വീട്ടിലേക്കിനി അല്പദൂരം ...

മുസ്തഫയ്ക്കൊരു വീട് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുക്കുന്ന വേളയില്‍ ബ്ലോഗര്‍ മൈന ഉമൈബാന്‍ എഴുതുന്നു.
മുസ്‌തഫക്കൊരു പുസ്‌തകം എന്ന പേരില്‍ മുമ്പ്‌ എഴുതിയ കൊച്ചുപോസ്‌റ്റില്‍ നിന്ന്‌ ഇന്നു നമ്മള്‍ മുസ്‌തഫയ്‌ക്കൊരു വീടെന്ന യാഥാര്‍ത്ഥ്യത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌.

മരത്തില്‍ നിന്ന്‌ വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്‌തഫക്ക്‌ വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ഒരു പുസ്‌തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്‌തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌, വേറെ പുസ്‌തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്‌തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്‌തഫക്ക്‌ പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്‌ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്‌തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ്‌ മുസ്‌തഫയ്‌ക്കുള്ള യഥാര്‍ഥ ഇല്ലായ്‌മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്‌ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്‌തഫ.

മുസ്‌തഫയ്‌ക്കൊരു പുസ്‌തകമെന്നേ അന്നു കരുതിയിരുന്നുള്ളൂ.
പക്ഷേ, പുസത്‌കത്തില്‍ തുടങ്ങിയ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ്‌ വീട്ടിലേക്കെത്തിയത്‌. ആദ്യം നിരക്ഷരനും മുരളികയും മുസ്‌തഫയെ നേരിട്ട്‌ കണ്ടു. പിന്നെ മൂന്നൂരാനും ഞാനും. പലരും മുസ്‌തഫയെ വിളിച്ച്‌ സംസാരിച്ചു. പുസ്‌തകത്തിനൊപ്പം പലരും ധനസഹായവുമായി എത്തി. ബൂലോകകാരുണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ്‌ സുലൈഖയുടെയും എന്റെയും പേരില്‍ കാലിക്കറ്റ്‌ കോ ഓപ്പറേറ്റീവ്‌ അര്‍ബന്‍ ബാങ്കില്‍ ജോയിന്റ്‌ അക്കൗണ്ട്‌ എടുത്തത്‌.
ചെറിയ ചെറിയ സഹായങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോള്‍, പിന്നെയത്‌ വീടെന്ന സ്വപ്‌നത്തിലേക്കെത്തി.
ആദ്യമൊക്കെ ഇങ്ങനൊരു സ്വപ്‌നം കാണാന്‍ കഴിയുമോ എന്നു ആശങ്കയുണ്ടായിരുന്നു. അത്‌ പലപ്പോഴും നിരക്ഷരനോടും മൂന്നൂരാനോടും പറയുകയും ചെയ്‌തു. അപ്പോഴൊക്കെ അവര്‍ ധൈര്യപ്പെടുത്തി. എന്നാലും ധൈര്യം പോരായിരുന്നു. മുസ്‌തഫക്ക്‌ വെറുതേ വേണ്ടാത്ത സ്വപ്‌നം കൊടുക്കണോ എന്ന്‌. അതുകൊണ്ടു തന്നെ ഇടയ്‌ക്കിടക്ക്‌ മുസ്‌തഫയെ വിളിച്ചു പറയും ഇത്‌ വെറും ശ്രമമാണ്‌. പരമാവധി ശ്രമിച്ചു നോക്കാം എന്ന്‌.

നമ്മുടെ ബ്ലോഗേഴ്‌സ്‌ ഒററക്കും കൂട്ടായും സഹായിച്ചു. കൂടാതെ ഗള്‍ഫ്‌ില്‍ മാധ്യമത്തിലും മലയാളം ന്യൂസിലും കൊടുത്ത വാര്‍ത്ത കണ്ട്‌ ഒരുപാടുപേര്‍ സഹായിച്ചു. വലുതും ചെറുതുമായ സഹായങ്ങള്‍. ഇങ്ങനെ കിട്ടിയതില്‍ നല്ലൊരു പങ്കും ഗള്‍ഫ്‌ നാടുകളില്‍ നിന്നായിരുന്നു എന്ന്‌ മാത്രമല്ല വളരെ കുറഞ്ഞ വേതനത്തിന്‌ അവിടെ ജോലി ചെയ്യുന്ന നല്ലൊരു കൂട്ടം മലയാളികളാണ്‌ വളരെ ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി അയച്ചുതരുന്നതില്‍ മുന്നില്‍ നിന്നത്‌.

മുസ്‌തഫക്കൊരു പുസ്‌തകം എന്ന പോസ്‌റ്റും മൂന്നൂരാന്‍ എഴുതിയ 'ബ്ലോഗെഴുത്ത്‌ വെറുമെഴുത്തല്ല' എന്ന പോസ്റ്റും മാതൃഭൂമി ബ്ലോഗനയില്‍ വരുകയുണ്ടായി.
ബ്ലോഗനയില്‍ കണ്ടതുകൊണ്ടുമാത്രമാണ്‌ ഹാരൂണ്‍ സാഹിബിനെ പരിചപ്പെടാനിടയായത്‌. മുസ്‌തഫ കിടപ്പിലായിരുന്നതുകൊണ്ട്‌ കിടക്കപ്പുണ്ണുവന്ന്‌ തിരിയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട്‌ ഇഖ്‌റ ഹോസ്‌പിററലില്‍ ഓപ്പറേഷനും ചികിത്സക്കും വേണ്ടി ഒന്നരമാസത്തോളം മുസ്‌തഫ കിടന്നു. ഹാരൂണ്‍ സാഹിബിന്റെ സഹായത്തിലാണ്‌ അതു സാധിച്ചത്‌.

പല ബ്ലോഗുകളിലും, കള്‍ച്ചറല്‍ & ബാങ്കിംഗ്‌ സോളിഡാരിറ്റി മാസിക, കോഴിക്കോട്‌ ജില്ലാസഹകരണബാങ്കിന്റെ അകത്തളം മാസിക, അമൃത ടി വി, സഹയാത്ര , നാട്ടുപച്ച, മാസികകളില്‍ മുസ്‌തഫയെക്കുറിച്ചു വന്നു. ( ഏതെങ്കിലും വിട്ടുപോയോ എന്തോ? & ക്ഷമിക്കുക, ഓര്‍മിപ്പിക്കുക)

സഹായിച്ചവരുടെ പേരുകള്‍ പേരെടുത്തു പറയുന്നില്ല. പുസ്‌തകങ്ങള്‍ അയച്ചുകൊടുത്തും സാമ്പത്തികസഹായം ചെയതവരും മാത്രമല്ല മാനസീക പിന്തുണ നല്‌കിയവരും എല്ലാവര്‍ക്കും നന്ദി എന്ന വാക്കെങ്ങനെ മതിയാകും? വാക്കുകളുടെ പരിമിതി വല്ലാതെ തിരിച്ചറിയുന്നതിപ്പോഴാണ്‌.ഇതിനിടയില്‍ അമേരിക്കയില്‍ നിന്നുള്ള ഫോമ എന്ന സംഘടനയുടെ ഭാരവാഹികളായ അനിയന്‍ ജോര്‍ജ്ജ്‌, ടൈറ്റസ്‌ എന്നിവരുമായി മുസ്‌തഫയുടെ കാര്യങ്ങള്‍ നിരക്ഷരന്‍ ചര്‍ച്ച ചെയ്‌ത്‌ അതുവഴി മുസ്‌തഫയ്‌ക്ക്‌ ഒരു വീടുണ്ടാക്കിക്കൊടുക്കുന്ന കാര്യത്തെപ്പറ്റിയുള്ള ആലോചനകളിലേക്ക്‌ കാര്യങ്ങള്‍ ചെന്നെത്തുകയുമുണ്ടായി. ഫോമ കേരളത്തിലങ്ങോളമിങ്ങോളമായി അശരണര്‍ക്കായി 25 വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നതില്‍ ഒരു വീട്‌ മുസ്‌തഫയ്‌ക്ക്‌ വേണ്ടി നല്‍കാമെന്ന്‌ അവര്‍ വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.

മുസ്‌തഫയുടെപേരില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന ഒരു പുരയിടവും അതില്‍ ഒരു കൊച്ചു വീട്‌ നിര്‍മ്മിക്കേണ്ടതിലേക്കാവശ്യമായ തറയും അതില്‍ പണികഴിപ്പിക്കേണ്ട വീടിന്റെ പ്ലാനും മാത്രമാണ്‌ ഫോമയ്‌ക്ക്‌ വീട്‌ നിര്‍മ്മാണത്തിലേയ്‌ക്ക്‌ ആവശ്യമായിട്ടുള്ളത്‌.

ഇക്കാര്യത്തിലേക്കായി പെയിന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കിന്റെ ഭാരവാഹികള്‍ ഐക്കരപ്പടിയിലും സമീപപ്രദേശത്തുമൊക്കെയായി നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ അനുയോജ്യമായ ഒരു സ്ഥലം കണ്ടുപിടിക്കുകയും ആ സ്ഥലം വാങ്ങുന്നതിനായി 3 ലക്ഷം രൂപ കൊടുത്ത്‌ കരാര്‍ എഴുതുകയുമുണ്ടായി. ഈ സ്ഥലത്ത്‌ ഇപ്പോള്‍ത്തന്നെ ഒരു വീടിനുള്ള തറ കെട്ടിയിട്ടിട്ടുണ്ട്‌ എന്നത്‌ വലിയൊരു അനുഗ്രഹവുമായി.

സ്ഥലം രജിസ്റ്റര്‍ ചെയ്യാനാവശ്യമായ ബാക്കി പണം ( 1.25 ലക്ഷം )സമാഹരിക്കാനുള്ള തീവ്രയജ്ഞവും ഇതിനോടൊപ്പം നടന്നുകൊണ്ടിരിക്കുന്നു. ഫോമയുടെ വീടുകള്‍ എല്ലാം 2010 ജനുവരി മാസത്തില്‍ താക്കോല്‍ ദാനം നിര്‍വ്വഹിക്കണമെന്നുള്ളതുകൊണ്ടും മറ്റ്‌ വീടുകളുടെയൊക്കെ പണികള്‍ ഒരുപാട്‌ പുരോഗമിച്ചു എന്നുള്ളതുകൊണ്ടും മുസ്‌തഫയ്‌ക്ക്‌ വേണ്ടി വാങ്ങാനായി അഡ്വാന്‍സ്‌ കൊടുത്തിട്ടുള്ള സ്ഥലം ഉടനെ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ട ഒരു ആവശ്യമാണ്‌ ഇപ്പോള്‍ നമുക്ക്‌ മുന്‍പില്‍ ഉള്ളത്‌.

ലോകത്തിന്റെ പലഭാഗത്തായി ജീവിക്കുന്ന, ഒരിക്കല്‍പ്പോലും നേരിട്ട്‌ കാണാതെ സൌഹൃദം പങ്കുവെച്ച്‌ കഴിയുന്ന നല്ലമനസ്സുകള്‍ ഒന്നാകുമ്പോള്‍ , 'എനിക്കൊരു ഒരു പുസ്‌തകം വായിക്കാന്‍ തന്ന്‌ എന്റെയീ മുരടിപ്പിക്കുന്ന കിടപ്പിന്‌ അല്‍പ്പം ആശ്വാസമേകൂ' എന്ന്‌ പറഞ്ഞ മുസ്‌തഫക്ക്‌ ഒരു വീടും പുരയിടവും തന്നെയാണ്‌ ബ്ലോഗിന്റെ അതിര്‍വരമ്പുകളൊക്കെ ഭേദിച്ച്‌ നമ്മള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്നത്‌. നമുക്ക്‌ അത്യധികം അഭിമാനിക്കാനാവുന്ന ഒരു മുഹൂര്‍ത്തത്തിലേക്ക്‌ ഇനി അല്‍പ്പം ദൂരമേ ബാക്കിയുള്ളൂ. എല്ലാ നല്ലമനസ്സുകള്‍ക്കും ഒരിക്കല്‍ക്കൂടെ നന്ദിപറഞ്ഞുകൊണ്ട്‌ ..........


SB V A/C No.15
myna Umaiban & Sulaikha
(Mustafakkoru Veedu)
Calicut Co-Op Urban Bank, Kallai Road, Calicut -210904100001990

പി. ടി. മുഹമ്മദ്‌ സാദിക്കിന്റെ(munnooran blogspot.com) പേരില്‍ ഫെഡറല്‍ ബാങ്ക്‌, മുക്കം ശാഖയിലെ നമ്പറാണിത്‌. ഓണ്‍ലൈന്‍ ട്രാന്‍സഫറിന്‌ ആര്‍ക്കും ഈ അക്കൗണ്ട്‌ ഉപയോഗിക്കാം.

1 Response to "വീട്ടിലേക്കിനി അല്പദൂരം ..."

  1. അഭിനന്ദനങ്ങൾ മൈനാ....!
    ധൈര്യമായി മുമ്പോട്ടു പോകൂ..

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts