കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലിങ്ങനെ ഒരു മരണം കൂടി ബാംഗ്ലൂര്‍കാര്‍ ആഘോഷിച്ചു. ആ മഹാനടന് കല്ലേറില്‍ പൊതിഞ്ഞ ആദരാഞ്ജലികള്‍ നല്‍കി ഈ കന്നഡ നാട് വീണ്ടും തങ്ങള്‍ ഒരിക്കലും മാറില്ല എന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ വിഷ്ണു വര്ധന്റെ മരണത്തെ തുടര്‍ന്ന് ബാങ്ങ്ലൂരില്‍ ഉണ്ടായ സംഘര്‍ഷാവസ്ഥ തന്നെയാണ് പറഞ്ഞു വരുന്നത്.

വൈകിട്ട് ഓഫീസില്‍ നിന്ന് വീട് വരെ ഉള്ള ആറു കിലോമീറ്റര്‍ ദൂരം താണ്ടിയത് ജീവന്‍ കയ്യില്‍ പിടിച്ചു കൊണ്ടായിരുന്നു. അത്രയ്ക്ക് പേടിപ്പിക്കുന്ന ദ്രിശ്യങ്ങള്‍. റോഡില്‍ എവിടെയും പോലീസ്.അവിടെ ഇവിടെയായി കെട്ടിടങ്ങളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്നു കിടക്കുന്നു. ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ട് എന്തിനും തയാറായി എന്ന പോലെ ഭ്രാന്തു പിടിച്ചു നില്‍ക്കുന്ന ആള്‍ക്കൂട്ടം. നാല്പതു മിനിറ്റ് നേരം റോഡിലൂടെ ഉള്ള യാത്രയുടെ ഭീതി ഇതെഴുതുമ്പോഴും മനസ്സില്‍ വരുന്നു.

പക്ഷെ മൂന്നു നാല് കൊല്ലം മുന്‍പുണ്ടായ അനുഭവം വെച്ച് നോക്കുമ്പോള്‍ ഇത് അല്‍പ്പം കൂടെ ഭേദം എന്ന് പറയാം. അന്ന് പ്രശസ്ത നടന്‍ രാജ്കുമാര്‍ മരിക്കുമ്പോള്‍ ഞാന്‍ ബാന്‍ഗ്ലൂര്‍ നഗരത്തില്‍ എത്തിപെട്ടിട്ടു മാസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. പതിവ് പോലെ തുടങ്ങിയ ഓഫീസ് ദിവസം പതിനൊന്നു മണി ആയിട്ടുണ്ടാവും. അപ്പോഴാണ്‌ രാജ്കുമാര്‍ അന്തരിച്ച വാര്‍ത്ത അറിയുന്നത്. ഒരു മണിക്കൂറിനകം ഓഫീസ് വിട്ടു. എല്ലാവരും ധൃതിയില്‍ തങ്ങളുടെ വീടണയാന്‍ വെമ്പുന്നത് കണ്ടപ്പോള്‍ എന്തിനാണെന്ന് മനസ്സിലായിരുന്നില്ല. ബാന്ഗ്ലൂരിന്റെ ഈ വിചിത്ര സ്വഭാവം എനിക്കന്നു അറിയുമായിരുന്നില്ല. പക്ഷെ ഓഫീസില്‍ വിട്ടു റോഡിലേക്ക് ഇറങ്ങിയതോടെ മനസിലായി തുടങ്ങി. കടകള്‍ എല്ലാം തന്നെ അടച്ചിരിക്കുന്നു. റോഡില്‍ വാഹനങ്ങള്‍ തീരെ കുറവ്. എവിടെയും പോലീസ്. എങ്ങനെ ഒക്കെയോ താമസ സ്ഥലത്തെത്തി. വീട്ടില്‍ പാചകം ചെയ്യാത്തതിനാല്‍ ഭക്ഷണത്തിന് ഹോട്ടല്‍ ആയിരുന്നു ആശ്രയം. അന്ന് ഒറ്റ ഹോട്ടലും പ്രവര്‍ത്തിച്ചില്ല. ഒരു പെട്ടിക്കട എങ്കിലും തുറന്നിട്ടുണ്ടാവും എന്ന പ്രതീക്ഷയില്‍ കുറെ നടന്നു നോക്കിയെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. രാത്രി ഒന്‍പതു മണിയായപ്പോ എവിടെ നിന്നോ ഒരു പാക്കറ്റ് ബ്രെഡ്‌ സംഘടിപ്പിച്ചു കൊണ്ട് കൂട്ടുകാരന്‍ എത്തി. ഞങ്ങള്‍ നാല് പേര്‍ അന്നൊരു ദിവസം കഴിച്ചു കൂട്ടിയത് ആ ഒരു പാക്കറ്റ് ബ്രെഡ്‌ കൊണ്ട്.

പിന്നെയും ഒരു ദിവസം കൂടി സംഘര്‍ഷം തുടര്‍ന്നു. അടുത്ത ദിവസം ഓഫീസിലേക്കുള്ള യാത്രയിലെ ദ്രിശ്യങ്ങള്‍ യുദ്ധം കഴിഞ്ഞ പടനിലം പോലെ ആയിരുന്നു. ഇന്റര്‍ മീഡിയേറ്റ്‌ റിംഗ് റോഡിലെയും , എയര്‍പോര്‍ട്ട് റോഡിലും ഒക്കെ തലയുയര്‍ത്തി നിന്ന വന്‍ ഐടി കണ്ണാടി കെട്ടിടങ്ങള്‍ , ചില്ലൊക്കെ അപ്പാടെ തകര്‍ന്നു കിടക്കുന്നു. റോഡില്‍ അവിടെ എവിടെ ഒക്കെ വാഹനങ്ങള്‍ കത്തി കരിഞ്ഞ നിലയില്‍. റോഡില്‍ പലയിടത്തും നിറയെ കല്ലും , കുപ്പിച്ചില്ലും , ചെരുപ്പും ഒക്കെ.

ഇവിടുത്തുകാര്‍ക്ക് മരണവും ഒരു ആഘോഷം ആണ്. കണ്ണില്‍ കാണുന്നതെല്ലാം നശിപ്പിക്കുവാനുള്ള അനുവാദം ലഭിച്ച പോലെ അവരത് ആഘോഷിക്കും. ആരോ എവിടെയോ മരിച്ചതിനു ശിക്ഷ അനുഭവിക്കുന്നത് ഒന്നും അറിയാതെ മര്യാദയ്ക്ക് സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍. മരിച്ച വ്യക്തിയോടുള്ള സ്നേഹം ആണ് ഈ സംഹാര ത്രിഷ്ണക്ക് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെ എങ്കില്‍ ഏറ്റവും കൂടുതല്‍ ദുഖം ഉണ്ടാവേണ്ടത് സ്വന്തം അച്ഛനോ അമ്മയോ മരിക്കുമ്പോഴല്ലേ? അപ്പൊ ആരും ഒന്നും നശിപ്പിച്ചു വിഷമം തീര്‍ത്തത് കാണുന്നില്ല.
അപ്പൊ പിന്നെ ഇത്?

എത്രയോ പേര്‍ മനസ്സ് നൊന്തു പ്രാകിയിട്ടുണ്ടാവും. "നാശം...ഇയാള്‍ ആയുസെത്തി മരിച്ചതിനു ബാക്കിയുള്ളവര്‍ക്ക് കഷ്ടപ്പാട്..."

അന്യന്റെ മുതലും പൊതുമുതലും നശിപ്പിച്ചു ആരോടെന്നില്ലാതെ പ്രതികാരം തീര്‍ത്തു സംതൃപ്തി അടയുന്നവര്‍ അറിയുന്നില്ല, ഇങ്ങനെ അവര്‍ തങ്ങളുടെ പ്രവര്‍ത്തിയിലൂടെ മരിച്ച വ്യക്തിയുടെ പേരിനു തീരാ കളങ്കം വരുത്തി വയ്ക്കുകയാണെന്ന്. ഒരു തവണയെങ്കിലും ഇങ്ങനെ അക്രമം അഴിച്ചു വിടുന്നവര്‍ക്ക് തക്ക ശിക്ഷ നല്‍കി മാതൃക കാണിക്കാന്‍ ഒരു സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു. പക്ഷെ സഹതാപ തരംഗത്തിലും അത് വഴി കൂടുതല്‍ കിട്ടുന്ന വോട്ടുകളിലും കണ്ണ് വച്ച് രാഷ്ടീയ പാര്‍ടികളും ഈ 'പ്രകടനങ്ങളെ' പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നു.

ആന്ധ്രയില്‍ വൈ.എസ്.ആര്‍ മരിച്ചപ്പോള്‍ ഈ വില കുറഞ്ഞ രാഷ്ട്രീയം ഒരിക്കല്‍ കൂടി നാം കണ്ടതാണ്. അന്ന് ആ സംസ്ഥാനത്ത് നടന്ന മരണങ്ങളുടെ മിക്കതിന്റെയും കാരണം മുഖ്യമന്ത്രിയുടെ അപകട മരണത്തിലുള്ള നടുക്കം എന്ന് കൊട്ടി ഘോഷിക്കപ്പെട്ടു. അത് ഏറ്റു പാടാന്‍ മീഡിയകളും മത്സരിച്ചു. മരണങ്ങള്‍ 'ഇങ്ങനെ കൊണ്ടാടുന്നതില്‍' കര്‍ണാടകയുടെ ഒപ്പമോ അതിലോരുപടി മുന്നിലോ ആവും നമ്മുടെ മറു അയല്‍ക്കാരായ തമിഴ് നാടിന്‍റെയും ആന്ധ്രയുടെയും ഒക്കെ സ്ഥാനം.

അത് കൊണ്ട് ഒക്കെ തന്നെ ഇപ്പോഴും തമിഴ്, തെലുഗ് ചലച്ചിത്ര വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന മഹാന്മാരെ ഓര്‍ക്കുമ്പോള്‍ ഈ അവസരത്തില്‍ പേടി തോനുന്നു. ഇനി എന്തൊക്കെ നാശ നഷ്ടങ്ങള്‍ അവര്‍ ഓരോരുത്തരുടെ പേരിലും കാണാന്‍ ഇരിക്കുന്നു. മരണം ആഘോഷിക്കാന്‍ ഒരുങ്ങി ഇറങ്ങുന്നവര്‍ക്ക് വകതിരിവ് കൊടുക്കണേ... അവരുടെ കുട്ടികളുടെയും മാതാപിതാക്കളുടെയും മുഖം എങ്കിലും അന്യന്റെ മുതല്‍ തീ വയ്ക്കുമ്പോള്‍ അവരുടെ ഓര്‍മ്മയില്‍ വരണേ ... എന്നൊക്കെ പ്രാര്‍തിക്കുവാന്‍ മാത്രം കഴിയും.

നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒന്നും സംഭവിക്കില്ല എന്ന് പല മലയാളി സുഹൃത്തുക്കളും അഭിമാനത്തോടെ പല തവണ പറഞ്ഞു കേട്ടു. പക്ഷെ ഒന്ന് ചോദിച്ചോട്ടെ....?
അങ്ങനെ അഭിമാനിക്കാന്‍ നമുക്ക് എന്ത് അര്‍ഹതയാണ് ഉള്ളത് ?

കരുത്ത് തെളിയിക്കാനായി 'ജനക്ഷേമപരം' എന്ന ലേബലില്‍ പ്രതിപക്ഷവും മറ്റു ഞാഞ്ഞൂല്‍ പാര്‍ട്ടികളും ഒക്കെ കൂടി കേരളത്തില്‍ ഒരു വര്‍ഷം നടത്തുന്ന ഹര്താലുകളില്‍ തീ വെച്ചും, കല്ലെറിഞ്ഞും നശിപ്പിക്കുന്ന വാഹനങ്ങള്‍ എത്ര?
പരിക്ക് പറ്റി ആശുപത്രിയില്‍ ആവുന്ന നിരപരാധികള്‍ എത്ര?

നഷ്ടപെടുന്ന പ്രവര്‍ത്തി ദിവസങ്ങളും അത് വഴി ഉണ്ടാകുന്ന വിഭവ ശേഷി നഷ്ടവും എത്ര?

ഒരു ഹര്‍ത്താല്‍ എങ്കിലും അത് നടത്തി പ്രഖ്യാപിത ലക്‌ഷ്യം സാധിച്ചതായി അനുഭവമുണ്ടോ?..ആര്‍ക്കെങ്കിലും...?

ജന ക്ഷേമ പരം എന്ന് പറഞ്ഞു , ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മിച്ച പൊതു മുതല്‍ നശിപ്പിച്ചിട്ടു എന്ത് സേവനമാണ് അവരിവിടെ നടത്തുന്നത്? സ്വന്തം ശക്തി തെളിയിക്കുന്നു എന്നല്ലാതെ?

അത് കൊണ്ട് ഒന്നോര്‍ത്താല്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ തന്നെ ഭേദം . വല്ലപ്പോഴും ഒരിക്കല്‍ ആരെങ്കിലും ഇങ്ങനെ മരിക്കുംപോഴാനല്ലോ അവര്‍ക്ക് ഭ്രാന്തു പിടിക്കുന്നത്‌.


നമ്മുടെ നാട്ടില്‍ ചങ്ങലയ്ക്ക് തന്നെ അല്ലെ ഭ്രാന്ത് ?


സസ്നേഹം
... കണ്ണനുണ്ണി


വിഷ്ണുവര്‍ധന്‍ : ചിത്രം വികിപീഡിയയില്‍ നിന്നും ശേഖരിച്ചത്.


21 Responses to "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി"

 1. അവിടെ സിനിമാ ഭ്രാന്ത്, ഇവിടെ രാക്ഷ്ട്രീയ ഭ്രാന്ത്....

  ReplyDelete
 2. വളരെ ശരിയാണ് ....

  ReplyDelete
 3. ഇത്തരം അക്രമത്തിന്റെ പിന്നിലുള്ള കാരണവും കണ്ണന്‍ തന്നെ ഇവിടെ പറഞ്ഞു കഴിഞ്ഞു. അടുത്തെങ്ങും നായക നടന്മാര്‍ ആരും മരിക്കല്ലെ എന്ന് കണ്ണനും പ്രാര്‍ത്ഥിച്ചില്ലെ. ഒരു പക്ഷേ ഇതൊക്കെ തന്നെയാവും ഇത്തരക്കാരുടേയും ലക്ഷ്യം. ആരാധനമൂത്ത് നായകന്‍ മരിക്കുമ്പോല്‍ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല. നല്ല ലേഖനം കണ്ണാ.

  ReplyDelete
 4. http://sharanblogs.blogspot.com/2010/01/blog-post_04.html

  ReplyDelete
 5. കഴിഞ്ഞ ദിവസം വിഷ്ണു വര്ധന്റെ മരണത്തെ തുടര്‍ന്ന് ഇവിടെ ഉണ്ടായ കഷ്ടപ്പാടിനെ പറ്റി പറഞ്ഞപ്പോള്‍ ,എങ്കില്‍ അതിനെ പറ്റി ഒരു ലേഖനം എഴുതി കൂടെ എന്ന് ചോദിച്ചത് ബ്ലോഗ്ഗര്‍ Dr. jayan ആണ്.

  അത് കൊണ്ട് ജയന്‍ ചേട്ടന് ഇവിടെ നന്ദി പറയുന്നു

  ReplyDelete
 6. കണ്ണനുണ്ണീ,

  സംഗതി വളരെ ശരി....

  നമ്മുടെ നാട്ടിൽ ഹർത്താൽ ആഘോഷം വളരെ കൂടുതൽ ആണെന്നതും ശരി...!

  എങ്കിലും ഏറ്റവും കൂടുതൽ സ്വയം വിമർശനം നടത്തുന്നതും മലയാളി തന്നെ.അതിൽ ആത്മാർത്ഥതയുണ്ടോ എന്നതു വേറെ കാര്യം!

  പിന്നെ, ‘നന്ദി‘യ്ക്കു നന്ദി, കേട്ടോ!

  ReplyDelete
 7. കേരളത്തിൽ ബി.എം.എസ്‌ നടത്തിയ ഹർത്താലിലെ നാശനഷ്ടങ്ങൾ ബി.എം.എസ്‌.ഇൽ നിന്ന്‌ ഈടാക്കാൻ നിയമമുണ്ട്‌. സർക്കാർ ഒന്നും ചെയ്‌തില്ല! ഇതൊക്കെ ഒരുതരം കൂട്ടു കച്ചവടം. കേസെടുത്താൽ തന്നെ മൂന്നോ നാലോ മാസം കഴിയുമ്പോൾ പിൻവലിക്കുന്ന കലാപരിപാടി!

  ഇതിന്റെ കൂടെ

  കാക്കരയുടെ ഹർത്താൽ ചിന്തകൾ

  http://georos.blogspot.com/2009/12/blog-post_30.html

  വായിക്കുക

  ReplyDelete
 8. ഇതിലും വലുത് തമിഴ്നാട്ടില്‍ വരാനിരിക്കുന്നു.
  :-)

  ReplyDelete
 9. ഹേയ് ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമേയല്ല ഈ സമീപനരീതി മാറാത്തിടത്തോളം കാലം കാര്യങ്ങൾ ഇതിലും ഭീകരമാകും.

  വികാരം വിചാരത്തിന് അടിപ്പെടുമ്പോൾ ഈപ്പറയുന്ന കണ്ണനുണ്ണിമാഷും ഞാനും പെട്ടുപോകും.

  ഒരോഫ്..ഇന്ന് തിരോന്തരത്ത് ഒരു ലോക്കപ്പ് മരണം. ആ വാർത്ത വായിക്കുന്ന കാണുന്ന ഏതൊരു മനസ്സാക്ഷിയുള്ള വ്യക്തിയും ആ പോലീസുകാരെ കയ്യേറ്റം ചെയ്യില്ലേ..? ആ മരണത്തിനുത്തരവാദിയായ പോലീസ് മനുജൻ കുറച്ചു നാൾ സസ്പെൻഷനിൽ പോകും പിന്നീട് പ്രമോഷനോടെ,അയാൾ എസ് ഐ ആണെങ്കിൽ സിഐ ആകുകയും സിഐ ആണെങ്കിൽ ഡിവൈഎസ്പി ആകാതെ എസ്പിയാകുകയും ചെയ്യും..!

  ReplyDelete
 10. @ ജയന്ചെട്ടാ..
  സ്വയം വിമര്‍ശനം എന്ന് പറയുവാന്‍ 'ഹര്‍ത്താല്‍' എന്നത് നമുടെ സാമൂഹിക വ്യവസ്തിതിഉദെ ഒരു ഭാഗം ആയിരുന്നില്ലലോ ഒരിക്കലും. മുതലെടുപ്പിനായി...രാഷ്ട്രീഎയക്കാര്‍...വടക്ക് നിന്ന് കടം കൊണ്ട് വളച്ചൊടിച്ചു വികലമാക്കിയ ഓര്‍ പഴയ സമര മുറ അല്ലെ..
  ഇനി വ്യക്തമായ ചോദ്യങ്ങളെ വിമര്‍ശനം എന്ന് വിളിക്കാമോ എന്നറിയില്ല. എങ്കിലും ആ ചോദ്യങ്ങളുടെ ആത്മാര്‍ഥതയെ പറ്റി അല്പമെങ്കിലും സംശയം ഉണ്ടെന്നു പറഞ്ഞതിനാല്‍ ഒരു മറുപടി കമന്റ്‌ കൂടി ഇടുന്നു.

  ReplyDelete
 11. ഒരു വ്യക്തി എന്ന നിലയില്‍, നിലവിലുള്ള രാഷ്ട്രീയ പരമായ ഒരു കാര്യത്തോട് എതിര്‍പ്പുണ്ടെന്ന് കരുതി ആയുധവുമെടുത് തെരുവിലിറങ്ങാന്‍ , അല്ലെങ്കില്‍ ഭരണ യന്ത്രത്തെ സ്വാദീനിച്ചു അതിനു വേണ്ട നടപടികള്‍ ചെയ്യാന്‍ എനിക്കോ ,ജയന്‍ ചെട്ട്ടണോ സാധിക്കില്ല.ശരിയല്ലേ..

  പക്ഷെ ബ്ലോഗ്‌ എന്ന ഈ മാധ്യമത്തിലൂടെ ആശയ വിനിമയം നടത്തുന്നവരാണ് നമ്മളൊക്കെ. ഇവിടെ പ്രതികരണങ്ങളും എതിര്‍പ്പുകളും രേഖപെടുതുംപോള്‍ സമാന മനസ്കരുടെ അഭിപ്രായം കൂടി വരും. ചര്‍ച്ച ചെയ്യപെടും. കുറെ പേര്‍ക്ക് ഈ ഒരു വിഷയം പുതിയതായി ചിന്തിക്കാന്‍ കഴിഞ്ഞേക്കും. ഒരുപക്ഷെ അതില്‍ ചിലര്‍ക്ക് നമ്മെ ക്കള്‍ ഭലപ്രദമായി ഇതിനെതിരെ ഒകെക് എന്തെന്കിലുംചെയ്യുവാനും കഴിഞ്ഞേക്കും.
  അങ്ങനെ ചിന്തകള്‍ക്കും, മുന്നേറ്റങ്ങള്‍ക്കും ഒരു catalyst ആയി പ്രവര്‍ത്തിക്കുക എന്നത് തന്നെ അല്ലെ ഇത്തരം ലേഖനങ്ങളുടെ ഒക്കെ പ്രസക്തി?

  ReplyDelete
 12. ആദ്യമായി ജീവനുള്ള പോസ്റ്റ്‌ ഇട്ട കണ്ണനുണ്ണിക്ക് അഭിനന്ദനം .
  പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ അക്രമത്തിന്റെ മനശ്ശാസ്ത്രം എന്താണെന്ന് , ഒന്നോ രണ്ടോ ആരാധകരും
  അതിലും കൂടുതല്‍ അഹങ്കാരികളും കാട്ടി കൂട്ടുന്ന ഒരു കോപ്രായം ആണു ഈ അക്രമം . മനുഷ്യനെ എങ്ങനെ ഒക്കെ കഷ്ടപ്പെടുതാം എന്നതില്‍ റിസര്‍ച്ച് ചെയ്തോണ്ടിരിക്കുന്ന അലവലാതികള്‍ അവര്‍ക്ക് കിട്ടുന്ന ഒരു ചാന്‍സ് മുതലെടുക്കുന്നതാ അല്ലെ .
  എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഈ പണി ഇത് വരെ നടന്നിട്ടില്ല , ഹര്‍ത്താല്‍ ആണെങ്കില്‍ നേരത്തെ ഡേറ്റ് തരും .. കോഴിയും മറ്റവനും ഒക്കെ മേടിക്കാന്‍ . ഇവിടെ ഒരു മാതിരി .. അന്നന്നത്തെ അന്നം ഹോട്ടലില്‍ പോയി കഴിക്കുന്ന സോഫ്റ്റ്‌ വയറന്മാരുടെ വയറ്റത്ത് അടിക്കാന്‍ ഈ അക്രമ ആദരാഞ്ജലി കൊണ്ടു സാധിക്കും അത് മാത്രമേ ഒള്ളു ഒരു ഗുണം !
  പ്രഖ്യാപിത ലക്ഷ്യമില്ലാതെ അഴിച്ചു വിടുന്ന ഇതിനു "കഴപ്പ്" മൂത്ത് നിന്ന കൊറേ എണ്ണത്തിന് കല്ലെറിഞ്ഞു അത് തീര്‍ക്കാന്‍ ഉള്ള അവസരം എന്നെ പറയാന്‍ ഉള്ളു .

  ഇനി ഒരു അമ്പതു വര്ഷം കഴിഞ്ഞാലും അതിനു ഒരു മാറ്റം വരുമെന്ന് എനിക്ക് തോന്നുന്നില്ല !!!

  ReplyDelete
 13. എന്‍റെ ഈ ആര്‍ട്ടിക്കിള്‍ ഇവിടെ പ്രസിദ്ധീകരിച്ചു മണിക്കൂറുകള്‍ക്കകം ശരണ്‍ എന്ന അനോണി ബ്ലോഗ്ഗര്‍ ( എല്ലാവര്‍ക്കും അറിയുന്ന ഒരു ഐ ഡി ഈ ബ്ലോഗ്ഗെര്‍ക്ക് ബൂലോകത്ത് ഉണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് ഈ ഐ ഡി അനോണി എന്ന് വിളിക്കുന്നു ) കോപ്പി അടിച്ചതായി കണ്ടു. ലിങ്ക് മുകളില്‍ അപ്പുമാഷു കമന്റ്‌ ആയി കൊടുത്തിട്ടുണ്ട്‌.

  പക്ഷെ ഈ കോപ്പി അടി വിവരങ്ങള്‍ കൂടുതല്‍ പേര്‍ക്ക് എതിക്കുവാനോ, കോപ്പി അടിച്ച content കൊണ്ട് സ്വയം ആള്‍ ആവാനോ വേണ്ടി അല്ല മറിച്ചു..
  "ഞാന്‍ കോപ്പി അടിക്കും പറ്റുമെങ്കില്‍ എന്താന്നു വെച്ച നിങ്ങളങ്ങ് ചെയ്യ്‌" എന്ന ഒരു വെല്ലുവിളി ആണെന്ന് മനസിലാക്കുന്നു. വികലമായ മാനസികാവസ്ഥ കൊണ്ട് അദേഹത്തിന് ഇതില്‍ നിന്ന് എന്തെങ്കിലും സന്തോഷം ലഭിക്കുന്നതിനു ഞാന്‍ എതിരല്ല. അതുകൊണ്ട്,
  ശരണ്‍ മാഷെ...എല്ലാത്തിനും നന്ദി. തലയില്‍ വകതിരിവ് വരുന്നത് വരെ...കീപ്‌ ഇറ്റ്‌ അപ്പ്‌.

  ReplyDelete
 14. ഇതിനു മുന്‍പ് ഞാന്‍ ഇവിടെ എഴുതിയ 'പെട്രോള്‍ പമ്പിലെ തട്ടിപ്പ്' എന്ന ലേഖനവും ഇതു പോലെ കുറെ പേര്‍ കോപ്പി അടിച്ചു 'ഫേമസ് ' ആക്കിയതിന്റെ നന്ദി കൂടെ ഈ അവസരത്തില്‍ പറയുന്നു. അക്കൂട്ടത്തില്‍ ഒരു സുഹൃത്ത്‌ ഇത് കോപ്പി അടി ആണെന്ന് ചൂണ്ടി കാട്ടിയപ്പോള്‍ 'താന്‍ പോയി പണി നോക്ക്" എന്നാണു മറുപടി പറഞ്ഞത്. അദേഹത്തിന് ഒരു സ്പെഷ്യല്‍ നന്ദി
  പക്ഷെ എങ്ങനെ മറ്റൊരാളുടെ പ്രയത്നം കര്‍ത്താവിന്റെ പേര് മാത്രം മാറ്റി ...സ്വന്തം പേരില്‍ വീണ്ടും എടുത്തു അലക്കുന്നത് ശുദ്ധ "പോക്രിത്തരം " ആണെന്ന് അവര്‍ എന്നെങ്കിലും മനസിലാക്കും എന്ന് കരുതുന്നു.

  ReplyDelete
 15. എന്ടിഷ്ട്ട, ങ്ങള് എല്ലാരും കൂടി ഒരുത്തനെ കൊല്ലാക്കൊല ചെയ്തില്ലേ ? ഒരു സയ്യിദ് ശിയാസിനെ. പോട്ടോ അടക്കം കൊടുത്ത് ബൂലോകത്ത് നാറ്റിച്ചില്ലേ ആ ചുള്ളനെ. അവന്‍ തന്നെയാ ശരണ്‍. ഇങ്ങനൊക്കെയാ പ്രതികാരം തീര്‍ക്കുന്നെ. എന്തൊക്കെ ആയാലും പഠിച്ച പണി മറക്കാന്‍ പറ്റ്വോ? കോപ്പിയടി !!!

  ReplyDelete
 16. എല്ലാവർക്കും മനസ്സിൽ തോന്നുന്ന ചിന്ത പങ്കുവെച്ചതിന് നന്ദി. പക്ഷെ ഈ പേകൂത്തുകാർ ഈ വിമർശനം അറിയുന്നുണ്ടാകുമോ ?

  മരിച്ച വ്യക്തിയോടുള്ള ആദരവ് ഈ വിധത്തിലല്ല പ്രകടിപ്പിക്കേണ്ടത് എന്ന് പറയാൻ ദൂരദർശൻ തന്നെ ശ്രമിക്കേണ്ടിവരും. നിരന്തരമായ അവഹേളനത്തിലൂടെ ഇതിനെ ഇല്ലയ്മചെയ്യാൻ സാധിക്കും..

  നമ്മുടെ നാട്ടിലെ പല അനാചാരങ്ങളും ഇങ്ങിനെയാണ് ഇല്ലാതായിട്ടുള്ളത്.

  ReplyDelete
 17. നമ്മുടെ നാട്ടില്‍ സമ്പൂര്‍ണ്ണ സാക്ഷരര്‍ ഹര്‍ത്താലുകള്‍ എറിഞ്ഞുടയ്ക്കല്‍ ആഘോഷമാക്കുമ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ വിവരമില്ലാത്തതുകൊണ്ടുകൂടെയാണ് ഇത്തരം തോന്ന്യാസങ്ങള്‍ അരങ്ങേറുന്നത്. തമ്മില്‍ ഭേദം അയല്‍ സംസ്ഥാനങ്ങള്‍ തന്നെ.

  രാജ്കുമാര്‍ മരിച്ചതിന്റെ കഷ്ടപ്പാട് ഞാനും അനുഭവിച്ചിട്ടുണ്ട്. അക്കാലത്ത് എന്റെ ജിപ്സി ജീവിതം ബാംഗ്ലൂര്‍ നഗരത്തിലായിരുന്നു.

  ReplyDelete
 18. കേരളത്തില്‍ ഇനി ഇതിന്റെ കൂടി ഒരു കുറവുണ്ട്.!!

  ReplyDelete
 19. “എങ്കിലും ഏറ്റവും കൂടുതൽ സ്വയം വിമർശനം നടത്തുന്നതും മലയാളി തന്നെ.അതിൽ ആത്മാർത്ഥതയുണ്ടോ എന്നതു വേറെ കാര്യം!“

  ഞാൻ ഈ പറഞ്ഞതു മലയാളീകളെ പൊതുവിലാ!
  അല്ലാതെ കണ്ണനുണ്ണിയെ അല്ല!

  മലയാളി നടത്തുന്ന സ്വയം വിമർശനത്തിൽ കഴമ്പുണ്ടോ എന്നാണുദ്ദേശിച്ചത്!
  അല്ലാതെ കണ്ണനുണ്ണി നടത്തിയ വിഒമർശനത്തിൽ കഴമ്പുണ്ടോ എന്നല്ല!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts