അളുപുളി പറയുന്നു

നമ്മുടെ ബൂലോകത്തിന് വേണ്ടി ഈ അഭിമുഖം തയ്യാറാക്കിയത് : ദീപക് രാജ്


ആളുപുളി നമസ്കാരം

ഈ ആളുപുളി എന്നാല്‍ ബ്ലോഗിന്റെ പേരാണോ.. അതോ തൂലിക നാമമോ.. എന്താണ് ഇതിന്റെയര്‍ത്ഥം.


'ആളുപുളി' അല്ല 'അളുപുളി' ആണ്. 'അളുപുളി പറയുന്നു' എന്നാണ് ബ്ലോഗിന്റെ പേര്. ആദ്യം കുറെ നാള്‍ അനോണി ആയിരുന്നു.ഇപ്പോള്‍ അനോണി അല്ല.

എന്റെ ഒരു കസിന്റെ ഇരട്ടപ്പേരാണ് 'അളുപുളി'. എന്റെ നാട്ടില്‍ വളര പ്രശസ്തമായ പേരാണ്. അതിന്റെ അര്‍ഥം പറഞ്ഞു മനസിലാക്കാന്‍ എനിക്കറിയില്ല.നാട്ടുക്കാര്‍ ആരെങ്കിലും വായിച്ചാല്‍ എളുപ്പം മനസിലാവട്ടെ എന്ന് കരുതി. വേറെ പേരൊന്നും കിട്ടിയുമില്ല.


ഇപ്പോള്‍ പ്രവാസിയാണോ.. താങ്കളെ പറ്റി ഒന്ന് പറയാമോ..

പത്തനംതിട്ട ജില്ലയിലെ പൂങ്കാവ് ആണ് സ്വദേശം.ഇപ്പോള്‍ കുടുംബസമേതം അയര്‍ലണ്ടില്‍ ജീവിതം. കഴിഞ്ഞ അഞ്ചു വര്‍ഷമായി വെബ്‌ പ്രോഗ്രാമ്മര്‍ ആണ്.


ഒരു പുസ്തക നിരൂപകന്‍ എന്നനിലയില്‍ താങ്കള്‍ പ്രശസ്തനാണ്. പൊതുവേ എന്തുതരം കാര്യങ്ങളാണ് ബ്ലോഗില്‍ കൈകാര്യം ചെയ്യുന്നത്.

ഒരു പുസ്തക നിരൂപകന്‍ ആണ് എന്ന തെറ്റിധാരണ ഒന്നും എനിക്കില്ല.എട്ടോ ഒന്‍പതോ വര്‍ഷങ്ങള്‍ക്കു ശേഷം പുസ്തക വായന പുനരാരംഭിച്ചതില്‍ ഉള്ള സന്തോഷം, വായിക്കുന്ന പുസ്തകത്തെ പറ്റി അല്‍പ്പം എഴുതുന്നതിലൂടെ പങ്കു വയ്ക്കുന്നു .അത്ര മാത്രം.ഏഴോ എട്ടോ വര്‍ഷമായി ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നുടെങ്കിലും ബ്ലോഗ്‌ വായന തുടങ്ങിയത് വളരെ താമസിച്ചാണ്. ബ്ലോഗില്‍ ഞാന്‍ ഇന്നും ഒരു പുതുമുഖം ആണ്.സജ്ജീവന്റെയും അരവിന്ദന്റെയും ഒക്കെ ബ്ലോഗുകള്‍ വായിച്ചു തുടങ്ങിയപ്പോള്‍ അത് പോലെ നിലവാരത്തില്‍ എഴുതാന്‍ എനിക്കാവില്ല എന്ന് മനസിലായിരുന്നു. പിന്നെ ചില വാര്‍ത്തകള്‍ ഒക്കെ വായിക്കുമ്പോള്‍ പ്രതികരിക്കാന്‍ ഉള്ള ഒരു ആഗ്രഹം തോന്നി ബ്ലോഗ്‌ എഴുത്ത് തുടങ്ങിയതാണ്‌. നര്‍മ്മമോ മറ്റോ മാത്രമായി കൈകാര്യം ചെയ്യാന്‍ ആവില്ല. അതുകൊണ്ട് കൂടുതലും രാഷ്ട്രീയ സാമൂഹിക വിമര്‍ശനങ്ങളും അഭിപ്രായ പ്രകടനങ്ങളും ആയി. അല്‍പ്പം നര്‍മ്മം, കവിത ഒക്കെ പരീക്ഷിച്ചിട്ടുണ്ട്. ഒരു 'ടൈപ്പ്' ബ്ലോഗ്ഗര്‍ ആവാത്തത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നു. എന്തിനെ പറ്റിയുംഎഴുതാമല്ലോ.


ബ്ലോഗ്‌ വിവാദങ്ങളെ എങ്ങനെ കാണുന്നു... വിവാദങ്ങള്‍ ഇഷ്ടമാണോ..

ആശയപരമായ വിവാദങ്ങള്‍ നല്ലത് തന്നെ. അത് വായനക്കാരുടെ അറിവ് വര്‍ധിപ്പിക്കും എന്നാണ് എന്റെ വിശ്വാസം.പക്ഷെ ചില വ്യക്തികള്‍ വെറുതെ ശ്രദ്ധ കിട്ടാന്‍ വേണ്ടി വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് കാണുമ്പൊള്‍ സഹതാപം തോന്നും. ഏറ്റവും നല്ല ഉദ്ദാഹരണം അടുത്തിടെ ഇഞ്ചി യുമായി ബന്ധപ്പെട്ട് ആശയപരമായ പൊള്ളത്തരം കാരണം വ്യക്തിഹത്യ നടത്തി ശ്രദ്ധ പിടിച്ചു പറ്റാന്‍ നടത്തിയ ശ്രമം. ബ്ലോഗ്‌ ലോകത്ത് പല തരക്കാരുണ്ടാവും എന്ന് ആശ്വസിക്കാം.


ഇടയ്ക്ക് കവിതകള്‍ എഴുതിയിരുന്നല്ലോ. കവികളുടെ ഭാഷയെക്കുറിച്ച് എന്തുപറയുന്നു.

സ്കൂളില്‍ പ്രായമുള്ള നല്ല മലയാളം അദ്ധ്യാപകര്‍ കവിതകള്‍ പഠിച്ചപ്പോള്‍ അത് നന്നായി ആസ്വദിച്ചിരുന്നു. ഭാവിയില്‍ ഒരു വല്യ കവി ആവണം എന്ന് ആഗ്രഹിച്ചിരുന്നു. പ്രാസവും വൃത്തവും ഒക്കെ ചേര്‍ത്ത് 'മസില്‍' പിടിച്ചു ചില വരികള്‍ എഴുതിയിട്ടുണ്ട്. പക്ഷെ പിന്നീട് കവിതകള്‍ സ്വയം വായിച്ചു മനസിലാക്കാന്‍ ഉള്ള ഒരു ക്ഷമ ഇല്ലാത്തതു കാരണം കവിതാ വായന നിര്‍ത്തി.
പിന്നെ ഈയിടെ ബ്ലോഗില്‍ കവിതകളെ പറ്റി വിവാദം ഉണ്ടായപ്പോള്‍ ഞാനും ഒന്ന് രണ്ടു കവിത (?) കള്‍ എഴുതി പോയി. കവിതകള്‍ വായിച്ചു അഭിപ്രായം പറയുന്ന കുറെ അധികം ‍ ആളുകള്‍ ബ്ലോഗില്‍ ഉണ്ടെന്നു മനസിലായി. ഇനി കവിത എഴുതിയാല്‍ നിലവാരം ഉണ്ടാവണം എന്ന് ആഗ്രഹം. അതുകൊണ്ട് പിന്നീട്എഴുതിയിട്ടില്ല.


താങ്കളുടെ വായനാശീലത്തെ പറ്റി ഒന്ന് പറയാമോ..

വളരെ ചെറുപ്പം മുതലേ വായിക്കുന്ന സ്വഭാവം ഉണ്ട്. കടയില്‍ നിന്ന് സാധനങ്ങള്‍ പൊതിഞ്ഞു കിട്ടുന്ന പേപ്പര്‍ പോലും ഓടിച്ചു വായിക്കാതെ കളയില്ലായിരുന്നു.
ബാലരമ,പൂമ്പാറ്റ തുടങ്ങിയവയിലൂടെ 'മാ' വാരികകളില്‍ എത്തി. മനോരമയിലെ ജോസി വാഗമാറ്റം സൃഷ്ട്ടിച്ച 'ലോറിക്കാരന്‍ നോബിള്‍' എന്ന കഥാപാത്രം മൂന്നോ നാലോ നോവലുകളില്‍ വന്നിട്ടുണ്ട്. അതൊക്കെ ആവേശത്തോടെ ഓരോ ആഴ്ചയും കാത്തിരുന്ന് വായിച്ചിട്ടുണ്ട്. കോളേജ് കാലത്ത് 'പമ്മന്‍' ,'അപസര്‍പ്പക' നോവലുകള്‍ വായിച്ചു തുടങ്ങി. 'ഷേര്‍ലോക്ക് ഹോംസ്' കഥകള്‍ ഒരു കാലത്തെ ആവേശം ആയിരുന്നു. അതിനു ശേഷം എം.ടി, ബഷീര്‍,പൊറ്റക്കാട്,മലയാറൂര്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ എഴുതുക്കാരുടെ പുസ്തകങ്ങള്‍ വായന ശാലകളില്‍ നിന്നും വായിച്ചു തുടങ്ങി. ആനന്ദിന്റെ ഒക്കെ ചില പുസ്തകങ്ങള്‍ വായിച്ചു മനസില്ലാക്കാന്‍ ഉള്ള ക്ഷമ ഇല്ലാത്തതു കാരണം തിരിച്ചു കൊടുത്തിട്ടുണ്ട്‌. ഉദ്ദേശിച്ചത് 'നെരുദ', 'കാഫ്ക' തുടങ്ങിയ ഗൌരവതരമായ (പൊങ്ങച്ച ?) വായന ഇല്ലായിരുന്നു എന്ന് മാത്രം. ഏഴെട്ടു വര്ഷം മുമ്പ് കേരള വിട്ടപ്പോള്‍ പുസ്തക വായന അവസാനിച്ചതാണ്. പിന്നെ ഈയിടെ ആണ് കുറെ പുസ്തകങ്ങള്‍ നാട്ടില്‍ നിന്നും വാങ്ങി വായന തുടങ്ങിയത്. കൂടുതലും ഓര്‍മ്മ കുറിപ്പുകളും ആത്മ കഥകളും ഒക്കെ ആണ്. അതെ പറ്റി ആണ് മുമ്പ് സൂചിപ്പിച്ച പോലെ പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയത്.


ബ്ലോഗ്‌ ചങ്ങാത്തം, ബ്ലോഗ്‌ മീറ്റുകള്‍ തുടങ്ങിയവയെ പറ്റി എന്താണ് കാഴ്ചപ്പാട്.

ഒരു പുതുമുഖമായ എനിക്ക് ബ്ലോഗില്‍ വ്യക്തിപരമായ സൌഹൃദങ്ങള്‍ വളരെ കുറവാണ്. സ്ഥിരമായി കമന്റ്‌ ഇട്ട് എന്നെ പ്രോത്സാഹിപ്പിക്കുന്ന ചില ബ്ലോഗ്ഗര്‍മാറുണ്ട്. അവരെ ഒക്കെ ബ്ലോഗിലൂടെ എനിക്ക് അറിയാം. ബ്ലോഗ്‌ പരസ്പരം കാണാത്ത ഒട്ടേറെ സൌഹൃദങ്ങളുടെ ഒരു കൂട്ടായ്മ്മയാണ്.ആശയപരമായ വിവാദങ്ങള്‍ ഉണ്ടാവും എങ്കിലും പരസ്പരം നേരിട്ട് കണ്ടാല്‍ ചിരിച്ചു കെട്ടിപ്പിടിക്കാത്ത ബ്ലോഗ്ഗര്‍മാര്‍ ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം. ബ്ലോഗ്‌ മീറ്റ്‌ വളരെ നല്ല കാര്യം ആണ്. പരസ്പരം ഒന്ന് നേരിട്ട് കാണുക, സൌഹൃദം പങ്കു വയ്ക്കുക.


ബ്ലോഗില്‍ വന്നതിന്റെ നേട്ടം എന്താണ്..

കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നും മലയാളം വായിക്കാന്‍ ഉള്ള അവസരം. പിന്നെ ആനുകാലിക സംഭവങ്ങളില്‍ എല്ലാ വിധ അഭിപ്രായങ്ങളും വായിച്ചു മനസിലാക്കാന്‍ സാധിക്കുന്നു. പിന്നെ ചില നല്ല ഹാസ്യം. പോസ്റ്റിനെ വെല്ലുന്ന നല്ല കമ്മന്റുകള്‍. മൊത്തത്തില്‍ രസകരവും, വിജ്ഞാനപ്രദവും.
ഒരു സാമൂഹ്യജീവി എന്ന നിലയില്‍, പ്രത്യേകിച്ച് ലോകത്തുള്ള എന്തിനെ പറ്റിയും അഭിപ്രായം പറയുന്ന മലയാളീ സ്വഭാവവും ഒക്കെ ചേര്‍ന്ന് ഞാനും ഒരു ബ്ലോഗ്‌ എഴുത്തുക്കാരന്‍ ആയി പോയി എന്ന് മാത്രം.


രാഷ്ട്രീയ വിമര്‍ശനം ചിലപ്പോഴൊക്കെ കാണാറുണ്ട്‌. ഒപ്പം സാമൂഹിക വിമര്‍ശനവും. താങ്കള്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണോ..

മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല.

കുടുംബപരമായി കോണ്‍ഗ്രസ്‌ അനുകൂലം ആയിരുന്നു. പിന്നെ കൂടുതല്‍ വായനയിലൂടെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പറ്റി മനസ്സിലാക്കി. ഇടതു പക്ഷ ആഭിമുഖ്യവും , ആര്‍.എസ്.എസ്
ആഭിമുഖ്യവും ഒക്കെ തോന്നിയിട്ടുണ്ട്. പക്ഷെ എല്ലാത്തിന്റെയും പ്രതികൂല വസ്തുതകളും അറിഞ്ഞപ്പോള്‍ ആകെ ഒരു 'കണ്‍ഫ്യൂഷന്‍' ആണിപ്പോള്‍. ഇതില്‍ നിന്ന് നല്ലത് തിരഞ്ഞെടുക്കാന്‍ ആവുന്നില്ല. സ്വാതന്ത്ര്യം നേടി അറുപതോളം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 'ഉള്ളവനും' 'ഇല്ലാത്തവനും' തമ്മില്‍ ഉള്ള അന്തരം ഭാരതത്തില്‍ മാറ്റമില്ലാതെ തുടരുന്നതില്‍ കോണ്‍ഗ്രസിനെ മാത്രമേ പഴിക്കൂ.


ഇപ്പോള്‍ ബ്ലോഗില്‍ ആശയ ദാരിദ്ര്യം പൊതുവേ കാണപ്പെടുന്നു എന്ന് തോന്നുന്നോ..

പണ്ട് ഹാസ്യം ആണ് ബ്ലോഗില്‍ കൂടുതല്‍ 'ഹിറ്റ്‌' ആയിരുന്നത് എന്ന് തോന്നുന്നു. ഇന്ന് വളരെ ഗൌരവ മായ വിഷയങ്ങളിലും ബ്ലോഗ്‌ എഴുതുന്നവര്‍ ഉണ്ട്. ആശയ ദാരിദ്ര്യം എനിക്കുണ്ട്. പക്ഷെ മൊത്തം ബ്ലോഗില്‍ അതുണ്ടെന്നു തോനുന്നില്ല. പിന്നെ എല്ലാവര്ക്കും 'കൊടകര പുരാണം' പോലെ എഴുതാന്‍ ആവില്ല. അങ്ങനെ പ്രതീക്ഷിക്കരുത്.


ബ്ലോഗിന്റെ വളര്‍ച്ചയ്ക്കായി എന്തൊക്കെ ബ്ലോഗര്‍മാര്‍ ചെയ്യണം എന്നാണ് തോന്നുന്നത്.

ബ്ലോഗ്‌ വായിക്കുക. അഭിപ്രായം പറഞ്ഞു പ്രോത്സാഹിപ്പിക്കുക.


ബ്ലോഗ്‌ വെറും കുളിമുറി സാഹിത്യം മാത്രമാണെന്ന അച്ചടി മാധ്യമങ്ങളുടെ വിമര്‍ശനത്തെ എങ്ങനെ കാണുന്നു..

അച്ചടി മാധ്യമങ്ങള്‍ വായിക്കുന്നവരുടെ എണ്ണം കുറയുന്നു എന്നാണ് ഞാന്‍ കരുതുന്നത്.
എന്തായാലും ബ്ലോഗ്‌ 'കുളിമുറി സാഹിത്യത്തിലും' ഒക്കെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ട്.
അച്ചടി മാധ്യമത്തിലും എന്താ ചവറുകള്‍ ഇല്ലേ? വായനക്കാരുടെ പ്രതികരണങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ ബ്ലോഗിലൂടെ സാധിക്കും. ചവറുകള്‍ വരും... പോകും.


ബ്ലോഗില്‍ പോസ്റ്റായ കഥകളും സാഹിത്യങ്ങളും പുസ്തകമാക്കുന്നതും എഴുത്തുകാര്‍ പുസ്തകമാക്കിയതും തമ്മില്‍ അജഗജാന്തരം ഉണ്ടെന്ന വാദം അംഗീകരിക്കുന്നോ..

കഥകള്‍ എല്ലാം കഥകള്‍ അല്ലെ. ഒരു പുസ്തകം വായിച്ചാല്‍ അത് ബ്ലോഗ്‌ ആണോ അല്ലയോ എന്ന് പ്രത്യേകം പറയാതെ എങ്ങനെ അറിയും.എനിക്കൊരു വ്യത്യാസവും തോന്നുന്നില്ല.


പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്.

എഴുതണം എന്ന് തോന്നുന്നത് എന്തും എഴുതുക. പിന്നെ നല്ല പോസ്റ്റുകള്‍ക്ക്‌ പോലും കമന്റുകള്‍ കിട്ടിയില്ലെങ്കിലും വീണ്ടു എഴുതുക.


ഇനി എന്തൊക്കെയാണ് ബ്ലോഗില്‍ ചെയ്യണം എന്ന് കരുതുന്നത്.

അങ്ങനെ ഭാവിയെ പറ്റി വല്യ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല.


ബ്ലോഗര്‍ ആയതില്‍ ആത്മസംതൃപ്തി തോന്നുന്നുണ്ടോ..

എന്റെ അഭിപ്രായവും പറയാനും എഴുതാനും സാധിക്കുന്നതില്‍ സംതൃപ്തി ഉണ്ട്. പിന്നെ കുറച്ചു പേര്‍ വായിക്കുന്നുണ്ട് എന്നതില്‍ സന്തോഷവും.


അവസാനാമായി എന്തെങ്കിലും:
ഇങ്ങനെ എന്റെ ജീവിതത്തിലെ ആദ്യത്തെ അഭിമുഖം നടത്തിയതിന്
"നമ്മുടെബൂലോകം" ടീമിന് നന്ദി.
പിന്നെ എന്റെ പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവര്ക്കും നന്ദി.


അഭിമുഖത്തിനു നന്ദി..

നമ്മുടെ ബൂലോകത്തിന് വേണ്ടി ഈ അഭിമുഖം തയ്യാറാക്കിയത് : ദീപക് രാജ്

13 Responses to "അളുപുളി പറയുന്നു"

 1. അളുപുളിയ്ക്കും ദീപക്കിനും ആശംസകള്‍.

  ReplyDelete
 2. രണ്ടുപേർക്കും ആശംസകൾ..

  ReplyDelete
 3. നല്ല അഭിമുഖം. ആശംസകള്‍..

  (അളുപുളിയുമായി അഭിമുഖം, നടത്തുന്നത് ദീപക്ക്, അളുപുളി ഇപ്പോള്‍ അയര്‍ലണ്ടില്‍..നാട് പത്തനം തിട്ട ജില്ലയില്‍....)

  എവിടെക്കൊയോ എന്തൊക്കെയോ മണക്കുന്നുണ്ടല്ലോ :)

  ReplyDelete
 4. നല്ല അഭിമുഖം.

  സത്യത്തില്‍ എനിക്ക് 'അളുപുളി'യെ അറിയില്ലായിരുന്നു. അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം!
  ദീപക്കും അയര്‍ ലണ്ടില്‍ തന്നെ അല്ലെ?

  പിന്നെ എന്താണ് അഭിമുഖത്തില്‍ പ്രശ്നം സന്തോഷ്‌?

  ReplyDelete
 5. Click on the image. This will lead to John's Blog

  ReplyDelete
 6. സന്തോഷേ...!

  ഞങ്ങള്‍ രണ്ടാളും മാത്രമല്ല അയര്‍ലണ്ടില്‍.. ജുനൈത്, അഭിലാഷ്, പ്രവാചകന്‍ , തൃശ്ശൂക്കാരന്‍ തുടങ്ങി കുറേപ്പേര്‍ ബ്ലോഗ്‌ എഴുത്തുകാര്‍ ആയി ഇവിടെയുണ്ട്... വേറെ ചിലര്‍ കൂടി ഉണ്ട്.. അവരുടെ പേര് പറയാന്‍ ബുദ്ധിമുട്ടുണ്ട്... ഇപ്പോഴും പേരോ ലോക്കെഷനോ പറയാന്‍ അവര്‍ക്ക് തല്പര്യമില്ലതതുകൊണ്ടാണ് ...

  ReplyDelete
 7. പ്രിയ ജയന്‍ ഡോക്ടര്‍

  ഞാന്‍ ഇപ്പോഴും അയര്‍ലണ്ടില്‍ തന്നെയാണ്.. ഇടയ്ക്ക് നാട്ടില്‍ വന്നിരുന്നു.. ചില കാരണങ്ങളാല്‍ നേരില്‍ കാണാന്‍ കഴിഞ്ഞില്ല. അടുത്ത തവണ വരുമ്പോള്‍ തീര്‍ച്ചയും നേരില്‍ കാണാം..

  ReplyDelete
 8. മുന്‍പ് ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു ബ്ലോഗിനേം ബ്ലോഗറെം പരിചയപ്പെടുത്തിയതിന് നന്ദി ദീപക്ക്. ആശംസകള്‍ അളുപുളി :)

  ReplyDelete
 9. എന്റെ ബ്ലോഗ്‌ കൂടുതല്‍ പേര്‍ ശ്രദ്ധിക്കാന്‍ ഇടയാക്കിയ ഈ അഭിമുഖം നടത്തിയ 'നമ്മുടെ ബൂലോക' ത്തിന് നന്ദി.

  ReplyDelete
 10. നല്ല ചോദ്യങളും നല്ല ഉത്തരങളും!
  പൂങ്കാവ് ബ്ലോഗില്‍ രചനകളുടെ ഒരു പൂങ്കാവനം തന്നെ സൃഷ്ടിക്കട്ടെ എന്നാശംസിക്കുന്നു!

  ReplyDelete
 11. ഞാന്‍ വരുന്നു, എന്‍റെ കഥകളുമായി. പ്രിയ ബ്ലോഗ്‌ സുഹൃത്തുക്കളെ വരിക.
  എന്‍റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
  http://vayalpaalam.blogspot.com

  ReplyDelete
 12. ബ്ലോഗിനെക്കുറിച്ചു പൊതുവിലും, എന്റെ ബ്ലോഗെഴുത്തിനെക്കുറിച്ച് വിശേഷിച്ചും ചിന്തിക്കാൻ പ്രേരിപ്പിച്ചു ഈ അഭിമുഖം. വളരെ ഷാർപ്പായ ചോദ്യങ്ങൾ, ഷാർപ്പായ ഉത്തരങ്ങൾ.

  ഒപ്പം ചോദിക്കട്ടെ: ബ്ലോഗ് സാഹിത്യത്തിന്റെ ഭാവി (നിലവാരം) എന്തായിരിക്കും?

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts