ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ .....

ബ്ലോഗ്‌ ദമ്പതികളുടെ മകളുടെ വിവാഹം
ലേഖനവും ചിത്രങ്ങളും : നമ്മുടെ ബൂലോകം ടീം


മൂവാറ്റുപുഴയിലെ അമൃത റിസോര്‍ട്ടില്‍ കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ , നിസ്സഹായന്‍ , ചാര്‍വാകന്‍ , ജോ, ഹരീഷ് തൊടുപുഴ, നിരക്ഷരന്‍ എന്നീ ബ്ലോഗേഴ്സ് 2009 ഡിസംബര്‍ 20 നു് ഒത്തുചേര്‍ന്നതു്‌ ഒരു ബ്ലോഗ് മീറ്റിന്റെ ഭാഗമായിട്ടാണെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അവര്‍ക്കെല്ലാം തെറ്റി.ആവനാഴി എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന രാഘവേട്ടന്റേയും , മാവേലി കേരളം എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന പ്രസന്ന ചേച്ചിയുടേയും രണ്ടുപെണ്‍മക്കളില്‍ ആദ്യത്തെ ആളായ പ്രിയയുടെ കല്യാണത്തിനോടു്‌ അനുബന്ധിച്ച് നടത്തുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണു്‌ മുകളില്‍പ്പറഞ്ഞ ബ്ലോഗേഴ്സ് മൂവാറ്റുപുഴയില്‍ ഒത്തുകൂടിയത്. സൌത്ത് ആഫ്രിക്കയില്‍ ജീവിക്കുന്ന ആവനാഴി ഫാമിലി കേരളത്തിലെത്തിയ ഉടനെ പരിചയക്കാരും അല്ലാത്തതുമായ ഒരുപാട് ബ്ലോഗേഴ്സിനെ ഫോണിലൂടെ ബന്ധപ്പെട്ട് കല്യാണസല്‍ക്കാരത്തിലേക്ക് ക്ഷണിക്കുകയുണ്ടായി.

ആവനാഴി ഫാമിലിയെ പരിചയപ്പെടുത്തുമ്പോള്‍ എടുത്തുപറയേണ്ട ചില വസ്തുതകളുണ്ട്. എല്ലാ പ്രവാസി മലയാളികളേയും പോലെ സ്വന്തം നാടിന്റെ നന്മയും , നാടിനോടുള്ള സ്നേഹവുമൊക്കെ നെന്ചേറ്റിക്കൊണ്ടുതന്നെ വിദേശത്ത് കഴിയുന്നവരാണു്‌ ഇവരും. ഭാര്യയും ഭര്‍ത്താവും മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നതും , മക്കള്‍ 2 പേരും മലയാളം സംസാരിക്കുന്നതുമൊക്കെ സ്വന്തം ഭാഷയോടും നാടിനോടുമൊക്കെയുള്ള സ്നേഹത്തിന്റെ പ്രതീകമാണു്‌. വിദേശത്ത് ജീവിച്ച് വിവിധതരം സംസ്ക്കാരങ്ങളുമായി ഇടപഴകുകയും , സഹകരിക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ട് മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തെ ഒരൊറ്റ സമൂഹമായി കാണാനും മനസ്സിലാക്കാനുമൊക്കെ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂത്തമകള്‍ പ്രിയയ്ക്ക് സൌത്ത് ആഫ്രിക്കയിലെ കുടുംബസുഹൃത്തും യഹൂദവംശജരുമായ ഒരു കുടുംബത്തില്‍ നിന്ന് 'കല്യാണാലോചന' വന്നപ്പോള്‍ നിറഞ്ഞ മനസ്സോടെ ആ കല്യാണം നടത്തുകയാണിവര്‍ ചെയ്യുന്നത്. ജാതി, മതം ​, കുലം , ഭാഷ , രാജ്യം , എന്ന മനുഷ്യനിര്‍മ്മിതമായ വേലിക്കെട്ടുകള്‍ക്കൊക്കെ അതീതമായ ഒരു കല്യാണത്തേയും ആവനാഴി ഫാമിലിയേയും അത്യാദരവോടെ നോക്കിക്കാണേണ്ടത് വഷളായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണു്‌.

കല്യാണച്ചെറുക്കന്‍ സീവ് ( Ziv) കേരളത്തില്‍ വന്നിട്ടില്ല.
2010 ഫെബ്രുവരി 27 നു കേപ് ടൌണില്‍ നിന്ന് 60 കി. മീ. അകലെ പാള്‍ എന്ന സ്ഥലത്തുള്ള റിബോക്സ്ക്ലൂഫ് മുന്തിരിത്തോട്ടത്തില്‍ വെച്ചാണു്‌ വിവാഹം നടത്താന്‍ പോകുന്നത്. നാട്ടിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കല്യാണത്തില്‍ പങ്കെടുക്കാനായി സൌത്ത് ആഫ്രിക്കയിലേക്ക് പോകാനാവില്ലല്ലോ ? അതുകൊണ്ടാണു്‌ എല്ലാവരേയും വിളിച്ചുകൂട്ടി ഒരു സല്‍ക്കാരം മൂവാറ്റുപുഴയില്‍ നടത്താമെന്ന് രാഘവേട്ടനും കുടുംബവും തീരുമാനിക്കുന്നത്.


ഒരു നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങുകള്‍ വളരെപ്പെട്ടെന്നുതന്നെ ഒരു ബ്ലോഗ് മീറ്റ് എന്ന രീതിയിലേക്ക് പുരോഗമിച്ചതുപോലെയാണുണ്ടായത്. മൈക്ക് കൈയ്യിലെടുത്ത രാഘവേട്ടന്‍ സ്വന്തം കുടുംബത്തെ പരിചയപ്പെടുത്തി. ഈ കല്യാണത്തിന്റെ സാഹചര്യങ്ങള്‍ വിശദമാക്കി. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാവരേയും സ്വാഗതം ചെയ്തു. പക്ഷെ കല്യാണത്തിലെ പ്രത്യേക ക്ഷണിതാക്കള്‍ ആയ ബ്ലോഗേഴ്സിനെ പരിചയപ്പെടുത്തുമ്പോള്‍ 'ബ്ലോഗ്' എന്താണെന്നും 'ബ്ലോഗേഴ്സ്' എന്താണെന്നും അറിയാത്ത മറ്റ് അതിഥികള്‍ക്ക് അതെന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണമല്ലോ ? രാഘവേട്ടന്‍ വാചാലനായി. ആവനാഴിയിലെ മൊത്തം അമ്പുകളും ഒന്നൊന്നായി തൊടുത്തുവിട്ടു. ലോകവ്യാപകമായി കമ്പ്യൂട്ടറുകള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന ഇന്റര്‍നെറ്റ് എന്ന സംഭവം മുതല്‍ ബ്ലോഗും , ബ്ലോഗ് ചരിതവുമൊക്കെ സാധാരണക്കാരനു്‌ മനസ്സിലാകുന്ന വിധത്തില്‍ വളരെ സരസമായിത്തന്നെ അദ്ദേഹം ആ വിരുന്നിനെത്തിയ അതിഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് അക്ഷരം അറിയാത്തവര്‍ക്ക് പോലും ബ്ലോഗാന്‍ പറ്റുമെന്ന് കാണിക്കാനായിട്ടായിരിക്കണം നിരക്ഷരനെ അദ്ദേഹം സദസ്സിനു്‌ പരിചയപ്പെടുത്തി.

ബ്ലോഗിലൂടെ പരിചയപ്പെട്ട് കല്യാണം കഴിച്ചിട്ടുള്ള ഒന്നുരണ്ട് ദമ്പതികളെപ്പറ്റി അറിയാമെന്നും , ഭാര്യയും ഭര്‍ത്താവും ബ്ലോഗ് ചെയ്യുന്നതും അറിയാമെന്നും എന്നാല്‍ ഏതെങ്കിലും ഒരു മലയാളം ബ്ലോഗ് ദമ്പതിമാരുടെ സന്താനങ്ങളുടെ കല്യാണം ഇതാദ്യമായിട്ടായിരിക്കുമെന്നും , അങ്ങനൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും നിരക്ഷരന്‍ അഭിപ്രായപ്പെട്ടു. ബ്ലോഗ്ഗേഴ്സിന്റെ പേരുകള്‍ എന്ത് കൊണ്ട് 'നിരക്ഷരന്‍, ആവനാഴി, മാവേലി കേരളം...' എന്നിങ്ങനെയൊക്കെ ആകുന്നു എന്നുള്ള കൌതുകകരമായ വസ്തുത പറഞ്ഞത് സദസ്സിനു ബ്ലോഗ്ഗെഴ്സിനോടുള്ള താല്‍പ്പര്യം കൂട്ടി.

സത്യം സത്യമായി ലോകത്തോട്‌ വിളിച്ചു പറയാന്‍ ആണ് ഇത്തരം "തൂലികാ" ( ബ്ലോഗ്‌ ) നാമങ്ങള്‍ സ്വീകരിക്കുന്നതെന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ വരുന്നതിനെക്കാന്‍ കാമ്പുള്ള സത്യങ്ങളും വിശകലനങ്ങളും ബ്ലോഗുകളില്‍ ആണ് വരുന്നത് എന്നുമുള്ള വസ്തുതകള്‍ ആയിരുന്നു നിരക്ഷരന്‍ അവരോടു പറഞ്ഞത്.


തുടര്‍ന്ന് ഓരോരോ ബ്ലോഗേഴ്സിനെയായി നിരക്ഷരന്‍ തന്നെ പരിചയപ്പെടുത്തുകയും എല്ലാവരും വേദിയുടെ മുന്നിലേക്ക് ആനയിക്കപ്പെടുകയുമുണ്ടായി.

ഒരു സര്‍ക്കാന്‍ ജോലിക്കാരന്‍ കൂടെയാണു്‌ താനെന്നു്‌ സജീവേട്ടന്‍ അറിയിച്ചപ്പോള്‍ സദസ്സിനു്‌ കൌതുകമുണ്ടാകാന്‍ കാരണമുണ്ട്. ചടങ്ങ് ആരംഭിക്കുന്നതിനുമുന്നേ തന്നെ ചെറായി ബ്ലോഗ് മീറ്റിലെന്നപോലെ അതിഥികളുടെ കൂട്ടത്തിലുള്ള കൊച്ചുകുട്ടികളുടെയൊക്കെ കാരിക്കേച്ചര്‍ സജ്ജീവേട്ടന്‍ വരച്ചുകൊടുക്കാന്‍ തുടങ്ങിയിരുന്നു.

ഹരീഷ് തൊടുപുഴ , ജോ, നിസ്സഹായന്‍ എന്നിവരെ പരിചയപ്പെടുത്തിയശേഷം ചാര്‍വാകന്‍ ചേട്ടന്റെ ഊഴമായി. അദ്ദേഹം ബ്ലോഗിനെപ്പറ്റിയും ബ്ലോഗ് സൌഹൃദങ്ങളെപ്പറ്റിയുമൊക്കെ വാചാലനാകുകയും തന്റെ നാടന്‍ പാട്ടുകളുടെ താളം സദസ്സിലേക്ക് പകര്‍ന്നുകൊടുക്കുകയുമുണ്ടായി.

ഇത്രയുമൊക്കെ കഴിഞ്ഞപ്പോഴേക്കും കൂടിനിന്നവര്‍ക്കിടയില്‍ ബ്ലോഗേഴ്സിനെല്ലാവര്‍ക്കും താരപരിവേഷം .

ഇതിനിടയില്‍ ബ്രേക്ക് ഫാസ്റ്റ് ഒരു റൌണ്ട് കഴിഞ്ഞിരുന്നു. ഇനിയല്‍പ്പം വിശ്രമിച്ചിട്ടുമതി ഉച്ചഭക്ഷണമെന്ന് സജ്ജീവേട്ടനും മകന്‍ സിദ്ധാര്‍ദ്ധും നിഷ്ക്കര്‍ഷിച്ചപ്പോള്‍ ബ്ലോഗ് ഈറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ളവര്‍ തല്‍ക്കാലത്തേക്ക് ഒന്നടങ്ങി. സ്റ്റേജില്‍ ഇതിനിടയ്ക്ക് കരോക്കേ സംഗീതത്തിനൊപ്പം അമച്വര്‍ ഗായകന്മാരും ഗായികമാരും അതിഥികള്‍ക്ക് ദൃശ്യ-ശ്രവ്യ വിരുന്നൊരുക്കി.

അല്‍പ്പമൊന്ന് വിശ്രമിക്കാമെന്ന് കരുതിയ ബ്ലോഗേഴ്സിനെ ഇതിനിടയില്‍ ചിലര്‍ വളഞ്ഞു. പലര്‍ക്കും സ്വന്തമായി ബ്ലോഗ് ഉണ്ടാക്കണം . അവര്‍ക്കൊരുപാട് കാര്യങ്ങള്‍ സമൂഹത്തോട് വിളിച്ചുപറയാനുണ്ട്.
60നു്‌ മുകളില്‍ പ്രായമുള്ള അടൂര്‍ ചന്ദ്രന്‍ എന്ന വ്യക്തി അദ്ദേഹത്തിനു്‌ പറയാനുള്ള കാര്യങ്ങള്‍ ഇതുവരെ സ്വന്തം ചിലവില്‍ നോട്ടീസടിച്ചിറക്കുകയായിരുന്നു പതിവ്. അതൊക്കെച്ചേര്‍ത്ത് ഉടനെതന്നെ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിക്കുന്നു. ആ ചടങ്ങിന്റെ ക്ഷണപത്രം അദ്ദേഹം ബ്ലോഗേഴ്സിനു്‌ കൈമാറി. പാലക്കാട്ടുകാരനായ അദ്ദേഹത്തിനു്‌ ബ്ലോഗുണ്ടാക്കാന്‍ സഹായിക്കാന്‍ പാലക്കാടുള്ള മുള്ളൂക്കാരന്റെ ഫോണ്‍നമ്പര്‍ കൊടുത്തുകഴിഞ്ഞപ്പോഴേക്കും പ്രസന്നച്ചേച്ചിയുടെ കസിനായ മിനി എന്ന ഒരു വനിതാരത്നത്തിനു്‌ ബ്ലോഗുണ്ടാക്കണം .

ബ്ലോഗില്‍ ഒരു പുലിയാകാനുള്ള സാദ്ധ്യത കണ്ടുകൊണ്ടായിരിക്കണം സജീവേട്ടന്‍ തന്റെ പുലി സീരീസിലേക്ക് കൈയ്യോടെതന്നെ ശ്രീമതി മിനിയെ പിടികൂടി കാരിക്കേച്ചറാക്കി.

ഒരു ബ്ലോഗ് അക്കാഡമി മീറ്റ് എന്ന നിലയിലേക്ക് കല്യാണസല്‍ക്കാരം മാറിപ്പോകുകയാണുണ്ടായതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇതിനിടയില്‍ കല്യാണപ്പെണ്ണു്‌ പ്രിയയെ നിരക്ഷരന്റെ നേതൃത്വത്തില്‍ ബ്ലോഗേഴ്സ് ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. രസകരമായ ആ അഭിമുഖവും അതോടൊപ്പം സജ്ജീവേട്ടന്‍ വരച്ച കാരിക്കേച്ചറുകളും ഉടനെ പ്രസിദ്ധീകരിക്കുന്നതാണു്‌ .

ഉച്ചയൂണിനു്‌ ശേഷം ആവനാഴിയുടെയും മാവേലി കേരളത്തിന്റേയും ഒരുമിച്ചുള്ള കാരിക്കേച്ചര്‍ ഫ്രെയിം ചെയ്ത് കൊണ്ടുവന്നത് സജ്ജീവേട്ടന്‍ രാഘവേട്ടനും കുടുംബത്തിനും സമ്മാനിച്ചു.
വൈകീട്ട് ചായ കൂടെ കുടിച്ചിട്ട് പോകാമെന്ന് രാഘവേട്ടന്‍ നിര്‍ബന്ധിച്ചെങ്കിലും കണ്ടുനില്‍ക്കുന്നവര്‍ എന്തു വിചാരിക്കും എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം മനസ്സില്ലാ മനസ്സോടെ കല്യാണ ബ്ലോഗ് മീറ്റ് അവസാനിപ്പിച്ചു്‌ എല്ലാവരും പിരിയുകയാണുണ്ടായത്.


ബ്ലോഗ്‌ ദമ്പതികളുടെ മകള്‍ പ്രിയയ്ക്ക് നമ്മുടെ ബൂലോകം ടീമിന്റെ വിവാഹ മംഗളാശംസകള്‍

29 Responses to "ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ ....."

 1. കഴിഞ്ഞ ഒരു മാസമായി ഈ രസമുള്ള സംഭവം രഹസ്യമാക്കി വച്ചതില്‍ പ്രതിഷേധിക്കുന്നു..

  അപ്പോ, വന്നു വന്നു, കല്യാണവിരുന്നും, ബ്ലൊഗ്ഗറന്മാര്‍ കയ്യേറി. നാട്ടിലായിരുന്നെങ്കില്‍ എന്നും മീ‍റ്റും ഈറ്റുമായി കഴിയാമായിരുന്നു...

  നിരക്ഷരന്‍ കൂടെക്കൂടെ നാട്ടില്‍ പോകുന്നത് ഇതിനാണല്ലേ....

  ങും..എന്തായാലും രസമുള്ള അവതരണം..

  ReplyDelete
 2. വിവാഹ മംഗളാശംസകള്‍

  ReplyDelete
 3. ഛെ...! ഈ നിരക്ഷരന്‍ ചേട്ടന്റെ രൂപം ഇങ്ങനെയൊന്നുമായിരുന്നില്ല എന്റെ മനസ്സില്‍ ...

  നല്ല വിവരണം....
  ആ ഇന്റര്‍വ്യൂ കൂടിയിങ്ങു പോരട്ടെ....

  ReplyDelete
 4. ജാതി, മതം ​, കുലം , ഭാഷ , രാജ്യം , എന്ന മനുഷ്യനിര്‍മ്മിതമായ വേലിക്കെട്ടുകള്‍ക്കൊക്കെ അതീതമായ ഒരു കല്യാണത്തേയും ആവനാഴി ഫാമിലിയേയും അത്യാദരവോടെ നോക്കിക്കാണേണ്ടത് വഷളായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണു്‌.....


  100 ശതമാനം യോജിക്കുന്നു. ഇത് എല്ലാവര്ക്കും ഒരു പ്രചോദനമാവട്ടെ
  ഒപ്പം എന്റെ മംഗളാശംസകളും

  ReplyDelete
 5. കല്യാണ ബ്ലോഗ് മീറ്റിന്റെ സം‌പ്രേക്ഷണം സൂപ്പർ.....


  വധൂവരന്മാർക്ക് ആശംസകൾ........

  ReplyDelete
 6. ആവനാഴിച്ചേട്ടനേയും കുടുംബാംഗങ്ങളേയും വീണ്ടും കണ്ടുമുട്ടിയതില്‍ സന്തോഷം. നവദമ്പദികള്‍ക്ക് ആശംസകള്‍

  ReplyDelete
 7. എന്റെ അജ്ഞത കൊണ്ട് ഈ രണ്ടു ബ്ലോഗേര്‍സിനേയും നേരത്തെ കണ്ടിരുന്നില്ല.അവരുടെ ബ്ലോഗുകള്‍ കാണാന്‍ ഇതൊരു അവസരമായി...ദൂരെ ദൂരെ സൌത്ത് ആഫ്രിക്കയിലിരുന്ന് ബ്ലോഗ് ചെയ്യുന്ന അവര്‍ക്കു രണ്ടു പേര്‍ക്കും വിവാഹം കഴിച്ച കുട്ടിക്കും എന്റെ ആശംസകള്‍..

  അപ്പോ ഈ സജ്ജിവേട്ടന്‍ എവിടെ പോയാലും പേപ്പറും വരകുറി സാമാനങ്ങളുമായാണോ പോകുന്നത്?

  വിവരണത്തിനും ഫോട്ടോക്കും നന്ദി

  ആശംസകള്‍!

  ReplyDelete
 8. അതിവിദൂരമല്ലാത്ത ഭാവിയില്‍ ഭുലോകത്തെ ഏതു സംഭവവികാസങ്ങളും 'ബൂലോകതാരങ്ങള്‍' കൈ അടക്കുമെന്നതിനു തെളിവായി ഈ പോസ്റ്റ്! കണ്ടോ ബ്ലോഗറാകാന്‍ വിവാഹവിരുന്നിലും ആളുകള്‍ ക്യൂ നില്‍ക്കുന്നത്. ഈയിടെ കല്യാണം അലോചിച്ചു ചെന്ന ചെക്കന് ബ്ലോഗില്ല എന്ന കാരണം കൊണ്ട് കല്യാണാലോചന മാറി പോയിന്ന് വിവാഹബ്യൂറൊ റിപ്പോര്‍ട്ട്! ആ ഇന്റ്റ്വ്യൂ കൂടി പോരട്ടെ എന്നിട്ട് ബാക്കി പറയാം..:)

  ReplyDelete
 9. നവവധു പ്രിയക്ക് വിവാഹ മംഗളാശംസകൾ..!

  കണ്ടുപരിചയമില്ലാത്ത ആവനാഴിച്ചേട്ടന്റെയും മാവേലിച്ചേച്ചിയുടെയും മകളുടെ കല്യാണത്തിനു മുന്നോടിയായുള്ള സൽക്കാരത്തിൽ സസന്തോഷം പങ്കെടുത്ത ബ്ലോഗേഴ്സിന് അഭിനന്ദനങ്ങൾ..ഈ സ്നേഹം ഈ കൈകോർക്കൽ എന്നും നിലനിൽക്കട്ടെ കൂടാതെ ഈ കൂട്ടായ്മകൾ പടർന്നുപന്തലിക്കട്ടെ..

  ReplyDelete
 10. എന്താ‍യാലും ഇതു ഗംഭീരമായി. വന്നുവന്നു ബ്ലോഗേഴ്സ് ഇല്ലാതെ ഒന്നുമില്ല എന്ന സ്ഥിതിയിലായി.

  ReplyDelete
 11. ഞാനും ആദ്യമായിട്ടാണ് ഈ രണ്ട് ബ്ലോഗര്മാരെ പറ്റി കേള്‍ക്കുന്നത്. വിവാഹത്തിന്റെ സന്തോഷം എല്ലാവരുമൊപ്പം ഞാനും പങ്കിടുന്നു.

  ങും.ങും.....സജി അച്ചായന്‍ പറഞ്ഞ പോലെ ഇത് ഈ ബ്ലോഗ്-ഈറ്റ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നല്ലേ. ഇനി ഇവിടെ നിന്നായിരിക്കും. മുല്ലപ്പെരിയാറിന് പോയത്.

  ച്ഛേ.... എന്റെ കല്യാണവും ഒരു ബ്ലോഗര്‍ ആയതിന് ശേഷമായാല്‍ മതിയായിരുന്നു.

  മാണിക്യചേച്ചിയുടെ കമന്റ് കൊള്ളാം.

  ReplyDelete
 12. @ഷാ

  ഈ അബദ്ധം എനിക്കും ഒരിക്കല്‍ പറ്റിയതാ,
  കഴിഞ്ഞ ചെറിയ പെരുന്നാളിന്റന്ന്, നട്ടുച്ചക്ക്.
  താടീം മുടീം ഒക്കെ നീട്ടി ജുബ്ബയിട്ടൊരാളെ പ്രതീക്ഷിച്ച് നിന്നിട്ട്!!!!!!
  മനോജേട്ടാ.......

  അപ്പൊ പിന്നെ,

  happy married life.....

  ReplyDelete
 13. ഈ പരിപാടി ഏറെ പുതുമയുള്ളതായി തോന്നി. മംഗളാശംസകള്‍.

  Palakkattettan.

  ReplyDelete
 14. ഈ പരിപാടി ഏറെ പുതുമയുള്ളതായി തോന്നി. മംഗളാശംസകള്‍.

  Palakkattettan.

  ReplyDelete
 15. ഈ പരിപാടി ഏറെ പുതുമയുള്ളതായി തോന്നി. മംഗളാശംസകള്‍.

  Palakkattettan.

  ReplyDelete
 16. ഭാഗ്യവാന്മാര്‍...!!
  ആവനാഴിയേയും കുടുംബത്തേയും വിവാഹ സല്‍ക്കാര ചടങ്ങിനെയും സചിത്രം വിവരിച്ചുനല്‍കിയ ബൂലോകത്തിനു നന്ദി.
  2010 ഫെബ്രുവരി 7 ന് സൌത്ത് ആഫ്രിക്കയില്‍ വച്ചു വിവാഹതരാകാന്‍ പോകുന്ന ആവനാഴി-മാവേലി കേരളം പുത്രി, പ്രിയക്കും വരന്‍ സീവിനും ആശംസകള്‍ !!

  ചിത്രകാരനും ഈ ചടങ്ങില്‍ സംബന്ധിക്കേണ്ടതായിരുന്നു.
  സാധിച്ചില്ല. കോള്‍ഡും, അമ്മയുടെ അസുഖവും
  നിമിത്തം കല്യാണബ്ലോഗ് മീറ്റില്‍ പങ്കെടുക്കാനായില്ല.
  ആവനാഴിയും മാവേലി കേരളവും ക്ഷമിക്കട്ടെ.

  ReplyDelete
 17. വധൂവരന്മാർക്ക് ആശംസകൾ....

  ReplyDelete
 18. വിവാഹ മംഗളാശംസകള്‍!!!!

  ReplyDelete
 19. Wedding Wishes for Priya and Ziv

  ReplyDelete
 20. പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. ആശംസകള്‍ !

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts