നന്ദ വന്ദനം !

'നന്ദപര്‍വ്വം' നന്ദനുമായി ഒരഭിമുഖം : ദീപക് രാജ്
ന്ദേട്ടാ സുസ്വാഗതം..
നന്ദ വന്ദനം! നന്ദ വന്ദനം!!

എല്ലാവര്‍ക്കും സുപരിചിതനാണെങ്കിലും താങ്കളെ പറ്റി അല്‍പ്പം പറയാമോ..
ഒരു മഹാന്‍!!! ഒറ്റവാക്കില്‍ വേണങ്കീ അങ്ങിനെ പറയാം. പക്ഷേ, ഒരു മഹാന്‍ ആയതുകൊണ്ടു തന്നെയാവാം ആത്മ പ്രശംസ എനിക്കിഷ്ടമില്ലാത്തത്, എങ്കിലും പറഞ്ഞു വന്നാല്‍ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശിവപ്പേരൂരിലെ (മ്മ്ടെ ശ്ശൂര്‍) ഭരണിപ്പാട്ടിന്റെ നാടായ കൊടുങ്ങല്ലൂരിനും; കൂടിയാട്ടത്തിന്റേയും കൂടല്‍മാണിക്യത്തപ്പന്റേയും നാടായ ഇരിങ്ങാലക്കുടയുടേയും കൃത്യം മദ്ധ്യേ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ജനനം. രഹസ്യമായിപ്പറഞ്ഞാല്‍ ഞാനൊരു പരസ്യ ചിത്രകാരനാണ്. വിവാഹിതന്‍ ( ആരാധികമാര്‍ ക്ഷമിക്കണം ) വിനയാന്വിതന്‍, വിപ്രലംഭന്‍, വിഘ്നേശ്വര രൂപന്‍.

എങ്ങനെ ബ്ലോഗറായി..
കാരി സതീഷിനോട് മാദ്ധ്യമങ്ങള്‍ “ താങ്കളെങ്ങിനെ ഒരു ഗുണ്ടയായി? “ എന്നു ചോദിച്ചതു പോലെയാണല്ലോഡാ ഗഡീ ഈ ചോദ്യം!
ചുരുട്ടിക്കൂട്ടിപറയാം. ബ്ലോഗ് വായന മൂര്‍ച്ഛിച്ചതുകൊണ്ട് സംഭവിച്ചതാണ്. കുഴൂര്‍ വിത്സന്റെ ബ്ലോഗാണ് ആദ്യം കണ്ടതും കമന്റിയതും അവിടുന്ന് ഒരൊറ്റ ചാട്ടമായിരുന്നു വിശാലമനസ്കന്റെ ബ്ലോഗിലേക്ക്. ആറാം തമ്പുരാനില്‍ ലാലേട്ടന്‍ പറഞ്ഞതു കടമെടുത്താല്‍..” ബ്ലോഗ് വായിക്കണം/എഴുതണം എന്നുള്ളവര്‍ വിശാലനുമായി കമ്പനികൂടുന്നതാ നല്ലത്. നല്ല ബെസ്റ്റ് കമ്പനിയല്ലേ. ആ ബ്ലോഗ് വായിച്ച് കമ്പനികൂടിയവരൊക്കെ ബ്ലോഗിലെ ബെസ്റ്റ് കുടിയന്മാ.....സോറി ബ്ലോഗേഴ്സായിട്ടുണ്ട് “ കൊടകരക്കുശേഷം അരവിന്ദന്റെ മൊത്തം ചില്ലറ ഹോള്‍ സെയിലായി വായിച്ചു. ആ ബ്ലോഗ് വായിച്ചപ്പോ ബ്ലോഗ് തുടങ്ങണം എന്ന ആശ വാടിപ്പോയെങ്കിലും.. ഇടക്കിടക്ക് ചാറ്റ് റൂമില്‍ വന്ന് “അലക്കങ്ങ്ട്...അലക്കങ്ങ്ട്.” എന്ന് വിശാലന്‍ പറഞ്ഞത് ഒരു പ്രചോദനമായി. അങ്ങിനെ ബ്ലോഗ് വായക്കാരുടെ കാത്തിരിപ്പിന് ആശ്വാസമായി ഞാനെന്ന ബ്ലോഗര്‍ അവതരിച്ചു. മലയാളം ബ്ലോഗിന്റെ പുണ്യം.

നന്ദ പര്‍വ്വം, ദൃശ്യ പര്‍വ്വം അങ്ങനെ പര്‍വ്വം ചേര്‍ത്തു പേരിട്ടത് മഹാഭാരതത്തെ പോലെ ഇതിഹാസം ആവും എന്നുകരുതിയാണോ..
അതിപ്പോ ഇതിഹാസം ആവും എന്നങ്ങ്ട് പറയണോ? ഓള്‍ റെഡി ഇതിഹാസങ്ങള്‍ തന്നെയല്ലേ എന്റെ ബ്ലോഗുകള്‍. ഇനി മഹാഭാരതത്തേയും കവച്ചുവെക്കുമോ എന്നതുമാത്രമാണ് സംശയം. ഭാവിയില്‍ “ലോകത്തിലുള്ളതെല്ലാം ഇതിലുണ്ട്. ഇതിലില്ലാത്തതൊന്നും ലോകത്തിലില്ല” എന്ന് ഭാവി ചരിത്രകാരന്മാര്‍ എന്റെ ബ്ലോഗുകളെപ്പറ്റി പറയാന്‍ സാദ്ധ്യത ഉണ്ട്. സത്യായിട്ടും..അമ്മനെത്തന്ന്യാണേ.. (പര്‍വ്വം= അദ്ധ്യായം. നന്ദന്റെ ജീവിത അദ്ധ്യായങ്ങള്‍..നന്ദന്റെ പര്‍വ്വങ്ങള്‍ = നന്ദപര്‍വ്വം)

താങ്കള്‍ ഒരു എഴുത്തുകാരന്‍ എന്നാണോ ഫോട്ടോ ഗ്രാഫര്‍ എന്നാണോ അറിയാന്‍ ആഗ്രഹിക്കുന്നത്.

മുന്‍പൊരു ചോദ്യത്തിനു ഉത്തരമായി ഞാന്‍ പറഞ്ഞു ആത്മപ്രശംസ എനിക്കിഷ്ടമല്ലെന്ന്. സത്യത്തില്‍; എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍ എന്നു മാത്രമല്ല വളരെ നല്ല മനുഷ്യന്‍, സത്യസന്ധന്‍, ഉന്നത കലാകാരന്‍, ഒടുക്കത്തെ ഗ്ലാമറുള്ളവന്‍, ബ്ലോഗ് പുലി, ശിങ്കം, ഭയങ്കര സംഭവം, ഒരു പ്രസ്ഥാനം, എന്നിങ്ങനെയൊക്കെ അറിയപ്പെടാനും ആഗ്രഹമുണ്ട്. (ആകാന്‍ സാധിക്കാത്തതൊക്കെയല്ലെ ആഗ്രഹിക്കാന്‍ പറ്റൂ..യേത്)

സിനിമാ, വിഡീയോ രംഗത്തെ അനുഭവം ഒന്ന് പറയാമോ...
മലയാള സിനിമയിലെ പല സംവിധായകരും സൂപ്പര്‍സ്റ്റാര്‍സും ജീവിച്ചുപോട്ടെ എന്നുകരുതിയാണ് ഞാനാ ഫീല്‍ഡില്‍ ഒരു കൈ നോക്കാത്തത്. കാരണം അവര്‍ക്ക് മറ്റു പണിയൊന്നും അറിയില്ല. എനിക്കാണെങ്കില്‍ ഇപ്പോള്‍ ഒരു പണിയുണ്ട്. വെറുതെ എന്തിനാ എനിക്കിട്ട് പണിയാന്‍ അവര്‍ക്കൊരു പണി കൊടുക്കുന്നത്?
(അങ്ങിനെ പറയാന്‍ മാത്രോള്ള അനുഭവങ്ങള്‍ ഒന്നുമില്ല. ശ്യാമ പ്രസാദിന്റെ ഒരു ടെലിഫിലിം, ബി. ഉണ്ണികൃഷ്ണന്റെ ഒരു ടെലി സിനിമ സംരഭത്തിലും ഭാഗഭാക്കായിരുന്നു. ശ്യാമപ്രസാദിന്റെ തന്നെ ‘അകലെ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഡിസൈനിങ്ങില്‍ അസിസ്റ്റന്റായിരുന്നു. കൂടാതെ ജോലിയുടെ ഭാഗമായി നിരവധി പരസ്യ ചിത്രങ്ങളില്‍ അസിസ്റ്റന്റ്. സിനിമയോടുള്ള കഴപ്പ് മൂത്ത് ബാംഗ്ലൂരില്‍ വെച്ച് എന്റെ തന്നെ 5 മെഗാപിക്സല്‍ കാമറയില്‍ ഞാന്‍ തന്നെ കാമറ-എഡിറ്റിങ്ങ്-സംവിധാനം ചെയ്ത ചില തോന്ന്യാസങ്ങള്‍. അതില്‍ ‘ലോസ്റ്റ് ഇന്‍ ട്രാന്‍സിറ്റ് ‘ എന്ന എന്റെ ഹൃസ്വ ചിത്രം 2008ല്‍ കല്‍ക്കത്തയില്‍ നടന്ന ഹൃസ്വചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂട്ടുകാരോടൊപ്പം സ്ക്രിപ്റ്റ് മുഴുവനാക്കിയതും ആക്കാത്തതും ഷൂട്ടിങ്ങ് നടക്കാതെ പോയതും ഷൂട്ടിങ്ങ് കഴിഞ്ഞ് പെട്ടിയിലുമായതുമായ നിരവധി മറ്റു പ്രൊജക്റ്റുകളും.)

എന്തെ ബാംഗ്ലൂര്‍ ജീവിതം മതിയാക്കി.
ബാംഗ്ലൂര്‍ ഇപ്പോള്‍ നല്ല ഒരു ലെവലിലായി. മെട്രോ റെയില്‍ അവസാന ഘട്ടത്തിലേക്കെത്തുന്നു. നഗരം പുരോഗമനത്തിന്റെ, വികസനത്തിന്റെ അത്യുന്നതിയിലേക്കെത്തുന്നു, ബാംഗ്ലൂരിനുള്ള എന്റെ സേവനം ഇനി മതിയാക്കാം എന്ന ഒരു ഘട്ടം വന്നപ്പോള്‍ അവസാനിപ്പിച്ചതാണ്. (അല്ലാണ്ട് റിസഷന്‍ കാരണം അവിടെയുള്ള ജോലി പോയതോണ്ടൊന്നുമല്ല...)
കേരളത്തിലേക്കുള്ള മടക്കവരവ് എഴുത്തുനെയെങ്ങനെ ബാധിച്ചു..
അതിഭയങ്കരമായിത്തന്നെ..!! വന്ന് നാലു മാസത്തോളം എഴുതാന്‍ സാധിച്ചില്ല. ബാംഗ്ലൂരിലെ അന്തരീക്ഷമല്ലല്ലോ കേരളത്തിലേത്. കാരണം ഇവിടെ മൂന്നുകിലോമീറ്ററിനുള്ളില്‍ ഒരു ബീവറേജസ് ഔട്ട് ലെറ്റ് മാത്രമാണുള്ളത്. ബാര്‍ലിവെള്ളത്തിനാണെങ്കില്‍ അതിഭയങ്കര വിലയും(ഈ റിസഷന്‍ കാലത്തുപോലും!) എന്റെ എഴുത്തു നിന്നുപോയതുകാരണം ബ്ലോഗുലകം വരണ്ടു പോയി. വായനക്കാര്‍ കുടിവെള്ളം കിട്ടാത്ത ജനങ്ങളെപ്പോലെ വലഞ്ഞു. പലരും എന്റെ ബ്ലോഗ് പോസ്റ്റ് വായിക്കാനാവാതെ ജീവനൊടുക്കി. ‘നന്ദന്‍ ഇനി എഴുതിയില്ലെങ്കില്‍ ഞാനിനി ബ്ലോഗില്‍ കാലുകുത്തില്ല‘ എന്നു വരെ പറഞ്ഞവരുണ്ട്. എന്റെ ബ്ലോഗില്‍ കമന്റിടാനാവാതെ ആരാധികമാര്‍ വിഷമിച്ചു. കമന്റിട്ട പഴയ പോസ്റ്റുകളില്‍ വീണ്ടും വീണ്ടും കമന്റിട്ട് അവര്‍ വിഷമം തീര്‍ത്തു. എന്റെ ബ്ലോഗ് ഓപ്പന്‍ ചെയ്ത് മോണിട്ടറിനെ കെട്ടിപ്പിടീച്ച് എന്റെ ആരാധകര്‍ കണ്ണീര്‍ വാര്‍ത്ത് വാര്‍ത്ത് കിടന്നുറങ്ങി. ‘കല്ലേരിപ്പാടം‘ എന്ന എന്റെ പുതിയ പോസ്റ്റിലൂടെ ഞാന്‍ തിരിച്ചു വന്നത് പലര്‍ക്കും വളരെ വലിയ ആശ്വാസമായി എന്നാണറിയാന്‍ കഴിഞ്ഞത്.


ബ്ലോഗില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചിത്രകഥാ രീതി കൊണ്ടുവന്നതിനെ പറ്റി എന്തുപറയുന്നു.
ഉദാത്തം! ഉത്കൃഷ്ടം!! ഉ.... ഉ.....ഉ... (ക്ഷമിക്കണം, ‘ഉ’ വെച്ച് വേറെ വാക്ക് കിട്ടുന്നില്ല)
ഇടക്കിടക്ക് ഞാന്‍ തന്നെ എന്റെ ബ്ലോഗ് ഓപ്പന്‍ ചെയ്ത് അതിലെ ചിത്രങ്ങള്‍ കണ്ട് എന്റെതന്നെ തോളില്‍ തട്ടി അഭിനന്ദിക്കാറുണ്ട്. ‘അരേ വാഹ് മാന്‍!‘

(സംഗതി മനപ്പൂര്‍വ്വം ചെയ്തതാണ്, വായനക്കാര്‍ എന്റെ ബ്ലോഗില്‍ കയറുവാന്‍ വേണ്ടിതന്നെചെയ്ത ഒരു ഗിമ്മിക്കാണ്. കാരണം എന്റെ പോസ്റ്റുകള്‍ അസാമാന്യ നീളമുള്ളവയാണ്. നീളമുള്ള പോസ്റ്റുകള്‍ക്ക് വായനക്കാര്‍ കുറവും. അതിനെ മറികടക്കാന്‍ വേണ്ടി ചെയ്ത സൂത്രം. വരക്കുന്നത് എനിക്ക് ഇഷ്ടമുള്ളതും എളുപ്പമുള്ളതുമായ സംഗതിയാണ്. എഴുത്തിനേക്കാള്‍ ആത്മവിശ്വാസം വരയോടാണ്, എഴുത്തല്‍പ്പം പാളിയാലും ചിത്രംകൊണ്ട് പിടിച്ചു നില്‍ക്കാം എന്നൊരു തോന്നലില്‍ ചെയ്തത്. പക്ഷെ ഓരോ പോസ്റ്റിലും പടം ചേര്‍ക്കുന്നത് ഇപ്പോള്‍ എനിക്ക് തന്നെ ഒരു പാരയായോ എന്ന് സംശയം. പോസ്റ്റിനൊപ്പം പടമില്ലെങ്കില്‍ പലര്‍ക്കും വായിക്കാന്‍ മടിയും വായിച്ചാല്‍ കമന്റാന്‍ മടിയും കമന്റിയാല്‍ പടമില്ലാത്തതുകൊണ്ട് പോസ്റ്റിനൊരു ഗുമ്മില്ലാന്നുമൊക്കെയായിത്തീര്‍ന്നിട്ടുണ്ട്. ഞാനുണ്ടാക്കിവെച്ച ഓരോരോ ശീലങ്ങള്‍!!)

ഭാര്യ ബ്ലോഗ്‌ വായിക്കാറുണ്ടോ..
ഉണ്ട്. സ്ഥിരമായി. (ഞാനൊരു ബ്ലോഗറാണെന്നും ബ്ലോഗെഴുത്തുമുണ്ടെന്നുമൊക്കെ വിവാഹത്തിനു മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ ഈ സാഹസത്തിനവള്‍ സമ്മതിക്കില്ലായിരുന്നു എന്നും പറഞ്ഞു )
എന്തെഴുതാന് കൂടുതല്‍ ഇഷ്ടം. എന്താണ് കൂടുതല്‍ ബുദ്ധിമുട്ട്

സത്യത്തില്‍ തെറിയെഴുതാനാണ് ഭയങ്കര ബുദ്ധിമുട്ട്. കൊടുങ്ങല്ലൂക്കാരനായിട്ടും എനിക്കതിനു സാധിക്കുന്നില്ല. കരയാനുള്ള സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഒരുപാടുണ്ടായിട്ടുള്ളതുകൊണ്ട് നര്‍മ്മം എഴുതാനാണ് കൂടുതലിഷ്ടം. ബുദ്ധിമുട്ടും അതുതന്നെ. നൊസ്റ്റാള്‍ജിക്കായ ഓര്‍മ്മകള്‍ എഴുതുമ്പോള്‍ എഴുത്തിനൊരു ഒഴുക്കു വരും. പക്ഷെ ക്ലൈമാക്സ് മാത്രം കയ്യിലുള്ള ഒരു പഴയ സംഭവത്തെ ഒരു നര്‍മ്മ അനുഭവമാക്കി അവതരിപ്പിക്കുമ്പോള്‍ അതിന്റെ ക്ലൈമാക്സ് മാക്സിമം ലെവലിലേക്കെത്തിക്കുവാന്‍ നമ്മള്‍ പണിയുന്ന ഒരു പ്ലാറ്റ് ഫോം/അന്തരീക്ഷം, അത് ക്രിയേറ്റ് ചെയ്യാന്‍ ഇത്തിരി പ്രയാസമുണ്ട്.
മലയാളത്തിലെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരന്‍ ആര്. (ബ്ലോഗോ അച്ചടിയോ ആവാം)

പലരുടേയും എഴുത്ത് പല കാലഘട്ടത്തില്‍ പല രീതിയിലും സ്വാധീനിച്ചിട്ടുണ്ട്; പലരുടേയും ആരാധകനായിരുന്നിട്ടുണ്ട്. ബഷീര്‍, ഒ.വി വിജയന്‍, സക്കറിയ, മലയാറ്റൂര്‍, എം.ടി, മാധവിക്കുട്ടി, സേതു, സി. രാധാകൃഷ്ണന്‍, അങ്ങിനെ ഒരുപാടുണ്ട്. എങ്കിലും വി.കെ.എന്നിനോട് അന്നുമിന്നും ആരാ‍ധന കുറഞ്ഞിട്ടില്ല.
ബ്ലോഗ്‌ ഗുണ്ടായിസവും ബ്ലോഗ്‌ പുറം ചൊറിയലുകളും താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.

ബ്ലോഗ്‌ ഗുണ്ടായിസം??!! അങ്ങിനെ ഒരു സംഭവം ഇവിടെയുണ്ടൊ? എങ്കില്‍ പറയൂ ആരാണ് ബ്ലോഗിലെ ഓം പ്രകാശ്? പുത്തന്‍ പാലം രാജേഷ് ബ്ലോഗര്‍? കാരി ബ്ലോഗര്‍? തമ്മനം ബ്ലോഗര്‍? ഉടുമ്പ് ബ്ലോഗര്‍, അട്ട ബ്ലോഗര്‍ അങ്ങിനെയുള്ള ബ്ലോഗര്‍മാരെയൊന്നും പരിചയപ്പെടാന്‍ സത്യത്തില്‍ സാധിച്ചിട്ടില്ലെനിക്ക്. ഒരു ബ്ലോഗിലെ പോസ്റ്റുകള്‍ തല്ലിയൊടിക്കുവാന്‍ ഏത് ബ്ലോഗ് ഗുണ്ടയേയാണ് സമീപിക്കേണ്ടത്? എത്രയാണ് റേറ്റ്?

എനിക്ക് ചൊറിച്ചില്‍ വന്നാല്‍ ഞാന്‍ തന്നെയാണ് എന്റെ പുറം ചൊറിയുന്നത്. കയ്യു കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ വല്ല ഈര്‍ക്കിലിയോ കമ്പോ ഉപയോഗിച്ച് പുറത്ത് ചൊറിയും. കുറേ നേരം ചൊറിയുമ്പോള്‍ ചൊറിച്ചില്‍ മാറും നല്ല സുഖം കിട്ടും.

(പരിചയമുള്ള ബ്ലോഗറുടെ പോസ്റ്റില്‍ വിമര്‍ശനം കമന്റ് ചെയ്യാന്‍ സുഹൃത്തുക്കള്‍ മടിക്കുന്നുണ്ടെന്ന് തോന്നുന്നു. പിന്നെ ഒരു പ്രദേശത്തെ (ഉദാ:കൊച്ചി/ദുബായ്/തിരു അങ്ങിനെയൊക്കെ) ആ ബ്ലോഗറുടെ പുതിയ പോസ്റ്റില്‍ ആ പ്രദേശത്തുള്ളവരെല്ലാം വളരെ നല്ലരീതിയിലാവും കമന്റിടുക. അത് പക്ഷെ സൌഹൃദത്തിന്റെ പുറത്താവാം. പക്ഷെ പുറം ചൊറിയലാണെന്ന് തോന്നുന്നില്ല.)

കവിതാ വിവാദങ്ങളെ എങ്ങനെ കാണുന്നു..
എനിക്കീ സംഭവം വായിച്ചാല്‍ വല്ലാണ്ട് മനസ്സിലാകാത്തതുകൊണ്ട് അവളിരിക്കുന്ന(കവിത) ഭാഗത്തേക്ക് പോകാറില്ല. വിവാദങ്ങള്‍ കാണാറുണ്ട്. ബ്ലോഗിലെ സ്ഥിരം വിവാദങ്ങള്‍ പൊലെ എങ്ങുമെത്താതെ പാതിവഴിയില്‍ കൂമ്പടഞ്ഞുപോകുന്നതും കാണാറുണ്ട്.
മലയാളം ബ്ലോഗിന്റെ ഭാവിയെക്കുറിച്ച് എന്താണ് തോന്നുന്നത്.
എന്റെ പൊന്നു ചങ്ങാതീ, എന്റെ ഭാവിയെക്കുറിച്ചുപോലും എനിക്കൊരു ധാരണില്ല്യ. അതായത് ഞാന്‍ ഗതി പിടിക്കോ, രക്ഷപ്പെടോ, മാന്യമായി ജീവിക്കാമ്പറ്റോ എന്നു പോലും എനിക്കിപ്പ പറയാന്‍ പറ്റില്ല്യ. അപ്പളാ ബ്ലോഗിന്റെ ഭാവി! ബ്ലോഗിന്റെ സാങ്കേതികത്വം പോലും എനിക്ക് ശരിക്കറിയില്ല. എനിക്ക് എഴുതാന്‍ മുട്ടുന്നു, എഴുതുന്നു. അത്രന്നെ. ബ്ലോഗിനെക്കുറിച്ചും അതിന്റെ യന്ത്ര സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചൊക്കെ പഠിച്ചിട്ടുള്ള പോളീ ടെക്നിക് പാസ്സായ ഒരുപാട് പേര്‍ ഈ ബ്ലോഗുലകത്തില്‍ ഉണ്ട്. ആ ഭൂതങ്ങള്‍ പറഞ്ഞോളും ഭാവിയെക്കുറിച്ചുള്ള സകല വര്‍ത്താനോം.

പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്..
കേട്ടാല്‍ തോന്നും ഞാന്‍ പഴേ വല്ല്യ എഴുത്തുകാരനാണെന്ന്! ആള്‍ക്കേര് കേക്കണ്ടസ്റ്റാ. ഇനിപ്പോ ഞാനൊരു ഭയങ്കയ ബ്ലോഗെഴുത്ത് പ്രസ്ഥാനമാണെന്ന മട്ടില്‍ ചോദിച്ചതോണ്ട് പറയാം. ‘വല്ലാണ്ട് എഴുതാന്‍ മുട്ടുമ്പോ എഴുതാ..എഴുതുന്നതിനേക്കാള്‍ കൂടുതല്‍ വായിക്കാ.. നമ്മള് എഴുതില്ല്യാന്ന് വെച്ച് ഈ ബ്ലോഗിനും ബ്ലോഗുലകത്തിനും ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല്യ”.

ബ്ലോഗില്‍ വന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്താണ്...
ഒരുപാടുണ്ട്. പണ്ട് നിര്‍ത്തിയിരുന്ന വായനയും മാറാലപിടിച്ച് കിടന്നിരുന്ന എഴുത്തും പൊടിതട്ടിയെടുക്കാന്‍ പറ്റി. പഞ്ഞിക്കായ പൊട്ടിത്തെറിച്ച പോലെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചെന്നു പറ്റിയിരുന്ന എന്റെ പല കൂട്ടുകാരെയും പുതിയ കൂട്ടുകാരെയും കിട്ടി. എന്റെ വരയെ, എഴുത്തിനെ, ചിത്രമെടുപ്പിനെ ലോകത്തിലെ പലര്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു. ഊര്‍ജ്ജം പകരുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കിട്ടി. നിത്യ ജീവിതത്തിലെ ഏതൊരു കൊച്ചു സംശയത്തിനും സഹായത്തിനും ഒരു വിരല്‍ത്തുമ്പകലെ ഒരു സുഹൃത്തിരിക്കുന്നു എന്ന ആ അറിവുണ്ടല്ലോ....അതൊരു പണ്ടാറടങ്ങിയ ആവേശമാണ്. എന്റെ ശുഷ്കിച്ച വാക്കുകളില്‍ വിവരിക്കാന്‍ പറ്റുന്നതല്ല.
ബ്ലോഗെഴുത്ത് തൊഴിലിനെ ബാധിക്കാറുണ്ടോ
ഏയ്! എന്റെ തൊഴിലിനു ബാധിക്കാറില്ല. ഇനിപ്പോ കമ്പനിക്ക് അത് ബാധിക്കുന്നുണ്ടോന്നറിയില്ല. ഞാനന്വേഷിക്കാന്‍ പോയിട്ടില്ല. കമ്പനിയില്‍ നിന്ന് തൊഴി കിട്ടുന്നതുവരെ ഞാനീ തൊഴില്‍ ചെയ്തോണ്ടിരിക്കും.

അഭിമുഖത്തിനു നന്ദി..
നന്ദന്റെ, നന്ദിയില്‍ പൊതിഞ്ഞ നന്ദി.ഒപ്പം എല്ലാ ബ്ലോഗ്ഗേഴ്സിനും ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍ഈ അഭിമുഖം തയ്യാറാക്കിയത് : ദീപക് രാജ്
കാര്‍ട്ടൂണ്‍ : നന്ദകുമാര്‍ , കാരിക്കേച്ചര്‍ : സുനില്‍ പണിക്കര്‍


26 Responses to "നന്ദ വന്ദനം !"

 1. ഇന്നാ പിടിച്ചോ ഒരു മുട്ടൻ തേങ്ങാ .
  ആദ്യായ്ട്ടാ ഗഡീ ആത്മപ്രശംസ ഇഷ്ട്ടല്ല്യാത്തൊരുത്തനെ കാണ്ണെ ,മ്മളും ശ്ശൂക്കാരനാണെ .അപ്പോ അട്ത്ത വരവിനങ്ക്ട് കാണാട്ടോ

  ReplyDelete
 2. ബ്ലോഗെഴുത്ത് തൊഴിലിനെ ബാധിക്കാറുണ്ടോ

  ഏയ്! എന്റെ തൊഴിലിനു ബാധിക്കാറില്ല. ഇനിപ്പോ കമ്പനിക്ക് അത് ബാധിക്കുന്നുണ്ടോന്നറിയില്ല

  എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട മറുപടി..

  കൊള്ളാം, രസകരമായിരിക്കുന്നു..

  ReplyDelete
 3. അരേ വാഹ്.. കലക്കി മച്ചു...കിടിലൻ മറുപടികൾ..
  നന്നായി രസിച്ചു...
  “രഹസ്യമായിപ്പറഞ്ഞാല്‍ ഞാനൊരു പരസ്യ ചിത്രകാരനാണ്.“ ഇതിലെ നർമ്മം ഭയങ്കരമാണ്.
  നന്ദു നീണാൾ വാഴ്ക..!

  ReplyDelete
 4. ഗഡീ, നിങ്ങള് വെള്ളാങ്ങല്ലൂരായിരുന്നാ?
  ഞാനാ മതിലകത്ത് നിന്ന് 2 കി മി വടക്കോട്ട് മാറി കോവിലകത്താണെന്നേ...

  ReplyDelete
 5. ബ്ലോഗ്‌ ഗുണ്ടായിസം??!! അങ്ങിനെ ഒരു സംഭവം ഇവിടെയുണ്ടൊ? എങ്കില്‍ പറയൂ ആരാണ് ബ്ലോഗിലെ ഓം പ്രകാശ്? പുത്തന്‍ പാലം രാജേഷ് ബ്ലോഗര്‍? കാരി ബ്ലോഗര്‍? തമ്മനം ബ്ലോഗര്‍? ഉടുമ്പ് ബ്ലോഗര്‍, അട്ട ബ്ലോഗര്‍.....

  എന്റെ പേര് ഇതിലൊന്നും വന്നില്ലല്ലോ...
  പുതിയ ഗുണ്ടയാ...

  ReplyDelete
 6. നല്ല പൊളപ്പന്‍ ഇന്റര്‍വ്യു..

  ReplyDelete
 7. ബാംഗ്ലൂര്‍ ഇപ്പോള്‍ നല്ല ഒരു ലെവലിലായി. മെട്രോ റെയില്‍ അവസാന ഘട്ടത്തിലേക്കെത്തുന്നു. നഗരം പുരോഗമനത്തിന്റെ, വികസനത്തിന്റെ അത്യുന്നതിയിലേക്കെത്തുന്നു, ബാംഗ്ലൂരിനുള്ള എന്റെ സേവനം ഇനി മതിയാക്കാം എന്ന ഒരു ഘട്ടം വന്നപ്പോള്‍ അവസാനിപ്പിച്ചതാണ്. (അല്ലാണ്ട് റിസഷന്‍ കാരണം അവിടെയുള്ള ജോലി പോയതോണ്ടൊന്നുമല്ല...)
  അപ്പോ നമ്മടെ കൊച്ചീം ഇപ്പൊ നന്നാവുംല്ലേ??


  കലക്കി മാഷേ.....

  ReplyDelete
 8. നന്ദന്റെ പതിവു ശൈലിയിൽ തന്നെ ഒരു അഭിമുഖം.രസിപ്പിച്ചു ട്ടോ

  ReplyDelete
 9. നന്ദന്‍ മാഷേ,വന്ദനം !!
  നന്നായി അഭിമുഖം......... :)

  ReplyDelete
 10. നന്ദന്‍ മാഷേ.. ഈ ഉരുളക്കുപ്പേരി എന്ന് പറയുന്നത് ഇതാല്യേ... :)

  കലക്കി കടു വറുത്തു..

  പിന്നെ മിസ്റ്റര്‍ ബൂലോകം.. മിസ്റ്റര്‍ നന്ദന്റെ നന്ദപര്‍‌വത്തിലേക്കുള്ള ഒരു ലിങ്ക് കൂടി കൊടുക്കേണ്ടതായിരുന്നുട്ടോ (ഞങ്ങള്‍ക്കല്ല.. വല്ല പുതു പുത്തന്‍ വായനക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കാ)

  :)

  ReplyDelete
 11. നന്ദാ കലക്കീറ്റ്ണ്ട്രാ സത്യായിട്ടും നീ ഒരു ഒന്നൊന്നര സംഭവമാ (നുണയാ)

  ചെമ്പായിറ്റ്ണ്ട്രാ

  ReplyDelete
 12. നജീം, ക്രിസ്ത്മസ് പപ്പായുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ 'നന്ദപര്‍വ്വം' കാണാം. സൈറ്റ് വിലാസം അതില്‍ എഴുതിയിട്ടുമുണ്ട്.
  നിര്‍ദ്ദേശത്തിനു നന്ദി.

  ReplyDelete
 13. മാഷേ,വന്ദനം
  നന്ദന

  ReplyDelete
 14. രസ്യന്‍ ഇന്റര്‍വ്യൂ..:)
  ഇനിയും ബൂലോകത്ത് ഈ പര്‍വ്വം പര്‍വ്വതം പോല്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കാന്‍ ആശംസാസ്..

  ReplyDelete
 15. "വായനക്കാര്‍ കുടിവെള്ളം കിട്ടാത്ത ജനങ്ങളെപ്പോലെ വലഞ്ഞു. പലരും എന്റെ ബ്ലോഗ് പോസ്റ്റ് വായിക്കാനാവാതെ ജീവനൊടുക്കി. ‘നന്ദന്‍ ഇനി എഴുതിയില്ലെങ്കില്‍ ഞാനിനി ബ്ലോഗില്‍ കാലുകുത്തില്ല‘ എന്നു വരെ പറഞ്ഞവരുണ്ട്. എന്റെ ബ്ലോഗില്‍ കമന്റിടാനാവാതെ ആരാധികമാര്‍ വിഷമിച്ചു. കമന്റിട്ട പഴയ പോസ്റ്റുകളില്‍ വീണ്ടും വീണ്ടും കമന്റിട്ട് അവര്‍ വിഷമം തീര്‍ത്തു. എന്റെ ബ്ലോഗ് ഓപ്പന്‍ ചെയ്ത് മോണിട്ടറിനെ കെട്ടിപ്പിടീച്ച് എന്റെ ആരാധകര്‍ കണ്ണീര്‍ വാര്‍ത്ത് വാര്‍ത്ത് കിടന്നുറങ്ങി. ‘കല്ലേരിപ്പാടം‘ എന്ന എന്റെ പുതിയ പോസ്റ്റിലൂടെ ഞാന്‍ തിരിച്ചു വന്നത് പലര്‍ക്കും വളരെ വലിയ ആശ്വാസമായി എന്നാണറിയാന്‍ കഴിഞ്ഞത്".

  എനിക്കിത് വായിച്ചു ചിരി സഹിക്കാന്‍ വയ്യേ ഈ നന്ദന്റെ ഒരു കാര്യം .നന്ദന്റെ ഉരുളക്കുപ്പേരി പോലത്തെ മറുപടികള്‍ അഭിമുഖം വളരെ രസകരമാക്കീട്ടുണ്ട്

  ReplyDelete
 16. ഹാവൂ, സമാധാനമായി. കൊച്ചി ഇനി രക്ഷപ്പെടും! :) :)

  ReplyDelete
 17. നല്ല ചോദ്യങ്ങളും മറുപടിയും. ആത്മപ്രശംസ ഒട്ടും ഇഷ്ടമില്ലാത്ത ഒരു ബ്ലോഗറെങ്കിലും മലയാളം ബ്ലോഗില്‍ ഉണ്ടെന്ന് ഇനി നമ്മുക്ക് അഭിമാനിക്കാം

  ReplyDelete
 18. എഴുത്തുകാരന്‍
  ചിത്രകാരന്‍
  ഫോട്ടോഗ്രാഫര്‍

  “നന്ദ വന്ദനം“ നന്നായിരിക്കുന്നു

  ReplyDelete
 19. സത്യത്തില്‍ തെറിയെഴുതാനാണ് ഭയങ്കര ബുദ്ധിമുട്ട്. കൊടുങ്ങല്ലൂക്കാരനായിട്ടും എനിക്കതിനു സാധിക്കുന്നില്ല

  പക്ഷേ പറയുമ്പോള്‍ ഈ വിഭവത്തിനു യാതൊരുകുറവുമില്ലല്ലോ മച്ചമ്പീ :) :)

  തകര്‍പ്പന്‍ ഇന്റര്‍വ്യൂ.. ഉരുളക്കുപ്പേരി മറുപടി..
  ബാംഗ്ലൂരില്‍ നിന്ന് അതുകൊണ്ട് മടങ്ങിയതാണല്ലേ..അതിപ്പൊഴാ അറിഞ്ഞത്.. താങ്ക്സ് :)

  ReplyDelete
 20. അഭിമുഖം പ്രസിദ്ധീകരിച്ചതിനു നമ്മുടെ ബൂലോകത്തിനും അഭിപ്രായങ്ങള്‍ എഴുതിയ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും അതിഭയങ്കരമായ നന്ദികള്‍!! നന്ദികള്‍!!
  ഒപ്പം
  കിന്റല്‍ കണക്കിന് പുതുവത്സരാശംസകളും...

  ReplyDelete
 21. വിഘ്നേശ്വര രൂപാ നമോവാകം :)

  ReplyDelete
 22. ഗലക്കി ഗടീ..
  അലക്കി അലക്കി നീ നല്ലോണം വെളുപ്പിച്ചു. :)
  അഭിവാദ്യങ്ങള്‍,നവവത്സരാശംസകള്‍.

  ReplyDelete
 23. ഹോ...കാണാന്‍ അല്പം വൈകിപ്പോയി....പാവം..തെറി അറിയാന്‍ വയ്യാത്ത ഒരു ചിന്നകൊടുങ്ങല്ലൂര്‍ പയ്യന്‍..ഞാന്‍ അങ്ങു വിശ്വസിച്ചു !

  “രഹസ്യമായി പറഞ്ഞാല്‍ ഞാനൊരു പരസ്യ ചിത്രകാരനാണു”

  ഇതാണു ഈ അഭിമുഖത്തിലെ “ഹൈ ലൈറ്റ്”

  നന്ദനു മാത്രം കഴിയുന്ന ശൈലി

  ആശംസകള്‍

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts