സന്തോഷ്‌ പല്ലശനയോടോത്ത് ...


സന്തോഷ്‌ , നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈനിന്റെ അഭിമുഖ പരമ്പരയിലേക്ക് സ്വാഗതം.
പുതിയ എഴുത്തുകാരില്‍ വളരെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ്‌ താങ്കള്‍. വളരെ ശക്തമായ കവിതകള്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. എന്താണ് താങ്കള്‍ കൂടുതലായാലും കവിതകള്‍ക്ക് വിഷയമാക്കുന്നത്.?

ഏഴുതാതിരിക്കാന്‍ കഴിയാത്തതുകൊണ്ടുമാത്രം എഴുതുന്ന ഒരാളാണ്‌ ഞാന്‍. കവിതയ്ക്ക്‌ വിഷയങ്ങള്‍ വേര്‍തിരിച്ച്‌ എടുക്കാറില്ല. അങ്ങിനെ ചെയ്യുമ്പോല്‍ ഒരു തരം കൃതൃമത്വം രചനയില്‍ ചിലപ്പോള്‍ വന്നുചേരും എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നെ സമ്പന്ധിച്ചിടത്തോളം ഓരോ കവിതയും ഓരോ കണ്ടെത്തലാണ്‌. ഒരു ശില്‍പി ശിലയില്‍ നിന്ന്‌ ഒരു ശില്‍പത്തെ കണ്ടെത്തുന്നതുപോലെ. കഴിവതും വെച്ചുകെട്ടുകളും ആടയാഭരണങ്ങളും ഇല്ലാതെ, നമ്മുടെ ദൈനദിന സാമുഹിക ജീവിതാനുഭവങ്ങള്‍ മനസ്സിലുണ്ടാക്കുന്ന വെളിപാടുകള്‍ സത്യസന്ധമായി ആവിഷ്കരിക്കുക എന്നതില്‍ മത്രമാണ്‌ എന്‍റെ ശ്രദ്ധ; ചിലപ്പോള്‍ പരാജയപ്പെടും ചിലപ്പോള്‍ വിജയിക്കും.

മറുനാടന്‍ മലയാളി ആണെന്നറിയാം. പ്രവാസ ജീവിതം തിരക്കുപിടിച്ചതാകുമ്പോള്‍ എഴുത്തിനു സമയം കിട്ടാറുണ്ടോ..

ഞാനീ മഹാനഗരത്തില്‍ വന്നിട്ട്‌ ഏഴുവര്‍ഷത്തോളമായി. ഈ നഗരം എന്നില്‍ ഒരുപാട്‌ മാറ്റങ്ങള്‍ കൊണ്ടുവന്നു. ജീവിത രീതിയിലും, കാഴ്ച്ചപ്പാടുകളിലും മാത്രമല്ല എന്‍റെ കവിതകളിലും മാറ്റം പ്രകടമാണ്‌. എന്നെ സമ്പന്ധിച്ചിടത്തോളം എഴുത്തിന്‌ തിരക്ക്‌ എന്നൊന്നില്ല. തിരക്ക്‌ തികച്ചും ആപേക്ഷികമാണ്‌. ജോലി കഴിഞ്ഞ്‌ രാത്രിവണ്ടിയില്‍ തൂങ്ങിപ്പിടിച്ചു യാത്രചെയ്യുമ്പോഴും കവിത ഒരു ബാധയായിതന്നെ കൂടെയുണ്ട്‌. പലപ്പോഴും വെട്ടിയും തിരുത്തിയും എഴുതാന്‍ മെനക്കെടാതെ നമ്മള്‍ ബുദ്ധിപൂര്‍വ്വം ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളെ പഴിക്കുന്നു. സത്യം പറഞ്ഞാല്‍ കടലാസില്‍ ഒരു കവിതയുടെ ആദ്യവരി പകര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ മുഴുവനാക്കും വരെ എഴുതപ്പെടാത്ത വരികള്‍ നമ്മെ ആക്രമിച്ചുകൊണ്ടേയിരിക്കും. ഈ സര്‍ഗ്ഗാത്മക സമസ്യയില്‍ നിന്ന്‌ രക്ഷപ്പെടാനായിമാത്രം ചിലപ്പോള്‍ കവിതയെ എങ്ങിനെയെങ്കിലും എഴുതി അവസാനിപ്പിക്കും. ഒരു നല്ല വായനക്കാരനറിയാം ഇത്തരം അപൂര്‍ണ്ണമായ കവിതകളുടെ നിലവിളികള്‍. ഞാന്‍ വളരെക്കുറച്ചു മാത്രമെ എഴുതാറുള്ളു. പ്രവാസജീവിതം ആരംഭിച്ചതിനുശേഷം വായന തീരേക്കുറഞ്ഞു. വായന തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

സാമൂഹിക/രാഷ്ട്രീയ/കലാ സാഹിത്യ വിഷയങ്ങളിലും താങ്കള്‍ പ്രതികരിക്കാന്‍ ബ്ലോഗ്‌ എഴുതുന്നുണ്ടല്ലോ. അതിനോടുള്ള വായനക്കാരുടെ പ്രതികരണം എന്താണ്..?

പൊതുവെ കമന്‍റു ബോക്സില്‍ നിന്ന്‌ വളരെ സമഗ്രമായ വായന നടന്നതായി എനിക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. സമഗ്രമായി വായിക്കപ്പെടാന്‍ മാത്രം നല്ലൊരു എഴുത്തുകാരനാണ്‌ ഞാനെന്ന്‌ എനിക്കു തോന്നിയിട്ടില്ല. ബുലോകത്ത്‌ നല്ലൊരു എഴുത്തുകാരന്‍ എന്നതിലുപരി ഒരു നല്ല വായനക്കാരന്‍ (കമന്‍റടിക്കാരന്‍) എന്നറിയപ്പെടാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാതരത്തിലുള്ള ബ്ളോഗ്ഗും ഞാന്‍ വായിക്കും. വളരെ സത്യസന്ധമായി കമന്‍റടിക്കും.

ബ്ലോഗില്‍ വന്നത് കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായത് എന്ന് പറയാമോ.?

ബ്ളോഗ്ഗില്‍ വന്നതുകൊണ്ട്‌ എനിക്ക്‌ ഒരുപാട്‌ നല്ല സുഹൃത്തുക്കളെ ലഭിച്ചു. അനാവശ്യവിവാദങ്ങള്‍ക്ക്‌ ഞാന്‍ തോറ്റം പാടാറില്ല. എഴുത്തിലും വായനയിലും മാത്രമാണ്‌ എന്‍റെ ശ്രദ്ധ. ബ്ളോഗ്ഗെഴുത്ത്‌ ആരംഭിച്ചതോടെ പഴയ കൃതികള്‍ പലതും മിനുക്കിയെടുക്കാനുള്ള ഉത്സാഹം ഉണ്ടായി. എഴുതപ്പെട്ട കവിതകളും കുറിപ്പുകളുമൊക്കെ അടുക്കിപ്പെറുക്കി വയ്ക്കുന്ന ശീലം എനിക്കില്ലായിരുന്നു. ഇപ്പോള്‍ എല്ലാത്തിനും ഒരു ചിട്ട വന്നു, മാത്രമല്ല കവിതയെ ഞാന്‍ പഴയതിലും കൂടുതല്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
വിമര്‍ശകരെ എങ്ങനെ നേരിടുന്നു.. ആധുനിക കവികളെ വിമര്‍ശിക്കുന്നവരോട് എന്താണ് പറയാനുള്ളത് ?

സമകാലീന മലയാളം ബ്ളോഗ്ഗെഴുത്തില്‍ നട്ടെല്ലുള്ള ഒരു വിമര്‍ശന സംസ്കാരം ഉണ്ടാവേണ്ടിയിരിക്കുന്നു. പരസ്പരം പുറം ചൊറിയുന്നവര്‍ എന്ന അപഖ്യാതി നമ്മുക്ക്‌ മാറ്റിയെടുക്കേണ്ടതുണ്ട്‌. ഒരു കൃതിയുടെ മാറില്‍ ഒരു വായനക്കാരന്‍ തിരയുന്നത്‌ അവന്‍റെ ധൈഷണിക ജീവിതം നിലനിര്‍ത്താനുള്ള മുലപ്പാലാണ്‌. അതു കിട്ടിയില്ലെങ്കില്‍ അവന്‍ നിലവിളിക്കും അത്‌ അവന്‍റെ അവകാശമാണ്‌. ഒരു കൃതിയെ ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ നമ്മുക്ക്‌ ഒന്നുറപ്പിക്കാം നമ്മുടെ കൃതി അവിടെ സമഗ്രമായി വായിക്കപ്പെട്ടിട്ടുണ്ടെന്ന്‌. വസ്തുനിഷ്ടവും സത്യസന്ധവുമായ വിമര്‍ശനത്തെ ഞാന്‍ സ്വീകരിക്കുന്നു-പ്രോത്സാഹിപ്പിക്കുന്നു.
ഇഷ്ടമുള്ള കവി/കവയിത്രി ആരാണ്.. ഇപ്പോള്‍ വായനാശീലത്തെ പ്രവാസ ജീവിതം തടസ്സപ്പെടുത്താറൂണ്ടോ?

തുടക്കത്തില്‍ ഒ. എന്‍. വി, സുഗതകുമാരി തുടങ്ങിയവരുടെ കവിതകള്‍ എന്നെ സ്വാധീനിച്ചിരുന്നു. പിന്നെയെപ്പോഴൊ സ്വന്തം വഴി വെട്ടിത്തെളിക്കണമെന്ന്‌ മോഹമായി ഇപ്പോഴും അതൊരു മോഹം മാത്രമായി നിലനില്‍ക്കുന്നു. സച്ചിദാനന്ദന്‍, കെ. ജി. എസ്‌. തുടങ്ങിയവരേയും പുതു നിരയില്‍ ഒട്ടേറെപ്പേരേയും ഇഷ്ടമാണ്‌. ബ്ളോഗ്ഗു വായന ചെറുതായി പുസ്തകവായനയെ ബാധിച്ചിട്ടുണ്ട്‌ അതിന്‍റെ ഒരു കുഴപ്പം എന്‍റെ എഴുത്തിലും ചിന്തയിലും ഉണ്ടായിട്ടുണ്ട്‌. പ്രവാസ ജീവിതം ആരംഭിച്ചതിനുശേഷം വായനയില്‍ ചെറിയ കുറവു വന്നിട്ടുണ്ട്‌ എന്നതു സത്യം തന്നെ. തൊണ്ണുറുകളില്‍ പാലക്കാട്‌, കൊല്ലങ്കോടുള്ള മഹാകവി പി. സ്മാരക ലൈബ്രറിയിലെ വായനയാണ്‌ ഇപ്പോഴും അടിത്തറ. പക്ഷെ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വായന വീണ്ടും ശക്തിപ്പെട്ടു വരുന്നു.

പലപ്പോഴും സത്യങ്ങള്‍ വിളിച്ചുപറയാന്‍ മടിക്കാറില്ലയെന്നത് താങ്കളുടെ കവിത വായിച്ചാല്‍ അറിയാം. ഒപ്പമുള്ള ചിത്രങ്ങളും നല്ലത് തന്നെ. ചിത്രങ്ങള്‍ സ്വയം വരയ്ക്ക്കുന്നതാണോ..?

മിലാന്‍കുന്ദേര ഇങ്ങിനെ എഴുതിയതായി എവിടെയോ വായിച്ചിരുന്നു 'നിലവിലുള്ള സത്യങ്ങളെ കണ്ടെത്തുന്നവനല്ല മറിച്ച്‌ പുതിയ സത്യങ്ങളെ കണ്ടെത്തുന്നവനാണ്‌ ഒരു മഹാനായ എഴുത്തുകാരന്‍'. അതുകൊണ്ടുതന്നെ ഞാന്‍ ഒരു ചെറിയ എഴുത്തുകാരനാണ്‌ (അതുപോലുമാണൊ...?) നിലവിലുള്ള സത്യങ്ങള്‍ പോലും പൂര്‍ണ്ണമായി ഉച്ചരിക്കാനാവാത്ത ഒരു "സാദാ കപി". പിന്നെ ചിത്രങ്ങള്‍ക്ക്‌ ഗൂഗിള്‍ അമ്മച്ചിയോട്‌ കടപ്പാട്‌.
മലയാളം ബ്ലോഗുകളില്‍ വരുന്ന കൃതികളെ പറ്റി ഒന്ന് പറയാമോ. എങ്ങനെയുള്ള വായനയാണ് അധികവും. പ്രിന്റ്‌ മാധ്യമത്തെയും ഇന്റര്‍നെറ്റ്‌ മാദ്ധ്യമത്തെയും എങ്ങനെ വിലയിരുത്തുന്നു.?

എന്‍റെ "തിരമൊഴികള്‍" എന്ന ബ്ളോഗ്ഗില്‍ ഈ വിഷയത്തില്‍ ഞാന്‍ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. സമകാലീന മലയാളം ബ്ളോഗ്ഗെഴുത്ത്‌ ഇനിയും അതിന്‍റെ ശൈശവദശ പിന്നിട്ടിട്ടില്ല. പലര്‍ക്കും ബ്ളോഗ്ഗെഴുത്ത്‌ ഡയറിയെഴുത്താണ്‌. മനസ്സില്‍ വരുന്നത്‌ അവര്‍ എഴുതുന്നു അതുകൊണ്ടുതന്നെ അതിന്‍റെ നന്‍മതിന്‍മകളെക്കുറിച്ച്‌ ആവലാതിപ്പെടാന്‍ നമ്മുക്കാവില്ല എന്ന്‌ ബഹുഭൂരിപക്ഷം ബ്ളോഗ്ഗെഴ്സ്‌ അഭിപ്രായപ്പെടുന്നു. ഞാന്‍ ഈ അഭിപ്രായത്തിന്‌ എതിരാണ്‌. ഒരു കൃതി അത്‌ എഴുതപ്പെടുന്നതുവരെ മാത്രമെ ഒരാളുടെ സ്വന്തമകുന്നുള്ളു അത്‌ ബൂലോകത്ത്‌ പബ്ളിഷ്‌ ചെയ്തുകഴിഞ്ഞാല്‍ അത്‌ ബൂലോകത്തെ വായനക്കാരുടെ സ്വന്തമാണ്‌. അതിന്‍റെ നന്‍മതിന്‍മകളെ വിലയിരുത്താന്‍ ഒരോ വായനക്കാരനും അവകാശമുണ്ട്‌. അങ്ങിനെയല്ലെങ്കില്‍ സ്വന്തം ബ്ളോഗ്ഗിലെ കമന്‍റെ ഒപ്ഷന്‍ എടുത്തുകളയാന്‍ വിമര്‍ശനം ഇഷ്ടമില്ലാത്ത ബ്ളോഗ്ഗേഴ്സ്‌ തയ്യാറാകണം. തികച്ചും വൈയ്യക്തികമായ എഴുത്തുകളാണ്‌ ബ്ളോഗ്ഗുകളില്‍ അധികവും കാണുന്നത്‌. ചില കൃതികള്‍ വായിച്ചാലറിയാം വൈയ്യക്തികതയ്ക്കും ചില സാമൂഹികമായ തലം ഉണ്ടെന്ന്‌. മാധവിക്കുട്ടിയുടെ കൃതികള്‍ ഉദാഹരണം. സമകാലിക മാധ്യമങ്ങളില്‍ വരുന്ന ചില കവിതകള്‍ കാണുമ്പോള്‍ കഷ്ടം തോന്നാറുണ്ട്‌. തികച്ചും അപ്രശസ്തരായ പുതുനിരയിലെ നല്ല ബ്ളോഗ്ഗേഴ്സിന്‍റെ ബ്ളോഗ്ഗുകവിതകള്‍ക്കുമുന്‍പില്‍ സമകാലീന പ്രിന്‍റു മാധ്യമങ്ങളിലെ കവിതകള്‍ ഒന്നുമല്ല. സമകാലീന പ്രിന്‍റു മാധ്യമങ്ങളില്‍ വരുന്ന അപൂര്‍വ്വം കൃതികള്‍ ഒഴികെ എലാം വെറും ജാഡകളായി തോന്നാറുണ്ട്‌.

താങ്കളുടെ പല നല്ല രചനകളും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്ന് തോന്നുന്നുണ്ടോ..?

ബ്ളോഗ്ഗെഴുത്ത്‌ ആരംഭിച്ച കാലത്ത്‌ തോന്നിയിരുന്നു. ഇപ്പോള്‍ വളരെ നല്ല പ്രതികരണങ്ങള്‍ കിട്ടുന്നുണ്ട്‌.

ബ്ലോഗ്‌ കൂട്ടായ്മകളെ പറ്റി എന്തുപറയുന്നു..?

മലയാള ബ്ളോഗ്ഗു ചരിത്രത്തില്‍ തൊടുപുഴയുടേയും ചെറായി മീറ്റിന്‍റേയും സ്ഥാനം നിസ്തുലമാണ്‌. വെറും എഴുത്തിലൂടെ മാത്രം ഉടലെടുത്ത സൌഹൃദങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന്‌ ചിരിച്ച്‌ തിമിര്‍ത്ത്‌ സൌഹൃദം പങ്കുവെച്ച്‌ ഒരു കപ്പ്‌ കാപ്പികുടിച്ചാല്‍ പോലും വലിയ കാര്യങ്ങള്‍ തന്നെ നമ്മുക്ക്‌. ഇതൊരു തുടക്കം മാത്രം. കാലം ഇതിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കും.

രചനകള്‍ മെച്ചപ്പെടുത്തുവാനും പുതിയബ്ലോഗര്‍ മാരോടും എന്ത് ഉപദേശമാണ് നല്‍കാനുള്ളത്. ?

അയ്യോ.... ഉപദേശം നല്‍കാന്‍ മാത്രം ബൂലോകത്ത്‌ ഞാനൊന്നുമല്ല. ബ്ളോഗ്ഗെഴുത്ത്‌ എഴുതുന്നവന്‍റേയും വായിക്കുന്നവന്‍റേയും ഊഷ്മളമായ കൊടുക്കല്‍ വാങ്ങലുകളുടെ സ്നേഹ സാമ്രാജ്യമാണ്‌. അതിനപ്പുറം വികൃതമായ വിവാദങ്ങള്‍ക്കും കൂട്ടികൊടുക്കലുകള്‍ക്കും ഒരു പ്രാധാന്യവും നല്‍കരുത്‌. കാരണം ഈ മാധ്യമം എന്നും ദുഷ്പേരില്ലാതെ നിലനില്‍ക്കണം അതിനായി സ്വന്തം സര്‍ഗ്ഗാത്മകതയും ഹൃദയരക്തവും കൊടുത്ത്‌ എല്ലാ അഴുക്കുകളും അപ്പപ്പോള്‍ കഴുകിവൃത്തിയാക്കണം. എഴുതുന്നതിനും വായിക്കുന്നതിനും സൌഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും മാത്രമായിരിക്കട്ടെ നമ്മുടെ ധ്യാനം. ആളുകാണാന്‍ ഉടുതുണിപൊക്കിക്കാണിക്കുന്ന വിരുതന്‍മാരെ അവരര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അവഗണിക്കുക.

എല്ലാ ബൂലോകര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.


സന്തോഷ്‌ പല്ലശനയുടെ ബ്ലോഗ്ഗുകള്‍ 1 സന്തോഷ്‌ പല്ലശന 2 തിരമോഴികള്‍

5 Responses to "സന്തോഷ്‌ പല്ലശനയോടോത്ത് ..."

 1. കുറെ ഏറെ നല്ല ചോദ്യങ്ങളും നിരീക്ഷണങ്ങളും...കൊണ്ട് ഈ അഭിമുഖം അല്പം വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട് ..
  ആശംസകള്‍ സന്തോഷേട്ടനും ബൂലോകം ഓണ്‍ലൈന്‍ ഉം

  ReplyDelete
 2. സന്തോഷിനെയും ഫെയ്മസ്സ് ആക്കിയോ?

  ReplyDelete
 3. അല്ലെങ്കിലും ഞങ്ങള്‍ പാലക്കാട്ടുകാര്‍ നല്ല സാഹിത്യ വാസനയുല്ലവരാണ്

  ReplyDelete
 4. ശക്തമായ ഭാഷ കവിയെപ്പോഴും നല്ല നിരിക്ഷകന്കുടിയാണല്ലോ
  സന്തോഷിന്‍ സത്യസന്ധമായ മറുപടിയേറെഇഷ്ട്മായി , ആശംസകള്‍

  ReplyDelete
 5. സന്തോഷിനെ ഇങ്ങനെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.. നന്ദി

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

Popular Posts