കുറച്ചു സമയം ഒത്തിരി കാര്യം !


ഒരു സ്വതന്ത്ര പത്ര പ്രവര്‍ത്തകയായ സപ്ന അനു . ബി. ജോര്‍ജ് എഴുതുന്ന പംക്തി നമ്മുടെ ബൂലോകത്തില്‍ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ച തോറും : കുറച്ചു സമയം ഒത്തിരി കാര്യംകേരളത്തിന്റെ നീര്‍മാതളം നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒരു വര്ഷം തികയാറാവുന്നു.


“കുരങ്ങന്‍കുട്ടിയെ പ്രസവിച്ച മാന്‍പേടയുടെ ദൈന്യം ആ കണ്ണുകളില്‍ ഞാന്‍ കാണുന്നു“, എന്നു സ്വന്തം അമ്മയെ വിശേഷിപ്പിച്ച മാധവിക്കുട്ടി. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങള്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഒരു എഴുത്തുകാരി. ഓരോ കഥകളും, പുസ്തകങ്ങളും ഒരു സ്വാതന്ത്ര്യത്തിന്റെ മാറ്റൊലിയാണ്. ഇനി മനുഷ്യജന്മമായി ജനിക്കാന്‍ ഇഷ്ടപ്പെടാത്ത കമല സുരയ്യ, ‘വേദനകള്‍മാത്രം തന്ന മനുഷ്യജീവിതം മതി, ഇനി മാനായോ പക്ഷിയായോ ജനിക്കാന്‍’ തീരുമാനിച്ച എഴുത്തുകാരി. ഭാഷക്കതീതമായ സാഹിത്യത്വര കാത്തുസൂക്ഷിച്ച ഒരു നല്ല മനസ്സിന്റെ ഉടമ. മലയാളത്തിന്റെ നിത്യവസന്തം, എന്നും യൗവനം മനസ്സില്‍ കാത്തുസൂക്ഷിച്ച ഒരു സ്ത്രീ. നഗ്നത സൃഷ്ടിയുടെ സൗ‍ന്ദര്യമാണെന്ന് ഒരു പുരുഷനും കാണിക്കാത്ത തന്റേടം തന്റെ എഴുത്തിലൂടെ തെളിയിച്ച വാനമ്പാടി. ഒരുമ്പെട്ടവള്‍ എന്നു കേരളവും, മലയാളവും വിശഷിപ്പിച്ചിരുന്ന കമലാസുരയ്യ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ഒരാണ്ടാവുന്നു.സാഹിത്യം

ഏഴര പതിറ്റാണ്ടു നീണ്ടുനിന്ന ഒരു സര്‍ഗ്ഗാത്മകത. വിശാലമായതും വ്യത്യസ്തവുമായ കാഴ്ചപ്പാടുകളുമായി, ആഗോളതലത്തിലുള്ള ഒരു കഥാകാരി, കവയിത്രി. എഴുത്തില്‍ ഭയത്തിന്റെ നിശാവസ്ത്രം ഊരിക്കളഞ്ഞ, സ്നേഹത്തിന്റെ പുതുവസ്ത്രം എടുത്തണിഞ്ഞവള്‍. ആഗോള മലയാളിയുടെ മായാമയൂരം, മലയാളിയുടെ ഒരേ ഒരു നിര്‍മാതളം. അശ്ലീലം എന്നത് തിന്മയുടെ മുഖമല്ല എന്ന് വെട്ടിത്തുറന്ന് പറഞ്ഞ എഴുത്തുകാരി. നാലാപ്പാട്ടു കുടുംബപാര്യത്തിലൂടെ മലയാളസാഹിത്യത്തെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിയ കവയിത്രി. സ്നേഹത്തിന്റെയും സൌന്ദര്യത്തിന്റെയും മൂര്‍ത്തിഭാവമായ എഴുത്തുകാരി. ജീവിതം തന്നെ ഒരു ആഘോഷമാക്കി മാറ്റിയ വ്യക്തിത്വം. ജീവിതത്തിന്റെ പ്രേമം, സ്നേഹം, കണ്ണുനീർ, വിഷമം എല്ലാം തന്നെ അക്ഷരങ്ങളിലൂടെ ആഘോഷിച്ച ജീവിതം. കഥയെഴുതുന്ന മാധവിക്കുട്ടി, ജീവിതത്തില്‍ ജീവിക്കുന്ന മാധവിക്കുട്ടിയെക്കാളും വളരെ വ്യത്യസ്തമാണ്. ജീവിതത്തിന്റെ അന്തസത്ത അനുഭവകഥകളിലൂടെ അവതരിപ്പിച്ച സ്ത്രീ. സാഹിത്യരചനാ പാടവം കുടുംബപാരമ്പര്യമായി കിട്ടിയിയിട്ടും, അതില്‍നിന്ന് വ്യത്യസ്തമായി സ്വന്തമായ ഒരു സര്‍ഗ്ഗാ‍ത്മകതാ വാര്‍ത്തെടുത്ത മാധവിക്കുട്ടി. നിരവധി വിശേഷങ്ങള്‍ക്ക് അര്‍ഹയായ മാധവിക്കുട്ടിക്ക് പകരം മലയാള സാഹിത്യത്തില്‍ മാധവിക്കുട്ടി മാത്രമേ ഉള്ളൂ എന്ന് തന്നെ പറയാം. ജീവിതവും സാഹിത്യവും രണ്ട് അല്ലെന്ന് ഓര്‍മ്മിപ്പിച്ച് കൊണ്ട് നിരാശയുടെ ഭൂപടം സമ്മാനിച്ച മലയാളത്തിന്റെ സൗന്ദര്യമുള്ള എഴുത്തുകാരി പൂനെയില്‍ വച്ച് എല്ലാവരോടും വിടപറഞ്ഞിരിക്കുന്നു. “ഞാന്‍ ആരാണ്” എന്ന് എന്നും തേടിയിരുന്ന ഒരെഴുത്തുകാരി.കുറച്ചു വാക്കുകള്‍ കൊണ്ട് സാഹിത്യത്തെ ദ്യോദിപ്പിക്കുക. ‘വണ്ടിക്കാളകള്‍’ ജുഗുപ്സാവഹമായ കഥയും എഴുത്തും ആണെന്നൂ വിശേഷിപ്പിച്ചു. നൈര്‍മ്മല്യം ലാളിത്യം എന്നതിനതീതമായ, മനുഷ്യ മനസ്സിനെ പിടിച്ചുലക്കുന്ന കഥകളും കവിതകളും എഴുതിയ എഴുത്തുകാരി എല്ലാത്തിലും എടുത്തു പറയാന്‍ മാത്രമുള്ള മിതത്വം പാലിച്ചിട്ടുള്ള ഒരു സാഹിത്യകാരി.


അള്ളാഹു

‘ഹിന്ദുമതത്തിലെ വൈധവ്യം അനുഭവിക്കാന്‍ വയ്യ, അതിനാല്‍ വൈധവ്യം ഇല്ലാ‍ത്ത ഒരു മതത്തീലേക്ക് ഞാന്‍ പൊവുകയാണ്’.ഇനി എന്നെ ആരും കൊല്ല്ലില്ല, ഇനി കുറച്ചല്ലെ ഉള്ളു. എന്റെ കയ്യില്‍ ഇന്നാരോ പിടിച്ചിട്ടുണ്ട് സഹായിത്തിനായി, ,എന്നില്‍ ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു. പൂര്‍ണ്ണമായും ഞാ‍ന്‍ അള്ളാഹുവില്‍ വിശ്വസിക്കുന്നു. അല്ലാഹുവിനെ ഒരു ചിത്രത്തിന്റെ ഫ്രൈമില്‍ നിന്നു മാറ്റി, കടലിലെ ഉപ്പുപൊലെ, എന്റെ ജീവിതം മുഴുവന്‍ അല്ലാഹുവാണ്. പര്‍ദ്ദ അണിഞ്ഞതുകൊണ്ട്, പര്‍ദ്ദ എന്ന സാംസ്കാരികതെയെ നിഷ്ക്കളങ്കമായ രീതിയിലാണ് അവര്‍ കണ്ടത്. കമല നാലാ‍പ്പാട്ട്, കമലസുരയ്യ ,മാധവിക്കുട്ടി, ഒരു നാര്‍സിസ്റ്റിന്റെ തലത്തിലെക്ക് എത്തിച്ചേരുന്ന, പര്‍ദ്ദ സ്വീകരിക്കുന്ന ഒരു മാധവിക്കുട്ടി.


ദൈവം എന്ന സത്യം.


“മതത്തിന്റെ പ്രസക്തി കാരണം ദൈവത്തിനു പ്രശസ്തി കുറയുന്നു. ദൈവത്തിനെ മാത്രം സ്വീകരിച്ച് ഞാന്‍ ഉന്നതിയില്‍ എത്തിച്ചേര്‍ന്നു, അതു കാരണം, മതം എന്നെ ഒരിക്കലും ഉലച്ചിട്ടില്ല.കൃഷ്ണനെന്നോ, നബി എന്നൊ ക്രിസ്തു എന്നൊ ഉള്ള പേര് പ്രസക്തമല്ല. കൃഷ്ണന്‍ എന്ന ദൈവത്തെ എന്റെ കളിത്തോഴനായി, സുഹൃത്തായി മാത്രം കണ്ടിട്ടുള്ളു. കൃഷ്ണനെ എന്നും പ്രേമമായിരുന്നു. ‘ഭക്തിയില്ലാത്ത രാധ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്ലീം ആയിക്കഴിഞ്ഞും “തന്നെക്കാണാന്‍ കൃഷ്ണന്‍ വന്നു“ന്ന് പറയുന്ന കമല സുരയ്യ. സ്വയം വരിച്ച അള്ളാഹുവിനെ മനസ്സില്‍ ധ്യാനിക്കുന്ന രാധ തന്നെയാണ്. “സ്നേഹം എന്ന ഒരു അനുഭവം ഉണ്ടാകുന്നത് ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമെ സംഭവിക്കൂ. ഗീതാഗോവിന്ദം അശ്ലീ‍ലമാണ് എന്നും, ബൈബിളിലെ സോളമന്റെ സംഗീതം എന്ന അദ്ധ്യായവും അശ്ലീമായി കണക്കാക്കുന്ന മനുഷ്യരോട് മറ്റെന്തു പറയാന്‍”.എന്ന് വിലപിക്കുന്ന അശ്ലീലത്തിന്‍ റെ മുഖമെന്തെന്നും ശ്ലീലമെന്തെന്നും മലയാളിക്ക് ചൊല്ലിക്കൊടുക്കാന്‍ മാധവിക്കുട്ടിക്ക് സാധിച്ചിട്ടുണ്ട്.


സ്ത്രീ


ശരീ‍രത്തിനും, മനസ്സിനും രണ്ടു വെവ്വേറെ കര്‍ത്തവ്യങ്ങളാണ് എന്നു ഉറച്ചു വിശ്വസിച്ചിരുന്ന ഒരു സ്ത്രീ. സ്ത്രീപുരുഷസമത്വം ബോധപൂര്‍വ്വം അവതരിപ്പിക്കുന്ന മാധവിക്കുട്ടി. സ്ത്രീകള്‍ക്ക് വേണ്ട പശ്ചാത്തലം സൃഷ്ടിച്ചു കൊടുത്തു, എഴുത്തിന്റെ ലോകത്തില്‍ വലിയ സ്വാതന്ത്ര്യം തുറന്നു കൊടുത്തു. ജൈവികമായി ജീവിക്കാന്‍, ഒരു സ്തീക്ക് സ്വാതന്ത്ര്യത്തിന്റെ ചിറകുകള്‍ നല്‍കി. സ്തീകളെ കലാപരമായി, സര്‍ഗ്ഗാത്മകതയോടെ അവതരിപ്പിച്ച കലാകാരി. ഫെമിനിനിസം തീര്‍ത്തും പൊട്ടിച്ചെറിഞ്ഞ കഥാകാരി. ഫാന്റസിയും റിയാലിറ്റിയും തമ്മില്‍ ഉള്ള ബന്ധം ഒരു സ്തീയുടെ ജീവിതത്തില്‍ എത്രമാത്രം പ്രാധാന്യം ഉണ്ട് എന്നു കുറിച്ചുവെച്ചു. ഒരാളുടെ ജീവിതം, രീതികള്‍, എന്നത് ഒരു ആത്മകഥ എന്ന് സ്ത്രീ ജീവിതം. എങ്ങനെയാണ് സ്ത്രീകള്‍ക്ക്, ഇരട്ട ജീവിതങ്ങള്‍ ആവശ്യമായി വരുന്നത്, പ്രേമവും, ജീവിതവും? തോന്നലും യാ‍ഥാര്‍ത്ഥ്യവും, ജീവിതത്തില്‍ ഉണ്ട്. ജന്മനാ നമ്മള്‍ സിംഹികളാണ്. പെണ്ണുങ്ങള്‍ക്ക് ചിരിക്കാനും ചിരിപ്പിക്കാനും സാധിക്കും എന്നു തെളിച്ച ഒരു എഴുത്തുകാരിയായിരുന്നു അവര്‍. ‘ചന്ദനമരം’ എന്ന കഥയില്‍ സ്തീകളും സ്വവര്‍ഗ്ഗ സ്നേഹത്തെപ്പറ്റി പ്രതിപാദിക്കുന്ന കഥകള്‍. എന്നാല്‍ ഒരു സ്ത്രീയോടു കാണിക്കാന്‍ പറ്റാത്തവിധത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടും സ്ത്രീകളെ ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വം. സ്ത്രീത്വം എന്നത് ഒരു സത്യമാണെങ്കില്‍, സ്ത്രീക്ക് അവരുടെതായ ഒരു ലോകവും കാഴ്ചപ്പാടും ഉണ്ട് എന്ന് ലോകത്തെ കാട്ടിക്കൊടുത്ത ഒരെഴുത്തുകാരി. സ്ത്രീയുടെമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച സദാചാരത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയ സ്ത്രീത്വം. സ്ത്രീയുടെ ഉയര്‍ത്തെഴുനേല്‍പ്പ്, സ്ത്രീ വിമോചനം എന്നത് സമൂഹത്തിന്റെ തന്നെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് എന്ന് സമൂഹത്തെ ബോധിപ്പിച്ച ഒരു എഴുത്തു കാരിയായിരുന്നു മാധവിക്കുട്ടി.

അവസാനം

“ഇനി ഞാന്‍ മനുഷ്യനായി വരില്ല, മാനായോ പക്ഷിയായൊ ആയി മാത്രമെ ജനിക്കൂ“ എന്നു തീര്‍ത്തും തീര്‍മാനിച്ചുറച്ച ഒരു സ്ത്രീ. അവസാനമായി പൂനയിലേക്കു പോകുന്നതിനു മുന്‍പ് മനസ്സ് വിഷമിച്ച് , എന്തോ പറയാതെ പോയതു പോലെ.‘ധാരളം ശുദ്ധവായു കിട്ടുന്ന, കുട്ടികള്‍ ചിരിക്കുന്ന ലോകത്തേക്ക് പോകുന്നു. കേരളം എന്നെ വെറുത്തില്ലെ, എന്റെ കഥകളീലെ സ്തീകളെല്ലാം ഞാന്‍ ആണെന്നു തെറ്റിദ്ധരിച്ചു, കേരളിയര്‍. മലയാളത്തില്‍ എഴുതിയതെല്ലാം, ഏറ്റവും വീറൊടും തീവ്രതയോടും എഴുതിയതാണ്. എന്നാല്‍ എന്റെ എല്ലാ കഥകളെയും മലയാളം നിരാകരീച്ചു. മരണത്തിന്റെ മണം അറിയാമോ? അതിന് പക്ഷികളുടെ തൂവലുകളുടെ മണമാണ്.
നമ്മെ വീട്ടുപിരിഞ്ഞുപോയ ഈ അവസാ‍നയാത്രയില്‍ ,മരണത്തിന്റെ ഗന്ധം അവര്‍ അറിഞ്ഞൂ കാണുമോ?

എന്തോ അറിയല്ല....
ഇനിയും മുഖദാവിൽ നാം കാണുന്നതു വരെ,

സപ്നകമല സുരയ്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചത് .


ബുലോകത്തിനു രണ്ടു പുരസ്കാരങ്ങള്‍കൂടി

ബുലോകത്തിനു രണ്ടു പുരസ്കാരങ്ങള്‍കൂടി


ഹറിനിലെ ഏറ്റവും വലിയ പ്രവാസ സംഘടനയായ ബഹറിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ വിഭാഗം, പ്രവാസി മലയാളികള്‍ക്കള്‍ക്കായി സംഘടിപ്പിച്ച കഥാ-കവിത മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ നാളെ (2010 ഫെബ്രുവരി 25 )കേരളീയ സമാജം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന വിപുലമായ ചടങ്ങില്‍ വച്ചു നല്‍കപ്പെടുന്നു.

ഈ വര്‍ഷത്തെ ഇരു പുരസ്കാരജേതാക്കളും മലയാളം ബ്ലോഗര്‍മാര്‍ ആണ് . ചെറുകഥയ്ക്കുള്ള സമ്മാനം നചികേതസ് എന്ന പേരില്‍ ബ്ലൊഗ് ചെയ്യുന്ന ശ്രീ ബിജു.പി.ബാലകൃഷ്ണനും കവിതയ്ക്കുള്ള ഒന്നാം സമ്മാനം ശ്രീമതി ദേവസേനയ്ക്കും ആയിരിക്കും നല്‍കപ്പെടുന്നത്.

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായി എല്ലാ വര്‍ഷവും നല്‍കുന്ന സാഹിത്യ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട ശ്രീ കാക്കനാടനെ ആദരിക്കുന്ന ചടങ്ങില്‍ വച്ചാണ് ബ്ലൊഗ്ഗര്‍മാരായ ബിജുവിനും ദേവസേനയ്ക്കും അവാറ്ഡുകള്‍ വിതരണം ചെയ്യുന്നത്. ചടങ്ങില്‍ പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ പി. സുരേന്ദ്രന്‍ മുഖ്യ അതിഥിയായിരിക്കും.

സമ്മാനദാനാ‍നന്തരം കാക്കനാടനെ പറ്റി ശ്രീ ബിജു മേത്തറ സംവിധാനം ചെയ്ത "കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍" എന്ന ഡോക്ക്യുമെന്ററിയു ടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

ബഹറിന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ വിഭാഗം സെക്രട്ടറി പ്രശസ്ത നോവലിസ്റ്റായ ശ്രീ ബന്യാമിന്നും ഒരു ബ്ലോഗര്‍ ആണ് എന്നതും ഒരു പ്രത്യേകത ആണ് .

ബ്ലോഗര്‍ നചികേതസ്സിനും ദേവസേനക്കും നമ്മുടെ ബൂലോകത്തിന്റെ അഭിനന്ദനങ്ങള്‍ !


പോയിന്റ് ആന്റ് ഷൂട്ട്‌ ക്യാമറ ?

പോയിന്റ് ആന്റ് ഷൂട്ട്‌ ക്യാമറ ?

SLR ക്യാമറകള്‍ക്കൊപ്പം മത്സരിക്കാന്‍ point$shoot ക്യാമറകള്‍ക്കാകുമോ ??


ആപ്പിള്‍ എ ഡേ ബെസ്റ്റ് ബ്ലോഗ് ഫോട്ടോ കോമ്പറ്റീഷനു എൻ‌ട്രികൾ അയയ്ക്കുവാനുള്ള തീയതിയായ മാർച്ച് 15 അടുത്തുവരുന്നു. വളരെ താല്പര്യത്തോടെ ബ്ലോഗിലെ ഫോട്ടോഗ്രാഫർമാർ ഈ മത്സരത്തെകാണുന്നുണ്ട് എന്നാണ് ഇതുവരെ ലഭിച്ച പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. പലരും നല്ല ചിത്രങ്ങൾക്കായുള്ള അന്വേഷണം തുടരുന്നു.

മത്സരം അനൌൺസ് ചെയ്തുകഴിഞ്ഞ് ഞങ്ങൾക്ക് മെയിലുകളില്‍ കൂടിയും ഫോണ്‍ വഴിയും ലഭിച്ച ചില പ്രതികരണങ്ങളിൽ ഉയർന്നുവന്ന ഒരു ചോദ്യമുണ്ട്. “എസ്.എൽ.ആർ ക്യാമറകൾ ഉപയോഗിച്ചെടുക്കുന്ന ഫോട്ടോകളോടൊപ്പം മത്സരിക്കുവാൻ പോയിന്റ് ആന്റ് ഷൂട്ട് ക്യാമറകൾ കൊണ്ട് എടുത്ത ചിത്രങ്ങൾക്കാവുമോ?” ഈ ചോദ്യത്തിന്റെ ഉത്തരം തേടുന്നതിനു മുമ്പ് ഈ പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കൂ.

ഹിമാലയ യാത്ര - PART 11

ഹിമാലയ യാത്ര - PART 1 ഹിമാലയ യാത്ര - PART 2 ഹിമാലയ യാത്ര - PART 3 ഹിമാലയ യാത്ര - PART 4 ഹിമാലയ യാത്ര - PART 5 ഹിമാലയ യാത്ര - PART 6 ഹിമാലയ യാത്ര - PART 7 ഹിമാലയ യാത്ര - PART 8 ഹിമാലയ യാത്ര - PART 9 ഹിമാലയ യാത്ര - PART 10

സജി മാര്‍ക്കോസ്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു മടക്ക യാത്രയ്ക്കുള്ള മാനസിക അവസ്ഥയില്‍ ആയിരുന്നു. ബദരീനാഥ് വരെ പോകണം എന്നുണ്ടായിരുന്നുങ്കിലും മഞ്ഞുകാലത്തെ ഈ ദുര്‍ഘടം പിടിച്ച യാത്ര തുടരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. മാത്രമല്ല, തഹശീല്‍ദാരുടെ പ്രതേക അനുമതി പത്രമില്ലാതെ മുന്‍പോട്ടു പോകാനും കഴിയില്ല. അതിനായി ഒരു ദിവസം കൂടി അവിടെ തങ്ങുവാന്‍ താല്പര്യമില്ലായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന വസ്ത്രങ്ങളും തീര്‍ന്നു തുടങ്ങി. തണുപ്പ് ആയതിനാല്‍ വസ്ത്രങ്ങള്‍ കഴുകി ഉണക്കുവാന്‍ നിര്‍വ്വാഹമില്ലായിരുന്നു. ഡഹ്‌റാഡൂണ്‍ വന്നതു വരെയുള്ള‍ തുണികള്‍ അലക്കി സാബുവിന്റെ വീട്ടില്‍ ഇട്ടിരിക്കുകയാണ്. അതിരാവിലെ യാത്ര തിരിച്ചാല്‍ വൈകുന്നേരം ആകുമ്പോഴേക്കും സാബുവിന്റെ വീട്ടില്‍ എത്താം. മടക്ക യാത്ര ആരംഭിച്ചു. ദേവപ്രയാഗ് വരെ ഞങ്ങള്‍ വന്ന അതേ വഴിയില്‍ കൂടിയാണ് മടക്ക യാത്ര. അവിടെ നിന്നും ഋഷികേശിലേക്കു പോകാതെ ഇടത്തോട്ടു തിരിഞ്ഞു ടെഹ്‌രി ഡാം , ചെംബ, ടൂറിസ്റ്റു കേന്ദ്രങ്ങളായ ധനോള്‍ട്ടി, ആദ്യ ദിവസം സന്ദര്‍ശിച്ച മസ്സൂറി വഴി ഡഹറാഡൂണിലേക്കാണ് യാത്ര. ഏതാണ്ട് 265 മി. മി. താണ്ടണം.

12 മണി ആയപ്പോഴേക്കും ടെഹറി ഡാമി്‍ന്റെ ജലാശയത്തിന്റെ കരയില്‍ എത്തി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോണ്‍ക്രീറ്റു ഡാമുകളുള്ള ഇടുക്കി ജില്ലയില്‍ നിന്നും വന്നതു കൊണ്ടായിരിക്കാം ഡാമിന്റെ നിശ്ചലമായ ജലാശയത്തിന്റെ ഭംഗി ഒത്തിരി ഒന്നും ആകര്‍ഷകമായി തോന്നിയില്ല.

മനുഷ്യ നിര്‍മ്മിതമായ ഒരു അല്‍ഭുതം തന്നെയായിരുന്നു ഈ ഭീമന്‍ ഡാം. 885 അടി ഉയരമുള്ള ഡാം ഉയരം കൊണ്ട് ലോ‍കത്തിലെ അഞ്ചാമത്തെ അണക്കെട്ടാണ് .

2002 ല്‍ ഡാമിന്റെ നിര്‍മ്മാണം പൂത്തിയായപ്പോല്‍ 40 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും, 72 ഗ്രാമങ്ങള്‍ ഭാഗീകമായും റിസര്‍വോയറിന്റെ അടിയില്‍ ആയി.ഡാം നിമ്മാണത്തിനു വേണ്ടി ഏകദേശം ഒരു ലക്ഷം ആളുകളെ മാറ്റി പര്‍പ്പിക്കേണ്ടി വന്നു. ഗംഗാ നദിയുടെ പ്രധാന പോഷക നദിയായ ഭാഗീരഥിയ്ക്കു കുറുകെ പണിതിരിക്കുന്ന ഡാം എര്‍ത്ഫില്‍ഡ് ഡാം ആണെന്നതും ഒരു പ്രത്യേകത തന്നെ. കരിങ്കല്ലും മണ്ണും മാത്രം ഇട്ടു പണിതിരിക്കുന്ന ഡാം നാടന്‍ ഭാഷയില്‍ ഒരു കൂറ്റന്‍ ചിറ എന്നു വേണമെങ്കില്‍ പറയാം. ഡാമിന്റെ ഒരു വശത്തുകൂടി പണിതിരിക്കുന്ന റോഡു മാര്‍ഗ്ഗം താഴെ വരെ വാഹനമോടിച്ചു എത്തുച്ചേരുവാന്‍ കഴിയും.
ഏതാണ്ട് 1000 ഘന അടി/ സെക്കണ്ട് പ്രവാഹം ഉണ്ടായിരുന്ന ഭാഗീരഥിയുടെ ജലപ്രവാഹത്തിന്റെ തോതു ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ വെറും രണ്ട് ഘന അടിയായി ചുരുങ്ങിയത്രേ! ഇതു ഒട്ടേറെ കോലാഹലങ്ങള്‍ക്ക് വഴി വയ്ക്കുകയുണ്ടായി. പുത്തന്‍ വികസനങ്ങള്‍ തന്ത്രങ്ങള്‍ നൂറ്റാണ്ടുകളായുള്ള ഒരു ജനതയുടെ വിശ്വാസത്തിനുമേലുള്ള കടന്നു കയറ്റമായി മത നേതാക്കന്‍മാര്‍ കരുതി. എങ്കിലും വളരെ വേഗ പുരോഗമിക്കുന്ന ഒരു രാഷ്ട്രത്തിലെ വര്‍ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് പരിഹാരം കാണുവാന് വേണ്ടി‍, വിശ്വാസവിചാരങ്ങളെ ബലികഴിക്കുവാന്‍ അവിടുത്തെ ജനങ്ങള്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു.

ഡാമില്‍ നിന്നും നോക്കിയാല്‍ അങ്ങു മലമുകളില്‍ ന്യൂ ടെഹരി പട്ടണം കാണാമായിരുന്നു. ഓള്‍ഡ് ടെഹരി പട്ടണം പൂറ്ണ്ണമായും ജലാശയത്തില്‍ മുങ്ങിപ്പോയപ്പോള്‍ പടുത്തുയര്‍ത്തിയ പുതിയ പട്ടണമായിരുണ് മലമുകളില്‍ ഇന്നു കാണുന്ന ന്യൂ ടെഹരി.

ടെഹരി കഴിഞ്ഞപ്പോള്‍ മുതല്‍ വീണ്ടും വഴി മോശമായി. ബദരിയിലേക്കുള്ള യാത്ര കൂറ്റന്‍ പര്‍വ്വതങ്ങളുടെ വശങ്ങളിലൂടെ ആയിരുന്നെങ്കില്‍ ഇപ്പോള്‍ യാത്ര മലയുടെ മുകളികൂടിയുള്ള റോഡില്‍ ക്കൂടിയായി. ഇരു വശങ്ങളിലും അങ്ങു താഴെ കണ്ണെത്താവാത്ത ദൂരത്തില്‍ അനേകം ഗ്രാമങ്ങള്‍‍. അല്പം കഴിഞ്ഞപ്പോല്‍ അങ്ങു ദൂരെ ഒരു മലയുടെ അഗ്രത്ത് ഒരു ക്ഷേത്രം. വളരെ പ്രശസ്തമായ ചന്ദ്രബദനി ക്ഷേത്രന്മാണ് മലമുകളില്‍ കാണുന്നത്. അതി ദുര്‍ഘടമായ പാതകള്‍ താണി വേണം പര്‍വ്വതാഗ്രത്തില്‍ എത്തുവാന്‍. ശരീര ത്യാഗം ചെയ്ത സതീ ദേവിയുടെ ഭൌതിക ശരീരം ശിവന്‍ കൈലാസത്തിലേക്കു എത്തിക്കും വഴി, കുറച്ചു ഭാഗം ഇവിടെ വീണു എന്നാണ് ഐതിഹ്യം.

ന്യൂ ടെഹ്‌രി പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ അടിവാരത്തിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ചെംബയില്‍ എത്തിയപ്പോഴേക്കും വല്ല വിശപ്പ് തോന്നിതുടങ്ങിയിരുന്നു.ചെറിയ ഒരു പട്ടണമായിരുന്നു ചെംമ്പ എങ്കിലുംസൌത്ത് ഇന്‍ഡ്യന്‍ ഭക്ഷണം ലഭിക്കുന്ന തെറ്റില്ലാത്ത ഒരു ഹോട്ടല്‍ കണ്ടെത്തി.
നല്ല ആഹാരമായിരുന്നു. ഡല്‍ഹി്യില്‍ നിന്നും തിരിച്ചിട്ടു ആദ്യമായിട്ടായിരുന്നു നാടന്‍ ആഹാരം കഴിക്കുന്നത്. ആലു പൊറോട്ടയും അച്ചാറും കഴിച്ചു മടുത്ത ഞങ്ങള്‍ സംമൃദ്ധമായ ഉച്ച ഭക്ഷണം കഴിച്ചു. പ്രശസ്തിയാര്‍ജ്ജ്ജിച്ച വിനോദ സഞ്ചാര കേന്ദ്രമായിരുന്ന ധനോള്‍ട്ടി ആയിരുന്നു അടുത്ത സ്ഥലം. ഉച്ച കഴിഞ്ഞതിനാല്‍ നല്ല കുളിര്‍ കാറ്റ് അടിക്കുന്നുണ്ടായിരുന്നു. ദേവതാരുവും പൈന്‍ മരങ്ങളും ഇടതൂര്‍ന്നു വളരുന്ന മനോഹരമ്മയ വനങ്ങള്‍ ആയിരുന്നു ധനോല്‍ട്ടിയിലെ മലചെരുവുകള്‍ നിറയെ. താഴവരകള്‍ കോടമഞ്ഞില്‍ കുളിച്ചു നിന്നു. അങ്ങു ദൂരെ ചക്രവാളസീമയില്‍ മഞ്ഞു മൂടിയ ഹിമാലയത്തിന്റെ സുന്ദര ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണാമായിരുന്നു. പുല്‍മേടുകളും പച്ചമരങ്ങല്‍ നിറഞ്ഞ കുന്നിന്‍ ചെരുവുകളും നിറഞ്ഞ ധനോല്‍ട്ടി നല്ലൊരു വിനോദ സഞ്ചാര കേന്ദ്രന്മാണ്. ധാരാളം റിസോര്‍ട്ടുകളും, ഹോട്ടലികളും ഇവിടെയുണ്ടെങ്കിലും പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍‍ ആയിരുന്നു ഇവിടുത്തെ പ്രത്യേകത. വൃത്തിയുള്ള രോഡുകളും രോഡിനിരു വശവും ഇട തൂര്‍ന്ന വൃക്ഷങ്ങളും നിറഞ്ഞ ഈ ഹിമാലയന്‍ വിനോദ സഞ്ചാര കേന്ദ്രം അപൂര്‍വ്വ സുന്ദരമായ കാഴ്ചയൊരുക്കുന്നു.
അവിടെയും കൃഷിയിറക്കിയിരിക്കുന്നത് മലകളിലായിരുന്നു. തട്ടുകളായി തിരിച്ച്, അതിനിടയില്‍ വീടുകള്‍ വച്ചു കര്‍ഷകര്‍ മല‍ഞ്ചരുവുകളില്‍ താമസിക്കുന്നു.
ധനോള്‍ട്ടിയില്‍ നിന്നും മസ്സൂറിയിലെത്തിയപ്പോഴേക്കും വൈകുന്നേരമായി.ഒരു പ്രാവശ്യം സന്ദര്‍ശിച്ചിരുന്നെങ്കിലും മസ്സൂറി വീണ്ടും കാഴയ്ക്കു വിരുന്നു ഒരുക്കി. മറ്റു ഹിമാലയ ഗ്രാമങ്ങളില്ലാത്ത ഒരു പച്ചപ്പ് മസൂരിയുടെ പ്രതേകതയായിരുന്നു. അപകടഭീതിയുണര്‍ത്തുന്ന പര്‍വ്വതങ്ങള്‍ അല്ലായിരുന്നു മസൂറിയിലുള്ളത്. പച്ച പുതച്ച താഴവരകളില്‍ പറന്നു നടക്കുന്ന മേഘങ്ങള്‍. ദേവതാരുവും പൈന്‍ മരങ്ങളും ഇടതൂര്‍ന്ന് വളര്‍ന്നു നില്‍ക്കുന്ന മലഞ്ചരുവുകള്‍. അവടവിടെയായി കാണുന്ന രമ്യ ഹര്‍മ്മ്യങ്ങള്‍. മസൂറിയുടെ സൌന്ദര്യം നഷ്ടപ്പെടാതെ യുള്ള വിനോദ സഞ്ചാര വികനം നടത്തുന്നതില്‍ പ്രാദേശിക അധികാരികള്‍ ഇവിടെയും വിജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം. വഴിയിലൊരിടത്തും ചപ്പു വറുകളൊ, മാലിന്യക്കൂമ്പാരങ്ങളോ ഇല്ലായിരുന്നു. റോഡിനിരു വശത്തും നല്ല വൃത്തിയുള്ള നടപാതകള്‍
കുത്തനെയുള്ള ഇറക്കമായിരുന്നു മസൂറിയില്‍ നിന്നും ഡഹറാഡൂണ്‍ വരെ. ഡഹ്‌റാഡൂണിലെ പക്ഷേ ആദ്യ ദിവസത്തെ യാത്ര ഇവിടെയ്ക്കായിരുന്നതു കൊണ്ട്, വഴികളെല്ലാം പരിചിതമായിരുന്നു. സന്ധ്യക്കുള്ള ഭക്ഷണം ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി സാബുവിന്റെ ഭാര്യ കാത്തിരിക്കുകയായിരുന്നു.

അത്താഴം ചൂടുള്ള നാടന്‍ കഞ്ഞിയും ചെറുപയറും.എല്ലാവരും ആസ്വദിച്ചു കഴിച്ചു. പൊതുവേ വിനോദ സഞ്ചാരികള്‍ അതാതു സ്ഥലങ്ങളിലെ ഭക്ഷണങ്ങള്‍ രുചിച്ചു നോക്കാന്‍ ഇഷ്ടപ്പെടുമ്പോല്‍, ദക്ഷിണേന്ത്യക്കാര്‍ ഭക്ഷണ കാര്യത്തില്‍ വിട്ടു വീശ്ചകള്‍ക്കു തയാറല്ലാത്തവരാണെന്നു തോന്നുന്നു. രാവിലെ ഇഡലിയും ദോശയും, ഉച്ചയ്ക്കു അല്പം ചോറും വൈകിട്ടു കഞ്ഞിയുമാണ് ഇന്നും മലയാളിക്കു പഥ്യം. ദക്ഷിണേന്ത്യക്കാര്‍ ചെന്നു താമസിക്കുന്ന പട്ടണങ്ങളിലും, രാജ്യങ്ങളിലും, ഭാഷയെന്നതു പോലെ തന്നെ പരമ്പരാഗത ആഹാരവും കഴിയുമെങ്കില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതു കാണാം. അലക്കിയിട്ടിരുന്ന വസ്ത്രങ്ങള്‍ ഏടുത്തു പെട്ടിയിലാക്കി സാബുവിന്റെ ഭാര്യയോടു യാത്ര പറഞ്ഞിറങ്ങി. രാത്രി 9.30. അവസാനത്തെ ബസ് ഡല്‍ഹിക്കു പുറപ്പെടുന്നു. രാവിലെ 6 മണിയാകുമ്പോല്‍ ഡല്‍ഹിയിലെത്തും. പ്രമോദിനെ ഫോണ്‍ വിളിച്ചു. യാത്രയുടെ അവസാനത്തെ ദിവസം അല്പ സമയം കൂടി ഒരുമിച്ചു ചിലവഴിക്കുവാനും ഡല്‍ഹി കാഴ്ചകള്‍ കാണിക്കുവാനും അവധിയെടുത്തു പ്രമോദും സുനിലും ഞങ്ങള്‍ക്കായി ഡല്‍ഹിയില്‍ കാത്തു നില്‍ക്കുന്നു എന്ന് അറിയച്ചതു സന്തോഷം പകര്‍ന്നു.

സാബുവുമായുള്ള യാത്ര പറച്ചില്‍ വേദനയുളവാക്കി. അവന്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ യാത്ര ഇത്രയും മനോഹരമാകുമായിരിന്നില്ല. ഭാര്യയേയും കുഞ്ഞിനേയും ഈ അന്യനാട്ടില്‍ തനിച്ചാക്കി,ഞങ്ങളോടെപ്പം ഇത്രയും ദിവസങ്ങള്‍ യാത്ര ചെയ്ത്, കുസൃതികളും തമാശകളും പങ്കുവച്ച് , ധാരാളം പുരാണ കഥകളും ഐതിഹ്യങ്ങളും പറഞ്ഞു തന്നു ഞങ്ങളോടൊപ്പം വന്നത്, ഞങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ മാറക്കനാകാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ അവന്റെ മാത്രം സംഭാവനയായിരുന്നു. ബസ്സ്ഡിപ്പോയില്‍ വച്ചു കെട്ടിപിടിച്ചപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞു.

വീണ്ടും കാണാമെന്ന് പ്രത്യാശയില്‍, യാത്ര പറഞ്ഞു പിരിഞ്ഞു.

(തുടരും.)

(ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചവയാണ് )

അരുണ്‍ ഡോക്ടറായിന്നലെ ഒരു പണിയുമില്ലാതെ പല്ലും കുത്തി നിന്നപ്പോഴാ ആ ഫോണ്‍ വന്നത്..

നമ്പര്‍ നോക്കി, ഐസക്കാ.
"എന്തടാ ഐസക്കേ രാവിലെ?"
"അരുണേ, നീ 'സ്റ്റെം സെല്‍' എന്ന് കേട്ടിട്ടുണ്ടോ?" അവന്‍റെ മറുചോദ്യം.
കായംകുളം സ്വദേശിയായ എനിക്ക് ഏറ്റവും അടുത്ത ജയില്‍ പൂജപ്പുരയാ.അവിടെ തൂക്കിക്കൊല്ലുന്നവര്‍ക്ക് ഒരു സെല്‍, ജീവപര്യന്തംകാര്‍ക്ക് മറ്റൊരു സെല്‍ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ആ സെല്ലിന്‍റെ പേരൊന്നും പിടിയുമില്ല.അതിനാല്‍ തന്നെ ഞാനെന്‍റെ നിരപരാധിത്വം വ്യക്തമാക്കി:
"ഇല്ലളിയാ, കേട്ടിട്ടില്ല"
"എന്നാ ഞാനൊരു ലിങ്ക് അയച്ച് തരാം, നീ കേറി നോക്ക്"

പറഞ്ഞ പോലെ അവന്‍ ലിങ്ക് അയച്ചു തന്നു, അതും വളരെ പരിചയമുള്ള ബ്ലോഗിന്‍റെ ലിങ്ക്.എന്‍റെ കൂട്ടുകാരനും, എന്നെ പോലെ അരുണ്‍ എന്ന പേര്‌ ലഭിക്കാന്‍ ഭാഗ്യം ചെയ്തവനും, ബൂലോകത്ത് കണ്ണനുണ്ണി എന്ന ബ്ലോഗര്‍ നാമത്തില്‍ അറിയപ്പെടുന്നവനുമായ ഒരു ഹരിപ്പാട്ടുകാരന്‍റെ ബ്ലോഗ്, അതിന്‍റെ പേരാണ്‌ വര്‍ഷഗീതം.

മലയാള സിനിമയിലെ പുതുമുഖം, സൂപ്പര്‍സ്റ്റാര്‍ ലാലേട്ടനെ മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ പോയാ, അത് അവന്‍റെ വിഡ്ഡിത്തം.അതേ പോലെ കൊടകരപുരാണം ബൂലോകത്തിനു പരിചയപ്പെടുത്താന്‍ ഞാന്‍ തുനിഞ്ഞ് ഇറങ്ങിയാ, അത് എന്‍റെ വിഡ്ഡിത്തം.ഈ ഒരു ചിന്ത മനസില്‍ ഉള്ളതിനാല്‍ ഒരുവിധം അറിയപ്പെടുന്ന ബ്ലോഗൊന്നും ഞാന്‍ പരിചയപ്പെടുത്താന്‍ തുനിഞ്ഞ് ഇറങ്ങാറില്ല.എന്നാല്‍ ഇന്ന് ഞാന്‍ പതിവ് തെറ്റിക്കുകയാണ്, അതിനു കാരണം കണ്ണനുണ്ണിയുടെ പുതിയ പോസ്റ്റാണ്...

മേല്‍ പറഞ്ഞ പോസ്റ്റിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നതിനു മുന്നേ കണ്ണനുണ്ണിയെ കുറിച്ചും അവന്‍റെ പോസ്റ്റുകളെ കുറിച്ചും ഒരു വാക്ക്..

ആദ്യം കണ്ണനുണ്ണിയുടെ പ്രൊഫൈല്‍..

"ഒരു തനി ഹരിപ്പാട്ടുകാരന്‍. ഇത്തിരി മണ്ടത്തരം, ഇത്തിരി മടി ഒക്കെ ജന്മനാ കിട്ടിയതൊഴിച്ചാല്‍ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ല. ഇപ്പോള്‍ ബാന്ഗ്ലൂരില്‍ ജോലി ചെയ്യുന്നു."

ഇനി എന്‍റെ വാക്കുകള്‍..

"ആളൊരു അധ്വാനിയാ, ജന്മനാ കിട്ടിയ കഴിവുകളെ മാക്സിമം വളര്‍ത്തിയിരിക്കുന്നു.മിക്ക പോസ്റ്റുകളിലും ആ കഴിവുകളുടെ വളര്‍ച്ച നമുക്ക് മനസിലാക്കാം.നൊസ്റ്റാള്‍ജിയ ഇഷ്ടവിഷയമായതിനാല്‍ പ്രൊഫൈലില്‍ അമ്മാതിരി ഒരു ഫോട്ടോയും ഇട്ടിട്ടുണ്ട്."

മേല്‍ സൂചിപ്പിച്ച വരികള്‍ കണ്ണനുണ്ണിയുടെ സാധാരണ പോസ്റ്റുകളെ ഉദ്ദേശിച്ചുള്ളതാണ്.എന്നാല്‍ പെട്രോള്‍ പമ്പിലെ തട്ടിപ്പ്, കര്‍ത്താവിന്റെ പേരില്‍ ഒരു കുരിശ്, യാത്രക്കാരുടെ ശ്രദ്ധക്ക് എന്നിങ്ങനെയുള്ള കാര്യപ്രധാനമായ പോസ്റ്റുകളും ആ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്‍റെ പുതിയ പോസ്റ്റായ 'സ്റ്റെം സെല്‍ ചികിത്സ എന്ന ജീവദായിനി' ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പോസ്റ്റാണ്.


ആ പോസ്റ്റിനെ കുറിച്ച് രണ്ട് വരി..
(അതും ഞാന്‍ മനസിലാക്കിയത്)

സ്റ്റെം സെല്‍ , അഥവാ ' മൂല കോശം ' വലിയ ഉറക്ക പ്രിയനാണ്.നമ്മുടെ ശരീരത്തില്‍ ഇവ ഉറങ്ങി കിടക്കുന്നു.ശരീരം കേടായാല്‍ വര്‍ക്ക് ഷോപ്പീന്ന് മെക്കാനിക്ക് വരുന്ന പോലെ ഇവറ്റകള്‍ കേട് പാട് തീര്‍ക്കുന്നു.ഇമ്മാതിരി അത്ഭുതം കാണിക്കുന്ന ഈ സെല്‍ ഇന്‍ജക്റ്റ് ചെയ്ത്, ഹൃദ്രോഗം, ക്യാന്‍സര്‍, കരള്‍ രോഗങ്ങള്‍, പാര്‍ക്കിന്സന്‍സ്, ബ്രെയിന്‍ ട്യൂമര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ വരെ ചികിത്സിച്ച് ഭേദമാക്കുന്നതാണത്രേ ഈ ചികിത്സാ രീതി.

സത്യം പറയട്ടെ, ഞാന്‍ ആദ്യമായി കേള്‍ക്കുവാ!!

എന്നെ പോലെ കമ്പ്യൂട്ടര്‍ സയന്‍സുമായി മല്ലയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കണ്ണനുണ്ണി, വൈദ്യശാസ്ത്രത്തില്‍ എന്തോ കണ്ട്പിടിച്ചെന്നാ ഞാന്‍ ആദ്യം കരുതിയത്.എന്നാ ആ പോസ്റ്റ് വായിച്ചപ്പോ കഥ മാറി, കണ്ണനുണ്ണിക്ക് ഉള്ള അറിവ് പരിമിതമാണ്.മാത്രമല്ല, ആശ നഷ്ടപെട്ട ഒരു ജീവനെങ്കിലും പ്രത്യാശ നല്‍കുവാന്‍ ഇതിലൂടെ കഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ അദ്ദേഹം അത് എഴുതിയത് തന്നെ.

അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നല്ലേ??
അത് തന്നെ!!

കണ്ണനുണ്ണിയുടെ പോസ്റ്റിനെ തുടര്‍ന്ന് ബൂലോകത്ത് പരതിയപ്പോ സമാനമായ പല പോസ്റ്റുകളും കണ്ടു.കണ്ണനുണ്ണിയുടെ പോസ്റ്റില്‍ നിന്ന് ഒരു ഐഡിയ ലഭിച്ചതിനാല്‍ ആ ചികിത്സാരീതിയെ കുറിച്ച് കൂടുതല്‍ പെട്ടന്ന് മനസിലാക്കാനും സാധിച്ചു, അതിനു അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു.

ബൂലോകരോട് ഒരു അഭ്യര്‍ത്ഥന..

വര്‍ഷഗീതം എന്ന പോസ്റ്റില്‍ വായിച്ചതെല്ലാം ശരിയാണെന്ന് ആധികാരമായി പറയാന്‍ എനിക്ക് അറിയില്ല.എന്നാല്‍ സാധ്യമായ എന്തോ ചികിത്സാ രീതിയാണെന്നും, നമ്മളില്‍ പലരും അതില്‍ അജ്ഞരാണെന്നും എനിക്ക് ഉറപ്പാണ്.അതിനാല്‍ തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരോ, അല്ലെങ്കില്‍ 'സ്റ്റെം സെല്‍ ചികിത്സയെ' കുറിച്ച് കൂടുതല്‍ അറിയാവുന്നവരോ ദയവായി പോസ്റ്റുകളിലൂടെയോ കമന്‍റുകളിലൂടെയോ കൂടുതല്‍ വിവരങ്ങള്‍ പങ്ക് വയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.നാളെ ഒരു കാലത്ത് അത് ആര്‍ക്കെങ്കിലും ഉപകാരപ്രദമായാല്‍ അത് തന്നെ വലിയ കാര്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക...

കണ്ണനുണ്ണിയുടെ പോസ്റ്റ്

വിജ്ഞാനപ്രദമായ വിവരങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്..

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം

ഹിമാലയ യാത്ര - PART 10

ഹിമാലയ യാത്ര PART 1 PART 2 PART 3 PART 4 PART 5 PART 6 PART 7 PART 8 PART 9

സജി മാര്‍ക്കോസ്

അതി രാവിലെ എഴുന്നേറ്റു. പതിവുപോലെ ബ്രെഷ്നേവ് ഞങ്ങള്‍ എഴുന്നേല്‍ക്കുമ്പോഴേക്കും റെഡിയായിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നു. ജനലിനു വെളിയില്‍ കാറ്റ് അടിക്കുന്ന ശബ്ദം കേള്‍ക്കാം.കര്‍ട്ടന്‍ നീക്കി വെളിയിലേക്കു നോക്കി. പട്ടണം സുഖ നിദ്രയില്‍ തന്നെ.ദൂരെ പര്‍വ്വതാഗ്രങ്ങള്‍‍ എല്ലാം ഇളവെയിലില്‍ കുളിച്ചു നില്‍ക്കുന്നു. എന്നാല്‍ മലയുടെ ഇടുവില്‍ ആയതുകൊണ്ട്, ജോഷിമഠില്‍ പ്രഭാത വെയില്‍ എത്തിയിട്ടില്ല. സ്വെറ്ററും കോട്ടും, തോപ്പിയും ധരിച്ചു എല്ലാവരും തയ്യാറായി. കൈയ്യില്‍ ക്യാമറയും വള്ളവും മാത്രം കരുതി. ഓലി മല കയറ്റമാണ് ഇന്നത്തെ ദൌത്യം. അസഹനീയമയ തണുപ്പും കാറ്റും ഉണ്ടെങ്കിലും മഞ്ഞു വീഴ്ച തുടങ്ങിയിട്ടില്ല. യാത്രയില്‍ കര്‍ണപ്രയാഗ് കഴിഞ്ഞപ്പോള്‍ മുതല്‍ ദൂരെ മഞ്ഞു മൂടിയ പര്‍വ്വത ശിഖരങ്ങള്‍ കാണാമായിരുന്നെങ്കിലും, ഇതുവരെയും, മഞ്ഞില്‍ പുതഞ്ഞ വഴികളിലൂടെ നടക്കുവാനോ, മഞ്ഞിന്റെ സൌന്ദര്യം അടുത്തു കാണുവന്നോ കഴിഞ്ഞിരുന്നില്ല. ഇന്ന് അതിനുള്ള പുറപ്പടാണ്.

15 കിലോമീറ്റര്‍ ദൂരം വരേയും വണ്ടി കയറിചെല്ലും.റോഡ് കൊടും വളവുകള്‍ ഉള്ളതും വീതി വളരെ കുറഞ്ഞതും ആയിരുന്നു. എങ്കിലും, വഴി മദ്ധ്യേ ഒരു വലിയ പട്ടാള ക്യാമ്പ് ഉണ്ടായിരുന്നതുകൊണ്ട് ആകണം, വളരെ നന്നായി അറ്റകുറ്റ പണികള്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. 15 കിലോമീറ്ററും കുത്തനെ മുകളിലേക്കു കയറണം. ഒരോ വളവു കഴിയുമ്പോള്‍ താഴേ ജോഷിമഠ് ചെറുതായി ചെറുതായി വരുകയും, ചുറ്റുമുള്ള മലകളുടെ എണ്ണം കൂടി കൂടി വരികയും ചെയ്തുകൊണ്ടിരുന്നു. ആദ്യത്തെ ഒന്നു രണ്ടു മലകള്‍ക്ക് അപ്പുറമെല്ലാ മലയിലും മഞ്ഞു വീണു കിടക്കുന്നു.


അങ്ങു ദൂരെ അവിടെ നിന്നും കാണാവുന്ന ഏറ്റവും ഉയര്‍ന്ന പര്‍വ്വതമായ നന്ദാ ദേവി തല ഉയര്‍ത്തി നില്‍ക്കുന്നതു കാണാമായിരുന്നു.

ഒരു അതിവിശാലമായ ഒരു ഹോട്ടലിന്റെ മുന്‍പില്‍ യാത്ര അവസാനിച്ചു. രോഡു പണി നടക്കുന്നതിനാല്‍ മുകളിലോട്ടു വണ്ടി കടത്തിവിടുന്നില്ല.ഇവിടെ നിന്നുമാണ് പ്രഭാത ഭക്ഷണവും വെള്ളവും ശേഖരിക്കേണ്ടത്.ഇതിനു മുകളില്‍ ഒരു ഹോട്ടല്‍ കൂടിയേ ഉള്ളൂ എന്ന് റോഡു പണിക്കാര്‍ ഞങ്ങളോടു പറഞ്ഞു. വഴിയാത്രയില്‍ കഴിക്കുവാന്‍ വേണ്ട ഭക്ഷണവും, ക്ഷീണം തോന്നുമ്പോള്‍ ഉന്മേഷത്തിനു വേണ്ടി ഗ്ലൂക്കോസ് പൊടിയും വാങ്ങി കരുതുകൊള്ളുവാനും പറയാന്‍ അവര്‍ മറന്നില്ല.

അപ്പോഴാണ് മലമുകളിലേക്കു കയറുന്ന കേബിള്‍ കാര്‍ ഞങ്ങളുടെ ശ്രദ്ധയിപ്പെട്ടത്. അതിന്റെ ഒരു സ്റ്റോപ്പ്, ഈ ഹോട്ടലിന്റെ ഏറ്റവും മുകളിഉള്ള കെട്ടിടത്തിന്റെ മുന്‍പില്‍ ആയിരുന്നു. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ റോപ് വേയാണ് ആണ്. നാലു കിലോമിറ്ററില്‍ അധികം നീളം വരുന്ന റോപ്‌വേ, ജോഷി മഠില്‍ നിന്നും ആരംഭിച്ച് ഈ ഹോട്ടലിന്റേയും മുകളിലുള്ള പ്രശസ്തമായ ക്ലിഫ് ലക്ഷ്വറി ഹോട്ടലിന്റെയും മുകളില്‍ വരെ എത്തി നില്‍ക്കുന്നു.

പ്രഭാത ഭക്ഷണം പതിവുപോലെ ആലു പൊറോട്ടയും അച്ചാറും തന്നെ. കുറച്ചു ഭക്ഷണം കൈയ്യില്‍ കരുതി. മലഞ്ചെരുവില്‍ അനേകം തട്ടുകളായിട്ട് ആയിരുന്നു ഹോട്ടല്‍ പണിതിരിക്കുന്നത്. പച്ച മേല്‍ക്കൂരയും ധാരാളം നടവഴികളും നടകളും കെട്ടി മനോഹരമായി രൂപ കല്പന് ചെയ്ത ഹോട്ടലിന് കുറെ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. മലഞ്ചെരുവില്‍ അങ്ങിങ്ങായി മഞ്ഞു വീണു കിടക്കുന്നത് കാണാമായിരുന്നു.

ഹോട്ടലിന്റെ പിന്‍‌വശത്തു നിന്നും മല മുകളിലേക്കു വഴിയുണ്ട്. കാല്‍ നടയാത്ര ആരംഭിക്കുകയായി.

കേബിള്‍ കാറിന്റെ സംരക്ഷണ ചുമതലയുള്ള ഒരു പട്ടാളക്കാരനെ പരിചയപ്പെട്ടു, മല കയറുന്നതിനുള്ള കുറെ നല്ല നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം തന്നു. ഈ പ്രദേശങ്ങളില്‍ ഓക്സിജന്‍ വളരെ കുറവാണെന്നു, ഒരു കാരണ വശാലും ഓടുകയോ വേഗതയില്‍ നടക്കുക പോലുമോ ചെയ്യരുത്. പുകവലിക്കുന്നവര്‍ ഒരു കാരണവശാലും ഒന്നും ഉപയോഗിക്കരുത്. മഞ്ഞു അങ്ങു മല മുകളില്‍ മാത്രമേ വീണിട്ടു ഉള്ളു. അവിടം വരെ കയറുവാന്‍ ചുരുങ്ങിയതു 5 മണിക്കൂര്‍ എങ്കിലും നടക്കണം. മഞ്ഞു ഉള്ള ഇടം വരെ എത്തിയാലും ഇല്ലെങ്കിലും മൂന്നു മണിക്കു തിരിച്ചു ഇറങ്ങാന്‍ തുടങ്ങണം. മല കയറുമ്പോള്‍‍,കഴിയുന്നത്ര കുറച്ച് മാത്രം സംസാരി‍ക്കുന്നതായിരിക്കും ഉചിതം. ആര്‍ക്കെങ്കിലും നെഞ്ചു വേദന അനുഭവപ്പെട്ടാല്‍ എല്ലാവരും ഉടനെ മടങ്ങിപ്പോരണം. വഴിയില്‍ ആരെയും സഹായിക്കാന്‍ കിട്ടുകയില്ല.
അനുഭവസ്ഥനായ അദ്ദേഹം ഉപദേശം ഇങ്ങനെ അവസാനിപ്പിച്ചു;

“ഹീറോ ബന്‍‌കേ ജാകെ, സീറോ ബന്‍‌കേ ആനാ നഹി”

അദ്ദേഹത്തോടു നന്ദി പറഞ്ഞു ഞങ്ങള്‍ തിരിച്ചു. ഹോട്ടലിന്റെ തൊട്ടു മുകളില്‍ എത്തിയതും, എസ്കവേറ്ററുകളും മറ്റു മണ്ണുമാറ്റുന്ന വലിയ യന്ത്രസാമഗ്രികളും അതി രാവിലെ എന്തോ വലിയ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതു കണ്ടു. വലിയ വീതിയുല്‍ വളഞ്ഞു പുളഞ്ഞപോകുന്ന കുത്തനെയുള്ള രോഡു പോലെ നിര്‍മ്മിക്കുന്നത് പുതുതായ സ്കീയിങ് ട്രാക്ക് ആയിരുന്നു. മഞ്ഞു വീഴ്ചയുള്ളപ്പ്ലോള്‍ ആറ് അടി കട്ടിയില്‍ മഞ്ഞു ഈ പ്രദേത്തു വീണു കിടക്കും.ലോകത്തിലെ ഏറ്റവും ഉയര്‍ത്തിലുള്ള സ്കീയിങ് ട്രാക്ക് ആയിരിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിന്റെ വശത്തു കൂടി ഞങ്ങള്‍ വളരെ പതുക്കെ യാത്ര തുടര്‍ന്നു. ഓക്സിജന്‍ കുറവാണ് എന്നു പറഞ്ഞതു ഞങ്ങള്‍ക്കു ബോദ്ധ്യപ്പെട്ടു തുടങ്ങി. വേഗതയില്‍ നടന്നു തുടങ്ങിയ സാബു പതിയെ പുറകോട്ട് ആയി തുടങ്ങി. പിന്നില്‍ തൂക്കിയിട്ടിരുന്ന ക്യാമറയുടെ ബാഗ് ജെയ്സന്റെ കയ്യിലേക്ക് കൊടുത്തു. സംസാരം കുറയ്ക്കുവാന്‍ പറഞ്ഞതു അനുസരിക്കുവാന്‍ മാത്രം എനിക്കു ബുദ്ധിമുട്ടായിരുന്നു. വേണമങ്കില്‍ ആഹാരം കഴിക്കാതെയിക്കാം, പക്ഷേ, സംസാരിക്കാതെ എങ്ങിനെയാണിരിക്കുന്നത്?

ഒരു കിലോമീറ്ററിനുള്ളില്‍ ചുരുങ്ങിയത് മൂന്നു പ്രാവശമെങ്കിലും വിശ്രമിക്കേണ്ടി വന്നു. ഉ‍ദ്ദേശിച്ച രീതിയില്‍ ഈ മല കയറാന്‍ കഴിയില്ലെന്നു ഞങ്ങള്‍ക്കു മനസിലായി. അല്പം മുകളില്‍ എത്തിയപ്പോള്‍, ക്ലിഫ് ടോപ് ഹോട്ടല്‍. ആധുനിക രീതിയില്‍ പണി കഴിപ്പിച്ച കെട്ടിട സമുച്ചയം.അവിടെ നിന്നും രണ്ടു ബോട്ടില്‍ വെള്ളം മാത്രം വാങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു.

ഹോട്ടലിന്റെ മുകളില്‍ നിന്നും തഴോട്ടുള്ള കാഴ്ച അതി മനോഹരമായിരുന്നു.

ഇരുന്നും നിന്നുമായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. കുറച്ചു മണിക്കൂറുകള്‍ കൂടി കയറിയപ്പോള്‍ കേബിള്‍കാറിന്റെ ടെര്‍മിനലില്‍ എത്തി. അവിടെയും ഒരു കുഞ്ഞു റെസ്റ്റോറന്റ് ഉണ്ടായിരുന്നു. നല്ല ചൂടും എരിവും ഉള്ള വെജിറ്റബ്ബിള്‍ സൂപ്പ് അവിടുത്തെ ഒരു പ്രത്യേക ഇനമായിരിന്നു. കേബ്ബിള്‍ കാറിന്റെ അവസാനത്തെ ട്രിപ്പ് 4 മണിക്ക് ആണെന്നും, അതിനു മുന്‍പ് എത്തിയാല്‍ ക്ഷീണം തോന്നുന്നുവെങ്കില്‍ ജോഷി മഠിലേക്ക് ഡിസ്കൌണ്ട് നിരക്കില്‍ കൊണ്ടു പോകാമെന്നും അതിന്റെ ഓപ്പറേറ്റേഴ്സ് പറഞ്ഞതു വളരെ അശ്വാസകരമായി.
അല്പം കൂടി മുകളിലേക്കു നടന്നു. മലഞ്ചെരുവില്‍ ഒരു ചെറിയ വനം. അവിടെ വച്ചു വഴി രണ്ടായി പിരിയുന്നു. ബ്രെഷ്നേവ് ഇടതു വശത്തേക്കു പോകുന്നതാണ് ശരിയയ വഴിയെന്നും, ഞാനും ജയ്സണും വലത്തോട്ടു പോകുന്നതാണ് മുകളിലേക്കുള്ള വഴിയെന്നു എന്നു തര്‍ക്കമായി.

“വഴി തെറ്റിയാല്‍ ശരിയായ വഴി കണ്ടു പിടിച്ച് തിരിച്ചു സമത്ത് ഒരിടത്തും ചെല്ലാന്‍ കഴിയില്ലെന്നു മറക്കരുത്” എന്റെ വക ഉപദേശം. “ രാത്രി ഈ തണുപ്പില്‍ കിടന്നു മരിക്കേണ്ടി വരും.“

“ഈ വഴിയാണ് ശരിയാണെന്നു ആ ഹോട്ടലിലെ ബോയി പറഞ്ഞത് ഞാന്‍ കേട്ടതാ” ബ്രഷ്നേവ്.

“അതിനു ബോയി പറഞ്ഞതു മനസിലാക്കാന്‍ നിനക്കു ഹിന്ദി അറിയില്ലല്ലോ?“ ജയ്സണ്‍.

പുറകില്‍ ആയിരുന്ന സാബു അപ്പോഴേക്കും നടന്നു ഒപ്പം എത്തി. വിവരം അറിഞ്ഞു എല്ലാവരെയും ചീത്തപറഞ്ഞിട്ട് മുന്‍പോട്ടു കേറി നടന്നു. പിന്‍തുടരുകയല്ലാതെ മറ്റു വഴിയില്ലായിരുന്നു. കാട് കഴിയാറായി. പഴയ പൈന്‍ മരങ്ങളും ദേവതാരുക്കളും നിറഞ്ഞ ഒരു കാട്. കാടിന്റെ നടുക്ക് ഒരു കോവില്‍.

കാടും കഴിഞ്ഞു മുകളില്‍ എത്തിയപ്പോള്‍ മല മുകളില്‍ ഉപ്പു പരലുകള്‍ പോലെ മഞ്ഞു വീണു കിടക്കുന്നതു കാണാന്‍ തുടങ്ങി. ശരിക്കും മടുത്തു തുടങ്ങിയ ഞങ്ങള്‍ക്കു വീണ്ടും ഉത്സാഹം കൈ വന്നു. മലഞ്ചെരുവില്‍ ഇരുന്ന് കയ്യില്‍ കരുതിയിരുന്ന ഭക്ഷണം കഴിച്ചു ക്ഷീണം മാറ്റി.


അക്കരെയുള്ള മല പശ്ചാത്തലമാക്കി ചില ചിത്രങ്ങള്‍ എടുത്തു.

ആര്‍ക്കും ഫോട്ടോ എടുക്കാനോ ക്യാമറാ ബാഗ് ചുമക്കനോ വയ്യാതെ ആയി തുടങ്ങിയിരുന്നു. കാലുകള്‍ നീരു വച്ചു തുടങ്ങി. തമ്മില്‍ തമ്മിലുള്ള സംസാരം കുറഞ്ഞു. ആറു മണിക്കൂര്‍ കഴിഞ്ഞു തുടര്‍ച്ചയായി നടക്കുവാന്‍ തുടങ്ങിയിട്ട്.

അല്പം വിശ്രമ ശേഷം വീണ്ടും മല കയറി.

അവസാനം മലഞ്ചരുവില്‍ മഞ്ഞ് വീണ ഒരു കൊച്ചു താഴ്വരയില്‍ എത്തി. ക്ഷീണമെല്ലാം മറന്നു കൊച്ചു കുട്ടികളേപ്പോലെ എല്ലാവരും മഞ്ഞിലോടിക്കളിച്ചു.


ആദ്യമായി കണ്ട സിനിമാ തുഷാരം ആയിരിന്നു എന്നാണ് ഓര്‍മ്മ. അതിലെ മഞ്ഞേ വാ....മധുവിധുവേളാ, എന്ന ഗാനം കേള്‍ക്കുമ്പോള്‍ ഇന്നും ആദ്യം തീയറ്ററില്‍ ഇരുന്നു വിസ്മയം പൂണ്ട രംഗങ്ങള്‍ ഓര്‍മ്മ വരും. രതീഷും റാണി പദ്മിനിയും മഞ്ഞിന്റെ മുകളിലൂടെ നൃത്തം വച്ചു നീങ്ങുന്നതു ഒരു അത്ഭുത കാഴ്ച്ചയായിരുന്നു. മാര്‍ ബേസില്‍ കൊട്ടകയുടെ സ്ക്രീനിന്റെ ഇരു വശങ്ങളി ഓരോ നര്‍ത്തികിമാരുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ ആദ്യവസാനം അനങ്ങാതെ നില്‍ക്കുമ്പോല്‍, തൊട്ടു ചേര്‍ന്ന് വലിച്ചു കെട്ടിയ തുണിയില്‍ മിന്നിമറയുന്ന രംഗങ്ങളും ആടിപ്പാടി നടക്കുന്ന ഇഷ്ട നായകന്മാരും ഒരു അല്‍ഭുത കാഴ്ചയായിരുന്നു. ഇടയ്ക്കിടക്കു നര്‍ത്തികമാര്‍ക്ക് എന്തെങ്കിലും ചലനമുണ്ടോ എന്ന് നോക്കുമായിരുന്നു. അന്നത്തെ ആ മഞ്ഞും ഗാന രംഗങ്ങളും മഞ്ഞു വെള്ളവിരിച്ച ഈ താഴ്വര കണ്ടപ്പോള്‍ മനസിലേക്ക് ഓടിയെത്തി.

“ഒടുവില്‍ നാമെത്തിയീ ജന്മ ശൈലത്തിന്റെ കൊടുമുടിയില്‍ ഇവിടാരും ഇല്ലേ....?“
ബ്രെഷനേവ് ഉറക്കെ കവിത ചൊല്ലുവാന്‍ തുടങ്ങി..

തണുത്തുറഞ്ഞ മഞ്ഞു പരലുകള്‍ കൈയ്യിലെടുത്തു. മുഖത്തോടു ചേര്‍ത്തു. സാബു കുട്ടികളെപ്പോലെ അവിടെക്കിടന്ന ഒരു ഇരുമ്പു പ്ലേറ്റ് എടുത്തു അതില്‍ കയറിരുന്നു മഞ്ഞിന്റെ മുകളിലൂടെ സ്കീയിങ് തുടങ്ങി.അവന്‍ ഇന്നലെ വച്ച കൂളിങ് ഗ്ലാസ് ആണ്, ഇതു വരെ ഊരിയിട്ടില്ല.

മല കയറിയ ക്ഷീണമെല്ലാം മാറി.പക്ഷേ കടുത്ത തണുപ്പും തികഞ്ഞ ഏകാന്തതയും നിമിത്തം ഒത്തിരി സമയം ഞങ്ങള്‍ക്കു അവിടെ നില്‍ക്കുവാന്‍ കഴിയുമായിരുന്നില്ല. സ്വപ്നം സാക്ഷാല്‍ക്കരിച്ച ചാരിദാര്‍ത്ഥ്യത്തോടെ ഞങ്ങള്‍ പതിയെ മലയിറങ്ങാന്‍ തുടങ്ങി.

മടക്ക യാത്രയില്‍ ഞങ്ങള്‍ സൂപ്പു കുടിച്ച റെ‍സ്റ്റോറന്റില്‍ എത്തി. മുറിയുടെ മൂലയ്ക്കു സമോവര്‍ പോലെ കനല്‍ ഇട്ടു കത്തിക്കുന്ന ഒരു തകര സിലിന്‍ഡര്‍ ഉണ്ടായിരുന്നു. പുകക്കുഴല്‍ ജനലു വഴി പുറത്തേയ്ക്കു വച്ചിരിക്കുന്നു. ഞങ്ങള്‍ അതിന്റെ ചുറ്റും ഇരുന്നു.

നല്ല ചൂടും എരിവും ഉള്ള സൂപ്പ് ഞങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്നു .മല മുകലിലെ ജീവിതത്തേപറ്റി ദരിദ്രരായ അവിടുത്തെ ജീവനക്കാര്‍ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നു. താഴെ ജോഷി മഠില്‍ നിന്നും ഒരു ഗ്യാസ് സിലിന്‍ഡര്‍ ഇവിടം വരെ ചുമന്നു എത്തിക്കാന്‍ രണ്ടായിരത്തി അഞ്ഞൂറു രൂപയാണ് കൂലി എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഒരു അത്ഭുതവും തോന്നിയില്ല. ഹൈറേഞ്ചില്‍ ജനിച്ചു കിലോ മീറ്ററുകള്‍ നടന്നു സ്ക്കൂളില്‍ പോയിട്ടുള്ളവരാണ് ഞാനും സാബുവും. പക്ഷേ, ഈ മല കയറ്റം ഞങ്ങളെയും തളര്‍ത്തിക്കളഞ്ഞു.

നന്ദി പറഞ്ഞു മലയിറക്കം തുടര്‍ന്നു.

യാത്ര തുടങ്ങിയപ്പോള്‍ കണ്ട പട്ടാളക്കാരന്‍ ചില തൊഴിലാളികളോടൊപ്പം ഒരു കുഴിയില്‍ വിറക് ഇട്ടു കത്തുച്ച് തീകായുന്നതു കണ്ടു. ആരോഗ്യത്തോടെ തിരിച്ചു വന്ന ഞങ്ങളെ കണ്ടു സന്തോഷത്തോടെ യാത്രാ വിശേഷങ്ങള്‍ തിരക്കി.

അവരോടൊപ്പം അല്പം തീ കാഞ്ഞ ശേഷം ഞങ്ങള്‍ വണ്ടി പാര്‍ക്കു ചയ്ത സ്ഥലത്തേകു നടന്നു.

കാലുകള്‍ കനംവച്ചു. എടുത്തു പൊക്കി വയ്ക്കുവാന്‍ പ്രയാസം തോന്നി. ഷൂസിനുള്ളിലിരുന്ന് വിരലുകള്‍ വിങ്ങുന്നുണ്ടായിരുന്നു. ഞങ്ങള്‍ ശരിക്കും തളര്‍ന്നിരുന്നു. കുറ ദിവസങ്ങളായുള്ള തുടര്‍ച്ചയായ യാത്രയും സുഖകരമല്ലാത്ത കാലാവസ്ഥയും പരിചയിച്ചിട്ടില്ലാത്ത ഭക്ഷണ രീതികളും ഞങ്ങളെ സാരമായി ബാധിച്ചിരുന്നു. എങ്കിലും വര്‍ഷങ്ങളായി സ്വപ്നമായി കൊണ്ടു നടന്ന പല സഥലങ്ങളും പഴയ കൂട്ടുകാര്‍ക്കൊപ്പം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് എല്ലാവരിലും ആഹ്ലാദം ഉളവാക്കി.

ഞങ്ങള്‍ തീര്‍ത്ഥാടകര്‍ ആയിരുന്നില്ല. ദൈവ വിശ്വാസമുള്ളവരും ഇല്ലാത്തവരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഇതര മത വിശ്വാസികളെ ഹൃദയപൂര്‍വ്വം സ്നേഹിക്കാന്‍ കഴിയുന്ന ഒരു ഹൃദയം ഞങ്ങള്‍ക്കുണ്ടായിരുന്നു.സ്നേഹമുള്ളര്‍ക്ക് എല്ലാവരേയും സ്നേഹിക്കാന്‍ കഴിയും. ഹൃദയത്തില്‍ പകയും കൈയ്പ്പും ഉള്ളവര്‍ ഒരു മതത്തേയും സ്നേഹിക്കൂന്നില്ല, ഒരു ദൈവത്തേയും ആരാധിക്കുന്നതും ഇല്ല.

നാളെ ഞങ്ങളുടെ മടക്ക യാത്ര ആരംഭിക്കുകയായി. തിരിച്ച് ടെഹറി ഡാം വഴി ഡെഹ്‌റാഡൂണിലേക്ക്. രാവിലെ തിരിച്ചാല്‍ വൈകുന്നേരം ആകുമ്പോഴേക്കും ഡഹ്‌റാഡൂണില്‍ എത്തും.സാബു അവിടെ വച്ചു പിരിയും.രാത്രി തന്നെ ഞാനും ജെയ്സണും ബ്രെഷ്നേവും അവിടെ നിന്നും ബസില്‍ ഡല്‍ഹിയ്ക്ക്. നേരം വെളുക്കുമ്പോഴേക്കും ഡല്‍ഹിയില്‍ എത്തും. ഒരു ദിവസം കൂടി പ്രമോദിനോടും സുനിലിനോടുമൊപ്പം ഡല്‍ഹി പട്ടണത്തില്‍ സ്ഥലങ്ങള്‍ കാണണം. പിറ്റേദിവസം ബ്രഷ്നേവ് മോര്‍ണിങ് ഫ്ലൈറ്റില്‍ കൊച്ചിയ്ക്ക്, ഞാനും ജയ്സനും ബഹറിനി‍ലേക്ക്.

ഹോട്ടലില്‍ എത്തിയതും തളര്‍ന്നു കട്ടിലിലേക്കു വീഴുകയായിരുന്നു.

(അടുത്ത ലക്കത്തില്‍ അവസാനിക്കും. യാത്ര ചെയ്ത വഴികളുടെ മാപ്പും, ഓരോ സ്ഥലങ്ങളിലേക്കുള്ള ദൂരവും, യാത്രാ, താമസ ചിലവുകളും അടുത്ത പോസ്റ്റില്‍ ഉണ്ടായിരിക്കുന്നതാണ്)

റഹ്മാനിയ അഥവാ രഹ്മാനിയാക്‌ജസ്റ്റിന്‍ പെരേര - ഷാര്‍ജ


ഡാനിഷ് കഥാകൃത്തായ "ഹാന്‍സ്‌ ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സന്‍" 1837-ഇല്‍ എഴുതിയ "ചക്രവര്‍ത്തിയുടെ പുത്തന്‍ വസ്ത്രം" എന്നൊരു കഥ നാം എല്ലാവരും വായിച്ചിട്ടുള്ളതാണല്ലോ. കഥയുടെ സാരാംശം ഇതാണ്. പണ്ടൊരു മഹാരാജാവ് ജീവിച്ചിരുന്നു. പുതുപുത്തന്‍ വസ്ത്രങ്ങളില്‍ അതീവ തല്പ്പരന്‍ ആയിരുന്ന രാജാവിനെ മന്ത്രിയും നെയ്തുകാരും ചേര്‍ന്ന്, ലോകത്തിലെ ഏറ്റവും മഹത്തായ വസ്ത്രം അണിയിച്ചിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയും, നഗ്നനായി ജനമധ്യത്തിലൂടെ നടത്തുകയും ചെയ്തു. രാജാവ്‌ വിവസ്ത്രന്‍ ആണെന്നറിഞ്ഞിട്ടും, മന്ത്രിയും മറ്റുള്ളവരും രാജാവിന്റെ വസ്ത്രത്തെ പ്രകീര്‍ത്തിക്കുന്നത് കണ്ട്, ജനങ്ങളും "അല്ലയോ രാജാവേ.... എന്ത് നല്ല വസ്ത്രം! ഇത് അങ്ങേയ്ക്ക് എത്ര നന്നായി ഇങ്ങങ്ങുന്നു" എന്ന് ഏറ്റുപറയാന്‍ തുടങ്ങി. എന്നാല്‍ പെട്ടൊന്നൊരു കൊച്ചു ബാലന്‍, "അയ്യോ.... രാജാവിതാ തുണിയില്ലാതെ നടക്കുന്നെ" എന്ന് വിളിച്ചു പറഞ്ഞു. എന്നാല്‍ അത് തന്നെയായിരുന്നില്ലേ സത്യം?

ഞാന്‍ ഇനി കുറിക്കുന്നത് എന്റെ മാത്രം അഭിപ്രായങ്ങള്‍ ആണ്. വെറും ഒരു സാധാരണ സംഗീതാസ്വദകന്റെ അഭിപ്രായം എന്നതിലുപരി ഇതില്‍ മറ്റൊന്നും തന്നെയില്ല. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. അഭിപ്രായങ്ങള്‍ അറിയിക്കുക. പക്ഷെ വെറുതെ ഒരു തര്‍ക്കത്തിനു വേണ്ടിയുള്ള അഭിപ്രായമാല്ലാതെ, വസ്തുതാപരമായി മറുപടി എഴുതുവാന്‍ ശ്രദ്ധിക്കുമല്ലോ.

മുകളില്‍ ഞാന്‍ പറഞ്ഞതും, നാമെല്ലാം വായിച്ച് അറിഞ്ഞതുമായ രാജാവിന്റെ കഥയില്‍ നഗ്നനായി പട്ടണത്തിലൂടെ നടന്നു നീങ്ങുന്ന രാജാവിനെ നോക്കി മന്ത്രിയും, നെയ്തുകാരും "അല്ലയോ രാജാവേ.... എന്ത് നല്ല വസ്ത്രം! ഇത് അങ്ങേയ്ക്ക് എത്ര നന്നായി ഇങ്ങങ്ങുന്നു" എന്ന് പറയുന്നു. ജനങ്ങള്‍ ആകട്ടെ "നമ്മള്‍ മാത്രം എന്തിനു മിണ്ടാതെ മാറിനില്‍ക്കണം" എന്ന് ചിന്തിച്ചുകൊണ്ട് അതേറ്റു പറയുകയും ചെയ്യുന്നു. അത് പോലെ തന്നെയല്ല, ഇപ്പോഴുള്ള ഇന്ത്യന്‍ സിനിമാസംഗീതവും, സംഗീതസംവിധായകരും അവര്‍ക്ക് സ്തുതി പാടുന്ന നമ്മള്‍ സാധാരണ ജനങ്ങളും?

എ. ആര്‍. റഹ്മാന്‍ എന്നാ സംഗീതസംവിധായകന് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡും, ഓസ്കാര്‍ അവാര്‍ഡും ലഭിച്ചപ്പോള്‍, രാജ്യം ആഹ്ലാദത്തിമിര്‍പ്പില്‍ ആയിരുന്നു. അത് കഴിഞ്ഞ് ഇപ്പോള്‍ ഗ്രാമി അവാര്‍ഡ്‌ ലഭിക്കുവാന്‍ ഫെബ്രുവരി 22-ന് കൊഡാക് സ്റ്റുഡിയോയിലേക്ക് നടന്നു കയറുമ്പോള്‍ രാജ്യം മൊത്തത്തില്‍ അങ്ങേയറ്റം അഭിമാനിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും നല്ലൊരു കാര്യം തന്നേ. ഭാരതീയര്‍ക്ക് അഹങ്കരിക്കുവാന്‍ വകനല്‍കുന്ന ഒരു നിമിഷം.

ഒരു പക്ഷെ, ഈ കാലഘട്ടത്തിലെ മുന്‍പന്തിയില്‍ തന്നേ നില്‍ക്കുന്ന നല്ല സംഗീതസംവിധായകരില്‍ ഒരാള്‍ ആയിരിക്കാം എ. ആര്‍. റഹ്മാന്‍. എന്നാല്‍, കഴിഞ്ഞ കാലത്തെയും, ഇപ്പോഴുള്ളതിലും ഏറ്റം പ്രഗല്ഭന്‍ അദ്ദേഹം ആണെന്ന് പറയുന്നതിനോട് യോജിക്കാന്‍ വയ്യ. ഭാരതത്തില്‍ നിന്നും, പ്രഗല്‍ഭരായ ധാരാളം സംഗീതസംവിധായകരില്‍ ആരും തന്നെ ഒരു ഓസ്ക്കാറിനോ , ഗ്രാമിക്കോ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നത് വാസ്തവം തന്നെ. എന്നാല്‍ അവരാരും റഹ്മാന്‍ എന്ന സംഗീതസംവിധായകനേക്കാള്‍ കഴിവ് കുറഞ്ഞവര്‍ ആണെന്ന് കരുതുകവയ്യ.
Image Courtesy : in[dot]com
ഇക്കാലത്തെ റഹ്മാന്റെ സംഗീത സൃഷ്ടികളില്‍ അധികവും അദ്ദേഹത്തിന്‍റെ തന്നെ പഴയ സംഗീതത്തിന്റെ ഒരു റീമിക്സ് തുടര്‍ച്ചയാണ് എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ അദ്ദേഹം പുതുതായി എന്താണ് സ്കോര്‍ ചെയ്തത്? എല്ലാവര്ക്കും ഒരു ഭ്രാന്ത്‌ തന്നെ ആയി മാറിയ "സ്ലം ഡോഗ് മില്യനര്‍ എന്നാ സിനിമയിലെ ജയ്‌ ഹോ" എന്ന ഗാനത്തില്‍ എന്താണ് അടങ്ങിയിരിക്കുന്നത് എന്ന് സംഗീത നിരൂപകരോ, ആരാധകരോ പറഞ്ഞാല്‍ നന്നായിരുന്നു. കര്‍ണ്ണകടോരകമായ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ഈ ഗാനം, ഭാരത സംഗീത ശ്രേണിയില്‍ അരോചകം ആണെന്നത് ഒരു സത്യം തന്നെയാണ്.

എഴുപതുകളില്‍ യുവഹൃദയങ്ങളെ ത്രസിപ്പിച്ചിരുന്ന "ഒസിബിസ" എന്നാ സംഗീതസംഘത്തിന്റെ ആഫ്രിക്കന്‍/കരീബിയന്‍ - റിഥം/ബ്രാസ് പാറ്റേണ്‍ തന്നെയല്ലേ റഹ്മാന്‍ ഈയൊരു ഗാനത്തിനും ഉപയോഗിച്ചിരിക്കുന്നത്? സാങ്കേതികവിദ്യാ സാധ്യതകള്‍ ഇന്നത്തെക്കാള്‍ എത്രയോ കുറവായിരുന്ന അക്കാലത്തെ അടിസ്ഥാനഘടകങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് , നവീന സാങ്കേതികവിദ്യയില്‍ ഒരു "ജയ് ഹോ" പുറത്തു വന്നു. എന്നാലും, ഹൃദയധമനികളെ ഉദ്ദീപിപ്പിക്കുവാന്‍ എഴുപതുകളിലെ "ഒസിബിസ"-യ്ക്കൊപ്പം 'ജയ് ഹോ' കിടപിടിക്കുമോ എന്ന് സംശയം തന്നെ. തീര്‍ച്ചയായും ഈ പറഞ്ഞതിന് എതിരഭിപ്രായങ്ങള്‍ ഉണ്ടാകാം.

ഇന്ത്യം സിനിമാസംഗീതത്തെ ഇരുപത്തിരണ്ടു വര്‍ഷം അടക്കിവാണ ശങ്കര്‍ ജയ്‌കിഷന്‍, അതുപോലെ നൌഷാദ്, ഓ. പി. നയ്യാര്‍, എസ്. ഡി. ബര്‍മന്‍, മദന്‍ മോഹന്‍, റോഷന്‍, സി. രാമചന്ദ്രന്‍, ഹേമന്ത്‌ കുമാര്‍, സലില്‍ ചൌധരി എന്നിവരുടെ സ്വര്‍ഗീയ സംഗീതവുമായി ചേര്‍ത്തു വയ്ക്കുമ്പോള്‍, ഒരു "ജയ് ഹോ"-യുടെ സ്ഥാനം എവിടിയാണ്? മേല്‍പ്പറഞ്ഞ സംഗീതസംവിധായകരുടെ, രാഗങ്ങളെ പുണര്‍ന്നു നിന്നുള്ള സംഗീതവും, സംഗീതോപകരണങ്ങളുടെ മിതമായും, മനോഹരമായുമുള്ള കൂട്ടിച്ചേര്‍ക്കലും ഇവരെയൊക്കെ റഹ്മാനെ പോലുള്ള സംവിധായകരില്‍ നിന്നും മാറ്റി നിര്‍ത്തുന്നു.

ഏതൊരു ഗാനത്തിലാണ്‌ റഹ്മാന്‍ നല്ലൊരു ഗായകന്റെ അല്ലെങ്കില്‍ ഗായികയുടെ കഴിവിനെ ഉപയോഗിച്ചിട്ടുള്ളത്? മലയാളത്തിന്റെ വാനമ്പാടി ചിത്ര പോലും പറഞ്ഞിരിക്കുന്നു, റിക്കോര്‍ഡിങ് കഴിഞ്ഞു പുറത്തിറങ്ങുന്ന ഗാനവും ഞാന്‍ പാടിയതുമായി യാതൊരു ബന്ധവും ഇല്ല എന്ന്. ഇലക്ട്രോണിക്സിന്റെയും, കമ്പ്യൂട്ടറിന്റെയും, മിക്സിംഗ് യന്ത്രങ്ങളുടെയും, ഫ്രീക്വന്‍സി - മോഡുലേഷന്‍ വിദ്യയുടെയും സഹായത്തോടെ ഗായകരുടെ ശബ്ദം തന്നെ മാറ്റിമറിക്കുന്ന ഒരു വിദ്യയാണോ സംഗീതസംവിധാനം? ഒരു പക്ഷെ, അതുകൊണ്ട് തന്നെയാവണം, സംഗീതം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആരും തന്നെ റഹ്മാന്റെ ഗാനങ്ങള്‍ ആലപിക്കുവാന്‍ തയ്യാറാകാത്തതും!

എന്റെ ഒരു സുഹൃത്ത്‌ ഈയിടെ എന്നോട് പറയുകയുണ്ടായി. റഹ്മാന്‍ എന്നാല്‍ ഒരു സാധാരണ സംഗീതസംവിധായകന്‍ അല്ലെന്നും, അന്തര്‍ദേശീയ തലത്തില്‍ മറ്റുള്ളവരോട് സാങ്കേതികപരമായി കിടപിടിക്കുവാന്‍ കഴിവുള്ള "സൌണ്ട് ഡിസൈനര്‍" ആണെന്നും. എന്നാല്‍ എന്നെപോലുള്ള ഒരു സാധാരണക്കാരന് വേണ്ടത് നല്ല സംഗീതമാണ്, അല്ലാതെ അതിലെ സാങ്കേതികത അല്ല. ദേവതയെ പ്രീതിപ്പെടുത്തുവാനും, അപ്സരസ്സിനെ പടവൃക്ഷത്തില്‍ നിന്നും ഭൂമിയിലേക്ക്‌ കൊണ്ടുവരുവാനും, ഉഗ്രനായ സര്‍പ്പത്തെ ശാന്തനാക്കാനും, മേഘങ്ങളെക്കൊണ്ട് മഴ പെയ്യിക്കുവാനും, പിരിഞ്ഞു പോയ ഒരാത്മാവിനെ നമ്മിലേക്ക് ആവാഹിക്കുവാനും, കരയുന്ന കുഞ്ഞിനെ ശാന്തനാക്കി ഉറക്കുവാനും, കുറഞ്ഞപക്ഷം, രണ്ടു വര്‍ഷമെങ്കിലും കേട്ടാസ്വദിക്കുവാന്‍ ഇമ്പമുള്ള ഗാനങ്ങള്‍. ചെറിയൊരു ഉദാഹരണത്തിന്, പഴയൊരു മലയാളം സിനിമാഗാനമായ "വസുമതി ഋതുമതി" എന്ന ഗാനം കേട്ടുകഴിഞ്ഞു നിലാവുള്ള രാത്രിയില്‍ തനിയെ പുറത്തിറങ്ങി നിന്നാല്‍, ഒരു ഗന്ധര്‍വ സാമീപ്യം അനുഭവപ്പെടുന്നതായി തീര്‍ച്ചയായും തോന്നും. ഇപ്പറഞ്ഞതൊക്കെ മനുഷ്യന്റെ സാങ്കല്പ്പികത മാത്രമാണെങ്കിലും, പഴയ ഗാനങ്ങള്‍ അത്തരം ഒരു അനുഭൂതി നമുക്ക് നല്‍കുന്നില്ല എന്ന് ആര്‍ക്കും പറയുവാന്‍ കഴിയില്ല.

ഇപ്പോള്‍ മുഖ്യധാരയിലുള്ള മിക്ക സംഗീതസംവിധായകരും തങ്ങളുടെ ഗാനങ്ങള്‍ക്ക് വേണ്ടി സംഗീത ശകലങ്ങള്‍ അവിടുന്നും, ഇവിടുന്നും പെറുക്കിയെടുക്കുമ്പോള്‍ റഹ്മാന്‍, ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് തന്നെ സൃഷ്ടികള്‍ മെനയുന്നു എന്നൊരു കാര്യം റഹ്മാനെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തുന്നു. എന്തുതന്നെയായാലും, "ചൊട്ടമുതല്‍ ചുടലവരെ" സംഗീതം തപസ്യയാക്കിയ മഹാനായ സംഗീതസംവിധായകന്‍ ആര്‍. കെ. ശേഖറിന്റെ രക്തത്തിലുള്ള മകന് ചുവടു പിഴക്കുല്ലല്ലോ. ശേഖറിന്റെ ജീനുകള്‍ ആ ശരീരത്തില്‍ ഉള്ളത് തന്നെയാണ് ആ വിജയരഹസ്യവും . അല്ലാതെ അതൊരു മന്ത്രവാദിക്കോ, മറ്റു മതപരികര്‍മ്മികള്‍ക്കോ അവകാശപ്പെടാനുള്ളതല്ല .


എന്നിരുന്നാലും, റഹ്മാന്റെ ഒരു സൃഷ്ടിക്കും, നൌഷാദിന്റെ "മന്‍ തര്പത്‌ ഹരി ദര്‍ശന്‍ കോ ആജ്", സലില്‍ ചൌധരിയുടെ "ആരെ ഉദ് ജ രെ പഞ്ചി", ശങ്കര്‍ ജയ്‌കിഷന്റെ "രസിക് ബല്‍മ" എസ്.ഡി. ബര്‍മന്റെ "ആജ് ഫിര്‍ ജീനേ കി തമന്ന ഹെ", ഒ. പി. നയ്യരുടെ "ആംഖോം സെ ജോ ഉത്രി" എന്നീ മനോഹര ഗാനങ്ങളോട് കിടപിടിക്കുവാന്‍ കഴിയുമെന്ന് ആരും പറയില്ല. ഹേമന്ത്‌ കുമാറിന്റെ "വന്ദേ മാതരം" മരവിച്ചു കിടക്കുന്ന ശവ ശരീരങ്ങള്‍ക്ക് പോലും രാജ്യസ്നേഹത്തിന്റെ നവജീവന്‍ നല്‍കുന്നു. എന്നാല്‍, റഹ്മാന്റെ വന്ദേ മാതരം ഒരുതരം അക്രമവാസനയാണ് നമ്മില്‍ ഉണ്ടാക്കുന്നത്‌. എന്റെ സുഹൃത്തും, നിരൂപകനും, എഴുത്തുകാരനുമായ ശ്രീ രാജീവ്‌ ചേലനാട്ട് പറഞ്ഞതുപോലെ, പ്രാദേശീയവാദികളും മറ്റും ലഹളയ്ക്ക് പുറപ്പെടുന്നതിനു മുന്‍പുള്ള പശ്ചാത്തല സംഗീതമായി കാണാം ഇതിനെ.

2010 ജനുവരി മാസം 9-ന് ഇന്ത്യയിലെ പ്രമുഖമായ പല പത്രങ്ങളിലും വന്ന ഒരു വാര്‍ത്ത ശ്രദ്ധിച്ചു. മഹാനായ നടനും, എഴുത്തുകാരനും, സിനിമാസംവിധായകനും, തിരകഥാകൃത്തും, പല ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനുമായ. ശ്രീ ഗിരീഷ്‌ കര്‍ണ്ണാട് പറയുകയുണ്ടായി. "ഓസ്കാര്‍ എന്നോ, ഗ്രാമി എന്നോ കേള്‍ക്കുമ്പോള്‍ ഒരുതരം 'ഒബ്സഷന്‍ അല്ലെങ്കില്‍ മാനിയ അല്ലെങ്കില്‍ ഭ്രാന്ത്' ഉണ്ടാകേണ്ട കാര്യം ഭാരത സിനിമകള്‍ക്ക് ഇല്ല. മാത്രമല്ല, ഓസ്കാറിനു വേണ്ടിയുള്ള നമ്മുടെ ആര്‍ത്തി, നമ്മുടെതന്നെ ഒരുതരം അപകര്‍ഷതാബോധം ആണ് വെളിവാക്കുന്നത്. എന്താ സത്യമല്ലേ? അല്ലെങ്കില്‍ തന്നെ, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ തപസ്യയിലൂടെയും, ഉപാസനയിലൂടെയും കലര്‍പ്പില്ലാതെ, മഞ്ഞിന്റെ വെണ്മയോടും, അഗ്നിയുടെ പരിശുദ്ധിയോടും, മഹാന്മാര്‍ നമുക്ക് പകര്‍ന്നു നല്‍കിയ സംഗീതത്തെ അളന്നു തിട്ടപ്പെടുത്തുവാന്‍ മാത്രം, സായിപ്പിന്റെ ഓസ്കാറും, ഗ്രാമിയും വളര്‍ന്നോ?

മാറ്റങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ അത് കാലാനുസൃതവും, പാരമ്പര്യാനുസൃതവുമായി ആയിരിക്കണം. ലോകസാഹിത്യത്തിലെ മുടിചൂടാമന്നനായ, വില്യം ഷേക്സ്പിയര്‍ കഥയെഴുതുന്ന രീതിയും, ഭാഷയും നവീനസാഹിത്യ സൃഷ്ടാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍, കാലാഹരണപ്പെട്ടിരിക്കുന്നു. എന്നാല്‍, 'ബാര്‍ട് ഓഫ് എവോണ്‍" അവതരിപ്പിച്ച, കഥയും, കഥാപാത്രങ്ങളെയും പോലെ, ജനഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ നവീനസാഹിത്യ സൃഷ്ടാക്കളില്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്?

എന്റെ മനസ്സില്‍ വന്ന ചില കാര്യങ്ങള്‍ കുറിച്ചു എന്നുമാത്രം. ദശലക്ക്ഷം ജനങ്ങള്‍ പുതിയ റഹ്മാന്‍ ട്രെണ്ടിനു പുറകെ പരക്കം പായുമ്പോള്‍, റഹ്‌മാന്‍ എന്ന ആഴിയെ അളക്കാന്‍ ജസ്റ്റിന്‍ എന്ന നാഴിയോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എങ്കിലും രാജാവ് നഗ്നനാണെന്നു പറയാനും ആരെങ്കിലും ഒരാള്‍ എവിടെയെങ്കിലും വേണ്ടേ?

ജസ്റ്റിന്‍ പെരേര
ഷാര്‍ജ

റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം

അനില്‍ അറ്റ്‌ ബ്ലോഗ്‌

അടുത്തിടെ കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് നടത്തിയൊരു പ്രസ്ഥാവന കാര്യമായ രീതിയില്‍ മാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. ഇപ്രകാരം മിന്നിമറഞ്ഞു പോകുന്ന പല കേന്ദ്ര പ്രസ്ഥാവനകളും നിര്‍വ്വഹണ ഘട്ടം എത്തുമ്പോള്‍ മാത്രമാണ് പൊതുജനം തിരിച്ചറിയുന്നതെന്നത് ഈവിഷയത്തില്‍ ആവര്‍ത്തിക്കുന്ന പക്ഷം ഇന്ത്യന്‍ ആരോഗ്യ രംഗം വന്‍ വില നല്‍കേണ്ട സ്ഥിതിയിലേക്ക് നയിക്കപ്പെടും. ബിഎ.ആര്‍.എം.എസ് (ബാച്ചിലര്‍ ഓഫ് റൂറല്‍ മെഡിസിന്‍ ആന്റ് സര്‍ജറി ) എന്ന ഓമനപ്പേരിലറിയപ്പെടുമായിരുന്ന പുതിയ ബിരുദ കോഴ്സ് മുഖാന്തിരം ഒന്നര ലക്ഷം ഗ്രാമീണ ഡോക്റ്റര്‍മാരെ സൃഷ്ടിച്ചെടുക്കുമെന്നതായിരുന്നു ആ പ്രസ്ഥാവന. പ്രസ്ഥാവനക്കടിസ്ഥാനമായ സാഹചര്യം ഗൌരവമായ ചര്‍ച്ചയിലേക്ക് നയിക്കേണ്ടുന്ന ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസം ഉണ്ടാവേണ്ടതില്ല, എന്തെന്നാല്‍ ഇന്ത്യന്‍ ഗ്രാമീണ ആരോഗ്യ രംഗത്ത് ഡോക്ടമാരുടെ സേവനം വളരെ കുറവാണെന്നത് ഒരു വസ്തുത ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 5000 പേര്‍ക്ക് ഒരു സബ് സെന്റര്‍, 30000 പേര്‍ക്ക് ഒരു പ്രൈമറീ ഹെല്‍ത്ത് സെന്റര്‍ എന്നിങ്ങനെയാണ് സ്ഥാപനങ്ങളുടെ വിന്യാസം. ഉത്തര്‍ ഘണ്ട്, ഛാര്‍ഘണ്ട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിച്ചാല്‍ ഒരു എം.ബി.ബി.എസ് ഡോക്ടര്‍ പോലുമില്ലാത്ത പ്രൈമറി ഹെല്‍ത്ത് സെന്റേഴ് ഒട്ടനവധിയാണ്, തത്ഫലമായൊ 30000 പേര്‍ക്ക് കേവലം 1.6 ഡോക്ടര്‍ എന്ന നിലയിലാണ് ഇന്ത്യന്‍ ഗ്രാമീണ മേഖല. ചിത്രം കാണുക, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു താഴെ എത്ര ആയിരങ്ങള്‍ വരുന്നു എന്ന് കാണാം.

(ചിത്രത്തിന് കടപ്പാട് കേന്ദ്ര ആരോഗ്യമന്ത്രാലയം.)

ശരാശരി ഇന്ത്യന്‍ ഗ്രാമീണ ജനത ജീവിക്കുന്നത് വളരെ താഴ്ന ജീവിത നിലവാരത്തിലാണെന്ന് പല സര്‍വ്വേകളും വെളിവാക്കുന്നുണ്ട്. താരതമ്യേന മെച്ചപ്പെട്ട ജീവിത സാ‍ഹചര്യം നിലനില്‍ക്കുന്ന കേരളം പോലെയുള്ള സംസ്ഥാനത്ത് പോലും ഗ്രാമപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാരെ ലഭിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. മോശം ഭൌതിക സാഹചര്യങ്ങളും കുറഞ്ഞ ഫീസ് ലഭ്യതയും കൂടിച്ചേര്‍ന്ന് നാട്ടിന്‍പുറങ്ങളിലെ ചികിത്സ അനാകര്‍ഷകമാക്കുന്നതോടൊപ്പം, കൂടുതല്‍ മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഏറി വരുന്നതും (സ്വദേശത്തും വിദേശത്തും) ഈ അവസ്ഥക്ക് കാരണമാണ്. ഇതിന് ആക്കം കൂട്ടുന്നതാണ് ഇന്നത്തെ മെഡിക്കല്‍ പ്രവേശന പരീക്ഷാ സംവിധാനം. മെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം നേടുന്നതില്‍ ഭൂരിപക്ഷവും പട്ടണപ്രദേശത്തുകാരോ, ഗ്രാമങ്ങളില്‍ നിന്നുമാണെങ്കില്‍ ഉയര്‍ന്ന് സാമ്പത്തിക സ്ഥിതിയില്‍ ജീവിക്കുന്നവരോ ആണ്.

ഈ സാഹചര്യത്തിലാണ് ഗ്രാമപ്രദേശങ്ങളില്‍ നിന്നും തന്നെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ തിരഞ്ഞെടുത്ത്, ജില്ലാ തലത്തില്‍ തന്നെ പഠന സൌകര്യം ഒരുക്കി ഗ്രാമീണ വൈദ്യ സേവനത്തിനായ് അയക്കാന്‍ വിഭാവനം ചെയ്യുന്ന പുതിയ കോഴ്സ് ഉടലെടുക്കുന്നത്. ബാച്ചിലര്‍ ഓഫ് മെഡിസിന്‍ ആന്റ് സര്‍ജറി എന്ന പേര് ആദ്യ ഘട്ടത്തില്‍ തന്നെ ഐ.എം.എ പോലെയുള്ള സംഘടനകളുടെ എതിര്‍പ്പ് വിളിച്ചു വരുത്തുകയും ഇതേ തുടര്‍ന്ന് പേരുമാറ്റി പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തു. ബാച്ചലര്‍ ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് എന്ന രീതിയില്‍ മാറ്റാന്‍ ശ്രമിച്ച ബിരുദം ഒടുവില്‍ ഈ കഴിഞ്ഞയാഴ്ച ബാച്ചലര്‍ ഓഫ് റൂറല്‍ ഹെല്‍ത്ത് കെയര്‍ (BRHC) എന്ന പേരില്‍ എത്തി നില്‍ക്കുന്നു.
പ്രീഡിഗ്രിയോ തത്തുല്യ യോഗ്യതയോ ഭൌതിക ശാസ്ത്രം, രസതന്ത്രം, ജീവ ശാസ്ത്രം എന്നിവ പഠിച്ച കുട്ടികളില്‍ നിന്നും ഒരു പ്രവേശനപരീക്ഷയിലൂടെ ആളുകളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരിശീലനമാവട്ടെ , ജില്ലാ ആശുപത്രിയില്‍ കുറയാത്ത നിലവാരമുള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് നടത്തപ്പെടുക, കോഴ്സിന്റെ മറ്റ് വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും മെഡിക്കല്‍ പഠനത്തിന് സമാന്തരമായ സംവിധാനങ്ങള്‍ ഒരുക്കാനാണ് സാദ്ധ്യത എന്നും പറയപ്പെടുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നല്‍കുന്ന ഈ ബിരുദധാരികളെ മതിയായ പരിശീലനങ്ങള്‍ക്ക് ശേഷം പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെക്ക് വിന്യസിക്കുന്നതായിരിക്കും.

ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് ശ്രീ.ദേശായി നടത്തിയ പത്ര സമ്മേളനത്തില്‍ വെളിവാക്കപ്പെട്ടത് അനുസരിച്ച് കോഴ്സ് പേര് മാറിയെങ്കിലും മെഡിക്കല്‍ സിലബസിലെ മിക്കവാറും എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന രീതിയിലായിരിക്കും കോഴ്സിന്റെ ഘടന.മെഫിസിന്‍, സര്‍ജറി (ഹെര്‍ണിയ, വയറു വേദന, അപ്പന്റിസൈറ്റിസ് തുടങ്ങിയ ഗ്രാമീണ മേഖലയില്‍ അവശ്യം വേണ്ടവ) ഗൈനക്കോളജി , ഫാര്‍മക്കോളജി തുടങ്ങി എല്ലാം അതില്‍ ഉള്‍പ്പെടുന്നു. ഇതിനും പുറമേ കാലാകാലങ്ങളില്‍ സിലബസ് പരിഷ്കരിക്കുന്നതുമായിരിക്കും.

മേല്‍ വിവരങ്ങള്‍ മൊത്തമായി സംഗ്രഹിച്ചാല്‍ ചികിത്സാ രംഗത്തേക്ക് ഒരു പിന്‍ വാതില്‍ തുറക്കുന്നതായിരിക്കും പുതിയ കോഴ്സുകള്‍ എന്നതില്‍ സംശയമില്ല. യഥാര്‍ത്ഥത്തില്‍ ഇത് ഉദ്ദേശിച്ച ഫലം ചെയ്യുമോ എന്ന് നമുക്ക് പരിശോധിക്കാം.

ഗ്രാമീണമേഖലയില്‍ നിന്നും ഇത്രയധികം വിദ്യാര്‍ത്ഥികളെ ലഭിക്കുവാന്‍ സാദ്ധ്യത കുറവാണെന്നതു തന്നെ അടിസ്ഥാനപരമായി ഈ സങ്കല്പത്തെ തുരങ്കം വക്കുന്നു. കേരളത്തിലെ സാഹചര്യം വച്ച് നാം കാര്യങ്ങളെ വിശകലനം ചെയ്യാന്‍ പടില്ല.

ഒരുക്കുന്ന പഠന സൌകര്യങ്ങള്‍ എത്രമാത്രം ഗുണപരമാവും എന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതുണ്ട്, എന്തെന്നാല്‍ നമ്മുടെ (കേരളത്തിലടക്കം) ഉള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥ നമ്മുടെ മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നു.

പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഗ്രാമീണ മേഖലയില്‍ തന്നെ ജോലി ചെയ്യും എന്ന് ഉറപ്പിക്കാനാവില്ല, അഥവാ സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങളില്‍ തന്നെ ഇവരുടെ സേവനം ലഭ്യമാകുമെന്നും ഉറപ്പ് പറയാനാവില്ല.കോടതി ഇടപെടലുകളും മറ്റും ഈ വിഷയത്തെ ഏതു രീതിയില്‍ മാറ്റി മറിക്കും എന്ന് കാലം തന്നെ തെളിയിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ആരംഭിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ സമീപ കാല ചിത്രം നമ്മുടെ മുന്നില്‍ തെളിയുന്നു.

ഗ്രാമീണ മേഖലയില്‍ ചികിത്സകരെ കൊണ്ടു വരാന്‍ ചികിത്സാ രംഗത്തെ നിലവാരത്തില്‍ വെള്ളം ചേര്‍ക്കുക എന്നുള്ളത് ആത്മഹത്യാ പരമാണ്.

ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ ഏത് ഗ്രാമീണ മേഖലയിലും ഇവര്‍ക്ക് പ്രവര്‍ത്തിക്കാം, കേരളമടക്കം. നിലവില്‍ കേരളത്തിലെ സ്ഥിതി പരിശോധിച്ചാല്‍ ഈ അര വൈദ്യന്മാരെക്കൂടി ഉള്‍ക്കൊള്ളാന്‍ നമുക്ക് ഇടമില്ല.

സര്‍ക്കാര്‍ ചെയ്യേണ്ടത്:

അടിയന്തിരമായി ഈ തീരുമാനം പിന്‍വലിക്കുക.

ഗ്രാമീണ മേഖലയില്‍ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, താമസ്സം മറ്റ് സൌകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ തന്നെ ബാദ്ധ്യതയായി ഏറ്റെടുത്ത് ചെയ്യുക.

ഗ്രാമീണ മേഖലയില്‍ തൊഴിലെടുക്കുന്നതിന് അലവന്‍സുകളും മറ്റും അധികമായി നല്‍കുകയും, ബിരുദാനന്തര പഠനത്തിനും മറ്റും ഗ്രാമീണ സേവനം പ്രീറിക്വിസിറ്റ് എന്ന നിലയില്‍ നിയമാക്കുകയും ചെയ്യുക.

എന്നിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കില്‍:

നിലവില്‍ സര്‍ക്കാര്‍ തൊഴിലിനു പുറത്ത് നില്‍ക്കുന്ന വലിയൊരു വിഭാഗമാണ് അലോപ്പതി ഇതര ചികിത്സകര്‍. ആയൂര്‍വേദം, ഹോമിയോ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് അധിക പരിശീലനം ആവശ്യമെങ്കില്‍ അത് നല്‍കി ഈ മേഖലയില്‍ വിന്യസിക്കുക. തങ്ങള്‍ ഈ ജോലി ചെയ്യാന്‍ തയ്യാറാണെന്ന് ഇവരുടെ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു.
അലോപ്പതിയില്‍ തന്നെ പാരാമെഡിക്കല്‍ വിഭാഗങ്ങളായ ഫാര്‍മസി, നഴ്സിങ് തുടങ്ങിയ വിഭാഗങ്ങള്‍ എം.ബി.ബി.എസിന്റെ അടിസ്ഥാന കോഴ്സുകള്‍ പഠിക്കുന്നവരാണ്. അനാട്ടമി, ഫിസിയോളജി തുടങ്ങിയ എല്ലാ കോഴ്സുകളും ഈ വിഭാഗങ്ങളുടെ പഠനത്തിലുണ്ടെന്ന് പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഈ വിഭാഗം പാരാമെഡിക്കല്‍ വിഭാഗത്തെ കൂടുതല്‍ പരിശീലനം നല്‍കി ഗ്രാമീണ സേവനത്തിന് നിയോഗിക്കാവുന്നതാണ്.

നിലവിലെ ചികിത്സാ രംഗത്ത് കാര്യമായ മൂല്യശോഷണങ്ങള്‍ വരാത്തവണ്ണമുള്ള ഇത്തരം പ്രായോഗിക സമീപനം സ്വീകരിക്കുന്നതിനു പകരം അര വൈദ്യന്മാരെ പുറത്തിറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒരു പരിധി വരെ മൌലികാവകാശത്തിന്റ്റെ ലംഘനം കൂടിയാണ്. എല്ലാ പൌരന്മാര്‍ക്കും തുല്യ നീതി ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഗ്രാമീണര്‍ക്ക് നിലവാരം കുറഞ്ഞ ചികിത്സയും പട്ടണത്തിലുള്ളവര്‍ക്ക് മെച്ചപ്പെട്ട ചികിത്സയും എന്ന കാഴ്ചപ്പാടിലേക്ക് പോകുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുക തന്നെ ചെയ്യും. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ഗണ്യമായ അന്തരം ഇനി ശാരീരിക ആരോഗ്യ രംഗത്തേക്കും വ്യാപിക്കുന്നതിന്റെ മുന്നോടിയാവുമോ ഈ പരിഷ്കാരം?

ഗൌരവമാര്‍ന്ന ചര്‍ച്ചകള്‍ ആവശ്യമുള്ള ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധൃതിപിടിച്ച തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയില്ല എന്ന് ആശിക്കാനെ നമുക്കാവൂ.


ഹിമാലയ യാത്ര - PART 9

ഹിമാലയ യാത്ര PART 1 PART 2 PART 3 PART 4 PART 5 PART 6 PART 7 PART 8

സജി മാര്‍ക്കോസ്


ണ്ടിയില്‍ നിന്നും ഇറങ്ങിയ ഞങ്ങള്‍ക്കു ആശ്രമം കണ്ടു പിടിക്കുവാന്‍ ഒട്ടും പ്രയാസം വന്നില്ല. പട്ടണത്തിന്റെ മുകള്‍ഭാഗത്ത് രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെ നടകള്‍ കയറി മുകളിലെത്തിയപ്പോല്‍, ഒരു പഴയ കമാനം. ഇടത് വശത്തു ഇല കൊഴിഞ്ഞ ഒരു മുതുമുത്തച്ഛന്‍ അരയാല്‍.കൊമ്പുകളില്‍ നിന്നും തൂങ്ങിക്കിടക്കുന്ന വേരുകള്‍ പലതും ദ്രവിച്ചു തുടങ്ങി. ചുറ്റും കെട്ടിയ തറ പലയിടത്തും പൊട്ടിപൊളിഞ്ഞു കിടക്കുക്കുന്നു. എങ്കിലും ആല്‍ത്തറയില്‍ മഞ്ഞ നിറത്തില്‍ ഒരു കൊച്ചു ചായ്പ്പും ചില ബോര്‍ഡുകളും പഴകിയ പൂമാലകളും കണ്ട് ഞങ്ങള്‍ കാര്യങ്ങള്‍ തിരക്കി. ഭാരതത്തിലെ ഏറ്റവും പഴക്കമുള്ള ബോധി വൃക്ഷത്തിന്റെ ചുവട്ടിലാണ് ഞങ്ങള്‍ നില്‍ക്കുന്നത് എന്ന് അവിടെ നിന്ന നാട്ടുകാരില്‍ ചിലര്‍ പറഞ്ഞപ്പോല്‍ അത്ഭുതപ്പെട്ടു.

2500 വര്‍ഷം പഴക്കമുള്ള ആല്‍മരം

രണ്ടായിരത്തി അഞ്ഞൂറു വര്‍ഷം പഴക്കമുണ്ടത്രെ ഈ ആല്‍മരത്തിന്! ഈ വൃക്ഷത്തിന്റെ ചുവട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദിശങ്കരന്‍ തപസ്സ് അനുഷ്ടിച്ചിട്ടുണ്ട് എന്നാണ് ഐതീഹ്യം!

കേരളം വിട്ട ആദിശങ്കരന്‍ ആദ്യം വന്നത് ജ്യോതിര്‍ മഠത്തിലേക്കായിരിന്നു എന്ന് ചരിത്രം പറയുന്നു. അന്ന് ശങ്കരാചാര്യര്‍ക്കു പ്രായം എട്ടു വയസ്. പിന്നീട് ചില വര്‍ഷങ്ങള്‍ ശങ്കരാചാര്യരുടെ സങ്കേതം ഇതായിരുന്നു. വേദഭാഷ്യങ്ങള്‍ എഴുതിയതും ഇവിടെ വച്ചാണെന്ന് പറയപ്പെടുന്നു.

ശിവ - പാര്‍വ്വതീ ദമ്പതിമാരുടെ പുത്രന്മാരില്‍ രണ്ടാമനായിരുന്ന കാര്‍ത്തികേയന്റെ പേരില്‍ നിന്നും ലഭിച്ച കാര്‍ത്തികേയപുരം എന്നായിരുന്നു ജോഷി മഠിന്റെ പുരാതന നാമധേയം.

വിഷ്ണുവിന്റെ അവതാരമായ നരസിംഹ ക്ഷേത്രമാണ് ജോതിര്‍ മഠത്തിലെ പ്രധാന ക്ഷേത്രം. ചാര്‍ധാമില്‍ ഒന്നായ ബദരീനാഥില്‍ വര്‍ഷത്തില്‍ ആറു മാസത്തോളം മഞ്ഞു മൂടി പൂജകള്‍ നിത്തിവച്ചിരിക്കുമ്പോള്‍, ബദരീനാഥന്റെ പ്രതിഷ്ഠ ജ്യോതിര്‍ മഠിലെ മറ്റൊരു ക്ഷേത്രമായ വസുദേവ ക്ഷേത്രത്തിലേക്കു കൊണ്ടു വരികയും, മഞ്ഞുകാലം കഴിയുന്നതു വരേയ്ക്കും, പൂജാദി കര്‍മ്മങ്ങള്‍ അനുഷ്ടിക്കുക്കയും ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 6000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ജ്യോതിര്‍മഠിലെ കാലാവസ്ഥ, വര്‍ഷത്തില്‍ മിക്കവാറും മാസങ്ങളില്‍ അതിശൈത്യമായിരിക്കും.

ഭീമസേനന്‍ പാഞ്ചാലിക്ക് സമര്‍പ്പിക്കുവാന്‍ കല്യാണ സൌഗന്ധികപ്പൂവ് ശേഖരിക്കുവാന്‍ പോയ കദളീവനം, ജോതിര്‍മഠില്‍ നിന്നും 18 കിലോ മീറ്റര്‍ ദൂരെയുള്ള പൂക്കളുടെ താഴ്വര എന്ന പ്രദേശമാണെന്നു പറയപ്പെടുന്നു. ഏതാണ്ട് 90 സ്ക്വയര്‍ കിലോമീറ്റര്‍ ദൂരത്തില്‍ പൂക്കളേകൊണ്ടു നിറഞ്ഞ താഴ്വര സഞ്ചാരികള്‍ക്ക് ഒരു പറുദീസ തന്നെ ഒരുക്കുന്നു.

വാലി ഓഫ് ഫ്ലവേഴ്സ്

കേരളത്തിന്റെ പുത്രനായ ജഗദ്ഗുരു ആദി ശങ്കരന്‍ ഭാരതം മുഴുവന്‍ മൂന്നു പ്രാവശ്യം ചുറ്റി സഞ്ചരിക്കുകയും, നാലു ദിക്കിലും നാലു വേദങ്ങളുടെ ആധ്യാത്മീകചുമതലയും പഠനവും സംബന്ധിച്ചു അധികാരപ്പെടുത്തി നാലു മഠങ്ങള്‍ സ്ഥാപിക്കുക്കയും ചെയ്തു. തെക്ക് കര്‍ണാടകത്തിലെ ശ്രിംഗേരി മഠം (യജുര്‍വ്വേദം), പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകമഠം (സാമ വേദം), കിഴക്ക് ഒറീസയിലെ പുരിയില്‍ ജഗന്നാഥ മഠം (ഋഗ്വേദം), വടക്ക് ജ്യോതിര്‍ മഠം (അഥര്‍വ്വ വേദം) എന്നിവയാണ് ഈ നാലു മഠങ്ങള്‍. അതേസമയം വടക്ക് സ്ഥാപിച്ച മഠം ബദരിയില്‍ ആണെന്നും ചില തര്‍ക്കങ്ങള്‍ നില നില്‍ക്കുന്നുണ്ട്.

ബുദ്ധമതത്തിന്റേയും ജൈന മതത്തിന്റേയും കടന്നു കയറ്റം മൂലം ഹിന്ദു മതം ക്ഷയോന്മുഖമായ കാലഘട്ടത്തിലാണ് ആദി ശങ്കരന്റെ ജനനം. ബ്രാഹ്മണ മേധാവിത്യവും, ജാതി വ്യവസ്തകളും മറ്റു അനാചാരങ്ങളും ഹിന്ദു മതത്തില്‍ കൊടികുത്തി വാണ കാലം. താരതമ്യേന സമത്വസുന്ദരവും പുരോഹിത്യരഹിതവുമായ ആശയങ്ങളുമായി വന്ന ബുദ്ധമതം, ദക്ഷിണേന്ത്യയും കടന്നു ശ്രീലങ്കവെരെയും ചെന്നു. കേരളക്കരയിലും അനേക ബുദ്ധ വിഹാരങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിലായിരുന്നു എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആദി ശങ്കരന്‍ കാലടിയില്‍ ജനിക്കുന്നത്. ഭാരതം കണ്ട ഏറ്റവും വലിയ ആത്മീയ അചാര്യന്‍ എന്നു വിശേഷിപ്പിക്കാവുന്ന ശങ്കരാചാര്യര്‍, വേദങ്ങള്‍ക്ക് ഭാഷ്യം ചമച്ച്, അവയുടെ ആശയങ്ങള്‍ ക്രോഡീകരിച്ച് അദ്വൈത വേദാന്തം എന്ന ആധ്യാത്മീക ചിന്താപദ്ധതിക്ക് രൂപം കൊടുത്തു. മാത്രമല്ല, നിയത രൂപമില്ലാതിരുന്ന, ഭാരതത്തിലെ ക്ഷേത്ര ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്രമപ്പെടുത്തിയതും ശങ്കരാചാര്യര്‍ ആയിരുന്നു.

ആല്‍മരത്തിന്റെ അല്പം മുകളില്‍ ഇടത് വശത്ത് കണ്ട ഒരു മതില്‍ കടന്ന് ആദിശങ്കരാശ്രമത്തിലേക്കു കടന്നു.

അനവധി പഴയ കെട്ടിടങ്ങളും, കൊച്ചു കൊച്ചു മുറികളും ഉള്ള ആശ്രമത്തിനകത്ത് എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചു നിന്ന ഞങ്ങളെ ഒരു കൊച്ചു പെണ്‍കുട്ടി അകത്തേക്ക് ആനയിച്ചു. പല വാതിലുകള്‍ കടന്ന്, പുരാതനമായ മറ്റൊരു കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ എത്തി. നീണ്ട തടി പാകിയ വരാന്തയിലൂടെ നടന്ന് ഇടതു വശത്ത് പെണ്‍കുട്ടി കാണിച്ചു തന്ന മുറിയിലേക്കു കയറി.
സ്വാമി ഭവാനന്ദ സര‍സ്വതി.

കേരളത്തില്‍ നിന്നാണ് എന്നു പറഞ്ഞപ്പോ സന്തോഷത്തോടെ പുഞ്ചിരിച്ചു നമസ്തേ പറഞ്ഞു. ആദിശങ്കരന്റെ നാട്ടില്‍ നിന്നു വന്ന ഞങ്ങളെ സ്വീകരിക്കുവാന്‍ ആദിശങ്കരാശ്രമത്തിലെ സ്വാമിക്കു കൂടുതല്‍ ഉത്സാഹമായിരുന്നു.!

ശങ്കരാചാര്യ മഠത്തില്‍

രണ്ടായിരിത്തില്‍ അധികം വര്‍ഷം പാരമ്പര്യമുള്ള ഒരു ആശ്രമത്തിലാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ജ്യോതിര്‍മഠിലെ ഏറ്റവും പഴയ ആശ്രമവും ഇതുതന്നെ. ഒരു ഇടത്തരം ഹാള്‍. നിലത്തു പരവതാനി വിരിച്ചിരിക്കുന്നു. സ്വാമി നിലത്ത് ഇരിക്കുന്നു. ഹാളിന്റെ മധ്യത്തില്‍ ചെറിയ കമാനങ്ങളോടു കൂടിയ ഒരു ഇരിപ്പിടം. ഏറ്റവും പിന്നില്‍ ആചാര്യ പരമ്പരയിലെ ഇപ്പോഴത്തെ സ്വാമിയുടെ പൂര്‍ണ്ണകായ ചിത്രം. എല്ലായിടത്തും കടും നിറത്തില്‍ ചായം തേച്ചിരിക്കുന്നു.

ശങ്കരാചാര്യ മഠത്തില്‍

ആദിശങ്കരന്റെ ജനനം, ഭാരത പര്യടനം തുടങ്ങി ജ്യോതിമഠത്തിന്റെ പാരമ്പര്യമെല്ലാം സ്വാമി ഞങ്ങള്‍ക്കു വിശദീകരിച്ചു. ശ്രീ ശങ്കരാചാര്യര്‍ മുതല്‍ ഇന്നുവരെ തുടര്‍ന്നു വരുന്ന ആചാര്യ പപരമ്പരകളുടെ വിവരങ്ങള്‍ കുറിച്ച ലഖുലേഖ ഞങ്ങള്‍ക്കു തന്നു. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു കൂട്ടം കുട്ടികള്‍ കടന്നു വന്നു സ്വാമിയുടെ കാല്‍ തൊട്ടു വന്ദിക്കുന്നതു കണ്ടു. സ്വാമി ഒരു ചെറിയ പാത്രം തുറന്നു വെളുത്ത നിറത്തിലുള്ള പ്രസാദം എല്ലാവര്‍ക്കും കൊടുത്തു. ആദിശങ്കരന്റെ പീഠത്തില്‍ കൂടി തൊട്ടു വന്ദിച്ചിട്ടു നിശബ്ദരായി കുട്ടികള്‍ കടന്നു പോയി. ആശ്രമത്തിലെ അന്തേവാസികളുടെ മക്കള്‍ ആയിരിക്കണം. ഇപ്പോള്‍ ഈ മഠത്തിന്റെ അധിപനും ശങ്കരാചാര്യരുടെ പിന്തുടര്‍ച്ചക്കാരനുമായി ആചാര്യ സ്വാമി വസുദേവാനന്ദ സര‍സ്വതി, ഇപ്പോള്‍ അല‍ഹബാദില്‍ ആണെന്നും മറ്റുമുള്ള വര്‍ത്തമാനകാല വിശേഷങ്ങള്‍കൂടി പറഞ്ഞപ്പോഴേക്കും നേരം വൈകി.

ഇനിയെവിടെ രാത്രി കഴിക്കും എന്നതായിരുന്നു ഞങ്ങളുടെ മുന്‍പിലുള്ള പ്രശ്നം.

“അഗര്‍ മങ്തേ തോ ഇധര്‍ സോനേ കേലിയേ ബന്ധവസ് കരേഗാ” സ്വാമി സ്നേഹ പൂര്‍വ്വം നിര്‍ബന്ധിച്ചു.

സഞ്ചാരികള്‍ക്കു ഒന്നു രണ്ടു ദിവസം തങ്ങാനുള്ള സൌകര്യങ്ങള്‍ എല്ലാ മഠങ്ങളും ക്രമീകരിക്കാറുണ്ട്. പക്ഷേ അടിസ്ഥാന സൌകര്യങ്ങളേ കൊടുക്കാറുള്ളൂ എന്നാണ് കേട്ടു കേള്‍വി.

“പുതയ്ക്കാന്‍ നല്ല കമ്പളിപുതപ്പോ, രാവിലെ അല്പം ചൂടുവെള്ളമോ കിട്ടിയില്ലെങ്കില്‍?” സാബു സംശയം പ്രകടിപ്പിച്ചു.

ആശ്രമത്തില്‍ തങ്ങണോ അതോ ഹോട്ടലില്‍ മുറിയെടുക്കണോ? തീരുമാനിക്കാനാവുന്നില്ല. ഞങ്ങള്‍ മൂവരും മുഖത്തോടു മുഖം നോക്കി. ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ഇലക്ട്രീഷ്യന്‍ അകത്തേക്കു കയറി വന്നു. ഒരു ദക്ഷിണേന്ത്യക്കാരന്റെ മുഖച്ഛായ. ഞങ്ങള്‍ മൌനം പാലിച്ചു. അയാളോട് സ്വാമിയെന്തോ പറഞ്ഞു. ഒന്നും മിണ്ടാതെ അയാള്‍ ജോലി ആരംഭിച്ചു. ഞങ്ങള്‍ക്ക് പരസ്പരം മലയാളത്തില്‍ സംസാരിക്കുവാനുള്ള ആത്മവിശ്വാ‍സം നഷ്ടപ്പെട്ടു. സ്വാമിക്കു എന്തായാലും മലയാളം മനസിലാവില്ല, പക്ഷേ, ഇയാള്‍ മലയാളിയാണെങ്കിലൊ?

വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോംബെയില്‍ കഴിഞ്ഞിരുന്ന കാലത്തുള്ള ഒരനുഭവം ഇന്നും ഞങ്ങള്‍ പറഞ്ഞു ചിരിക്കാറുണ്ട്. ഞാനും ജൈസണും ബോംബെയില്‍ കഴിയുന്ന കാലം. 94 ലോ മറ്റോ ആയിരുന്നു. എന്റെ ആദ്യത്തെ ഗള്‍ഫ് യാത്ര കഴിഞ്ഞു ജോലി ഒന്നും കിട്ടാതെ വിസ ഇടപാടില്‍ കബളിക്കപ്പെട്ടു ബോംബയില്‍ എത്തി. നാട്ടില്‍ നിന്നും ജയ്സനേയും അങ്ങോട്ടേയ്ക്കു വിളിച്ചു. സാധാരണ ബോംബെയില്‍ എത്തിയ ഉടനെ മലയാളികള്‍ക്ക് പിടിപെടാറുള്ളതുപോലെ, ചങ്ങാതിക്കും മലേറിയ പിടിച്ചു. ഞങ്ങള്‍ താമസിച്ചിരുന്ന ഡോക്കയാഡ് റോഡിന്റെ അടുത്തുള്ള ജെ. ജെ. മെഡിക്കല്‍ക്കോളേജ് ആയിരുന്നു ഏക അഭയം.

ഏറെനേരം ക്യൂ നിന്നു അവസാനം ഡോക്ടറുടെ മുറിയില്‍ കയറി. ഏതാണ്ട് ഇരുപത്തി അഞ്ചു വയസ്സു പ്രായം വരുന്ന അതിസുന്ദരിയായ ഡോക്ടര്‍. ജയ്സന്റെ പരവേശം ഇരട്ടിച്ചു.

“ക്യാ ഹുവാ?” കളമൊഴി.

“ഹിന്ദിമാലൂം നഹി “ ജയ്സണ്‍ ചാടി മറുപടി പറഞ്ഞു.
“ഒഹ് റിയലി? റ്റെല്‍ മി വാട്ട് ഹാപ്പെന്‍ഡ്?”

ഞങ്ങള്‍ ഞെട്ടി. അഭ്യസ്ഥ വിദ്യരായിരുന്നുവെങ്കിലും, മലയാളം മീഡിയക്കാരായ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് ആയിരുന്നു എക്കാലത്തേയും വില്ലന്‍! ഇവിടെയും പ്രതിയോഗി അവന്‍ തന്നെ.

“യേസ് പ്ലീസ്?” ചോദ്യം ആവര്‍ത്തിക്കപ്പെട്ടു.

ഉത്തരം സിമ്പിള്‍ പ്രസെന്റ് ടെന്‍സില്‍ മതിയോ, അതോ , പ്രസെന്റ് പെര്‍ഫെക്ടില്‍ തന്നെ വേണോ? എത്ര ശ്രമിച്ചിട്ടും മറുപടി അങ്ങു ശരിയാകുന്നില്ല!

അവസാനം ദയനീയമായി എന്നെ നോക്കിയിട്ടു ജയ്സണ്‍ ഒച്ച താഴ്ത്തി പറഞ്ഞു,

“ഹോ ! ഹിന്ദി ആയിരുന്നു ഇതിലും ഭേദം!!”
“ങാഹാ, എന്നാല്‍ മലയാളത്തില്‍ പറഞ്ഞാല്‍ മതി” പുഞ്ചിരിച്ചു കൊണ്ട് ഡോക്ടര്‍! അവര്‍ ഒരു മലയാളി ആയിരുന്നു. അവരുടെ മാതാപിതാക്കള്‍ ബോംബയിലെ സ്ഥിര താമസക്കാരായിരുന്നു.

ഈ സംഭവം ഓര്‍മ്മിച്ചതുകൊണ്ടാവണം ജയ്സണ്‍ പുറത്തു പോകാമെന്നു കണ്ണുകാണിച്ചു.

ഞങ്ങള്‍ വെളിയില്‍ ഇറങ്ങി. ഒന്നാം നിലയില്‍ ആശ്രമത്തിനു ചുറ്റും പണിതിരിക്കുന്ന നീണ്ട് ബാല്‍ക്കെണി. തറയില്‍ പഴകിയ തടി പാകിയിരിക്കുന്നു. അല്പം ഉയരത്തില്‍ പുരാതനരീതിയില്‍ തീര്‍ത്തിരിക്കുന്ന കൈവരി . പലയിടത്തുംതടികള്‍ ഇളകിപ്പോയിരിക്കുന്നു. വേണ്ടത്ര അറ്റകുറ്റ പണികള്‍ ചെയ്തി സൂക്ഷിക്കിന്നില്ല എന്ന ഒറ്റ നോട്ടത്തില്‍ അറിയാം. ഭിത്തിയിലും കൈവരികളും എല്ലാം കടും നിറത്തിലുള്ള ചായം തേച്ചിരിക്കുന്നു.

ഞങ്ങള്‍ ചുറ്റും കണ്ണോടിച്ചു. തെരുവിളക്കുകളുടെ മങ്ങിയ പ്രകാശത്തില്‍ ജോഷി മഠ് പട്ടണം. ചുറ്റുമുള്ള പ്രദേശമാകെ നേര്‍ത്ത കോടമഞ്ഞില്‍ ആവരണം ചെയ്തിരിക്കുന്നു. കുന്നിന്‍ ചെരുവ് ആയതിനാല്‍ നേര്‍ത്ത കാറ്റടിക്കുന്നുണ്ടായിരുന്നു . അസ്ഥികള്‍ തുളച്ചു കയറുന്ന തണുപ്പ്. സമീപത്തുള്ള ക്ഷേത്രങ്ങളില്‍ നിന്നും ഭജന്‍ മുഴങ്ങുന്നു. അക്കരെ കറുത്തു ഇരുണ്ട കൂറ്റന്‍ പര്‍വ്വതങ്ങള്‍ ഭീമാകാര രൂപംപൂണ്ട് അവ്യക്തമായി നില്‍ക്കുന്നു. ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പട്ടണങ്ങളില്‍ ഒന്നില്‍ ആണ് ഞങ്ങള്‍ നില്‍ക്കുന്നത് എന്ന ചിന്ത ആശ്ചര്യം പകര്‍ന്നു.

ആശ്രമത്തില്‍ തങ്ങാന്‍ താല്പര്യമുണ്ടെങ്കിലും, എല്ലാവരും മടിച്ചു. കാരണം യാത്രയിലെ പ്രധാന ‍പ്പെട്ട ദിവസം നാളെയാണ്. ഇതുവരെയും ദൂരെ നിന്നു മാത്രം കണ്ട മഞ്ഞു മലയിലേക്കു, കാല്‍നടയായി കയറുന്നതു നാളെയാണ്. ജോതിര്‍ മഠത്തിന്റെ പിന്‍‌വശത്തുള്ള ഓലി എന്ന കുത്തനെയുള്ള പര്‍വ്വതാഗ്രത്തിലേക്കു നടനു കയറണം. അതിനു നല്ല ഉറക്കവും വിശ്രമവും ആവശ്യമാണ് . മാത്രമല്ല അതിരാവിലെ യാത്ര തിരിക്കുകയും വേണം. അതുകൊണ്ട് ആശ്രമത്തില്‍ തങ്ങുന്നതിനേക്കാള്‍, അല്പം ഭേദപ്പെട്ട ഹോട്ടല്‍ തന്നെ വേണമെന്നു എല്ലാവരും തീരുമാനിച്ചു. സന്ദര്‍ശകരില്ലാത്ത ശൈത്യകാലമായിരുന്നതുകൊണ്ട്, മുറികളുടെ വാടക വളരെ കുറവായിരുന്നു.

നാളെക്കയറുവാനുള്ള മഞ്ഞു മലകള്‍ സ്വപനം കണ്ടു കൊണ്ട്, ഞങ്ങള്‍ ഉറക്കത്തിലേക്കു പ്രവേശിച്ചു .

തുടരും..


(ചില ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും എടുത്തവയാണ്)

മുസ്തഫയ്ക്ക് വീട്

മേരിക്കന്‍ മലയാളി സംഘടനയായ ഫോമയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരിയില്‍ തിരുവല്ലയില്‍ വെച്ച് നടന്ന പ്രൌഢഗംഭീരമായ ചടങ്ങിന്റെ ചില ഫോട്ടോഗ്രാഫുകള്‍ അല്‍പ്പം വൈകിയാണെങ്കിലും നമ്മുടെ ബൂലോകം വായനക്കാര്‍ക്ക് മുന്നില്‍ കാഴ്ച്ചവെക്കുന്നു.


ചടങ്ങില്‍ മന്ത്രിമാരായ ശ്രീ ഗുരുദാസന്‍‍ , ശ്രീ എം. കെ. പ്രേമചന്ദ്രന്‍, പ്രതിപക്ഷ നേതാവു്‌ ശ്രീ ഉമ്മന്‍ ചാണ്ടി , MLA മാരായ ശ്രീ ജോസഫ് എം പുതുശ്ശേരി , ശ്രീ രാജു എബ്രഹാം , കുട്ടനാട് എം . എല്‍ . എ. ശ്രീ തോമസ് ചാണ്ടി , പത്തനംതിട്ട എം പി . ശ്രീ അന്റോ ആന്റണി, സിനിമാ സംവിധായകന്‍ ബ്ലെസ്സി,കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.


മൈന ഉമൈബാന്റേയും ബൂലോക കാരുണ്യത്തിന്റേയും പരിശ്രമത്തിലൂടെ മുസ്തഫ എന്ന ചെറുപ്പക്കാരനു്‌ വേണ്ടി നിര്‍മ്മിച്ചുവരുന്ന വീടിന്റെ താക്കോല്‍ ദാനം ഈ അവസരത്തില്‍ നടക്കുകയുണ്ടായി. ബൂലോകര്‍ നല്‍കിയ ധനസഹായം കൊണ്ട് വാങ്ങിയ പുരയിടത്തില്‍ വീട് വെക്കാന്‍ 1 ലക്ഷം രൂപയാണു്‌ ഫോമ നല്കുകയുണ്ടായത്. വീടിന്റെ പണികള്‍ മാര്‍ച്ച് മാസത്തോടെ തീര്‍ക്കാനാകുമെന്ന് ഗൃഹനിര്‍മ്മാണത്തിനു്‌ മേല്‍നോട്ടം നടത്തുന്ന പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രവര്‍ത്തകരില്‍ ഒരാളായ ശ്രീ അഫ്‌സലില്‍ നിന്നും അറിയാനായി. മുസ്തഫയടക്കം 36 പേര്‍ക്കാണു്‌ ഒരു ലക്ഷം രൂപയുടെ വീടുകള്ക്കായി ഫോമ ധനസഹായം നല്കിയത്.

ഫോമ പ്രവര്‍ത്തകരില്‍ നിന്നും മുസ്തഫാ വീടിന്റെ താക്കോല്‍ സ്വീകരിക്കുന്നു. സമീപം മുസ്തഫയുടെ ഭാര്യ.

ശ്രീ ജോണി കെ കോശിയേയും പത്നിയേയും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ കേരളത്തിലെ സംഘാടകരെന്ന നിലയില്‍ മൊമെന്റോ നല്‍കി ആദരിക്കുകയുണ്ടായി. ചടങ്ങിന്റെ ഭാഗമായി ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗേഴ്സിന്റെ ഗാനോപഹാരവും ഉണ്ടായിരുന്നു.

ഫോമയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരും കാലങ്ങളിലും ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം . ഫോമയ്ക്കും മൈന ഉമൈബാനും , ബൂലോകകാരുണ്യത്തിനും , എല്ലാ ബൂലോകര്‍ക്കും അഭിനന്ദനങ്ങള്‍ .

മുസ്തഫയ്ക്കായി സഹായങ്ങള്‍ എത്തിച്ച എല്ലാ ബൂലോകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതൊരു അഭിമാന മുഹൂര്‍ത്തമാണു്‌ . ഇത്തരം മാതൃകാപരമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ബൂലോകരേയും ഇനിയും അണിനിരത്താനായി ബൂലോക കാരുണ്യം നടത്തുന്ന നീക്കങ്ങളെപ്പറ്റി അറിയാന്‍ ഈ ലിങ്ക് വഴി പോകാം.

ഹിമാലയ യാത്ര - PART 8

ഹിമാലയ യാത്ര - PART 1
ഹിമാലയ യാത്ര - PART 2
ഹിമാലയ യാത്ര - PART 3
ഹിമാലയ യാത്ര - PART 4
ഹിമാലയ യാത്ര - PART 5
ഹിമാലയ യാത്ര - PART 6
ഹിമാലയ യാത്ര - PART 7

സജി മാര്‍ക്കോസ്
ദേവപ്രയാഗില്‍ നിന്നും 33 കി. മി. ദൂരെ അളകനന്ദയുടെ കരയിലുള്ള കൊച്ചു ഗ്രാമമാണ് ശ്രീനഗര്‍. കുറച്ചു കടകളും ഒന്നു രണ്ടു റെസ്റ്റാറന്റുകളും മാത്രം.

