അപ്പു എഴുതുന്ന ലേഖനം
കഴിഞ്ഞ കുറേ നാളുകളായി ടി.വി യിൽ വാർത്തകൾ കാണുമ്പോൾ, കേരളത്തിനും മലയാളികൾക്കും എന്തുപറ്റി എന്നു മൂക്കത്തുവിരൽ വച്ചു ചോദിച്ചുപോകുന്ന അവസ്ഥയിലാണു ഞാൻ.കഴിവതും വാർത്തകൾ കണ്ടു സമയം കളയാറില്ല, എങ്കിലും കാറിൽ യാത്രചെയ്യുമ്പോൾ റേഡിയോയിൽ കേൾക്കാറുണ്ട്. പ്രത്യേകിച്ചും വാർത്തകളോടുള്ള പ്രതികരണങ്ങളിൽ നമ്മുടെ കേരളം ഈയിടെ പ്രതികരിക്കുന്ന രീതികൾ അതിശയവും ഒപ്പം നൈരാശ്യവും ഉളവാക്കുന്നു. കേരളത്തിലെ സാമാന്യജനങ്ങളെ ഈ സ്ഥിതിയിലേക്ക് എത്തിച്ചതിൽ നമ്മുടെ വാർത്താമാദ്ധ്യമങ്ങൾക്ക് ഒരു വലിയ പങ്കുണ്ടെന്ന വസ്തുത ഒരു യാഥാർത്ഥ്യമാണ് - പ്രത്യേകിച്ചും ടി.വി. ചാനലുകൾക്ക്. മൊബൈൽ ലൈവ് ടെലിക്കാസ്റ്റ് സംവിധാനങ്ങൾ ഇപ്പോൾ എല്ലാ ചാനലുകൾക്കും സ്വന്തമായുണ്ട്. അതിന്റെ പിൻബലത്തിൽ ആളെക്കൂട്ടാനും, മറ്റുചാനലുകൾക്ക് ലഭ്യമാവുന്നതിനു ഒരു മിനിട്ട് മുമ്പെങ്കിലും എന്തെങ്കിലുമൊരു ‘ബ്രേക്കിംഗ് ന്യൂസ്’ കാണിക്കാനുമുള്ള തത്രപ്പാടിലാണ് എല്ലാ മലയാളം ടി.വി ചാനലുകളും. വാർത്തകളുടെ ഉറവിടങ്ങൾ തേടിയുള്ള ഈ പരക്കംപാച്ചിലും ധൃതിയും പലപ്പോഴും വേണ്ടത്ര അന്വേഷണം നടത്തി വാർത്തകളുടെ നിജസ്ഥിതി അറിഞ്ഞശേഷം പ്രസിദ്ധപ്പെടുത്താനുള്ള സാവകാശം അവർക്ക് നൽകുന്നുമില്ല.
തങ്ങളുടെ എതിരാളിച്ചാനൽ വാർത്തകൊടൂക്കുന്നതിന് ഒരു നിമിഷം മുമ്പ് ഒരു വാർത്ത തങ്ങളുടെ ടി.വി ചാനലിൽ എത്തിക്കുവാനുള്ള വെമ്പലിൽ ക്രൈം സീനുകളും, കൊലപാതകത്തിൽ വെട്ടിമുറിക്കപ്പെട്ട ദേഹങ്ങളും, അക്രമങ്ങളും എല്ലാം നമ്മുടെ സ്വീകരണമുറിയിലെത്തുന്നു. ഗുണ്ടകളും സാ
മൂഹ്യവിരുദ്ധരും വരെ വാർത്തകളിൽ അവരുടെ നിലപാടുവ്യക്തമാക്കുന്നു! മൃതദേഹങ്ങളോടും, പരിക്കേറ്റവരോടും കാണിക്കേണ്ട മിനിമം മര്യാദയും, മാധ്യമ എത്തിക്സും ഒന്നും ആർക്കും ഒരു വിഷയമേ ആകുന്നില്ല. ഒരു മണിക്കൂറോളം നീളുന്ന പ്രൈം ന്യൂസുകളിൽ അധികനേരവും ഒരോ ചാനലും അവരവരുടെ ചിന്താധാരകൾ പ്രേക്ഷകനെ അടിച്ചേൽപ്പിക്കുന്ന തിരക്കിലാണ്. ഒരു വാർത്തയെ അവരുടെ വീക്ഷണകോണിലൂടെ അവതിർപ്പിച്ചുകൊണ്ട്, അതിനു ഉപോൽബലകമായ ഫോൺ-ഇൻ-ലൈവ് ഇന്റർവ്യൂവുകളിലൂടെ, ജനങ്ങളേയും അതേ രീതിയിൽ ചിന്തിപ്പിക്കുക എന്ന ഒരു ടെക്നിക്കാണ് ഇപ്പോൾ നമ്മുടെ മാധ്യമങ്ങളെല്ലാം തന്നെ ഉപയോഗിക്കുന്നത് എന്നത് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്ന കാര്യമാണ്.
ഇക്കഴിഞ്ഞ ദിവസം കാരക്കോണം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ നേഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യചെയ്ത സംഭവത്തിന്റെ പിന്നാലെ ഇന്നലെയുണ്ടായ പുകിലുകളാണ് ഇത്രയും എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. ലൈവ് സംപ്രേക്ഷങ്ങളൂം, ആരുടെയൊക്കെയോ തിടുക്കങ്ങളും ആദ്യമരണത്തിനു പുറകേ മറ്റൊരു ചെറുപ്പക്കാരന്റെ ആത്മഹത്യയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചിരിക്കുന്നു. മെഡിക്കൽ കോളേജിൽ വച്ച് ഒരു വിദ്യാർത്ഥിനി ആത്മഹത്യചെയ്താൽ സ്വാഭാവികമായും അതൊരു വാർത്തായാകും. ചാനലുകൾ റിപ്പോർട്ട് ചെയ്യും. അതിൽ യാതൊരു അസ്വാഭാവികതയുമില്ല. റാഗിംഗ് മൂലമുള്ള മരണങ്ങൾ സർവ്വസാധാരണമായിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ സാധ്യതകളിലേക്കും മാധ്യമ വിചാരകർ കേരള ജനതയുടെ ശ്രദ്ധക്ഷണിച്ചു. കൂട്ടത്തിൽ കോളജ് അധികൃതരുടെ പീഢനമാണ് കാരണം എന്ന ആരോപണവും വന്നു. ഇതുകേട്ടപാടെ വിദ്യാർത്ഥിസംഘടനകളും യുവജന സംഘടനകളും ഒന്നൊന്നായി പ്രതിഷേധപ്രകടനങ്ങളുമായി എത്തി. ഇത്തരം ഒരു സംബവത്തിൽ, പ്രത്യേകിച്ചും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥിസംഘടനകളെ ആരെയും കുറ്റപ്പെടുത്താനാവില്ല എങ്കിലും, വെവ്വേറെയായി നടത്തപ്പെട്ട ഈ പ്രതിഷേധപ്രകടനങ്ങളെല്ലാം സംഭവത്തിലുള്ള അവരുടെ പ്രതിഷേധത്തേക്കാളുപരി, അതിൽ നിന്ന് ഒരു മൈലേജ് എടുക്കുവാനുള്ള ശ്രമമായിട്ടേ നിഷ്പക്ഷമായി ചിന്തിച്ചാൽ തോന്നുന്നുള്ളൂ. എല്ലാ പാർട്ടികളുടെയും വിദ്യാർത്ഥിസംഘടനകളും യുവജന സംഘടനകളും പ്രതിഷേധം നടത്തി. പ്രതിഷേധം അതിരുകടന്നപ്പോൾ ലാത്തിച്ചാർജ്ജും ഗ്രനേഡും വരെ വേണ്ടിവരുകയും ചെയ്തു.
കോളേജ് അധികൃതരുടെ ഊഴമായിരുന്നു അടുത്തത്. അവർ പത്രസമ്മേളനം നടത്തി അവരുടെ നിലപാടുകൾ അറിയിച്ചു. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് പ്രേമനൈരാശ്യം മൂലമാണെന്നും അതിനു തെളിവുകളുണ്ടെന്നും പറഞ്ഞു. അതും ചാനലുകൾക്ക് ലൈവ് വാർത്തയായി. ഈ വാർത്തകൾ കണ്ടതിനു ശേഷമായിരിക്കണം, ഒരു മണിക്കൂറിനുള്ളിൽ വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു എന്നു പറയപ്പെടുന്ന യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. ചാനലുകൾ അങ്ങോട്ടോടി. തൂങ്ങിനിൽക്കുന്ന ചിത്രം ആരെങ്കിലും കാണിച്ചുവോ എന്നറിയില്ല, മൃതദേഹം അഴിച്ചു താഴെക്കിടത്തിയിരിക്കുന്ന ചിത്രം ചില ചാനലുകളൊക്കെ വാർത്തകൾക്കിടയിൽ കാണിച്ചു. സംഭവങ്ങൾ ഇത്രയുമായപ്പോഴേക്ക് രാവിലെ പ്രതിഷേധവും കൊണ്ടിറങ്ങിയ സംഘടകളൊക്കെ എന്തുപറയണമെന്നറിയാതെ വിഷമിച്ചു. നോക്കണേ കാര്യങ്ങളുടെ നിജസ്ഥിതിയെപ്പറ്റിയുള്ള ഒരു വിശദമായ അന്വേഷണം ഇല്ലാതെ മാധ്യമങ്ങളും, രാഷ്ട്രീയപ്പാർട്ടികളും, കോളേജ് അധികൃതരും ഉൾപ്പെട്ട സംഭവപരമ്പരകളുടെ പരിണിതി. കാളപെറ്റെന്നു കേൾക്കുമ്പോൾ തന്നെ കയറെടുക്കുന്ന സ്ഥിതി. ഇതുതന്നെയാണ് കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥയും. വാർത്താചാനലുകൾ അവരുടെ ചിന്താ രീതിയിൽ ചിന്തിക്കുവാൻ ഒരു ജനതയെ മാറ്റിയെടുക്കുന്നതിന്റെ ഉത്തമ ഉദാഹരണം. ഇവിടെ നഷ്ടം സംഭവിച്ചത് മരിച്ച രണ്ടുവ്യക്തികളുടെ കുടുംബങ്ങൾക്കുമാത്രമാണ്. ചാനലുകൾ മറ്റു സെൻസേഷനൽ ന്യൂസുകൾ അന്വേഷിച്ച് പോയിട്ടുണ്ടാവും ഇപ്പോൾതന്നെ.
