കൊടകര കണ്ടുപിടിച്ചത്....

അഭിമുഖം : വിശാല മനസ്കന്‍

നമ്മുടെ ബൂലോകത്തിന് വേണ്ടി ഈ അഭിമുഖം തയ്യാറാക്കിയത് : ദീപക് രാജ്


ബ്ലോഗിന്റെ കുലപതിയ്ക്ക് നമസ്കാരം...

കുലപതി എന്നത് പൊളിഞ്ഞുപാളീസായിപ്പോയ ഒരു സിനിമയുടെ പേരാണ്. എന്നെ അപകീർത്തിപ്പെടുത്താൻ വേണ്ടി എന്നെ അങ്ങിനെ വിളിച്ച ലേഖകൻ മാപ്പ് പറയണം.

ഇന്റർവ്യൂ കൊടുക്കുന്നവർക്കൊക്കെ ബെസ്റ്റ് സമയമാണിപ്പോൾ! തന്നെയുമല്ല, മൂന്നരപേജിൽ കുറയാതെ രണ്ട് ഇന്റർവ്യൂകൾ എഴുതിക്കൊടുത്ത് അത് മഹാ ബോറായിരുന്നു എന്ന അഭിപ്രായം നിലനിൽക്കുമ്പോൾ വീണ്ടുമൊരു ഇന്റർവ്യൂ... ജയറാമിനെ വച്ച് പടം പിടിക്കുന്ന പോലെ റിസ്കാണ്. എങ്കിലും ഇന്റർ‌വ്യൂ എന്ന് കേൾക്കുമ്പോൾ, ‘ഈ ഉണക്കമീൻ കൊണ്ട് ഏറ് കിട്ടുന്ന പട്ടിയുടെ ഒരു സുഖം ഉണ്ട്. അതാണ് എന്നെക്കൊണ്ട് ഉത്തരങ്ങൾ എഴുതിക്കുന്നത്. ക്ഷമിക്കുമല്ലോ!

വിശാലമനസ്കന്‍ എന്നുള്ള പേര് വെറുതെ ജാടയ്ക്കു വെച്ചിരിക്കുകയാണ്. കടം ചോദിക്കാനാണ് ആരെങ്കിലും വന്നതെന്ന് തോന്നിയാല്‍ സ്ഥലം കാലിയാക്കാറുണ്ട്വെന്നു കേട്ടിട്ടുണ്ടല്ലോ... വാസ്തവമാണോ..?

ഏയ് ഞാൻ ഓടി രക്ഷപ്പെടാറൊന്നുമില്ല. വേഗം എന്റെ പേഴ്സ് കാണിച്ച് കൊടുക്കും. അപ്പോൾ ആൾ ഓടിക്കോളും.

ചെറുപ്പത്തില്‍ മസിലൊക്കെ പെരുപ്പിച്ചു അതിന്റെ പെരുക്കത്തില്‍ ഇപ്പോഴും നടക്കുമെങ്കിലും ആളൊരു ദുര്‍ബ്ബലനാണെന്ന് ഒരു അപഖ്യാതിയുണ്ട്.. എങ്ങനെ പ്രതികരിക്കുന്നു..?

സംഗതി എനിക്ക് ആവശ്യത്തിൽ കവിഞ്ഞ ദേഷ്യം വരവും ഒന്നരാടം വയലന്റാവലുമുണ്ട്. ചിലനേരത്ത് എന്റെ കയ്യിൽ തോക്കുണ്ടായിരുന്നെങ്കിൽ ഞാൻ മിനിമം ഒരു അഞ്ചുപത്ത് പേരെയെങ്കിലും മുട്ടിന് താഴെ വെടി വച്ചിടുക പോലും ചെയ്തേനെ. അതേ ഞാൻ ഇന്നലെ വിശുദ്ധ അൽഫോൺസാമ്മ സീരിയലിൽ അന്നകൊച്ചിന്റെ ചാച്ചന്റെയും അമ്മയുടെം ചില ഡയലോഗുകൾ കേട്ടപ്പോൾ കരഞ്ഞ് വശക്കേടാവുകയും ചെയ്തു. :( അങ്ങിനെയായിപ്പോയി!

ഒരു ഡസന്‍ ബ്ലോഗുകള്‍ ഉള്ളയാളാണ്.. പക്ഷെ വിശാലന്‍ എന്നാല്‍ കൊടകരപുരാണം. ഇതിനെ എങ്ങനെ കാണുന്നു...?

