എല്ലാവരോടുമായി.....


കിച്ചു

ങ്ങനെ ഒരു വര്‍ഷം കൂടി വിടപറയുന്നു... 2009 വിസ്മൃതിയിലാവാന്‍ ഇനി മണിക്കൂറൂകള്‍ മാത്രം. കുറെ സങ്കടങ്ങള്‍, പരിഭവങ്ങള്‍, വേര്‍പിരിയലുകള്‍, കുറച്ചു സന്തോഷങ്ങള്‍ അങ്ങനെ സമ്മിശ്രമായിരുന്നു 2009. ലോകത്താകമാനം നോക്കിയാലും അസ്വസ്തതകളായിരുന്നു അധികവും. മറക്കുവാന്‍ സാധിക്കാത്തതായി ഈ കൊല്ലം സമ്മാനിച്ചത് വിരളമായ അനുഭവങ്ങള്‍ മാത്രം.

2009-ല്‍..നമ്മള്‍ കണ്ടു......  • സാമ്പത്തിക തലതൊട്ടപ്പന്മാരെന്ന് ആവശ്യത്തിനും അനാവശ്യത്തിനും വിളിച്ചു കൂവിയിരുന്ന ഒരു മഹാരാജ്യത്തിന്റെ സമ്പത് വ്യവസ്ഥയുടെ ദയനീയമായ പതനം.അതിനോടനുബന്ധിച്ച് ലോകത്താകമാനം നടന്ന, ഇപ്പൊഴും നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി...... ..മാന്ദ്യം..


  • അടിമവര്‍ഗമെന്നെ വിശേഷിപ്പിച്ചിരുന്ന ഒരു ജനതയുടെ പ്രതിനിധി അമേരിക്കയുടെ പരമോന്നത പദവിയിലെത്തിയതിന്റെ സന്തോഷാരവങ്ങള്‍..


  • പോപ്പ് രാജകുമാരന്റെ അപ്രതീക്ഷിതമായ വിടവാങ്ങല്‍.. അതൊരു മുന്നറിയിപ്പ് കൂടിയായിരുന്നു.. അവനവനുപോലും നിയന്ത്രിക്കാനാവാത്ത വിധം അധപതിച്ചുപോയ ഒരു ജീവിത ശൈലിയുടെ ഇരയാവുന്നവര്‍ക്കുള്ള മുന്നറിയിപ്പ്..
  • ചന്ദ്രയാന്റെ പരീക്ഷണങ്ങള്‍.. നിലാവിന്റെ മണ്ണില്‍ തെളിനീരിന്റെ നനവ് കണ്ടെത്തല്‍..

  • "H1 N1", പുതിയ പനി ലോകത്തെ ആകമാനം പിടിച്ചുലച്ചത്..സ്ലം ഡോഗ് മില്ല്യനേയര്‍ എന്ന ചിത്രത്തിലൂടെ ഏ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഇന്ത്യയുടെ മണ്ണിലേക്ക് വീണ്ടുമൊരു ഓസ്കാര്‍ കൊണ്ടുവന്നതിന്റെ സന്തോഷം..( ഗാന്ധി എന്ന ചിത്രത്തിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് ശ്രീമതി ഭാനു അത്തയ്യയ്ക്ക് മുന്‍പ് ഓസ്കാര്‍ ലഭിച്ചിട്ടുണ്ട്.)  • ഒരു വ്യാഴവട്ടക്കാലത്തിലേറെ ഒളിയുദ്ധത്തിന്റെ എല്ലാ അടവുകളും പയറ്റി മുന്നേറിക്കൊണ്ടിരുന്ന ഒരു പുലിയുടെ ദയനീയമായ അന്ത്യം....
  • അവസാനം എങ്ങുമെങ്ങുമെത്താതെ പിരിഞ്ഞ ഒരു മഹാ കാലാവസ്ഥാസമ്മേളന കാഹളങ്ങള്‍.....2009ന്റെ ഓര്‍മകളുമായി ഒരു പുതു വര്‍ഷത്തെ നാം വരവേല്‍ക്കനൊരുങ്ങുന്നു...

പുതിയ കൊല്ലം എല്ലാവര്‍ക്കും സന്തോഷപ്രദമാകട്ടെ...
നിങ്ങളോരൊരുത്തരിലും,

ലോകം കാണട്ടെ...... മനുഷ്യനെ, കേള്‍ക്കട്ടെ...... സ്നേഹത്തെ.... അറിയട്ടെ....... നന്മയെ..

ടി എസ് എലിയറ്റിന്റെ വാക്കുകള്‍ കടമെടുക്കട്ടെ..... “For last year's words belong to last year's language and next year's words await another voice. And to make an end is to make a beginning“

പുതിയൊരു ശബ്ദത്തിനായി നമുക്ക് കാതോര്‍ക്കാം

എല്ലാവര്‍ക്കും 'നമ്മുടെ ബൂലോകം ' പ്രവര്‍ത്തകരുടെ നവവത്സരാശംസകള്‍


Glitter Graphics,Glitters,Glitter,Malayalam Glitters*ചിത്രങ്ങള്‍ ഇന്റെര്‍നെറ്റിലെ വിവിധ വിഭാഗങ്ങളില്‍ നിന്നും

സൂപ്പര്‍താര ബ്ലോഗുകള്‍

നമ്മുടെ ബൂലോകം ടീം

ബൂലോകത്ത് ഒരു വര്ഷം പൂര്‍ത്തിയാക്കുന്ന ബ്ലോഗര്‍ മമ്മൂട്ടിക്ക് ആശംസകള്‍.

ധുനിക സാങ്കേതിക വിദ്യകളുടെ ഇടപെടലുകള്‍ ഇന്ന് മനുഷ്യ ജീവിതത്തില്‍ തീര്‍ത്തും ഒഴിവാക്കാനാവാത്ത ഒരു കാര്യമായി മാറിക്കഴിഞ്ഞു.
ഇതില്‍ തന്നെ ആശയ വിനിമയം നടത്തുവാനുള്ള സൗകര്യം ആണ് എല്ലാവരും മികച്ചതായി കാണുന്നത്. ഇന്റെര്‍നെറ്റിന്റെ വ്യാപനം അധികമായതോട് കൂടിആശയ വിനിമയത്തിന് വിവിധ മാനങ്ങള്‍ കൈവന്നു. അതില്‍ തന്നെ ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ പ്രസക്തി ഏറെ എടുത്ത്‌ പറയേണ്ടുന്ന ഒന്നാണ്. ഈ പ്രസക്തി ഉള്‍ക്കൊണ്ടു , പ്രസസ്തരായ പലരും ബ്ലോഗിലൂടെ ജനങ്ങളുമായി സംവദിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയാകുന്നു. ഹിന്ദി സിനിമാ രംഗത്തെ ഉദ്ധരിച്ചു പറയുകയാണെങ്കില്‍ ഒരു ബ്ലോഗ്‌ ഉള്ളത് അവര്‍ക്ക് 'സ്റ്റാറ്റസ് സിംബല്‍' ആയി മാറിക്കഴിഞ്ഞു.


മമ്മൂട്ടിയുടെ ബ്ലോഗ്‌മലയാള സിനിമയിലെ സൂപ്പര്‍ താരം മമ്മൂട്ടി ബ്ലോഗര്‍ ആയിട്ട് ഈ ഒക്ടോബറില്‍ ഒരു വര്ഷം തികഞ്ഞു . ഒക്ടോബറില്‍ ബ്ലോഗ്‌ നിര്‍മ്മിച്ചു എങ്കിലും ആദ്യ പോസ്റ്റ്‌ വരുവാന്‍ മൂന്നു മാസത്തോളം സമയം എടുത്തു. ജനുവരി യിലാണ് ശ്രീ മമ്മൂട്ടി ആദ്യ പോസ്റ്റ്‌ പ്രസിദ്ധീകരിക്കുന്നത്. ബ്ലോഗിന്റെ ആരംഭം പത്ര മാധ്യമങ്ങള്‍ ഒരു പ്രധാന വാര്‍ത്തയാക്കിയതിനാല്‍ ഇന്റര്‍ നെറ്റ് ഉപയോഗിക്കുന്നവരുടെ ഒരു തള്ളിക്കയറ്റം തന്നെ ആദ്യ ദിനങ്ങളില്‍ ഉണ്ടായി. റെക്കോര്‍ഡ്‌ ഭേദിച്ച കമന്റുകളും ഹിറ്റും. പിന്നീട് ഒന്ന് രണ്ട് പോസ്റ്റുകള്‍ കൂടി മമ്മൂട്ടി പ്രസിദ്ധീകരിച്ചു. പക്ഷെ ,അവസാന പോസ്റ്റുകള്‍ എത്തിയപ്പോഴേക്കും കമന്റുകളുടെ എണ്ണം പൂജ്യത്തില്‍ എത്തി നില്‍ക്കുന്ന ദയനീയമായ കാഴ്ചയാണ് ബൂലോകര്‍ കണ്ടത്. എന്നാല്‍ ഈ കമന്റുകള്‍ മോഡറെഷനില്‍ പെട്ട് കിടക്കുകയായിരുന്നു എന്നൊരു മറുവാദഗതിയും വന്നിരുന്നു. ഇതിനിടയിലാണ് മമ്മൂട്ടിയുടെ ബ്ലോഗ്‌ പ്രസിദ്ധീകരിക്കുന്നത് മലയാളത്തിലെ ഒരു പ്രശസ്ത ബ്ലോഗ്ഗര്‍ ആണെന്ന് ചില വെളിപ്പെടുത്തലുകള്‍ ബൂലോകത്ത് ഉണ്ടാകുന്നത്. ഇതിന്റെ സത്യാവസ്ഥ ഈ ബ്ലോഗര്‍ നേരിട്ട് വന്നു ബൂലോകരോട് 'സചിത്ര' സഹിദം വിശദമാക്കുകയും ചെയ്തിരുന്നു.


ഇടയ്ക്കു ബ്ലോഗ്‌ സ്പോട്ടില്‍ നിന്നും സ്വന്തം ഡോമയിനിലേക്ക് മാറിയ ആ ബ്ലോഗില്‍ നിന്നും നാലാഴ്ച മുന്‍പാണ് പഴശി രാജ വിഷയവുമായി ബന്ധപ്പെടുത്തി ഒരു പോസ്റ്റ്‌ വന്നത്. എന്നാല്‍ അത് പക്ഷെ ബൂലോകരിലെക്കെത്തുന്നതിനു മുന്‍പ് തന്നെ ബ്ലോഗ്‌ ലഭിക്കാതെയായി. ശ്രീ മമ്മൂട്ടി ഈ ബ്ലോഗു ഡിലീറ്റ് ചെയ്തിട്ടില്ല എന്ന് തന്നെ കരുതുന്നു. ബ്ലോഗ്‌ തുടങ്ങുന്നതിലെ ആവേശം നില നിര്‍ത്താന്‍ സൂപ്പര്‍ താരത്തിനു കഴിഞ്ഞില്ല. താരത്തിന്റെ തിരക്ക് ഏവര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ തന്നെ വല്ലപ്പോഴും ചില പോസ്റ്റുകള്‍ മാത്രമേ ബൂലോകര്‍ പ്രതീക്ഷിച്ചുമിരുന്നുള്ളൂ. ഇന്റര്‍നെറ്റിലെ 'ഹാക്കിംഗ്' എന്ന ആക്രമണം ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് മമ്മൂട്ടിക്ക് നേരെ ആയിരിക്കും. അദ്ധേഹത്തിന്റെ സൈറ്റുകള്‍ 'ആക്രമിക്കപ്പെട്ട സൈറ്റ്' എന്ന വിശേഷണത്തോടെ മാത്രമേ നമുക്ക് മുന്നില്‍ തുറന്നിരുന്നുള്ളൂ. ഈ ഒരു ആക്രമണത്തിന്റെ ഫലമായാണോ മമ്മൂട്ടിയുടെ ബ്ലോഗും ബൂലോകത്ത് നിന്നും അപ്രത്യക്ഷമായത് എന്നറിയാന്‍ ബൂലോകര്‍ക്ക് താല്പര്യമുണ്ട്. "ബന്ധപ്പെട്ടവര്‍" ഒരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കട്ടെ.മോഹന്‍ലാലിന്റെ ബ്ലോഗ്‌
മറ്റൊരു സൂപ്പര്‍ താരത്തിന്റെ ബ്ലോഗു കൂടി ഇവിടെ പരാമര്ശിക്കട്ടെ. മറ്റാരുമല്ല, മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാല്‍ എഴുതുന്ന ബ്ലോഗ്‌. 'തലക്കെട്ട്‌ ' ഇല്ലാത്ത ഒരു ബ്ലോഗ്‌ ആണ് ഇത്. തലക്കെട്ടിനു പകരം നടനകലയിലൂടെ താന്‍ പ്രതിഫലിപ്പിച്ച ഉദാത്തഭാവങ്ങള്‍ ശ്രീ മോഹന്‍ ലാല്‍ നല്‍കിയിരിക്കുന്നു.
Mohanlal Header

വളരെ അപൂര്‍വ്വം പോസ്റ്റുകള്‍ മാത്രമേ ഇതില്‍ വന്നിട്ടുള്ളൂ എങ്കിലും എല്ലാം കാര്യ മാത്ര പ്രസക്തമായവ. ഈ വരുന്ന ഫെബ്രുവരിയില്‍ ഈ ബ്ലോഗും ഒന്നാം വര്ഷം തികയ്ക്കും . മോഹന്‍ ലാല്‍ എന്ന ബ്ലോഗറുടെ എടുത്തു പറയേണ്ടുന്ന ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ , ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ കമന്റു ചെയ്യുന്നവരെ , നേരിട്ട് ഫോണില്‍ വിളിച്ചു സംസാരിക്കും എന്നതാണ്. ഇതിനു സാക്ഷ്യമായി ബൂലോകര്‍ തന്നെ ആ പോസ്റ്റുകളില്‍ കമന്റു ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ബ്ലോഗിലെ പോലെ തന്നെ ബൂലോകത്തെ ഒരു പ്രമുഖ ബ്ലോഗര്‍ ആണ് മോഹന്‍ലാലിന്റെ ബ്ലോഗും കൈകാര്യം ചെയ്യുന്നത് .


റഹ്മാന്റെ ബ്ലോഗ്‌ഒരു കാലത്ത് മലയാള യൌവ്വനത്തിന്റെ രോമാഞ്ചമായിരുന്ന ശ്രീ റഹ്മാന്റെ ബ്ലോഗിനെപ്പറ്റി ഇവിടെ സൂചിപ്പിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നുന്നു. കഴിഞ്ഞ രണ്ടരക്കൊല്ലം ആയി തന്റെ കഴിഞ്ഞ കാല ഷൂട്ടിംഗ് വിശേഷങ്ങളും മറ്റു നടന്മാരുമായുള്ള ബന്ധങ്ങളെ ക്കുറിച്ചും ഒക്കെ വിവരിച്ചു കൊണ്ട് സജീവമായി ഇപ്പോഴും ബ്ലോഗില്‍ ഉണ്ട്.

മലയാള സിനിമയില്‍ നിന്നും ബ്ലോഗ്‌ ചെയ്യുന്നവര്‍ ഈ മൂന്നു പേര്‍ ആണെന്ന് കരുതുന്നു. മറ്റുള്ളവരെകുറിച്ച് അറിയാവുന്നവര്‍ ഇവിടെ കമന്റായി ലിങ്ക് നല്‍കും എന്ന് പ്രതീക്ഷിക്കട്ടെ.
ചിത്രങ്ങള്‍ : അതതു ബ്ലോഗുകളുടെ ഹെഡര്കളില്‍ നിന്നും .
കാരിക്കേച്ചര്‍ : ബ്ലോഗര്‍ സുനില്‍ പണിക്കര്‍


ഹിമാലയ യാത്ര PART 3

ഹിമാലയ യാത്ര - PART 1
ഹിമാലയ യാത്ര - PART 2

തിരാവിലെ വാതിലില്‍ ശക്തിയായി ആരോ മുട്ടുന്നതു കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. ജയ്സണ്‍ നല്ല ഉറക്കത്തില്‍ തന്നെ, ബ്രഷ്നേവിനെ കാണുന്നില്ല.

വാതില്‍ തുറന്നപ്പോള്‍ ഒരു വലിയ പൊതിയുമായി സാബു ചിരിച്ചുകൊണ്ടു നില്‍ക്കുന്നു.

അവന്റെ വീടിന്റെ മുറ്റത്തിനോട് ചേര്‍ന്നുള്ള സ്ഥലത്തു നട്ടു വളര്‍ത്തിയ കപ്പ (മരച്ചീനി) പറിച്ച് “ചെണ്ട മുറിയന്‍“ പുഴുങ്ങി കാന്താരി മുളകു ചമ്മന്തിയുമായി ഭാര്യ ചൂടുപോകാതെ ഒരു പാത്രത്തിലാക്കി കൊടുത്തു വിട്ടിരിക്കുന്നു. ഹൈറേഞ്ചു കാരന്‍ എവിടെ ചെന്നാലും അവന്റെ സ്വഭാവം മാറില്ല. ഒരു തുണ്ടു ഭൂമി കണ്ടാല്‍ എന്തെങ്കിലും കൃഷി ചെയ്യാതിരിക്കാന്‍ കഴിയില്ല.

ബ്രെഷ്നേവ് എവിടെ എന്നു സാബു തിരക്കിയപ്പോഴേക്കും ബാത്രൂമില്‍ നിന്നും ബ്രെഷ് ഇറങ്ങി വന്നു. ചൂടുവെള്ളം തീര്‍ന്നു പോയേക്കുമോ എന്ന ഭയത്തില്‍ അവന്‍ പ്രഭാത കൃത്യങ്ങള്‍ നേരത്തേ കഴിച്ചിരിക്കുന്നു!

ജനല്‍ കര്‍ട്ടന്‍ നീക്കി പുറത്തേക്കു നോക്കി.

നേരം നന്നായി വെളു‍ത്തിട്ടില്ല. ദൂരെ മല മുകളില്‍ മസ്സൂറിയിലെ തെരുവിള‍ക്കുകള്‍ പ്രകാശിക്കുന്നത് നേരിയ മൂടല്‍ മഞ്ഞിലൂടെ കാണാം. ജനല്‍ ചില്ലിന്മേല്‍ മഞ്ഞു കണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. തലേ ദിവസം വിവാഹാഘോഷങ്ങള്‍ അരങ്ങേറിയ പന്തല്‍ ആളൊഴിഞ്ഞു കിടക്കുന്നു. ഒരു പുതിയ കൊച്ചുകുടുംമ്പം ഇന്നലെ ഉടലെടുത്തിരിക്കുന്നു. അതിന്റെ ബാക്കി പത്രമെന്നോണം, പൂമാലകളും തോരണങ്ങളും ചിതറിക്കിടക്കുന്നു.ഡഹ്‌‌റാഡൂണ്‍ പട്ടണം സുഖ സുഷുപ്തിയില്‍ ആണ്. അതിനിടയില്‍ ഞങ്ങള്‍ നാലു പേര്‍, കൊടിയ തണുപ്പിലും എഴുന്നേറ്റിരുന്ന്, യാത്രയ്ക്കുള്ള ഒരുക്കം തുടങ്ങി.

മഞ്ഞുകാലത്തെ ദേവതാരു വൃക്ഷങ്ങള്‍

അന്തിവെയിലില്‍ ദേവതാരു വൃക്ഷങ്ങള്‍

സ്വെറ്ററും രോമത്തൊപ്പിയും ധരിച്ചിട്ടുണ്ടെങ്കിലും സാബുവിന്റെ താടി കൂട്ടിയിടിക്കുന്നു. കോട്ടന്‍ ‘ഇന്ന'റും, പുറമെ സാധാരണ ഡ്രസ്സും, ഏറ്റവും പുറത്തു സ്വെറ്ററും ,തൊപ്പിയും ധരിച്ച് ഞങ്ങള്‍ റെഡിയായി. അപ്പോഴേക്കും സാബു ആവിപറക്കുന്ന കപ്പയും കാന്താരിമുളകു ചമ്മന്തിയും പ്ലേറ്റുകളില്‍ എടുത്തു വച്ചു.

വിശക്കാന്‍ തൂടങ്ങിയിരുന്നില്ല. എങ്കിലും, അതീവ രുചികരമായി തോന്നി ആ പ്രഭാത ഭക്ഷണം.ഹൈറേഞ്ചിലെ ഞങ്ങളുടെ കുട്ടിക്കാലം ഇങ്ങനെ തന്നെയായിരുന്നു. അന്നൊക്കെ ഞങ്ങളുടെ നാട്ടിലും നല്ല തണുപ്പ് ഉണ്ടായിരുന്നു. നിത്യവും രാവിലെ കപ്പ തന്നെയായിരുന്നു ഭക്ഷണം. എന്റെ അയല്‍‌വാസികൂടിയായ സാബുവുമായി പഴയകാല ജീവിതം പങ്കു വച്ചു.

എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പ് അതിരാവിലെ അടുത്തുള്ള കൊച്ചുടൌണില്‍ പാലു കൊണ്ടു പോയി കൊടുക്കണം. മൂത്തവര്‍ക്ക് പ്രായം കൂടുന്നതനുസരിച്ചു മറ്റു അസൈന്മെന്റ്സ് കിട്ടും. ഇളയ ആള്‍ ‍ആയതുകൊണ്ട് എനിക്ക് ഈ ജോലി കൈമാറാന്‍ മറ്റാരും ഇല്ലായിരുന്നു.

തണുത്ത മഞ്ഞു തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുല്‍നാമ്പുകളില്‍ തൊടാതെ വയല്‍ വരമ്പിലൂടെ അക്കര കടക്കണം. ഒരിക്കലും സാധിക്കാറില്ല!വരമ്പില്‍ ഞണ്ടുകള്‍ തുളച്ച പോതുകളില്‍ വെള്ളം നിറഞ്ഞു നില്‍ക്കും. അക്കരെ റോഡില്‍ എത്തുമ്പോഴേക്കും കാല്പാദം നനഞ്ഞു മരവിച്ചു കഴിഞ്ഞിരിക്കും. പിന്നെ ഒരു ഓട്ടമാണ്, കടയില്‍ എത്തുന്നതു വരെ!

അന്ന്, എങ്ങിനെയെങ്കിലും ഒഴിവാക്കാന്‍ ആഗ്രഹിച്ച ആ ദിനങ്ങള്‍ തേടി ഇന്നു, ഇതാ ഈ മലമുകളില്‍ എത്തിയിരിക്കുന്നു!

റൂം ചെക്ക് ഔട്ട് ചെയ്തു. അതി രാവിലെ വിളിച്ച് എഴുന്നേല്‍പ്പിച്ചത് റിസപ്ഷനിസ്റ്റിന് ഇഷ്ടപ്പെട്ടില്ല എന്നു തോന്നി. എങ്കിലും ഞങ്ങള്‍ തിരിച്ചു വരും എന്ന പ്രതീക്ഷയില്‍ ഹോട്ടല്‍ ബില്ലില്‍ നല്ലൊരു തുക ഡിസ്കൌണ്ട് തന്നു യാത്രയാക്കി. ശൈത്യകാലത്തുവിനോദ സഞ്ചാരികളെ കിട്ടില്ലല്ലോ!

ഡഹ്‌‌റാഡൂണില്‍ നിന്നും ഋഷികേശിലേക്കു 47 കി.മി.ദൂരമുണ്ട്. ഇരു വശങ്ങളിലും കൂറ്റന്‍ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന നല്ല വൃത്തിയുള്ള റോഡ്. പട്ടണത്തില്‍ എങ്ങും ഉയരമുള്ള കെട്ടിടങ്ങള്‍ ഇല്ല. കടകളും റെസ്റ്റോറന്റുകളും തണുപ്പു നിമിത്തം 9 മണിക്കു ശേഷമേ തുറക്കാറുള്ളൂ. പൊതുവേ പ്രഭാത ഭക്ഷണം വീട്ടില്‍ നിന്നും കഴിക്കുന്ന പ്രകൃതക്കാരാണ് അവിടുത്തുകാര്‍.പട്ടണം ഉണര്‍ന്നു വരുന്നതേയുള്ളൂ. വഴിയില്‍ ആരെയും കാണാനില്ലായിരുന്നു. തലേദിവസത്തെ ഗഡ്‌വാളി ഡ്രൈവറെക്കാള്‍ വേഗതയിലും പരുക്കന്‍ ആയിട്ടും ആയിരുന്നു സാബുവിന്റെ ഡ്രൈവിം‌ഗ്. ഓരോ വളവിലും ബ്രഷിന്റെ ചീത്തകേട്ടിട്ടും സാബുവിനു ഒരു കുലുക്കവിമില്ല. വഴിയില്‍ ബെന്നിയുടെ വീട്ടില്‍ കയറണം. ഇന്നു കൂടി അവന്‍ ഞങ്ങളോടൊപ്പം ഉണ്ടാവും.

ജയ്സണും ബെന്നിയും

ഇന്നത്തെ യാത്രയില്‍, ഗംഗയില്‍ കൂടിയുള്ള റാഫ്റ്റിംഗ് അറേഞ്ച് ചെയ്തിരിക്കുന്നത് ബെന്നിയുടെ പരിചയത്തിലുള്ള ഒരു പെണ്‍കുട്ടിയാണ് .

ബെന്നിയുടെ ഗ്രൌണ്ട് ഫ്ലോറിലുള്ള കൊച്ചു മനോഹരമായ വീട്. വീട്ടില്‍ കയറിയപ്പോഴേക്കും ഋഷികേശില്‍ നിന്നും കോള്‍ വന്നു.

“സിനിയാണ് വിളിച്ചത്?“ ബെന്നി പറഞ്ഞു.

“തണുപ്പു കാലമായതുകൊണ്ട് റാഫ്റ്റിംഗില്‍ ആളുകള്‍ കുറവാണെന്നും രാവിലെ തന്നെ എത്തണമെന്നും പറഞ്ഞു”

“ആരാണീ സിനി?“ സാബുവിന്റെ സംശയം
.
“നമുക്കു ഗംഗാ നദിയിലെ യാത്ര ഒരുക്കിയിരിക്കുന്ന എന്റെ പരിചയത്തിലുള്ള്ല ഒരു പെണ്‍കുട്ടി” ബെന്നി സംശയം തീര്‍ത്തു.

അവിടെ അധിക സമയം ചിലവഴിക്കാതെ ബെന്നിയുടെ ഭാര്യയോട് യാത്രയും പറഞ്ഞു ഇറങ്ങി.

വഴിയില്‍ വച്ചു മൂന്നു പ്രാവശ്യം കൂടി സിനി ഞങ്ങളെ വിളിച്ചു. ഇന്നു വരെ കണ്ടിട്ടില്ലാത്ത ആ പെണ്‍കുട്ടിയുടെ സ്നേഹവും കരുതലും ആയി അല്‍പ്പസമയം ഞങ്ങളുടെ ചര്‍ച്ചാ വിഷയം. ഋഷികേശില്‍ ചെന്നപ്പോഴാണ് കാര്യം പിടികിട്ടിയത്, ട്രാവല്‍ ഏജന്റിന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരു പാവം! അവളുടെ കസ്റ്റമര്‍ നഷ്ടപ്പെടാതിരിക്കാനുള്ള ശുഷ്കാന്തി, ഞങ്ങളൊടുള്ള സ്നേഹമായി തെറ്റിദ്ധരിച്ചതായിരുന്നു.

(മറ്റു പലതിനേയും സ്നേഹമായി തെറ്റി ധരിക്കുന്നതു അദ്യമായല്ലല്ലോ?)

എങ്കിലും സിനിയിടെ ചുറുചുറുക്ക് ഞങ്ങളെ അമ്പരപ്പിച്ചു. ഞങ്ങള്‍ക്കു ജലയാത്രയ്ക്കു വേണ്ടിയുള്ള വസ്ത്രങ്ങള്‍, ധരിച്ചിരിക്കുന്ന വസ്ത്രങ്ങളും ബാഗുകളും സൂക്ഷിക്കുവാനുള്ള സൌകര്യങ്ങള്‍ എല്ലാം നൊടിയിടയില്‍ ക്രമീകരിച്ചു തന്നു .

അപ്പോഴേക്കും ഞങ്ങളെ കൊണ്ട് പോകാനുള്ള സുമോ എത്തിച്ചേര്‍ന്നു. ജീപ്പിന്റെ മുകളില്‍ റാഫ്റ്റ് കെട്ടി വച്ചിരിക്കുന്നതു കണ്ടപ്പോഴാണ്, എനിക്കു സംഭവം എന്താണെന്നു പിടി കിട്ടിയതു. ഞങ്ങളുടെ യാത്രക്കിടയില്‍, നാലു സ്ഥലത്ത് ചെറിയ വെള്ള ച്ചാട്ടങ്ങള്‍ ഉണ്ടെന്നും, അവിടെ റാഫ്റ്റ് മറിയാന്‍ വരെ സാധ്യതയുണ്ടെന്നും, അതിനാല്‍ ക്യാമറ കരുതേണ്ടന്നും ഞങ്ങളുടെ ഗൈഡ് പറഞ്ഞപ്പോള്‍ നിരാശയും അല്പം ഭയവും തോന്നി.

ഏതാണ്ട് 15 കിമി. ഗംഗാ നദിയുടെ തീരത്തു കൂടി യാത്ര ചെയ്തു. രണ്ടു വലിയ പര്‍വ്വതങ്ങളുടെ ഇടയില്‍ അങ്ങു താഴെ നീല നിറത്തില്‍ ഗംഗ ഒഴുകന്നതു കാണാമായിരുന്നു.

(ഗംഗ)

മറു കരയിലെ പര്‍വ്വതത്തിന്റെ വശത്തു കൂടി ഞങ്ങള്‍ യാത്ര ചെയ്തതിനു സമാന്തരമായി ഒരു റോഡ് പോകുന്നുണ്ടായിരുന്നു.
“അതു നീല്‍കണ്ഠ് പര്‍വ്വതത്തിലേക്കാണ്“ ബെന്നി ഒരു അറിവിന്റെ ഭണ്ഡാരമായിരുന്നു.

ഏതു വിഷയത്തേക്കുറിച്ചും അസാമാന്യമായ ജ്ഞാനം അവനുണ്ടായിരുന്നു. പ്രത്യേകിച്ച് ഭൂമി ശാസ്ത്ര പരവും ,ചരിത്രപരവുമായ വിഷയങ്ങളില്‍ അവന്റെ അറിവുകള്‍ ഞങ്ങളെ പലപ്പോഴും അല്‍ഭുതപ്പെടുത്തി.

“ദേവന്മാരും അസുരന്മാരും കൂടി നടത്തിയ അമൃതമഥനത്തില്‍ ഉയര്‍ന്നു വല്ല കാളകൂട വിഷം മഹേശ്വരന്‍ കുടിച്ചത് ഈ പര്‍വ്വതത്തില്‍ വച്ചാണെന്നാണെന്ന് ഐതിഹ്യം. അതുകൊണ്ടാണ് ‍നീല്‍കണ്ഠ് എന്ന പേര്‍ ആ സ്ഥലത്തിനു വന്നത്. പുരാതന്മായ ഒരു ശിവ ക്ഷേത്രം 30 കി.മി. ദൂരെ മലമുകുളില്‍ സ്ഥിതി ചെയ്യുന്നു.” ബെന്നി പറഞ്ഞുകൊണ്ടേയിരുന്നു.

പെട്ടെന്നു വണ്ടി നിര്‍ത്തി. മുന്‍പില്‍ വരിയായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. ഞങ്ങള്‍ ഇറങ്ങി മുന്‍പില്‍ ചെന്നു നോക്കി. അവിടെ കണ്ട കാഴ്ച ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു. മുകള്‍ വശം ഇടിഞ്ഞു വലിയ ഒരു കല്ലും കുറെ മണ്ണും റോഡില്‍ വന്നു കിടക്കുന്നു. എസ്കവേറ്റര്‍ ഉപയോഗിച്ചു മണ്ണ് മാറ്റികൊണ്ടിരിക്കുന്നു, അതിനനുസരിച്ചു അങ്ങു മുകളില്‍ നിന്നും, മണ്ണു താഴെയ്ക്കു വന്നു കൊണ്ടേയിരിക്കുന്നു. വീഴാന്‍ പാകത്തില്‍ ചില വലിയ കല്ലുകള്‍ മുകളില്‍ ഇരിക്കുന്നതു കണ്ടു ഞങ്ങള്‍ ഓടി മാറി. അതു കണ്ടു ഞങ്ങളുടെതിനു മുന്‍പില്‍ ഉണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ചിരിച്ചു.

ഇതു ഈ റോഡിലെ നിത്യ സംഭവ മാണെന്നും, പണിക്കാര്‍ സദാ സന്നദ്ധരായി റോഡില്‍ ഉണ്ടാവും എന്നും അദ്ദേഹം പറഞ്ഞു.

നാളെ ബദരീനാഥിലേയ്ക്കു പോകേണ്ടുന്ന വഴി ഇതു തന്നെ എന്നു ഞങ്ങളുടെ ഡ്രൈവര്‍ പറഞ്ഞപ്പോള്‍, ബ്രഷ്നേവിന്റെ മുഖം വാടി. ഞങ്ങളും ഭയപ്പെടാതിരുന്നില്ല.

കണ്ണെത്തുന്ന ദൂരത്തെങ്ങും ആള്‍പാര്‍പ്പില്ലാത്ത ചെങ്കുത്തായ വന്‍ പര്‍വ്വതങ്ങള്‍. ഒരു വശത്ത് അത്യഗാധമായ ഗര്‍ത്തം. മറുവശത്തു ഉയര്‍ന്നുനില്‍ക്കുന്ന പര്‍വ്വത ശിഖരങ്ങള്‍. പൊടി മണ്ണുപോലെ, ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പിടുത്തം ഇല്ലാതെ ഊര്‍ന്നു വരുന്ന മണ്ണ്. മുന്‍പോട്ടുള്ള യാത്രയിലെ ഈ അപകട സാധ്യതകള്‍ ഞങ്ങളെ ഭയപ്പെടുത്തി.

ഒരു വണ്ടിക്കു കഷ്ടിച്ചു കടന്നു പോകുവാന്‍ വഴി ശരിയായപ്പോല്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു.

കുറെ ദൂരം ചെന്നപ്പോള്‍, വഴിയില്‍ നിന്നും വണ്ടി താഴെയിറക്കി ഉരുളന്‍ കല്ലിനു മുകള്‍ലിലൂടെയായി യാത്ര. അല്പം കഴിഞ്ഞതേയുള്ളൂ, അതാ മുന്‍പില്‍ ,ശാന്തമായി ഒഴുകി വരുന്ന ഗംഗ നദി.

ചെറുപ്പം മുതല്‍ കവിതകളിലും, പുരാണ കഥകളിലും കേട്ടു പതിഞ്ഞ പുണ്യനാമം. ക്ഷേത്രങ്ങളിലും വീടുകളിലും അമൂല്യമായി സൂക്ഷിക്കുന്ന ഗംഗാ ജലത്തിന്റെ കുളിര്‍പ്രവാഹം! ഹിമാലയത്തിലെ ഗംഗോത്രിയില്‍, ഭൂഗര്‍ഭത്തിലെ മഞ്ഞു പാളികള്‍ക്കടിയില്‍ നിന്നും ഉല്‍ഭവിച്ചു, ഇരു കരകളേയും കുളിപ്പിച്ചു ഇളം നീല നിറത്തില്‍ സ്വച്ഛമായി ഒഴുകി വരുന്നു.

മനോഹരമായ ആ കാഴ്ച കണ്ട് എല്ലാവരും വികാരാധീനരായി നിന്നു.

ഒരു കൈക്കുമ്പിള്‍ വെള്ളം കോരി മുഖം കഴുകി. തണുത്തുറഞ്ഞുപോയി. പക്ഷേ, അന്നു വരെ വായിച്ചും കേട്ടും മനസ്സില്‍ പതിഞ്ഞ ഗംഗാ നദിയല്ലായിരുന്നു അത്.

അഴുക്കും, വിസര്‍ജ്ജ്യ വസ്തുക്കളും ,പാതി ദഹിക്കാത്ത ശവങ്ങളും, ശവം തീനി മീനുകളും നിറഞ്ഞ അശുദ്ധയായ ഗംഗയായിരുന്നു മനസ്സില്‍.

എന്നാല്‍ കണ്ണീരു പോലെ തെളിഞ്ഞു, കരകളിലെങ്ങും അഴുക്കിന്റെ ലാഞ്ചന പോലുമില്ലാതെ, തികച്ചും ശുദ്ധമായി ഒഴുകുന്ന ആ തെളിനീര്‍ പ്രവാഹം, അന്നു വരെയുള്ള എല്ലാ ധാരണകളേയും മാറ്റി മറിച്ചുകളഞ്ഞു. ഒരു പക്ഷേ, താഴേക്കുയ് ഒഴുകി വരുമ്പോള്‍, മലിനമാകുന്നുണ്ടാകാം. എന്നാല്‍ ഞങ്ങളുടെ മുന്നിലൂടെ ഒഴുകികൊണ്ടിരുന്ന ഗംഗാനദി, പരിശുദ്ധമായിരുന്നു.

അ മനോഹര കാഴ്ചകള്‍ കണ്ടു മനം മയങ്ങി നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ ഗൈഡ് പിന്നില്‍ നിന്നും വിളിച്ചത്.
റാഫ്റ്റ് വണ്ടിയില്‍ നിന്നും നിലത്ത് ഇറക്കി, കാറ്റു നിറയ്ക്കുവാന്‍ തുടങ്ങി. സൈ‍ക്കിള്‍ പമ്പിന്റെ രൂപത്തിലുള്ള വലിയ എയര്‍ പമ്പു ചാമ്പിയാണ് കാറ്റ് നിറക്കുന്നത്. ആവും വിധം ഞങ്ങളും സഹായിച്ചു.

അവര്‍ രണ്ടു പേരുണ്ടായിരുന്നു. ഞങ്ങള്‍ അഞ്ചു പേര്. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞപ്പോള്‍ മൂത്ത ഗൈഡ് ഞങ്ങളെ എല്ലാവരേയും വിളിച്ചു , ഓരോരുത്തരെയായി, ലൈഫ് ജാക്കെറ്റ് ധരിപ്പിച്ചു, ഹെല്‍മെറ്റ് വച്ചു മുറുക്കി, രണ്ടാമത്തെയാള്‍ എല്ലാം പരിശോധിച്ചു ഉറപ്പ് വരുത്തി.

പിന്നീട് ഞങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ട്രൈനി‌ഗും ആരംഭിച്ചു.

“നമുക്കു ഏകദേശം 10 കി. മി. ഗംഗയില്‍ക്കൂടി യാത്രയുണ്ട്“ ഗൈഡ് വിശദീകരിച്ചു. “ഈ റാഫ്റ്റ് ഞങ്ങള്‍ രണ്ട് പേര്‍ തുഴഞ്ഞു നിങ്ങളെ ലക്ഷ്യസ്ഥാനത്തു എത്തിക്കുവാന്‍ ഒരിക്കലും കഴിയില്ല ഇതൊരു ടീം വര്‍ക്ക് ആണ്. നിങ്ങള്‍ തന്നെയാണ് തുഴയുന്നത്, അനുവദിക്കുന്ന സമയത്തല്ലാതെ റാഫ്റ്റിനുള്ളില്‍ കളി തമാശകളോ, പൊട്ടിച്ചിരികളോ പാടില്ല”

കാര്യം അല്പം ഗൌരവമുള്ളതാണെന്ന് ഞങ്ങള്‍ക്കു തോന്നി തുടങ്ങി

“ഞങ്ങള്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ വ്യക്തമായി കേള്‍ക്കുകയും കൃത്യമായി പാലിക്കുകയും ചെയ്യണം“

തുടര്‍ന്നു ഫോര്‍വേഡ്, ബാക്ക്വേര്‍ഡ്, റൈറ്റ് ഫോര്‍വേഡ്- തുടങ്ങിയ ചില കമാന്റുകള്‍ പറഞ്ഞു തന്നു.

“ഞങ്ങള്‍ ഈ കമാന്റുകളിലൂടെയല്ലാതെ നിങ്ങളൊടു സംസാരിക്കുകയില്ല” ഗൈഡ് സഗൌരവം പറഞ്ഞു നിര്‍ത്തി.

ഞങ്ങളുടെ മുഖത്തെ ചിരി മാഞ്ഞു, അല്‍പ്പം ഭയം തോന്നി തുടങ്ങി.

അതു മനസിലാക്കി ഗൈഡ് തുടര്‍ന്നു,

“ഒന്നു ഓര്‍ക്കുക, നിങ്ങള്‍ റാഫ്റ്റ് മറിഞ്ഞു വെള്ളത്തില്‍ പോയാലും , ഒരിക്കലും മുങ്ങി പോകയില്ല, ഞങ്ങള്‍ രക്ഷപ്പെടുത്തിക്കൊള്ളാം, ആരും ഭയപ്പെടേണ്ടതില്ല“

ആ വാക്കുകള്‍ ചെറിയ ആശ്വാസം പകര്‍ന്നു.

തുടര്‍ന്നു എല്ലാവര്‍ക്കും ഓരോ പങ്കായം തന്നു, ഞങ്ങളുടെ ഭാരവും, ആരോഗ്യവും അനുസരിച്ചു ഓരോ വശങ്ങളില്‍ ഇരുത്തി. നടുക്ക് ആരേയും ഇരിക്കാന്‍ അനുവദിച്ചില്ല.

“ഒകെ, ലെറ്റ് അസ് സ്റ്റാര്‍ട്ട് ?”

“യേസ്സ്” ഞങ്ങളുടെ സംസാരങ്ങള്‍ പട്ടാള പരേഡിനെ ഓര്‍മ്മിപ്പിച്ചു.

ഗൈഡ് അല്പം ഗംഗാ ജലം കൈകൊണ്ട് കോരി റാഫ്റ്റില്‍ തളിച്ചു, എന്തൊക്കെയോചെയ്യുന്നതും ഒരു കവിള്‍ കുടിക്കുന്നതും കണ്ടു.

ഡിസ്ക്കവറി ചാനെലിലും ഇംഗ്ഗ്ലീഷ് സിനിമകളിലും മാത്രം കണ്ടു പരിചയമുള്ള സാഹസിക ജലയാത്ര ആരംഭിച്ചു.

ഞങ്ങള്‍ എല്ലാവരും ഉത്സാഹിച്ചു തുഴഞ്ഞു, ഗൈഡ് അനുവദിച്ചപ്പോള്‍ മാത്രം തമാശകള്‍ പറഞ്ഞു ചിരിച്ചു.

ഇരു വശത്തും ആകാശം മുട്ടെ നില്‍ക്കുന്ന മലകള്‍ക്കിടയിലൂടെയുള്ള ആ ജല യാത്ര അവിസ്മരണീയമായിരുന്നു. അല്പം മുന്‍പോട്ടു ചെന്നപ്പോള്‍, നിരപ്പുള്ള ഒരു കരയില്‍ ടെന്റുകള്‍ അടിച്ചു താമസിച്ചു സായ്പ്പന്മാര്‍ ഗംഗാതീരത്തിരുന്നു യോഗ ചെയ്യുന്നു.യൌവ്വനം നിലനിര്‍ത്തി ആരോഗ്യം വീണ്ടെടുക്കാന്‍, ആര്‍ഷ ഭാരതത്തിലെ യോഗീന്ദ്രന്മാര്‍ കണ്ടെത്തിയ മാര്‍ഗ്ഗം പരീക്ഷിക്കുകയാണ് വെള്ളക്കാര്‍ ഈ നദി തീരത്ത്. പല വലിപ്പത്തിലും രൂപത്തിലും ഉള്ള അനേകം കൊച്ചു കുടിലുകള്‍ നിര നിരയായി പണിതിട്ടിരിക്കുന്നു. അതി രാവിലെ എഴുന്നേറ്റത്തില്‍ തണുത്തുറയുന്ന ഗംഗയില്‍ മുങ്ങിക്കുളിച്ചു, ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ സൂര്യ നമസ്കാരം നടത്തി, ലളിത ഭക്ഷണം കഴിച്ചു, ചില മാസങ്ങള്‍ തന്നെ അവിടെ കഴിയാറുണ്ടത്രേ,

ഇത്തരം പുഴയോര കാഴ്ചകള്‍ കണ്ടു രസിച്ചിരിക്കുമ്പോള്‍ ഗൈഡ് വിളിച്ചു പറഞ്ഞു

“ഓള്‍ ഫോര്‍വേഡ്“

എല്ലാവരും തുഴകള്‍ കൈയ്യിലെടുത്തു. മുന്‍പോട്ടു നോക്കിയപ്പോല്‍ ഞങ്ങള്‍ക്കു മുന്‍പില്‍ നദി യില്‍ ഒരു വെള്ളച്ചാട്ടം. ഏതാണ്ട് 50 മീറ്ററോളം നീളത്തില്‍ നദി കുത്തിമറിഞ്ഞു ഒഴുകുന്നു.

എല്ലാവരും ശക്തിയായി തുഴഞ്ഞു. റാഫ്റ്റ് ഇളകി മറിയാറായി, അകത്തു വെള്ളം ഇടിച്ചു കയറി.എല്ലാവരും നനഞ്ഞു കുളിച്ചു .റാഫ്റ്റിന്റെ നിയന്ത്രണം വിട്ടു . മറിയുമെന്നായപ്പോള്‍ തുഴച്ചില്‍ നിര്‍ത്തി റാഫ്റ്റിന്റെ വശങ്ങളില്‍ കെട്ടിയിരുന്ന കയറില്‍ ബലമായി പിടിച്ചു, റാഫ്റ്റ് ഏടുത്ത് എറിയപ്പെടുകയാണ്, മറ്റാരേയും ശ്രദ്ധിക്കാനോ, മിണ്ടാനോ പറ്റുന്നില്ല,

അധികം സമയം അതു നീണ്ടു നിന്നില്ല, പതിയ ഞങ്ങള്‍ല്‍ വെള്ള ചാട്ടം കടന്നു . എല്ലാവരുടെയും മുഖത്തു സന്തോഷവും തിമിര്‍പ്പും ഉത്സാഹവും തിരിച്ചു വന്നു.

“കമോണ്‍, ജംപ് ഇന്റു തെ വാട്ടെര്‍” ഗൈഡ് പെട്ടെന്ന് അട്ടഹസിച്ചു.

എന്തിനും മടിയില്ലാത്ത ജയ്സണ്‍ അതു കേട്ടതും ഗംഗയിലേക്കു എടുത്തു ചാടി. ഒന്നു മുങ്ങി പൊങ്ങി വന്നപ്പോല്‍ ഞാന്‍ ചോദിച്ചു
“ എങ്ങിനെയുണ്ട്?“

അവന്‍ ഒന്നും മിണ്ടാതിരുന്നപ്പോള്‍, ആവേശം മൂത്ത് ഞാനും എടുത്തു ചാടി.

മുങ്ങിപ്പോങ്ങിപ്പോഴാണ് ജയ്സണ്‍ മിണ്ടാത്തത് എന്താണെന്നു മനസിലായത്. തണുത്ത് വെറുങ്ങലിച്ചു മിണ്ടാന്‍ വയ്യാതെ യായിപ്പോയിരുന്നു, പാവം!

പിന്നെ താമസിച്ചില്ല സാബുവും, ബ്രെഷും എടുത്തു ചാടി.

സാബു ഒഴികെ ആര്‍ക്കും ആ തണുപ്പില്‍ ഗംഗയില്‍ കിടക്കാന്‍ കഴിഞ്ഞില്ല. വെള്ളത്തിന്റെ താപം ഏതാണ്ട് 4 നും 6 നും ഡിഗ്രിക്ക് ഇടയില്‍ ആയിരിക്കും എന്നു ബെന്നി പറഞ്ഞു. ബെന്നി മാത്രം നദിയില്‍ ചാടിയില്ല.

തണുത്തു വെറുങ്ങലിച്ചെങ്കിലും, ഏതാണ്ട് 3 മണിക്കൂറ് സമയം ഗംഗാ നദിയുടെ മാര്‍ത്തട്ടില്‍ക്കൂടിയുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ചെറുതും വലുതും ആയ 4 വെള്ളച്ചാ‍ട്ടങ്ങള്‍ കൂടി യാത്ര അവസാനിക്കുന്നതിനു മുന്‍പ് ഞങ്ങള്‍ താണ്ടി. യാത്രാവസാനം, ഫോട്ടോ എടുക്കാന്‍ അല്പ സമയം കാത്തു നിക്കണമെന്ന അഭ്യര്‍ഥനയെ മാനിച്ച് ഗൈഡ്, ഫിനിഷിങ് പോയിറ്റില്‍ റാഫ്റ്റ് നിര്‍ത്തിയിട്ടു. ജയ്സണ്‍ പോയി ക്യാമറകൊണ്ടുവരി‍കയും കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്നു കൂടി റാഫ്റ്റ് ചുമന്നു വണ്ടിയില്‍ എത്തിച്ചൂകൊടുത്തപ്പോള്‍ , എല്ലാവരുടെയും മുഖത്തു സംതൃപ്തിയും സന്തോഷവും നിറഞ്ഞു നിന്നും.

നല്ല വിശപ്പു തോന്നി. ഋഷികേശ് പൂര്‍ണ്ണമായും ഒരു സസ്യാഹാര നഗരമാണ്. എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും ആശ്രമങ്ങളും മഠങ്ങളും യോഗ പരിശീലന കേന്ദ്രങ്ങളും കാണാം. യോഗവിദ്യയുടെ തലസ്ഥാനം എന്നാണ് ഋഷികേശിന്റെ അപര നാമധേയം.

ഋഷികേശിനെ ഹിമാലയ തീര്‍ഥാടനത്തിന്റെ കവാടം എന്നു പറയാം. ഹൈന്ദ തീര്‍ത്ഥാട കേന്ദ്രങ്ങളായ ചാര്‍ ധാം യാത്ര തുടങ്ങുന്നതു ഇവിടെ നിന്നുമാണ്. യമുനാ നദിയുടെ ഉത്ഭവ സ്ഥലമായ യമുനോത്രി(288 കി.മി.), ഗംഗയുടെ ഉത്ഭവ സ്ഥലമായ ഗംഗോത്രി (258 കി.മി.), കേദാര്‍ നാഥ് (228 കി.മി.), ബദരീ നാഥ് (301 കി .മി.)എന്നിവയാണ് ചാര്‍ധാം എന്നു പറയപ്പെടുന്ന തീര്‍ഥാടന കേന്ദ്രങ്ങള്‍.

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ ഈ പുണ്യ സ്ഥലങ്ങളും അവിടെയുള്ള പുരാതന ക്ഷേത്രങ്ങളും മഞ്ഞു മൂടിക്കിടക്കും. പ്രത്യേക അനുമതിയില്ലാതെ സന്ദര്‍ശനം അനുവദിക്കുകയില്ല. ക്ഷേത്രങ്ങളില്‍ പൂജാദി കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കൂകയും ഇല്ല. പ്രധാന കേന്ദ്രങ്ങള്‍ ഇവയാണെങ്കിലും, പുരാണേതിഹാസങ്ങളില്‍ ‍പരാമര്‍ശിക്കുന്ന ഒട്ടനവധി സ്ഥലങ്ങള്‍ ഇവയോടു ചേര്‍ന്നു കാണാം.

ഹേമകുണ്ട്, ഭീമസേനനന്‍ പാഞ്ചാലിക്കു സമ്മാനിക്കുവാന്‍ സൌഗന്ധിക പൂവ് പറിക്കാന്‍ പോയ കദളീവനം, കണ്വമുനിയുടെ ആശ്രമം, പഞ്ച പാണ്ഡവന്മാര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്തുവെന്നു പറയപ്പെടുന്ന സ്ഥലം, എന്നിങ്ങനെ പല സ്ഥലങ്ങളും ഇവിടെ കാണാം.

ഋഷി കേശിലെ ഒരു പ്രശസ്തമായ ഹോട്ടല്‍ ആണ് ചോട്ടിവാല റെസ്റ്റോറന്റ്. അവിടെയ്ക്കു പോകുവാന്‍ ഗംഗാനദിക്കു കുറുകെ കെട്ടിയിരിക്കുന്ന ഒരു കൂറ്റന്‍ തൂക്കു പാലത്തിലൂടെ കടന്നു വേണം പോകുവാന്‍.

1939 ല്‍ പണി പൂര്‍ത്തിയായ 450 അടി നീളമുള്ള ലക്ഷ്മണ്‍ ജൂല എന്ന ഈ പാലം ഇരുമ്പു വടങ്ങളിലാണ് തൂക്കിയിട്ടിരുന്നത്. ലക്ഷ്മണന്‍ ചണക്കയറില്‍ തൂങ്ങി ഗംഗാ നദി കുറുകെ കടന്നത് ഇവിടെയാണെന്നാണ് ഐതിഹ്യം. നദിയുടെ പടിഞ്ഞാറേക്കരയില്‍ വലിയ ലക്ഷ്മണ ക്ഷേത്രവും നിലകൊള്ളുന്നു..

(ലക്ഷ്മണ്‍ ജൂല)

ഈ തൂക്കു പാലത്തിനു ഏതാണ്ട് ഒരു കിലോമീറ്റര്‍ മുകളില്‍ ഇതേ വലിപ്പത്തിലും രൂപത്തിലും മറ്റൊരു തൂക്കുപാലം പണിതിരിക്കുന്നു. അതിന്റെ പേര്‍ രാം ജൂല. ഗംഗയുടെ ഇരു കരകളിലുമുള്ള ശിവാനന്ദ ആശ്രമത്തേയും , സ്വര്‍ഗ്ഗാനന്ദ ആശ്രമത്തേയും ബന്ധിപ്പിക്കുന്നതാണ് രാം ജൂല.


(രാം ജൂല. )

ലക്ഷ്മണ്‍ ജൂല കടന്നു ഗംഗാനദിയുടെ പടിഞ്ഞാറെ കരയിലുള്ള ചോട്ടിവാല റെസ്റ്റോറന്റിലേക്ക് ഞങ്ങള്‍ യാത്രയായി.


(തുടരും..)(മഞ്ഞുകാലത്തെ ദേവതാരു വൃക്ഷങ്ങള്‍, ഗംഗ എന്നിവ വിക്കി ചിത്രങ്ങള്‍ ആണ്)

നന്ദ വന്ദനം !

'നന്ദപര്‍വ്വം' നന്ദനുമായി ഒരഭിമുഖം : ദീപക് രാജ്
ന്ദേട്ടാ സുസ്വാഗതം..
നന്ദ വന്ദനം! നന്ദ വന്ദനം!!

എല്ലാവര്‍ക്കും സുപരിചിതനാണെങ്കിലും താങ്കളെ പറ്റി അല്‍പ്പം പറയാമോ..
ഒരു മഹാന്‍!!! ഒറ്റവാക്കില്‍ വേണങ്കീ അങ്ങിനെ പറയാം. പക്ഷേ, ഒരു മഹാന്‍ ആയതുകൊണ്ടു തന്നെയാവാം ആത്മ പ്രശംസ എനിക്കിഷ്ടമില്ലാത്തത്, എങ്കിലും പറഞ്ഞു വന്നാല്‍ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശിവപ്പേരൂരിലെ (മ്മ്ടെ ശ്ശൂര്‍) ഭരണിപ്പാട്ടിന്റെ നാടായ കൊടുങ്ങല്ലൂരിനും; കൂടിയാട്ടത്തിന്റേയും കൂടല്‍മാണിക്യത്തപ്പന്റേയും നാടായ ഇരിങ്ങാലക്കുടയുടേയും കൃത്യം മദ്ധ്യേ വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ജനനം. രഹസ്യമായിപ്പറഞ്ഞാല്‍ ഞാനൊരു പരസ്യ ചിത്രകാരനാണ്. വിവാഹിതന്‍ ( ആരാധികമാര്‍ ക്ഷമിക്കണം ) വിനയാന്വിതന്‍, വിപ്രലംഭന്‍, വിഘ്നേശ്വര രൂപന്‍.

എങ്ങനെ ബ്ലോഗറായി..
കാരി സതീഷിനോട് മാദ്ധ്യമങ്ങള്‍ “ താങ്കളെങ്ങിനെ ഒരു ഗുണ്ടയായി? “ എന്നു ചോദിച്ചതു പോലെയാണല്ലോഡാ ഗഡീ ഈ ചോദ്യം!
ചുരുട്ടിക്കൂട്ടിപറയാം. ബ്ലോഗ് വായന മൂര്‍ച്ഛിച്ചതുകൊണ്ട് സംഭവിച്ചതാണ്. കുഴൂര്‍ വിത്സന്റെ ബ്ലോഗാണ് ആദ്യം കണ്ടതും കമന്റിയതും അവിടുന്ന് ഒരൊറ്റ ചാട്ടമായിരുന്നു വിശാലമനസ്കന്റെ ബ്ലോഗിലേക്ക്. ആറാം തമ്പുരാനില്‍ ലാലേട്ടന്‍ പറഞ്ഞതു കടമെടുത്താല്‍..” ബ്ലോഗ് വായിക്കണം/എഴുതണം എന്നുള്ളവര്‍ വിശാലനുമായി കമ്പനികൂടുന്നതാ നല്ലത്. നല്ല ബെസ്റ്റ് കമ്പനിയല്ലേ. ആ ബ്ലോഗ് വായിച്ച് കമ്പനികൂടിയവരൊക്കെ ബ്ലോഗിലെ ബെസ്റ്റ് കുടിയന്മാ.....സോറി ബ്ലോഗേഴ്സായിട്ടുണ്ട് “ കൊടകരക്കുശേഷം അരവിന്ദന്റെ മൊത്തം ചില്ലറ ഹോള്‍ സെയിലായി വായിച്ചു. ആ ബ്ലോഗ് വായിച്ചപ്പോ ബ്ലോഗ് തുടങ്ങണം എന്ന ആശ വാടിപ്പോയെങ്കിലും.. ഇടക്കിടക്ക് ചാറ്റ് റൂമില്‍ വന്ന് “അലക്കങ്ങ്ട്...അലക്കങ്ങ്ട്.” എന്ന് വിശാലന്‍ പറഞ്ഞത് ഒരു പ്രചോദനമായി. അങ്ങിനെ ബ്ലോഗ് വായക്കാരുടെ കാത്തിരിപ്പിന് ആശ്വാസമായി ഞാനെന്ന ബ്ലോഗര്‍ അവതരിച്ചു. മലയാളം ബ്ലോഗിന്റെ പുണ്യം.

നന്ദ പര്‍വ്വം, ദൃശ്യ പര്‍വ്വം അങ്ങനെ പര്‍വ്വം ചേര്‍ത്തു പേരിട്ടത് മഹാഭാരതത്തെ പോലെ ഇതിഹാസം ആവും എന്നുകരുതിയാണോ..
അതിപ്പോ ഇതിഹാസം ആവും എന്നങ്ങ്ട് പറയണോ? ഓള്‍ റെഡി ഇതിഹാസങ്ങള്‍ തന്നെയല്ലേ എന്റെ ബ്ലോഗുകള്‍. ഇനി മഹാഭാരതത്തേയും കവച്ചുവെക്കുമോ എന്നതുമാത്രമാണ് സംശയം. ഭാവിയില്‍ “ലോകത്തിലുള്ളതെല്ലാം ഇതിലുണ്ട്. ഇതിലില്ലാത്തതൊന്നും ലോകത്തിലില്ല” എന്ന് ഭാവി ചരിത്രകാരന്മാര്‍ എന്റെ ബ്ലോഗുകളെപ്പറ്റി പറയാന്‍ സാദ്ധ്യത ഉണ്ട്. സത്യായിട്ടും..അമ്മനെത്തന്ന്യാണേ.. (പര്‍വ്വം= അദ്ധ്യായം. നന്ദന്റെ ജീവിത അദ്ധ്യായങ്ങള്‍..നന്ദന്റെ പര്‍വ്വങ്ങള്‍ = നന്ദപര്‍വ്വം)

താങ്കള്‍ ഒരു എഴുത്തുകാരന്‍ എന്നാണോ ഫോട്ടോ ഗ്രാഫര്‍ എന്നാണോ അറിയാന്‍ ആഗ്രഹിക്കുന്നത്.

മുന്‍പൊരു ചോദ്യത്തിനു ഉത്തരമായി ഞാന്‍ പറഞ്ഞു ആത്മപ്രശംസ എനിക്കിഷ്ടമല്ലെന്ന്. സത്യത്തില്‍; എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍ എന്നു മാത്രമല്ല വളരെ നല്ല മനുഷ്യന്‍, സത്യസന്ധന്‍, ഉന്നത കലാകാരന്‍, ഒടുക്കത്തെ ഗ്ലാമറുള്ളവന്‍, ബ്ലോഗ് പുലി, ശിങ്കം, ഭയങ്കര സംഭവം, ഒരു പ്രസ്ഥാനം, എന്നിങ്ങനെയൊക്കെ അറിയപ്പെടാനും ആഗ്രഹമുണ്ട്. (ആകാന്‍ സാധിക്കാത്തതൊക്കെയല്ലെ ആഗ്രഹിക്കാന്‍ പറ്റൂ..യേത്)

സിനിമാ, വിഡീയോ രംഗത്തെ അനുഭവം ഒന്ന് പറയാമോ...
മലയാള സിനിമയിലെ പല സംവിധായകരും സൂപ്പര്‍സ്റ്റാര്‍സും ജീവിച്ചുപോട്ടെ എന്നുകരുതിയാണ് ഞാനാ ഫീല്‍ഡില്‍ ഒരു കൈ നോക്കാത്തത്. കാരണം അവര്‍ക്ക് മറ്റു പണിയൊന്നും അറിയില്ല. എനിക്കാണെങ്കില്‍ ഇപ്പോള്‍ ഒരു പണിയുണ്ട്. വെറുതെ എന്തിനാ എനിക്കിട്ട് പണിയാന്‍ അവര്‍ക്കൊരു പണി കൊടുക്കുന്നത്?
(അങ്ങിനെ പറയാന്‍ മാത്രോള്ള അനുഭവങ്ങള്‍ ഒന്നുമില്ല. ശ്യാമ പ്രസാദിന്റെ ഒരു ടെലിഫിലിം, ബി. ഉണ്ണികൃഷ്ണന്റെ ഒരു ടെലി സിനിമ സംരഭത്തിലും ഭാഗഭാക്കായിരുന്നു. ശ്യാമപ്രസാദിന്റെ തന്നെ ‘അകലെ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഡിസൈനിങ്ങില്‍ അസിസ്റ്റന്റായിരുന്നു. കൂടാതെ ജോലിയുടെ ഭാഗമായി നിരവധി പരസ്യ ചിത്രങ്ങളില്‍ അസിസ്റ്റന്റ്. സിനിമയോടുള്ള കഴപ്പ് മൂത്ത് ബാംഗ്ലൂരില്‍ വെച്ച് എന്റെ തന്നെ 5 മെഗാപിക്സല്‍ കാമറയില്‍ ഞാന്‍ തന്നെ കാമറ-എഡിറ്റിങ്ങ്-സംവിധാനം ചെയ്ത ചില തോന്ന്യാസങ്ങള്‍. അതില്‍ ‘ലോസ്റ്റ് ഇന്‍ ട്രാന്‍സിറ്റ് ‘ എന്ന എന്റെ ഹൃസ്വ ചിത്രം 2008ല്‍ കല്‍ക്കത്തയില്‍ നടന്ന ഹൃസ്വചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂട്ടുകാരോടൊപ്പം സ്ക്രിപ്റ്റ് മുഴുവനാക്കിയതും ആക്കാത്തതും ഷൂട്ടിങ്ങ് നടക്കാതെ പോയതും ഷൂട്ടിങ്ങ് കഴിഞ്ഞ് പെട്ടിയിലുമായതുമായ നിരവധി മറ്റു പ്രൊജക്റ്റുകളും.)

എന്തെ ബാംഗ്ലൂര്‍ ജീവിതം മതിയാക്കി.
ബാംഗ്ലൂര്‍ ഇപ്പോള്‍ നല്ല ഒരു ലെവലിലായി. മെട്രോ റെയില്‍ അവസാന ഘട്ടത്തിലേക്കെത്തുന്നു. നഗരം പുരോഗമനത്തിന്റെ, വികസനത്തിന്റെ അത്യുന്നതിയിലേക്കെത്തുന്നു, ബാംഗ്ലൂരിനുള്ള എന്റെ സേവനം ഇനി മതിയാക്കാം എന്ന ഒരു ഘട്ടം വന്നപ്പോള്‍ അവസാനിപ്പിച്ചതാണ്. (അല്ലാണ്ട് റിസഷന്‍ കാരണം അവിടെയുള്ള ജോലി പോയതോണ്ടൊന്നുമല്ല...)
കേരളത്തിലേക്കുള്ള മടക്കവരവ് എഴുത്തുനെയെങ്ങനെ ബാധിച്ചു..
അതിഭയങ്കരമായിത്തന്നെ..!! വന്ന് നാലു മാസത്തോളം എഴുതാന്‍ സാധിച്ചില്ല. ബാംഗ്ലൂരിലെ അന്തരീക്ഷമല്ലല്ലോ കേരളത്തിലേത്. കാരണം ഇവിടെ മൂന്നുകിലോമീറ്ററിനുള്ളില്‍ ഒരു ബീവറേജസ് ഔട്ട് ലെറ്റ് മാത്രമാണുള്ളത്. ബാര്‍ലിവെള്ളത്തിനാണെങ്കില്‍ അതിഭയങ്കര വിലയും(ഈ റിസഷന്‍ കാലത്തുപോലും!) എന്റെ എഴുത്തു നിന്നുപോയതുകാരണം ബ്ലോഗുലകം വരണ്ടു പോയി. വായനക്കാര്‍ കുടിവെള്ളം കിട്ടാത്ത ജനങ്ങളെപ്പോലെ വലഞ്ഞു. പലരും എന്റെ ബ്ലോഗ് പോസ്റ്റ് വായിക്കാനാവാതെ ജീവനൊടുക്കി. ‘നന്ദന്‍ ഇനി എഴുതിയില്ലെങ്കില്‍ ഞാനിനി ബ്ലോഗില്‍ കാലുകുത്തില്ല‘ എന്നു വരെ പറഞ്ഞവരുണ്ട്. എന്റെ ബ്ലോഗില്‍ കമന്റിടാനാവാതെ ആരാധികമാര്‍ വിഷമിച്ചു. കമന്റിട്ട പഴയ പോസ്റ്റുകളില്‍ വീണ്ടും വീണ്ടും കമന്റിട്ട് അവര്‍ വിഷമം തീര്‍ത്തു. എന്റെ ബ്ലോഗ് ഓപ്പന്‍ ചെയ്ത് മോണിട്ടറിനെ കെട്ടിപ്പിടീച്ച് എന്റെ ആരാധകര്‍ കണ്ണീര്‍ വാര്‍ത്ത് വാര്‍ത്ത് കിടന്നുറങ്ങി. ‘കല്ലേരിപ്പാടം‘ എന്ന എന്റെ പുതിയ പോസ്റ്റിലൂടെ ഞാന്‍ തിരിച്ചു വന്നത് പലര്‍ക്കും വളരെ വലിയ ആശ്വാസമായി എന്നാണറിയാന്‍ കഴിഞ്ഞത്.


ബ്ലോഗില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചിത്രകഥാ രീതി കൊണ്ടുവന്നതിനെ പറ്റി എന്തുപറയുന്നു.
ഉദാത്തം! ഉത്കൃഷ്ടം!! ഉ.... ഉ.....ഉ... (ക്ഷമിക്കണം, ‘ഉ’ വെച്ച് വേറെ വാക്ക് കിട്ടുന്നില്ല)
ഇടക്കിടക്ക് ഞാന്‍ തന്നെ എന്റെ ബ്ലോഗ് ഓപ്പന്‍ ചെയ്ത് അതിലെ ചിത്രങ്ങള്‍ കണ്ട് എന്റെതന്നെ തോളില്‍ തട്ടി അഭിനന്ദിക്കാറുണ്ട്. ‘അരേ വാഹ് മാന്‍!‘

(സംഗതി മനപ്പൂര്‍വ്വം ചെയ്തതാണ്, വായനക്കാര്‍ എന്റെ ബ്ലോഗില്‍ കയറുവാന്‍ വേണ്ടിതന്നെചെയ്ത ഒരു ഗിമ്മിക്കാണ്. കാരണം എന്റെ പോസ്റ്റുകള്‍ അസാമാന്യ നീളമുള്ളവയാണ്. നീളമുള്ള പോസ്റ്റുകള്‍ക്ക് വായനക്കാര്‍ കുറവും. അതിനെ മറികടക്കാന്‍ വേണ്ടി ചെയ്ത സൂത്രം. വരക്കുന്നത് എനിക്ക് ഇഷ്ടമുള്ളതും എളുപ്പമുള്ളതുമായ സംഗതിയാണ്. എഴുത്തിനേക്കാള്‍ ആത്മവിശ്വാസം വരയോടാണ്, എഴുത്തല്‍പ്പം പാളിയാലും ചിത്രംകൊണ്ട് പിടിച്ചു നില്‍ക്കാം എന്നൊരു തോന്നലില്‍ ചെയ്തത്. പക്ഷെ ഓരോ പോസ്റ്റിലും പടം ചേര്‍ക്കുന്നത് ഇപ്പോള്‍ എനിക്ക് തന്നെ ഒരു പാരയായോ എന്ന് സംശയം. പോസ്റ്റിനൊപ്പം പടമില്ലെങ്കില്‍ പലര്‍ക്കും വായിക്കാന്‍ മടിയും വായിച്ചാല്‍ കമന്റാന്‍ മടിയും കമന്റിയാല്‍ പടമില്ലാത്തതുകൊണ്ട് പോസ്റ്റിനൊരു ഗുമ്മില്ലാന്നുമൊക്കെയായിത്തീര്‍ന്നിട്ടുണ്ട്. ഞാനുണ്ടാക്കിവെച്ച ഓരോരോ ശീലങ്ങള്‍!!)

ഭാര്യ ബ്ലോഗ്‌ വായിക്കാറുണ്ടോ..
ഉണ്ട്. സ്ഥിരമായി. (ഞാനൊരു ബ്ലോഗറാണെന്നും ബ്ലോഗെഴുത്തുമുണ്ടെന്നുമൊക്കെ വിവാഹത്തിനു മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ ഈ സാഹസത്തിനവള്‍ സമ്മതിക്കില്ലായിരുന്നു എന്നും പറഞ്ഞു )
എന്തെഴുതാന് കൂടുതല്‍ ഇഷ്ടം. എന്താണ് കൂടുതല്‍ ബുദ്ധിമുട്ട്

സത്യത്തില്‍ തെറിയെഴുതാനാണ് ഭയങ്കര ബുദ്ധിമുട്ട്. കൊടുങ്ങല്ലൂക്കാരനായിട്ടും എനിക്കതിനു സാധിക്കുന്നില്ല. കരയാനുള്ള സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഒരുപാടുണ്ടായിട്ടുള്ളതുകൊണ്ട് നര്‍മ്മം എഴുതാനാണ് കൂടുതലിഷ്ടം. ബുദ്ധിമുട്ടും അതുതന്നെ. നൊസ്റ്റാള്‍ജിക്കായ ഓര്‍മ്മകള്‍ എഴുതുമ്പോള്‍ എഴുത്തിനൊരു ഒഴുക്കു വരും. പക്ഷെ ക്ലൈമാക്സ് മാത്രം കയ്യിലുള്ള ഒരു പഴയ സംഭവത്തെ ഒരു നര്‍മ്മ അനുഭവമാക്കി അവതരിപ്പിക്കുമ്പോള്‍ അതിന്റെ ക്ലൈമാക്സ് മാക്സിമം ലെവലിലേക്കെത്തിക്കുവാന്‍ നമ്മള്‍ പണിയുന്ന ഒരു പ്ലാറ്റ് ഫോം/അന്തരീക്ഷം, അത് ക്രിയേറ്റ് ചെയ്യാന്‍ ഇത്തിരി പ്രയാസമുണ്ട്.
മലയാളത്തിലെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരന്‍ ആര്. (ബ്ലോഗോ അച്ചടിയോ ആവാം)

പലരുടേയും എഴുത്ത് പല കാലഘട്ടത്തില്‍ പല രീതിയിലും സ്വാധീനിച്ചിട്ടുണ്ട്; പലരുടേയും ആരാധകനായിരുന്നിട്ടുണ്ട്. ബഷീര്‍, ഒ.വി വിജയന്‍, സക്കറിയ, മലയാറ്റൂര്‍, എം.ടി, മാധവിക്കുട്ടി, സേതു, സി. രാധാകൃഷ്ണന്‍, അങ്ങിനെ ഒരുപാടുണ്ട്. എങ്കിലും വി.കെ.എന്നിനോട് അന്നുമിന്നും ആരാ‍ധന കുറഞ്ഞിട്ടില്ല.
ബ്ലോഗ്‌ ഗുണ്ടായിസവും ബ്ലോഗ്‌ പുറം ചൊറിയലുകളും താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.

ബ്ലോഗ്‌ ഗുണ്ടായിസം??!! അങ്ങിനെ ഒരു സംഭവം ഇവിടെയുണ്ടൊ? എങ്കില്‍ പറയൂ ആരാണ് ബ്ലോഗിലെ ഓം പ്രകാശ്? പുത്തന്‍ പാലം രാജേഷ് ബ്ലോഗര്‍? കാരി ബ്ലോഗര്‍? തമ്മനം ബ്ലോഗര്‍? ഉടുമ്പ് ബ്ലോഗര്‍, അട്ട ബ്ലോഗര്‍ അങ്ങിനെയുള്ള ബ്ലോഗര്‍മാരെയൊന്നും പരിചയപ്പെടാന്‍ സത്യത്തില്‍ സാധിച്ചിട്ടില്ലെനിക്ക്. ഒരു ബ്ലോഗിലെ പോസ്റ്റുകള്‍ തല്ലിയൊടിക്കുവാന്‍ ഏത് ബ്ലോഗ് ഗുണ്ടയേയാണ് സമീപിക്കേണ്ടത്? എത്രയാണ് റേറ്റ്?

എനിക്ക് ചൊറിച്ചില്‍ വന്നാല്‍ ഞാന്‍ തന്നെയാണ് എന്റെ പുറം ചൊറിയുന്നത്. കയ്യു കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ വല്ല ഈര്‍ക്കിലിയോ കമ്പോ ഉപയോഗിച്ച് പുറത്ത് ചൊറിയും. കുറേ നേരം ചൊറിയുമ്പോള്‍ ചൊറിച്ചില്‍ മാറും നല്ല സുഖം കിട്ടും.

(പരിചയമുള്ള ബ്ലോഗറുടെ പോസ്റ്റില്‍ വിമര്‍ശനം കമന്റ് ചെയ്യാന്‍ സുഹൃത്തുക്കള്‍ മടിക്കുന്നുണ്ടെന്ന് തോന്നുന്നു. പിന്നെ ഒരു പ്രദേശത്തെ (ഉദാ:കൊച്ചി/ദുബായ്/തിരു അങ്ങിനെയൊക്കെ) ആ ബ്ലോഗറുടെ പുതിയ പോസ്റ്റില്‍ ആ പ്രദേശത്തുള്ളവരെല്ലാം വളരെ നല്ലരീതിയിലാവും കമന്റിടുക. അത് പക്ഷെ സൌഹൃദത്തിന്റെ പുറത്താവാം. പക്ഷെ പുറം ചൊറിയലാണെന്ന് തോന്നുന്നില്ല.)

കവിതാ വിവാദങ്ങളെ എങ്ങനെ കാണുന്നു..
എനിക്കീ സംഭവം വായിച്ചാല്‍ വല്ലാണ്ട് മനസ്സിലാകാത്തതുകൊണ്ട് അവളിരിക്കുന്ന(കവിത) ഭാഗത്തേക്ക് പോകാറില്ല. വിവാദങ്ങള്‍ കാണാറുണ്ട്. ബ്ലോഗിലെ സ്ഥിരം വിവാദങ്ങള്‍ പൊലെ എങ്ങുമെത്താതെ പാതിവഴിയില്‍ കൂമ്പടഞ്ഞുപോകുന്നതും കാണാറുണ്ട്.
മലയാളം ബ്ലോഗിന്റെ ഭാവിയെക്കുറിച്ച് എന്താണ് തോന്നുന്നത്.
എന്റെ പൊന്നു ചങ്ങാതീ, എന്റെ ഭാവിയെക്കുറിച്ചുപോലും എനിക്കൊരു ധാരണില്ല്യ. അതായത് ഞാന്‍ ഗതി പിടിക്കോ, രക്ഷപ്പെടോ, മാന്യമായി ജീവിക്കാമ്പറ്റോ എന്നു പോലും എനിക്കിപ്പ പറയാന്‍ പറ്റില്ല്യ. അപ്പളാ ബ്ലോഗിന്റെ ഭാവി! ബ്ലോഗിന്റെ സാങ്കേതികത്വം പോലും എനിക്ക് ശരിക്കറിയില്ല. എനിക്ക് എഴുതാന്‍ മുട്ടുന്നു, എഴുതുന്നു. അത്രന്നെ. ബ്ലോഗിനെക്കുറിച്ചും അതിന്റെ യന്ത്ര സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചൊക്കെ പഠിച്ചിട്ടുള്ള പോളീ ടെക്നിക് പാസ്സായ ഒരുപാട് പേര്‍ ഈ ബ്ലോഗുലകത്തില്‍ ഉണ്ട്. ആ ഭൂതങ്ങള്‍ പറഞ്ഞോളും ഭാവിയെക്കുറിച്ചുള്ള സകല വര്‍ത്താനോം.

പുതിയ എഴുത്തുകാരോട് എന്താണ് പറയാനുള്ളത്..
കേട്ടാല്‍ തോന്നും ഞാന്‍ പഴേ വല്ല്യ എഴുത്തുകാരനാണെന്ന്! ആള്‍ക്കേര് കേക്കണ്ടസ്റ്റാ. ഇനിപ്പോ ഞാനൊരു ഭയങ്കയ ബ്ലോഗെഴുത്ത് പ്രസ്ഥാനമാണെന്ന മട്ടില്‍ ചോദിച്ചതോണ്ട് പറയാം. ‘വല്ലാണ്ട് എഴുതാന്‍ മുട്ടുമ്പോ എഴുതാ..എഴുതുന്നതിനേക്കാള്‍ കൂടുതല്‍ വായിക്കാ.. നമ്മള് എഴുതില്ല്യാന്ന് വെച്ച് ഈ ബ്ലോഗിനും ബ്ലോഗുലകത്തിനും ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല്യ”.

ബ്ലോഗില്‍ വന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്താണ്...
ഒരുപാടുണ്ട്. പണ്ട് നിര്‍ത്തിയിരുന്ന വായനയും മാറാലപിടിച്ച് കിടന്നിരുന്ന എഴുത്തും പൊടിതട്ടിയെടുക്കാന്‍ പറ്റി. പഞ്ഞിക്കായ പൊട്ടിത്തെറിച്ച പോലെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചെന്നു പറ്റിയിരുന്ന എന്റെ പല കൂട്ടുകാരെയും പുതിയ കൂട്ടുകാരെയും കിട്ടി. എന്റെ വരയെ, എഴുത്തിനെ, ചിത്രമെടുപ്പിനെ ലോകത്തിലെ പലര്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു. ഊര്‍ജ്ജം പകരുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കിട്ടി. നിത്യ ജീവിതത്തിലെ ഏതൊരു കൊച്ചു സംശയത്തിനും സഹായത്തിനും ഒരു വിരല്‍ത്തുമ്പകലെ ഒരു സുഹൃത്തിരിക്കുന്നു എന്ന ആ അറിവുണ്ടല്ലോ....അതൊരു പണ്ടാറടങ്ങിയ ആവേശമാണ്. എന്റെ ശുഷ്കിച്ച വാക്കുകളില്‍ വിവരിക്കാന്‍ പറ്റുന്നതല്ല.
ബ്ലോഗെഴുത്ത് തൊഴിലിനെ ബാധിക്കാറുണ്ടോ
ഏയ്! എന്റെ തൊഴിലിനു ബാധിക്കാറില്ല. ഇനിപ്പോ കമ്പനിക്ക് അത് ബാധിക്കുന്നുണ്ടോന്നറിയില്ല. ഞാനന്വേഷിക്കാന്‍ പോയിട്ടില്ല. കമ്പനിയില്‍ നിന്ന് തൊഴി കിട്ടുന്നതുവരെ ഞാനീ തൊഴില്‍ ചെയ്തോണ്ടിരിക്കും.

അഭിമുഖത്തിനു നന്ദി..
നന്ദന്റെ, നന്ദിയില്‍ പൊതിഞ്ഞ നന്ദി.ഒപ്പം എല്ലാ ബ്ലോഗ്ഗേഴ്സിനും ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍ഈ അഭിമുഖം തയ്യാറാക്കിയത് : ദീപക് രാജ്
കാര്‍ട്ടൂണ്‍ : നന്ദകുമാര്‍ , കാരിക്കേച്ചര്‍ : സുനില്‍ പണിക്കര്‍


ചപ്പാത്തിന്റെ ശബ്ദം

സേവ് മുല്ലപ്പെരിയാര്‍ - 5
തയ്യാറാക്കിയത് : നിരക്ഷരന്‍മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നമ്മുടെ ബൂലോകത്തിന്റെ ഇടപെടലുകള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ചര്‍ച്ചകളും , പ്രവര്‍ത്തനങ്ങളും അണിയറയില്‍ നടന്നുകൊണ്ടേയിരിക്കുകയാണ്. ഓരോരോ പുരോഗതി ഉണ്ടാകുന്നതിനനുസരിച്ച് അതെല്ലാം നമ്മുടെ ബൂലോകം വഴിയും സേവ് കേരള ബ്ലോഗ് വഴിയും അറിയിക്കുന്നതാണ്.ഏറ്റവും ഒടുവില്‍ ഉണ്ടായ സംഭവവികാസങ്ങളിലേക്ക് ഈ പോസ്റ്റിലൂടെ എല്ലാ വായനക്കാരുടേയും ശ്രദ്ധ തിരിക്കുകയാണ്.
5

ജനുവരി 25 കെ. ചപ്പാത്ത് എന്ന സ്ഥലത്ത് നടക്കുന്ന മുല്ലപ്പെരിയാര്‍ സമരം 3 കൊല്ലം പൂര്‍ത്തിയാക്കുകയാണ്. ഈ അവസരത്തില്‍ കവി കരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വലിയ പരിപാടികളാണ് സമരപ്പന്തലില്‍ നടക്കാന്‍ പോകുന്നത്. മൂന്നാം വാര്‍ഷികത്തിന് മുന്നോടിയായി അന്പത്തെട്ടു മണിക്കൂര്‍ നിരാഹാരം ഇന്ന് (23 ഡിസംബര്‍ ) രാവിലെ ഏഴു മണി മുതല്‍ ആരംഭിച്ചു കഴിഞ്ഞു. തമിഴ് വംശജനായ ടി.അന്പയ്യന്‍ അയിനിവിള , ചപ്പാത്ത് നിവാസിയായ കെ.വി.ഷണ്മുഖന്‍ ഗോക്കാപാടത്ത് എന്നിവരാണ് നിരാഹാരം അനുഷ്ടിക്കുന്നത്. ഇരുവര്‍ക്കും എഴുപതു വയസ്സിനു മുകളില്‍ പ്രായമുണ്ട്. പ്രതിഷേധ സമരത്തിന്റെ മൂന്നാം വാര്‍ഷിക പരിപാടികള്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ദിനത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ഇവര്‍ നിരാഹാരം അവസാനിപ്പിക്കും. അന്നേ ദിവസം അവിടത്തെ തിരക്കുകള്‍ക്കിടയില്‍ ബ്ലോഗേഴ്സ് നടത്തുന്ന ഈ പ്രചാരണത്തിന്റേയും പ്രവര്‍ത്തനങ്ങളുടെയുമൊക്കെ വിശദാംശങ്ങള്‍ അവതരിപ്പിക്കണമെന്നാണ് ആദ്യം കരുതിയിരുന്നത്. ആ ദിവസത്തെ ചടങ്ങിന് അതൊന്നും ഒരു തടസ്സമാകരുതെന്ന് കരുതിയതുകൊണ്ട് ഡിസംബര്‍ ഇരുപത്തൊന്നാം തീയതി തന്നെ നമ്മുടെ ബൂലോകത്തിന്റെ പ്രതിനിധികളായ ജോ , ഹരീഷ് , നിരക്ഷരന്‍ എന്നിവര്‍ തൊടുപുഴക്കാരായ വിനോദ് , ഹരീഷ് സുഹൃത്തുക്കള്‍ക്കൊപ്പം ചപ്പാത്തിലെ സമരപ്പന്തലിലെത്തി.

സമരപ്പന്തലില്‍ ശ്രീ. ഷണ്മുഖന്‍ എന്ന പ്രായമായ ഒരു പ്രവര്‍ത്തകനാണ് അന്ന് സത്യഗ്രഹം അനുഷ്ഠിക്കുന്നത്. മാലയിട്ട് പന്തലില്‍ ഇരിക്കുന്ന അദ്ദേഹത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഞങ്ങളുടെ ആഗമനോദ്ദേശ്യം ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. പെട്ടെന്ന് തന്നെ സമരത്തിന്റെ അണിയറയിലുള്ള മറ്റ് പ്രവര്‍ത്തകരായ സര്‍വ്വശ്രീ വിശ്വംഭരന്‍ , മാത്യു, വര്‍ഗ്ഗീസ്, സന്തോഷ്‌ , ദൃശ്യ മാധ്യമ പ്രവര്‍ത്തകനും സമരസമിതി സെക്രട്ടറിയുമായ ഷാജി എന്നിവര്‍ സമരപ്പന്തലിലെത്തി. ഞങ്ങളുടെ ആഗമനോദ്ദേശ്യത്തെപ്പറ്റിയും പ്രവര്‍ത്തനരീതിയെപ്പറ്റിയും വിശദമായി അവരുമായി സംസാരിച്ചു. അവിടത്തെ വിസിറ്റേഴ്സ് ബുക്കില്‍ അതൊക്കെ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതനുസരിച്ച് കാര്യങ്ങളുടെ ഏകദേശരൂപം ആ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തു. കേരളത്തില്‍ നിന്ന് ഇതുവരെ ആ സമരപ്പന്തലില്‍ എത്തിയിട്ടുള്ളവരുടെയൊക്കെ കൈപ്പടകള്‍ ആ ചെറിയ പുസ്തകത്തിലുണ്ട്.സമരപ്പന്തല്‍ സന്തര്‍ശിച്ചിട്ടുള്ള ശ്രീ സുകുമാര്‍ അഴീക്കോട് മുതലുള്ള പ്രമുഖരുടെയൊക്കെ ചിത്രങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്നുപോയിട്ടുള്ള ഒട്ടനേകം സംഘടനകളുടെയുമൊക്കെ ബാനറുകളുമൊക്കെക്കൊണ്ട് സമരപ്പന്തല്‍ നിറഞ്ഞിരിക്കുന്നു. പ്രശ്നപരിഹാരം മാത്രം ആ തിരക്കുകള്‍ക്കിടയില്‍ എവിടെയോ
വഴിമുട്ടി നില്‍ക്കുന്നതുപോലെ.മണിക്കൂറുകളോളം നീണ്ടുപോയ ആ സംഭാഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ പറ്റിയത് ഒരുപക്ഷേ ഇതുവരെ പുറം ലോകം അറിയാതെ കിടക്കുന്ന ഒരുപാട് കാര്യങ്ങളായിരുന്നു, ഭീതിയുടെ നിഴലില്‍ കഴിയുന്ന ഒരുപറ്റം ജനങ്ങളുടെ വേദനയുടേയും അവഗണനയുടേയും കഥകളായിരുന്നു. എണ്ണിയെണ്ണിപ്പറഞ്ഞാല്‍ ഇതുപോലെ ഒരു 10 ലേഖനത്തിലേക്ക് മുതല്‍ക്കൂട്ടാകാന്‍ സാദ്ധ്യതയുള്ള ആ അനുഭവങ്ങളില്‍ ചിലത് മാത്രം , വളരെ പ്രധാനപ്പെട്ടത് മാത്രം തല്‍ക്കാലം ഇവിടെ കുറിക്കുന്നു. ബാക്കിയുള്ളതൊക്കെ സമയാസമയത്ത് ഓരോന്നോരോന്നായി വായനക്കാരിലേക്കെത്തിക്കുന്നതാണ്. അതിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്ത് കഴിഞ്ഞിരിക്കുന്നു. നമ്മളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായവശ്യമായ ഏത് തരം സഹായം വേണമെങ്കിലും ചെയ്ത് തരാമെന്ന് സമരസമിതിക്കാര്‍ ഉറപ്പുതരുകയും ചെയ്തു.

1. ചെല്ലമുത്തുനാടാര്‍ അഥവാ മൈലപ്പന്‍


റോഡരുകില്‍ ബസ്സ് സ്റ്റോപ്പില്‍ നിന്ന് അല്‍പ്പം മാറി നിലകൊള്ളുന്ന, സമരപ്പന്തലില്‍ നിന്ന് വെളിയിലേക്ക് നോക്കിയാല്‍ കാണുന്ന ചില പെട്ടിക്കടകളില്‍ ഒന്ന് ഒരു മരച്ചീനിക്കടയാണ്. ചെല്ലമുത്തുനാടാര്‍ അഥവാ മൈലപ്പന്‍ എന്ന തമിഴ് വംശജനായ ഒരു സഹൃദന്റേതാണ് ആ കട. ഒരു തമിഴ് വംശജനാണെങ്കിലും വര്‍ഷങ്ങളായി ജീവിക്കുന്നത് കേരളത്തിലായതുകൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്നം ഇന്നിപ്പോള്‍ മൈലപ്പന്റേയും
കൂടെ ജീവിതപ്രശ്നമാണ്. സമരത്തിന് മൈലപ്പന്‍ നല്‍കുന്ന പിന്തുണയെപ്പറ്റി പറഞ്ഞാല്‍ അതിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാന്‍ ശത്രുക്കള്‍ക്ക് പോലുമാകില്ല. എല്ലാ ദിവസവും മരച്ചീനി വിറ്റുകിട്ടുന്ന ലാഭത്തിന്റെ നല്ലൊരു പങ്ക് മൈലപ്പന്‍ സമരപ്പന്തലിലെ സംഭാവന ബക്കറ്റില്‍ കൊണ്ടുപോയി ഇടുന്നു. കാര്യമായി കച്ചവടം ഒന്നും നടന്നിട്ടില്ലെങ്കിലും മിനിമം 10 രൂപയെങ്കിലും മൈലപ്പന്‍ ആ ബക്കറ്റില്‍ ഇട്ടിരിക്കുമെന്ന് സമരസമിതിക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.21 ഡിസംബറിന് 1093 ദിവസം തികയുന്ന ഈ സമരപ്പന്തലിലെ സംഭാവനയിലേക്ക് മൈലപ്പന്‍ മനസ്സറിഞ്ഞ് കൊടുത്തിരിക്കുന്ന സഹായത്തിന് 10,930 രൂപയ്ക്കുമൊക്കെ ഒരുപാട് മുകളിലാണ് മൂല്യം.

അതുകൊണ്ടൊന്നും തീര്‍ന്നില്ല. ഏതെങ്കിലും ഒരു ദിവസം നിശ്ചിതസമയത്തിനുള്ളില്‍ സമരപ്പന്തലില്‍ ഇരിക്കാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടാകുകയാണെങ്കില്‍ ആ ദൌത്യം ആരോടും ചോദിക്കാതെയും പറയാതെയും മൈലപ്പന്‍ തന്നെ ഏറ്റെടുക്കുന്നു. തന്റെ മരച്ചീനിക്കടയില്‍ സ്ഥിരമായി കരുതുന്ന ഒരു മാല കഴുത്തിലണിഞ്ഞ് മൈലപ്പന്‍ സമരപ്പന്തലില്‍ ഇരിപ്പുറപ്പിക്കുന്നു. നിര്‍ഭാഗ്യമെന്ന് തന്നെ പറയട്ടെ, രോഗബാധിതനായി ആശുപത്രിയില്‍ ആയതുകൊണ്ട് അദ്ദേഹത്തെ ഞങ്ങള്‍ക്ക് നേരിട്ട് കാണാനോ സംസാരിക്കാനോ ഒരു പടമെടുക്കാനോ കഴിഞ്ഞില്ല.

വംശീയമായ തരം തിരിവിലൂടെ ഈ പ്രശ്നത്തെ സമീപിക്കരുതെന്ന് മനസ്സിലാക്കേണ്ടത് മൈലപ്പനിലൂടേയും റോഡിന്റെ മറുവശത്ത് സ്വന്തം ബിസിനസ്സ് സ്ഥാപനം നടത്തി ജീവിക്കുന്ന മറ്റൊരു തമിഴ് വംശജനായ ജോസഫ് എന്ന ചെറുപ്പക്കാരനിലൂടെയുമാണ്. കുറച്ച് ദിവസങ്ങള്‍ ഈ താഴ്വരയില്‍ എവിടെയെങ്കിലും വന്ന് താമസിക്കാന്‍ ഇടയായാല്‍ , ഏത് തമിഴ് സഹോദരനും കേരളത്തോട് അല്ലെങ്കില്‍ കേരള ജനതയോട് ഇതേതരത്തിലുള്ള സൌഹാര്‍ദ്ദപരമായ സമീപനം കാണിക്കുമെന്ന് ഉറപ്പാണ്. ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ഒരു ജനതയുടെ ഭാഗമാണിന്ന് മൈലപ്പനും ജോസഫുമൊക്കെയടക്കമുള്ള നൂറ് കണക്കിന് തമിഴ് സഹോദരങ്ങള്‍ . വംശീയത അല്ലെങ്കില്‍ 2 സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നം എന്ന നിലയില്‍ കാണേണ്ട ഒരു കാര്യമേയല്ല മുല്ലപ്പെരിയാര്‍ വിഷയം. വെറും മനുഷ്യത്വം മാത്രം , അല്ലെങ്കില്‍ വിലപിടിച്ച ജീവിതങ്ങള്‍ മാത്രമല്ലേ ഇവിടെ വിഷയമാകേണ്ടതുള്ളൂ ?!1961 ല്‍ മുല്ലപ്പെരിയാര്‍ കരകവിഞ്ഞു ഒഴുകിയപ്പോള്‍ വെള്ളത്തിനടിയിലായ ഭാഗത്താണ് ഈ സമരപ്പന്തലും, മൈലപ്പന്റെ മരച്ചീനിക്കടയുമൊക്കെ അടക്കമുള്ള കെട്ടിടങ്ങള്‍ നിലകൊള്ളുന്നത്. അന്നത്തെ കാര്യങ്ങളൊക്കെ വിശദീകരിക്കുമ്പോള്‍ ശ്രീ മാത്യുവും , വിശ്വഭരനും, വര്‍ഗ്ഗീസുമൊക്കെ അടങ്ങുന്ന 60 ന് മുകളില്‍ പ്രായമുള്ളവരുടെ സംഘത്തിന്റെ മുഖത്ത് ഭീകരതയേക്കാള്‍ ഏറെ നിസ്സംഗതയാണ്. നാളിത്രയായി ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ കാര്യമായിട്ട് ആരും തന്നെ കണ്ടില്ല കേട്ടില്ല എന്ന് നടിക്കുമ്പോള്‍ മനസ്സ് മരവിച്ച് പോയവരാണ് പഴയ തലമുറക്കാരെന്ന് തോന്നിപ്പോകുമെങ്കിലും നിശ്ചയദാര്‍ഢ്യം എല്ലാവരും ഒരുപോലെ കൊണ്ടുനടക്കുന്നുണ്ടെന്ന് വ്യക്തമാണ്.ഈ കനാലിലൂടെയാണ് മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിലെത്തുന്നത്.
വര്‍ഷകാലങ്ങളിലും മറ്റും ഇത് നിറഞ്ഞു കവിയാറുണ്ട്‌ : ചപ്പാത്ത് പാലത്തില്‍ നിന്നുള്ള ദൃശ്യം2 .ഫാദര്‍ ജോയ് നിരപ്പേല്‍ പ്രൊഫസര്‍ റോയിയും
ചപ്പാത്തില്‍ ഈ സമരം തുടങ്ങിവെച്ചത് ഫാദര്‍ ജോയ് നിരപ്പേല്‍ ആണ് .അദ്ദേഹത്തിന് പിന്നീട് സൈപ്രസിലെ പപ്പുഅന്യൂവ്നിയ എന്ന ഫോണ്‍ സൌകര്യം പോലുമില്ലാത്ത ഒരു കാട്ടുമുക്കിലേക്ക് മാറ്റമായത്, ഈ സമരം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗങ്ങളില്‍ ഒന്നുമാത്രമാണെന്നാണ് സംസാരം. 6 മാസത്തില്‍ ഒരിക്കല്‍ ഫോണ്‍ ചെയ്യാനുള്ള സൌകര്യം ഒത്തു കിട്ടുമ്പോള്‍ , കെടാത്ത സമരവീര്യവുമായി ഫാദര്‍ ഈ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഓരോരുത്തരേയും വിളിച്ച് സംസാരിക്കും.

സമരത്തിന്റെ പ്രധാന നേതാക്കളെപ്പറ്റി പറയുമ്പോള്‍ ഇപ്പോള്‍ ഈ സമരം നയിക്കുന്ന നെടുംകണ്ടം എം.ഇ.എസ്. കോളേജ് പ്രൊഫസര്‍ സി.പി. റോയ് എന്ന പരിസ്ഥിതി പ്രവര്‍ത്തകനെപ്പറ്റി പറയാതെ മുന്നോട്ട് പോകാനാവില്ല. കേരളത്തില്‍ എവിടെച്ചെന്നാലും അദ്ദേഹത്തിന് കയറി നില്‍ക്കാന്‍ ഒരു മരത്തിന്റെ തണലുണ്ടാകും എന്നതാണ് ഈ പ്രകൃതിസ്നേഹിയായ അദ്ധ്യാപകന്റെ മഹത്ത്വം."പ്രൊഫസര്‍ റോയ് "പരാജയപ്പെടുമെന്നുറപ്പുള്ള സമരത്തിന് മുന്നണിപ്പോരാളികളെ ആവശ്യമുണ്ട് എന്നു കേരളത്തിലെ മുഴുവന്‍ കാമ്പസ്സുകളിലും പരസ്യം പതിച്ച ആള്‍. അദ്ദേഹത്തിന്റെ ജീവിതത്തിലിപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രവര്‍ത്തനങ്ങള്‍ കടന്നുവരാത്ത ഒരു ദിവസം പോലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തേയും ഞങ്ങള്‍ക്ക് നേരിട്ട് കാണാനായില്ല. വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ നടക്കുന്ന നിരാഹാര സമരം സംഘടിപ്പിക്കാനായി പോയിരിക്കുകയായിരുന്നു അദ്ദേഹം.

3. സമരത്തില്‍ അണിനിരന്നവരും നിരക്കാന്‍ പോകുന്നവരും

ഓരോരോ സംഘടനകളും സമുദായങ്ങളും കൂട്ടായ്മകളുമൊക്കെയായി സമരം ഈ കഴിഞ്ഞ 1093 ദിവസവും മുടങ്ങാതെ തന്നെ മുന്നോട്ട് പോയിരിക്കുന്നു. ഒരാളെങ്കിലും ഇല്ലാതെ സമരപ്പന്തല്‍ ഇതുവരെ ഒഴിഞ്ഞ് കിടന്നിട്ടില്ല. കിടക്കാന്‍ മൈലപ്പന്‍ അനുവദിച്ചിട്ടില്ല. ചിലപ്പോള്‍ പത്തോ ഇരുപതോ വരുന്ന സംഘമായിരിക്കും സമരപ്പന്തലില്‍ . മറ്റു ചിലപ്പോള്‍ ഒരു പ്രത്യേക കാലയളവിലേക്ക് സമരം ഏതെങ്കിലും ഒരു സംഘടനയോ സമൂഹമോ ഏറ്റെടുക്കുകയാണ് പതിവ്. അതിനിടയ്ക്ക് പലപ്പോഴും പ്രമുഖരായ പലരും സമരപ്പന്തലിലേക്ക് ആവേശമായി എത്തുന്നു. ശ്രീ. സുകുമാര്‍ അഴീക്കോട് പ്രസംഗിക്കാന്‍ വന്നപ്പോള്‍ ചപ്പാത്തിലെ തെരുവീഥി തിങ്ങിനിറഞ്ഞു. മറ്റൊരിക്കല്‍ തൊട്ടടുത്തുള്ള ചപ്പാത്ത് പാലം അവര്‍ ഒരു മനുഷ്യമതിലാക്കി മാറ്റി. ഈ വരുന്ന 25ന് മൂന്നാം വാര്‍ഷികം കഴിഞ്ഞതിന് ശേഷം അടുത്ത ഒരു വര്‍ഷത്തേക്ക് ആയിരത്തില്‍പ്പരം വരുന്ന അയല്‍ക്കൂട്ടങ്ങളാണ് സമരപ്പന്തലിലെ സജീവ സാന്നിദ്ധ്യമാകാന്‍ പോകുന്നത്. അടുത്ത ഒരു വര്‍ഷം എന്ന് പറയുമ്പോള്‍ , അക്കാലത്തിനിടയ്ക്കൊന്നും ഇതൊരു തീരുമാനവുമാകില്ലെന്ന് ഈ ജനത കൃത്യമായിത്തന്നെ മനസ്സിലാക്കി വെച്ചിരിക്കുന്നു എന്നത് വേദനയോടെയല്ലാതെ ഉള്‍ക്കൊള്ളാനാവില്ല.

4.
രാജനും
, ഷാജിയും, സന്തോഷും

മാതൃഭൂമിയുടെ ലോക്കല്‍ കറസ്പ്പോണ്ടന്റായ രാജനെയും , മറ്റൊരു പത്രപ്രവര്‍ത്തകനും സമരസമിതി സക്രട്ടറിയുമായ ഷാജിയെയും പരിചയപ്പെട്ടു. ബ്ലോഗേഴ്സിന്റെ ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള സഹായവും ഇവരെല്ലാവരും വാഗ്ദാനം ചെയ്തു. ഈ വിഷയത്തിലേക്കായി സമരസമിതി ഉണ്ടാക്കിയിട്ടുള്ള മുല്ലപ്പെരിയാര്‍ സൈറ്റ് പലപ്പോഴും ഹാക്ക് ചെയ്യപ്പെടുക പോലും ഉണ്ടായിട്ടുണ്ടെന്നത് ഈ അവസരത്തില്‍ എടുത്തുപറയേണ്ട ഒരു കാര്യമാണ്.അക്ഷയ സെന്ററില്‍ 'നമ്മുടെ ബൂലോകം ബ്ലോഗ്‌ ന്യൂസും റീ ബില്ഡ് ഡാം ബ്ലോഗും' സമര സമിതിക്ക് കാണിച്ചു കൊടുത്ത്
കാര്യങ്ങള്‍ വിശദമാക്കുന്ന നിരക്ഷരനും ജോയും.

സമരസമിതിയുടെ സൈറ്റ് കാണിച്ചുതരാനും , ബ്ലോഗേഴ്സ് ഉണ്ടാക്കിയിട്ടുള്ള സേവ് കേരള സൈറ്റ് കാണുന്നതിനുമായി ഷാജിയും, സമരസമിതി അംഗവുമായ സന്തോഷുമോപ്പം ഞങ്ങള്‍ തൊട്ടടുത്തുള്ള ‘അക്ഷയ ‘ യിലേക്ക് കയറി. അക്ഷയയിലെ ഇന്റര്‍നെറ്റിലൂടെ റീ ബില്ഡ് ഡാം ബ്ലോഗും നമ്മുടെ ബൂലോകവും വിശദമായി കണ്ട ഇവര്‍ ഞാങ്ങളിലും ഞങ്ങളുടെ ഉദ്യമാങ്ങളിലും കൂടുതല്‍ ആകൃഷ്ടരായി എന്ന് വേണം പറയാന്‍
തുടര്‍ന്നങ്ങോട്ട് ഷാജിയും സന്തോഷും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികളുടേയും അടിയൊഴുക്കുകളുടെയും ഒരു ഭാണ്ഡം തന്നെ ഞങ്ങള്‍ക്ക് മുന്നില്‍ തുറക്കുകയായിരുന്നു

5. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും


രാഷ്ട്രീയപരമായ മുതലെടുപ്പുകള്‍ പലതും മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്ന് അറിയുമ്പോള്‍ത്തന്നെ വകുപ്പ് മന്ത്രി പ്രേമചന്ദ്രന്റെ മുല്ലപ്പെരിയാര്‍ പ്രവര്‍ത്തനങ്ങളെപ്പറ്റി ഇവര്‍ക്കെല്ലാവര്‍ക്കും നല്ല അഭിപ്രായമാണ് . അദ്ദേഹത്തിന് പലപ്പോഴും ഒരു പിന്തുണകൊടുക്കാന്‍ പോലും ആളില്ല എന്ന അവസ്ഥയാണ് എന്നാണിവര്‍ക്ക് പറയാനുള്ളത്. മുല്ലപ്പെരിയാറില്‍ കൈത്തോടുകളോ ചാലുകളോ വെട്ടി ഒരു അപകടമുണ്ടാകുമ്പോള്‍ അതിന്റെ തീക്ഷ്ണതയെങ്കിലും കുറക്കാനാകുമെന്ന് പറഞ്ഞതിന്റെ പേരിലാണ് ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മന്ത്രിയെത്തന്നെ സ്ത്രീപീഢനക്കേസില്‍ കുടുക്കിയതെന്നും ഇവര്‍ വിശ്വസിക്കുന്നു. അവരതിന് നിരത്തുന്ന ന്യായവാദങ്ങള്‍ പലതും നമുക്ക് വിശ്വസിക്കാതിരിക്കാനാവുന്നില്ല.

രാഷ്ട്രീയക്കാരേക്കാള്‍ അപകടകാരികള്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉദ്യോഗസ്ഥരാണ്. എല്ലാവരും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു, അല്ലെങ്കില്‍ തമിഴ്നാടിന്റെ ഒറ്റുകാരോ പിണിയാളുകളോ ആയി തരം താണിരിക്കുന്നു. സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന പലര്‍ക്കും ഇപ്പോള്‍ ഏക്കറുകണക്കിന് സ്ഥലം സ്വന്തമായിട്ടുണ്ടെന്നും അവരൊക്കെ ഇപ്പോള്‍ സമരത്തിനെപ്പറ്റി ഒരു വാക്കുപോലും പറയാതെ സ്ഥലം കാലിയാക്കിയെന്നതുമാണ് അവസ്ഥ. ഇത്തരം ആരോപണങ്ങള്‍ തെളിയിക്കാനുള്ള രേഖകള്‍ വരെ തങ്ങളുടെ കൈയ്യിലുണ്ടെന്ന് ഷാജി ആണയിടുകയും , സമയം ആകുമ്പോള്‍ അതൊക്കെ വെളിച്ചം കണ്ടിരിക്കുമെന്ന്‍ തറപ്പിച്ച് പറയുകയും ചെയ്യുന്നു.സന്തോഷും ഷാജിയും : 'നമ്മുടെ ബൂലോകം' അഭിമുഖത്തിനിടെ

ഈയടുത്ത കാലത്ത് മുല്ലപ്പെരിയാറിന്റെ പ്രശ്നബാധിത പ്രദേശങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ഉയര്‍ന്നുവന്ന വാര്‍ത്തകള്‍ എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ ? ലൈറ്റിന്റെ കാര്യമൊക്കെ തീരുമാനമായെങ്കിലും ഉദ്ദേശിച്ചരീതിയിലുള്ള മേന്മയുള്ള ബള്‍ബുകള്‍ ഒന്നും അവിടെ ഇടുകയുണ്ടായില്ല. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ സ്ഥലം തഹസീല്‍ദാരുടെ മറുപടി ഇപ്രകാരമായിരുന്നു.

“ഓ ..എന്തായാലും ഇതൊക്കെ ഒലിച്ച് പോകാനുള്ളതല്ലേ ? അപ്പോപ്പിന്നെ ഇതൊക്കെ ഇത്രയ്ക്കൊക്കെ മതി “

നിലവാരമുള്ള വിലകൂടിയ ബള്‍ബുകള്‍ ഇദ്ദേഹം കൊടുക്കുന്ന സ്വന്തം പോക്കറ്റിലെ പണം ചിലവഴിച്ചിട്ടൊന്നുമല്ലെന്നുള്ളത് മാത്രമല്ല, എല്ലാം ഒലിച്ച് പോകുമെന്ന് ഇദ്ദേഹം വിലയെഴുതിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥര്‍ കൂടെ ചേരുമ്പോള്‍ ഈ നാടിന്റെ ശാപം പൂര്‍ണ്ണമാകുന്നു.

സംസാരിക്കുന്നതിനിടയില്‍ പലപ്പോഴും ഷാജിയും, സന്തോഷും കത്തിക്കയറുകയായിരുന്നു. മലയാളി എന്ന കൂട്ടം അവരെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നം വരുമ്പോള്‍ മാത്രമേ പ്രതികരിക്കൂ എന്നാണ് സന്തോഷ്‌ പറയുന്നത് . എന്നുവെച്ചാല്‍ സ്വാര്‍ത്ഥത തന്നെ. കേട്ടിരിക്കാമെന്നല്ലാതെ മറുത്തൊന്നും പറയാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങളാണ് സന്തോഷും ഷാജിയും തൊടുത്ത് വിടുന്നത്.

ഇപ്പോള്‍ 30 വയസ്സ് പ്രായമുള്ള ഷാജി രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു കൊച്ചു സംഭവം വിവരിച്ചപ്പോള്‍ ഉള്ള് ശരിക്കുമൊന്ന് പിടച്ചു. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ സാദ്ധ്യയുണ്ടെന്നും എല്ലാവരും രക്ഷപ്പെടാന്‍ നോക്കിക്കോളണമെന്നും അനൌണ്‍‌സ്മെന്റ് ഉണ്ടായതനുസരിച്ച് സ്കൂളുകളിലൊക്കെ കൂട്ടമണിയടിച്ച് കുട്ടികളെ വിട്ടു. എല്ലാവരോടും പൊക്കമുള്ള കുന്നുകള്‍ക്ക് മുകളിലേക്ക് ഓടിക്കയറിക്കോളാനാണ് പറഞ്ഞിരിക്കുന്നത്. തന്റെ പ്രിയ കൂട്ടുകാരന്റെ കൂട്ടുകാരന്റെ കൈയ്യും പിടിച്ച് ഏതോ കുന്നിന്റെ മുകളിലേക്ക് ഓടിക്കയറുന്നതിനിടയ്ക്ക് വഴിയില്‍ കണ്ട എല്ലാവരോടും ഞങ്ങളുടെ ചാച്ചനും അമ്മച്ചിയുമൊക്കെ ഒലിച്ച് പോയോ എന്ന് ആ കുരുന്നുകള്‍ ചോദിച്ചുകൊണ്ടേയിരുന്നു. വൈകീട്ട് ഏറെ വൈകി വീട്ടില്‍ നിന്ന് ആള്‍ക്കാര്‍ ചെന്ന് കൂട്ടിക്കൊണ്ടുപോരുന്നതുവരെ അവരാ കുന്നിന്റെ മുകളില്‍ വിഷമിച്ചിരുന്ന് കുത്തിയിരുന്നെന്ന് പറയുമ്പോള്‍ ഷാജിക്ക് നൊമ്പരം കലര്‍ന്ന ചിരി. ഇതുപോലെ എത്രയെത്ര ഹൃദയഭേദകമായ രംഗങ്ങള്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഒളിപ്പിച്ചുകൊണ്ടാണ് മുല്ലപ്പെരിയാര്‍ തൊട്ടടുത്ത് നില്‍ക്കുന്നതെന്ന് ഇവരില്‍ ഓരോരുത്തര്‍ക്കും അറിയാം. പക്ഷെ ഇതൊന്നും അറിയാതെയും മനസ്സിലാക്കാതെയും നമ്മള്‍ കുറേ മലയാളികള്‍ ഇപ്പോളും സുഖലോലുപരായി മുന്നോട്ട് പോകുന്നു.

6.നമ്മള്‍ മലയാളികള്‍


തമിഴ് നാട്ടില്‍ നിന്ന് വരുന്ന പച്ചക്കറി ഇല്ലാതെ മലയാളികള്‍ക്ക് ജീവിക്കാനാവില്ലെന്ന് പറയുന്ന ഒരു അവസ്ഥാ വിശേഷം എങ്ങനെ ഉണ്ടായി എന്നാണ് ഷാജി ചോദിക്കുന്നത് . കേരളത്തിലെ 5 ജില്ലകളിലേക്കെങ്കിലും ആവശ്യമായ പച്ചക്കറികള്‍ മൂന്നാര്‍ , മറയൂര്‍ , കാന്തലൂര്‍ , ചിന്നക്കനാല്‍ , വട്ടവട എന്നിവിടങ്ങളില്‍ ഉദ്പാദിപ്പിക്കപ്പെടുന്നുണ്ടത്രേ ! പക്ഷെ അതൊന്നും കേരള വിപണിയില്‍ നേരിട്ട് വരുന്നില്ല. അതിന് കാരണം തമിഴനോട് നമുക്കുള്ള അവജ്ഞ തന്നെ. കേരളത്തിന്റെ കൃഷിഭൂമിയില്‍ ചോര നീരാക്കുന്ന തമിഴ് വംശജനായ കര്‍ഷകന് നേരായ കൂലി കൊടുക്കാന്‍ നമ്മള്‍ തയ്യാറല്ല. ഏറണാകുളം മാര്‍ക്കറ്റിലോ കോട്ടയം മാര്‍ക്കറ്റിലോ ഇതേ പച്ചക്കറികള്‍ നേരിട്ട് എത്തിച്ചാല്‍ അതിന് ന്യായമായ വില കൊടുക്കാതെ പാണ്ടി പാണ്ടി എന്ന് വിളിച്ച് നമ്മളവരെ പരിഹസിക്കും. സ്വാഭാവികമായും ഉത്പ്പാദിപ്പിക്കുന്ന പച്ചക്കറിയുടെ സിംഹഭാഗം തമിഴ്നാട്ടിലേക്ക് പോകുന്നു. അവിടന്നത് ലോറി കയറി വീണ്ടും കേരളത്തില്‍ വരുമ്പോള്‍ വാടിപ്പോയിട്ടുണ്ടെങ്കിലും നമ്മളത് ഇരട്ടി വിലകൊടുത്ത് വാങ്ങിക്കഴിക്കുന്നു.

ഇപ്പറഞ്ഞ അതേ കേരളഭൂമിയില്‍ കൃഷി ചെയ്ത് പച്ചക്കറി ഉത്പ്പാദിപ്പിക്കുന്ന എത്ര മലയാളി ഉണ്ടാകും ? ഈ ഭൂമിയുടെ ജന്മി മാത്രമാകാനാണ് മലയാളിക്ക് താല്‍പ്പര്യം. അതില്‍ മെയ്യനങ്ങിയുള്ള ജോലി ചെയ്യാന്‍ അവന് വയ്യ. തടിയനങ്ങി ജോലി ചെയ്യണമെങ്കില്‍ അവന് വിദേശത്ത് പോകണം. എന്നിട്ട് വര്‍ഷാവര്‍ഷം തിളങ്ങുന്ന ഷര്‍ട്ടും പാന്റുമിട്ട് കറുത്ത കണ്ണടയും വെച്ച് വിമാനത്തില്‍ നാട്ടില്‍ വന്നിറങ്ങണം.

7. നമ്മള്‍ ബ്ലോഗേഴ്സ്

ചപ്പാത്തില്‍ ചിലവഴിച്ച അഞ്ചു മണിക്കൂറുകള്‍ വളരെ വേഗത്തിലാണ് ഞങ്ങള്‍ക്ക് മുന്നില്‍ കടന്നു പോയത്. ഇതിനിടയില്‍ സംഘാടകരും മലയാളം ബ്ലോഗ്ഗെഴ്സുമായുള്ള ഒരു നല്ല ബന്ധം തന്നെ സൃഷ്ടിച്ചെടുക്കുവാന്‍ കഴിഞ്ഞു. മലയാളം ബ്ലോഗെഴുത്തുകാരുടെ ഐക്യദാര്‍ഢ്യം മുല്ലപ്പെരിയാര്‍ സമരസമിതിക്ക് പ്രഖ്യാപിക്കുന്ന പോസ്റര്‍ സമര സമിതിക്ക് കൈമാറിയത് വളരെ ആവേശത്തോടെ തന്നെ അവര്‍ സ്ഥാപിച്ചു. നിറഞ്ഞ മനസ്സോടെ അവിടെ നിന്നും ഞങ്ങള്‍ യാത്രചൊല്ലി.

മുല്ലപ്പെരിയാരിനെപ്പറ്റിയുള്ള മലയാളിയുടെ അജ്ഞതയ്ക്കെങ്കിലും അറുതി വരുത്താന്‍ നമുക്കാകുമെങ്കില്‍ ബ്ലോഗുകളിലൂടെയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ഫലമുണ്ടായെന്ന് നമുക്ക് ആശ്വസിക്കാനാവും. അതിനുമൊക്കെ ഉപരിയായി ഈ വിഷയത്തില്‍ ഒറ്റക്കെട്ടായിട്ടുള്ള ഒരു ശബ്ദം പുറം ലോകത്തെത്തിക്കാനും എന്തെങ്കിലുമൊക്കെ ഗുണകരമായ നടപടികള്‍ മനസ്സാക്ഷി മരവിച്ച് കിടക്കുന്ന ഭരണകൂടത്തില്‍ നിന്നോ നീതിപീഠത്തില്‍ നിന്നോ നേടിയെടുക്കാനുമാകുന്നെങ്കില്‍ നമുക്കഭിമാനിക്കാനാവും ബ്ലോഗ് എന്ന ഈ മാദ്ധ്യമത്തിന്റെ അനന്ത സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്കായെന്ന്. അല്ലെങ്കില്‍ നമുക്കിത് വെറും ചാറ്റ് ബ്ലോക്സുകളായോ , പുറമേ പലരും അടക്കം പറയുന്നതുപോലെ കുളിമുറി സാഹിത്യം എഴുതാനുള്ള ഇടമായോതന്നെ കൊട്ടിഘോഷിച്ച് കൊണ്ടുനടക്കാം.
സേവ് മുല്ലപ്പെരിയാര്‍ - 4

സേവ് മുല്ലപ്പെരിയാര്‍ - 4

മ്മുടെ ബൂലോകം ബ്ലോഗ്‌ ന്യൂസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച 'സോള്‍വ്‌ മുല്ലപ്പെരിയാര്‍ ഇഷ്യൂ ,സേവ് കേരള ' എന്ന ബൂലോകത്തെ ഇ പ്രചരണം ഭൂലോകത്തേക്കും വ്യാപിപ്പിക്കുന്നു. ഇതിനു മുന്നോടിയായി തയ്യാറാക്കിയ ഫ്ലെക്സ് - പോസ്റ്റര്‍ പ്രകാശനം പ്രശസ്ത ബ്ലോഗറും കാര്‍ട്ടൂണിസറ്റും ആയ ശ്രീ സജീവ്‌ ബാലകൃഷ്ണന്‍ ഡിസംബര്‍ ഇരുപതാം തീയ്യതി മൂവാറ്റുപുഴയില്‍ വച്ച് നിര്‍വ്വഹിക്കുകയുണ്ടായി.

Sajeev B


ബ്ലോഗര്‍മാരായ ചാര്‍വ്വാകന്‍, നിസ്സഹായന്‍, ജോ, ഹരീഷ് തൊടുപുഴ , നിരക്ഷരന്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

Sajeev B2


Sajeev B3മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കഴിഞ്ഞ മൂന്നു കൊല്ലമായി ഇടുക്കിയിലെ കെ.ചപ്പാത്ത് എന്ന പ്രദേശത്തു നടന്നു വരുന്ന സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നമ്മുടെ ബൂലോകത്തിന്റെ 3 പ്രതിനിധികള്‍ പ്രസ്തുത സമരപ്പന്തല്‍ സന്ദര്‍ശിച്ചു. സമരസമിതി നേതാക്കളോടും , അംഗങ്ങളോടും സംസാരിക്കുകയും മലയാളം ബ്ലോഗ്ഗേഴ്സിന്റെ പിന്തുണ ഇക്കാര്യത്തില്‍ അറിയിക്കുകയും ചെയ്തു. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങളും , ആ നാട്ടുകാരില്‍ നിന്ന് കിട്ടിയ വാര്‍ത്തകളും വിശേഷങ്ങള്‍ക്കുമൊക്കെ ഒപ്പം, ഉദ്യോഗസ്ഥപ്രമാണിമാരുടെ അലസതയുടെ കാരണങ്ങളുമൊക്കെയടക്കമുള്ള വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ "നമ്മുടെ ബൂലോകത്തില്‍ "വായിക്കാം.


റീ ബില്ഡ് ഡാം വാര്‍ത്ത എക്സ്പ്രസ്സ്‌ ബസ്സില്‍. ഇവിടെ വായിക്കാം


സഫാ പാര്‍ക്കിലെ മീറ്റ്


വാഴക്കോടന്‍
പ്രസ്തുത മീറ്റിനെ കുറിച്ച് വാഴക്കോടന്‍ എഴുതുന്നു.

നസ്സില്‍ എന്നും ചേര്‍ത്ത് വെക്കാവുന്ന മധുരമുള്ള കുറെ ഓര്‍മ്മകള്‍ സമ്മാനിച്ച് മറ്റൊരു മീറ്റ് കൂടി കടന്ന് പോയി.ഡിസംബര്‍ 18 ന്റെ സൂര്യന്‍ അസ്തമിച്ചപ്പോള്‍ ഇനി അടുത്ത ഒരു മീറ്റ് എന്ന് എന്നുള്ള ഒരു ചോദ്യം എല്ലാവരിലെ ഉള്ളിലും അവശേഷിപ്പിച്ചാണ് കടന്ന് പോയത്. മുഖവുരകളൊന്നും ആവശ്യമില്ലാത്ത ഒരു പരിചയപ്പെടലിന്റെ തുടക്കത്തോടെ ആരംഭിച്ച ‘സഫാ പാര്‍ക്കിലെ മീറ്റ് അക്ഷരാര്‍ത്ഥത്തില്‍ ഒരു സൌഹ്യദ സ്നേഹ കുടുംബ സംഗമമായി മാറി.പങ്കാളിത്തം കൊണ്ടും ലാളിത്യം കൊണ്ടും ഏറെ പുതുമകള്‍ നിറഞ്ഞ ഒരു നവ്യാനുഭവമായി ഈ മീറ്റും തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു എന്ന് പങ്കെടുത്ത ഓരൊ ബ്ലോഗറും സാക്ഷ്യപ്പെടുത്തുന്നു.

പത്തരയോടെ ബ്ലോഗര്‍മാര്‍ എതാണ്ടൊക്കെ എത്തിത്തുടങ്ങി. വന്നവര്‍ പരിചയം പുതുക്കലും, വിശേഷങ്ങള്‍ പങ്ക് വെച്ചും പാര്‍ക്കിന്റെ ഒരു വശത്ത് ഒത്ത് കൂടി. ഏതാണ്ട് 11.30 ഓടെ പരിചയപ്പെടുത്തല്‍ ആരംഭിച്ചു.പഴയ ബ്ലോഗറെന്നോ പുതിയ ബ്ലോഗറെന്നോ എന്നൊരു തരം തിരിവൊന്നും ഇല്ലാതെ ഒരോരുത്തരായി ബ്ലോഗും മറ്റു പ്രവര്‍ത്തന മെഘലകളുമൊക്കെയായി പരിചയപ്പെടുത്തല്‍ ആരംഭിച്ചു.ഓരോരുത്തര്‍ സ്വയം പരിചയപ്പെടുത്തുമ്പോഴും സൌഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ ഉയര്‍ന്ന കമന്റുകള്‍ എല്ലാവരിലും ചിരി പടര്‍ത്തി.

ഇത്തിരിവെട്ടം എഴുതിയ സാര്‍ത്ഥവാഹക സംഘത്തോടൊപ്പം എന്ന പുസ്തകത്തിന്റെ പ്രകാശനം ലാളിത്യം കൊണ്ട് ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു. ബ്ലോഗര്‍ രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ബ്ലോഗര്‍ കിച്ചു സ്വാഗതം അരുളുകയും,പുസ്തകത്തിന്റെ പ്രകാശനം ബ്ലോഗര്‍ സിദ്ധാര്‍ത്ഥന്‍ വിശാലമനസ്കനു നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കുകയുണ്ടായി. മക്കയിലോ മദീനയിലോ പോയിട്ടില്ലാത്ത ഗ്രന്ഥ കര്‍ത്താവിന്റെ രചനാ വൈഭവത്തെ അധ്യക്ഷന്‍ എടുത്ത് പറയുകയും, തന്റെ സൌദി അറേബ്യാ ജീവിതത്തില്‍,ഇറാഖ് യുദ്ധ സമയത്ത് പട്ടണങ്ങളില്‍ നിന്നും ഉള്‍പ്രദേശങ്ങളില്‍ താമസിക്കേണ്ടി വന്നപ്പോള്‍ അവിടെ മണ്ണുകളും കല്ലുകളും കൊണ്ട് കെട്ടിയുണ്ടാക്കിയ വീടുകള്‍ക്കും ഇതു പോലെയുള്ള ചരിത്രങ്ങള്‍ ഉണ്ടെന്നും തന്റെ പ്രസംഗത്തിലൂടെ അനുസ്മരിച്ചു. ജനിച്ചത് പെണ്‍കുഞ്ഞാണെങ്കില്‍ ജീവനോടെ കുഴിച്ച് മൂടുമായിരുന്ന ഒരു സമൂഹത്തിലേക്ക് പരിവര്‍ത്തനത്തിന്റെ സന്ദേശവുമായി എത്തിയ പ്രവാചകന്റെ ജീവിതത്തിലൂടെ വളരെ ലളിതമായ ഭാഷയിലൂടെ കടന്ന് പോകുന്ന പുസ്തകം എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കണമെന്നും അദ്ധ്യക്ഷന്‍ ഉണര്‍ത്തുന്നു.

പുസ്തക പ്രകാശനം നിര്‍വ്വഹിച്ച് സംസാരിച്ച സിദ്ധാര്‍ത്ഥനും ഈ കാലഘട്ടത്തില്‍ ഈയൊരു പുസ്തകത്തിന്റെ പ്രസക്തിയെ പറ്റിയും അത് നല്‍കുന്ന സന്ദേശത്തേയും കുറിച്ചാണ് പറഞ്ഞത്. ജാതിയുടേയും മതത്തിന്റേയും പേരില്‍ മലീമസമായിക്കൊണ്ടിരിക്കുന്ന മനുഷ്യസമൂഹത്തില്‍ സ്നേഹം കൊണ്ട് ഒരു സമൂഹത്തെ കീഴടക്കിയ ഒരു നബി ഇനി അവതരിക്കാനില്ലാത്തതിനാല്‍ ഇത്തരം ശ്രമങ്ങള്‍ എല്ലാവരില്‍ നിന്നും ഉണ്ടാവണമെന്നും പറയുകയുണ്ടായി.പുസ്തകം സ്വീകരിച്ച് കൊണ്ട് വിശാലമനസ്കന്‍ താന്‍ ഒരു പുസ്തകം ഇഷ്ടപ്പെടാനുള്ള മൂന്ന് കാരണങ്ങള്‍ എടുത്ത് പറഞ്ഞ് കൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. തന്റെ ഇഷ്ടങ്ങളോട് ഈ പുസ്തകം ചേര്‍ത്ത് വെക്കാന്‍ നിറഞ്ഞ സന്തോഷമുണ്ടെന്ന് വിസാലന്‍ പറഞ്ഞു. കൊടകരയിലെ വിരലിലെണ്ണാവുന്ന മുസ്ലിം കുടുംബങ്ങളിലെ വ്യക്തികളെയും വിശാലന്‍ അനുസ്മരിക്കുകയുണ്ടായി.

പുസ്തക്കം പരിചയപ്പെടുത്തിയ ചന്ദ്രകാന്തം വളരെ വിശദമായിത്തന്നെ ആ ഉദ്യമം നിറവേറ്റി. പുസ്തകം ഒരു കാലഘട്ടത്തിന്റെ ചരിത്രം അതിന്റെ ഏറ്റവും മനോഹാരിതയില്‍ വരച്ച് വെക്കുന്നു എന്നും ഭാഷാ സൌന്ദര്യം കൊണ്ട് ഈ പുസ്തകം വളരെയേറെ മുന്‍പന്തിയിലാണെന്നും ചൂണ്ടിക്കണിക്കുകയുണ്ടായി.ആശംസ പ്രസംഗം നടത്തിയ കൈതമുള്ള്,കാട്ടിപ്പരത്തി,വാഴക്കോടന്‍ എന്നിവര്‍ ഇതിരിവെട്ടത്തിന്റെ ഈ സംരംഭതിന് എല്ലാ വിജയാശംസകള്‍ നേരുകയും,ഇനിയും പുസ്തകങ്ങള്‍ ഇത്തിരിവെട്ടത്തിലൂടെ പ്രഭാപൂരിതമാകട്ടെയെന്നും ആശംസിച്ചു.മക്കയും മദീനയും സന്ദര്‍ശിക്കാതെത്തന്നെ അവിടത്തെ ഓരോ മണല്‍ തരികളെയും പുളകം കൊള്ളിക്കുമാറ് ഈ പുസ്തകത്തിന്റെ രചന നിര്‍വ്വഹിച്ച ഇത്തിരിവെട്ടത്തിന് അവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയട്ടെ എന്നും ആശംസാ പ്രസംഗികര്‍ ആശംസിച്ചു.തുടര്‍ന്ന് മറുപടി പറഞ്ഞ ഇത്തിരിവെട്ടം,തന്റെ പുസ്തകം ഇറങ്ങാനുള്ള പ്രചോതനം തന്റെ ബ്ലോഗ് സൊഹ്യദമാണെന്നും, അവരുടെ നിര്‍ബന്ധവും പ്രോത്സാഹനവും സഹായങ്ങളും കൊണ്ട് മാത്രമാണ് സാധ്യമായതെന്ന് അനുസ്മരിച്ചു.ഒരു നബിദിനത്തില്‍ നബിതിരുമേനിയെ കുറിച്ച് ഒരു അദ്ധ്യായം മാത്രം എഴുതാന്‍ ഉദ്ദേശിച്ചത് 26 അദ്ധ്യായങ്ങളാകാന്‍ അതിന്റെ വായനക്കാര്‍ നല്‍കിയ പ്രോത്സാഹനത്തെ അനുസ്മരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അതിനു ശേഷം വിശാലമനസ്കന്റെ കൊടകരപുരാണം എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പായ “കൊടകരപുരാണം റീലോഡഡ്” എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. ആദ്യ പതിപ്പ് ഡിസി ബുക്സാണ് ഇറക്കിയതെങ്കിലും ഈ ബുക്ക് പൂര്‍ണ്ണമായും വിശാലന്‍ തന്നെയാണ് ഇറക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലര്‍ത്തുന്ന പുസ്തകത്തിന്റെ പ്രകാശനംരാമേട്ടന്‍ കിലുക്കാംപെട്ടി ചേച്ചിക്ക് നല്‍കിയാണ് നിര്‍വ്വഹിച്ചത്. കൊടകരപുരാണത്തെക്കുറിച്ച് പ്രത്യേകമായ ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലല്ലോ.ഒരോ മലയാളി ബ്ലോഗറുടേയും സ്വകാര്യമായ ഒരു അഹങ്കാരമാണ് ആ പുസ്തകം. ഏവര്‍ക്കും പ്രിയങ്കരനായ വിശാലമനസ്കന്‍.പ്രകാശനത്തിനു കൊണ്ട് വന്ന പുസ്തകങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റ് പോയി എന്നതും ശ്രദ്ധേയമായി.പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കിലുക്കാം പെട്ടിയ്ക്ക് (ഉഷാശ്രീ) യു എ ഇ ബൂലൊകരുടെ കൂട്ടായ്മയുടെ യാത്രാ മംഗളങ്ങള്‍ നേരുകയും ഉപഹാരം കൈതമുള്ള്,സമര്‍പ്പിക്കുകയും ചെയ്തു. ഉപഹാരം സ്വീകരിച്ച് ഉഷാശ്രീ താന്‍ ബൂലോകത്തേക്ക് എത്തിപ്പെടാനുണ്ടായ സാഹചര്യം വിവരിക്കുകയും എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.

ശേഷം ഭക്ഷണം കഴിക്കുകയും,ഗ്രൂപ്പ് ഫോട്ടോ എടുക്കുകയുമുണ്ടായി.ഇതിനിടയില്‍ ബലൂണ്‍ വില്‍ക്കാനെത്തിയവര്‍ കുട്ടികളെ വശംവദരാക്കുകയും കിലുക്കാംപെട്ടി ചേച്ചി എല്ലാവര്‍ക്കും ബലൂണ്‍ വാങ്ങിക്കൊടുക്കുകയുമുണ്ടായി. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ വിഷയത്തെ ആധാരമാക്കി ബ്ലോഗര്‍മാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി “റീബില്‍ഡ് മുല്ലപ്പെരിയാര്‍ ഡാം” എന്ന കാമ്പയിനെ പറ്റി ബ്ലോഗര്‍ പ്രിയയും കൈപ്പള്ളിയും ചെറിയ വിവരനം നടത്തുകയും പിന്നീട് ഒരു ലഘുവായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. ഡാം തകര്‍ന്നാല്‍ സംഭവിക്കാവുന്നതിനെ പറ്റി ആരും പഠനമോ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ആരും കണക്കിലെടുക്കുന്നില്ലെന്നും ഇന്‍ഡോനേഷ്യയിലേയും മറ്റും ഡാം തകര്‍ന്നുണ്ടായ അനുഭവങ്ങള്‍ വിവരിച്ച് കൈപ്പള്ളി ചൂണ്ടിക്കാട്ടി. റീ ബില്‍ഡ് ഡാം എന്നതിനേക്കാള്‍ പ്രസക്തമായി ‘റീ കമ്മീഷന്‍ ദി ഡാം” എന്നതാണ് കൂടുതല്‍ ശരിയെന്നുള്‍ല ഒരു തീരുമാനവും ചര്‍ച്ചയില്‍ ഒരു അഭിപ്രായം ഉയര്‍ന്നെങ്കിലും,ഇത്തരം അഭിപ്രായങ്ങളും ചര്‍ച്ചകളും ആ സൈറ്റില്‍ നടത്തുകയാണെങ്കില്‍ അത് മറ്റുള്‍ലവര്‍ക്കും പങ്കെടുക്കാന്‍ കഴിയും എന്നുള്ള തീരുമാനത്തില്‍ എല്ലാ ബ്ലോഗര്‍മാരോടും ആ സൈറ്റില്‍ ജോയിന്‍ ചെയ്യാന്‍ ആഖ്വാനം നടത്തി മുല്ലപ്പെരിയാര്‍ വിഷയം അവസാനിപ്പിച്ചു.


PHOTO CREDIT : SAMEER

പിന്നീട് വാഴക്കോടന്‍ ഗെയിമുകല്‍ ആരംഭിക്കുന്നതിനു മുന്‍പ് ഗൌരവമേറിയ ചര്‍ച്ചയ്ക്ക് ശേഷം അല്‍പ്പം റിലാക്സ് ചെയ്യാനായി വാഴക്കോടന്‍ ഒരു ചൊല്ലരങ്ങ് നടത്തുകയുണ്ടായി.”അമ്മേ കണ്ണ് തുറക്കൂ, ഇല്ലെങ്കില്‍ ചവിട്ടിത്തുറക്കും” എന്ന കവിതാ സമാഹാരത്തില്‍നിന്നും അടര്‍ത്തിയെടുത്തപ്പോള്‍ പറിഞ്ഞ് പോന്ന കുറച്ച് വരികള്‍ കവിത ചൊല്ലി വിശദീകരിച്ച് കൊണ്ട് അവതരിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടെ, കണ്ണട എന്ന കവിതയുടെ പാരഡിയും പാടി അവതരിപ്പിക്കുകയുണ്ടായി. പിന്നീട് ചായയും വടയും ഉള്ളിയില്ലാത്ത ഉള്ളിവടയും കഴിച്ച് “അന്താക്ഷരി കളിക്കാന്‍‘ തയ്യാറായപ്പോഴാണ് അസൂയ പൂണ്ട ആകാശം മേഘാവ്യതമാവുകയും മനസ്സില്ലാമനസ്സോടെ മീറ്റ് അവസാനിപ്പിക്കാം എന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തത്.

വീണ്ടും ഒരു മീറ്റ് എന്ന് കൂടാം എന്ന ഒരു കൊതി മനസ്സില്‍ അവശേഷിപ്പിച്ച് മറ്റൊരു മീറ്റിന് കൂടി അവിടെ തിരശീല വീഴുകയായിരുന്നു. എല്ലാവരും ആഗ്രഹിച്ച പോലെ ഒരു നല്ല പിക്ക്നിക് അനുഭവം സമ്മാനിച്ച് 2009 ലെ യു എ ഇ മീറ്റും കൊടിയിറങ്ങി.മനസ്സില്‍ ഒരു മീറ്റിന്റെ എല്ലാ കൊതിയും അടക്കിവെച്ച് കൊണ്ട് ചോദിക്കട്ടെ ഇനി എന്നാ അടുത്ത മീറ്റ്??


മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

UAE മീറ്റ്‌ ബ്ലോഗ്‌

ഹിമാലയ യാത്ര - PART 2

സജി ബഹറിന്‍
ഹിമാലയ യാത്ര - PART 1 ഇവിടെ വായിക്കാം
കൃത്യം 10.45 ന് തന്നെ ബസ്സ് ഡല്‍ഹി അന്തര്‍ സംസ്ഥാന ബസ്സ് ഡിപ്പോയില്‍ നിന്നും (ISBT)പുറപ്പെട്ടു.
രാവിലെ 5 മണിക്ക് ഡഹ്‌റാഡൂണില്‍ എത്തുമെന്ന് കണ്ടക്ട്രര്‍ അറിയിച്ചു. ആ റൂട്ടില്‍ ഓടുന്ന സര്‍ക്കാര്‍ ബസ്സുകള്‍ എ.സി.യും പുഷ് ബാക്ക് സീറ്റും ഉള്ള ലക്ഷ്വറി കോച്ചുകളാണ്. പുറത്തു നല്ല തണുപ്പ് ആയിരുന്നെങ്കിലും ബസ്സിനകത്തു സുഖമുള്ള ചെറുചൂട് തങ്ങി നിന്നു. ഡഹ്‌റാഡൂണില്‍ വണ്ടിയെത്തുന്ന സമയം സാബുവിനെ ഫോണ്‍ വിളിച്ചു അറിയിച്ചു. ഡഹ്‌റാഡൂണില്‍ താമസിക്കുന്ന ചെമ്മണ്ണാര്‍ സ്വദേശി സാബുവും, ഋഷികേശില്‍ താമസിക്കുന്ന വെള്ളത്തൂവല്‍കാരന്‍ ബെന്നിയും ആണ് തുടര്‍ന്നുള്ള യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നത്.

ബസ്സ് പട്ടണത്തിനു വെളിയില്‍ എത്തി അതിവേഗതയില്‍ ഓടുവാന്‍ തുടങ്ങി.ബസ്സു നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. സീറ്റുകള്‍ നിവര്‍ത്തിയിട്ട് ഇട്ട്,യാത്രക്കാരെല്ലാം ഉറക്കത്തിലേക്കു പ്രവേശിച്ചു തുടങ്ങി.എല്ലാവരും കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് പുറമെ ഷാളും പുതച്ചിട്ടുണ്ട്.

രാത്രിയില്‍ സുഖകരമായ ഉറക്കമായിരുന്നു. യാത്രാ മദ്ധ്യേ, ഒരു കൊച്ചു ഗ്രാമത്തില്‍ കാപ്പി കുടിക്കുവാന്‍ ബസ്സ് നിര്‍ത്തി. യാത്രക്കാരില്‍ പലരും ഉറക്കത്തില്‍ തന്നെ . ഞങ്ങള്‍ മൂവരും പുറത്ത് ഇറങ്ങി കാപ്പി കുടിച്ചു. നല്ല വൃത്തിയുള്ള കട.കടയ്ക്കകത്ത് അര്‍ദ്ധരാത്രിയിലും നല്ല തിരക്ക്. ചിലര്‍ ഷാള്‍ പുതച്ചു വെളിയില്‍ കൂനിക്കുടിയിരിക്കുന്നു. പുറത്തു തണുപ്പു നന്നായി കൂടിയിട്ടുണ്ട്.തണുപ്പിനെ പ്രതിരോധിക്കുവാനുള്ള വസ്ത്രങ്ങള്‍ ഞങ്ങള്‍ കരുതിയിരുന്നു.

“സമയത്തു തന്നെ ബസ്സ് എത്തുമല്ലോ അല്ലേ?” ജയ്സണ്‍ ഡ്രൈവറുമായി കുശലാന്വേഷണം നടത്തി.

ബസ്സ് ലേറ്റ് അല്ലെന്നും സമയത്തു തന്നെ എത്തുമെന്നും ഉറപ്പു ലഭിച്ച ഞങ്ങള്‍ ബസ്സില്‍ കയറി വീണ്ടും ഉറക്കം ആരംഭിച്ചു.

ബസ്സിറങ്ങി, ഫോണ്‍ വിളിച്ച് 5 മിനിറ്റിനകം തന്നെ സാബു കാറുമായി എത്തി. വര്‍ഷങ്ങള്‍ക്കു ശേഷം കാണുന്ന സ്നേഹിതന്റെ രൂപം കണ്ടു ഞങ്ങള്‍ ആദ്യം ഒന്നു ഞെട്ടി, പിന്നെ പൊട്ടിച്ചിരിച്ചു. കനത്ത താടി നീട്ടി, രോമത്തൊപ്പി വച്ച ഒരു “ആബാന ജാഗു”. (കോളേജില്‍ പഠിച്ചിരുന്ന കാലത്തു സാബുവിന്റെ ഒരു പ്രയോഗമായിരുന്നു അത്.)


സാബു (ഡഹ്‌റാഡൂണ്‍)


ഞങ്ങള്‍ക്കായി റൂം ബുക് ചെയ്തിരുന്ന ഹോട്ടലില്‍ എത്തി.ലോഞ്ചില്‍ വിശ്രമിക്കുമ്പോള്‍ റിസപ്ഷനിസ്റ്റുമായി സാബു എന്തോ കശപിശ നടത്തുന്നതു കേട്ടു. അപ്രതിക്ഷിതമായി ഒരു കല്യാണ പാര്‍ട്ടി വന്നപ്പോള്‍ ഞങ്ങള്‍ക്കായി ബുക്കു ചെയ്തിരുന്ന മുറി അവര്‍ക്കു കൊടുത്തുവത്രേ.

സാബുവിന്റെ രൂപവും ശബ്ദവും കേട്ടു ഭയന്നിട്ടാവണം, റിസപ്ഷനിസ്റ്റ് മാനേജരെ വിളിക്കുകയും ഉടന്‍ തന്നെ മറ്റൊരു മുറി ഞങ്ങള്‍ക്കു തരപ്പെടുത്തി തരികയും ചെയ്തു.

അപ്പോഴേക്കും നേരം വെളുത്തിരുന്നു. ഞങ്ങള്‍ ബസ്സില്‍ ഇരുന്നു നന്നായി ഉറങ്ങിയതിനാല്‍ ക്ഷീണമൊന്നും ഇല്ലെന്നും, രാവിലെ തന്നെ യാത്രകള്‍ ആരംഭിക്കാമെന്നും അറിയിച്ചതിനെ തുടര്‍ന്നു സാബു പ്രിന്റ് ചെയ്ത പ്രോഗ്രാം ചാര്‍ട്ടു എടുത്തുതന്നു.

പ്രോഗ്രാം ചാര്‍ട്ട് കണ്ട് ഞങ്ങള്‍ തികച്ചും നിരാശരായി. ഡഹ്‌റാഡൂണിനോട് ചേര്‍ന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളായ, ധനോള്‍ട്ടി, മസൂറി, ടെഹ്‌രി ഡാം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരുന്നത്.ആ ചാര്‍ട്ടില്‍ ഞങ്ങള്‍ ആഗ്രഹിച്ചത്പോലെയുള്ള ഏക സ്ഥലം കുരുക്ഷേത്ര യുദ്ധഭൂമി മാത്രമായിരുന്നു.
“പുരാണേതിഹാസങ്ങളുമായി ബന്ധപ്പെട്ട പുണ്യ സ്ഥലങ്ങളും, നദീതീരങ്ങളുമാണ് ഞങ്ങള്‍ക്കു സന്ദര്‍ശിക്കേണ്ടത്“. ശാന്തമായി ഞാന്‍ ആഗമനോദേശ്യം വിശദീകരിച്ചു. “ഒരു ദിവസം ഹിമാലയം കയറുകയും ചെയ്യണം.“

“ഇങ്ങനെയൊരു ഉദ്ദേശ്യം നിങ്ങള്‍ക്കു ഉണ്ടാവുമെന്നു ഞാന്‍ വിചാരിച്ചിരുന്നിതേയില്ല “ സാബു നിസ്സഹായനായി.
കടുത്ത കമ്യൂണി‍സ്റ്റായ ബ്രഷ്നേവും,യാഥാസ്ഥിക കത്തോലിക്കനായ ജയ്സണും,പിന്നെ ഞാനും കൂടിയുള്ള ഒരു സന്ദര്‍ശനത്തില്‍ പുണ്യ പുരാതന നഗരങ്ങള്‍ ഉള്‍പ്പെടുമെന്നു കരുതാത്താത്തതില്‍ അല്‍ഭുതം തോന്നിയില്ല.
അല്പ സമയം ആലോചിച്ചിട്ടു തുടര്‍ന്നു:

“അങ്ങിനെയെങ്കില്‍ ഇന്ന് ഒരു ദിവസം നിങ്ങള്‍ ഇവിടെ അടുത്തുള്ള ദ്രോണാചാര്യര്‍ ധ്യാനിച്ചിരുന്ന ടപ്കേശ്വര്‍ ഗുഹയിലും , സ്വയഭൂവായ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലും പിന്നെ സമയം കിട്ടുന്നു വെങ്കില്‍ മസൂറിയിലും സന്ദര്‍ശിക്കൂക”

“എന്തായാലും മസ്സൂറി ഒഴിവാക്കെണ്ടതില്ല. ബ്രിട്ടീഷുകാരുടെ ഭരണകാലത്തു ഉഷ്ണമാസങ്ങളില്‍, ഡല്‍ഹിയിനിന്നും, മറ്റു ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും സായ്പ്പന്മാര്‍ സുഖവാസത്തിനായി വന്നു താമസിച്ചിരുന്ന സ്ഥലമായിരുന്നു‍ മസ്സൂറി. സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പാശ്ചാത്യ മാതൃകയിലുള്ള ചെറു ഹിമാലന്‍ പട്ടണത്തില്‍ വര്‍ഷത്തില്‍ എല്ലാ കാലത്തും തണുപ്പ് തങ്ങി നില്‍ക്കും. ശൈത്യകാലമായ ഡിസംബറില്‍ മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ദേവദാരു വൃക്ഷങ്ങള്‍ അതി മനോഹരങ്ങളായ കാഴ്ചയാണ്. മലഞ്ചെരുവിലെ പാതയോരത്ത് പച്ചിരുമ്പില്‍ പണികഴിപ്പിച്ചിരിക്കുന്ന കൈവരികളും ഇടക്കിടക്കു കാണുന്ന ഇരിപ്പിടങ്ങളും മറ്റെങ്ങും കാണാന്‍ കഴിയില്ല. എല്ലാ ബോളിവുഡ് താരങ്ങള്‍ക്കും ഇവിടെ സ്വന്തമായി വീടുകള്‍ ഉണ്ട്. നടപ്പാതകളും കെട്ടിടങ്ങളും പാശ്ചാത്യ രീതികളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മസൂറിയില്‍ എത്തിയാല്‍ ശൈത്യകാലത്തു ഏതോ യൂറോപ്യന്‍ ഗ്രാമത്തിലെത്തിയതാണന്നേ തോന്നുകയുള്ളൂ. IAS അക്കാഡമി സ്ഥിതിചെയ്യുന്നതും ഇവിടെ തന്നെയാണ് . മസൂറിയിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്തു ഒരു ചെറിയ മാര്‍ക്കെറ്റ് ഉണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു ബ്രിട്ടീഷുകാര്‍ പണിത ഒരു പടുകൂറ്റന്‍ കരിങ്കല്‍ ജല സംഭരണിയുടെ മുകളിലാണ് ആ മാര്‍കറ്റ്.ഇന്നും ഡഹ്‌റാഡൂണ്‍ പട്ടണത്തിനു വേണ്ട മുഴുവന്‍ വെള്ളവും വിതരണം ചെയ്യുന്നത് ആ ടാങ്കില്‍ നിന്നുമാണ്.
മസ്സൂറിയിലെ കരിങ്കല്‍ജല സംഭരണി

ചില മസ്സൂറി ദൃശ്യങ്ങള്‍അവിടെ നിന്നാല്‍ ഹമാലയ പര്‍വ്വതത്തിനെ പല കൊടുമുടികളും കാണാം. സൂര്യ പ്രകാശത്തില്‍ തിളങ്ങുന്ന വെള്ളി മലകള്‍ നല്ല ഒരു കാഴ്ച തന്നെ“ സാബു വിശദീകരണം തുടര്‍ന്നു. “ഇവിടുത്തെ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പ പൂജ നടക്കുകയാണ് ഇന്ന്. അതുകൊണ്ട്, എന്തായാലും ഇന്നത്തെ യാത്രയ്ക്കു ഞാന്‍ ഉണ്ടാവില്ല. പകരം രാവിലെ തന്നെ ബെന്നി വരും.”

“എവിടെയാണ് ബെന്നി താമസിക്കുന്നത്?” സ്ഥലകാല വര്‍ണ്ണനയില്‍ മുഴുകിയിരുന്ന ബ്രഷ്നേവ് ചോദിച്ചു.

“ജോളി ഗ്രാന്‍ഡില്‍.അവിടെയാണ് പുതിയ ഡഹ്‌റാഡൂണ്‍ എയര്‍പ്പോര്‍ട്ട് . ഋഷികേശിനു പോകുന്ന വഴിയിലാണ്.”

“ഇന്നത്തെ യാത്രയ്ക്ക് വാഹനം ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഉദ്ദേശം ഇതായതു കൊണ്ട് ഇനി ഡഹ്റാഡൂണില്‍ തങ്ങന്നതില്‍ കാര്യമില്ല. നാളെ രാവിലെ റൂം ചെക്ക് ഔട്ട് ചെതിട്ടു ഋഷികേശിലേക്കു പോകാം.അവിടെ ഗംഗാ നദിയില്‍ മുങ്ങിക്കുളിച്ചു ഹര്‍ദ്വാറിലും പോയിട്ടു അടുത്ത ദിവസം ദേവപ്രയാഗ്, രുദ്രപ്രയാഗ് ,ജോഷിമഠ് വഴി ബദരീനാഥ് യാത്ര തുടരാം. നാളെ സന്ധ്യക്ക് ഹരിദ്വാറില്‍ ആരതിയുണ്ട്. അതും കണ്ടതിനു ശേഷം പിന്നീടുള്ള യാത്രകള്‍ അവിടെ നിന്നും തീരുമാനിക്കാം”
അത്രയും കേട്ടതോടെ ഞങ്ങളുടെ ആവേശം ഇരട്ടിച്ചു. ശരീരം തണുത്തു വെറുങ്ങലിക്കുന്നുവെങ്കിലും, ഈ സ്ഥലങ്ങളുടെ പേരുകള്‍ ഒരു പുത്തന്‍ ഉണര്‍വ്വു പ്രദാനം ചെയ്തു.
ഡഹ്‌റാഡൂണ്‍ പട്ടണത്തില്‍ നിന്നും 12 കി മി. ദൂരത്തിലാണ് ടപ്കേശ്വര്‍ ഗുഹ.
അനേകന്‍ പടികള്‍ ഇറങ്ങി താഴേ കൊച്ചു നദീ തീരത്ത് കാണുന്ന ‍ ഗുഹയില്‍ പാണ്ഡവ ഗുരുവായിരുന്ന ദ്രോണാചാര്യരും പുത്രനായ അശ്വത്ഥാമാവും ധ്യാനിച്ചിട്ടുണ്ടത്രെ! അശ്വത്ഥാമാവില്‍ ശിവന്‍ പ്രസാദിച്ച അന്നു മുതല്‍ ഈ ഗുഹയില്‍ നിന്നും പാല്‍ ഒഴുകുവാന്‍ തുടങ്ങി.പിന്നീട് ക്ഷീരപ്രവാഹം നിലച്ചെങ്കിലും വിശ്വാസികള്‍ പുണ്യസ്ഥലമായി കരുതുന്നു. ദ്രോണാചാര്യരുടെ ഒരു വലിയ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.


ദ്രോണാചാര്യരുടെപ്രതിമയ്ക്കു മുമ്പില്‍

മഹാഭാരത കഥയില്‍ പൂര്‍ണ്ണമായി നല്ലവരോ, പൂര്‍ണ്ണമായി ദുഷ്ടന്മാരോ ആയി ആരേയും കാണാന്‍ കഴിയില്ലെന്നാണല്ലോ പണ്ഡിതമതം!എന്തുകൊണ്ടോ, ദ്രോണാചാര്യരോളം ആകര്‍ഷിച്ച മറ്റൊരു മഹാഭാരത കഥപാത്രവും ഇല്ല. എന്നാല്‍ അതേസമയം,യുദ്ധ ഭൂമിയില്‍ തുട തകര്‍ന്നു മരണം കാത്തു കിടന്ന ദുര്യോധനന്റെ പക്കല്‍നിന്നും എടുത്ത ശപഥം പാലിക്കുവാന്‍, പാണ്ഡവ പുത്രന്മാരെയെല്ലാം ഉറക്കത്തില്‍ നിഗ്രഹിച്ചതും, അതും പോരാഞ്ഞ് ഉത്തരയുടെ ഉദരത്തിലെ കുഞ്ഞിനെ പോലും കൊല്ലുവാന്‍ ബ്രഹ്മാസ്ത്രമയച്ച ദ്രോണ പുത്രനായ അശ്വത്ഥാമാവോളം വെറുക്കപ്പെട്ടവനും മഹാഭാരത കഥയില്‍ ഇല്ലെന്നു പറയാം. ആ കുഞ്ഞു കൂടി മരിച്ചാല്‍ പാണ്ഡവ കുലം തന്നെ അന്യം നിന്നു പോകുമായിരുന്നു. ഇന്നും മരിക്കാത്ത അശ്വത്ഥാമാവിനെക്കുറിച്ചുള്ള ഓര്‍മ്മ ഒട്ടും സുഖദായകമല്ലായിരുന്നു.

സ്വഭാവം കൊണ്ട് വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന അച്ഛന്റേയും മകന്റേയും ചരിത്രം ഉറങ്ങിക്കിടക്കുന്ന പാറയ്ക്കുള്ളിലെ ഗുഹയില്‍ ചെറിയ ഒരു ക്ഷേ ത്രം തന്നെ പണിതിരിക്കുന്നു.
എന്തൊക്കെയോ പൂജകള്‍ നടക്കുന്നതിന്റെ ഇടയില്‍ ഞങ്ങള്‍ ഫോട്ടൊ എടുക്കുന്നതിനുള്ള അനുവാദം ചോദിച്ചു. ജടവളര്‍ത്തി ഉഗ്രഭാവത്തോടെ ഇരുന്ന യോഗീസമനായ പൂജാരി നീരസത്തോടെ ചോദിച്ചു,

“മൂര്‍ത്തി കാ ഫോട്ടോ ലേലോ, ഹമരാ ക്യോം ?”

അദ്ദേഹം ഞങ്ങള്‍ എടുത്ത ഫോട്ടൊയ്ക്കൊന്നിനും മുഖം തന്നില്ല. ഞങ്ങള്‍ ചിത്രങ്ങള്‍ ഞങ്ങള്‍ എടുക്കുന്നതു അദ്ദേഹം കണ്ടെങ്കിലും ഒന്നും പിന്നീട് പറഞ്ഞില്ല


ഗുഹാ ക്ഷേത്രത്തില്‍ നിന്നും പുറത്തു കടന്ന ഞങ്ങള്‍ സുഖവാസ കേന്ദ്രമായ മസൂറിയിലേക്കു തിരിച്ചു. ഏകദേശം 35 കി. മി. കൊണ്ട്,6600 അടി ഉയരത്തിലേക്കു കയറണം.
വളരെ അപകട പിടിച്ച വഴിയിലൂടെ വളവുകള്‍ തിരിക്കുമ്പോല്‍, ബ്രഷ്നേവ് പലപ്പോഴും ഡ്രൈവറെ ശകാരിക്കുന്നുണ്ടായിരുന്നു. വല്ലാര്‍പാടംകാരന്റെ ‘കടാപ്പുറം’ ഭാഷ ചിലപ്പോല്‍ ഞങ്ങള്‍ക്കു പോലും മനസിലാകാറില്ല, അപ്പോഴാ, പാവം ഗഡ്‌വാള്‍ ഗ്രാമീണനായ ഡ്രൈവര്‍!
എങ്കിലും ചീത്തപറയുന്നതിനു ഭാഷ പ്രശ്നം,അല്ലല്ലോ!


ബ്രെഷ്നേവ്


കാര്യം പിടികിട്ടിയ ഡ്രൈവര്‍ വേഗത കുറച്ചു.ഒരോ വളവു തിരിയുമ്പോഴും അങ്ങു താഴെ ഡഹരൂണ്‍ പട്ടണവും ചുറ്റുമുള്ള പച്ച പുതച്ച സമതലങ്ങളും മനോഹരമായ കാഴ്ചകള്‍ ആയിരിന്നു. മലചെരുവുകളില്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന ദേവതാരു വൃക്ഷങ്ങള്‍. മരം കോച്ചുന്ന തണുപ്പില്‍ ഹെയര്‍പിന്‍ വളവുകള്‍ കയറി മലമുകളിലേക്കുള്ള യാത്ര ഏതു വിനോദ സഞ്ചാരിയേയും മനം കുളിര്‍പ്പിക്കുന്തായിരുന്നു. ഒരു വശത്തു ഗംഗാ നദിയും, മറുവശത്തു യമുനാ നദിയും മറ്റൊരു അതിരു ഹിമാലയവും ആയി നില്‍ക്കുന്ന ഗഡ്‌വാള്‍ ജില്ലയുടെ തലസ്ഥനനഗരി, ഉത്തരേന്ത്യയില്‍ കണ്ട് ഏറ്റവും വൃത്തിയുള്ള പട്ടണമായിരുന്നു.
“അതാ അവിടെയാണ് ലോക പ്രശസ്തമായ ഡൂണ്‍ സ്കൂള്‍ “
താഴേക്കു കൈ ചൂണ്ടി ബെന്നി വിശദീകരിച്ചു. “രാജീവു ഗാന്ധി മുതല്‍ നിരവധി ദേശീയ നേതാക്കന്മാരും പട്ടാള മേധാവികളും, രാഷ്ട്രീയ പ്രമുഖരും പഠിച്ചിരുന്ന ലോകത്തിലെ ഉന്നത നിലവാരമുള്ള സ്ക്കൂള്‍‍ ആണത്.”
IAS അക്കാഡമിയും മറ്റു ദൃശ്യങ്ങളും ക്യാമറയില്‍ പകര്‍ത്തി രാത്രിയ്ക്കു മുന്‍പ് ഞങ്ങള്‍ മലയിറങ്ങി.
സ്വയഭൂവായ ശിവലിംഗപ്രതിഷ്ഠയുള്ള ഗുഹയായിരുന്നു അടുത്തസ്ഥലം. അതിന്റെ സമീപത്ത് ഒരു മണ്‍പോതിനുള്ളില്‍ ഒരു യോഗീസമനായ മനുഷ്യന്‍ തനിച്ചിരിക്കുന്നത് ഞങ്ങളില്‍ കൌതുകമുണത്തി.

സന്ദര്‍ശനം കഴിഞ്ഞു തിരിച്ചു ഹോട്ടലില്‍ എത്തിയപ്പോള്‍,പുറത്ത് വലിയ ആള്‍ക്കൂട്ടം കണ്ടു. തലേദിവസം ഞങ്ങളുടെ ഹോട്ടല്‍ മുറി അപഹരിച്ച കല്യാണ ടീമിന്റെ വിവാഹചടങ്ങാണ്.
തികച്ചും ഗ്രമീണ രീതിയിലുള്ള വിവാഹ ചടങ്ങ് ഞങ്ങളില്‍ കൌതുകമുണര്‍ത്തി. പ്രൌഡയായ സ്ത്രീകളും ,പുരുഷന്മാരും വധൂവരന്മാരുടെ ചുറ്റും നൃത്തം വയ്ക്കുന്നു.കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച്, മെക്കപ്പ് ചെയ്ത് ചുണ്ടു ചുവപ്പിച്ചു, അമിതമായി ആഭരണങ്ങള്‍ അണിഞ്ഞു നൃത്തം വയ്ക്കുന്ന സ്ത്രീകള്‍ പഴയ കാല ഹിന്ദി സിനിമകളെ ഓര്‍മ്മിപ്പിച്ചു.രണ്ടു സെറ്റു ബാന്‍ഡ് മേളക്കാരുടെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തത്തീന്റെ താളം മുറുകി. സുന്ദരിയായ വധു ഇറങ്ങി വരുന്നതുകണ്ടപ്പോള്‍ അതിശയിച്ചുപോയി,- സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ഒരു സുന്ദരപ്രതിമ !

അറ്റ്ലസ് ജുവലറിയുടെ ആ കഷണ്ടിക്കാരന്‍ അപ്പച്ചന്‍ അതു കണ്ടിരുന്നുവെങ്കില്‍, കേരളത്തിലെ എല്ലാകടകളും അടച്ചു ഗഡ്‌വാള്‍ ജില്ലയില്‍ കടകള്‍ തുറന്നേനെ.

വധു ഒരു യുവസുന്ദരി ആണെങ്കിലും വരന്‍ മദ്ധ്യ വയസ്സു കഴിഞ്ഞിരിക്കൂന്നു അല്ലേ?” ബ്രഷ്നേവ് എന്റെ ചെവിയില്‍ രഹസ്യമായിപ്പറഞ്ഞു ചിരിച്ചു.

“മിക്ക സുന്ദരികളുടെയും കഥ അവസ്സാനം ഇതു തന്നെ!” എന്റെ തത്വജ്ഞാനം വിളമ്പി.

“അതിന്റെ കാരണമെന്താണന്നറിയാമോ?“ ബ്രഷ്

“പഠിക്കുന്ന കാലത്ത് നമ്മേപ്പോലുള്ളവരുടെ ഹൃദയം പുറങ്കാലുകൊണ്ടു തട്ടി തെറിപ്പിക്കുന്നതിനുള്ള ശിക്ഷയാ, ശിഷ്ടകാലം ഏതെങ്കിലും കോജ്ഞാണന്മാരുടെ കൂടെയുള്ള ജീവിതം!” സുധാകരന്റെ ഭാഷയില്‍ ബ്രാഷ്നേവ്പറഞ്ഞു നിര്‍ത്തി.
അപ്പറഞ്ഞത് കളിയോ കാര്യമോ എന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

എങ്കിലും ‍‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള, ചാരം മൂടിക്കിടന്ന പല ഓര്‍മ്മകളും, ആ കുളിരുള്ള രാത്രിയില്‍ , ഞങ്ങളെ തേടിയെത്തി‍ .

“അരച,നിന്നോര്‍മ്മയിലൊരശ്രു കണമുണ്ടോ
അതിനുള്ളിലൊരുപുഷ്പനൃത്തകഥയുണ്ടോ
കഥയിലൊരു നാള്‍ നിന്റെ യൌവ്വനശ്രീയായ്
കുടീകൊണ്ട ദേവിയാം വൈദേഹിയുണ്ടോ”

മധുരമായി കവിത ആലപിക്കുന്ന ബ്രഷ് , കലാലയ ജീവിതത്തില്‍ഞങ്ങളെ ഏറ്റവും രസിപ്പിച്ച മധുസൂദനന്‍ നായരുടെ കവിത അന്നു രാത്രി അവന്‍ ഒരിക്കല്‍ക്കൂടി പാടി.

കുറച്ചു ഫോട്ടോ എടുക്കുവാനനുവാദം ലഭിക്കുന്നതിനു,വരന്റെ അമ്മാവനെ ഞങ്ങള്‍ സമീപിച്ചു. ഭാരതത്തിന്റെ തേക്കേയറ്റത്തു നിന്നും വരുന്ന ഞങ്ങളെ ഈ വിവാഹ ചടങ്ങു ആകര്‍ഷിച്ചു എന്നു പറഞ്ഞപ്പോള്‍ ‘ചാച്ച‘ വളരെ സന്തോഷത്തോടെ അനുവാദം തന്നു.അവിടെയുണ്ടായിരുന്ന എല്ലാവരേയും വകഞ്ഞു മാറ്റി ഞങ്ങള്‍ ഫോട്ടോ എടുപ്പ് ആരംഭിച്ചു.കണ്ടാല്‍ ആ ദേശക്കാരല്ല എന്നു ഒറ്റ നോട്ടത്തില്‍ ഞങ്ങളെ തിരിച്ചറിയാമായിരുന്നു, എങ്കിലും ആരും ഒന്നും ഞങ്ങളോടു ചോദിച്ചില്ല. അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കു മാത്രം ഞങ്ങളുടെ ‘വിളയാടല്‍‘ അത്ര രസിച്ചില്ല!

വിവാഹ ദൃശ്യങ്ങള്‍.


“ഈ ഗ്രാമീണര്‍ വളരെ സാധുക്കളും നല്ല്ലവരുമാണ്” പിന്നീട് ബെന്നി വിശദീകരിച്ചു തന്നു.


ഗഡ്‌വാളി ഗ്രാമീണനോടൊപ്പം

ഫോട്ടോ സെഷന്‍ കഴിഞ്ഞു റൂമിലെത്തിയപ്പോഴേക്കും അര്‍ദ്ധരാത്രിയായി.എങ്കിലും റെസ്ടോറന്റ് അടച്ചിരുന്നില്ല. നന്നായി വിശക്കുന്നുണ്ടായിരുന്നു. കഴിക്കുവാന്‍ “ആലു പൊറോട്ട” മാത്രമേയുള്ളൂ എന്ന് റൂം ബോയി അറിയിച്ചു.ഉരുളക്കിഴങ്ങ് പുഴുങ്ങി കട്ടിയുള്ള ചപ്പാത്തിയ്ക്കകത്തു വച്ച് ചുട്ട് എടുക്കുന്ന ഉത്തരേന്ത്യന്‍ ഭക്ഷണമാണ് ആലു പൊറോട്ട. അന്നു രാത്രി തുടങ്ങി യാത്രാവസാനം ഡല്‍ഹിയില്‍ എത്തുന്നതു വരെ മൂന്നു നേരവും ആലു പൊറോട്ട തന്നെ കഴിക്കേണ്ടി വരുമെന്നു അപ്പോള്‍ ഞങ്ങള്‍ അറിഞ്ഞില്ല.

അത്താഴം കഴിഞ്ഞപ്പോഴേക്കും സാബുവും ഹോട്ടലില്‍ എത്തി അടുത്ത ദിവസത്തെ യാത്രയുടെ ഹൃസ്വ വിശദീകരണം നടത്തി.
രാവിലെ 6 മണിക്ക് ഗംഗാതീരത്തെ പുണ്യ നഗരമായ ഋഷികേശ്. പകല്‍ മുഴുവന്‍ രാമ ലക്ഷ്മണന്മാരുടെ ക്ഷേത്രങ്ങളും, ഗംഗയ്ക്കു കുറുകെ പണിതിരിക്കുന്ന കൂറ്റന്‍ തൂക്കുപാലങ്ങളും , 10 കി.മി. ഗംഗയില്‍ റാഫ്റ്റിങും. പിന്നെ, വൈകുന്നേരം ആരതിയുടെ സമത്ത് എത്താവുന്ന തരത്തില്‍ ഹരിദ്വാറിലേക്ക്...
രാവിലെ കാണാമെന്നു പറഞ്ഞു സാബു യാത്രയായപ്പോഴേക്കും അടുത്ത ദിവസത്തേ യാത്ര സ്വപ്നം കണ്ടു കൊണ്ട് ഞങ്ങള്‍ കട്ടിയുള്ള രജായിക്കടിയിലെക്കു കയറിക്കഴിഞ്ഞിരുന്നു.

(തുടരും.)

Popular Posts