ഇതിനു പിന്നാലെ ഇന്നലെ വൈകിട്ട് ഒരു പ്രമുഖ ചാനലിന്റെ വാർത്തയിൽ കേട്ടത്. “ലൂർദ് മാതാ എഞ്ചിനീയറിംഗ് കോളേജിലെ നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു”. അതുകേട്ടപാടെ ഞാനുൾപ്പടെയുള്ളവരുടെ പ്രതികരണം - എത്ര വിദ്യാർത്ഥികളാണ് ഈയിടെ കോളേജുകളിൽ ആത്മഹത്യചെയ്യുന്നത്, കഷ്ടംകഷ്ടം..
വളരെ ‘നിർദ്ദോഷകരമായി’ വായിച്ച വാർത്ത സാധാരണ പ്രക്ഷകരെ ചിന്തിപ്പിക്കുന്നതെങ്ങനെ എന്ന് ഒന്നു ശ്രദ്ധിക്കൂ. പിന്നീട് വിശദമായ വാർത്തയിലേക്ക് പോകുമ്പോഴാണ് ഈ വിദ്യാർത്ഥി വീട്ടിലാണു തൂങ്ങിമരിച്ചതെന്ന് നമുക്ക് മനസ്സിലാകുന്നത്. “പ്രണയനൈരാശ്യമാകാം കാരണം എന്ന് പോലീസ് പറഞ്ഞു” എന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു! സെൻസേഷനൽ വാർത്തകൾ ഉണ്ടാക്കുന്നതെങ്ങനെ എന്നതിന്റെ നല്ല ഒരു ഉദാഹരണം. ഇതേ വാർത്ത ഇന്നസ്ഥലത്ത് ഇന്ന വീട്ടിൽ ഇന്നാര് ആത്മഹത്യചെയ്തു എന്ന രീതിയിൽ വായിക്കാനാണെങ്കിൽ അത് ഒരു ചാനലിന്റെ പ്രൈം ന്യൂസിൽ ഒരുപക്ഷേ വരേണ്ട വാർത്തപോലും അല്ല എന്നോർക്കണം. എനിക്ക് കൂടുതൽ രസകരമായി തോന്നിയ ഒരു കാര്യം ‘പ്രണയ നൈരാശ്യമാകാം മരണകാരണം എന്ന് പോലീസ് പറഞ്ഞു” എന്ന തുടർ വാർത്തയാണ്. ഇതിന്റെ പിന്നിലെ 99% ചാൻസും ഇങ്ങനെയായിരിക്കും - ചാനലിന്റെ ലേഖകൻ പോലീസുകാരോട് “സർ, പ്രണയനൈരാശ്യമാണോ ഈ ആത്മഹത്യക്കുകാരണം?” പോലീസ് : “ആയിരിക്കാം..!“ ഇത് വാർത്തയിലെത്തുമ്പോൾ രൂപമാറ്റം സംഭവിച്ച് നമ്മുടെ മുമ്പിൽ എത്തുന്നു!
ദുബായ് എയർപോർട്ടിൽ ഗ്രൌണ്ട് ഹാന്റ്ലിംഗ് സെക്ഷനിൽ ജോലിചെയ്യുന്ന ഒരു സുഹൃത്ത് ഈയിടെ പറഞ്ഞ കാര്യം മറ്റൊരു സംഭവം. അദ്ദേഹം നാട്ടിൽ പോയപ്പോൾ ഒരു കല്യാണ ചടങ്ങിൽ വച്ച് സുഹൃത്ത് ഒരു ചാനൽ ലേഖകനെ പരിചയപ്പെടുത്തി. അല്പ സമയം വർത്തമാനം പറഞ്ഞൂ, ലേഖകൻ ഇദ്ദേഹത്തിന്റെ ഫോൺ നമ്പറും വാങ്ങിച്ചു. കുറേ നാളുകൾ കഴിഞ്ഞ് ഒരു ദിവസം നാട്ടിൽ നിന്ന് ഒരു വിളിവന്നു. നമ്മുടെ ലേഖകനാണ്. “പ്രമുഖനായ ഒരു മന്ത്രിപുത്രൻ ദുബായിയിൽ വന്നെന്നു കേൾക്കുന്നു, നേരാണോ” ചോദ്യം കേട്ട് സുഹൃത്ത് ഞെട്ടി. ദുബായ് എയർപോർട്ട് ദിവസവും നൂറുകണക്കിനു ഫ്ലൈറ്റുകൾ വരുന്ന എയർപോർട്ടാണ്, പതിനായിരക്കണക്കിനു യാത്രക്കാരും. അതിനിടയിൽ നിന്നാണ് മന്ത്രിപുത്രനെ കണ്ടോ എന്നു ചോദിക്കുന്നത്! ചോദിക്കുന്നയാൾക്ക് ഒരു വിവരം വേണ്ടേ ! മാത്രവുമല്ല, എന്റെ സുഹൃത്ത് വിമാനങ്ങളുടെ ഗ്രൌണ്ട് ഹാന്റ്ലിംഗിൽ ആണു ജോലിചെയ്യുന്നതെന്നതും ശ്രദ്ധിക്കുക. ഏതായാലും സുഹൃത്ത് സത്യസന്ധ്യമായി മറുപടീ പറഞ്ഞു, ഞാൻ കണ്ടില്ല എന്ന്. ഒപ്പം ഒരു മറുചോദ്യവും ചോദിച്ചു. ഇനി അഥവാ കണ്ടെന്ന് ഞാനൊരു കള്ളം പറഞ്ഞാൽ നിങ്ങൾ എന്തുചെയ്യും. അപ്പുറത്തുനിന്ന് കൂളായി മറുപടി “അതുഞങ്ങൾ വാർത്തയിൽ കയറ്റും.... ഒരു സംശയം പോലെ” . ഇത്രയേ ഉള്ളൂ നാം ഓരോ ദിവസവും കേൾക്കുന്ന വാർത്തകൾ.
കേരളം വളരെ മാറിപ്പോയിരിക്കുന്നു. ചാനലുകൾ പുറത്തുവിടുന്ന വാർത്തകളുടെ പിന്നാലെ ഒരു ജനത. വീഡിയോഗ്രാഫർ മാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് നടക്കുന്ന കല്യാണച്ചടങ്ങുകൾ പോലെയാണിത്. വാർത്താ മാധ്യമങ്ങൾ സ്വയം ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കുന്നില്ലെങ്കിൽ, ഗവർമെന്റ് ഭാഗത്തുനിന്ന് അതിനുള്ള നടപടികൾ ഉണ്ടാവണം. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിൽ എന്തൊക്കെ കാണിക്കാം എന്തൊക്കെ കാണിച്ചുകൂടാ എന്നതിനെങ്കിലും ഒരു നിയന്ത്രണം ഉണ്ടാവണം. ഗവർമെന്റ് നിയന്ത്രണം എന്നു കേൾക്കുമ്പോൾ അതൊരു അസ്വാതന്ത്ര്യമായി ആരും കാണേണ്ടതില്ല. ഒരു ജനാധിപത്യ രാജ്യത്തിൽ ഗവർമെന്റ് എന്നത് "for the people, by the people" എന്നു ചിന്തിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ ഇത്.
അവസാനമായി ചാനലുകളോടും രാഷ്ട്രീയപാർട്ടികളോടും ഒന്നുരണ്ടു ചോദ്യങ്ങൾ. തേക്കടിയിൽ 45 പേരുടെ മരണത്തിനിടയാക്കിയ ഒരു ബോട്ട് ദുരന്തം നടന്നിട്ട് നിങ്ങൾ പ്രതിഷേധിക്കാഞ്ഞതെന്തുകൊണ്ട്? മറ്റുരാജ്യങ്ങളിൽ ബോട്ട് യാത്രക്കാരുടെ സുരക്ഷക്കായി എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും, സുരക്ഷാപരമായ ആധുനിക സംവിധാനങ്ങൾ എന്തൊക്കെയെന്നും നിങ്ങൾ കേരളത്തിലെ പ്രേക്ഷകരെ കാണിക്കാഞ്ഞതെന്തുകൊണ്ട്? ആ രീതിയിൽ ചിന്തിക്കുവാൻ അവരെ നിങ്ങൾ മാനസികമായി തയ്യാറാക്കാത്തത് എന്തുകൊണ്ട്? വെള്ളം കുടിച്ചു വീർത്ത് കൈകളുയർത്തി നിസ്സഹായതയോടെ മരിച്ചുമരവിച്ച മൃതദേഹങ്ങൾ ലൈവായി കാണിക്കുന്നതിനു പകരം എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ആളുകളുടെ കണ്ണുതുറപ്പിക്കാൻ മാധ്യമങ്ങളേ നിങ്ങൾ ഒരുങ്ങുന്നില്ല? ഒന്നുമില്ലെങ്കിലും, ഒരു സുരക്ഷാ അവബോധം ആളുകൾക്കുണ്ടാക്കാനെങ്കിലും നിങ്ങളാരെങ്കിലും ശ്രമിച്ചോ? എന്തിനു ശ്രമിക്കണം, പിന്നെ വാർത്തകളെങ്ങനെ ഉണ്ടാവും അല്ലേ!! ബെസ്റ്റ് കണ്ണാ ബെസ്റ്റ് !!
ഇത്തരം പോസ്റ്റുകള്‍ ആണ് ബൂലോക പത്രത്തിന്റെ ഗരിമ കൂട്ടുക.
ReplyDeleteഅപ്പു നല്ല ലേഖനം.......
വളരെ നല്ല ലേഖനം അപ്പൂ...
ReplyDeleteഇപ്പോൾ മീഡിയയാണ് ഇപ്പോൾ സമൂഹത്തിന്റെ ചിന്തകളെ നിയന്ത്രിക്കുന്നത്. 24 മണിക്കൂർ വാർത്ത ചാനൽ എന്ന സങ്കല്പം പോലും എനിക്ക് ദഹിക്കുന്നില്ല..
:):)
ReplyDeleteവാർത്തകൾക്ക് അല്പം എരിവും പുളിയുമില്ലെങ്കിൽ വാർത്ത കേൾക്കാൻ ഒരു രസവുമില്ലാന്നേ?
മൂടിപ്പൊതിഞ്ഞു വെക്കുന്നതു തുറന്നു നൊക്കുമ്പോഴല്ലേ കാണാൻ രസം...അതാണ് സെൻസേഷനിലിസത്തിന്റെ രഹസ്യം!
ഞാനും ഇതിനേക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു...
http://chinthaabhaaram.blogspot.com/2009/10/blog-post_07.html
അപ്പു വളരെ സമയോചിതമായ ബ്ലോഗ്. അഭിനന്ദനങ്ങള്‍!!!
ReplyDeleteവാസ്തവത്തില്‍, മാധ്യമങ്ങളുടെ വിവേകമില്ലാത്ത പ്രവര്‍ത്തികള്‍ക്ക് സാംസ്കാരിക സമൂഹം മൂക്ക് കയര്‍ ഇടേണ്ട സമയം വളരെ വൈകി.
ഇന്ത്യവിഷനിലെ നികേഷ് ചര്‍ച്ചകള്‍ക്കിടയില്‍ ഒരു കമന്റ് പറയുന്നുണ്ട്, "അത്മഹത്യ ചെയ്യേണ്ട ആള് തന്നെ അത്മഹത്യ ചെയ്തു, എന്ത് പറയുന്നു ഇതിനെ കുറിച്ച്?". എന്തൊരു വാര്‍ത്ത വിശകലനം!!!
തേക്കടി ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു ചാനല്‍ ലേഖകന്‍ ഉവാച: മലയാളികളാരും അപകടത്തില്‍ മരിച്ചിട്ടില്ല എന്നതാണു് ഏക ആശ്വാസം!
ReplyDeleteആര്‍ക്കാണു് അതുകൊണ്ടു് ആശ്വാസം? മലയാളികള്‍ മരിച്ചാലേ മരണമാവൂ എന്നുണ്ടോ?
അപ്പൂസ്,
ReplyDeleteപണ്ടത്തെ സര്‍ക്കസു ഓര്‍മ്മയില്ലേ? ഒരു പഴയ ജീപ്പില്‍, മൈക്കുസെറ്റും, സ്റ്റേജ് സ്സെറ്റിങ്സും ആയി ഏതെങ്കിലും കുഗ്രാമത്തില്‍ ചെന്നിട്ടു ഒഴിവുള്ള ഗ്രൌണ്ടില് കൂടാരമടിക്കുന്നവര്?
അതുപോലെ തന്നെ ന്യൂസ് ഹണ്ടേഴ്സ് എല്ലാ സെറ്റപ്പും ഉള്ള വണ്ടിയില്‍ ഊരു ചുറ്റുകയാണ്.
എന്തെങ്കിലും ‘തടഞ്ഞാ‘ല്‍ വണ്ടി നിര്‍ത്തും, പിന്നെ തകര്‍ത്ത് റിക്കാഡ് ഡാന്‍സാണ്.
ഇങ്ങു ദൂരെ വിസിറ്റിഗ് നമ്മള് രണ്ടു തള്ളവിരലും റിമോട്ടില്‍ ഘടിപ്പിച്ചു നമ്മളും...
എന്നിട്ടിങ്ങനേ സ്ക്രീന്‍ നിറച്ച് എഴുതി വരും
“എക്ലൂസീവ് ന്യൂസ്- ഒന്‍ലി ഓണ്‍ ഡാഷ് റ്റീ വി”
ഇതാണ് ഇപ്പോഴത്തെ കളി.
നല്ല ലേഖനം.
നന്നായിട്ടുണ്ട് അപ്പു..
ReplyDeleteകാലിക പ്രസക്തിയുള്ള ഒരു ലേഖനം... ഇന്നലെ നാക്കു വെളിയിലിട്ട് മരിച്ച നിലയില്‍ കിടക്കുന്ന ആ മൃത്ദേഹം ടി വിയില്‍ കണ്ട് എന്റെ 6 വയസ്സുള്ള കുട്ടികള്‍ ഭയന്ന് നിലവിളിച്ചു... പിന്നെ കുട്ടികളില്‍ ഒരാള്‍ എഴുനേല്‍റ്റു നിന്ന് ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു.... അമ്പോറ്റീ ആ അങ്കിളിന്റെ കഴുത്തിലെ അസുഖം മാറ്റി ജീവന് തിരിച്ചു കൊറ്റുക്കണെ എന്ന്.... കുട്ടികളെ പോലും സ്വാധീനിക്കുന്ന തലത്തിലേക്ക് നമ്മുടെ മാധ്യമ വാര്‍ത്താ സംസ്കാരം മാറ്റപ്പെട്ടിരിക്കുന്നു.... ഇതു കണ്ട് വളരുന്ന നാളത്തെ തലമുറയുടെ ഭാവി എന്താകുമോ ദൈവമെ??!!!
ReplyDeleteചാനലുകള്‍ നടത്തുന്ന മസ്തിഷ്ക പ്രക്ഷാളനത്തെ മലയാളികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ReplyDeleteസന്ദര്‍ഭോചിതം അപ്പൂ..
nalla lekhanam.
ReplyDeletewill this open the eyes of new-gen media?
അപ്പൂ,
ReplyDeleteനല്ല പ്രതികരണം
ഓരോ ചാനൽ ലേഖകനും ഇന്നു നിലനിൽപ്പിനെ പ്രശ്നമാണു.മത്സരം അത്ര രൂക്ഷമാണ്.അതുകൊണ്ടാണു മറിഞ്ഞു കിടക്കുന്ന ബോട്ടിന്റെ തട്ടിൽ കയറിപ്പോലും, ബോട്ടപകടത്തിനു തന്റേതായ കാരണങ്ങൾ കണ്ടെത്തി നിരത്തേണ്ടി വരുന്നത് !കാറ്റുമൂലം മറിഞ്ഞു എന്ന് വരെ പറഞ്ഞു വച്ച ചില ലേഖകന്മാർ ഉണ്ട്.
മാധ്യമപ്രവർത്തനം എന്നത് ഇന്ന് “എക്ലൂസീവ്” വാർത്തകൾക്ക് വേണ്ടിയുള്ള ഒരു നെട്ടോട്ടം ആണു.നിമിഷാർദ്ധങ്ങളുടെ വിലപോലും അതിനില്ലെങ്കിലും ആ പ്രക്രിയ അൻസ്യൂതം തുടരുന്നു.ഓം പ്രകാശും പുത്തൻ പാലം രാജേഷും ദുബായിൽ മഠത്തിൽ രഘുവിന്റെ ഹോട്ടലിൽ ഉണ്ടെന്ന് “എക്സ്ലൂസീവ്” കാണിച്ച ഏഷാനെറ്റ് ലേഖകൻ എവിടെ എന്ന് ഇന്നാരും ചോദിക്കുന്നില്ല!
ഇന്ന് ചെന്നൈയിൽ ഇറങ്ങിയ പത്രങ്ങളിൽ ഒരു വാർത്ത ഉണ്ട്.സിനിമക്കാരെ പറ്റി തെറ്റായ വാർത്ത നൽകിയ പത്രപ്രവർത്തകനെ അറസ്റ്റ് ചെയ്തു എന്ന്.മാധ്യമങ്ങൾ ഒരു സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഇത്തരം വാർത്തകൾ നൽകുന്ന മാധ്യമങ്ങൾ തെളിവു കൂടി സർക്കാരിനു നൽകിയാൽ കൊള്ളാം എന്ന് കോടിയേരി പരഞ്ഞപ്പോൾ അതു മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമെന്ന് ഇവിടെ എല്ലാവരും വിശേഷിപ്പിച്ചു.അത്തരം സ്വാതന്ത്ര്യക്കാർ ചെന്നൈയിലെ സംഭവത്തെ എങ്ങനെ കാണുമോ ആവോ?
ഇവിടെ എനിക്ക് പരിചയമുള്ള ചില മാധ്യമ പ്രവർത്തകർ ഉണ്ട്.ഒരു “ബ്രേക്കിംഗ് സ്റ്റോറി’ക്ക് വേണ്ടി അവർ ചെയ്യുന്ന കഠിനാധ്വാനം കാണാവുന്നതാണ്.മാത്രവുമല്ല ഇന്ന് മാധ്യമ പ്രവർത്തനം എന്നത് “കള്ളും പണവും” കിട്ടിയാൽ എന്തും എഴുതും എന്ന നിലയിലായി എന്നാണു അവർ തന്നെ പറയുന്നത്.”നിങ്ങൾ ഒരു മാധ്യമപ്രവർത്തകനാണോ?നിങ്ങളുടെ വീടിനു പെയിന്റടിക്കണൊ? എന്നാൽ പെയിന്റ് കമ്പനിയുടെ പുതിയ പെയിന്റിനെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യുക” അതു മതി...അതാണു ഇന്നത്തെ അവസ്ഥ !
ഇതു പ്രസിദ്ധീകരിച്ച നമ്മുടെ ബൂലോകത്തിനു അഭിനന്ദനങ്ങൾ!
”നിങ്ങൾ ഒരു മാധ്യമപ്രവർത്തകനാണോ?നിങ്ങളുടെ വീടിനു പെയിന്റടിക്കണൊ? എന്നാൽ പെയിന്റ് കമ്പനിയുടെ പുതിയ പെയിന്റിനെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യുക”
ReplyDelete@സുനില്‍.
മേല്‍ വാചകങ്ങള്‍ കലക്കി.
അഭിനന്ദനത്തിനു നന്ദി.
അപ്പു നല്ല ലേഖനം...
ReplyDeleteഅഭിനന്ദനങ്ങള്‍!!!
വാര്‍ത്തകള്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കണം... അത്രേയുള്ളൂ മാധ്യമങ്ങള്‍ക്ക്. അത് എന്തു വാര്ത്തയുമാകാം, പലപ്പോഴും അര്‍ദ്ധസത്യങ്ങളും.
ReplyDeleteപപ്പൂസ്...!!!
ReplyDeleteചിയേർസ്..
ഒരു പെരുമാറ്റച്ചട്ടം എന്നേ വരേണ്ടതാണു. മനുഷ്യാവകാശധ്വംസനങ്ങൾ ചാനലുകളിൽ അരങ്ങേറാൻ തുടങ്ങിയിട്ട് കാലം കുറെയായി. ഒരു സിനിമാ സംവിധായകന്റെ ചിത കത്തുന്നതിനിടയിൽ മുഖം സൂം ചെയ്ത് കാണിച്ചതുകണ്ട് സംവിധായകന്റെ ഭാര്യ ബോധം കെട്ടെന്ന് ജഗതി ഇന്റർവ്യൂവിൽ പറഞ്ഞതോർമ്മയില്ലേ? പോൾ എം ജോർജ്ജിനെ മാധ്യമങ്ങൾ എത്രവട്ടം കൊന്നു? എസ് കത്തി മാറി മലയാളാക്ഷരങ്ങൾ മൊത്തമെടുത്താണു മാധ്യമങ്ങൾ അയാളെ കൊന്നുകൊണ്ടിരിക്കുന്നത്. അയാളുടെ ബന്ധുക്കളും, സുഹൃത്തുക്കളും ആ ദൃശ്യങ്ങൾ കാണുമ്പോഴുള്ള അവസ്ഥ ഇവരാലോചിക്കാറേയില്ല.
ReplyDeleteപോൾ മരിച്ച ദിവസം ഇത് ഒരു സാധാരണ മരണമായിരുന്നു. പിന്നെ മാധ്യമങ്ങളാണത് ഊതിപ്പെരുപ്പിച്ചത്. പ്രതികളെ തഞ്ചാവൂരുനിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന മൂന്നുമണിക്കൂർ മാധ്യമങ്ങൾ ലെഇവ് ടെലികാസ്റ്റ് കാണിച്ചു! ഒരു വി ഐ പിയെ കൊണ്ടുവരുന്ന പ്രചാരത്തോടെ.
വെറും പിജി കഴിഞ്ഞ ബിനീഷ് കൊടിയേരിക്ക് എങ്ങനെ ഒന്നര ലക്ഷം രൂപ ശംമ്പളം കിട്ടുന്നു എന്നാണൊരുത്തന്റെ സംശയം!
കാരക്കോണം കേസിൽ ഏഷ്യാനെറ്റിന്റെ വാർത്താ അവതാരകൻ, കോളേജധികൃതർക്ക് പറയാനുള്ളത് പോലും കേൾക്കാതെ ഒരു മൊബെൽ ഫോണിൽ പിടിച്ച് തൂങ്ങുന്നതുകണ്ടു.
തേക്കടി ദുരന്തത്തിന്റെ വിഹ്വലതകൾ ഒരു ഫ്രാൻസിസ് കൊപ്പോള ചിത്രത്തിലേതുപോലെ കാണിക്കുന്നു.
കുട്ടിക്കുരങ്ങന്മാർ പാട്ടുപാടുന്നതും, പരസ്ത്രീഗമനത്തിന്റെ മാത്രം അവിഹിത(അളിഞ്ഞ) കഥയുള്ള സീരിയലും, വിവേചനബുദ്ധിയില്ലാതെ ഉമ്മിനീരുവറ്റിക്കുന്ന വാർത്തയും കേട്ട് മടുത്ത് ആ കാമുകനല്ല, ഏതു പ്രേക്ഷകനും ആത്മഹത്യചെയ്തുപോകും!
അപ്പൂ...
ReplyDeleteവളരെ നല്ല ലേഖനം. ഇപ്പോള്‍ ന്യൂസ് ചാനല്‍ കാണാനേ തോന്നാറില്ല. ഒരു തരം വെറുപ്പാണ്.
പറഞ്ഞതു തന്നെ പറഞ്ഞും കാണിച്ചതു തന്നെ കാണിച്ചും നമ്മെ യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കാന്‍ മത്സരിക്കയാണെന്നു തോന്നുന്നു ചാനലുകള്‍...24 മണിക്കൂര്‍ വാര്‍ത്ത!!! സഹിക്കാന്‍ വയ്യാതായിത്തുടങ്ങി എല്ലാര്ക്കും എന്നാ തോന്നുന്നത്. പലയിടത്തും കമെന്റ് ആയി പറഞ്ഞതു പോലെ മരണവും ദുരന്തങ്ങളുമെല്ലാം ഇന്നു ചാനലുകല്‍ക്ക് ആഘോഷമാണ്.
അടുത്തിടെ ചാകരയായിരുന്നു ഇവര്‍ക്ക്. മൂന്ന് സിനിമാക്കരുടെ മരണം.. തേക്കടി ദുരന്തം...
മഹാനായ നടന് മുരളിയുടെ മരിച്ചുകിടക്കുന്ന മുഖം പല പല ആങ്കിളിലും ക്ലോസ് അപ്പിലുമൊക്കെ കാണിക്കുന്നത് കണ്ട് ശെരിക്കും ദേഷ്യമാണ് വന്നത്. കുറച്ചു നേരം നോക്കിയിരുന്നാല്‍ ആ മനുഷ്യന്റെ നല്ല മുഖഭാവങ്ങള്‍ മനസ്സില്‍ നിന്നു മാഞ്ഞ് ഇത് കയറിപ്പറ്റും. ഇതു കണ്ട് സങ്കടം വന്ന എന്റെ മകന് പോലും ചോദിച്ചു ഇങ്ങനെ ഒക്കെ കാണിക്കാവോ എന്ന്...അത് കുറ്റമല്ലേ എന്ന്...കുഞ്ഞായ അവനു തോന്നിയ വിവേകം പോലും ഈ കൊടികെട്ടിയ ചാനല്‍ പ്രഭുക്കന്മര്ക്കില്ലാതെ പോയല്ലോ!!!
കുഞ്ഞുങ്ങളുടെ നിരന്നു കിടക്കുന്ന ശവശരീരങ്ങള്‍.... ചോരയൊഴുകുന്ന പരിക്കു പറ്റിയ മുഖങ്ങള്‍.. അലമുറയിടുന്ന ബന്ധുക്കള്‍....ഇതെല്ലാം ഓരോ മിനിറ്റും ഇടവിട്ടിടവിട്ടു കാണിച്ച് നമ്മുടെ ബോധം തന്നെ മരവിപ്പിച്ചു കളയിക്കുന്ന ഒരവസ്ഥ!!!
എന്തു പറയാാാാാാാന്!!!!!!!!!
പ്റൈവറ്റ് ചാനലുകാര് ഇങ്ങനെ ഒക്കെ ചെയ്താല്‍, പോട്ട് മാങാതൊലീന്ന് വയ്ക്കാം, (ഭാഗ്യം വീട്ടില്‍ കേബിള്‍ ഇല്ലാത്തഓണ്ട് ഒന്നും കണ്ടില്ല), എന്നാല്‍ ഇന്ന് രാവിലെ കേബിള്‍ കണക്ഷന് ഇല്ലാത്ത എന്റെ റ്റീവിയില്‍ ഏതോ ചാനലില്‍ ദൂര്ദര്ശന് ബ്ലാക്ക് ആന്റ് വൈറ്റ് ആയിട്ട് കരകര കൊര കൊരാന്ന് പറഞ് കാണാം. അതില്‍ ഇന്ന് രാവിലെ (08 October, 8.30 am) ദൂരദ ര്ശന് ആളുകള്‍, വാര്‍ത്തയും വിശകലനവും എന്ന് പറഞ് ലൈവ് ഡിസ്കഷന് ഉണ്ടായിരുന്നു അപ്പു, വിഷയം, റാഗിങ് ഒഴിഞ് മാറാത്ത ദുരന്തം, ഒരു ഇര കൂടി ന്ന് പറഞ് ഈ ആത്മഹത്യയായിരുന്നു പ്രക്ഷേപണം ചെയ്തത്! പബ്ലിക്ക് പെറ്റീഷന് നല്കി എല്ലാരുടെ പേരിലും കേസ് എടുക്കണം അതാ വേണ്ടത്, ഒന്നോ രണ്ടോ കേസും പുലി വാലും ആവുമ്പോഴ്, ഇത് നിര്ത്ത്മായിരിയ്ക്കും. നായപെറ്റാല് പോലും ലൈവ് കവറേജും ന്യൂസ് ഹവര്‍ സ്പെഷലും ഒക്കേ ആയി മാറുന്നു. ഇന്ന് ഏതോ പേപ്പറില്‍, കാവ്യ മാധവന് ലേണേഴ്സ് ഡ്രൈവിങ്ങില്‍ കമ്പ്യൂട്ടര്‍ റ്റെസ്റ്റ് പാസായീന്ന് പറഞ് കളര്‍ പടം സഹിതം ന്യൂസുണ്ടായിരുന്നു. Kalpana Chawla ബഹിരാകാശത്ത് ഒക്കെ പോയ പോലെ പ്രാധാന്യം അര്‍ഹിയ്ക്കുന്ന കാര്യമാണെന്ന് തോന്നു. ന്യൂസ് ഹവര്‍ ഒരു ദിവസം അര മണിക്കൂര്‍ മാത്രമേ പാടുള്ളു എന്ന് ഒരു റൂള്‍ കൊണ്ടുവന്നാല്‍ ഒരു പക്ഷെ ഈ കോമാളിത്തരത്തില്‍ നിന്ന് നമുക്ക് രക്ഷപെടാം. ഇത് 24 മണിക്കൂരൂം ന്യൂഉസ് കടത്തി വിടാന്‍ ഈ കേരളത്തില്‍ ന്യൂസ് എവിടെ?
ReplyDeleteനമ്മുടെ ബൂലോകം എന്നൊക്കെ പറഞ് തലക്കെട്ടുള്ളപ്പോഴ്, കമന്റ് മോഡറേഷന് ആവശ്യമുണ്ടോ? എന്തെങ്കിലും പ്രതിലോമകരമായ കമന്റുകള്‍ വന്നെന്ന് വച്ചാല്‍ തന്നെ, അതിനോട് പ്രതികരിയ്ക്കാണ്ടെ, കാണുമ്പോള്‍, സൊഉകര്യം കിട്ടുമ്പോഴ് അത് അങ്ങട് ഡിലീറ്റ് ചെയ്യ്താല്‍ പോരെ? എല്ലാരും എല്ലാം പറയുമ്പോഴ് അല്ലേ പ്രതികരണം എന്ന തലത്തിലേയ്ക്ട് ഒരു ബ്ലോഗ്ഗ് എത്തിചേരുന്നത്? മോഡറേഷന് ഒരു സുഖമുള്ള ഏര്‍പ്പാടല്ല. നായ എന്ന് ഒരുത്തന് പറഞാല്‍ തന്നെ കുരയ്ക്കണോ? നായ അല്ലല്ലോ നമ്മള്? Best way to Insult is to AVOID.
അതുല്യ ചേച്ചീ, ഞങ്ങളുടെ മുന്‍ പോസ്റ്റിലെ ഒരു പ്രശ്നത്തില്‍ ആ വ്യക്തിയെ ക്കുറിച്ചുള്ള ചില അരുതായ്മകള്‍ ഞങ്ങള്‍ വഴി പുറത്താകേണ്ട എന്നുള്ള ഉദ്ദേശം ഉള്ളത് കൊണ്ടാണ് മോഡറേഷന് കൊടുത്തിരിക്കുന്നത്. കുറച്ചു കാലത്തേക്ക് കൂടി മോഡറേഷന് ഉണ്ടാകും .
ReplyDeleteമിസ്റ്റർ അപ്പുപ്പെരേര,ഈയിടെ കണ്ട്രോൾസിനുള്ള മരുന്നുകൾ കഴിക്കുന്നില്ലല്ല്യോ :)
ReplyDeleteകാൽവിൻ അനിൽജിയുടെ ബ്ലോഗിൽ ചോദിച്ചതു പോലെ മത്തനും കുമ്പളവും പോലെയല്ലേ അപ്പുസാറേ ഇതും ? സെൻസേഷണൽ വാർത്തകൾക്ക് വ്യൂവർഷിപ്പ് ഉണ്ട് എന്നു കണ്ടപ്പോൾ എല്ലാ വാർത്തയും സെൻസേഷൻ വരുത്തി.വ്യൂവർഷിപ്പില്ലെങ്കിൽ ഇവന്മാർ ഈ അഭ്യാസം കാണിക്കുമോ ? പണ്ട് ദൂരദർശൻ വാർത്ത വരുമ്പോ പപ്പ ഇരിക്കും.അമ്മ എഴുന്നേറ്റ് അടുക്കളയിൽ പോകും.കൊച്ചു പിള്ളേർ ജോൺ ഉലഹന്നാനെയും രാജേശ്വരി മോഹനെയും പ്രാകും,വാർത്ത ഒന്നു തീർന്നു കിട്ടാൻ.ഇന്നപ്പടിയാണാ ? ഇന്നലെ ജനിച്ചു വീണ ചെറുക്കൻ വരെ നികേഷ് കുമാർ സ്റ്റൈലിൽ “മിസ്റ്റർ അപ്പൻ ഇന്നു മിഠായി വാങ്ങുമോ ഇല്ലിയോ എന്നൊന്നു റിപ്പോർട്ട് ചെയ്യാമോ” എന്നു ചോദിക്കുന്ന അവസ്ഥയുണ്ട്.ഏറ്റവും വ്യൂവർഷിപ്പുള്ള സ്പോൺസേർഡ് പ്രോഗ്രാമായി വാർത്തകളും ന്യൂസ് അവറുകളും മാറിയതിൽ നമ്മൾ വ്യൂവേർസിനും വലിയ പങ്കുണ്ട്.മാധ്യമപ്രവർത്തകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ബ്ലോഗ് തന്നെ നോക്കിക്കേ.സെൻസേഷണൽ ആയ ഏത് ബ്ലോഗ് പോസ്റ്റിനും വായനക്കാർ ഉണ്ടാകും.കുറച്ചു നാൾ ഒന്നു ഇഗ്നോറി നോക്കിക്കേ.യാഥാർത്ഥ്യബോധത്തിലേക്ക് തിരിച്ചു വരാൻ ഒരു പക്ഷേ സഹായിച്ചേക്കും.
നവീന്റെ കാര്യത്തിലും സംഭവിച്ചിതൊക്കെത്തന്നെ.അനോണിമാഷിന്റെ ലേഖനം വായിച്ച് സത്യത്തിൽ നാണിച്ചു പോയി.നവീനുമായി ബ്ലോഗിനപ്പുറം ഒരു പരിചയമോ നല്ല അടുപ്പമോ ഉണ്ടായിരുന്നെങ്കിൽ അവന്റെ വേർപാടിൽ നൊമ്പരപ്പെടുകയല്ലാതെ ഒരു ബ്ലോഗ് പോസ്റ്റോ ഒരു വിഡ്ജറ്റോ ഉണ്ടാക്കിവിടില്ലായിരുന്നു.ഞാനുൾപ്പെടുന്ന ബ്ലോഗ് സമൂഹത്തിന്റെ നിഷ്ക്കളങ്ക വികാരപ്രകടനങ്ങൾ അല്‍പ്പം കടന്നുപോയെന്നു പറയാതിരിക്കുവാൻ വയ്യ.നമ്മുടെ ബൂലോക പത്രങ്ങളും ഒരു പക്ഷേ നിഷ്കളങ്കമായി അതിനെ കൊണ്ടാടുന്നു.ഒരേ മാനസികവിചാരത്തിന്റെ രണ്ട് പ്രതിഫലനങ്ങൾ ആയതുകാരണം ഇതും കൂടി എഴുതിയെന്നേയുള്ളു.
sathyasandathayum, abhimanavum, chankoottavumulla yadartha madhyamapravarthakarude andassu keduthunna charddilthheenikalum echilnakkikalum uluppillathavarum asathyathinum aneethikkum vidupani cheyyunna neriketta nunayanmaraya madhyama pimpukaleyanu dushta muthalalithninnu ettavum priyam. athukondu thanne ella madhyama sthapanangalilum 99%shadamanavum virous vahakaraya inganeyulla ranmoolikalum maniyadikkarumanu bharanam.
ReplyDeletenammeyum lokatheyum daivam kakkatte
സന്ദര്‍ഭോചിതം...
ReplyDelete:)
അപ്പു മാഷെ...പ്രസക്തമായ വിഷയം....
ReplyDeleteമാധ്യമങ്ങള്‍ കൊമ്മേര്‍ഷ്യല്‍ സ്വഭാവം മാത്രം മത്സരിച്ചു കാട്ടുമ്പോള്‍...മാധ്യമ ധര്‍മ്മം മറക്കുമ്പോള്‍... വാര്‍ത്തകളെ എന്നും സ്നേഹിച്ചിരുന്ന മലയാളി ജനത അത് വെറുത്തും തുടങ്ങും...
ഈ ബൂലോകത്ത് എന്തായാലും ആ പ്രവണത ഉണ്ടാവാതെ ഇരിക്കട്ടെ.
മൃതദേഹങ്ങളോടും, പരിക്കേറ്റവരോടും കാണിക്കേണ്ട മിനിമം മര്യാദയും, മാധ്യമ എത്തിക്സും ഒന്നും ആർക്കും ഒരു വിഷയമേ ആകുന്നില്ല.
ReplyDelete(വളരെ ശരിയാണു. കാമുകൻ ആത്മഹത്യ ചെയ്തു. മരണത്തിലെ ദുരൂഹത നീൺഗി എന്നാണു ഒരു പത്രം തലക്കെട്ടടിച്ചത്. എത്ര നിഷ്ഠൂരമായ പത്രപ്രവർത്തനം. അഭയയുടെ ആത്മാവ് തന്റെ കൊലപാതകികളെ വിടാതെ പിടികൂടിയതുപോലെ ഈ പാവം പെൺകുട്ടികളുടെ ആത്മാക്കളും ഈ പത്രശുംഭന്മാരെ വിടാതെ പിടികൂടട്ടെ എന്ന് പ്രാർത്ഥിക്കാം.
പണ്ട് ഗൌരിയമ്മയെ ചൊടിപ്പിച്ച് വാർത്തയുണ്ടാക്കി അത് പാർട്ടിയിൽ നിന്ന് അവരെ പുറത്താക്കാൻ ഇടയാക്കിയതുവരെ കൊണ്ടുചെന്നെത്തിച്ച ഒരു പത്രശുംഭനുണ്ടായിരുന്നു. അയാൾ ഇന്നെവിടെയാണെന്ന് പത്രശുംഭന്മാർ ആലോചിക്കുന്നത് നന്നായീരിക്കും. സത്യം എന്നൊന്നുണ്ട്. അതിനെ മറച്ചാൽ അത് തിരിച്ചടിക്കും. ചിലപ്പോൾ ജീവൻ വരെ എടുക്കും. അപ്പോൾ അത് അനുഭവിക്കുന്നവർക്ക് ഈ സന്തോഷമൊന്നും ഉണ്ടാവില്ല.)
അപ്പൂ, എല്ലാവരും പറഞ്ഞതുപോലെ ലേഖനം ഗംഭീരമായി.
ReplyDeleteആരോഗ്യകരമായ മത്സരങ്ങൾ നല്ലതാണ്, ഏതു രംഗത്തും. പക്ഷേ, ഇരുപത്തിനാലു മണിക്കൂറും ന്യൂസ് കാണിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ചാനലുകൾക്ക് ഒട്ടും ആരോഗ്യകരമല്ലാത്ത മത്സരബുദ്ധിയോടെ പ്രവർത്തിക്കേണ്ടിവരുന്നു. കഴിയുന്നത്ര ‘എക്സ്ക്ലൂസ്സീവ്’ ന്യൂസുകൾ എത്തിക്കാനുള്ള തത്രപ്പാടിൽ എല്ലാ എത്തിക്സും കാറ്റിൽ പറത്തപ്പെടുന്നു. ഇവരെല്ലാം കൂടി വായിൽ തോന്നിയതൊക്കെ പാട്ടാക്കുന്നു. ഇന്നലെ പറഞ്ഞ കഥ മനപ്പൂർവ്വം മറന്നുകൊണ്ട് ഇന്നു പുതിയൊരു കഥയുമായി രംഗത്തുവരുന്നു...ഇതെല്ലാം കാണാനും കേൾക്കാനും വിധിക്കപ്പെട്ടവർ നമ്മൾ.
പണ്ടത്തെ നാട്ടിൻപുറങ്ങളിലെ കുളക്കടവുകൾ ഇത്തരം ‘ഫ്രെഷ് ന്യൂസു’കളുടെ കേന്ദ്രങ്ങളായിരുന്നു. കുളിയോടൊപ്പം പരദൂഷണവും അന്നന്നത്തെ പുതുവാർത്തകളെ പറ്റിയുള്ള ചർച്ചകളും വാഗ്വാദങ്ങളും കലഹങ്ങളുമായി കുളങ്ങൾ എന്നും ശബ്ദമുഖരിതമായിരുന്നു. പുതിയ മറ്റൊരു വിഷയം കിട്ടുന്നതോടെ പഴയതിന്റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും. അന്നത്തെ ആ കുളക്കടവുകളും ഇന്നത്തെ ചാനൽ വാർത്തകളും തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ലെന്നാണ് എനിയ്ക്കു തോന്നുന്നത്.
റേഡിയോ ന്യൂസ് കേൾക്കുന്ന ശീലം കുട്ടിക്കാലം മുതലേ എന്നിൽ ഉണ്ടാക്കിയത് അമ്മാവനാണ്. റേഡിയോ പിന്നീട് ദൂരദർശന് വഴിമാറിയിട്ടും ശീലം മാറിയില്ല. പക്ഷേ ഇന്നിപ്പോൾ ന്യൂസ് കേൾക്കുക/കാണുക എന്നത് എനിയ്ക്ക് അത്യന്തം അരോചകമായ ഒരു അനുഭവമാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു...
ബിന്ദു.കെ.പി അങ്ങനെ പറയരുത്. കുളിക്കടവുകളെ മാദ്ധ്യമങ്ങളുടെ ന്യൂസ് റൂമുമായി താരതംയപ്പെടുത്തുന്നത് കുളിക്കടവുകൾക്ക് ഒരു അപമാനമാണു. അവിടെ ഇത്തരം കുന്നായ്മകൾ ഒരിക്കലും അരങ്ങേറിയിരുന്നില്ല. ഏതെങ്കിലും പെണ്ണിന്റെ/ചെക്കന്റെ അപഥ സഞ്ചാരമോ, അവിഹതഗ്ര്ഭമോ അവിടെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതിനു ഗുണപരമായ ചില മാനങ്ങൾ കൂടി ഉണ്ടായിരുന്നു എന്ന് ഓർക്കണം. വാർത്തകൾ പർക്കുമെന്ന ഭയം പലരേയും പിന്തിരിപ്പിക്കും. എന്നു മാത്രമല്ല ചെറിയ ചുറ്റുവട്ടത്തിൽ പരിഭവം ഉണ്ടാക്കിയാൽ പോലും അത് തിരുത്തപ്പെടാനാകുമായിരുന്നു. ഇതങ്ങനെയാണോ? മുതലാളിക്ക് പണവും വാർത്തചമക്കുന്നവനു രതിയുമാണു. പണ്ടൊരു വിദ്വാൻ ജയിലിൽ കഴിയുന്ന റിമാൻഡ് പുള്ളി തനിക്ക് വഴങ്ങണമെന്ന് വരെ ശഠിച്ചു. അവൾ തയാറാകാതിരുന്നപ്പോൾ മറുനാട്ടുകാരിയായ അവളെപ്പടി അപഖ്യാത പരമ്പര എഴുതിയവരാണിവർ. കേരളത്തെ ഇളക്കി മറിച്ച ആ കേസ് ഒന്നോർത്ത് നോക്കു.
ReplyDeleteകിരണ്‍സ് ഒരു വ്യത്യസ്ഥ വീക്ഷണം പറയുന്നു. അതും ചിന്തിക്കേണ്ട വിഷയം തന്നെ.കൊള്ളാം കൊള്ളാംനല്ല ലേഖനം എന്നൂ പറഞ്ഞു പോകാതെ ആരെങ്കിലും വിവരമുള്ളവര്‍ പ്രതികരീച്ചെങ്കില് നന്നായിരുന്നു.
ReplyDeleteഈ സമയത്ത് ആര്‍ക്കും വേദനയുണ്ടാകാതെ വിവേചന ബുദ്ധിയോടെ വേണമെന്നു മാത്രം.
appubhai u said it...
ReplyDeleteഅപ്പുമാഷെ,
ReplyDeleteഅവസരോചിതമായ കുറിപ്പ്.
കിട്ടുന്നതെന്തും സ്കൂപ്പാക്കാനുള്ള തത്രപ്പാടില്‍ ഒന്നിനെപ്പറ്റിയും കൂടുതല്‍ ആലോചിക്കാന്‍ ആരും തയ്യാറാവുന്നില്ല. അഥവാ അതിനുള്ള സമയമില്ല. എന്തെങ്കിലും ഒരു സംഭവം ഉണ്ടാവുമ്പോഴേക്ക് അത് എന്തെങ്കിലും മൈലേജ് കൂട്ടാന്‍ ഉപയോഗിക്കാമോ എന്ന് നോക്കുന്ന പ്രസ്ഥാനങ്ങളും കൂടിയാകുമ്പോള്‍ എല്ലാം ശരിയായി. മത്തന്‍ കുത്തി മത്തന്‍ മുളച്ചതിന്റെ പ്രശ്നമല്ല, മത്തന്‍ കുത്തിയാലും കുമ്പളം മുളച്ചിട്ടേ കാര്യമുള്ളൂ എന്ന് കരുതുന്ന് ഉപഭോക്താക്കള്‍ ഉണ്ടാവുന്നിടത്തോളം ഇത് ഇങ്ങനെ ഒക്കെ ആവാനെ തരമുള്ളൂ.
സന്ദര്‍ഭോചിതം :)
ReplyDeleteഞങ്ങള്‍ എണ്ണൂറോളം പേരിപ്പോള്‍ ഗള്‍ഫില്‍ ടി.വി വാര്‍ത്തകള്‍ കാണരെ ഇല്ല .അത്രത്തോളം വെറുപ്പായി .സത്യസണ്ടാരായ മാധ്യമ പ്രവര്‍ത്തകര്‍ മാപ്പാക്കുക ഞങ്ങളിപ്പോള്‍ ബ്ലോഗുകളില്‍നിന്നു സത്യങ്ങള്‍ കാണുന്നു
ReplyDeleteവളരെ നല്ല ലേഖനം എന്നതില്‍ സംശയമില്ല. പക്ഷേ ഇത് ആരു നിയന്ത്രിക്കും? ആരാണ് ഇതിനൊരു സീമ നിശ്ചയിക്കുന്നത്? ഒരു ചാനല്‍ ഉണ്ടെങ്കില്‍ എന്തും ആവാം!
ReplyDeleteഞാന്‍ നര്‍മ്മത്തില്‍ എഴുതിയ ഈ പോസ്റ്റ് ഓര്‍ക്കുമല്ലോ അല്ലെ?
ഒരു ന്യൂസ് ചാനല്‍ നടത്താന്‍ പെടുന്ന പാടേ!
ഹ ഹ ഹ ഹ അപ്പുവേ ഇങ്ങിനെയാണു ചാനലുകാർ ധാന്യം സംഭരിക്കുന്നതു .
ReplyDeleteഅപ്പു കാര്യമാത്ര പ്രസക്തമായ ഒരു ലേഖനമെഴുതി നമ്മുടെ ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചു കണ്ടതില്‍ അതിയായി സന്തോഷിക്കുന്നു, ചില വാര്‍ത്തകള്‍ കാണുമ്പോള്‍ വല്ലാത്തമടുപ്പ് തോന്നുന്നു, വാര്‍ത്തക്കു വേണ്ടി അതായത് സെന്‍സേഷണല്‍ ന്യൂസ് എന്നു പറഞ്ഞു കാണിക്കുന്ന ക്ലിപ്പ് വല്ലത്ത വിഷമം തോന്നും അതു കണ്ടു വരുന്ന പുതു തലമുറക്ക് മൃദുലവികാരങ്ങള്‍ എന്നൊന്ന് ഇല്ലാതാവുന്നു ഇതു നല്ല പ്രവണതയല്ല.
ReplyDeleteഒരു ബസ്സ് അപകടം അല്ലങ്കില്‍ റോഡപകടം അതില്‍ മുറിവേറ്റവരുടേ ക്ലോസ്സപ്പും രക്തമൊഴുകുന്നതും ഒക്കെ കാണുമ്പോള്‍ ആ ഭാഗം ഇത്ര വിശദമായി കാണിക്കണമായിരുന്നോ എന്നു ചോദിച്ചു പോകും അതു പോലെ നീര്വിളാകന് പറഞ്ഞത്" ഇന്നലെ നാക്കു വെളിയിലിട്ട് മരിച്ച നിലയില്‍ കിടക്കുന്ന ആ മൃത്ദേഹം ടി വിയില്‍ കണ്ട് എന്റെ 6 വയസ്സുള്ള കുട്ടികള്‍ ഭയന്ന് നിലവിളിച്ചു..." ഇത് കാണിക്കണ്ട ആവശ്യമില്ല മരിച്ച ആളോടും അദ്ദേഹത്തിന്റെ വീട്ടുകാരോടും നാട്ടുകാരോടും ചെയ്യുന്ന അനാദരവ് തന്നെയാണിത്...സിനിമായില്‍ അഭിനയിക്കുന്ന ഒരു സീന്‍ കാണിക്കുന്ന ലാഘവത്തോടെ ആണു ഇന്ന് വാര്‍ത്തകള്‍ അത് പ്രേഷകരായ നാം ആസ്വദിക്കുന്നില്ല എന്ന സന്ദേശം വേണ്ടപെട്ടവരെ അറിയിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു...
ഈ അഭിപ്രായങ്ങള്‍ ഒക്കെ അതാണ് വെളിപ്പെടുത്തുന്നത്
സുനിൽ കൃഷ്ണൻ:- "ഓരോ ചാനൽ ലേഖകനും ഇന്നു നിലനിൽപ്പിനെ പ്രശ്നമാണു.മത്സരം അത്ര രൂക്ഷമാണ്.."
അതുല്യ:-
"ന്യൂസ് ഹവര്‍ ഒരു ദിവസം അര മണിക്കൂര്‍ മാത്രമേ പാടുള്ളു എന്ന് ഒരു റൂള്‍ കൊണ്ടുവന്നാല്‍ ഒരു പക്ഷെ ഈ കോമാളിത്തരത്തില്‍ നിന്ന് നമുക്ക് രക്ഷപെടാം. ഇത് 24 മണിക്കൂരൂം ന്യൂഉസ് കടത്തി വിടാന്‍ ഈ കേരളത്തില്‍ ന്യൂസ് എവിടെ? "
സജി:-.."എന്തെങ്കിലും ‘തടഞ്ഞാ‘ല്‍ വണ്ടി നിര്‍ത്തും, പിന്നെ തകര്‍ത്ത് റിക്കാഡ് ഡാന്‍സാണ്.."
സാല്‍ജോ:- "ഒരു പെരുമാറ്റച്ചട്ടം എന്നേ വരേണ്ടതാണു. മനുഷ്യാവകാശധ്വംസനങ്ങൾ ചാനലുകളിൽ അരങ്ങേറാൻ തുടങ്ങിയിട്ട് കാലം കുറെയായി..."
കിച്ചു :- എന്റെ മകന് പോലും ചോദിച്ചു ഇങ്ങനെ ഒക്കെ കാണിക്കാവോ എന്ന്...അത് കുറ്റമല്ലേ എന്ന്...കുഞ്ഞായ അവനു തോന്നിയ വിവേകം പോലും ഈ കൊടികെട്ടിയ ചാനല്‍ പ്രഭുക്കന്മര്ക്കില്ലാതെ പോയല്ലോ!!!
കുഞ്ഞുങ്ങളുടെ നിരന്നു കിടക്കുന്ന ശവശരീരങ്ങള്‍.... ചോരയൊഴുകുന്ന പരിക്കു പറ്റിയ മുഖങ്ങള്‍.. അലമുറയിടുന്ന ബന്ധുക്കള്‍....ഇതെല്ലാം ഓരോ മിനിറ്റും ഇടവിട്ടിടവിട്ടു കാണിച്ച് നമ്മുടെ ബോധം തന്നെ മരവിപ്പിച്ചു കളയിക്കുന്ന ഒരവസ്ഥ!!!
എന്തു പറയാാാാാാാന്!!!!!!!!!
ബിന്ദു.കെ.പി:-..."പക്ഷേ ഇന്നിപ്പോൾ ന്യൂസ് കേൾക്കുക/കാണുക എന്നത് എനിയ്ക്ക് അത്യന്തം അരോചകമായ ഒരു അനുഭവമാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.."
shandi:-... "ഞങ്ങള്‍ എണ്ണൂറോളം പേരിപ്പോള്‍ ഗള്‍ഫില്‍ ടി.വി വാര്‍ത്തകള്‍ കാണരെ ഇല്ല . അത്രത്തോളം വെറുപ്പായി ..."
നല്ലൊരു വിഷയം അവതരിപ്പിച്ചതിനു
അപ്പുവിനും നമ്മുടെ ബൂലോകത്തിനും
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍
ഈ വിഷയത്തില്‍ ഇത്രയധികം പേര് അവരവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കാണുന്നതില് വളരെ സന്തോഷം. മലയാള ടി.വി പ്രേക്ഷകരുടെ ഇടയില്‍ ന്യൂസ് ചാനലുകള്‍ കാണിക്കുന്ന സീനുകള്‍ക്ക് ഒരു നിയന്ത്രണം വേണോ എന്ന് ഒരു സര്വ്വേനടത്തുവാന് ആരെങ്കിലും തയ്യാറായാല്‍ (അങ്ങനെ ആരും നടത്തുകയില്ല!) അന്പതുശതമാനത്തിനു മുകളില്‍ ആളുകളും തീര്‍ച്ചയായും ഇതേ അഭിപ്രായങ്ങള്‍ പറയും എന്ന് എനിക്ക് ഉറപ്പാണ്. ഈ വ്യത്യസ്ഥത ബ്ലോഗിന്റെ മാത്രം പ്രത്യേകത എന്നു പറയേണ്ടിയിരിക്കുന്നു.
ReplyDeleteപണ്ട് ആകാശവാണിയുടെയും ദൂരദര്‍ശന്റെയും വാര്‍ത്തകള്‍ മാത്രം ഉണ്ടായിരുന്ന കാലഘട്ടം ഒന്ന് ഓര്‍ത്തുനോക്കൂ. അന്നും നമ്മള് വാര്‍ത്തകള്‍ അറീഞ്ഞിരുന്നു, ഇതേ രീതികളില്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു.
ഗള്‍ഫ് നാടുകളിലെ റോഡുകളില്‍ ദീര്‍ഘനേരം കാറിലും മറ്റു വാഹനങ്ങളിലും സഞ്ചരിക്കുന്നവര്‍ കൂടുതലും കേള്‍ക്കുന്നത് ഇവിടുത്തെ മലയാളം റേഡിയോ സ്റ്റേഷനുകളാണ്. അവിടെയും ന്യൂസ് നാം കേള്‍ക്കാറൂണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു സംഭവത്തിന്റെ ഒരു ഏകദേശ ചിത്രം കേള്‍വിക്കാരന്റെ മനസ്സിലെത്തിക്കുവാന് ദൃശ്യങ്ങള്‍ വേണമെന്നില്ല, ശബ്ദ വിവരണം മതി എന്നതിന് ഈ റേഡിയോ ന്യൂസുകള്‍ തന്നെ ഉദാഹരണങ്ങള്‍. ബി.ബി.സി, സി.എന്‍.എന്‍ തുടങ്ങിയ വാര്‍ത്താമാധ്യമങ്ങളുടെ ന്യൂസുകള്‍ ശ്രദ്ധീക്കു, എത്ര ശ്രദ്ധയോടുകൂടിയാണ് അവര്‍ ദൃശ്യചിത്രങ്ങള്‍ പുറത്തുവിടുന്നത്. പണ്ട് സദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഏതൊക്കെ ചിത്രങ്ങള്‍ ന്യൂസില്‍ കാണിക്കാം എന്നതിനെപ്പറ്റി വാര്‍ത്താഏജന്‍സികളുടെ തലവന്മാര് തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചീരുന്നു എന്ന് പറഞ്ഞതോര്‍ക്കുന്നു.
ഇന്ത്യയില്‍ ഇതിനൊന്നും നിയമമില്ലേ? ബോംബെയിലെ ഭീകരാക്രമണ സമയത്ത് കമാന്റോ ഓപ്പറേഷന് ലൈവ് ആയി കാണിച്ച് രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കിയ ടി.വി ചാനലുകളുടെ നാടാണല്ലോ നമ്മുടേത്. തീര്‍ച്ചയായും ഓരോ ചാനലുകളിലും വരുന്ന ദൃശ്യങ്ങള്‍ക്ക് ഉത്തരവാദിത്തപ്പെട്ടവരുടെ നിയന്ത്രണം ഉണ്ടാവണം. ജേര്‍ണലിസ്റ്റ് എന്ന ടാഗും തൂക്കി എവിടെയു കയറി എന്തും ആവാം എന്ന നിലയില്‍ നിന്ന് മാധ്യമങ്ങളെ നിയന്ത്രിക്കുവാന്‍ തീര്‍ച്ചയായും ഗവര്‍മെന്റുകള്‍ വിചാരിച്ചാല്‍ സാധിക്കാവുന്നതേയുള്ളൂ. ഇല്ലെങ്കില്‍ പൊതുതാല്പര്യമുള്ള വിഷയം എന്നനിലയില്‍ നാട്ടിലുള്ള ഏതെങ്കിലും പൊതുപ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുക. അല്ലാതെ ഇതിനൊരു ശമനമുണ്ടാവുമെന്നു തോന്നുന്നില്ല.
കേള്‍ക്കുന്നതും വായിക്കുന്നതുമായ വാര്‍ത്തകള്‍ സ്വയം ഒരു പത്രാധിപരുടെ സ്ഥാനത്തുനിന്ന് എഡിറ്റ് ചെയ്ത് ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുക. അപകട വാര്‍ത്തകളുടെ തത്സമയ ദൃശ്യങ്ങളിലേക്ക് നോക്കാതിരിക്കുന്നത് തന്നെയാകും ഭേദം. ഇത്രയൊക്കെയേ നമുക്കാവൂ. അല്ലെങ്കില്‍പ്പിന്നെ മാദ്ധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം എന്തെങ്കിലും നിലവില്‍ വരണം. അക്കാര്യം കണ്ടുതന്നെ അറിയണം.
ReplyDeleteഅപ്പുവിന്റെ പോസ്റ്റിന് 10 ല്‍ 9 മാര്‍ക്ക്.
ഓഫ്:- ഒരു മാര്‍ക്ക് മനപ്പൂര്‍വ്വം കുറച്ചതാണ്. ഒന്നും പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ മനുഷ്യനാവില്ല. അപ്പോളവന് ദൈവത്തിന്റെ സ്ഥാനം വന്നുപോകും. അതുകൊണ്ട് 9 മാര്‍ക്ക് ഫുള്‍ മാര്‍ക്ക് കിട്ടിയതുപോലെ തന്നെ :)
മാഷേ,
ReplyDeleteനല്ല ലേഖനം.
ഇതില്‍ ഒന്നിനോടും വിയോജിക്കാനില്ല..
മിസ്റ്റർ അപ്പൻ ഇന്നു മിഠായി വാങ്ങുമോ ഇല്ലിയോ എന്നൊന്നു റിപ്പോർട്ട് ചെയ്യാമോ!! :D :D
ReplyDeleteഅപ്പൂ....വളരെ ചിന്തനീയ ലേഖനം.മാധ്യമങള്‍ ചില വാര്‍ത്തകള്‍ ആഘോഷമാക്കുന്നത് പൊതുജനം കണ്ടറിഞ് അവരെ കൊണ്ടറിയിക്കണം.എന്നാലേ അവ നിലക്ക് നില്ക്കൂ...
ReplyDelete>>ഇന്ത്യയില്‍ ഇതിനൊന്നും നിയമമില്ലേ?
ReplyDeleteഇല്ല. നിയമം വേണ്ടത് മാധ്യമങ്ങൾക്കല്ല. ഇന്ത്യയിൽ പ്രൈവസി നിയമങ്ങളില്ല. പ്രൈവസി നിയമങ്ങൾ വന്നാൽ മാധ്യമങ്ങളും ശവശരീരങ്ങളുടെ മുഖം കാണിക്കുന്നത് നിറുത്തും. വളരെ മുൻപ്, പീഡനത്തിനു ഇരയായ പെൺകുട്ടിയുടെ പേരും നാളും വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഒരുമിച്ച് ഒരു തീരുമാനത്തിൽ (അതോ കോടതിവിധിയോ) അങ്ങിനെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തി എന്നാണെന്റെ ഓർമ്മ. സി.എൻ.എൻ/ഐ.ബി.എൻ ഇന്ത്യയിലെ ശവശരീരങ്ങളെ കാണിക്കാറുണ്ട്. അവ അമേരിക്കയിൽ കാണിക്കാറില്ല. വ്യത്യാസം പ്രൈവസി നിയമങ്ങളുടേത് മാത്രം.
>>ബോംബെയിലെ ഭീകരാക്രമണ സമയത്ത് >>കമാന്റോ ഓപ്പറേഷന് ലൈവ് ആയി കാണിച്ച് രാജ്യസുരക്ഷയെത്തന്നെ അപകടത്തിലാക്കിയ ടി.വി ചാനലുകളുടെ >>നാടാണല്ലോ നമ്മുടേത്.
ഇതൊക്കെ തെറ്റായ വിവരങ്ങളാണ്. രാജ്യസുര്ക്ഷക്കല്ല മാധ്യമങ്ങൾ നിലകൊള്ളുന്നത്. വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ മാത്രം. ഇന്ത്യൻ പട്ടാളക്കാർ തെറ്റു ചെയ്താൽ അത് രാജ്യസുരക്ഷയെക്കരുതി അവർ പറയാതെ ഇരുന്നാൽ? മുംബൈ ആക്രമണത്തിൽ സാധാരണ ജനങ്ങൾക്ക് പ്രവേശനത്തിനു ഒരു അകലം വെക്കേണ്ടിയിരുന്നത് ഏതൊരു ഓപ്പറേഷന്റേയും മുഖ്യ ഘടകമാണ്. അത് ചെയ്യാഞ്ഞത്, (ലൈവ് ഷൂട്ടിങ്ങ് നടന്നിരുന്ന ടാജിന്റെ എത്ര അടുത്ത് വരെ ആയിരുന്നു ആളുകൾ എന്ന് ശ്രദ്ധിച്ചില്ലേ?) , നമ്മുടെ ഓപ്പറേഷന്റെ പിടിപ്പുകേടാണ്.
>>മാധ്യമങ്ങളെ നിയന്ത്രിക്കുവാന്‍ തീര്‍ച്ചയായും ഗവര്‍മെന്റുകള്‍ വിചാരിച്ചാല്‍ >>സാധിക്കാവുന്നതേയുള്ളൂ.
മാധ്യമ നിയന്ത്രണം എന്നത് ഒരു ഇരുതല വാളാണ്. ഒരു ഗവണ്മെന്റിനു മാധ്യമനിയന്ത്രണമാകാമെങ്കിൽ അതാത് ഗവണാമെന്റ് ചെയ്യുന്ന കൊള്ളരുതായ്മ്കൾ മൂടിവെക്കാനാവില്ലേ അവർ ആദ്യം ശ്രമിക്കുക? രോഷം കൊള്ളാനൊക്കെ എളുപ്പമാണ്, പക്ഷെ മാധ്യമ നിയന്ത്രണം ഉള്ള രാജ്യങ്ങളിലെ സ്ഥിതി ഒന്ന് ആലോചിക്കുമ്പോൾ അതിലും ഭേദം ടിവി ഓഫ് ചെയ്യുകയാണ് എന്ന് തോന്നും. ദുബായിൽ അല്ലേ ലേഖകൻ താമസിക്കുന്നത്? അവിടെയുള്ള മാധ്യമ നിയന്ത്രണങ്ങൾ എത്രയെന്ന് അറിയില്ലേ? അതുകൊണ്ട് നഷ്ടം ജനത്തിനു തന്നെയാണ്.
മാധ്യമങ്ങൾക്കെതിരെ ജനങ്ങൾ ജനാധിപത്യപരമായി പ്രതികരിക്കുക എന്നത് അവരെ സ്വയം കറക്റ്റ് ചെയ്യാൻ തീർച്ചയായും പ്രേരിപ്പിക്കും. ഇന്ത്യയിലെ പത്രങ്ങളുടെ സെല്‍ഫ് റെഗുലേറ്ററി ബോറ്ഡാണ് പ്രെസ്സ് കൌൺസിൽ ഓഫ് ഇന്ത്യ. അവിടെ മാധ്യമങ്ങൾക്കെതിരെ പരാതിപ്പെടുവാനുള്ള വിവരങ്ങൾ ലഭ്യമാണ്.
ഇഞ്ചീ, പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയിൽ പരാതിപ്പെടാം എന്നത് പുതിയ അറിവായിരുന്നു. പക്ഷേ അവിടെ എത്തുന്ന പരാതി ആരാണ് കൈകാര്യം ചെയ്യുന്നത്? ഈ പത്രക്കാരുടെ ഒരു സംഘം തന്നെയല്ലേ.. പിന്നെ എന്തു മാറ്റമാണ് പ്രതീക്ഷിക്കേണ്ടത്?
ReplyDelete“മാധ്യമങ്ങളെ നിയന്ത്രിക്കുവാന്‍ തീര്‍ച്ചയായും ഗവര്‍മെന്റുകള്‍ വിചാരിച്ചാല്‍ സാധിക്കാവുന്നതേയുള്ളൂ“ -. എന്നെഴുതിയതിന്റെ അർത്ഥം ഇഞ്ചി പറഞ്ഞ പ്രൈവസി നിയമങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കണമെന്ന കാര്യം തന്നെയാണ്.
കൂട്ടത്തിൽ പറയട്ടെ, ദുബായിയിൽ പത്രസ്വാതന്ത്ര്യം അത്ര കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. സ്വൈര്യമായ ജീവിതത്തിനോ, ആവശ്യമുള്ളത്ര വിവരങ്ങൾ അറിയുന്നതിനോ എന്തെങ്കിലും തടസ്സമുള്ളതായി തോന്നിയിട്ടുമില്ല, അമേരിക്കയിലേയോ ഇന്ത്യയിലോ ഉള്ളത്ര മാധ്യമ “സ്വാതന്ത്ര്യം” ഇവിടെ ഇല്ലയെങ്കിലും. ആവശ്യമുള്ള കാര്യങ്ങൾ, വിമർശനങ്ങളായാലും പത്രങ്ങളും വായനക്കാരും എഴുതാറുമുണ്ട് - തർക്കത്തിനു വേണ്ടി പറഞ്ഞതല്ല കേട്ടോ :-)
ഇഞ്ചീ, പ്രസ് കൌൺസിൽ ഓഫ് ഇന്ത്യ വെബ് സൈറ്റിലെ പരാതികൾ കൊടുക്കേണ്ടതെങ്ങനെ എന്നുള്ള ലിങ്ക് വായിച്ചു. അതിന്റെ തുടക്കം ഇങ്ങനെയാണ്.
ReplyDelete“ It is open to any person to lodge a complaint with the Press Council against a newspaper for a breach of the recognized ethical canons of journalistic propriety and taste. The complainant need not necessarily be the person aggrieved or directly involved. The alleged breach may be in the publication or non-publication of a news-item or statement, or other material, like cartoons, pictures, photographs, strips or advertisement which are published in a newspaper. Cases can also be initiated by any member of the public against any professional misconduct by an editor, working journalist, staff of a newspaper or engaged in freelance work. There can also be a complaint against any matter transmitted by a news agency by any means whatsoever .
എന്റെ സംശയം ഇതാണ് : ഇക്കൂട്ടത്തിൽ ടി.വി ചാനലുകൾ പെടുമോ? അവസാനം ബോൾഡ് ആയി കൊടുത്തിരിക്കുന്ന വരിയുടെ അർത്ഥം അങ്ങനെ വായിക്കാമെങ്കിലും, ആദ്യവരികാരണം ഒരു കൺഫ്യൂഷൻ.
അപ്പു ടെലിവിഷൻ ചാനലുകൾ ഇലക്ട്രോണിക്ക് മീഡിയയിൽ പെടുന്നവയാണ്. അവയ്ക്കെതിരെയും പ്രെസ്സ് കൌൺസിൽ ഓഫ് ഇന്ത്യയിൽ പരാതിപ്പെടാം.
ReplyDeleteഅപ്പു മാധ്യമ സ്വാതന്ത്ര്യം എന്തെന്നും അതിനെ നിയന്ത്രിക്കണം എന്ന് മുറവിളി കൂട്ടുന്നവർ പ്രചരിപ്പിക്കുന്ന അരാഷ്ട്രീയത എന്തെന്നുമെല്ലാം ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയിട്ട് കുറേ നാളായി. പ്രെസ്സ് കൌൺസിലിൽ പരാതിപ്പെടാം എന്ന് അറിയില്ല്ല എന്നതു തന്നെ പോസ്റ്റ് എത്രയും വേഗം ഇടേണ്ടതാകുന്നു എന്ന് മനസ്സിലാക്കിപ്പിക്കുന്നു.
അപ്പു, രാഷ്ട്രീയക്കാരനെതിരെ പരാതിപ്പെടുന്നത് രാഷ്ട്രീയക്കാരനോട് തന്നെയല്ലേ? സെല്‍ഫ് റെഗുലേറ്ററി ബോർഡായ പ്രെസ്സ് കൌൺസിൽ ഓഫ് ഇന്ത്യ എന്ന് പറയുന്നത്, കുറച്ച് പത്രക്കാരുടെ ഒരു സംഘടന അവരോട് പരാതിപ്പെട്ടിട്ട് എന്തു കാര്യം എന്ന മട്ടിൽ അല്ല കൈകാര്യം ചെയ്യേണ്ടത്. കാര്യമുണ്ട് അപ്പൂ, അങ്ങിനെയാണ് അത് വർക്ക് ഔട്ട് ചെയ്യുക.
അപ്പൂ ദുബായിൽ എന്നല്ല മിഡിൽ ഈസ്റ്റിൽ, ചൈനയിൽ അങ്ങിനെ ഏകാധിപത്യ രാജ്യങ്ങളിൽ മുഴുവൻ മാധ്യമ സ്വാതന്ത്ര്യം ഇല്ല അല്ലെങ്കിൽ സർക്കാർ കണ്ട്രോൾഡ് ആണ്. മാധ്യമത്തിൽ കൂടി അറിയേണ്ടത് കാലവാസ്ഥയോ അല്ലെങ്കിൽ അപകടപ്പെട്ടവരുടെ ലിസ്റ്റോ സ്കൂൾ തുറക്കുന്ന ദിവസമോ അല്ലെങ്കിൽ അങ്ങിനെ ഒന്നും മാത്രമല്ല. മറ്റു പല കടമകളും മാധ്യമങ്ങൾക്കുണ്ട്. ഈയടുത്ത കാലത്ത് വരെ ലേബർ ക്യാമ്പുകളെക്കുറിച്ച് ഒരു ഫീച്ചർ ചെയ്യുവാൻ മാധ്യമങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നില്ല എന്ന് അറിയുമോ? ഇപ്പോഴും സർക്കാരിനെതിരെ രൂക്ഷമായ ഒരു വിമർശനവും പാടില്ല.
എന്തിനാണ് മാധ്യമങ്ങൾ നിലകൊള്ളുന്നത് എന്ന് തന്നെ മാധ്യമങ്ങളുടെ പല കൊള്ളരുതായ്മകളും കാരണം നമ്മളെപ്പോലുള്ളവർ മറന്നു പോയിരിക്കുന്നു, അതുകൊണ്ടാണ് നമ്മൾ അങ്ങിനെയൊക്കെ ചിന്തിക്കുന്നത് തന്നെ.
ഇഞ്ചീ, വിശദീകരണങ്ങൾക്ക് വളരെ നന്ദി. ആ പോസ്റ്റ് എത്രയും വേഗം പ്രസിദ്ധീകരിക്കും എന്നു പ്രതീക്ഷിക്കട്ടെ?
ReplyDelete“എന്തിനാണ് മാധ്യമങ്ങൾ നിലകൊള്ളുന്നത് എന്ന് തന്നെ മാധ്യമങ്ങളുടെ പല കൊള്ളരുതായ്മകളും കാരണം നമ്മളെപ്പോലുള്ളവർ മറന്നു പോയിരിക്കുന്നു, അതുകൊണ്ടാണ് നമ്മൾ അങ്ങിനെയൊക്കെ ചിന്തിക്കുന്നത് തന്നെ“ - ഇപ്പറഞ്ഞതിനൊരു സല്യൂട്ട് !
മാധ്യമങ്ങളും ഗുണ്ടകളും
ReplyDeleteനിരക്ഷരന് പറഞ്ഞതു തന്നെ
ReplyDelete"കേള്‍ക്കുന്നതും വായിക്കുന്നതുമായ വാര്‍ത്തകള്‍ സ്വയം ഒരു പത്രാധിപരുടെ സ്ഥാനത്തുനിന്ന് എഡിറ്റ് ചെയ്ത് ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുക"
അതാണു ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
അപ്പൂ, പ്രസക്തമായ ലേഖനം.