നമുക്ക് എത്ര ലൈൻ ഉണ്ടെങ്കിലും ഭാര്യ ഒന്നല്ലേ ഉണ്ടാകൂ? അതാ! :) (ആദ്യത്തെ ബ്ലോഗ് അതല്ലേ.. അതാവും)


ഞാന്‍ ഇന്നുവരെ വായിച്ച ഏറ്റവും മികച്ച പോസ്റ്റുകളില്‍ ഒന്ന് വിശാലന്റെ ഇടവപ്പാതി എന്നാ ബ്ലോഗിലെ എത്ര നാളായമ്മേ എന്നാ പോസ്റ്റാണ്.. അത്രമാത്രം ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌ ഇട്ട വിശാലനെ അധികം പേര്‍ക്കറിയില്ല.. അതെന്തേ... ?

ഓരോരുത്തർക്കും നൂറുകൂട്ടം സങ്കടങ്ങൾ ഉണ്ട്. നമ്മുടെ വകയും കൂടെ കൊടുക്കേണ്ട എന്നോർത്താണ് ആ ലൈൻ പിടിക്കാത്തത്.

സാമ്പത്തികം എന്നാ ബ്ലോഗ്‌ സാമ്പത്തിക മാന്ദ്യം വന്നതോടെ ഗണപതിയ്ക്ക് വെച്ചത് കാക്ക കൊണ്ടുപോയി എന്നമട്ടില്‍ ആയല്ലോ.... എന്താണ് സാങ്കേതിക കാരണം?

സേവിങ്ങ്സ് ഉണ്ടാക്കിയെടുക്കാൻ ചില കുഞ്ഞ്യേ കുഞ്ഞ്യേ ഐഡിയകൾ എനിക്കുണ്ട്. അത് ഷെയർ ചെയ്യാൻ വേണ്ടി തുടങ്ങിയ ബ്ലോഗാണ് സാമ്പത്തികം. പിന്നെ ആലോചിച്ചപ്പോൾ, ബ്ലോഗിൽ മിക്കവാറും പേരും നമ്മളേലും ഫാർ ഫാർ ബെറ്റർ സെറ്റപ്പുള്ളവരാണ്. ആ ചമ്മലുകൊണ്ട് സൈലന്റായി പോയതാണ്.

പുതിയ പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?

അതൊരു കാക്ക വന്നിരുന്ന് ഒരു ചെക്കനോട് കഥകൾ പറയുന്ന സീനാണ്. പയ്യൻസ് ആരാണെന്ന് ബ്ലോഗിലുള്ളവർക്ക് മനസ്സിലാവാൻ വഴിയില്ല, പക്ഷെ, എന്റെ നാട്ടിൽ ചിലരെ ആ പടം കാണിച്ച് ഇതാരാണ് എന്ന് ചോദിച്ചാൽ അവർ, “ഇതാ എടത്താടന്മാരോടത്തെ താഴെയുള്ള ചെക്കൻ“ എന്ന് മറുപടി പറയും.

താരപദവിയില്‍ പുതുതായി എഴുതാനുള്ള ത്രില്‍ നഷ്ടപ്പെട്ടു എന്ന് തോന്നുണ്ടോ?

എന്തോന്നാ ചേട്ടാ ഇത്? ഒരു താരപദവിയും ഉണ്ടൻപൊരിയും! എഴുതാനുള്ള ത്രില്ല് കണ്ട്രോൽ ചെയ്ത് വച്ചിരിക്കുന്നതാണ്. മൊത്തം ചില്ലറ അരവിന്ദ് ഒരു പോസ്റ്റിട്ടാൽ പിറ്റേ ആഴ്ച തന്നെ ഞാൻ കൊടകരപുരാണത്തിൽ വേറെ പോസ്റ്റിടും.


ആത്മപ്രശംസ ഒട്ടുമിഷ്ടമില്ലത്ത താങ്കള്‍ ജെബല്‍ അലിയില്‍ ഇന്ന് കൊടകരയില്‍ പോയി വരുന്നെന്നു വിശ്വസിക്കാനാണ് ഞങ്ങള്‍ക്കെല്ലാം ഇഷ്ടം.. പക്ഷെ ദുബായ് ഡെയ്സ് എഴുതിയതില്‍ പിന്നെ ദുബായില്‍ അന്തിയുറങ്ങാന്‍ പറ്റില്ലെന്നുള്ളത് കൊണ്ടാണോ ഈ ഷട്ടില്‍ സര്‍വീസ്?

ഏയ് മറ്റുള്ളവരുടെ ആത്മപ്രശംസ എനിക്ക് ഇഷ്ടമില്ലന്നേയുള്ളൂ. എന്റെ ആത്മപ്രശംസ നല്ലപോലെ എഞ്ജോയ് ചെയ്യാറുണ്ട്. (അതെ, ഞാനും ആ മാനസിക മഹാരോഗത്തിന് അടിമയാണ് സാർ) പിന്നെ ഡൈലി പോക്ക് വരവ് ഇപ്പോഴുമുണ്ട്. ഡൈലി നാട്ടിൽ തന്നെ അങ്ങട് നിന്നാലോ എന്നും ആലോചനയുണ്ട്. പക്ഷെ, നാട്ടുകാരും കൂട്ടുകാരും “വെറുതെ ഉള്ള ജോലികളഞ്ഞ് ഇങ്ങട് വരണ്ട” എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയാണ്.

മലയാളം ബ്ലോഗ്‌ എഴുത്തുകാരുടെ കണ്ണിലുണ്ണി ആണെങ്കിലും കൊടകരക്കാര്‍ക്ക് തങ്ങളോടു കൊലച്ചതി കാണിച്ച കുലദ്രോഹി ആണെന്നാണ്‌ കേട്ടത്.. വല്ല വാസ്തവുമുണ്ടോ?

ദേ വീണ്ടും കണ്ണിലുണ്ണി! എന്തോന്നാഡേ?

പിന്നെ, കൊടകരക്കാർ ചിലർക്ക് നമ്മളോട് ഇപ്പോൾ ചെറിയ ഇഷ്ടമൊക്കെ വന്നിട്ടുണ്ട്. കഴിഞ്ഞ മാസം കൊടകര ഷഷ്ഠിക്ക് വഴിയമ്പലം സെറ്റിന്റെ സുവനീറിൽ നമ്മുടെ ‘സിൽക്ക്’ പോസ്റ്റ് വന്നിരുന്നു. അതിന് ശേഷം എന്റെ ചേട്ടന് വഴിയമ്പലം അങ്ങാടിയിലേക്ക് പോകാൻ പറ്റാതായി എന്നാ കേട്ടത്. ‘എന്നാലും നീ എരുമേടെ പിറകിൽ പുല്ല് തിരുകി വച്ചത് ഇത്തിരി അക്രമമായി പോയഡാ’ എന്ന് പറഞ്ഞ് കളിയാക്കുന്നത്രേ!

ഇടയ്ക്കെപ്പോഴോ ഫോട്ടോ ബ്ലോഗ്‌ തുടങ്ങിയെന്നോ തുടങ്ങുന്നെന്നോ കേട്ടല്ലോ...

നമ്മുടെ കുമാർ ബായിയുടെ കുമാർക്ലിക്സ് എന്ന പേർ കണ്ടപ്പോൾ ദുബായ്‌ക്ലിക്സ് എന്ന പേരിൽ ഞാനും ഒരെണ്ണം തുടങ്ങി. ആവേശം ഒറ്റപ്പോസ്റ്റോടെ തീർന്നു!

ആദ്യ പുസ്തം വന്‍വിജയം.. രണ്ടാം പുസ്തകത്തെപറ്റി എന്താണ് പ്രതീക്ഷ?


രണ്ടാം പുസ്തകം 100% എന്റെ ഇഷ്ടത്തിനനുസരിച്ചാണ്. ഒരു കോമ്പ്രമൈസിനും നിന്നിട്ടില്ല. നമ്മുടെ ആ നമ്പറുകളും നൊമ്പരങ്ങളും ഇഷ്ടമാവുന്നവർക്ക് ഈ പുസ്തകം ഇഷ്ടമാവേണ്ടതാണ് . ഹവ്വെവർ, സംഗതി അവൈലബിളാക്കലേ എന്റെ ലക്ഷ്യമുള്ളൂ. അല്ലാതെ ഇതൊരു ഹിറ്റാക്കണം എന്നത് എന്റെ ലക്ഷ്യമൊന്നുമല്ല. അത് ആ പുസ്തകത്തിന്റെ യോഗം പോലെയിരിക്കും!

സിനിമയില്‍ ഒരു കൈ നോക്കാന്‍ പോകുന്നുവെന്ന് കേട്ടല്ലോ... കഥ തിരക്കഥ മാത്രമേയുള്ളൂ വെന്നും നായകനാവുന്നതില്‍ ഭാര്യയ്ക്ക് പിണക്കമെന്നും കേട്ടല്ലോ.. വല്ല സത്യവുമുണ്ടോ?

ഇരുപതിനായിരം ഉറുപിയ എന്ന കഥ സിനിമയാക്കാൻ അനുവാദം ചൊദിച്ചുകൊണ്ട് ശ്രീ. കെ.ജി.ജോർജ്ജ് ഒരിക്കൽ വിളിക്കുകയും നാട്ടിൽ പോയപ്പോൾ ഞാനും എന്റെ ഫ്രണ്ടും ആളെപ്പോയി കണ്ട് എഗ്രിമെന്റ് സൈൻ ചെയ്യുകയും പിന്നീട് ഇരുപതിനായിരം രൂപ ചെക്കായും ക്യാഷായും കിട്ടുകയുമുണ്ടായി. (കഥയുടെ പേർ പത്തുലക്ഷം എന്ന് ഇടേണ്ടതായിരുന്നു). യവനിക സിനിമയുടെ നിർമ്മാതാവായിരുന്നു ഇതിന്റെ നിർമ്മാതാവ്. രണ്ടാം വട്ടം കഥ കേട്ടപ്പോൾ പാവം യവനിക ഓടിക്കളഞ്ഞെന്നും സംഗതി ഏറെക്കുറെ ചൂറ്റിപ്പോയെന്നുമാണ് ഞാനറിഞ്ഞത്. ഹവ്വെവർ, ഞാൻ ജോർജ്ജ് സാറിനെ പിന്നീട് വിളിച്ചില്ല. എന്തിനാ ആളെ നമ്മൾ വിഷമിപ്പിക്കുന്നത്? അല്ലാതെ കാശ് തിരിച്ച് ചോദിക്കുമോയെന്ന് പേടിച്ചിട്ടൊന്നുമല്ല!

ഈ കൊടകര കണ്ടുപിടിച്ചത്... കൊളംബസ് ആണെന്ന് കേട്ടിട്ടുണ്ട്... അതല്ല വിശാല മനസ്കന്‍ ആണെന്ന് വേറെ ചിലര്‍.. എന്താണ് സത്യം?

കൊടകര കണ്ടുപിടിച്ചത് എന്റെ അച്ഛനാണ്. തറവാട് ഭാഗം വച്ചപ്പോൾ ആൾക്ക് ഭാഗത്തോടൊപ്പം മറ്റു ചിലതും കൂടെ കിട്ടാൻ ചാൻസുണ്ടെന്ന് തോന്നിയപ്പോൾ ആൾ അവിടെ നിന്ന് ഓടിരക്ഷപ്പെട്ടപ്പോഴായിരുന്നു അത്.

തൃശൂര്‍ കാരുടെ സ്വന്തമായിരുന്ന ഗഡി ഇപ്പോള്‍ മലയാളക്കര ആകെ പറയാന്‍ തുടങ്ങിയത് വിശാലനെ വായിച്ചിട്ടാണെന്നതാണ് സത്യം.. എഴുത്തില്‍ ഒരു തൃശ്ശൂര്‍ ഭാഷ കൊണ്ടുവരാന്‍ മനപ്പൂര്‍വ്വം ശ്രദ്ധിച്ചിരുന്നോ?

തൃശ്ശൂർ ഭാഷ തന്നെ ഒരു കോമഡിയാണ്. ഗഡി, ബ്ലോഗിലെ തൃശ്ശൂക്കാർ മൊത്തം എഴുതാറുണ്ട്.

സാമ്പത്തിക മാന്ദ്യം താങ്കളുടെ എഴുത്തിനെ എങ്ങനെ ബാധിച്ചു?

മോങ്ങാനിരിക്കുന്ന കമ്പനിയുടെ തലയിൽ തേങ്ങ നമ്മളായിട്ട് ഇടണ്ട എന്ന് കരുതി ബ്ലോഗിങ്ങ് ഇച്ചിരി കുറച്ചിരുന്നു എന്നത് സത്യമാണ്.

ഇപ്പോഴത്തെ മലയാള ബ്ലോഗിംഗ് രീതിയെക്കുറിച്ച് എന്താണ് അഭിപ്രായം?

യാതൊരു അഭിപ്രാ‍യവ്യത്യാസവും ഇല്ല. ഓരോരുത്തരുടേം ഇഷ്ടത്തിനുസരിച്ച് എഴുതാനുള്ള സ്വാതന്ത്ര്യമാണല്ലോ ബ്ലോഗിന്റെ ഒരു ബ്യൂട്ടി. പിന്നെ, കൊടുക്കുന്നത്.. തിരിച്ച് കിട്ടും എന്നത് ബ്ലോഗിൽ മാത്രമല്ല, ലോകത്തെല്ലാവിടെം ഉള്ള സെറ്റപ്പാണല്ലോ! പിന്നെ ഈ ചില്ലറ അടിപിടികൾ നമുക്കൊക്കെ കുറെ കാലം കഴിയുമ്പോൾ ഓർത്ത് ചിരിക്കാനുള്ള സംഭവങ്ങളല്ലേ? സ്കൂളിൽ പഠിക്കുമ്പോൾ ആടികൂടിയ ഓർമ്മകൾ ഇപ്പോൾ നമ്മളെ രസിപ്പിക്കും പോലെ!

മലയാളത്തിലെ മിക്ക മുന്‍നിര ബ്ലോഗ്‌ എഴുത്തുകാരും ഏറെക്കുറെ എഴുത്ത് കുറച്ചിരിക്കുകയാണ്.. മലയാളം ബ്ലോഗിന്റെ സുവര്‍ണ്ണകാലം കഴിഞ്ഞു എന്ന് തോന്നുന്നുണ്ടോ?

ബ്ലോഗിന്റെ സുവർണ്ണകാലം വരാനിരിക്കുന്നതേയുള്ളൂ.


ഈ ഇന്റര്‍വ്യൂവിന് സമയം കണ്ടെത്തിയതില്‍ നന്ദി...

ചാൻസ് തന്നതിന്, നന്ദിയുണ്ട്. പിന്നെ, ഒരുപാട് പേർ വന്ന് എന്നെ ഇവിടെ തെറി വിളിച്ചാൽ പോസ്റ്റ് പിന്വലിക്കാനുള്ള സന്മനസ്സ് കാണിക്കണം എന്നൊരു അപേക്ഷയുണ്ട്. :)


നമ്മുടെ ബൂലോകത്തിന് വേണ്ടി ഈ അഭിമുഖം തയ്യാറാക്കിയത് : ദീപക് രാജ്

34 Responses to "കൊടകര കണ്ടുപിടിച്ചത്...."

 1. "മൊത്തം ചില്ലറ അരവിന്ദ് ഒരു പോസ്റ്റിട്ടാൽ പിറ്റേ ആഴ്ച തന്നെ ഞാൻ കൊടകരപുരാണത്തിൽ വേറെ പോസ്റ്റിടും."

  സബാഷ് !!
  ഒരു വെടിക്ക് രണ്ട് പക്ഷി!!
  (ഞാന്‍ അരവിന്ദേട്ടനെ കാണാന്‍ പോകുവാ, ആഫ്രിക്കക്ക് എന്താ ടിക്കറ്റ് ചാര്‍ജ്ജ്??)

  അഭിമുഖം രസിച്ചു :)

  ReplyDelete
 2. വിശാലാ കലക്കി...

  ReplyDelete
 3. അഭിമുഖം അടിപൊളി

  ReplyDelete
 4. വിശാലന്റെ സെന്‍സ് ഓഫ് ഹ്യൂമര്‍ ചിതലരിച്ചിട്ടില്ലെന്നു മനസ്സിലായി.
  നന്നായി രസിച്ചു.

  ReplyDelete
 5. അടിപൊളി അടിപൊളി അടിപൊളിയേയ്..... :)

  ReplyDelete
 6. അതേ ഞാൻ ഇന്നലെ വിശുദ്ധ അൽഫോൺസാമ്മ സീരിയലിൽ അന്നകൊച്ചിന്റെ ചാച്ചന്റെയും അമ്മയുടെം ചില ഡയലോഗുകൾ കേട്ടപ്പോൾ കരഞ്ഞ് വശക്കേടാവുകയും ചെയ്തു. :( അങ്ങിനെയായിപ്പോയി!

  എടുത്തുപറയാന്‍ തുടങ്ങിയാല്‍ ഇന്റര്‍വ്യൂ മൊത്തമായി കമന്റ് ബോക്സില്‍ വെട്ടി ഒട്ടിക്കേണ്ടി വരും. വിശാല്‍ജിയുടെ ഇതുവരെയുള്ള ഇന്റര്‍വ്യൂകളില്‍ ബെസ്റ്റ്.

  ദീപക്ക് രാജ് നര്‍മ്മത്തിന്റെ മര്‍മ്മം കാടിളക്കി വരുന്ന തരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു. ഫുള്‍ ടോസ് പന്ത് കിട്ടിയ മിയാന്‍ ദാദിനെപ്പോലെ വിശാല്‍ ജി എല്ലാം സിക്സറാക്കിയിട്ടുമുണ്ട്.

  രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍ .

  ReplyDelete
 7. അപ്പൊ ഉടന്‍ തന്നെ അരവിന്ദും വിശാലനും മടങ്ങി വരും !

  കൊള്ളാം !

  ഇഷ്ടുടു !

  ReplyDelete
 8. സജീവേട്ടന്‍ എന്തിനാ എഴുതുന്നേ??? ഇതു പോലത്തെ ഇന്റ്റര്‍വ്യു കൊടുത്താല്‍ പോരേ???

  ReplyDelete
 9. ഇന്റര്‍വ്യൂ കലക്കി-

  ദീപക്കിനോട്: ഗഡി എന്നതു കാലാകാലങ്ങളായി, (ഒരു 25 കൊല്ലം ന്നു കൂട്ടിക്കോ) തൃശ്ശൂര്‍ക്കാരുടെ പ്രയോഗമാണു.

  ചുള്ളന്‍, ഡാവ്, (രണ്ടിനും ചങ്ങാതി എന്നര്‍ഥം നല്‍കാം) കെലിപ്പ് റോള്‍, മെടയുക, ബൂസ്റ്റിടുക (ഇടിക്കുക) എന്നിവയും തൃശ്ശൂര്‍ മലയാളത്തിനു നല്‍കിയ സംഭാവനകളാണ്.

  ReplyDelete
 10. നല്ല ചോദ്യങ്ങള്‍ അവയ്ക്കനുയോജ്യമായ മറുപടികളും...

  രണ്ടാം പുസ്തകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നു....

  ReplyDelete
 11. ദീപക്കേ

  തന്നോടെനിക്ക് ബഹുമാനക്കുറവൊന്നും ഇല്ല. പക്ഷെ ഈ വിശാലാക്ഷനോട് ഇതൊന്നും പോരായിരുന്നു. ഇത് ഒരു പൊടിക്ക് സുഖിപ്പീരും ഇച്ചിരി ഒലിപ്പീരും ചേര്‍ത്ത് ഒരു കൊച്ചുവര്‍ത്തമാനം ആയിപ്പോയി. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന ആളിനെക്കുറിച്ച് ആവറേജ് വായനക്കാരന് അറിഞ്ഞുകൂടാത്ത എന്തെങ്കിലും പറയിക്കാന്‍ കഴിയില്ലെങ്കില്‍ ഇന്റര്‍വ്യൂവിന് പുറപ്പെടരുത്. മൊത്തത്തില്‍ ബ്ലോഗില്‍ ഇപ്പോള്‍ കൊണ്ടാടപ്പെടുന്ന ഇന്റ‌ര്‍വ്യൂ പ്രഹസനങ്ങള്‍ പൊളിയാനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.

  ReplyDelete
 12. നിരൂ ഭായി
  നന്ദി.

  വി.എം.
  സത്യത്തില്‍ ഞാന്‍ തൃശ്ശൂര്‍ ഭാഷ കേള്‍ക്കുന്നത് തന്നെ ഗള്‍ഫില്‍ വന്നതിനു ശേഷമാണു.. (കേരളത്തിനു വെളിയില്‍ ജനിച്ചു വളര്‍ന്നതിന്റെ കുഴപ്പം)
  ഡാ..ഗഡിയെ.. നീ കൊടകര പുരാണം വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാണ് ആദ്യം ഒരു തൃപ്രയാര്‍കാരന്‍ എന്നെ വിശാലേട്ടന്റെ കഥകള്‍ പരിചയപ്പെടുത്തിയത്.. പിന്നീട് ഈ കഥകളില്‍ കൂടി ഗഡി പരിചിതമായി.. ഇപ്പോഴും സംസാരം കേട്ടാല്‍ തൃശൂര്‍ ഭാഷ മനസ്സിലാകാന്‍ അല്പം പ്രയാസവും ഉണ്ട്.. പിന്നീട് നന്ദേട്ടന്റെ കഥകളിലും ഗഡി കൂടുതല്‍ കണ്ടിരുന്നു.. നന്ദി.. മൊത്തത്തില്‍ തൃശ്ശൂര്‍ ഭാഷ കേള്‍ക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്..

  ഗുപ്തരെ
  അത് തന്നെയാണ്.. ബ്ലോഗ്‌ കുടുംബത്തിലെ ഒരാളായ വിശാലേട്ടനുമായി ഒരു കൊച്ചുവര്‍ത്തമാനം. അത്രമാത്രം. ഗൌരവത്തിന്റെയും ഔപചാരികതയുടെയും മുഖപടം അഴിച്ചുവെച്ചു ഒരു സരസമായ സംസാരം.. മാനസിക ചിന്തഗതിയനുസരിച്ചു സരസമോ വിരസമോ ആവാം... ഒരുപക്ഷെ അത്രകണ്ട് ഗൌരവമാകാത്തതാവും ഈ ചര്‍ച്ച ഇത്രയധികം പേര്‍ക്ക് ഇഷ്ടമായതും.. എപ്പോഴും വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും ഗൌരവമാക്കാനും ശ്രമിക്കാതിരിക്കുക എന്നതാണ് എന്റെയും ഇഷ്ടം.. അപ്പോള്‍ അങ്ങനെ തന്നെ.

  ReplyDelete
 13. @ ദീപക്

  സാധാരണവായനക്കാരനറിയാത്തതെന്തെങ്കിലും പറയിക്കണം എന്ന് പറഞ്ഞത് കീഹോള്‍ ജേണലിസം നടത്തണം എന്നര്‍ത്ഥത്തിലല്ല. ബാക്കി താന്‍ മനസ്സിലാക്കുന്നതുപോലെ :)

  ReplyDelete
 14. മാക്രി, സഭ്യതയ്ക്ക് നിരക്കാത്ത താങ്കളുടെ കമന്റ് ഡിലീറ്റ് ചെയ്യുന്നു.

  ReplyDelete
 15. പ്രിയപ്പെട്ട വിശാലം.

  ഈ രണ്ടാമത്തെ കുട്ടിയുടെ പ്രസവവാര്‍ത്ത ഞങ്ങള്‍ സന്തോഷത്തോടെ കേട്ടിരിക്കുന്നു. ഇനി ഇവളെ വളര്‍ത്തുക എന്നത് ഞങ്ങളുടെ കൂടെ ജോലിയാണല്ലോ. ഇവളുടെ കളിയും ചിരിയും, കരച്ചിലും, പിഴിച്ചിലും, എല്ലാം കാണാന്‍ കാത്തിരിക്കുന്നു. വിശാലത്തിന്റെ കുട്ടിയെ ഒന്ന് കൊഞ്ചിക്കാന്‍ ഞങ്ങളും കാത്തിരിക്കുന്നു.

  വിശാലം......എന്നാല്‍ ഇനി മൂന്നാമത്തെതിന്റെ പണിക്ക് കയറിക്കോ...

  ദീപക്കിന്റെ ചോദ്യങ്ങളും കൊള്ളാം...ഒരു അഭിമുഖം ശരിക്കും കൊഴുപ്പിക്കുന്നത്, ചോദ്യകര്‍ത്താവ് ആണ്.

  ReplyDelete
 16. നമുക്ക് എത്ര ലൈൻ ഉണ്ടെങ്കിലും ഭാര്യ ഒന്നല്ലേ ഉണ്ടാകൂ? അതാ! :) (ആദ്യത്തെ ബ്ലോഗ് അതല്ലേ.. അതാവും)
  ഗെഡീ തന്നെ തന്നെ!:)

  ഒരു ജാതി അലക്കാര്‍ന്നു ട്ടോ എരമ്പി!

  ReplyDelete
 17. അങിനെ അഭിമുഖവും ചിരിപ്പിച്ചു :-))

  ReplyDelete
 18. ഇന്നാ പിടി ദീപക്കേ ഒരു തൃശൂര്‍ ഭാഷാ സഹായി :)

  ReplyDelete
 19. അഭിമുഖനും അഭിമുഖിക്കും പെരുത്ത് നന്ദി..സരസമായ സംഭാഷണങ്ങൾ..അല്ലാതെ റാഡിക്കലായെങ്ങാനും പറഞ്ഞിരുന്നെങ്കിൽ..

  വിശാൽജിയുടെ രണ്ടാം പതിപ്പും ഗംഭീരവിജയമാകട്ടെ..

  ന്നാലും കൊടകര ഉണ്ടായത് ഇങ്ങനെയാണന്നറിയുമ്പോൾ..

  ReplyDelete
 20. ഗഡ്യേ ഇന്റർവ്യൂ തകർത്തുട്ടാ.

  ഈയിടെ നാട്ടിൽ പോയപ്പൊ കിട്ടിയ പുതിയ പ്രയോഗം

  മഡ് അടിക്കുക (പുക വലിക്കുക)

  ReplyDelete
 21. പൊളപ്പൻ അഭിമുഖം ! ചോദ്യോം കിടു, ഉത്തരോം കിടു !

  ReplyDelete
 22. എന്തോന്നാ ചേട്ടാ ഇത്? ഒരു താരപദവിയും ഉണ്ടൻപൊരിയും! എഴുതാനുള്ള ത്രില്ല് കണ്ട്രോൽ ചെയ്ത് വച്ചിരിക്കുന്നതാണ്. മൊത്തം ചില്ലറ അരവിന്ദ് ഒരു പോസ്റ്റിട്ടാൽ പിറ്റേ ആഴ്ച തന്നെ ഞാൻ കൊടകരപുരാണത്തിൽ വേറെ പോസ്റ്റിടും.

  അദ്ദാണുറുമീസ് :)

  കൊള്ളാം ദീപക്കേ.കലക്കി.

  ഒരു ഓഫ് ചോദ്യം :- ബ്ലോഗിലെ മോഹൻലാൽ എന്ന് ശ്രീരാമൻ മാഷ് വിളിച്ചതിനു ശേഷം മുടിയുടേയും ചിരിയുടേയും ഹവ്വെവർ(എന്തിനേറെപ്പറയുന്നു)തലമുടി പോലും ഒരു സൈഡിലോട്ട് ചെരിഞ്ഞോ എന്നൊരു സംശ്യേം.(ഒരു കണ്ണിന്റെ ചെരിവ് കോളേജ് കാലത്തേയുള്ളത് കാരണം വിട്ടുകളഞ്ഞതാ :)

  ReplyDelete
 23. വി എം

  വളരെ നന്ദി... കമന്റുകള്‍ എങ്ങനെ പോസ്റ്റിനെ പൂര്‍ണ്ണതയില്‍ എത്തിക്കാമെന്നതിന്റെ ഉദാഹരണം കൂടിയാണ് ആ പോസ്റ്റ്‌..

  ReplyDelete
 24. അഭിനന്ദനംസ് രണ്ടുപേര്‍ക്കും :)

  ReplyDelete
 25. അഭിമുഖം രസിച്ചു :)

  ഒ.ടി,

  കുറച്ച് ഗൗരവം എവിടേങ്കിലും കിട്ടുഎങ്കില്‍ കൊറച്ച് വാങ്ങിക്കാമായിരുന്നു.

  ReplyDelete
 26. ദീപക്കിന്റെ ചോദ്യങ്ങളും വിശാലത്തിന്റെ മറുപടികളും നന്നായി രസിച്ചു വായിച്ചു. രണ്ടുപേർക്കും നന്ദി.

  ഗുപ്തൻ പറഞ്ഞതിന്റെ സത്തമനസ്സിലായി. ശരിയാണ്. വിശാലൻ എന്ന വ്യക്തിയെ /ബ്ലോഗറെ നേരിൽ അറിയാത്ത ഒരാൾക്ക് ആളെപ്പറ്റിയുള്ള ഒരൽ‌പ്പം അറിവു നൽകുന്ന ചോദ്യങ്ങൾകൂടി ആവാമായിരുന്നു.

  ReplyDelete
 27. നല്ല ഇന്റര്‍വ്യൂ.....
  ആദ്യമായാണ്‌ ഒരു ഇന്റര്‍വ്യൂ ഇത്ര രസത്തില്‍ ഇരുന്നു വായിക്കുന്നത്..
  കാഫ്കയെയും നെരൂദയും വലിച്ചിഴയ്ക്കാത്ത,ജാടകളില്ലാത്ത കൊച്ചുവര്‍ത്തമാനം..
  :) :)

  ReplyDelete
 28. വിശാൽജീ‍ീ‍ീ‍ീ‍ീ

  ലൈൻ എത്രാന്നാ പറഞ്ഞത്.
  :)

  ReplyDelete
 29. വിശാൽജീ‍ീ‍ീ‍ീ‍ീ

  ലൈൻ എത്രാന്നാ പറഞ്ഞത്.
  :)

  ReplyDelete
 30. വിശാൽജീ‍ീ‍ീ‍ീ‍ീ

  ലൈൻ എത്രാന്നാ പറഞ്ഞത്.
  :)

  ReplyDelete
 31. നല്ല ചോദ്യങ്ങള്‍... രസികന്‍ മറുപടികള്‍... ഇതിലും കൂടുതല്‍ ഞങ്ങള്‍ക്കെന്തുവേണം... സൂപ്പര്‍

  ReplyDelete
 32. ചുമ്മാ ഒരു ചിരി ബാക്കി നിര്‍ത്തുന്ന അഭിമുഖം..രസ്സായി ട്ടോ

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts