ഫോട്ടോഗ്രഫി മത്സരം
പ്രിയ വായനക്കാരേ,

“നമ്മുടെബൂലോക“ ത്തിന്റെ ആഭിമുഖ്യത്തിൽ മലയാളം ബ്ലോഗോസ്ഫിയറിലെ ഫോട്ടോഗ്രാഫർമാർക്കായി ഒരു ഫോട്ടോഗ്രാഫി മത്സരംനടത്തുന്ന വിവരം ഇതിനു മുമ്പ് പ്രഖ്യാപിച്ചിരുന്നുവല്ലോ.


അതിന്റെ ഔദ്യോഗികമായ പ്രഖ്യാപനവും മറ്റുവിശദാംശങ്ങളുമാണ് ഈ പോസ്റ്റിൽ ഉള്ളത്. ഈ മത്സരത്തിൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് കേരളത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപ്പായ Apple A Day Properties Pvt Ltd. ആണ്.

ആപ്പിള്‍ എ ഡേ ബെസ്റ്റ് ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010 ൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് താഴെപ്പറയുന്ന സമ്മാനങ്ങളാണ്.

ഒന്നാം സമ്മാനം : 5001 രൂപ
രണ്ടാം സമ്മാനം : 2001 രൂപ
മൂന്നാം സമ്മാനം : 1001 രൂപ

ഇവ കൂടാതെ, ഏറ്റവും ആകർഷകമായ ചിത്രം എന്ന് വായനക്കാർ തെരഞ്ഞെടുക്കുന്ന ഒരു ചിത്രത്തിന്റെ ഉടമയ്ക്ക് ഒരു ഫോട്ടോഗ്രാഫി ഹാന്റ്ബുക് സമ്മാനമായി ലഭിക്കുന്നു (സ്പോൺസർ ചെയ്യുന്നത് : ഫോട്ടോഗ്രാഫി ഫ്രണ്ട്സ് ക്ലബ്).


മത്സരത്തിന്റെ നിയമാവലിയും നിബന്ധനകളും:

ഈ മത്സരത്തെപ്പറ്റി ഇതിനു മുമ്പ് വന്ന പോസ്റ്റുകളിൽ പറഞ്ഞിരുന്ന എല്ലാ നിബന്ധനകളും അസാധുവാക്കുന്നതോടൊപ്പം താഴെപ്പറയുന്ന നിബന്ധനകളും നിയമാവലിയുമായിരിക്കും ഈ മത്സരത്തിനായി ഉപയോഗിക്കുന്നത് .

1. വിഷയം: Nature‘s beauty | പ്രകൃതിയുടെ സൌന്ദര്യം

പരമാവധി ഫോട്ടോഗ്രാർമാരെ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലളിതമായ ഒരു വിഷയമാണ് ഈ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രകൃതിയുടെ സൌന്ദര്യവുമായി ബന്ധപ്പെട്ട ഏതു ഫോട്ടോയും നിങ്ങൾക്ക് ഈ മത്സരത്തിനു സമർപ്പിക്കാം. എസ്.എൽ.ആർ ക്യാമറ ഉള്ളവരെ മാത്രമല്ല, പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിക്കുന്നവരേയും ഈ മത്സരത്തിൽ പങ്കെടുക്കാനായി ഞങ്ങൾ സ്വാഗതം ചെയ്യുന്നു, പ്രോത്സാഹിപ്പിക്കുന്നു. അവാർഡ് ക്യാമറയ്ക്കല്ല, ഫോട്ടോഗ്രാഫിനാണ് എന്നോർക്കുക. ഒരാൾക്ക് ഒരു ഫോട്ടോമാത്രമേ മത്സരത്തിനായി സമർപ്പിക്കുവാൻ അനുവാദമുള്ളൂ.

2. ആർക്കൊക്കെ പങ്കെടുക്കാം: ഈ മത്സരം ബ്ലോഗർമാരായ മലയാളികളെ ഉദ്ദേശിച്ചാണ് നടത്തുന്നത്. ഈ മത്സരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഈ പോസ്റ്റിന്റെ പ്രസിദ്ധീകരണതീയതിക്ക് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും രജിസ്റ്റർ ചെയ്ത സ്വന്തമായ ഒരു ബ്ലോഗ് പ്രൊഫ്രൈല്‍ ഉള്ള (ബ്ലോഗർ, വേഡ്പ്രസ്, ഏതും ആവാം) മലയാളികൾക്ക് ഇതിൽ പങ്കെടുക്കാം. സ്വന്തമായി ബ്ലോഗ്പ്രൊഫൈൽ വേണം എന്നേയുള്ളൂ‍, ഫോട്ടോബ്ലോഗ് വേണം എന്നില്ല; ബ്ലോഗിന്റെ ഭാഷയും പ്രശ്നമല്ല. ഓരോ എൻ‌ട്രിയോടൊപ്പവും പങ്കെടുക്കുന്ന ആളിന്റെ യഥാർത്ഥ പേരും കേരളത്തിലെ സ്ഥിരമായ മേൽ‌വിലാസവും നൽകേണ്ടതാണ്. ഈ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതല്ല.

‘നമ്മുടെബൂലോകം’ പത്രത്തിന്റെ എഡിറ്റോറിയല്‍ / അഡ്വൈസറി ബോര്‍ഡ് മെംബര്‍ മാര്‍ അവരുടെ അടുത്ത ബന്ധുക്കളോ ഈ മത്സരത്തില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല.

3. വിധികർത്താക്കൾ: മൂന്നു വിധികർത്താക്കൾ ചേര്‍ന്ന ഒരു പാനലായിരിക്കും ചിത്രങ്ങളെ വിലയിരുത്തി ആദ്യമൂന്നു സമ്മാനാർഹരെ നിശ്ചയിക്കുന്നത്. വിധികർത്താക്കൾ താഴെപ്പറയുന്നവരായിരിക്കും.

1. ഷംസുദീന്‍ മൂസ - പ്രൊഫൈൽ

യു.എ.ഇ യിൽ പ്രസ് ഫോട്ടോഗ്രാഫറായി ജോലിചെയ്യുന്ന ശ്രീ ഷംസുദ്ദീൻ മൂസ ഈ മേഖലയിൽ അനേകവർഷത്തെ പരിചയമുള്ള വ്യക്തിയാണ്. ശില്പകലയിലും, ജ്യാമിതീയ രൂപങ്ങളെപ്പറ്റിയുള്ള പഠനങ്ങളിലും തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയുമാണ് അദ്ദേഹം.


2. നിഷാദ് ഹുസൈൻ കൈപ്പള്ളി - പ്രൊഫൈൽ

കൈപ്പള്ളി എന്ന ബ്ലോഗർ ഐഡിയിൽ ബൂലോകർക്ക് സുപരിചിതൻ. ഫോട്ടോഗ്രാഫി, ഇന്റീരിയർ ഡിസൈനിംഗ്, ഐ.ടി സാങ്കേതികം, Ornithology തുടങ്ങിയ മേഖലകളിൽ മേഖലകളിൽ പ്രവർത്തന പരിചയം.

3. നവീന്‍ മാത്യു - പ്രൊഫൈ

സപ്തവർണ്ണങ്ങൾ എന്ന ബ്ലോഗർ ഐ.ഡിയിൽ ബൂലോകത്ത് സുപരിചിതൻ. ഫ്രീലാൻസ് ഫോട്ടോഗ്രാഫിയിലും ഫോട്ടോഗ്രാഫിയുടെ സാങ്കേതിക മേഖലയിലും പ്രാവീണ്യം തെളിയിച്ച വ്യക്തി.

4. സമ്മാന നിർണ്ണയരീതി: താഴെപ്പറയുന്ന മൂന്നു കാര്യങ്ങളെ ആസ്പദമാക്കിയാവും ഓരോ ഫോട്ടോയും വിലയിരുത്തപ്പെടുക.

A. Composition: ഒരു ഫ്രെയിം നിർണ്ണയിച്ചിരിക്കുന്നതിൽ എന്തൊക്കെ കാര്യങ്ങൾ ഫോട്ടോഗ്രാഫർ കണക്കിലെടുത്തിരിക്കുന്നു എന്നതും ഫോട്ടോയിൽ അതിന്റെ പ്രാധാന്യവുമാണ് ഈ വിഭാഗത്തിൽ ജഡ്ജസ് അവലോകനം ചെയ്യുന്നത്.

B. Technical aspects: മനസ്സിൽ ഉദ്ദേശിച്ച ഫ്രെയിം, ലൈറ്റിംഗ് എന്നിവ ഫലപ്രദമായി ഫോട്ടോയിൽ കിട്ടുവാൻ തക്കവിധം എത്രത്തോളം ടെക്നിക്കൽ കാര്യങ്ങൾ ഈ ചിത്രത്തിൽ ഫോട്ടോഗ്രാഫർ ശ്രദ്ധിച്ചിരിക്കുന്നു എന്നതാവും ഇവിടെ വിഷയമാവുക. ഒപ്പം പോസ്റ്റ് പ്രോസസിംഗിൽ എന്തൊക്കെ ശ്രദ്ധിച്ചു എന്നതും.

C. Creativity and perspective: ഫ്രെയിമിലെ വസ്തുക്കളെയും വെളിച്ചത്തേയും നല്ല ഒരു ഫോട്ടോഗ്രാഫാക്കി മാറ്റുന്നതിൽ എത്രത്തോളം സ്വതസിദ്ധമായ കഴിവുകൾ ഫോട്ടോഗ്രാഫർക്കുണ്ട് എന്നും, തന്റെ കാഴ്ചപ്പാട് എത്രത്തോളം ഫലപ്രദമായി ഈ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നു എന്നും ഇവിടെ അവലോകനം ചെയ്യുന്നു.


ഓരോ ഫോട്ടോയിലും ഈ മൂന്നു കാര്യങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിനെ ആസ്പദമാക്കി 1 മുതൽ 10 വരെ പോയിന്റുകൾ വെവ്വേറെയായി ഓരോ ഫോട്ടോയ്ക്കും നൽകുന്നതാണ്. ഫോട്ടോഗ്രാഫുകൾ മത്സരത്തിനായി തയ്യാറാക്കുന്നവർ ഈ നിബന്ധന വ്യക്തമായും മനസ്സിലാക്കിവേണം എൻ‌ട്രികൾ മത്സരത്തിനായി തെരഞ്ഞെടുത്ത് അയക്കേണ്ടത്. ഈ പോയിന്റുകളുടെ ആകെത്തുകയിൽ ആദ്യമെത്തുന്ന മൂന്നുപേർക്കായിരിക്കും സമ്മാനങ്ങൾ ലഭിക്കുക. ഫലപ്രഖ്യാപനത്തോടൊപ്പം, ജഡ്ജസ് എങ്ങനെയാണ് ഫോട്ടോകൾ അവലോകനം ചെയ്തിരിക്കുന്നത് എന്നതിന്റെ വിവരണവും പ്രസിദ്ധീകരിക്കുന്നതാണ്.


5. ചിത്രങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ:

5.1 മത്സരത്തിനു സമർപ്പിക്കുന്ന ചിത്രങ്ങൾ JPG ഫോർമാറ്റിൽ ഉള്ളവയായിരിക്കണം. ചിത്രത്തിന്റെ ഒറിജിനൽ ഡിജിറ്റൽ ഫോർമാറ്റിൽ ആവണം എന്നു നിർബന്ധമില്ല. ഫിലിമിൽ നിന്നോ, സ്ലൈഡുകളിൽ നിന്നോ സ്കാൻ ചെയ്ത് എടുത്ത ചിത്രങ്ങളും അയക്കാവുന്നതാണ്. മത്സര എൻ‌ട്രികൾ ഡിജിറ്റൽ ഫോർമാറ്റിൽ ഇ-മെയിലിൽ അറ്റാച് ചെയ്താവണം സമർപ്പിക്കേണ്ടത് എന്നുമാത്രം.

5.2മത്സരത്തിനായി സമർപ്പിക്കുന്ന ചിത്രങ്ങൾ കുറഞ്ഞത് ഇനി പറയുന്നവലിപ്പത്തില്‍ ഉള്ളവയായിരിക്കണം.

ലാന്റ്സ്കേപ്പ് ഫോർമാറ്റ് : ചിത്രങ്ങളുടെ വീതി 1800 പിക്സൽ, ഉയരം വീതിക്ക് ആനുപാതികമായി.
പോർട്രെയ്റ്റ് ഫോർമാറ്റ്: വീതി 900 പിക്സൽ, ഉയരം അതിന് ആനുപാതികമായി.

ഇതിൽ നിന്ന് വ്യത്യസ്തമായ വലിപ്പത്തിൽ ലഭിക്കുന്ന ചിത്രങ്ങളെ ഈ വലിപ്പത്തിലേക്ക് മാറ്റിയതിനു ശേഷമായിരിക്കുൻ ജഡ്ജസിനു നൽകുക. അയച്ചുതരുന്ന ചിത്രങ്ങൾ 5 മെഗാബൈറ്റിനു മുകളിൽ ഫയൽ സൈസ് ഉള്ളവ ആവരുത്.

5.3 . ചിത്രങ്ങളിൽ അടിസ്ഥാനകാര്യങ്ങളിലുള്ള പോസ്റ്റ് പ്രോസസിംഗ് അനുവദനീയമാണ്. എന്നാൽ ഗ്രാഫിക്സ് എഫക്റ്റുകൾ, ബോഡറുകൾ, അമിതമായ കൃത്രിമ മോടിപിടിപ്പിക്കലുകൾ എന്നിവ നിരുത്സാഹപ്പെടുത്തുന്നു. അതുപോലെHDR ഇമേജുകൾ Composite ഇമേജുകൾ എന്നിവയും സ്വീകരിക്കുന്നതല്ല.

5.4 മത്സരത്തിനായി അയയ്ക്കുന്ന ചിത്രങ്ങൾ ഇതിനുമുമ്പ് ബ്ലോഗിൽ പ്രസിദ്ധീകരിച്ചവയാവാൻ പാടില്ല. (മത്സരാർത്ഥിയുടെ ഐഡന്റിറ്റി മത്സരസമയത്ത് വെളിപ്പെടുത്താതിരിക്കുവാനാണിത്). ചിത്രങ്ങളിൽ യാതൊരു വിധമായ അടയാളങ്ങളോ, വാട്ടർമാർക്കുകളോ ഇടുവാനും പാടില്ല. മത്സരത്തിനായി അയയ്ക്കുന്ന ഫോട്ടോഗ്രാഫുകളിൽ വ്യക്തികളുടെ ചിത്രങ്ങൾ മറ്റ് കോപ്പിറൈറ്റ് വസ്റ്റുക്കളുടെ ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നുവെങ്കിൽ, അവ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുവാദം മുതലായ കാര്യങ്ങളിൽ ഈ മത്സരത്തിന്റെ സംഘാടകർ യാതൊരു ബാധ്യതകളും ഏൽക്കുന്നില്ല. അത് ഫോട്ടോഗ്രാഫറുടെ സ്വന്തം ഉത്തരവാദിത്തമാകുന്നു.

5.5 അയച്ചു തരുന്ന ഡിജിറ്റൽ ചിത്രങ്ങളുടെ പൂർണ്ണമായ എക്സിഫ് ഡേറ്റ ഫയലുകളിൽ ഉണ്ടായിരിക്കണം. ഇതില്ലാത്ത ചിത്രങ്ങൾ അയോഗ്യമായി പരഗണിക്കപ്പെടും.

6. ചിത്രങ്ങൾ സമർപ്പിക്കേണ്ട വിധം: ഈ പോസ്റ്റിന്റെ പ്രസിദ്ധീകരണ തീയതി മുതൽ 2010 മാർച്ച് 15 ഇന്ത്യൻ സമയം രാത്രി 12 മണി വരെ ചിത്രങ്ങൾ മത്സരത്തിനായി അയക്കാവുന്നതാണ്. ചിത്രങ്ങൾ അയയ്ക്കേണ്ട ഇ-മെയിൽ bloggercompetition@gmail.com. ഈ വിലാസത്തിൽ അല്ലാതെ ലഭിക്കുന്ന എൻ‌ട്രികൾ മത്സരത്തിനായി പരിഗണിക്കുകയില്ല. ഇതിനുശേഷം ലഭിക്കുന്ന ചിത്രങ്ങളും നിബന്ധന 5 ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിച്ചല്ലാത്ത ചിത്രങ്ങളും മത്സരത്തിനായി പരിഗണിക്കുകയില്ല.

7. കോപ്പിറൈറ്റ്സ്: മത്സരത്തിനായി അയയ്ക്കുന്ന ചിത്രങ്ങൾ മത്സരാർത്ഥിയുടെ സ്വന്തം സൃഷ്ടി ആയിരിക്കണം. സമ്മാനത്തിനാർഹരാവുന്നവർ, ‘നമ്മുടെ ബൂലോകം‘ ആവശ്യപ്പെടുന്ന അവസരത്തില്‍ ചിത്രത്തിന്റെ ഒറിജിനൽ ഫയൽ അയച്ചു തരുവാൻ ബാദ്ധ്യസ്ഥരാ‍ണ്. ഇപ്രകാരം ഒറിജിനല്‍ ഹാജരാക്കുവാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് സമ്മാനം ലഭിക്കുന്നതല്ല.

മത്സരത്തിനായി അയച്ചൂ തരുന്ന ചിത്രത്തിന്റെ പകർപ്പവകാശം മത്സരാർത്ഥിക്കുതന്നെയാകുന്നു. മത്സരത്തില്‍ വിജയിക്കുന്ന ഫോട്ടോകള്‍ നമ്മുടെ ബൂലോകത്തിന്റേയോ , ആപ്പിള്‍ എ ഡേ യുടേയോ വ്യാവസായികമല്ലാത്ത ആവശ്യങ്ങള്‍ക്കായി, വിജയികളുടെ മുൻ‌കൂർ അനുവാദമില്ലാതെ തന്നെ, ഭാഗികമായോ പൂര്‍ണ്ണമായോ ഉപയോഗപ്പെടുത്തുന്നതിന് ഞങ്ങള്‍ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ തന്നെ ഈ മത്സരത്തിന് ശേഷവും പങ്കെടുക്കുന്ന/സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ മറ്റ് ഏത് തരത്തിലും പ്രയോജനപ്പെടുത്താന്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കും/പങ്കെടുക്കുന്നവര്‍ക്കും പൂര്‍ണ്ണ സാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിന് അയച്ചു തരുന്ന ചിത്രങ്ങൾ മത്സരാർത്ഥിയുടെ സ്വന്തമാണെന്നും മറ്റാരുടെയും അവകാശങ്ങൾ അതിലില്ല എന്നും ഉള്ള ഒരു സമ്മതപത്രം എൻ‌ട്രിയോടൊപ്പം അയച്ചുതരേണ്ടതാണ് (ഇത് ഈ നിബന്ധനകളുടെ ഏറ്റവും അവസാനം ഉണ്ട്).

8. പ്രസിദ്ധീകരണത്തീയതി: മത്സരത്തിനായി ലഭിക്കുന്ന ചിത്രങ്ങൾ “ആപ്പിൾ എ ഡേ ബെസ്റ്റ് ബ്ലോഗ്-ഫോട്ടോ അവാർഡ് 2010“ ന്റെ വാട്ടർ മാർക്കോടുകൂടി മാർച്ച് 20, 2010 ന് പ്രസിദ്ധീകരിക്കുന്നതാണ്.

9. ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങൾക്ക് ഒരു ക്രമ നമ്പർ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആരാണ് ഫോട്ടോഗ്രാഫർ എന്ന വിവരം അപ്പോൾ പ്രസിദ്ധീകരിക്കുകയില്ല. അതുപോലെ ജഡ്ജിംഗ് പാനലിനും ഫോട്ടോഗ്രാ‍ഫറെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറുന്നതല്ല. ഈ പോസ്റ്റിൽ വായനക്കാർക്ക് അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രം കമന്റായി രേഖപ്പെടുത്താവുന്നതാണ്. വെബ് പോൾ രീതിയിലുള്ള വോട്ടിംഗ് ഉണ്ടായിരിക്കുന്നതല്ല; കമന്റുകൾ മാത്രമാണ് വോട്ടായി പരിഗണിക്കുന്നത്. ഒന്നിലേറെത്തവണ ഒരു വ്യക്തി കമന്റ് രേഖപ്പെടുത്തിയാലും ഏറ്റവും ആദ്യത്തെ കമന്റിൽ പറഞ്ഞ ഫോട്ടോയെ ആയിരിക്കും വോട്ടിൽ പരിഗണിക്കുന്നത്.

10. ആർക്കൊക്കെ വോട്ട് ചെയ്യാം? ഈ പോസ്റ്റിന്റെ പ്രസിദ്ധീകരണതീയതിക്ക് ഒരു ദിവസമെങ്കിലും മുമ്പ് രജിസ്റ്റർചെയ്ത, സ്വന്തമായ ബ്ലോഗ് (ബ്ലോഗർ, വേഡ്പ്രസ്) പ്രൊഫൈൽ ഐ.ഡി ഉള്ളവർക്ക് മാത്രമാണ് കമന്റുകൾ രേഖപ്പെടുത്താനുള്ള അവകാശം. ഈ ഐ.ഡി യുമായി ബന്ധപ്പെട്ട ഒരു ബ്ലോഗും ഉണ്ടാവണം. ഈ കമന്റുകൾ മോഡറേഷനിൽ വയ്ക്കുകയും ഫലപ്രഖ്യാപനത്തോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. പ്രൊഫൈൽ ഇല്ലാത്ത ഐ.ഡികളിൽനിന്നുള്ള കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. ഈ വിഭാഗത്തിൽ, മത്സരാർത്ഥികൾ അവരവരുടെ ഫോട്ടോയ്ക്ക് സ്വയം വോട്ട് ചെയ്യാൻ പാടില്ല. വായനക്കാർക്ക് ഫോട്ടോകളെപ്പറ്റിയുള്ള മറ്റ് അഭിപ്രായങ്ങളും കമന്റുകളായി രേഖപ്പെടുത്താവുന്നതാണ്.

11. ഫലപ്രഖ്യാപനം: മാർച്ച് 30, 2010 നു മത്സരഫലങ്ങൾ പ്രഖ്യാപിക്കും. സമ്മാനാർഹർ തങ്ങളുടെ പോസ്റ്റൽ അഡ്രസ് (ഇന്ത്യയിലെ) നൽകേണ്ടതാണ്. സമ്മാനത്തുകയും സർട്ടിഫിക്കറ്റും ആ വിലാസത്തിലായിരിക്കും എത്തിക്കുക.

12. മത്സരത്തിനായി അയച്ചു തരുന്ന എൻ‌ട്രികളോടൊപ്പം താഴെപ്പറയുന്ന വിവരങ്ങൾ കൂടി അതേ ഇ-മെയിലിൽ കോപ്പി പേസ്റ്റ് ചെയ്ത് പൂരിപ്പിച്ച് നൽകേണ്ടതാണ്.


ബ്ലോഗറുടെ പേര് / ID :

Blog Profile Link : നിങ്ങളുടെ പ്രൊഫൈലിൽ നിന്ന് കോപ്പി / പേസ്റ്റ് ചെയ്യുക.

Camera Model :

Brief Exif Data (shutter, aperture, focal length of lense):

Date & Location of Shooting :

"ആപ്പിൾ എ ഡേ ബെസ്റ്റ് ബ്ലോഗ്-ഫോട്ടോ അവാർഡ് 2010 മത്സരത്തിനായി ഞാൻ ഇതോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോഗ്രാഫ് എന്റെ സ്വന്തമാകുന്നുവെന്നും, ഇതിൽ മറ്റാർക്കും അവകാശമില്ല എന്നും ഞാൻ പ്രസ്താവിക്കുന്നു. ആപ്പിൾ എ ബെസ്റ്റ് ബ്ലോഗ്-ഫോട്ടോ അവാർഡ് 2010 ന്റെ മത്സര നിബന്ധനകൾ ഞാൻ പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയിരിക്കുന്നു എന്നും; അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എനിക്കുള്ള സമ്മതവും ഇതിനാൽ രേഖപ്പെടുത്തുന്നു. മത്സരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഈ ഫോട്ടോഗ്രാഫിനെപ്പറ്റിയുള്ള വിവരങ്ങള്‍ മത്സരത്തിന്റെ ഫലപ്രഖ്യാപനത്തീയതി വരെ ഞാന്‍ രഹസ്യമായി സൂക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പുതരുന്നു. ഈ ഫോട്ടോഗ്രാഫ് സമ്മാനാർഹമാകുന്ന പക്ഷം എന്റെ മറ്റൊരു സമ്മതപത്രമില്ലാതെതന്നെ, അത് ഭാവിയിൽ ‘നമ്മുടെബൂലോകമോ‘ ‘ആപ്പിൾ എ ഡേ Pvt. Ltd ഓ ഭാഗികമായോ പൂർണ്ണമായോ വ്യാവസായികാടിസ്ഥാനത്തിലല്ലാത്ത ഉപയോഗങ്ങൾക്ക് ഉപയോഗപ്പെടുത്തന്നതിന് എനിക്ക് സമ്മതമാണെന്നും ഇതിനാൽ പ്രസ്താവിച്ചു കൊള്ളുന്നു"..

പേര്
കേരളത്തിലെ സ്ഥിരമായ മേൽ‌വിലാസം
ഫോണ്‍ നമ്പര്‍

ഫോട്ടോ ബ്ലോഗ്‌ മത്സരത്തിനായി പുതിയ ബ്ലോഗ്‌ രൂപീകരിച്ചിട്ടുണ്ട്. ഈ ലിങ്കിലൂടെ പോയാല്‍ പുതിയ ബ്ലോഗ്‌ കാണാം .അല്ലെങ്കില്‍ മുകളിലെ മെനു ബാറില്‍ നിന്നും നേരിട്ട് ഫോട്ടോബ്ലോഗിലേക്കു പോകാം .


ഹിമാലയ യാത്ര - PART 7

ഹിമാലയ യാത്ര - PART 1
ഹിമാലയ യാത്ര - PART 2
ഹിമാലയ യാത്ര - PART 3
ഹിമാലയ യാത്ര - PART 4
ഹിമാലയ യാത്ര - PART 5
ഹിമാലയ യാത്ര - PART 6

സജി മാര്‍ക്കോസ്

സിഷ്ഠ ഗുഹയില്‍ നിന്നും ഇറങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. എല്ലാവര്‍ക്കും നന്നായി വിശന്നു തുടങ്ങി. അടുത്തെങ്ങും പട്ടണമുള്ള ലക്ഷണം കാണുന്നില്ല. വഴിയരികില്‍ കാണുന്ന കൊച്ചു കൊച്ചു കടകള്‍ ഒന്നും തുറന്നിട്ടും ഇല്ല. മലഞ്ചരുവില്‍ ഒരു കൊച്ചരുവി ഒഴുകി വരുന്നതു കണ്ട സ്ഥലത്തു വാഹനം ഒതുക്കി.

സാബുവിന്റെ ഭാര്യ കൊടുത്തയച്ച പൊതി അഴിച്ചു. ചെറിയ ചൂടുള്ള ചപ്പാത്തിയും കറിയും. മറ്റൊരു കൂട്ടില്‍ എല്ലാവര്‍ക്കും പ്ലേറ്റും കരുതിയിരുന്നു. അതി രാവിലെ തണുപ്പത്തു എഴുന്നേറ്റു ഞങ്ങള്‍ക്കു ഭക്ഷണം തയ്യറാക്കി കൊടുത്തയച്ച സാബുവിന്റെ ഭാര്യയെ നന്ദിയോടെ ഓര്‍ത്തുകൊണ്ട്, പ്രാതല്‍ കഴിച്ചു. മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന അരുവിയിലെ വള്ളത്തിന് നല്ല തണുപ്പുണ്ടായിരുന്നു. ശുദ്ധ ജലത്തില്‍ പാത്രം കഴുകി, മറ്റൊരു സഞ്ചിയില്‍ കരുതിയിരുന്നു ഓറഞ്ചും കഴിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. വണ്ടിയില്‍ കയറുന്നതിനും മുന്‍പ് ബ്രെഷ് ഇരുന്ന സ്ഥലം മാറി എതിര്‍വശത്തു പോയിരുന്നു. ഇതു വരെ അവനിരുന്ന വശത്തായിരുന്നു അഗാഥമായ ഗര്‍ത്തങ്ങള്‍. അതുകൊണ്ട് അവനു യാത്ര ആസ്വദിക്കുവാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, റോഡിന്റെ വീതികുറയുമ്പോള്‍, ഭയപ്പെട്ട് അവന്‍ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍ ഞങ്ങളേയും അലോസരപ്പെടുത്തികൊണ്ടിരുന്നു. അക്കരെ മറ്റൊരു മലയില്‍ തുടര്‍ന്നു യാത്ര ചെയ്യുവാനുള്ള റോഡ് കാണാമായിരുന്നു. റോഡു പണിതപ്പോഴുണ്ടായ മണ്ണ്, വളരെ താഴേക്കു ഊര്‍ന്നു വീണിരിക്കുന്നതു കണ്ടാല്‍ ഭയം തോന്നും. അതോ പിന്നീട് മണ്ണിടിഞ്ഞതോ ആയിരിക്കാം. എത്ര ദുര്‍ഘടം പിടിച്ച മാര്‍ഗ്ഗത്തിലൂടെയാണ് യാത്ര തുടരേണ്ടത് എന്നു കണ്ടപ്പോള്‍ എല്ലാവര്‍ക്കും അല്പം ഭയം തോന്നാതിരുന്നില്ല.


യാത്ര ഗംഗാ നദിയുടെ കരയില്‍ കൂടെ തന്നെയായിരുന്നു. പലപ്പോഴും അങ്ങു താഴേക്കണുന്ന നദിയും, കാടു പിടിച്ച ഭൂപ്രദേശങ്ങളും, പച്ച നിറത്തിലുള്ള മലകളും നയനാനന്ദകരമായ കാഴചകള്‍ ആയിരുന്നു. അടുത്ത പ്രദേശങ്ങളിലൊന്നും മനുഷ്യ വാസമുള്ള ലക്ഷണങ്ങള്‍ ഇല്ലായിരുന്നു.


റോഡിന് വേണ്ടത്ര വീതിയുണ്ടായിരുന്നെങ്കിലും കൊടും വളവുകള്‍ ഉള്ളതുകൊണ്ട്, ഉദ്ദേശം മണിക്കൂറില്‍ 40 കി. മി. കൂടുതല്‍ വേഗതയില്‍ പോകാന്‍ കഴിയുമായിരുന്നില്ല. തീര്‍ഥാടകര്‍ അല്ലാത്ത, ഞങ്ങളേപ്പോലുള്ള സഞ്ചാരികള്‍ക്കു യാത്ര ചെയ്യുവാന്‍ പറ്റിയ ഇടമല്ല ഇത് എന്നു തോന്നാതിരുന്നില്ല. ആകാശം മുട്ടി നില്‍ക്കുന്ന പര്‍വ്വത ശിഖരങ്ങള്‍, പലപ്രാവശ്യ ഇടിഞ്ഞു പോയതു കൊണ്ടാവണം, പലയിടത്തും ഉരുളന്‍ കല്ലുകല്‍ പാകിയ ടാറിടാത്ത റോഡ്, പര്‍വ്വതത്തിന്റെ അടിവാരത്തു ഇടക്കിടക്കു പ്രത്യക്ഷപ്പെടുന്ന നീല നിറത്തിലുള്ള ഗംഗാ നദി, ഒരു തികഞ്ഞ സാഹസിക യാത്ര തന്നെ ആയിരുന്നു. പലപ്പോഴും വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കുമ്പോല്‍ അറിയാതെ കണ്ണുകള്‍ ഇറുക്കി അടക്കേണ്ടിവന്നു. ഒരു നിമിഷം ശ്രദ്ധയൊന്നു പാളിയാല്‍, ഒരു ഉരുളന്‍ കല്ലില്‍ നിന്നും ടയര്‍ ഒന്നു തെന്നിയാല്‍, ചിന്തിക്കാനേ കഴിയില്ല. അഗാധമായ കൊക്കയില്‍ നിന്നും എടുക്കാന്‍ ഒന്നും ബാക്കി ഉണ്ടാവില്ല.

വഴിയുടെ ഭീകരത മറക്കാന്‍, കൈയ്യിലുണ്ടായിരിന്ന ഓറഞ്ചും തിന്ന്, വിദ്യാഭ്യാസ കാലത്തെ ഓര്‍മ്മകള്‍ പങ്കു വച്ചുകൊണ്ട്, യാത്ര തുടര്‍ന്നു.

ഇതുപോലെ അത്യപകടകരമായ യാത്ര ഒരിക്കല്‍ മലമ്പുഴയ്ക്കു നടത്തിയതു ബ്രഷ്നേവ് ഓര്‍മ്മിപ്പിച്ചു. പഠനത്തിന്റെ അവസാന വര്‍ഷം, വീടുകളില്‍ അറിയിക്കാതെ ഞങ്ങള്‍ പത്തോളം സുഹൃത്തുക്കള്‍ ചേര്‍ന്നു മലമ്പുഴയ്ക്ക് ഒരു യാത്ര പോയി. ബ്രെഷും, ജെയ്സണും, ഞാനും അന്നത്തെ യാത്രയിലും ഉണ്ടായിരുന്നു. സാധാരണ സഞ്ചാരികളേപ്പോലെ, ഡാമിന്റെ മുകളില്‍ കയറുവാനും പാര്‍ക്കില്‍ പോകുവാനും ആര്‍ക്കും താല്പര്യമില്ലായിരുന്നു. നടന്നു നടന്നു നിന്നും കുറെ ദൂരത്തില്‍ ഡാമിലെ വെള്ളത്തില്‍ നീന്താന്‍ പറ്റിയ ഒരു സ്ഥലം കണ്ടു പിടിച്ചു. അന്നത്തെക്കാലത്ത്, അല്ലറചില്ലറ ‘സേവ‍‘ എല്ലാവര്‍ക്കും ശീലമായിരുന്നു. അന്നു വിശേഷിച്ചും എല്ലാവരും നല്ല ഫോമില്‍ ആയിരുന്നു. ആകെ ഒരൊറ്റ തോര്‍ത്തുമുണ്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുറ്റുവട്ടത്തില്‍ ആരുമില്ല. പിന്‍വശത്തു ആള്‍ത്താമസമില്ലാതെ കാടിപിടിച്ചു കിടക്കുന്ന ഡാമിന്റെ കാച്മെന്റ് ഏരിയ. മുന്‍പില്‍ നിശ്ചലമായ നീല ജലാശയം. ഓരോരുത്തരായി
തോര്‍ത്ത്‌ ഉടുത്ത് വെള്ളത്തില്‍ ഇറങ്ങി. വള്ളത്തില്‍ ഇറങ്ങുന്ന ആള്‍ കരയില്‍ നില്‍ക്കുന്നവര്‍ക്കു തോര്‍ത്ത് ഏറിഞ്ഞു കൊടുത്തു. എട്ട് പേരോളം പേര്‍ വെള്ളത്തില്‍ ഇറങ്ങി. അവസാനം ഇറങ്ങിയ അളുടെ അരയില്‍ മാത്രം തോര്‍ത്ത്. നീന്താന്‍ തുടങ്ങി. അകത്തും പുറത്തും വെള്ളമായിരുന്നതുകൊണ്ട്, കരയില്‍ നിന്നും അകന്നു പോയതു അറിഞ്ഞില്ല.

“മക്കളേ മുമ്പോട്ടു പോകല്ലേ..വെള്ളത്തില്‍ ചീങ്കണ്ണിയുണ്ടേ..“

ഉള്ളില്‍ ഒരു വെള്ളിടി വെട്ടി.

തിരിഞ്ഞു നോക്കി .കാട്ടില്‍ വിറകു പെറുക്കാന്‍ പോയ നാട്ടുകാരില്‍ ചിലര്‍ വിളിച്ചു പറഞ്ഞതായിരുന്നു.

ഹൃദയം നിന്നുപോയി. അകത്തെ വെള്ളം
വറ്റി, പുറത്തെ വെള്ളം ഉയര്‍ന്നു വരുന്നതുപോലെ. തൊണ്ട വരണ്ടു, ചുറ്റും നോക്കി, എല്ലാവരും കരയിലേക്കു വലിച്ചുനീന്തുന്നു. എനിക്കു നീന്തല്‍ അത്ര വശമില്ലായിരുന്നു. ആവേശത്തിന്റെ പുറത്ത് ഇറങ്ങിത്തിരിച്ചതായിരുന്നു. കാല്‍ നിലത്ത് എത്തുമോ എന്നു നോക്കി. ഇല്ല. നിലയില്ലാത്ത വെള്ളം, പെട്ടെന്ന് പുറകില്‍ എന്തോ..... അലറി തിരിഞ്ഞു നോക്കി, ഒന്നും കാണാനില്ല, സര്‍വ്വ ശക്തിയുമെടുത്തു നീന്താന്‍ നോക്കി, കഴിയുന്നില്ല. ഓരോ പ്രാവശ്യവും കാല്‍ അടിക്കുമ്പോല്‍, കാലില്‍ മുതല കടിച്ചു പിടിച്ചിരിക്കുന്നതു പോലെ.. തളര്‍ന്നു... പലവട്ടം തിരിഞ്ഞു നോക്കി.ഭയവും ക്ഷീണവും മൂലം വള്ളത്തില്‍ മുങ്ങിതുടങ്ങി. കരയില്‍ നിന്നും അവ്യക്ത രൂപങ്ങള്‍ മാടി വിളിക്കുന്നുണ്ട്.
മുങ്ങിയും പൊങ്ങിയും എങ്ങിനെയോ കരയില്‍ എത്തി . തളര്‍ന്നു വീണുപോയി, ആ ചെളിയില്‍ കിടന്നു മണിക്കൂറുകളോളം. ഏദന്‍‌തോട്ടത്തിലെ ആദാമിനെപ്പോലെ!

വിനോദ യാത്രയ്ക്കു പോയി അപകടത്തില്‍ പെട്ടവരുടെ വാര്‍ത്ത വായിക്കുമ്പോള്‍, ഞങ്ങള്‍ എന്നും ഇത് ഓര്‍ക്കും, ഒരു
നിമിഷത്തെ അശ്രദ്ധ മതി എല്ലാം കൈവിട്ടു പോകുവാന്‍!

എത്രയോ വട്ടം ജീവിതം കൈവിട്ടു പോകേണ്ടതായിരുന്നു. കൈക്കുമ്പിളില്‍ നിന്നും വെള്ളം ചോര്‍ന്നു പോകും പോലെ, ജീവിതം വഴുതിയപ്പോഴെല്ലാം നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നിട്ടുണ്ട്, പലവട്ടം. അപ്പോഴെല്ലാം എങ്ങിനെയൊക്കെയോ രക്ഷപ്പെട്ടുകൊണ്ടേയിരുന്നു, ആരോ രക്ഷപ്പെടുത്തിക്കൊണ്ടേയിരുന്നു, ഓരോ പ്രാവശ്യവും.

അതിനു ശേഷം ടൂര്‍ പോകുന്ന എല്ലാവരേയും ഉപദേശിക്കുമായിരുന്നു “ വെള്ളത്തിലാണെങ്കില്‍ ദയവായി വെള്ളത്തിലിറങ്ങല്ലേ..” എന്ന്.

ഓരൊരുത്തരും അവരവരുടെ മനസ്സില്‍ നിറം മങ്ങാതെ കിടന്ന ഓര്‍മ്മകള്‍ പങ്കുവച്ചപ്പോള്‍ സമയംകടന്നു പോകുന്നത് അറിഞ്ഞില്ല.

ഉദ്ദേശം 10 മണിയായതോടെ, അടുത്ത
പട്ടണത്തെ സമീപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.

മലഞ്ചെരുവില്‍ കൃഷി ചെയ്യുവാന്‍ തട്ടുകള്‍ തീര്‍ത്തിരിക്കുന്നത് കൌതുകകരമായ കാഴ്ചയായിരുന്നു. കേരളത്തില്‍ മറയൂര്‍ , കാന്തല്ലൂര്‍, കോവില്‍കടവു പ്രദേശങ്ങളില്‍ മാത്രമേ
ഇത്തരം കൃഷി രീതി കണ്ടിട്ടുള്ളൂ.

“ദേവ പ്രയാഗ്, പഹ്ഞ്ച രഹാഹേ” ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞു.

ഋഷികേശില്‍ നിന്നും 70 കി മി. ദൂരെ , 2800 അടി ഉയരത്തിലുള്ള പട്ടണമാണ് ദേവ പ്രയാഗ്. ഞങ്ങള്‍ക്ക് ഇന്നു ചെന്നേത്തേണ്ട സ്ഥലം 6000 അടി മുകളിലാണ്.
അളകനന്ദാ നദി അതിന്റെ അഞ്ചു പോഷക നദികളുമായി ഗഡ്വാള്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ സമ്മേളിക്കുന്നുണ്ട്. അവയെയാണ് പഞ്ച പ്രയാഗ് എന്നു അറിയപ്പെടുന്നത്. ദേവപ്രയാഗ്, രുദ്രപ്രയാഗ്, കര്‍‌ണ്ണപ്രയാഗ്, നന്ദ പ്രയാഗ്, വിഷ്ണു പ്രയാഗ് എന്നിവയാണ് പഞ്ച പ്രയാഗുകള്‍ . പ്രായാഗ് എന്ന പദത്തിനു സംഗമസ്ഥാനം എന്നാണ് അര്‍ത്ഥം. പഞ്ച പ്രയാഗ്കളില്‍ ആദ്യത്തെ പട്ടണമാണ് ദേവ പ്രയാഗ്. ഇവിടെ, ഭാഗീരഥി അളകനന്ദയുമായി ചേരുന്നു. കൃത്യമായി പറഞ്ഞാല്‍ ദേവ പ്രയാഗ് വരെ ഗംഗാനദിയുടെ പേര് ഭാഗീരഥി നദി എന്നാണ്. ഗോമുഖില്‍ നിന്നും ആരംഭിക്കുന്ന ഗംഗയുടെ ശുദ്ധ ജല പ്രവാഹവും, അളകനന്ദയും തമ്മില്‍ ചേരുന്ന സംഗമ സ്ഥാനത്തെ ത്രികോണാകൃതിയിലുള്ള പട്ടണമാണ് ദേവപ്രയാഗ്. ഹിമാലയത്തിലെ സതോപന്ത് മഞ്ഞുമലയില്‍ നിന്നും ആരംഭിക്കുന്ന അളകനന്ദ 190 കി.മി. ഒഴുകിയാണ് ദേവപ്രയാഗില്‍ എത്തുന്നത്.

മലഞ്ചെരുവിലുള്ള പട്ടണമായതു കൊണ്ട് ഹിമാലയ പട്ടണങ്ങളെല്ലാം തട്ടു തട്ടുകളായിട്ടാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് പട്ടണത്തിന്റെ വിസ്തൃതി ഒറ്റനോട്ടത്തില്‍ ഗ്രഹിക്കാന്‍ കഴിയും.നദികള്‍ തമ്മില്‍ ചേരുന്ന സ്ഥലത്ത് പട്ടണത്തിന്റെ താഴ്വശത്ത്, സംഗമ സ്ഥാനം നന്നായി ദര്‍ശിക്കുവാന്‍ കഴിയുന്ന വിധത്തില്‍ തീര്‍ത്ഥാടകര്‍ക്കായി സുരക്ഷിതമായ് കൈവരിക‍കളോടുകൂടി പ്ലാറ്റു ഫോമുകള്‍ പണിതിട്ടിരിക്കുന്നു. നീല നിറത്തിലെ ഭാഗീരഥിയും കലങ്ങി മറിഞ്ഞ അളകനന്ദയും കൂടിച്ചേര്‍ന്നു തമ്മില്‍ ലയിച്ചു ഒരേ നിറമായി തമ്മില്‍ തിരിച്ചറിയാനാകാതെ ഒഴുകുന്നതു അപൂര്‍വ്വമായ കാഴ്ചതന്നെ

അല്പം പുരാണം
ധര്‍മ്മിഷ്ടനും സൌമ്യനുമായിരുന്ന കോസല രാജ്യത്തെ ( ഇപ്പോള്‍ ഉത്തര്‍ പ്രദേശ് ) മഹാരാജാവ് ഭഗീരഥന്‍, ശ്രീരാമന്റെ പൂര്‍വ്വ പിതാക്കന്‍മാരില്‍ ഒരാളും, സാഗര മഹാരാജവിന്റെ പിന്‍‌ഗാമിയും ആയിരുന്നു.

വിഖ്യാതനായിരുന്ന സാഗരമഹാരാജാവ് തന്റെ നൂറാമത്തേ അശ്വമേധം പൂര്‍ത്തിയാക്കുന്നുവെന്ന വിവരം അറിഞ്ഞ അസൂയാലുവായ ഇന്ദ്രന്‍, യാഗാശ്വ
ത്തെ ബന്ധിച്ച്, കപിലമഹര്‍ഷിയുടെ ആശ്രമത്തില്‍ ഒളിപ്പിച്ചു പാര്‍പ്പിച്ചു. ഉഗ്ര പ്രതാപിയും മഹാപണ്ഡിതനും ഇന്നു ഹിന്ദുമതത്തില്‍ നിന്നും ഏറക്കുറെ അപ്രത്യക്ഷ്മായ സാംഖ്യ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവും ആയിരുന്നു കപില മഹര്‍ഷി. (ദ്വൈത വേദാന്തമായിരുന്നു സാംഖ്യ ശാസ്ത്രമെന്നു പറയാം. ആദിശങ്കരന്റെ വേദഭാഷ്യ രചനയ്ക്കു ശേഷം അദ്വൈതം ഹിന്ദുമതത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു)

സാഗര മഹാരാജവിനു അറുപതിനായിരം പുത്രന്മാര്‍ ഉണ്ടായിരുന്നു. അവര്‍ അശ്വ
ത്തെ തേടിയിറങ്ങുകയും, ധ്യാന നിമഗ്നനായിരുന്ന കപിലന്റെ പിന്നില്‍ ബന്ധിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. കപിലനാണ് യാഗാശ്വത്തെ മോഷ്ടിച്ചത് എന്നു ധരിച്ചു, സാഗരന്റെ മക്കള്‍ കപിലനെ, മോഷ്ടാവ് എന്നു വിളിച്ച് അധിക്ഷേപിച്ചു. കോപാകുലനായ മുനി, സാഗരന്റെ അറുപതിനായിരം പുത്രന്മാരേയും ഉഗ്ര തപ ശക്തിയാല്‍ നിമിഷാര്‍ദ്ധത്തില്‍ ഭസ്മമാക്കി ക്കളഞ്ഞു.

പിന്നീട് സാഗര മഹാരാജാവിന്റെ കൊച്ചുമകനായ അനുഷ്മാന്‍ മരിച്ച ആത്മാക്കള്‍ക്കു മോക്ഷവും സ്വര്‍ഗ്ഗ പ്രവേശനവും
നല്‍കുവാനുള്ള മാര്‍ഗ്ഗം പറഞ്ഞു തരേണമെന്നു കപിലനൊടു കേണപേക്ഷിച്ചു.
ദേവലോകത്തേ പുണ്യ നദിയായ
ഗംഗയെ ഭൂമിയില്‍ കൊണ്ടുവന്നു, മരിച്ചവരുടെ ഭസ്മത്തില്‍ സ്പര്‍ശിച്ചാല്‍ സാഗരന്റെ മക്കളുടെ ആത്മാക്കള്‍ക്കു മോക്ഷം ലഭിക്കുമെന്നു ഉപദേശിച്ചുകൊടുത്തു.

അങ്ങിനെ, പിന്നീട് രാജാവായ ഭഗീരഥന്‍ കോസല രാജ്യം വിശ്വസ്തന്മാരായ മന്ത്രിമാരെ ഏല്‍പ്പിച്ചു തപസ്സിനായി ഹിമാലയത്തില്‍ എത്തി. ആയിരം വര്‍ഷം നീണ്ടു നില്‍ക്കുന്ന ഘോര തപസ്സ്. അവസാനം ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട്, ഗംഗയെ ഭൂമിയില്‍ അയക്കുവാന്‍ അനുവാദം നല്‍കുകയും ചെയ്തു.

എന്നാല്‍, ഗംഗയിലെ ജല പ്രവാഹത്തിന്റെ ഉഗ്രതയും ഇരമ്പലും കേട്ടു ഭഗീരഥന്‍ ഭയപ്പെട്ടു പോയി.

ഗംഗയുടെ വന്യമായ ജലപാതത്തെ താങ്ങാനാകാതെ ഭൂമി നശിച്ചു പോകുമെന്നും ആയതിനാല്‍ ശിവനോടു പരിഹാരം
തേടുവാനും ബ്രഹ്മാവ് ആവശ്യപ്പെട്ടു. ഭഗീരഥന്റെ അഭ്യര്‍ത്ഥനയെ മാനിച്ചു ഭൂമിയിലേക്കു പതിച്ച ഗംഗയെ മഹാദേവന്‍ തന്റെ ജടയില്‍ വഹിക്കുകയും, അവിടെ നിന്നും ചെറിയ പ്രവാഹമായി ഹിമാലയ സാനുവിലെ ഗംഗോത്രിക്കപ്പുറമുള്ള ഗോമുഖില്‍ നിന്നും വിടുകയും ചെയ്തു എന്നാണ് പുരാണങ്ങള്‍ പറയുന്നത്. അതുകൊണ്ട്, ദേവപ്രയാഗില്‍ എത്തുന്നതുവരെ ഏതാണ്ട് 207 കി. മി. ദൂരം ഗംഗാനദി ഭാഗീരഥി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭഗീരഥന്റെ നിശ്ചയ ദാര്‍ഡ്യവും, ഘോര തപസ്സും കൊണ്ട് ഉദ്ദിഷ്ട കാര്യ സാധിപ്പിച്ചതിനാല്‍, കഠിന പരിശ്രമങ്ങള്‍ക്ക് ആലങ്കാരികമായി ഭഗീരഥ പ്രയത്നം എന്ന പ്രയോഗം ഇന്നും ഉപയോയിച്ചു വരുന്നു.

ണുപ്പും, ഒരേ ഇരിപ്പും നിമിത്തം കൈകാല്‍കള്‍ വേദനിച്ചു തുടങ്ങി. ദേവപ്രയാഗില്‍ അല്പസമയം ഇറങ്ങി നടന്നു. അല്പ സമയം ചിലവിട്ട ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു. സന്ധ്യയാകുന്നതിനു മുന്‍പ് ജോഷി മഠില്‍ ചെന്ന് എത്തണമായിരുന്നു. അവിടെ
മാത്രമേ ഇനി ഈ റൂട്ടില്‍ താമസിക്കുവാന്‍ ഭേദപ്പെട്ട ഇടം കിട്ടുകയുള്ളൂ. ബദരീനാഥ് ക്ഷേത്രം വരെ ഞങ്ങള്‍ യാത്ര ചെയ്യുന്ന റോഡ് അളകനന്ദയുടെ തീരത്തുകൂടിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സാബുവിനു പുരാണങ്ങളിലെ ഐതിഹ്യ കഥകള്‍ നല്ല നിശ്ചയമായിരുന്നു. ഇനി അഥവാ അറിയില്ലെങ്കിലും ഒന്നും അറിയില്ലെന്നു പറയില്ല. തന്മയത്വത്തോടെ അപ്പപ്പോള്‍ തോന്നിയതു പറയും. അതു പലപ്പോഴും കശപിശയിലായിരിക്കും അവസാനിക്കുക. അങ്ങിനെ തമ്മില്‍ വഴക്കിട്ടും കഥകള്‍ പറഞ്ഞും, യാത്ര തുടര്‍ന്നു.

(തുടരും..)
ചില ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും ശേഖരിച്ചവയാണ്.

ഒരു കല്യാണ ബ്ലോഗ്‌ മീറ്റ്‌ .....

ബ്ലോഗ്‌ ദമ്പതികളുടെ മകളുടെ വിവാഹം
ലേഖനവും ചിത്രങ്ങളും : നമ്മുടെ ബൂലോകം ടീം


മൂവാറ്റുപുഴയിലെ അമൃത റിസോര്‍ട്ടില്‍ കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്‍ , നിസ്സഹായന്‍ , ചാര്‍വാകന്‍ , ജോ, ഹരീഷ് തൊടുപുഴ, നിരക്ഷരന്‍ എന്നീ ബ്ലോഗേഴ്സ് 2009 ഡിസംബര്‍ 20 നു് ഒത്തുചേര്‍ന്നതു്‌ ഒരു ബ്ലോഗ് മീറ്റിന്റെ ഭാഗമായിട്ടാണെന്ന് ആരെങ്കിലും കരുതുന്നെങ്കില്‍ അവര്‍ക്കെല്ലാം തെറ്റി.ആവനാഴി എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന രാഘവേട്ടന്റേയും , മാവേലി കേരളം എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന പ്രസന്ന ചേച്ചിയുടേയും രണ്ടുപെണ്‍മക്കളില്‍ ആദ്യത്തെ ആളായ പ്രിയയുടെ കല്യാണത്തിനോടു്‌ അനുബന്ധിച്ച് നടത്തുന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കാനാണു്‌ മുകളില്‍പ്പറഞ്ഞ ബ്ലോഗേഴ്സ് മൂവാറ്റുപുഴയില്‍ ഒത്തുകൂടിയത്. സൌത്ത് ആഫ്രിക്കയില്‍ ജീവിക്കുന്ന ആവനാഴി ഫാമിലി കേരളത്തിലെത്തിയ ഉടനെ പരിചയക്കാരും അല്ലാത്തതുമായ ഒരുപാട് ബ്ലോഗേഴ്സിനെ ഫോണിലൂടെ ബന്ധപ്പെട്ട് കല്യാണസല്‍ക്കാരത്തിലേക്ക് ക്ഷണിക്കുകയുണ്ടായി.

ആവനാഴി ഫാമിലിയെ പരിചയപ്പെടുത്തുമ്പോള്‍ എടുത്തുപറയേണ്ട ചില വസ്തുതകളുണ്ട്. എല്ലാ പ്രവാസി മലയാളികളേയും പോലെ സ്വന്തം നാടിന്റെ നന്മയും , നാടിനോടുള്ള സ്നേഹവുമൊക്കെ നെന്ചേറ്റിക്കൊണ്ടുതന്നെ വിദേശത്ത് കഴിയുന്നവരാണു്‌ ഇവരും. ഭാര്യയും ഭര്‍ത്താവും മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നതും , മക്കള്‍ 2 പേരും മലയാളം സംസാരിക്കുന്നതുമൊക്കെ സ്വന്തം ഭാഷയോടും നാടിനോടുമൊക്കെയുള്ള സ്നേഹത്തിന്റെ പ്രതീകമാണു്‌. വിദേശത്ത് ജീവിച്ച് വിവിധതരം സംസ്ക്കാരങ്ങളുമായി ഇടപഴകുകയും , സഹകരിക്കുകയുമൊക്കെ ചെയ്യുന്നതുകൊണ്ട് മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തെ ഒരൊറ്റ സമൂഹമായി കാണാനും മനസ്സിലാക്കാനുമൊക്കെ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂത്തമകള്‍ പ്രിയയ്ക്ക് സൌത്ത് ആഫ്രിക്കയിലെ കുടുംബസുഹൃത്തും യഹൂദവംശജരുമായ ഒരു കുടുംബത്തില്‍ നിന്ന് 'കല്യാണാലോചന' വന്നപ്പോള്‍ നിറഞ്ഞ മനസ്സോടെ ആ കല്യാണം നടത്തുകയാണിവര്‍ ചെയ്യുന്നത്. ജാതി, മതം ​, കുലം , ഭാഷ , രാജ്യം , എന്ന മനുഷ്യനിര്‍മ്മിതമായ വേലിക്കെട്ടുകള്‍ക്കൊക്കെ അതീതമായ ഒരു കല്യാണത്തേയും ആവനാഴി ഫാമിലിയേയും അത്യാദരവോടെ നോക്കിക്കാണേണ്ടത് വഷളായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണു്‌.

കല്യാണച്ചെറുക്കന്‍ സീവ് ( Ziv) കേരളത്തില്‍ വന്നിട്ടില്ല.
2010 ഫെബ്രുവരി 27 നു കേപ് ടൌണില്‍ നിന്ന് 60 കി. മീ. അകലെ പാള്‍ എന്ന സ്ഥലത്തുള്ള റിബോക്സ്ക്ലൂഫ് മുന്തിരിത്തോട്ടത്തില്‍ വെച്ചാണു്‌ വിവാഹം നടത്താന്‍ പോകുന്നത്. നാട്ടിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കല്യാണത്തില്‍ പങ്കെടുക്കാനായി സൌത്ത് ആഫ്രിക്കയിലേക്ക് പോകാനാവില്ലല്ലോ ? അതുകൊണ്ടാണു്‌ എല്ലാവരേയും വിളിച്ചുകൂട്ടി ഒരു സല്‍ക്കാരം മൂവാറ്റുപുഴയില്‍ നടത്താമെന്ന് രാഘവേട്ടനും കുടുംബവും തീരുമാനിക്കുന്നത്.


ഒരു നിലവിളക്ക് കൊളുത്തി ആരംഭിച്ച ചടങ്ങുകള്‍ വളരെപ്പെട്ടെന്നുതന്നെ ഒരു ബ്ലോഗ് മീറ്റ് എന്ന രീതിയിലേക്ക് പുരോഗമിച്ചതുപോലെയാണുണ്ടായത്. മൈക്ക് കൈയ്യിലെടുത്ത രാഘവേട്ടന്‍ സ്വന്തം കുടുംബത്തെ പരിചയപ്പെടുത്തി. ഈ കല്യാണത്തിന്റെ സാഹചര്യങ്ങള്‍ വിശദമാക്കി. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എല്ലാവരേയും സ്വാഗതം ചെയ്തു. പക്ഷെ കല്യാണത്തിലെ പ്രത്യേക ക്ഷണിതാക്കള്‍ ആയ ബ്ലോഗേഴ്സിനെ പരിചയപ്പെടുത്തുമ്പോള്‍ 'ബ്ലോഗ്' എന്താണെന്നും 'ബ്ലോഗേഴ്സ്' എന്താണെന്നും അറിയാത്ത മറ്റ് അതിഥികള്‍ക്ക് അതെന്താണെന്ന് പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണമല്ലോ ? രാഘവേട്ടന്‍ വാചാലനായി. ആവനാഴിയിലെ മൊത്തം അമ്പുകളും ഒന്നൊന്നായി തൊടുത്തുവിട്ടു. ലോകവ്യാപകമായി കമ്പ്യൂട്ടറുകള്‍ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന ഇന്റര്‍നെറ്റ് എന്ന സംഭവം മുതല്‍ ബ്ലോഗും , ബ്ലോഗ് ചരിതവുമൊക്കെ സാധാരണക്കാരനു്‌ മനസ്സിലാകുന്ന വിധത്തില്‍ വളരെ സരസമായിത്തന്നെ അദ്ദേഹം ആ വിരുന്നിനെത്തിയ അതിഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് അക്ഷരം അറിയാത്തവര്‍ക്ക് പോലും ബ്ലോഗാന്‍ പറ്റുമെന്ന് കാണിക്കാനായിട്ടായിരിക്കണം നിരക്ഷരനെ അദ്ദേഹം സദസ്സിനു്‌ പരിചയപ്പെടുത്തി.

ബ്ലോഗിലൂടെ പരിചയപ്പെട്ട് കല്യാണം കഴിച്ചിട്ടുള്ള ഒന്നുരണ്ട് ദമ്പതികളെപ്പറ്റി അറിയാമെന്നും , ഭാര്യയും ഭര്‍ത്താവും ബ്ലോഗ് ചെയ്യുന്നതും അറിയാമെന്നും എന്നാല്‍ ഏതെങ്കിലും ഒരു മലയാളം ബ്ലോഗ് ദമ്പതിമാരുടെ സന്താനങ്ങളുടെ കല്യാണം ഇതാദ്യമായിട്ടായിരിക്കുമെന്നും , അങ്ങനൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും നിരക്ഷരന്‍ അഭിപ്രായപ്പെട്ടു. ബ്ലോഗ്ഗേഴ്സിന്റെ പേരുകള്‍ എന്ത് കൊണ്ട് 'നിരക്ഷരന്‍, ആവനാഴി, മാവേലി കേരളം...' എന്നിങ്ങനെയൊക്കെ ആകുന്നു എന്നുള്ള കൌതുകകരമായ വസ്തുത പറഞ്ഞത് സദസ്സിനു ബ്ലോഗ്ഗെഴ്സിനോടുള്ള താല്‍പ്പര്യം കൂട്ടി.

സത്യം സത്യമായി ലോകത്തോട്‌ വിളിച്ചു പറയാന്‍ ആണ് ഇത്തരം "തൂലികാ" ( ബ്ലോഗ്‌ ) നാമങ്ങള്‍ സ്വീകരിക്കുന്നതെന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ വരുന്നതിനെക്കാന്‍ കാമ്പുള്ള സത്യങ്ങളും വിശകലനങ്ങളും ബ്ലോഗുകളില്‍ ആണ് വരുന്നത് എന്നുമുള്ള വസ്തുതകള്‍ ആയിരുന്നു നിരക്ഷരന്‍ അവരോടു പറഞ്ഞത്.


തുടര്‍ന്ന് ഓരോരോ ബ്ലോഗേഴ്സിനെയായി നിരക്ഷരന്‍ തന്നെ പരിചയപ്പെടുത്തുകയും എല്ലാവരും വേദിയുടെ മുന്നിലേക്ക് ആനയിക്കപ്പെടുകയുമുണ്ടായി.

ഒരു സര്‍ക്കാന്‍ ജോലിക്കാരന്‍ കൂടെയാണു്‌ താനെന്നു്‌ സജീവേട്ടന്‍ അറിയിച്ചപ്പോള്‍ സദസ്സിനു്‌ കൌതുകമുണ്ടാകാന്‍ കാരണമുണ്ട്. ചടങ്ങ് ആരംഭിക്കുന്നതിനുമുന്നേ തന്നെ ചെറായി ബ്ലോഗ് മീറ്റിലെന്നപോലെ അതിഥികളുടെ കൂട്ടത്തിലുള്ള കൊച്ചുകുട്ടികളുടെയൊക്കെ കാരിക്കേച്ചര്‍ സജ്ജീവേട്ടന്‍ വരച്ചുകൊടുക്കാന്‍ തുടങ്ങിയിരുന്നു.

ഹരീഷ് തൊടുപുഴ , ജോ, നിസ്സഹായന്‍ എന്നിവരെ പരിചയപ്പെടുത്തിയശേഷം ചാര്‍വാകന്‍ ചേട്ടന്റെ ഊഴമായി. അദ്ദേഹം ബ്ലോഗിനെപ്പറ്റിയും ബ്ലോഗ് സൌഹൃദങ്ങളെപ്പറ്റിയുമൊക്കെ വാചാലനാകുകയും തന്റെ നാടന്‍ പാട്ടുകളുടെ താളം സദസ്സിലേക്ക് പകര്‍ന്നുകൊടുക്കുകയുമുണ്ടായി.

ഇത്രയുമൊക്കെ കഴിഞ്ഞപ്പോഴേക്കും കൂടിനിന്നവര്‍ക്കിടയില്‍ ബ്ലോഗേഴ്സിനെല്ലാവര്‍ക്കും താരപരിവേഷം .

ഇതിനിടയില്‍ ബ്രേക്ക് ഫാസ്റ്റ് ഒരു റൌണ്ട് കഴിഞ്ഞിരുന്നു. ഇനിയല്‍പ്പം വിശ്രമിച്ചിട്ടുമതി ഉച്ചഭക്ഷണമെന്ന് സജ്ജീവേട്ടനും മകന്‍ സിദ്ധാര്‍ദ്ധും നിഷ്ക്കര്‍ഷിച്ചപ്പോള്‍ ബ്ലോഗ് ഈറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ളവര്‍ തല്‍ക്കാലത്തേക്ക് ഒന്നടങ്ങി. സ്റ്റേജില്‍ ഇതിനിടയ്ക്ക് കരോക്കേ സംഗീതത്തിനൊപ്പം അമച്വര്‍ ഗായകന്മാരും ഗായികമാരും അതിഥികള്‍ക്ക് ദൃശ്യ-ശ്രവ്യ വിരുന്നൊരുക്കി.

അല്‍പ്പമൊന്ന് വിശ്രമിക്കാമെന്ന് കരുതിയ ബ്ലോഗേഴ്സിനെ ഇതിനിടയില്‍ ചിലര്‍ വളഞ്ഞു. പലര്‍ക്കും സ്വന്തമായി ബ്ലോഗ് ഉണ്ടാക്കണം . അവര്‍ക്കൊരുപാട് കാര്യങ്ങള്‍ സമൂഹത്തോട് വിളിച്ചുപറയാനുണ്ട്.
60നു്‌ മുകളില്‍ പ്രായമുള്ള അടൂര്‍ ചന്ദ്രന്‍ എന്ന വ്യക്തി അദ്ദേഹത്തിനു്‌ പറയാനുള്ള കാര്യങ്ങള്‍ ഇതുവരെ സ്വന്തം ചിലവില്‍ നോട്ടീസടിച്ചിറക്കുകയായിരുന്നു പതിവ്. അതൊക്കെച്ചേര്‍ത്ത് ഉടനെതന്നെ ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിക്കുന്നു. ആ ചടങ്ങിന്റെ ക്ഷണപത്രം അദ്ദേഹം ബ്ലോഗേഴ്സിനു്‌ കൈമാറി. പാലക്കാട്ടുകാരനായ അദ്ദേഹത്തിനു്‌ ബ്ലോഗുണ്ടാക്കാന്‍ സഹായിക്കാന്‍ പാലക്കാടുള്ള മുള്ളൂക്കാരന്റെ ഫോണ്‍നമ്പര്‍ കൊടുത്തുകഴിഞ്ഞപ്പോഴേക്കും പ്രസന്നച്ചേച്ചിയുടെ കസിനായ മിനി എന്ന ഒരു വനിതാരത്നത്തിനു്‌ ബ്ലോഗുണ്ടാക്കണം .

ബ്ലോഗില്‍ ഒരു പുലിയാകാനുള്ള സാദ്ധ്യത കണ്ടുകൊണ്ടായിരിക്കണം സജീവേട്ടന്‍ തന്റെ പുലി സീരീസിലേക്ക് കൈയ്യോടെതന്നെ ശ്രീമതി മിനിയെ പിടികൂടി കാരിക്കേച്ചറാക്കി.

ഒരു ബ്ലോഗ് അക്കാഡമി മീറ്റ് എന്ന നിലയിലേക്ക് കല്യാണസല്‍ക്കാരം മാറിപ്പോകുകയാണുണ്ടായതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇതിനിടയില്‍ കല്യാണപ്പെണ്ണു്‌ പ്രിയയെ നിരക്ഷരന്റെ നേതൃത്വത്തില്‍ ബ്ലോഗേഴ്സ് ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. രസകരമായ ആ അഭിമുഖവും അതോടൊപ്പം സജ്ജീവേട്ടന്‍ വരച്ച കാരിക്കേച്ചറുകളും ഉടനെ പ്രസിദ്ധീകരിക്കുന്നതാണു്‌ .

ഉച്ചയൂണിനു്‌ ശേഷം ആവനാഴിയുടെയും മാവേലി കേരളത്തിന്റേയും ഒരുമിച്ചുള്ള കാരിക്കേച്ചര്‍ ഫ്രെയിം ചെയ്ത് കൊണ്ടുവന്നത് സജ്ജീവേട്ടന്‍ രാഘവേട്ടനും കുടുംബത്തിനും സമ്മാനിച്ചു.
വൈകീട്ട് ചായ കൂടെ കുടിച്ചിട്ട് പോകാമെന്ന് രാഘവേട്ടന്‍ നിര്‍ബന്ധിച്ചെങ്കിലും കണ്ടുനില്‍ക്കുന്നവര്‍ എന്തു വിചാരിക്കും എന്ന ഒറ്റക്കാരണം കൊണ്ടുമാത്രം മനസ്സില്ലാ മനസ്സോടെ കല്യാണ ബ്ലോഗ് മീറ്റ് അവസാനിപ്പിച്ചു്‌ എല്ലാവരും പിരിയുകയാണുണ്ടായത്.


ബ്ലോഗ്‌ ദമ്പതികളുടെ മകള്‍ പ്രിയയ്ക്ക് നമ്മുടെ ബൂലോകം ടീമിന്റെ വിവാഹ മംഗളാശംസകള്‍

രമ്യ - അപ്ഡേറ്റ്

രമ്യ - അപ്ഡേറ്റ്

രമ്യാ ആന്റണി എന്ന ബ്ലൊഗ്ഗറുടെ ക്യാന്‍സര്‍ ചികിത്സയ്ക്കു വേണ്ടിയുള്ള സഹായ അഭ്യര്‍ത്ഥന നമ്മുടെ ബുലോകം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

ഇന്നത്തെഏഷ്യാനെറ്റ് ന്യൂസില്‍ പ്രസ്തുത വാര്‍ത്ത ഉള്‍പ്പെടുത്തിയിരിക്കുന്നു. തത്സമയ വാര്‍ത്ത കാണുവാന്‍ കഴിയാത്തവര്‍ക്കായി റെക്കോര്‍‌ഡ് ചെയ്ത ഭാഗം ഇതാ...
രമ്യയും സുഹൃത്തുക്കളും സംയുക്തമായി തിരുവനന്തപുരത്തെ എസ് ബി റ്റി മെയിന്‍ ബ്രാഞ്ചില്‍ അകൌണ്ട് തുറന്നിട്ടുണ്ട്. സഹായം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സുമനസ്സുകള്‍ക്കായി അക്കൌണ്ട് വിവരങ്ങള്‍ ഒരിക്കല്‍ കൂടി പ്രസിദ്ധീകരിക്കുന്നു.

Remya Antony
Account Number: 67102342443
State Bank of Travancore
Thiruvananthapuram Main Branch
Anacutchery Building, Statue, M G Road,
Thiruvananthapuram.
Telephone No: 0471 - 2328334

മറ്റു വിവരങ്ങള്‍ക്ക് :

K G Suraj: 94470 25877

നൊമ്പരമായി ഒരു 'രമ്യ'


'ശലഭായനം'

മ്യാ ആന്റണിയെന്ന കുട്ടിയില്‍ നിന്നും അര്‍ബുദത്തിന്റെ പുറംതോടുകള്‍ ഉടച്ചു മാറ്റിക്കൊണ്ട് കാവ്യശലഭങ്ങള്‍ പറന്നു തുടങ്ങിയിരിയ്ക്കുന്നു. നമ്മുടെ മനസ്സിന്റെ ഉണങ്ങിയ കൊമ്പുകളിലാണ് അവ മന്ത്രച്ചിറകിന്റെ സ്പര്‍ശത്തില്‍ പൂക്കാലമൊരുക്കുന്നത്. കുട്ടിക്കാലത്തേ പോളിയോ രോഗം ചുംബിച്ച രമ്യയെ അര്‍ബുദക്കടന്നലുകള്‍ അന്വേഷിച്ചു വരുന്നതിനു മുന്‍പു തന്നെ കവിതയുടെ ഇളംകാറ്റ് സ്പര്‍ശിച്ചിരുന്നു. തീര്‍ത്തും സ്വകാര്യമായി കുറിച്ചിട്ടതും ആത്മാര്‍ത്ഥതയുടേയും സ്നേഹത്തിന്റെ ചായം നിറഞ്ഞതുമായ വാക്കുകള്‍.... ആ വാക്കുകളില്‍ വിടര്‍ന്നത് പച്ച പുതച്ച പാടങ്ങളും സ്വര്‍ണ്ണ നിറമുള്ള മണലാരണ്യവും സൂര്യനുദിയ്ക്കുന്ന കുന്നുകളും ഉപ്പുരസം ആഴത്തില്‍ പുരണ്ട നിറങ്ങളും ആളിപ്പടരുന്ന കരിയിലക്കാടും ചിറകുകള്‍ കുഴയുവോളം ഞാന്‍ പറക്കുമെന്ന ഇഛാശക്തിയുടെ വെളിച്ചവുമാണ് .......
ഈ സമാഹാരത്തിലെ കവിതകള്‍ പ്രണയത്തിന്റെയും സ്വപ്നാസക്തിയുടെയും ജീവിതാശ്ലേഷത്തിന്റെയും വര്‍ണ്ണച്ചിറകുള്ള ശലഭങ്ങളാണ് . കവിതയുടെ മധുരവും കണ്ണീരും നിറഞ്ഞ വന്‍കരയിലേയ്ക്ക് താമസം മാറ്റിയ പൂമ്പാറ്റകള്‍.... കുരീപ്പുഴ ശ്രീകുമാര്‍


പ്രിയ സുഹൃത്തേ,
കൊച്ചു കൂട്ടുകാരി രമ്യാ ആന്റണിയുടെ കവിതകള്‍ , ശലഭായനം പ്രസിദ്ധീക്രിതമാകുകയാണ്. ഏറണാകുളം ജില്ലയിലെ ആലുവയിലാണ് രമ്യയുടെ വീട്. നാലര വയസ്സില്‍ വീട്ടുകാര്‍ തിരുവനന്തപുരം പോളിയോ ഹോമിലെത്തിച്ച രമ്യ , അവിടെ നിന്നു തന്നെ പരീക്ഷകള്‍ ഒന്നൊന്നായി പാസായി. പ്രീ-ഡിഗ്രി , ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ഒടുവില്‍ കോവളത്തെ ലീലാ കെംപിന്‍സ്കി ഹോട്ടലില്‍ അസിസ്റ്റന്റ്‌ ലൈബ്രേറിയനായി നിയമനവും. ജീവിതത്തോട് തികച്ചും രമ്യമായി സംവേദിക്കുന്ന ഈ കുഞ്ഞു കവയത്രിയോട് അര്‍ബുദമാണ് ഇക്കുറി ക്രൂരത കാട്ടിയത് . കവിളിന്റെ ഉള്‍ഭാഗത്ത് ചെറിയൊരു മുറിവ് .അതായിരുന്നു തുടക്കം. ഉണങ്ങാത്ത മുറിവുമായ്‌ ഡോക്ടറെ കണ്ടു . ആദ്യ കീമോ മൂനാഴ്ച്ചകള്‍ക്കു മുന്‍പ്. രണ്ടാം കീമോമോക്കിടയില്‍ ശരീരം തളര്‍ന്നതിനാല്‍ അതുപൂര്‍ത്തിയാക്കാനായില്ല . ചികിത്സകളുടെ ഇങ്ങേ അറ്റത്ത് രമ്യക്ക് ജനുവരി 28ന് ശസ്ത്രക്രിയയാണ് , റിജിയിണല്‍ ക്യാന്‍സര്‍ സെന്ററില്‍ .

ഇ. എസ്. ഐ ഇനത്തില്‍ ഒരുലക്ഷത്തോളം രൂപ കിട്ടും . ബാക്കി പണം കണ്ടെത്തേണ്ടതുണ്ട് . അതിനുള്ള പരിശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു . രമ്യയുടെ ചില കവിതകള്‍ www.shalabhaayanam.blogspot.com ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശാസ്‌ത്രക്രിയക്കായി ജനുവരി 25 നാണ് രമ്യക്ക് ആര്‍ . സി. സിയില്‍ പ്രവേശിക്കേണ്ടത് . അതിനു മുന്‍പുതന്നെ 'ശലഭായനം' പ്രസിദ്ധീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുന്നു www.koottam.com ണ് പുസ്തകം അവതരിപ്പിക്കുന്നത് .

പോളിയോ ബാധിച്ച് തളര്‍ന്ന രമ്യയെ അച്ഛനമ്മമാര്‍ കയ്യൊഴിയുകയായിരുന്നു . ഇതറിഞ്ഞ ഡോ. ടി. എന്‍. സീമ ടീച്ചര്‍ തിരുവനന്തപുരത്തെ വഴുതക്കാടുള്ള working women short stay home ല്‍ രമ്യക്കു താമസസൌകര്യമേര്‍പ്പെടുത്തിയിട്ടുണ്ട് . രമ്യയും സുഹൃത്തുക്കളും സംയുക്തമായി തിരുവനന്തപുരത്തെ എസ് ബി റ്റി മെയിന്‍ ബ്രാഞ്ചില്‍ അകൌണ്ട് തുറന്നിട്ടുണ്ട്. താങ്കളുടെ ഉറച്ച പിന്തുണയും സഹായവും ഈ കുഞ്ഞു ശലഭത്തിനുണ്ടാകുമല്ലോ. രോഗാന്വേഷണങ്ങളേക്കാള്‍ താങ്കളുടെ സൌഹൃദമാകും രമ്യ ഏറെ ഇഷ്ടപ്പെടുക .
രമ്യയുടെ നമ്പര്‍ : + 91 989530 4439
സ്നേഹപൂര്‍വ്വം കെ ജി സൂരജ്, അക്ഷരം ഓണ്‍ ലൈന്‍

Remya Antony
Account Number: 67102342443
State Bank of Travancore
Thiruvananthapuram Main Branch
Anacutchery Building, Statue, M G Road,
Thiruvananthapuram.
Telephone No: 0471 - 2328334

മറ്റു വിവരങ്ങള്‍ക്ക് :

K G Suraj: 94470 25877
ബൂലോഗ കാരുണ്യത്തില്‍ പങ്കാളികളാവുക

ബൂലോഗ കാരുണ്യത്തില്‍ പങ്കാളികളാവുക

മലയാളം ബ്ലോഗിലെ മനുഷ്യസ്നേഹികളുടെ കൂട്ടയ്മയായ ബൂലോക കാരുണ്യത്തില്‍ കാതലായ ചില മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായ് ഈ പോസ്റ്റ് സന്ദര്‍ശിക്കുക.
ബൂലോഗ കാരുണ്യം: "ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള്‍"
നമ്മെക്കഴിയും വിധത്തില്‍ നമുക്കും പങ്കാളികളാവാം.

ഹിമാലയ യാത്ര - PART 6

സജി മാര്‍ക്കോസ്
ഹിമാലയ യാത്ര - PART 1
ഹിമാലയ യാത്ര - PART 2
ഹിമാലയ യാത്ര - PART 3
ഹിമാലയ യാത്ര - PART 4
ഹിമാലയ യാത്ര - PART 5

സ്ഥലത്തിന്റെ ചരിവു കൊണ്ടാ‍ണ് ഇവിടെ ഇത്രയും കാറ്റും തണുപ്പും” രാവിലത്തെ കാറ്റുടിച്ചു തണുത്തു പള്ളി മുറ്റത്തു നിലക്കുമ്പോള്‍ ഫാദര്‍ ജോര്‍ജ്ജു പറഞ്ഞു. ഞങ്ങളുടെ ബാഗുകള്‍ വണ്ടിയില്‍ കയറ്റിക്കഴിഞ്ഞു.

സമയം രാവിലെ 6 മണി.

ഋഷികേശ് പട്ടണം ഉണര്‍ന്നിട്ടില്ല.നേരിയ മഞ്ഞു പുകപോലെ പട്ടണത്തെ പൊതിഞ്ഞു നില്‍ക്കുന്നു.ക്ഷേത്രങ്ങളില്‍ നിന്നുള്ള ഭക്തിഗാനങ്ങള്‍ കേള്‍ക്കാം. തെരുവു വിള‍ക്കുകള്‍ അണഞ്ഞിട്ടില്ല. ഹിമാലയ പട്ടണങ്ങള്‍ എല്ലാം താമസിച്ചേ ഉണരാറുള്ളൂ.

“ബദരീനാഥ് റൂട്ടിലാണ് നിങ്ങളുടെ യാത്ര അല്ലേ?“ ഫാദര്‍

“അതേ” കൊടും തണുപ്പത്തും കൂളിങ് ഗ്ലാസ്സ് ഊരുവാന്‍ സാബു തയ്യാറല്ലായിരുന്നു.

“ഇന്നു നിങ്ങള്‍ക്ക് 247 കി.മി. യാത്ര ചെയ്യുവാനുണ്ട്.“

“ഇപ്പോള്‍ തിരിച്ചാല്‍ ഇരുട്ട് ആകുമ്പോഴേക്കും ജോഷി മഠില്‍ ചെല്ലാം” ഫാദര്‍ തുടര്‍ന്നു. “ശ്രീ ജങ്കരാചാര്യര്‍ ധ്യാനിച്ച രണ്ടായിരം വര്‍ഷം പഴക്കമുള്ള ആല്‍മരവും അതിനോടു ചേര്‍ന്ന് ആശ്രമവും കാണാം. ബദ്രീനാഥ് യാത്രയിലെ പ്രധാനപ്പെട്ടതും അവസാനത്തെതുമായ പട്ടണം ആണ് ജോഷി മഠ് എന്നു പറയാം. അവിടെ നിന്നും വെറും 43 കി.മി. മാത്രമേ ബദരിയിലേക്ക് ഉള്ളൂ. പക്ഷേ, ശൈത്യകാലത്തു മുന്‍പോട്ടു യാത്ര ചെയ്യുവാന്‍ കഴിയില്ല.ക്ഷേത്രവും പരിസരങ്ങളും മഞ്ഞുമൂടിക്കിടക്കും. അതിനാല്‍ പൂജാദി കര്‍മ്മങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല. ജോഷി മഠില്‍ നിന്നും മുന്‍പോട്ടുള്ള റോഡിന്റെ നിയന്ത്രണം ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്സിന്റെ ചുമതലയിലായിരിക്കും.”

“ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, അതീവ അപകടസാധ്യതയുള്ള റോഡാണ്. പലയിടത്തും വഴിയിടിഞ്ഞു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടാവും. മഞ്ഞുകാലമായതിനാല്‍ കാര്യമായി തീര്‍ത്ഥാടകര്‍ രോഡില്‍ ഉണ്ടാവില്ല. അതുകൊണ്ട് വളരെ വേഗത കുറച്ചു മാത്രമേ യാത്ര ചെയ്യാവൂ.”

നല്ല വാര്‍ത്തകള്‍ അല്ലെങ്കിലും, ഇതിനൊന്നും ഞങ്ങളുടെ ആവേശത്തെ കെടുത്തുവാനുനുള്ള ശക്തി പോരായിരുന്നു. അത്യുത്സാഹത്തോടെ, കോട്ടും തോപ്പിയും ധരിച്ചു ഞങ്ങള്‍ യാത്രയ്ക്കു തയ്യാറായി.തലേദിവത്തേ ക്ഷീണമെല്ലാം ഞങ്ങളെ വിട്ടുപോയിരുന്നു.

“കൈസാ ഹൈ ഭായി?“ ഗഡ്വാളി ഡ്രൈവരോട് ബ്രഷ്നേവ് കുശലം ചോദിച്ചു. അത്യാവശ്യം ആശയവിനിമയത്തിനുള്ള ഹിന്ദി ഇതിനകം കൈവശമാക്കി കഴിഞ്ഞു.

ഇന്നും സാബുവിന്റെ കൈയ്യില്‍ ഒരു വലിയ പൊതി ഉണ്ടായിരുന്നു. അതിരാവിലെ ഭാര്യ കൊടുത്തയച്ച ചപ്പാത്തിയും കറിയും.

ഫാദറിന്റെ നല്ലഉപദേശങ്ങള്‍ക്കും, സഹായങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, പ്രിഥ്വിപാല്‍ സദനില്‍ നിന്നും യാത്ര തിരിച്ചു.

ഏതാണ്ട് 10 കി.മി. ദൂരം, കഴിഞ്ഞ ദിവസം റാഫ്റ്റിം‌ഗിനു വേണ്ടി യാത്ര ചെയ്ത അതേ വഴിയില്‍ കൂടിയാണ് പോകേണ്ടത്. രാവിലെ വണ്ടിയില്‍ നിന്നും ഒഴുകിയെത്തുന്ന ഗാനം ആസ്വദിച്ച്, പിന്നിലേക്കു ഓടി മറയുന്ന കാഴ്ചകള്‍ കണ്ട് എല്ലാവരും മൌനമായി ഇരുന്നു.വാഹനത്തിന്റെ വേഗത വളരെക്കുറവായിരുന്നു. ഇടതു വശത്തു താഴെ ഗംഗ ഒഴുകുന്നു. അതിനു അക്കരെയുള്ള പര്‍വ്വതത്തില്‍ ഞങ്ങളുടെ റോഡിനു സമാന്തരമായി നീല്‍കണ്ഠിലേക്കുള്ള റോഡ്.ചുറ്റും ആകാശത്തിലേക്കു തല ഉയര്‍ത്തി നില്‍ക്കുന്ന ഗിരി ശൃംഗങ്ങള്‍. റോഡില്‍ മറ്റു വാഹനങ്ങള്‍ ഒന്നും ഇല്ല. കൊടും തണുപ്പും ദുര്‍ഗ്ഗമമായ മലമ്പാതകളും ഉള്ള ഈ പര്‍വ്വത പ്രദേശത്തെ താപസന്മാര്‍ തിരഞ്ഞെടുക്കാന്‍ എന്തായിരിക്കാം കാരണം? ‘വൃക്ഷഫല മൂല ജലമെന്നിവ ഭുജിച്ചും‘, ശൈലാഗ്രങ്ങളില്‍ മഞ്ഞും വെയിലുമേറ്റ് ഒറ്റക്കാലില്‍ നിന്നും, മരക്കൊമ്പില്‍ തല കീഴായിക്കിടന്നും തപസ്സ് ചെയ്ത, സത്യാന്വേഷികളായ ഒരു കൂട്ടം മനുഷ്യര്‍ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് ഇവിടെ കഴിഞ്ഞു കൂടിയിട്ടുണ്ടത്രെ!! .

ഞങ്ങള്‍ റാഫ്റ്റിംഗ് തുടങ്ങിയ ശിവപുരിയും പിന്നിട്ടു വണ്ടി മുന്‍പോട്ടു പോയി.

ഋഷികേശില്‍ നിന്നും ഏകദേശം 22 കി.മി. കഴിഞ്ഞപ്പോല്‍ ഇടതു വശത്ത് വസിഷ്ഠ ഗുഹയിലേക്കു പോകുന്ന വഴിയില്‍ ഞങ്ങള്‍ വാഹനം നിര്‍ത്തി. താഴോട്ടു പടവുകള്‍ കെട്ടിയിരിക്കുന്നു. അങ്ങു താഴെ നദിയുടെ തീരത്ത് ഒന്നു രണ്ടു കെട്ടിടങ്ങള്‍. ഞങ്ങള്‍ പടവുകള്‍ ഇറങ്ങി താഴെയെത്തി.

ചെറിയ ഗയിറ്റ് കടന്നപ്പോള്‍ വസിഷ്ഠ ഗുഹാആശ്രമം. അകത്തു കയറിയപ്പോല്‍ തന്നെ അവിടുത്തെ ഒരു അന്തേവാസി, മുന്‍പോട്ടു കൈചൂണ്ടി ഞങ്ങള്‍ ഒന്നും ആവശ്യപ്പെട്ടതേയില്ല.

ചുറ്റും കണ്ണോടിച്ചു. ആശ്രമ വളപ്പില്‍ ഒന്നു രണ്ടു പശുക്കള്‍. രണ്ടാമത്തെ കെട്ടിടത്തിനു മുന്‍പില്‍ ചിലര്‍ ഷാളും പുതച്ച്, വലിയ വിറകു മുട്ടികള്‍ കത്തിച്ചു തീകായുന്നു.

വലിയ പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചു വച്ചിരിക്കുന്നു.മുറ്റത്തിനു നടുവിള്‍ ഒരു കൂറ്റന്‍ മാവ്. പണ്ടൊരിക്കല്‍ കേരളത്തിലെ ഒരു ആശ്രമത്തില്‍ ചില നാളുകള്‍ കഴിഞ്ഞ ഓര്‍മ്മ മനസ്സില്‍ ഓടിയെത്തി. അത്രയും വൃത്തിയോ, നല്ല അന്തരീക്ഷമോ, ചിട്ടയോ ഇവിടെയില്ല. തണുപ്പിനെ വകവെയ്ക്കാതെ ചില കുട്ടികള്‍ പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നു. ആരും നല്ല വസ്ത്രം ധരിച്ചിട്ടില്ല. ചുറ്റും മരങ്ങളും ചെടികളും വളര്‍ന്ന് നില്‍ക്കുന്നു.

ആശ്രമ വളപ്പില്‍ നിന്നും ഗംഗ

പിന്നില്‍ശാന്തമായി ഒഴുകുന്ന ഗംഗാ നദി. ഇതൊക്കെയാണെങ്കിലും , ഒരു ആശ്രമ അന്തരീക്ഷത്തിനു ചേരാത്ത എന്തൊ ഒന്നു അവിടെ അനുഭവപ്പെട്ടു. ഒറ്റ നോട്ടത്തില്‍ മൂന്നാറിലും മറ്റും തേയില തോട്ടത്തിലെ തൊഴിലാളികള്‍ പാര്‍ക്കുന്ന തമിഴ് കോളനി പോലെ തോന്നി.

ഞങ്ങള്‍ നടന്നു ഒരു ഷെഡിന്റെ മുന്‍പില്‍ എത്തി.


ഷെഡിന്റെ മധ്യത്തില്‍ ഹോമാഗ്നി കത്തിക്കുന്നതിനുവേണ്ടി ഇഷ്ടിക കെട്ടിയുണ്ടാക്കി, ഒരു പലക ഇട്ടു മൂടി വച്ചിരിക്കുന്നു. അകത്തു ഇരുമ്പു ഗ്രില്ല് വച്ചു ഗുഹാമുഖം ഓടാമ്പലിട്ടു പൂട്ടിയിരിക്കുന്നു. പതിവുപോലെ ജയ്സണ്‍ അരോടും ചോദിക്കാതെ ഗൈയ്റ്റ് നിര്‍ഭയമായി തുറന്നു.

വസിഷ്ഠ്മഹര്‍ഷി തപസ്സു ചെയ്ത ഗുഹ!

സപ്തര്‍ഷികളില്‍ പ്രമുഖനും , ഋഗ്വേദ രചയിതാക്കളില്‍ പ്രധാനിയും ആയിരുന്ന വസിഷ്ഠ മഹര്‍ഷി സൂര്യ വംശത്തിന്റെ കുല ഗുരുവായിരുന്നു. ശ്രീരാമന്റെ ഉള്‍പ്പടെ ‍അഞ്ചു തലമുറയിലെ സൂര്യ രാജാക്കന്മാരുടെ ഗുരുവായിരുന്നു വസിഷ്ഠന്‍. സരയൂനദീതീരത്തെ തന്റെ ഗുരുകുലത്തിനു അനേക ഏക്കര്‍ വിസ്തീര്‍ണ്ണമുണ്ടായിരുന്നുവെന്നും പുരാണങ്ങള്‍ പറയുന്നു. കാമധേനുവിന്റെ മകളായ നന്ദിനിയേ ചൊല്ലി വിശ്വാമിത്രനുമായുണ്ടായ തര്‍ക്കത്തില്‍ വസിഷ്ഠ മഹര്‍ഷിക്കു തന്റെ നൂറു മക്കളേയും നഷ്ടപ്പെട്ടു. ആ മനോദുഖഃത്തില്‍ നദിയില്‍ ചാടി ശരീര ത്യാഗം ചെയ്യുവാനൊരുങ്ങിയ വസിഷ്ഠനെ, മറുകരയില്‍ ഇരുന്ന ഭാര്യയായ അരുന്ധതിയുടെ അരുകില്‍ പരുക്കില്ലാതെ നദീദേവി എത്തിക്കുകയായിരിന്നു. തുടര്‍ന്നു മക്കളേക്കുറിച്ചുള്ള ദുഃഖം മറക്കാന്‍ ദക്ഷിണ ഭാരതത്തിലേക്കു ഒരു തിര്‍ത്ഥാടനം പോകുവാന്‍ ആ ദമ്പതികള്‍ തീരുമാനിച്ചു.

ആ യാത്ര മദ്ധ്യേ ചില വര്‍ഷങ്ങള്‍ തപസ്സു ചെയ്ത ഗുഹയാണ് ഋഷികേശിലുള്ള വസിഷ്ഠ ഗുഹ എന്നാ‍ണ് ‍ഐതീഹ്യം!


ഗുഹയ്ക്കുള്ളില്‍ ജയ്സണും, ബ്രെഷ്നേവും സാബുവും.

ഞങ്ങള്‍ ഗുഹക്കുള്ളിലേക്കു കടന്നു, ഒരാള്‍ക്കു നിവര്‍ന്നു നടക്കാനുള്ള ഉയരവും അതിനു തക്ക വിസ്താരവും ഉണ്ടായിരുന്നു.ഗുഹയ്ക്കുള്ളില്‍ സുഖകരമായ ചെറു ചൂട് തങ്ങി നിന്നു. ഏതാണ്ട് 50 മീറ്ററോളം ദൈര്‍ഘ്യമുള്ള ഗുഹ പൂര്‍ണ്ണമായും പാറയ്ക്കുള്ളിലാണ്. ഗുഹയുടെ അവസാനം ഇടതുവശത്തായി ഒരു പീഠം അതിനു പിന്നില്‍ ഒരു ഇരിപ്പിടം.ഗുഹയുടെ അന്ത്യത്തില്‍ ശിവലിംഗ പ്രതിഷ്ഠ.പ്രത്യേക രൂപത്തിലുള്ള ഒരു ത്രിശൂലം അടുത്തു ചാരി വച്ചിരിക്കുന്നു. പലതരം പൂക്കളും മറ്റു പൂജാവസ്തുക്കളും ഒരുക്കിയിരിക്കുന്നു.

ഗുഹയ്ക്കുള്‍വശത്ത് ധ്യാനത്തിവേണ്ട എല്ലാ ചുറ്റുപാടുകളും വളരെ ഭംഗിയായും കൃത്യമായും ചെയ്തു വച്ചിരിക്കുന്നു.

ഇവിടെ തപസ്സിനിന്നാര്‍ക്കു നേരം?

സ്വാമി ദയാനന്ദ സരസ്വതി, സായി ബാബ, തുടങ്ങിയ പല പ്രശസ്തവ്യക്തികളും ആ ഗുഹക്കുള്ളില്‍ ധ്യാനിച്ചപ്പോള്‍ ചില പ്രകൃത്യാതീത അനുഭവങ്ങള്‍ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്.

വസിഷ്ഠ ഗുഹ സന്ദര്‍ശിച്ചു തിരികെ റോഡില്‍ എത്തുന്നതിനു മുന്‍പ് ആശ്രമം വക മറ്റൊരു കെട്ടിടം കണ്ടു. അതിന്റെ മുന്‍പില്‍ അഴിഞ്ഞുലഞ്ഞ് ജഡകെട്ടിയ മുടിയും, മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു യോഗീ സമനായ മനുഷ്യന്‍ തീകായുന്നതു കണ്ടു. അടുത്തുചെന്നു സൂക്ഷിച്ചു നോക്കിയപ്പോല്‍ വിരലുകള്‍ക്കിടയില്‍ ഒരു മണ്‍ചിലുമ്പി. അതില്‍ നിന്നും ഉയരുന്ന പുക ചുരുളുകള്‍. ഞങ്ങളെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ടു, രണ്ടുകൈകളും കൂട്ടി ചുരുട്ടി ചിലുമ്പി വിരലുകളുടെ ഇടയില്‍ ഉറപ്പിച്ച് പിടിച്ചു. എന്നിട്ടു മല്ലിച്ച കൈയ്യുടെ തള്ളവിരലും ചൂണ്ടുവിരലും ചേരുന്ന ഭാഗം വായോട് ചേര്‍ത്തു ആഞ്ഞു വലിച്ചു പുക പാനം ചെയ്തു. വലിയുടെ ശക്തികൂടിയപ്പോല്‍ കണ്ണുകള്‍ താനെ അടഞ്ഞു.തൊലി ചുക്കിച്ചുളിഞ്ഞ കഴുത്തിലെ ഞരമ്പുകള്‍ എഴുന്നേറ്റു വന്നു . പിന്നീട് കൈകള്‍ മുഖത്തു നിന്നും മാറ്റി അല്പ സമയം ധ്യാനത്തില്‍ എന്ന പോലെ ഇരുന്നു. പിന്നെ വളരെ പതുക്കെ, പുക പുറത്തേയ്ക്കു വിട്ടു. പകുതിയായപ്പോള്‍ എന്തോ അരുതാത്തതു ചെയ്യുമ്പോലെ പുക പുറത്തേക്കു വിടുന്നതു നിര്‍ത്തി,വീണ്ടു ധ്യാനം തുടര്‍ന്നു.

അതെ, പരസ്യമായിരുന്നു ശിവമൂലി (കഞ്ചാവ്) വലിക്കുകയാണ്.അനന്തതിയിലേക്കു നോക്കുന്ന ചുവന്നു കലങ്ങിയ കണ്ണുകള്‍ കണ്ടാലറിയാം മഹാമുനി,ഹിമാലയത്തിലും കൈലാസത്തിലുമല്ല, സാക്ഷാല്‍ ദേവലോകത്തു തന്നെ.

അടുത്തു ചെന്നു കുശലം ചോദിച്ചപ്പോല്‍, അദ്ദേഹത്തിന്റെ മുഴിഞ്ഞു നാറിയ തോള്‍ സഞ്ചി തുറന്നു കാണിച്ചു. സഞ്ചി നിറയെ ചെമ്പന്‍ സൊയമ്പന്‍!!

“ഇവന്‍ കൂട്ടിനുണ്ടെകില്‍ ഏതു ഘോര ശത്യത്തിലും നിര്‍വിഘ്നം ധ്യാനിക്കാന്‍ കഴിയും.” മഹാ മുനിയുടെ മൊഴിമുത്തുകള്‍!
ബ്രഹ്മ ജ്ഞാനത്തിലേക്കുള്ള കുറുക്കു വഴികള്‍!

“പോലീസ് പിടിക്കില്ലേ?” ബ്രെഷ്നേവിന്റെ സംശയം.
“പോലീസ് സബ് ഉദ്ധര്‍, നീച്ചേ...ഇധര്‍ പഹാട് മേം കോയി നഹി ആയേഗാ..” മഞ്ഞപ്പല്ലു കാട്ടി ചിരിച്ചു.

കേരളത്തിലാണെങ്കില്‍ ഒരു ജീവപര്യന്തത്തിനുള്ള വകുപ്പുമായിട്ടാണ് സ്വാമി തിരുവടികള്‍ പുക വിഴുങ്ങുന്നത്.
വളരെ സൌഹൃത ഭാവത്തില്‍ വെള്ളികെട്ടിയ ചിലുമ്പി ഞങ്ങളുടെ നേരെ നീട്ടി.

ഉടനേ മോക്ഷവും ബ്രഹ്മജ്ഞാനവും കാംഷിക്കാത്ത ഞങ്ങള്‍ നന്ദി പറഞ്ഞു പടിയിറങ്ങി.

പണ്ടായിരുന്നെങ്കില്‍...? ബ്രെഷിന്റെ അടക്കിപ്പിടിച്ച ചോദ്യം ഞങ്ങള്‍ കേള്‍ക്കാത്തപോലെ നടന്നു.
പക്ഷേ,
പടികയറുമ്പോള്‍, ഞങ്ങളുടെ ഹൃദയത്തില്‍ ഓര്‍മ്മകളുടെ ഒരു സാഗരം തിരയടിക്കുന്നുണ്ടായിരുന്നു.

(തുടരും..)

ചില ചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ നിന്നും ശേഖരിച്ചവയാണ്.

ചാണ്ടിയുടെ കഥ


വകയിലൊരു അമ്മാവന്‍റെ, ചേട്ടന്‍റെ, വൈഫിന്‍റെ, ആങ്ങളയുടെ മോനൊരു ബ്ലോഗ്തുടങ്ങണം.ടിയാന്‍ ബോധോദയം ഉണ്ടായ അന്ന് തന്നെ കുളിച്ചൊരുങ്ങി എന്‍റെ അടുത്ത് വന്നു, എന്നിട്ട് പറഞ്ഞു:

"ചേട്ടന്‍ വേണം ബ്ലോഗിനു പേരിടാന്‍"

"ശരി മോനേ, ബ്ലോഗിന്‍റെ ഇരുപത്തിയെട്ട് കെട്ടാവുമ്പോള്‍ അറിയിച്ചാല്‍ മതി"

"അയ്യോ ചേട്ടാ പേര്‌ ഇപ്പോ വേണം, ബൂലോകത്തിനു ചേര്‍ന്നത്"

ബൂലോകത്തിനു ചേര്‍ന്നതോ??

അധികം ആലോചിക്കേണ്ടി വന്നില്ല, പേര്‌ ഓള്‍റെഡി നാവില്‍ വന്നു:

"കൊലക്കയര്‍"

"അപ്പോ ബ്ലോഗര്‍ നാമമോ?"

"ആരാച്ചാര്‍"

ഇന്നത്തെ കാലത്ത് ബ്ലോഗെഴുത്തിനു പറ്റിയ പേരുകള്‍!!
അവന്‍റെ മുഖമിരുണ്ടു, ഓന്‍ പറഞ്ഞു:

"അണ്ണാ ഇതൊന്നും വേണ്ടാ, ഹിറ്റാവുന്ന പേര്‌ വേണം"
അത് കേട്ടതും ഞാന്‍ ബുദ്ധിപരമായി ചിന്തിച്ചു..

പുരാണം ചിന്തിച്ച് എഴുതിയ വിശാലേട്ടന്‍റെ ബ്ലോഗ് ഹിറ്റായി, കൊടകരപുരാണം.


പിശുക്ക് ആലോചിച്ച് എഴുതിയ അരവിന്ദേട്ടന്‍റെ ബ്ലോഗ് ഹിറ്റായി, മൊത്തം ചില്ലറ.


വെരളിത്തരത്തിനോട് സാമ്യമുള്ള ബെര്‍ളിയുടെ ബ്ലോഗ് ഹിറ്റായി, ബെര്‍ളിത്തരങ്ങള്‍.


പോഴത്തരങ്ങള്‍ ചിന്തിച്ച വാഴക്കോടന്‍റെ ബ്ലോഗ് ഹിറ്റായി, വാഴക്കോടന്‍റെ പോഴത്തരങ്ങള്‍.


എനിക്ക് എല്ലാം മനസിലായി.


.
ഹിറ്റാവാന്‍ ഇന്ന് ഈ ഒരു റേഞ്ചാ വേണ്ടത്..
ചെറ്റത്തരങ്ങള്‍, പോക്രിത്തരങ്ങള്‍, തെണ്ടിത്തരങ്ങള്‍...
ബോധോദയം ലഭിച്ച ഞാന്‍ പയ്യനോട് ചോദിച്ചു:


"എന്താ മോന്‍റെ പേര്?"


"അരുണ്‍"

ഈശ്വരാ, എന്‍റെ പേരോ??


എങ്കിലും ആശ്രയിച്ച് വന്നവനെ കൈ വിടരുതെന്ന് കരുതി ബ്ലോഗിന്‍റെ പേര്‌ ഉപദേശിച്ചു:

"അരുണിന്‍റെ തെണ്ടിത്തരങ്ങള്‍"

ഇത് കേട്ടതും പയ്യന്‍റെ അമ്മ ഒരു ചാട്ടം:
"നിന്‍റെ തെണ്ടിത്തരങ്ങള്‍ നീ തന്നെ വച്ചോ, എന്‍റെ മോന്‌ വേണ്ടാ"

ഛേ, എന്തിരിത്??


ഞാന്‍ വിശദമാക്കി:

"ചേച്ചി ഇത് ഹിറ്റാ"

"അത് നാട്ടുകാര്‍ക്ക് മുഴുവനറിയാം"
ഇങ്ങനെ പറഞ്ഞ് കൊണ്ട് കൊടുങ്കാറ്റ് പോലെ അവര്‍ യാത്രയായി.

മാസങ്ങള്‍ കഴിഞ്ഞ് ഞങ്ങള്‍ വീണ്ടും കണ്ടു, അപ്പോള്‍ അവന്‍ പറഞ്ഞു:


"ചേട്ടാ, തെണ്ടിത്തരങ്ങള്‍ ഓള്‍റെഡി ബൂലോകത്തുണ്ട്"


"അതെനിക്കറിയാം മോനേ"


"അതല്ല ചേട്ടാ, തെണ്ടിത്തരങ്ങള്‍ എന്ന ബ്ലോഗ്"


ങ്ങേ!!


അതേത് തെണ്ടി....ത്തരങ്ങള്‍??


ആ ചോദ്യത്തിനു മറുപടിയായി അവനൊരു ലിങ്ക് അയച്ച് തന്നു, ആ ബ്ലോഗാണ്‌ ഞാനിന്ന് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്..


ചാണ്ടിക്കുഞ്ഞിന്‍റെ തെണ്ടിത്തരങ്ങള്‍

ഈ ബ്ലോഗ് എഴുതുന്നത് ഒരു സിജോയ് ആണ്, ഖത്തറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹത്തോട് ചാറ്റിലൂടെ പരിചയപ്പെട്ടപ്പോള്‍ ബ്ലോഗ് തുടങ്ങാനുള്ള കാരണം ഓന്‍ വ്യക്തമാക്കി..
അത് മറ്റൊന്നുമല്ല, അദ്ദേഹത്തിന്‍റെ ഭാര്യ തന്നെയാണ്!!
ഏതൊരാളുടെയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീ ഉണ്ട് എന്ന പോലെ, തമാശ വായിച്ചിട്ട് ഇക്കിളി കൂടി
ഇട്ടാലേ ചിരിക്കു എന്നുള്ള വാമഭാഗത്തിന്‍റെ മനോഭാവമാണത്രേ ഈ ബ്ലോഗ് തുടങ്ങാന്‍ കാരണമായത്. എന്തായാലും സിജോയ് നല്ല വിനയമുള്ളവനാ, അദ്ദേഹത്തെ കുറിച്ചു അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാക്ഷ്യം...

"തേള്‍ ജന്മം. ലോകതറയും താന്തോന്നിയും. ഉഢായ്പിന്റെ ഉസ്താദ്‌. നാവില്‍ വികടസരസ്വതി. ചാണ്ടിക്കുഞ്ഞെന്ന ബൂലോകനാമം. ഒടുക്കത്തെ മസ്സില്‍ പിടിത്തം കാരണം കൂട്ടുകാര്‍ക്കിടയില്‍ പക്ഷേ, എയര്‍ ഭായ് എന്നറിയപ്പെടുന്നു."

അന്വേഷിച്ചു..
എല്ലാം സത്യമാ, ഒന്നൊഴികേ.'എയര്‍ ഭായ്' എന്ന് അറിയപ്പെടാനുള്ള കാരണം ഇതല്ലത്രേ, മറ്റെന്തോ ആണ്‌ പോലും.അത് 'എയറുമായി' ബന്ധപ്പെട്ടതാണെന്ന് മാത്രമറിഞ്ഞു..
എന്താണോ എന്തോ??
അത് എന്ത് തന്നെയായാലും അദ്ദേഹത്തിന്‍റെ ബ്ലോഗിനെ പറ്റി രണ്ട് വാക്ക് പറയാതെ വയ്യ.വളരെ കുറച്ച പോസ്റ്റുകള്‍, പോസ്റ്റിന്‍റെ വലിപ്പവും നന്നേ ചെറുത്.എന്നാല്‍ ശുദ്ധമായ ഹാസ്യം.അവയൊന്നും എന്നെ പൊട്ടിച്ചിരിപ്പിച്ചില്ല, ഊറിച്ചിരിപ്പിച്ചുമില്ല.എന്നാല്‍ ആ സംഭവസ്ഥലത്ത് ഞാനും ഉള്ള പോലെ ഒരു തോന്നല്‍.എല്ലാം കഴിഞ്ഞ് ആ സംഭവങ്ങള്‍ ഓര്‍ക്കുമ്പോഴുള്ള പുഞ്ചിരി, അതാണ്‌ ഈ ബ്ലോഗിന്‍റെ മേന്മ.വളരെ ചെറിയ ത്രെഡില്‍ നിന്നാണ്‌ മിക്ക പോസ്റ്റുകളും, ചിലതെല്ലാം ഒരു വാക്കിനെ ആശ്രയിച്ചുള്ള കഥകളുമാണ്.

കൂടുതല്‍ വിശദീകരിച്ചാല്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ വായനാസുഖം കുറയും എന്നുള്ളതിനാല്‍, സിജോയ്ക്ക് ഒരു നല്ല ഭാവി ആശംസിച്ച് കൊണ്ട്, ആ തൂലികയില്‍ വിരിയുന്ന അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു..


അരുണ്‍ കായംകുളം

ആകാശക്കാഴ്ച !


ഇന്ന്, കേരളത്തില്‍ വിസ്മയകരമായ ആകാശക്കാഴ്ച .
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇതിലെ പോകുക.ചിത്രത്തിന് കടപ്പാട് : കിഴക്കുനോക്കിയന്ത്രം ( ടോട്ടോച്ചാന്‍ )
നമുക്കഭിമാനിക്കാം

നമുക്കഭിമാനിക്കാം

ബൂലോകര്‍ക്ക് അഭിമാനിക്കാന്‍ ഇതാ ഒരു ദിനം ആഗതമാവുകയാണു്‌.

കുറച്ച് നാളുകളായി അരയ്ക്ക് കീഴേക്ക് തളര്‍ന്ന് പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന്റെ ചികിത്സയില്‍ കഴിയുന്ന മുസ്തഫ എന്ന സഹോദരനുവേണ്ടി ഒരു വീട് ഉണ്ടാക്കി കൊടുക്കുന്നതിലേക്കായുള്ള ശ്രമങ്ങള്‍ നടക്കുന്നത് എല്ലാ ബൂലോകര്‍ക്കും അറിവുള്ള കാര്യമാണല്ലോ ?

മൈന ഉമൈബാന്‍ എന്ന ബ്ലോഗര്‍ കൂടിയായ എഴുത്തുകാരിയുടെ, 'മുസ്തഫയ്ക്ക് ഒരു പുസ്തകം' എന്ന ഒരു പോസ്റ്റിനുണ്ടായ അഭൂതപൂര്‍വ്വമായ പ്രതികരണമാണു്‌ കുറെ പുസ്തകങ്ങള്‍ക്കൊപ്പം ഒരു വീടുകൂടി മുസ്തഫയ്ക്ക് ഉണ്ടാക്കിക്കൊടുക്കുക എന്ന വലിയൊരു ലക്ഷ്യത്തിലെത്താന്‍ പോകുന്നത്. പലപ്രാവശ്യമായി മൈനയുടെ ബ്ലോഗുകളിലും, മാതൃഭൂമി ബ്ലോഗനയിലുമൊക്കെ വന്ന ഈ വിഷയം
അക്ഷരാര്‍ത്ഥത്തില്‍ ബൂലോകര്‍ക്കൊപ്പം , മറ്റ് സുഹൃത്തുക്കളും സംഘടകളും വ്യക്തികളും , ബൂലോക കാരുണ്യവും നെഞ്ചേറ്റുകയായിരുന്നു.

വലിയൊരു തുക തന്നെയാണ്‌ ഈ ആവശ്യത്തിലായി എല്ലാവരും ചേര്‍ന്ന് പിരിച്ചെടുത്തത്. ആ പണം കൊണ്ട് മുസ്തഫയ്ക്കായി കുറച്ച് സ്ഥലം വാങ്ങുകയും അവിടെ വീട് പണിയാനുള്ള സഹായം ഫോമ എന്ന അമേരിക്കന്‍ മലയാളി സംഘടന ചെയ്യുകയുമാണു്‌ ഉണ്ടായത്.

അങ്ങനെ 'മുസ്തഫയ്ക്കൊരു വീട് ' എന്ന ജീവകാരുണ്യപ്രവര്‍ത്തനം ഈ മാസം 16നു്‌ വൈകീട്ട് 3 മണിക്ക് തിരുവല്ലയിലെ ഡോ:അലക്‍സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ കേന്ദ്രമന്ത്രിമാരും , സംസ്ഥാന മന്ത്രിമാരും , എം.പി.മാരും എം. എല്‍ ‍. എ.മാരും രാഷ്ട്രീയ സാംസ്ക്കാരികരംഗത്തെ പ്രഗത്ഭരും ഒക്കെ അടക്കമുള്ള വിപുലമായ ഒരു സദസ്സില്‍ വെച്ച് യാഥാര്‍ത്ഥ്യമാകുകയാണ്‌.

36 ല്‍പ്പരം നിരാലംബര്‍ക്ക് വീടുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന അതീവ ശ്ലാഘനീയമായ ഫോമയുടെ ഈ പ്രവര്‍ത്തനത്തിന്റെ മുഖ്യ സ്പോണ്‍സര്‍ അമേരിക്കയിലെ ഏറോ കണ്‍ട്രോള്‍ എന്ന സ്ഥാപനമാണ്.

ചടങ്ങില്‍ കേന്ദ്ര പ്രവാസകാര്യമന്ത്രി ശ്രീ വയലാര്‍ രവി അദ്ധ്യക്ഷം വഹിക്കുന്നു. മന്ത്രിമാരായ ശ്രീ കോടിയേരി ബാലകൃഷ്ണന്‍ , ശ്രീ ബിനോയ് വിശ്വം , ശ്രീ എന്‍.കെ.പ്രേമചന്ദ്രന്‍, ശ്രീ പി.കെ.ഗുരുദാസന്‍ , പ്രതിപക്ഷ നേതാവ് ശ്രീ ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രി ശ്രീ കെ.എം. മാണി, എം. പി.മാര്‍ എം. എല്‍ ‍. എ.മാര്‍ , മുന്‍സിപ്പല്‍ ചെയര്‍മാന്‍ , എന്നിവര്‍ക്ക് പുറമേ കേരളത്തിലെ സാഹിത്യസാംസ്ക്കാരിക നായകന്മാരൊക്കെ പങ്കെടുക്കുന്ന ഈ മുഹൂര്‍ത്തം ബൂലോകത്തു്‌ സുവര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സംഭവം തന്നെയാണ്‌.

ബൂലോകത്തിന്റെ ഇത്തരം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇതാദ്യമായിട്ടൊന്നുമല്ലെങ്കിലും അക്ഷരങ്ങളെ സ്നേഹിക്കുന്ന വായനാശീലാമുള്ള സാധാരണക്കാരനായ ഒരാള്‍ക്ക് അക്ഷരങ്ങളിലൂടെ തന്നെ മാത്രം പരിചയമുള്ള ബൂലോകര്‍ നല്‍കുന്ന ഈ സ്നേഹവായ്പ്പ് എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്നു.

ബൂലോകര്‍ക്ക് അഭിമാനിക്കാന്‍ .....

സാഹിത്യലോകത്തിന്റെ അംഗീകാരം വീണ്ടും ഒരു ബ്ലോഗറെ തേടി വന്നിരിക്കുന്നു.കഴിഞ്ഞ രണ്ടു വര്‍ഷമായി ശിഖരവേരുകള്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ശ്രീ ജിതേന്ദ്രകുമാറിന്റെ “നൂറാം പിറന്നാളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്” എന്ന കഥ മുംബൈ,സ്മിതാ പബ്ലിക്കേഷന്റെ ജ്വാലാ പുരസ്കാരത്തിന് അര്‍ഹമായി.
sheild

ഡിസംബര്‍ 27-ന്‍ മുംബൈ കേരള ഹൌസില്‍ വച്ചു നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി ശ്രീ കാര്‍ത്തികേയന്‍ പ്രസ്തുത അവാര്‍ഡ് നല്‍കുകയുണ്ടായി.


IMG_0062


ഭാര്യയും രണ്ടു മക്കളുമൊപ്പം ഡല്‍ഹിയില്‍ താമസിക്കുന്ന ഈ പാലക്കാടുകാരന് അവാര്‍ഡുകളും അംഗീകാരവും പുത്തരിയല്ല. 2008-ലെ മുബൈ-വസായി മലയാളി സമാജത്തിന്റെ ചെറുകഥയ്ക്കുള്ള ഒന്നാം സമ്മാനവും, സമഷ്ടി മാഗസിന്റെ 2009 ലെ ചെറുകഥയ്ക്കുള്ള പുരസ്കാരവും, ജിതേന്ദ്രനെ തേടിയെത്തിയിട്ടുണ്ട്.


ഡല്‍ഹി മലയാള സാഹിത്യ വേദികളില്‍ സജീവ സാന്നിദ്ധ്യമായ ജിതേന്ദ്രന്റെ ശിഖരവേരുകള്‍ ബുലോകത്തിലെ മികച്ച കഥാ ബ്ലോഗുകളില്‍ ഒന്നാണ്. ശിഖരവേരുകള്‍ എന്ന പേരില്‍ ഒരു ചെറുകഥാ സമാഹാരവും പ്രസിദ്ധീകൃതമായിട്ടുണ്ട്.

ബുലോകത്തിന് അഭിമാനമായ ജിതേന്ദ്രനു നമ്മുടെ ബുലോകം ടീമിന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ ‍!!


സമ്മാനാര്‍ഹമായ കഥ ഇവിടെ വായിക്കാവുന്നതാണ്.

ഹിമാലയ യാത്ര - പാര്‍ട്ട്‌ 5

ഹിമാലയ യാത്ര - PART 1
ഹിമാലയ യാത്ര - PART 2
ഹിമാലയ യാത്ര - PART 3
ഹിമാലയ യാത്ര - PART 4

രിദ്വാറില്‍ നിന്നും തിരിച്ച് ഋഷികേശിലേക്കൂള്ള യാത്ര നരകം പിടിച്ചതായിരിന്നു. ഇരുപത്തിയേഴു കിലോമീറ്റര്‍ യാത്ര ഓട്ടോയില്‍, അതും കൊടും തണുപ്പത്ത്. ഇത് ഒന്നു അവസാനിച്ഛിരുന്നെങ്കില്‍ എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയി. ഡിസംബറിലുള്ള യാത്ര ദുരിത പൂര്‍ണ്ണമായിരിക്കും എന്നു അറിയാതെയല്ല, തുടങ്ങിയതു തന്നെ. ഇതിലും തണുപ്പേറിയ പല സ്ഥലങ്ങളും പിന്നീട് ഞങ്ങള്‍ കടന്നു പോവുകയുണ്ടായി. പക്ഷേ,ഈ യാത്ര സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു.

ഇരു വശങ്ങളും തുറന്ന്, അരിച്ചരിച്ചു നീങ്ങുന്ന ഓട്ടോയില്‍ , ചുളു ചുളെ കുത്തുന്ന ശീതകാറ്റും ഏറ്റു മരവിച്ചു കൂനിക്കൂടി ഞങ്ങള്‍ ഇരുന്നു. ഓട്ടോയുടെ എഞ്ചിനില്‍ ‍ നിന്നും വരുന്ന ശബ്ദം കേട്ടാല്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റ് വിക്ഷേപിച്ചതാണെന്നു തോന്നും. പുകയ്ക്കും കുറവില്ല. പക്ഷേ വേഗതമാത്രം ഇല്ല.

ശരീരം മാത്രമല്ല, മനസും മരവിച്ചിരുന്നു കാരണം അലപം മുന്‍പു ശ്മശാനത്തിലേക്കു നടത്തിയ യാത്ര ഞങ്ങളുടെ മനസ്സില്‍ നിന്നും മാഞ്ഞിരുന്നില്ല.

“ശംശ്ശാന്‍ പഹുഞ്ച് ഗയാ ഭായി” ബ്രെഷ്നേവിന്റെ പാട്ടില്‍ മയങ്ങിയിരുന്ന ഞങ്ങള്‍ ശ്മശാനത്തില്‍ എത്തിയതു അറിഞ്ഞിരുന്നില്ല.

ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലം എവിടെയാണെന്നു ഓട്ടോക്കരനു നല്ല നിശ്ചയം ഇല്ലായിരുന്നു., കാരണം ഞങ്ങളുടെ ഉദ്ദേശം അയാള്‍ക്കു ഒട്ടും മനസിലായിരുന്നില്ല. ഈ സന്ധ്യക്ക് അവിടെപ്പോകുന്നത് എന്തിനെന്നു പറഞ്ഞു മനസിലാക്കാന്‍ ഞങ്ങള്‍ക്കും കഴിഞ്ഞില്ല. അവിടെ എന്തുകാണാണാണ്?

സെന്റര്‍ ജയില്‍ പോലെ വലിയ കമാനത്തിനു മുന്‍പില്‍ ഓട്ടോ നിര്‍ത്തി.

വാതില്‍ തുറന്നു ഞങ്ങള്‍ അകത്തോട്ടു കയറിയപ്പോല്‍, ഒരു വലിയ വണ്ടി. വശങ്ങളെല്ലാം ചില്ലിട്ട് അകത്തു കമ്പി ജാളികള്‍ പിടിപ്പിച്ചിരിക്കുന്നു. പുറകു വശം ഒരു ഗയിറ്റു പോലെ,വലിയ താഴിട്ടു പൂട്ടി, പഴകിയ ഒരു ബസ്സ്. ശവ വണ്ടിയാണെന്നു ആരും പറഞ്ഞു തരേണ്ടതില്ല.

“ശവങ്ങള്‍ ഇറങ്ങി ഓടാതിരിക്കാനായിരിക്കും ഇത്ര വലിയ പൂട്ട്!” ജയ്സന്റെ തമാശയില്‍ ഞങ്ങള്‍ ക്കു പങ്കു ചേരാന്‍ കഴിഞ്ഞില്ല. .

ബസ്സും കടന്നു പുന്‍പോട്ടു നടന്നു. ഒരു വശം നിറയെ ഒരു കുന്നു പോലെ വിറകു കൂട്ടിയിട്ടിരിക്കുന്നു. കൂടെ എരിഞ്ഞുതീരുവാനുള്ള ശവങ്ങള്‍‍ക്കായുള്ള കാത്തിരിപ്പ്!

ഓട്ടോക്കാരന്‍ വഴിയില്‍ വച്ചു തന്നെ പറഞ്ഞിരുന്നു, ചിതകള്‍ എല്ലാം തന്നെ വൈകുന്നേരമാവുമ്പോള്‍ ‍കത്തിക്കഴിഞ്ഞിരിക്കും, ഇനിയിപ്പോള്‍,ഒന്നും ഉണ്ടാവാന്‍ തരമില്ല.


പക്ഷേ, ഞങ്ങളുടെ ആഗ്രഹം സഫലീകരിക്കുനാനെന്നവണ്ണം ഒരു ചിത മാത്രം കത്തിക്കൊണ്ടിരുന്നു...തുടങ്ങിയിട്ടു ഒത്തിരി നേരം ആയിരിക്കാന്‍ ഇടയില്ല.

ആ ചുവന്ന കനലുകള്‍‍ക്കിടയില്‍ ആരായിരിക്കാം?

ആദ്യമായി ഒരു ചിത കത്തുന്നതുകണ്ടത് ഒന്‍പതു വയസ്സുള്ളപ്പോഴാണ്. അടുത്ത വീട്ടിലെ പിള്ളേച്ചന്റേതായിരുന്നു. സന്ധ്യയായിട്ടും ചിത എരിഞ്ഞു തീര്‍ന്നിരുന്നില്ല. ആരൊക്കെയോ പറഞ്ഞു രാത്രിയില്‍ തലയോട്ടി വല്യ ശബ്ദത്തോടെ പൊട്ടിത്തെറിക്കുമെന്ന്. അതു കേള്‍ക്കാനായി തലയിണയില്‍ കാതു ചേര്‍ക്കാതെ ഉറങ്ങാതെ കിടന്നു. എന്നേക്കാണുമ്പോള്‍‍ എപ്പോഴും ചിരിക്കാറുള്ള മുഖവും നരച്ചമുടികളും,വലിയ ശബ്ദത്തോടെ ചിന്നഭിന്നമാകുന്നതു സങ്കല്‍പ്പിക്കാന്‍ വയ്യായിരുന്നു.


നേരം പുലര്‍ന്നു, ആരും കാണാതെ ചിതക്കരികില്‍ ചെന്നപ്പോള്‍ , ഒരു ചെറിയ കുഴി, അതില്‍ അല്പം കുറെ ചാരം മാത്രം.

രാത്രിയില്‍ മയങ്ങിയപ്പോള്‍ എപ്പോഴെങ്കിലും വല്യ ശബ്ദത്തില്‍ പൊട്ടിതെറിച്ചിരിക്കാം. അതോ പൊട്ടിയില്ലേ?.
പിന്നീട് ചിത കാണുമ്പോഴെല്ലാം ഒരിക്കലും കേട്ടിട്ടില്ലാത്ത വലിയ ശബ്ദത്തിനായി കാതോക്കും.

അപ്പോഴേക്കും തൊട്ടടുത്ത ഓഫീസില്‍ നിന്നും ഒരു കറുത്ത തടിയന്‍ ഇറങ്ങി വന്നു.ചുവന്നു കണ്ണുകളും കാറ്റില്‍ പറക്കുന്ന തലമുടിയും, നന്നാ‍യി മദ്യപിച്ചിരിക്കുന്നു എന്നു കണ്ടാലയറിയാം.

“ശവപ്പറമ്പിനു കാവലിരിക്കാന്‍ പറ്റിയ രൂപം“ വീണ്ടും ജയ്സണ്‍ തന്നെ.

ക്യാമറയുമായി നില്‍ക്കുന്ന ഞങ്ങളെ അദ്ദേഹത്തിനു തീരെ രസിച്ചില്ല എന്നു മുഖം കണ്ടാല്‍ അറിയാം.

“ഭൈയ്യ, ഹം ഏക്ദോ ഫോട്ടോ കീഞ്ച് ലൂം? “ ഞാന്‍ വിനയാന്വിതനായി.

“കിസ്കാ ഫോട്ടോ“ ശബ്ദം കേട്ടപ്പോള്‍ ‍ഞെട്ടിപ്പോയി.രൂപത്തിനൊത്ത ശബ്ദം

കത്തുന്ന ചിതയിലേക്കു കൈ ചൂണ്ടി. ഒന്നും പറയാന്‍ തോന്നില്ല.

ഉവ്വെന്നോ ഇല്ലെന്നോ അര്‍ത്ഥം വരുന്ന ഒരു മൂളല്‍ മാത്രം അയാളില്‍ നിന്നു കേട്ടു.

ഫോട്ടോയെടുത്തു മടങ്ങി വരുമ്പോള്‍ അയാള്‍ അതാ ഓഫീസിന്റെ മുന്‍പില്‍ നില്‍ക്കുന്നു. എന്തായാലും,ഒന്നു കൂടി മുട്ടി നോക്കാന്‍ ജയ്സണ്‍ തീരുമാനിച്ചു. ആരുടെയെങ്കിലും രണ്ടു ചീത്ത കേള്‍‍ക്കുന്നതു പണ്ടേ അവനു ഒരു ഹരമായിരുന്നും.

“ ഇവിടെ ശവം ദഹിപ്പിക്കുന്നതിന്റെ ചാര്‍ജ്ജ് എത്രയാണ്?“

“തും കോന്‍സാ ന്യൂസ് പേ‍പ്പര്‍ സേ ആയാ ഹേ?”

ഓ അതായിരിന്നു അയാളുടെ പ്രശ്നം.ഞങ്ങളേതോ പത്രകാരാണെന്നു അയാള്‍ കരുതി!

ഇനി കൂടുതല്‍ സംസാരിച്ചു രംഗം വഷളാക്കാതെ ഞങ്ങള്‍ സ്ഥലം കാലിയാക്കി.

തിരിച്ചു ഹര്‍ദ്വാര്‍ പട്ടണം വരെ ആരും ഒന്നും പറഞ്ഞില്ല.

ഹര്‍ദ്വാറില്‍ എത്തിയപ്പോഴാണ് ഋഷികേശിനുള്ള അവസാനത്തെ ബസ്സും പോയിക്കഴിഞ്ഞു എന്നു അറിയുന്നത്. ഹരിദ്വാര്‍ പട്ടണം നേര്‍ത്ത മൂടല്‍ മഞ്ഞില്‍ മുങ്ങി.ചിലര്‍ രോഡിന്റെ ഓരത്തു ചപ്പു ചവറുകളിട്ടു കത്തിച്ച് അതിനു ചുറ്റും ഇരുന്നു തീ കായുന്നു. തീ കുറയുന്നത് അനുസരിച്ചു ചവറുകള്‍ തീയിലേക്കു എറിഞ്ഞു കൊടുക്കുന്നുണ്ട്. കടകളെല്ലാം തന്നെ അടച്ചു കഴിഞ്ഞു. പകല്‍ മുഴുവന്‍ ഭക്തന്മാരെക്കൊണ്ടും സന്യാസിമാരെക്കൊണ്ടും കൊണ്ടു നിറഞ്ഞ ഹര്‍ദ്വാറിന്റെ നിരത്തുകള്‍ പൂര്‍ണ്ണമായും വിജനമായിരുന്നു. ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന പാലം കടന്നു ഞങ്ങള്‍ ഇക്കരെയെത്തി. സ്നാനഘട്ടില്‍ ആരുമില്ല. പാലത്തിന്റെ അവസാനം ഒരു കടല വില്‍പനക്കാരന്‍ കൂനിക്കൂടിയിരിക്കുന്നു. നിലക്കടല നിറച്ച ചാക്കിന്റെ നടുക്കു കനല്‍ നിറച്ച ഒരു തകര പാത്രം . ചൂടു കടല വാങ്ങിത്തിന്നു അയാളോട്, കുശലം പറഞ്ഞു. യു.പി.യിലെ ഏതോ ദരിദ്ര ഗ്രാമത്തില്‍ നിന്നും വന്നതായിരുന്നു അയാള്‍. ഋഷികേശിലേക്കു പോകുവാന്‍ ഇനി ഓട്ടോയെ ആശ്രയിക്കുകയേ വഴിയുള്ളൂ എന്നു പറഞ്ഞത് അയാളാണ്.

ഘോരമായ കാറ്റും തണുപ്പും സഹിച്ചുള്ള യാത്ര പാതികഴിഞ്ഞപ്പോഴാണ്, ഓട്ടോക്കാരന്‍ ഞങ്ങളെ ചതിക്കുകയായിരുന്നു എന്നു മനസ്സിലായത്.

അയാള്‍ ഋഷികേശിലേക്ക് പോകുന്നില്ലത്രേ! വഴി മദ്ധ്യേയുള്ള ഒരു ഗ്രാമത്തിലാണ് അയാളുടെ വീട്. ഞങ്ങള്‍ ചെറിയ ഒരു കശപിശയ്ക്കു തയ്യാറെടുത്തു. പക്ഷേ അയാളും മോശമല്ലായിരുന്നു. അവസാനം, അയാള്‍ തന്നെ മറ്റു വണ്ടികള്‍ക്കു കൈകാണിക്കാന്‍ തുടങ്ങി. കൊടും തണുപ്പത്ത്, നടുറോഡില്‍, വരുന്ന വണ്ടികള്‍ക്കെല്ലാം കൈ കാണിച്ചുകൊണ്ട് ഏറെനേരം നിന്നും.

വൈകുന്നേരം തിരിച്ചു വന്നിട്ട് അത്താഴം ഒരുമിച്ച് പുറത്തു നിന്നും അവാം എന്നു ഫാ. ജോര്‍ജ്ജിനോട് പറഞ്ഞിരുന്നു. അദ്ദേഹം ഞങ്ങളെ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും. വിവരം ഒന്ന് അറിയിക്കാനും വഴിയില്ല. കൂനിന്മേല്‍ കുരു എന്നപോലെ ഞങ്ങളുടെ മൊബൈല്‍ ഒന്നും വര്‍ക്കു ചെയ്യുന്നുണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ല്‍ക്കു മുന്‍പ് സൌദിയിലെ വഴി വക്കില്‍ ഇതു പോലെ നില്‍ക്കേണ്ടി വന്നതു ഓത്തു പോയി, അന്ന് ഞാന്‍ തനിച്ച് ആയിരുന്നു.

ഏതാണ്ട്,പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്. സൌദി അറേബിയയിലെ തണുപ്പു പ്രദേശമായ തേക്കേ പ്രോവിന്‍സിലെ അബഹയക്കടുത്തായിരുന്നു ജോലി. നജ്‌‌റാന്‍ ഹൈവേയോടു ചേര്‍ന്നു ഒരു അമേരിക്കന്‍ സൈനീക വിമാനത്താവളം ഉണ്ടായിരുന്നു. അതിന്റെ റണ്‍വേയ്ക്കു സമാന്തരമായി നേര്‍ രേഖയിലുള്ള ഒറ്റവരി പാത. അതു അവസാനിക്കുന്നത് ഏതോ ഒരു ബധുക്കളുടെ (അപരിഷ്കൃതരായ സൌദികള്‍) പ്രദേശത്തായിരുന്നു. അതിനടുത്തെങ്ങും ആള്‍‍ത്താമസമില്ല. ചീറി പാഞ്ഞു പോകുന്ന പട്ടാള വാഹനങ്ങളും, ബധുക്കള്‍‍ക്കു വെള്ളം കൊണ്ടുപോകുന്ന കൂറ്റന്‍ ടാങ്കര്‍ ലോറികളും അല്ലാതെ ഒന്നും ആ വഴിക്കു വരാറില്ല. ആ വഴിക്കു ഒറ്റപ്പെട്ട ഒരു കെട്ടിടം പണിയുടെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ആയിരുന്നു എന്റെ ജോലി. ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞു റോട്ടിലേക്കു കയറിയതും, വണ്ടിയുടെ ടയര്‍ പങ്ചര്‍ ആയി. സൌദികള്‍ ഹൈലക്സ് എന്നു വിളിക്കുന്ന ഒരു പഴഞ്ച്ചന്‍ പിക് അപ്പ് ആയിരുന്നു എന്റെ വണ്ടി. പതിയെ എന്റെ മയില്‍ വാഹനം സൈഡ് ഒതുക്കി. സ്റ്റെപ്പിനി ഇല്ല. അന്നു മൊബൈല്‍ പ്രചാരത്തിലായിരുന്നില്ല.

ഓരോ വണ്ടി വരു‍മ്പോഴും കൈ നീട്ടുന്നുണ്ടെങ്കിലും ആരും നിര്‍ത്തുന്നില്ല. നേരെയുള്ള റോഡ് ആയതുകൊണ്ട്, വരുന്ന വണ്ടികളെല്ലാം അമിത വേഗതയില്‍ ആയിരുന്നു. കൈ നിട്ടി നിക്കുന്ന എന്നെ കാണുമ്പോഴേക്കും വണ്ടി വളരെ ദൂരെ ചെന്നു കഴിഞ്ഞിരിക്കും. സ്വറ്ററും തോപ്പിയുമുണ്ടെങ്കിലും അതിഭയങ്കരമായ തണുപ്പ്. സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു, നിരാശയും ഭയവും പിടികൂടി. ആരും നിര്‍ത്തിയില്ലെങ്കില്‍ എന്തു ചെയ്യും? ഒരു വശത്തു, പരീക്ഷണ പറക്കല്‍ നടത്തുന്ന യുദ്ധ വിമാനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം. മുന്നില്‍ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍‍ക്കു അപ്പുറം അനന്തമായ മണല്‍ പരപ്പ്. കുറെ സമയം എന്നോടു തന്നെ വാശിയിലെന്ന പോലെ ഒരു വണ്ടിക്കും കൈകാണിക്കാതെ നിന്നു. വീണ്ടും കൈകാണിക്കല്‍ തുടര്‍ന്നു. ഒരു വണ്ടി ബ്രേക്ക് ഇടുന്ന ശബ്ദം കേട്ടു ഞാന്‍ മുന്‍പോട്ടു നോക്കി, കുടിവെള്ളം കൊണ്ടുപോകുന്ന ഒരു വലിയ ടാങ്കര്‍ ലോറി. വലിയ പ്രതീക്ഷയോടെ ഞാന്‍ മുന്‍പോട്ടു ഓടി.ഡ്രൈവര്‍ തല വെളിയിലേക്കിട്ടു.

“യേശ് ഫി?” ഒരു ബധു.

തലയില്‍ മുഷിഞ്ഞ തുണി വാരി ചുറ്റിയിരിക്കുന്നു, അതിനിടയില്‍ ചില പച്ചിലകള്‍ പറിച്ചു കുത്തി വച്ചിരിക്കുന്നു. അതാണു കാട്ടറബികളുടെ ലക്ഷണം. അപൂര്‍വ്വമായേ അവര്‍ പട്ടണങ്ങളില്‍ വരാരുള്ളൂ. അപരിഷ്കൃതരായ അവര്‍ സൌദിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും വസിക്കുന്നു. അവരുടെ ഭാഷയും അല്പം കട്ടിയാണ്.

“സയ്യാറ ഹര്‍ബാന്‍..” ഞാന്‍ നിസ്സഹായത വെളിപ്പെടുത്തി.

അയാള്‍ തല അകത്തേക്കിട്ടു. അകത്തു നിന്നും ഒരു സ്ത്രീ ശബ്ദം.

“മാലിഷ്, ലയല മായി ഫില്‍ സയ്യാറ ...” ബധു നിസ്സഹായത പ്രകടിപ്പിച്ചു.

(ക്ഷമിക്കണം, എന്റെ ഭാര്യയുമുണ്ട് കൂടെ)

എന്റെ പ്രതീക്ഷ അസ്തമിച്ചു. സാധാരണ സൌദികള്‍ സ്ത്രീകളുടെ അടുത്ത് വിദേശി വരുന്നതോ , നോക്കുന്നതോ പോലും സഹിക്കില്ല. വെറും രണ്ടു സീറ്റു മാത്രമുള്ള ആ ട്രക്കില്‍ അവന്റെ ഭാര്യയോടു ചേര്‍ന്നിരുന്നു യാത്ര ചെയ്യാന്‍ മലയാളി പോലും സമ്മതിക്കില്ല അപ്പോഴാ ഒരു സൌദി.

അയാള്‍ ‍തല അകത്തു വീണ്ടും, അകത്തേക്കിട്ടു.
ഞാന്‍ കരച്ചിലിന്റെ വക്കോളം എത്തി.

“തൈം, മുംകിന്‍ എര്‍ക്കപ് ഫോക്ക്?” നിനക്കു മുകളില്‍ കയറി ഇരിക്കാമോ?

“ഫോക് ഫേന്‍?“ മുകളില്‍ എവിടെ?

“ഫോക് കബീന?”

ഞട്ടിപ്പോയി - ആട്രക്കിന്റെ ഡ്രൈവര്‍ കാബിനറ്റിന്റെ മുകള്‍ലില്‍ കയറി ഇരിക്കാമോ എന്നാണ് ചോദ്യം.
പക്ഷേ,ജയന്‍ ചെയ്തതുപോലെ, ഹെലിക്കോപ്റ്ററില്‍ തൂങ്ങിക്കിടക്കാനും എനിക്കു മനസായിരുന്നു.

“ഹല്ലി ഷൂഫ്..” ഒരു കൈ നോക്കാന്‍ തീരുമാനിച്ചു.

തൂങ്ങിപ്പിടിച്ചു മുകളില്‍ കയറി. ഇരുന്നപ്പോള്‍ രസം തോന്നി. റെഡി എന്ന അര്‍ത്ഥത്തില്‍ തറയില്‍ രണ്ട് അടി അടിച്ചു. പെട്ടെന്നു ഒരു ഭയങ്കര ശബ്ദം, വണ്ടിയുടെ പുകക്കുഴല്‍ എന്റെ തൊട്ടടുത്ത് മുകളിലേക്കു വച്ചിരിക്കുന്നു. സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ മുഖം മുഴുവന്‍ പുക കൊണ്ട് മൂടി. വണ്ടി മുമ്പോട്ട് എടുത്തപ്പോള്‍ മറിഞ്ഞു വീഴാന്‍ തുടങ്ങി.ചുറ്റും കൈ പിടിക്കുവാന്‍ ഒന്നുമില്ലാതെയിരുന്നു. തവളയേപ്പോലെ ആ കാബിനറ്റിനു മുകളില്‍ അള്ളിപ്പിടിച്ചു കിടന്നു.....

ഇടതടവില്ലാതെ പുക തുപ്പി, ഹുങ്കാര ശബ്ദമുണ്ടാക്കിക്കൊണ്ട് ചുട്ടു പഴുത്ത പുകക്കുഴല്‍ സമീപത്ത്.

നെടുംബാശ്ശേരി വന്നു വിമാനം ഇറങ്ങുമ്പോള്‍, അടിച്ചിരിക്കുന്ന സ്പ്രേയുടെ മണം മാത്രമേ, വീട്ടുകാരും നാട്ടുകാരും അറിയാറുള്ളൂ. അറേബ്യയിലെ മുഴുവന്‍ അത്തറിനും കഴുകിക്കളയാന്‍ കഴിയാത്ത വിയര്‍പ്പിന്റെ ഗന്ധം പേറിയാണ് ഓരോ പ്രവാസിയും കഴിയുന്നത്.

മറന്നു കിടന്ന സുഖകരമല്ലാത്ത ഓര്‍മ്മിയില്‍ മുങ്ങി, ഋഷികേശിനും ഹര്‍ദ്വാറിനുമിടയില്‍ ഏതോ ഒരു സ്ഥലത്തു തണുത്തു വിറച്ചു ഞങ്ങള്‍ നിന്നും. അവസാനം കാലിയായി വന്ന ഒരു ഓട്ടോയില്‍ കയറി പറ്റി, ഞങ്ങള്‍ പ്രിഥ്വിപാല്‍ സദനില്‍ ‍ എത്തിയപ്പോഴേക്കും അച്ചന്‍ ഭക്ഷണം കഴിച്ചിരുന്നു.

സുഖമായി കഴിയാനുള്ള എല്ലാം കൃമീകരിച്ചിരുന്നു സ്നേഹനിധിയായ ഫാദര്‍. രണ്ടു മുറികള്‍, കട്ടിലില്‍കമ്പളി പുതപ്പും ഓരോ ടവ്വലും, ചൂടുവെള്ളം - ലളിതമെങ്കിലും ഒന്നിനും കുറവില്ലായിരുന്നു. താമസിച്ചു പോയിരുന്നു അതിനാല്‍ ഞങ്ങള്‍ മൂവരും ഒരു മുറിയില്‍ തന്നെ കട്ടില്‍ അടുപ്പിച്ചിട്ടു കിടന്നു. പുറത്തു ശീതക്കാറ്റു അടിക്കുന്നതിന്റെ ശബ്ദം. കേള്‍ക്കാമായിരുന്നു.ജനലുകള്‍ ചേര്‍ത്ത് അടച്ചു. അതിരാവിലെ രാവിലെ സാബു എത്തും. പകലത്തെ ക്ഷീണവും കൊടിയ തണുപ്പും കാറ്റും കൊണ്ട് അവശരായിരിന്ന ഞങ്ങള്‍ കിടന്നതേ ഉറങ്ങിപ്പോയി.

(തുടരും)

ബഹറിന്‍ ബ്ലോഗ്ഗേഴ്സ് മീറ്റ്‌ 2010

സജി മാര്‍ക്കോസ് ബഹറിനില്‍ നിന്നും നമ്മുടെ ബൂലോകത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നു.


ഹ്‌റിന്‍ ബ്ലോഗ്ഗേഴ്സിന്റെ കുടുംബ സംഗമം ഇന്നലെ സന്ധ്യക്കു സൌത്ത്പാര്‍ക്ക് ഹോട്ടലില്‍ വച്ചു നടന്നു.ഏകദേശം40ഓളം ബ്ലൊഗ്ഗേഴ്സും കുടുംബാംഗങ്ങളും പ്രസ്തുത മീറ്റില്‍ പങ്കെടുക്കുകയുണ്ടായി.

ഇത്തവണത്തെ മീറ്റിന്റെ മാസര്‍ ഓഫ് സെറിമണി നട്ട്സ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സാജു ജോണ്‍ (നട്ടപ്പിരാന്തന്‍)ആയിരുന്നു.കഴിഞ്ഞ വര്‍ഷം നടത്തിയ ബ്ലോഗ്ഗ് ശില്പ ശാലയിലൂടെ ബുലോകത്തേക്കു കടന്നു വന്ന പല പുതുമുഖ ബ്ലോഗ്ഗേര്‍ഴ്സിനേയും പരിചപ്പെടുവാന്‍ മീറ്റ് ഉപകരിച്ചു.

ഒരു വെറും കൂടിച്ചേരലിനപ്പുറം ഔപചാരികമായ യോഗനടപടികള്‍ ഉണ്ടായിരന്നു എന്നതാണ് ഇത്തവണത്തെ മീറ്റിന്റെ പ്രത്യേകത.

665 സ്ക്വ്.കി.മി. മാത്രം വിസ്തീര്‍ണ്ണമുള്ള ഈ കൊച്ചു ദ്വീപില്‍ എല്ലാ വര്‍ക്കും എല്ലാവരേയും ആഴ്ചയിലൊരിക്കല്‍ എങ്കിലും കാണുക എന്നത് ഒരു പ്രയാസമുള്ള കാര്യമല്ല.
എന്നാല്‍ ഒരു കണ്ടുമുട്ടലിനും അപ്പുറത്തു, മാസത്തില്‍ ഒരിക്കല്‍ കൂടുന്ന ഒരു സൌഹൃറ ചര്‍ച്ചാ വേദിയുടെ രൂപീകരണം കൂടി ഈ മീറ്റ് വിഭാവനം ചെയ്തിരിന്നു. പക്ഷേ, കുട്ടികള്‍ ധരാളം ഉണ്ടായിരുന്നതുകൊണ്ടും, പ്രോഗ്രാമുകള്‍ പ്രതീക്ഷിച്ചതിലും മുന്‍പോട്ടു പോയതു കൊണ്ടും,ഗൌരവമേറിയ ഒരു ചര്‍ച്ചയ്ക്കു ഇന്ന് പറ്റിയ വേദിയല്ല എന്നു എല്ലാവരും അഭിപ്രായപ്പെട്ടു.
അടുത്ത വെള്ളിയാഴ്ച ഈ പ്രത്യ്യേക ആവശ്യത്തിലേക്കായി വീണ്ടും ഒത്തുകൂടുവാന്‍ തീരുമാക്കുകയും ചെയ്തു.

സൌത് പാര്‍ക്ക് ഹോട്ടലിന്റെ ഹാളില്‍ എല്ലാവരും 8 മണിക്കു മുന്‍പേ എത്തിച്ചേര്‍ന്നു. സാജു ജോണ്‍ (നട്സ്), എല്ലാവര്‍ക്കും സ്വാഗതം ആശംസിക്കുകയും, തുടര്‍ന്നു, കഴിഞ്ഞ ദിവസം അന്തരിച്ച,ബ്ലോഗ്ഗര്‍ ടി.എസ്. നദീറിന്റെ പിതാവിനോടുള്ള അദര സൂചകമായി രണ്ടു മിനുറ്റ് മൌനം ആചരിച്ച ‍ശേഷം മീറ്റിംഗ് ആരംഭിച്ചു.
പരിചപ്പെടുത്തലിനുള്ള വേദിയില്‍, സദസ്യരുടെ ചോദ്യങ്ങള്‍ക്കു കൂടി ഓരോ ബ്ലൊഗ്ഗറും മറുപടി പറയണമായിരുന്നു എന്നതു രസകരമായ പല രംഗങ്ങളും സൃഷ്ടിച്ചു.കഥാ പുസ്തകം പ്രസിദ്ധീകരിച്ച ബാജിയേയും, ജാലകം ചെറുകഥാ അവാര്‍ഡു ജേതാവായ നചികേതസിനേയും അനുമോദിച്ചു. ശ്രീ പ്രശാന്ത് കഥാ പുസ്തകത്തേയും, ചെറുകഥയേയും ബ്ലോഗ്ഗേഴ്സിനു പരിചയപ്പെടുത്തി.

തുടര്‍ന്നു, ബുലോകം നയിക്കുന്ന സേവ് മുല്ലപ്പെരിയാര്‍ എന്ന മുന്നേറ്റത്തിനു ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചുഇ കൊണ്ട്, സജി മര്‍ക്കോസ് എട്ടു മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഒരുവീഡിയോ ക്ലിപ് പ്രദര്‍ശിപ്പിക്കുകയും, അനന്തരം, റീബില്‍ഡ് ഡാം എന്ന ബ്ലോഗ് പരിചയപ്പെടുത്തുകയും ച്യ്തു. “നമുക്കു എന്തു ചെയ്യുവാന്‍ കഴിയും? ” എന്ന പേരില്‍ നടത്തിയ പ്രസന്റേഷനില്‍, റീ ബിള്‍ഡ് ഡാം എന്ന ബ്ലോഗിന്റെ ഫോളോവര്‍ ആകുവാന്‍ എല്ലാ ബ്ലോഗ്ഗേഴ്സിനേയും ആഹ്വാനം ചെയ്യുകയും, എല്ലാവരും തങ്ങടെ ബ്ലോഗില്‍ സേവ് കേരള യുടെ ലോഗോ പ്രദര്‍ശിപ്പിക്കുവാനും ആവശ്യപ്പെട്ടു.തുടര്‍ന്നു വിശാലമായ മറ്റു വേദികളില്‍ സേവ് മുല്ലപ്പെരിയാര്‍ എന്ന പേരില്‍ ബോധവല്‍ക്കരണം നടത്തുവാന്‍ ഐക്യകണ്ഠമായി തീരുമാനിച്ചു.

അഖിലേഷിന്റെ വയലിന്‍ , മോഹന്‍ പുത്തഞ്ചിറ, പ്രശാന്ത്, എന്നിവരുടെ മക്കള്‍ അവതരിപ്പിച്ച കവിതകള്‍ എന്നിവ സദസ്സിനെ ആകര്‍ഷിച്ചു.
ഗസല്‍ ല്‍ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ കഴിച്ച ഡിന്നര്‍ എല്ലാവര്‍ക്കും തികച്ചും ആസ്വാദ്യകരമായിരിന്നു.ഓര്‍മ്മയില്‍ സൂക്ഷിക്കുവാല്‍ ഒരു ദിവസം കൂടി ലഭിച്ച സന്തോഷത്തില്‍ പത്തര മണിയോടെ എല്ലാവരും പിരിഞ്ഞു.

മീറ്റു ചിത്രങ്ങള്‍ ഇവിടെ കാണാം.

Popular Posts