്തെന്നെ,എത്ര കണ്ട് തിരക്കിലും എത്തുന്നവർ ഉണ്ട്.ഏറ്റവും അധികം ആൾക്കാരെത്തുന്നത്,ഉച്ചക്കുള്ള പലതരം താലി മീൽസിനു വേണ്ടിയാണ്.ഓർഡർ ചെയ്ത് മിനിട്ടുകൾക്കകം,എത്തുന്ന ഇവിടുത്തെ ഭക്ഷണം രുചിയിലും,ഭാവത്തിലും,വൃത്തിയിലും, ഏതൊരു വീട്ടിലും കിട്ടുന്നു ഭക്ഷണത്തിനോടു കിടപിടിക്കുന്നതാണ്.

കാമത്ത് എന്നതും ഒരു ഗുജറാത്തി ചെയിൽ ഇൻഡ്യൻ റെസ്റ്റോറന്റിന്റെ ഭാഗമാണ്. വിവിധ രുചിരസം പകരുന്ന ഫലൂഡ,ബർഫി,പേട,ഗുലാബ് ജാമുന്‍ എന്നിങ്ങനെ എല്ലാ മധുര പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. ഇതിനു പുറമെ,ദോശ,ഇഡ്ഡലി,വട,പലതരം ചപ്പാത്തി, റോട്ടി,എല്ലാത്തരം വെജിറ്റബിള്‍ കറികള്‍ ,പനീര്‍ ടിക്ക, വെജിറ്റബിള്‍ റ്റിക്ക, എന്നിങ്ങനെ എല്ലാത്തരം വെജിറ്റേറിയൻ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.വളരെ സഹൃദയരായ വെയിറ്റര്‍മാരുള്ള കാമത്തിന്റെ എല്ലാവരുടെയും പ്രിയപ്പെട്ട ബ്രാഞ്ചാണ് റെക്സ് റോഡിലുള്ളത്. തമിഴ് ബ്രാഹ്മിണ്‍ വിഭാഗത്തില്‍‌പ്പെട്ടവരായ, ബാലാജിയുടെയും ശോഭയും കുടുംബവും റൂവിലുള്ള അമ്പലത്തില്‍ പോയി വരുന്ന വഴി ഭക്ഷണം കഴിക്കാനായി സ്ഥിരമായി കയറുന്ന ഇടമാണ് കാമത്ത്.

റൂവി ഹൈസ്റ്റ്ടീറ്റിലെ പഞ്ചാബി ഡാബ എല്ലാത്തരം പഞ്ചാബി ആഹാരങ്ങളും ലഭിക്കുന്ന ഒരു റെസ്റ്റോറന്റ് ആണ്. പലതരത്തിലുള്ള ലെസ്സി, ഇവിടുത്തെ ഒരു സ്പെഷ്യല്‍ പാനീയമാണ്. ചിക്കന്‍ തന്തൂരികള്‍, പല വലുപ്പത്തിലും രുചിയിലൂം ലഭ്യമാണ്. തന്തൂരി റോട്ടി, പഴയരീതിയുലുള്ള തന്തൂര്‍ ചൂളയില്‍ത്തന്നെ ചുട്ടെടുക്കുന്നു. എല്ലാത്തരം നോര്‍ത്തിന്ത്യന്‍ താലി മീല്സും ഇവിടെ സുലഭമായി ലഭിക്കുന്നു. ഡാബയിലെ എല്ലാവർക്കു ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്വീറ്റ് ലെസ്സി ഇവിടെ ചേർക്കുന്നു.


സ്വീറ്റ് ലെസ്സി

1. തൈര്- ½ കപ്പ്

2. പഞ്ചസാര 4 റ്റേബിള്‍ സ്പൂണ്‍

3. പെരുംജീരകം- 1 റ്റീസ് സ്പൂണ്‍, പൊടിച്ചത്,

4. റോസ്സ് എസ്സൻസ്- 1/4 റ്റീസ് സ്പൂൺ,

5. എസ്സ് കഷണങ്ങൾ ആവശ്യത്തിന്

6. പുതിന ഇല 2 അലങ്കരിക്കാൻ

പുതിന ഇല ഒഴിച്ച് ബാക്കി എല്ലാ ചേരുവകകളും ഒരു മിക്സിയിൽ അടിച്ചെടുക്കുക, ഒരു നീണ്ട ഗ്ലാസ്സിൽ പകർന്ന്, പുതിന ഇല മുകളിൽ വെച്ച് അലങ്കാരിക്കുക.

റാമീ ഗ്രൂപ്പ് ഹോട്ടലിൽ ഉള്ള ഒരു റെസ്റ്റോറന്റുകളീൽ ഒന്നാണ് ,കേരനാട്. കേരളത്തിന്റെ തനതായ ശൈലിയിലുള്ള ബുഫേകൾ, എല്ലാ ആഴ്ചവട്ടങ്ങളിലും വാരാന്ത്യങ്ങളിലും ലഭ്യമാണ്. ബുഫേ ലഞ്ചും ഡിന്നറും എല്ലാം തന്നെ,കേരളത്തിന്റെ തനതായ ഭക്ഷണം ഉൾപ്പെടുത്തിയുള്ളവ മാത്രം ആണ്. ബുഫെയിൽ,അവിയൽ സാംബാർ,തോരൻ മെഴുക്കു പുരട്ടി,മീൻ കറി,മീൻ വറുത്തത്, പ്രഥമൻ, എന്നിവയാണ്,കൂടെ ചില ദിവസങ്ങളിൽ ഡിന്നർ അയിറ്റംസിന്റെ കൂടെ കോഴിപൊരിച്ചത്, കോഴി വറുത്തരച്ച കറി, താറാവ് കറി,കൊഞ്ച് ഫ്രൈ,കൊഞ്ച് തേങ്ങാ അരച്ചു കറി,എന്നിവ, എല്ലാ ബുധൻ വ്യാഴം,വെള്ളി ദിവസങ്ങളിൽ ലഭ്യമാണ്.അവിടെപ്പോയി ആഹാരം കഴിക്കുന്നവരും, അഥികളായി വരുന്നവരെയും, ഇവിടെ കൊണ്ടുവരാൻ താത്പര്യം കാണിക്കുന്ന ധാരാളം മലയാളികൾ ഉണ്ട്. കേരളത്തനിമയുള്ള ആഹാരങ്ങൾക്കായി, സ്ഥിരമായി ഇവിടെ എത്തുന്നവർ ധാരാളമാണ്. ആഹാരം മാത്രമല്ല, എല്ലാവിധ സജ്ജീകരണങ്ങളും, വെയിറ്റർ ആയ സ്ത്രീകളുടെ സെറ്റും മുണ്ടും വേഷങ്ങളും എല്ലാം തന്നെ, കേരളത്തെ പ്രധിനിധാനം ചെയ്യുന്നവയാണ്. ഇവിടുത്തെ പ്രധാന ഷെഫുകളിൽ ഒരാളായ വാസുദേവവന്റെ അഭിപ്രായത്തിൽ ,കോഴി പൊരിച്ചത് ഇവിടുത്തെ ഏറ്റവും നല്ല വിഭവങ്ങളിൽ ഒന്നാണ്,

കോഴി പൊരിച്ചത്

ചേരുവകള്‍

1. കോഴിയിറച്ചി - 1 കിലോ

2. ചുവന്നുള്ളി - 200 ഗ്രാം

3. വെളുത്തുള്ളി- 8 അല്ലി

4. ഇഞ്ചി -1 കഷണം

5. മഞ്ഞള്‍പ്പൊടി - ½ ടീസ്പൂണ്‍

6. മല്ലിപ്പൊടി - 3 ടേബിള്‍ സ്പൂണ്‍

7. ഉണക്കമുളക് -10 എണ്ണം

8. കുരുമുളക് ടീ സ്പൂണ്‍

9. കറിവേപ്പില - 2 തണ്ട്

10. വെളിച്ചെണ്ണ - 3 ടേബിള്‍ സ്പൂണ്‍

അലങ്കരിക്കാന്‍

1. മുട്ട -ഒന്ന്

2. ഇഞ്ചി- കനം കുറച്ച് നീളത്തിൽ അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

കോഴിയിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച്, അതില്‍ ചുവന്നുള്ളി അരിഞ്ഞത്,പച്ചമുളക്,കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉപ്പ്, പാകത്തിനു വെള്ളം ഇവ ചേര്‍ത്ത് വേവിക്കുക.വെന്തു കഴിയുമ്പോള്‍ ഇതിലേക്ക്, വറ്റല്‍ മുളക് പൊടിയും,ഗരം മസാലയും ചേര്‍ത്തിളക്കുക.നന്നായി ഇളക്കി, വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി മൂപ്പിച്ച്,വാങ്ങുക. വിളമ്പാനുള്ള പ്ലേറ്റിലേക്ക് മാറ്റി വെക്കുക. മുട്ട ചിക്കിപ്പൊരിച്ച്, അതിലേക്ക് ഇഞ്ചി നീളത്തില്‍ അരിഞ്ഞതും ചേര്‍ത്ത്, വറുത്ത ചിക്കന്റെ മുകളിലേക്ക് അലങ്കാരത്തിനായി ഇടുക.

മൊബൈല്‍ ഫോണുകളും മലയാളികളും, പിന്നെ കുട്ടികളും

ജസ്റ്റിന്‍ പെരേര

ഴിഞ്ഞ ഒക്ടോബറില്‍ ഷാര്‍ജ വിമാനത്താവളത്തിലേക്ക് (എന്റെ ജോലിസ്ഥലം) അതിരാവിലെ പോകുന്നവഴി ഒരു അപകടം കാണുവാന്‍ നിര്ഭാഗ്യമുണ്ടായി. എന്റെ കാറ് സര്‍വീസിന് കൊടുത്തിരുന്നതിനാല്‍, ഓഫീസിലെ സുഹൃത്തുക്കളോട് ഒന്നിച്ചായിരുന്നു യാത്ര. അറബ് വംശജയായ ഒരു അദ്ധ്യാപികയും, അവരുടെ കൈക്കുഞ്ഞും ആയിരുന്നു അപകടത്തില്‍പ്പെട്ടത്. അവരുടെ 4WD വാഹനം വഴിയരികിലെ വിളക്ക് മരത്തില്‍ ഇടിച്ചു തലകീഴായി മറിഞ്ഞുപോയി. ആ കുഞ്ഞു ഒരു പന്ത് പോലെ തെറിച്ച് എങ്ങോട്ടോ വീണു, ഒരു കുഴപ്പവും ഇല്ലാതെ രക്ഷപ്പെട്ടു. ഞങ്ങള്‍ കടന്നുപോകുന്നതിന് ഏതാനും സെക്കന്‍ഡ്‌ മുന്‍പായിരുന്നു അപകടം നടന്നത്. ആ സ്ത്രീയുടെ ശരീരം റോഡില്‍ കിടക്കുന്നു. ഞാന്‍ ഒന്നേ നോക്കിയുള്ളൂ. കണ്ണടച്ചു കളഞ്ഞു. ചോരയും, ശരീരഭാഗങ്ങളും റോഡില്‍ ചിതറി കിടപ്പുണ്ട്. തദ്ദേശിയരായ അറബ് യുവാക്കള്‍, അവരവരുടെ ശിരോവസ്ത്രങ്ങള്‍ അഴിച്ചെടുത്ത്, പോലീസ്‌ ഉദ്യോഗസ്ഥരോടൊപ്പം ചേര്‍ന്ന് ആ ചേതനയറ്റ ശരീരവും, ബാക്കി ഭാഗങ്ങളും മറയ്ക്കുന്നതും കാണാമായിരുന്നു. അത്യന്തം ഭീകരവും, ദൈന്യത നിറഞ്ഞതുമായ ഒരു കാഴ്ച!

ഈ അവസരത്തില്‍, അതുവഴി വളരെ സാവധാനം കടന്നുപോയ്ക്കൊണ്ടിരുന്ന വാഹനങ്ങളില്‍ നിന്നും ചാടിയിറങ്ങിയ ചിലര്‍, പ്രത്യേകിച്ച് മലയാളികള്‍, ഈ 'നയനമനോഹര' ദൃശ്യത്തെ അവരവരുടെ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുന്നു! ഒരു പക്ഷെ, വീട്ടില്‍ തിരിച്ചു ചെന്ന് ഭാര്യയോടും മക്കളോടുമൊപ്പം അത്താഴം കഴിയ്ക്കാനിരിക്കുമ്പോള്‍ 'റിയാലിറ്റി ഷോ" ഇല്ലാത്ത ദിവസമാണെങ്കില്‍ ഇത് കണ്ടു ആസ്വദിക്കുവാന്‍ ആയിരിക്കും. ഇത് മനുഷ്യരോ, അതോ മനുഷ്യശരീരം എടുത്തണിഞ്ഞ മൃഗങ്ങളോ? അക്കൂട്ടത്തില്‍ എനിക്ക് വളരെ രസകരമായി തന്നെ തോന്നിയ ഒരു സംഭവം ഉണ്ടായി. അങ്ങേയറ്റം താല്പ്പര്യത്തോട് കൂടി നിന്ന് ആ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിക്കൊണ്ടിരുന്ന ഒരു വ്യക്തിയുടെ (മലയാളി തന്നെ) അടുത്തേക്ക് ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‍ നടന്നുവന്നു, മൊബൈല്‍ പിടിച്ചു വാങ്ങി ഒറ്റയേറ്, എന്നിട്ട് കഴുത്തിന്‌ പിടിച്ചൊരു തള്ളും. അതെനിക്കിഷ്ടപ്പെട്ടു. ഷാര്‍ജ വിമാനത്താവളത്തിലേക്കുള്ള ഒരേ ഒരു റോഡില്‍ വാഹനക്കുരുക്കിനിടയില്‍ ആണ് ഈ ഫിലിം ഷൂട്ടിംഗ് എന്ന് ഓര്‍ക്കുക. മലയാളിയുടെ നന്മ നിറഞ്ഞിരുന്ന മനസ്സിന് ഈ അടുത്ത കാലത്ത് എന്ത് പറ്റി?

മുകളില്‍ ഞാന്‍ പറഞ്ഞ സംഭവം വിരല്‍ ചൂണ്ടുന്നത്, നാം മലയാളികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ വന്നുചേര്‍ന്നിരിക്കുന്ന ഒരു ദുഷ്പ്രവണതയാണ്. എന്ത് കണ്ടാലും, മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുക! ആവശ്യത്തിനും അനാവശ്യത്തിനും, ഞാന്‍ ഭയങ്കര തിരക്കുള്ള ആളാണെന്ന് വരുത്തിതീര്‍ക്കുവാന്‍ ഒരു വിരല്‍ കൊണ്ട് ചെവിയില്‍ തിരുകി, മറ്റുള്ളവര്‍ ഒക്കെ എന്തൊരു ശല്യം ആണെന്ന രീതിയില്‍ സംസാരിക്കുക. വീട്ടില്‍ എത്തുന്നതിനു മുമ്പ് ഒരു കവര്‍ റൊട്ടി വാങ്ങാന്‍ 'reminder' സെറ്റ്‌ ചെയ്യുക. മുഖത്ത് നോക്കി സംസാരിക്കാതെയിരിക്കുവാന്‍ വെറുതെ എന്തെങ്കിലും കുത്തികുത്തിയിരിക്കുക. ഹോ, എന്തൊക്കെ കോലാഹലം!

കുട്ടിക്കാലത്ത് അച്ഛനുമൊത്ത് സായാഹ്നങ്ങളില്‍ സൈക്കിള്‍ സവാരി നടത്തി ബന്ധുവീടുകളില്‍ പോകാറുണ്ടായിരുന്നു. ബന്ധുക്കളെ കാണുമ്പോള്‍ പരസ്പരം തോന്നുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കുവാന്‍ വയ്യ. വീട്ടില്‍ കയറ്റിയിരുത്തി, വറ്റലും, ബിസ്കറ്റും, ചായയും തന്നു സല്‍ക്കരിക്കുന്നതിനിടയില്‍ ഹൃദയം തുറന്നു കൈമാറുന്ന ലോകവിവരങ്ങളും, നാട്ടിലെ വിശേഷങ്ങളും. കൂടെ കുടുംബത്തില്‍ അടുത്തു നടക്കാന്‍ പോകുന്ന വിവാഹത്തിന്റെ മുന്‍കൂര്‍ കണക്കുകൂട്ടലുകള്‍, പദ്ധതികള്‍ എന്നിവയൊക്കെ ചര്‍ച്ചാവിഷയം ആവുമ്പോള്‍ പരസ്പ്പരം ഉരുത്തിരിയുന്നത്, സ്നേഹവും ആത്മാര്‍ത്ഥതയുമായിരുന്നു.

എന്നാല്‍ ഇപ്പോള്‍, കോളിംഗ് ബെല്‍ കേട്ടുകഴിഞ്ഞാന്‍ ചെന്ന് വാതില്‍ തുറക്കുന്ന നാം കാണുന്നത്, മൊബൈല്‍ ഫോണ്‍ ചെവിയില്‍ ചേര്‍ത്തുപിടിച്ച് സംസാരത്തില്‍ മുഴുകിനില്‍ക്കുന്ന ബന്ധുവിനെയോ, സുഹൃത്തിനെയോ ആണ്. വാതില്‍ തുറന്നു സന്തോഷത്തോടെ അവരെ നോക്കുന്ന നമ്മുടെ മുഖത്തേക്ക് ചൂണ്ടുവിരല്‍ കാണിച്ചു (അതുപോലെ നടുവിരല്‍ കാണിച്ചാല്‍ സംഗതി മാറി) ഒരു മിനിറ്റ്‌ എന്നും പറഞ്ഞു, മുറ്റത്തേക്കിറങ്ങി മിനിറ്റുകളോളം അവര്‍ സംഭാഷണത്തില്‍ മുഴുകുന്നു. 'ഇതെന്തൊരു കഷ്ടമാണ് ഭഗവാനെ' എന്നും മനസ്സില്‍ വിചാരിച്ച് വാതിലില്‍ പകുതി ചാരി നമ്മള്‍ വായും പിളര്‍ന്നു നില്‍ക്കുന്ന ഒരു അവസ്ഥ! അവര്‍ സംസാരിച്ചു കഴിയാതെ വാതില്‍ അടക്കാന്‍ പറ്റില്ല, കാരണം വാതില്‍ അടച്ചാല്‍ മര്യാദകേട്. വാതില്‍ അടച്ചില്ലെങ്കിലോ കൊതുക് കയറും. ഇനി വീട്ടിനകത്ത് കയറി എന്നിരിക്കട്ടെ. ചൂടേറിയ സംസാരത്തിനിടയില്‍ തന്നെ, ഒരു ഫോണ്‍ വന്നാല്‍ അത് എടുത്തു സംസാരം തുടങ്ങും. അതിനിടക്ക് നമ്മള്‍ എല്ലാം നിശബ്ദത പാലിച്ച്, സംഭാഷണം കഴിയുന്നതുവരെ ഒരു അന്യഗ്രഹജീവിയെ നോക്കുന്നതുപോലെ അദ്ദേഹത്തെ നോക്കിയിരിക്കണം. അതിനിടക്ക് നമ്മള്‍ എങ്ങാനും സംസാരിച്ചാലോ, ഛെ... എന്തൊരു മ്ലേച്ഛന്മാര്‍? എന്ന രീതിയില്‍ വിരല്‍ അടുത്ത ചെവിയില്‍ കുത്തിക്കയറ്റി സംസാരം തുടരും. അല്ലെങ്കില്‍ ചൂണ്ടുവിരല്‍ വീണ്ടും ഉയര്‍ത്തി "മിണ്ടാതിരിയടെ" എന്ന രീതിയില്‍ ആംഗ്യം കാണിക്കും. സംസാരം കഴിഞ്ഞാല്‍ വിളിച്ച്ചയാളുടെ വിവരങ്ങളും, ഫോണ്‍ നമ്പറും മറ്റും ഫോണില്‍ save ചെയ്യാന്‍ അടുത്ത കുറച്ചു സമയം. ഈ സംസാരിച്ചതോക്കെയും കാര്യമുള്ള കാര്യം വല്ലതുമാണോ? അതുമല്ല. നമ്മെ പോലെ പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ലാത്ത വല്ല ബ്ലോഗ്ഗര്‍മാരുമായുള്ള കൊച്ചുവര്‍ത്തമാനം ആയിരിക്കും. അത്രയെ ഉള്ളൂ. മറ്റൊരു വീട്ടില്‍ ആണെന്നോ, അവരും നമ്മെപോലെ തന്നെ തിരക്കുള്ളവര്‍ ആണെന്നോ യാതൊരുവിധ ചിന്തയുമില്ലാതെ പെരുമാറുന്ന ഈ രീതി നമ്മുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്നു.

ഇനി മറ്റൊരു കൂട്ടരാണ് കുട്ടികള്‍. ആരുടെ എന്നില്ല എവിടെ എന്നില്ല, മൊബൈല്‍ ഫോണ്‍ കണ്ടാല്‍ എങ്ങിനെയെങ്കിലും അത് കൈക്കലാക്കുക. എന്നിട്ട് അതിലുള്ള എല്ലാ വിഷയങ്ങളും അരിച്ചു പെറുക്കുക. അത് തടയാനോ, ശാസിക്കുവാണോ മാതാപിതാക്കളും ശ്രദ്ധിക്കാറില്ല. ഇത്രയും ഉത്സാഹം പഠിക്കുന്നതിലോ, അമ്മയെ സഹായിക്കുന്നതിലോ കാണിക്കില്ല.
നമ്മുക്ക് അറിയുന്നതിനേക്കാള്‍ ഫോണ്‍ മോഡലുകളും, അതിന്റെ സവിശേഷതകളും അവര്‍ക്കറിയാം. ഞാന്‍ ജീവിക്കുന്ന ഈ ഗള്‍ഫില്‍ ഫ്ലാറ്റുകളുടെ ഇടനാഴിയിലും, വരാന്തയിലും, ഗോവണികളിലും കൂട്ടം ചേര്‍ന്നിരുന്നു ഫോണുകളില്‍ ഞെക്കിയും, തുറിച്ചുനോക്കിയും, ചിരിച്ചും, അങ്ങേയറ്റം തീവ്രതയോടും, ശ്രദ്ധയോടും വിവരസാങ്കേതിക വിദ്യകള്‍ അഭ്യസിക്കുന്ന കുട്ടികൂട്ടങ്ങളെ നമ്മുക്ക് കാണുവാന്‍ കഴിയും. അവര്‍ക്ക് കളിക്കുവാനായി നാം വാങ്ങിക്കൊടുത്ത, ബാറ്റും, ബോളും മറ്റും നാഥനില്ലാതെ അവിടെയും ഇവിടെയും കിടക്കുന്നത് കാണാം. വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ചു ഗള്‍ഫില്‍ ഉള്ള നല്ലൊരു പ്രവണതയാണ്, ആരെങ്കിലും റോഡു മുറിച്ചു കടക്കാന്‍ നില്‍ക്കുകയാണെങ്കില്‍ നമ്മള്‍ വാഹനം നിര്‍ത്തിക്കൊടുത്ത് അവരെ കടന്നു പോകുവാന്‍ പറയുന്നത്. അത് പ്രത്യേകിച്ചു കുട്ടികള്‍ ആണെങ്കില്‍ എല്ലാവരും നിര്‍ബന്ധമായും ചെയ്യാറുണ്ട്. അവര്‍ മുറിച്ചു കടക്കുമ്പോള്‍ കയ്യുയര്‍ത്തി ഒരു നന്ദിപ്രകടനം നടത്തും. അത് കാണുമ്പോള്‍ ആര്‍ക്കായാലും ഒരു സന്തോഷം തോന്നുകയും ചെയ്യും.

എന്നാല്‍, അടുത്തിടെ ഒരു പത്തോ പതിനൊന്നോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി (മലയാളി ആണെന്ന് തോന്നുന്നു) ഇതുപോലെ റോഡില്‍ നിന്നപ്പോള്‍, ഞാനും എന്റെ കാര്‍ നിര്‍ത്തി അവളെ കടന്നു പോകാന്‍ പറഞ്ഞു. കടന്നുപോകുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു, അലക്‌ഷ്യമായി ഒരു ജീന്‍സ്‌ ബാഗ് തോളില്‍ തൂക്കി, ചെവിയോടു ചേര്‍ത്തു ഫോണ്‍ പിടിച്ചു, പൊട്ടിച്ചിരിച്ചു സംസാരിച്ചുകൊണ്ടാണ് പുള്ളിക്കാരിയുടെ നടപ്പ്. വണ്ടി നിര്‍ത്തിക്കൊടുത്തവനെ നന്ദിയോടെ ഒന്ന് നോക്കുന്നുപോലുമില്ല. ഞാന്‍ അതിശയത്തോടെ ചിന്തിച്ചു. ഈ പതിനൊന്നാം വയസ്സില്‍ മൊബൈല്‍ ഫോണോ? അത് കൂടാതെ ഇത്രയും ആസ്വദിച്ചു, പരിസരം മറന്നു ഫോണില്‍ ചിരിച്ചു സംസാരിച്ചു നടക്കാന്‍ എന്തായിരിക്കാം വിഷയം? ഓഹ്... പുറകില്‍ നിന്നും ആരോ ഹോണ്‍ അടിക്കുന്നു. ഞാന്‍ വണ്ടി എടുത്തു.

ഞാന്‍ ഇത്രയും എഴുതിയത് വിശദമായ ഒരു മുഖവുര മാത്രമാണ്. എന്നാല്‍, ശരിക്കുള്ള വസ്തുത വളരെ സങ്കീര്‍ണ്ണമാണ്. ഇപ്പോള്‍ മിക്കവാറും എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു പ്രവണത. പരീക്ഷയില്‍ 90%നു മുകളില്‍ മാര്‍ക്ക്‌ വാങ്ങിയാല്‍ നിനക്ക് ഞാന്‍ ഒരു BlackBerry വാങ്ങിത്തരും! ഒരു സംശയം! ജീവിതത്തിലെ ഏറ്റവും വലിയ ഒരു നേട്ടം ആണോ 90% മാര്‍ക്ക്‌? അതേസമയം, ജീവിതത്തില്‍ ഏറ്റവും വലിയ ദുരന്തം വരെ നല്‍കുവാന്‍ ഇടയാക്കുന്ന ഒരു സമ്മാനമല്ലേ നിങ്ങള്‍ വാങ്ങി കൊടുക്കാമെന്ന് വാക്ക് കൊടുത്തിരിക്കുന്നത്? ഈ കാലഘട്ടത്തില്‍ ട്യൂഷനും മറ്റും പുറത്തു പോകുന്ന കുട്ടികള്‍ക്ക് ഒരു തരത്തില്‍ വളരെ നല്ലത് തന്നെയാണ് ഒരു മൊബൈല്‍ ഫോണ്‍ കയ്യില്‍ ഉള്ളത്, വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാതാപിതാക്കളുമായും, ബന്ധുക്കളുമായും ബന്ധപ്പെടുവാനുള്ള ഒരു സാധാരണ ഫോണ്‍. തിരിച്ചെത്താന്‍ വൈകുമ്പോള്‍, വാഹനം കിട്ടുവാന്‍ താമസം നേരിടുമ്പോള്‍, വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് സമാധാനം നല്‍കുവാന്‍ സഹായിക്കുന്ന ഒരു ഉപകരണം. എന്നാല്‍ ഇന്നുള്ള മൊബൈല്‍ ഫോണുകളില്‍ ഉള്ള, ഇത്രയും ആര്‍ഭാടവും, സംഗതികളും കുട്ടികള്‍ക്ക് എന്തിനാണെന്ന് നമ്മള്‍ ചിന്തിക്കണ്ടേ? കുട്ടികള്‍ എന്നത് ഈ അടുത്ത കാലത്ത് പ്രപഞ്ചത്തില്‍ ഉരുത്തിരിഞ്ഞ ഒരു പ്രതിഭാസമൊന്നുമല്ല. ഈ വക ആര്‍ഭാടങ്ങള്‍ ഒക്കെ വരുന്നതിനു മുന്‍പും കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് സ്വയം സംരക്ഷിക്കാന്‍ പ്രകൃതി തന്നെ അവര്‍ക്ക് അതിനുള്ള കുറെ കഴിവുകളും നല്കിയിട്ടുണ്ട്.

ഫോണ്‍ കമ്പനിക്കാര്‍ക്ക് എന്തൊക്കെ രീതിയിലും വിപണി പിടിച്ചടക്കുക എന്നൊരു ലക്‌ഷ്യം മാത്രമേ ഉള്ളൂ. അതിനു വേണ്ടി അവര്‍ കുട്ടികളെ ഉദേശിച്ചു തന്നെയാണ് പലവിധത്തിലുള്ള ഗെയിംസും, വിവിധ അത്യാധുനിക സോഫ്റ്വെയറുകളും ഉള്ള ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നത്. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ അവര്‍ക്കെതാ? എത്രയൊക്കെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാലും, മൊബൈല്‍ ഫോണ്‍ ജാമര്‍ ഘടിപ്പിച്ചാലും, സിംകാര്‍ഡ്‌ എടുത്തു മാറ്റിയാല്‍ പോലും, സ്കൂള്‍ കോളേജ് തലത്തിലുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ മറ്റുപല ഉപയോഗങ്ങള്‍ക്ക് കൂടി ഉള്ളതാണ്. കൂടെ ഇരുന്നു പഠിക്കുന്ന പെണ്‍കുട്ടികളുടെ, അവര്‍പോലും അറിയാതെ പോകുന്ന ചില നിമിഷങ്ങളെ ഡസ്ക്കിനടിയില്‍ കൂടിയും ജന്നലിഴ വഴിയും ഒപ്പിയെടുക്കുന്നു. അധ്യാപിക തിരിഞ്ഞു നിന്ന് ബോര്‍ഡില്‍ എന്തെങ്കിലും എഴുതുന്ന അവസരത്തിലോ, കുനിഞ്ഞുനിന്ന് താഴെ വീണ ചോക്ക് കഷണം എടുക്കുന്ന അവസരത്തിലോ കിട്ടുന്ന ദൃശ്യങ്ങളെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നു. ഈ വക ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി പ്രചരിപ്പിക്കുന്ന ചെയ്യുന്ന ഒരു സംസ്കാരത്തിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ ചെന്ന് ചേര്‍ന്നിരിക്കുന്നു. സ്വന്തം വീട്ടിലെത്തുന്ന രക്തബന്ധമുള്ള മുതിര്‍ന്നവരുടെ പോലും മേനിയഴകിനെയും, അവരുടെ വസ്ത്രം ഒന്ന് സ്ഥാനം മാറുന്ന നിമിഷങ്ങളെയും ഒപ്പിയെടുക്കാന്‍, കുട്ടികള്‍ക്ക് യാതൊരു മടിയുമില്ല.

കുട്ടികളെ മാത്രം കുറ്റം പറയുന്നില്ല. മുതിര്‍ന്ന മനോരോഗികളും മോശമല്ല. ഒരു വിവാഹാവസരം ആയാലും, മരണാനന്തര ചടങ്ങുകള്‍ നടക്കുമ്പോഴും, പിതൃക്കള്‍ക്ക് ബലിയിടുന്ന അവസരത്തില്‍ പോലും, കുറച്ചു പുറത്തു കാണാന്‍ പറ്റിയ കാലോ, വയറോ, മാറിടമോ, എന്തായാലും അത് മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്തു ആത്മനിര്‍വൃതി അടയുന്ന മാനസിക വൈകല്യമുള്ളവര്‍. പവിത്രമായി മാത്രം മതങ്ങളും, മനുഷ്യനും കാണേണ്ട ഭാര്യാഭര്‍തൃ ബന്ധങ്ങള്‍ പോലും, ഒരു തമാശക്ക് ചിത്രീകരിച്ചിട്ട്, ഇത്തരം മാനസികവൈകല്യത്തിന് അടിമപ്പെട്ട വ്യക്തികളില്‍ നിന്നും കൈവിട്ടു പോയ കഥകള്‍ ധാരാളം.

ഒരു തമാശയ്ക്ക് വേണ്ടി സ്കൂളുകളിലെയും, കോളേജുകളിലെയും ഹോസ്റ്റല്‍ റൂമുകളില്‍ വസ്ത്രം മാറുന്നതും, പരസ്പരം പുണരുന്നതുമായ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും, അത് പിന്നീട് അബദ്ധവശാല്‍ പുറത്താവുകയും ചെയ്യുന്ന പല സംഭവങ്ങളും ദിനംപ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നു. എനിക്ക് അതിന്റെ സാങ്കേതിക വശങ്ങള്‍ പൂര്‍ണമായും അറിയില്ല. എങ്കിലും കേട്ടിരിക്കുന്നത്, മെമ്മറി കാര്‍ഡില്‍ നിന്നും ഇത്തരം ചിതങ്ങളും, വീഡിയോകളും മായ്ച്ചു കളഞ്ഞാല്‍ പോലും, ഒരു വിദഗ്ദ്ധനായ വ്യക്തിക്ക് അത് വീണ്ടും തിരിച്ചു എടുക്കുവാന്‍ പ്രയാസമില്ല എന്നാണ്. എനിക്കറിയില്ല. വിദഗ്ധരുടെ അഭിപ്രായം കമ്മന്റില്‍ രേഘപ്പെടുത്തുമല്ലോ. പ്രേമം എന്ന പേരില്‍ സഹപാഠികളുമായി കാട്ടിക്കൂട്ടുന്ന രതിവൈകൃതങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി ലക്ഷക്കണക്കിന് ദിവസവും പ്രചരിക്കുന്നു. കുറച്ചു ചൂടന്‍ കൂടി ആണെങ്കില്‍, പ്രചാരം നേടുന്ന എണ്ണം പത്ത്‌ എന്നുള്ളത് പത്തു ലക്ഷമാകാന്‍ ഒരു ദിവസം പോലും വേണം എന്നില്ല.

എത്രയെത്ര കുരുന്നു ജീവനുകള്‍ ഈ ഒരു കുന്ത്രാണ്ടത്തിന്റെ പേരില്‍ ഇതിനകം പൊലിഞ്ഞുപോയി എന്നത് ഏവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. പണ്ടുകാലത്ത് ഇത്തരം പ്രവര്‍ത്തികള്‍, പോലീസോ, നാട്ടുകാരോ, സ്കൂള്‍/കോളേജ് അധികൃതരോ കയ്യോടെ പിടികൂടിയാല്‍ തന്നെ ഏതാനും ദിവസങ്ങളോ, മാസങ്ങളോ, വര്‍ഷങ്ങളോ കഴിയുമ്പോള്‍ അതെല്ലാം മനുഷ്യരുടെ ഓര്‍മയില്‍ നിന്നും പതിയെ മാഞ്ഞുപോകും. എന്നാല്‍, ഈ സാങ്കേതികത വഴിയുള്ള ദുരന്തം, ജീവിതം മുഴുവന്‍, ഇനി അവര്‍ ആത്മഹത്യ ചെയ്തു കഴിഞ്ഞാല്‍ പോലും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തലമുറകളോളം നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും. അതെ, അതൊരു സത്യമാണ്, കാരണം ലക്ഷക്കണക്കിനു പതിപ്പുകള്‍ ആണ് തെളിവായി ലോകമെമ്പാടും പടര്‍ന്നു പോയിരിക്കുന്നത്. ഇത്രയൊക്കെ നടന്നിട്ടും കണ്ടിട്ടും, നമ്മുടെ കുട്ടികളുടെ ചെറിയ പിടിവാശികള്‍ക്ക് മുന്നില്‍ നാം അടിയറവു പറയുന്നു. നമ്മുടെ കുട്ടി അങ്ങിനെയൊന്നും ചെയ്യില്ല എന്നൊരു വിശ്വാസം. അടുത്ത വീടുകളിലെ ജിമ്മിക്കും, റഫീക്കിനും, മനോജിനും, ചിഞ്ചുവിനും നല്ല മൊബൈല്‍ ഫോണ്‍ അവരുടെ മാതാപിതാക്കള്‍ വാങ്ങികൊടുക്കുന്നു. അച്ഛന്‍ മാത്രം എന്താ എന്നോട് ഇങ്ങിനെ, എന്നും പറഞ്ഞു മുഖം ഒന്ന് മങ്ങി കാണിക്കുമ്പോള്‍ അമ്മമാരുടെ (അച്ഛന്മാരുടെയും) ഹൃദയം തകരുന്നു. അതിനേക്കാള്‍ ഒരു നല്ല മോഡല്‍ വാങ്ങി കൊടുക്കുന്നു.

ഒരു കാലം വരെ കുട്ടികള്‍ക്കെല്ലാം കമ്പ്യൂട്ടറിനോടായിരുന്നു താല്പര്യം. വളരെയധികം ബോധവല്‍ക്കരണങ്ങളും, അപകടസൂചനകളും മറ്റും പത്രങ്ങള്‍ വഴിയും, മറ്റു ആഴ്ചപതിപ്പുകള്‍ വഴിയും പ്രചരിച്ചപ്പോള്‍, മാതാപിതാക്കള്‍ കമ്പ്യൂട്ടര്‍ എല്ലാവരും കാണുന്ന സ്ഥലങ്ങളില്‍ സ്ഥാപിക്കുവാന്‍ ശ്രദ്ധിച്ചു. അയ്യോ, നമ്മള്‍ പെട്ടുപോയല്ലോ എന്ന് നിരാശയില്‍ ആയിരിക്കുമ്പോള്‍ ഇതാ വരുന്നു, i-phone, blackberry, mp4 മുതലായ അടിപൊളി സാധനങ്ങള്‍. മാതാപിതാക്കളുടെ ഉപദ്രവവും ഇല്ല, കൂട്ടുകാരുമായും ചര്‍ച്ച ചെയ്തും, ഉല്ലസിച്ചും കാര്യങ്ങള്‍ നടത്താം. അവിടെ നിന്നും അവരുടെ ദുരന്തത്തിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നു.

മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് ഒരു പരിധിവരെ ആവശ്യമാണ്‌ എന്ന് കരുതുന്നവര്‍ കുറച്ചു മുന്‍കരുതല്‍ എടുത്താല്‍ നല്ലതാണ്. ഒരു ഫോണിന്റെ ആവശ്യം എന്താണെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക. അത് അവര്‍ പുറത്തു പോകുമ്പോള്‍ മാതാപിതാക്കളുമായി ബന്ധപ്പെടുവാന്‍ 'മാത്രമുള്ള' ഒരു ഉപകരണം ആണെന്ന് പറയുക. സെല്ലുലാര്‍ ഫോണ്‍ എന്നത് ഒരു ആഡംബര വസ്തുവാണെന്ന് അവര്‍ മനസ്സിലാക്കണം. അവര്‍ക്ക് വേണ്ടിയുള്ള ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍, അവരുടെ സാന്നിധ്യം ഒഴിവാക്കാം. കോള്‍ സ്വീകരിക്കുവാനും, വിളിക്കുവാനും മാത്രമുള്ള മോഡല്‍ ആയിരിക്കും ഉത്തമം. മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പുമുറിയിലും, ബാഗിലും, തലയണയ്ക്കുള്ളിലും വയ്ക്കുന്ന ശീലം വളരെ കാര്‍ക്കശ്യത്തോടുകൂടിതന്നെ തടയുക. അവരുടെ ഫോണ്‍ സ്വീകരണമുറിയില്‍ തന്നെ വച്ചിരുന്നാല്‍, വരുന്ന മെസ്സേജും, വിളിക്കുന്ന ആള്‍ക്കാരെയും, മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കുവാന്‍ സാധിക്കും. നാം അവര്‍ക്ക് വാങ്ങിക്കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ അവരുടെ മാത്രം അല്ല, മറിച്ച് അത് കുടുംബത്തിന്റെ പൊതുവായ ഒരു സ്വത്താണെന്ന് അവരെ മനസിലാക്കുക.

ഓ... പിന്നെ? ഇത്രയും നിബന്ധനകള്‍ ആണെങ്കില്‍ അത് അച്ഛന്റെ കയ്യില്‍ തന്നെ ഇരിക്കട്ടെ... അല്ലെ?

Popular Posts