ബ്ലോഗായണം - ബ്ലോഗിന്റെ യാത്ര
“ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍ മുകുളമായി നീയെന്റെ മുന്നില്‍ നിന്നു
തരളകപോലങ്ങള് നുള്ളിനോവിക്കാതെ തഴുകാതെ ഞാന്‍ നോക്കി നിന്നൂ”
ഈ വരികള്‍ കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസില്‍ ഉണരുന്ന വികാരം എന്തെന്ന് എനിക്കറിയില്ല.ഇത് പാടിയ ആളെ ആണോ അതോ മറ്റ് വല്ല രംഗങ്ങളുമാണോ നിങ്ങളുടെ ഓര്‍മ്മയില്‍ വിരിയുന്നതെന്നും എനിക്ക് അറിയില്ല.പക്ഷേ എന്റെ മനസില്‍ തല പൊക്കുന്ന ഒരു രൂപമുണ്ട്, 'ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍', എന്നൊരു പോസ്റ്റ് എഴുതിയ ബ്ലോഗറുടെ രൂപം.ആ രൂപം എനിക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ല, കാരണം ആ രൂപത്തിന്റെ, അല്ലെങ്കില്‍ ആ ബ്ലോഗറുടെ പേര് 'മുണ്ഡിത ശിരസ്കന്' എന്നാണ്..
ഈ രൂപം ഞാന്‍ എങ്ങനെ വിശദീകരിക്കും??
മുണ്ഡിത ശിരസ്ക്കന് ആരെന്ന് എനിക്ക് അറിയില്ല, ആകെ അറിയാവുന്നത് 'കന്നഡക്കാരന്' എന്ന പോസ്റ്റില്‍ അദ്ദേഹം സൂചിപ്പിച്ചിട്ടുള്ള വരികളാണ്..
"ബാംഗ്ലൂര്‍…ഏറ്റവും ഗുണമേന്മയുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ കിലോക്ക് ഏറ്റവും കുറഞ്ഞ തുകയ്ക്ക് തൂക്കി വാങ്ങാവുന്ന സ്ഥലം. നഴ്സിങ്ങ് പഠിക്കുന്ന മലയാളിപ്പിള്ളേരുടെ ലിംഗഭേദമന്യേയുള്ള ‘വാടാ പോടാ’ വിളി കൊണ്ട് ശബ്ദമുഖരിതമായ ദക്ഷിണേന്ത്യയുടെ ഏക ഉദ്യാന നഗരി .
വിവിധ തലത്തിലുള്ള ജീനിയസ്സുകളെ കൂട്ടിയിടിച്ചിട്ട് വഴിനടക്കാന്‍ മേല. ഈ ആള്‍ത്തിരക്കില്‍ ഞാനും.ഫോറത്തിലും ഗരുഡാമാളിലും കൊമേര്ഷിയല് സ്ട്രീറ്റിലും ബ്രിഗേഡ് റോഡിലുമൊക്കെ അഡിഡാസ് മണവുമായി കറങ്ങി നടക്കുന്ന ഒരു പച്ചപ്പരിഷ്കാരി. കൊല്ലത്തേക്ക് ലക്ഷത്തിന് വില മതിക്കുന്ന ഹൈ പ്രൊഫൈല്‍ ചുവരെഴുത്തുകാരന്. ദേഹം മുഴുവന്‍ വില കൂടിയ ബ്രാന്‍ഡുകളുടെ ടാഗുകള്‍ പൊതിഞ്ഞ് പ്രദർശിപ്പിച്ചു നടക്കുന്ന അഭിനവ പുങ്കന്‍.
വീക്കെന്‍ഡുകളില്‍ കൂട്ട് കൂടി ലോങ് ഡ്രൈവ് ചെയ്ത് ഊട്ടിയിലോ കുടകിലോ ഹൊഗ്ഗനേക്കല്ലോ പോയി പട്ടയടിച്ച് മാണ്ട് പിറ്റേ ദിവസം രാവിലെ കഫറ്റേരിയയിലെ കാപ്പിച്ചര്ച്ചകളില് അതിന്റെ വിശേഷം കുത്തിത്തിരുകി കൈയ്യടി വാങ്ങുന്ന ശുദ്ധ അരോചകന്. അഹങ്കാരം കൊണ്ട് മുഖം മിനുക്കി പുച്ഛം കൊണ്ട് കുറി വരച്ച് നടക്കുന്ന അഴകിയ രാവണന്. "
കണ്ടില്ലേ, ഒരുപക്ഷേ ഇതാവാം മുണ്ഡിത ശിരസ്ക്കന്.എന്തായാലും ഈ അഴകിയ രാവണനു അറിവുമുണ്ട്, എഴുതാനുള്ള കഴിവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ബ്ലോഗ് തെളിയിക്കുന്നു.ഈ ബ്ലോഗ് ഒരുപാട് യാത്ര ചെയ്തതാണെന്ന് തോന്നുന്നു.അതിനാലാവാം ബ്ലോഗിന്റെ അയനം എന്ന് പേരു കൊടുത്തത്, അതിനെ ഒറ്റവാക്കില്‍ വായിക്കുന്നതാണ് ഉചിതം..
അദ്ദേഹത്തിന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റായ 'ഒരു ദലം മാത്രം വിടര്‍ന്നൊരു ചെമ്പനീര്‍' ഇങ്ങനെയാണ് ആരംഭിക്കുന്നത്...
"മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലം. ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന ചെറു പുരുഷനായി വിലസി നടക്കുന്നു. ഒരു സുപ്രഭാതത്തില്‍ ആ വാര്‍ത്ത കേട്ട് ഞാന്‍ കേരളാ ബമ്പര്‍ ലോട്ടറി അടിച്ചതു പോലെ മന്ദിച്ചു നിന്നു . പൊട്ടന്റെ ബേക്കറിയിലെ ചില്ലുഭരണിയിലിരിക്കുന്ന ചെറിപ്പഴം പോലത്തെ ഒരു പെണ്‍കുട്ടിക്ക് എന്നോടു കലശലായ പ്രണയം. പാവപ്പെട്ടവരുടെ ഐശ്വര്യാ റായി…എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഒടുക്കത്തെ പ്രൊഫൈല്‍."
ഈ ആദ്യ പാരഗ്രാഫ് വായിച്ചപ്പോള്‍ തന്നെ, മേല്‍ സൂചിപ്പിച്ച കൃതിയുടെ കര്‍ത്താവായ 'മുണ്ഡിത ശിരസ്കന്' ഒരു ഒടുക്കത്തെ പ്രോഫൈല്‍ ആണെന്ന് മനസ്സ് പറഞ്ഞു.തെറ്റിയില്ല, തുടര്‍ന്ന് വന്ന പോസ്റ്റുകള്‍ അതിനു അടിവരയുമിട്ടു.
2008 ജൂലൈയില്‍ ബ്ലോഗിലെ ആദ്യ പോസ്റ്റ് ഇട്ടെങ്കിലും, ആകെ അഞ്ച് പോസ്റ്റുകളെ അദ്ദേഹം ഇട്ടിട്ടുള്ളു എന്നതാണ് എനിക്ക് ആ ബ്ലോഗിനെ കുറിച്ച് വിഷമത്തോടെ പറയാനുള്ള ഒരു കാര്യം.അതില്‍ നാലെണ്ണം ഓര്‍മ്മക്കുറിപ്പും, പിന്നെ ഒരു കഥയും.അദ്ദേഹം ഇനിയും എഴുതും എന്ന വിശ്വാസത്തില്‍, ഇനിയും ബ്ലോഗില്‍ സജീവമാകാന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ.....
അരുണ്‍ കായംകുളം
ബാന്ഗ്ലൂര് വാല ആള് പുലി ആണല്ലോ...
ReplyDeleteകുറച്ച് മാത്രമെ എഴുതിട്ടുള്ളെങ്കിലും ആ പോസ്റ്റുകളിലുടനീളം അദ്ദേഹത്തിന്റെ എഴുതാനുള്ള അപാരമായ കഴിവും ഹ്യൂമർസെൻസും നമുക്ക് കാണാം.
ReplyDeleteമുണ്ഡിതശിരസ്കനും ബ്ലോഗ്വിശകലനം നടത്തിയ അരുണിനും എല്ലാവിധ ആശംസകളും നേരുന്നു.
ബ്ലോഗായണം ഇനിയും സജീവമാകട്ടെ എന്നാഗ്രഹിച്ച് കൊണ്ട്....
ഗൊള്ളാം..ഗലക്കൻ..!
ReplyDeleteമുണ്ഡിത ശിരസ്കന്റെ രചനകൾക്കായി കാത്തിരിക്കുന്നു....
ReplyDeleteആശംസകൾ അരുൺ..
എന്റെ ജീവാത്മാവും പരമാത്മാവുമായ ‘ബ്ലോഗായണം’ എന്ന ബ്ലോഗ് വിശകലനം ചെയ്യാൻ സമയം ചിലവഴിച്ച അരുണിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയട്ടെ. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസത്തിനും വാത്സല്യത്തിനും മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു.
ReplyDeleteബ്ലോഗിന്റെ പേര് ഉചിതമല്ല എന്ന് ചൂണ്ടിക്കാണിച്ചത് കൊണ്ട് അത് മാറ്റാൻ തന്നെ തീരുമാനിച്ചു.
1. ജയന്തി ജനത 2. പരശുറാം എക്സ്പ്രസ്സ് 3. പുഷ് പുൾ 4. തിരുവനന്തപുരം എക്സിക്യൂട്ടീവ്
5. ഐലന്റ് എക്സ്പ്രസ്സ് ഇത് അഞ്ചെണ്ണമാണ് എന്റെ സെലക്ഷൻ. ഇതാകുമ്പോൾ യാത്ര ചെയ്യാതെ സ്റ്റേഷനിൽ തന്നെ കിടക്കുകയാണല്ലോ.
താങ്കൾ ഉദ്ദേശിക്കുന്നത് പോലെ എനിക്ക് രാമായണം തമാശപ്പാട്ട് എഴുതാൻ തക്കവണ്ണം അറിവൊന്നുമില്ല. പ്രീഡിഗ്രി തോറ്റ് നാട് വിട്ടവന് എങ്ങനെ അറിവുണ്ടാകാനാ. സമയത്തിന് ഉത്തരമെഴുതി തീരാതിരുന്നത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. എഴുതാനുള്ള കഴിവില്ല എന്ന് അന്ന് തന്നെ എനിക്ക് മനസ്സിലായതാണ്.
എനിക്ക് വീണ്ടും എഴുതാൻ സാധിക്കേണമേ എന്ന് സർവ്വേശ്വരനോടുള്ള നിങ്ങളുടെ പ്രാർത്ഥനയിൽ ഞാനും പങ്കു ചേരുന്നു.
ഒരു വിശകലനം നടത്താൻ മാത്രം എന്തെങ്കിലും എന്റെ ബ്ലോഗിൽ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും അതിന് അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം ചിലവഴിക്കുകയും ചെയ്ത ശ്രീ അരുൺ കായംകുളത്തിനോട് ഒരിക്കൽ കൂടി എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുകയും മറുപടി എഴുതാൻ താമസിച്ചത് അദ്ദേഹം എനിക്കയച്ച ലിങ്ക് കാണാതിരുന്നത് കൊണ്ടുമാണെന്ന് തെര്യപ്പെടുത്തുന്നു.