മറ്റേതൊരു ഹിമാലയ ഗ്രാമവുമെന്നപോലെതന്നെ, ശ്രീനഗറിലും ഒട്ടനവധി പുരാതന ക്ഷേത്രങ്ങളും അതിനെ ചുറ്റിപ്പറ്റി ധാരാളം ഐതിഹ്യ കഥകളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത്, കമലേശ്വര്‍ ക്ഷേത്രവും അതിനെപറ്റിയുള്ള ഐതിഹ്യവും തന്നെ.

പരമശിവനു കമലേശ്വര്‍ എന്ന പേരില്‍ വിരലില്‍ എണ്ണാവുന്ന ക്ഷേത്രങ്ങളേ നിലവിലുള്ളൂ. ശ്രീനഗറിന്റെ മനോഹാരിത കണ്ട് വിഷ്ണു ഭഗവാന്‍ ഒരിക്കല്‍ ഇവിടം സന്ദര്‍ശിച്ചു. അടിവാരത്തില്‍ ശാന്തമായി ഒഴുകുന്ന അളകനന്ദാനദി. കരയിലെ പച്ച പുതച്ച അനവധി മലകള്‍, മലഞ്ചെരുവിലെ ഇടതൂര്‍ന്ന വനങ്ങള്‍, നല്ല കുളിരുള്ള കാലാവസ്ഥ, എല്ലാം കണ്ടു മനം കുളിര്‍ത്ത വിഷ്ണു, പര്‍മേശരനു ഭക്തി പുരസരം ആയിരം താമരപ്പൂക്കള്‍ നിവേദിക്കുവാന്‍ ആഗ്രഹിച്ചു. താമരപ്പൂക്കള്‍ ശേഖരിച്ച് വച്ചിട്ട് വിഷ്ണു, കണ്ണുകളടച്ചു പ്രാര്‍ത്ഥന ആരംഭിച്ചു. ഇതറിഞ്ഞ പരമ ശിവന്‍, ഒളിച്ചു വന്ന് താമരപ്പൂക്കളില്‍ ഒരെണ്ണം എടുത്തു മാറ്റി വച്ചു. പ്രാര്‍ത്ഥനകഴിഞ്ഞു കണ്ണുതുറന്ന വിഷ്ണു, താമരപ്പൂക്കളില്‍ ഒരെണ്ണം കുറവുള്ളത് മനസിലാക്കി. നിശ്ചയിച്ചതില്‍ നിന്നും ഒരെണ്ണം കുറവായാല്‍ അതു പരമേശ്വരനോടുള്ള നിന്ദയാകുമല്ലോ എന്നോര്‍ത്തു വിഷ്ണു അത്യധികം ദുഃഖിതനായിത്തീര്‍ന്നു. അവസാനം ഒരു വഴി കണ്ടു പിടിച്ചു. അതി സുന്ദരനായ വിഷ്ണു ഭഗവാന്‍ തന്റെ കണ്ണുകളെ താമരയല്ലിയോട് ഉപമിക്കാറുള്ളത് ഓര്‍ത്തു. ആയിരം താമരപ്പൂക്കള്‍ തികച്ചു നേദിക്കുവാന്‍സ്വന്തം കണ്ണുകളില്‍ ഒന്ന് ചൂഴ്ന്നെടുത്ത് പരമേശ്വരനു നല്‍കുവാന്‍ തുനിഞ്ഞു. ഖഡ്ഗം കൈയ്യില്‍ എടുത്തപ്പോഴേക്കും ഒളിപ്പിച്ചു വച്ച താമരപ്പൂവുമായി പുഞ്ചിരിച്ചു കൊണ്ട് ശിവന്‍ പ്രത്യക്ഷപ്പെട്ടു. സംഹാര മൂര്‍ത്തിയെങ്കിലും ഭക്തവത്സലനായ ശിവന്‍ വിഷ്ണുവില്‍ സം‌പ്രീതനായിത്തീര്‍ന്നു. ഇതിന്റെ ഓര്‍മ്മയ്ക്കായില്‍ ശ്രീനഗറില്‍ ഒരു ക്ഷേത്രം പണിയുകയും, അതിലെ ശിവ പ്രതിക്ഷ്ഠയ്ക്ക് കമലേശ്വര്‍ എന്നു അറിയപ്പെടുകയും ചെയ്യുന്നു.
കമലേശ്വര്‍ ക്ഷേത്രം

ശ്രീ നഗറില്‍ നിന്നും മുന്‍പോട്ടുള്ള വഴി വീതികുറഞ്ഞു വരികയും യാത്ര കൂടുതല്‍ ദുഷ്കരമാവുകയും ചെയ്തു. ആകാശത്തിലേക്കു കയറിപ്പോകുന്നതു പോലെ മലചുറ്റി ഉയര‍ങ്ങളിലേക്കു പോകുന്ന റോഡ്. ഉച്ചയാകാറായെങ്കിലും പുറത്തു നല്ല തണുപ്പ്. പര്‍വ്വതാഗ്രങ്ങല്ലാം മഞ്ഞില്‍ മൂടി നിക്കുന്നു. ഞങ്ങള്‍ രുദ്ര പ്രയാഗിനെ സമീപിച്ചു തുടങ്ങി.

ചാര്‍ധാമില്‍ ഒന്നായ കേദാര്‍ നാഥിലെ ചാറബാറി ഹിമാനിയില്‍ നിന്നും ആരംഭിക്കുന്ന മന്ദാകിനി നദിയും അളകനന്ദാ നദിയും തമ്മില്‍ സംഗമ സ്ഥാനമായിരുന്നു രുദ്രപ്രയാഗ് . സമുദ്ര നിരപ്പില്‍ നിന്നും ഉദ്ദേശം 3000 അടി ഉയത്തിള്ള കൊച്ചു പട്ടണം ശ്രീ നഗരില്‍ നിന്നും 36 കി മി.ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

നദീസംഗമ സ്ഥാനം കാണുവാന്‍ ഇവിടെയും താഴേക്ക് പടികള്‍ പണിത് കൈവരികളും തീര്‍ത്തിരിക്കുന്നു എങ്കിലും , ദേവപ്രയാഗിന്റെ അത്രക്കും നല്ല സംവിധാനം അല്ലായിരുന്നു.

ശിവന്റെ(രുദ്ര) നാമധേയവുമായീബന്ധപ്പെട്ട ഈ പട്ടണത്തിലെ പ്രധാനപ്പെട്ട ക്ഷേത്രവും രുദ്രനാഥ ക്ഷേത്രം തന്നെ. പണ്ട് നാരദമുനി ഇവിടെ തപസ്സ് അനുഷ്ടിച്ചിരുന്നതായി പുരാണങ്ങള്‍ പറയുന്നു. നാരദന്റെ തപസ്സില്‍ തൃപ്തനായ ശിവന്‍ പ്രത്യക്ഷപ്പെടുക്കയും (രുദ്ര അവതാരം)പരമശിവന്‍ നേരിട്ടു സംഗീതം പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. അതിനു ശേഷം ഇന്നു നാരദന്റെ ചിത്രങ്ങളില്‍ എല്ലാം കാണാറുള്ള വീണ ഇവിടെ വച്ച് ശിവന്‍ നാരദനു നല്‍കിയത്.

കേദാര്‍ നാഥിലേക്കും ബദരി നാഥിലേക്കും പോകുന്ന വഴികള്‍ തമ്മില്‍ തിരിയുന്നത് ഇവിടെ നിന്നും ആണെന്നതാണ് രുദ്രപ്രയാഗിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം

ഇവിടെ നിന്നും 77 കി.മി. യാത്ര ചെയ്താല്‍ കേദാര്‍ നാഥില്‍ എത്തും. അഗസ്ത്യമുനി, ഗുപ്തകാശി,സോനപ്രയാഗ് എന്നിവയാണ് കേദാര്‍നാഥിനു മുന്‍പുള്ള പ്രധാനപ്പെട്ട സ്ഥലങ്ങള്‍

രുദ്രപ്രയാഗില്‍ നിന്നും 32 കിമി ദൂരെയുള്ള പഞ്ചപ്രയാഗില്‍ മൂന്നാമത്തേതായ കര്‍‌ണ്ണപ്രയാഗ് ആയിരുന്നു അടുത്ത സ്ഥലം. കര്‍ണ്ണപ്രയാഗില്‍ എത്തിയപ്പോഴേക്കും 2 മണിയോടടുത്തു. വഴിക്കു വച്ച് ഓറഞ്ചും പഴവര്‍ഗ്ഗങ്ങളും കഴിച്ചു കൊണ്ടിരുന്നുവെങ്കിലും, വിശന്നു തുടങ്ങി.

ആഹാരം കഴിക്കാന്‍ പറ്റിയ ഹോട്ടല്‍ കര്‍ണ്ണപ്രയാഗില്‍ ഉണ്ടാവും എന്നു വിചാരിച്ച് രുദ്രപ്രയാഗില്‍ നിന്നും മുന്‍പോട്ടു പോന്നതു അബദ്ധമായി. ബദരീനാഥിനുള്ള വഴി പട്ടണത്തിന്റെ നടുവിലൂടെയല്ലാതിരുന്നതുകൊണ്ട് കടകള്‍ ഒന്നും കണ്ടെത്താനായില്ല.

എം. ടിയുടെ ‘മഞ്ഞി‘ന്റെ പശ്ചാത്തലമൊരുക്കിയ കുമയൂണ്‍ മലമുകകളിലെ പിണ്ഡരി ഹിമാനിയില്‍ നിന്നും ഉല്‍ഭവിക്കുന്ന പിണ്ഡര്‍നദിയും അളകനന്ദയും തമ്മിലുള്ള സംഗസ്ഥാനമാണ് കര്‍ണ്ണപ്രയാഗ്. മഞ്ഞു മലകളിലെ വന്‍ ഹിമപാളികള്‍ നദിപോലെ ഒഴുകി വരുന്നതിനെയാണ്‍ ഹിമാനികള്‍ എന്നു പറയുന്നത്. എല്ലാ ഹിമാലയ നദികളുടേയും ഉത്ഭവം ഇപ്രകാരമാണ്. ഒഴുകി താഴവരയിലെത്തുമ്പോഴേയ്ക്കും മഞ്ഞു ഉരുകി ജലമാവുകയും ചലന ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു. എങ്കിലും വലിയ മഞ്ഞു കട്ടകള്‍ നദിയിലൂടെ ഒഴുകി വരും. ഈ കൂറ്റന്‍ ഹിമപാളികള്‍ ചൂടില്‍ അലിയുന്നതു കൊണ്ടാണ്, വേനല്‍ക്കാലത്തു ഹിമാനിയില്‍ നിന്നും ആരംഭിക്കുന്ന നദികളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. വന്‍ പര്‍വ്വതങ്ങളില്‍ മാത്രമല്ല, ധ്രുവ പ്രദേശങ്ങളിലെ ജല പ്രവാഹങ്ങളുടെ ഉത്ഭവവും ഹിമാനികളില്‍ നിന്നും തന്നെയാണ്.
ധ്രുവപ്രദേശത്തെ ഒരു ഹിമാനി

മഹാധൈര്യ ശാലിയും, ദാനശീലനുമായ മഹാഭാരത കഥയിലെ കര്‍ണ്ണന്റെ പേരിലാണ് കര്‍ണ്ണ ‍പ്രയാഗിനെപറ്റിയുള്ള ഐതീഹ്യകഥകള്‍ മിക്കതും. ചെന്നെത്തിയ സ്ഥലങ്ങളില്‍നിന്നെല്ലാം, ശാപം ഏറ്റു വാങ്ങേണ്ടി വന്ന നിര്‍ഭാഗ്യവാനായ ഒരു ദുരന്തകഥാപത്രമായിരുന്നു കര്‍ണ്ണന്‍.

പിതാവായ സൂര്യനെപ്പോലെ സുന്ദരനായി ജനിച്ചുവെങ്കിലും, മാതാവിന്റെ വിവാഹ പൂര്‍വ്വബന്ധത്തിലെ കുട്ടിയായതുകൊണ്ട് കര്‍ണ്ണന് മാതൃസ്നേഹം അനുഭവിക്കാന്‍ കഴിഞ്ഞില്ല. സൂതപുത്രനായി വളര്‍ന്നതുകൊണ്ട്, ദ്രോണാചാര്യന്‍ ശിഷ്യനുമാക്കിയില്ല. അവസാനം, ദ്രോണരുടെ ഗുരുവായ സാക്ഷാല്‍ പരശുരാമന്റെ ശിഷ്യനാകുവാന്‍ ബ്രാഹ്മണ വേഷം കെട്ടിയെങ്കിലും, സര്‍വ്വ വിദ്യയും പഠിച്ചു കഴിഞ്ഞപ്പോള്‍, ഗുരു ശാപം ഏല്കേണ്ടി വന്ന ഹതഭാഗ്യന്‍!. എല്ലാം വിദ്യകളും ദിവ്യായുധങ്ങളും സ്വന്തമാക്കിയെങ്കിലും ആവശ്യസമയത്തു സകലവും മറന്നു പോയ ശക്തിമാന്റെ ചരിത്രം കുരുക്ഷേത്ര യുദ്ധഭൂമിയില്‍ ഒരു ദുരന്ത കഥയായി അവസാനിച്ചു. എങ്കിലും, മഹാഭാരതകഥ അറിയുന്ന, ആരുടെ ഹൃദയത്തിലും ഇത്രയേറെ ആഴത്തില്‍ മുറിവുശേഷിപ്പിക്കുന്ന മറ്റൊരു കഥാ പാത്രവും ഇല്ലന്നു പറയാം.

കര്‍ണ്ണപ്രയാഗിന്റെ പിന്നിലെ പുരാണകഥകള്‍ ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു തരുമ്പോള്‍‍ ഇക്കഥകളെല്ലാം മനസിലൂടെ കടന്നു വന്നുകൊണ്ടിരുന്നു. പിതാവായ സൂര്യ ഭഗവാനോട് യുദ്ധത്തില്‍ തകരാത്ത വിശേഷപ്പെട്ട പരിച ലഭിക്കുന്നതിനു വര്‍ഷങ്ങള്‍ തപസ്സു ചെയ്തതു കര്‍ണ്ണപ്രയാഗില്‍ വച്ചാണ് എന്നു വിശ്വസിക്കപ്പെടുന്നു.

മുന്‍പോട്ടുള്ള യാത്രയില്‍ വഴി കൂടുതല്‍ കൂടുതല്‍ ദുര്‍ഘടമായിക്കൊണ്ടിരുന്നു. തണുപ്പും ക്രമാതീതമായി കൂടി വന്നു. യാത്രയുടെ ഏറ്റവും ദുഷ്കരമായ ഘട്ടത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നു ഞങ്ങള്‍ക്കു മനസിലായി.


എന്നാല്‍ ഭയത്തിനും തണുപ്പിനും ഉപരിയായി, അങ്ങു ദൂരെ ദൃശ്യമായ ഹിമവല്‍ ശൃങ്ങങ്ങള്‍ മനസ്സില്‍ ഉന്മേഷവും ഉണര്‍വ്വും നല്‍കി. അനവധി സിനിമകളിലും, ചിത്രങ്ങളിലും മാത്രം കണ്ടപരിചയിച്ച മനോഹര ദൃശ്യങ്ങള്‍ കണ്മുന്‍പില്‍!!


തൂവെള്ള മഞ്ഞില്‍ കുളിച്ച്, ചക്രവാളങ്ങള സീമകളെ ഭേദിച്ച് തല ഉയര്‍ത്തി നില്‍ക്കുന്ന ഹിമവാന്‍. ചുറ്റുമുള്ള പര്‍വ്വതങ്ങളിലെല്ലാം മേഖങ്ങള്‍ നിഴല്‍ വീഴ്ത്തി വെളിച്ചമില്ലാതെ മങ്ങിയിരിക്കുമ്പോല്‍‍, ദൂരെ വെള്ളിപോലെ തിളങ്ങുന്ന പര്‍വ്വതാഗ്രങ്ങള്‍. യാത്ര കുത്തനെ ഉയര്‍ത്തിലേക്കു ആയിരുന്നു. ഏതാണ്ട് 22 കി മി താണ്ടിയപ്പോള്‍ പഞ്ചപ്രയാഗില്‍ നാലാമത്തെ സ്ഥലത്തു എത്തിച്ചേര്‍ന്നു. അളകനന്ദയും മന്ദാകിനിയും തമ്മില്‍ചേരുന്ന നന്ദപ്രയാഗ്.

തണുപ്പു കാലമായിരുന്നനാല്‍ രണ്ടു നദികളിലും വള്ളം കുറവായിരുനു. കാര്യമായ പട്ടണമോ കടകളോ കാണാന്‍ കഴിഞ്ഞില്ല. ആരോടോ വാശി തീര്‍ക്കും പോലെ ഞങ്ങളുടെ ഡ്രൈവര്‍ വണ്ടി ഓടിച്ച് കൊണ്ടേയിരുന്നു. ഞങ്ങള്‍ വിശക്കുന്നു എന്നു പലപ്രാവശ്യം പറഞ്ഞിട്ടു, അയാള്‍ ഒരിടത്തും നിര്‍ത്തിയില്ല. പറ്റിയ സ്ഥലമൊന്നും ഞങ്ങള്‍ക്കും കണ്ടെത്താനായില്ല.

ഓറഞ്ചിന്റെ സഞ്ചി വീണ്ടും എടുത്തു. ആദ്യം ഒഴിവാക്കിയവ പലതും എടുത്തു പൊളിച്ചു തിന്നുവാന്‍ തുടങ്ങി. പല്ലുകള്‍ കൂട്ടിയിടിക്കുന്നു. ഒറഞ്ചിനും ഐസുകട്ടയുടെ തണുപ്പ്. എല്ലാവരും തൊപ്പിയെടുത്തു ധരിച്ചു. നന്ദപ്രയാഗില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് ചാമോലി എന്ന പട്ടണത്തില്‍ എത്തി. തെറ്റില്ലാത്ത ഒരു കൊച്ചു പട്ടണം. എല്ലാവരും വിശന്നു തളര്‍ന്നിരുന്നു. ഭേദപ്പെട്ട ഒരു ഹോട്ടല്‍കണ്ടെത്തി. പക്ഷേ, ആലു പൊറോട്ടയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. മറ്റുവഴികളൊന്നും ഇല്ലാതിരുന്നതുകൊണ്ട്, ആലുപൊറോട്ടയും അച്ചാറും കഴിച്ച് യാത്ര തുടര്‍ന്നു, രാത്രിയ്ക്കു മുന്‍പ് ജോഷിമഠില്‍ ചെന്ന് എത്തണം. അതിനു ഇനി 51 കി മി കൂടിയുണ്ട്. ഒന്നു മയങ്ങിയാല്‍ കൊള്ളാമെന്നുണ്ട് പക്ഷേ ഭയം മൂലം ഉറങ്ങുവാന്‍ കഴിയുന്നില്ല. പലസ്ഥലത്തും റോഡിനു വീതി കുറവായിരുന്നത്തുകൊണ്ട്, ഒരു ദിശയിലേക്കു പോകുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടും. മറുവശത്തു നിന്നും വരുന്ന വാഹനങ്ങള്‍ പോയിക്കഴിയുമ്പോള്‍, കുറെ സമയം അവിടുന്നുള്ള വണ്ടികളെ തടഞ്ഞു വയ്ക്കും. പ്രധനമായും പട്ടാള ട്രക്കുകകളായിരുന്നു റോഡില്‍ ഉണ്ടായിരുന്നത്. ബസ്സുകളോ, വാനുകളോ കാണാനേയില്ലായിരുന്നു. ഇരുള്‍ വീണു തുടങ്ങിയപ്പോഴേക്കും ഞങ്ങള്‍ ജോഷി മഠില്‍ എത്തി.

വാഹനം പാര്‍ക്കു ചെയ്തിട്ട് ഒട്ടും സമയം പാഴാക്കാതെ ഞങ്ങള്‍ ജഗത്ഗുരു ആദിശങ്കരന്‍ സ്ഥാപിച്ച ആശ്രമത്തിലേക്കുള്ള പടികള്‍ കയറി.

തുടരും..

(ചില ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും എടുത്തവയാണ്)

Popular Posts