അരുണ്‍ v/s നട്ടപ്പിരാന്തന്‍

അപേക്ഷകളും ആവലാതികളും ഇനി അരുണിന് സ്വന്തം

നമ്മുടെ ബൂലോകം പത്രത്തില്‍ വന്ന നാട്ടപ്പിരാന്തന്റെ അഭിമുഖത്തിലെ ഫോട്ടോയെപ്പരാമാര്‍ശിച്ചു "മോട്ടേട്ടന്‍ " ശ്രീ അരുണ്‍ കായംകുളത്തിന് അയച്ച പരാതിയും അതിനു അരുണ്‍ നല്‍കിയ മറുപടിയും ബൂലോകരുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു. മോട്ടേട്ടന് ചിലവായ തുകയ്ക്കായി ഒരു ബൂലോക സമാശ്വാസ ഫണ്ടും പിരിച്ചു നല്‍കാന്‍ എല്ലാ ബ്ലോഗ്ഗേഴ്സും കിണഞ്ഞു പരിശ്രമിക്കണേ !
എന്റെ നഷ്ടപ്പെട്ട പൈസ :നട്ടപിരാന്തന്‍.

ബൂലോക മധ്യസ്ഥനും, കായംകുളം എക്സ്പ്രസ്സില്‍ സ്ഥിരമായി സഞ്ചരിക്കുന്നവനും, പുഞ്ചിരിക്കുന്ന മുഖവും, പല്ലുമായി കോള്‍ഗേറ്റിന്റെ അടുത്ത പരസ്യതിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബൂലോക ബ്ലോഗറും, ബൂലോകത്തിലെ അരുണകിരണം സമക്ഷം ബോധിപ്പിക്കുന്നത്‌.

എന്റെ ഒരു ഇന്റര്‍വ്യൂ വേണം എന്നു പറഞ്ഞു നല്ല സുഹൃത്തായ ഒരു ബ്ലോഗര്‍ എനിക്ക് ചില ചോദ്യാവലികള്‍ അയച്ചു അവരുടെ ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ പ്രസിദ്ധികരിക്കാന്‍. പല ചെമ്പുലികളുടെയും ഇന്റര്‍വ്യൂ അവര്‍ തയ്യാറാക്കുന്നുണ്ട് എന്നും അവര്‍ പറഞ്ഞിരുന്നു.

എനിക്ക് ബൂലോഗത്ത്‌ ചാര്‍ത്തി കിട്ടിയ പട്ടങ്ങളായ അശ്ലീല ബ്ലോഗര്‍, കള്ളുകുടിയന്‍, പെണ്ണുപിടിയന്‍, തുടങ്ങിയ പട്ടങ്ങള്‍ ഉള്ളത് കൊണ്ട് കൊണ്ട് എന്റെ അഭിമുഖം എഴുതാന്‍ എനിക്ക് തന്നെ ഒരു മടി, പിന്നെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ എഴുതി കൊടുത്തു. അയച്ചപ്പോള്‍ എന്നാല്‍ കിടക്കട്ടെ എന്നു കരുതി രണ്ടു വിലാസത്തിലും അയച്ചു. പിന്നീട് എനിക്ക് രണ്ടു ഇമെയില്‍ വന്നു, വായിച്ചു രസമുണ്ട് എന്നും, നമ്മുടെ ജോ പറഞ്ഞു അത് പബ്ലിഷ് ചെയ്തു എന്നും. ജോ അയച്ചു തന്ന ലിങ്കില്‍ പോയി..........ദാ കിടക്കുന്നു മനുഷ്യനെ പേടിപ്പിക്കാന്‍ ഒരു ഫോട്ടോ.

ഇനിയാണ് എന്റെ സങ്കടം.

എന്റെ നല്ല ചിത്രങ്ങള്‍ അവര്‍ ഈ പോസ്റ്റില്‍ ബോധപൂര്‍വ്വം ഇടാത്തതാണ്. എന്റെ മുഖസൌന്ദര്യത്തില്‍ എന്തിന് അവര്‍ ഇത്രമാത്രം അസൂയപ്പെടുന്നു? ദൈവം എനിക്ക് മുടിഞ്ഞ സൌന്ദര്യം തന്നത് എന്റെ കുറ്റമാണോ? സാധാരണ മുഖസൌന്ദര്യത്തില്‍ പരസ്പരം അസൂയ തോന്നാറുള്ളത് സ്തീജനങ്ങള്‍ക്കാണ്. എന്റെ എട്ട് കട്ട വയര്‍ മസില്‍ കണ്ടിട്ടാ‍ണ് അവര്‍ക്ക്‌ അസൂയ എങ്കില്‍ എനിക്ക് കാര്യം മനസ്സിലാവുമായിരുന്നു. മറിച്ച് അവര്‍ കാണിച്ച ഈ മഹാപരാധം വളരെ നീചവും, ജുപുക്സാവഹവും, മ്ലേച്ഛവും ആണെന്ന് വളരെ “കണ്ഡിതകുണ്ടിത”നായി ഞാന്‍ അറിയിക്കുന്നു.

പിന്നെ എന്റെ നല്ല ചിത്രം കൊടുക്കാതത്തില്‍ ഒരു സോറിയില്‍ കാര്യമൊതുക്കാം. 120 ദിനാല്‍ കൊടുത്ത് ഈ പ്രോഗ്രാനു വേണ്ടി മാത്രമായി ഞാന്‍ ഗള്‍ഫ്ഗേറ്റില്‍ പോയി വച്ച എന്റെ പുതിയ ഹൈയര്‍സ്റ്റയിനു ചിലവാക്കിയ പൈസ ആരു തരും? അര്‍മാനിയുടെയും, പ്രാഡയുടെയും വിലപിടിച്ച വസ്ത്രങ്ങള്‍ ധരിച്ച് ഞാന്‍ ഫോട്ടോ എടുത്തു അവര്‍ക്ക്‌ അയച്ചിട്ട് എനിക്ക് എന്തുഗുണം കിട്ടി. 200 ദിനാല്‍ ചിലവഴിച്ച് എന്റെ സുന്ദരമുഖത്ത് നടത്തിയ ബ്ലീച്ചിംഗിന്റെ പൈസ എനിക്കെങ്ങിനെ മുതലാവും, അതും പോരാഞ്ഞ് മുടിഞ്ഞ കാശ് കൊടുത്ത് “ഷെഹനാസ് ഹുസൈന്റെ” ഗോള്‍ഡ്, പേള്‍ ത്തുടങ്ങിയ ഫേഷ്യല്‍ നടത്തി മനോഹരമാക്കിയ എന്റെ മുഖം ഈ ബൂലോഗത്തില്‍ കാണിക്കാത്തതിന്റെ വിഷമം നിങ്ങള്‍ക്കറിയില്ല, അതിന്റെ മനോവേദന നിങ്ങള്‍ അനുഭവിച്ചിട്ടില്ലല്ലോ, ഫിലിപ്പേന്‍സ് സുന്ദരികള്‍ എന്റെ മുഖത്ത് നിന്നും ബ്ലാക്ക് ഹെഡ്സ് എടുത്തപ്പോള്‍ പോലും എനിക്കിത്ര വേദന തോന്നിയിട്ടില്ല.

എന്റെ ഗ്ലാമര്‍ കാണിക്കാനുള്ള ബാന്‍ഡ്‌ വിഡ്ത്ത് അവര്‍ക്ക്‌ ഇല്ലെന്നു ഒരു നുണയെങ്കിലും അവര്‍ക്ക്‌ അറ്റ്ലീസ്റ്റ് പറയാമായിരുന്നു.

അതിനാല്‍ എനിക്ക് ചിലവായ പൈസ ബൂലോക മധ്യസ്ഥനായ താങ്കള്‍ ഇടപെട്ട് വാങ്ങിച്ചു തരണമെന്ന് ഞാന്‍ ആവിശ്യപ്പെടുന്നു.

ഒത്തിരി കലിപ്പുകളോടെ........

നട്ടപിരാന്തന്‍.

*************************************************
ബൂലോക മധ്യസ്ഥന്‍ അരുണ്‍ കായംകുളം said.....
ഒത്തിരി കലിപ്പുള്ള നട്ടപിരാന്തനു,

ഭൂലോകം ഉരുണ്ടതാണ്, എന്നാല്‍ ബൂലോകം പരന്നതാണ്.ഇന്ന് എന്നെ 'മധ്യസ്ഥന്‍' എന്ന് വിശേഷിപ്പിച്ച താങ്കള്‍ തന്നെ നാളെ 'മദ്യ ആസക്തിയുള്ള സാത്താന്‍' എന്ന് വിശദീകരിച്ച് വായിക്കുന്ന രീതിയിലാണ്‌ നമ്മുടെ ബൂലോകത്തിന്‍റെ പോക്ക്.എങ്കിലും ഒരു വാക്ക്..

താങ്കള്‍ ഒരു മുടിഞ്ഞ സൌന്ദര്യത്തിന്‍റെ ഉടമയാണെന്ന് ഈ ബൂലോകത്ത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.വിരസമായ ഓഫീസ്സ് വേളകളില്‍ താങ്കളുടെ ബ്ലോഗിലെ ആ തിരുമോന്ത ആസ്വദിച്ച് ഇരിക്കുന്നത് ഞാന്‍ മാത്രമല്ല, എന്നെ പോലുള്ള ആയിരക്കണക്കിനു സൌന്ദര്യ ആസ്വാദകരാണ്.

താങ്കള്‍ ഗള്‍ഫ് ഗേറ്റില്‍ പോയി മുടി വച്ചു എന്നത് ഇത് വരെ എന്‍റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല.'ഹെയര്‍ സ്റ്റൈല്‍' എന്ന് പ്രത്യേകം പരാമര്‍ശിച്ചതിനാല്‍ തലയിലാണ്‌ മുടി വച്ചതെന്ന് വിശ്വസിക്കുന്നു.താങ്കളുടെ ആ മുടിഞ്ഞ ഫോട്ടോ (ഐ മീന്‍, മുടി വച്ച ഫോട്ടോ) എനിക്ക് ഒന്ന് അയച്ച് തരുമോ.കുട്ടികളെ ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നതെല്ലാം ഒരു പഴയ സ്റ്റൈലാണ്, അതൊന്ന് ആധൂനികവല്‍ക്കരിക്കാന്‍ ആ ഫോട്ടോ ഉതകിയാലോ.

ഇനി പത്രത്തില്‍ ഫോട്ടോ വന്നത്.അവന്‍മാര്‍ പണ്ടേ അങ്ങനാ.എന്‍റെ ഇന്‍റര്‍വ്യൂവിനു പുന്നെല്ല്‌ കണ്ട എലിയെ പോലെ ഫോട്ടോ ഇട്ട അവര്‍, താങ്കളുടെ കേസില്‍ മൂക്കില്‍ ഈച്ച വന്നിരുന്നപ്പോഴുള്ള പോസിട്ടു, അത്ര ഉള്ളു.അവരുടെ സൌന്ദര്യ ബോധമാണോ, അതോ ആ ഷെയ്പ്പില്‍ നമ്മള്‍ കൂടുതല്‍ സുന്ദരന്‍മാരാണെന്നുള്ള മിഥ്യാധാരണയാണോ എന്ന് ഉറപ്പില്ലാത്ത കാലത്തോളം താങ്കള്‍ ചിലവാക്കിയ പൈസ പോയെന്ന് കരുതുക.

ഇത് വരെ സംഭവിച്ചത് സംഭവിച്ചു, ആരും നമ്മളെ തല്ലി കൊല്ലാതിരുന്നത് തന്നെ ഭാഗ്യം.എന്തായാലും താങ്കള്‍ക്കുള്ള ഈ മറുപടി ഞാന്‍ അവര്‍ക്ക് കൂടി അയക്കാം.ഇനിയെങ്കിലും അവര്‍ ശ്രദ്ധിച്ചാല്‍ അത്രയും നല്ലതല്ലേ.

(പേരു 'നമ്മുടെ ബൂലോകം', കാണിക്കുന്നത് അവരുടെ തോന്ന്യാസം, ഹും!!)

ഇത്തിരി സ്നേഹത്തോടെ,

യാത്രികനും ചിരിയനുമായ
അരുണകുരുണന്‍

ഒരു അവിവാഹിതന്റെ ഓണസദ്യ

ബ്ലോഗ്‌ വിശകലനം : "നമ്മുടെ ബൂലോകം" ബ്ലോഗ്‌ പത്രത്തില്‍ ഇന്ന് മുതല്‍ ശ്രീ അരുണ്‍ കായംകുളം കൈകാര്യം ചെയ്യുന്ന പുതിയ പംക്തി ആരംഭിക്കുന്നു. ബ്ലോഗ്ഗില്‍ പ്രസിധീകരിക്കപ്പെട്ടിട്ടുള്ള പോസ്റ്റുകളെ വിശകലനം ചെയ്യുന്ന ഈ പംക്തിയില്‍ അരുണ്‍ തന്റെ സ്വത സിദ്ധമായ നര്‍മ്മം കലര്‍ത്തിയാണ് ബ്ലോഗുകളെ വിശകലനം ചെയ്യുന്നത്. എല്ലാ വായനക്കാരുടെയും പിന്തുണ ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.ഒരു ഓണസദ്യയില്‍ നിന്ന് തന്നെയാവാം തുടക്കം .അല്ലെ ? :)വക്രദൃഷ്ടി ധനേഷ്

വക്രദൃഷ്ടി എന്നത് ധനേഷിന്‍റെ പേരല്ല, അദ്ദേഹത്തിന്‍റെ ബ്ലോഗാണ്.ധനേഷിനെ അറിയാത്തവര്‍ക്കായി ഒരു വിവരണം..
ധനേഷ് - സുന്ദരന്‍, സുമുഖന്‍, മലയാളി
(പ്രൊഫൈല്‍ ഫോട്ടോയും, വിവരണവും കണ്ടാണ്‌ ഇങ്ങനെ എഴുതിയത്.നേരിട്ട് കണ്ടിട്ട് എന്തെങ്കിലും മാറ്റം വരുത്തണമെന്ന് തോന്നിയാല്‍ അപ്പോള്‍ ഞാന്‍ ഏവരെയും അറിയിക്കാം)

ഇനി ധനേഷിനെ കുറിച്ച് അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ നോക്കു..

"സ്വദേശം : കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍. ഇപ്പോള്‍ അനന്തപുരിയില്‍ സോഫ്റ്റ്വെയര്‍ തൊഴിലാളി. അവിവാഹിതന്‍ ... ആശയത്തിന്റെ അഭാവത്താല്‍ അധികം പോസ്റ്റുകള്‍ ചെയ്യാനും, ഓഫീസിലെ ബ്ലോക്കര്‍മാര്‍ ബ്ലോഗ്ഗറിനെ ബ്ലോക്കിയതുകൊണ്ട് അധികം കമന്റാനും കഴിയാത്തതില്‍ ഖേദമുള്ള, എന്നാല്‍ എന്നെങ്കിലും ഇവിടെ ഒന്നു പ്രശസ്തനാകണമെന്ന് 'രഹസ്യമായി' ആഗ്രഹിക്കുന്ന ഒരു സാദാ മലയാളി...(ആരോടും പറയണ്ട.. ചുറ്റും അസൂയക്കാരാ...)"

സ്വന്തം കഴിവില്‍ ധനേഷിനു വിശ്വാസമുണ്ട്, തന്‍റെ സൃഷ്ടികള്‍ തനിക്ക് ആരാധകരെ പ്രദാനം ചെയ്യുമെന്ന് അദ്ദേഹത്തിനു ഉറപ്പുമുണ്ട്, അതിനാലാവാം 'അവിവാഹിതന്‍' എന്ന് എടുത്ത് സൂചിപ്പിച്ചത്.അത് എന്ത് തന്നെയായാലും ധനേഷ് ഒരു കഴിവുള്ള വ്യക്തിയാണെന്ന് അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ തെളിയിക്കുന്നു.

2007 ലാണ്‌ വക്രദൃഷ്ടി എന്ന ബ്ലോഗില്‍ ധനേഷ് പോസ്റ്റുകള്‍ എഴുതി തുടങ്ങിയത്.അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ പോസ്റ്റ് വരുന്നതും , കേരളത്തില്‍ മാവേലി വരുന്നതും ഏകദേശം ഒരു പോലെയാണ്, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം!!
എന്നാല്‍ 2009ല്‍ ഒരു അത്ഭുതം നടന്നു..
ഈ പ്രാവശ്യം മാവേലിയോട് ഒപ്പം വാമനന്‍ എന്ന പോലെ, ധനേഷിന്‍റെ ബ്ലോഗില്‍ രണ്ട് പോസ്റ്റ് വന്നു.അതില്‍ രണ്ടാമത്തെ പോസ്റ്റിനെ കുറിച്ചാണ്‌ ഇവിടെ വിശദീകരിക്കുന്നത്..

ഒരു ഐടി ഓണസദ്യ

ഈ പോസ്റ്റ് ഇടാനുള്ള കാരണം ധനേഷ് ഇങ്ങനെ ബോധിപ്പിക്കുന്നു..

"ഇന്നലെ ഉച്ചക്ക് ഓഫീസിലെ ഓണാഘോഷത്തിന്റെ ഭാഗമായി, ടെക്നോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ ഹോട്ടലുകാര്‍ തയ്യാറാക്കിയ ഓണ സദ്യ കഴിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചു. അതിന്റെ രോഷത്തില്‍ സുഹൃത്തുക്കള്‍ക്ക് അയച്ച “സദ്യ അനുഭവക്കുറിപ്പ്“(അനുഭവിച്ചതിനെ പറ്റിയുള്ള കുറിപ്പ്), ഇവിടെയും പോസ്റ്റുന്നു. ഇതു മെയിലായി കറങ്ങുന്നുണ്ട്. ഫോര്‍വേഡ് അടിച്ചുമാറ്റി ബ്ലോഗില്‍ ഇട്ടവനേ എന്ന് വിളിക്കരുത്. സത്യമായും ഞാന്‍ തന്നെ എഴുതിയതാണ്"

ഓണസദ്യക്ക് ധനേഷിനു ലഭിച്ച വിഭവങ്ങളും, ആ സദ്യ കഴിച്ച പെടാ പാടുമാണ്‌ ഈ പോസ്റ്റിനു ആധാരം.സദ്യക്ക് വിളമ്പിയ അവിയലിനെ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു..

"ഇലയുടെ വടക്കേ അറ്റത്ത്, റോഡ് സൈഡില്‍ പട്ടിചുരുണ്ട് കിടന്നുറങ്ങും പോലെ കിടന്നിരുന്നത്, ഞങ്ങളുടെ നാട്ടില്‍ അവിയല്‍ എന്ന് വിളിക്കുന്ന, സദ്യകള്‍ക്ക് ഞാന്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന അതേ ഐറ്റം തന്നെ ആണ് എന്ന് തിരിച്ചറിഞ്ഞത്, അതു ടേസ്റ്റ് ചെയ്തിട്ടായിരുന്നില്ല, മറിച്ച് അവിയല്‍ എന്ന് വിളിക്കാന്‍ പറ്റിയ വേറെ ഒരു കറിയും ആ ഇലയില്‍ കാണാത്തതുകൊണ്ടായിരുന്നു."

ഇത് ഒരു സാമ്പിള്‍ മാത്രം, വെടിക്കെട്ട് വിഭവങ്ങള്‍ വേറെയും ഉണ്ട്.ഓണസദ്യയുടെ ഓര്‍മ്മയിലിരിക്കുന്ന ഏവര്‍ക്കും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു അനുഭവ കുറിപ്പാണ്‌ ധനേഷിന്‍റെ ഈ ഐടി ഓണസദ്യ.സമയം കിട്ടുമ്പോള്‍, ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വായിച്ച് നോക്കാം, നല്ല ഒരു നേരമ്പോക്ക് ആണ്‌ ഈ പോസ്റ്റ്.

നല്ലൊരു സദ്യ കഴിക്കാന്‍ ധനേഷിനു കഴിയട്ടെ എന്ന് ആശംസിച്ച് കൊണ്ട്, നല്ല നല്ല പോസ്റ്റുകളുമായി ബൂലോകത്ത് സജീവമാകാന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ട്, എല്ലാവരുടെയും അനുഗ്രഹം ഈ കൊച്ച് മിടുക്കനു ലഭിക്കും എന്ന് പ്രതീക്ഷയോടെ..

അരുണ്‍ കായംകുളം

ബ്ലോഗര്‍മാരുടെ പുതുവര്‍ഷ ഫലങ്ങള്‍

ബ്ലോഗ് ജ്യോത്സ്യന്‍ സുനില്‍ പണിക്കര്‍

"ചിങ്ങശനി മകര വ്യാഴക്കാലം കൊല്ലവർഷം 1184 കർക്കിടകം 31 ഞായറാഴ്ച
രാത്രി എത്രയോ
മണിക്ക്‌ തിരുവാതിര നക്ഷത്രം ഒന്നാം പാദത്തില്‍
മിഥുനക്കൂറില്‍ ചിങ്ങ രവി സംക്രമം പുതുവർഷാരംഭം..!"

പുതുവര്‍ഷഫലങ്ങള്‍ അറിയണോ?
എല്ലാ ബ്ലോഗര്‍മാര്‍ക്കും ആയി, ബ്ലോഗ്
ജ്യോത്സ്യന്‍ സുനില്‍ പണിക്കര്‍ ഭാവി പ്രവചിക്കുന്നു.രാശിചക്രങ്ങളെ കാണാപാഠം പഠിച്ചാണ്‌ അദ്ദേഹം ഇത് പ്രവചിച്ചതെന്ന് ബ്ലോഗര്‍ നട്ടപിരാന്തന്‍ അവകാശപ്പെടുന്നു.


അശ്വതി:
വർഷത്തിന്റെ 'മദ്യ'ഘട്ടത്തിൽ വ്യാഴം കർമ്മഭാവത്തിൽ നിൽക്കുന്നതിനാൽ ഇടയ്ക്കിടെ
മൂത്രശങ്ക എന്ന ആശങ്കയ്ക്കിടവരും. മദ്യത്തിൽ വെള്ളം ചേർക്കാതെ കുടിച്ചാൽ പരമാവധി
ഈ ശങ്ക കുറഞ്ഞു കിട്ടും. ചിങ്ങം രാശിയിൽ കേതുവന്നു കൂട്ടിയിടിക്കാനുള്ള സാധ്യതയുള്ളതുകൊണ്ട്‌
കാർട്ടൂണിസ്റ്റുകൾക്കും, എഴുത്തുകാർക്കും പൊതുവെ മോശം കാലമാണിത്‌. ഏറ്റെടുത്ത വർക്കുകൾ പൂർത്തിയാക്കാത്തതിനാൽ ദേഹോപദ്രവത്തിനു സാധ്യത കാണുന്നു. പൊതുവെ വിമർശനങ്ങളും, ഭീഷണികളും നേരിടേണ്ടി വരുമെന്നതിനാൽ സങ്കുചിതനും, പണിക്കരും എഴുത്തും വരയും മതിയാക്കി കിണറിനു കുഴി കുത്താൻ പോയി ഉപജീവനം നടത്തും. ദോഷപരിഹാരത്തിന്‌ ബിവറേജസ്സിനുമുന്നിൽ പോയി മൂന്നുനേരം നമസ്കരിക്കുക. പാവപ്പെട്ട കുടിയന്മാർക്ക്‌ പൈന്റ്‌ വാങ്ങിക്കൊടുത്തു അന്നദാനം നടത്തുക.

ഭരണി:
കുജൻ സജീവമായതിനാൽ നിത്യേന കുളിക്കാതെ ഓഫീസിൽ പോകുന്ന പതിവ്‌
പോങ്ങുമ്മൂടൻ തുടരും. മേലധികാരി ദീർഘകാല അവധിയിൽ പ്രവേശിക്കുന്നതിനാൽ സ്ഥിരമുള്ള തള്ളയ്ക്കുവിളി കേൾക്കേണ്ടിവരില്ല. സോപ്പ്‌, ടൂത്ത്പേസ്റ്റ്‌, ബ്രഷ്‌ തുടങ്ങിയവയോടുള്ള അലർജി ക്രമാതീതമാകും. സ്പ്രേയുടെ ഉപയോഗം പരമാവധി കുറച്ചില്ലെങ്കിൽ സാമ്പത്തിക പരാധീനതകൾ വർദ്ധിക്കും. ഭാര്യയ്ക്ക്‌ ലൈംഗികതയോടുള്ള വൈമുഖ്യത്തിനു കാരണമന്വേഷിക്കാൻ പൈങ്കിളി വാരികയിലെ ഡോക്ടറോടു ചോദിച്ചിട്ടുകാര്യമില്ല. മാസത്തിലൊരിക്കലെങ്കിലും കുളിയ്ക്കുകയും, അടിവസ്ത്രം നനയ്ക്കുകയും ചെയ്താലീ പ്രശ്നത്തിന്റെ ദോഷകാഠിന്യം കുറയ്ക്കാം. കുംഭത്തിൽ രംഭയെ സ്വപ്നം കാണും. ഇടവത്തിൽ അങ്ങിങ്ങു മുടി നരയ്ക്കും. നവംബറിന്റെ തുടക്കത്തിൽ സത്യം പറയുന്നവർക്കുനേരെ കൊഞ്ഞനം കുത്തുകയും, ഇളിഭ്യത മറയ്ക്കാൻ പല്ലിളിച്ചുകാട്ടുകയും ചെയ്യും.മോഹൻലാലിനെപ്പോലെ അനുകരിച്ചനുകരിച്ച്‌ മികച്ച ബ്ലോഗർക്കുള്ള N.C.C കേഡർ സ്ഥാനം നേടും.


കാർത്തിക:
ഈ കൂറുകാർക്ക്‌ കണ്ടകശനി മണ്ടയിൽ നിൽക്കുന്ന കാലമാണ്‌. ദോഷഫലമുള്ളതിനാൽ അയൽക്കാരുടെ തെങ്ങുകൾക്ക്‌ മണ്ട കാണില്ല. കഷണ്ടി മറയ്ക്കാൻ ഗൾഫ്‌ ഗേറ്റ്‌ പരസ്യത്തിലാകൃഷ്ടനാകും. ചിങ്ങത്തിൽ അങ്ങിങ്ങു മഴ പെയ്യുമെന്നതിനാൽ കുട എപ്പോഴും കൈയിൽ കരുതുക. വർഷത്തിന്റെ അവസാനപാദത്തിൽ, മുള്ളൂർക്കാരന്‌ പാദത്തിൽ പുണ്ണുകടിയും Html ദോഷവും ഉണ്ടാകും. താടിയും, മുടിയും വടിക്കാൻ 5 കിലോ ബ്ലേഡ്‌ കൊറിയറായി അനോണി അയച്ചുകൊടുക്കും.ഉഷ്ണശരീരികൾ ഭോഗതൃഷ്ണകൾ അവസാനിപ്പിക്കുക.ദോഷപരിഹാരത്തിനായി പമ്മന്റെ നോവലുകൾക്കൊപ്പം ബെർളിത്തരങ്ങളും
വായിച്ചു സംതൃപ്തി കണ്ടെത്തുക.

രോഹിണി:
വർഷാരാംഭം വ്യയാധിപൻ ദയാശ്യൂന്യനാകയാൽ പാമരന്റെ രോഗങ്ങൾക്ക്‌ അറുതി ഉണ്ടാവുകയില്ല. എപ്പോഴും പൂമരങ്ങളെ സ്നേഹിക്കുക.വായുകോപം ഗുണകരമാകുന്ന വർഷം. ഗ്യാസിന്റെ അസുഖം വർദ്ധിക്കുമെങ്കിലും വീട്ടിലെ ഗ്യാസിന്റെ ദൗർലഭ്യത പരിഹരിക്കപ്പെടും. ഐശ്വര്യപൂർണ്ണമായ ഈ വർഷത്തിന്റെ ആദ്യപകുതിയിൽ സ്വന്തമായി ഗ്യാസ്‌ ഏജൻസി നടത്തിയാൽ രക്ഷപ്പെടാനുള്ള സാധ്യത കാണുന്നു. മുട്ട, ഉരുളക്കിഴങ്ങ്‌, ചക്കക്കുരു തുടങ്ങിയവ കൂടുതൽ കഴിക്കാതിരിക്കുക. പൊതുവെ ഗ്യാസ്‌ കൂടുതലായതിനാൽ ഇവയുടെ ഉപയോഗം നിമിത്തം ദുർഗന്ധസാധ്യത വളരെ കൂടുതലാകും. കേരളാഫാർമർ സ്വന്തമായി പത്തേക്കർ ഭൂമി വാങ്ങി കുമ്പളങ്ങ കൃഷി തുടങ്ങും. ഏത്തൻകാ പഴുക്കുമ്പോൾ വായ്പ്പുണ്ണു വർദ്ധിക്കും. മണ്ഡരി കാലമായതിനാൽ ധൈര്യമായി തെങ്ങിന്റെ ചോട്ടിൽ ചെന്നു നിൽക്കാം. മണ്ണിരകളെ ചൂണ്ടക്കാർക്ക്‌ ഇരയാക്കി വിൽക്കാൻ പുതിയ ഫാമുകൾ തുടങ്ങും.


മകയിരം:
ശുഭാശുഭങ്ങൾ നിറഞ്ഞ വർഷം. സഹയാത്രികൻ യാത്രക്കാരില്ലാത്തതിനാൽ ക്വട്ടേഷൻ ഫീസുകൾ കൂട്ടും.
ഗുണ്ടകൾ അണ്ടിപ്പരിപ്പ്‌ കഴിക്കാതിരിക്കുക. ഞണ്ട്‌, ഉണ്ടമ്പൊരി ഇവ പൂർണ്ണമായും ഉപേക്ഷിക്കുക.
രാഷ്ട്രീയക്കാരുടെ നിർബന്ധത്താൽ നഗരഹൃദയത്തിൽ സ്വന്തമായി ക്വട്ടേഷൻ ഓഫീസുകൾ തുടങ്ങും.
രാശ്യാധിപൻ ഉന്നതിയിലായതിനാൽ വേശ്യാഗൃഹങ്ങളിൽ സ്ഥിര സന്ദർശനം നടത്തും. ഒറ്റയാൻ വീണ്ടും ബൂലോകത്ത്‌ ഒറ്റപ്പെടും.
എതിർ സംഘങ്ങളിൽ നിന്നുമുള്ള ആഭിചാരക്രിയകൾ നിശ്ശേഷംകുറയും. പൊട്ടസ്ലേറ്റിന്‌ പൊട്ടാത്ത സ്ലേറ്റ്‌ കിട്ടാൻ സാധ്യതയുള്ള വർഷമാണിത്‌. അക്ഷരങ്ങൾ എഴുതിപഠിക്കുമ്പോൾ കൂടുതൽ തെറ്റുവരാതിരിക്കാൻ ഇതു ഗുണം ചെയ്യും.
ദോഷപരിഹാരത്തിനായി HIV ഇല്ലെങ്കിൽ രക്തദാനം നടത്തുക.

തിരുവാതിര:
രാഹുകേതുക്കളുടെ ശുംഭാവസ്ഥയിൽ പഴയതുപോലെ സ്ഥിരമായി ശംഭു വയ്ക്കും.
പാൻപരാഗ്‌ കമ്പനിയുമായി ചാണക്യൻ വാണിജ്യ കരാറുകളിലേർപ്പെടും. ഏഴരവർഷമായി അനുഭവിച്ചുപോരുന്ന
ശംഭുവിന്റെ പുതിയ പാക്കറ്റുകളിൽ പല്ലി, പാറ്റ തുടങ്ങിയവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്‌ കൂടുതൽ സന്തോഷത്തിനുവക തരും. ഗണേഷ്‌, ഹാൻസ്‌, തുളസി തുടങ്ങിയ മറ്റു കമ്പനിക്കാർ താൽക്കാലിക കാര്യലാഭത്തിനായി നിങ്ങളെ സമീപിക്കും. വഴങ്ങാതിരിക്കുന്നത്‌ ഭാവി ഗുണപ്പെടുത്തും. ചാണക്യതന്ത്രങ്ങൾ പഴയതുപോലെ വിലപ്പോവാത്തതിൽ ദുഃഖിക്കേണ്ട ഇട വരും. എങ്കിലും റീജിയണൽ കാൻസർ സെന്ററിൽ നിന്നും അപൂർവ ബഹുമതികൾ നിങ്ങളെ തേടിയെത്തും.


പുണർതം:
അസ്വസ്ഥതകൾ പെരുകുന്ന വർഷം. ആരേയും പോയി പുണരാതിരിക്കുക.
പരിചയങ്ങൾ പരമാവധി ഷേക്‌ഹാൻഡിൽ ഒതുക്കുക. ഇത്‌ നിങ്ങളുടെ ആരോഗ്യം നിലനിർത്തും.
ബൂലോകം ഓൺലൈനിലൂടെ ജോഹർ രാജ്യാന്തര കുപ്രസിദ്ധി നേടും. സർക്കാർ ബൂലോകം ഓൺലൈനിനെ മഞ്ഞപത്രങ്ങളുടെ ലിസ്റ്റിൽപ്പെടുത്തി ആദരിക്കും. ഔദ്യോഗിക രംഗത്ത്‌ പുതിയ അവസരങ്ങൾ വന്നുചേരുമെങ്കിലും കൈയിലിരിപ്പുകൊണ്ട്‌ കളഞ്ഞുകുളിക്കും. വാല്മീകിയ്ക്ക്‌ ഈ വർഷം കമ്പരാമായണം പഴയ വിലയ്ക്കു വാങ്ങി അത്‌
കൈകൊണ്ട്‌ തൊടാനും, വായിക്കാനും അവസരമുണ്ടാകും.ശമ്പളവർദ്ധനവിനെ ചൊല്ലി നിലവിലുള്ള സ്ഥാപനത്തിലെ ഉടമയുമായി തെറിവിളികളിലേർപ്പെടും. വെല്ലുവിളികൾക്കൊടുവിൽ ജിമ്മി ജോർജ്ജ്‌ സ്റ്റേഡിയത്തിൽ വച്ചു ഗോലികളി മൽസരം നടത്തി സ്വന്തം ശക്തി പ്രകടിപ്പിക്കാനവസരമുണ്ടാകും.ദോഷകാലമായതിനാൽ അയൽപക്കങ്ങളിലെ ജനാലകളിൽ എത്തിനോക്കാതിരിക്കുക. K3A-യിൽ പാപപരിഹാരത്തിന്‌ ദോഷാർച്ചന നടത്തുന്നത്‌ അഭികാമ്യം.


പൂയം:
ജന്മരാശിയിൽ നിന്ന്‌ ബുധൻ അകലുന്നതിനാൽ വെള്ളായാണിക്കും ഫാർമർക്കും അങ്കിൾ പുംഗവനും വയസ്സാംകാലത്ത്‌ വേറെ പെണ്ണുകെട്ടാൻ മോഹം തോന്നും. ഭാര്യയുടെ മുഖമോർക്കുമ്പോൾ മോഹം മോഹമായി തന്നെ അവശേഷിക്കും. എങ്കിലും ചില ദല്ലാളുകാരുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ ആത്മപ്രേരണയുണ്ടാകും. തിരിച്ചറിയൽ കാർഡിലെ ഫോട്ടോ ചുരണ്ടി മാറ്റി 20-ം വയസ്സിലെ ഫോട്ടോ ഒട്ടിയ്ക്കും. ജനുവരിമാസത്തിൽ മീശകറുപ്പിക്കലും ഡൈ അടിക്കലും നിർബാധം തുടരും. അരീക്കോടന്‌ സുഖചികിൽസ നടത്താൻ യോഗമുള്ള വർഷമാണിത്‌. സ്ഥിരമുള്ള വ്യായാമാഭ്യാസങ്ങളിൽ പ്രായം നോക്കാതെ പരീക്ഷണത്തിനുമുതിർന്നാൽ ആശുപത്രിവാസം സുനിശ്ചിതം.

ആയില്യം:
മുമ്പത്തെക്കാളേറെ പാമ്പിനെ പേടിക്കുന്ന കാലമാണിത്‌.
ചുണ്ടുകൾ കൂടുതൽ തള്ളി ഭംഗി കൂടും. പൊക്കമുള്ളവർ ആരുടെയെങ്കിലും ഒക്കത്തിരിക്കുവാൻ
ആഗ്രഹിക്കും. അദ്ധാനശീലർക്ക്‌ സ്വയം അശ്ലീല സീഡികൾ നിർമ്മിക്കാനവസരമുണ്ടാകും.
സിനിമ, സീരിയൽ ഭ്രമം നിമിത്തം ഉള്ള ജോലി പോയി കിട്ടും. പ്രശ്നങ്ങൾക്ക്‌ നടുവിൽ നിൽക്കുമ്പോഴും
ധീരമായി കടം വാങ്ങിക്കൂട്ടും. സ്ഥിരമായി ചാറ്റ്‌ ചെയ്യുന്നവർ ചാറ്റൽ മഴ കൊള്ളാതിരിക്കുക, ചീറ്റും!
എല്ലാറ്റിനേയും ധൈര്യപൂർവ്വം നേരിടുന്ന വർഷമായതിനാൽ പേടി വിടാതെ പിന്തുടരും. മാതൃസ്ഥാനീയരിൽനിന്നും സ്ഥിരം തെറികേൾക്കുമ്പോൾ കൂലിപ്പണിക്കു പോകാനുള്ള അഭിവാഞ്‌ജ ഉടലെടുക്കും. ഉപദ്രവം ചെയ്താലും
ഉപകാരസ്മരണയില്ലാത്ത തോന്ന്യാസികൾ പൊക്കം കൂട്ടാൻ അശ്രാന്ത പരിശ്രമം നടത്തും.
രാഹുവിന്റെ ബലക്ഷയത്താൽ മലശോധന സുഗമമാകുന്ന ലക്ഷണം കാണുന്നില്ല.

മകം:
ഏപ്രിൽ. മെയ്‌ മാസങ്ങളിൽ വയറിളക്കം പിടിപെടാനുള്ള സാധ്യത കാണുന്നു. പിരിക്കുട്ടി കരുതിയിരിക്കുക.
കക്കൂസിനടുത്തിരുന്നു ജോലി ചെയ്യുന്നത്‌ കാര്യങ്ങൾ എളുപ്പമാക്കും. ഭക്ഷണത്തിന്‌ ഒരു ക്രമീകരണം ഉണ്ടാക്കുക.
ഉണ്ടാക്കുന്നത്‌ മുഴുവനും സ്വയം വാരിവലിച്ചു തിന്നാതെ മറ്റുള്ളവർക്കുകൂടി കൊടുത്താൽ കിച്ചുവിന്‌ കൊതിദോഷം ഒഴിവാക്കാനാകും. ശരീരക്ലേശം, ധനനഷ്ടം, വിരഹം ഇവയ്ക്കു സാധ്യത. അന്യരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാതിരിക്കുന്നത്‌ തടികേടാകാതെ സൂക്ഷിക്കും. സീരിയലുകൾ മുടങ്ങാതെ കാണുന്നതുകൊണ്ട്‌ ഉള്ള കണ്ണീർ കൂടി വറ്റിക്കും.

പൂരം:
തൃശൂർ പൂരത്തിനു പോകുമ്പോൾ ആനയുടെ കാലിനടിയിൽപ്പെടാതെ സൂക്ഷിക്കുക.
പുര കത്തുമ്പോൾ വാഴയ്ക്കുവെള്ളം തളിയ്ക്കും. ഇഞ്ചിനീയർ പരീക്ഷയ്ക്കു
പഠിക്കുന്നവർ പഠിച്ചുപഠിച്ച്‌ ഇഞ്ചിനീരാകും. ബഞ്ചിലിരുന്ന്‌ കുഞ്ചിരോമങ്ങളിൽ അഞ്ചുനേരം
തടവുന്നത്‌ പാപപരിഹര മാർഗ്ഗമാണ്‌. അഭിഭാഷകർക്ക്‌ വാതം പിടിപെടും.
ഹൈക്കോടതി ബഞ്ചിനുപകരം തടികൊണ്ടുള്ള ബഞ്ച്‌ സർക്കാർ അനുവദിക്കും.
ധനാഗമനത്തിനുള്ള സാധ്യതയുള്ള വർഷമാണ്‌. പശുവുള്ളവർ പാലിൽ അഞ്ചിരട്ടി വെള്ളം ചേർത്തു വിൽക്കും. ദോഷപരിഹാരത്തിനായി കർക്കിടകത്തിൽ പപ്പടം ചുട്ടു തിന്നുക. ചിത്രകാരന്മാർക്ക്‌ നഴ്സറി സ്കൂളിലെ
ചിത്രകലാക്ലാസുകളിൽനിന്നും ധാരാളം പുതിയ അറിവുകൾ പകർന്നുകിട്ടും. പിതൃസ്ഥാനീയർ പുതിയ കളർ
പെൻസിലും, ക്രയോൺസും വാങ്ങിത്തരും.വരട്ടുചൊറി മാറാൻ ഇരട്ടി മധുരവും കഴിക്കുക.

ഉത്രം:
എത്ര കിട്ടിയാലും മതിവരാത്ത നാളുകാരാണീ കൂട്ടർ. ഈ വർഷം പൊതുവെ ഗുണകരമല്ല.
ഏഷണി പറഞ്ഞുപരത്തുന്നതിനാൽ അയൽപക്കങ്ങളിൽ നിന്നും ദേഹോപദ്രവങ്ങൾ ഉണ്ടാകും.
കൈപ്പള്ളിയ്ക്ക്‌ പള്ളിക്കൂടത്തിൽ പോകാൻ ഇത്തവണ യോഗം കാണുന്നു.
തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനി ഉടമകൾ ശനി കഴിഞ്ഞാൽ തിങ്കൾ വരാനും,
ഞായർ വരാതിരിക്കാനും പ്രാർത്ഥിക്കും. വ്യാഴമാറ്റത്താൽ ഉച്ചയ്ക്ക്‌ പച്ചക്കറി വേണമെന്ന്‌
ശാഠ്യം പിടിക്കും. താൻ പിടിച്ച മുയലിന്‌ 3 കൊമ്പുണ്ടോയെന്ന്‌ വാഴക്കോടൻ വീണ്ടും വീണ്ടും പരിശോധിച്ച്‌ നിരാശനാകും..
ഓണത്തിന്‌ അഞ്ചുതെങ്ങിൽ വഞ്ചി തുഴയും. വെള്ളത്തിൽ മുങ്ങാതെ സൂക്ഷിക്കുക.
നീന്താനറിയാത്ത പോങ്ങന്മാരുടെ സഞ്ചയനം സദ്യവട്ടങ്ങളാൽ ഗംഭീരമാകും.

അത്തം:
ഓണത്തിന്‌ അത്തം ഇടാൻ കഴിയാത്തതിൽ കായംകുളത്തിന്‌ ഖേദമുണ്ടാകും. സൂപ്പർഫാസ്റ്റ്‌ ബസിൽ കിളിയായി
തരുണീമണികളുടെ നടുവിൽ നിൽക്കുന്നതായി വ്യർത്ഥ സ്വപ്നം കാണും.ഇത്തവണ മൊത്തത്തിൽ ദോഷസമയമാണ്‌.
ഖത്തറിൽ നിന്നും ഇത്ത അത്തറയക്കും. 'അത്തള പിത്തള തവളാച്ചി' എന്ന ഗാനം കൂ ടുതൽ തവണ കേൾക്കുമ്പോൾ
മനസ്സിന്‌ പൂർണ്ണ സമാധാനം കൈവരും. നന്ദപർവ്വതക്കാരന്‌ ഫ്ലൂട്ട്‌, വീണ ഇത്യാദി സംഗീത കലകളിൽ താൽപ്പര്യം വർദ്ധിക്കും.
ദേഹണ്ഢത്തിനുപോകുന്നവർ സാമ്പാർ കലത്തിൽ വീഴാതെ നോക്കുക. അവിയലിന്‌ അരിയുന്നവർ വിരലരിയാതേയും,
ഉപ്പിനുപകരം സോഡാപ്പൊടിയും ഇടാതിരിക്കാൻ ശ്രദ്ധിക്കുക.
വരുന്ന മേടത്തിൽ മൊട കൂടാൻ സാധ്യതയുണ്ട്‌, സൂക്ഷിക്കുക.

ചിത്തിര:
ചിത്തഭ്രമം പിടിപെട്ടവർ 'അക്കുത്തിക്കുത്ത്‌' കളിക്കും. അഷ്ടമത്തിൽ കഷ്ടത തൂങ്ങിക്കിടക്കുന്നതിനാൽ ശിഷ്ടകാലം ഡോണ മയൂരയ്ക്ക്‌ നഷ്ടബോധമുണ്ടാകും. അനിവാര്യമായ ദീഘസേവന-സമ്പാദ്യ പദ്ധതിയിലേർപ്പെടുന്നതിനാൽ, അന്യദേശത്ത്‌ അപരിചിത സ്ത്രീകളിലൂടെ സന്താനസൗഭാഗ്യമുണ്ടാക്കും. ഖാൻ പോത്തൻ കോടിന്‌ തോട്ടിൽ വീണ്‌ ഉളുക്കു പറ്റാനും, മുന്തിയ ഇനം പോത്തിനെ വാങ്ങാനും യോഗമുണ്ട്‌. കത്തിവേഷം ചെയ്യുന്ന കഥകളി വിദ്വാന്മാർക്ക്‌ ആവശ്യമില്ലാതെ കലിയിളകും.
റിയാലിറ്റി ഷോയിൽ കഥകളി ഉൾപ്പെടുത്താൻ ദുർമന്ത്രവാദം തുടങ്ങും. ടിവി അവതാരകർക്ക്‌ പഞ്ഞകാലമാണിത്‌.
മഞ്ഞനിറമുള്ള വസ്ത്രങ്ങൾ ധരിക്കുക, കൊഞ്ഞ കൂടാതെ സംസാരിക്കാൻ ശ്രമിക്കുക, അയഞ്ഞ വസ്ത്രങ്ങൾ ഒഴിവാക്കുക. ദോഷപരിഹാരമായി മേടത്തിൽ കോഴിയുടെ പൂട പറിച്ചു രസിക്കുക.

ചോതി:
ലോട്ടറിയടിക്കാത്തതിൽ കുണ്ഠിതം തോന്നും. കണ്ഠനാളത്തിൽ ഉൽകണ്ഠ കാരണം മുഴ വരും.
ലഗ്നത്തിൽ വിഘ്നമുള്ളതിനാൽ നറുക്കെടുപ്പുകളിൽ സജീവമാവാതിരിക്കുക.
പഴവർഗ്ഗങ്ങളിലെ പുഴുക്കളെ സംരക്ഷിക്കാൻ സംഘടന തുടങ്ങും. വ്യാജമദ്യം ഈസിയായി ഉണ്ടാക്കാനുള്ള പുതിയമാർഗ്ഗങ്ങൾ കണ്ടെത്താൻ സാധ്യതയുള്ളതിനാൽ കാരാഗൃഹവാസം സുനിശ്ചിതം. കർമ്മഭാവം നീചനാകയാൽ മുഖഭാവം ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുക. കടം കൊടുത്തത്‌ തിരിച്ചുകിട്ടാൻ കാലുപിടിക്കേണ്ടി ഗതികേടുവരും.
കുശാഗ്ര ബുദ്ധിശാലികൾക്ക്‌ കശാപ്പുശാലകളിൽ ജോലി ലഭിക്കും.
ദോഷ പരിഹാരത്തിനായി ചിങ്ങത്തിൽ പൊങ്ങച്ചം പറയുക.

വിശാഖം:
അശോകന്റെ പറമ്പിലെ സ്ഥിരം മൂത്രമൊഴിപ്പ്‌ വിവാദമാകും.
സ്വന്തം വീട്ടുപറമ്പിൽ തന്നെ കുഴൂരിന്‌ ശിഷ്ടകാലം മൂത്രമൊഴിക്കേണ്ട ഗതികേടുണ്ടാകും.
വിൽസ്‌ വലിക്കാനുള്ള പ്രേരണ ഒഴിവാക്കും. ഈന്തപ്പനയുടെ തണലിലേയ്ക്ക്‌ നോക്കി വികരാർദ്രനാകും.
2 ഈന്തപ്പന സെക്കന്റ്‌ ഹാൻഡ്‌ വിലയ്ക്ക്‌ കിട്ടാൻ ഗൾഫ്‌ ന്യൂസിൽ വാണ്ടഡ്‌ കൊടുക്കും.
പശ കൊണ്ട്‌ ഉപജീവനം നടത്തുന്നവർ നിരാശരാകും. അശരണരെ അവഗണിക്കാതിരിക്കുക.
അന്യമുതലുകൾ നശിപ്പിക്കാതിരിക്കുക. പെണ്ണുകേസുകളിൽ പേരുദോഷം കേൾക്കുമെന്നതിനാൽ അന്യവീടുകളിൽ പോകാതിരിക്കുക. ഓണത്തിനു വെള്ളമടിച്ചു വ്യത്യസ്ത ഡിസൈനുകളിൽ വാളു വയ്ക്കുന്നവർ മറ്റു കുടിയന്മാരുടെ ആരാധനയ്ക്കു പാത്രമാകും. കാപ്പിലാന്മാർ ആപ്പിലാകും. വ്യാഴം കഴിഞ്ഞാൽ വെള്ളി വരുമെന്നതിനാൽ സ്വർണ്ണത്തോട്‌ താൽപ്പര്യം കുറയും. ദോഷപരിഹാരത്തിനായി തുലാത്തിൽ തല മൂടി മല കേറുക.

അനിഴം:
ഈ വർഷം പൊതുവെ സമ്മിശ്രഫലമാണ്‌. മൂന്നം പാദത്തിൽ അഞ്ചക്ഷരം കുറഞ്ഞതിനെച്ചൊല്ലി പകൽക്കിനാവൻ
അടിപിടികളുണ്ടാക്കും.അനിഷ്ട സംഭവങ്ങളിൽ അതിയായ ഖേദം പ്രകടിപ്പിക്കും.
കുച്ചിപ്പുടി പഠിക്കണമെന്ന മോഹവുമായി ഇടിവാൾ മാണിക്യത്തിന്റെ മടയിൽ ഓട്ടക്കാശുമായി പോകും. കവിതകളുടെ വ്യാജസീഡികളിറക്കുന്ന ശ്രീ സൂക്ഷിക്കുക ആന്റീബാക്ടീരിയ ആക്രമണം ഉണ്ടാകും. കക്ഷത്തിൽ മുടികൊഴിച്ചിലുണ്ടാകുമ്പോൾ ചൊറിച്ചിൽ ശീലം നിർത്തേണ്ടിവരും. അഷ്ടിക്കുവകയില്ലാത്ത ദുഷ്ടന്മാർ കഷ്ടകാലം കൊണ്ട്‌ നട്ടം തിരിയും.
ദോഷപരിഹാരത്തിനായി കന്നിയിൽ കന്നിനെ കുളിപ്പിക്കുക.

തൃക്കേട്ട:
തെക്കോട്ടോ വടക്കോട്ടോ എന്നറിയാത്ത പൊട്ടന്മാർ ആഴ്ചവട്ടം നട്ടം തിരിയും. ചിരട്ടക്കരികൊണ്ട്‌
മീശകറുപ്പിക്കാനുള്ള നിരക്ഷരന്റെ ശ്രമം ഭാര്യ കണ്ടുപിടിക്കും. ശരീര വലിപ്പം കൂടിവരുന്നത്‌ തടഞ്ഞില്ലെങ്കിൽ പൊട്ടിപോകും.
പള്ളിപ്പെരുന്നാളിലെ തിക്കുംതിരക്കിലും സുന്ദരിമാരെ കിള്ളുന്നവർ നുള്ളുകൊള്ളും.
മീന്മുള്ളു തിന്നുന്നവർ തൊണ്ടയിൽ കുടുങ്ങി മരണവെപ്രാളം കാട്ടും. ആയൂരാരോഗ്യത്തിനായി തീറ്റ കുറയ്ക്കുക.
പുല്ലും വയ്ക്കോലും ഇടവിട്ടുള്ള സമയങ്ങളിൽ ലഘുഭക്ഷണമാക്കാവുന്നതാണ്‌.
മുഷ്ഠിമൈഥുനം കഷ്ടപ്പാടുകൾ വരുത്തും. കൈയിൽ മണികെട്ടിയാൽ മറ്റുള്ളവർ നിങ്ങളെ ശല്യപ്പെടുത്താതിരിക്കും.
ധനുക്കൂറിൽ ജനിച്ച ശ്വാസം മുട്ടലുള്ള ഭീമാകാരന്മാർ വീട്ടിൽ ഒരു എയർപമ്പ്‌ വാങ്ങിവയ്ക്കുന്നത്‌ കൂടുതൽ സുരക്ഷിതമായിരിക്കും. ദോഷപരിഹാരത്തിനായി വൃശ്ചികത്തിൽ അച്ചിവീട്ടിൽ പോയി അടുക്കളപ്പണിയെടുക്കുക.

മൂലം:
ഈ വൃത്തികെട്ട നക്ഷത്രനാമധാരികൾ അമ്പലങ്ങളിൽ സ്വന്തം നാൾ പറഞ്ഞ്‌ അർച്ചന ചെയ്യുവാൻ മടിക്കും.
പിൻഭാഗങ്ങളിൽ മാത്രം നോക്കി വെള്ളമിറക്കുന്നവർക്ക്‌ മൂലക്കുരു പിടിപെടും.
വിവാഹം കാംക്ഷിക്കുന്ന ശുഷ്കമൂലധാരികൾ ഈ വർഷം ആഗ്രഹസാഫല്യം നേടും.
ക്രീയേറ്റീവ്മാനിയ പിടിപെട്ട വീരശൂരപരാകൃമികൾ ഏജൻസികളിൽ നിന്നു പുറത്താക്കപ്പെടും.
ശിഷ്ടകാലം വാഴകൃഷി നടത്തി അല്ലലോടെ ജീവിക്കും. വിവാഹത്തോടനുബന്ധിച്ച്‌ അവിവാഹിത
സംഘടനയിലെ സെക്രട്ടറി സ്ഥാനം രാജിവച്ചൊഴിയും. വ്യാഴന്റെ സ്ഥാനഭ്രംശത്താൽ സംഘടനയിലെ ബാക്കിയുള്ള അസൂയമൂത്ത ബാച്ചിലേഴ്സ്‌ അംഗങ്ങൾ കുടുബകലഹമുണ്ടാക്കാനുള്ള പദ്ധതികൾക്ക്‌ രൂപം നൽകും.
കറവക്കാര്യങ്ങളിൽ കൂടുതൽ കമ്പം തോന്നും. ഗോക്കളെ ഇമ്പമുള്ള പാട്ടുപാടി ഓമനിക്കുകവഴി
ക്രമാതീതമായ ചാണകശേഖരം സ്വന്തമാക്കും.
എല്ലാ ദോഷങ്ങളും മാറുവാൻ ധനുവിൽ മീൻ കുനുകുനെ അരിയുക.

പൂരാടം:
ഈ വർഷം മുഴുവനും ഇവർക്ക്‌ വെള്ളമടിച്ച്‌ പൂരെ ആടണമെന്നുതോന്നും.
ആട്ടം നിർത്തണമെങ്കിൽ പാട്ട്‌ നിർത്താൻ ആവശ്യപ്പെടും. ബുധൻ അവധി വരുന്ന ദിവസം തറവാടി കൂറ തറയായി
പുളുക്കഥകൾ പറയും. ഇല്ലാത്ത പൊല്ലാപ്പുണ്ടാക്കുന്നതിനാൽ ഇല്ലത്ത്‌ വല്ല്ലായ്മ വരും.
ഈ കൊല്ലത്തിൽ നല്ലത്‌ ചെയ്താലും നന്മ വരത്തില്ല. ജോ യ്ക്ക്‌ വാർക്കപ്പണിക്കാരനായി സ്ഥാന ഉയർച്ച ഉണ്ടാകും.
ശനി ബലഹീനനായി തുടരുന്നതിനാൽ അയൽക്കാരെ വെല്ലുവിളിക്കും.
ഗ്രഹദോഷപരിഹാരത്തിനായി ഗൃഹം പൊളിച്ചടുക്കുക.

ഉത്രാടം:
അകാരണമായ ഭീതിയേറി ആധികൾ വ്യാധികൾ പിടിപെടും. പാവപ്പെട്ടവൻ കൂടുതൽ
പിച്ചക്കാരനാകും. പഞ്ചായത്തിലെ പട്ടിപിടുത്തക്കാരുടെ ലിസ്റ്റിൽ നിങ്ങളുടെ പേരും ഉൾപ്പെടുത്തും. ശുക്രൻ തലയ്ക്കുമീതെ ശ്യൂന്യാകാശം എന്ന പാട്ടുമൂളി നിൽക്കുന്നതിനാൽ സ്ഥാവര ജംഗമ വസ്തുക്കൾ, നാലുചക്രമുള്ള കളിപ്പാട്ടങ്ങൾ ഇവ സ്വന്തമാക്കും.
അക്കിടിപറ്റിയവർ അമളികൾ ഒളിച്ചുവയ്ക്കും. ഗൾഫിലുള്ളവർ അറബിയുടെ നിക്കർ കഴുകി ആത്മസംതൃപ്തിക്കറുതി വരുത്തും. ശുദ്ധഹൃദയർ അശുദ്ധരക്തം ദാനം ചെയ്താൽ ദോഷങ്ങൾക്ക്‌ ഏറെക്കുറെ പരിഹാരമുണ്ടാകും. ഭാര്യ വീട്ടിൽ നിന്ന്‌ അടിച്ചിറക്കാനുള്ള
സാധ്യതയുള്ളതിനാൽ ചാർവാകൻ റെയിൽ വേ പാളത്തിൽ അഭയം തേടും. സമാന്തരന്‌ മോഷണവസ്തുക്കളോടും, മോഷ്ടാക്കളോടും പ്രിയം തോന്നുകയാൽ മീശമാധവൻ, ഇത്തിക്കരപക്കി തുടങ്ങിയ സിനിമകളുടെ വ്യാജ സീഡി കണ്ട്‌ നിർവൃതി കൊള്ളും.
ദോഷങ്ങൾ മാറുവാൻ മകരത്തിൽ കുരവയിടുക.

തിരുവോണം:
ഇക്കിളി വർത്തമാനം നിറഞ്ഞ കത്തുകൾ നിങ്ങളെ തേടിയെത്തും. മകരക്കൂറിൽ ജനിച്ചവർക്ക്‌ ഈ വർഷം ഏറെക്കുറെ ഭാഗ്യവർഷമായിരിക്കും. ഭീമമായ മൊബൈൽ ബിൽ കുടിശ്ശിക അടയ്ക്കാത്തപക്ഷം മനുവിന്‌മൊബൈൽ കമ്പനിയിൽ
ക്ലീനിംഗ്‌ സെക്ഷനിൽ നോ സാലറി ബേസിൽ സ്ഥിര ജോലി തരപ്പെടും. വേനൽക്കാലത്ത്‌ കൂടുതൽ
മേക്കപ്പിടുന്ന എഴുത്തുകാരികൾ മറ്റുള്ളവരുടെ പരിഹാസത്തിന്‌ പാത്രമാകും.
ജലം, വൈദ്യുതി ഇവയാൽ അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വെള്ളം കുടിക്കാതിരിക്കാനും,
ഇരുട്ടത്തിരിക്കാനും ശീലിക്കുക.

അവിട്ടം:
ഇക്കൊല്ലം ചവിട്ടുകൊള്ളേണ്ട സാധ്യത കാണുന്നുണ്ട്‌. ഭാര്യയിൽ നിന്നും അകന്നു കിടക്കുക.
ഉറക്കത്തിൽ കണ്ടപെണ്ണുങ്ങളോട്‌ കിന്നാരം പറയാതിരിക്കുക. ഭൂമിക്കു ഭാരമാകാതെ തടി കുറയ്ക്കുവാൻ ശ്രദ്ധിയ്ക്കേണ്ടവർഷമാണിത്‌. മറ്റുള്ളവരുടെ അടുക്കള രഹസ്യങ്ങൾ ഒളിഞ്ഞുനിന്നുകേൾക്കുന്ന ശീലമുള്ള പെണ്ണുങ്ങളുടെ മുഖം പൊള്ളുവാനുള്ള യോഗമുണ്ട്‌. ജീവിതത്തിൽ ഒരുപാട്‌ ഉയരങ്ങളിലെത്താൻ മോഹിച്ച കുറുമാന്മാർക്ക്‌ പത്തോ, ഇരുപതോ നിലയുള്ള ഫ്ലറ്റുകളിലോ, എവറസ്റ്റിലോ എത്തിപ്പെടാനുള്ള ഭാഗ്യമുണ്ട്‌.
ദോഷം മാറാൻ ചിങ്ങത്തിൽ തെങ്ങേക്കേറുക.

ചതയം:
ദശാസന്ധിക്കാലമായതിനാൽ സന്ധികളിൽ വേദനയും, ദശവളർച്ചയും ഉണ്ടാകും.
മൂക്കിലെ രോമം പിഴാനുള്ള യാരിദിന്റെ സ്ഥിരം ശ്രമം ഈ വർഷവും വിഫലമാകും. പോലീസുവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്മാർ കേസന്വേഷണത്തിന്‌ ധൈര്യം കിട്ടാൻ ഫുൾടൈം ഫുൾബോട്ടിൽ കൊണ്ടുനടക്കും. ആസ്മയുള്ള ബിലാത്തികൾ നെറ്റിയിൽ ഭസ്മം ഇട്ടൂനടക്കുക.ജയനോട്‌ ആരാധനയുള്ളവർ തുമ്പി, പെരുമ്പാമ്പ്‌, ചീങ്കണ്ണി ഇത്യാദിവർഗ്ഗങ്ങളെ ഉന്മൂലനാശനം ചെയ്യും. ചൊവ്വാദോഷമുള്ളതിനാൽ പല്ലിടകുത്തി മണപ്പിക്കുന്നവർക്ക്‌ താൽക്കാലിക ബോധക്ഷയമുണ്ടാകും. പുഴുക്കടി മാറാത്തവർ പൂർണ്ണചന്ദ്രനെയോ,
പ്ലംബർ ചന്ദ്രനേയോ ഇമവെട്ടാതെ നോക്കിനിൽക്കുക.

പൂരൂരുട്ടാതി:
ഈ വർഷം എല്ലാം ഉരുട്ടിത്തിന്നേണ്ടിവരുമെന്നതിനാൽ അധികവ്യയം, ആരോഗ്യഹാനി,
ദഹനക്കേട്‌ എന്നിവ ഫലം. പൊതുവെ അനുകൂലമല്ലാത്ത ഗൃഹസ്ഥിതിയായതിനാൽ ഊണിസ്റ്റും,ബൂലോകത്തെ ഭീമാകാരനുമായ കേരള ഹ ഹ ഹ കുറഞ്ഞ വിലയ്ക്ക്‌ വീടുവിറ്റ്‌, കൂടിയ വാടകയ്ക്കു വീടു നേടും.
ഊണിലും ഉറക്കത്തിലും 'ചെറായി...ചെറായി' എന്നു പിച്ചും പേയും പറയുന്നതിനാൽ ഭാര്യ കിടപ്പുമുറിയിൽ നിന്നും പുറത്താക്കും. പന്നിപ്പനി, പക്ഷിപ്പനി, ഡെങ്കിപ്പനി ഇവയുടെ പകർച്ച ഈ നക്ഷത്രക്കാരിലൂടെ കൂടുതൽ പകർന്നുകിട്ടും. അധമസഞ്ചാരികൾ 'വെടി'വഴിപാട്‌ നടത്തും. മുറുക്കുവിറ്റുനടന്നവർ മുറുക്കാൻ കട നടത്തും.
എപ്പോഴും പൊട്ടിച്ചിരിക്കുന്നവർക്ക്‌ ചിരി നിർത്താൻ ഗുളിക കഴിക്കേണ്ടി വരും.

ഉത്തൃട്ടാതി:
രവിയുടെ സ്ഥാനമാറ്റം നിങ്ങളുടെ ഭക്ഷണക്കാര്യത്തിൽ കാര്യമായ കുറവുവരുത്തും.
ഇനി അവൻ തിരിച്ചുവരാൻ പ്രാർത്ഥിക്കുക. രവിയെ കൂലിപ്പണിക്കുവിട്ട്‌ നിങ്ങൾക്കു ജീവിക്കണമെങ്കിൽ കഠിനമായ കുതന്ത്രങ്ങൾ പ്രയോഗിക്കേണ്ടി വരും. ശത്രുശല്യം വർദ്ധിക്കാതിരിക്കണമെങ്കിൽ വാ തുറന്നൊന്നും മിണ്ടാതിരിക്കുക.
രാഹുകാലം നോക്കിയശേഷം വായിൽ ഒരു പ്ലാസ്റ്റർ ഇട്ടൂനടന്നാൽ മറ്റുള്ളവരിൽ നിന്നും നിങ്ങൾക്കു കൂടുതൽ സ്നേഹം കിട്ടും. അശ്ലീല ബ്ലോഗെഴുത്തുകാരനായ നട്ടപ്പിരാന്തൻ കൂലിക്കു ബ്ലോഗെഴുതാൻ പോകും. സ്വന്തം 'കമ്പി' പുസ്തകത്തിന്‌ ഇത്തവണ 'ലളിത', 'കല' ഇവരിൽനിന്നും അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങും.
എല്ലാവരോടും വെല്ലുവിളിച്ചിട്ടൊടുവിൽ ഇത്തവണ നിങ്ങൾക്ക്‌ 'സുല്ലു' പറയേണ്ടി വരും.
ബസിലെ തിരക്കു മുതലാക്കുന്ന മിടുക്കന്മാർക്ക്‌ സ്ത്രീകളിൽ നിന്ന്‌ പാദ ദണ്ഡനം, സൂചി, സേഫ്ടി പിൻ
തുടങ്ങിയവ കൊണ്ടുള്ള ആക്രമണങ്ങളെ നേരിടേണ്ടിവരും.

രേവതി:
എപ്പോഴും പാവക്കുട്ടികൾക്കുവേണ്ടി വാശി പിടിക്കുന്ന വർഷം. ദോഷരഹിതമായ വർഷം ശുഭഫലങ്ങൾ തരുന്നു.
തോൾ ഒരുവശം ചരിച്ചു നടക്കുന്നവർക്ക്‌ പട്ടാള ബഹുമതികൾക്കൊപ്പം ഡോക്ടർ, അഡ്വക്കേറ്റ്‌, എഞ്ചിനീയർ പദവികൾ കൂടി കൈവരും.ഭക്ഷണം കുറച്ചില്ലെങ്കിൽ തടി കൂടുക മാത്രമല്ല നിർമ്മാതാക്കൾക്ക്‌ കനത്ത സാമ്പത്തിക നഷ്ടങ്ങളും സംഭവിക്കാം.
ഉന്നത തലങ്ങളിലുള്ളവരുമായി സമ്പർക്കം പുലർത്തും.കാര്യസാധ്യത്തിനായി ഒരു മണി കൂടി വാങ്ങും,
ഒപ്പം പിയേഴ്സ്‌, ലക്സ്‌ സോപ്പുകളും കൈയിൽ കരുതുക.

(ശുഭം)

ഏവർക്കും സർവ്വനാശം ആശംസിച്ചുകൊണ്ട്‌,

ജ്യോതിഷപരദൂഷണൻ പണിക്കർജി
സലം: സാർജ, ദുഫായ്‌
മൊവീൽ: 055.......
(ഉം ം...ഇമ്മിണി പുളിക്കും..ന്നെ തെറി വിളിക്കാനല്ലേ..)
N.B: കാണാൻ ആഗ്രഹിക്കുന്നവർ നേരെ സാർജയിൽ വന്ന്‌
അസറിഫിക്കായുടെ ചായപ്പീടികേടെ അടുക്കളഭാഗത്തു വന്നാൽ നേരിട്ട്‌ 'ബന്ധപ്പെടാം..'
എഴുത്തും വരയും ജീവിതമാക്കിയ ഒരു ബ്ലോഗര്‍ - സുനില്‍ പണിക്കര്‍. തിരുവനന്തുപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ഈ ബ്ലോഗ്ഗറുടെ പ്രധാന മേഖല പരസ്യരംഗം ആണ് . കൂടെ ശില്പ നിര്‍മ്മാണവും പെയിന്റിങ്ങും ഫോടോഗ്രഫിയും ഉണ്ട്. ഇപ്പോള്‍ ഷാര്‍ജ്ജയില്‍ ജോലി ചെയ്യുന്നു. ഈ മഹത് വ്യക്തിത്വവുമായി ഞങ്ങള്‍ നടത്തിയ അഭിമുഖം ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.

ബൂലൊകത്തെ അദ്ധേഹത്തിന്റെ വിലാസങ്ങള്‍ :

sunilpanikkerv@gmail.com
sunilpayattuvila@gmail.com
http://sunilpanikker.blogspot.com/
http://panikkerspeaking.blogspot.com/
http://panikkerkavithakal.blogspot.com/
http://sunilpanikker.googlepages.com/


സുനില്‍ പണിക്കര്‍ വരച്ച ചില കാരിക്കേച്ചറുകള്‍. കൂടുതല്‍ കാരിക്കേച്ചറുകള്‍ അദ്ദേഹത്തിന്റെ ബ്ലോഗ്ഗില്‍ കാണാവുന്നതാണ്.ബ്ലോഗ്‌ ചലച്ചിത്രം

മലയാളം ബ്ലോഗില്‍ ആദ്യമായി ഒരു മുഴുനീളസിനിമാ പ്രദര്‍ശനം.


പരിമിതികള്‍ക്കിള്ളില്‍നിന്നും കുറച്ച് മലയാളം ബ്ലോഗര്‍മാര്‍ നിര്‍മ്മിച്ച ആദ്യ മലയാള ബ്ലോഗ്‌ചലച്ചിത്രം
കാണുവാന്‍ താഴെയുള്ള ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
കാണുക ..... അഭിപ്രായമറിയിക്കുക.

അണിയറ ശില്‍പ്പികള്‍ക്ക് "നമ്മുടെ ബൂലോകം " ബ്ലോഗ്‌ പത്രത്തിന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ !ചെറായി ഹ ഹ ഹ ....

കേരള ഹ ഹ ഹ യില്‍ സജീവ്‌ വരച്ച ചെറായി വരകളുടെ ആദ്യ ഭാഗം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. താഴെയുള്ള ചിത്രങ്ങളില്‍ ഞെക്കിയാല്‍ അതിലെക്കെത്തിച്ചെരാം

ബൂലോകത്തെ മാവേലികള്‍ !

വെള്ളരിക്കാപ്പട്ടണം , തിരക്കഥ എന്നീ ബ്ലോഗുകളുടെ ഉടമയായ ശ്രീ ആദര്‍ശിനെ ഇന്നത്തെ മാവേലിയായി തിരഞ്ഞെടുതുകൊണ്ട് ആല്‍ത്തറയിലെ "ഇന്നത്തെ മാവേലി " പംക്തി സമാപിച്ചു. . കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ നിന്നും പല മാവേലിമാരെ തിരഞ്ഞെടുത്തിരുന്നു. അരുണ്‍ കായംകുളം,കണ്ണനുണ്ണി,ഇടിവാള്‍,കുടിയന്‍,ബീരാന്‍ കുട്ടി, സെനു ഈപ്പന്‍ , തുടങ്ങിയവരായിരുന്നു പോയ ദിവസങ്ങളിലെ മാവേലി മന്നന്‍ പട്ടം ചൂടിയവര്‍ .

ചോദ്യങ്ങള്‍ക്ക് ഏറ്റവും രസകരമായി ഉത്തരങ്ങള്‍ നല്‍കിയ കണ്ണനുണ്ണിയെ ഈ വര്‍ഷത്തെ "വാമനന്‍" ആയി തിരഞ്ഞെടുത്തു. മത്സരത്തില്‍ മൂന്നു തവണ മാവേലിയായും കണ്ണനുണ്ണി നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അങ്ങനെ ബൂലോകത്തെന്നല്ല, ഭൂലോകത്തിലും വച്ച് ഒരാള്‍ തന്നെ മാവേലിയും വാമനനും ആയി തിരഞ്ഞെടുക്കപ്പെടുന്ന അപൂര്‍വ ബഹുമതികളിലോന്നാണ് കണ്ണനുണ്ണിക്ക് ലഭിച്ചത്.

ആല്‍ത്തറ യിലെ മത്സരങ്ങളില്‍ മാവേലിപ്പട്ടം ചൂടിയവരും അവരുടെ ബ്ലോഗ്ഗുകളും താഴെ നല്‍കുന്നു.


ആദര്‍ശ്║Adarsh
"വെള്ളരിക്കാപ്പട്ടണം"[പഴയ കോലത്തുനാട് ]
http://vellarikkappattanam.blogspot.com/
തിരക്കഥ
http://thirakkadha.blogspot.com/അരുണ്‍ കായംകുളം
കായംകുളം സൂപ്പര്‍ഫാസ്റ്റ്,

http://kayamkulamsuperfast.blogspot.com/
കര്‍ക്കടക രാമായണം

http://arunkayamkulam.blogspot.com/
എന്നീ ബ്ലോഗുടമ .

വര്‍ഷ ഗീതം ബ്ലോഗുടമ -കണ്ണനുണ്ണി
http://varshageetam.blogspot.com/
കണ്ണനുണ്ണി

വര്‍ഷ ഗീതം ബ്ലോഗുടമ -കണ്ണനുണ്ണി [7]
http://varshageetam.blogspot.com/

ഇടിവാള്‍
http://itival.blogspot.com/

കുടിയന്‍
http://charayam.blogspot.com/

ഇടിവാള്‍-
http://itival.blogspot.com/

ബീരാന്‍ കുട്ടിയുടെ ലോകം
http://beerankutty.blogspot.com/

സെനൂ ഈപ്പന്‍ തോമസ് പൂവത്തൂര്‍
"പഴമ്പുരാണംസ് "എന്ന ബ്ലോഗുടമ
http://pazhamburanams.blogspot.com/

വര്‍ഷ ഗീതം ബ്ലോഗുടമ കണ്ണനുണ്ണി
http://varshageetam.blogspot.com/ആദര്‍ശ്‌ എന്നതിന് പകരം വി.കെ .ആദര്‍ശ്‌ എന്ന് വാര്‍ത്തയില്‍ തെറ്റായി ആദ്യം നല്‍കിയതില്‍ ഖേദിക്കുന്നു. തെറ്റ് ചൂണ്ടിക്കാട്ടിയ ആദര്‍ശിന് നന്ദി .

പുതിയ ചുവടുവയ്പ്പുകള്‍

നമ്മുടെ ബൂലോകം വ്യത്യസ്തമായ ചില പംക്തികളുമായി വരുന്നു. ഈ പംക്തികളില്‍ ബ്ലോഗ്ഗേഴ്സിനു നേരിട്ട് എഴുതാം .


"ലേഡീസ്‌ ഒണ്‍ലി" - സ്ത്രീ ബ്ലോഗ്ഗേഴ്സിനു മാത്രം എഴുതാവുന്ന പംക്തി. നിങ്ങളുടെ വിചാരങ്ങള്‍ എന്തും അത് യാതൊരു വിധ എഡിറ്റിങ്ങും കൂടാതെ ഇവിടെ പ്രസിദ്ധീകര‌ിക്കുന്നതാണ്. എല്ലാ വെള്ളിയാഴ്ചകളിലും . കൃതികള്‍ ക്ഷണിക്കുന്നു .

നോസ്റ്റാള്‍ജിയ -ഗൃഹാതുരത്വം ഉണര്‍ത്തുന്ന പ്രവാസ ചിന്തകള്‍ : കുറച്ചുകാലം ജന്മ നാട്ടില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ ആണ് അവയുടെ ബുദ്ധിമുട്ടും നൈര്‍മ്മല്യവുമെല്ലാം നമ്മുടെ ഓര്‍മ്മയില്‍ നിറയുന്നത്. തൊടിയിലെ കാശിത്തുമ്പയും, കനകാംബരങ്ങളും, പാടത്തെ ചേറും, പൊട്ടക്കിണറ്റിലെ തവളയും , തറവാട്ടിലെ ഒത്തു ചെരലുമെല്ലാം നിറഞ്ഞ പ്രവാസികളുടെ ചിന്താ ശകലങ്ങള്‍ ഇതില്‍ പ്രസിദ്ധീകരിക്കാം. എല്ലാ ബുധനാഴ്ചകളിലും പ്രസിദ്ധീകരിക്കുന്നു.


വായനാക്കാരുടെ വേദി : നമ്മുടെ ബൂലോകത്തില്‍ പ്രസിദ്ധീകരിച്ചവയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും വായനക്കാരുടെ ഉപദേശങ്ങളും സമാഹരിച്ചു കൊണ്ടുള്ള ഒരു പംക്തി.


ഈയാഴ്ചയിലെ ബ്ലോഗ്‌ പോസ്റ്റ്‌ : അതതു ആഴ്ച ബൂലോകത്ത് പ്രസിദ്ധീകരിക്കപ്പെട്ട പോസ്റ്റുകളില്‍ ഒന്നിനെക്കുറിച്ചുള്ള വിശകലനങ്ങളും അഭിപ്രായങ്ങളും


അശ്ലീലവും അസഭ്യവും ദേശ ദ്രോഹവും ഒഴികെയുള്ള എല്ലാവസ്തുതകളും ഇതില്‍ യാതൊരു വിധ എഡിറ്റിങ്ങും ഇല്ലാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. നിങ്ങളുടെ രചനകള്‍ nammudeboolokam(at)gmail.com, boolokamonlain(at)gmail.com എന്നിവയിലേക്ക് അയക്കുക.
ചില വസ്തുതകള്‍

ചില വസ്തുതകള്‍

പ്രിയ വായനക്കാരെ ബൂലോകത്ത് , സമാധാനം വരുത്തുക എന്ന ലക്ഷ്യത്തോടെ ശ്രീ അരുണ്‍കായംകുളം മുന്‍കയ്യെടുത്തു ബൂലോകം ഓണ്‍ ലൈന്‍ ഡോട്ട് കോം ,ബ്ലോത്രം, പിന്നെ ഞങ്ങളുമായി ക്രിയാത്മകമായി നടന്ന ഒരു മെയില്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ചില കാര്യങ്ങള്‍ എല്ലാവരുടെയും അറിവിലേക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. -------------------------------------------------------------------------


പ്രിയ സുഹൃത്തുക്കളേ,

(ഇവിടെ ഞാന്‍ 'സുഹൃത്തുക്കളേ' എന്ന് അഭിസംബോധന ചെയ്തത്, ബ്ലോത്രം, ബൂലോക ഓണ്‍ലൈന്‍, നിങ്ങളുടെ സ്വന്തം ബൂലോക ഓണ്‍ലൈന്‍ എന്നീ പത്രങ്ങളില്‍, ഒരോന്നിന്‍റെയും അമരത്ത് ഇരിക്കുന്ന എല്ലാ മാന്യ വ്യക്തികളെയും ചേര്‍ത്താണെന്ന് ആദ്യമേ ബോധിപ്പിക്കട്ടെ)

നേരിട്ട് അല്ലെങ്കിലും, ബ്ലോഗിലൂടെയും അതേ പോലെ ജീമെയിലിലൂടെയും എനിക്ക് നിങ്ങള്‍ മൂന്നു കൂട്ടരെയും പരിചയമുണ്ട്.എങ്കില്‍ തന്നെയും സീരിയസ്സ് ആയി ഒരു കാര്യം എഴുതുമ്പോള്‍ ഞാന്‍ ആരെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്‍റെ കടമയാണ്‌ എന്ന വിശ്വാസത്തില്‍ ഒരു ആമുഖം..

എന്‍റെ പേര്‌ അരുണ്‍.ആര്‍.
കായംകുളം റെയില്‍വേ സ്റ്റേഷനു അടുത്തുള്ള കരിമുട്ടം ദേവി ക്ഷേത്രത്തിനു സമീപം ആണു വീട്.ഇപ്പോള്‍ ജോലി സംബന്ധമായി ബാംഗ്ലൂരില്‍ താമസിക്കുന്നു.അരുണ്‍ കായംകുളം എന്ന ബ്ലോഗര്‍ നാമത്തില്‍ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കര്‍ക്കടക രാമായണം എന്നീ ബ്ലോഗുകളില്‍ എഴുതുന്നു.ഇനി നമ്മള്‍ ഒരോരുത്തരും തമ്മിലുള്ള ബന്ധം ഞാന്‍ മറ്റുള്ളവരെ ഒന്ന് അറിയിച്ചോട്ടേ..


ബ്ലോത്രം:
രാമചന്ദ്രന്‍ എന്ന സുഹൃത്തിന്‍റെ ഈ പത്രം, തുടക്കത്തിലെ താളപ്പിഴകള്‍ മാറ്റി ഒരോ ദിവസവും നന്നാവാന്‍ ശ്രമിക്കുന്ന ഒന്നായി എനിക്ക് തോന്നുന്നു.കര്‍ക്കടക രാമായണം എന്ന സംരംഭം തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തെ മെയിലിലൂടെ അറിയിക്കുകയും, അതിനു അര്‍ഹിക്കുന്ന പ്രാധാന്യം അദ്ദേഹം കൊടുക്കുകയും ചെയ്തു.വാരാന്ത പതിപ്പിലേക്കായി ഒരു കഥ ആവശ്യപ്പെട്ടപ്പോള്‍, ഞാന്‍ അയച്ച് കൊടുക്കുകയും, ചില സാങ്കേതിക കാരണങ്ങളാല്‍ വാരാന്തപതിപ്പ് ഇറക്കാന്‍ കഴിയാതെ വന്ന സമയത്ത് എന്നെ മെയിലിലൂടെ അറിയിക്കുകയും ചെയ്തു.മാത്രമല്ല അവര്‍ ഓണപ്പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണെന്നും, അതില്‍ എന്‍റെ കഥ ഉള്‍പ്പെടുത്തും എന്നും ഇങ്ങോട്ട് അറിയിക്കാന്‍ സന്മനസ്സ് കാട്ടുകയും ചെയ്ത വ്യക്തി.ഒരു ടിവി ചാനലില്‍ ഇന്‍റര്‍വ്യൂ വന്നതിനെ അഭിനന്ദിച്ച് ഞാന്‍ എഴുതിയ മെയിലില്‍, കൂടെ കാണിച്ച സ്ക്രീന്‍ഷോട്ട് ശരിയായില്ല എന്ന എന്‍റെ അഭിപ്രായത്തിനു മതിയായ വിശദീകരണം തരികയും ചെയ്തു.ഞാന്‍ മനസിലാക്കിയിടത്തോളം നല്ല രീതിയില്‍ ബ്ലോത്രം മുന്നോട്ട് കൊണ്ട് പോകേണം എന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.


നിങ്ങളുടെ സ്വന്തം ബൂലോക ഓണ്‍ലൈന്‍:
എന്‍റെ ഒരു ഇന്‍റര്‍വ്യൂ വേണം എന്ന് നിങ്ങളുടെ മെയില്‍ കിട്ടിയപ്പോള്‍ വിവാദമാണേല്‍ വേണ്ടാ സുഹൃത്തേ എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു.അതിനു ശേഷം അങ്ങനെയല്ല എന്ന ഉറപ്പില്‍ ഞാന്‍ സഹകരിക്കുകയും ചെയ്തു.പിന്നീട് അരവിന്ദ് എന്ന ബ്ലോഗര്‍ എന്‍റെ ഇഷ്ട എഴുത്തുകാരനാണെന്നും, അദ്ദേഹം തിരിച്ച് വരുന്നതിനായി ഒരു പോസ്റ്റ് ഇടണേ എന്നും ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു.'എന്‍റെ ഇഷ്ട ബ്ലോഗ്' എന്ന പക്തിയില്‍ അത് ഞാന്‍ തന്നെ എഴുതാന്‍ നിങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ എഴുതി തരികയും ചെയ്തു.വ്യത്യസ്തമായ പരിപാടികളിലൂടെ ഈ പത്രം മുന്നോട്ട് കൊണ്ട് പോകണമെന്നാണ്‍ നിങ്ങളുടെ ആഗ്രഹം എന്ന് ഞാന്‍ വിശ്വസിക്കുന്നു.


ബൂലോകം ഓണ്‍ലൈന്‍:
നിങ്ങളുടെ ഇന്‍റര്‍വ്യൂ ചോദ്യം കണ്ടപ്പോള്‍, ഒരു പത്രത്തില്‍ രണ്ട് ഇന്‍റര്‍വ്യൂവോ എന്നാണ്‌ ഞാന്‍ ആദ്യം ചിന്തിച്ചത്.എന്നാല്‍ വ്യത്യാസം മനസിലാക്കിയപ്പോള്‍ നല്ല രീതിയില്‍ സഹകരിക്കുന്നതിനു സന്തോഷമേ ഉണ്ടായിരുന്നുള്ളു.ശരിക്കും ഫോട്ടോ സെലക്ട് ചെയ്യാന്‍ എന്‍റെ കല്യാണ ആല്‍ബം പോലും ഞാന്‍ ഷെയര്‍ ചെയ്തു തന്നു.ഇന്ന് നിങ്ങളുടെ ഒരു ജീമെയില്‍ അഡ്രസ്സ് നഷ്ടമായപ്പോള്‍, പുതിയ മെയില്‍ ഐഡി അയച്ച് തന്നത് കണ്ട് ശരിക്കും സന്തോഷം തോന്നി.ഇത്രയും നല്ലൊരു പത്രം നന്നായി കൊണ്ട് പോകേണം എന്ന് ആഗ്രഹിക്കുന്നത്, ഒരാളാണ്‌, എന്ന ഇന്നത്തെ വാര്‍ത്ത വായിച്ചപ്പോള്‍ ഒരു ബഹുമാനവും തോന്നുന്നു.


എന്‍റെ അഭിപ്രായത്തില്‍ നിങ്ങള്‍ മൂന്നു പേരും എന്നോട് മാന്യമായാണ്‌ പെരുമാറിയത്.നിങ്ങളുടെ പത്രങ്ങള്‍ നല്ല രീതിയില്‍ പോകേണം എന്ന ആഗ്രഹം നിങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.അപ്പോള്‍ നിങ്ങളെ മൂന്നു പേരെയും പരിചയമുള്ള ഒരു സുഹൃത്ത് എന്ന നിലയില്‍ നിങ്ങള്‍ക്ക് ഒരു പൊതു മെയില്‍ അയക്കേണം എന്ന് എനിക്ക് തോന്നിയത് ഒരു തെറ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഞാന്‍ ഒരു വര്‍ഷം മുമ്പാണ്‌ ബ്ലോഗില്‍ വന്നത്.അന്നു മുതല്‍ മിക്ക ബ്ലോഗുകളും വായിക്കുന്നുമുണ്ട്.ഒരു വായനക്കാരന്‍ എന്ന നിലയില്‍ എന്നെ അത്ഭുതപ്പെടുത്തിയതാണ്‌ നിങ്ങളുടെ വളര്‍ച്ച.വിവാദങ്ങളിലൂടെ കടന്ന് വന്ന ശേഷം, നല്ല നല്ല പംക്തികളിലൂടെ വായനക്കാരെ കൈയ്യിലെടുത്ത ഈ ശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ.ഇനിയും വിവാദങ്ങളുടെ പിന്നാലെ നില്‍ക്കാതെ, നല്ല രീതിയില്‍ തുടരണേ എന്ന് അപേക്ഷിക്കാനാണ്‌ ഞാന്‍ ഈ കത്ത് എഴുതുന്നത്.

ആനക്ക് ആനയുടെ വലിപ്പം അറിയില്ല എന്ന പോലെയാണ്‌ ഇപ്പോള്‍ നിങ്ങളുടെ ഭാഗം.ഒരോ ദിവസവും ആയിരത്തില്‍ കൂടുതല്‍ ഹിറ്റുകള്‍ നിങ്ങള്‍ക്ക് കിട്ടുന്നുണ്ട് എന്നാണ്‌ എന്‍റെ വിശ്വാസം.അത്രയും വായനക്കരെ തൃപ്തി പെടുത്തുന്ന പംക്തികള്‍ ആണ്‌ എന്നെ പോലെ ഒരു സാധാരണക്കാരന്‍ ആഗ്രഹിക്കുന്നത്, അല്ലാതെ അനാവശ്യ വിവാദങ്ങളല്ല.

ഞാന്‍ ആരടാ ഇതൊക്കെ പറയാന്‍ എന്ന് ചോദിക്കല്ലേ, ആ ചോദ്യം വരാതെ ഇരിക്കാനാ നമ്മള്‍ തമ്മിലുള്ള സുഹൃത്ത് ബന്ധം ഞാന്‍ ആദ്യമേ ഓര്‍മ്മപ്പെടുത്തിയത്.അതിനൊക്കെ പുറമേ, നിങ്ങളുടെയെല്ലാം ഉയര്‍ച്ച ആഗ്രഹിക്കുന്ന ഒരു വായനക്കാരനുമാണ്‌ ഞാന്‍.

അപേക്ഷിക്കുകയാണ്‌ സുഹൃത്തുക്കളേ,
വിവാദങ്ങള്‍ മറക്കുക..
പുതിയ പുതിയ പംക്തികള്‍ തുടങ്ങുക..
മലയാളം ബ്ലോഗെന്നാല്‍ തമ്മില്‍ തല്ലാണെന്ന ചിന്ത മാറ്റി എടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.അതിനായി ശ്രമിക്കുക..

ഒരു വായനക്കാരന്‍ എന്ന നിലയിലും, ഒരു എഴുത്തുകാരന്‍ എന്ന നിലയിലും (എഴുത്തുകാരന്‍ എന്ന് ഉറപ്പിച്ച് പറയാനുള്ള അര്‍ഹത എനിക്കുണ്ടോ എന്ന് ഉറപ്പില്ല, എങ്കിലും പറയുകയാ) എന്ത് സഹകരണത്തിനും ഞാനും ഉണ്ട്.

എല്ലാവര്‍ക്കും ഓണാശംസകള്‍

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
NB: എന്നെ പോലെ നിങ്ങളുടെ വളര്‍ച്ച ആഗ്രഹിക്കുന്ന എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഞാന്‍ ബി.സി.സി വെച്ചിട്ടുണ്ട്.കാരണം അവരും ഇത് ആഗ്രഹിക്കുന്നു എന്നാണ്‌ എന്‍റെ വിശ്വാസം.

-------------------------------------------------------------------------


പ്രിയ അരുണ്‍ ,
ഞങ്ങള്‍ താങ്കളുടെ വാക്കുകളെ ഏറെ വിലമതിക്കുന്നു. വിവാദങ്ങളില്ലാതെ മുന്നോട്ടു പോകാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് ഇന്നലത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നതല്ലേ. അത് പോലെ തന്നെ ചെയ്യാം.

സഹകരണത്തിനും ഉപദേശങ്ങള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

നമ്മുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍

-------------------------------------------------------------------------


പ്രിയപ്പെട്ട അരുണ്‍,

താങ്കളുടെ അഭിപ്രായത്തോടും അത് പ്രകടിപ്പിച്ച രീതിയോടും നൂറു ശതമാനവും
ഞാന്‍ യോജിപ്പ് പ്രകടിപ്പിക്കുന്നു. എന്തെന്നാല്‍ വിവാദങ്ങള്‍ തുടങ്ങിയത്
ആര് തന്നെ ആയാലും.... എല്ലാവരും ഒന്നിച്ചു വിചാരിച്ചാല്‍ അല്ലാതെ അതിനു
ഒരു അവസാനം ഉണ്ടാവുകയില്ല. അത് കൊണ്ട് തന്നെ എല്ലാവരോടും ഒരുമിച്ചു
സംസാരിക്കുന്നതിനെ പറ്റി അരുണ്‍ പറഞ്ഞപ്പോള്‍ എനിക്കത് വളരെ വലിയ ഒരു
കാര്യമായി തോന്നി.

പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളെ,
തീര്‍ച്ചയായും വളരെ ഏറെ
പ്രതീക്ഷ ഉണര്‍ത്തുന്ന സംരംഭങ്ങള്‍ ആണ് ബ്ലോത്രവും, ബൂലോകം ഓണ്‍ലൈന്‍ ഉം ,
നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ലൈന്‍ ഉം. നിങ്ങള്ക്ക് ഒരുപാട് വൈവിധ്യം
ഉള്ള നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്ന് ചുരുങ്ങിയ കാലം കൊണ്ട്
നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. പക്ഷെ ഈ നേട്ടങ്ങള്‍ക്കെല്ലാം കരി നിഴലായി
അന്തമില്ലാത്ത വിവാദങ്ങളും, പരസ്പരം പോര്‍ വിളികളും ചെളി വാരി ഏറിയാലും
ഒക്കെ കാണുമ്പോള്‍.. നിങ്ങളെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ഞങ്ങള്‍ക്ക്
അത് നിരാശാജനകമാണ്. നിങ്ങളുടെ എല്ലാവരുടെയും വളര്‍ച്ച ഞങ്ങള്‍ ഒക്കെ വളരെ
അധികം ആഗ്രഹിക്കുന്നു.

അത് കൊണ്ട് സുഹൃത്തുക്കളെ.. ഞാനും അപേക്ഷിക്കുകയാണ്, ദയവു ചെയ്തു
വിവാദങ്ങളുടെ പാതയില്‍ നിന്ന് പിന്തിരിഞ്ഞു ബൂലോകത്തിന്റെ വളര്‍ച്ചയ്ക്കും
പുരോഗതിക്കും ഉപകരിക്കുന്ന പുത്തന്‍ ആശയങ്ങളും ആയി നിങ്ങള്‍ മുന്‍പോട്ടു
പോകണം .പൂര്‍ണ്ണ പിന്തുണയുമായി ഞങ്ങള്‍ എല്ലാവരും ഉണ്ടാവും.

തീര്‍ച്ചയായും നിങ്ങള്‍ തമ്മില്‍ മല്‍സരിക്കണം.നിങ്ങള്‍ തമ്മില്‍
'ആരോഗ്യകരമായ' ഒരു മത്സരം നിലവില്‍ ഉണ്ടെങ്കില്‍... അതു ത്വരിത ഗതിയില്‍
ഉള്ള വളര്‍ച്ചയ്ക്കും പുത്തന്‍ ആശയങ്ങള്‍ക്കും വഴി മരുന്നാകും. പക്ഷെ
വളര്‍ച്ചയ്ക്ക് ഉപകരിക്കുന്ന ആ മത്സരത്ത്തിനപ്പുറം എല്ലാവരെയും ഒരുപോലെ
ദോഷകരമായി ബാധിക്കുന്ന വിവാദങ്ങള്‍ അവസാനിപ്പിച്ചു കൂടെ....
എഴുതിയതില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കിലോ , ഞാന്‍ ഇങ്ങനെ
എഴുതുവാന്‍ യോഗ്യനല്ല എന്ന് തോന്നുകയോ ചെയ്തു എങ്കില്‍... ക്ഷമിക്കണം
എന്നും അപേക്ഷിക്കുന്നു..

...കണ്ണനുണ്ണി.-------------------------------------------------------------------------പ്രിയ കൂട്ടുകാരെ,
അരുണ്‍ തക്ക സമയത്തു തന്നെ ഇടപെട്ടു. അരുണിന് അഭിനന്ദനങ്ങള്‍. ഞാനിതു രാവിലേ തന്നെ കണ്ടിരുന്നു.
ജോലി കഴിഞ്ഞു വന്നതിപ്പോള്‍ മാത്രം.
എന്റെ ഭാഗത്തു നിന്നും ആര്‍ക്കും ഒരു ദോഷവും വരുന്ന പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാവില്ല എന്നു ഞാന്‍ ഇതിനാല്‍
ഉറപ്പു തരുന്നു. അതു മാത്രമല്ല രണ്ടു പത്രങ്ങളെയും എനിക്ക് അഭിമുഖം നടത്തിയാല്‍ കൊള്ളാമെന്നുമുണ്ട്. ഞാന്‍ വെറുതെ പറയുകയല്ല.
ഇനിയും കൂടുതല്‍ ചര്‍ച്ചകള്‍ക്കും ഞാന്‍ തയാര്‍.
സ്നേഹപൂ‍ര്‍വ്വം
ബൂലോകം ഓണ്‍ലൈന്‍


-------------------------------------------------------------------------

ബൂലോകം ഓണ്‍ലൈന്‍

to Boolokam, Arun, Boolokam, Ram
show details 6:40 AM (3 hours ago)
സഹകരിക്കാന്‍ ഞങ്ങള്‍ക്കും തുറന്ന സമ്മതം. ആദ്യപടിയായി ഞങ്ങള്‍ പേര് മാറ്റുന്നു.

-------------------------------------------------------------------------

പ്രിയപ്പെട്ട സുഹൃത്തുക്കളേ,

എല്ലാവരോടും അപേക്ഷിക്കുമ്പോഴും മറുപടി എന്താകുമെന്ന് ഒരു ഭയമുണ്ടായിരുന്നു.എങ്കില്‍ തന്നെയും ആരെങ്കിലും മുന്‍കൈ എടുക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയതിനാലാണ്‌ ഇങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്.വിവാദം നിര്‍ത്താന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച മൂന്നു കൂട്ടര്‍ക്കും എന്‍റെ നന്ദി ആദ്യമേ പറയട്ടെ..

എനിക്ക് ലഭിച്ച പ്രതികരണങ്ങള്‍..


ബ്ലോത്രം:
അരുണിന്റെ ഈ ആത്മാര്‍ത്ഥതയേയും സ്നേഹത്തേയും വിലമതിക്കുന്നു. അരുണിന്റെ സഹകരണം തുടര്‍ന്നും ബ്ലോത്രത്തിനുണ്ടാവണം. അരുണിന് ഞാനൊരു ഉറപ്പ് കൂടി തരാം, ഒരു വിവാദത്തിനും ബ്ലോത്രം ഉണ്ടാവില്ല. ബ്ലോത്രത്തോട് മോശമായി പെരുമാറിയാല്‍ പോലും.


ബൂലോകം ഓണ്‍ലൈന്‍:
എന്‍റെ ഭാഗത്തു നിന്നും ആര്‍ക്കും ഒരു ദോഷവും വരുന്ന പ്രസ്താവനകള്‍ ഒരിക്കലും ഉണ്ടാവില്ല എന്നു ഞാന്‍ ഇതിനാല്‍ ഉറപ്പു തരുന്നു. അതു മാത്രമല്ല രണ്ടു പത്രങ്ങളെയും എനിക്ക് അഭിമുഖം നടത്തിയാല്‍ കൊള്ളാമെന്നുമുണ്ട്. ഞാന്‍ വെറുതെ പറയുകയല്ല.


നിങ്ങളുടെ സ്വന്തം ബൂലോക ഓണ്‍ലൈന്‍:
ഞങ്ങള്‍ താങ്കളുടെ വാക്കുകളെ ഏറെ വിലമതിക്കുന്നു.സഹകരിക്കാന്‍ ഞങ്ങള്‍ക്കും തുറന്ന സമ്മതം. ആദ്യപടിയായി ഞങ്ങള്‍ പേര് മാറ്റുന്നു.


കണ്ടില്ലേ, ഇത്രേ ഉള്ളു!!
ഒരു സോറി പറഞ്ഞാലോ, ഒരു മെയില്‍ അയച്ചാലോ തീരുന്ന പ്രശനങ്ങളാണ്‌ എല്ലാവരും കൂടി ആകെ വഷളാക്കിയത്.എന്‍റെ അപേക്ഷയെ മാനിക്കുകയും, വിവാദങ്ങള്‍ നിര്‍ത്താന്‍ തയ്യാറാകുകയും ചെയ്ത സുഹൃത്തുക്കള്‍ക്ക് നന്ദി.


ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ഓണാശംസകള്‍!!

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം


-------------------------------------------------------------------------

അരുണ്‍,
നല്ല ഉദ്യമത്തിന് ആദ്യമേ നന്ദി പറയട്ടെ. .......
പ്രശ്നങ്ങള്‍ കൊണ്ട് ബൂലോഗത്തില്‍ വായനക്കാര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നറിഞ്ഞു. എല്ലാവര്ക്കും എല്ലാ വായനക്കാരെയും വേണം . പ്രശ്നങ്ങള്‍ രമ്യതയില്‍ പരിഹരിക്കുന്നു എന്ന് എല്ലാ വായനക്കാരും അറിയണം. അതിനു വേണ്ടി ഒരു കോമ്മണ്‍ പോസ്റ്റ്‌ തയ്യാറാക്കി ഒരേ പോലെ തന്നെ മൂന്നു പത്രങ്ങളുടെയും പേര്‍ അടിയില്‍ സൂചിപ്പിച്ചു മൂന്നു പത്രങ്ങളിലും ഒരേ സമയം പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും എന്ന് കരുതുന്നു. ...എന്റെ ഒരെളിയ അഭിപ്രായം ആണ്. അതിനു വേണ്ട മാറ്റര്‍ അരുണ്‍ തന്നെ തയാറാക്കണം എന്ന് അപേക്ഷിക്കുന്നു.

പിന്നെ ഇന്ന് വൈകിട്ട് മുതല്‍ ഞങ്ങളുടെ പത്രത്തിന്റെ പേര് മാറുന്നതാണ്.


നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍
-------------------------------------------------------------------------

വിവാദങ്ങള്‍ക്ക് ഇനി ഇല്ലെന്നും, നല്ല ഒരു പത്രമായി പ്രവര്‍ത്തിക്കുകയാണ്‌ ഇനിയുള്ള ഉദ്ദേശം എന്നും ജോ സൂചിപ്പിച്ചിട്ടുണ്ട്.തന്‍റെ പേരു വെളുപ്പെടുത്തി വിവാദങ്ങള്‍ക്ക് വിരാമം ഇടാന്‍ സന്മനസ്സ് കാട്ടിയ ജോയ്ക്ക് നന്ദി
അരുണ്‍
-------------------------------------------------------------------------

ഞങ്ങള്‍ ഏറെ ആദരിക്കുന്ന"അപ്പു " ഇന്നലെ വന്നു ഒരു ഏട്ടന്റെ വാല്‍സല്യത്തോടെ വഴക്ക് പറഞ്ഞപ്പോള്‍ ഒരു പുനര്‍ ചിന്തനം വേണമെന്ന ആഗ്രഹങ്ങള്‍ക്ക് അടിവരയിട്ട് കൊണ്ടാണ് ഞങ്ങള്‍ വളരെ താല്‍പ്പര്യത്തോടെ അരുണ്‍ പറഞ്ഞ ചര്‍ച്ചയില്‍ പങ്കെടുത്തത്.
അതിനാല്‍ ഇന്ന് മുതല്‍ "നിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ ലൈന്‍" എന്നത് "നമ്മുടെ ബൂലോകം" എന്ന് പേര് മാറ്റപ്പെടുകയാണ്. പിന്നെ ഏവര്‍ക്കും ആകാംക്ഷയോടെ, എന്നാല്‍ പലര്‍ക്കും അറിയാവുന്ന ഒരു കാര്യം കൂടി ഈ അവസരത്തില്‍ വെളിപ്പെടുത്തുകയാണ് . ആറു പ്രമുഖ ബ്ലോഗ്ഗേഴ്സ് ഒത്തൊരുമിച്ചു പ്രസിദ്ധീകരിക്കുന്ന ഈ ബ്ലോഗ്‌ പത്രത്തിനു നേതൃത്വം വഹിക്കുന്നത്
"ജോ " എന്ന ബ്ലോഗ്ഗര്‍ ആണെന്ന് ഈ അവസരത്തില്‍ വെളിപ്പെടുതുവാനും ആഗ്രഹിക്കുന്നു. മികച്ച രചനകളും പംക്തിയുമായി ഞങ്ങള്‍ മുന്നോട്ടു പോകുന്നു. എല്ലാവരുടെയും സഹകരണം തേടുകയും ചെയ്യുന്നു.
കമന്റുകളില്‍ കൂടി വിവാദകാര്യങ്ങള്‍ വരാതിരിക്കാന്‍ വേണ്ടിയും ഇവിടെ ഇന്ന് മുതല്‍ മോടറേഷന്‍ നല്‍കും എന്നുള്ള കാര്യവും എടുത്തു പറയുന്നു.


മൊട്ടത്തലയിലെ നട്ടപ്പിരാന്തുകള്‍


നട്ടപിരാന്താ നമസ്കാരം...

നല്ല നമസ്കാരം

ഇങ്ങനെയൊരു പേര് സ്വീകരിക്കാനുള്ള കാരണം ഒന്ന് പറയാമോ..

അതൊരു തുണിയഴിച്ചിട്ട സത്യമാണ് ........സ്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ചൊറിയും ചിരങ്ങും പിടിച്ചു നടന്ന എന്നെ കൂട്ടുകാർ, നാട്ടിലെ ചൊറിയും ചിരങ്ങും പിടിച്ചു ഭ്രാന്തനായി നടന്ന മൊയ്തുണ്ണിയുമായി താരതമ്യം ചെയ്തു....പിരാന്തന്‍ സാജു എന്നു വിളിച്ചിരുന്നു.

ഇഷ്ടപ്പെട്ട പെണ്ണിനെ കല്ല്യാണം കഴിക്കാന്‍, ബിരുദവും, പഠനവും ഉപേക്ഷിച്ച് നാട് വിട്ടപ്പോള്‍ വീട്ടുകാര്‍ പറഞ്ഞു എനിക്ക് പ്രാന്ത് ആണെന്ന്.

ഗള്‍ഫിലെ വെറും പരിചയത്തിന്റെ പുറത്ത്‌ ലക്ഷങ്ങള്‍ കടം കൊടുത്തയാള്‍ പറ്റിച്ചു കടന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു എനിക്ക് പ്രാന്തനെന്നു.

അതിലും പഠിക്കാതെ, അതും സ്വന്തം ചുള്ളിയുടെ വാക്ക് കേള്‍ക്കാതെ ...കമ്പനിയില്‍ കൂടെ ജോലി ചെയ്ത കൂട്ടുകാരന് വേണ്ടി ലക്ഷങ്ങള്‍ ജാമ്യം നിന്ന്, അവന്‍ കളിപ്പിച്ച് തിരിച്ചു വരാതെ വന്നപ്പോള്‍ ഉണ്ടായിരുന്ന ഹോട്ടെലും വിറ്റ്, ജോലിയും ഉപേക്ഷിച്ചു,ബാധ്യതകള്‍ എല്ലാം തീര്‍ത്ത് സൗദി വിട്ടപ്പോള്‍ ചുള്ളിയും പറഞ്ഞു എനിക്ക് ഭ്രാന്ത്‌ ആണെന്ന്.

അതിനാല്‍ അനുഭവത്തില്‍ നിന്നും എനിക്ക് ചാര്‍ത്തി കിട്ടിയ പേര് ഞാന്‍ സ്വയം അണിയുന്നു, നട്ടപിരാന്തന്‍ എന്ന പേര് യാതൊരു കൂസലും ഇല്ലാതെ.

ബൂലോഗ പമ്മന്‍ എന്നാണു താങ്കള്‍ അറിയപ്പെടുന്നത്.. ഇത്രയും വലിയ അശ്ലീലം എഴുതാന്‍ താങ്കള്‍ സ്വകാര്യ ജീവിതത്തിലും ആഭാസങ്ങള്‍ പറയുന്ന ആളാണോ.

ഞാനിന്നു വരെ ശ്രീ. പമ്മന്റെ ഒരു പുസ്തകവും വായിച്ചിട്ടില്ല. (ഇനി തേടിപ്പിടിച്ച് വായിക്കാന്‍ ശ്രമിക്കാം) അതിനാല്‍ തന്നെ സ്വയം ഒരു താരതമ്യത്തിന് ഞാനില്ല. ഇനി അത് വായിച്ചു എന്റെ ശൈലി മാറ്റാനും പോവുന്നില്ല. എന്റെ വായ്‌ മൊഴി വഴക്കങ്ങള്‍ക്ക് എനിക്ക് കടപ്പാട്‌, എന്റെ നാട്ടില്‍ ജീവിച്ചിരുന്ന, ഒരു വിധത്തില്‍ എന്റെ വളര്‍ത്തമ്മ കൂടിയായ "പൂതംക്കോടന്‍ ആയിച്ചാത്ത" എന്ന നാരിമണിയോടാണ്. അതിനാല്‍ തന്നെ എന്റെ നാക്കില്‍ ആയിച്ചാത്തയുടെ ഇത്തിരി വികട സരസ്വതി ഇല്ലേ എന്നു എനിക്കും സംശയം ഇല്ലാതില്ല. എന്റെ സ്വകാര്യ മൈഥുനസമയങ്ങളില്‍ മാത്രമേ ഞാന്‍ നിങ്ങള്‍ ആഭാസങ്ങള്‍ എന്നു പറയുന്ന വാക്കുകള്‍ പറയാറുള്ളൂ. വാക്കിന്റെ ഘടനക്കോ, അല്ലെങ്കില്‍ പ്രയോഗത്തിനോ അല്ല, മറിച്ച് വാക്കിന്റെ കാലസന്ദര്‍ഭത്തില്‍ ആണ് ഒരു വാക്ക്‌ ശ്ലീലമോ/അശ്ലീലമോ ആവുന്നത്. ആയതിനാല്‍ ഇത്തരം ബൂസ്റ്റർ വാക്യങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കാത്തവര്‍ക്ക് എന്റെ നല്ല നമസ്കാരം.

കൂട്ടം ബ്ലോഗ്‌ കൂട്ടായ്മയില്‍ താങ്കള്‍ ഒരു വിവാദ പുരുഷന്‍ ആയിരുന്നു.. വിവാദങ്ങള്‍ താങ്കളുടെ കൂടെപിറപ്പ്‌ ആണെന്ന് തോന്നുന്നല്ലോ.. എന്ത് പറയുന്നു..

ഞാന്‍ കൂട്ടത്തില്‍ ഒരു വിവാദപുരുഷന്‍ ആയിരുന്നു എന്നു ആരും പറയും എന്നു തോന്നുന്നില്ല. എന്റെ "ഖമറുനീസ",/ കുഞ്ഞന്നാമ്മക്ക് തിരിച്ചു കിട്ടിയ വിശുദ്ധ ചന്തി/വാലൈൻടൈന്‍ ബിസിനസ്‌ തുടങ്ങിയ പോസ്റ്റുകള്‍ ഞാന്‍ ബൂലോകത്തില്‍ വരുന്നതിനു മുമ്പ് കൂട്ടത്തില്‍ ചര്‍ച്ച ചെയ്തതാണ്. അത് വരെ കൂട്ടം ചര്‍ച്ചചെയ്ത വിഷയങ്ങളില്‍ നിന്നും വഴിമാറിയുള്ള ആ പോസ്റ്റുകള്‍ പിന്നെ ഞാന്‍ കൂട്ടത്തില്‍ ഇട്ടപ്പോൾ, അത് കൂട്ടത്തിന്റെ കുടുംബാന്തരീക്ഷത്തിനു ചേര്‍ന്നതല്ല എന്നൊരു ഭാഷ്യം ചില കൂട്ടുകാര്‍ അവിടെ ഉയര്‍ത്തുക ഉണ്ടായി. ഒരു ജനാധിപത്യവാദിയായ ഞാന്‍ എണ്ണത്തില്‍ വളരെ ന്യൂനപക്ഷമായ അവരുടെ കൂടി അവകാശങ്ങള്‍ മാനിച്ചു കൊണ്ട്, ഖമറുനീസയുടെ രണ്ടാം ഭാഗം ഞാന്‍ കൂട്ടത്തിൽ ഡിലീറ്റ്‌ ചെയ്തു. കൂട്ടം കൂട്ടായ്മയുടെ ആദ്യകാല അംഗം എന്ന നിലയില്‍ എനിക്കിന്നും അവരുടെ സ്നേഹവും, പ്രോത്സാഹനവും കിട്ടാറുണ്ട്. കൂട്ടത്തിലെ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചു ഞാന്‍ എഴുതിയിരുന്ന "കൂട്ടം കവല" എന്ന തുടരന്‍ തമാശ നോവല്‍ ഏഴെട്ടു അദ്ധ്യായങ്ങള്‍ക്ക് ശേഷം എനിക്ക് എഴുതാന്‍ കഴിഞ്ഞില്ല എന്നുള്ള സ്വകാര്യ സങ്കടവും എനിക്കുണ്ട്. എങ്കിലും ഞാന്‍ എന്റെ ചില പോസ്റ്റുകള്‍ കൂട്ടത്തില്‍ ഇടാറുണ്ട്. ജ്യോതിയെട്ടന്റെയും, ജയപ്രകാശ്‌ ചേട്ടന്റെയും, കാര്‍മികത്വത്തില്‍ കൂട്ടം ഒരു പ്രസ്ഥാനമായി മാറിയതില്‍ ഞാനും അതില്‍ അഭിമാനിക്കുന്നു. പിന്നെ ഇപ്പോള്‍ കൂട്ടത്തില്‍ തലൈപുലികള്‍ ആയ ശ്രീ. കൂറുമാന്‍, ശ്രീ. ബെര്‍ലി എന്നിവരൊക്കെ സജീവമായി ഉണ്ട്. അതിനാല്‍ ഞാന്‍ ഇനി വീണ്ടും അവിടെ പുതിയ ഒരു മേല്‍വിലാസവുമായി ചെന്നാല്‍ അത് "ജൂമാ പള്ളിയില്‍ നിസ്കാരത്തിനു ഈച്ച കയറിയ പോലെ ഉണ്ടാവും". പിന്നെ നിങ്ങള്‍ പറഞ്ഞ കൂടപ്പിറപ്പ് ആയ വിവാദങ്ങൾ‍.........I like that banyan tree for giving shade to my ASS


മൊട്ടത്തല കണ്ടാല്‍ ഗുണ്ട ലക്ഷണം.. നാക്കെടുത്താല്‍ അശ്ലീലം. അപ്പോള്‍ നട്ടപിരാന്തനെ ഒഴിച്ച് നിര്‍ത്തിയാല്‍ സാജു ആരാണ്..

എന്റെ സിമിയുടെ "സാജുച്ചായന്‍"
എന്റെ ഇസബെല്ലയുടെയും, ഗബ്രിയേലയുടെയും "അച്ഛാ”
എന്റെ അമ്മയുടെ "പൌലോ ‍" "മാമ്മോദീസ പേരായ പൌലോസിന്റെ ചെറുരൂപം"

ബ്ലോഗില്‍ വന്നതെങ്ങനെ എന്ന് പറയാമോ..

ബഹറൈനില്‍ വന്നപ്പോള്‍ എപ്പോഴോ വഴി തെറ്റി കൂട്ടം കൂട്ടായ്മയില്‍ ചെന്നു. ആദ്യത്തെ മൂന്ന് നാല് മാസം കൂട്ടായി ബഹറൈനിൽ ആരും ഉണ്ടായിരുന്നില്ല. ആ സമയത്ത് കൂട്ടം ആയിരുന്നു കൂട്ട്. ആ "കൂട്ടം" ആണ് എന്നെ ഒരു ബ്ലോഗര്‍ ആക്കിയത്. കൂട്ടത്തില്‍ ഞാനൊരു കുഞ്ഞു പോസ്റ്റ്‌ ഇട്ടപ്പോൾ‍, ജ്യോതിയെട്ടന്റെ ഭാര്യ സിന്ധുചേച്ചി ആണ് കൊള്ളാം തുടെര്‍ന്നെഴുത് എന്നു ആദ്യം പറഞ്ഞത് . ഏതൊരു പുരുഷന്റെ വിജയത്തിനു പിറകിലും ഒരു സ്തീയുടെ പിന്തുണയുണ്ടാവുമെന്ന് നമ്മുടെ കാരണവന്മാർ പറയാറില്ലെ. പിന്നെ കൂട്ടത്തില്‍ വന്നു ഞാന്‍ ബൂലോഗത്തിലെ ഒരു ബ്ലോഗ്‌ ആദ്യമായി കാണുന്നത് "പോങ്ങുമൂടന്‍" കഥകള്‍ ആണ്. പിന്നെ പോങ്ങുമൂടന്‍ ആണ് ബൂലോഗത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാന്‍ വേണ്ട പൊടികൈകള്‍ പറഞ്ഞു തന്നത്. അതിനാല്‍ അവരുടെ താങ്ങ് എന്നെ ഒരു ബ്ലോഗര്‍ ആക്കിയതില്‍ വളരെ സഹായിച്ചിട്ടുണ്ട്. (ജീവിതത്തില്‍ മറ്റു തരം താങ്ങല്‍സിന്നെല്ലാം അധികാരം എന്റെ സ്വന്തം കക്ഷിക്കാണ്.) ഇന്ന് ബഹറൈനില്‍ എനിക്കുള്ള സുഹൃത്തുക്കള്‍ എല്ലാം ബ്ലോഗേഴ്സ് ആണ്. എന്റെ ചിന്തകളിലും, ആത്മീയവിഷയങ്ങളിലും എല്ലാം അവര്‍ എനിക്ക് തരുന്ന അറിവുകൾ, എന്നെ വേറെ ഒരു പുതിയ തലത്തില്‍ എത്തിച്ചിട്ടുണ്ട്. സൌദിയില്‍ വച്ച് ജോലിയും, സൈഡായി അല്ലറ ബിസിനെസ്സുമായി നടന്ന എനിക്ക് , ഇപ്പോള്‍ കിട്ടിയ മൂല്യവത്തായ സൌഹൃദങ്ങള്‍ക്ക്‌ എല്ലാം കാരണം ഒന്നര വര്‍ഷമായി ഞാന്‍ എഴുതുന്ന എന്റെ ബ്ലോഗ്‌ ആണ്.

ബ്ലോഗു കൂട്ടായ്മ, ബ്ലോഗ്‌ മീറ്റ എന്നിവയെ എങ്ങനെ കാണുന്നു...

പകുതിയോളം വെള്ളമുള്ള ഒരു ഗ്ലാസ്സിനെ രണ്ടു തരത്തില്‍ നമ്മുക്ക് പറയാം. "പകുതി നിറഞ്ഞ ഗ്ലാസ്‌ എന്നും" പകുതി ഒഴിഞ്ഞ ഗ്ലാസ്‌ എന്നും" ................

എന്റെ മനോഭാവം വച്ച് ഞാന്‍ പകുതി നിറഞ്ഞ ഗ്ലാസ്സിന്റെ കൂടെയാണ്.

താങ്കളുടെ ഉള്ളു വളരെ നിര്‍മ്മലമാണെന്നും താങ്കള്‍ ഒരു പഞ്ചപാവം ആണെന്നും കുപ്രചാരണം ഉണ്ട്. താങ്കള്‍ അതിനോട് എങ്ങനെ പ്രതികരിക്കുന്നു..

നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ. പിന്നെ ഇത്തരം കുപ്രചാ‍രണങ്ങൾക്ക് കാരണം ഞാൻ സാമ്പത്തികമായും, മാനസീകമായും, ശാരീരീകമായും, ഏ.ഡി.ബി/ഐ.എം.എഫ് പരമായും, എന്തിനു ലൈംഗികപരമായും തൃപ്തൻ ആണെന്നുള്ളതിന്റെ അസൂയയായിരിക്കും.


ബ്ലോഗില്‍ താങ്കളുടെതായ ഒരു പാത കണ്ടെത്തിയ താങ്കള്‍ക്കു ഏതാണ്ട് എതിരാളികള്‍ ഇല്ലെന്നു തന്നെ പറയാം.. ഈ വിജയിത്തിനു പിന്നില്‍ എന്താണ്..

എന്റെ പ്രിയപ്പെട്ട പൂതംകോടന്‍ ആയിച്ചാത്ത. പിന്നെ മലയാളത്തില്‍ ആര് "ലിംഗം, യോനി, മുല, തുട,കാമം തുടങ്ങിയവ വാക്കുകള്‍ മലയാളത്തിൽ സേര്‍ച്ച്‌ ചെയ്താല്‍ അവര്‍ എന്റെ ബ്ലോഗില്‍ കയറാതെ പോവാറില്ല. കാരണം ആദ്യത്തെ പേജില്‍ പ്രസ്തുത വാക്കുകൾ ഉൾക്കൊള്ളുന്ന പോസ്റ്റുകൾ മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍ എന്ന എന്റെ ബ്ലോഗിൽ പ്രസിദ്ധികരിച്ചിരിക്കുന്നത് കാണിക്കും. പിന്നെ ഗ്രഹണി പിടിച്ച കുട്ടികൾ ചക്കകൂട്ടാൻ കണ്ട പോലെ എന്റെ ബ്ലോഗിലേക്ക് ചാടിവീഴും, സ്ഥിരമായി എന്റെ ഹിറ്റ്‌ കൌണ്ടറില്‍ നിന്നും കിട്ടിയ വിവരമാണ് ഞാന്‍ പറയുന്നത്. എന്റെ ബ്ലോഗിന്റെ ഹിറ്റ്‌ റേറ്റ്‌ ഉയര്‍ത്തുന്നതും, എന്റെ ബ്ലോഗ്‌ ഒരു വിജയമാക്കി തീര്‍ത്തതും ഇത്തരം സ്നേഹനിധികള്‍ ആയ എന്റെ മലയാളി സുഹൃത്തുക്കള്‍ ആണ്. ആളുകള്‍ക്ക് ഇത്തരം വാക്കുകള്‍ ഇഷ്ടപ്പെടുന്നത് വരെ, എന്റെ ബ്ലോഗ്‌ വിജയിക്കും എന്നാണു എന്റെ ഉറച്ച വിശ്വാസം.


.. ഈയിടയായി എഴുത്തുകള്‍ വളരെ കുറവാണല്ലോ.. ഇപ്പോള്‍ മസ്തിഷ്ക കറവ പറ്റിത്തുടങ്ങിയോ... അതോ ഭാവനാ ലൈംഗിക വിരക്തിയാണോ.

ഇതു ഉപ്പ വന്നാലും ഉമ്മാക്ക്‌ കരച്ചില്‍ ആണെന്നൊരു ചൊല്ല് നാട്ടിലുണ്ട്. അതിനാല്‍ കമ്പനിയില്‍ ഏത്‌ പ്രശ്നം വന്നാലും, എന്തിന് ആഗോള സാമ്പത്തിക പ്രശ്നം വന്നാലും, അതെല്ലാം ഒരു കമ്പനിയുടെ "മനുഷ്യ വിഭവ വകുപ്പിനെയായിരിക്കും കൂടുതല്‍ ജോലിഭാരം തരിക" അങ്ങിനെ പല തരത്തില്‍ കട്ടിങും, ഷേവിങ്ങും മറ്റുമായി തിരക്കിലാണ്.അതിനാൽ ഗൌരവകരമായ പോസ്റ്റുകൾ ഇപ്പോൾ കുറവാണ്.

മാത്രമല്ല ഗൌരവകരമായ എഴുത്തിനെ, മുന്നില്‍ വന്നു പെടുന്ന മനുഷ്യന്റെ ദൈന്യത കീഴടക്കാറുണ്ട്. ദൈന്യതയില്‍ എക്സിക്യൂട്ടിവ്‌ എന്നോ, തൊഴിലാളിയെന്നോ മാറ്റമില്ല. അതിനാൽ സ്വന്തം മനസാക്ഷിയോട് നീതിപുലര്‍ത്താന്‍ കഴിയാത്ത ജോലിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ഈ വര്‍ഷാവസാനം ആവുമ്പോള്‍ ഈ പണിയും വിട്ടു ഒന്നുകില്‍ പഴയ ലാവണമായ സൌദിയിലേക്ക്, അല്ലെങ്കില്‍ പത്തിരുപത്‌ പശുക്കളുമായി നാട്ടില്‍ കൂടണം ഒരു ഗോപാലകൃഷ്ണനായി. അപ്പോള്‍ നട്ടപിരാന്തൻ എന്ന പേരു മാറ്റി “പശുഫാർമർ” എന്ന പേരിൽ കൂടുതല്‍ എഴുതാന്‍ സമയം കിട്ടുമെന്ന് കരുതുന്നു.

പിന്നെ ഞാന്‍ അന്നും ഇന്നും ഒത്തിരി കൂടുതല്‍ എഴുതുന്ന ആളല്ല. പിന്നെ മനസ്സിലുള്ള ചില ആശയങ്ങള്‍ കഥയാക്കണമെങ്കില്‍ ഒത്തിരി വിവരങ്ങള്‍ കിട്ടണം.അതിന്റെ പുറകില്‍ കൂടിയാണ് ഞാനിപ്പോൾ; സോമാലിയന്‍ കടല്‍ കൊള്ളയിലെ രാഷ്ട്രീയം എഴുതണം. ഡെറ്റോള്‍ കുളിയില്‍ അലിയാത്ത കറയുടെ രണ്ടാം ഭാഗം എഴുതണം, പിന്നെ ഞാന്‍ ആദ്യമായി "ഐ ഡബ്ലിയു യൂ" എന്നൊരു പെണ്‍കുട്ടിയോട്‌ പറഞ്ഞ എന്റെ ജീവിത കഥയെഴുതണം.

ലൈംഗികത അത്ര മോശം കാര്യമായി നമ്മള്‍ കാണേണ്ട കാര്യമില്ല. കുടുംബത്തിനകത്തെ ലൈംഗികതക്ക് അതിന്റേതായ പ്രവിത്രതയുണ്ട്, ഊഷ്മളതയുണ്ട്. " It is a divine dedication of two lovable hearts", എന്റെ ജീവിതത്തിൽ‍, എന്റെ ലൈംഗികതയില്‍ ഞാന്‍ പുലര്‍ത്തിയ സത്യസന്ധത അതായിരിക്കാം എന്റെ ബ്ലോഗിലെ തുറന്നു പറച്ചിലുകൾ‍.


ഇഷ്ട്ടപ്പെട്ട എഴുത്തുകാര്‍ ആരാണ്.. എന്തുവായിക്കാനാണ് കൂടുതല്‍ ഇഷ്ടം...

കൊച്ചിയിലെ അഴുക്ക്‌ ചാലില്‍ ആരുമറിയാതെ മരിച്ച് കിടന്ന എന്റെ പ്രിയപ്പെട്ട കഥാകാരന്‍ "വിക്ടര്‍ ലീനസ്‌". "യു. എ . ഖാദർ‍" (തൃക്കോട്ടൂര്‍ പെരുമ) പിന്നെ "സര്‍ ആര്‍തര്‍ കോണല്‍ ഡോയൽ" (ഷേര്‍ലേക്ക് ഹോംസ് കഥകൾ)

പിന്നെ ജോലിയുമായി ബന്ധപ്പെട്ട് വായിക്കുന്ന സ്റ്റീഫന്‍ കോവേ, വിന്‍സെന്റ് നോര്‍മന്‍, ജോ ജെറാള്‍ഡ് , ഗോല്‍മാന്‍ തുടങ്ങിയവരുടെ പ്രഫഷണൽ‍/പേര്‍സണല്‍ മാനേജ്മെന്റ് പുസ്തകങ്ങൾ.


ഒരുപക്ഷെ ബൂലോഗത്തെ ബ്ലോഗുകളില്‍ ഏറ്റവും നല്ല പ്രൊഫൈല്‍ പരിചയപ്പെടുത്തല്‍ (1971 ലെ പഞ്ചവത്സര പദ്ധതിയിലാണ് ജോണും, മേരിയും എറണാകുളം ജില്ലയിലെ പിറവത്ത് വച്ച് മദര്‍ ബോര്‍ഡില്‍ സര്‍ക്യൂട്ട് വരച്ചത്.......) താങ്കളുടെതാണ്.. ഇത്ര മനോഹരമായി നര്‍മ്മം കൈകാര്യം ചെയ്യുന്ന താങ്കള്‍ എങ്ങനെയാണു അശ്ലീല സാഹിത്യത്തിലോട്ടു തിരിഞ്ഞത്.

ഹാരോള്‍ഡ്‌ റോബിനിന്റെ ശൈലി എനിക്കിഷ്ടമാണ്. കൂടുതല്‍ ആളുകള്‍ സ്വന്തം കൃതി വായിക്കുക എന്നതാണല്ലോ ഒരു എഴുത്തുകാരന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തരുന്നത്. അതിനു ഓരോരുത്തര്‍ ഓരോ ശൈലി ഉപയോഗിക്കുന്നു. വായ്മൊഴി വഴക്കവും, തഴക്കവുമായി ഈ നാട്ടില്‍ പ്രചാരത്തിലുള്ള വാക്കുകളെയും, സംഭവങ്ങളെയും മാത്രമാണ് ഞാന്‍ എന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

പക്ഷെ നിങ്ങള്‍ എനിക്ക് ചാര്‍ത്തിയ ഈ അശ്ലീല ബ്ലോഗര്‍ പട്ടം കണ്ടു ബൂലോഗത്തെ ഒരു ലലന മണികളും ഞാനുമായി ബന്ധപ്പെടാന്‍ (മറ്റേ ബന്ധപ്പെടല്‍ അല്ല) ഇഷ്ടപ്പെടുന്നില്ല, അതിനാല്‍ തന്നെ ലലനമണികളുടെ കമന്റും നട്ടപിരന്തുകളില്‍ കുറവാണ്. മാത്രമല്ല ഇന്നേവരെ എന്റെ ഒരു പോസ്റ്റിനും കമന്റ് സെഞ്ച്വറി അടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്റെ ബ്ലോഗില്‍ കമന്റ് ഇട്ടാല്‍ മാന്യത പോകുമെനു ബൂലോഗത്തില്‍ ഒരു സംസാരവും ഉണ്ട്. അതിനാല്‍ എന്നു നൂറു കമന്റ് കിട്ടുന്നുവോ അത് വരെ ഈ ശൈലി മാറ്റാതെ കൊണ്ട്പോവണം എന്നുണ്ട്.

എന്റെ കുട്ടികള്‍ ഒന്ന് വലുതായാല്‍ സ്വന്തമായി ഒരു ഡൊമൈന്‍ നാമം സ്വീകരിച്ച് ഒരു നട്ടപിരാന്തന്‍-നട്ടപിരാന്തത്തി രൂപത്തിലേക്ക് മാറ്റണം എന്നുണ്ട്. അതില്‍ ഞങ്ങള്‍ പ്രണയിച്ച കാലം തൊട്ട്, ഇന്ന് വരെയുള്ള കത്തുകള്‍ പ്രസിദ്ധികരിക്കും. പ്രണയിച്ചു കല്യാണം കഴിക്കുന്നവര്‍ക്ക്‌ വേണ്ടിയുള്ള ആദ്യത്തെ റെഫറന്‍സ് ഗ്രന്ഥം ആയിരിക്കും ആ ബ്ലോഗ്‌. ഇന്ന് കേരളത്തിലെ നല്ല ഫാമിലി കള്ള് ഷാപ്പുകള്‍ എവിടെ എന്ന്‍ തിരയുന്നവര്‍ ആദ്യം വന്നു നോക്കുന്നത് എന്റെ ബ്ലോഗ്‌ ആണ്. ആ വിധത്തിൽ ഞാൻ ബൂലോഗത്തിനു സംഭാവന ചെയ്ത് സേവനം വളരെ വലുതെന്ന് ബൂലോഗകുടിയന്മാർ സമ്മതിച്ച് തരുന്നതാണ്.


കെ.എസ്. ഗോപാല കൃഷ്ണനെയും അടൂര്‍ ഗോപാല കൃഷ്ണനെയും ഒരുമിച്ചു കണ്ടാല്‍ അവരോടു എന്തുപറയും..

അവരോട്‌ ഒന്നും ഞാന്‍ പറയില്ല.......കെ.എസ്. ഗോപാല കൃഷ്ണന്റെ കണ്ണില്‍ ഒരു ഉമ്മ കൊടുക്കും, അടൂര്‍ ഗോപാല കൃഷ്ണന്റെ വിരല്‍ പിടിച്ചു ഉമ്മ കൊടുക്കും.( കൂടുതല്‍ വിശദമാക്കേണ്ട കാര്യമില്ലല്ലോ)


ബ്ലോഗില്‍ പുതുതായി എഴുതുന്നവരോട് എന്ത് ഉപദേശമാണ് നല്‍കുവാനുള്ളത്‌ ..

പുതുതായി എഴുതാന്‍ വരുന്നവരോട്‌ ഉപദേശിക്കാന്‍ തക്കവണ്ണം ഞാനാരുമല്ല...... പക്ഷെ അരുണ്‍ കായംകുളം മുമ്പ് അഭിമുഖത്തില്‍ കമന്റിനെ പറഞ്ഞ കാര്യം വളരെ സത്യമാണ്. ഒരു വിധപ്പെട്ട എല്ലാ ബ്ലോഗുകളും വായിക്കുമെങ്കിലും, ഒരു സ്മൈലി പോലും ഇടുന്നതില്‍ ഞാന്‍ പിശുക്കനായിരുന്നു. അരുണിന് നന്ദി. എന്റെ മനോഭാവം മാറ്റിയതില്‍.

ഓണം വിത്ത്‌ ഈണം
ഈണം ടീമിന്റെ രണ്ടാമത്തെ ഗാനസമാഹാരം പുറത്തിറങ്ങിയിരിക്കുന്നു - ഓണം വിത്ത്‌ ഈണം .

ഓണം പ്രമേയമാക്കിയിരിക്കുന്ന കുറച്ചു നല്ല ലളിത ഗാനങ്ങളാണ് ഈ ആല്‍ബത്തിലെ ഉള്ളടക്കം. കിരണ്‍, ബഹുവ്രീഹി,രാജേഷ്‌ രാമന്‍, നിശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ഗാന സമാഹാരം ഇതിനോടകം തന്നെ ബൂലോകത്ത് ശ്രദ്ധ നേടിക്കഴിഞ്ഞു . മുന്‍ ഗാന സമാഹാരത്തെപ്പോലെ ഇതും ഇന്റര്‍നെറ്റില്ലൂടെ മികച്ച ക്വാളിറ്റിയില്‍ ഡൌണ്‍ ലോഡ് ചെയ്തെടുക്കുവാന്‍ കഴിയും.

രാജേഷ്‌ രാമന്‍, ദിവ്യ മേനോന്‍ , തഹ്സീന്‍ മുഹമ്മദ്‌, നോബി പ്രസാദ്‌, ഷൈല രാധാകൃഷ്ണന്‍, പ്രദീപ് ചന്ദ്രകുമാര് എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ചെറിയനാടന്‍,ബഹുവ്രീഹി,രാജേഷ്‌ രാമന്‍ .എന്‍.എസ്.പണിക്കര്‍ തുടങ്ങിയവര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഡോണ മയൂര, കെസി ഗീത ,ചാന്ദ്നി,ദേവി പിള്ള, പാമരന്‍,ചെറിയനാടന്‍, ജി.മനു,ബൈജു.ടി. എന്നിവര്‍ ചേര്‍ന്ന് ഈ ഗാന സമാഹാരത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നു.

കേരളത്തില്‍ കായംകുളത്തെ "രവി സ്റ്റുഡിയോ", കൊടകരയിലെ " സൌണ്ട് ഓഫ് ആര്‍ട്സ്‌ " എന്നിവിടങ്ങളില്‍ ഈ ആല്‍ബത്തിന്റെ ശബ്ദലേഖനവും സങ്കലനവും നടത്തിയിരിക്കുന്നു. നടത്തിയിരിക്കുന്നു.

ലിങ്കിലൂടെ പോയാല്‍ ആല്‍ബത്തിലെ പാട്ടുകള്‍ ഡൌണ്‍ ലോഡ് ചെയ്തെടുത്ത്‌ ആസ്വദിക്കാന്‍ കഴിയും .


ഏറനാടന്‍ കഥകള്‍ഏറനാടന്‍ സ്വാഗതം

സ്വാഗതം.


ഒരു ജോലിക്ക് ഉള്ള അഭിമുഖം പോലെ എന്റെ നെഞ്ച് പിടപെടയ്ക്കുന്നു. വേഗം ചോദിച്ചോളൂ..

സിനിമയില്‍ സലിഹ് എന്ന പേരുണ്ടായിട്ടും ഏറനാടന്‍ എന്ന പേരില്‍ ബ്ലോഗ്‌ എഴുതാന്‍ കാരണം ഒന്ന് പറയാമോ

സലിഹ് അല്ല 'സാലിഹ് കല്ലട' എന്ന് പലവട്ടം സ്ക്രീനില്‍ തെളിഞ്ഞിരുന്നു. ഭാഗ്യമുണ്ടെങ്കില്‍ ഇനിയും തെളിയും എന്ന് ആശിക്കുന്നു. ഞാന്‍ ജനിച്ച് വളര്‍ന്ന് കുറുമ്പ് കാണിച്ച് ചുറ്റിത്തിരിഞ്ഞ് വിലസിനടന്ന് ഒടുക്കം ഗൃഹാതുരത്വം സമ്മാനിച്ച് നഷ്ടമായ എന്റെ ജന്മനാട് നിലമ്പൂര്‍ ഉള്‍പ്പെട്ട ഏറനാട് എന്ന പ്രദേശത്തെ മജ്ജയും മാംസവും ബുദ്ധിയുള്ളവരും അല്ലാത്തവരുമായ ഒരുപറ്റം നിഷ്കളങ്കരായ ആള്‍ക്കാരുടെ (ബന്ധുക്കാരും ഉള്‍പ്പെടും) കഥ അല്പം പൊലിപ്പിച്ച് എഴുതുമ്പോള്‍ ഒരു ബ്ലോഗ്-തൂലികാനാമം വേണമെന്ന് നിരീച്ചു. പിന്നെ ഒരു സേഫ്റ്റിക്ക് വേണ്ടി 'ഏറനാടന്‍' എന്ന പേര്‍ സ്വയമിട്ടു. ഇനീം ഇടയ്ക്കൊക്കെ സ്വന്തം നാട്ടില്‍ ചെല്ലണമല്ലോ. പക്ഷെ ഇപ്പോള്‍ അവിടേന്നും വായനക്കാരുടെ നല്ല 'സമ്മാന' സന്ദേശങ്ങള്‍ കിട്ടുന്നുണ്ട്. ഇനി രക്ഷയില്ല.

താങ്കള്‍ സിനിമയില്‍ വന്നതെങ്ങനെ എന്നറിയാന്‍ ആഗ്രഹമുണ്ട്..

മമ്മൂട്ടീം ലാലും സു.ഗോപീം ദിലീപും പിന്നെ പൃഥ്വിയും ജീവിച്ചുപൊയ്ക്കോട്ടെ എന്നുവിചാരിച്ച് തല്‍ക്കാലം ഫീല്‍ഡ് വിട്ട് പ്രവാസിയായി നില്‍ക്കുന്നെങ്കിലും ഞാന്‍ സഹകരിച്ച് സിനിമാ സീരിയലുകള്‍ ലിസ്റ്റ് ഇടുകയാണെങ്കില്‍ ഈ കോളം തികയില്ല എന്ന് നിങ്ങള്‍ കരുതിയെങ്കില്‍ എനിക്കൊന്നും പറയാനില്ല. ചുരുക്കിപ്പറയാണെങ്കില്‍.. ഒന്നാം ക്ലാസ്സില്‌ പഠിക്കുമ്പോള്‍ (മാങ്ങേറ്, മീന്‍‌പിടുത്തം, അണ്ടിപെറുക്കല്‍) ഇടയ്ക്കിടെ അമ്മാവന്‍ വന്ന് ഞങ്ങള്‍ സഹോദരങ്ങളെ ജയന്‍-സീമ സിനിമ കാണിക്കാന്‍ കൊട്ടകയില്‍ കൊണ്ടുപോകുമായിരുന്നു. (സിനിമാ ഡയറിക്കുറിപ്പ് ബ്ലോഗില്‍ ഇതൊക്കെ പോസ്റ്റിയിട്ടുണ്ട്.) അന്ന് സിനിമാജ്വരം തലയില്‍ കുടിയേറി. പിന്നെ സിനിമാകൊട്ടകയുടെ പിന്നാമ്പുറത്ത് പോയിരുന്ന് സിനിമാ ശബ്‌ദരേഖ, പാട്ട് കേട്ട് സീനുകള്‍ മനക്കണ്ണില്‍ ഓടിച്ചിട്ട് കാണും. പിന്നീട്, പെട്ടിക്കടയില്‍ കിട്ടുന്ന ഫിലീം തുണ്ടുകള്‍ മേടിച്ച് വീട്ടിലെ മുറിയിലെ കുമ്മായ ചുമരിലേക്ക് ബള്‍ബില്‍ വെള്ളം നിറച്ച് വെയിലില്‍ വെച്ച കണ്ണാടിപ്രകാശം പായിച്ച് ഡ്യൂപ്പ് സിനിമാ ഷോ കളിച്ചുനടക്കുന്ന പിള്ളേരെ പിടിച്ച് കൊണ്ടുവന്ന് ഇരുത്തിച്ച് കാണിച്ചുകൊടുത്തു. ആദ്യമായി ഷൂട്ടിംഗ് കാണുന്നത് അഞ്ചില്‍ പഠിക്കുമ്പോള്‍ പ്രേം നസീര്‍, അനുരാധ നടിച്ച ഹരിഹരന്‍ സിനിമ 'പൂമഠത്തെ പെണ്ണ്' ആയിരുന്നു. അവരൊക്കെ അഭിനയിക്കുന്നത് കാണുവാന്‍ ക്ലാസ്സ് കട്ട് ചെയ്ത് പോയിട്ട് തിക്കിത്തിരക്കില്‍ പോലീസ് ലാത്തിയടീം കിട്ടി. പിന്നെ ഫാസില്‍ സിനിമാ സെറ്റ് 'എന്നെന്നും കണ്ണേട്ടന്റെ..' നിലമ്പൂര്‍ കോവിലകത്ത് തമ്പടിച്ചപ്പോള്‍ തിലകന്‍, ശ്രീവിദ്യ, ജഗതി, നെടുമുടി എന്നിവരുടെ പ്രകടനം നേരില്‍ കണ്ട് എനിക്കും അഭിനയിക്കാന്‍ പൂതിയായി. ഫാസില്‍ കാണാന്‍ വേണ്ടി കുറെ മുന്നില്‍ പോയി കോപ്രാട്ടി കാണിച്ചെങ്കിലും വെറുതെയായി.
ബിരുദപഠനം കഴിഞ്ഞിട്ടാണ്‌. മോഹം സാഫല്യമായത് ഏട്ടന്‍ മുഖേന തിരുവനന്തപുരം സന്തോഷ് ശിവന്‍ കുടുംബം നടത്തുന്ന ശിവന്‍സ് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫി ബാച്ചില്‍ സീറ്റ് കിട്ടിയപ്പോഴായിരുന്നു. അവിശ്വസനീയമായിരുന്നു എനിക്കത്. യോദ്ധ, നിര്‍ണയം, റോജ ഒക്കെ കണ്ട് അതിന്‍ ശില്‍‌പികളെ കാണാനാഗ്രഹിച്ചത് സഫലമായി. സംഗീത് ശിവന്‍, സന്തോഷ് ശിവന്‍ എന്നിവരുടെ കീഴില്‍ പരിശീലനം കിട്ടി. സംഗീത് ശിവനൊപ്പം സം‌വിധാനസഹായി ആയി ഒരു ടെലിഫിലിം ഏഷ്യാനെറ്റിനു വേണ്ടി പ്രവര്‍ത്തിച്ചു. (കുറേ ശകാരം കിട്ടി, പണിയറിയാഞ്ഞിട്ട്). പക്ഷെ, അഭിനയഭ്രാന്ത് മൂത്ത് ഞാന്‍ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ പ്രയക്നിച്ചു. നാല്‍‌പത് സീരിയലുകളില്‍ തരക്കേടില്ലാത്ത വേഷങ്ങള്‍ ചെയ്തു. ജഗദീഷിനൊപ്പം 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍', ചുള്ളിക്കാടിനൊപ്പം ശ്രികുമാരന്‍ തമ്പീടെ 'ദാമ്പത്യ ഗീതങ്ങള്‍', കെ.കെ.രാജിവ്സ് 'ഓര്‍മ്മ', ലക്ഷ്മീമോള്‍ ഐശ്വര്യയൊത്ത് 'ദേവി' സീരിയല്‍, മാമുക്കോയ, അനിലശ്രീകുമാര്‍ ഒത്ത് 'അതിഥി' ടെലിഫിലിം. ജയറാമിനൊപ്പം 'പൗരന്‍', 'വക്കാലത്ത് നാരായണന്‍ കുട്ടി', സുരേഷ് ഗോപീടെ 'മേഘസന്ദേശം' എന്നീ പടംസ്.

താങ്കളുടെ സിനിമ അനുഭവങ്ങള്‍ പുസ്തകമാക്കുന്നു എന്ന് കേട്ടല്ലോ. അതിനെപറ്റി ഒന്ന് പറയാമോ.

അതെ. സിനിമാ അനുഭവങ്ങള്‍ പോസ്റ്റാറുള്ള ബ്ലോഗ് 'ഒരു സിനിമാഡയറിക്കുറിപ്പ്' ഈയ്യിടെ പുസ്തകമാക്കാന്‍ കരാറായി. മാതൃഭൂമി ആഴ്ചപ്പതിപ്പ് 'ബ്ലോഗന'യില്‍ അതിലെ ഒരു പോസ്റ്റ് ഇട്ടത് ഒരു ബൂസ്റ്റായി. കോട്ടയം പാപ്പിറസ് ബുക്സിന്‌ ബുക്കാക്കാന്‍ താല്‍‌പര്യമുണ്ടെന്ന് അറിയിച്ചു. ഉറപ്പിച്ചു. അച്ചടി തുടങ്ങി എന്നറിയുന്നു. അതിന്റെ കവര്‍ ഡിസൈന്‍ പ്രമുഖനായൊരു ബ്ലോഗര്‍ നിര്‍‌വഹിക്കാന്‍ സന്നദ്ധനായിട്ടുണ്ട്. (പേര്‍ വെളിപ്പെടുത്തരുതെന്ന് ഇപ്പോള്‍ പറഞ്ഞതിനാല്‍ പറയുന്നില്ല).

ബ്ലോഗില്‍ വരാന്‍ ഇടയായ സാഹചര്യം ഒന്ന് വിശദീകരിക്കാമോ..

ദുബായില്‍ നാലുവര്‍ഷം മുന്‍പ് ഒരു കെട്ടിട നിര്‍മ്മാണ കമ്പനീടെ സൈറ്റ് ആപ്പീസില്‍ സെക്രട്ടറിയായി പട്ടാണീസ്, ബംഗാളീസ്, അണ്ണാച്ചീസ് പണിക്കാരുടെ ഇടയില്‍ പെട്ട് ഉഴറിയിരിക്കുമ്പോള്‍ സദാസമയവും ഓണായിരിക്കുന്ന ഇന്റര്‍‌നെറ്റില്‍ ഊളിയിട്ട് നടക്കുമ്പോള്‍ വിശാലമനസ്കന്‍, അരവിന്ദ്, പെരിങ്ങോടന്‍ എന്നീ വ്യത്യസ്ത പേരുകളില്‍ ഉടക്കി. തപ്പിക്കേറി ഓടിച്ചുവായിച്ചു. ഹരം പൂണ്ടു. എന്നാപിന്നെ എന്തുകൊണ്ട് ഞമ്മക്കായിക്കൂടാന്ന് അന്തരംഗത്താരോ എന്നോട് മന്ത്രിച്ചു. അതിന്റെ എ.ബി.സി.ഡി ഒരെത്തും പിടീം കിട്ടീല. ചാറ്റില്‍ വന്ന പലരോടും ചോദിച്ചു, എന്താണീ എങ്ങനെയാണീ ബ്ലോഗല്‍ എന്ന്? ഒടുക്കം നമ്മുടെ പ്രിയബ്ലോഗറും മുതിര്‍ന്ന വ്യക്തിയുമായ കേരളഫാര്‍മര്‍ സല്‍മനസ്സോടെ ചില ലിങ്കുകളും വിവരണങ്ങളൂം പറഞ്ഞുതന്നു കൈപ്പിടിച്ച് ബൂലോഗത്ത് എന്നെ മേയ്ക്കാന്‍ വിട്ടു. നേരമ്പോക്കിന്‌ ആദ്യം 'ഏറനാടന്‍ ചരിതങ്ങള്‍' തുടങ്ങി. അതിലെ പല കഥകളും മാധ്യമം പത്രത്തില്‍ വന്നു. പിന്നെ എഴുത്തൊഴുക്കായിരുന്നു. എനിക്ക് തോന്നുന്നു, അക്കാലയളവില്‍ തന്നെയാണ്‌ യൂയേയീലെ ആദ്യ ബ്ലോഗ് മീറ്റ് അരങ്ങേറിയത്. അതില്‍ പങ്കെടുത്ത് അപരിചിതരായ പലരേയും ഉറ്റസുഹൃത്തുക്കളായി കിട്ടി. പലരും ഒരേകാലത്താണ്‌ ബ്ലോഗില്‍ ഹരിശ്രീ കുറിച്ചത്. ഒരു കൊല്ലം കഴിഞ്ഞ് വിശാലമനസ്കന്‍ പറഞ്ഞപ്പോള്‍ എന്നാപിന്നെ അല്‍‌പസ്വല്‍‌പം സിനിമാനുഭവങ്ങള്‍ ഒന്ന് പൊടിതട്ടിയെടുത്ത് ബ്ലോഗിയാലെന്താന്ന് തോന്നിയിട്ട് 'ഒരു സിനിമാ ഡയറിക്കുറിപ്പ്' ആരംഭിച്ചു. (ഈ ശീര്‍ഷകം വിശാലന്‍ വകയാണ്‌.), പിന്നെ ഫോട്ടോ വിക്രസ്സുകള്‍ ഇടാന്‍ 'റെറ്റിനോപതി' തുടങ്ങി. എവിടേയാണേലും ബ്ലോഗില്ലാതെ ജീവിതമില്ല എന്നായി സ്ഥിതി. അതിലൂടെ ലഭിച്ച സൗഹൃദങ്ങളെ ഞാന്‍ എന്നും ബഹുമാനിക്കുന്നു.

ബ്ലോഗ്‌ കൂട്ടായ്മകളെ പറ്റിയുള്ള അഭിപ്രായമെന്ത്,...

നല്ല അഭിപ്രായം. അതിരു വിടാതെ സൂക്ഷിച്ചാല്‍ ബെസ്റ്റാണ്‌. അതിലൂടെ സാമൂഹിക കാരുണ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നത് ഏറെ നല്ലകാര്യമാണ്‌. ബൂലോഗ കാരുണ്യം അതിനുദാഹരണം.

ഏതു തരം വായനയാണ് കൂടുതല്‍ ഇഷ്ടം ..

പരന്ന വായന അഭികാമ്യം, ഹരം. കൈയ്യില്‍ കിട്ടിയാലെന്തും വായിക്കും. അത് ഫയര്‍ ആയാലും ബാലരമ, പൂമ്പാറ്റ ആയാലും ദാസ് ക്യാപിറ്റല്‍, സമ്പൂര്‍ണ്ണ കൃതികള്‍ ആയാലും നോ പ്രോബ്ലം. ഓണ്‍‌ലൈന്‍ റീഡിംഗും ഒരു ക്രേസ്സായിട്ടുണ്ട്.

ബ്ലോഗിലെ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്

വൈവിധ്യമേറിയ എഴുത്തുകള്‍ കൊണ്ട് സമ്പുഷ്ടമാണ്‌ ബ്ലോഗിന്ന്. പേരെടുത്ത് പറഞ്ഞ് വിട്ടുപോയവരുടെ ശത്രുത വാങ്ങിവെയ്ക്കുവാന്‍ ഉദ്ധ്യേശിക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ ശൈലിയുണ്ട്, പിടിച്ചുനില്‍ക്കാനും നന്നായറിയുന്നവരുമാണ്‌. 9. പ്രവാസ ജീവിതം കലാപ്രവര്‍ത്തനങ്ങള്‍ക്കും ബ്ലോഗ്‌ എഴുത്തിനും തടസ്സമാണെന്ന് തോന്നുനുവോ.. ഒരിക്കലുമില്ല. ഞാന്‍ ഒരു ബ്ലോഗറായത് പ്രവാസമണ്ണില്‍ വെച്ചാണ്‌. എന്റെ കലാപ്രവര്‍ത്തനങ്ങളും കൂടുതലായി അരങ്ങേറുന്നതും ഇവിടെ വെച്ചല്ലേ. ആദ്യമായി ഒരു പ്രൊഫഷണല്‍ ടൈപ്പ് നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതും അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകസൗഹൃദവേദിയിലൂടെ യാണ്‌. രണ്ട സീരിയലുകളും പ്രവാസഭൂമിയില്‍ വെച്ച് പൂര്‍ത്തിയാക്കി.

ബ്ലോഗില്‍ വന്നതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് പറയാമോ

ആരുമല്ലാതിരുന്ന ഞാന്‍ ബ്ലോഗന്‍ എന്ന നിലയില്‍ അറിയാന്‍ തുടങ്ങി. ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചു. ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഹൊ ആലോചിക്കാന്‍ പോലും വയ്യ! ബ്ലോഗിലൂടെ രണ്ട് പുസ്തകങ്ങളുടെ ഉടമയാവാനും സാധിച്ചത് ഒരു കാര്യം തന്നെയല്ലേ. ഇതൊക്കെ തന്നെ ഗുണം.

താങ്കള്‍ അഭിനേതാവ് , എഴുത്തുകാരന്‍ എന്നതില്‍ ഏതു നിലയില്‍ അറിയപ്പെടാനാണ് ഇഷ്ടപ്പെടുന്നത്..

രണ്ടും. അഭിനേതാവായും എഴുത്തുകാരനായും അറിയപ്പെടണം. ഒരു സം‌വിധായകനും കൂടി ആവണമെന്ന അതിമോഹമുണ്ട്. ആരും തല്ലിക്കൊല്ലൂല എങ്കില്‍ എന്റെ സീരിയല്‍ സിനിമ നിങ്ങള്‍ സഹിക്കേണ്ടിവരും!

താങ്കളുടെ സമീപകാലത്ത് റിലീസ് അയ ചിത്രങ്ങള്‍/ സീരിയലുകള്‍ ഏതൊക്കെയാണ്..

ഈയ്യിടെ അബുദാബീല്‍ ഷൂട്ടിംഗ് പൂര്‍ത്തിയായ ടെലിഫിലിം 'ജുവൈരയുടെ പപ്പ'യില്‍ സഹസം‌വിധാനം, അഭിനയം, ക്രിയേറ്റീവ് കോണ്‍‌ട്രിബ്യൂട്ടര്‍, തിരക്കഥാസഹായം എന്നിവ ചെയ്തു. 'മണല്‍‌ക്കാറ്റ്' എന്ന ആദ്യപ്രവാസീ മെഗാസീരിയലില്‍ ഹാസ്യനടനും, സഹസം‌വിധായകനുമായിരുന്നു. കൈരളീ ചാനലിലും ജീവന്‍ ടീവിയിലും കാണിച്ചു. 'പോയകിനാവിലെ' ടെലിഫിലിം ഏഷ്യാനെറ്റിനുവേണ്ടി അഭിനയിച്ചു. ജോര്‍ജ് കിത്തു-ജോണ്‍‌പോള്‍ സിനിമയായ 'സ്വപ്നങ്ങളില്‍ ഹെയിസല്‍ മേരി'യില്‍ മുകേഷ്, ഭാമ, മണിക്കുട്ടന്‍ എന്നിവരൊത്ത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. (റിലീസ് ആയിട്ടില്ല) ജോയ്‌തോമസ്സ്-ഡെന്നീസ് ജോസഫ് ഒരുക്കിയ 'ഉഷസ്സായ്..സന്ധ്യയായ്' സീരിയലില്‍ അനൂപ് മേനോന്‍, ക്യാപ്റ്റന്‍ രാജു ഒന്നിച്ച് ഒരു പ്രധാന കഥാപാത്രം ചെയ്തു. അതിനുവേണ്ടി അവരൊന്നിച്ച് കഴിഞ്ഞ ശബരിമല സീസണില്‍ എരുമേലിയില്‍ ഒരു ലോഡ്ജില്‍ താമസിച്ചത് അവിസ്മരണീയമായിരുന്നു. പിന്നെ.. ഇല്ല ഇതൊക്കെ തന്നെയാണ്‌ ന്യൂ പ്രൊജക്റ്റ്സ്..

ഗ്രൂപ്പ്‌ ബ്ലോഗുകള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണ്...

വാക്ക് ചാതുരി മൂര്‍ച്ചകൂട്ടാം. പോരടിച്ച് താന്‍ പോരിമ പ്രദര്‍ശിപ്പിക്കാം. എന്നിരുന്നാലും ഒരു പരിധിവരെ ഒക്കെ നല്ലകാര്യമാണ്‌. അല്ലേ?

പുതിയ എഴുത്തുകാര്‍ക്ക് കൊടുക്കാനുള്ള ഉപദേശം എന്താണ്..

ധാരാളം വായിക്കുക. പരന്ന വായന നല്ലതാണ്‌. പല ശൈലികളും മനസ്സിലാക്കുക. തന്റെ ഉള്ളില്‍ പറയാന്‍ മുട്ടിനില്‍ക്കുന്ന എന്തോ ഉണ്ട് എന്ന് തോന്നിയാല്‍ മാത്രം എഴുതുക. സ്വയം വായിച്ച് മിനുക്കുപണി ചെയ്തിട്ട് പോസ്റ്റുക. മറ്റുള്ളവര്‍ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക വേണ്ട. അതൊക്കെ സ്വമേധയാ വരും. നിങ്ങള്‍ക്കും ഒരിടം ലഭിക്കുക തന്നെ ചെയ്യും. പറ്റുമെങ്കില്‍ എം.ടി രചിച്ച 'കാഥികന്റെ പണിപ്പുര', 'കാഥികന്റെ കല' എന്നിവ റെഫര്‍ ചെയ്യുക. വിജയം തീര്‍ച്ച..


ഏറനാടന്‍ കഥകള്‍ ഇവിടെ
ഏറനാടന്‍ സിനിമ കഥകള്‍ ഇവിടെ
ഏറനാടന്‍ ശബ്ദ വീചികള്‍ ഇവിടെ
ഏറനാടന്‍ ഫോട്ടോ ബ്ലോഗ്‌ ഇവിടെ

ജി.മനു ജി

മനു ജി. സ്വാഗതം..

സുസ്വാഗതം..ആഗമനോദ്ദേശ്യം അവഹേളിക്കലാണെന്നു തോന്നുന്നു.. റാന്‍ ....റെഡി..

വടക്കേന്ത്യയില്‍ പോകുമ്പൊള്‍ അവരെക്കൊണ്ടു ബഹുമാനപുരസ്സരം "ജി" എന്ന് വിളിപ്പിക്കാനാണോ മനു "ജി" എന്ന് ചേര്‍ത്തത്.. അതോ നേരത്തെ മുതലേ ഈ "ജി" ഉണ്ടോ ?

അതൊരു കഥയാണ്. പണ്ട്, പള്ളിക്കൂടം വാധ്യാരായി ജീവിക്കാനായി ഒരു പാവം തൊള്ള കീറി മണ്ണില്‍ വന്നപ്പോള്‍ ആരോ കുഞ്ഞിനെ ഗോപാലകൃഷ്ണന്‍ എന്നു വിളിച്ചു.. പിന്നെ ടി ദേഹത്തിനു ബുദ്ധിമുട്ടുണ്ടാക്കാനായി ഞാന്‍ മകനായി പിറന്നപ്പോള്‍ നാട്ടുനടപ്പ് ഇനിഷിയേറ്റീവ് എടുത്ത് ഒരു ഇനിഷിയല്‍ ചാര്‍ത്തി.. അങ്ങനെ ഈയുള്ളവന്‍ ജി.മനുവായി.. കാലക്രമേണ സ്വഭാവത്തിനൊത്തു പേരും തലതിരിഞ്ഞു.. മനു.ജി ആയി..

വമ്പന്‍ നീളമുള്ള പോസ്റ്റാണ് താങ്കള്‍ എഴുതുന്നത്‌.. പക്ഷെ ആരും ഇന്നുവരെ അതിന്റെ നീളം കുറയ്ക്കണം എന്ന് പറഞ്ഞതായി കേട്ടിട്ടില്ലാ. വിരസത തോന്നിപ്പിക്കാതെ ഇടയ്ക്കിടെ ഇങ്ങനെ ഓരോ വെടിക്കെട്ടുകള്‍ ഉള്‍പ്പെടുത്താന്‍ എങ്ങനെ കഴിയുന്നു.?

അതിനു ഉത്തരം തരേണ്ടത് ഞാന്‍ അല്ലല്ലോ മാഷേ.. എന്നെ സഹിക്കുന്ന സ്നേഹം നിറഞ്ഞ വായനക്കാര്‍ അല്ലേ.. ചിലരൊക്കെ പറയുന്നു വായിക്കുമ്പോ ഫ്രെയിം ബൈ ഫ്രെയും ഫീല്‍ വരുന്നു, വിഷ്വല്‍ എഫക്ട് കിട്ടുന്നു എന്നൊക്കെ... നേരാണോ ആവൊ.. എന്തായാലും ‘സൈസ് ഡെസിന്റ് മാറ്റര്‍‘ എന്ന് പ്രിയ വായനക്കാര്‍ അരക്കിട്ട് ഉറപ്പിക്കുന്നുണ്ട്... നന്ദി...

സ്വകാര്യ ജീവിതത്തില്‍ താങ്കള്‍ എങ്ങനെയുള്ള ആളാണ്. ഗൌരവക്കാരനോ അതോ തമാശക്കാരനൊ?


രണ്ടും മിക്സ്.. അത്യാവശ്യത്തിനു കോമഡി. ആവശ്യത്തിനു സീരിയസ്.. ഇന്‍സ്റ്റന്റ് കോമഡി വളരെ അപൂര്‍വമായേ സ്വകാര്യ ജീവിതത്തില്‍ വരാറുള്ളൂ....

ബ്രിജ്‌ വിഹാരം വളരെ ഉന്നത നിലവാരമുള്ള ഹാസ്യങ്ങള്‍ എഴുതുന്ന ബ്ലോഗാണ്. കുട്ടികള്‍ക്കായി കല്ലു പെന്‍സിലും എഴുതുന്നു. താങ്കളുടെ എല്ലാ ബ്ലോഗിലും നല്ല വായനക്കാരുമുണ്ട്. താങ്കള്‍ ഏതുതരത്തിലുള്ള എഴുത്താണ് ഏറ്റവും ഇഷ്ടപ്പെടുന്നത്..?


മനസില്‍ തോന്നുന്നത് എഴുതുക എന്ന പോളിസി (ഇപ്പൊഴും ‘എഴുതുന്ന ആള്‍‘ എന്ന് പറയാന്‍ പോലും ലജ്ജിക്കുന്ന ആളാണ് എന്നത് വേറൊരു കാര്യം).. കുട്ടികള്‍ക്കായി എഴുതുമ്പോ നമ്മള്‍ ഒരു കുട്ടിയായി മാറും..അതൊരു സുഖം. ജീവിതവും തമാശയും ഒക്കെ മിക്സ് ചെയ്ത് എഴുതുമ്പോ ആനക്കാര്യം ചെയ്ത് ഒരു ഫീല്‍.. അതും ഒരു സുഖം..

നോട്ടത്തില്‍ ഒരു കള്ള ലക്ഷണമുള്ളതുകൊണ്ടാണോ ബ്രിജ്‌ വിഹാരം എന്നാ പേര് സ്വീകരിച്ചത്.. ബ്രിജ്‌ വിഹാരത്തിന്റെ ഉടമ സാക്ഷാല്‍ ശ്രീ കൃഷ്ണന്‍ ആണല്ലോ... താങ്കള്‍ മുരിങ്ങമങ്ങലത്തപ്പനെയും വെറുതെ വിടില്ലെന്ന് ചില പോസ്റ്റുകളിലൂടെ തെളിയിച്ചിട്ടുണ്ടല്ലോ..?


ദൈവദോഷം പറയല്ലേ.. പണ്ട് ബ്രിജ്‌വിഹാര്‍ എന്നൊരു കോളനിയിലായിരുന്നു വാസം.. സകല തരികിട നേര്‍കിട പരിപാടികളുമായി കുറെ മലയാളി കുടുംബങ്ങള്‍...ഉത്തരേന്ത്യയില്‍. അവിടെ ഒരു അമ്പലം..പ്രതിഷ്ഠ അയ്യപ്പന്‍.... അങ്ങനെ ഈ വിഹാരം തുടങ്ങി.
നീണ്ട തലസ്ഥാന വാസം കഴിഞ്ഞു കേരളത്തില്‍ തമ്പടിച്ചിരിക്കുംപോള്‍ എന്ത് തോന്നുന്നു..?

ജീവിതം കൂള്‍ ആയിപ്പോയല്ലോ എന്നൊരു വിഷമം.. നല്ല കാലവസ്ഥ, മനുഷ്യര്‍, ഭക്ഷണം, മഴ.. ഒന്നും നഷ്ടപ്പെടുന്നില്ല ഇവിടെ.. വല്ലതും കുത്തിക്കുറിക്കണമെങ്കില്‍ ചിലതൊക്കെ നഷ്ടപ്പെടണം.. ഈ ലക്ഷ്വറി ഒരു ശാപമായി തോന്നുന്നു.. 50 ഡിഗ്രി ചൂടില്‍, 2 ഡിഗ്രി തണുപ്പില്‍ വഴട്ടിയെടുത്തുതരുന്ന ദില്ലി ജീവിതം മനസില്‍ അക്ഷരങ്ങളെ കോരിയിട്ടു തന്നിരുന്നു. ഇപ്പോ സ്നേഹത്തിനു പോലും ദാരിദ്ര്യമില്ലാത്തതുകൊണ്ട് എഴുതാനുള്ള താല്പര്യവും കുറയുന്നു.............


ഭാര്യ തങ്ങളുടെ ബ്ലോഗ്‌ വായിക്കാറുണ്ടോ.. ബ്രിജ്‌ വിഹാരത്തിലെ എഴുത്തിനെക്കുറിച്ച് വാമഭാഗത്തിന്റെ പ്രതികരണം എങ്ങനെയാണ്..?

ചിലപ്പോഴൊക്കെ നളന്റെ അടുത്ത് ഉണ്ണിയപ്പം ടെസ്റ്റ് കൊടുക്കുമ്പോള്‍ കിട്ടുന്ന പ്രതികരണം കിട്ടാറുണ്ട്. മലയാള സാഹിത്യത്തില്‍ എം.എ കാരി ആയതുകൊണ്ട് നമ്മുടെ ചീളെഴുത്തിനെ സരസന്റേയും വി.കെ.എന്‍ മാഷിന്റെയും കിക്കിടലന്‍ വര്‍ക്കുകളുമായി ഒത്തുനോക്കി ത്രോ ഇറ്റ് ബാബാ എന്നു കനപ്പിച്ചൊരു കാച്ചാവും.. പോസ്റ്റിട്ട കാര്യം പറയാതിരിക്കുക എന്ന അടവുനയം പ്രയോഗിച്ചതില്‍ പിന്നെ ‘കൊള്ളാം തരക്കേടില്ല’ എന്നൊക്കെ മൂളിത്തുടങ്ങി.. കണവനു കദനം തൊന്നേണ്ടാ എന്നു കരുതി ആവും...

താങ്കളുടെ ബ്രിജ്‌ വിഹാരം ബ്ലോഗില്‍ വമ്പന്‍ ഹിറ്റുകളായിരുന്ന ചില പോസ്റ്റുകള്‍ ഡിലീറ്റ്‌ ചെയ്തല്ലോ. ഒരിക്കല്‍ പോസ്റ്റ്‌ ചെയ്‌താല്‍ സൃഷ്ടി വായനക്കാരുടെ സ്വന്തം ആണെന്നറിയാമായിരുന്നിട്ടും ഡിലീറ്റ്‌ ചെയ്തതിനെപറ്റി എന്ത് പറയുന്നു....?

തികച്ചും ചില ആരോഗ്യപരമായ കാരണങ്ങളാല്‍ ആണിത് ചെയ്തത്.. മുട്ടുകാലിനു താഴെ ശൂന്യമായാല്‍ ദൃശ്യഭംഗി കുറയും എന്നതു കൊണ്ട്, ചില ബ്രിജ്‌വിഹാര്‍ പൌരന്മാരുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.. (‘ആണും പെണ്ണും കെട്ടവനേ’ എന്ന് ഇപ്പോ പറയുന്നവര്‍ അണപ്പല്ലുപോകുമ്പോ കൂടെ കാണുമോ....അല്ല കുഞ്ഞൊന്നു പറ.....)


ഒരു കവിയെന്നറിയപ്പെടാനാണോ കഥാകൃത്ത് എന്നറിയപ്പെടാനാണോ കൂടുതല്‍ ആഗ്രഹം.?

രണ്ടായാലും വിരോധമില്ല. :)..

ബ്ലോഗ്‌ എഴുത്തുകാരന്‍ ആയതില്‍ ഏറ്റവും സന്തോഷിച്ച നിമിഷം ഒന്നുപറയാമോ.. ബ്ലോഗില്‍ വന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്താണ് ?

ആദ്യ കമന്റ് കിട്ടിയ നിമിഷം... :)

ജീവിതത്തെ മാറ്റി മറിച്ചു ബ്ലോഗ് എന്ന് തലയുയര്‍ത്തി പറയും.. ബ്ലോഗ് വഴി കിട്ടിയ സ്നേഹബന്ധങ്ങള്‍ വഴി ദില്ലിയില്‍ നിന്ന് ബംഗ്ലൂര്‍ വഴി കേരളത്തിലേക്ക് എത്തിച്ചേരാന്‍ പറ്റി..മീഡിയ ലോകത്ത് ഒരു ജോലിയായി.. അതിനിടയില്‍ എത്രയെത്ര മുഖങ്ങള്‍.. ചുമ്മാ സ്നേഹിക്കുന്ന മനുഷ്യര്‍.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്തു സഹായവും ചെയ്യാന്‍ തയ്യാറാവുന്ന സഹ ബ്ലോഗര്‍മാര്‍...


ബ്ലോഗ്‌ വിവാദങ്ങളെ എങ്ങനെ കാണുന്നു.. താങ്കളുടെ വായനാശീലത്തെ പറ്റി ഒന്ന് പറയാമോ.. ഇഷ്ട്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയാണ്.

വിവാദങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്ത് ജീവിതം.. വിവാദം, തര്‍ക്കം, ഇടക്ക് രണ്ട് കുത്തിനുപിടി, തെറിവിളി.ഇതൊന്നും ഇല്ലെങ്കില്‍ കാര്യങ്ങള്‍ക്കൊരു ലൈവ് അനുഭവം ഉണ്ടാകുമോ.. ഓണത്തല്ലിന്റെ നാടല്ലേ നമ്മുടേത്...അപ്പൊ ബ്ലോഗില്‍ ഇതൊന്നും പാടില്ല എന്ന് ശഠിക്കരുത് എന്നാണെന്റെ ആത്മാര്‍ഥമായ അഭിപ്രായം.

താങ്കള്‍ എഴുത്തിനു പുറമേ ഒരു അഭിനേതാവും കൂടിയാണെന്ന് കേട്ടതിലെ സത്യാവസ്ഥ ഒന്ന് പറയാമോ..?

അരി വാങ്ങാന്‍ വേണ്ടി ഗത്യന്തരം ഇല്ലാത്തതുകൊണ്ട് ചില വേഷങ്ങള്‍ കെട്ടേണ്ടി വന്നു എന്നതു നേരാണ്... അഭിനയം അടുത്തുകൂടെ പോയിട്ടില്ല..

ബ്ലോഗിലെ പുതിയ എഴുത്തുകാര്‍ക്ക് എന്ത് ഉപദേശമാണ് കൊടുക്കുവാന്‍ ആഗ്രഹിക്കുന്നത്‌ ?

അനുകരിക്കാന്‍ ശ്രമിക്കാതെ ആത്മാര്‍ഥമായി എഴുതുക.. ഓര്‍മ്മക്കുറിപ്പും നര്‍മ്മവും മാത്രമാണ് ബ്ലോഗ് എന്ന തെറ്റിധാരണ മാറ്റുക... ചിന്തകളെ അക്ഷരങ്ങളാക്കി മാറ്റി ബ്ലോഗിനു പുതിയ അര്‍ഥം കൊടുക്കാന്‍ ശ്രമിക്കുക.......... ഒന്നുകൂടി. ഒരു ഇന്റര്‍വ്യുവില്‍ സലിം കുമാര്‍ ഈ ചോദ്യത്തിനു പറഞ്ഞ ഉത്തരം കൂടി ക്വോട്ട് ചെയ്തേക്കാം... “സ്വന്തം കാര്യം നോക്കി ജീവിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം..”

എന്റെ ഇഷ്ട ബ്ലോഗ് : അരുണ്‍ കായംകുളം
ഒരുപാട് ബ്ലോഗുകള്‍ എനിക്ക് ഇഷ്ടമാണ്.ആ പേരുകള്‍ പറയാന്‍ തന്നെ ഒരു പോസ്റ്റ് വേണ്ടി വരും.പക്ഷേ ഏറ്റവും ഇഷ്ടമുള്ള ബ്ലോഗ് ചൂണ്ടി കാണിക്കാന്‍ ആവശ്യപ്പെട്ടാല്‍, എന്‍റെ മുന്നില്‍ ഒരു ബ്ലോഗേ ഉള്ളു, അത് അരവിന്ദേട്ടന്‍റെ ബ്ലോഗാണ്..
മൊത്തം ചില്ലറ
ബാംഗ്ലൂരിലെ ജീവിതത്തിന്‍റെ ആദ്യഘട്ടങ്ങളില്‍, അടുത്ത റൂമില്‍ താമസിക്കുന്ന കൂട്ടുകാരനായ വര്‍ഗ്ഗീസ്സ് ആണ്‌ 'മൊത്തം ചില്ലറയിലെ' പോസ്റ്റുകളുടെ പ്രിന്‍റ്‌ കൊണ്ട് തരുന്നത്.അന്ന് ബ്ലോഗ് എന്തെന്ന് എനിക്ക് അറിയില്ല.കൈയ്യില്‍ കിട്ടുന്ന കഥകള്‍ 'മൊത്തം ചില്ലറയിലെ' പോസ്റ്റുകളാണെന്നും അറിയില്ല.ഞാന്‍ കരുതിയത് വര്‍ഗ്ഗീസ്സ് എഴുതിയ കഥകളാണെന്നാണ്.ഒരോ കഥ വായിച്ചിട്ടും ഞാന്‍ വര്‍ഗ്ഗീസിനെ അഭിനന്ദിക്കും, അവനാണെങ്കില്‍ ഇതൊക്കെ ഞാന്‍ എത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍ തലകുലുക്കുകയും ചെയ്യും.

2008 ജനുവരിയില്‍ പുതിയ കമ്പിനിയില്‍ ജോലിക്ക് ചേര്‍ന്നു.അങ്ങനെയിരിക്കെ ഒരു നാള്‍ കമ്പനിയിലെ ഒരു മലയാളി സുഹൃത്താണ്‌ കൊടകര പുരാണത്തിന്‍റെ ലിങ്ക് തന്നത്.കൂടെ ബ്ലോഗ് എന്നാല്‍ എന്താണെന്ന് ഫ്രീയായി ഒരു വിശദീകരണവും തന്നു.കൊടകരപുരാണം വായിച്ച് സന്തോഷവാനായ ഞാന്‍ വര്‍ഗ്ഗിസിനെ പോയികണ്ടു.എന്നിട്ട് ബ്ലോഗ് എന്നൊരു മാധ്യമത്തെ കുറിച്ചും, അവന്‍ എഴുതുന്ന കഥകള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചാല്‍ ഉള്ള ഗുണത്തെ കുറിച്ചും ഒരു ക്ലാസ്സെടുത്തു.ആ കാലമാടന്‍ അന്നേരം എന്നോട് പറയുകയാ, പ്രസിദ്ധനാകാന്‍ അവനു താല്‍പര്യമില്ല പോലും, മണ്ടന്‍(ഞാന്‍).

ദിവസങ്ങള്‍ കഴിയവേ ഓഫീസിലെ മലയാളി ഒരു ലിങ്ക് കൂടി തന്നു.അത് ഒരു അരവിന്ദ് എഴുതിയ മൊത്തം ചില്ലറ എന്ന ബ്ലോഗിന്‍റെ ലിങ്കായിരുന്നു.സൂപ്പര്‍ ബ്ലോഗാണെന്നും, വായിച്ചാല്‍ ഹാഫ് ഡേ ലീവെടുത്ത് തലയും കുത്തി നിന്ന് ചിരിക്കും എന്നെല്ലാം ഉള്ള അവന്‍റെ അവകാശ വാദം കേട്ട് വായിച്ച് തുടങ്ങിയ എനിക്ക്, തലയില്‍ ആരോ കുടം വച്ച് അടിച്ച പോലെ തോന്നി.ഒരിക്കല്‍ ഞാന്‍ വായിച്ചു, ചിരിച്ച് മറിഞ്ഞ കഥകള്‍, വര്‍ഗ്ഗിസിന്‍റെത് അല്ലെന്നും, അരവിന്ദ് എന്ന ഒരു സംഭവത്തിന്‍റെത് ആണെന്നുമുള്ള തിരിച്ചറിവ് എനിക്ക് താങ്ങാന്‍ പറ്റിയില്ല.എന്‍റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.ഒരു പക്ഷേ മൊത്തം ചില്ലറ എന്ന ബ്ലോഗ് വായിച്ച് കരഞ്ഞ ഏക വ്യക്തി ഞാന്‍ ആയിരിക്കും.

പിന്നീട് പല ബ്ലോഗുകള്‍ വായിച്ചു.പലതും ഇഷ്ടമായി.അങ്ങനെ ഞാനും ബ്ലോഗ് തുടങ്ങി.2008 ജൂണില്‍ ഞാന്‍ ആദ്യ പോസ്റ്റ് ഇട്ടതിനു ശേഷം, മൊത്തം ചില്ലറയില്‍ ഒരു പുതിയ പോസ്റ്റു പോലും വന്നില്ല എന്നത് വളരെ ദുഃഖകരമായി തോന്നുന്നു.2008 മെയിലാണ്‌ മൊത്തം ചില്ലറയില്‍ അവസാനം പോസ്റ്റ് വന്നത്.പിന്നീട് ഞാന്‍ കാണുന്നത് അരവിന്ദേട്ടന്‍റെ മറ്റൊരു ബ്ലോഗാണ്, അല്ലറ ചില്ലറ.മൊത്തം ചില്ലറയില്‍ തമാശയുടെ വെടിക്കെട്ടാണെങ്കില്‍, 'അല്ലറ ചില്ലറ' മൊത്തം ചില്ലറയില്‍ ഇല്ലാത്തതാണ്.

മൊത്തം ചില്ലറയുടെ കര്‍ത്താവും, അച്യുതന്‍റെ അമ്മയുടെ ഭര്‍ത്താവും ആയ അരവിന്ദേട്ടാ,
ബൂലോകത്ത് ഒരിക്കല്‍ കൂടി ചിരിയുടെ അലകള്‍ ഉയര്‍ത്താന്‍, വിരസമാകുന്ന ഓഫീസ്സ് സമയങ്ങളില്‍ ഞങ്ങള്‍ക്ക് ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാന്‍, ദയവായി ഒരിക്കല്‍ കൂടി മൊത്തം ചില്ലറയില്‍ എഴുതുക എന്ന അപേക്ഷയോടെ..

അരുണ്‍ കായംകുളം

Popular Posts